വിചാരണ

വിശുദ്ധരെ പ്രഖ്യാപിക്കലും വിഗ്രഹ നിര്‍മ്മാണവും!

Print By
about

ദൈവത്തോടു സംസാരിക്കുന്നതിനും അവിടുന്ന് നല്‍കുന്ന പ്രമാണങ്ങള്‍ സ്വീകരിക്കുന്നതിനുമായി മോശ മലയിലേക്ക് കയറിപ്പോയി. മോശ തിരികെവരാന്‍ വൈകിയതിനാല്‍, ഇസ്രായേല്‍ജനം അസ്വസ്ഥരായി പിറുപിറുക്കാന്‍ തുടങ്ങി. അവര്‍ ഒന്നുചേര്‍ന്ന് അഹറോനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: "ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിവില്ല"(പുറ: 32; 1). ഇതു കേള്‍ക്കാന്‍ കാത്തിരുന്നവനെപ്പോലെ ആയിരുന്നു അഹറോന്റെ പ്രതികരണം. അവന്‍ പറഞ്ഞു: "നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്‍മാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വര്‍ണവളയങ്ങള്‍ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിന്‍"(പുറ: 32; 2).

പിന്നീട് സംഭവിച്ചത് ഇങ്ങനെ: "ജനം തങ്ങളുടെ കാതുകളില്‍നിന്നു സ്വര്‍ണ്ണ വളയങ്ങളൂരി അഹറോന്റെ മുന്‍പില്‍ കൊണ്ടുചെന്നു. അവന്‍ അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: യിസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദേവന്മാര്‍. അതു കണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുന്‍പില്‍ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ യാഹ്‌വെയുടെ ഉത്‌സവദിനമായിരിക്കും. അവര്‍ പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളും അര്‍പ്പിച്ചു; ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളിലേര്‍പ്പെട്ടു"(പുറ: 32; 3-6). ഈ ജനം എന്തുകൊണ്ടാണ് ഇങ്ങനെയായത്? ഈജിപ്തിലേക്ക് വന്ന ഇവരുടെ പൂര്‍വ്വീകര്‍ ഇങ്ങനെ ആയിരുന്നോ? അബ്രാഹം, യിസഹാക്ക്, യാക്കോബ്, യാക്കോബിന്റെ മക്കളായ പന്ത്രണ്ട് ഗോത്രപിതാക്കന്മാര്‍ എന്നിവരില്‍നിന്ന് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിയതിനുശേഷം നമുക്കു മുന്നോട്ടുപോകാം.

അബ്രാഹവും യിസഹാക്കും യാക്കോബും!

ദൈവമായ യാഹ്‌വെ അബ്രാഹത്തെ വിളിച്ചത് കല്‍ദായരുടെ ദേശത്തുനിന്നാണ്. വിഗ്രഹങ്ങളുടെ വിളനിലമായിരുന്നു ഈ ദേശമെന്ന് ബൈബിള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഈ ദേശത്തെയും ഇവരുടെ സംസ്കാരത്തെയും ഉപേക്ഷിക്കാനുള്ള നിര്‍ദ്ദേശം അബ്രാഹത്തിനു യാഹ്‌വെ നല്‍കി. ബൈബിളില്‍ ഇത് ഇപ്രകാരം വായിക്കുന്നു: "യാഹ്‌വെ അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക"(ഉത്പ: 12; 1). പിന്നീട് ഈ ദേശത്തേക്ക് അബ്രാഹം മടങ്ങിവന്നില്ലെന്നു മാത്രമല്ല, തന്റെ പുത്രനായ ഇസഹാക്കിനെ അതിന് അനുവദിച്ചുമില്ല. ബൈബിളില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ഇസഹാക്കിനു ഭാര്യയെ അന്വേഷിക്കാനായി, തന്റെ ഭൃത്യനെ മാത്രമാണ് അബ്രാഹം അയച്ചത്. അപ്പോള്‍ അബ്രാഹം ഭൃത്യനോടു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്റെ മകനെ അങ്ങോട്ടു കൊണ്ടുപോകരുത്. എന്റെ പിതാവിന്റെ വീട്ടില്‍നിന്നും ചാര്‍ച്ചക്കാരില്‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്റെ സന്തതികള്‍ക്ക് ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്ദാനം ചെയ്തവനുമായ, ആകാശത്തിന്റെ ദൈവമായ യാഹ്‌വെ തന്റെ ദൂതനെ നിനക്കു മുമ്പേ അയയ്ക്കും; നീ അവിടെനിന്ന് എന്റെ മകന് ഒരു ഭാര്യയെ കണ്ടെത്തുകയും ചെയ്യും. എന്നാല്‍, ആ സ്ത്രീക്കു നിന്നോടുകൂടെപോരാന്‍ ഇഷ്ടമില്ലെങ്കില്‍ എന്റെ ഈ ശപഥത്തില്‍നിന്ന് നീ വിമുക്തനാണ്; എന്റെ മകനെ അങ്ങോട്ടു തിരികേ കൊണ്ടു പോകരുതെന്നു മാത്രം"(ഉത്പ: 24; 6-8).

ദൈവം ഒരിക്കല്‍ ഉപേക്ഷിക്കാന്‍ കല്പിച്ചത് തിരികെയെടുത്താല്‍ അത് വിഗ്രഹമായി ഭവിക്കും. കാരണം, ദൈവത്തിന്റെ വാക്കുകളേക്കാള്‍ അധികമായി, അവിടുന്ന് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട വസ്തുക്കളോ സംസ്കാരമോ മറ്റെന്തെങ്കിലുമോ നമ്മുടെ ജീവിതത്തില്‍ സ്ഥാനംപിടിക്കുന്നത് വിഗ്രഹാരാധനയാണ്! ദൈവത്തെ സ്നേഹിക്കുന്നവന്‍ അവിടുത്തെ കല്പനകള്‍ അനുസരിക്കും. ദൈവത്തിന്റെ വാക്കുകളെ ധിക്കരിച്ചുകൊണ്ട് എന്തിനെ സ്വീകരിച്ചാലും, അവ ദൈവസ്നേഹത്തിന്റെ നിരസനമായി പരിഗണിക്കപ്പെടുന്നു! അബ്രാഹം ഇക്കാര്യത്തില്‍ ദൈവത്തിന്റെ പ്രീതിക്ക് പാത്രമായവനാണ്. അവിടുത്തെ കല്പനകളില്‍നിന്ന്‍ അണുവിട വ്യതിചലിക്കാത്ത അബ്രാഹത്തിന്റെ പാതയില്‍ ചരിച്ചത് വാഗ്ദത്ത പുത്രനായ ഇസഹാക്കാണ്! അബ്രാഹത്തെ പറിച്ചുനട്ടതുപോലെ ഇസഹാക്കിനെയും ഒരു പറിച്ചുനടലിനു യാഹ്‌വെ വിധേയനാക്കി!

ഈ പറിച്ചുനടലിലൂടെ അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമി ഇസഹാക്കാണെന്നു ദൈവം സ്ഥിരീകരിക്കുന്നു. യാഹ്‌വെയുടെ വാക്കുകള്‍ നോക്കുക: "യിസഹാക്ക് ഗരാറില്‍ ഫിലിസ്ത്യരുടെ രാജാവായ അബിമെലക്കിന്റെ അടുത്തേക്കു പോയി. യാഹ്‌വെ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ഈജിപ്തിലേക്കു പോകരുത്; ഞാന്‍ പറയുന്ന നാട്ടില്‍ പാര്‍ക്കുക. ഈ നാട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുക. ഞാന്‍ നിന്റെ കൂടെയുണ്ടായിരിക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. കാരണം, അബ്രാഹം എന്റെ സ്വരം കേള്‍ക്കുകയും എന്റെ നിര്‍ദേശങ്ങളും കല്പനകളും പ്രമാണങ്ങളും നിയമങ്ങളും പാലിക്കുകയുംചെയ്തു. ഇസഹാക്ക് ഗരാറില്‍ത്തന്നെ താമസിച്ചു"(ഉത്പ: 26: 1-6). അബ്രാഹത്തിനു നല്‍കിയ വാഗ്ദാനം ദൈവം ഇവിടെ പുതുക്കുന്നതു കാണാം.

അബ്രാഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങളുടെ തനിയാവര്‍ത്തനം യിസഹാക്കിന്റെ ജീവിതത്തിലും നമുക്കു ദര്‍ശിക്കാന്‍ കഴിയും. അബ്രാഹത്തിന്റെ കാലത്ത് വലിയൊരു ക്ഷാമമുണ്ടാവുകയും അവന്‍ ഭാര്യയോടൊത്ത് ഈജിപ്തില്‍ പോയി പാര്‍ക്കുകയും ചെയ്തതുപോലെ ഇസഹാക്കിന്റെ നാളുകളിലും സംഭവിക്കുന്നു. ഈ സംഭവമാണ് നാം മുകളില്‍ വായിച്ചത്. ഈജിപ്തില്‍ പോയി വസിച്ച അബ്രാഹം, തന്റെ ഭാര്യയായ സാറായിയെ അന്നാട്ടുകാര്‍ക്കു പരിചയപ്പെടുത്തിയത് സഹോദരിയായിട്ടാണ്. ഇസഹാക്കിന്റെ പ്രവാസകാലത്ത് അവനും ഇതുതന്നെ ആവര്‍ത്തിക്കുന്നു. ഈ രണ്ടു സംഭവങ്ങളും ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍ പോയി പാര്‍ക്കാമെന്നു കരുതി അബ്രാം അങ്ങോട്ടു തിരിച്ചു. ഈജിപ്തിലെത്താറായപ്പോള്‍ ഭാര്യ സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാന്‍ അഴകുള്ളവളാണെന്ന് എനിക്കറിയാം. നിന്നെ കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്റെ ഭാര്യയാണ്. എന്നിട്ട് എന്നെ അവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും. നീ മൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, നീ എന്റെ സഹോദരിയാണെന്നു പറയണം"(ഉത്പ: 12; 10-13).

അബ്രാഹത്തിന്റെ ജീവിതത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. ഉത്പത്തിയുടെ പുസ്തകം ഇരുപതാമത്തെ അദ്ധ്യായം വായിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. ഈജിപ്തില്‍ വന്നു വസിച്ചപ്പോള്‍ തന്റെ ഭാര്യ സാറായെ സഹോദരിയെന്നു പരിചയപ്പെടുത്തിയതുമൂലം ഫറവോയുടെ കൊട്ടാരത്തിലെക്കായിരുന്നു അവള്‍ ആനയിക്കപ്പെട്ടത്(ഉത്പത്തി: 12; 15). പിന്നീട് അബ്രാഹം ഗാരാറില്‍ പരദേശിയായി പാര്‍ക്കുന്ന കാലത്തും ഇതുതന്നെ ആവര്‍ത്തിക്കുന്നു. ഇത് ശ്രദ്ധിക്കുക: "തന്റെ ഭാര്യ സാറായെക്കുറിച്ച്, അവള്‍ എന്റെ സഹോദരിയാണ് എന്നത്രേ അവന്‍ പറഞ്ഞിരുന്നത്. ഗരാറിലെ രാജാവായ അബിമെലക്ക് സാറായെ ആളയച്ചു വരുത്തുകയും സ്വന്തമാക്കുകയും ചെയ്തു"(ഉത്പ: 20; 2). പിതാവിന്റെ ഈ സ്വഭാവം പകര്‍ന്നുകിട്ടിയത് ഇസഹാക്കിനായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു.

യിസഹാക്കിന്റെ ജീവിതത്തില്‍ ഇത് ആവര്‍ത്തിക്കുന്നത് ഇങ്ങനെ: "അന്നാട്ടുകാര്‍ അവന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോള്‍, അവള്‍ എന്റെ സഹോദരിയാണ് എന്ന് അവന്‍ പറഞ്ഞു. അവള്‍ ഭാര്യയാണെന്നു പറയാന്‍ അവനു പേടിയായിരുന്നു. കാരണം, അവള്‍ അഴകുള്ളവളായിരുന്നതുകൊണ്ട് റബേക്കായ്ക്കുവേണ്ടി നാട്ടുകാര്‍ തന്നെ കൊല്ലുമെന്ന് അവന്‍ വിചാരിച്ചു"(ഉത്പ: 26; 7). യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെന്ന് ആരും കരുതരുത്. അബ്രാഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം യിസഹാക്കിന്റെ ജീവിതത്തിലും സംഭവിച്ചത് ലോകത്തിനു ദൈവം നല്‍കിയിരിക്കുന്ന ദൃഷ്ടാന്തമാണ്. പിതാവായ അബ്രാഹം പരദേശിയായി വസിച്ച ഹാരാറില്‍ത്തന്നെ ഇസഹാക്കിനെയും വസിക്കാന്‍ അനുവദിച്ചതും ചരിത്രം ആവര്‍ത്തിക്കാന്‍ ഇടയാക്കിയതും ദൈവമാണ്. അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായി ഇസ്മായേലിനെ ഉയര്‍ത്തിക്കൊണ്ട് ഒരു വഞ്ചകന്‍ പ്രത്യക്ഷപ്പെടുമെന്നത് സത്യദൈവമായ യാഹ്‌വെയ്ക്ക് മുന്‍കൂട്ടി അറിയാം. അതുകൊണ്ടുതന്നെ, സത്യാന്വേഷികള്‍ക്കു കണ്ടെത്താനായി അനേകം അടയാളങ്ങളും ദൈവം ഒരുക്കിവച്ചു! എന്നാല്‍, സത്യം അന്വേഷിക്കാന്‍ തയ്യാറാകാത്തവര്‍ പിശാചിന്റെയും അവന്റെ ദൂതന്റെയും കെണിയില്‍ അകപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍പോലും ഈ കെണിയില്‍ അകപ്പെട്ടുവെന്നതാണ് ഏറെ പരിതാപകരം! ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം!

ഈ ലേഖനത്തിലൂടെ നാം ചര്‍ച്ചചെയ്യുന്ന വിഷയവുമായി ഏറെ ബന്ധമൊന്നും ഇല്ലെങ്കില്‍ക്കൂടി, സന്ദര്‍ഭേന ഈ സമാനതകളില്‍ ചിലത് മനസ്സിലാക്കിയിരിക്കുന്നത് ഉപകാരപ്രദമായിരിക്കും. അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികളുടെ അടയാളങ്ങളില്‍ ഒന്നാണ് വന്ധ്യത. ഇസഹാക്കിന്റെ അമ്മയായ സാറയെപ്പോലെതന്നെ അവന്റെ ഭാര്യ റബേക്കയും വന്ധ്യയായിരുന്നു. നാല്പതാമത്തെ വയസ്സില്‍ വിവാഹിതനായ ഇസഹാക്കിന് അറുപതാമത്തെ വയസ്സിലായിരുന്നു ഏസാവും യാക്കോബും ജനിക്കുന്നത്. "ഇസഹാക്ക് തന്റെ വന്ധ്യയായ ഭാര്യയ്ക്കു വേണ്ടി യാഹ്‌വെയോടു പ്രാര്‍ഥിച്ചു. യാഹ്‌വെ അവന്റെ പ്രാര്‍ഥന കേള്‍ക്കുകയും റബേക്കാ ഗര്‍ഭിണിയാവുകയും ചെയ്തു"(ഉത്പ: 25; 21). ഈ ആവര്‍ത്തനം ഇസഹാക്കിന്റെ അനുഗൃഹപുത്രനും തിരഞ്ഞെടുക്കപ്പെട്ടവനുമായ യാക്കോബിന്റെ ജീവിതത്തിലും കാണാം. യാക്കോബിന്റെ ഇഷ്ടഭാര്യയായിരുന്ന റാഹേലും വന്ധ്യയായിരുന്നു. "യാക്കോബിനു മക്കളെ നല്‍കാന്‍ തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്റെ സഹോദരിയോട് അസൂയതോന്നി. അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബ് കോപിച്ച് അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?"(ഉത്പ: 30; 1, 2).

പിന്നീട്, റാഹേലിന്റെ വന്ധ്യത്വം അവസാനിപ്പിക്കാന്‍ ദൈവം തിരുമനസ്സായി. "ദൈവം റാഹേലിനെ സ്മരിച്ചു. അവിടുന്ന് അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും അവളുടെ വന്ധ്യത്വം അവസാനിപ്പിക്കുകയും ചെയ്തു"(ഉത്പ: 30; 22). തന്റെ തിരഞ്ഞെടുപ്പു വ്യക്തമാക്കാന്‍, വന്ധ്യമായ ഉദരങ്ങളില്‍ സന്തതികളെ നല്‍കുന്ന രീതി ദൈവമായ യാഹ്‌വെ സ്വീകരിച്ചതായി ഇസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിങ്ങനെയായിരുന്നു അവിടുത്തെ തിരഞ്ഞെടുപ്പ് എന്നതിന്റെ വ്യക്തമായ അടയാളമായിരുന്നു ഇത്. അവസാനത്തെ പ്രവാചകനായ സ്നാപകയോഹന്നാനാന്റെ ജനനംവരെ ഈ അടയാളം നല്‍കി. അബ്രാഹത്തിനും ദൈവപുത്രനായ യേഹ്ശുവായ്ക്കും ഇടയിലുള്ള തിരഞ്ഞെടുക്കപ്പെട്ടവരുടെ ചരിത്രം ഇതു വ്യക്തമാക്കുന്നു!

അബ്രാഹം തന്റെ വാഗ്ദത്ത പുത്രന്‍ ഇസഹാക്കിനു ഭാര്യയെ തിരഞ്ഞെടുത്ത രീതിതന്നെ ഇസഹാക്ക് തന്റെ അനുഗൃഹപുത്രന്‍ യാക്കോബിന്റെ കാര്യത്തിലും അവലംബിക്കുന്നതു ശ്രദ്ധിക്കുക: "ഇസഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: കാനാന്യസ്ത്രീകളില്‍ ആരെയും നീ വിവാഹം കഴിക്കരുത്"(ഉത്പ: 28; 1). ഇസ്മായേലിന്റെ കാര്യത്തില്‍ അബ്രാഹം ഇങ്ങനെയൊരു നിര്‍ദ്ദേശം വച്ചിരുന്നില്ല. അതുപോലെതന്നെ ഏസാവിന്റെ കാര്യത്തില്‍ ഇസഹാക്കും ഈ നിര്‍ബന്ധം കാണിക്കുന്നില്ല. ഇസ്മായേലും ഏസാവും തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളെ വംശമുറ പരിഗണിക്കാതെ സ്വീകരിച്ചു. "നാല്പതു വയസ്‌സായപ്പോള്‍ ഏസാവ് ഹിത്യനായ ബേരിയുടെ പുത്രി യൂദിത്തിനെയും ഹിത്യനായ ഏലോണിന്റെ പുത്രി ബാസ്മത്തിനെയും വിവാഹം ചെയ്തു. അവര്‍ ഇസഹാക്കിന്റെയും റബേക്കായുടെയും ജീവിതം ദുഃഖപൂര്‍ണമാക്കി"(ഉത്പ:26;34,35). ഇസ്മായേലിന്റെ പ്രവര്‍ത്തിയുടെ ആവര്‍ത്തനമാണ് ഏസാവില്‍ കാണുന്നത്! ഇസ്മായേലിനുവേണ്ടി അവന്റെ അമ്മ ഹാഗാര്‍ തിരഞ്ഞെടുത്തത് ഈജിപ്തുകാരിയെ ആയിരന്നു: "അവന്‍ പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്റെ അമ്മ ഈജിപ്തില്‍നിന്ന് അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു"(ഉത്പ: 21; 21).

അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍!

അബ്രാഹത്തിനു ദൈവം നല്‍കിയ വാഗ്ദാനം ആവര്‍ത്തിക്കുന്നത് ആരോടാണോ അവരാണ് യഥാര്‍ത്ഥ പിന്‍ഗാമികള്‍. ദൈവമായ യാഹ്‌വെ അബ്രാഹത്തോടു വാഗ്ദാനം ചെയ്തത് ഇപ്രകാരമായിരുന്നു: "യാഹ്‌വെ അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആ കാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും"(ഉത്പ: 22; 16-18). ഇസഹാക്കിനെകൂടാതെ വേറെയും സന്തതികള്‍ അബ്രാഹത്തിനുണ്ടായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍, സന്തതികള്‍ എന്നതിനുപകരം 'സന്തതി' എന്നാണ് ദൈവം പറഞ്ഞത്. ഇതിലൂടെ, തിരഞ്ഞെടുക്കപ്പെട്ടത് ഒരുവന്‍ മാത്രമാണെന്നു വ്യക്തമാക്കിയിരിക്കുന്നു. ഈ വാഗ്ദാനം ഇസഹാക്കിനോട് ആവര്‍ത്തിക്കുന്നത് ശ്രദ്ധിക്കുക: "ഞാന്‍ നിന്റെ കൂടെയുണ്ടായിരിക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കുകയുംചെയ്യും. നിനക്കും നിന്റെ പിന്‍തലമുറക്കാര്‍ക്കും ഈ പ്രദേശമെല്ലാം ഞാന്‍ തരും. നിന്റെ പിതാവായ അബ്രാഹത്തോടുചെയ്ത വാഗ്ദാനം ഞാന്‍ നിറവേറ്റും. ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ നിന്റെ സന്തതികളെ ഞാന്‍ വര്‍ധിപ്പിക്കും. ഈ ദേശമെല്ലാം അവര്‍ക്കു ഞാന്‍ നല്‍കും. നിന്റെ സന്തതികളിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും"(ഉത്പ: 26; 3, 4).

ഇതേ വാഗ്ദാനം ഇസഹാക്കിനുശേഷം യാക്കോബിനു നല്‍കുന്നതായി ബൈബിളില്‍ കാണാം. ഈ വചനം നോക്കുക: "ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ടു യാഹ്‌വെ അരുളിച്ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമായ യാഹ്‌വെ. നീ കിടക്കുന്ന ഈ മണ്ണു നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും. നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും"(ഉത്പ: 28; 13, 14). ഇസ്മായേലിനോ ഏസാവിനോ ഈ വാഗ്ദാനം ദൈവം നല്‍കിയിട്ടില്ല. അബ്രാഹത്തിനു വാഗ്ദാനംചെയ്ത അനുഗൃഹത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ ആരാണെന്നു വ്യക്തമാകാന്‍ ഇതിനപ്പുറം മറ്റൊരു തെളിവിന്റെ ആവശ്യമില്ല!

ദൈവത്തിന്റെ വിളി സ്വീകരിച്ച അബ്രാഹം മുറുകെപ്പിടിച്ച വിശ്വാസവും ആചാരങ്ങളും അതേപടി പിന്തുടര്‍ന്ന പിന്‍ഗാമികളായിരുന്നു ഇസഹാക്കും യാക്കോബും. തങ്ങള്‍ വസിച്ച ദേശങ്ങളിലെ ജനതകളുമായി ഇടകലരുകയോ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുകരിക്കുകയോ ചെയ്യാതെ തങ്ങളുടെ ദൈവത്തിനു മുന്‍പില്‍ നിര്‍ദ്ദോഷരായി ഇവര്‍ വ്യാപരിച്ചു. ആയതിനാല്‍, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമെന്നു വിളിക്കപ്പെടാന്‍ യാഹ്‌വെ അഭിലഷിക്കുന്നതായി അവിടുന്നുതന്നെ വെളിപ്പെടുത്തി. ഇടംവലം തിരിയാതെ വിശ്വാസത്തില്‍ നിലകൊള്ളുകയും അവിടുത്തെ നാമത്തെ മലിനമാക്കാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ഇവര്‍ ദൈവത്തിനു പ്രിയങ്കരരായത്. നീതീകരിക്കപ്പെട്ട ഈ മൂന്നു പിതാക്കന്മാരുടെ മക്കള്‍, തങ്ങള്‍ക്ക് ആരാധിക്കുന്നതിനായി കാളക്കുട്ടിയെ നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യവുമായി അഹറോന്റെ മുന്‍പില്‍ നില്‍ക്കുന്നു! എവിടെനിന്നാണ് ഈ തിന്മ ഇവരിലേക്ക് കടന്നുവന്നത്? നാല്പത് ദശാബ്ദത്തെ പ്രവാസത്തിനിടയില്‍ ഇവര്‍ക്കു പകര്‍ന്നുകിട്ടിയ മലിനമായ സംസ്കാരമാണോ ഈ വിഗ്രഹാരാധന? ഇതിന്റെ ഉത്തരമാണ് നാം ആദ്യമായി കണ്ടെത്തേണ്ടത്.

യാക്കോബിന്റെ മക്കളുടെ വിഗ്രഹബന്ധം!

യാക്കോബിന്റെ സന്തതികള്‍ക്ക് ഈജിപ്തില്‍നിന്നു ലഭിച്ച പൈശാചിക സംസ്കാരമാണ് വിഗ്രഹങ്ങളോടുള്ള പ്രണയമെന്ന് ആരും കരുതരുത്. ഇതിന്റെ അടിസ്ഥാനം ഈജിപ്തിലെ പ്രവാസജീവിതമായിരുന്നില്ല; യാക്കോബിന്റെ മക്കളില്‍ ഈ ദുര്‍വ്വാസന മുന്‍പേതന്നെ ഉണ്ടായിരുന്നു. തങ്ങളില്‍ ഒളിഞ്ഞിരുന്ന പൈശാചികത തെളിഞ്ഞുവരാന്‍ ഈ പ്രവാസജീവിതം കാരണമായെന്നു വേണമെങ്കില്‍ ചിന്തിക്കാം. ഇസ്രായേല്‍മക്കളിലേക്ക് വിഗ്രഹത്തിന്റെ സ്വാധീനം കടന്നുവന്നത് എങ്ങനെയെന്നു ബൈബിളില്‍ വായിക്കാന്‍ കഴിയും. യാക്കോബ് തന്റെ അമ്മാവനായ ലാബാന്റെ ആടുകളെ മേയ്ക്കുകയും അവനോടൊപ്പം വസിക്കുകയും ചെയ്ത നാളുകളെക്കുറിച്ച് ഉത്പത്തിയുടെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ലാബാന്റെ പുത്രിമാരായ ലെയാ, റാഹേല്‍ എന്നിവരായിരുന്നു യാക്കോബിന്റെ ഭാര്യമാര്‍. ദൈവത്തിന്റെ കല്പനപ്രകാരം, യാക്കോബ് ഭാര്യമാരെയും മക്കളെയും കൂട്ടി തന്റെ പിതാവിന്റെ നാട്ടിലേക്ക് ഒളിച്ചോടി. ഈ അവസരത്തില്‍ റാഹേല്‍ ചെയ്ത പ്രവര്‍ത്തി ഇതായിരുന്നു: "റാഹേല്‍ തന്റെ പിതാവിന്റെ കുലദേവന്മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തു"(ഉത്പ: 31; 19).

പിന്നീട് സംഭവിച്ചതുകൂടി ശ്രദ്ധിക്കുക: "പിതാവിന്റെ വീട്ടിലെത്താനുള്ള തീവ്രമായ ആഗ്രഹംകൊണ്ടാണു നീ പോന്നതെങ്കില്‍ എന്റെ കുലദേവന്മാരെ കട്ടെടുത്തത് എന്തിന്? യാക്കോബു ലാബാനോടു പറഞ്ഞു: അങ്ങയുടെ പുത്രിമാരെ അങ്ങു ബലം പ്രയോഗിച്ച് എന്നില്‍ നിന്നു പിടിച്ചെടുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. അങ്ങയുടെ ദേവന്മാര്‍ ആരുടെ കൈയില്‍ കാണുന്നുവോ അയാള്‍ മരിക്കട്ടെ. അങ്ങയുടേത് എന്തെങ്കിലും എന്റെ കൈവശമുണ്ടെങ്കില്‍ നമ്മുടെ സഹോദരങ്ങളെ സാക്ഷി നിര്‍ത്തി തിരിച്ചെടുത്തുകൊള്ളുക. റാഹേല്‍ ദേവന്മാരെ മോഷ്ടിച്ചവിവരം യാക്കോബ് അറിഞ്ഞിരുന്നില്ല. ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു. അവ അവിടെയെങ്ങും കണ്ടില്ല. ലെയായുടെ കൂടാരത്തില്‍ നിന്നു പുറത്തുകടന്ന് അവന്‍ റാഹേലിന്റെ കൂടാരത്തിലേക്കു ചെന്നു. റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിച്ച് അതിന്മേല്‍ കയറിരുന്നു. കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും അവന്‍ ഒന്നും കണ്ടെണ്ടത്തിയില്ല"(ഉത്പ: 31; 30-34). ഇസ്രായേല്‍ജനതയില്‍ ഒളിഞ്ഞിരുന്ന തിന്മയുടെ യഥാര്‍ത്ഥ ഉറവിടം ഇതായിരുന്നു! ഇവരുടെ ജീവിതത്തില്‍ കടന്നുകൂടിയ വിഗ്രഹങ്ങളെ നശിപ്പിച്ചുകളയാന്‍ യാക്കോബ് തയ്യാറാകുന്നുണ്ട്. ഈ വിവരണം നോക്കുക: "അതുകൊണ്ട്, യാക്കോബ് തന്റെ കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ദൂരെക്കളയുക; എല്ലാവരും ശുദ്ധിവരുത്തി വസ്ത്രങ്ങള്‍ മാറുക. നമുക്ക് ബേഥേലിലേക്കു പോകാം"(ഉത്പ: 35; 2).

"തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങളും തങ്ങളുടെ കര്‍ണാഭരണങ്ങളും അവര്‍ യാക്കോബിനെ ഏല്പിച്ചു. അവന്‍ ഷെക്കെമിന് അടുത്തുള്ള ഓക്കുമരത്തിന്റെ ചുവട്ടില്‍ അവ കുഴിച്ചു മൂടി"(ഉത്പ: 35; 4). വീണ്ടും ഇസ്രായേല്‍ജനത്തിനുമേല്‍ വിഗ്രഹങ്ങളുടെ ആധിപത്യം കടന്നുവന്നിടത്തുനിന്നാണ് ഈ പഠനം നാം ആരംഭിച്ചത്. ഈജിപ്തില്‍ പ്രവാസികളായി ജീവിച്ചിരുന്ന നാളുകളില്‍ ഈ ജനം വിഗ്രഹങ്ങളെ സേവിച്ചിരുന്നില്ല എന്ന്‍ മനോവ പറയുന്നില്ല. എന്നാല്‍, ഇവര്‍ അവിടെനിന്നു പുറത്തുകടക്കുമ്പോള്‍ ഇവരോടൊപ്പം വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ല. അഹറോനോട്‌ കാളക്കുട്ടിയെ നിര്‍മ്മിച്ചുതരാന്‍ ആവശ്യപ്പെട്ടതിലൂടെ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും.

പുരോഹിതര്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍!

ബൈബിളില്‍ കാണുന്ന ആദ്യത്തെ പുരോഹിതന്‍ 'മെല്‍ക്കിസെദേക്ക്' ആണ്. ഈ പുരോഹിതനെ അഭിഷേകം ചെയ്തത് മനുഷ്യനല്ല. എന്നാല്‍, ഇസ്രായേല്‍ജനത്തിനു ലഭിച്ച ആദ്യത്തെ പുരോഹിതന്‍ അഹറോനായിരുന്നു. ഈ പുരോഹിതന്‍ തന്നെയാണ് ആദ്യമായി ഇസ്രായേല്‍ജനത്തിനു വിഗ്രഹങ്ങളെ നിര്‍മ്മിച്ചു നല്‍കുകയും, ഇവരുടെമേല്‍ നാശം വരുത്തിവയ്ക്കുകയും ചെയ്തത്! ഇതിനെക്കുറിച്ച് മോശ പറയുന്നത് ഇങ്ങനെ: "നീ ഈ ജനത്തിന്‍റെമേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?"(പുറ: 32; 21). ജനത്തിനുവേണ്ടി വിഗ്രഹം നിര്‍മ്മിച്ച പുരോഹിതനോട് മോശ ചോദിച്ചതുതന്നെ ഇന്നത്തെ സഭാധികാരികളോട് മനോവയും ചോദിക്കുന്നു! എന്തിനാണ് മനോവ ഈ ചോദ്യം ഉയര്‍ത്തുന്നതെന്ന് വ്യക്തമാക്കാം. എന്നാല്‍, അതിനുമുന്‍പ്‌ വിഗ്രഹാരാധനയെക്കുറിച്ച് ഒരു ചെറു വിവരണം ഇവിടെ ആവശ്യമാണ്‌.

ദൈവത്തെക്കാള്‍ ഉപരിയായോ ദൈവത്തിനു തുല്യമായോ നമ്മുടെ ജീവിതത്തിലുള്ള എന്തും വിഗ്രഹങ്ങളാണ്. ആരാധയ്ക്കായി പരിഗണിക്കുന്ന പ്രതിഷ്ഠകള്‍ മാത്രമല്ല വിഗ്രങ്ങള്‍! വ്യക്തികള്‍, സമ്പത്ത്, സ്ഥാനമാനങ്ങള്‍ തുടങ്ങിയ പലതും വിഗ്രഹങ്ങളായി മാറാം. വിഗ്രഹത്തെ സംബന്ധിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ ഇപ്രകാരമാണ് ബൈബിളില്‍ വായിക്കുന്നത്: "അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്‍മാര്‍ഗികത, അശുദ്ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം - നശിപ്പിക്കുവിന്‍"(കൊളോ: 3; 5). ദ്രവ്യാസക്തിയെ വിഗ്രഹാരാധനയുടെ ഗണത്തിലാണ് അപ്പസ്തോലന്‍ ചേര്‍ത്തിരിക്കുന്നത്. അതുപോലെതന്നെ, ദൈവത്തിനു നല്‍കേണ്ട മഹത്വം മറ്റേതെങ്കിലും വ്യക്തികള്‍ക്കോ വസ്തുക്കള്‍ക്കോ നല്‍കുന്നതും വിഗ്രഹാരാധനയാണ്. വ്യക്തികളോടുള്ള ബന്ധങ്ങള്‍ ആരാധനയുടെ തലത്തിലേക്ക് ഉയര്‍ന്നാല്‍, അത് വിഗ്രഹാരാധനയായി പരിണമിക്കും. ഇത്തരത്തിലൊരു സംഭവം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ഒരു നിശ്ചിതദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് സിംഹാസനത്തില്‍ ഉപവിഷ്ടനായി അവരോടു പരസ്യമായി സംസാരിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു: ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്‍േറതല്ല. പെട്ടെന്നു യാഹ്‌വെയുടെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാല്‍, ദൈവത്തിന് അവന്‍ മഹത്വം നല്‍കിയില്ല. പുഴുക്കള്‍ക്കിരയായി അവന്‍ അന്ത്യശ്വാസം വലിച്ചു"(അപ്പ. പ്രവര്‍: 12; 21-23).

ഇന്ന്‍ ലോകത്തുള്ള അനേകം മനുഷ്യദൈവങ്ങളുടെ പ്രതീകമായിരുന്നു ഹേറോദേസ്! വിജാതിയ മതങ്ങളില്‍ മാത്രമല്ല, ക്രൈസ്തവസഭകളിലും ആള്‍ദൈവങ്ങളുണ്ട്. കത്തോലിക്കാസഭയില്‍ ഉയര്‍ന്നുവരുന്ന 'യോഗാ' ഗുരുക്കള്‍ ഈ ഗണത്തില്‍പ്പെടുന്നവരാണ്! ഒരു ഭീമാകാരനായ വിഗ്രഹത്തിന്റെ അവസ്ഥയിലേക്ക് പോപ്പ് ഫ്രാന്‍സീസ് വളര്‍ന്നതും ഗൗരവത്തോടെ കാണണം! ഹേറോദേസിനെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നതെങ്കില്‍, ഇവരെ അനുഗമിക്കുന്നവര്‍ യഥാര്‍ത്ഥ വിഗ്രഹാരാധകരാണ്! ഈ വിഷയം ചര്‍ച്ചചെയ്യുന്നതിനു മുന്‍പ് മറ്റുചില വിഗ്രഹങ്ങളെക്കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ദൈവത്തെക്കാള്‍ ഉപരിയായി മക്കളെയോ, മാതാപിതാക്കളെയോ പോലും പരിഗണിക്കരുതെന്നാണ് യേഹ്ശുവാ നല്‍കിയ ഉപദേശം. അവിടുത്തെ വചനം ഇങ്ങനെ അരുളിച്ചെയ്യുന്നു: "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല"(മത്താ: 10; 37). മാതാപിതാക്കളെ ബഹുമാനിക്കണം എന്ന്‍ കല്പിച്ച അതേ ദൈവംതന്നെയാണ് ഈ പ്രഖ്യാപനവും നടത്തിയിരിക്കുന്നത്. കുറച്ചുകൂടി ഗൗരവമുള്ള മറ്റൊരു നിര്‍ദ്ദേശം യേഹ്ശുവാ നല്‍കിയിരിക്കുന്നത് നോക്കുക: "എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"(മത്താ: 19; 29). ദൈവപുത്രന്റെ നാമത്തെപ്രതി ഈ ലോകത്തിലുള്ള ഏതൊരു ബന്ധവും ത്യജിക്കാന്‍ സാധിക്കുന്നവിധം അവിടുത്തേക്ക്‌ പ്രഥമസ്ഥാനം നല്കുന്നവനാണ് യഥാര്‍ത്ഥ ദൈവഭക്തന്‍! നിത്യജീവന്‍ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് ഇങ്ങനെയുള്ളവര്‍ക്കാണെന്ന വെളിപ്പെടുത്തലാണ് ഈ വചനത്തിലുള്ളത്.

ഒരു ശരാശരി ക്രിസ്ത്യാനിയായി ജീവിച്ചാല്‍ നിത്യജീവന്‍ അവകാശമാക്കാമെന്ന ധാരണയിലാണ് പലരും ഇന്നു ജീവിക്കുന്നത്. നിത്യജീവന്‍ അവകാശമാക്കാന്‍ താന്‍ എന്തു ചെയ്യണമെന്ന ചോദ്യവുമായി ധനികനായ ഒരു യുവാവ് യേഹ്ശുവായെ സമീപിച്ചു. യേഹ്ശുവായും ഈ യുവാവും തമ്മിലുള്ള സംഭാഷണം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവന്‍ ചോദിച്ചു: ഏതെല്ലാം? യേഹ്ശുവാ പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്. പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക. ആയുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? യേഹ്ശുവാ പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു"(മത്താ: 19; 17-22). ഈ യുവാവിന്റെ ജീവിതത്തിലെ വിഗ്രഹം സമ്പത്തായിരുന്നു എന്നതുകൊണ്ട് എല്ലാവരുടെയും അങ്ങനെയാകണമെന്നില്ല. മാത്രവുമല്ല, നിത്യജീവന്‍ അവകാശമാക്കണമെങ്കില്‍, സകലതും വിറ്റ്‌ ദരിദ്രര്‍ക്ക് കൊടുക്കണമെന്ന സന്ദേശവും ഈ വചനത്തിലില്ല!

തങ്ങളുടെ സമ്പത്തുകൊണ്ട് യേഹ്ശുവായെ ശുശ്രൂഷിച്ച വ്യക്തികളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. ഇവരുടെയെല്ലാം സമ്പത്ത് മുഴുവന്‍ ദരിദ്രര്‍ക്ക് സംഭാവന ചെയ്തിരുന്നതായി ബൈബിള്‍ പറയുന്നില്ല. യേഹ്ശുവായെ അനുഗമിച്ച ചിലരെക്കുറിച്ച് ബൈബിളില്‍ ഇങ്ങനെ കാണാം: "അശുദ്ധാത്മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു"(ലൂക്കാ: 8; 2, 3). സമ്പത്തുകൊണ്ട് യേഹ്ശുവായെ ശുശ്രൂഷിക്കുകയെന്നാല്‍, അവിടുത്തെ ശുശ്രൂഷകള്‍ക്ക് ആവശ്യമായ സാമ്പത്തീക സഹായം ചെയ്യുക എന്നതാണ്. മാത്രവുമല്ല, ദശാംശം നല്‍കാനാണ് അവിടുത്തെ കല്പന. അങ്ങനെയെങ്കില്‍, യേഹ്ശുവാ ഈ യുവാവിനോട് ഇപ്രകാരം പറഞ്ഞത് എന്തുകൊണ്ടാണ്? ഇവനെ സംബന്ധിച്ചുള്ള വിളിയെക്കുറിച്ച് യേഹ്ശുവായ്ക്കു വ്യക്തമായി അറിയാമായിരുന്നു. സമ്പത്തിനോടുള്ള ഇവന്റെ ആസക്തി ലോകത്തിനു വെളിപ്പെടുത്തുക കൂടിയാണ് യേഹ്ശുവാ ഇവിടെ ചെയ്തത്! നിത്യജീവനെക്കാള്‍ മുന്തിയ പരിഗണന ഇവന്‍ സമ്പത്തിനു നല്‍കിയതാണ് ഇവന്റെ അയോഗ്യത!

തൂണിലും തുരുമ്പിലും ദൈവമില്ല!

കഞ്ചാവ് തലയ്ക്കുപിടിച്ചപ്പോള്‍ ആരോ എഴുതിയ പാട്ടുകള്‍ ദൈവവചനമാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന 'ക്രിസ്ത്യാനികള്‍ ഇന്നുണ്ട്. യേഹ്ശുവായുടെയോ മറിയത്തിന്റെയോ പേരുകള്‍ ഒരു ഗാനത്തിലുണ്ടെങ്കില്‍, അവ പള്ളിയില്‍പ്പോലും പാടാമെന്നാണ് പലരുടെയും ധാരണ. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന വിജാതിയ സങ്കല്പത്തെ ആധാരമാക്കി സുവിശേഷം പ്രസംഗിക്കുന്ന ധ്യാനഗുരുക്കന്മാരെ മനോവ ശ്രവിച്ചിട്ടുണ്ട്! വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ തെറ്റില്ലെന്ന അപകടകരമായ സന്ദേശം ഇതിലൂടെ ദൈവജനത്തിനു നല്‍കുന്നു. വിഗ്രഹങ്ങളില്‍പ്പോലും ദൈവീക സാന്നിദ്ധ്യമുണ്ടെന്ന ആശയം വിജാതിയവും പൈശാചികവുമാണ്‌! സത്യദൈവത്തിനും അവിടുത്തെ പ്രവാചകന്മാര്‍ക്കും അറിയാത്ത ദൈവശാസ്ത്രവുമായി വിശ്വാസികളെ വഞ്ചിക്കുന്ന വ്യാജന്മാരെ നാം സൂക്ഷിക്കണം! ഈ വചനം നോക്കുക: "അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാരശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല"(ജറെ: 10; 5).

അഹറോന്‍ നിര്‍മ്മിച്ച കാളക്കുട്ടിയിലും ദൈവീക സാന്നിദ്ധ്യം കണ്ടെത്തുന്ന ആധുനീക ദൈവശാസ്ത്രജ്ഞന്മാര്‍ കത്തോലിക്കാസഭയിലുണ്ട്. മോശയിലൂടെ ദൈവമായ യാഹ്‌വെ എഴുതിനല്കിയ പ്രമാണങ്ങളില്‍ ആദ്യത്തെതുതന്നെ വിഗ്രഹങ്ങള്‍ക്കെതിരേയുള്ള മുന്നറിയിപ്പായിരുന്നു. അത് ഇപ്രകാരമാണ്: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും"(പുറ: 20; 2-5). ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമിതാണ്‌: മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

ചിത്രങ്ങള്‍ വരയ്ക്കുകയോ പ്രതിമകള്‍ നിര്‍മ്മിക്കുകയോ ചെയ്യരുതെന്ന് ഇവിടെ അര്‍ത്ഥമുണ്ടോ? ഇല്ലെന്നു പറയാനുള്ള ധൈര്യം മനോവയ്ക്ക് ഇല്ലെങ്കിലും, ഇത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നകാര്യവും പറയാതെവയ്യ! കാരണം, ഈ കല്പന നല്‍കിയതിനു തൊട്ടുപിന്നാലെ യാഹ്‌വെ മറ്റൊരു നിര്‍ദ്ദേശം മോശയിലൂടെ നല്‍കി. ഈ നിര്‍ദ്ദേശവും അവിടുന്നു നല്‍കിയ കല്പനകളും പരസ്പര വിരുദ്ധമാല്ലേയെന്ന്‍ ആരെങ്കിലും ചിന്തിച്ചാല്‍ അവരെ പൂര്‍ണ്ണമായും കുറ്റം പറയാന്‍ കഴിയില്ല. ഒന്നിന്റെയും പ്രതിമയോ സ്വരൂപങ്ങളോ നിര്‍മ്മിക്കരുതെന്നു കല്പിച്ചവന്‍തന്നെ മോശയോട് അരുളിച്ചെയ്യുന്നത് ശ്രദ്ധിക്കുക: "യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു"(സംഖ്യ: 21; 9). ദൈവത്തിനും മോശയ്ക്കുമെതിരെ ജനം തെറ്റുചെയ്തപ്പോള്‍ അവരുടെമേല്‍ അവിടുന്ന് സര്‍പ്പങ്ങളെ അയച്ചു ശിക്ഷിച്ചു. ഈ ശിക്ഷ പിന്‍വലിക്കുന്നതിനായി യാഹ്‌വെ നല്‍കിയ നിര്‍ദ്ദേശമായിരുന്നു ഇത്.

ഒന്നിന്റെയും പ്രതിമയും സ്വരൂപവും നിര്‍മ്മിക്കരുതെന്ന കല്പനയെ വ്യാഖ്യാനിച്ചവര്‍ക്ക് വന്ന പാളിച്ചയാണ് ഇവിടെ നാം ചിന്തിക്കേണ്ടത്. പ്രതിമകള്‍ നിര്‍മ്മിക്കരുതെന്നു കല്പിച്ചപ്പോള്‍, ഈ കല്പനയോടു ചേര്‍ത്ത് രണ്ടുകാര്യങ്ങള്‍ക്കൂടി വ്യക്തമാക്കിയിരുന്നു. പ്രതിമകള്‍ ഉണ്ടാക്കരുതെന്നു കല്പിക്കാനുണ്ടായ കാരണവും എന്ത് ആവശ്യത്തിനുവേണ്ടി നിര്‍മ്മിക്കരുത് എന്ന നിര്‍ദ്ദേശവുമായിരുന്നു ഇവ. വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുതെന്നു പറയാനുള്ള കാരണം എന്തായിരുന്നുവെന്ന് മോശ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: "ഹോറെബില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍നിന്നു യാഹ്‌വെ നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍, എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്‌സ്യത്തിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍"(നിയമം: 4; 15-18). അതായത്, ഹോറെബില്‍വച്ച് യാഹ്‌വെ സംസാരിച്ചപ്പോള്‍ അവിടുത്തെ രൂപം ആരും ദര്‍ശിക്കാത്തതുകൊണ്ടാണ് പ്രതിമകളോ സ്വരൂപങ്ങളോ നിര്‍മ്മിക്കരുതെന്നു കല്പിച്ചത്!

എന്നാല്‍, ഇന്നു നാം അങ്ങനെയല്ല; ദൈവത്തെ നാം കണ്ടുകഴിഞ്ഞു! ഈ വചനം നോക്കുക: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്"(യോഹ: 1; 18). ദൈവപുത്രനായ യേഹ്ശുവായെ കാണുന്നവന്‍ പിതാവായ ദൈവത്തെ കാണുന്നു! അവിടുന്നുതന്നെ ഇതു വെളിപ്പെടുത്തിയിട്ടുണ്ട്. പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരിക എന്ന പീലിപ്പോസിന്റെ അഭ്യര്‍ത്ഥനയോടുള്ള യേഹ്ശുവായുടെ പ്രതികരണം ശ്രദ്ധിക്കുക: "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?"(യോഹ: 14; 9, 10). ഹോറെബില്‍വച്ച് കാണാത്ത ദൈവത്തെയാണ്, പിന്നീടു പുത്രനിലൂടെ ലോകം കണ്ടത്! ആയതിനാല്‍, എന്തു കാരണംകൊണ്ട് പ്രതിമകളും സ്വരൂപങ്ങളും നിര്‍മ്മിക്കരുതെന്ന് കല്പിച്ചുവോ, ആ കാരണങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല! ദൈവത്തെ ആരും കണ്ടിട്ടില്ല എന്ന അവസ്ഥ യേഹ്ശുവായിലൂടെ ഇല്ലാതായി.

എന്തിനുവേണ്ടി നിര്‍മ്മിക്കരുത് എന്നതാണ് ഇനി ചിന്തിക്കേണ്ടത്. ഈ വചനം നോക്കുക: "നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്"(നിയമം: 5; 8, 9). നിനക്കായി ഒരു വിഗ്രഹം ഉണ്ടാക്കരുത് എന്ന ഉപദേശമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പൂര്‍ണ്ണവിരാമം ഇല്ലാതെതന്നെ ഈ വാചകത്തോട് ചേര്‍ത്താണ് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുതെന്ന കല്പന നല്‍കിയിരിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ, ആരാധിക്കുന്നതിനായി വിഗ്രഹം ഉണ്ടാക്കരുതെന്നാണ് ഇവിടെ കല്പിച്ചിരിക്കുന്നതെന്നു വ്യക്തം! മറിച്ചായിരുന്നുവെങ്കില്‍, പിച്ചള സര്‍പ്പത്തെ ഉണ്ടാക്കാന്‍ അവിടുന്ന് കല്പിക്കുമായിരുന്നില്ല. പിച്ചള സര്‍പ്പത്തെ നിര്‍മ്മിച്ചത് ആരാധിക്കുവാനായിരുന്നില്ല; മറിച്ച്, അതിലേക്ക് നോക്കുവാന്‍വേണ്ടി മാത്രമായിരുന്നുവെന്ന് നാം കണ്ടു. ഇവിടെ ഉയര്‍ത്തിയ പിച്ചള സര്‍പ്പം വരാനിരിക്കുന്ന രക്ഷകനെയാണ് സൂചിപ്പിച്ചതെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്നു: "മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു"(യോഹ: 3; 14). പിച്ചള സര്‍പ്പത്തെ ഉയര്‍ത്തിയത് നോക്കാന്‍ മാത്രമായിരുന്നുവെങ്കില്‍, യേഹ്ശുവായെ ഉയര്‍ത്തിയത് നോക്കുവാനും ആരാധിക്കുവാനുമായിരുന്നു!

"എന്നോടൊത്തു യാഹ്‌വെയെ മഹത്വപ്പെടുത്തുവിന്‍; നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം. ഞാന്‍ യാഹ്‌വെയെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ്വ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു. അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല"(സങ്കീ: 34; 3-5). യേഹ്ശുവായെ ആരാധിക്കുന്നതിനു പകരമാവില്ല അവിടുത്തെ പ്രതീകത്തെ ആരാധിക്കുന്നത്. പിച്ചള സര്‍പ്പത്തെ ആരാധിക്കാന്‍ മോശ ജനത്തോട് കല്പിച്ചില്ല. എന്നാല്‍, ഈ നോട്ടത്തിനപ്പുറം ആരധനയിലേക്ക് വളരുന്നതാണ് പിന്നീടു നാം കാണുന്നത്. ഈ പിച്ചള സര്‍പ്പത്തെ ഇസ്രായേല്‍ജനം ആരാധിക്കാന്‍ തുടങ്ങിയപ്പോള്‍ അതു നശിപ്പിച്ചത് ഇസ്രായേല്‍ രാജാവായ 'ഹെസക്കിയാ' ആയിരുന്നു. ബൈബിളില്‍ ഇപ്രകാരമാണ് അതു കാണുന്നത്: "അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു"(2 രാജാ: 18; 4). ഇസ്രായേല്‍ജനത്തെ സര്‍പ്പദംശനത്തില്‍നിന്നു രക്ഷിക്കാനായി മോശ ഉയര്‍ത്തിയ പിച്ചള സര്‍പ്പം യേഹ്ശുവായുടെ പ്രതീകമായിരുന്നിട്ടുകൂടി, അതിനെ ആരാധിച്ചവര്‍ ശിക്ഷിക്കപ്പെട്ടു. അതായത്, ദൈവം അനുവദിച്ചിരിക്കുന്നതിനു മുകളിലായി ഒരു വ്യക്തിയ്ക്കോ വസ്തുവിനോ നാം സ്ഥാനം നല്‍കിയാല്‍ അത് നമ്മുടെ ജീവിതത്തിലെ വിഗ്രഹമായി മാറും!

പ്രതിമ നിര്‍മ്മിക്കരുതെന്നു കല്പിച്ച ദൈവംതന്നെ അതു നിര്‍മ്മിക്കാനും ആവശ്യപ്പെട്ടിരിക്കുന്നതുകൊണ്ട്, അരുതെന്ന കല്പനയെ അതേപടി എടുക്കേണ്ടതില്ല എന്നാണ് മനോവ പറയുന്നത്. മനോവ മനസ്സിലാക്കിയിരിക്കുന്ന വ്യാഖ്യാനം ഇവിടെ വ്യക്തമാക്കാം. ആരാധനയ്ക്കായി നാം എന്തിന്റെയെങ്കിലും പ്രതിമയോ സ്വരൂപങ്ങളോ നിര്‍മ്മിക്കരുത്. മറ്റാരെങ്കിലും നിര്‍മ്മിച്ചതിന്റെ മുന്നില്‍ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നതും യാഹ്‌വെയ്ക്കു നിഷിദ്ധമാകുന്നു. അതുപോലെതന്നെ, ദൈവത്തിന്റെ രൂപം അറിയാത്തിടത്തോളം, മനുഷ്യരുടെയോ മറ്റേതെങ്കിലും ജീവജാലങ്ങളുടെയോമേല്‍ ദൈവത്തിന്റെ രൂപം ആരോപിക്കരുത്! നാം നിര്‍മ്മിച്ചതോ മറ്റുള്ളവരാല്‍ നിര്‍മ്മിക്കപ്പെട്ടതോ ആയ രൂപങ്ങളും പ്രതിമകളും, അത് ആരുടെതന്നെ ആയിരുന്നാലും വണക്കത്തിനു കാരണമാകുന്നുവെങ്കില്‍ അവ നശിപ്പിക്കപ്പെടണം. പിച്ചള സര്‍പ്പത്തിന് മോശ നല്‍കിയ പരിഗണനയ്ക്കപ്പുറം, ചിത്രങ്ങളും പ്രതിമകളും നമ്മുടെ ജീവിതത്തില്‍ സ്ഥാനംപിടിക്കാന്‍ പാടില്ല! ചിത്രങ്ങളും പ്രതിമകളും കാണാനുള്ളവ മാത്രമായിരിക്കണം. തൊട്ടുവണങ്ങാനോ കുമ്പിടാനോ ചുംബിക്കാനോ തിരിതെളിക്കാനോ ശ്രമിക്കുമ്പോള്‍ പിച്ചള സര്‍പ്പത്തെ ഓര്‍ക്കുക! അതിനെ അഗ്നിക്കിരയാക്കിയ മഹാനായ ഹെസക്കിയേല്‍ രാജാവിനെയും!

ദൈവാലയങ്ങള്‍ വിഗ്രഹാലയങ്ങളാകുമ്പോള്‍!

മുകളില്‍ വിവരിച്ച കാരണങ്ങളാല്‍ത്തന്നെ ദൈവാലയങ്ങളിലെ രൂപങ്ങളും പ്രതിമകളും കാണാനുള്ളവ മാത്രമായിരിക്കണം. അല്ലാത്തപക്ഷം, ദൈവാലയങ്ങള്‍ 'ദേവാലയങ്ങളും' വിഗ്രഹാലയങ്ങളുമായി പരിണമിക്കും! 'ഉള്ളില്‍ ബോധമുണ്ട്; എന്നാല്‍, മിണ്ടാന്‍ കഴിയുന്നില്ല' എന്ന അവസ്ഥയിലാണ് ചില സഭാധികാരികള്‍! വിശ്വാസികളുടെ അതിരുകടന്ന ഭക്താഭാസങ്ങള്‍ കണ്ടില്ലെന്നു നടിക്കേണ്ട ഗതികേടിലാണ് പല വൈദീകരും! കാണാന്‍വേണ്ടി മാത്രം മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചള സര്‍പ്പത്തിന് 'കാനാന്‍' നാട്ടില്‍ ദൈവീകപരിവേഷം ലഭിച്ചതുപോലെ, ദൈവാലയങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന രൂപങ്ങള്‍ ഇന്നു വിഗ്രഹങ്ങളായി മാറിയിരിക്കുന്നു! സഭയില്‍ ഒരു ഹെസക്കിയേല്‍ അവതരിച്ചാല്‍പ്പോലും നീക്കംചെയ്യാന്‍ കഴിയാത്തത്ര സ്വാധീനം ഈ 'വിഗ്രഹങ്ങള്‍' നേടിക്കഴിഞ്ഞു.

പിച്ചള സര്‍പ്പം തന്റെ പ്രതീകമായിരുന്നുവെന്ന്‍ വെളിപ്പെടുത്തിയത് യേഹ്ശുവാതന്നെയാണെന്നു നാം കണ്ടു. എന്നാല്‍, ഇതിനെ ഇസ്രായേല്‍ ആരാധിക്കാന്‍ തുടങ്ങിയപ്പോഴാണ് ഹെസക്കിയേല്‍ ഇതിനെ ചുട്ടുകരിച്ചത്. ഈ ഹെസക്കിയേല്‍ രാജാവ് നിസ്സാരക്കരനായിരുന്നു എന്നാരും കരുതരുത്. ദാവീദിനുശേഷം യൂദാരാജ്യത്തെ ഭരിച്ച ചുരുക്കം ചില നല്ല രാജാക്കന്മാരില്‍ ഒരുവനായിരുന്നു ഹെസക്കിയേല്‍. ആഹാസിന്റെ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കു മാറ്റിക്കൊണ്ട് ദൈവം അടയാളം നല്‍കിയത് ഈ രാജാവിനുവേണ്ടിയായിരുന്നു(2 രാജാ: 20; 11). ഹെസക്കിയായെക്കുറിച്ച് ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: "പിതാവായ ദാവീദിനെപ്പോലെ അവന്‍ യാഹ്‌വെയുടെ മുന്‍പില്‍ നീതിപ്രവര്‍ത്തിച്ചു. അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു. മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു. ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെയില്‍ അവന്‍ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യൂദാരാജാക്കന്‍മാരിലാരും അവനെപ്പോലെ വിശ്വസ്തനായിരുന്നില്ല"(2 രാജാ: 18; 3-5). ഇക്കാരണത്താല്‍തന്നെ, ഹെസക്കിയായുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ദൈവത്തിന്റെ തീരുമാനമുണ്ടായിരുന്നു എന്നകാര്യം വ്യക്തം!

ഇന്ന്‍ ക്രൈസ്തവസഭകളിലെ 'അഹറോന്മാര്‍' നിര്‍മ്മിച്ച കാളക്കുട്ടികള്‍ക്കു മുന്‍പില്‍ നടക്കുന്ന ഭക്താഭാസങ്ങള്‍ വിജാതിയരെപ്പോലും ലജ്ജിപ്പിക്കുന്നതാണ്. ഓര്‍മ്മയ്ക്കുവേണ്ടി മാത്രം നിര്‍മ്മിച്ച ചിത്രങ്ങളും പ്രതിമകളും 'നെഹുഷ്താന്മാര്‍' ആയി മാറിയിരിക്കുന്നു! വിഗ്രഹാരാധനയുടെ ഏറ്റവും മ്ലേച്ഛമായ അവസ്ഥകളിലേക്ക് തിരുനാളുകള്‍ അധഃപതിച്ചു കഴിഞ്ഞു. വിശുദ്ധരുടെ പ്രതിമകളെ അലങ്കരിച്ച്, അവയെ തോളില്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ക്ക് ദൈവത്തിന്റെ അംഗീകാരമുണ്ടെന്ന് ആരും ധരിക്കരുത്. ദൈവം ഇത് അംഗീകരിച്ചിരുന്നെങ്കില്‍ പ്രവാചകന്‍ ഇങ്ങനെ പറയുമായിരുന്നില്ല: "യാഹ്‌വെ അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്. ജനതകളാണ് അവയില്‍ സംഭ്രമിക്കുന്നത്. ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ഥമാണ്. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍ ശില്പി തന്റെ ഉളി പ്രയോഗിക്കുന്നു. അവര്‍ അതു വെള്ളിയും സ്വര്‍ണവും കൊണ്ടു പൊതിയുന്നു; വീണു തകരാതിരിക്കാന്‍ ആണിയടിച്ച് ഉറപ്പിക്കുന്നു. അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാരശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല"(ജറെ: 10; 2-5).

നന്മയോ തിന്മയോ പ്രവര്‍ത്തിക്കാന്‍ ഈ പ്രതിമകള്‍ക്ക് കഴിയില്ലെന്ന പ്രവാചകന്റെ വാക്കിനെ തങ്ങള്‍ക്കുവേണ്ടി വളച്ചൊടിക്കാനും വിഗ്രഹവാദികള്‍ തയ്യാറാകുന്നുണ്ട്. ഇതൊരു തിന്മ പ്രവര്‍ത്തിയല്ലെന്നാണ് ഇവരുടെ വ്യാഖ്യാനം. എന്നാല്‍, നമുടെ പ്രാര്‍ത്ഥന കേട്ട് നമുക്കുവേണ്ടി എന്തെങ്കിലും നന്മ ചെയ്യാന്‍ ഈ പ്രതിമകള്‍ക്ക് കഴിയില്ലെന്നും, നാം ഇവയുടെ മുന്നില്‍ പ്രണമിക്കാതിരുന്നാല്‍, അതിന്റെ പേരില്‍ നമുക്ക് എന്തെങ്കിലും അനര്‍ത്ഥം വരുത്താനുള്ള ശക്തി ഇവയ്ക്കില്ലെന്നുമാണ് ജറെമിയാപ്രവാചകന്‍ പ്രഖ്യാപിച്ചത്! ചില 'വിശുദ്ധര്‍ക്ക്' നേര്‍ച്ചകള്‍ നേരാത്തപക്ഷം അവര്‍ പാമ്പിനെ അയച്ചു പീഡിപ്പിക്കുമെന്ന കഥകളും പ്രചാരത്തിലുണ്ട്! കേരളത്തിലെ ഒരു 'ദേവാലയത്തിലെ' പ്രതിമ സംസാരിച്ചതായി പറയപ്പെടുന്നു. പള്ളി പുതുക്കിപ്പണിയാനായി 'വിശുദ്ധന്റെ' പ്രതിമ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍, "എന്നെ ഇവിടെ ഇരിക്കാന്‍ സമ്മതിക്കില്ലേ" എന്ന് പ്രതിമ ചോദിച്ചുവെന്നാണ് ഭക്തന്മാരുടെ പ്രചരണം! കത്തോലിക്കാസഭയില്‍ അനധികൃതമായി കയറിക്കൂടിയ ഈ 'വിശുദ്ധന്‍' ഭൂമിയില്‍ ജീവിച്ചിരുന്നതായിപ്പോലും ചരിത്രമില്ല!

ഇത്തരത്തില്‍ ഒരു പ്രതിമ സംസാരിക്കില്ലെന്നു മനോവ പറയില്ല. കാരണം, ബൈബിളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു. മൃഗത്തിന്റെ മുമ്പില്‍പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്"(വെളി: 13; 13-15). ദൈവവചനത്തിലേക്കാണ് മനുഷ്യര്‍ നയിക്കപ്പെടേണ്ടത്; അദ്ഭുതങ്ങളിലേക്കും അടയാളങ്ങളിലേക്കുമല്ല! അദ്ഭുതങ്ങളും അടയാളങ്ങളും കണ്ട്, അതിനുപിന്നാലെ ഓടുന്നവര്‍ക്ക് കാലിടറും! കാരണം, വഞ്ചകനായ സാത്താന്‍, അദ്ഭുതങ്ങളും അടയാളങ്ങളുമായി നമുക്കിടയില്‍ കറങ്ങുന്നുണ്ട്!

ചിത്രങ്ങളും പ്രതിമകളും ദൈവാലയങ്ങളില്‍ സ്ഥാപിക്കുന്നതിനെ മനോവ എതിര്‍ക്കുന്നില്ല. എന്നാല്‍, അവയ്ക്കുമുന്നില്‍ നടക്കുന്ന ഭക്താഭാസങ്ങള്‍ പൈശാചികമാണെന്നു പറയാന്‍ മനോവയ്ക്കു യാതൊരു മടിയുമില്ല! ഓര്‍മ്മ നിലനിര്‍ത്തുന്നതിനപ്പുറം, അലങ്കരിച്ച് ഘോഷയാത്ര നടത്തുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഘോഷയാത്രകള്‍ക്ക് ബൈബിളില്‍ അടിസ്ഥാനമുണ്ടെന്നു മനോവ സമ്മതിക്കുന്നു. ദാവീദ് രാജാവ് നടത്തിയ ഘോഷയാത്ര ഇന്നത്തെ പ്രദക്ഷിണത്തിനു തുല്യമായിരുന്നില്ല! വാഗ്ദാനപേടകവും വഹിച്ചുകൊണ്ട് ദൈവജനം നടത്തിയ ഘോഷയാത്രയ്ക്കുമുന്നില്‍ ദാവീദുരാജാവ് നൃത്തംചെയ്തു! എന്നാല്‍, ഈ വാഗ്ദാനപേടകം എന്താണെന്നും അതില്‍ സൂക്ഷിച്ചിരിക്കുന്നവ എന്തൊക്കെയാണെന്നും അറിയാത്തവരാണ്, വിശുദ്ധരുടെ പ്രതിമയെ ഇതിനോടു സമമാക്കാന്‍ ശ്രമിക്കുന്നത്! മരുഭൂമിയില്‍ മോശ ഉയര്‍ത്തിയ പിച്ചള സര്‍പ്പമായിരുന്നോ ഈ വാഗ്ദാനപേടകത്തില്‍ സൂക്ഷിച്ചിരുന്നത്? ബൈബിള്‍ പറയുന്നത് എന്താണെന്നു നോക്കുക: "യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: ആദ്യത്തേതു പോലെ രണ്ട് കല്പലകകള്‍ വെട്ടിയെടുത്തുകൊണ്ട് മലയുടെ മുകളില്‍ എന്റെയടുത്തു വരുക. മരംകൊണ്ട് ഒരു പേടകവും ഉണ്ടാക്കുക. നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അവയില്‍ എഴതും; നീ അവ ആ പേടകത്തില്‍ വയ്ക്കണം"(നിയമം: 10; 1, 2). ഈ വചനംകൂടി ശ്രദ്ധിക്കുക: "പിന്നീടു ഞാന്‍ മലയില്‍നിന്ന് ഇറങ്ങിവന്നു; ഞാനുണ്ടാക്കിയ പേടകത്തില്‍ ആ പലകകള്‍ നിക്‌ഷേപിച്ചു. യാഹ്‌വെ എന്നോടു കല്പിച്ചതുപോലെ അവ അതില്‍ സൂക്ഷിച്ചിരിക്കുന്നു"(നിയമം: 10; 5). ഇതായിരുന്നു വാഗ്ദാനപേടകം!

യാഹ്‌വെയുടെ പേടകം' എന്ന്‍ ഇത് അറിയപ്പെടുന്നു. "ഭൂമി മുഴുവന്റെയും നാഥനായ യാഹ്‌വെയുടെ പേടകം വഹിക്കുന്ന പുരോഹിതന്‍മാരുടെ ഉള്ളങ്കാല്‍ ജോര്‍ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍ നിന്നു വരുന്ന വെള്ളം ചിറ പോലെ കെട്ടി നില്‍ക്കുകയും ചെയ്യും"(ജോഷ്വാ: 3; 13). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകളെ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയെ ഇന്നത്തെ ഭക്താഭാസങ്ങളോടു തുലനംചെയ്യുന്നതുപോലും പാപമാണ്! ദൈവം നല്‍കിയ പ്രമാണങ്ങളെ അവഗണിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് എന്നകാര്യം വിസ്മരിക്കരുത്!

'വിശുദ്ധ വിഗ്രഹങ്ങള്‍!'

യേഹ്ശുവായുടെ നാമത്തില്‍ വിശുദ്ധജീവിതം നയിക്കുകയും രക്തസാക്ഷികളാകുകയും ചെയ്ത അനേകം വിശുദ്ധരുണ്ട്. ഇവരില്‍ അറിയപ്പെടുന്നവരെക്കാള്‍ അധികമാണ് അറിയപ്പെടാത്തവര്‍. ഏറെ ഘോഷിക്കപ്പെട്ടവരും ആരാലും ശ്രദ്ധിക്കപ്പെടാത്തവരുമായ വീരരക്തസാക്ഷികളെപ്രതി യേഹ്ശുവായുടെ നാമത്തിനുമുന്നില്‍ മനോവയുടെ പ്രണാമം!

അപ്പസ്തോലന്മാരുടെ നാളുകളില്‍ എല്ലാ ക്രൈസ്തവരേയും പൊതുവായി വിളിക്കുന്നത് വിശുദ്ധരെന്നായിരുന്നു! അശുദ്ധമായ വിശ്വാസങ്ങളില്‍നിന്ന്‍ വിശുദ്ധമായ വിശ്വാസത്തിലേക്ക് കടന്നുവരുന്ന വ്യക്തികള്‍ക്ക് ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു വിശേഷണം നല്‍കാനില്ല! ക്രിസ്ത്യാനികളുടെ വിശ്വാസങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും ക്രിസ്തീയതയ്ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല എന്ന തിരിച്ചറിവ് പലര്‍ക്കും നഷ്ടപ്പെട്ടു. ഇതിന്റെ പരിണിതഫലമായി കടന്നുവന്ന പല ദുരാചാരങ്ങളുടെ കൂട്ടത്തില്‍ വിശുദ്ധരെ പ്രഖ്യാപിക്കല്‍ എന്ന പ്രഹസനവും സഭയില്‍ കയറിക്കൂടി! പ്രഖ്യാപിക്കപ്പെട്ട പലരും വിശുദ്ധരാണെന്ന കാര്യത്തില്‍ മനോവയ്ക്ക് സംശയമില്ല. എന്നാല്‍, ജീവിച്ചിരുന്നതായി യാതൊരു തെളിവുമില്ലാത്ത വ്യക്തികളെപ്പോലും ബാഹ്യസമ്മര്‍ദ്ദങ്ങളുടെ പേരില്‍ സഭയും വിശ്വാസികളും ചുമക്കുന്നു എന്നതാണ് ഈ പ്രഖ്യാപനങ്ങളിലെ ഏറ്റവും വലിയ ദുരന്തം! രാജാക്കന്മാരുടെ പ്രീതിയ്ക്കുവേണ്ടി അവരുടെ ബന്ധുക്കളെ വിശുദ്ധരാക്കിയ ചരിത്രവും പൗരസ്ത്യ-പാശ്ചാത്യ സഭകളിലുണ്ട്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ഇയാളുടെ അമ്മയും പൗരസ്ത്യ വിശുദ്ധരുടെ പട്ടികയില്‍ ഇങ്ങനെ ഇടം നേടിയവരാണ്! പാശ്ചാത്യസഭയിലെ വാഴ്ത്തപ്പെട്ട കാറല്‍മാനും ഈ പട്ടികയില്‍ ഉള്‍പ്പെടും!

എങ്ങനെയോ കയറിക്കൂടി പൗരസ്ത്യസഭകളെ അടക്കിവാഴുന്ന അജ്ഞാത വിശുദ്ധനാണ് ഗീവര്‍ഗീസ്! കത്തോലിക്കാസഭ ഇങ്ങനെയൊരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അപ്രഖ്യാപിത വിശുദ്ധനായി വിശ്വാസികള്‍ ഈ വിഗ്രഹത്തെ ചുമക്കുന്നു! മുന്‍കാലങ്ങളില്‍ 'പാഗണ്‍' വിശ്വാസികളുടെയിടയില്‍ അജ്ഞാതദേവന്മാര്‍ എന്നൊരു പ്രതിഷ്ഠതന്നെ ഉണ്ടായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നതിലുള്ള ആസക്തി മൂത്തവര്‍, തങ്ങള്‍ ആരാധിക്കുന്ന മൂര്‍ത്തികളെ മതിയാകാതെ വരുമ്പോള്‍ 'അജ്ഞാതദേവന്‍' എന്ന 'ബോര്‍ഡ്' വച്ച് ആരാധിക്കുന്ന രീതി ബൈബിളില്‍ കാണാം. പൗലോസ് അപ്പസ്തോലന്‍ തന്റെ പ്രേഷിതയാത്രയ്ക്കിടയില്‍ ഇത്തരം പ്രാകൃത ജനങ്ങളെ കണ്ടുമുട്ടുന്നുണ്ട്. പൗലോസ് ആഥന്‍സില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറയുന്നു: "ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു"(അപ്പ. പ്രവര്‍: 17; 23). ക്രിസ്തീയതയിലേക്കു കടന്നുവന്നുവെങ്കിലും, പൂര്‍വ്വീകരുടെ പൈശാചിക പാരമ്പര്യങ്ങള്‍ പൂര്‍ണ്ണമായി വിട്ടുമാറാത്ത ചിലര്‍ തങ്ങളുടെ വിഗ്രഹങ്ങളെയും അജ്ഞാതദേവന്മാരെയും ഹൃദയത്തില്‍ സൂക്ഷിച്ചു. ഇത്തരകാര്‍ സൃഷ്ടിച്ച അജ്ഞാതദേവന്മാര്‍ ക്രൈസ്തവസഭകളില്‍ ഇന്നു വിശുദ്ധരാണ്!

പുനരൈക്യത്തിലൂടെ സൗജന്യമായി കത്തോലിക്കാസഭയ്ക്ക് ലഭിച്ച ഒരു അജ്ഞാത വിശുദ്ധനായിരുന്നു ഗീവര്‍ഗീസ്! എന്നാല്‍, ചില പ്രദേശങ്ങളില്‍ ഈ അജ്ഞാതന്‍ യേഹ്ശുവായെക്കാള്‍ വളര്‍ന്നു എന്നതും വിസ്മരിക്കുന്നില്ല. യേഹ്ശുവായെ ആക്ഷേപിക്കുന്നവരോട് ക്ഷമിക്കാന്‍ ഉപദേശിക്കുന്ന ചില കുബുദ്ധികള്‍ക്ക് ഈ അജ്ഞാതനെ വിമര്‍ശിക്കുന്നവരോട് യാതൊരു സഹിഷ്ണുതയും ഇല്ലെന്നതും ശ്രദ്ധേയമാണ്.

വിശുദ്ധരെ പ്രഖ്യാപിക്കുന്ന രീതി അപ്പസ്തോലിക പാരംപര്യത്തിന്റെയോ ബൈബിളിന്റെയോ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ല. അപ്പസ്തോലന്മാരുടെ കാലത്തോ പിന്നീടിങ്ങോട്ടുള്ള നൂറ്റാണ്ടുകളിലോ ഇങ്ങനെയൊരു കീഴവഴക്കം ഉണ്ടായിരുന്നില്ല. ആയിരം വര്‍ഷത്തെ പഴക്കംപോലുമില്ലാത്ത ഈ ആചാരത്തിന്റെ ഉറവിടം തികച്ചും വചനവിരുദ്ധവും അപ്പസ്തോലന്മാരുടെ പാരമ്പര്യത്തിനു ചേരാത്തതുമാണ്. വിശുദ്ധരെ പ്രഖ്യാപിക്കുകയെന്ന സാഹസത്തിനുപിന്നില്‍ വെറും കച്ചവട താത്പര്യം മാത്രമാണുള്ളത്. ഏകരക്ഷകനായ യേഹ്ശുവായെ പ്രഘോഷിക്കുന്നതിനും ആ നാമത്തെ ധ്യാനിക്കുന്നതിനുമുള്ള സമയത്തില്‍നിന്ന്‍ അല്പമെങ്കിലും അപഹരിക്കുകയെന്ന സാത്താന്റെ കുതന്ത്രവും ഇതിന്റെ പിന്നിലുണ്ട്. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെ ദുര്‍ബലമാക്കാന്‍, നന്മയുടെ രൂപം ധരിച്ചെത്തിയ തിന്മയാണ് വിശുദ്ധരെ പ്രഖ്യാപിക്കല്‍! മാത്രവുമല്ല, വിശ്വാസികളെല്ലാം വിശുദ്ധരുടെ സഹപൗരന്മാരാണെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിക്കാനും ഇതു കാരണമാകുന്നുണ്ട്. ആദ്യത്തെ മാര്‍പ്പാപ്പ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9).

വിശ്വാസികളെ നോക്കി ആദ്യത്തെ മാര്‍പ്പാപ്പ ഇപ്രകാരം പ്രഖ്യാപിച്ചുവെങ്കില്‍, ഇതിനെ അസാധുവാക്കാന്‍ മനുഷ്യര്‍ക്ക്‌ സാദ്ധ്യമല്ല! ആയതിനാല്‍, വിശ്വാസികളെല്ലാം വിശുദ്ധരാണ്! എന്നാല്‍, പേരുകൊണ്ട് ക്രിസ്ത്യാനികളായവരെല്ലാം വിശ്വാസികളാണെന്ന് ആരും കരുതരുത്. ക്രിസ്തുവോ അപ്പസ്തോലന്മാരോ പഠിപ്പിക്കാത്ത ആശയങ്ങളുമായി പ്രത്യക്ഷപ്പെടുന്നവരെ നാം സൂക്ഷിക്കണം. ക്രൈസ്തവസഭകളില്‍ പാഷാണ്ടതകള്‍ ഉടലെടുത്ത കാലഘട്ടങ്ങളിലാണ് വിശുദ്ധരെ വാഴിക്കുന്ന പ്രവണതയും നാമ്പെടുത്തത്. രാജാക്കന്മാരും രാജപത്നിമാരും ഇത്തരത്തില്‍ ക്രിസ്തീയ വിശുദ്ധരായി! ക്രൈസ്തവസഭകള്‍ക്ക് രാജഭക്തി പ്രകാശിപ്പിക്കാനുള്ള അവസരമായി വിശുദ്ധ പ്രഖ്യാപനങ്ങളെ കണ്ടിരുന്നു! വിശുദ്ധരെ നാം വിശുദ്ധരായിത്തന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യണം. എന്നാല്‍, അവരെ പ്രഖ്യാപിക്കുന്ന ഉത്തരവാദിത്വമെങ്കിലും ദൈവത്തിനു വിട്ടുകൊടുത്തുകൂടേ? വിധിക്കാന്‍ അധികാരമുള്ളത് യേഹ്ശുവായ്ക്കു മാത്രമാണെന്ന് വചനം പറയുന്നു. ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുകയെന്നാല്‍, അവനെ വിധിക്കുന്നതിനു തുല്യമാണ്. യേഹ്ശുവായുടെ പുനരാഗമനത്തില്‍ മാത്രം സംഭവിക്കേണ്ട ഒരു പ്രക്രിയ മനുഷ്യന്‍ ഏറ്റെടുത്തതിലെ സാംഗത്യം മനോവയ്ക്ക് മനസ്സിലാകുന്നില്ല!

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍"(മത്താ: 25; 31-34). ഒരുവന്റെ നന്മതിന്മകളെ പരിശോധിച്ച് വിധിപ്രഖ്യാപിക്കുന്നത് യേഹ്ശുവായാണ്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു"(യോഹ: 5; 22). പിതാവ് അവിടുത്തെ പുത്രനു നല്‍കിയിരിക്കുന്ന ഈ അധികാരത്തില്‍ മനുഷ്യനു കൈകടത്താന്‍ അവകാശമില്ല!

യേഹ്ശുവാ തന്റെ ശിഷ്യന്മാരെ ലോകത്തേക്ക് അയച്ചപ്പോള്‍, നിങ്ങള്‍ പോയി വിശുദ്ധരെ പ്രഖ്യാപിക്കണമെന്ന് കല്പിച്ചിരുന്നോ? അവിടുന്ന് കല്പിച്ചത് ഇതാണ്: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20). ഇവിടെ മൂന്നു കാര്യങ്ങളാണ് യേഹ്ശുവാ ഭരമേല്പിച്ചത്; ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, അവിടുന്ന് കല്പിച്ചവ അനുസരിക്കാന്‍ പഠിപ്പിക്കുക. ഈ മൂന്ന്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന്‍ ശ്ലൈഹീകസഭകള്‍ വിരമിക്കുകയും, അവിടുന്ന് എല്പിക്കാത്ത കാര്യങ്ങളില്‍ വ്യാപരിക്കുകയും ചെയ്യുന്നു. വിശുദ്ധരെ അപകീര്‍ത്തിപ്പെടുത്തുക എന്നത് മനോവയുടെ ലക്ഷ്യമല്ല. എന്നാല്‍, ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ഇതര സഭാവിശ്വാസികളുടെയിടയില്‍ വിശുദ്ധര്‍ അവഹേളിക്കപ്പെന്നു എന്നത് മറക്കരുത്.

യേഹ്ശുവാ ഇപ്രകാരം പറയുന്നു: "പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ: 10; 41). വിശുദ്ധര്‍ നിന്ദിക്കപ്പെടാന്‍ കാരണമാകരുത്. അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കണം. എന്നാല്‍, അവരുടെ പ്രതിമകള്‍ നിര്‍മ്മിച്ചു വണങ്ങിയാല്‍, അത് വിഗ്രഹാരാധനയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. രാജാവായി അഭിഷേകം ചെയ്യപ്പെട്ട അഭിഷിക്തനായിരുന്നു ഹേറോദേസ്. എന്നാല്‍, അവനെ രാജാവായി സ്വീകരിക്കുന്നതിനുപകരം ദേവാനായി ഏറ്റുപറഞ്ഞപ്പോള്‍ അത് തിന്മയായി മാറി! വിശുദ്ധര്‍ ആദരിക്കപ്പെടേണ്ട വ്യക്തികളാണ്; മറിച്ച്, ആരാധിക്കപ്പെടേണ്ടവരല്ല! ഇവരുടെ പ്രതിമകള്‍ നിര്‍മ്മിച്ച്, അവയ്ക്കുമുന്നില്‍ പ്രണമിക്കുന്നത് ആരാധനയുടെ മറ്റൊരു രൂപംതന്നെയാണെന്നു നാം തിരിച്ചറിഞ്ഞേ മതിയാകൂ. "ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം"(റോമാ: 13; 7).

വിശുദ്ധരെ പ്രഖ്യാപിക്കുന്നത് അവരെ ആരാധിക്കാനല്ലെന്ന് മനോവയ്ക്കറിയാം. എന്നാല്‍, ഇവര്‍ ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറുന്നുവെങ്കില്‍, ഈ പ്രഖ്യാപനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണം. വിശുദ്ധിയില്‍ ജീവിച്ച ഒരുവന് ദൈവം വാഗ്ദാനം ചെയ്ത രക്ഷ അനുഭവിക്കണമെങ്കില്‍, ആരുടെയെങ്കിലും പ്രഖ്യാപനം ആവശ്യമില്ല. അതുപോലെതന്നെ, ആരെങ്കിലും പ്രഖ്യാപിച്ചതുകൊണ്ട്, അശുദ്ധനായ ഒരുവന്‍ വിശുദ്ധനാകുകയില്ല. ഒരുവന്‍ വിശുദ്ധനോ അശുദ്ധനോ എന്ന് ദൈവം നിശ്ചയിക്കട്ടെ!

വിശുദ്ധരെ അനുകരിക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന കെണി!

ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന വലിയൊരു അപകടം പലരും മനസ്സിലാക്കിയിട്ടില്ല. വിശുദ്ധനായി ഉയര്‍ത്തപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിലെ സകല കാര്യങ്ങളും അനുകരിക്കാനുള്ള പ്രവണത സാധാരണ വിശ്വാസികളില്‍ ഉടലെടുക്കുന്നു എന്നതാണ് ഈ വലിയ അപകടം. ചില വിശുദ്ധരുടെ ചെയ്തികളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ദൈവവചന വിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിശുദ്ധരുടെ പുസ്തകങ്ങളെ ദൈവവചനത്തെക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കുന്നവരെയും മനോവയ്ക്കറിയാം.

ഒരു മനുഷ്യനും പൂര്‍ണ്ണനല്ലാത്തതുകൊണ്ടുതന്നെ എത്ര വലിയ വിശുദ്ധരും പരിപൂര്‍ണ്ണരല്ല. പരിപൂര്‍ണ്ണനായി ദൈവം മാത്രമേയുള്ളു. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് പരിപൂര്‍ണ്ണതയിലേക്കാണെങ്കിലും, ആ പൂര്‍ണ്ണതയില്‍ എത്തിച്ചേരാന്‍ മനുഷ്യനു സാധിക്കുകയില്ല! സഭ ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിച്ചാല്‍പ്പോലും, ആ വ്യക്തിയുടെ ജീവതം പൂര്‍ണ്ണമായും അനുകരണീയമാകണമെന്നില്ല. കാരണം, ഓരോ വ്യക്തികളെയും വ്യത്യസ്തമായ ദൗത്യങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവരായിരിക്കാം വിശുദ്ധരായി ഉയര്‍ത്തപ്പെടുന്നത്. എന്നാല്‍, അവരുടെ പല ബോധ്യങ്ങളും ദൈവവചനത്തോട് ചേര്‍ന്നുനില്‍ക്കുന്നവ ആയിരിക്കണമെന്നില്ല. ഓരോ വിശുദ്ധരുടെയും ജീവചരിത്രം പരിശോധിച്ചാല്‍, ഇതു വ്യക്തമാകും!  നൂറുകണക്കിന് ഉദാഹരണങ്ങള്‍ നിരത്താന്‍ മനോവയുടെ മുന്നിലുണ്ട്. വിശുദ്ധരെ ഇകഴുത്തുവാനുള്ള ശ്രമമായി ഇതിനെ കാണരുതെന്ന അഭ്യര്‍ത്ഥനയോടെ ചില ഉദാഹരണങ്ങള്‍ ഇവിടെ വെളിപ്പെടുത്താം.

ഒരുവന്റെ ആത്മരക്ഷയ്ക്ക് ആവശ്യമായതു നല്‍കുന്നതില്‍ കവിഞ്ഞുള്ള മറ്റൊരു ജീവകാരുണ്യ പ്രവര്‍ത്തിയും ഇല്ലെന്നിരിക്കെ, മദര്‍ തെരേസയുടെ ജീവിതം അനുകരിക്കാന്‍ ഒരു സുവിശേഷകന്‍ ശ്രമിച്ചാല്‍, അത് ഗുരുതരമായ വീഴ്ച്ചയായിരിക്കും. എന്നാല്‍, അനാഥമന്ദിരങ്ങള്‍ നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മദറിന്റെ ജീവിതത്തില്‍നിന്നു പലതും പഠിക്കാനുണ്ട്. എന്നിരുന്നാലും, സുവിശേഷം അറിയിക്കുവാനും ആത്മരക്ഷ പ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗം അറിയിക്കാനും അവസരമുണ്ടായിട്ടും, അതിനു ശ്രമിക്കാത്ത മദര്‍ തെരേസയുടെ ബോധ്യത്തെ അനുകരിക്കാന്‍ മനോവ ആരെയും പ്രോത്സാഹിപ്പിക്കുകയില്ല! ലോകം ആഗ്രഹിച്ച വിധത്തില്‍ മദര്‍ തെരേസ പ്രവര്‍ത്തിച്ചു എന്നത് സത്യമാണ്. എന്നാല്‍, ദൈവം ഏല്പിച്ച ജോലിയില്‍ മദര്‍ തികച്ചും പരാജയമായിരുന്നു. ലോകത്തില്‍നിന്നു ലഭിച്ച സ്വീകാര്യതതന്നെ ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം! കാരണം, യേഹ്ശുവാ ഇങ്ങനെ പ്രഖ്യാപിച്ചിരിക്കുന്നു: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും"(യോഹ: 15; 18-20).

മരണാസന്നനായ ഒരു വ്യക്തിയോട് അവന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ മദര്‍ തെരേസ ഉപദേശിച്ചതായി കേട്ടിട്ടുണ്ട്. അന്ത്യനിമിഷത്തിലെങ്കിലും ഒരുവന്റെ ആത്മരക്ഷയ്ക്ക് ആവശ്യമായ സത്യം അറിയിക്കാന്‍ തയ്യാറാകാത്ത ഒരു വ്യക്തിയെ മാതൃകയാക്കാന്‍ മനോവ ആരെയും പ്രോത്സാഹിപ്പിക്കില്ല. ക്രിസ്തുവിന്റെ വചനം ഈ ഭൂമുഖത്തു പ്രചരിപ്പിച്ചവരില്‍ ആരുംതന്നെ പീഡിപ്പിക്കപ്പെടാതിരുന്നിട്ടില്ല. യേഹ്ശുവാ അറിയിച്ച വചനം സത്യസന്ധമായി അവതരിപ്പിച്ചാല്‍, അത് ഈ ലോകത്തിനു സ്വീകരിക്കാന്‍ കഴിയില്ല. അങ്ങനെയിരിക്കേ, ലോകം മുഴുവന്റെയും ആദരവിന് പാത്രമാകുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ വചനവിരുദ്ധമായ എന്തോ ഒളിഞ്ഞിരിപ്പുണ്ട്. യേഹ്ശുവായ്ക്കു തെറ്റുപറ്റിയെന്നു പറയാന്‍ മനോവയ്ക്കു സാധിക്കില്ല. എന്നാല്‍, ദൈവപുത്രന് പിഴവുപറ്റിയെന്നു നേരിട്ടു പറയാതെ, തെറ്റുതിരുത്തല്‍ രേഖകള്‍ അവതരിപ്പിക്കുന്ന നേതാക്കന്മാരാണ് ഇന്നു സഭയെ നയിക്കുന്നത്. യേഹ്ശുവായുടെ വചനങ്ങളെ അവഗണിച്ചുകൊണ്ട് നിര്‍മ്മിച്ച 'ബദല്‍രേഖ'യാണ് കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം! ക്രിസ്തുവിന്റെ ആഹ്വാനത്തെയും അപ്പസ്തോലന്മാര്‍ ജറുസലെമില്‍ സമ്മേളിച്ച ആദ്യത്തെ സൂനഹദോസിനെയും പുച്ഛിക്കാന്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ വിളിച്ചുചേര്‍ത്ത 'ബദല്‍' സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! ഈ സമ്മേളനത്തിനും യുവജന മതബോധനഗ്രന്ഥത്തിനും ലഭിക്കുന്ന അമിതമായ സ്വീകര്യതതന്നെയാണ് ഇവയുടെ ആധികാരികതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്!

പിതാവായ ദൈവത്തിലേക്കുള്ള ഏകവഴി താനാണെന്നു പ്രഖ്യാപിച്ചത് മനുഷ്യപുത്രനായ യേഹ്ശുവാതന്നെയാണ്! "യേഹ്ശുവാ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഈ സത്യത്തെ ആദ്യമായി നിഷേധിച്ചു. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന അബദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടാണ് യേഹ്ശുവായെ അവര്‍ നുണയനാക്കിയത്! ഈ പ്രഖ്യാപനം സാത്താനും ലോകത്തിനും സ്വീകാര്യമായിരുന്നു എന്നതിന്റെ തെളിവാണ് ജോണ്‍ ഇരുപത്തിമൂന്നാമനും രണ്ടാംവത്തിക്കാന്‍ സൂനഹദോസിനും ലഭിച്ച അംഗീകാരം! യേഹ്ശുവാ ഏകരക്ഷകനാണെന്നു പ്രഖ്യാപിച്ചതുമൂലം രക്തസാക്ഷികളാകേണ്ടിവന്ന വിശുദ്ധരുടെ ഗണത്തിലേക്ക്, എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ആന്റി പോപ്പിനെ' ഉയര്‍ത്തി! അശുദ്ധനെ വിശുദ്ധനാക്കിയവനെയാണ് ഇന്നു ലോകം തോളിലേറ്റി നടക്കുന്നത്! ദൈവം നമുക്കു നല്‍കിയ മുഴുവന്‍ നിയമങ്ങളെയും നീക്കംചെയ്ത് പിശാചിനും ലോകത്തിനും പ്രിയങ്കരങ്ങളായ നിയമങ്ങളെ സ്ഥാപിക്കാനുള്ള കുതന്ത്രങ്ങള്‍ ഈ അഭിനവ 'ആന്റി പോപ്പ്' ആവിഷ്കരിക്കുന്നത് പലരും തിരിച്ചറിയുന്നില്ല! ദൈവത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ യാതൊരു ബോധവുമില്ലാത്ത അന്ധകാരത്തിന്റെ ജന്മങ്ങളാണ് ഇയാള്‍ക്കു ചുറ്റും തമ്പടിച്ചിരിക്കുന്നത്!

ഇയാള്‍ക്ക് ലോകവും ലോകമാധ്യമങ്ങളും നല്‍കുന്ന ആദരവുകണ്ട് തിരഞ്ഞെടുക്കപ്പെട്ടവര്‍പ്പോലും വഴിതെറ്റുന്നു എന്നതാണ് ഏറെ ദുരന്തകരം! അന്ത്യകാലത്തിന്റെ മുഴുവന്‍ അടയാളങ്ങളുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ മനുഷ്യനെ തിരിച്ചറിയണമെങ്കില്‍ ആത്മീയജ്ഞാനം അനിവാര്യമാണ്! യേഹ്ശുവായുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ: 24; 24). യേഹ്ശുവായെ ദൈവമായി ഏറ്റുപറയാന്‍ തയ്യാറാകാത്ത പോപ്പ് ഫ്രാന്‍സീസിനെ ലോകം ആരാധിക്കുന്നതു കാണുമ്പോള്‍, ഈ വചനം ഓര്‍ക്കുക. ക്രൈസ്തവര്‍ എവിടെ പീഡിപ്പിക്കപ്പെട്ടാലും ഒരക്ഷരംപോലും ഉരിയാടാത്ത ഈ മനുഷ്യന്‍, എവിടെയെങ്കിലും ഒരു ഇസ്ലാം സ്വയം പൊട്ടിത്തെറിച്ചാല്‍ ഉപവാസം പ്രഖ്യാപിക്കുന്നതും കണ്ടില്ലെന്നു നടിക്കരുത്!

വിഷയത്തിലേക്ക് തിരിച്ചുവന്ന് ഈ ലേഖനം ഉപസംഹരിക്കേണ്ടിയിരിക്കുന്നു. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആരുടേയും ജീവിതത്തെ അപ്പാടെ അനുകരിക്കുന്നതിലെ ദുരന്തമാണ് നാം പറഞ്ഞുവന്നത്. ക്രിസ്തുവിനെ തന്റെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ച പഞ്ചക്ഷതധാരിയായിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാന്‍സീസ്! എന്നാല്‍, ഇദ്ദേഹത്തെ രണ്ടാം ക്രിസ്തുവെന്ന്‍ വിശേഷിപ്പിക്കുന്നതിനോട്‌ മനോവയ്ക്കു യോജിപ്പില്ല. ക്രിസ്തു അന്നും ഇന്നും ഒരുവന്‍ മാത്രമാണ്! ക്രിസ്തുവിനോടു തുല്യനായി ആരുമില്ല. അതുകൊണ്ടുതന്നെ, രണ്ടാം ക്രിസ്തു മൂന്നാം ക്രിസ്തു എന്നിങ്ങനെ മനുഷ്യരെ വിളിക്കുന്നത് പൈശാചികമായ ആശയമാണ്. "ഒരു ക്രിസ്തുവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവുമേയുള്ളു"(എഫേ: 4; 5). ക്രിസ്തുവിനെ അനുഗമിച്ചവന്‍ എന്ന കാരണത്താല്‍, ഫ്രാന്‍സീസ് അസീസിയെ മനോവ ആദരിക്കുന്നു. ഇദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും ക്രിസ്തുവിന്റെ വചനത്തോട് ചേര്‍ന്നുനില്‍ക്കുന്നതല്ല എന്നതും മനോവ തിരിച്ചറിയുന്നു. യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ച് പിതാവായ ദൈവത്തിന്റെ മക്കളായി മാറിയവരാണ് പരസ്പരം സഹോദരങ്ങളായി മാറുന്നതെന്ന് വചനം സാക്ഷ്യപ്പെടുത്തിയിരിക്കെ, കഴുതകളെയും ചെന്നായ്ക്കളെയും സഹോദരന്‍ എന്നു വിളിച്ച ഫ്രാന്‍സീസിനെ അനുകരിക്കാന്‍ മനോവ ആരെയും ഉപദേശിക്കില്ല! ഫ്രാന്‍സീസ് അസീസിയുടെ എല്ലാ നന്മകളെയും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ: ഫ്രാന്‍സീസ് അസീസിയോ മറ്റേതെങ്കിലും വിശുദ്ധാരോ പരിപൂര്‍ണ്ണരല്ല.

പരിപൂര്‍ണ്ണരല്ലാത്ത വ്യക്തികളെ അനുകരിക്കുമ്പോള്‍ നമുക്കു പരിപൂര്‍ണ്ണരാകാന്‍ കഴിയില്ല. ആയതിനാല്‍, പരിപൂര്‍ണ്ണനായ യേഹ്ശുവായെ അനുകരിക്കുന്നവരായി നമുക്കു മാറാം. "നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍"(മത്താ: 5; 48). ഇതിനായി ശ്രമിച്ചവരാണ് വിശുദ്ധര്‍! നാം അനുകരിക്കേണ്ടത്, പരിപൂര്‍ണ്ണനായ യേഹ്ശുവായെ മാത്രമാണ്! വിശുദ്ധരുടെ ജീവിതം പൂര്‍ണ്ണമായും അനുകരണയോഗ്യമാണെന്നു ചിന്തിക്കുന്നവരാണ് ദുര്‍ബ്ബലരായ വിശ്വാസികള്‍! ഇതുതന്നെയാണ് വിശുദ്ധരെ പ്രഖ്യാപിക്കുന്നതിലൂടെ വന്നുഭവിക്കുന്ന ദുരന്തവും! ഖുറാന്‍ ചുംബിക്കുകയും അന്യദേവന്മാരുടെ ആലയങ്ങളില്‍ അലഞ്ഞുതിരിയുകയും ചെയ്ത വ്യക്തിയും എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുവിനെ അപഹസിച്ച വ്യക്തിയും ഇന്നു പ്രതിമകളായി സഭയില്‍ നിലയുറപ്പിച്ചു കഴിഞ്ഞു! വിശുദ്ധരെ വാഴിക്കല്‍ എന്ന വചനവിരുദ്ധ ആശയത്തിലൂടെ സാത്താന്‍ ലക്ഷ്യമിട്ടതും ഇതുതന്നെയായിരുന്നു!

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5291 views

LOG IN

Lost your password?

SIGN UP

LOST PASSWORD