വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

ഈ കാലഘട്ടത്തിലും ദൈവം സംസാരിക്കുന്നു!

Print By
about

10 - 11 - 2009

ബൈബിളില്‍ ഉത്പത്തിയുടെ പുസ്തകം മുതല്‍ ദൈവം മനുഷ്യനോട് സംസാരിക്കുന്നതായി കാണാം. എന്നാല്‍, അബ്രാഹത്തിനു ശേഷം ദൈവം മുഖാമുഖം മനുഷ്യനോട് സംസാരിച്ചിട്ടില്ല. മോശയോട് ദൈവം മുള്‍പ്പടര്‍പ്പില്‍ സംസാരിച്ചതായി ബൈബിളില്‍ കാണാം. പക്ഷെ ദൈവം അഗ്നിയില്‍ ഇറങ്ങി വന്നതിനാല്‍, അവിടത്തെ ദര്‍ശിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല(പുറപ്പാട്: 19; 16-25). ഇസ്രായേല്‍ ജനത്തെ നയിക്കുവാന്‍, ദൈവം അവരുടെ ശ്രേഷ്ഠന്മാരോട് സംസാരിച്ചുകൊണ്ടിരുന്നു. എല്ലാ പ്രവാചകരോടും ദൈവം സംസാരിച്ചിട്ടുണ്ടെന്ന് വചനം പരിശോധിക്കുമ്പോള്‍ നമുക്കു മനസ്സിലാകും.

പ്രവാചകന്മാരില്‍ ഏറ്റവും അവസാനമായി വന്നത് സ്നാപക യോഹന്നാന്‍  ആയിരുന്നു. അതിനുശേഷം പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി യേഹ്ശുവാ വന്നു.  യേഹ്ശുവായാണ്  ദൈവത്തിന്റെ മുഖം മനുഷ്യര്‍ക്കു കാണുവാനുള്ള അവസരമൊരുക്കിയത്. എന്നെ  കാണുന്നവന്‍ പിതാവിനെ കാണുന്നു എന്ന് യേഹ്ശുവാ പറയുന്നുണ്ടല്ലോ! യേഹ്ശുവായുടെ  ശിഷ്യനായ പീലിപ്പോസ് ഒരിക്കല്‍, അവിടുത്തോടു ചോദിക്കുന്നു: 'പിതാവിനെ ഞങ്ങള്‍ക്കു  കാണിച്ചു തരിക'.  അപ്പോള്‍ യേഹ്ശുവാ പറഞ്ഞു: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ: 14; 9). താനും പിതാവും ഒന്നാണെന്ന്(യോഹ: 10; 30) യേഹ്ശുവാ വേറെ ചിലയിടത്തും പറയുന്നുണ്ട്. അങ്ങനെ പിതാവായ ദൈവത്തിന്റെ സ്വരവും രൂപവും ഭൂമിയില്‍ കടന്നുവന്നു.

ദൈവസ്വരം എങ്ങനെയാണ് കേള്‍ക്കുന്നത്?

വ്യത്യസ്ഥമായ രീതികളിലാണ് ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ കഴിയുന്നത്. വചനം പഠിക്കുമ്പോള്‍ ഇതു നമുക്ക് മനസ്സിലാകും. ഓരോ കാലഘട്ടങ്ങളിലും വിവിധങ്ങളായ രീതിയില്‍ ദൈവം മനുഷ്യരോടു സംസാരിച്ചിട്ടുണ്ട്.

ദൈവഹിതം അറിയുവാന്‍വേണ്ടി പ്രവാചക കാലത്തു പുരോഹിതന്മാര്‍ 'ഉറീം തുമീം' ഉപയോഗിച്ചിരുന്നതായി  കാണപ്പെടുന്നു.(സംഖ്യ: 27; 21), (നിയമം: 33; 8), (എസ്രാ: 2; 63), (നെഹെമിയാ: 7; 65)തുടങ്ങിയ വചനങ്ങളില്‍ 'ഉറീം തുമിം' നെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നു. ദൈവഹിതം അറിയുന്നതിനായി പുരോഹിതന്മാര്‍ ഉപയോഗിച്ചിരുന്ന രണ്ടു ചെറിയ ഉപകരണങ്ങളായിരുന്നു ഇത്. അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും മറ്റു പൂര്‍വ്വപിതാക്കന്മാരോടും ദൈവം സംസാരിച്ചത് ഉല്‍പത്തി പുസ്തകത്തിലുടനീളം നാം വായിക്കുന്നുണ്ട്.

പൂര്‍വ്വപിതാക്കന്മാരോട് ദൈവം തന്റെ തീരുമാനങ്ങള്‍ അറിയിക്കുകയും, അവരോട് ആലോചന ചോദിക്കുകയും ചെയ്യുമായിരുന്നു. സോദോം ഗൊമോറ ദേശങ്ങള്‍ നശിപ്പിക്കുന്നതിനു മുന്‍പ്, ദൈവം അബ്രാഹത്തോട് ആലോചിക്കുന്നതായി വചനത്തില്‍ കാണാം(ഉല്‍പത്തി: 18; 18).

കുറിയിട്ട് തീരുമാനിക്കല്‍!

ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍, അല്ലെങ്കില്‍ ദൈവഹിതം അറിയാന്‍; പ്രാര്‍ത്ഥനാപൂര്‍വ്വം കുറിയിട്ടു തീരുമാനിക്കാറുണ്ട്. തീരുമാനം എടുക്കന്‍ ബുദ്ധിമുട്ടുന്ന സന്ദര്‍ഭങ്ങളില്‍; ദൈവത്തിന്റെ ഇഷ്ടം അറിയാന്‍ പ്രാര്‍ത്ഥിച്ച് നറുക്കിടാം. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ഇങ്ങനെയൊരു സംഭവം വിവരിക്കുന്നു. അപ്പസ്തോലനായി മത്തിയാസിനെ തിരഞ്ഞെടുക്കുന്നത് ഇപ്രകാരമാണ്(അപ്പ. പ്രവര്‍: 1; 12-26).

സ്വരത്തിലൂടെ!

യേഹ്ശുവാ സ്നാനം സ്വീകരിക്കുന്ന അവസരത്തില്‍, യോഹന്നാന്‍ ദൈവസ്വരം കേള്‍ക്കുന്നു(മത്താ: 3; 17). മോശയോടു ദൈവം ഇടിമുഴക്കത്തില്‍ സംസാരിക്കുന്നു(പുറപ്പ: 19; 19). സാവൂള്‍, പൗലോസാകുന്നതിനുമുന്‍പ് യേഹ്ശുവാ സംസാരിക്കുന്നതായി അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണാം(അപ്പ. പ്രവര്‍: 9; 4). നിരവധി ഘട്ടങ്ങളില്‍ ദൈവം തന്റെ തെരഞ്ഞെടുക്കപ്പെട്ടവരോട് സംസാരിക്കുന്നതായി വചനത്തില്‍ ഉടനീളം കാണാം.

സ്വപ്നത്തിലൂടെ!

സ്വപ്നത്തിലൂടെ ദൈവം തന്റെ പദ്ധതികള്‍ മുന്‍കൂട്ടി വെളിപ്പെടുത്തുന്നതായി വായിക്കുവാന്‍ കഴിയും. പൂര്‍വ്വപിതാവായ ജോസഫിന് സ്വപ്നങ്ങളെ വ്യാഖ്യാനിക്കുവാനും കഴിവു ലഭിച്ചിരുന്നു. ജോസഫ്, വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കാണുന്നതായി ഉല്‍പ്പത്തി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്(ഉല്‍പത്തി: 37; 5). തുടര്‍ന്നുള്ള വചനങ്ങളില്‍ ഫറവോയുടെയും മറ്റൊരു തടവുകാരന്റെയും സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുന്നത് കാണാം. നാല്പതാം അദ്ധ്യായത്തിലും നാല്‍പ്പത്തൊന്നാം അദ്ധ്യായത്തിലും ഇതു വായിക്കുന്നു.

ക്രിസ്തുവിന്റെ കാലത്തേക്ക് കടക്കുമ്പോള്‍, വി. യൗസേപ്പിനു സ്വപനത്തില്‍ ദൈവദൂതന്‍ വന്നു സംസാരിക്കുന്നതു കാണാം.(മത്താ: 2; 13, 19) യേഹ്ശുവായെ സന്ദര്‍ശിച്ച ജ്ഞാനികള്‍ക്ക് സ്വപ്നത്തില്‍ ദൈവം മുന്നറിയിപ്പു കൊടുക്കുന്നതായി വചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(മത്ത: 2; 12).

ദര്‍ശനങ്ങളിലൂടെ സംസാരിക്കുന്നു!
 
ദൈവം മനുഷ്യരോട് ദര്‍ശനങ്ങളിലൂടെ സംസാരിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ കഴിയും. മിക്കാവാറു എല്ലാ പ്രവാചകന്മാര്‍ക്കും പൂര്‍വ്വപിതാക്കന്മാര്‍ക്കും അപ്പസ്തോലന്മാര്‍ക്കും ദര്‍ശനങ്ങള്‍ നല്‍കിയിട്ടുണ്ട്. അബ്രാഹത്തിനു ദര്‍ശനം ലഭിക്കുന്നതായി ഉല്‍പത്തി പുസ്തകത്തില്‍ പതിനഞ്ചാം അദ്ധ്യായം ഒന്നാം വാക്യത്തില്‍ കാണാം. ദൈവദൂതന്മാര്‍ ഗോവണിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്, പൂര്‍വ്വ പിതാവായ യാക്കോബിനു ലഭിച്ച ദര്‍ശനമായിരുന്നു(ഉല്‍പ: 28; 10-22).

അപ്പസ്തോലനായ പത്രോസിനു പ്രാര്‍ത്ഥനാ സമയത്ത് ദിവ്യദര്‍ശനം ഉണ്ടാകുന്നതായി കാണാം(അപ്പ. പ്രവര്‍: 10; 15). യേഹ്ശുവായുടെ അപ്പസ്തോലന്മാരുടെ ചരിത്രത്തിലുടനീളം ഈ ദര്‍ശനങ്ങളെ വിവരിക്കുന്നുണ്ട്. ദൈവം തന്റെ ജനത്തോടു സംസാരിക്കുന്നതിനായി നിരവധി ദര്‍ശനങ്ങള്‍ ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്നു.

പ്രതിസന്ധികളിലൂടെയും സംസാരിക്കുന്നു.
 

യോന പ്രവാചകന്‍ ദൈവത്തെ അനുസരിക്കാതെ, താര്‍ഷീഷിലെക്കു കപ്പല്‍ കയറി. അവിടെ കപ്പലിന്റെ നാശത്തിലൂടെയാണ് ദൈവം സംസാരിച്ചത്. യോന മുഖാന്തരമാണു കപ്പല്‍ നശിക്കുന്നത് എന്നു തിരിച്ചറിയുന്നത് നറുക്കെടുപ്പിലൂടെയാണ്(യോന: 1; 4). നമ്മുടെ ജീവിതത്തിലെ പല തകര്‍ച്ചകളുടെയും പ്രതിസന്ധികളുടെയും കാരണം ചിന്തിക്കുമ്പോള്‍ ഇതു മനസ്സിലാകും.

കൊടുങ്കാറ്റും കപ്പല്‍നാശവും സംഭവിച്ചതിലൂടെ ദൈവത്തിന്റെ ഹിതം വെളിപ്പെടുത്തുന്ന ഒരു സംഭവം അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍  വായിക്കുന്നു(അപ്പ. പ്രവര്‍: 27; 1-44). എന്നാല്‍, ചില തകര്‍ച്ചകളിലൂടെ വലിയ നന്മ ദൈവം ഒരുക്കുന്നു. മാള്‍ട്ടായില്‍ സുവിശേഷം എത്താന്‍ ഈ കപ്പല്‍ നാശം കാരണമായി.

ഓരോരുത്തരും ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഇതു മനസ്സിലാകും. പല തകര്‍ച്ചകളിലൂടെയാണ് ഇന്നത്തെ അവസ്ഥയില്‍ നാം എത്തിയിട്ടുള്ളത്. ഉപരിനന്മയ്ക്കായി പലതും ദൈവം രൂപാന്തരപ്പെടുത്തി.

വ്യക്തികളിലൂടെ സംസാരിക്കുന്നു.
 
ചില വ്യക്തികളിലൂടെ ദൈവം നമ്മോടു സംസാരിക്കാറുണ്ട്. പലപ്പോഴും നമ്മള്‍ അതു തിരിച്ചറിയുകയോ അനുസരിക്കുകയോ ചെയ്യാറില്ലെന്നു മാത്രം! മാതാപിതാക്കളെയും അധികാരികളെയുമെല്ലാം അനുസരിക്കണമെന്നു ദൈവം കല്പിച്ചിരിക്കുന്നതു തന്നെ; അവരിലൂടെ ദൈവം സംസാരിക്കും എന്നതുകൊണ്ടാണ്. ചില സംഭവങ്ങളിലൂടെ പോലും ദൈവം സംസാരിക്കാറുണ്ട്.

വചനത്തിലൂടെ സംസാരിക്കുന്ന ദൈവം!
 

രക്ഷകനായ യേഹ്ശുവാ നസറത്തിലെ സിനഗോഗില്‍ പ്രവചന ഗ്രന്ഥം വയിക്കുന്നുണ്ട്. ഏശയ്യ പ്രവാചകന്റെ പുസ്തകം വയിച്ചുകൊണ്ട്, ഇന്നു ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നുവെന്നു പറയുന്നു(ലൂക്കാ: 4; 21).

ഈ കാലഘട്ടത്തില്‍ ദൈവം ഏറ്റവും അധികമായി സംസാരിക്കുന്നതു വചനത്തിലൂടെയാണ്. വചനം ജീവനുള്ളതും ഒരിക്കലും മാറ്റപ്പെടാത്തതുമാണെന്ന്, തിരുവചനംതന്നെ സാകഷ്യപ്പെടുത്തുന്നു. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ കടന്നുവരുമ്പോള്‍ വചനം നമ്മോട് സംസാരിക്കും. പ്രാര്‍ത്ഥനാപൂര്‍വ്വം വചനത്തെ സമീപിക്കുമ്പോള്‍ തീര്‍ച്ചയായും ദൈവം നമ്മോടു സംസാരിക്കും. എത്രയോ വ്യക്തികളെ രൂപാന്തരപ്പെടുത്താനും വിശുദ്ധരാക്കാനുംവചനം സഹായിച്ചിരിക്കുന്നുവെന്ന്, വിശുദ്ധരുടെ ജീവിതകഥകള്‍ വായിക്കുമ്പോള്‍ നമുക്കു കാണാന്‍ കഴിയും.

ആദിയിലെ ഉണ്ടായിരുന്നതും ഇപ്പോള്‍ നമ്മോടു  കൂടെയുള്ളതുമാണ് വചനം! എല്ലാറ്റിനും ഉപരി; വചനം ദൈവമാണ്!(യോഹ: 1; 1) ദൈവത്തിന്റെ സ്വരം ശ്രവിച്ച്, ദൈവത്തോടൊപ്പം നമുക്ക് യാത്രചെയ്യാം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2269 views

LOG IN

Lost your password?

SIGN UP

LOST PASSWORD