അറിഞ്ഞിരിക്കാന്‍

ഞാന്‍ അവനെ പിടിച്ചു; അവന്‍ എന്നെ കെട്ടി!

Print By
about

ഭകളുടെ വ്യത്യാസമില്ലാതെ നിരവധി ആത്മീയമനുഷ്യരുടെ ഇന്നത്തെ അവസ്ഥയാണ് ഈ ലേഖനത്തിലൂടെ ചിന്താവിഷയമാക്കുന്നത്. ദൈവത്തിലുള്ള പൂര്‍ണ്ണമായ ആശ്രയമോ, ശക്തമായ പ്രാര്‍ത്ഥനയോ, വചനത്തിലുള്ള ആഴമോ ഇല്ലാതെ ആത്മീയശുശ്രൂഷക്ക് ഇറങ്ങിത്തിരിച്ച പലരുടേയും ദുരവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ 'തലക്കെട്ട്'! 'ഞാന്‍ അവനെ പിടിച്ചു; പക്ഷെ അവന്‍ എന്നെ കെട്ടി'! തിന്മയില്‍ വ്യാപരിക്കുന്നവരെ മാനസാന്തരപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട ചിലര്‍, ആത്മീയജീവിതത്തില്‍നിന്ന് വഴുതിമാറി ലോകത്തിന്റെ മനുഷ്യരായി ഇന്നു ജീവിക്കുന്നുണ്ട്.

തങ്ങള്‍ അറിഞ്ഞതും അനുഭവിച്ചതുമായ രക്ഷ മറ്റുള്ളവരെ അറിയിക്കുവാനുള്ള തീഷ്ണത സ്വാഭാവികമാണ്. ദൈവത്തിനു നമ്മള്‍ അര്‍പ്പിക്കുന്ന പ്രതിനന്ദിയാണത്. മാത്രവുമല്ല പരസ്നേഹ പ്രവര്‍ത്തിയുടെ ഏറ്റവും ശ്രേഷ്ഠമായ ശുശ്രൂഷയുമാണ്. ചിലരെങ്കിലും കരുതുന്നത് ഭൗതിക സഹായങ്ങള്‍ മാത്രമാണ് ജീവകാരുണ്യ പ്രവര്‍ത്തിയെന്നാണ്. അവ ജീവകാരുണ്യ പ്രവര്‍ത്തികള്‍തന്നെ. എന്നാല്‍, അതിനെക്കാളെല്ലാം ഉപരിയാണ് ആത്മരക്ഷ! നിത്യനാശത്തില്‍നിന്ന് ഒരുവനെ രക്ഷയിലേക്കു നയിക്കുന്നതിനെക്കാള്‍ വലിയ ഒരു പരസ്നേഹ പ്രവര്‍ത്തിയുമില്ല. ജീവകാരുണ്യ പ്രവര്‍ത്തികളിലൂടെ യേഹ്ശുവായുടെ രക്ഷ അറിയിക്കുകയെന്ന ദൗത്യവുമായി മുന്നോട്ടുപോകുന്ന ചില സഭകള്‍ യഥാര്‍ത്ഥ ഉത്തരവാദിത്വത്തില്‍നിന്ന് അകന്നുപോയോ എന്നു ചിന്തിക്കേണ്ടതുണ്ട്. അത്മരക്ഷക്ക് ഉതകുന്ന സത്യം അറിയിക്കാതെ മറ്റെന്തു കൊടുത്താലും അതു സ്നേഹത്തിന്റെ പൂര്‍ണ്ണതയല്ല.

അപ്പവും വെള്ളവുമെന്നെല്ലാം യേഹ്ശുവാ പറയുന്നത് ശരീരത്തിന്റെ ആവശ്യത്തിനുള്ള ഭക്ഷണപാനീയങ്ങളായി വ്യാഖ്യാനിക്കുന്നത് തികച്ചും തെറ്റാണ്. നിങ്ങള്‍ അറിയാത്ത ഒരു ഭക്ഷണം എനിക്കുണ്ടെന്ന് യേഹ്ശുവാ പറഞ്ഞപ്പോള്‍ ശിഷ്യന്മാരും അത് അപ്പത്തിന്റെ കാര്യമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍, പരിശുദ്ധാത്മാവിന്റെ നിറവോടെ യഥാര്‍ത്ഥ അപ്പത്തെയും വെള്ളത്തെയും അവര്‍ തിരിച്ചറിഞ്ഞു. പിന്നീട് അത് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ ശിഷ്യന്മാര്‍ തയ്യാറായി. അതായിരുന്നു ദൈവവചനം. പ്രവാചകനായ എസക്കിയേലിനു ഭക്ഷണമായി ദൈവം വചനച്ചുരുള്‍ നല്‍കി. ശിഷ്യന്മാര്‍ ആദ്യം ധരിച്ചുവച്ചിരുന്ന അബദ്ധത്തിലാണ് ഇന്നും ചില ക്രൈസ്തവര്‍! ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഓട്ടത്തില്‍ യഥാര്‍ത്ഥ ഭക്ഷണമായ വചനത്തെ മാറ്റിവച്ചു. ക്രൈസ്തവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവര്‍ ക്രൈസ്തവ വിരോധികളായി മാറുന്നത് ഇക്കാരണം കൊണ്ടാണ്. അവര്‍ക്കു നല്‍കേണ്ടത് നല്‍കിയില്ല.

ദൈവത്തില്‍നിന്നുള്ള രക്ഷ സ്വീകരിച്ച ഓരോ വ്യക്തികളെയും ദൈവം ഭരമേല്‍പ്പിച്ച ദൗത്യമാണ് സുവിശേഷപ്രഘോഷണം. യേഹ്ശുവാ പറയുന്നതിങ്ങനെയാണല്ലോ; "നിങ്ങള്‍ ലോകമെങ്ങുംപോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും;വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോസ്: 16; 15, 16). അപ്പസ്തോലന്മാരെ മാത്രം ഏല്‍പ്പിച്ച ഉത്തരവാദിത്വമല്ലിത്. രക്ഷപ്രാപിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ചെയ്യേണ്ടതായ കാര്യമാണ്. വിശ്വസിക്കുക മാത്രമല്ല ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് രക്ഷപൂര്‍ണ്ണമാകുന്നതെന്നു വചനം പറയുന്നുണ്ടല്ലോ! "എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതികരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു"(റോമാ: 10; 10). സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ തനിക്കു ദുരിതമെന്നാണ് പൗലോസ് അപ്പസ്തോലന്‍ പറയുന്നത്. അപ്പസ്തോലന്റെ വാക്കുകള്‍ ഇങ്ങനെയാണ്: "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം!"(1 കോറി: 9; 16).

ഓരോ ക്രൈസ്തവനെയും ദൈവം  ഭരമേല്പിച്ച രാജകീയ പൗരോഹിത്യമുണ്ട്. അപ്പസ്തോലനായ പത്രോസ് അതു നമ്മെ  ഓര്‍മ്മപ്പെടുത്തുന്നു: "നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍ നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം"(1 പത്രോ: 2; 9). ഈ പ്രകീര്‍ത്തനമാണ് സുവിശേഷപ്രഘോഷണം! കോടിക്കണക്കിനു മനുഷ്യരുടെ ഇടയില്‍നിന്നു നമ്മെ തിരഞ്ഞെടുത്ത് അവിടുത്തെ അറിയാന്‍ അവസരം നല്‍കി. എന്നാല്‍ ഈ സത്യം അറിയാതെ അന്ധകാരത്തില്‍ നിത്യശിക്ഷക്കു വിധിക്കപ്പെട്ടവരെപ്പോലെ കഴിയുന്നവരുണ്ട്. അവര്‍ സത്യം അറിയാതെ നിത്യനാശത്തില്‍ പതിച്ചാല്‍, നമ്മള്‍ അതിനു കണക്കു ബോധിപ്പിക്കേണ്ടിവരും.

മനോവയ്ക്കു ലഭിച്ച ഒരു ബോധോദയമാണ് ഇതെന്ന് ആരും കരുതേണ്ട. എസക്കിയേല്‍ പ്രവാചകനിലൂടെ ഇക്കാര്യം യാഹ്‌വെ  വ്യക്തമായി അറിയിക്കുന്നുണ്ട്. "മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായെല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും പിന്മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും"(എസെക്കി: 3; 17-19). നിന്റെ സഹോദരന്‍ ആബേല്‍ എവിടെയെന്ന് കായേനിനോട് ചോദിച്ചത് യാഹ്‌വെ നമ്മോടും ആവര്‍ത്തിക്കും!

ഈ സത്യം അറിയിക്കാതെ  ശരീരത്തിന്റെ വിശപ്പടക്കാന്‍ അപ്പവും, ഉടുക്കാന്‍ വസ്ത്രവും,  ഉന്നത  വിദ്യാഭ്യാസവും കൊടുക്കുമ്പോള്‍ ലോകത്തിന്റെ പ്രശംസ ലഭിക്കാം. എന്നാല്‍, ദൈവം  ഏല്പിച്ച ജീവകാരുണ്യ ദൗത്യത്തിന്റെ പൂര്‍ണ്ണത കൈവരുന്നില്ല. അവയെല്ലാം നല്ലതുതന്നെ! എങ്കിലും, ശരീരത്തെക്കാള്‍ ശ്രേഷ്ഠമാണ്, ആത്മാവെന്നു  തിരിച്ചറിഞ്ഞ്, ആത്മീയ അറിവു പകരുകയും  നഗ്നത മറയ്ക്കുകയും വേണം. എല്ലാറ്റിനുമുപരിയായി യഥാര്‍ത്ഥ ഭക്ഷണമായ യേഹ്ശുവായെ നല്‍കണം!  ഇവിടെയാണു  ജീവകാരുണ്യം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത്. ഒരു ബൈബിള്‍ കൈവശം വയ്ക്കാന്‍പോലും അനുവാദമില്ലാത്ത രാജ്യങ്ങളിലേക്ക് വസ്ത്രവും ഭക്ഷണവും മരുന്നുമായി ഇനിയും പോകേണ്ടതുണ്ടോ എന്ന്‍ പുനര്‍വിചിന്തനം നടത്തണം. ക്രൈസ്തവന്റെ കൈയ്യും തലയും വെട്ടാന്‍, പള്ളിയില്‍ പിരിവെടുത്തയക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തിയല്ല.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിലെ  ചില പരാമര്‍ശങ്ങളെ ഏറ്റുപിടിച്ചുകൊണ്ട് ചില സഭാനേതാക്കന്മാര്‍  ദൈവത്തിന്റെ നിയമത്തെ ചവിട്ടിമെതിക്കുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ലോകമെങ്ങും സുവിശേഷം പ്രസംഗിക്കുവാനും വിശ്വസിക്കുന്നവരെ ജ്ഞാനസ്നാനപ്പെടുത്തുവാനും  ഉപദേശിച്ചത് യേഹ്ശുവായാണ്. വിശ്വസിക്കുന്നവര്‍ രക്ഷപ്രാപിക്കുകയും വിശ്വസിക്കാത്തവര്‍  ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണല്ലോ യേഹ്ശുവാ നമ്മോട് പറഞ്ഞിട്ടുള്ളത്. വത്തിക്കാനിലെ രണ്ടാം സൂനഹദോസിനെ ആസ്പദമാക്കി എന്ന അവകാശത്തോടെ പ്രചരണം നടത്തുന്നവര്‍, മനുഷ്യരുടെ രക്ഷയെ തടസപ്പെടുത്തുന്നു. ഫാ. അടപ്പൂര്‍ (എസ്.ജെ) എന്ന പുരോഹിതനടക്കം വഴിതെറ്റിയ വിശ്വാസികള്‍ യേഹ്ശുവാ എന്ന ഏകരക്ഷക്കു പകരംവയ്ക്കാനുള്ള  മറുരക്ഷകള്‍ തേടി അലയുകയാണ്. ഹിന്ദുവിശ്വാസികള്‍ അവരുടെ വിശ്വാസം കാക്കണമെന്നും ഇസ്ലാം ആ വിശ്വാസത്തില്‍ നിലനിന്നുപോകണമെന്നും പറയുന്ന  ഇത്തരക്കാര്‍  പ്രചരിപ്പിക്കുന്നത് അസത്യമാണ്. യേഹ്ശുവാ പറഞ്ഞ വാക്കുകളെ മുഴുവന്‍  തള്ളിക്കളഞ്ഞുകൊണ്ട്,  തങ്ങളുടെ വിവരക്കേട് പ്രചരിപ്പിക്കുന്നവര്‍ ലക്ഷ്യമിടുന്നത് 'പത്മശ്രീയും' 'പത്മഭൂഷണു'മൊക്കെ ആയിരിക്കാം! എന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തിന്റെ  സമീപത്തെങ്കിലും എത്താന്‍ ഈ സിദ്ധാന്തങ്ങള്‍ക്കൊന്നും സാധ്യമല്ല. യേഹ്ശുവാ നേരിട്ടു പറഞ്ഞ ചില തിരുവചനങ്ങള്‍ ഇവിടെ പ്രസക്തങ്ങളാണ്. യേഹ്ശുവാ പറയുന്നു: "ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍"(മത്താ: 16; 6). മനുഷ്യരെ തെറ്റായി പഠിപ്പിക്കുന്ന വ്യാജപ്രബോധകരാണിവര്‍ എന്നാണ് യേഹ്ശുവാ മുന്നറിയിപ്പു തരുന്നത്.

അന്നത്തെ പുരോഹിതരെ മാത്രമല്ല യേഹ്ശുവാ ഉദ്ദേശിച്ചതെന്ന് വചനവും ആനുകാലിക സംഭവങ്ങളും ചേര്‍ത്തുവായിക്കുമ്പോള്‍ മനസ്സിലാകും. യേഹ്ശുവാ ഇങ്ങനെ പറയുന്നു: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14). ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്തതും വ്യക്തവുമായ മുന്നറിയിപ്പാണ് യേഹ്ശുവാ തരുന്നത്. ഏതു മതത്തിലും രക്ഷയുണ്ടെന്ന അപകടകരമായ സന്ദേശം പ്രചരിപ്പിക്കുന്നതിലൂടെ യേഹ്ശുവായുടെ കുരിശിലെ ബലിയേയും അവിടുത്തെ വചനത്തെയും പരിഹസിക്കുകയാണിവര്‍!
 
സൂനഹദോസുകളുടെ പവിത്രയെതന്നെ കളങ്കപ്പെടുത്തുന്ന ഇത്തരം പ്രചരണങ്ങളെ ശാസിക്കുകയോ അവഗണിക്കാന്‍ സഭാമക്കളെ ഉദ്ബോധിപ്പിക്കുകയോ ചെയ്യേണ്ടത് സഭാനേതൃത്വത്തിന്റെ കടമയാണ്. അല്പം കൂടുതല്‍ ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചാല്‍ ഇടയലേഖനങ്ങളിറക്കി ശാസിക്കുവാനും പ്രാര്‍ത്ഥനാ കൂട്ടായ്മകളെ വിലക്കാനും ശ്രമിക്കുന്നതിനെക്കാള്‍ പ്രാധാന്യത്തോടെ ഇത്തരം പ്രചാരകരെ ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.
 
ഒരുകാര്യം ഓര്‍ക്കുക; മറ്റേതെങ്കിലും മതങ്ങളിലൂടെയോ വിശ്വാസങ്ങളിലൂടെയോ ആത്മരക്ഷ പ്രാപിക്കാമായിരുന്നുവെങ്കില്‍ സുവിശേഷ പ്രസംഗത്തിന് യേഹ്ശുവാ ഇത്രമാത്രം ഗൗരവത്തോടെയുള്ള ആഹ്വാനം ചെയ്യുമായിരുന്നില്ല. ഇന്നു നിലവിലുള്ള പല മതങ്ങളും അന്നുമുണ്ടായിരുന്നു. ദൈവമില്ലെന്നു വിശ്വസിക്കുന്നതും എല്ലാം ദൈവമാണെന്നു വിശ്വസിക്കുന്നതും ഒന്നുപോലെ അപകടമായതുകൊണ്ടാണ് യഥാര്‍ത്ഥ ദൈവത്തിലേക്കുള്ള ഏക വഴിയായ യേഹ്ശുവായെ പ്രസംഗിക്കാന്‍ എല്ലാ ക്രൈസ്തവരെയും ദൈവം ചുമതലപ്പെടുത്തിയത്.

വചനം പ്രസംഗിക്കുന്നവന്റെ പാദങ്ങള്‍ എത്ര സുന്ദരം!

ദൈവവചനം  പ്രസംഗിക്കുന്നില്ലെങ്കില്‍ അവനു ദുരിതമെന്നു പറഞ്ഞതു നിലനില്‍ക്കുമ്പോള്‍തന്നെ  പ്രസംഗിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അംഗീകാരവും വലുതാണ്. പൗലോസ്  അപ്പസ്തോലന്‍ പറയുന്നു: "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം!"(റോമാ: 10; 15). പ്രവാചകന്മാരിലൂടെ ദൈവം അറിയിച്ച സത്യം അപ്പസ്തോലന്‍ ഇവിടെ ആവര്‍ത്തിക്കുകയാണു ചെയ്യുന്നത്. കാരണം, ഏശയ്യാ പ്രവാചകനിലൂടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: "സദ്വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്!"(ഏശയ്യാ: 52; 7). ഈ സദ്വാര്‍ത്തയാണ് ബേത്-ലെഹെമില്‍ വിളിച്ചുപറഞ്ഞത്. സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങളെപോലും സുന്ദരമായി കരുതുന്ന ദൈവമാണു നമുക്കുള്ളത്.

"മധ്യാകാശത്തില്‍ പറക്കുന്ന വേറൊരു ദൂതനെ ഞാന്‍ കണ്ടു. ഭൂമിയിലുള്ളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള ഒരു സനാതനസുവിശേഷം അവന്റെ പക്കലുണ്ട്. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു; ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ആരാധിക്കുവിന്‍"(വെളി: 14; 6, 7 ). സൃഷ്ടാവല്ലാത്ത ദൈവത്തെ ആരാധിച്ചിരുന്നവരും അതില്‍ തുടരുന്നവരുമായ ജനതകളെ സത്യദൈവത്തെ അറിയിക്കുക എന്ന ചുമതലയാണ് ഓരോ ക്രൈസ്തവരിലും ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്.
 
നിങ്ങളെ സ്പര്‍ശിക്കുന്നവര്‍ 
യാഹ്‌വെയുടെ കണ്ണുകളിലെ കൃഷ്ണമണികളെയാണു സ്പര്‍ശിക്കുന്നതെന്നു പറഞ്ഞതിന്റെ അര്‍ത്ഥം നാം ഗ്രഹിക്കണം. ഓരോ ദൈവശുശ്രൂഷകനെയും അത്രമാത്രം കരുതലോടെയാണ് ദൈവം സംരക്ഷിക്കുന്നത്. ഏലിയാപ്രവാചകനെ പിന്തുടര്‍ന്നു പീഢിപ്പിച്ച ജസെബേല്‍ രാജ്ഞിയുടെ കഥ നമുക്കറിയാം. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ ഒന്‍പതാം അദ്ധ്യായം ആ ചരിത്രം വിവരിക്കുന്നുണ്ട്. അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും പ്രവാചകന്മാരെ എങ്ങനെ സംരക്ഷിച്ചുവെന്നും ദൈവവചനം പരിശോധിച്ചാല്‍ മനസ്സിലാകും. ഏലിയാ പ്രവാചകനു ഭക്ഷണം നല്‍കാന്‍ കാക്കകളെപ്പോലും ദൈവം നിയോഗിച്ചു. ഇതു പഴയനിയമ കാലത്തുമാത്രം സംഭവിച്ച കാര്യങ്ങളല്ല. ചങ്ങലകളാല്‍ ബന്ധിതരായി തടവറയില്‍ കഴിഞ്ഞ പൗലോസും സീലാസും ബന്ധനമുക്തരായത് അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ പതിനാറാം അദ്ധ്യായത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.
 
യേഹ്ശുവായുടെ നാമത്തെപ്രതി എന്തുതന്നെ നഷ്ടപ്പെട്ടാലും അതു നൂറിരട്ടിയായി തിരിച്ചു ലഭിക്കും എന്നു പറഞ്ഞവന്റെ വാഗ്ദാനം വിശ്വസിക്കുക; എന്തെന്നാല്‍, അവന്‍ വാക്കുമാറ്റുന്നവനല്ല. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിതാരാകുകയുമില്ല. യേഹ്ശുവാ പറയുന്നു:
"നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു. ഈ ചെറിയവരില്‍ ഒരുവന് ശിഷ്യന് എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 10; 40-42).  

ദൈവരാജ്യശുശ്രൂഷകനു  മാത്രമല്ല അവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ക്കും  ദൈവം പ്രതിഫലം നല്‍കുമെന്നാണ്  യേഹ്ശുവായുടെ വാഗ്ദാനം! ചില ബന്ധങ്ങള്‍  നഷ്ടപ്പെടുമെന്നു കരുതിയോ അല്ലെങ്കില്‍ ലജ്ജകൊണ്ടോ യേഹ്ശുവായെ ഏറ്റുപറയാന്‍  മടിക്കുന്നവരുണ്ട്.  അല്ലെങ്കില്‍ ഇതെല്ലാം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം  ചുമതലയായി മാറ്റിനിര്‍ത്തുന്നവരും ഉണ്ടാകാം. എന്നാല്‍, ഇതിനെക്കുറിച്ച് യേഹ്ശുവാ  എന്താണു പറയുന്നതെന്നു നോക്കാം. ദൈവശുശ്രൂഷകര്‍ക്കും ശുശ്രൂഷയെ  മാറ്റിനിര്‍ത്തിയവര്‍ക്കുമുള്ള ഓഹരികളിലെ വ്യത്യാസം  ഇങ്ങനെയാണ്; "നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍, ഭയപ്പെടേണ്ടാ നിങ്ങള്‍ ആനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ: 10; 30-33).

ദൈവശുശ്രൂഷയ്ക്ക് തയ്യാറാകുന്നവര്‍ ശ്രദ്ധിക്കുക!

"എന്റെ മകനേ, നീ ദൈവശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക. നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തില്‍ അടി പതറരുത്. അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നുനില്‍ക്കുക; നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും"(പഭാ: 2; 1-3).

സുവിശേഷം പ്രസംഗിക്കുകയും  മറ്റിതര ദൈവീകശുശ്രൂഷകള്‍ ചെയ്യുകയെന്നതും വളരെ എളുപ്പമുള്ള ജോലിയാണെന്ന് ആരും  കരുതരുത്. അങ്ങനെ ചിന്തിച്ച് ശുശ്രൂഷയ്ക്ക് ഇറങ്ങിത്തിരിച്ച പലരും  പരാജയപ്പെടുകയും വിശ്വാസംപോലും ത്യജിക്കേണ്ടിവന്നവരുമുണ്ട്. 'ആരംഭശൂരത്തം' എന്ന് ആലങ്കാരികമായി പറയുന്ന അവസ്ഥയില്‍നിന്നു ലോകം മുഴുവനെയും മാനസ്സാന്തരത്തിലേക്കു  നയിക്കാന്‍ ഇറങ്ങി പരാജയപ്പെട്ടവരെയാണ് ഈ ലേഖനത്തിന്റെ തലക്കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. ആര്‍ക്കും എങ്ങനെയും ചെയ്യാവുന്ന ലളിതമായ ജോലിയായി ദൈവവചന ശുശ്രൂഷയെ കരുതാതിരിക്കുക. ഭയപ്പെടുത്തി ശുശ്രൂഷയില്‍നിന്നു ദൈവമക്കളെ അകറ്റുകയല്ല ഇവിടെ ലക്ഷ്യമിടുന്നത്. ശുശ്രൂഷകരെ അതിനായി പ്രാപ്തരാക്കുകയെന്ന നല്ല  ഉദ്ദേശമാണ്  ഈ ലേഖനത്തിലൂടെ ലക്ഷ്യമിടുന്നത്.

ദൈവശുശ്രൂഷയെന്നത് ഒരു യുദ്ധമാണ്! ഒരു പടയാളി യുദ്ധത്തിനു പ്രാവീണ്യം നേടുന്നതുവരെ  പരിശീലനത്തിലായിരിക്കും. സാത്താനും അവന്റെ പ്രഭുത്വങ്ങള്‍ക്കുമെതിരെ യുദ്ധത്തിനിറങ്ങുന്ന ഒരു പോരാളി ശാരീരിക പരിശീലനമല്ല സിദ്ധിക്കേണ്ടത്. മറിച്ച്, ആത്മീയജ്ഞാനത്തിനും ശക്തിക്കും ആവശ്യമായ പരിശീലനമാണ്. ഇക്കാര്യത്തെക്കുറിച്ച് യേഹ്ശുവായും, മുന്‍കാല പോരാളികളായ അപ്പസ്തോലന്മാരും വ്യക്തമായി  പറഞ്ഞിട്ടുള്ളത് ഗൗരവത്തോടെ അനുസരിച്ചാല്‍ ആത്മീയ ശുശ്രൂഷകള്‍ എളുപ്പമുള്ളതും ഫലദായകവുമാകും.

"സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭിത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്. അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും"(എഫേ: 6; 11-13). യുദ്ധത്തിനായി നമ്മള്‍ എങ്ങനെയാണ്, ഒരുങ്ങുകയും ജാഗരൂകരാകുകയും ചെയ്യേണ്ടതെന്ന് അപ്പസ്തോലനിലൂടെ പിന്നീടുള്ള വാക്യങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്. വചനം ഇങ്ങനെയാണു പറയുന്നത്: "അതിനാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമായ പാദരക്ഷകള്‍ ധരിക്കുവിന്‍, സര്‍വ്വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന്, നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫേ: 6; 14-17).

സുവിശേഷ പ്രസംഗമോ മറ്റേതെങ്കിലും ശുശ്രൂഷകളിലോ വ്യാപരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുള്ള ഒരുക്കമുള്ളവരായിരിക്കണം. നമ്മില്‍ ഇല്ലാത്ത ഒന്നിനെ മറ്റുള്ളവര്‍ക്കു പങ്കുവക്കാന്‍ നമുക്കാവില്ല. വചനം നമ്മില്‍ വളരുമ്പോളാണ് അത് ഫലം നല്‍കുന്നത്. നമ്മള്‍ പരിശുദ്ധാത്മാവില്‍ നിറയുകയും ആത്മാവിന്നാല്‍ നയിക്കപ്പെടുന്നവരും ആകണം. തിന്മയുടെ ശക്തികള്‍ ക്കേതിരെയുള്ള പോരാട്ടമായതിനാല്‍ അത്തരം ശക്തികളുടെ സ്വാധീനം നമ്മിലുണ്ടായിരുന്നാല്‍ അതു നമ്മെ തിരിഞ്ഞാക്രമിക്കും. ഇതിനു ബൈബിളില്‍ ഉദാഹരണമുണ്ട്. അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ പുസ്തകത്തിലാണിത് കാണുന്നത്.

അപ്പസ്തോലന്മാര്‍  യേഹ്ശുവായുടെ നാമത്തില്‍ രോഗികളെ സുഖപ്പെടുത്തുകയും പിശാചുക്കളെ പുറത്താക്കുകയും  മരിച്ചവരെപ്പോലും ഉയര്‍പ്പിച്ചുകൊണ്ടും വലിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് അവിടുത്തെ സുവിശേഷം പ്രചരിപ്പിച്ചു. ഈ നാളുകളില്‍ ചിലര്‍ സുവിശേഷവുമായി സ്വയം  ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവായുടെ സഭയുടെ കൈവയ്പ്പോ അധികാരമോ ഇല്ലാതെ  തന്നിഷ്ടപ്രകാരം ഇറങ്ങിയവരില്‍ ചിലരായിരുന്നു സ്കേവായുടെ പുത്രന്മാര്‍! പിശാചുബാധ  ഒഴിപ്പിച്ചിരുന്ന യഹൂദര്‍ അക്കാലത്തുണ്ടായിരുന്നു. അവര്‍ അപ്പസ്തോലന്മാരെ  അനുകരിച്ചുകൊണ്ട് യേഹ്ശുവായുടെ നാമം പ്രയോഗിച്ച് സാത്താനെ പുറത്താക്കാന്‍  ശ്രമിച്ചു. യഹൂദരുടെ ഒരു പ്രധാനപുരോഹിതനായ സ്കേവായുടെ ഏഴു പുത്രന്മാരും ഇപ്രകാരം  അശുദ്ധാത്മാക്കാളെ പുറത്താക്കാന്‍ ശ്രമിച്ചുനോക്കി. "എന്നാല്‍, അശുദ്ധാത്മാവ് അവരോട് ഇപ്രകാരം പറഞ്ഞു; യേഹ്ശുവായെ എനിക്കറിയാം. പൗലോസിനെയും അറിയാം . എന്നാല്‍, നിങ്ങള്‍ ആരാണ്? അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി"(അപ്പ. പ്രവ: 19; 15, 16). കാരണം, ഇവര്‍ അശുദ്ധാത്മാവിനോട് പൗലോസ് പ്രസംഗിക്കുന്ന യേഹ്ശുവായുടെ നാമത്തില്‍ പുറത്തുപോകാന്‍ കല്പ്പിച്ചു.

യേഹ്ശുവായുടെ നാമത്തിനു ശക്തിയുണ്ടായിട്ടും എന്തുകൊണ്ടാണ് ഈ നാമം പറഞ്ഞിട്ട് ഇങ്ങനെ സംഭവിച്ചതെന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. വിളി, അഭിഷേകം, കൈവയ്പ് തുടങ്ങിയവയുടെ പ്രാധാന്യം ഇവിടെ സ്മരിക്കപ്പെടേണ്ടതാണ്. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്ന രീതിയില്‍ ആത്മീയശുശ്രൂഷകളെ സമീപിക്കരുത്. ചില വ്യാജപ്രവാചകന്മാരെക്കുറിച്ച് ബൈബിള്‍ പറയുന്നത് നമുക്കറിയാമല്ലോ! ദൈവത്തിന്റെ നാമത്തില്‍ പ്രസംഗിക്കുന്ന പലരെയും അയച്ചത് ദൈവമല്ല. ദൈവം വിളിച്ച് അഭിഷേകം ചെയ്തയച്ചവരാണ് യഥാര്‍ത്ഥ ശുശ്രൂഷകര്‍! അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറയുന്നത്: "ആ പ്രവാചകന്മാരെ ഞാന്‍ അയച്ചിട്ടില്ല; എന്നിട്ടും, അവര്‍ ഓടിനടന്നു; ഞാന്‍ അവരോടു സംസാരിച്ചിട്ടില്ല. എന്നിട്ടും, അവര്‍ പ്രവചിച്ചു. എന്റെ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്റെ ജനത്തോട് അവര്‍ എന്റെ വാക്കുകള്‍ പ്രഘോഷിച്ച്, ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും ദുഷ്പ്രവര്‍ത്തികളില്‍നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു"(ജറെ: 23; 21, 22).

കേള്‍ക്കാന്‍ ഇമ്പമുള്ളതും  ശ്രോതാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പ്രാപ്തവുമായ കാര്യങ്ങള്‍ പ്രഘോഷിക്കുന്ന  പ്രസംഗകര്‍ ഇവിടെയുണ്ട്. എന്നാല്‍,  ദൈവത്തിന്റെ താക്കീത് വ്യക്തവും ശക്തവുമായ  രീതിയില്‍ അറിയിക്കാന്‍ പലര്‍ക്കും ഭയമാണ്. ഇത്തരം വ്യാജശുശ്രൂഷകരെ ദൈവമായ  യാഹ്‌വെ അയച്ചിട്ടില്ലെന്നാണ് വചനം മുന്നറിയിപ്പു തരുന്നത്. കാര്യങ്ങള്‍  മയപ്പെടുത്തി പറഞ്ഞ്,  വരുമാനം വര്‍ദ്ധിപ്പിക്കുകയെന്നതല്ല ദൈവവചന ശുശ്രൂഷകരുടെ  ദൗത്യം!

അന്ത്യവിധിയെക്കുറിച്ചുള്ള യേഹ്ശുവായുടെ പ്രബോധനത്തില്‍ ഇത്തരക്കാരുടെ ഓഹരിയെ സംബന്ധിച്ച് സൂചന നല്‍കുന്നുണ്ട്. "അന്ന് പലരും എന്നോടു ചോദിക്കും; യേഹ്ശുവായേ, യേഹ്ശുവായേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലേ? അപ്പോള്‍ ഞാന്‍ അവരോടു പറയും; നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരെ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍"(മത്താ: 7; 22, 23).

വിശുദ്ധമായവ വിശുദ്ധിയോടെ  ചെയ്യുക!

വിശ്വാസവും വിശുദ്ധിയുമാണ് വചനശുശ്രൂഷകന് അടിസ്ഥാനമായി വേണ്ടതായ യോഗ്യതകള്‍. പിശാചു ബാധിതനായ ബാലനെ സുഖപ്പെടുത്താന്‍, വിശ്വാസ രാഹിത്യംമൂലം ശിഷ്യന്മാര്‍ക്കു സാധിക്കാതിരുന്നത് സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. വിശുദ്ധിയുടെ അപര്യാപ്തതയാണ് സ്കേവായുടെ ഏഴു പുത്രന്മാര്‍ക്കു സംഭവിച്ചത്. നമ്മില്‍ ഇല്ലാത്ത ശക്തി പകര്‍ന്നുകൊടുക്കാന്‍ നമുക്കു സാധിക്കില്ലല്ലോ!? ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, ദൈവവചനത്തില്‍ വ്യക്തമായ അറിവില്ലാതെ മറ്റുള്ളവരെ വചനം അറിയിക്കാന്‍ ഇറങ്ങുമ്പോള്‍ വീണുപോകും. സാത്താന്‍ യേഹ്ശുവായോടുപോലും ദൈവവചനം പറഞ്ഞു തര്‍ക്കിക്കാന്‍ ശ്രമിച്ചു. ഇന്ന് ലോകത്തിന്റെ മനുഷ്യരായി തിന്മയില്‍ ജീവിക്കുന്ന പലരും വചനം പറഞ്ഞു നമ്മോടു തര്‍ക്കിക്കുമ്പോള്‍ അറിവില്ലാതിരുന്നാല്‍ നമ്മള്‍ അവര്‍ക്കു മുമ്പില്‍ കീഴ്പ്പെട്ടുപോകും. അങ്ങനെ നമ്മള്‍ പിടിച്ചവര്‍ നമ്മെ കെട്ടുന്ന സ്ഥിതിവരും. അതിശക്തമായ തിന്മയില്‍ ജീവിക്കുന്നവരുടെയും വിജാതിയരുടെയും 'നിരീശ്വര' വാദികളുടെയുമൊക്കെ മുന്നില്‍ മാനസാന്തരപ്പെടുത്താന്‍ കടന്നു ചെല്ലുമ്പോള്‍ ശക്തമായ പ്രാര്‍ത്ഥനയും വചനത്തിലുള്ള അറിവും അഭികാമ്യമാണ്. വ്യക്തമായ അറിവിന്റെ പരിമിതി അവരുടെ വിശ്വാസത്തിലേക്കു നമ്മെ നയിക്കാന്‍പോലും കാരണമായേക്കാം.
 
അവിശ്വാസികളുമായും വിജാതിയരുമായുമുള്ള കൂട്ടുകെട്ടുകള്‍ വിശ്വാസത്തില്‍ അടിയുറപ്പില്ലാത്ത പലരെയും അപകടത്തിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇവരുമായുള്ള ബന്ധത്തെ പൗലോസ് അപ്പസ്തോലന്‍ കര്‍ശനമായി എതിര്‍ത്തത്. മോശയിലൂടെ ദൈവം ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പില്ലാതെ വിലക്കിയിട്ടുണ്ട്. വിജാതിയരുമായുള്ള വിവാഹബന്ധത്തെ യാഹ്‌വെ വിലക്കിയിരിക്കുന്നത് നമ്മുടെ ആത്മരക്ഷയെപ്രതി ആണെന്നോര്‍ക്കണം. അത്തരം ബന്ധങ്ങളിലൂടെ സത്യവിശ്വാസത്തില്‍നിന്നും അകന്ന് ദൈവമല്ലാത്ത വിഗ്രഹങ്ങളെ പൂജിക്കേണ്ടതായ ഗതികേട് വന്നുഭവിച്ച പലരുമുണ്ട്. പങ്കാളിയെ വിശ്വാസത്തിലേക്കു കൊണ്ടുവരാമെന്ന ചിന്തയിലായിരുന്നിരിക്കാം ആരംഭം. എന്നാല്‍, അവിടെയും തങ്ങള്‍ പിടിച്ചു, തങ്ങളെ കെട്ടിയ ദുരവസ്ഥയാണ് അധികമാളുകള്‍ക്കും സംഭവിച്ചത്. കാരണം തിന്മയുടെ അജ്ഞാത ശക്തി ഭയാനകമാണ്. വിശ്വാസത്തില്‍ ആഴപ്പെട്ടവരും വിശുദ്ധിയില്‍ അനുദിനം വളരുന്നവരും ഭയപ്പെടേണ്ടതില്ല.

ജറുസലെമില്‍ ആരംഭിക്കട്ടെ!

"പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍ത്തനങ്ങള്‍: 1; 8). ഇത് യേഹ്ശുവായുടെ വാക്കുകളാണ്. സുവിശേഷ പ്രഘോഷണത്തിന്റെ ക്രമം ഈ വാക്കുകളില്‍ വ്യക്തമായുണ്ട്. എവിടെ മുതല്‍ എവിടെ വരെയാണ് നാം സാക്ഷികളായിരിക്കേണ്ടതെന്ന് ഇവിടെ വ്യക്തമായ സൂചന നല്‍കിയിരിക്കുന്നു.

ജറുസലെം എന്നത് ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്ന വിശുദ്ധ നഗരമാണ്. ഇന്ന് ഈ ആലയം നമ്മള്‍ ഓരോരുത്തരുമാണെന്ന് വചനത്തിലൂടെ പരിശുദ്ധാത്മാവു നമ്മെ  പഠിപ്പിച്ചിട്ടുണ്ട്. "നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?"(1കോറി:3;16). "നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും"(2 കോറി: 6; 16).

അങ്ങനെയെങ്കില്‍ ആദ്യമായി നാം സുവിശേഷം പ്രസംഗിക്കേണ്ടത് നമ്മോടു തന്നെയാണ്. അപ്പോള്‍ മാത്രമെ മറ്റു ഘട്ടങ്ങളിലേക്ക് പ്രവേശിക്കാന്‍ നമുക്കു കഴിയുകയുള്ളു. വചനത്തില്‍ നാം അടിയുറയ്ക്കുകയും ശക്തിപ്പെടുകയും വേണം.

സുവിശേഷ ശുശ്രൂഷയുടെ രണ്ടാമത്തെ മേഖല യൂദയായാണ്. യൂദയാ  മുഴുവനിലും എന്നാണു യേഹ്ശുവാ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട്  തീര്‍ച്ചയായും യൂദയായില്‍ ആരൊക്കെയാണ്  ഉള്‍പ്പെടുന്നതെന്നറിയണം.

രാജാക്കന്മാരുടെ പുസ്തകങ്ങളിലൂടെ ചരിത്രം പരിശോധിക്കുമ്പോള്‍  യൂദായുടെ തലസ്ഥാനമാണ്  ജറുസലെം എന്നു മനസ്സിലാകും. സോളമനുശേഷം ഇസ്രായേല്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ഒന്ന് ഇസ്രായേലും മറ്റൊന്ന് യൂദായും! ഇസ്രായേലിന്റെ  തലസ്ഥാനം സമരിയായും യൂദായുടേത് ജറുസലെമും. യൂദാ ആരെന്ന പഠനത്തില്‍ ഒരുകാര്യം വ്യക്തമാകും; ജറുസലെം സ്ഥിതിചെയ്യുന്നത് യൂദായിലാണ്. അപ്പോള്‍ യേഹ്ശുവാ പറഞ്ഞ  സുവിശേഷ വത്ക്കരണത്തിന്റെ രണ്ടാമത്തെ മേഖല നമ്മുടെ ഭവനമാണെന്ന് ഉറപ്പിക്കാം. നമ്മെതന്നെ സുവിശേഷം കൊണ്ടു നിറച്ചതിനുശേഷം രണ്ടാമത്തെ പടിയായി നമ്മുടെ ഭവനത്തിലും  ബന്ധുജനങ്ങളിലും സുവിശേഷം അറിയിക്കണം. അതുകൊണ്ടാണല്ലോ യൂദയാ മുഴുവനിലും എന്നു  പറഞ്ഞിരിക്കുന്നത്!

മൂന്നമത്തെ മേഖല സമരിയായാണ്. രാജ്യം വിഭജിക്കപ്പെട്ടതോടെ  ഇസ്രായേലിന്റെ തലസ്ഥാനമായി സമരിയാ മാറിയെന്നു നാം കണ്ടു. യേഹ്ശുവായുടെ  മനുഷ്യാവതാര കാലത്ത് സമരിയായും ജറുസലേമും തമ്മില്‍ കടുത്ത ശത്രുതയില്‍  ആയിരുന്നുവെന്നും പരസ്പരം ബന്ധമില്ലായിരുന്നുവെന്നും ബൈബിളില്‍നിന്നു മനസ്സിലാകും. സമരിയാ എന്നത് ഇസ്രായേലിന്റെ മുഴുവന്‍ പ്രതീകമായി നാം കാണേണ്ടിയിരിക്കുന്നു. കാരണം, നയതന്ത്ര ബന്ധങ്ങളില്‍ ഒരു രാജ്യം മറ്റൊരു രാജ്യവുമായി ബന്ധപ്പെടുന്നത് തലസ്ഥാനവുമായിട്ടാണ്. അതിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമാണു സ്ഥാപിതമാകുന്നത്. സമരിയായിലെ സുവിശേഷ വത്ക്കരണമെന്നാല്‍, അയല്‍വാസികളെയും നമ്മോടു കലഹിച്ചു കഴിയുന്നവരേയും സുവിശേഷം അറിയിക്കുകയെന്ന ദൗത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഈ മൂന്നു മേഖലകളിലും സുവിശേഷം അറിയിച്ചതിനുശേഷമാണ് ലോകത്തിന്റെ  അതിര്‍ത്തികളിലേക്കു സുവിശേഷവുമായി പോകേണ്ടത്. പ്രൈമറി, അപ്പര്‍പ്രൈമറി, ഹൈസ്കൂള്‍ തലങ്ങളില്‍ പഠിക്കാതെ യൂണിവേഴ്സിറ്റിയില്‍ ചേരുന്നതുപോലെയാണ്, ആദ്യംതന്നെ ലോകാതിര്‍ത്തികളിലേക്കു സുവിശേഷവുമായി ഇറങ്ങുന്നത്!

"നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15,16). യേഹ്ശുവായുടെ വാക്കുകളാണിത്. സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് അവസാനമായി പറഞ്ഞ വാക്കുകള്‍! മനുഷ്യരോടു കരുണയും അനുകമ്പയുമുള്ളവര്‍ ആദ്യമായി ചെയ്യേണ്ടത് ഇതാണ്. മറ്റൊരു വിശ്വാസത്തിലും രക്ഷയില്ലെന്ന സത്യം ഇവിടെ യേഹ്ശുവാ സ്ഥിരീകരിക്കുകയാണ്. അതിനാല്‍, യേഹ്ശുവായെ അറിയാത്തതുമൂലം നിത്യശിക്ഷയിലേക്കു മനുഷ്യന്‍ പതിക്കാതിരിക്കാന്‍ അവിടുത്തെ സ്വീകരിക്കാനുള്ള അവസരം സകലര്‍ക്കും ഒരുക്കികൊടുക്കുക എന്നതാണ് എല്ലാറ്റിലും ശ്രേഷ്ഠമായ ജീവകാരുണ്യപ്രവര്‍ത്തി. കാരണം, യോഹന്നാന്റെ സുവിശേഷത്തിലൂടെ യേഹ്ശുവാ വെളിപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു സത്യമുണ്ട്: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണു നിത്യജീവന്‍"(യോഹ: 17; 3). അങ്ങനെയെങ്കില്‍ യേഹ്ശുവായെ അറിയാത്തവര്‍ നിത്യജീവനില്‍ പ്രവേശിക്കുമോ? ഇല്ലെന്ന കാരണത്താലാണ് ലോകാതിര്‍ത്തികള്‍വരെയും സുവിശേഷവുമായി നമ്മെ അയക്കുന്നത്.

അതിനാല്‍, ശരീരത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ  ഭക്ഷണത്തെക്കാള്‍ ഉപരിയായി ആത്മാവിന്റെ നിത്യരക്ഷക്ക് ആവശ്യമായ ഭക്ഷണവുമായി ലോകാതിര്‍ത്തികള്‍വരെയും നമുക്കു പോകാം. ജറുസലെമില്‍നിന്നുതന്നെ ആയിരിക്കട്ടെ  അതിന്റെ ആരംഭം!

"വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍"(മത്താ: 9; 38).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3492 views

LOG IN

Lost your password?

SIGN UP

LOST PASSWORD