വിചാരണ

പന്ത്രണ്ടു വയസ്സുവരെ ജീവിച്ചവരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍

Print By
about

രാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക? സ്വര്‍ഗ്ഗത്തിലെ ദൈവത്തെയും അവിടുത്തെ പുത്രനെയും വിശ്വസിക്കുന്നവരാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയുള്ളുവെന്ന് വളരെ വ്യക്തമായും അറിയാവുന്നതാണ്. സ്വര്‍ഗ്ഗത്തില്‍ ഇല്ലാത്തവരും നരകത്തില്‍നിന്നു വന്നവരുമായവരെ ദൈവം എന്നു വിളിച്ചാലും ദൈവമാകില്ല. അവര്‍ക്കു മാത്രമല്ല അവരെ പിന്തുടരുന്നവര്‍ക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ ഓഹരിയില്ല. അവരുടെ ഓഹരി എവിടെയാണെന്നു സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന ദൈവം അറിയിച്ചിട്ടുണ്ട്. "പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നാതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ ഞാന്‍ അവനെ ഉയിര്‍പ്പിക്കുകയും ചെയ്യും"(യോഹ: 6; 40).

"എന്നാല്‍,  ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍, എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളിപാട്: 21; 8). ദൈവവചനം വീണ്ടും പറയുന്നു: "മൃഗത്തെയും (ക്രിസ്തുവിനെ എതിര്‍ക്കുന്നവന്‍) അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കുകയില്ല. ഇവിടെയാണ് ദൈവത്തിന്റെ കല്പനകള്‍ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേഹ്ശുവായിലുള്ള വിശ്വാസവും വേണ്ടത്"(വെളിപാട്: 14; 11, 12).

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ യോഗ്യതനേടുന്നവര്‍ ആരാണെന്നുള്ളത് മുന്‍ ലേഖനങ്ങളില്‍ വ്യക്തമായും നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ! അതിനാല്‍ ആ വിഷയത്തെക്കുറിച്ച് കൂടുതലായി ഇവിടെ കുറിക്കേണ്ടതില്ല. എന്നാല്‍, ഈ ലേഖനത്തില്‍ നാം ചിന്തിക്കുന്ന വിഷയത്തിനു കൂടുതല്‍ കരുത്തേകും എന്നതിനാല്‍ ഒരു വചനഭാഗം പഠനവിഷയമാക്കേണ്ടത് അനിവാര്യമായിരിക്കുന്നു. വചനമിതാണ്: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയില്ല"(യോഹ: 3; 3). "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ: 3; 5). യേഹ്ശുവായാണിത് വെളിപ്പെടുത്തുന്നത്.

അതായത് ജ്ഞാനസ്നാനം സ്വീകരിക്കാത്ത ആര്‍ക്കും ദൈവത്തിന്റെ രാജ്യത്തില്‍ യാതൊരു ഓഹരിയു ഉണ്ടായിരിക്കില്ലെന്നാണ്  യേഹ്ശുവാ അറിയിക്കുന്നത്. ഇവിടെ പ്രായത്തെക്കുറിച്ച് യാതൊരു സൂചനയും നല്‍കുന്നില്ല. ഗര്‍ഭത്തില്‍ ഉരുവായ കുഞ്ഞുങ്ങള്‍മുതല്‍ മരണാസന്നരായ വൃദ്ധര്‍വരെ എല്ലാവര്‍ക്കും ബാധകമായ നിയമമാണിത്. ചില ക്രൈസ്തവസഭകള്‍ ഈ സത്യത്തില്‍നിന്ന് വ്യതിചലിച്ച് പ്രവൃത്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്ന വചനവും, അതിന്റെ  വ്യാഖ്യാനത്തിലെ പൊള്ളത്തരവും വെളിപ്പെടുത്തുകയാണു നാമിവിടെ ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ക്കു സ്നാനം നല്കേണ്ടതിന്റെ ആവശ്യകത ദൈവവചനത്തിലൂടെ തന്നെ നാം മനസ്സിലാക്കാനും ശ്രമിക്കുകയാണ്.

പല പെന്തക്കോസ്തു സഭകളും ജ്ഞാനസ്നാനത്തിനുള്ള കുറഞ്ഞ പ്രായം പന്ത്രണ്ടു വയസെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. മര്‍ക്കോസ് എഴുതിയ സുവിശേഷത്തിലെ ഒരു വചനമാണ്  ഇതിന്  ആധാരമായി പറയുന്നത്. വചനം ഇപ്രകാരമാണ്: "വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവര്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 16). 'വിശ്വസിച്ച്' എന്ന ഒറ്റവാക്കാണ് അനേകം കുഞ്ഞുങ്ങളെ സ്വര്‍ഗ്ഗരാജ്യത്തുനിന്ന് അകറ്റി നിര്‍ത്തിയിരിക്കുന്നത്! സ്വതന്ത്രമായ വിശ്വാസം തിരഞ്ഞെടുക്കാനുള്ള പ്രായം പന്ത്രണ്ടു വയസില്‍ പൂര്‍ത്തിയാകുമോ എന്ന് അറിയില്ല! അല്ലെങ്കില്‍ ഒരു വ്യക്തി പാപം ചെയ്യാന്‍ ആരംഭിക്കുന്നത് പന്ത്രണ്ടാമത്തെ വയസിലാണെന്ന കണ്ടുപിടുത്തത്തിലെ യുക്തിയും മനസ്സിലാകുന്നില്ല!

വിശ്വസിച്ച് സ്നാനം!

യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് ശിഷ്യന്മാരെ ശുശ്രൂഷ ഭരമേല്പിക്കുന്ന ഭാഗത്താണു വിശ്വസിച്ച് സ്നാനം സ്വീകരണത്തെക്കുറിച്ച് പറയുന്നത്. പന്തക്കുസ്താ നാളില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച നൂറ്റിയിരുപത് വ്യക്തികളല്ലാതെ ആരുംതന്നെ ആന്നുവരെ ക്രൈസ്തവരായി ഉണ്ടായിരുന്നില്ലെന്നു അറിയാമല്ലോ? ഈ സാഹചര്യത്തില്‍ സ്വാഭാവികമായും മുതിര്‍ന്നവരെ ആയിരിക്കും സുവിശേഷം അറിയിക്കുക! അവരോടൊപ്പമുള്ള ശിശുക്കള്‍ മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ളവരായിരിക്കും. സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ അവര്‍ക്കു കഴിയില്ല. സുവിശേഷം കേട്ട് വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുക എന്നതുകൊണ്ട് മുതിര്‍ന്നവരെ ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്. എന്നാല്‍, കുഞ്ഞുങ്ങളെ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് മാതാപിതാക്കളാണെന്ന് സ്വാഭാവികമായി ചിന്തിക്കാവുന്നതേയുള്ളു. സഭയില്‍ ചേര്‍ക്കാനായി വിശ്വസിക്കാത്തവരെ സ്നാനപ്പെടുത്തുകയോ, പണമോ മറ്റു സൗകര്യങ്ങളോ പ്രതീക്ഷിച്ചു മാത്രം വരുന്നവരെ സ്നാനപ്പെടുത്തുകയോ അരുതെന്നാണ് ഇവിടെ നല്‍കിയിരിക്കുന്ന സൂചന.

ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരുടെമേല്‍ ചില അവകാശികളെ ദൈവം നിശ്ചയിച്ചിട്ടുണ്ട്. ദൈവവചനം ശ്രദ്ധയോടെ വായിക്കുമ്പോള്‍ അതു വ്യക്തമാകും. "അവിടുന്ന് പുത്രന്മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു"(പ്രഭാ: 3; 2). അതുപോലെതന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തിലും പരസ്പരം അവകാശങ്ങള്‍ കൈമാറിയിട്ടുണ്ട്. "വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം , അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു"(റോമാ: 7; 2). മറ്റൊരിടത്ത് ഇങ്ങനെയാണു പറയുന്നത്: "ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം "(1 കോറി: 7; 4). വിവാഹബന്ധം നിലനില്‍ക്കുന്നിടത്തോളം ഇവര്‍ സ്വതന്ത്രരല്ല!

യേഹ്ശുവാപോലും ഈ ബന്ധത്തില്‍ കൈകടത്തിയിട്ടില്ല. ഒരിക്കല്‍ സമരിയാക്കാരി സ്ത്രീ യേഹ്ശുവായോട് ജീവന്റെ ജലം ചോദിച്ചപ്പോള്‍ അവിടുന്ന് പറയുന്ന മറുപടി വായിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. "അവന്‍ പറഞ്ഞു: നീ ചെന്ന് നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു വരുക"(യോഹ: 4; 16).

ജ്ഞാനസ്നാനം എന്ന വിഷയമാണല്ലോ നാം ചിന്തിക്കുന്നത്? ജ്ഞാനസ്നാനത്തിനു പ്രായം നിശ്ചയിക്കപ്പെട്ടിട്ടില്ല എന്നതിനു ധാരാളം തെളിവുകള്‍ ബൈബിളിലുണ്ട്. എന്നാല്‍, കുട്ടികള്‍ക്കു സ്നാനം നല്‍കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ചിലര്‍ തങ്ങളുടെ അറിവുകേടില്‍നിന്നു രൂപപ്പെടുത്തിയ അലിഖിത നിയമമാണിത്. സഭയുടെ ആദ്യനാളുകളിലെ ചില ജ്ഞാനസ്നാന സംഭവങ്ങള്‍ ബൈബിളില്‍ വിവരിച്ചിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും.

പത്രോസിന്റെ ആദ്യത്തെ പ്രസംഗം കേട്ടവര്‍, പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും രക്ഷപ്രാപികാനുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്നുണ്ട്. അതിനു പത്രോസ് കൊടുക്കുന്ന മറുപടിയിതാണ്:"നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവ: 2; 38, 39). ഇതായിരുന്നു ആദ്യ ക്രൈസ്തവ സമൂഹത്തെ രൂപപ്പെടുത്തുമ്പോള്‍ ക്രിസ്തുശിഷ്യന്മാരുടെ ഉപദേശം. ഇവിടെ പ്രായത്തെ സംബന്ധിച്ച ഒരു സൂചനയും നല്‍കുന്നില്ലെന്നു മാത്രമല്ല, സകലരും സ്നാനം സ്വീകരിക്കണമെന്നു കല്പിക്കുന്നുമുണ്ട്. പിന്നീടുള്ള ഭാഗത്ത് സ്നാനം സ്വീകരിച്ചവര്‍ ആരൊക്കെയാണെന്നു പറയുന്നുണു: "അവന്റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു. ആ ദിവസംതന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു"(അപ്പ. പ്രവ: 2; 41).

വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചുവെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവിടെയും പ്രായത്തിന്റെ സൂചന നല്‍കുന്നില്ല. കുഞ്ഞുങ്ങള്‍ ശ്രവിച്ചില്ലെന്നു പറയാന്‍ കഴിയുമോ? യേഹ്ശുവായുടെ വചനം ശ്രവിക്കാന്‍ അനേകം കുഞ്ഞുങ്ങള്‍ വന്നിരുന്നതായി ബൈബിളില്‍ കാണുന്നുണ്ട്! മറ്റൊരു സംഭവം ശ്രദ്ധിക്കുക; പൌലോസ് പ്രസംഗിച്ചപ്പോള്‍, തിയത്തീറാപട്ടണത്തില്‍നിന്നു വന്ന പട്ടു വില്‍പ്പനക്കാരി ലീദിയാ കുടുംബസമേതം ജ്ഞാനസ്നാനം സ്വീകരിക്കുന്നതായി വിവരിക്കുന്നു(അപ്പ. പ്രവര്‍ത്തനങ്ങള്‍: 16; 15). പൌലോസും സീലാസും കഴിഞ്ഞിരുന്ന തടവറയുടെ കാവല്‍ക്കാരന്‍ എങ്ങനെയാണു സ്നാനം സ്വീകരിച്ചതെന്ന് നോക്കുക: "അപ്പോള്‍ തന്നെ അവനും കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു"(അപ്പ. പ്രവ: 16; 33). കുടുംബം എന്നത് കുഞ്ഞുങ്ങളെ ഒഴിവാക്കിയാണെന്ന വ്യാഖ്യാനം ലോകത്തെവിടെയാണ് അംഗീകരിക്കപ്പെടുന്നത്?

വിശ്വാസവും പ്രവൃത്തിയും!

വിശ്വാസമില്ലാത്ത ജ്ഞാനസ്നാനം അതിനാല്‍ തന്നെ അസാധുവാണ്. ജ്ഞാനസ്നാനമില്ലാതെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല എന്നത് നിലനില്‍ക്കുന്ന സത്യമാണെങ്കിലും സ്നാനപ്പെട്ട എല്ലാവരും ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നില്ല.  വിശ്വാസവും അതിനുചേര്‍ന്ന പ്രവൃത്തിയും വേണം. വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടാകുമെന്ന് യേഹ്ശുവാ പറഞ്ഞിട്ടുള്ള അടയാളങ്ങളാണ്  പ്രവൃത്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. "വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.അതു പ്രവൃത്തികളുടെ ഫലമല്ല"(എഫേ: 2; 8, 9). ഇപ്രകാരം എഴുതപ്പെട്ടിട്ടുണ്ടെങ്കില്‍പോലും, പ്രവൃത്തി അനിവാര്യമാണെന്നു വചനം മുന്നറിയിപ്പു തരുന്നുണ്ട്.

"വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്?"(യാക്കോ: 2; 14) "പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജ്ജീവമാണ്"(യാക്കോ: 2; 17). വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടതായ പ്രവൃത്തിയാണ് യേഹ്ശുവാ വെളിപ്പെടുത്തിയിരിക്കുന്നത്: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 17, 18).

വിശ്വസിച്ച് സ്നാനം സ്വീകരിക്കുകയാണ് ഉത്തമം! എന്നാല്‍, വചനത്തെ വാച്യാര്‍ത്ഥത്തില്‍ മാത്രം സ്വീകരിക്കുന്നവര്‍ വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടാകുമെന്നു യേഹ്ശുവാ പറഞ്ഞ അടയാളങ്ങള്‍ ഉണ്ടാകുന്നതുവരെ സ്നാനം നല്‍കാതെ കാത്തിരിക്കാറുണ്ടോ?

അപ്പസ്തോലനായ യാക്കോബ് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: "ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു;അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു. മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചു തരേണ്ടതുണ്ടോ?(യാക്കോ: 2; 19, 20).

സകലരും പാപികള്‍!

ഈ ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന എല്ലാവരും പാപികളാണെന്നു മറക്കരുത്. കാരണം, ഈ പാപം കടന്നുവന്നത് അവരവരുടെ പ്രവൃത്തികള്‍ മൂലമല്ല.  മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവനുംമേല്‍ പാപത്തിന്റെ കരിനിഴല്‍ വീഴ്ത്തിയത് ആദത്തിന്റെ പാപം മൂലമാണ്. ആദം പാപം ചെയ്തപ്പോഴാണ് പറുദീസ നഷ്ടപ്പെടുന്നത്. ആ പാപം ആദത്തില്‍മാത്രം ഒതുങ്ങുമായിരുന്നെങ്കില്‍, അവനു ജനിച്ച സന്തതികള്‍ക്ക് പറുദീസായില്‍ ജീവിക്കാന്‍ കഴിയുമായിരുന്നു. നല്ല ബലിയര്‍പ്പിച്ച ആബേലിനോ പിന്നീടു ജനിച്ച സേത്തിനോ പറുദീസ ലഭിച്ചില്ല.യേഹ്ശുവായുടെ കുരിശുമരണത്തിനുശേഷം മാത്രമാണ് പറുദീസാ വീണ്ടും തുറക്കപ്പെട്ടത്. യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരില്‍ ഒരുവനും അതില്‍ പ്രവേശിച്ചു.  സങ്കീര്‍ത്തനങ്ങളില്‍ ദാവീദ് ഇങ്ങനെ പാടുന്നു;
"പാപത്തോടെയാണ് ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്"(സങ്കീ: 51; 5). എന്റെ ഹൃദയത്തിന് ഏറ്റവും ഇണങ്ങിയവനെന്നു യാഹ്‌വെ പ്രഖ്യാപിച്ചിട്ടുള്ള ദാവീദുപോലും പാപത്തിലാണു ജനിച്ചത്!

ജറെമിയാ പ്രവാചകനെക്കുറിച്ച് ദൈവം പറയുന്നത് നോക്കുക:
"മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു"(ജറെ: 1; 4, 5). ജനിക്കുന്നതിനു മുമ്പേ ഒരുവനെ വിശുദ്ധീകരിക്കുകയെന്നാല്‍ അശുദ്ധി ഉണ്ടായിരുന്നുവെന്നല്ലേ അര്‍ത്ഥം!? വിശുദ്ധമായതിനെ വീണ്ടും ശുദ്ധീകരിക്കേണ്ടതില്ലെന്നു നമുക്കറിയാം. ഗര്‍ഭാവസ്ഥയിലായിരുന്ന ജറെമിയായുടെ വിശ്വാസം നിമിത്തമല്ല അവന്‍ ശുദ്ധീകരിക്കപ്പെട്ടത്.

അബ്രാഹത്തിനോ ഏലിയാപ്രവാചകനോ നീതിമാന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന മറ്റേതെങ്കിലും വ്യക്തികള്‍ക്കോ ജന്മംകൊണ്ട് പറുദീസാ ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പറുദീസ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ മുന്നോടിയാണ്! യേഹ്ശുവായുടെ മരണാനന്തരം വിശുദ്ധര്‍ വസിക്കുന്ന ഇടമാണത്. ചിലരെങ്കിലും പറുദീസായെ സ്വര്‍ഗ്ഗരാജ്യമായി തെറ്റിദ്ധക്കുന്നുണ്ടെങ്കിലും സത്യം അതല്ല. ഇതിനെക്കുറിച്ച് ആദ്യകാലങ്ങളില്‍ മനോവ വിശദ്ദീകരിച്ചിട്ടുണ്ട്.

അങ്ങനെയെങ്കില്‍ പന്ത്രണ്ടു വയസ്സിനുമുമ്പ് മരിച്ചുപോയാല്‍ ആ കുഞ്ഞിന്റെ നാശത്തിന്റെ ഉത്തരവാദി ആരായിരിക്കും? അമ്മയുടെ ഉദരത്തില്‍ ഉരുവാകുമ്പോള്‍ തന്നെ പാപമുണ്ടെങ്കില്‍ ഈ കുഞ്ഞുങ്ങളിലും പാപമുണ്ട് എന്നതു തീര്‍ച്ചയാണ്. കത്തോലിക്കാസഭ ജ്ഞാനസ്നാനത്തിനു നല്‍കുന്ന വിവരണം ഇങ്ങനെയാണ്: 'ജന്മപാപവും കര്‍മ്മപാപമുണ്ടെങ്കില്‍ അതു നീക്കിക്കളയുന്ന കൂദാശയാണു മാമോദീസാ അഥവാ ജ്ഞാനസ്നാനം!' യേഹ്ശുവാ പറഞ്ഞിട്ടുള്ളതു മറക്കരുത്;
"ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍ ; അവരെ തടയരുത്"(മത്താ: 19; 14). ഈ വാക്കുകള്‍ സാഹചര്യവശാല്‍ അന്നു പറഞ്ഞതാണെന്നു കരുതരുത്. വരുംകാലങ്ങളില്‍ സംഭവിക്കാനിരിക്കുന്നത് കര്‍ത്താവ് മുന്‍കൂട്ടി കണ്ടിരുന്നു.

യേഹ്ശുവായുടെ സന്നിധിയില്‍ എത്താനുള്ള കുഞ്ഞുങ്ങളുടെ അവകാശം നിഷേധിക്കരുത്. ഇതിനു കത്തോലിക്കാസഭയും യാക്കോബായസഭയും ചെയ്യുന്നതുപോലെ ശിശുക്കള്‍ക്ക് സ്നാനം കൊടുക്കുകയും പ്രായമാകുമ്പോള്‍ വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനുള്ള അവസരം നല്‍കുകയുമാണു വേണ്ടത്. അതുമൂലം ആരെങ്കിലും ശിക്ഷിക്കപ്പെടുമോ? മറിച്ച് ഇവരുടെ അവസരം നിഷേധിച്ചാല്‍ ശിക്ഷിക്കപ്പെടും എന്നതു തീര്‍ച്ചയാണ്!

യേഹ്ശുവായെ പരിച്ഛേദനം ചെയ്തത് എട്ടാമത്തെ ദിവസമായിരുന്നു. അതായിരുന്നു യഹൂദരുടെ ആചാരം! ഇതൊക്കെ വിസ്മരിച്ചുകൊണ്ട്, അല്ലെങ്കില്‍ ബുദ്ധിയില്‍ അന്ധകാരം നിറച്ചുകൊണ്ട് സാത്താന്‍റെ ഇഷ്ടത്തിന് നിന്നു കൊടുക്കരുത്.

ഭ്രൂണഹത്യ; ശരീരത്തെയും ആത്മാവിനെയും കൊല്ലുന്ന 'അറുകൊല'!

ഒരു വൈദീകനു കുംബസാരത്തിലൂടെ പാപമോചനം നല്‍കാന്‍ അനുവാദമില്ലാത്ത പാപമായി കത്തോലിക്കാസഭ പ്രഖ്യാപിച്ചിട്ടുള്ള പാപമാണ് ഭ്രൂണഹത്യ! ഒരു മെത്രാനോ അല്ലെങ്കില്‍ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുള്ള വൈദീകര്‍ക്കോ മാത്രമാണ് പാപമോചനം നല്‍കാനുള്ള അധികാരമുള്ളു. എന്തുകൊണ്ടാണ് മറ്റു പാപങ്ങളില്‍നിന്നു ഇത് വേറിട്ടുനില്‍ക്കുന്നത്? പത്തുപ്രമാണങ്ങളില്‍ എല്ലാം ലംഘിച്ചവന്‍ ആയിരുന്നാലും ഒരു പുരോഹിതന്റെ മുന്നില്‍ പശ്ചാത്താപത്തോടെ ഏറ്റുപറയുമ്പോള്‍ പാപമോചനം നല്‍കാന്‍ ആ പുരോഹിതനു അവകാശമുണ്ട്. എന്നിട്ടും ഭ്രൂണഹത്യ ചെയ്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെങ്കില്‍ ഇത് മറ്റു പാപങ്ങളില്‍നിന്നു വ്യത്യാസപ്പെട്ടതായിരിക്കണം. എന്താണ് ഈ വ്യത്യാസമെന്നു സകലരും മനസ്സിലാക്കിയിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍, ഈ സത്യം ഇവിടെ അനാവരണം ചെയ്യുകയാണ്!

സഭയുടെ ഔദ്യോഗികമായ പ്രഖ്യാപനം ദൈവത്തിന്റെ അറിവോടും അനുവാദത്തോടും കൂടിയാണ്. എന്നാല്‍ ഇതു പ്രഖ്യാപിക്കുന്ന സഭയുടെ തലവനോ മറ്റു ശ്രേഷ്ഠന്മാര്‍ക്കോ വ്യക്തമായ തിരിച്ചറിവുണ്ടാകണമെന്നു നിര്‍ബന്ധമില്ല.  അവര്‍ ഒരുപക്ഷെ കണ്ടെത്തുന്ന കാരണങ്ങള്‍ ആയിരിക്കില്ല ദൈവത്തിന്റെ മനസ്സിലുള്ളത്.  ദൈവവചനം എഴുതിയ പ്രവാചകന്മാര്‍ക്കോ അപ്പസ്തോലന്മാര്‍ക്കോ മനസ്സിലാകാത്ത കാര്യങ്ങള്‍ അവരിലൂടെ ദൈവം അറിയിച്ചിട്ടുണ്ടല്ലോ? ഈ നിയമത്തിലും ഇതുതന്നെയാണ്  സംഭവിച്ചിട്ടുള്ളത്. അതിനു വ്യക്തമായ തെളിവുകളുമുണ്ട്. ഭ്രൂണഹത്യ എന്ന പാപത്തിന്റെ ഗൌരവത്തെക്കുറിച്ച് സഭാനേതാക്കളില്‍ പലര്‍ക്കുമുള്ള വ്യത്യസ്ഥമായ കാഴ്ച്ചപ്പാടു തന്നെയാണ് പ്രധാന ഉദാഹരണം!

ഇവര്‍ പറയുന്ന ചില കാരണങ്ങള്‍ ഇവയാണ്;  രക്ഷപെടാന്‍ അവസരമില്ലാത്ത അവസ്ഥയില്‍ വധിക്കുന്നു, പാപം ചെയ്യാത്ത നിഷ്കളങ്ക രക്തം ചൊരിയുന്നു, ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നു.....ഇങ്ങനെ പലതും! ഇവയെല്ലാം സത്യമാണെങ്കിലും മറ്റു കൊലപാതങ്ങളിലും ഈ തിന്മകളെല്ലാമുണ്ട്. എന്നാല്‍,  ഇതിനെല്ലാം ഉപരിയായി ഭീകരമായ ഒരു തിന്മ ഭ്രൂണഹത്യയിലുണ്ട്. അത് വെളിപ്പെടുത്തുന്നതിനുമുമ്പ് വേറൊരു കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.

ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ജീവന്റെ സുവിശേഷം എന്ന പുസ്തകത്തില്‍ ഭ്രൂണഹത്യയിലൂടെ വധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ആത്മാക്കളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ ആത്മാക്കള്‍ ദൈവത്തിന്റെ മടിയിലാണെന്ന് പാപ്പാ പറയുന്നു. ദൈവവചനത്തിനു തികച്ചും വിപരീതമായ ഒരു വെളിപ്പെടുത്തലാണിത്. അങ്ങനെയെങ്കില്‍ ഭ്രൂണഹത്യ ഒരര്‍ത്ഥത്തില്‍ നല്ലതാണെന്നു പറയേണ്ടിവരും. ഈ ലോകത്തെ ജീവിക്കുന്ന വ്യക്തികള്‍ എല്ലാവരും മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ എത്തണമെന്നില്ല. വചനം തരുന്ന മുന്നറിയിപ്പനുസരിച്ച് കൂടുതല്‍ ആളുകളും നരകത്തില്‍ പതിക്കാനുള്ളവരാണ്. "ഇസ്രായേല്‍ മക്കളുടെ സംഖ്യ കടലിലെ മണല്‍ പോലെയാണെന്നിരിക്കിലും അവരില്‍ ഒരു ചെറിയഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ"(റോമാ: 9; 27). എന്നാല്‍, മാര്‍പ്പാപ്പാ പറഞ്ഞതും സത്യമാണ്! അതു സത്യമാകുന്നത് എങ്ങനെയെന്ന കാര്യം ഈ ഭാഗത്തിന്റെ അവസാനം വെളിപ്പെടുത്തുന്നതാണു നല്ലത്.

എന്തുകൊണ്ടാണ് ഭ്രൂണഹത്യയുടെ പാപം ഇത്ര ഗുരുതരമാകുന്നത്? ഇതിനുള്ള ഉത്തരമായി ആദ്യം വിവരിച്ച ഒന്നും പൂര്‍ണ്ണമായ ഉത്തരമല്ല. ഒരു ഭ്രൂണത്തെ നശിപ്പിക്കുമ്പോള്‍ ശരീരത്തെ മാത്രമല്ല ആത്മാവിനെയും നിത്യമായി നശിപ്പിക്കുകയാണു ചെയ്യുന്നത്! ജറെമിയ പ്രവാചകന്‍പോലും ജനിക്കുന്നതിനുമുമ്പേ പാപിയായിരുന്നുവെങ്കില്‍, ഭ്രൂണഹത്യയിലൂടെ വധിക്കപ്പെടുന്ന കുഞ്ഞുങ്ങളിലും പാപമുണ്ട്. ജ്ഞാനസ്നാനത്തിലൂടെ അല്ലാതെ അവരുടെ പാപം നീങ്ങിപ്പോകുന്നില്ല. ഉദരത്തില്‍വച്ച് ആരാണു കുഞ്ഞുങ്ങള്‍ക്കു സ്നാനം നല്‍കിയത്? മൂന്നു തരത്തിലുള്ള മാമോദീസായെക്കുറിച്ച് കത്തോലിക്കാസഭ പഠിപ്പിക്കുന്നുണ്ട്. ജലത്താല്‍, വിശ്വാസത്താല്‍(ആഗ്രഹത്താല്‍), രക്തത്താല്‍ എന്നിങ്ങനെയാണിവ. ഇതില്‍ ഏതു തരത്തിലുള്ള സ്നാനമാണ് ഇവര്‍ സ്വീകരിച്ചത്? ഇവയൊന്നും ഈ കുഞ്ഞുങ്ങള്‍ക്കു ലഭിച്ചിട്ടില്ല എന്നതാണു വസ്തുത. ലേഖനത്തിന്റെ വലുപ്പം പരമാവതി കുറയ്ക്കേണ്ടതിനാല്‍, മൂന്നുതരം മാമോദീസായെക്കുറിച്ച് കൂടുതലായി ഈ ലേഖനത്തില്‍ വിവരിക്കാന്‍ ശ്രമിക്കുന്നില്ല.

ജ്ഞാനസ്നാനം സ്വീകരിക്കാത്ത ഒരുവന്‍പോലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് യേഹ്ശുവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു മാറ്റമില്ല. മറിച്ചു ചിന്തിക്കുന്നവര്‍ യേഹ്ശുവായെ വ്യാജം പറയുന്നവനാക്കുന്നു.
"ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 8). ലോകത്തു പ്രചരിപ്പിക്കപ്പെടുന്ന സകല പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും മുന്നറിയിപ്പായി ഈ ഒരു വചനം മാത്രം മതിയാകും.

ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ കണ്ടെത്തുന്ന ആശയങ്ങളൊന്നും നിലനില്‍ക്കില്ല. അതുകൊണ്ടാണ് പല പഠനങ്ങളും ആശയങ്ങളും പിന്നീടു തിരുത്തപ്പെടുന്നത്. ബുദ്ധികൊണ്ടും യുക്തികൊണ്ടും വിശകലനം ചെയ്യേണ്ടതല്ല ദൈവവചനം; പരിശുദ്ധാത്മ നിറവില്‍ വ്യാഖ്യാനിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ്.
"വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്"(2 തിമോത്തി: 3; 16). വചനം വീണ്ടും അറിയിക്കുന്നു; "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീകമായ ചോദനയില്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2 പത്രോ: 1; 20, 21). അതിനാല്‍ പരിശുദ്ധാത്മാവിന്റെ നിറവിലല്ലാതെ ശാസ്ത്രീയമായി വ്യാഖ്യാനിച്ചാല്‍ പിന്നീടു തിരുത്തേണ്ടി വരും.

സ്വന്തം അറിവുകൂടാതെ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ശിക്ഷിക്കുന്ന കാരുണ്യമില്ലാത്തവനാണു ദൈവമെന്നു ചിന്തിക്കരുത്.ഏതൊരു വ്യക്തിക്കും രക്ഷപ്രാപിക്കാനുള്ള പൂര്‍ണ്ണമായ അറിവ് ദൈവവചനത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.    അവ കണ്ടെത്തുകയെന്നത് രക്ഷ ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നു വചനം പറയുന്നു. സകല മനുഷ്യന്റെയും രക്ഷ ആഗ്രഹിക്കുന്ന ദൈവം,  കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള മാര്‍ഗ്ഗവും വചനത്തിലൂടെ നല്‍കിയിട്ടുണ്ട്. എന്നാല്‍, ദൈവവചനത്തെ വ്യക്തമായി മനസ്സിലാക്കാതെ ബുദ്ധിമാന്മാര്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ രക്ഷയ്ക്ക് ആവശ്യമായ പല വചനങ്ങളും തള്ളിക്കളയുകയും സത്യത്തില്‍നിന്നു ദൈവജനത്തെ അകറ്റുന്ന പ്രത്യശാസ്ത്രങ്ങള്‍ തിരുകികയറ്റുകയും ചെയ്തു.  അങ്ങനെ ഭ്രൂണഹത്യയിലൂടെ വധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ നേരിട്ടു സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നുള്ള അപകടകരമായ പ്രബോധനം നല്‍കി,   ഈ കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും രക്ഷ എന്നേക്കുമായി അടച്ചുകളയുന്നു!

ഭ്രൂണഹത്യയില്‍ വധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ എങ്ങനെ രക്ഷപ്രാപിക്കും?

എല്ലാ ആത്മാക്കളും രക്ഷപ്രാപിക്കാന്‍ പദ്ധതിയൊരുക്കിയ ദൈവം ഈ കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള വഴിയും വചനത്തിലൂടെ നല്‍കിയിട്ടുണ്ട്. ആദ്യനൂറ്റാണ്ടില്‍ ചെയ്തുകൊണ്ടിരുന്നതും പിന്നീട് സാത്താന്‍ (കു)ബുദ്ധിമാന്മാരിലൂടെ നിര്‍ത്തലാക്കിയതുമായ ഒരു ശുശ്രൂഷയെ ബൈബിളില്‍ സൂചിപ്പിക്കുന്നുണ്ട്. കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനത്തിലാണ് അപ്പസ്തോലന്‍ ഇതു സൂചിപ്പിക്കുന്നത്.
"അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതുകൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു സ്നാനം സ്വീകരിക്കണം?"(1 കോറി: 15; 29).

മരിച്ചവരുടെ ഉയിര്‍പ്പിനെ വ്യക്തമാക്കാനാണ് ഇതു പറയുന്നതെങ്കിലും അക്കാലത്ത് ഇപ്രകാരം മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിച്ചിരുന്നുവെന്ന് വെളിപ്പെടുകയാണ്. ഇതിനെക്കുറിച്ച് പി.ഓ.സി. ബൈബിള്‍ വിശദ്ദീകരണം ചുവടെ ചേര്‍ത്തിട്ടുണ്ട്. വ്യക്തമായ വ്യാഖ്യാനം ഇല്ലാത്തതുപോലെയാണ്. വിശദ്ദീകരണം. അവിടെ ഇങ്ങനെ എഴുതിയിരിക്കുന്നു; 'മരിച്ചവര്‍ക്കുവേണ്ടിയുള്ള ജ്ഞാനസ്നാനം എന്നതുകൊണ്ട് എന്താണു വിവക്ഷയെന്നു വ്യക്തമല്ല. ക്രിസ്ത്യാനികളാവണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും അതിനു സാധിക്കാതെ മരിച്ചുപോയ തങ്ങളുടെ ബന്ധുജനങ്ങള്‍ക്കുവേണ്ടി ജീവിച്ചിരിക്കുന്നവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഒരു പതിവുണ്ടായിരുന്നതായിരിക്കാം ഇവിടെ വിവക്ഷ'.

എന്തൊക്കെയായിരുന്നാലും മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിച്ചിരുന്നു എന്നത് പൌലോസിന്റെ വാക്കുകളില്‍നിന്നു വ്യക്തമാണ്. പിന്നെ എന്തുകൊണ്ട് അതു തുടരാന്‍ കഴിയുന്നില്ല? യേഹ്ശുവായോടൊപ്പം ജീവിച്ചിരുന്ന അപ്പസ്തോലന്മാരെക്കാള്‍ ജ്ഞാനികളും ശ്രേഷ്ഠരുമാണോ ഇന്നുള്ളവര്‍? അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്ന സഭകള്‍പോലും ഈ പാരമ്പര്യങ്ങളെ തള്ളിക്കളയുന്നുവെങ്കില്‍ സാത്താന്റെ വ്യക്തമായ ഇടപെടല്‍ ഇതിന്റെ പിന്നിലുണ്ട്!

വരുംകാലങ്ങളില്‍ എന്താണു സംഭവിക്കാന്‍ പോകുന്നതെന്നു പരിശുദ്ധാത്മാവിനു വ്യക്തമായി അറിയാവുന്നതുകൊണ്ട് ആദ്യകാല സഭാപിതാക്കന്മാരിലൂടെ ഈ ദുരന്തത്തിനു പ്രതിവിധി നിശ്ചയിച്ചു.
ജ്ഞാനസ്നാനം എന്ന കൂദാശ ഏതൊരു ക്രൈസ്തവനും പരികര്‍മ്മം ചെയ്യാനുള്ള അധികാരം നല്‍കപ്പെട്ടത് നശിച്ചുപോകുന്ന കുഞ്ഞാത്മാക്കളോടുള്ള ദൈവത്തിന്റെ കാരുണ്യമായി കരുതണം! കപട ദൈവശാസ്ത്രജ്ഞന്മാര്‍ സഭയെ ബന്ദിയാക്കുമ്പോഴും ഈ ആത്മാക്കളുടെ രക്ഷ ദൈവം നിശ്ചയിച്ചുറപ്പിച്ചു.

നോഹിന്റെകാലത്തു പ്രളയത്തില്‍ മരിച്ചവരുടെ ആത്മാക്കളോടുപോലും പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നു സുവിശേഷം അറിയിച്ച യേഹ്ശുവാ ഇങ്ങനെ പറഞ്ഞു; "എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയേക്കാള്‍ വലിയവയും അവന്‍ ചെയ്യും"(യോഹ: 14; 12).

അംഗീകാരമുള്ള ആശുപത്രികളില്‍മാത്രം ഒരു ദിവസം പതിനയ്യായിരം ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ടെന്നാണു കണക്കുകള്‍ പറയുന്നത്. രഹസ്യമായി ഇതില്‍ എത്രയോ ഇരട്ടിയുണ്ടാകും എന്നത് നിശ്ചയമില്ല! യേഹ്ശുവാ വഴി പിതാവായ ദൈവത്തിനു മഹത്വം നല്‍കിക്കൊണ്ട് ഒരു യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ്; കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി ഇങ്ങനെ വധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ദിനംതോറും ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ഇതെഴുതുന്ന ദൈവദാസനെ യേഹ്ശുവാ ഉപയോഗിച്ചു. അങ്ങനെ ജോണ്‍പോള്‍ മാര്‍പാപ്പയുടെ പ്രഖ്യാപനം അന്വര്‍ത്ഥമായി! സാത്താന്‍ നാശത്തിനായി കൊണ്ടുവന്നത് ദൈവം നന്മയാക്കി മാറ്റി. ഒരുപക്ഷെ ഈ ഭൂമിയില്‍ വളര്‍ന്നാല്‍ വിജാതിയരായോ സാത്താന്‍റെ ആരാധകരായോ നിത്യനരകത്തില്‍ പതിക്കുമായിരുന്നവരും രക്ഷപ്രാപിച്ചു. ഭ്രൂണഹത്യ ചെയ്യുന്നവരുടെ പാപങ്ങള്‍ ഇതുമൂലം നീങ്ങിപ്പോകുകയില്ല. അതിനായി അവര്‍ പശ്ചാത്തപിച്ച് ദൈവത്തിന്റെ കരുണക്കായി യാചിക്കുകയും പരിഹാരം ചെയ്യുകയും വേണം. യേഹ്ശുവാ മ്ശിഹായിലൂടെ ദൈവത്തിനു സ്തോത്രം!

ശിശുക്കള്‍ക്കു ജ്ഞാനസ്നാനം നല്‍കുന്നത് ഒരു മാരക പാപമാണോ? അങ്ങനെ ചെയ്താല്‍ ദൈവം മനുഷ്യനെ ശിക്ഷിക്കുമോ? ഇതു പാപമല്ലെന്നും ഇതുമൂലം ആരെയും ദൈവം ശിക്ഷിക്കുകയില്ലെന്നും ദൈവത്തെ അറിയുന്ന സകലര്‍ക്കും അറിയാം. പിന്നെന്തുകൊണ്ട് ശിശുക്കള്‍ ദൈവത്തെ സമീപിക്കുന്നതില്‍നിന്ന്‍ അവരെ തടയുന്നു? എന്നാല്‍, ഒരുകാര്യം വിസ്മരിക്കരുത്; ഈ കുഞ്ഞുങ്ങളെ തടയുന്നതുമൂലം നിങ്ങള്‍ ദൈവത്തിനുമുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും! കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കുകയും ഗ്രഹിക്കാന്‍ ഹൃദയമുള്ളവന്‍ ഗ്രഹിക്കുകയും ചെയ്യട്ടെ! ഇതില്‍നിന്നു വ്യത്യസ്ഥമായ ആശയങ്ങള്‍ ദൈവത്തില്‍നിന്നോ സ്വര്‍ഗ്ഗത്തില്‍നിന്നോ വരുന്നതല്ല; മറിച്ച്, ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും നമ്മുടെയും പൊതുശത്രുവായ സാത്താനില്‍ നിന്നുള്ളതാണ്! ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ! "ശിശുക്കളെ എന്‍റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്"(മത്താ: 19; 14).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3199 views

LOG IN

Lost your password?

SIGN UP

LOST PASSWORD