വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

പത്രോസും യൂദാസും

Print By
about

യേഹ്ശുവായെക്കുറിച്ച് കേട്ടിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്ന രണ്ടു വ്യക്തികളാണ് പത്രോസും യൂദാസും! യേഹ്ശുവായുടെ ശിഷ്യന്മാരില്‍ പ്രധാനിയായിരുന്നു പത്രോസ്(യോഹ: 21; 15-19). യൂദാസാകട്ടെ യേഹ്ശുവായെ ചുംബനത്താല്‍ ഒറ്റുകൊടുത്ത ഒറ്റുകാരനും! പത്രോസ് നേടിയത് പ്രസിദ്ധിയെങ്കില്‍, യൂദാസ് നേടിയതു കുപ്രസിദ്ധിയായിരുന്നു. ഒരേ രാത്രിയില്‍തന്നെ യേഹ്ശുവായ്ക്കെതിരേ തിന്മ പ്രവര്‍ത്തിച്ച വ്യക്തികള്‍ എന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. ഒരേ പാപങ്ങള്‍ ചെയ്ത ഇവര്‍ അനുഭവിക്കേണ്ടിവന്നത് ഒരേ ശിക്ഷയായിരുന്നില്ല. ഇവര്‍ചെയ്ത പ്രവൃത്തികളുടെ അന്തരമാണ് നാം ആദ്യമായി ചിന്തിക്കുവാന്‍ പോകുന്നത്.

വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലെന്ന പോലെ, യേഹ്ശുവാ ശിഷ്യന്മാരോട് പറയുന്നു: "ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും"(മത്താ: 26; 31). പ്രവാചകര്‍ മുഖേന മുന്‍കൂട്ടി അറിയിച്ച തിരുവചനമാണ് യേഹ്ശുവാ ഇവിടെ അറിയിക്കുന്നത്. എന്നാല്‍, പത്രോസ് പറയുന്നു: "എല്ലവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല"(മത്താ: 26; 33). ഇത്, തനിക്ക് യേഹ്ശുവായോടുള്ള സ്നേഹത്തിന്റെ പ്രഖ്യാപനമായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കകം രണ്ടു സ്ത്രീകളോട് അടക്കം മൂന്നുവട്ടം യേഹ്ശുവായെ അറിയില്ലെന്നു നിഷേധിച്ചുപറഞ്ഞു. മാത്രവുമല്ല, ഞാന്‍ ആ മനുഷ്യനെ അറിയുകയില്ല എന്നു പറഞ്ഞ് ശപിക്കാനും ആണയിടാനും തുടങ്ങി.(മത്താ: 26; 74).

ഈ സംഭവങ്ങള്‍ക്ക് കുറച്ചു മണിക്കൂറുകൾക്കു മുന്‍പാണ് യൂദാസ് യേഹ്ശുവായെ ഒറ്റിക്കൊടുത്തത്. യൂദാസ് ഒരുവട്ടം ചുംബനത്താല്‍ ഒറ്റിക്കൊടുത്തപ്പോള്‍, പത്രോസ് മൂന്നുവട്ടം ഗുരുവിനെ നിഷേധിക്കുകയും ശപിക്കുകയും ചെയ്തു.   ഇവരുടെ പാപങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നമുക്കു ചിന്തിക്കാം.

പത്രോസ് ഗുരുവിനെ നിഷേധിക്കുന്നത് മുന്‍കൂട്ടി പദ്ധതി ഒരുക്കിയിട്ടായിരുന്നില്ല. സാഹചര്യവും ഭയവുമാണ് അതിനു കാരണമായത്. എന്നാല്‍, യൂദാസ് മുന്‍കൂട്ടി തയ്യറാക്കിയ പദ്ധതിയനുസരിച്ചാണ് അതു പ്രവര്‍ത്തിച്ചത്. ഇത് പാപത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.  ഒരു പ്രത്യേക സാഹചര്യതില്‍, അല്ലെങ്കില്‍ ഒരു ബലഹീനതയില്‍ ചെയ്തുപോകുന്ന പാപങ്ങളും, തയ്യാറെടുപ്പോടെ ചെയ്യുന്നവയും വ്യത്യസ്ഥമാണ്. എന്നിരുന്നാലും പാപം പാപംതന്നെയാണ്. ഒരുതരത്തില്‍ ചിന്തിച്ചാല്‍, പത്രോസും യൂദാസും ചെയ്ത പാപങ്ങള്‍ തുല്യ ഗൗരവമുള്ളവയാണ്‌. രണ്ടു വ്യക്തികളും പാപം ചെയ്തുവെങ്കിലും, ഈ പാപങ്ങള്‍ രണ്ടുപേരെയു രണ്ട് അവസ്ഥകളിലേക്കാണു നയിച്ചത്. ഒരുവനെ അവന്റെ പാപം അനുതാപത്തിലെക്ക് നയിച്ചു. അവന്‍ തന്റെ പാപത്തെയോര്‍ത്ത് ഹൃദയംനൊന്തു കരഞ്ഞു (മത്താ: 26; 75). പിന്നീടുള്ള പത്രോസിന്റെ ചരിത്രം യേഹ്ശുവായ്ക്കുവേണ്ടിയുള്ള സഹന ജീവിതത്തിന്റേതായിരുന്നു. ചെയ്തുപൊയ തെറ്റിനെക്കുറിക്കുറിച്ചുള്ള അനുതാപവും പാപങ്ങള്‍ ക്ഷമിച്ച യേഹ്ശുവായോടുള്ള നന്ദിയും, സ്വന്തം ജീവനെപോലും അവിടുത്തേക്കായി കൊടുക്കുവാന്‍ കാരണമായി.

അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വര്‍ഗ്ഗരാജ്യം സന്തോഷിക്കുന്നു എന്നാണ് വചനം പറയുന്നത്(ലൂക്കാ: 15; 7).
യൂദാസിന്റെ പാപം അവനെ കുറ്റബോധത്തിലേക്കാണു നയിച്ചത്. യേഹ്ശുവായുടെ ക്ഷമയെക്കുറിച്ചു ചിന്തിക്കാതെ, അവന്‍ സ്വയം ജീവനൊടുക്കി. ദൈവത്തിന്റെ അനന്തമായ സ്നേഹവും രക്ഷയും അവനോര്‍ത്തില്ല.

ഇന്ന് നമ്മില്‍ പലരുടെയും അവസ്ഥയിതാണ്. ഒരിക്കല്‍, അല്ലെങ്കില്‍ പലവട്ടം ചെയ്തുപോയ പാപത്തെക്കുറിച്ച് കുറ്റബൊധവും നിരാശയുമായി കഴിയുകയാണ്. പലപ്പോഴും സാത്താന്‍ നമ്മുടെ പാപത്തിന്റെ കാഠിന്യം ഓര്‍മ്മിപ്പിക്കുക മാത്രമല്ല, ക്ഷമിക്കപ്പെടുകയില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സാത്താന്‍ ആദിമുതല്‍ക്കേ നുണയനാണെന്നു വചനം പഠിപ്പിക്കുന്നു.

ഒരുകാലത്ത് യേഹ്ശുവായുടെ സഭയെ പീഡിപ്പിക്കുകയും അപ്പസ്തോലന്മാരെ വധിക്കുക്കുന്നതിനു കൂട്ടുനില്‍ക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു സാവൂള്‍. പില്‍ക്കാലത്ത് മാനാസാന്തരപ്പെട്ട് അപ്പസ്തോലനായ പൗലോസായി. അനേകരെ യേഹ്ശുവായിലേക്കു നയിക്കുകയും രക്തസാക്ഷിയായി മാറുകയും ചെയ്തു.

എത്ര വലിയ പാപിയാണെങ്കിലും യേഹ്ശുവായുടെ ബലിയുടെ യോഗ്യതയാലാണ് നാം മോചനം പ്രാപിക്കുന്നത്. അവിടുന്നു നമുക്കുവേണ്ടി നമ്മുടെ പാപങ്ങളേറ്റെടുത്തു. നമുക്കു ലഭിക്കേണ്ടിയിരുന്ന ശിക്ഷയാണ് യേഹ്ശുവാ ഏറ്റെടുത്തത്. അങ്ങനെ നാം സ്വതന്ത്രരാക്കപ്പെട്ടു. നാം പാപികളായിരിക്കെ നമുക്കു വേണ്ടി യേഹ്ശുവാ ശിക്ഷ ഏറ്റു വാങ്ങി ജീവന്‍ ബലികഴിച്ചു.  പാപം മൂലം സാത്താന്റെ അധീനതയിലായ നമ്മെ മോചിപ്പിക്കാന്‍, സകല പാപങ്ങളും സ്വയം ഏറ്റെടുത്തപ്പോഴാണ് നാം മോചിപ്പിക്കപ്പെട്ടത്. ഒരു കുറ്റത്തിന് രണ്ടുതവണ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, ഇന്ന് പാപത്തില്‍നിന്നും മാറാന്‍ തയ്യാറയാല്‍ ശിക്ഷയെ ഭയപ്പെടേണ്ട ആവശ്യമില്ല. പാപത്തെക്കുറിച്ച് അനുതപിക്കുകയും, പാപത്തെയും പാപസാഹചര്യങ്ങളെയും വെറുത്ത് ഉപേക്ഷിക്കുകയും ചെയ്താല്‍ ശിക്ഷവിധിയില്‍ നിന്നു നാം മോചനം പ്രാപിച്ച് കഴിഞ്ഞു.

"ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവര്‍ത്തനങ്ങള്‍: 4; 12).

ഉപേക്ഷിച്ച പാപത്തെക്കുറിച്ച് ഇനിമേല്‍ നമുക്ക് ഭയപ്പെടാതിരിക്കാം."നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല; മറിച്ച് പുത്ര സ്വീകാര്യത്തിന്റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്"(റോമാ:8;15).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2223 views

LOG IN

Lost your password?

SIGN UP

LOST PASSWORD