വിചാരണ

മതസൗഹാര്‍ദ്ദം എന്നാല്‍ മതാനുകരണമല്ല!

Print By
about

25 - 05 - 2012

യേഹ്ശുവായുടെ മാര്‍ഗ്ഗത്തിലേക്കു നാം മാറുകയാണോ അല്ലെങ്കില്‍, നമ്മുടെ മാര്‍ഗ്ഗത്തിലേക്ക് യേഹ്ശുവായെ മാറ്റുകണോ വേണ്ടതെന്ന് കത്തോലിക്കാസഭയിലെ ചില സന്യാസസഭകള്‍ വ്യക്തമാക്കണം! വിജാതിയരുടെ ആചാരങ്ങളെയും വിഗ്രഹങ്ങളെയും നമ്മുടെ പള്ളികളിലും പ്രാര്‍ത്ഥനകളിലും പ്രതിഷ്ഠിക്കുന്നതാണ് മതസൗഹാര്‍ദ്ദമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവര്‍ ആസന്നമായിരിക്കുന്ന ദുരന്തത്തിന്റെ വിഷബീജങ്ങളാണ്! ക്രൈസ്തവ ആരാധനാലയങ്ങള്‍ വിജാതിയര്‍ക്ക് അവരുടെ ആരാധനകള്‍ക്കു തുറന്നുകൊടുത്തുകൊണ്ട്‌ മഹാന്മാരായി വിഹരിക്കുന്ന ചില വൈദീകര്‍ ഇന്നു കത്തോലിക്കാസഭയിലുണ്ട്. ഇവരുടെ ലക്‌ഷ്യം എന്തുതന്നെയായിരുന്നാലും, ക്രിസ്തീയ ആരാധനാലയങ്ങള്‍ ഇവരുടെ കുടുംബസ്വത്താണെന്ന് ആരും കരുതരുത്. കത്തോലിക്കാസഭയുടെ നിയമപ്രകാരം ഓരോ ദൈവാലയങ്ങളുടെയും ഉടമസ്ഥാവകാശം മെത്രാനില്‍ നിക്ഷിപ്തമാണ്. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം എല്ലാ വിശ്വാസികളും മനസ്സിലാക്കിയിരിക്കണം. കാരണം, യഥാര്‍ത്ഥ വിശ്വാസികളായിരിക്കണം പള്ളികളുടെ ഭരണം കയ്യാളേണ്ടത്. മെത്രാന്മാര്‍ക്കും വൈദീകര്‍ക്കും അവരുടെതായ താത്പര്യങ്ങളുണ്ട്. ഇവയില്‍ പലതും ദൈവഹിതത്തിനു ചേരുന്നതുമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഒരിക്കലും പിശാചിനെ ആരാധിക്കാന്‍ ദൈവാലയം തുറന്നുകൊടുക്കുമായിരുന്നില്ല. സെക്കുലറിസം എന്ന ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന അനേകം വൈദീകര്‍ കത്തോലിക്കാസഭയിലും ഇതര ക്രൈസ്തവ സഭകളിലും നുഴഞ്ഞുകയറിയിരിക്കുന്നതിന്നാല്‍, യഥാര്‍ത്ഥ വൈദീകരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. ആയതിനാല്‍, വിശ്വാസസമൂഹം ദൈവവചനത്തില്‍ ആഴപ്പെടുകയും അധികാരത്തിന്റെ വ്യാപ്തി തിരിച്ചറിയുകയും വേണം. എന്തെന്നാല്‍, എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്നുള്ളതല്ല!

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം കത്തോലിക്കാസഭയില്‍ കടന്നുകൂടിയ ജീര്‍ണ്ണതയുടെ വലിയ ഉദാഹരണങ്ങള്‍ മനോവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇസ്ലാമിനു നിസ്കരിക്കാന്‍ കത്തോലിക്കാസഭയുടെ പള്ളികള്‍ തുറന്നുകൊടുത്തത് ഇക്കൂട്ടത്തില്‍ ചിലതുമാത്രമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടു ചിന്തിക്കേണ്ട അനേകം വിഷയങ്ങളിലേക്കു ദൈവജനത്തിന്റെ ശ്രദ്ധ തിരിയേണ്ടത് അനിവാര്യമായതിനാല്‍ ഇങ്ങനെയൊരു ലേഖനം എഴുതുവാന്‍ മനോവ നിര്‍ബ്ബന്ധിതമായിരിക്കുന്നു. ദൈവവിശ്വാസികളുടെ ശ്രദ്ധ ഈ ലേഖനത്തില്‍ ഉയര്‍ത്തുന്ന സത്യത്തിലേക്കു തിരിയട്ടെ!
 
എന്താണു മതസൗഹാര്‍ദ്ദം?

വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസങ്ങളുടെമേല്‍ കൈകടത്താതെ അവര്‍ക്കു മതസ്വാതന്ത്ര്യം നല്‍കുന്നത് മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമാണ്! നമ്മുടെ മതാചാരങ്ങളെ അവഹേളിക്കാത്തിടത്തോളം മറ്റു മതങ്ങളെ ചോദ്യം ചെയ്യാതെയും പരിഹസിക്കാതെയും ഇരിക്കുകയെന്നത് സൌഹാര്‍ദ്ദമാണ്. ഇതു പരസ്പരം എല്ലാമതങ്ങളും അനുവര്‍ത്തിക്കുകയെന്നതാണ് മതസൗഹാര്‍ദ്ദത്തിന്റെ കാതലായ വശം. ഇത് സ്വന്തം ആദ്ധ്യാത്മികത പണയം വച്ചുകൊണ്ടാവരുത്. മറ്റു മതങ്ങളെല്ലാം ഈ നയംതന്നെയാണ്‌ അനുവര്‍ത്തിക്കുന്നത്. മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന വ്യക്തി സഹായം അര്‍ഹിക്കുന്നവനായി കണ്ടാല്‍ നമ്മുടെ വിശ്വാസങ്ങള്‍ക്കു വിരുദ്ധമല്ലാത്ത സഹായം നാം ചെയ്തുകൊടുക്കുന്നതും ഇതിന്റെ ഭാഗമാണ്! രോഗികളായും വിശക്കുന്നവനായും നമ്മുടെ സമീപത്ത് അന്യമതക്കാരന്‍ ഉണ്ടെങ്കില്‍ അവന് ആവശ്യമായതും നമുക്കുള്ളതുമായവ പങ്കുവയ്ക്കുന്നത് മതങ്ങളുടെ പരിഗണനക്കും അപ്പുറമാകുമ്പോള്‍ അത് മതസൌഹാര്‍ദ്ദമാകും.

ഒരുവന് തന്റെ മതാചാരങ്ങള്‍ നടത്താന്‍ ശേഷിയില്ലാതിരിക്കെ അതിനായി അവനെ സഹായിക്കുക എന്നത് മതസൗഹാര്‍ദ്ദത്തിന്റെ പരിധിയില്‍ പെടുന്നതല്ല. അത് ഒരുപക്ഷെ തങ്ങളുടെ മതനിയമങ്ങള്‍ക്ക് വിരുദ്ധമായിരിക്കാം. നമ്മുടെ മതം അനുശാസിക്കുന്ന നിയമങ്ങളും വിശ്വാസസംഹിതകളും അനുഷ്ഠിച്ചുകൊണ്ട് അനുവദനീയമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു ചെയ്യണം! എന്നാല്‍, മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ മറ്റു മതങ്ങളുടെ ആചാരങ്ങള്‍ അനുഷ്ഠിച്ച് അവരുടെ പ്രീതി സമ്പാദിക്കുകയെന്നത് സ്വന്തം വിശ്വാസങ്ങളോടും മനസ്സാക്ഷിയോടും ചെയ്യുന്ന വഞ്ചനയാണ്. ഇതിനെ മതസൗഹാര്‍ദ്ദമെന്നു വിളിക്കുന്നത് തികച്ചും തെറ്റാണെന്നു ചിലര്‍ക്കെങ്കിലും അറിയില്ല.

ക്രൈസ്തവരായ നമുക്ക് ചില കാര്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടില്ല. അത്തരം കാര്യങ്ങള്‍ വ്യക്തിബന്ധത്തിന്റെ പേരില്‍ ചിലപ്പോഴെങ്കിലും ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകാറുണ്ട്. സ്നേഹിതന്‍ എന്തു കരുതും എന്നൊക്കെ ചിന്തിച്ച് അവരോടൊപ്പം പങ്കുചേരുന്നതിനെ ക്രിസ്തീയത പ്രോത്സാഹിപ്പിക്കുന്നില്ല. അത് തികച്ചും തെറ്റാണെന്ന് ദൈവവചനം മുന്നറിയിപ്പു തരുന്നുണ്ട്. ദൈവവചനത്തെക്കാള്‍ ഉപരിയായി നമുക്കുള്ള ഒരു ബന്ധങ്ങളെയും ദൈവം അംഗീകരിക്കുന്നില്ല എന്നതു പരമമായ സത്യമാണ്!

ശബരിമലയില്‍നിന്നോ മറ്റേതെങ്കിലും വിഗ്രഹാലയങ്ങളില്‍നിന്നോ കൊണ്ടുവരുന്ന അരവണപ്പായസം പോലുള്ളവ കഴിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് എതിരാണെന്നു മറക്കരുത്. ഇത്തരം വസ്തുക്കള്‍ സ്നേഹപൂര്‍വ്വം നിരസ്സിക്കുന്നത് മനസ്സിലാക്കാനുള്ള വിവേകം നമ്മുടെ സ്നേഹിതനുണ്ട്. എന്നാല്‍, അവര്‍ എന്തു കരുതുമെന്ന തോന്നല്‍ വെറും മൗഢ്യമാണ്. 'ഞങ്ങളുടെ വിശ്വാസപ്രകാരം ഇത് അനുവദനീയമല്ല' എന്നു പറയുന്നതിലൂടെ ഒരു സൌഹൃദവും നഷ്ടപ്പെടില്ല.  ഈ കാര്യത്തെക്കുറിച്ച് ദൈവവചനം പറയുന്നത് നിസ്സാരമായി അവഗണിക്കരുത്. എന്താണ് ഇക്കാര്യത്തില്‍ ദൈവം ഉപദേശിക്കുന്നത് എന്നു നോക്കുക: "അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു വിളിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍ ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്"(1 കോറി: 10; 27, 28).

അവിശ്വാസി എന്നതുകൊണ്ട് നാസ്തികവാദി എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ അവര്‍ വിളമ്പുന്ന ഭക്ഷണം ഒരിക്കലും വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചത് ആകുമായിരുന്നില്ല. ഇവിടെ അവിശ്വാസി എന്നതുകൊണ്ട് നമ്മുടെ വിശ്വാസത്തില്‍ അല്ലാത്തവര്‍ എന്നാണ് അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാകും. വിഗ്രഹങ്ങളെ പ്രണയിക്കുന്ന ചില ക്രൈസ്തവ നാമധാരികള്‍ പറയുന്നത്, നാസ്തികവാദികള്‍ മാത്രമാണ് വിജാതിയര്‍ എന്നാണ്. ഇക്കൂട്ടരെ ദൈവജനത്തിന്റെ ഭാഗമായി മനോവ കരുതുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിജാതിയരും അവിശ്വാസികളുടെ ഗണത്തില്‍ പെടുന്നവരാണ്!

സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയോ ലോകത്തിന്റെ പ്രീതിക്കുവേണ്ടിയോ വചനസത്യങ്ങളെ നിസ്സാരമായി തള്ളുന്ന പ്രവണത ഇന്ന് കൂടുതലാണ്. ഇതിലൊന്നും വലിയ കാര്യമില്ലെന്നും അതൊക്കെ ദൈവം കണ്ടില്ലെന്നു നടിക്കും എന്നൊക്കെയാണു പലരുടെയും ചിന്തകള്‍! കണ്ടില്ലെന്നു നടിക്കുമായിരുന്നെങ്കില്‍ ഇവയൊന്നും ചട്ടമായി നമുക്കു നല്‍കേണ്ടിയിരുന്നില്ല! അവഗണിച്ചു തള്ളാനുള്ള ഒന്നും ബൈബിളില്‍ എഴുതിവച്ചിട്ടുമില്ല.

കുരിശിന്റെവഴിയിലെ ആറാംസ്ഥലം ഗണപതിക്കുമുമ്പിലോ?
 
കേള്‍ക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃക! എന്നാല്‍, ഇതിലൂടെ ദൈവത്തിന്റെ പ്രമാണങ്ങളെ പരസ്യമായി ലംഘിക്കാന്‍ കൗശലപൂര്‍വ്വം കെണിയൊരുക്കിയ സാത്താന്‍, ദൈവമക്കളെ അതില്‍ വീഴ്ത്തുകയായിരുന്നു. ക്രൈസ്തവ വിശ്വാസികളെ സ്വാഭാവികമായി ഗണപതിക്കുമുമ്പില്‍ എത്തിക്കുകയെന്ന പൈശാചിക പദ്ധതി സാദ്ധ്യമല്ലെന്നു സാത്താനു നന്നായി അറിയാം. അതിനായി ഈ ദുഃഖവെള്ളിയാഴ്ച്ച പിശാചു വിരിച്ച വലയില്‍ കന്യാസ്ത്രീകളെയടക്കം അവന്‍ വീഴ്ത്തി.

മാവേലിക്കര പടിഞ്ഞാറെ നട മഹാഗണപതി ക്ഷേത്രത്തിനു മുന്നിലൂടെ അനേകം ക്രൈസ്തവര്‍ കാലങ്ങളായി വഴിനടക്കാറുണ്ട്. എന്നാല്‍, ഇവരാരും ഗണപതിയെന്ന വിചിത്രജീവിയെ തിരിഞ്ഞുനോക്കുകയോ അവനു തേങ്ങായുടയ്ക്കുകയോ ചെയ്തിട്ടില്ല. ഇതില്‍ മനം നൊന്ത്, ക്രിസ്ത്യാനികളുടെ തല തനിക്കു മുന്നില്‍ കുമ്പിടുവിക്കാന്‍ അവനൊരുക്കിയ അവസാന തന്ത്രം വിജയിച്ചു. ക്രിസ്ത്യാനി തോറ്റു; ഗണപതി ജയിച്ചു! വേറോനിക്ക യേഹ്ശുവായുടെ (ബൈബിളില്‍ ഇല്ല) തിരുമുഖം തുടക്കുന്നിടത്ത് ക്രിസ്ത്യാനികള്‍ കുമ്പിട്ട് ആരാധിച്ചപ്പോള്‍ ഗണപതി തുമ്പിക്കൈ ഉയര്‍ത്തി ഭക്തരെ ആശിര്‍വദിച്ചു!

ഇത്തരം ആഭാസങ്ങളെ മതസൗഹാര്‍ദ്ദം എന്നു വിളിക്കാന്‍ പരിശുദ്ധാത്മാവ് ഉള്ളില്‍ വസിക്കുന്ന ഒരുവനും കഴിയില്ല. ഇപ്പോള്‍ 'ഫെയ്സ്ബുക്കി'ലൂടെ ഇതിനെ മഹത്വവത്ക്കരിച്ചുകൊണ്ട് വ്യാപകമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഈ സ്നേഹം തിരിച്ചുകൊടുക്കാന്‍ ക്രിസ്ത്യാനികളായ നാമെല്ലാവരും ബാധ്യസ്ഥരാണെന്ന അടിക്കുറിപ്പോടെയാണ് ഒരു വിരുതന്‍ സന്ദേശം അയച്ചിരിക്കുന്നത്! സാത്താനും ആഗ്രഹിച്ചത് ഇതു തന്നെയാണ്! അവന്റെ ഉച്ഛിഷ്ടത്തിനു മുന്നില്‍ യേഹ്ശുവായുടെ രൂപം സ്ഥാപിച്ചതിലൂടെ അവനു ലഭിച്ച ആരാധനകള്‍ കൂടാതെ, പരിശുദ്ധമായ ദൈവത്തിന്റെ ആലയത്തില്‍ അവനുമൊരു ഇരിപ്പിടം പ്രതീക്ഷിക്കുന്നു. "ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ -വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ-"(മത്താ: 24; 15, 16). വായിക്കാത്തവന്‍ ഗ്രഹിക്കുന്നില്ല; അതുകൊണ്ടാണല്ലോ വിവരക്കേട് പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്!

ദൈവത്തെ അറിഞ്ഞിട്ടുള്ള വ്യക്തികള്‍ക്ക് ഗണപതിയെന്ന വിചിത്രരൂപിയെ ഒരു കോമാളിയായി മാത്രമെ കാണാന്‍ കഴിയൂ. കൊച്ചുകുട്ടികള്‍ക്കുപോലും ഈ വിഗ്രഹം ഒരു കൗതുകം മാത്രമാണ്. അതിനാല്‍, ക്രൈസ്തവരുടെ ഇടയില്‍ സ്വാധീനമുണ്ടാക്കാന്‍ സാത്താന്റെ അനുയായികള്‍ ചില ശാസ്ത്രീയ 'മേമ്പൊടികള്‍' ഗണപതിയുടെ പേരില്‍ പ്രയോഗിക്കുന്നുണ്ട്.ഗണപതിയുടെ വിഗ്രഹം ഇരിക്കുന്നിടത്ത് 'പോസിറ്റീവ് എനര്‍ജി' ധാരാളമായി ഉണ്ടാകുന്നുവെന്നാണ്, മഹാനായ ശാസ്ത്രജ്ഞന്‍ 'സൂര്യാ കൃഷ്ണമൂര്‍ത്തി' ഇന്ത്യന്‍ സര്‍ക്കാരിന്റെ ചിലവില്‍ ലോകമെമ്പാടും പ്രചരിപ്പിക്കുന്നത്! 'സൂര്യാഫെസ്റ്റിവെല്‍' ന്റെ മറവില്‍ സൗകര്യപൂര്‍വ്വം നടത്തുന്ന ഗണപതി പ്രചരണം പലര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

'പോസിറ്റീവ് എനര്‍ജി'യെന്നു കേള്‍ക്കുമ്പോള്‍, ക്രൈസ്തവരെന്നു കരുതി ജീവിക്കുന്നവര്‍ക്ക് വലിയ ആഹ്ളാദമാണല്ലോ! ഈ ആഹ്ളാദം മുതലെടുത്ത് സാത്താന്‍ ക്രൈസ്തവസഭകളിലെ ചില 'കുബുദ്ധി'കളെ യോഗയുടെ പ്രചാരകരാക്കി. അങ്ങനെ ചിലര്‍ സുവിശേഷ പ്രസംഗം അവസാനിപ്പിച്ച് 'യോഗാധ്യാനങ്ങള്‍ 'ഏറ്റെടുത്തു നടത്തിവരുന്നു. ഈ വിഷയത്തെക്കുറിച്ച് മറ്റൊരു ലേഖനത്തില്‍ വിശകലനം ചെയ്തിട്ടുള്ളതിനാല്‍ കൂടുതലായി വിവരിക്കുന്നില്ല. മതസൗഹാര്‍ദ്ദത്തില്‍ ശ്രദ്ധിക്കേണ്ട അപകടത്തെ സംബന്ധിച്ചാണ് ഇവിടെ നാം ചിന്തിക്കുന്നത്.

അന്യദേവന്മാരുടെ ആലയങ്ങളില്‍ പ്രവേശിക്കുകയോ അവരുടെ വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ ശിരസ്സു നമിക്കുകയോ ചെയ്യരുതെന്ന് ദൈവമക്കളായ ക്രൈസ്തവര്‍ക്ക് ബൈബിള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.കുരിശിന്റെ വഴിയുടെ സംഘാടകരും കന്യാസ്ത്രീകളും ഇത് വായിച്ചിട്ടില്ലെങ്കില്‍ മനോവ ഒരിക്കല്‍ക്കൂടി കുറിക്കാം.

പ്രിയപ്പെട്ട കന്യാസ്ത്രീമാരേ, നിങ്ങളാണ് കുഞ്ഞുങ്ങളെ ആദ്യകുര്‍ബ്ബാനയ്ക്ക് ഒരുക്കുന്നത്. പത്തു പ്രമാണങ്ങളും സഭാനിയമങ്ങളും അവരെ അഭ്യസിപ്പിക്കുന്നതും നിങ്ങളാണ്. ഒന്നാമത്തെ പ്രമാണം ലംഘിച്ചുകൊണ്ട് മാവേലിക്കരയില്‍ വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയതും നിങ്ങള്‍തന്നെ! പുറപ്പാട്, സംഖ്യാ, നിയമാവര്‍ത്തനം തുടങ്ങിയ പുസ്തകങ്ങളെങ്കിലും നിങ്ങള്‍ മനസ്സിരുത്തി വായിച്ചാല്‍ മോശയിലൂടെ ദൈവം നല്‍കിയ ചട്ടങ്ങളും നിയമങ്ങളും അറിയാന്‍ കഴിയും! അല്ലെങ്കില്‍ അന്ധന്‍ അന്ധരെ നയിക്കുന്നതുപോലെ ഇരുകൂട്ടരും കുഴിയില്‍ പതിക്കും!

ഒരുകാര്യം മനസ്സിലാക്കിയിരിക്കുക: വ്യക്തമായ നിയമങ്ങള്‍ ഇല്ലാത്തതും ഉള്ളനിയമങ്ങള്‍ പഠിപ്പിക്കാന്‍ ശരിയായ നേതൃത്വം ഇല്ലാത്തവരുമായി ജീവിക്കുന്ന നൂറുകോടിയോളം ജനങ്ങളുടെ ഒരു കൂട്ടമാണ് ഹിന്ദുമതക്കാര്‍. ഹിന്ദുത്വത്തിന്റെ വിവരക്കേടുകളെ സംബന്ധിച്ചുള്ള അനേകം ലേഖനങ്ങള്‍ മനോവയുടെ താളുകളില്‍ കുറിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ശക്തികളെയും ദൈവമായി അംഗീകരിക്കാന്‍ തയ്യാറുള്ള ഈ മതവിഭാഗം 'മുന്നൂറ്റിമുക്കോടി' ദേവഗണങ്ങളില്‍ ഒരു ദേവനായി യേഹ്ശുവായെയും ഉള്‍ക്കൊള്ളുന്നത് മതസൗഹാര്‍ദ്ദത്തിന്റെ ഭാഗമാണെന്നു ചിന്തിക്കരുത്. അത് അവരുടെ അജ്ഞതയുടെ ഭാഗമായി രൂപപ്പെട്ട അടിസ്ഥാന ശൈലിയാണ്! ഹിന്ദുക്കള്‍ അവരുടെ നിയമം അനുസരിച്ച് സകല ശക്തികളെയും അസാധാരണ വൈഭവമുള്ള വ്യക്തികളെയും ദേവന്മാരും അവതാരങ്ങളുമായി ഗണിക്കുന്നുവെങ്കിലും ക്രൈസ്തവന് ഇത് അനുവദനീയമല്ല. അജ്ഞതയെ അനുകരിച്ച് വഞ്ചിതരാകരുത്.

വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ എങ്ങനെ സേവിച്ചുവെന്ന് അന്വേഷിക്കുകപോലും അരുതെന്നാണ് ദൈവം കല്പിച്ചിട്ടുള്ളത്(നിയമം: 12; 30). "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). യിരെമിയാഹ് പ്രവാചകന്‍ പറയുന്നു: "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്"(യിരെമി: 10; 2). "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 30, 31).

വിജാതിയ മതങ്ങളിലെ നന്മകള്‍ കാണാതെപോയ സങ്കുചിതനായ ഒരു മനുഷ്യനായിരുന്നോ യേഹ്ശുവാ? അതോ വിജാതിയത്വത്തില്‍ ഒളിഞ്ഞിരിക്കുന്ന സാത്താനെ വ്യക്തമായി അറിയാവുന്ന ദൈവം മനുഷ്യനായി അവതരിച്ചതോ? ഇതില്‍ ഏതാണ് യേഹ്ശുവായുടെ അസ്തിത്വമെന്നത് ക്രിസ്ത്യാനിയെന്ന് വിളിക്കപ്പെടുന്നവര്‍ കണ്ടെത്തുക! കാരണം, മോശയിലൂടെ നിയമങ്ങളും ചട്ടങ്ങളും നല്‍കിയപ്പോഴും പ്രവാചകന്മാരിലൂടെ വിഗ്രഹങ്ങളിലും വിജാതിയതയിലും കുടികൊള്ളുന്ന പിശാചിനെ വെളിപ്പെടുത്തിയപ്പോഴും സര്‍വ്വശക്തനായ ദൈവമായി യേഹ്ശുവാ ഉണ്ടായിരുന്നു. ഈ നിയമങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണമായി അവിടുന്ന് മനുഷ്യന്റെ രൂപം സ്വീകരിച്ച്, പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്കു വന്നു. ആദിയില്‍ ഉണ്ടായിരുന്ന ദൈവംതന്നെയാണ് ഭൂമിയിലേക്ക് മനുഷ്യനായി വന്നത്. അവിടുത്തെ പേര് യേഹ്ശുവാ എന്നാണ്! സാത്താന്മാരില്‍ ആരുമായും അവിടുത്തേക്ക്‌ സൗഹാര്‍ദ്ദമില്ല. സാത്താന്റെ തല തകര്‍ക്കാനാണ് അവിടുന്ന് ഭൂമിയിലേക്കു വന്നത്. ദൈവമായ യേഹ്ശുവായുമായി എന്നേക്കും ശത്രുത വച്ചുപുലര്‍ത്തുന്ന സാത്താനുമായി സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ നടക്കുന്ന മെത്രാന്‍വേഷക്കാരെക്കുറിച്ച് എന്താണ് മനോവ പറയേണ്ടത്? ദൈവത്തെയും സാത്താനെയും തമ്മില്‍ അനുരഞ്ജിപ്പിക്കാനാണോ നിങ്ങളുടെ ശ്രമം? അതിനാണോ നിങ്ങള്‍ തൊപ്പിയും വടിയും ധരിച്ചിരിക്കുന്നത്? 

മതപ്രചരണവും മതസൗഹാര്‍ദ്ദവും!

നമ്മള്‍ അറിഞ്ഞ സത്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കുക എന്നതാണു സുവിശേഷ പ്രഘോഷണം! ഇതു മതസൗഹാര്‍ദ്ദത്തിനു വുരുദ്ധമാണെന്ന കാഴ്ചപ്പാട് സത്യത്തിനെതിരാണ്. നമ്മള്‍ അറിയിക്കാത്തതുമൂലം ഒരുവന്‍ സത്യമറിഞ്ഞ് രക്ഷപ്രാപിക്കാതിരുന്നാല്‍ അവന്റെ നാശത്തിന്റെ ഉത്തരവാദികള്‍ നാമോരോരുത്തരും ആയിരിക്കും. ഇത് മാറ്റിവയ്ക്കാനാകാത്ത കടമയാണെന്നു വചനത്തിലൂടെ യേഹ്ശുവാ മുന്നറിയിപ്പു തരുന്നുണ്ട്. യേഹ്ശുവായിലൂടെ രക്ഷപ്രാപിക്കേണ്ട ആവശ്യം നമുക്കു ചുറ്റുമുള്ളവരെ അറിയിക്കുവാന്‍ സാദ്ധ്യമാകുന്നതെല്ലാം ചെയ്യുവാനാണ് വിജാതിയരുടെ സമീപത്തേക്ക് ദൈവം നമ്മെ അയച്ചിരിക്കുന്നത്.

മതപരിവര്‍ത്തനം എന്നത് മനഃപരിവര്‍ത്തനത്തില്‍ അടിസ്ഥാനമിട്ടതായിരിക്കണം.ഭൗതിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള മതപരിവര്‍ത്തനങ്ങള്‍ ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കുന്നില്ല. ആത്മീയമായ രക്ഷയും നരകശിക്ഷയില്‍നിന്നുള്ള വിടുതലുമായിരിക്കണം ഓരോ മതപരിവര്‍ത്തനത്തിന്റെയും പിന്നിലെ ലക്ഷ്യം. വിവാഹവും സമ്പത്തും മറ്റു ജീവിതസൗകര്യങ്ങളുമാണ് മതപരിവര്‍ത്തനത്തിന് കാരണമാകുന്നതെങ്കില്‍ അത് ഒരു മാനസ്സാന്തരമല്ല. യേഹ്ശുവായിലുള്ള വിശ്വാസംവഴി രൂപാന്തരീകരണം പ്രാപിക്കുന്ന വ്യക്തികള്‍ മാത്രമാണ് മതപരിവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍! ഇതുതന്നെയാണ് വീണ്ടും ജനനം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്!

ഈ രക്ഷ പകര്‍ന്നുകൊടുക്കാനുള്ള കര്‍ത്തവ്യം ഓരോ ക്രൈസ്തവരിലും നിക്ഷിപ്തമായിരിക്കുന്നു! മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ ഈ കര്‍ത്തവ്യത്തില്‍നിന്ന് അകന്നുനിന്നുകൊണ്ട് ഒരുവനും ക്രൈസ്തവരെന്ന് അഭിമാനിക്കാന്‍ വകയില്ല. യേഹ്ശുവാ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. മര്‍ക്കോസിന്റെ സുവിശേഷം പതിനാറാം അദ്ധ്യായത്തില്‍ യേഹ്ശുവാ അവസാനമായി പറയുന്നത് വിശ്വാസിയെ തിരിച്ചറിയുന്നതിനുള്ള അടയാളത്തെക്കുറിച്ചാണ്! അവിടുന്ന് അറിയിച്ച അടയാളങ്ങളില്‍ ഒന്നാണ് സുവിശേഷ പ്രസംഗം! "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം അറിയിക്കുക" എന്ന ഉത്തരവാദിത്വം ഭരമേല്പിച്ചതിനുശേഷമാണ് യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്തത്!

എല്ലാ ക്രൈസ്തവസഭകളും ഏറ്റവുമധികം ഉപയോഗിക്കുന്ന ബൈബിള്‍ ഭാഗം പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങളാണ്. വിജാതിയരുടെ അപ്പസ്തോലന്‍ എന്ന വിശേഷണംകൂടി വിശുദ്ധ പൗലോസിനുണ്ടെന്നു നമുക്കറിയാം. വിജാതിയരോടു രക്ഷയുടെ സന്ദേശം അറിയിക്കാനുള്ള ദൗത്യം പ്രത്യേകമായി ഭരമേല്‍പ്പിക്കപ്പെട്ടത് ശ്രേഷ്ഠനായ പൗലോസിലായിരുന്നു. യെഹൂദരോ ക്രൈസ്തവരോ മറ്റു വിജാതിയ മതങ്ങളില്‍ വിശ്വസിക്കുന്നവരോ ആരുതന്നെ ആയിരുന്നാലും സത്യദൈവത്തെയല്ലാതെ മറ്റു ദേവന്മാരെ ആരാധിച്ചാല്‍ അവരിലാരും ദൈവരാജ്യത്തു പ്രവേശിക്കുകയില്ല.  ഈ കാരണം കൊണ്ടാണ് ലോകത്തിന്റെ അതിര്‍ത്തികള്‍വരെ സകല ജനതകളോടും സുവിശേഷം പ്രസംഗിക്കാന്‍ യേഹ്ശുവാ കല്പിച്ചത്. ഈ ദൗത്യം ഓരോ ക്രൈസ്തവരും ഏറ്റെടുത്തു നടത്താന്‍ ബാധ്യസ്ഥരാണ്. ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും സ്വീകരിച്ച ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ ഉത്തരവാദിത്വമാണ്, സുവിശേഷപ്രചരണം!

വിജാതിയര്‍ അവരുടെ ആരാധനകള്‍ നന്നായി തുടരുന്നതില്‍ പ്രോത്സാഹനം നല്‍കുന്ന പുതിയ ബുദ്ധിജീവി പ്രഘോഷകരുടെ സന്ദേശങ്ങളല്ല യേഹ്ശുവാ ഭരമേല്പിച്ചത്. "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ:4;12). ഇത് ജനതകളെ അറിയിക്കാനാണ് ക്രിസ്ത്യാനി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ യേഹ്ശുവായോടും ദൈവത്തോടുമുള്ള സൗഹൃദം നഷ്ടപ്പെടുത്തിയാല്‍ എന്തു പ്രയോജനം? നമ്മെ വിലകൊടുത്തു വാങ്ങിയ നമ്മുടെ നാഥനായ യേഹ്ശുവായോടുള്ള ബന്ധത്തിനുമപ്പുറം മറ്റൊരു ബന്ധത്തിനും സ്ഥാനമുണ്ടാകാന്‍ പാടില്ല. മറ്റാരിലും രക്ഷയില്ലെന്നു പ്രചരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും എതിര്‍പ്പുകളും പീഡനങ്ങളുമുണ്ടാകും. ആരെങ്കിലും ദൈവരാജ്യത്തിനു സ്വീകാര്യരായിട്ടുണ്ടെങ്കില്‍ അവരെല്ലാം കഷ്ടതകള്‍ സഹിച്ചവര്‍ മാത്രമാണ്. സഹനത്തോട് മറുതലിക്കുന്നവര്‍ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട!

അലസതയുടെയും ഭീരുത്വത്തിന്റെയും 'ദൈവശാസ്ത്രം'!

കത്തോലിക്കാസഭ മനസ്സില്‍പോലും ചിന്തിച്ചിട്ടില്ലാത്ത ചില കാര്യങ്ങള്‍ സഭയുടെ ഔദ്യോഗിക പ്രബോധനമെന്ന വെളിപ്പെടുത്തലോടെ സഭാമക്കള്‍ക്കു കോരിവിളമ്പുന്ന വൈദീകരും മെത്രാന്മാരും ഇന്നുണ്ട്! ഔദ്യോഗിക വസ്ത്രങ്ങള്‍ തെറ്റായ പ്രബോധനങ്ങളെ സാധൂകരിക്കുകയില്ലെന്ന് ദൈവജനം ഓര്‍ത്തിരിക്കുക. പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍പോലും സാത്താന്‍, അവന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ടെന്ന് വചനത്തെ ആധാരമാക്കി മനസ്സിലാക്കിയിരിക്കേണ്ട അനേകം യാഥാര്‍ത്ഥ്യങ്ങളില്‍ ഒന്നുമാത്രമാണിത്.

ദൈവവചനം പ്രചരിപ്പിക്കുക എന്നത് വളരെ എളുപ്പമുള്ളതും അദ്ധ്വാനമില്ലാത്തതുമായ കാര്യമാണെന്ന് ആരും ധരിക്കരുത്. മായം ചേര്‍ക്കാതെ സത്യസന്ധമായി വചനം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെയധികം സഹനത്തിനു കാരണമാകും. ഇന്നുവരെയുള്ള ചരിത്രത്തില്‍ എല്ലാ സുവിശേഷകരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ആരെങ്കിലും പീഡിപ്പിക്കപ്പെടാതിരുന്നിട്ടുണ്ടെങ്കില്‍ അവര്‍ പ്രസംഗിച്ചത് യഥാര്‍ത്ഥ സുവിശേഷം ആയിരുന്നില്ല എന്നതുകൊണ്ടാണ്. കേള്‍വിക്കാര്‍ക്ക് ഇമ്പമുണ്ടാക്കുന്നവിധം സ്വയം രൂപപ്പെടുത്തിയ കെട്ടുകഥകളുടെ പ്രചാരകരായിരുന്നു അവര്‍! കാരണം, ഈ ശുശ്രൂഷ ഭരമേല്പിച്ചവന്‍തന്നെ ഇതു വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ സുവിശേഷകരെയും ഈ ദൗത്യം ഭരമേല്‍പ്പിക്കുമ്പോള്‍ യേഹ്ശുവാ അറിയിച്ച വാഗ്ദാനവും മുന്നറിയിപ്പും ശ്രദ്ധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. അയക്കപ്പെട്ടവരോട് യേഹ്ശുവാ പറഞ്ഞത് ഇപ്രകാരമായിരുന്നു: "ഇതാ ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു"(ലൂക്കാ: 10; 3). സ്വന്തം ജനമായ യിസ്രായേല്‍മക്കളുടെ അരികിലേക്ക് അയച്ചപ്പോള്‍പ്പോലും ഈ മുന്നറിയിപ്പാണ് നല്‍കിയതെങ്കില്‍, ലോകമെങ്ങുമുള്ള വിജാതിയരുടെ അരികിലേക്ക് അയയ്ക്കപ്പെട്ടവര്‍ എത്രത്തോളം ജാഗ്രതയുള്ളവരായിരിക്കണം! ഇതിനെക്കുറിച്ച് പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും"(2 തിമോ: 3; 12, 13). സഹനവും പീഡനവും മാറ്റിനിര്‍ത്തിക്കൊണ്ട് സുവിശേഷ ശുശ്രൂഷകള്‍ ഇല്ലെന്നു തന്നെയാണ് പൂര്‍വ്വീകരായ സുവിശേഷകര്‍ നമുക്കു നല്‍കുന്ന മുന്നറിയിപ്പ്. അതായത്, സുവിശേഷ പ്രഘോഷണം ഒരു സൈനീകസേവനം തന്നെയാണ്! അപകടം എപ്പോഴും മുന്നിലുണ്ടെന്ന സത്യം വിസ്മരിക്കരുത്. തന്റെ ശരീരത്തിന്റെ സുഖത്തില്‍ അമിതമായ പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരുവന്‍ സൈനീക സേവനത്തെ എപ്രകാരം ഭയപ്പെടുന്നുവോ, അതുപോലെതന്നെ ലൗകികര്‍ക്ക് സുവിശേഷശുശ്രൂഷയും ഭയാനകമായിരിക്കും.

അതുകൊണ്ടാണ് ബൈബിളില്‍ അനേകം തവണ 'ഭയപ്പെടേണ്ടാ' എന്ന് ആവര്‍ത്തിക്കുന്നത്! ഭീരുക്കള്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയില്ലെന്ന സത്യം പലര്‍ക്കും അറിയില്ല. ഓരോരുത്തരും തങ്ങളുടെ ബുദ്ധിയില്‍ ക്രമീകരിച്ചിരിക്കുന്ന പാപങ്ങളുടെ പട്ടികയാണ് നരകശിക്ഷയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ദൈവവചനം വ്യക്തമാക്കിയിരിക്കുന്ന പട്ടികയില്‍ നരകത്തിലേക്കുള്ള 'മെമ്പര്‍ഷിപ്പ്' ലഭിക്കുന്നത് ആര്‍ക്കാണെന്നു ശ്രദ്ധിക്കുക: "ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളി: 21; 8).

യേഹ്ശുവാ ദൗത്യം ആരംഭിച്ചപ്പോള്‍തന്നെ  അവിടുത്തെ ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചത് ഭയംകൂടാതെ സാക്ഷ്യം നല്‍കണമെന്നാണ്. പീഡനങ്ങള്‍ ഉണ്ടാകില്ലെന്ന് പറയുകയല്ല; മറിച്ച്, പീഡനങ്ങളെ ഭയംകൂടാതെ നേരിടാനുള്ള പ്രബോധനമാണ് അവിടുന്നു നല്‍കുന്നത്. യേഹ്ശുവാ ശിഷ്യന്മാരോടു പറഞ്ഞു: "നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ. എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ: 10; 26-28).

നമ്മെ പീഡനത്തിനു വിട്ടുകൊടുത്ത് വെറുതെയിരിക്കുന്നവനല്ല യേഹ്ശുവായെന്ന് പിന്നീടുള്ള ഭാഗത്ത് അവിടുന്നുതന്നെ പറയുന്നുണ്ട്. "ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍,  ഭയപ്പെടേണ്ട. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ"(മത്താ: 10; 29-31). ഭയംമൂലം സക്ഷ്യം നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നവര്‍ ഈ വചനംകൂടി ഓര്‍ത്തിരിക്കുക! വചനം ഇപ്രകാരമാണ്: "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ: 10; 32, 33). ഇത് യേഹ്ശുവാ നേരിട്ട് തന്റെ അധരങ്ങളിലൂടെ അറിയിച്ച സത്യമാണ്. അതിനാല്‍ സാത്താന്റെ പ്രബോധനങ്ങളുമായി വചനത്തെ വ്യാഖ്യാനിക്കുന്നവരെ സൂക്ഷിക്കുക! ഇക്കൂട്ടരാണ് സ്വര്‍ഗ്ഗരാജ്യം അടച്ചുകൊണ്ട് വാതില്‍ക്കല്‍ നിലകൊള്ളുന്ന വ്യാജന്മാര്‍!

സുവിശേഷം പ്രഘോഷിക്കുന്നതില്‍ ദൈവമക്കള്‍ക്കുള്ള കടമയെ മറച്ചുവച്ചുകൊണ്ട് എല്ലാ മതങ്ങളും രക്ഷയിലാണെന്നു പ്രചരിപ്പിക്കുന്ന ആധുനിക ദൈവ(പൈശാചിക)ശാസ്ത്രക്കാര്‍ ഭൗതികവാദത്തിന്റെ(മെറ്റീരിയലിസം) മറ്റൊരു പതിപ്പാണ്!

'കപട'മതേതര വാദികളുടെ യഥാര്‍ത്ഥ പ്രശ്നം ഭീരുത്വമാണ്. ഈ അവസ്ഥയ്ക്ക് സ്വയം പ്രതിരോധം തീര്‍ക്കുവാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമാണ് എല്ലാ മതങ്ങളും രക്ഷയിലാണെന്ന 'വിജ്ഞാനം'! ജ്ഞാനത്തിന്റെ പൂര്‍ണ്ണതയായ യേഹ്ശുവായില്‍ ഈ 'വിജ്ഞാനം' ഇല്ലായിരുന്നു എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്! ശിഷ്യന്മാരോട് യേഹ്ശുവാ അവസാനമായും പ്രധാനമായും പറഞ്ഞത് എന്താണെന്നു വായിക്കുമ്പോഴാണ് ഇതു വ്യക്തമാകുന്നത്. സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് അവസാനമായി അവിടുന്ന് അപ്പസ്തോലന്മാരോടും വിശ്വാസികളായ അനുയായികളോടും പറഞ്ഞു: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). സുവിശേഷം കേട്ടിട്ടും വിശ്വസിക്കാത്തവരുടെ ദുരവസ്ഥ എന്താണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.

മത്തായിയുടെ സുവിശേഷത്തില്‍ ഇതു വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.  പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 18-20).

യേഹ്ശുവായിലൂടെയുള്ള രക്ഷ എല്ലാ ജനതകളെയും അറിയിക്കുകയും വിശ്വസിക്കുന്നവരെയെല്ലാം സ്നാനപ്പെടുത്തുകയും ചെയ്യുവാന്‍ കല്പിച്ച അവിടുത്തെ ആഹ്വാനം തള്ളിക്കളഞ്ഞുകൊണ്ട് എല്ലാ ജനങ്ങളും രക്ഷയിലാണെന്ന് പ്രഖ്യാപിക്കുന്നത് ദൈവനിന്ദയാണ്. യേഹ്ശുവായെ അറിയാത്തതുമൂലം ശിക്ഷിക്കപ്പെടുന്ന ആത്മാക്കളുടെ നാശത്തിന് ഇത്തരം 'ക്രൈസ്തവര്‍' ഉത്തരവാദികളാകും. ഒരു വചനംകൂടി അറിയിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ്:  "മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും"(യെസെക്കി: 3; 16-19).

ഇതാണ് യഥാര്‍ത്ഥ പരസ്നേഹവും മതസൗഹാര്‍ദ്ദവും! ഭൗതികതക്കും അപ്പുറം ആത്മീയതയില്‍ സഹായം നല്‍കുന്നതാണ് നിലനില്‍ക്കുന്ന കരുണ. വേദനിക്കുന്നവന് സഹായം നല്‍കുന്നതിനെ എതിര്‍ക്കുകയല്ല; മറിച്ച്,  നിത്യനാശത്തില്‍നിന്ന് ആത്മാവിനെ രക്ഷിക്കുന്നതില്‍ കവിഞ്ഞ ഒരു പരസ്നേഹ പ്രവര്‍ത്തിയുമില്ല എന്ന സത്യം അടിവരയിട്ട് ഉറപ്പിക്കുകയാണ്. ഇതുതന്നെയാണ് കമ്യൂണിസവും ക്രിസ്തീയതയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6673 views

LOG IN

Lost your password?

SIGN UP

LOST PASSWORD