വിചാരണ

ഇതോ, ദൈവത്തിന്റെ സ്വന്തം ചാനല്‍?

Print By
about

ല്ലാ മാധ്യമങ്ങളെയും എന്നതുപോലെ ദൃശ്യ-ശ്രാവ്യമാധ്യമങ്ങളെയും സാത്താന്‍ കീഴടക്കുന്നതാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിനുവേണ്ടി അവന്‍ ഗൂഢമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു. മാധ്യമരംഗത്തു സാത്താനു കൂടുതല്‍ പ്രീതികരം ആത്മീയ ചാനലുകള്‍ തന്നെയാണ്. കാരണം അവയുടെ നിയന്ത്രണം ഏറ്റെടുത്താല്‍ ദൈവമക്കളെ കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയും! ലോകത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധകൊടുത്തിരിക്കുന്ന മാധ്യമങ്ങളെ പൂര്‍ണ്ണമായി ആത്മീയ മനുഷ്യര്‍ വിശ്വസിക്കുകയില്ല. എന്നാല്‍, സഭയുടെയും ആത്മീയരെന്നു കരുതുന്നവരുടെയും സന്ദേശങ്ങളെ കണ്ണടച്ചു വിശ്വസിക്കുന്ന പ്രവണത 'വിധേയത്വ'മുള്ള സാധാരണ വിശ്വാസികള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ഈ മാധ്യമങ്ങളിലൂടെ ആരു പറയുന്നതും സത്യമായി കരുതാനുള്ള സാധ്യത വളരെ കൂടുതലാണ്.ഈ സാഹചര്യം മുതലെടുത്തുകൊണ്ട് മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവരില്‍ അന്ധകാരം നിറക്കുവാന്‍ സാത്താന്‍ കിണഞ്ഞു ശ്രമിക്കുന്നു. മാത്രവുമല്ല, അവന്‍ അഭിഷേകം ചെയ്തയച്ച അവന്റെ ശുശ്രൂഷകരെ ഈ മാധ്യമങ്ങളില്‍ കയറ്റിവിടുന്നുണ്ട്. 'ശാലോം' , 'ഡിവൈന്‍' തുടങ്ങിയ ടെലിവിഷന്‍ ചാനലുകളെ ഏതാണ്ട് പൂര്‍ണ്ണമായും സാത്താന്‍ അവന്റെ അധീനതയില്‍ ആക്കികഴിഞ്ഞു.

ഒരു യുക്തിവാദിയോ കമ്മ്യൂണിസ്റ്റുകാരനോ ദൈവത്തെക്കുറിച്ചു പറഞ്ഞാല്‍ വിശ്വാസികള്‍ അതു ഗൌനിക്കില്ല; എന്നാല്‍, ഒരു സഭാപിതാവ് പറയുന്നത് അവര്‍ സ്വീകരിക്കും. അതുകൊണ്ടുതന്നെയാണ് സ്വര്‍ഗ്ഗത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള തെറ്റായ അറിവുകളും വ്യാഖ്യാനങ്ങളും ഇക്കൂട്ടരിലൂടെ നല്‍കിക്കൊണ്ട് സാത്താന്‍ ഈ ചാനലുകളില്‍ അധിനിവേശം നടത്തിയിരിക്കുന്നത്. ശാലോമിന്റെയും ഡിവൈനിന്റെയും നല്ല പാരമ്പര്യം ഇതിനു കൂടുതല്‍ ശക്തിനല്‍കുന്നു! മുന്‍കാലങ്ങളില്‍ അനേകരെ ദൈവത്തിലേക്കു നയിക്കാന്‍ ഇരുകൂട്ടര്‍ക്കു കഴിഞ്ഞിട്ടുള്ളതുകൊണ്ട് വിശ്വാസികള്‍ക്ക് ഇവരെ അവിശ്വസിക്കേണ്ട കാര്യവുമില്ല.

സഭയിലെ അശുദ്ധികള്‍ക്കും അന്ധകാരത്തിനുമെതിരെ പോരടി വിജയിച്ച ചരിത്രം ബെന്നി പുന്നത്തറയ്ക്കും ശാലോമിനുമുണ്ട്. ഈ ധീരമായ മുന്നേറ്റം ദൈവത്തിനു സ്വീകാര്യമായതിനാല്‍ അവിടുന്ന് അവരെ ഉയര്‍ത്തി. എന്നാല്‍, ഇന്ന് പഴയ നിലപാടുകളില്‍നിന്ന് പരിപൂര്‍ണ്ണമായും മാറിയുള്ള യാത്രയിലാണു ശാലോം! വിജാതിയ ആചാരങ്ങള്‍ സഭയില്‍ നടപ്പാക്കാനുള്ള സംഘപരിവാര്‍ 'അജണ്ട' നടപ്പാക്കാനുള്ള സാത്താന്റെ ചട്ടുകമായി ശാലോം, ഡിവൈന്‍ ചാനലുകള്‍ അധഃപതിച്ചു. പരസ്പര വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ തെറ്റിദ്ധാരണയിലേക്കു നയിക്കുന്ന പ്രബോധനങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാതെ പ്രവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകരില്‍ ആശയ സംഘര്‍ഷം ജനിപ്പിക്കുന്നു.

യോഗ ചെയ്യരുതെന്നു 'മഹത്വത്തിന്‍ സാന്നിദ്ധ്യം' എന്ന 'പ്രോഗാമില്‍' പറയുകയും, തൊട്ടടുത്ത പരിപാടിയില്‍ തൃശൂരിലെ വിദ്യാഭ്യാസ കച്ചവടക്കാരന്‍ പ്രാണിക് ഹീലിങ്, റെയ്കി, യോഗ തുടങ്ങിയവ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് വിചിത്രമാണ്. കേരളത്തിലെ ഇന്നറിയപ്പെടുന്ന ഏറ്റവും അഭിഷേകമുള്ള ശുശ്രൂഷയായ 'അഭിഷേകാഗ്നി'യിലൂടെ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ വിജാതിയരുടെ ആലയങ്ങളില്‍ പോവുകയോ ആചാരങ്ങള്‍ അനുകരിക്കുകയോ ചെയ്യരുതെന്നു വചനത്തെ അടിസ്ഥാനമാക്കി പറയുമ്പോള്‍, അത്തരം പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് തിരിച്ചടിക്കുകയും ചെയ്യുന്നത് വിശ്വാസികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഹിന്ദുക്കള്‍പോലും ഞെട്ടിപ്പോകുന്ന വിവരണമാണ് ഓണാഘോഷത്തെ മഹത്വവത്ക്കരിച്ചുകൊണ്ട് 'തോമസ് സാര്‍' എന്നു സ്വയം പരിചയപ്പെടുത്തുന്ന 'യോഗഗുരു' കഴിഞ്ഞ ദിവസം ശാലോമില്‍ നടത്തിയത്.

"നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്‌. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3).

അന്യദേവന്മാരിലേക്കോ അവരുടെ ആചാരങ്ങളിലേക്കോ നയിക്കുന്ന പ്രബോധനം അരുതന്നാലും നാം അതു സ്വീകരിക്കരുതെന്നു യാഹ്‌വെ കല്പിച്ചിട്ടുണ്ട്. അവരുടെ ആചാരങ്ങള്‍ എന്തെന്നു പഠിക്കാനോ അവര്‍ പൂജയര്‍പ്പിക്കുന്നതുപോലെ അനുകരിക്കാനോ ശ്രമിക്കരുതെന്നും, അവരുടെ ആലയങ്ങളില്‍ കാഴ്ച്ചക്കാരായിട്ടുപോലും പോകരുതെന്നും നമ്മുടെ ദൈവം മുന്നറിയിപ്പു തരുന്നു. "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). കുറച്ചുകാലത്തേക്കു മാത്രമായി യാഹ്‌വെ നല്‍കിയ ചട്ടങ്ങളാണിതെല്ലാം എന്നു കരുതരുത്! ഈ ഭൂമുഖത്തു ജീവിച്ചിരിക്കുന്നിടത്തോളം കാലം മുഴുവന്‍ നിങ്ങളും നിങ്ങളുടെ മക്കളും മക്കളുടെ മക്കളും തലമുറകളോളം അനുസരിക്കണമെന്നു യാഹ്‌വെ കല്പിച്ചിരിക്കുന്നു.

ഈ കല്പനകളെ പൂര്‍ണ്ണമായി നിരാകരിക്കുന്ന പ്രചരണമാണ് കത്തോലിക്കാസഭയിലെ ചില സന്യാസസമൂഹങ്ങള്‍ സ്വീകരിക്കുന്നത്. കാലടിയിലെ ദിവ്യകാരുണ്യ ആശ്രമത്തില്‍ യോഗാധ്യാനം നടത്തുന്നത് M. C. B. S. വൈദീകരാണ്. ചില കപ്പ്യൂച്ച്യന്‍ വൈദീകരും ഈ രീതി അവലംബിക്കുന്നതോടൊപ്പം ബുദ്ധന്റെയും മറ്റു വിജാതിയ ദേവന്മാരുടെയും പ്രചാരണവും നടത്തുന്നു. ക്രിസ്തുവിനെ ഭാരതീയ മുനിമാരെപ്പോലെ ധ്യാനനിരതനായി പത്മാസനത്തിലിരിക്കുന്ന താപസനായും ചിത്രീകരിച്ചിരിക്കുന്നത് അപകടകരമാണ്. സ്വന്തമായി വിജാതിയ ദേവന്മാരിലേക്കു തിരിയുന്നതു മാത്രമല്ല, യേഹ്ശുവായെ അന്യദേവന്മാരോടു സമനാക്കുകയും ചെയ്യുന്നു!

യേഹ്ശുവായുടെ വരവോടെ അന്യദേവന്മാരുടെ ആലയത്തില്‍ പോകാനും അവരുടെ ആചാരങ്ങള്‍ സ്വീകരിക്കാനും നമുക്ക് അനുവാദം ലഭിച്ചുവെങ്കില്‍ ക്രിസ്തു ശിഷ്യന്മാരുടെ പ്രബോധനങ്ങള്‍ വ്യര്‍ത്ഥമാണെന്നു പറയേണ്ടിവരും. ഇന്നത്തെ ചില സ്ഥാപിത താത്പര്യക്കാരാണ് വ്യാജം പ്രചരിപ്പിച്ച് മനുഷ്യരെ ദൈവപ്രമാണങ്ങളില്‍നിന്നും സത്യപ്രബോധനങ്ങളില്‍നിന്നും അകറ്റുന്നത്!

"അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു"(ഹോസി: 4; 6). "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും"(ഹോസി: 4; 8, 9).

അമൃതാനന്തമയി, സായിബാബ, രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയ മനുഷ്യദേവന്മാര്‍, ക്രിസ്തുവിനെ അറിയാത്ത 'യൂറോപ്യന്‍ കിസ്ത്യാനി'കളുടെ പണമുപയോഗിച്ചു വിഗ്രഹങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ചു പരാജയപ്പെട്ടിടത്ത്, കത്തോലിക്കാസഭയിലെ 'ബുദ്ധിജീവി'കളെ ഉപയോഗിച്ച് അതു സാത്താന്‍ നടപ്പാക്കുകയാണ്. ലോകത്ത് അറിവു വര്‍ദ്ധിച്ചപ്പോള്‍ വിഗ്രഹങ്ങളും അന്ധവിശ്വാസങ്ങളും ഹിന്ദുമതക്കാര്‍പോലും ഉപേക്ഷിച്ചു തുടങ്ങി! അവരുടെ അനാചാരങ്ങള്‍ക്ക് യാതൊരു ന്യായീകരണവും കാണാന്‍ അവര്‍ക്കു കഴിയുന്നില്ല. എന്നാല്‍, ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമാനം ഉണ്ടാക്കാന്‍ ബാഗ്ലൂര്‍ കേന്ദ്രീകരിച്ച് കത്തോലിക്കാസഭയുടെ ആശീര്‍വാദമുള്ള സന്യാസസഭക്ക് പരീക്ഷണശാലകളുണ്ട്! മന്ത്രവാദത്തില്‍പോലും ശാസ്ത്രീയമായ സത്യങ്ങളുണ്ടെന്നു പ്രചരിപ്പിക്കാനും സഭയിലാകമാനം ഇതു നടപ്പാക്കാനും ഇവര്‍ കിണഞ്ഞു ശ്രമിക്കുകയാണ്.പ്രകൃതിശക്തികളെ ആരാധിച്ചിരുന്ന അജ്ഞതയുടെ ഇരുണ്ട നാളുകളിലേക്ക് ദൈവമക്കളെ കൈപിടിച്ചു നടത്തുമ്പോള്‍, വിധേയത്വം അടിച്ചേല്‍പ്പിക്കപ്പെട്ട പാവം വിശ്വാസികള്‍ക്കു വഴിപിഴക്കുന്നു! "അവര്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ശുശ്രൂഷചെയ്തുകൊണ്ട് ഇസ്രായേല്‍ ഭവനത്തിനു പാപഹേതുവായിത്തീര്‍ന്നതിനാല്‍ ഞാന്‍ ശപഥം ചെയ്തിരിക്കുന്നു; അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കും; ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു. എനിക്കു പുരോഹിത ശുശ്രൂഷചെയ്യാന്‍ എന്നെയോ എന്റെ വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുത്. തങ്ങളുടെ മ്ലേച്ഛതകള്‍നിമിത്തം അവര്‍ അപമാനം സഹിക്കണം"(എസക്കി: 44; 12, 13).

പഴയനിയമകാലത്തെ പുരോഹിതര്‍ക്കു മാത്രം ബാധകമായ പ്രബോധനമല്ലിത്. പുരോഹിതര്‍ക്കു ലഭിക്കേണ്ട ബഹുമാനത്തിനുവേണ്ടി മാത്രം പഴയനിയമം വ്യാഖ്യാനിക്കുന്നത് ശരിയായ രീതിയല്ല. അന്നും ഇന്നു ജനങ്ങളില്‍ പാപികളും നീതിമാന്മാരും ഉള്ളതുപോലെ പുരോഹിതരിലും കള്ളനാണയങ്ങള്‍ എല്ലാക്കാലത്തുമുണ്ട്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4045 views

LOG IN

Lost your password?

SIGN UP

LOST PASSWORD