അറിഞ്ഞിരിക്കാന്‍

യേഹ്ശുവാ മ്ശിഹാ ദേവനല്ല; ദൈവമാണ്!

Print By
about

ന്ത്യയിലെ വിജാതിയര്‍ യേഹ്ശുവായെ ദേവനായി പരിഗണിക്കുകയും 'യേശുദേവന്‍' എന്ന് വിളിക്കുകയും ചെയ്യാറുണ്ട്. ഇതിനെ അനുകരിച്ചുകൊണ്ട് ക്രൈസതവരില്‍ ചിലരും അങ്ങനെ വിളിക്കുകയും ഗാനങ്ങളും മറ്റും ആ രീതിയില്‍ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത് എത്രത്തോളം അവഹേളനവും തിന്മയുമാണെന്ന് പലരും അറിയുന്നില്ല. ആരാധനാലയങ്ങളില്‍ ദിവ്യബലിയുടെ മദ്ധ്യേപോലും ഇത്തരം ഗാനങ്ങള്‍ ആലപിക്കുന്നത് എത്രമാത്രം നിന്ദയാണെന്ന് വ്യക്തമാക്കുവാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്!

യേഹ്ശുവാ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് വളരെയധികം താഴേക്ക് വലിച്ചിറക്കുന്ന സംബോധനകളാണ്, 'ശ്രീ'യേശു, യേശു'ദേവന്‍' എന്നീ വിശേഷണങ്ങള്‍! ഇത് മനസ്സിലാക്കണമെങ്കില്‍ ഇവയുടെ അര്‍ത്ഥങ്ങള്‍ അറിഞ്ഞിരിക്കണം. 'ശ്രീ'യെന്ന സംബോധനയും ദേവനെന്ന വിശേഷണവും യേഹ്ശുവായെ സംബന്ധിച്ചിടത്തോളം അലങ്കാരമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ യേഹ്ശുവാ ആരാണെന്ന് അവര്‍ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം! അല്ലെങ്കില്‍, ഇത്തരം വിശേഷണ പദങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ചിട്ടില്ല. വിജാതിയ അനുകരണത്തിന്റെ അതിരുകടന്ന സ്വാധീനംമൂലം വന്നുഭവിച്ച ദുരന്തമാണിത്!

'ദൈവം' വേറെ! 'ദേവന്‍' വേറെ!

മുന്നൂറ്റിമുക്കോടി ദേവഗണങ്ങളാണ് ഹൈന്ദവ വിശ്വാസത്തിലുള്ളത്. എന്നാല്‍, ഇവരെയൊന്നും ദൈവമായിട്ടല്ല പരിഗണിക്കുന്നത് എന്നകാര്യം ചില ഹിന്ദുക്കള്‍ക്കുപോലും അറിയില്ല. ഇവരെയൊക്കെ ദേവന്മാരും ഉപദേവന്മാരുമായി സങ്കല്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണ് ഹൈന്ദവരീതി. അമാനുഷികമായ വൈഭവമുള്ള മനുഷ്യരെ അവര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ദേവന്മാരും ദേവിമാരുമായി ഹിന്ദുക്കള്‍ പരിഗണിക്കാറുണ്ട്. സായിബാബയും അമൃതാനന്തമയിയും നിത്യാനന്ദയുമൊക്കെ ഇത്തരത്തില്‍ ദേവീദേവന്മാരായി ഉയര്‍ത്തപ്പെട്ടവരാണ്. ഇവരുടെയെല്ലാം ഗണത്തില്‍ യേഹ്ശുവായെകൂടി ഉള്‍ക്കൊള്ളുന്നതില്‍ ഹിന്ദുക്കള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഹനുമാനും വിചിത്രമായ മറ്റുചില ജീവികളും ഈ ഗണത്തില്‍ മുന്‍പേ സ്ഥാനം പിടിച്ചിട്ടുണ്ട്! ഈ മൂര്‍ത്തികളെല്ലാം ശിവന്റെ (വിഷ്ണു) അവതാരങ്ങളാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ശിവന്റെ മറ്റൊരു പേരാണ് ദേവന്‍ എന്നത്. അതുകൊണ്ടുതന്നെ ശിവന്റെ അവതാരങ്ങള്‍ക്കെല്ലാം ദേവന്‍ എന്ന കുടുംബപ്പേര് നല്‍കുന്നു! അതായത്, ശിവന്റെ അവതാരങ്ങളെയെല്ലാം അവരുടെ പേരുകളോടൊപ്പം ദേവന്‍ എന്ന പേരുകൂടി ചേര്‍ത്താണ് വിളിക്കുന്നത്!

ഹൈന്ദവ വിശ്വാസത്തില്‍ ദേവന്മാരെ ദൈവമായി പരിഗണിക്കുന്നില്ല. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ത്രിമൂര്‍ത്തികളാണ് അവരുടെ ദൈവസങ്കല്‍പ്പം. കൃത്യമായി പരിശോധിച്ചാല്‍ ശിവന്‍തന്നെയാണ് ഇതെല്ലാമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ചില കഥകളിലെല്ലാം ബ്രഹ്മവിനെപ്പോലും തറപറ്റിച്ച വീരശൂരപരാക്രമികളായ ദേവന്മാരെയും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ദേവനാണു ഭൈരവന്‍! ബ്രഹ്മാവിന്റെ അഞ്ചാമത്തെ തലയെടുത്തത് ഭൈരവനാണെന്ന് ഇയാളുടെ ഭക്തന്മാര്‍ അവകാശപ്പെടുന്നു! ഐതീഹ്യങ്ങളും കഥകളിലെ ആമാനുഷിക കഥാപാത്രങ്ങളും എന്നതിലുപരി യാഥാര്‍ത്ഥ്യങ്ങളൊന്നും ഹൈന്ദവവിശ്വാസങ്ങളില്‍ ഇല്ല. യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ ഭൗതീകമായി ജനിച്ചിട്ടുപോലും ഇല്ലാത്തവരും, ചില എഴുത്തുകാരുടെ ഭാവനയില്‍ രൂപംകൊണ്ടതുമായ കഥാപാത്രങ്ങളും ഇത്തരത്തില്‍ ഇന്ന് ദേവീദേവന്മാരായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. എല്ലാ ദേവീദേവന്മാരും ശിവപാര്‍വ്വതിമാരുടെ അവതാരങ്ങളാണ്!

ഹൈന്ദവര്‍ യേഹ്ശുവായെ 'ദേവന്‍' എന്ന് വിളിക്കുന്നത് വ്യക്തമായ ബോദ്ധ്യത്തോടെയാണ്. ശിവന്റെ അവതാരമായി സര്‍വ്വശക്തനായ ദൈവത്തെ തരംതാഴ്ത്തുകയെന്ന പൈശാചിക അജണ്ടയാണിത്. എന്നാല്‍, എല്ലാ പ്രകൃതിശക്തികളെയും വിഷപ്പാമ്പുകളെയും വിളിക്കുന്ന പേരില്‍ യേഹ്ശുവായെ വിളിക്കുന്നതു കണ്ട് ചില ക്രൈസ്തവര്‍ കരുതിയത് അംഗീകാരമായിട്ടാണ്! യേഹ്ശുവാ ദൈവമല്ലെന്ന് നേരിട്ട് പറയാതെ വളഞ്ഞവഴിയില്‍ പറയുകയാണ് ഈ സംബോധനയിലൂടെ അവര്‍ ചെയ്തത്. ദൈവവും ദേവനും ഒന്നാണെന്ന് തെറ്റിദ്ധരിച്ച് ക്രിസ്ത്യാനികളില്‍ ചിലരും ഇതിന് 'ആമ്മേന്‍' പറഞ്ഞു. ഹിന്ദുക്കളുടെ ഔധാര്യത്തെ വാനോളം പുകഴ്ത്തുകയും അവരുടെ എല്ലാ അന്ധവിശ്വാസങ്ങളും ഏറ്റെടുക്കുകയും ചെയ്തു!

ക്രിസ്തീയതയില്‍ വിജാതിയ ആചാരങ്ങള്‍ കയറിക്കൂടിയത് ഈ ഉദാരവത്ക്കരണത്തിന്റെ പാര്‍ശ്വഫലമാണ്! പരസ്പരമുള്ള സഹകരണത്തിലൂടെ ക്രിസ്തീയത കളങ്കപ്പെടുക മാത്രമാണുണ്ടായത്. ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍നിന്ന് അണുവിടപോലും വ്യതിചലിക്കാതെ ക്രൈസ്തവരെ വിഢികളാക്കാന്‍ അവര്‍ക്കായി. ഇകഴ്ത്തലിനെ പുകഴ്ത്തലായി ധരിച്ച് വിദൂഷകവേഷം കെട്ടിയാടുന്ന ക്രൈസ്തവരെനോക്കി സാത്താന്‍ സായൂജ്യമടയുകയും ചെയ്യുന്നു!

ദൈവപുത്രനും ദൈവവുമായ യേഹ്ശുവായെ വ്യാജദേവന്മാരുടെ ഗണത്തില്‍പ്പെടുത്തി സാത്താനും അവന്റെ മതങ്ങളും അവഹേളിക്കുമ്പോള്‍, അത് അഭിമാനമായി കരുതുന്ന ക്രിസ്ത്യാനികള്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് വസിക്കുന്നത്! ദേവന്മാരെന്ന് ബൈബിള്‍ സൂചിപ്പിച്ചിട്ടുള്ളതെല്ലാം വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ ആണെന്ന് വചനം വായിക്കുന്നവര്‍ക്ക് മനസ്സിലാകും. എന്നാല്‍, ബൈബിള്‍ പണ്ഡിതന്മാരെന്ന് പറയപ്പെടുന്നവര്‍ ഇതു തിരിച്ചറിയാത്തത് ഖേദകരമാണ്.

അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തെയും തങ്ങളുടെ ആരാധനമൂര്‍ത്തികളെയും ദൈവമെന്നു വിളിക്കുന്നവര്‍ പുരാതനകാലം മുതല്‍ക്കേയുണ്ട്. ബൈബിളില്‍ ഇവരെക്കുറിച്ചുള്ള സൂചനയും കാണാം. അങ്ങനെ വിളിക്കുന്നത്‌ വിജാതിയരാണെന്ന കാര്യവും വിസ്മരിക്കരുത്. ഇത് വ്യക്തമാക്കുന്ന ഒരു സംഭവം ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തിലുണ്ട്. നെബുക്കദ്നേസ്സര്‍ രാജാവ് ദാനിയേലിനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക: "എന്റെ ദൈവത്തിന്റെ പേരനുസരിച്ച് ബെല്‍ത്തഷാസര്‍ എന്നു വിളിക്കപ്പെടുന്നവനും വിശുദ്ധദൈവങ്ങളുടെ ആത്മാവ് ഉള്ളവനുമായ ദാനിയേല്‍"(ദാനി:4;8). എന്നാല്‍, പ്രവാചകന്മാരോ പൂര്‍വ്വപിതാക്കന്മാരോ സത്യദൈവമായ യാഹ്‌വെയെ വിജാതിയരുടെ ദൈവങ്ങളോടു ചേര്‍ത്തുവച്ച് പരിഗണിച്ചിട്ടില്ല. അതുപോലെതന്നെ, അപ്പസ്തോലന്മാര്‍ യേഹ്ശുവായെയും ദേവനെന്നു വിളിച്ചിട്ടുമില്ല. അപ്പസ്തോലനായ തോമസ്‌ അവിടുത്തെ വിളിച്ചത് 'എന്റെ നാഥാ, എന്റെ ദൈവമേ!' എന്നായിരുന്നു(യോഹ:20;28).

അപ്പസ്തോലനായ പൌലോസിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം. ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദൈവങ്ങളും നാഥന്മാരും ഉണ്ടല്ലോ- എങ്കിലും, നമുക്ക് ഒരു ദൈവമെയുള്ളൂ, ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു നാഥനേ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ"(1കോറി:8;4-6).

വിജാതിയര്‍ ദൈവങ്ങളെന്നു വിളിക്കുന്ന അവരുടെ മൂര്‍ത്തികളെ ക്രിസ്ത്യാനികള്‍ ഒരിക്കലും സത്യദൈവമായി പരിഗണിച്ചിട്ടില്ലെന്നു മാത്രമല്ല, വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ ഭൂതഗണങ്ങളായാണ് കണക്കാക്കിയത്. അപ്പസ്തോലനായ പൗലോസ് പറയുന്നത് നോക്കുക: “വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു ഭൂതഗണങ്ങള്‍ക്കാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ ഭൂതഗണങ്ങളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”(1 കോറി: 10; 20). ഹിന്ദുക്കള്‍ യേഹ്ശുവായെ, യേശുദേവനെന്നും ക്രിസ്തുദേവനെന്നും വിളിക്കുന്നതുകേട്ട് ക്രൈസ്തവര്‍ സന്തോഷിക്കേണ്ട! അവരോടൊപ്പം ചേര്‍ന്ന് അവരെ അനുകരിക്കുകയും വേണ്ട. കാരണം, സര്‍വ്വസൈന്യാധിപനെ 'ശിപ്പായി' എന്നു വിളിക്കുന്നതുപോലെ ഗുരുതരമായ തെറ്റാണിത്!

ദൈവമെന്നും ദേവനെന്നും വ്യത്യസ്ഥമായി ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍ പരിഭാഷയില്‍ വന്ന പാളിച്ചയല്ലെന്ന് മനസ്സിലാക്കാം. ദൈവവും ദേവനും ഒന്നല്ല എന്നതിന് ബൈബിളിലെ ഈ പ്രയോഗങ്ങള്‍ തെളിവാണ്! അതുകൊണ്ടുതന്നെ യേഹ്ശുവായെ ദേവനെന്നു വിളിക്കുന്നത് ദൈവവചനത്തിലെ സത്യങ്ങള്‍ക്കു വിരുദ്ധമായ അബദ്ധമാണെന്നതില്‍ തര്‍ക്കമില്ല! ചില വിജാതിയരായ പാട്ടെഴുത്തുകാര്‍ ഔദാര്യമെന്നോണം എഴുതിത്തന്ന ഗാനങ്ങള്‍ അര്‍ത്ഥം ഗ്രഹിക്കാതെ കാലാകാലങ്ങളായി ഏറ്റുപാടുന്ന പ്രവണതയും ലജ്ജാകരമാണ്! ഇന്നു ക്രിസ്തീയ ഭക്തിഗാനങ്ങളിലും 'കീര്‍ത്തനങ്ങളിലും' അധികവും 'ശ്രീയേശുദേവന്‍' ആണെന്നകാര്യം ശ്രദ്ധിക്കുമ്പോള്‍ ഇതിന്‍റെ സ്വാധീനം വ്യക്തമാകും. ഒരുകാര്യം തിരിച്ചറിയുക; തങ്ങളുടെ മതത്തെക്കുറിച്ച് വ്യക്തമായി അറിയുന്ന ഹിന്ദുക്കള്‍ പറയുന്നത് ഒരു ദൈവവും അനേകം ദേവന്മാരു ഉണ്ടെന്നാണ്. അതില്‍ കുട്ടിച്ചാത്തന്‍ (ചാത്തന്‍ ഭഗവാന്‍)പോലുമുണ്ട്. അതിനാല്‍, ഈ 'ദേവന്‍ പട്ടം' ഒരു കീര്‍ത്തിമുദ്രയല്ല.
 
ഇത്തരം പൈശാചിക സ്തുതികളില്‍ 'ഡോക്ടറേറ്റ്' നേടിയ ഒരു 'കത്തോലിക്കാ' വൈദീകനും അയാളുടെ കിങ്കരന്മാരും യൂറോപ്പിലും അമേരിക്കയിലും അലയുന്നുണ്ട്. അത് നേരിട്ടു കേട്ടവന്‍ എന്നതുകൊണ്ട് വ്യക്തമായി പറയാന്‍ കഴിയും: അവര്‍ കീര്‍ത്തിക്കുന്നത് സാത്താനെയാണ്! അവരെക്കുറിച്ച് അന്വേഷിച്ചറിഞ്ഞതും നേരിട്ടറിഞ്ഞതുമായ എല്ലാക്കാര്യങ്ങളും എഴുതാന്‍ പരിമിതികള്‍ ഉള്ളതിനാല്‍ അതിന് ഉദ്യമിക്കുന്നില്ല.
 
സാത്താന്റെ അവതാരങ്ങളോ അല്ലെങ്കില്‍ അവന്റെ അജ്ഞാനുവര്‍ത്തികളോ ആയ ദേവന്മാര്‍ക്കു സമനാക്കി, ലോകരക്ഷകനും ദൈവപുത്രനും ദൈവം തന്നെയുമായ യേഹ്ശുവായെ അപമാനിക്കുന്നതിനു ദൈവജനം കൂട്ടുനില്‍ക്കരുത്. യേഹ്ശുവാ രക്ഷകനാണെന്ന് ഏറ്റുപറയുന്നവരാണ് രക്ഷപ്രാപിക്കുന്നത്.
"ആകയാല്‍, യേഹ്ശുവാ ദൈവമാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും"(റോമ:10;9). മറിച്ച്, യേഹ്ശുവായെ ദേവനെന്ന് ഏറ്റുപറയുന്നവരല്ല! പാരമ്പര്യത്തിനുവേണ്ടി വാദിക്കുന്നവര്‍ തലമുറകള്‍ക്കുമുമ്പ് ഉണ്ടായിരുന്ന വിജാതിയ പാരമ്പര്യമാണോ ആദിമക്രൈസ്തവ പാരമ്പര്യമാണോ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണം. ക്രിസ്തീയ പാരമ്പര്യമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ബൈബിളില്‍നിന്നു വ്യത്യസ്ഥമായ ഒരു പാരമ്പര്യവും നമുക്കില്ല.

ഒരുകാര്യം വളരെ  സ്പഷ്ടമായി മനോവ പറയുന്നു: നമുക്കുവേണ്ടി കുരിശില്‍ മരിച്ച  യേഹ്ശുവായാണ്, യേശുദേവനെന്ന അവതാരമെന്ന് ആരും കരുതേണ്ട. കാരണം, ബൈബിളില്‍  യേഹ്ശുവാതന്നെ അതു വ്യക്തമായും പറഞ്ഞിട്ടുണ്ട്. "കള്ളക്രിസ്തുമാരും(വ്യാജ മ്ശിഹാമാര്‍) വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും"(മത്താ:24;24). യേശു എന്നു ചേര്‍ത്ത് പല പേരുകളും ഈ ലോകത്തുണ്ടെന്ന് നമുക്കറിയാം. അവരെല്ലാം നമ്മുടെ യേഹ്ശുവായല്ലാത്തതുപോലെ, യേശുദേവനും ക്രിസ്തുദേവനും നമ്മുടെ ആരുമല്ല! ബൈബിളില്‍തന്നെ യേഹ്ശുവായുടെ ഒരു വ്യാജനെ വെളിപ്പെടുത്തിയിട്ടുണ്ട്. "അവന്‍ ബര്‍ -യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു"(അപ്പ.പ്രവര്‍:13;6). ഈ വ്യാജനുനേരെ പൌലോസ് അയച്ച ശാസനവുംകൂടി ശ്രദ്ധിക്കുക: "സാത്താന്റെ സന്താനമേ, സകല നീതിക്കും എതിരായവനേ, ദൈവത്തിന്റെ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍നിന്നു വിരമിക്കയില്ലേ? ഇതാ യാഹ്‌വെയുടെ കരം ഇപ്പോള്‍ നിന്റെമേല്‍ പതിക്കും. നീ അന്ധനായിത്തീരും"(അപ്പ.പ്രവര്‍:13;10,11).

കത്തോലിക്കാ പുരോഹിതന്മാര്‍ ഗായകനായി കൈപിടിച്ച് ഉയര്‍ത്തുകയും പിന്നീട് വ്യജദേവന്മാരുടെ 'ബ്രാന്‍ഡ് അംബാസിഡര്‍' ആയി മാറുകയും ചെയ്ത യേശുനാമധാരിയെ എല്ലാ മലയാളികള്‍ക്കും അറിയാം. അതുകൊണ്ട് യേശുവെന്ന നാമം എവിടെ കണ്ടാലും അത് നമ്മുടെ യേഹ്ശുവായാണെന്ന് ആരും ചിന്തിക്കരുത്! ചില ക്രൈസ്തവ സ്ഥാപനങ്ങളുടെ പൂന്തോപ്പുകളില്‍ കാവിയുടുത്ത് 'ശ്രീബുദ്ധ'നെപ്പോലെ കുത്തിയിരിക്കുന്ന താടിക്കാരനെ കാണുമ്പോഴും യേഹ്ശുവായാണെന്ന് ധരിക്കേണ്ട! ബിന്‍ലാദനും താടിയുണ്ടെന്നു മറക്കരുത്! ബൈബിളില്‍ നാം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രൂപത്തിലും ഭാവത്തിലും യേഹ്ശുവായെ ആരുതന്നെ അവതരിപ്പിച്ചാലും നാം അതു ശ്രദ്ധിക്കേണ്ടതില്ല! ദേവന്മാര്‍ ആരെല്ലാമാണെന്ന് സ്വര്‍ഗ്ഗത്തിലെ ദൈവം നമ്മോടു പറഞ്ഞിരിക്കുന്നതു വായിക്കുക: "ഉപയോഗശൂന്യമായ പൊട്ടപ്പാത്രങ്ങള്‍പോലെയാണ് വിജാതിയരുടെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്മാര്‍"(ബാറൂക്ക്:6;17). ഇത്തരം പൊട്ടപ്പാത്രങ്ങള്‍ ശേഖരിച്ച്, ആനന്ദം കണ്ടെത്തുന്ന ചില ക്രൈസ്തവ പുരോഹിതന്മാരുണ്ട്! ശിശുക്കള്‍പ്പോലും പരിഹസിച്ചു ചിരിക്കുന്നവിധം 'കോമാളികളാണ്' ഇവറ്റകള്‍ എന്നകാര്യം അറിയാത്തത് ഇവര്‍ മാത്രമാണ്!

യേഹ്ശുവായും അപ്പസ്തോലന്മാരും കാണിച്ചുതന്നതും പഠിപ്പിച്ചതുമല്ലാത്ത പ്രാര്‍ത്ഥനാശൈലികള്‍ ഏത് ഉന്നതന്‍ പഠിപ്പിച്ചാലും അത് അനുകരിക്കുന്നവര്‍ യേഹ്ശുവായെയല്ല സേവിക്കുന്നത്! ആകുലതയോടെയും വേദനയോടെയും മനോവ വീണ്ടും പറയുന്നു: നമ്മുടെ രക്ഷകനായ യേഹ്ശുവാ ദേവനല്ല; ദൈവമാണ്!

'ദേവാലയമോ ദൈവാലയമോ?'

"എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ പേരില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും"(മത്താ:18;20). ദൈവം വസിക്കുന്നിടം അവിടുത്തെ ആലയമാണ്. അങ്ങനെയെങ്കില്‍ ബലിയര്‍പ്പണത്തിനു നാം സമ്മേളിക്കുന്ന ആലയം 'ദൈവാലയമാണ്'! യേഹ്ശുവാ ദൈവമായിരിക്കുന്നതിനാലും ദേവന്‍ അല്ലാതിരിക്കുന്നതിനാലും അവിടുത്തെ ആലയം 'ദേവാലയം' അല്ല! ദേവാലയമെന്നാല്‍, ദേവന്മാര്‍ വസിക്കുന്ന ഇടമാണ്! അതായത്, ശിവക്ഷേത്രം!
 
ക്രിസ്തീയ ആരാധനാലയങ്ങളെ ദേവാലയങ്ങള്‍ എന്ന് വിളിക്കപ്പെടാന്‍ എന്താണു കാരണം? ക്രൈസ്തവര്‍ ബലിയര്‍പ്പിക്കുന്ന പള്ളികള്‍ ദേവാലയങ്ങളല്ല; അത് 'ദൈവാലായ'ങ്ങളാണ്! കേരളത്തില്‍ മാത്രം ഈ ആരാധനാലയങ്ങള്‍ ദേവാലയങ്ങളായി മാറിയത് എങ്ങനെയാണെന്നു ഗൗരവമായി ചിന്തിക്കണം.

മലയാള പരിഭാഷയില്‍ വന്നിട്ടുള്ള ചില ന്യൂനതകള്‍ ബൈബിളിലുണ്ടെന്നത് നമ്മള്‍ മനസ്സിലാക്കിയിരിക്കണം. അരമായ, ഹെബ്രായ മൂലങ്ങളില്‍നിന്നും, ഗ്രീക്ക്, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളില്‍നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അതേ അര്‍ത്ഥംതന്നെ ഉള്‍ക്കൊള്ളുന്നതില്‍ നമ്മുടെ ഭാഷയ്ക്ക് ചില പരിമിതികളുണ്ടായിരുന്നു. പലതിനും മലയാളത്തില്‍ വാക്കുകള്‍ ഇല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് മലയാളമാണെന്ന് കരുതി നാം ഉപയോഗിക്കുന്ന പല വാക്കുകളും മറ്റു ഭാഷകളാണെന്ന് പലരും അറിയുന്നില്ല. സംസ്കൃതം, ഹിന്ദി, മറാഠി, പേര്‍ഷ്യന്‍, ഹീബ്രു, അറബിക്, സുറിയാനി, പോര്‍ട്ടുഗീസ് എന്നീ ഭാഷകളിലെ വാക്കുകള്‍ അതേപടിയോ അല്പം പരിഷ്കരിച്ചതോ ആണ് മലയാളത്തിലെ മിക്ക വാക്കുകളും. ‍നാം കടമെടുത്ത വിദേശ ഭാഷകളില്‍ പ്രധാനപ്പെട്ടത് 'പോര്‍ട്ടുഗീസ്' ഭാഷയാണെന്നത് ഓര്‍മ്മിപ്പിക്കട്ടെ! ഉദാഹരണമായി ചില വാക്കുകള്‍ ഇവിടെ സൂചിപ്പിക്കാം.

ജന്നല്‍, ചാക്ക്, പപ്പായ, പേന, പേര, പോര്‍ട്ടിക്കോ,അലമാര, മേശ, മേസ്തിരി, റാന്തല്‍ , വരാന്ത,കട്ടിള, വിജാഗരി, വിനാഗരി, വീഞ്ഞ്, ചാവി, പട്ടാളം, തുവാല, തമ്പാക്ക്, കസേര, കശു(മാവ്), ഇസ്തിരി, ആയ, ചിന്തേര്‍, വീപ്പ, ബോര്‍മ എന്നതൊക്കെ പോര്‍ട്ടുഗീസ് വാക്കുകളാണ്. നിത്യേന നമ്മള്‍ ഉപയോഗിക്കുന്ന അമ്പത്തിയാറോളം പോര്‍ട്ടുഗീസ് വാക്കുകള്‍ മലയാളമാണെന്ന് തെറ്റിദ്ധരിച്ചു എന്നതാണു സത്യം!

ബൈബിളില്‍  വിവരിച്ചിട്ടുള്ള പലതും ഇന്ത്യക്ക് അപരിചിതമായതിനാല്‍ അതിനുള്ള വാക്കുകള്‍ ഇവിടെ  ഇല്ലായിരുന്നു. മലയാള പരിഭാഷയിലും ഈ പ്രശ്നമുണ്ടായി. അതിനാല്‍ ചില പദങ്ങള്‍  മൂലഭാഷയില്‍നിന്ന് അതേപടി സ്വീകരിക്കുകയോ മറ്റേതെങ്കിലും ഭാഷയില്‍നിന്ന്  കടമെടുക്കുകയോ ചെയ്തു. ഇപ്രകാരം ക്രൈസ്തവരുടെ ആചാരങ്ങളിലും അതിനുപയോഗിക്കുന്ന  വസ്തുക്കളുടെ പേരുകളിലും സ്ഥാനങ്ങളുടെ പേരുകളിലും വിദേശഭാഷകള്‍  കടന്നുകൂടിയിട്ടുണ്ട്. ഇത്തരം ചില വാക്കുകള്‍ കാണുമ്പോള്‍ നാം ചിന്തിക്കുന്ന വിഷയം  കൂടുതല്‍ വ്യക്തമാകും. വളരെ പ്രധാനപ്പെട്ട ചിലതുമാത്രം ഇവിടെ വെളിപ്പെടുത്തുന്നു: അപ്പസ്തോലന്‍, ളോഹ, വെഞ്ചരിക്കുക, വെന്തിങ്ങ, കപ്പേള, കുമ്പസാരം, കുരിശ്, കൊന്ത, കാപ്പ, വീഞ്ഞ് എന്നിവ പോര്‍ട്ടുഗീസ് പദങ്ങളാണ്. കപ്യാര്‍, കല്‍ദായ, കശീശ, കുര്‍ബാന, കൂദാശ, പെസഹാ, മദ്ബഹാ, മഹറോന്‍, മാമോദീസാ, മാലാഖാ, ശെമ്മാശന്‍, മ്ശീഹാ, യാക്കോബായ ഇവയൊക്കെ സുറിയാനി പദങ്ങളാകുന്നു.

ബൈബിളില്‍ നാം വായിക്കുന്ന മിക്കവാറും എല്ലാ പേരുകളും ഹീബ്രുവില്‍നിന്ന് നേരിട്ടുള്ളതാണ്. നമ്മുടെ നാട്ടില്‍ ഇല്ലാതിരുന്ന ചില വസ്തുക്കള്‍ക്ക് മൂലഭാഷയിലെ പദങ്ങള്‍ ഉപയോഗിക്കുകയും ഇവിടെ നിലവിലുള്ളവയ്ക്ക് പ്രാദേശിക ഭാഷ ഉപയോഗിക്കുകയുമാണ് ചെയ്തത്. ആരാധനാലയങ്ങളെ നമ്മുടെ നാട്ടില്‍ ദേവാലയങ്ങളെന്ന് വിളിച്ചിരുന്നതിനാല്‍, അതിലെ അപകടം തിരിച്ചറിയാതെ വിവര്‍ത്തകര്‍ അതു സ്വീകരിക്കുകയും ജറുസലെമിലെ 'ദൈവാലയം' മലയാളികള്‍ക്ക് 'ദേവാലയ'മായി ഭവിക്കുകയും ചെയ്തു!

ദേവന്മാരെ ദൈവമായി  തെറ്റിദ്ധരിച്ചതുപോലെ തന്നെയാണ് ദൈവാലയങ്ങള്‍ ദേവാലയങ്ങളായി മാറിയതും! ചെറിയൊരു  അക്ഷരത്തെറ്റ് സത്യത്തെ അപ്പാടെ മാറ്റിമറിക്കുന്ന ഭീകരവിപത്തായി മാറി. ഒരിക്കല്‍  സംഭവിച്ച ഈ തെറ്റ് ആവര്‍ത്തിക്കാതെ തിരുത്തലുകളോടെ സത്യത്തെ സ്വീകരിക്കുകയാണു വേണ്ടത്.  വചനത്തിലെ വള്ളിയോ പുള്ളിയോ മാറ്റരുതെന്ന ബൈബിള്‍ സന്ദേശത്തെ ഉള്‍ക്കൊള്ളുകയെന്നാല്‍ തെറ്റുകള്‍ തിരുത്താതെ മുന്നോട്ടുപോവുക എന്നല്ല. മൂലഗ്രന്ഥത്തിലെ ആശയങ്ങളില്‍നിന്ന് വ്യതിചലിക്കാത്ത പരിഭാഷയെ പാടുള്ളു എന്നാണ് അര്‍ത്ഥമാക്കുന്നത്. ചില പുതുതലമുറ സഭകള്‍ വള്ളിക്കും പുള്ളിക്കും കൊടുക്കുന്ന അമിതപ്രാധാന്യം വിവരക്കേടിന്റെ പൂര്‍ണ്ണതയാണ് തെളിയിക്കുന്നത്. ഇവരുടെ വാദം മുഖവിലക്കെടുത്താല്‍ വചനങ്ങള്‍ മൂലഭാഷയില്‍തന്നെ വായിക്കേണ്ടിവരും! ബൈബിള്‍ എഴുതിയിരിക്കുന്ന ഭാഷയില്‍ ആ വചനത്തിന് ഉദ്ദേശിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍നിന്ന് വ്യതിചലിക്കരുത് എന്നുമാത്രമേ രചയിതാക്കള്‍ പറഞ്ഞിട്ടുള്ളു. ഇതു ഗ്രഹിക്കാത്ത പുത്തന്‍ സഭകള്‍ ഭാഷയില്‍വന്ന പരിഷ്കാരങ്ങളൊന്നും സ്വീകരിക്കാതെ ഇന്നത്തെ സമൂഹത്തിനു മനസ്സിലാകാത്ത ഭാഷയുമായി തുടരുന്നുണ്ട്.

മലയാള വര്‍ത്തമാനപ്പത്രങ്ങളില്‍ ചിലതിന് നൂറിലധികം വര്‍ഷത്തെ ചരിത്രമുണ്ട്. ഇന്ന് നിലവിലുള്ള ഒരു പത്രത്തിന്റെ നൂറുവര്‍ഷം മുന്‍പത്തെ വാര്‍ത്തകള്‍ വായിച്ചാല്‍, ഇന്നുള്ളവര്‍ക്ക് അതു മനസ്സിലാകില്ല. ഇത് ഭാഷയില്‍ വന്നിട്ടുള്ള പുരോഗമനങ്ങളാണ് കാണിക്കുന്നത്. അതുപോലെ ആധുനീകഭാഷയിലേക്ക് ബൈബിളിനെ വിവര്‍ത്തനം ചെയ്യുകയെന്നാല്‍ വള്ളിയും പുള്ളിയും മാറുന്നു എന്നല്ല? പെന്തക്കോസ്തുകാരുടെ മൌഢ്യം നിറഞ്ഞതും ബാലിശവുമായ വാദഗതികള്‍മൂലം നന്മനിറഞ്ഞ മറിയമല്ല കൃപനിറഞ്ഞ മറിയമാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ വാക്കുകളുടെ വ്യത്യാസം എന്താണെന്നു ചിന്തിക്കാനോ മൂലഗ്രന്ഥത്തില്‍ എന്താണുള്ളതെന്ന് കണ്ടെത്താനോ ഇവര്‍ ശ്രമിക്കുന്നില്ല.

എന്നാല്‍, ദൈവാലയമെന്നോ ആരാധനാലയമെന്നോ പ്രാര്‍ത്ഥനാലയമെന്നോ വിളിക്കാമായിരുന്നിട്ടും 'ദേവാലയ'മാക്കിയത് വിജാതിയ സ്വാധീനത്തിന്റെ ഭാഗമാണ്. ബൈബിളില്‍ എഴുതിയിരിക്കുന്നത് ദേവാലയം എന്നായതുകൊണ്ട് വള്ളിയും പുള്ളിയും മാറ്റാതെ ഈ തെറ്റ് ആവര്‍ത്തിക്കേണ്ട കടമ സത്യവിശ്വാസികള്‍ക്കില്ല. അതിനെ ഒരു അച്ചടിപ്പിശകായി മാത്രം കണ്ടാല്‍ മതി. ജറുസലെമില്‍ ഉണ്ടായിരുന്ന ആലയം ദേവലയമെന്നു വിളിക്കപ്പെടാന്‍ പാടില്ല. അത് സത്യദൈവത്തിന്റെ ആലയമായിരുന്നു. ദൈവത്തിന്റെ ആലയമൊരിക്കലും ദേവന്മാരുടെ ആലയമായി കണക്കാക്കരുത്. അതുപോലെതന്നെ ക്രൈസ്തവ ആരാധനാലയങ്ങള്‍ എല്ലാം ദൈവാലയങ്ങളാണ്! "എന്റെ ഭവനം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു"(മത്താ:21;13). ദൈവത്തിന്റെ ഭവനം ഒരിക്കലും ദേവാലയമാകില്ല! യേഹ്ശുവാ ദൈവമാണെന്നും ദേവനല്ലെന്നും വിശ്വസിക്കുന്നവര്‍ക്ക് ക്രൈസ്തവ ആരാധനാലയങ്ങള്‍ ദൈവാലയങ്ങളായിരിക്കണം!

'ആന്റി ക്രൈസ്റ്റ്' എങ്ങനെ 'അന്തിക്രിസ്തു' ആയി?

'ആന്റി ക്രൈസ്റ്റ്' എങ്ങനെയാണ് മലയാളികള്‍ക്ക് 'അന്തിക്രിസ്തു'വായത് എന്നകാര്യം ദുരൂഹമാണ്! 'അന്തി' എന്നാല്‍ സായാഹ്നമെന്നും അവസാനത്തേത് എന്നുമൊക്കെ അര്‍ത്ഥമുണ്ട്. എതിര്‍ക്രിസ്തു അഥവാ വ്യാജ മ്ശിഹായ്ക്ക് അന്തിക്രിസ്തു എന്ന നാമം ഒരുതരത്തിലും അനുയോജ്യമല്ല. മറ്റു ഭാഷകളില്‍ എല്ലാം എതിര്‍ക്രിസ്തുവെന്നോ വ്യാജ മ്ശിഹായെന്നോ അര്‍ത്ഥമുള്ള പേരുകളാണ് ഉള്ളതെന്നതും ശ്രദ്ധേയമാകുന്നു. മലയാളഭാഷയില്‍ സാത്താന്‍ കയറി നന്നായി കളിച്ചിരിക്കുന്നു എന്നു വ്യക്തമാണ്. അവസാനത്തെ ക്രിസ്തുവെന്ന അര്‍ത്ഥത്തിലാണ് അന്തിക്രിസ്തു എന്ന് എഴുതിയിരിക്കുന്നതെങ്കില്‍ ഈ തെറ്റിന് ആഴം കൂടും! കാരണം, അവസാനമായി വരാനിരിക്കുന്ന മ്ശിഹാ നമ്മുടെ യേഹ്ശുവാ മ്ശിഹാ തന്നെയാണ്! യേഹ്ശുവായുടെ വരവിനു തൊട്ടുമുമ്പാണ് എതിര്‍ക്രിസ്തു(വ്യാജ മ്ശിഹാ) പ്രത്യക്ഷപ്പെടേണ്ടത് എന്നിരിക്കെ, അന്തിക്രിസ്തു എന്ന പേരിനെ ആക്ഷേപമായി ഉപയോഗിക്കുന്നതിലൂടെ ആരെയാണ് വാസ്തവത്തില്‍ നിന്ദിക്കുന്നത്? എതിര്‍ക്രിസ്തുവിനെ അരാജകത്വത്തിന്‍റെ മനുഷ്യനെന്നും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്.

നമ്മുടെ രക്ഷകനായ യേഹ്ശുവായെ നിന്ദിക്കാന്‍, സാത്താന്‍ കൌശലപൂര്‍വ്വം ഒരുക്കിയ കെണിയായിരുന്നു ഈ 'അന്തിക്രിസ്തു' പ്രയോഗം എന്നതില്‍ തര്‍ക്കമില്ല. എതിര്‍ക്രിസ്തുവും(Anti Christ) അന്തിക്രിസ്തുവും(Last Christ) ഒരേ അര്‍ത്ഥമാണ് ഉള്‍ക്കൊള്ളുന്നതെന്ന് ഏത് ഭാഷാപണ്ഡിതന്റെ തലയിലുദിച്ച ആശയമാണ്? അവസാനത്തെ ക്രിസ്തു (Last Christ)ആരാണെന്നത് ബൈബിള്‍ പൂര്‍ണ്ണമായി വായിച്ചിട്ടുള്ള ആര്‍ക്കും അറിയാന്‍ കഴിയും! അങ്ങനെയെങ്കില്‍ ഭാഷാപരമായി വന്നിട്ടുള്ള ഈ ദുരന്തം, സഭ ഇടപെട്ട് തിരുത്താന്‍ ഇനിയും വൈകരുത്.

അവസാനമായി വരാനിരിക്കുന്ന ക്രിസ്തു, നമ്മുടെ യേഹ്ശുവായാണ് എന്നതിന് പഴയനിയമത്തിലും പുതിയനിയമത്തിലും വേണ്ടത്ര തെളിവുകളുണ്ട്. സഖറിയാ, ദാനിയേല്‍ എന്നീ പ്രവാചകന്മാര്‍ ഇതു വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാതനനായവന്റെ മുമ്പില്‍ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്"(ദാനി:7;13,14). അവസാനമായി വരുന്ന ക്രിസ്തു ഇവനാണ്! യേഹ്ശുവായ്ക്കുശേഷം പിന്നീടൊരു ക്രിസ്തു(മ്ശിഹാ) അവതരിക്കാന്‍ ഇല്ലാത്തതുകൊണ്ടും എതിര്‍ക്രിസ്തുവിനെ യേഹ്ശുവാ നരകത്തില്‍ അടച്ചതുകൊണ്ടും അന്തിക്രിസ്തു(Last Christ) (അവസാന മ്ശിഹാ) നമ്മുടെ യേഹ്ശുവാ മാത്രമാണ്.

സഖറിയാ പ്രവചനം നോക്കുക: "യാഹ്‌വെ പുറപ്പെട്ട് യുദ്ധദിനത്തിലെന്നപോലെ ആ ജനതകളോടു പൊരുതും. ജറുസലെമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും"(സഖ:14;3,4). മുന്നോട്ടു വായിക്കുമ്പോള്‍ ഇതു കുറച്ചുകൂടി വ്യക്തമാകുന്നുണ്ട്: "യാഹ്‌വെ ഭൂമി മുഴുവന്‍റെയും രാജാവായി വാഴും. അന്ന് അവന്‍ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു നാമം മാത്രവും "(സഖ:14;9). യേഹ്ശുവാ ആയിരംവര്‍ഷം ഈ ഭൂമിയില്‍ ഭരിക്കുന്നതിന്റെ തുടക്കത്തെയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്!

രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് യേഹ്ശുവാ വന്നതിനെയാണ് ഈ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ആരും കരുതേണ്ടാ. ഈ പ്രവചനങ്ങളെ സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലുകള്‍, യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അപ്പസ്തോലന്മാര്‍ നല്‍കിയിട്ടുണ്ട്. അപ്പസ്തോലനായ പൌലോസിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നത് വായിക്കുക: "രക്ഷകനായ യേഹ്ശുവാ തന്റെ ശക്തരായ ദൂതന്മാരോടുകൂടെ അഗ്നിജ്വാലകളുടെമധ്യേ സ്വര്‍ഗ്ഗത്തില്‍നിന്നു പ്രത്യക്ഷപ്പെടുമ്പോള്‍ നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യും"(2തെസലോ:1;7). അവസാനത്തെ ക്രിസ്തു ആരാണെന്നതിന് ഇവിടെ വ്യക്തമായ ഉത്തരമുണ്ട്.
 
യേഹ്ശുവായുടെ പുനരാഗമനത്തിനുമുമ്പാണ് യഥാര്‍ത്ഥ എതിര്‍ക്രിസ്തുവരുന്നതെന്ന് വ്യക്തമാക്കുന്ന മറ്റൊരു വചനം കാണുക:
"എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനേയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2തെസലോ:2;3,4). ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ദൈവാലയങ്ങളില്‍ അവന്റെ സ്ഥാവര-ജംഗമ വസ്തുക്കള്‍(നിലവിളക്കും മറ്റും) പ്രതിഷ്ഠിച്ചുകഴിഞ്ഞു. പുതിയ വീട്ടിലേക്കു താമസം മാറ്റുന്നതിന്റെ മുന്നോടിയായി ഇങ്ങനെയാണല്ലോ പതിവ്!

ഈ എതിര്‍ക്രിസ്തുവിനെ നശിപ്പിക്കുന്നത് യേഹ്ശുവായാണെന്നു വെളിപ്പെടുത്തുന്ന വചനംകൂടി അറിഞ്ഞിരിക്കുക: "ദൈവപുത്രനായ യേഹ്ശുവാ തന്റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്റെ പ്രത്യാഗമനത്തിന്റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും"(2തെസലോ:2;8). യോഹന്നാനു ലഭിച്ച വെളിപാടിലും ഈ വ്യാജപ്രവാചകനെ യേഹ്ശുവാ നശിപ്പിക്കുന്നത് വ്യക്തമാക്കുന്നുണ്ട്. "അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു"(വെളി:20;10).

ഇനിയും വ്യക്തമായില്ലെങ്കില്‍ യേഹ്ശുവായുടെ വാക്കുകള്‍ കേള്‍ക്കുക: "ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്. ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്-ഒന്നാമനും ഒടുവിലത്തവനും- ആദിയും അന്തവും"(വെളി:22;12,13). ഒടുവിലത്തവന്‍ എന്നാല്‍, അന്ത്യത്തിലുള്ളവന്‍ തന്നെയാണെന്ന കാര്യം ഇതിനേക്കാള്‍ സ്പഷ്ടമാക്കേണ്ടതുണ്ടെന്ന് മനോവ കരുതുന്നില്ല!

സാത്താന്റെ അവതാരമായ എതിര്‍ക്രിസ്തുവിനെ 'അന്തിക്രിസ്തു' എന്ന് വിളിക്കുന്നതിലൂടെ, അന്ത്യവിധിക്കായി വരാനിരിക്കുന്ന യേഹ്ശുവായെ നിന്ദിക്കുകയാണു ചെയ്യുന്നത്!

'ശ്രീ'യേശുവും രക്ഷകനായ യേഹ്ശുവായും!

ദൈവത്തെ ദേശസാത്ക്കരിക്കുന്നതിന്റെ ഭാഗമായി ചില വിദ്ധ്വാന്മാര്‍ ദൈവപുത്രനായ യേഹ്ശുവായെ ശ്രീയേശു ആക്കിയിരിക്കുന്നു. യേശുവിനെ വിജാതിയവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുന്ന സംബോധനകള്‍ എത്രത്തോളം തിന്മനിറഞ്ഞതും ദൈവനിന്ദയുമാണെന്ന് പലര്‍ക്കും അറിയില്ല. കാരണം, ഇവയുടെയെല്ലാം അര്‍ത്ഥം മനസ്സിലാക്കാതെ കേട്ടതെല്ലാം അപ്പാടെ പാടിനടക്കുന്നവര്‍ സത്യം ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണു യാഥാര്‍ത്ഥ്യം! ഇത്തരം സംബോധനകളുടെ അര്‍ത്ഥം എന്താണെന്നു തിരിച്ചറിഞ്ഞതിനുശേഷം നിങ്ങള്‍തന്നെ തീരുമാനിക്കുക പുകഴ്ത്തലോ ഇകഴ്ത്തലോ എന്നത്.

ഇംഗ്ലീഷില്‍ 'മിസ്റ്റര്‍&മിസ്സിസ്' എന്ന് പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിച്ച് അഭിസംബോധന ചെയ്യുന്നതുപോലെ ഇതരഭാഷകളില്‍ വ്യത്യസ്ഥങ്ങളായ സംബോധനാ വാക്കുകളുണ്ട്. നമ്മുടെ നാട്ടില്‍ തിരഞ്ഞെടുത്തിരിക്കുന്ന 'ശ്രീമാന്‍ ' 'ശ്രീമതി' എന്നീ വാക്കുകള്‍ വളരെ അര്‍ത്ഥവത്തും മനോഹരവുമാണ് എന്നതില്‍ തര്‍ക്കമില്ല. പുരുഷന്മാരെ കുറിക്കുമ്പോള്‍ 'ശ്രീമാന്‍' എന്നു പറയാറില്ല; പകരം 'ശ്രീ' എന്നു മാത്രമെ ചേര്‍ക്കാറുള്ളു. യഥാര്‍ത്ഥത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഉപയോഗിക്കാവുന്ന വാക്കാണിത്. കാരണം ഈ വാക്കിന് ഐശ്വര്യം എന്നാണ് അര്‍ത്ഥം! ഒരു വ്യക്തിയുടെ പേരിനുമുമ്പില്‍ 'ശ്രീ' ചേര്‍ത്ത് ആ പേരിനെ ഐശ്വര്യ പൂര്‍ണ്ണമാക്കുകയാണു ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിശുദ്ധീകരണ പ്രക്രിയയാണെന്നും പറയാം! പ്രായവ്യത്യാസമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു മനുഷ്യന്റെ പേരിനുമുന്നിലും ശ്രീ'യെന്ന് സംബോധന ചെയ്യാവുന്നതാണ്.

മലയാളഭാഷാ നിഘണ്ടുവില്‍ 'ശ്രീ'യെന്ന വാക്കിന് നല്‍കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍ നോക്കുക; ഐശ്വര്യം, ധനം, നിധി, ശ്രേയസ്, ലക്ഷ്മീദേവി, ശ്രീപാര്‍വ്വതി, സരസ്വതി, ശക്തി, ബുദ്ധി, കീര്‍ത്തി, വിജയം, ശോഭ, പ്രഭാവം, വാക്ക്, ശ്രീരാഗം എന്നിങ്ങനെയാണ്. ചില ഹൈന്ദവ ദേവതകളുടെ പേരുള്ളതൊഴികെ മറ്റുള്ളവയെല്ലാം വിശേഷണ പദങ്ങളാണെന്നു മനസ്സിലാക്കാം. ഇത്തരം നാമവിശേഷണങ്ങള്‍ പേരിനു മുന്നില്‍ ചേര്‍ക്കുന്നതിലൂടെ, പേരിനെ പവിത്രീകരിക്കുകയോ ശക്തിപ്പെടുത്തുകയോ ആണു ലക്ഷ്യം! ഹിന്ദുക്കളുടെ ദേവതകളുടെയും ദേവന്മാരുടെയും കൂടെ 'ശ്രീ' ചേര്‍ക്കുന്നത് സര്‍വ്വസാധാരണമാണ്. ഇതിലൂടെതന്നെ ഈ പേരുകള്‍ക്കു പോരായ്മയുണ്ടെന്നു വ്യക്തമാകുന്നു. ('ശ്രീ'യെന്ന പദം ഉപയോഗിച്ചാല്‍ ഏതു ശപിക്കപ്പെട്ടവരെയും വിശുദ്ധനാക്കാമെന്നത് വ്യര്‍ത്ഥതയാണെന്നു നമുക്കു ചിന്തിച്ചാല്‍ മനസ്സിലാകും).

'ശ്രീ' ചേര്‍ത്തുള്ള ചില പേരുകള്‍ ശ്രദ്ധിക്കാം; സ്വതവേ പേരില്‍തന്നെ ശ്രീയുള്ളവയാണത്. ശ്രീകണ്ഠന്‍ ഇത്തരത്തിലുള്ള ഒരു പേരാണല്ലോ! ശിവന്‍റെ പര്യായമാണു ശ്രീകണ്ഠന്‍. അതുപോലെതന്നെ ശ്രീകോവിലെന്നാല്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലമെന്നാണ് അര്‍ത്ഥം! 'ശ്രീ'കുട്ടിച്ചാത്തന്‍ എന്ന് ചെകുത്താനെയും സംബോധന ചെയ്ത് അവന്റെ പേരിനെ പവിത്രീകരിക്കുന്നുണ്ടെന്നത് രസകരമായ കാര്യമാണ്. ഹിന്ദുത്വത്തില്‍ ചെകുത്താനും പരമപ്രധാനമായ സ്ഥാനം ഉണ്ടെന്നതിനാല്‍ ഇതില്‍ അദ്ഭുതപ്പെടാനില്ല! അപ്രകാരം തന്നെ അവരുടെ മതഗ്രന്ഥങ്ങളും 'ശ്രീ' ചേര്‍ത്താണു വിളിക്കപ്പെടുന്നത്. വിശുദ്ധമായ ഒന്നിനെ വീണ്ടും വിശുദ്ധീകരിക്കേണ്ടതില്ലല്ലോ? ഇതില്‍നിന്നുതന്നെ സ്വതവേ വിശുദ്ധമല്ലാത്ത ഒന്നിനെയാണ് ഇത്തരം പ്രയോഗങ്ങളിലൂടെ വിശുദ്ധമാക്കുന്നതെന്നു വ്യക്തം!

യേഹ്ശുവാ എന്ന നാമത്തിനുമുന്നില്‍ 'ശ്രീ' പ്രയോഗം എത്രമാത്രം അപ്രായോഗികമാണെന്ന് ഇനി പരിശോധിക്കാം! ഇംഗ്ലീഷിലെ 'മിസ്റ്റര്‍'എന്നവാക്കിനു പകരം മലയാളത്തില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കുന്ന പദം മാത്രമല്ല 'ശ്രീ'യെന്നത്. ഇംഗ്ലീഷ് ബൈബിളില്‍ ഒരിടത്തും യേഹ്ശുവായെ 'മിസ്റ്റര്‍' എന്നു സംബോധന ചെയ്തതായി കാണുന്നില്ല. ഇതിലൂടെതന്നെ ഇക്കാര്യം വ്യക്തമാകുന്നു.
 
ഇനി കാര്യത്തിലേക്കുവരാം; യേഹ്ശുവായുടെ നാമത്തിന് ഇനിയുമൊരു വിശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടോ? ലോകത്തെ മുഴുവന്‍ വിശുദ്ധീകരിക്കാന്‍ തക്കവിധം പരിശുദ്ധമായ നാമമാണ് യേഹ്ശുവാ എന്ന നാമം! എല്ലാ നാമങ്ങള്‍ക്കുംമേലെ ദൈവം ഉയര്‍ത്തി സ്ഥാപിച്ച നാമത്തെ വിശുദ്ധീകരിക്കാന്‍, കുട്ടിച്ചാത്തനെ വിശുദ്ധീകരിക്കാന്‍പോലും ഉപയോഗിക്കുന്ന ഒരു പദം ഉപയോഗിക്കുന്നതിലൂടെ പിശാചിന് ഒരു ഗൂഢലക്ഷ്യമുണ്ട്.
യേഹ്ശുവാ എന്ന നാമം കേള്‍ക്കുന്നതുപോലും സാത്താന്റെ നട്ടെല്ലിനെ മരവിപ്പിക്കുന്ന പ്രഹരമാണ്! യേഹ്ശുവായുടെ നാമത്തോട് മറ്റെന്തെങ്കിലും ചേര്‍ത്തുവച്ച് ആ ഉന്നതമായ നാമത്തിന്റെ ശക്തി കുറയ്ക്കുകയെന്നത് അവന്റെ ആവശ്യമാണ്. അതോടൊപ്പം യേഹ്ശുവായുടെ നാമത്തിന് ഇനിയും വിശുദ്ധി വേണമെന്നു ചിന്തിപ്പിക്കുന്നതിലൂടെ ആ നാമത്തെയും, ഇതിനെ പരമോന്നതിയിലേക്ക് ഉയര്‍ത്തിയ ദൈവത്തെയും ഇകഴ്ത്തുകയാണു ചെയ്യുന്നത്. യേഹ്ശുവായുടെ നാമത്തിനു മുന്നില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുമടക്കും. അത് 'ശ്രീ'യേശു എന്ന നാമത്തിനു മുന്നിലല്ല. യേഹ്ശുവാ വീണ്ടും വരുന്നതുവരെ തത്ക്കാലം പിടിച്ചുനില്‍ക്കാനുള്ള ബദ്ധപ്പാടിലാണു പിശാച്!

യേഹ്ശുവാ ഇപ്പോള്‍ മനുഷ്യപുത്രന്‍ മാത്രമല്ല; ദൈവവുമാണ്! ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത കണക്കിലെടുക്കാതെ മനുഷ്യനായി ഈ ഭൂമിയിലേക്കു വന്നു. തന്റെ രക്ഷാകരദൌത്യം പൂര്‍ത്തിയാക്കി ആയിരുന്നിടത്തേക്ക് തിരികെപ്പോയി; ഇനി യേഹ്ശുവാ പൂര്‍ണ്ണനായ ദൈവവുംകൂടിയാണ്. ഇനിയൊരിക്കലും ഈ അവസ്ഥയില്‍നിന്നു താഴോട്ടു വരികയുമില്ല. അതിനാല്‍തന്നെ ആ പരിശുദ്ധിയെ വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യനു കഴിയുകയില്ല; അതു പൂര്‍ണ്ണതയിലാണുള്ളത്. തനി തങ്കത്തിനു പുറത്ത് പിച്ചള പൊതിയുന്നതുപോലെ അപഹാസ്യമായ പ്രവര്‍ത്തിയുമാണ്!
 
സാംസ്കാരികതയുടെയും പ്രാദേശികവാദത്തിന്റെയും മറവില്‍ വിജാതിയവത്ക്കരണമാണ് നടപ്പാകുന്നത് എന്നകാര്യത്തില്‍ ഇനിയും അജ്ഞത പുലര്‍ത്തുന്നവര്‍ സൂക്ഷിക്കുക! വചനം അരുളിച്ചെയ്യുന്നു:
"അപ്പോള്‍ അവന്‍, ദൈവത്തെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ നാഥനായ യേഹ്ശുവാ മ്ശിഹായുടെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരം ചെയ്യും. അവര്‍ യേഹ്ശുവായുടെ സന്നിധിയില്‍നിന്നും അവന്റെ ശക്തിയുടെ മഹത്വത്തില്‍നിന്നും തിരസ്കരിക്കപ്പെട്ട് നിത്യനാശം ശിക്ഷയായനുഭവിക്കും"(2തെസ:1;8,9).

'ശ്രീ'യേശുവെന്നോ യേശുദേവനെന്നോ പറഞ്ഞുകൊണ്ട് ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ 'ബര്‍' യേശുവെന്ന മന്ത്രവാദിയേയും യേശുദാസ് എന്ന പേരിലുള്ള വ്യക്തികളെയും എങ്ങനെ കാണുന്നുവോ അതിനപ്പുറം പരിഗണനകള്‍ നല്‍കേണ്ടതില്ല. അവരെ നിങ്ങള്‍ ഭയപ്പെടുകയും വേണ്ട! എന്തെന്നാല്‍, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്! അവിടുത്തെ പുത്രനായ യേഹ്ശുവാ പ്രതികാരം ചെയ്യാനായി വേഗം വരും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-
 

    6245 views

LOG IN

Lost your password?

SIGN UP

LOST PASSWORD