അറിഞ്ഞിരിക്കാന്‍

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍!

Print By
about

29 - 11 - 2014

പ്രധാനമായും രണ്ടുതരം പ്രതിജ്ഞകളെക്കുറിച്ചാണ് നമുക്ക് അറിവുള്ളത്. ദൈവത്തിന്റെ പേരിലുള്ള പ്രതിജ്ഞയും ദൃഢപ്രതിജ്ഞയുമാണ് അവ. സാധാരണയായി സത്യപ്രതിജ്ഞകള്‍ നടത്തുമ്പോള്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നു. ദൈവത്തിന്റെ പേരിലുള്ള പ്രതിജ്ഞയെക്കുറിച്ച് നാമിവിടെ ചിന്തിക്കുന്നതുകൊണ്ട്, ദൃഢപ്രതിജ്ഞ തത്ക്കാലം മാറ്റിവയ്ക്കാം. എന്നാല്‍, ഈ ലേഖനത്തിന്റെ ഇതിവൃത്തം പ്രതിജ്ഞകളെ സംബന്ധിച്ചുള്ളതാണെന്ന് ആരും ധരിക്കരുത്; യഥാര്‍ത്ഥ വിഷയത്തിലേക്കു കടക്കുന്നതിനുള്ള മുഖവുരയായി മാത്രം ഇതിനെ കണ്ടാല്‍ മതി.

ദൃഢപ്രതിജ്ഞ ചെയ്യുന്ന വ്യക്തികളെ ദൈവവിശ്വാസികള്‍ അല്പം നീരസത്തോടെയാണ് കാണുന്നത്! ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നവരെക്കുറിച്ച് വിശ്വാസികള്‍ അഭിമാനംകൊള്ളുകയും ചെയ്യുന്നു. എന്നാല്‍, മനോവ നേരേ തിരിച്ചാണ്! കാരണം, പ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രിമാരും മറ്റ് അധികാരികളും, അവര്‍ ചെയ്ത പ്രതിജ്ഞയോടു നൂറുശതമാനം ആത്മാര്‍ത്ഥത കാട്ടാത്തപക്ഷം, ദൈവത്തിന്റെ പേരിലുള്ള പ്രതിജ്ഞ അപകടകാരിയാണ്! ദൃഢപ്രതിജ്ഞ ചെയ്യുന്ന ഒരുവന്‍, തന്റെതന്നെ ഉത്തരവാദിത്വത്തിലാണ് അതു നടത്തുന്നത്. ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നവനാകട്ടെ, ദൈവത്തെ കൂട്ടാളിയാക്കുന്നു! ദൈവത്തിന്റെ പേരില്‍ നാം കേട്ടിട്ടുള്ള പ്രതിജ്ഞകളെല്ലാം വെറും പ്രഹസനമായിരുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് നമുക്ക് വിഷയത്തിലേക്കു പ്രവേശിക്കാം.

പ്രതിജ്ഞചെയ്യുന്ന വ്യക്തി, താന്‍ ചെയ്യാന്‍ ഏല്‍ക്കുന്നവ എന്തെല്ലാമെന്ന് ഏറ്റുപറഞ്ഞതിനുശേഷം ദൈവത്തിന്റെ പേരില്‍ അത് ഉറപ്പിക്കുന്ന രീതിയാണ് ദൈവത്തിന്റെ പേരിലുള്ള പ്രതിജ്ഞ! ദൈവത്തിന്റെ പേരില്‍ ഞാന്‍ പ്രതിജ്ഞചെയ്യുന്നു എന്ന് പറഞ്ഞാണ് ഈ കര്‍മ്മം അവസാനിപ്പിക്കുന്നത്. ഇസ്ലാംമതക്കാരൊഴികെ മറ്റെല്ലാ മതക്കാരും ഇങ്ങനെതന്നെ ചെയ്യുന്നു. ഈ പ്രതിജ്ഞ വെറും പ്രഹസനമാണെന്നു മനോവ പറഞ്ഞതിനു വ്യക്തമായ കാരണമുണ്ട്. ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്ന ഒരുവന്‍ ആ ദൈവത്തിന്റെ പേര് പറയുന്നില്ല എന്നതുകൊണ്ടുതന്നെ ഈ പ്രതിജ്ഞ അസാധുവാണ്! ദൈവം എന്നത് ഒരു പേരല്ല; ഒരു പദവി(സ്ഥാനം)യാണ്. ഓരോ വ്യക്തികളും ഈ സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നത് വ്യത്യസ്തരായ ആളുകളെയോ സങ്കല്പങ്ങളെയോ ആണ്. അവര്‍ക്കെല്ലാം വ്യത്യസ്തമായ പേരുകളുമുണ്ട്. ദൈവത്തിന്റെ പേരില്‍ എന്നു പറഞ്ഞുകൊണ്ട് നടത്തപ്പെടുന്ന പ്രതിജ്ഞകളില്‍ ആ പേര് ഏറ്റുപറയാത്തിടത്തോളം എന്ത് അര്‍ത്ഥമാണുള്ളത്? ദൈവത്തെ സാക്ഷിയാക്കി എന്നാണ് പറയുന്നതെങ്കില്‍ അതിന് അല്പമെങ്കിലും സാധുതയുണ്ട്. മറിച്ച്, ദൈവത്തിന്റെ പേരില്‍ എന്നാണ് പറയുന്നതെങ്കില്‍, ആ പേരു വെളിപ്പെടുത്തുകതന്നെ വേണം!

ദൈവത്തെ സാക്ഷിയാക്കുമ്പോഴും പ്രതിജ്ഞയ്ക്കു പൂര്‍ണ്ണത വരണമെങ്കില്‍, ഏതു ദൈവത്തെ എന്നുകൂടി പറയണം. കാരണം, പ്രധാനമന്ത്രിക്കു ഞാന്‍ കത്തയച്ചുവെന്ന് ഒരുവന്‍ പറഞ്ഞാല്‍, ഏതു പ്രധാനമന്ത്രി എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എന്നുപറയുമ്പോള്‍ മറുചോദ്യം ഉയരാനുള്ള സാദ്ധ്യത കുറവാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയില്‍ പലരും ഇരുന്നിട്ടുള്ളതുകൊണ്ട്, ആ വ്യക്തിയുടെ പേരുകൂടി ചേര്‍ത്താല്‍ ചോദ്യത്തിനിടയില്ലാത്ത വിധം വ്യക്തത വരും. ആയതിനാല്‍, ദൈവത്തെ സാക്ഷിയാക്കി എന്നു പറയുന്ന വ്യക്തി, താന്‍ വിശ്വസിക്കുന്ന ദൈവത്തെ സാക്ഷിയാക്കി എന്നുപറഞ്ഞാല്‍ അതു പൂര്‍ണ്ണമാകും! എന്നിരുന്നാലും, ദൈവത്തിന്റെ പേരുകൂടി ചേര്‍ക്കുമ്പോള്‍ മാത്രമേ, ദൈവത്തിന്റെ പേരില്‍ എന്ന പ്രയോഗത്തിനു പൂര്‍ണ്ണ അര്‍ത്ഥം കൈവരികയുള്ളു. മനോവയുടെ ഈ വാദത്തിന് ആധാരമായ ബൈബിള്‍ വാക്യം ഇതാണ്: “ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ”(1 കോറി: 8; 5). ഒരു ദൈവം മാത്രമേയുള്ളുവെങ്കിലും, എല്ലാവരും വിശ്വസിക്കുന്നത് ആ ദൈവത്തെയല്ല. അതുകൊണ്ടുതന്നെ പൊതുവായ ഒരു ദൈവം എന്ന ആശയത്തിന് അടിസ്ഥാനമില്ല! അപ്പസ്തോലന്‍ തുടര്‍ന്നു പറയുന്നു: “എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു രക്ഷകനെ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ”(1 കോറി: 8; 6).

വിജാതിയര്‍ക്കു ദൈവത്തെക്കുറിച്ചുള്ളത് സങ്കല്പമാണെന്ന് അവര്‍തന്നെ പറയുന്നു. ദൈവീകസങ്കല്പം എന്നാണല്ലോ അവര്‍ പറയുന്നത്! എന്നാല്‍, ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ദൈവം സത്യമാണ്! മറ്റു മതങ്ങളുടെ ദൈവത്തില്‍നിന്നു തികച്ചും വ്യത്യസ്തനായ ഒരു ദൈവത്തെ സാമാന്യവത്കരിക്കുന്നതിലൂടെ സത്യദൈവത്തെ വ്യാജദൈവങ്ങളുടെ ഗണത്തില്‍ ചേര്‍ക്കുകയാണു ചെയ്യുന്നത്. ഇത് ഒന്നാംപ്രമാണത്തിന്റെ പരസ്യമായ ലംഘനമാകുന്നു. ആയതിനാല്‍, ദൈവമേ, ദൈവമേ, എന്നു വിളിക്കുന്നതുകൊണ്ട് സത്യദൈവം വിളികേള്‍ക്കണമെന്നില്ല. ഇക്കാരണത്താലാണ് സത്യദൈവം അവിടുത്തെ പേര് വെളിപ്പെടുത്താന്‍ തയ്യാറായത്! അവിടുത്തെ മഹത്തായ പേര് അവിടുന്ന് വെളിപ്പെടുത്തന്ന കാലത്ത് മറ്റ് അനേകം ദേവന്മാരും ദൈവങ്ങളും ഈ ഭൂവാസികളുടെ ആരാധനകള്‍ ഏറ്റുവാങ്ങിക്കൊണ്ട് നിലകൊണ്ടിരുന്നു. ഇവരുടെ ഗണത്തില്‍ തന്നെ ചേര്‍ക്കുന്നതിനെ അവിടുന്ന് അംഗീകരിക്കുന്നില്ല എന്നുള്ള പ്രഖ്യാപനത്തോടെയാണ് സ്വന്തം പേര് വെളിപ്പെടുത്തിയത്.

അവിടുത്തെ പേര് വൃഥാ ഉപയോഗിക്കരുത്!

സത്യദൈവം മോശയിലൂടെ നല്‍കിയ പ്രമാണങ്ങളില്‍ രണ്ടാമത്തേതാണ് ഇത്. വൃഥാ എന്ന വാക്കിന്, വെറുതെയായി, നിഷ്ഫലമായി, പാഴായി തുടങ്ങിയ അര്‍ത്ഥങ്ങളാണുള്ളതെന്നു നമുക്കറിയാം. ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിച്ചാലുള്ള ശിക്ഷയെക്കുറിച്ച് അവിടുന്ന് താക്കീത് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യാഹ്‌വെയുടെ പേര് വൃഥാ ഉപയോഗിക്കരുത്. തന്റെ പേര് വൃഥാ ഉപയോഗിക്കുന്നവനെ യാഹ്‌വെ ശിക്ഷിക്കാതെ വിടുകയില്ല”(പുറ: 20; 7). വൃഥാ ഉപയോഗിക്കുന്നതിലൂടെ കടുത്തശിക്ഷ അനുഭവിക്കേണ്ടിവരുന്ന വിധം ഗൗരവമുള്ള പേരാണ് ദൈവത്തിന്റെതെങ്കില്‍, ആ പേര് ഓരോരുത്തരും അറിഞ്ഞിരിക്കുക തന്നെവേണം! അല്ലാത്തപക്ഷം അത് ദുരുപയോഗിക്കപ്പെട്ടേക്കാം. അവിടുന്ന് സ്വന്തം പേര് വെളിപ്പെടുത്തിയതിന്റെ കാരണമായി ഇതും പരിഗണിക്കേണ്ടതുണ്ട്.

ഇടംവലം വ്യതിചലിക്കാതെ തന്റെ ചട്ടങ്ങള്‍ പാലിക്കണമെന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. പ്രമാണങ്ങള്‍ നല്‍കിയപ്പോള്‍ തന്നെയാണ് ഈ മുന്നറിയിപ്പ് അവിടുന്നു നല്‍കിയത്. അവിടുന്നു നല്‍കിയ പ്രമാണങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം അനുസരിക്കണമെങ്കില്‍, ദൈവം ആരാണെന്നും അവിടുത്തെ പേര് എന്താണെന്നും അറിഞ്ഞിരിക്കണം. സ്വന്തം പേര് വെളിപ്പെടുത്താതെ അതു ദുരുപയോഗിക്കരുതെന്ന കല്പന അവിടുന്ന് നല്‍കുമെന്ന് കരുതാന്‍ കഴിയില്ല. ഇതില്‍നിന്നുതന്നെ ഒരുകാര്യം വ്യക്തമാണ്; അവിടുന്ന് പ്രമാണങ്ങള്‍ നല്‍കുന്നതിനു മുന്‍പുതന്നെ അവിടുത്തെ പേരും വെളിപ്പെടിത്തിയിരുന്നു. അല്ലായിരുന്നുവെങ്കില്‍, ആദ്യത്തെ മൂന്നു പ്രമാണങ്ങള്‍ അപ്രസക്തമാകുമായിരുന്നു. ആയതിനാല്‍, സത്യദൈവം വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധമായ പേര് എന്താണെന്നു കണ്ടെത്താം.

ആദ്യമായി നാം മനസ്സിലാക്കിയിരിക്കേണ്ടത്, ദൈവം എന്നത് ദൈവത്തിന്റെ പേരല്ല എന്നുള്ളതാണ്. ദൈവം എന്നത് അവിടുത്തെ സ്ഥാനം (പദവി) ആകുന്നു. ഹീബ്രുഭാഷയില്‍ ഇതിനു എലോഹിം എന്ന പദമാണ് ഉപയോഗിക്കുന്നത്. ബൈബിളിലെ ആദ്യത്തെ വചനത്തില്‍ത്തന്നെ ഈ പദം കാണാന്‍ കഴിയും. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”(സൃഷ്ടി: 1; 1). ബൈബിള്‍ വായന ആരംഭിക്കുന്നത് ഈ വചനത്തോടെയാണ്. ഇവിടെ ദൈവം എന്ന പദത്തിന്റെ ഭാഗത്ത് എലോഹിം എന്ന പദമാണ് ഹീബ്രു ബൈബിളില്‍ കാണുന്നത്. ഹീബ്രു വചനത്തിന്റെ ഉച്ചാരണം നോക്കുക: bə·rê·šîṯ (In the beginning) bā·rā (created) ’ĕ·lō·hîm;(God) ’êṯ (-) haš·šā·ma·yim(the heavens) wə·’êṯ(and) hā·’ā·reṣ(the earth)(സൃഷ്ടി: 1; 1). സൃഷ്ടിയുടെ പുസ്തകത്തിലെ ഒന്നാമത്തെ വാക്യത്തിന്റെ ഹീബ്രു ഉച്ചാരണവും ഇംഗ്ലീഷ് പരിഭാഷയുമാണ്‌ ഇവിടെ കൊടുത്തിരിക്കുന്നത്. എലോഹിം എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥം  ദൈവം എന്നാകുന്നു!

എലോഹിം എന്നത് ദൈവത്തിന്റെ പേരല്ല; മറിച്ച്, ദൈവം എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന പദമാണ്! അതിനാല്‍ത്തന്നെ, ഓരോ ഭാഷകളിലേക്കും ഈ ഹീബ്രുപദം പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റില്ല. ഈ പദവിയെ ദൈവം എന്ന വാക്കുകൊണ്ട് നാം വിളിക്കുന്നത് ഇക്കാരണത്താലാണ്! ഇവിടെയാണ്‌ മനോവ ആമുഖമായി സൂചിപ്പിച്ച പ്രതിജ്ഞയുടെ വിഷയം പ്രസക്തമാകുന്നത്. ദൈവത്തെ സാക്ഷിയാക്കി എന്നതും ദൈവത്തിന്റെ പേരില്‍ എന്നതും വ്യത്യസ്തമായ അര്‍ത്ഥങ്ങളെ ഉള്‍ക്കൊള്ളുന്നു. ദൈവത്തിന്റെ പേരില്‍ എന്നുപറഞ്ഞാല്‍, ആ പേര് വെളിപ്പെടുത്തുക തന്നെവേണം. സത്യദൈവത്തെയല്ല തങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ക്കൂടി, ഇസ്ലാംമതക്കാര്‍ അവരുടെ ആരാധനാമൂര്‍ത്തിയുടെ പേരില്‍ത്തന്നെ പ്രതിജ്ഞ ചെയ്യാറുണ്ട്. ഇസ്ലാംമതക്കാര്‍ ആരാധിക്കുന്ന അവരുടെ ദേവന്റെ പേര് അല്ലാഹുവെന്നാണ്! ആ പേരില്‍ത്തന്നെ അവര്‍ പ്രതിജ്ഞ ചെയ്യുന്നു. ഇതിലൂടെ, അല്ലാഹുവെന്നത് ദൈവം എന്ന അര്‍ത്ഥമുള്ള അറബി പദമാണെന്നു ലോകത്തെ ധരിപ്പിക്കാനുള്ള വിഫലശ്രമത്തിലാണ് ഇവര്‍. ഒരു പരിധിവരെ ഈ ശ്രമം ഫലം കണ്ടുവെന്നതാണ് യാഥാര്‍ത്ഥ്യം! അല്ലാഹുവെന്നത് ദൈവത്തെ സൂചിപ്പിക്കാനുള്ള അറബി പദമാണെന്ന അബദ്ധധാരണയില്‍ കഴിയുന്ന ക്രിസ്ത്യാനികള്‍പോലും ഉള്ളത് ഇതിന്റെ തെളിവാണ്!

ഇസ്ലാമിന്റെ വാക്കുകളെ ശ്രദ്ധയോടെ ശ്രവിക്കുന്ന സാമാന്യബുദ്ധികള്‍ക്ക് ഇവരുടെ കുതന്ത്രം മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ല എന്നു പറയാനായി അറബിയില്‍ ഒരു വാചകമുണ്ട്. ലാ ഇലാഹ് ഇല്‍ അള്ളാ എന്നാണ് ആ വാചകം. ഈ വാചകത്തിലുള്ള ഇലാഹ്, അള്ളാ തുടങ്ങിയ പദങ്ങള്‍ എന്തിനെയെല്ലാമാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ ഇസ്ലാമിന്റെ കുതന്ത്രങ്ങള്‍ തകര്‍ന്നു തരിപ്പണമാകും! ഇലാഹ് എന്ന പദമാണ് അറബിയില്‍ ദൈവത്തെ സൂചിപ്പിക്കുന്നതിനുള്ള യഥാര്‍ത്ഥ വാക്ക്! അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നു പറയുമ്പോള്‍, ഒരു പദം ദൈവത്തിന്റെ പേരിനെയും മറ്റൊന്ന് ദൈവം എന്ന പദവിയെയും സൂചിപ്പിക്കുന്നു. ദൈവമല്ലാതെ മറ്റൊരു ദൈവമില്ല എന്ന് പാടിനടക്കാന്‍ സാമാന്യബുദ്ധിയുള്ള ആരെങ്കിലും തുനിയുമെന്ന് മനോവ കരുതുന്നില്ല. ഖുറാനിലും ഹദീസുകളിലും വളരെ വിരളമായി മാത്രം ഉപയോഗിച്ചിട്ടുള്ള പദമാണ് ഇലാഹ് എന്ന പദം. ഈ പദം ഉപയോഗിക്കേണ്ടിടത്തൊക്കെ സൗകര്യപൂര്‍വ്വം അല്ലാഹുവിനെ തിരികിക്കയറ്റാന്‍ പിശാചു ശ്രമിച്ചിട്ടുണ്ട്! അല്ലാഹുവിനെ ആഗോളവത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു അത്!

ഇനി നമ്മുടെ വിഷയത്തിലേക്കു ശ്രദ്ധതിരിക്കാം. വളരെ ഗൗരവമുള്ളതും സങ്കീര്‍ണ്ണവുമായ ഒരു വിഷയത്തിലേക്കാണ് നാം പ്രവേശിക്കാന്‍ പോകുന്നത്. കൂടുതല്‍ ആഴമായി അതു ഗ്രഹിക്കണമെങ്കില്‍, അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതിനുവേണ്ടിയാണ് ശക്തമായ അടിത്തറയിട്ട് വിഷയത്തെ സമീപിക്കുന്നത്. ഇസ്ലാംമതക്കാര്‍ അവരുടെ ദേവന്റെ പേര് കൗശലത്തോടെ പ്രചരിപ്പിക്കുന്നുവെങ്കില്‍, ക്രിസ്ത്യാനികള്‍ ആരാധിക്കുന്ന സത്യദൈവം, അവിടുത്തെ പേര് തന്റെ ജനത്തിനു പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ പേര് തിരിച്ചറിയാത്ത ക്രിസ്ത്യാനികളും ഈ ലോകത്തുണ്ട് എന്നതാണു വസ്തുത. തിരിച്ചറിഞ്ഞവരില്‍ പലരും ഈ പേരിനെ ഗൗരവമായി സ്വീകരിച്ചിട്ടില്ലിന്നു മാത്രമല്ല, അനുകരണങ്ങളിലൂടെ അന്യദേവന്മാരുടെ പ്രചാരകരായി അധഃപതിക്കുകയും ചെയ്തിരിക്കുന്നു. ആയതിനാല്‍, സത്യദൈവത്തിന്റെ പേരും അതിന്റെ പ്രാധാന്യവും അതില്‍ നിറഞ്ഞുനില്‍ക്കുന്ന ശക്തിയും നമുക്ക് കണ്ടെത്താം!

സത്യദൈവത്തിന്റെ പേരെന്ത്?

മുന്‍കാലങ്ങളിലെന്നപോലെ ദൈവത്തിന്റെ പേരിനെ ദൈവജനത്തില്‍നിന്നു നീക്കിക്കളഞ്ഞുകൊണ്ട് അവരുടെ ആത്മരക്ഷ ഇല്ലാതാക്കുവാവാന്‍ ശ്രമിക്കുന്ന ശക്തി ഇന്നും സജ്ജീവമാണ്. കാര്‍മ്മല്‍ അപ്പോളജെറ്റിക്സ്‌ എന്നപേരില്‍ പൈശാചികത പ്രചരിപ്പിക്കുന്ന ഒരു കത്തനാര്‍ ഇന്ന് സാമൂഹ മാധ്യമങ്ങളില്‍ സജ്ജീവമാണ്. സത്യദൈവത്തിന്റെ പേര് മറച്ചുവച്ചുകൊണ്ട് ലോകത്തെ നരകത്തിലേക്ക് നയിക്കുന്ന അനേകം സംഘങ്ങളില്‍ ഒന്നാണ് ഇത്. കടമറ്റത്തു കത്തനാര്‍ക്കുപോലും ആത്മീയപരിവേഷം കല്പിച്ചുനല്‍കാന്‍ പെടാപ്പാടുപെടുന്ന ഈ സംഘത്തിന്റെ വിവരക്കേടുകളെ അനാവരണം ചെയ്യാന്‍ മനോവ ഇവിടെ മുതിരുന്നില്ല. എന്നാല്‍, ഇവര്‍ ഉയര്‍ത്തുന്ന വാദഗതികളിലെ അപകടം വെളിപ്പെടുത്തേണ്ടതു മനോവയുടെ ഉത്തരവാദിത്വമാണ്. ഒരുകാര്യം ചോദ്യമായി ഉന്നയിച്ചുകൊണ്ട് വിഷയത്തിലേക്കു കടക്കാം. ഇതാണ് ചോദ്യം: യാഹ്‌വെ എന്ന പേരിനെ നിഷേധിക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് ഹല്ലേലൂയാഹ് എന്ന സ്തുതിയെ നിഷേധിക്കാത്തത്? ഈ വാക്കിന്റെ അര്‍ത്ഥം നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ? ഈ വാക്കില്‍ യാഹ്‌വെ എന്ന പേര് തിരിച്ചറിയാന്‍ എന്തുകൊണ്ട് നിങ്ങള്‍ക്കു കഴിയുന്നില്ല? ഇനി വിഷയത്തിലേക്കു പ്രവേശിക്കാം. (കാര്‍മ്മലിന്റെ പൈശാചിക സന്ദേശം ഇവിടെ വായിക്കുക)

വിജാതിയരുടെ ദേവീ-ദേവന്മാര്‍ക്ക് വ്യക്തമായ പേരുകളുണ്ട്. ആ പേരുകളില്‍ അവര്‍ അറിയപ്പെടുന്നു. എന്നാല്‍, സത്യദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് തങ്ങളുടെ ദൈവത്തിന്റെ പേരറിയില്ല എന്നതാണ് പ്രശ്നം. അറിയാവുന്നവര്‍ ആ പേരിനെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുന്നുമില്ല. വിജാതിയര്‍ അവരുടെ ആരാധനാമൂര്‍ത്തികളെ സ്നേഹപൂര്‍വ്വം വിളിക്കുന്ന പേരുകള്‍ അനുകരിക്കലാണ് സത്യദൈവ വിശ്വാസികളുടെ ശൈലി! തമ്പുരാന്‍, യേശുമഹേശന്‍, യേശുദേവന്‍, ശ്രീയേശു, സച്ചിദാനന്ദന്‍, ഓംഗുരു, ചിന്മയാനന്ദന്‍, ജഗദ്ഗുരു, ക്രിസ്തു ഭഗവാന്‍ തുടങ്ങിയ നൂറുകണക്കിനു പേരുകളില്‍ ഇവര്‍ ദൈവത്തെ വിളിക്കുന്നു. ഇതെല്ലാം ശിവന്‍ എന്ന വ്യാജദൈവത്തിന്റെ (സാത്താന്റെ) പേരാണെന്ന് ക്രൈസ്തവര്‍പ്പോലും മനസ്സിലാക്കിയിട്ടില്ല എന്നതാണ് അപകടകരമായ യാഥാര്‍ത്ഥ്യം. എന്നാല്‍, സത്യദൈവം അവിടുത്തെ പേര് വെളിപ്പെടുത്തിക്കൊണ്ട് ഇങ്ങനെ കല്പിച്ചു: “ഇതാണ് എന്നേക്കും എന്റെ പേര്. അങ്ങനെ സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും - സര്‍വ്വ തലമുറകളിലൂടെയും - ഈ പേരില്‍ ഞാന്‍ അനുസ്മരിക്കപ്പെടണം”(പുറ: 3; 15). സര്‍വ്വ പുരുഷാന്തരങ്ങളിലൂടെയും അറിയപ്പെടാനായി അവിടുന്നു വെളിപ്പെടുത്തിയ പേരിനെ  നവീകരിക്കാനുള്ള ചുമതല ആരെയും അവിടുന്ന് ഭരമേല്പിച്ചിട്ടില്ല.

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത ക്രിസ്ത്യാനിക്ക് മാത്രമുള്ള ഒന്നാണ്. വിജാതിയര്‍ അവരുടെ ദേവന്മാരുടെ പേര് ഭാഷയ്ക്കും ദേശത്തിനും അനുസൃതമായി മാറ്റാറില്ല! ക്രിസ്ത്യാനിക്ക് മാത്രമുള്ള ഈ നിസംഗതയ്ക്ക് കാരണമുണ്ട്. നിത്യരക്ഷയെ നിസ്സാരമായി കാണുന്നു എന്നതാണ് ഇതിന്റെ കാരണം. സത്യദൈവത്തിന്റെ പേര് അറിയുക എന്നത് നിത്യരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യമാണെന്ന് ആരും ഇവരെ പഠിപ്പിക്കുന്നുമില്ല! ആയതിനാല്‍, ഇവിടെ നാം അതു പഠിക്കുകയാണ്. അതിനുമുന്‍പ്‌ പേരിന്റെ ഗൗരവം മനസ്സിലാക്കണം.

ദൈവത്തിന്റെ പേരും നിത്യരക്ഷയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “എന്തെന്നാല്‍, യേഹ്ശുവായുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും”(റോമാ: 10; 13). പൗലോസ് അപ്പസ്തോലന്‍ ഇതു പറഞ്ഞത് സ്വമേധയാ ആയിരുന്നില്ല; മറിച്ച്, യോയേല്‍ പ്രവചനം ആവര്‍ത്തിക്കുകയായിരുന്നു. ഇതാണ് ആ പ്രവചനം: “യാഹ്‌വെയുടെ പേര് വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും”(യോയേല്‍: 2; 32). യാഹ്‌വെ എന്ന പേരിന്റെ പൂര്‍ണ്ണത യേഹ്ശുവാ എന്നാണെന്ന് വെളിപ്പെടുത്തിയത് യേഹ്ശുവാ തന്നെയാണെന്നു നമുക്കറിയാം. പിതാവിന്റെ പേരാണ് തനിക്കു നല്കപ്പെട്ടിരിക്കുന്നതെന്നും താനും പിതാവും ഒന്നാണെന്നും യേഹ്ശുവാ അരുളിച്ചെയ്ത വചനങ്ങള്‍ ചേര്‍ത്തുവച്ചു വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സത്യദൈവത്തിന്റെ പേര് വിളിച്ചപേക്ഷിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നവരെങ്കില്‍, ആ പേര് മറച്ചുവയ്ക്കുകയെന്നതാണ് സാത്താനു തന്റെ രാജ്യം വളര്‍ത്താനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം! ജനത്തെ ഈ പേരില്‍നിന്ന് അകറ്റുന്നതിനായി അവനും അവന്റെ ആളുകളും നടത്തുന്ന കുതന്ത്രങ്ങള്‍ സഭകളില്‍പ്പോലും കാണാന്‍ കഴിയും. ഇത്തരം ആളുകളെ നാം തിരിച്ചറിഞ്ഞ് അവഗണിക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ പേര് അറിയണം എന്നതും അവിടുത്തെ കല്പനയാണ്. കാരണം, അവിടുത്തെ പേര് അറിയാത്തവര്‍ രക്ഷ പ്രാപിക്കുകയില്ല.

സങ്കീര്‍ത്തനങ്ങളില്‍ ദാവീദ് ഇപ്രകാരം പ്രവചിച്ചു: “അവന്‍ എന്റെ പേര് അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും”(സങ്കീ: 91; 14). നിത്യജീവനെ സംബന്ധിച്ച് യേഹ്ശുവാ പറഞ്ഞതും ഇതുതന്നെയാണ്. അവിടുത്തെ വചനം നോക്കുക: “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹ: 17; 3). രക്ഷപ്രാപിക്കുന്നതിനായി നാം വിളിച്ചപേക്ഷിക്കേണ്ടത് അവിടുത്തെ പേരാണ്. ഈ പേര് അറിയാതെ വിളിച്ചപേക്ഷിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ട് നാം അത് അറിയുക തന്നെവേണം. നിത്യജീവന്‍ എന്നത്, രക്ഷിക്കാന്‍ കഴിവുള്ളവന്റെ പേര് അറിയുന്നതിലൂടെയാണ് കരഗതമാകുന്നത്. നാമൊരു അപകടത്തില്‍പ്പെട്ടാല്‍, നമ്മെ ആ അപകടത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയുന്നവനെയാണ് വിളിക്കേണ്ടത്. ഭൗതികരക്ഷയല്ല; മറിച്ച്, ആത്മീയരക്ഷയാണ് നാം ലക്ഷ്യമാക്കുന്നതെങ്കില്‍ ഇവിടെയൊരു പരീക്ഷണത്തിനു മുതിരുന്നത് ബുദ്ധിയുമല്ല. അതിനാല്‍, രക്ഷയ്ക്കായി ദൈവം അനുവദിച്ചു നല്‍കിയിരിക്കുന്ന പേര് ഏതാണെന്ന് അറിയുകയും, ആ പേര് വിളിച്ച് അപേക്ഷിക്കുകയും ചെയ്യുക. ഇതാണ് ആ പേര്: “മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു പേരും നല്‍കപ്പെട്ടിട്ടില്ല”(അപ്പ. പ്രവ: 4; 12).

പരിഷ്കൃത രാജ്യങ്ങളില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ വിളിക്കാനുള്ള ചില ഫോണ്‍ നമ്പറുകളുണ്ട്. പോലീസിനെ വിളിക്കാനും ആംബുലന്‍സ് വിളിക്കാനും വ്യത്യസ്തമായ നമ്പറുകളാണ് അനുവദിച്ചിരിക്കുന്നത്. പോലീസിനെയാണ് വിളിക്കേണ്ടതെങ്കില്‍, അതിന് അനുവദിച്ചിരിക്കുന്ന നമ്പറില്‍ത്തന്നെ വിളിക്കണം! അതുപോലെതന്നെ, ആത്മരക്ഷയും നിത്യജീവനുമാണ് അഭിലഷിക്കുന്നതെങ്കില്‍, അവയ്ക്ക് അനുവദിച്ചിരിക്കുന്ന പേരുതന്നെ വിളിക്കുന്നതാണ് ബുദ്ധി!

ദൈവത്തിന്റെ പേരില്‍ നിറഞ്ഞുനില്‍ക്കുന്ന ശക്തി ഇവിടംകൊണ്ട് തീരുന്നില്ല. ഈ പേരിന്റെ മറ്റൊരു പ്രത്യേകത നോക്കുക: തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ പേരില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി(യോഹ: 1; 12). ദൈവമക്കളാകാന്‍ ഒരുവനെ പ്രാപ്തനാക്കുന്നത് ഈ പേരാണ്. ഇതു മനസ്സിലാക്കാത്ത ചിലര്‍, എല്ലാവരും ദൈവമക്കളാണെന്നു പാടിനടക്കുന്നു. സാത്താന്‍, ആഗ്രഹിക്കുന്നതും ഈ അജ്ഞതയാണ്! ഒരുവന്‍പോലും ദൈവപൈതല്‍ എന്ന സ്ഥാനത്തേയ്ക്ക് ഉയരാതെ ശ്രദ്ധിക്കേണ്ടത് പിശാചിന്റെ ഉത്തരവാദിത്വമാകുന്നു. ജന്മനാതന്നെ എല്ലാവരും ദൈവമക്കളാണ് എന്ന അബദ്ധചിന്തയെ മുറുകെപ്പിടിച്ചിരിക്കുന്നവര്‍ അപകടകാരികളാണ്. യേഹ്ശുവായെ സ്വീകരിക്കുകയും അവന്റെ പേരില്‍ വിശ്വസിക്കുകയും ആ പേരില്‍ത്തന്നെ സ്നാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഒരു വ്യക്തി ദൈവപൈതലായി മാറുന്നതെന്ന് ആരെക്കാളും നന്നായി അവനറിയാം! ദൈവപുത്രന്റെ പേരില്‍ വിശ്വസിക്കാത്തവരുടെ അവസ്ഥകൂടി മനസ്സിലാക്കിയാല്‍, ഈ പേര് മറച്ചുവയ്ക്കുകയോ വികലമാക്കുകയോ ചെയ്യുന്നവരുടെ ലക്‌ഷ്യം തിരിച്ചറിയാന്‍ സാധിക്കും. ഈ വചനം നോക്കുക: അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ പേരില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു(യോഹ: 3; 18). ദൈവത്തിന്റെ ഏകജാതന്റെ പേരില്‍ വിശ്വസിക്കാത്തവര്‍, മുന്‍പേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നുവെന്ന ഭയാനകമായ യാഥാര്‍ത്ഥ്യമാണ് യേഹ്ശുവാ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ദൈവത്തോട് നാം എന്തെങ്കിലും യാചനകള്‍ നടത്തുമ്പോള്‍ അതു ലഭിക്കണമെങ്കില്‍, പുത്രന്റെ പേരില്‍ വേണമെന്ന് യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. എന്തെന്നാല്‍, ദൈവവുമായി മനുഷ്യനെ രഞ്ജിപ്പിച്ചത് മനുഷ്യനായ യേഹ്ശുവായാണ്. ആദം എന്ന ദൈവപുത്രന്‍ പാപം ചെയ്തതിലൂടെ ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തിയപ്പോള്‍, പിന്നീട് ആ സ്ഥാനം യേഹ്ശുവായുടെ മാത്രമായി. ആയതിനാല്‍, ദൈവത്തിന്റെ ഏകജാതന്‍ എന്ന പദവി മനുഷ്യപുത്രനായ യേഹ്ശുവായ്ക്കു മാത്രമുള്ളതാണ്. ദൈവവും മനുഷ്യനും തമ്മില്‍ നിലനിന്നിരുന്ന അകല്‍ച്ച ഇല്ലാതാക്കിയത് യേഹ്ശുവാ ആയതുകൊണ്ട്, ദൈവത്തോട് മനുഷ്യന്‍ യാചനകള്‍ നടത്തുമ്പോള്‍ അത് സ്വീകാര്യമാകണമെങ്കില്‍ യേഹ്ശുവായുടെ പേരില്‍ വേണം. യേഹ്ശുവായുടെ ഈ വചനം നോക്കുക: നിങ്ങള്‍ എന്റെ പേരില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ പേരില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും(യോഹ: 14; 13, 14). യേഹ്ശുവാ തന്നെയാണ് അത് ചെയ്തുതരുന്നത് എന്ന് വ്യക്തമാക്കിയതിലൂടെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവമേയുള്ളുവെന്നും അത് താനാണെന്നും വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത് അവിടുന്ന് പറഞ്ഞത് ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചിരുന്ന കാലത്താണ്. അതുകൊണ്ടുതന്നെ പിതാവെന്നും പുത്രനെന്നും തന്നെക്കുറിച്ച് അവിടുത്തേക്ക്‌ പരിചയപ്പെടുത്തേണ്ടിയിരുന്നു. എന്നാല്‍, ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോയത് താന്‍ സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിയിരിക്കുന്ന തന്റെ ദൈവത്വത്തിലേക്കാണ്. മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ പേരില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ പേരില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാവുകയും ചെയ്യും(യോഹ: 16; 23, 24). പ്രാര്‍ത്ഥനയ്ക്കായി സമ്മേളിക്കുമ്പോഴും ഇപ്രകാരംതന്നെ ആയിരിക്കണമെന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവാ പറയുന്നു: എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ പേരില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടായിരിക്കും(മത്താ: 18; 20).

അവിടുത്തെ പേരില്‍ ചെയ്യുവിന്‍!

നമ്മില്‍ പലരും ദാനധര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. ക്രിസ്തീയതയുടെ അടിസ്ഥാന തത്വങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പങ്കുവയ്ക്കല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറിയപങ്കും ക്രൈസ്തവരാണ്. എന്നാല്‍, ഈ ദാനധര്‍മ്മങ്ങള്‍ ഫലവത്താകുന്നത് അവിടുത്തെ പേരില്‍ ചെയ്യുമ്പോഴാണെന്നു പലര്‍ക്കും അറിയില്ല. ദൈവം എല്ലാം അറിയുന്നുണ്ടെന്ന തത്വശാസ്ത്രമാണ് ഇത്തരക്കാര്‍ ഉയര്‍ത്തുന്നത്. വചനം എന്താണ് പറയുന്നതെന്നു നോക്കുക: “നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്റെ പേരില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല”(മര്‍ക്കോ: 9; 41). യേഹ്ശുവായുടെ ശുശ്രൂഷകര്‍ക്ക് നല്‍കിയാലും അവിടുത്തെ പേരില്‍ നല്‍കുമ്പോള്‍ മാത്രമാണ് പ്രതിഫലം ലഭിക്കുന്നത്! നാം ചെയ്യുന്ന സത്പ്രവര്‍ത്തികള്‍പ്പോലും വിശുദ്ധീകരിക്കപ്പെടുന്നത് അവിടുത്തെ പേരില്‍ ചെയ്യുമ്പോഴാണെന്നു ബൈബിള്‍ പറയുന്നു: “നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം യേഹ്ശുവാ വഴി പിതാവായദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ പേരില്‍ ചെയ്യുവിന്‍”(കൊളോ: 3; 17).

യേഹ്ശുവായുടെ നാമത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികളെ സംബന്ധിച്ച് നൂറുകണക്കിനു വചനങ്ങള്‍ ബൈബിളിലുണ്ട്. അതുപോലെതന്നെ അവിടുത്തെ പേര് മൂലം സകലരാലും നാം ദ്വേഷിക്കപ്പെടുമെന്നും വചനം പറയുന്നു. എന്നാല്‍, അപ്പസ്തോലന്മാര്‍ ഇതൊരു യോഗ്യതയായി കണക്കാക്കി! യേഹ്ശുവായുടെ വാക്കുകള്‍ ഇങ്ങനെയാണ്: “എന്റെ പേര് മൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്പെടും”(മത്താ: 10; 22). ഈ വാഗ്ദാനം നിറവേറിയപ്പോള്‍ അപ്പസ്തോലന്മാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “അവരാകട്ടെ, യേഹ്ശുവായുടെ പേരിനെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്റെ മുമ്പില്‍നിന്നു പുറത്തുപോയി”(അപ്പ. പ്രവര്‍: 5; 41).

നമ്മുടെ പ്രവര്‍ത്തികള്‍ വിശുദ്ധീകരിക്കപ്പെടുന്നതും, അതുവഴി ദൈവത്തില്‍നിന്നുള്ള പ്രതിഫലത്തിനു നാം യോഗ്യരാക്കപ്പെടുന്നതും അവിടുത്തെ പേരില്‍ ചെയ്യുമ്പോഴാണ്! അവിടുത്തെ പേര് ഏറ്റുപറയുന്നതില്‍ നാം ലജ്ജിക്കരുത്. എന്തെന്നാല്‍ യേഹ്ശുവാ അരുളിച്ചെയ്യുന്നു: മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും(മത്താ: 10; 32, 33). എന്നാല്‍, അവിടുത്തെ പേര് അറിയുന്നില്ലെങ്കില്‍, ആ പേര് വഴി എങ്ങനെ നാം രക്ഷപ്രാപിക്കും? ഈ മഹത്തായ പേര് അറിയാതിരിക്കുകയെന്നതാണ് ഒരുവന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. ദൈവത്തെ അറിയുക എന്നതുപോലെതന്നെ അവിടുത്തെ പേര് അറിയുകയെന്നതും പ്രധാനമാണ്! ആരാണ് അവിടുന്ന്? എന്താണ് അവിടുത്തെ പേര്?

ഇതാണ് എന്റെ പേര്!

സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അറിയപ്പെടണമെന്ന കല്പനയോടെ അവിടുന്നു വെളിപ്പെടുത്തിയ അവിടുത്തെ പരിശുദ്ധ പേര് യാഹ്‌വെ എന്നാകുന്നു! ഞാന്‍ ആകുന്നു എന്ന അര്‍ത്ഥമുള്ള ഈ പേരാണ് പ്രപഞ്ചസൃഷ്ടാവായ സത്യദൈവത്തിന്റെ ഒരേയൊരു പേര്! ഇതില്‍ എന്തെങ്കിലും മാറ്റംവരുത്താന്‍ സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ആര്‍ക്കും അവകാശമില്ല! എന്നാല്‍, മോശയിലൂടെ വെളിപ്പെട്ട ഈ പേര് അപൂര്‍ണ്ണമായിരുന്നു. ഞാന്‍ രക്ഷകനാകുന്നു എന്ന് പറയുമ്പോഴാണ് ദൈവത്തിന്റെ പേര് പൂര്‍ണ്ണമാകുന്നത്. യേഹ്ശുവാ എന്ന പേരിന്റെ അര്‍ത്ഥം ഞാന്‍ രക്ഷകനാകുന്നു അഥവാ ഞാനാകുന്നു രക്ഷകന്‍ എന്നാണ്! അതായത്, ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ അവതരിച്ചത് മനുഷ്യകുലത്തെ രക്ഷിക്കാനായിരുന്നു. യേഹ്ശുവാ എന്ന പേരിലൂടെ ദൈവം അവിടുത്തെ പേര് പൂര്‍ണ്ണതയോടെ പ്രഖ്യാപിച്ചു. അന്നുമുതല്‍ യേഹ്ശുവാ എന്ന പേരല്ലാതെ, മറ്റൊരു പേര് ദൈവത്തിനില്ല! ഈ വിഷയം നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. കാരണം, ഇവിടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയം അതിന്റെ ക്രമത്തില്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

യിസ്രായേലിന് യാഹ്‌വെ എന്ന പേര് വെളിപ്പെടുത്തിയത് മോശയിലൂടെയായിരുന്നു. മോശയുടെ വാക്കുകള്‍ നോക്കുക: “ഇതാ, ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?”(പുറ: 3; 13). മോശയുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ വായിക്കുന്നു: “ദൈവം മോശയോട് അരുളിച്ചെയ്തു: യാഹ്‌വെ(ഞാന്‍ ഞാന്‍ തന്നെ). യിസ്രായേല്‍ മക്കളോടു നീ പറയുക: യാഹ്‌വെ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു”(പുറ: 3; 14). മലയാളം ബൈബിളില്‍ പരിഭാഷപ്പെടുത്തി എഴുതിയിരിക്കുന്നതുകൊണ്ട് വലിയൊരു അപകടം കടന്നുകൂടി എന്നത് പലരും മനസ്സിലാക്കിയിട്ടില്ല. ഓരോ വാക്കുകളെയും വിവര്‍ത്തനം ചെയ്തപ്പോള്‍, ദൈവത്തിന്റെ കല്പന ലംഘിക്കപ്പെട്ടു എന്നതാണ് ഇവിടെ സംഭവിച്ച അപകടം! യാഹ്‌വെ എന്ന അവിടുത്തെ പേരിനെ പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന മാറ്റമാണ്, ഞാന്‍ ഞാന്‍ തന്നെ എന്നും ഞാന്‍ ആകുന്നു എന്നുമൊക്കെ എഴുതാന്‍ കാരണമായത്. യാഹ്‌വെ എന്ന പേരിന്റെ അര്‍ത്ഥം ലോകത്തിനു വെളിപ്പെടുത്തേണ്ടത് അനിവാര്യമായ കാര്യമാണ്! എന്നാല്‍, അത് യാഹ്‌വെ എന്ന പേരിനെ അപ്പാടെ നീക്കംചെയ്തുകൊണ്ടാവരുത്. കാരണം, ഇതൊരു പേരാണ്! ഹീബ്രു ബൈബിളില്‍ യാഹ്‌വെ എന്നുതന്നെയാണു ചേര്‍ത്തിരിക്കുന്നത് എന്നകാര്യവും നാം വിസ്മരിക്കരുത്.

നമ്മില്‍ പലരുടെയും പേരുകളെ വിവര്‍ത്തനം ചെയ്‌താല്‍ വിചിത്രമായ അര്‍ത്ഥമായിരിക്കും ലഭിക്കുന്നത്. ചിലരുടെ പേരുകള്‍ക്ക് ഒരു അര്‍ത്ഥവും ഉണ്ടാകില്ല എന്നതും ഓര്‍ക്കുക. യാതൊരു അര്‍ത്ഥവുമില്ലാത്ത ജീസസ് എന്ന പദത്തിലേക്ക് യേഹ്ശുവായുടെ മഹാനീയവും അര്‍ത്ഥവത്തുമായ പേരിനെ പരിഭാഷപ്പെടുത്തിയത് ഇതിന് ഉദാഹരമായി പരിഗണിക്കാം. പേരുകള്‍ പരിഭാഷപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നത് ഇവിടെ ആരും ഗൗനിച്ചിട്ടില്ല. പേരുകളില്‍ വരുന്ന അക്ഷരപ്പിശകുപോലും ഗൗരവമുള്ള കാര്യമാണെന്നു നമുക്കറിയാം. ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടയാളം ആ വ്യക്തിയുടെ പേരാണ്. മഹാന്മാരായ വ്യക്തികള്‍ ഈ ലോകത്തുനിന്ന് വിട്ടുപോയാലും അവരുടെ പേരുകള്‍ ഇവിടെ നിലനില്‍ക്കുന്നു! ഇവരിലാരും തങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തരുതെന്ന താക്കീത് നല്കിയിട്ടല്ല കടന്നുപോയത്. എന്നിരുന്നാലും, അവരുടെ പേരുകളില്‍ യാതൊരു മാറ്റവും ഇന്നുവരെ വരുത്തിയതായി അറിയില്ല. എന്നാല്‍, സകലപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ ഞാന്‍ അറിയപ്പെടണമെന്ന കര്‍ശനമായ നിര്‍ദ്ദേശത്തോടെ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ മഹനീയ പേരിനെ വികലമാക്കാന്‍ മനുഷ്യന്‍ തയ്യാറായി! ഇതിന്റെ പിന്നില്‍ വ്യക്തമായ പൈശാചിക ഇടപെടല്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം!

യേഹ്ശുവായുടെ പേരിനെ വിശകലനം ചെയ്യുന്നതിനുമുന്‍പ് പിതാവിന്റെ പേരിന്റെ ശക്തി തിരിച്ചറിയേണ്ടിയിരിക്കുന്നു. കാരണം, പുത്രന്റെ പേരിന്റെ ഉറവിടം പിതാവില്‍നിന്നു തന്നെയാണ്. എല്ലാക്കാലത്തേക്കുമായി നല്‍കപ്പെട്ടിരിക്കുന്ന യാഹ്‌വെ എന്ന പേരുതന്നെ പുത്രനും നല്‍കിയിരിക്കുന്നത് ഈ പേരിനു മാറ്റമുണ്ടാകാതിരിക്കുവാന്‍ ആയിരുന്നു. എന്നാല്‍, സത്യദൈവത്തെ യാഹ്‌വെ എന്ന പേരില്‍ വിളിക്കുന്ന രണ്ടു മതവിഭാഗം മാത്രമേ ഈ ഭൂമുഖത്ത് ഇന്നുള്ളു. അവരാണെങ്കില്‍, സത്യത്തില്‍ പൂര്‍ണ്ണത പ്രാപിക്കാത്ത മതങ്ങളാണെന്നതും ഓര്‍ക്കണം. യെഹൂദരും യെഹോവസാക്ഷികളും മാത്രമാണ് യാഹ്‌വെ എന്നപേരില്‍ ദൈവത്തെ സംബോധന ചെയ്യുന്ന മതങ്ങള്‍. യെഹൂദരാകട്ടെ, മ്ശിഹായെ തള്ളിക്കളഞ്ഞതുമൂലം സ്വയം അപൂര്‍ണ്ണതയില്‍ തുടരുന്നു. മനുഷ്യപുത്രനെ സ്വീകരിക്കാത്തവര്‍ക്ക് ദൈവപിതാവിനെ ലഭിക്കുകയില്ല എന്നതുകൊണ്ടാണ് ഇവര്‍ പൂര്‍ണ്ണത കൈവരിക്കാത്തത്! ബൈബിള്‍ ഇങ്ങനെ വ്യക്തമാക്കുന്നു: “പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും”(1 യോഹ: 2; 23). ഇതാണ് യെഹൂദമതത്തിന്റെ അപൂര്‍ണ്ണത!

എന്നാല്‍, യഹോവയുടെ സാക്ഷികള്‍ എന്നപേരില്‍ നിലകൊള്ളുന്ന വിഭാഗം തികച്ചും വിഭിന്നമായ ഒരു പാഷണ്ഡതയാണ്! ഇവരുടെ പഠിപ്പിക്കലുകളെ സംബന്ധിച്ചുള്ള വിവരണത്തിനു മുതിര്‍ന്നാല്‍, ഈ ലേഖനത്തിന്റെ ഇതിവൃത്തത്തില്‍ നിന്നുതന്നെ നാം വ്യതിചലിക്കും. അതിനാല്‍, മറ്റൊരു ലേഖനത്തില്‍ ഈ വിഷയം നമുക്കു ചര്‍ച്ചചെയ്യാം.

'യാഹ്‌വെ' എങ്ങനെ കര്‍ത്താവായി?

യാഹ്‌വെ എന്ന പേരിനു പകരമായി ബൈബിളില്‍ കടന്നുകൂടിയ മറുപേരാണ് കര്‍ത്താവ്! സൃഷ്ടിയുടെ പുസ്തകത്തിലെ ഒരു വചനം (പിഒസി മലയാളം പരിഭാഷ) പരിശോധിച്ചുകൊണ്ട്, ഈ പരിണാമം നമുക്ക് മനസ്സിലാക്കാം. ഈ വചനം നോക്കുക: “അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വ്വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക”(സൃഷ്ടി: 17; 1). ഇംഗ്ലീഷില്‍ ഈ വചനം വായിക്കുന്നത് ഇങ്ങനെയാണ്: “When Abram was ninety-nine years old, the LORD appeared to him and said: "I am God the Almighty. Walk in my presence and be blameless”(Genesis:17;1). ഇംഗ്ലീഷിലെ Lord ആണ് മലയാളത്തില്‍ കര്‍ത്താവായത്. എന്നാല്‍, ഹീബ്രുമൂലത്തില്‍ കാണുന്നത് യാഹ്‌വെ (Yah·weh) എന്ന പദമാണ്! അതായത്, പുരാതനഗ്രന്ഥങ്ങളില്‍, യാഹ്‌വെ എന്നു കാണുന്നിടത്തെല്ലാം കര്‍ത്താവ്(LORD) എന്നാക്കി മാറ്റി! ഇവിടെ നടപ്പാക്കിയ മാറ്റത്തെ ആരും ഗൗരവമായി എടുത്തില്ല എന്നതാണ് പ്രശ്നം! മൂലഗ്രന്ഥത്തില്‍നിന്നുള്ള യഥാര്‍ത്ഥ പരിഭാഷകൂടി ഇവിടെ കുറിക്കുന്നു. അത് ഇങ്ങനെയാണ്: “അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ യാഹ്‌വെ പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വ്വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക”(സൃഷ്ടി: 17; 1).

ചില ദുരൂഹതകള്‍ക്കൂടി മനസ്സിലാക്കിയതിനുശേഷം ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ പൈശാചികത വ്യക്തമാക്കാം. ബൈബിളിലെ പുരാതനഗ്രന്ഥങ്ങളില്‍ നാം കര്‍ത്താവ് എന്ന് വായിക്കുന്നിടത്തെല്ലാം ഇംഗ്ലീഷില്‍ LORD എന്നും ഹീബ്രുവില്‍ യാഹ്‌വെ എന്നുമാണെങ്കില്‍, നവീനഗ്രന്ഥത്തിലേക്കു വരുമ്പോള്‍ എല്ലാം വ്യത്യസ്തമാകും. നവീനഗ്രന്ഥത്തിലെ കര്‍ത്താവ് ഇംഗ്ലീഷില്‍ LORD തന്നെയാണ്. എന്നാല്‍, ഗ്രീക്ക് പരിഭാഷയെ ആശ്രയിച്ച് തയ്യാറാക്കിയ ബൈബിളിലെവിടെയും യാഹ്‌വെ ഇല്ല. അതായത്, സുവിശേഷവും ലേഖനങ്ങളും ഉള്‍പ്പെടുന്ന നവീനഗ്രന്ഥത്തില്‍നിന്ന് യാഹ്‌വെഎന്ന പേര് കൗശലപൂര്‍വ്വം നീക്കംചെയ്തിരിക്കുന്നു. ഈ പദത്തിനു പകരം കിരിയൗ (Kyriou) എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് യഥാര്‍ത്ഥ അര്‍ത്ഥം വരുന്ന പദമല്ല എന്നത് ശ്രദ്ധേയമാകുന്നു. യാഹ്‌വെ എന്ന ഹീബ്രു പദം ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്ത് ഉച്ചരിച്ചാല്‍ യഹോവ എന്നായിരിക്കും. അങ്ങനെയെങ്കില്‍ കിരിയൗ എന്ന വാക്ക് എങ്ങനെയുണ്ടായി? മാത്രവുമല്ല, ഈ വാക്കിനെ ഹീബ്രുവിലേക്ക് പരിഭാഷപ്പെടുത്തിയാല്‍, 'യാഹ്‌വെ എന്ന പദത്തില്‍ എത്തുകയുമില്ല. അതായത്, ഗ്രീക്ക് ഭാഷയില്‍ രചിച്ച ബൈബിളിലെ നവീനഗ്രന്ഥങ്ങളിലാണ് കര്‍ത്താവു പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പുരാതനഗ്രന്ഥങ്ങളുടെ ഗ്രീക്ക് പരിഭാഷയില്‍ ഉടനീളം യാഹ്‌വെ യുടെ സ്ഥാനത്ത് യഹോവ എന്നുതന്നെ കാണാം. ചുരുക്കിപ്പറഞ്ഞാല്‍, മലയാളം ബൈബിളില്‍ കര്‍ത്താവും ഇംഗ്ലീഷ് ബൈബിളില്‍ LORD എന്നും പൊതുവായി കാണുന്നത് ഗ്രീക്ക് പരിഭാഷയിലോ, ഹീബ്രു മൂലത്തിലോ ഇല്ല! ഈ ബൈബിളിലെ പുരാതനഗ്രന്ഥങ്ങളിലും നവീനഗ്രന്ഥങ്ങളിലും വ്യത്യസ്ത പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.

ഹീബ്രുഭാഷയില്‍ രചിച്ചിട്ടുള്ള ബൈബിളില്‍, പിതാവായ ദൈവത്തെയും മനുഷ്യപുത്രനെയും വ്യത്യസ്ഥ പദംകൊണ്ട് സൂചിപ്പിച്ചുവെങ്കില്‍, ഇംഗ്ലീഷ്, മലയാളം, തുടങ്ങിയ ഭാഷകളിലൊന്നും ഈ വേര്‍തിരിവ് കാണുന്നില്ല. ഇവയില്‍, കര്‍ത്താവ് (Lord) എന്ന അര്‍ത്ഥം വരുന്ന പൊതുവായ വാക്കാണ്‌ പിതാവിനും പുത്രനും നല്‍കിയിരിക്കുന്നത്! അതായത്, യാഹ്‌വെ എന്ന പേരിനെ ഒരു പദവിയാക്കി മാറ്റാനുള്ള ശ്രമം നടന്നിട്ടുണ്ട്. യാഹ്‌വെ എന്നത് ദൈവത്തിന്റെ പേരും, യേഹ്ശുവാ എന്നത് അവിടുന്ന് രക്ഷകനായി മനുഷ്യാവതാരം ചെയ്തപ്പോള്‍ വെളിപ്പെടുത്തിയ പൂര്‍ണ്ണമായ പേരുമാണെന്നു നമുക്കറിയാം. എന്നാല്‍ പരിഭാഷകളില്‍ ഈ രണ്ടു പേരുകളും ഇല്ല! യാഹ്‌വെ എന്ന പേരിനു പകരമായി കര്‍ത്താവ് എന്ന അര്‍ത്ഥമുള്ള പദം സ്വീകരിച്ചു. മാത്രവുമല്ല, ഇതൊരു പദവിയെ സൂചിപ്പിക്കുന്ന രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. കര്‍ത്താവായ യേശു എന്ന വിശേഷണത്തിലൂടെ ഇതു മനസ്സിലാക്കാന്‍ കഴിയും. കര്‍ത്താവ് എന്ന പദം 'യാഹ്‌വെ എന്ന പേരിനു പകരം സ്വീകരിച്ചതാണെങ്കില്‍, കര്‍ത്താവായ യേശു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

യേഹ്ശുവാ പറഞ്ഞ ഒരു വചനത്തിന്റെ മലയാളം പരിഭാഷ നോക്കുക: “നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവെന്നും എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്”(യോഹ: 13; 13). ചില ഇംഗ്ലീഷ് പരിഭാഷകളില്‍ ഇങ്ങനെ വായിക്കുന്നു: “You call me 'teacher' and 'master,' and rightly so, for indeed I am”(John: 13; 13). അതായത്, യേഹ്ശുവായെ ആദരിക്കുന്നതിനായി ശിഷ്യന്മാര്‍ നല്‍കിയ സ്ഥാനപ്പേരുകളായിരുന്നു, ഗുരു, നാഥന്‍(കിരിയൗ) തുടങ്ങിയ പദങ്ങള്‍! കിരിയൗ എന്ന് ഗ്രീക്കില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് അദോനായ് എന്ന ഹീബ്രു പദത്തെയാണ്. നാഥന്‍ എന്നാണ് അതിനര്‍ത്ഥം! ഗുരു എന്നത് ഒരു പേരല്ലെന്നും, ഒരു പദവിയാണെന്നും നമുക്കറിയാം. യേഹ്ശുവായെ സംബോധനചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥാനപ്പേരുകളില്‍ ഒന്നായ നാഥന്‍ എന്ന പദത്തെ, പിതാവിന്റെയും പുത്രന്റെയും പൊതുവായ പേരായി സ്വീകരിച്ചു. നാഥനെ കൗശലപൂര്‍വ്വം പരിഷ്ക്കരിച്ച് കര്‍ത്താവാക്കിയപ്പോള്‍ സാത്താന്റെ ലക്‌ഷ്യം പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ, കര്‍ത്താവ് എന്ന പദം, പിതാവിന്റെയോ പുത്രന്റെയോ പേരിനു പകരമാവില്ല! ലോര്‍ഡ്‌ എന്ന വാക്കിന്, മാസ്റ്റര്‍ എന്നും അര്‍ത്ഥമുണ്ട്. ടീച്ചര്‍, മാസ്റ്റര്‍ തുടങ്ങിയവ പദവിയെ സൂചിപ്പിക്കുന്നു! നായകന്‍, യജമാനന്‍, അദ്ധ്യാപകന്‍ തുടങ്ങിയ അര്‍ത്ഥങ്ങളാണ് മാസ്റ്റര്‍ എന്ന വാക്കിനു മലയാളനിഘണ്ടുവില്‍ കാണുന്നത്!

ചുരുളഴിക്കാന്‍ കഴിയാത്തവിധം അനവധി ദുരൂഹതകള്‍ പിതാവായ ദൈവത്തിന്റെയും അവിടുത്തെ പുത്രന്റെയും പേരുകളെ പരിഷ്കരിച്ചതിനു പിന്നിലുണ്ട്. ഈ പേരുകളുടെ പ്രാധാന്യം തന്നെയാണ് ഇത്തരത്തിലുള്ള പരിഷ്കാരങ്ങളിലൂടെ വ്യക്തമാകുന്നതും. പേരുമായി ബന്ധപ്പെട്ട വിവരണത്തിലൂടെ ഈ ലേഖനം ആരംഭിച്ചതും ഇക്കാരണത്താലാണ്. യാഹ്‌വെ എന്ന പേരിനെ നീക്കംചെയ്തതിന്റെ കാരണങ്ങള്‍ക്കൂടി ഇവിടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

യാഹ്‌വെ എന്ന പേര് കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ രണ്ടാംപ്രമാണം ലംഘിക്കപ്പെടുമെന്ന വാദത്തോടെ യെഹൂദര്‍ വരുത്തിയ പരിഷ്കാരമാണ് കിരിയൗ എന്ന പദമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ഇത് തികച്ചും വ്യാജമായ പ്രചാരണമാണ്. എന്തെന്നാല്‍, യെഹൂദരുടെ ഭാഷയായ ഹീബ്രുവില്‍ കിരിയൗ എന്നൊരു വാക്കില്ല. ഈ പദം ഗ്രീക്ക് ഭാഷയില്‍നിന്നുള്ളതാണ്. കര്‍ത്താവ് എന്ന അര്‍ത്ഥമാണ് ഈ പദത്തിനുള്ളത്. പൗരാണിക ഗ്രന്ഥങ്ങളില്‍ തിരുത്തലുകള്‍ വരുത്തുവാന്‍ സാധിക്കാത്തതുമൂലം, അവയിലെല്ലാം യാഹ്‌വെ എന്ന പദം അതേപടി നിലനില്‍ക്കുന്നു. എന്നാല്‍, നവീനഗ്രന്ഥങ്ങള്‍ രചിക്കുന്ന കാലത്ത് ഈ പരിഷ്കാരം നിലവിലുണ്ടായിരുന്നതുകൊണ്ട്, ഈ സ്വാധീനം കടന്നുകൂടി. ആധുനിക യിസ്രായേലില്‍ ദൈവത്തിന്റെ പേരിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ ഗ്രീക്കുകാരിലൂടെ സാത്താന്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്! ഈ പദ്ധതി ഏറ്റെടുത്തു നടപ്പാക്കിയ വ്യക്തികളെയും സമൂഹത്തെയും വെളിപ്പെടുത്തിയ ലേഖനം മനോവയുടെ താളുകളിലുണ്ട്. അതു വായിക്കാത്തവര്‍ തീര്‍ച്ചയായും ഈ ലിങ്ക് സന്ദര്‍ശിക്കുക: അല്ലാഹുവും ബാല്‍ദേവനും ഒരു താരതമ്യപഠനം!

പിതാവായ ദൈവത്തെയും അവിടുത്തെ പുത്രനെയും അറിയുകയെന്നതാണ് നിത്യജീവന്‍ എന്ന് ആരംഭത്തില്‍ത്തന്നെ നാം കണ്ടു! അവിടുത്തെ പേര് അറിയുന്നതുകൊണ്ട് ഒരുവന്‍ സംരക്ഷിക്കപ്പെടുന്നുവെന്നും മനസ്സിലാക്കി. അതുപോലെതന്നെ, അവിടുത്തെ പേര് വിളിച്ചപേക്ഷിക്കുമ്പോള്‍ നാം രക്ഷപ്രാപിക്കും എന്ന സത്യവും വെളിപ്പെട്ടു കഴിഞ്ഞു. രോഗികളെ സുഖപ്പെടുത്തുമ്പോഴും പിശാചുക്കളെ ബഹിഷ്ക്കരിക്കുമ്പോഴും യേഹ്ശുവാ എന്ന പേരാണ് ഉപയോഗിക്കേണ്ടത്. ദൈവമക്കളുടെ ജീവിതത്തില്‍ ഈ പേരിനുള്ള പ്രാധാന്യം വളരെ വലുതാണ്‌! അതുകൊണ്ടാണ്, ഈ പേര് മനുഷ്യരുടെ അധരങ്ങളില്‍ കടന്നുവരാതിരിക്കാന്‍ സാത്താന്‍ അവന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ചു ശ്രമിക്കുന്നത്! ഇനിയെങ്കിലും ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞേ തീരൂ!

ദൈവപുത്രന്റെ പേര് അറിയാത്തവര്‍ എങ്ങനെയാണ് അവിടുത്തെ പേര് വിളിച്ചപേക്ഷിക്കുകയും അതുവഴി രക്ഷപ്രാപിക്കുകയും ചെയ്യുന്നത്? എന്തെങ്കിലും ശബ്ദം കേള്‍പ്പിക്കുകയും കൈകൊട്ടുകയും ചെയ്‌താല്‍, നാം ഉദ്ദേശിക്കുന്ന വ്യക്തി തിരിഞ്ഞുനോക്കണം എന്നില്ല. മാത്രവുമല്ല, ഇത് മാന്യതയ്ക്കു ചേരുന്ന പ്രവര്‍ത്തിയുമല്ല. ആരെങ്കിലും പുറപ്പെടുവിക്കുന്ന ശബ്ദത്തിന് മാന്യരായ ആരും ചെവികൊടുക്കുകയില്ലെന്നും നമുക്കറിയാം. യേഹ്ശുവാ എന്ന പേര് അറിയുകയും ഈ പേര് സ്ഫുടതയോടെ ഏറ്റുപറയുവാന്‍ പരിശീലിക്കുകയും ചെയ്യേണ്ടത് രക്ഷ ആഗ്രഹിക്കുന്ന സകലരുടെയും കടമയാണ്.

ഏറ്റവും ഗൗരവമേറിയ ഒരു വിഷയത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്.

അവന്റെ പേരില്‍ സ്നാനം സ്വീകരിക്കണം!

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ സ്നാനം സ്വീകരിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നതെന്ന് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍”(മത്താ: 28; 20). പിതാവിന്റെയും പുത്രന്റെയും പേര് അറിയാതെ എങ്ങനെ ആ പേരില്‍ സ്നാനം സ്വീകരിക്കും? പിതാവെന്നും പുത്രനെന്നും പറഞ്ഞാല്‍, ഇവരുടെ പേര് ആകുമോ? പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരു പേരാണെങ്കില്‍ എങ്ങനെയാണ് ത്രിത്വത്തില്‍ മൂന്ന് ആളത്വം ആരോപിക്കാന്‍ സാധിക്കുക?

ഇവിടെ വളരെ ആഴത്തില്‍ ചിന്തിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. യേഹ്ശുവാ ഇവിടെ പറഞ്ഞിരിക്കുന്നത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ എന്നാണ്; പേരുകളില്‍ എന്നല്ല! അങ്ങനെയെങ്കില്‍ ദൈവത്തില്‍ മൂന്ന് ആളത്വങ്ങള്‍ എന്നത് ആരുടെയോ സങ്കല്പമായിരുന്നുവെന്ന് മനസ്സിലാക്കേണ്ടിവരും. ദൈവം ഒരുവന്‍ മാത്രമേയുള്ളു; അവിടുത്തേക്ക്‌ ഒരു പേര് മാത്രമേയുള്ളു! ഇതാണ് സത്യം! ആയതിനാല്‍, ദൈവത്തിന്റെ ഒരേയൊരു പേര് എന്താണെന്ന് നമുക്കു പരിശോധിക്കാം!

ശെഖരിയാഹിന്റെ പ്രവചനത്തിലെ ഒരു ഭാഗം നോക്കുക: “അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക് ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). യേഹ്ശുവായുടെ പുനരാഗമനവുമായി ബന്ധപ്പെട്ടുള്ള പ്രവചനമാണിത്. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണം മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടം മുഴുവന്‍ പുനരാഗമനത്തിന്റെ കാലഘട്ടമാണ്. അപ്പസ്തോലന്മാരെല്ലാം അവരുടെ കാലത്തുതന്നെ ഈ പ്രത്യാഗമനം പ്രതീക്ഷയോടെ കാത്തിരുന്നു. യഥാര്‍ത്ഥ വിശ്വാസികളെല്ലാം പ്രത്യാശിക്കുന്നത് അവിടുത്തെ പ്രത്യാഗമനം തന്നെയാണ്. ആയതിനാല്‍, ശെഖരിയാഹിന്റെ പ്രവചനത്തില്‍ നല്‍കിയിരിക്കുന്ന വെളിപ്പെടുത്തല്‍, ത്രിത്വം എന്ന ഏകത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരെന്നാല്‍, ഒരേയൊരു പേരാണെന്ന് അപ്പസ്തോലന്മാര്‍ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: “നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ പേരില്‍ സ്‌നാനം സ്വീകരിക്കുവിന്‍”(അപ്പ. പ്രവര്‍: 2; 38). അതായത്, ദൈവം ഒരുവനെയുള്ളുവെന്നു മാത്രമല്ല, അവിടുത്തേക്ക്‌ ഒരു പേര് മാത്രമേയുള്ളു!

ആദ്യത്തെ ക്രൈസ്തവസമൂഹം ഉടലെടുക്കുന്ന രംഗമായിരുന്നു ഇത്. രക്ഷപ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവരോട് അപ്പസ്തോലനായ കേപ്പാ ആവശ്യപ്പെട്ടത് യേഹ്ശുവായുടെ പേരിലുള്ള സ്നാനമായിരുന്നു. അതായത്, യേഹ്ശുവാ മ്ശിഹായുടെ പേരില്‍ അടങ്ങിയിരിക്കുന്നത് ത്രിത്വം തന്നെയാണെന്ന വെളിപ്പെടുത്തല്‍ ഈ ആഹ്വാനത്തിലുണ്ട്. വേറെയും വെളിപ്പെടുത്തലുകള്‍ ബൈബിളില്‍ കാണാന്‍ കഴിയും. ശെമരിയായിലുണ്ടായിരുന്ന വിശ്വാസികളുടെമേല്‍ പരിശുദ്ധാത്മാവ് നിറയുന്നതിനായുള്ള കൈവയ്പ്പ് നടത്തുന്നതിനെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ യേഹ്ശുവാ മ്ശിഹായുടെ പേരില്‍ ജ്ഞാന സ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു”(അപ്പ. പ്രവര്‍: 8; 16). ശെമരിയായിലെ വിശ്വാസികള്‍ സ്വീകരിച്ച സ്നാനം യേഹ്ശുവാ മ്ശിഹായുടെ പേരിലുള്ളതായിരുന്നു.

മത്തായിയുടെ സുവിശേഷത്തില്‍ യേഹ്ശുവാ പറഞ്ഞിരിക്കുന്നതുമായി ഈ കാര്യങ്ങള്‍ പൊരുത്തപ്പെടുന്നില്ല എന്ന് ആരും ചിന്തിക്കേണ്ട. യേഹ്ശുവാ പറഞ്ഞതുതന്നെയാണ് അപ്പസ്തോലന്മാര്‍ പ്രവര്‍ത്തിച്ചത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേര് യേഹ്ശുവാ എന്ന ഒരു പേരില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം! അതുകൊണ്ടുതന്നെ, യേഹ്ശുവാ മ്ശിഹായുടെ പേരിലുള്ള സ്നാനം സാധുവാണ്‌! എന്നാല്‍, പേര് പറയാതെ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ എങ്ങനെ സ്നാനം സാധുവാകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പിതാവായ ദൈവത്തിന്റെയും മനുഷ്യപുത്രന്റെയും പേരുകള്‍ നമ്മില്‍നിന്നു മറയ്ക്കാന്‍ ശ്രമിക്കുന്ന സാത്താന്‍ ഒരു മന്ദബുദ്ധിയാണെന്ന് ആരും ധരിക്കരുത്. ഏദന്‍തോട്ടത്തില്‍ മുതല്‍ സാത്താന്റെ കൗശലം നാം കാണുന്നതാണ്. “ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്‍മാരും”(വെളി: 12; 9). ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ട സാത്താന്‍ സകലരെയും വഞ്ചിക്കുന്ന ദുഷ്ടനാണ്‌. ഈ വചനംകൂടി ശ്രദ്ധിക്കുക: “നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു”(1 കേപ്പാ: 5; 8).

എല്ലാറ്റിനെയും നിസംഗതയോടെ കാണുന്ന രീതി വിവേകമല്ല. നമ്മുടെ ഭാഗത്തുനിന്നു വരുന്ന നിസ്സാരമെന്നു നാം കരുതുന്ന അലംഭാവങ്ങള്‍ നിത്യരക്ഷയ്ക്കു തടസ്സാമാണോ എന്ന് ഉണര്‍ന്നു ചിന്തിക്കണം. ലോകത്തിന്റെ ഉപദേശങ്ങള്‍ക്കു ചെവികൊടുത്താല്‍, നിത്യജീവന്‍തന്നെ നഷ്ടമായേക്കാം! വിജ്ഞാനികളെന്ന നാട്യത്തില്‍ കഴിയുന്ന അധികാരികള്‍ക്ക് നിങ്ങളുടെ ആത്മാക്കളെ നരകത്തില്‍നിന്നു കരകയറ്റാന്‍ സാധിക്കുകയില്ലെന്ന് ഓര്‍ക്കണം!

യേഹ്ശുവായുടെ പേരിനെക്കുറിച്ചുള്ള പഠനത്തിലേക്കു തിരികെവരാം. പിതാവിന്റെ പേരും പുത്രന്റെ പേരും ഒന്നുതന്നെയാണെന്ന വെളിപ്പെടുത്തല്‍ മനോവ നല്‍കുന്നത് സ്വമേധയാ അല്ല; മറിച്ച്, വചനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. യേഹ്ശുവായുടെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെ പേര് ഞാന്‍ വെളിപ്പെടുത്തി”(യോഹ: 17; 6). എന്തായിരുന്നു അവിടുത്തെ പേരെന്നു നോക്കുക: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ പേരില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!”(യോഹ: 17; 11). എത്ര വ്യക്തമായാണ് യേഹ്ശുവാ ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്! പിതാവിന്റെ പേരുതന്നെയാണ് പുത്രന്‍ സ്വീകരിച്ചിരിക്കുന്നത് എന്നകാര്യത്തില്‍ ഇതിനേക്കാള്‍ വ്യക്തത ആവശ്യമുണ്ടെന്ന് മനോവ കരുതുന്നില്ല! പിതാവായ യാഹ്‌വെയുടെ പേര് പുത്രനു നല്‍കിയപ്പോള്‍, യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള യാഹ്‌വെ-ശുവാ ആയി! ഇതുതന്നെയാണ് യേഹ്ശുവാ! ഈ പേരിലാണ് നാം സ്നാനം സ്വീകരിക്കേണ്ടത്. ഈ ലോകത്ത് അനേകം പിതാക്കന്മാരും പുത്രന്മാരും ഉണ്ടെന്നിരിക്കേ, ഏതു പിതാവാണെന്നും ഏതു പുത്രനാണെന്നും വ്യക്തമാക്കണം. ദൈവം എല്ലാം ഊഹിച്ചുകൊള്ളും എന്നാണ് കരുതുന്നതെങ്കില്‍, യേഹ്ശുവായ്ക്ക് ഭൂമിയിലേക്ക് വരേണ്ട ആവശ്യംതന്നെ ഇല്ലായിരുന്നു!

ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചപ്പോള്‍ യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി ദൈവത്തെ പിതാവേ എന്ന് വിളിച്ചുവെങ്കിലും, യേഹ്ശുവായെക്കുറിച്ച് യേശൈയാഹ് പ്രവചിച്ചത് പിതാവെന്നും പുത്രനെന്നും പരിശുദ്ധാത്മാവെന്നും വിളിക്കപ്പെടുന്നത് അവിടുത്തെ തന്നെയാണെന്നാണ്! ഈ പ്രവചനം ശ്രദ്ധിക്കുക: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യാഹ്‌വെയുടെ തീക്ഷ്ണത ഇതു നിറവേറ്റും”(യേശൈയാഹ്: 9; 6, 7). വിസ്മയനീയനായ ഉപദേഷ്ടാവ് പരിശുദ്ധാത്മാവാണെന്ന് യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്! ശക്തനായ ദൈവമെന്നും നിത്യനായ പിതാവെന്നും വിളിക്കപ്പെടുന്ന ശിശു യേഹ്ശുവാ ആണെന്നു വ്യക്തം! ത്രിത്വം എന്നത് മൂന്ന് ആളുകളല്ല, ഒരേയൊരുവന്‍ തന്നെയാണെന്ന് ഇത്രത്തോളം സ്പഷ്ടമായി വെളിപ്പെടുത്തിയിരിക്കെ, മനുഷ്യരില്‍നിന്ന് ഈ സത്യം മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. എന്താണ് ത്രിത്വം എന്നത് വ്യക്തമാക്കുന്ന ലേഖനം മനോവയുടെ താളുകളില്‍ ഉള്ളതുകൊണ്ട് കൂടുതല്‍ വിവരണം ഇവിടെ നല്‍കുന്നില്ല.

ദൈവത്തിന്റെ പേരുമായി ബന്ധപ്പെട്ട പഠനത്തിലേക്കുതന്നെ മടങ്ങിവരാം. ഈ വചനം ശ്രദ്ധിക്കുക: “അങ്ങയുടെ പേര് അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും”(യോഹ: 17; 26). താന്‍ തിരഞ്ഞെടുത്തവര്‍ക്ക് പിതാവായ ദൈവത്തിന്റെ പേര് വെളിപ്പെടുത്തിയെന്നും ഇനിയുമത് വെളിപ്പെടുത്തുമെന്നുമാണ് ഇവിടെ യേഹ്ശുവാ പറഞ്ഞത്. ഈ വെളിപ്പെടുത്തല്‍ ഉടന്‍തന്നെ സംഭവിക്കുന്നത് തൊട്ടടുത്ത അദ്ധ്യായത്തില്‍ വായിക്കാന്‍ സാധിക്കും. യേഹ്ശുവായെ ബന്ധിക്കാന്‍ വന്നവരോട് അവിടുന്നു ചോദിച്ചു: “നിങ്ങള്‍ ആരെ അന്വേഷിക്കുന്നു? അവര്‍ പറഞ്ഞു: നസ്രായേനായ യേഹ്ശുവായെ. യേഹ്ശുവാ പറഞ്ഞു: അതു ഞാനാകുന്നു”(യോഹ: 18; 4, 5). അതു ഞാന്‍ ആകുന്നു എന്നുതന്നെയാണ് യേഹ്ശുവാ ഇവിടെ പറഞ്ഞത്. ഇതുതന്നെയായിരുന്നു മോശയോട് യാഹ്‌വെയും പറഞ്ഞതെന്നു നാം കണ്ടു. യേഹ്ശുവായുടെ വാക്കുകള്‍ കേട്ടവര്‍ക്ക് എന്തു സംഭവിച്ചുവെന്നു നോക്കുക: “ഞാന്‍ ആകുന്നു എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു”(യോഹ: 18; 6). ഞാന്‍ ആകുന്നവന്‍ എന്ന പേരിന്റെ ശക്തി ഇതാണ്. യേഹ്ശുവായെ ബന്ധിക്കാന്‍ വന്നത് ദൈവാലയത്തിലെ പടയാളികളായിരുന്നു. യെഹൂദരെ സംബന്ധിച്ചിടത്തോളം ഈ വാക്കിന്റെ ശക്തി വലുതാണ്‌. ഏതെങ്കിലും ഒരു കുറ്റവാളിയെ പിടിക്കാന്‍ പോലീസ് സംഘം എത്തുമ്പോള്‍, പ്രതി തന്നെത്തന്നെ വെളിപ്പെടുത്തിയാല്‍ സകല ഉദ്യോഗസ്ഥരും ബോധരഹിതരാകുമോ? എന്നാല്‍, യേഹ്ശുവാ സ്വയം വെളിപ്പെടുത്തിയ വാക്കുകളാണ് അവരെ നിലംപതിപ്പിച്ചത്!

ഈ വെളിപ്പെടുത്തല്‍ തുടരുന്നതാണ് പിന്നീടു നാം കാണുന്നത്. യേഹ്ശുവായെ ബന്ധിച്ചതിനുശേഷം പ്രധാനപുരോഹിതന്റെ അടുക്കല്‍ കൊണ്ടുപോയി. പ്രധാനപുരോഹിതന്‍ അവിടുത്തോട്‌ ഇപ്രകാരം ചോദിച്ചു: “ജീവിക്കുന്ന ദൈവത്തിന്റെ പേരില്‍ ആണയിട്ടു ഞാന്‍ നിന്നോടു ചോദിക്കുന്നു, നീ ദൈവപുത്രനായ മ്ശിഹായാണോ എന്നു ഞങ്ങളോടു പറയുക”(മത്താ: 26; 63). ഈ ചോദ്യത്തിനുള്ള ഉത്തരം മാര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ഞാന്‍ തന്നെ. മനുഷ്യപുത്രന്‍ ശക്തിയുടെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്നതും വാനമേഘങ്ങളില്‍ വരുന്നതും നിങ്ങള്‍ കാണും”(മര്‍ക്കോ: 14; 62). ലൂക്കാ എഴുതിയത് ഇങ്ങനെ: “നിങ്ങള്‍തന്നെ പറയുന്നുവല്ലോ ഞാന്‍ ആകുന്നു എന്ന്”(ലൂക്കാ: 22; 70). ഞാന്‍ ആകുന്നു എന്നതാണ് യഥാര്‍ത്ഥ പരിഭാഷ! ഞാന്‍ ആകുന്നുവെന്ന ഈ വെളിപ്പെടുത്തല്‍ ശ്രവിച്ച പ്രധാന പുരോഹിതന്‍ തന്റെ വസ്ത്രം കീറിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇവന്‍ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി സാക്ഷികളെക്കൊണ്ടു നമുക്കെന്താവശ്യം?”(മത്താ: 28; 65). ഇവിടെ യേഹ്ശുവായില്‍നിന്നുണ്ടായ ദൈവദൂഷണം എന്തായിരുന്നു? ഞാന്‍ ആകുന്നുവെന്ന വാക്കുകളാണ് യെഹൂരെ സംബന്ധിച്ച് ദൈവദൂഷണമായി പരിഗണിക്കപ്പെട്ടത്!

നിഴലായി വെളിപ്പെട്ട പുരാതനഗ്രന്ഥങ്ങളില്‍ 'ഞാന്‍ ആകുന്നു എന്ന് മാത്രം ദൈവത്തെക്കുറിച്ച് വെളിപ്പെട്ടപ്പോള്‍, ഇതിന്റെ പൂര്‍ത്തീകരണമായ ആധുനിക യിസ്രായേലിന് ദൈവത്തിന്റെ പേരിനെ സംബന്ധിച്ച് സ്ഫുടമായ വെളിപ്പെടുത്തല്‍ പുത്രനിലൂടെ ലഭിക്കുകയുണ്ടായി. ആരെങ്കിലും എന്താണ് താങ്കളുടെ പേര് എന്ന് ചോദിച്ചാല്‍, ഞാന്‍ ആകുന്നു എന്ന് മാത്രമാണ് താങ്കള്‍ ഉത്തരം പറയുന്നതെങ്കില്‍ അത് അപൂര്‍ണ്ണമായ മറുപടിയാണ്. ഞാന്‍ ഇന്നയാള്‍(പേര്) ആകുന്നു എന്നുള്ളതാണ് പൂര്‍ണ്ണമായ ഉത്തരം. അങ്ങനെതന്നെ മോശയ്ക്ക് യാഹ്‌വെ എന്ന പേരില്‍ വെളിപ്പെട്ടപ്പോള്‍ അവിടുന്ന് അപൂര്‍ണ്ണമായിട്ടാണ് തന്റെ പേര് വെളിപ്പെടുത്തിയതെങ്കില്‍, ആധുനിക യിസ്രായേലിന് യേഹ്ശുവാ എന്ന പേര് വെളിപ്പെടുത്തിക്കൊണ്ട് അവിടുന്ന് തന്റെ പൂര്‍ണ്ണത വ്യക്തമാക്കി. ഞാന്‍ നല്ല ഇടയന്‍ ആകുന്നു, ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു, ഞാന്‍ നിത്യജീവന്റെ അപ്പം ആകുന്നു, ഞാന്‍ വഴിയും സത്യവും ജീവനും ആകുന്നു, ഞാന്‍ വാതില്‍ ആകുന്നു, ഞാന്‍ ജീവന്റെ അപ്പം ആകുന്നു, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു, ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളി ആകുന്നു തുടങ്ങി അനേകം വാക്യങ്ങളിലൂടെ യേഹ്ശുവാ മ്ശിഹാ ദൈവത്തിന്റെ പേര് തന്നോടുചേര്‍ത്ത് വെളിപ്പെടുത്തി. ഇവിടെ സൂചിപ്പിക്കുന്ന വിശേഷണങ്ങളെല്ലാം, ഞാന്‍ ആകുന്നു എന്ന പേരിനെ സമ്പൂര്‍ണ്ണമാക്കിയിരിക്കുന്നു.

പിതാവു നല്‍കിയ അവിടുത്തെ പേരാണ് പുത്രന്‍ സ്വീകരിച്ചതെന്നു നാം കണ്ടു. ഒരുവന്‍ തന്റെ പുത്രനു നല്‍കുന്ന പേരാണ് അവന്റെ ഔദ്യോഗിക പേര്! ഈ പേരിലായിരിക്കും അവന്‍ എക്കാലവും അറിയപ്പെടുന്നത്. യേഹ്ശുവായ്ക്കു പേര് നല്‍കാനുള്ള ചുമതല സ്വര്‍ഗ്ഗത്തില്‍നിന്നു ഭരമേല്പിച്ചത് വളര്‍ത്തുപിതാവായ യോസെഫിനെയായിരുന്നു. ബൈബിളില്‍ അത് ഇപ്രകാരമാണ് വായിക്കുന്നത്: “അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്നു പേരിടണം”(മത്താ: 1; 21). പുത്രനു പേരിടാനുള്ള അവകാശം പിതാവിനാണെന്നു വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം ബൈബിളില്‍ വായിക്കുന്നത് ഇങ്ങനെ: “ശിശുവിന് എന്തു പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു. അവന്‍ ഒരു എഴുത്തു പലക വരുത്തി അതില്‍ എഴുതി: യോഹന്നാന്‍ എന്നാണ് അവന്റെ പേര്”(ലൂക്കാ: 1; 62, 63). മനുഷ്യരുടെ കാര്യം ഇതാണെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവു പുത്രനു നല്‍കിയ അവിടുത്തെ പരിശുദ്ധമായ പേരിനെ പരിഷ്കരിക്കാനുള്ള അവകാശം ആര്‍ക്കുമില്ല! 

യാഹ്‌വെ എന്ന പേരിന്റെ അര്‍ത്ഥം ഞാന്‍ ആകുന്നു എന്നായതുകൊണ്ട്, യേഹ്ശുവാ എന്ന പേരിന്, ഞാന്‍ ആകുന്നു  രക്ഷകന്‍ അഥവാ ഞാന്‍ രക്ഷകന്‍ ആകുന്നു എന്ന അര്‍ത്ഥമാണുള്ളത്. മ്ശിഹാ എന്ന ഹീബ്രു പദത്തിന്റെ അര്‍ത്ഥം അഭിഷിക്തന്‍ എന്നാണ്. ഇതിന്റെ ഗ്രീക്ക് പദമാണ് ക്രിസ്തു! യേഹ്ശുവാ മ്ശിഹാ എന്നാല്‍, ഞാന്‍ ആകുന്നവന്‍ രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്! ഇതാണ് അവിടുത്തെ പേരിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം! രക്ഷിക്കുന്ന യാഹ്‌വെയുടെ പേരിലല്ലാത്ത സ്നാനങ്ങള്‍ക്കൊന്നും ഒരുവനെ രക്ഷിക്കാന്‍ കഴിയില്ല! പിതാവായ ദൈവത്തിന്റെ പേര് യോസെഫ് എന്നാണെന്നു പ്രചരിപ്പിച്ചുകൊണ്ട് ചില സെക്റ്റുകള്‍ കറങ്ങിനടക്കുന്നുണ്ട്. ദൈവജനത്തെ വഞ്ചിക്കുന്ന ഇത്തരം ആളുകളെ ഭവനത്തിലോ വ്യക്തിജീവിതത്തിലോ സ്വീകരിച്ചാല്‍, അത് വലിയ ദുരന്തമായിരിക്കും. നാലാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പൗരസ്ത്യസഭയില്‍ ഉടലെടുത്ത പാഷണ്ഡതയുടെ ശേഷിപ്പാണ് ഈ ആശയം! ഇത്തരം വ്യക്തികളില്‍നിന്നും അവര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളില്‍നിന്നും ദൈവജനം ഒഴിഞ്ഞുനില്‍ക്കണം.

ത്രിത്വത്തിന്റെ പേര്!

പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നാല്‍, ഈശോ മറിയം യൗസേപ്പ് ആണെന്ന ആശയം അപരിഹാര്യമായ ദുരന്തമാണ്. ഈ പേരുകളില്‍ ജ്ഞാനസ്നാനം നടത്തുന്ന പുതിയ ഗ്രൂപ്പുകള്‍ ഇന്നു പ്രവര്‍ത്തിക്കുന്നുവെന്നതാണ്‌ ഈ ദുരന്തത്തെ കൂടുതല്‍ മാരകമാക്കുന്നത്. ഈശോ എന്ന പേരുപോലും യഥാര്‍ത്ഥ പേരുമായി യാതൊരു ബന്ധവുമില്ലാത്തതും പൈശാചികവുമാണ്. എന്തെന്നാല്‍ ഈശോ എന്നത് ശിവന്റെ പേരാണ്.  മാതവുമല്ല, യേഹ്ശുവാ എന്ന പേര് പരിഷ്കരിക്കുന്നതിനെ സ്വര്‍ഗ്ഗം അംഗീകരിക്കുമെന്നു കരുതരുത്. കാരണം വചനം ഇങ്ങനെ പറയുന്നു: “ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ പേരുകള്‍ക്കും ഉപരിയായ പേര് നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ പേരിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ  മ്ശിഹായാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്”(ഫിലിപ്പി: 2; 9-11).

ദൈവം അത്യധികം ഉയര്‍ത്തി സ്ഥാപിച്ചിരിക്കുന്ന പേരിനെ എന്തിനാണ് മനുഷ്യര്‍ പരിഷ്കരിക്കുന്നത്? ഓമനപ്പേരും ഇരട്ടപ്പേരും വിളിക്കുന്നവര്‍ യേഹ്ശുവായുടെ പേര്, ഈശോയും ഉണ്ണീശോയും കുടത്തേലുണ്ണിയും ആക്കിയിരിക്കുന്നു! ഈ പേരുകളിലൊന്നും യഥാര്‍ത്ഥ ശക്തിയില്ലെന്നു മാത്രമല്ല, ഇവയെല്ലാം ശിവന്‍ പൈശാചിക മൂര്‍ത്തിയുടെ പേരുകളുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നെറ്റിത്തടങ്ങളില്‍ രേഖപ്പെടുത്തുന്നത് ഈ പേരുകളുമല്ല. ഇതാ, വചനം ഇങ്ങനെ വെളിപ്പെടുത്തുന്നു: “ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു; അവനോടുകൂടെ നൂറ്റിനാല്പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്റെ പേരും അവന്റെ പിതാവിന്റെ പേരും എഴുതിയിട്ടുണ്ട്”(വെളി: 14; 1). അവന്റെ പേരും അവന്റെ പിതാവിന്റെ പേരും എന്നത് രണ്ടല്ലാത്തതുകൊണ്ടുതന്നെ, നെറ്റിയില്‍ എഴുതപ്പെടുന്നത് യേഹ്ശുവാ എന്ന ഒരേയൊരു പേരായിരിക്കും. നെറ്റിയില്‍ പേരെഴുതപ്പെടുകയെന്നാല്‍, ചില പ്രത്യേകതകളുണ്ട്. തലച്ചോറിനു മുന്നിലുള്ള കവചമായിട്ടാണ് നെറ്റിത്തടം രൂപപ്പെടുത്തിയിരിക്കുന്നത്. പൊതുഗതാഗതത്തിനു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഒരു വാഹനത്തിന്റെ മുന്നില്‍ എഴുതിയിരിക്കുന്നത് ആ വാഹനം എത്തിച്ചേരേണ്ട സ്ഥലത്തിന്റെ പേരായിരിക്കും. നമ്മുടെ നെറ്റിയില്‍ എഴുതപ്പെട്ടിരിക്കുന്നത്, നാം ആരില്‍ എത്തിച്ചേരണമോ അവന്റെ പേരായിരിക്കണം.

നെറ്റിത്തടത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. തലച്ചോറിലാണ് നമ്മുടെ ആശയങ്ങള്‍ രൂപപ്പെടുന്നത് എന്നകാര്യത്തില്‍ സംശയമില്ല. അതായത്, നമ്മുടെ ആശയങ്ങളും വിശ്വാസങ്ങളും നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് തലച്ചോറ്! ഒരു ഫാക്ടറിയിയില്‍ നിര്‍മ്മിക്കുന്ന വസ്തുവിനെക്കുറിച്ചുള്ള സൂചന നല്‍കുന്നത്, മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലായിരിക്കും. ഒരു മനുഷ്യന്റെ ഫലകം അവന്റെ നെറ്റിത്തടമാണ്! അതുകൊണ്ടുതന്നെ, അവിടെ രേഖപ്പെടുത്തുന്നതെന്തോ, അതാണ്‌ അവന്‍! തലച്ചോറില്‍ രൂപപ്പെടുന്ന ആശയങ്ങളുടെ പ്രതിഫലനം നെറ്റിയിലാണ് ഉണ്ടാകുന്നത്. അലങ്കാരത്തിന്റെ പേരിലൊക്കെ നെറ്റിത്തടത്തില്‍ കയറിക്കൂടാനുള്ള സാത്താന്റെ പരിശ്രമത്തിനു കാരണവും ഇതുതന്നെ! നെറ്റിയില്‍ സ്ഥാനംപിടിച്ചാല്‍, ആ വ്യക്തി പൂര്‍ണ്ണമായും തന്റേതാകുമെന്നു മനസ്സിലാക്കാനുള്ള ബുദ്ധി പിശാചിനുണ്ട്! ഒരാള്‍ നെറ്റിയില്‍ പൊട്ട് കുത്തുന്നതിലൂടെ ആ വ്യക്തി ശിവന് സമര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍, ശിവന് തന്നെത്തന്നെ സമര്‍പ്പിക്കുന്നതിന്റെ അടയാളമാണ് നെറ്റിയില്‍ ചാര്‍ത്തുന്ന പൊട്ട്!

യേഹ്ശുവാ എന്ന പേര് ആയിരിക്കുന്ന അവസ്ഥയില്‍തന്നെ മനുഷ്യരുടെ അധരങ്ങള്‍ ഏറ്റുപറയാതിരിക്കാന്‍ സാത്താന്‍ ശ്രമം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല! യേഹ്ശുവാ കുരിശില്‍ വിജയം വരിച്ച നാള്‍മുതല്‍ ആ പേരിനെ നശിപ്പിക്കാനുള്ള ശ്രമവും സാത്താന്‍ ആരംഭിച്ചു! ഹെബ്രായ ഭാഷ ഈ ഭൂമുഖത്തുനിന്നു തുടച്ചു മാറ്റുകയെന്നതായിരുന്നു അവന്‍ ഇതിനായി കണ്ടെത്തിയ ഒരു മാര്‍ഗ്ഗം! യെഹൂദരെ ഈ ഭൂമുഖത്ത് ചിതറിയ്ക്കുകയും യിസ്രായേല്‍ എന്ന രാജ്യം ഈ ഭൂമുഖത്തുനിന്നുതന്നെ നീക്കിക്കളയുകയും ചെയ്യാന്‍ പല സാമ്രാജ്യത്വങ്ങളും സാത്താന്‍ ഇവിടെ സ്ഥാപിച്ചു! ക്രൈസ്തവരുടെമേല്‍ ഗ്രീക്കുകാര്‍ ആധിപത്യം സ്ഥാപിച്ചതോടെയാണ് പേരുകളില്‍ കടന്നുകയറ്റം ആരംഭിച്ചത്!  ആദിമ ക്രൈസ്തവരുടെ പ്രധാനഭാഷയായിരുന്ന ഹെബ്രായഭാഷയെ നീക്കി, പകരം ഗ്രീക്ക് ഭാഷയെ തത്സ്ഥാനത്ത് പ്രതിഷ്ഠിച്ചതും ക്രിസ്തുവിന്റെ പേര് ഇല്ലായ്മചെയ്യുന്നതിന്റെ ഭാഗമായിരുന്നു. ഹെബ്രായഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കുകയും, തിരുവെഴുത്തുകളെല്ലാം ഗ്രീക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ബൈബിളിലെ നവീനഗ്രന്ഥങ്ങളായ സുവിശേഷങ്ങളും ലേഖനങ്ങളുമെല്ലാം രചിക്കപ്പെട്ടത് ഹെബ്രായഭാഷയിലായിരുന്നു. എന്നാല്‍, ഹെബ്രായമൂലങ്ങളെല്ലാം നശിപ്പിക്കുകയും ഗ്രീക്ക് പരിഭാഷയെ മൂലഗ്രന്ഥങ്ങളായി അവതരിപ്പിക്കുകയും ചെയ്തു. ഈ നുണയാണ് ക്രൈസ്തവര്‍ സത്യമായി പരിഗണിച്ചിരിക്കുന്നത്!

A.D. 40-നും A.D. 70-നും ഇടയില്‍ റോമാക്കാര്‍ യെരുശലെം നശിപ്പിക്കുകയും ദൈവാലയം തകര്‍ത്തുകളയുകയും ചെയ്തു. യെഹൂദരെ പൂര്‍ണ്ണമായും രാജ്യത്തുനിന്നു പുറത്താക്കി. ഗ്രീക്ക് അധിനിവേശത്തിന്റെ ആരംഭമായിരുന്നു അത്. A.D. 313 -ലെ മിലാന്‍ വിളംബരത്തോടെ ക്രൈസ്തവസഭകളുടെ നിയന്ത്രണം പൂര്‍ണ്ണമായും ഗ്രീക്കുകാരുടെ അധീനതയിലായി! ഹെബ്രായഭാഷ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യെഹൂദരെ യെരുശലെമില്‍നിന്നു പുറത്താക്കിയത്. അവര്‍ ലോകത്താകമാനം ചിതറിപ്പോകുകയും തങ്ങളുടെ ഭാഷ സംസാരിക്കാന്‍ കഴിയാതെവരികയും ചെയ്തു. റഷ്യയില്‍ കമ്മൂണിസ്റ്റ് ആധിപത്യം വന്നപ്പോള്‍ ഹെബ്രായ ഭാഷ സംസാരിക്കുന്നത് ആ ഭരണകൂടം വിലക്കി. ഹെബ്രായഭാഷയിലുള്ള പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതുപോലും റഷ്യയില്‍ ശിക്ഷാര്‍ഹമായിരുന്നു. തങ്ങളുടെ ഭാഷ മറന്നുപോകും വിധം തലമുറകള്‍, തങ്ങള്‍ ചിതറിപ്പാര്‍ത്ത നാടുകളിലെ ഭാഷകളുമായി ഇഴികിച്ചേര്‍ന്നു. പത്തൊമ്പതു നൂറ്റാണ്ടുകള്‍ക്കൊണ്ട് ഹെബ്രായഭാഷ ഇല്ലാതായി. സ്പെയിനില്‍ ജീവിച്ചവര്‍ സ്പാനിഷും ഹീബ്രുവുചേര്‍ന്നുണ്ടായ ലാഡിനോ സംസാരിച്ചു. ജര്‍മ്മനിയില്‍ ജീവിച്ച യെഹൂദര്‍മൂലം ജര്‍മ്മന്‍ഭാഷയും ഹെബ്രായഭാഷയും ചേര്‍ന്ന് ഇഡ്ഡിഷ് ഭാഷയുണ്ടാകാന്‍ കാരണമായി. അനേക പുസ്തകങ്ങള്‍ ലാഡിനോ, ഇഡ്ഡിഷ് എന്നീ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുണ്ട്.

അങ്ങനെ യെഹൂദരുടെ ഭാഷ പൂര്‍ണ്ണമായും മലിനപ്പെട്ടുപോയി! സ്വന്തം രാജ്യത്തുനിന്നു പുറത്താക്കപ്പെട്ടുവെന്നു മാത്രമല്ല, ചെന്നിടത്തൊക്കെ അകാരണമായി പീഡിപ്പിക്കപ്പെടുകയാണുണ്ടായത്. യെഹൂദരെ കൊന്നൊടുക്കാന്‍ സ്റ്റാലിനും ഇല്ല്യുമിനാറ്റി പ്രസ്ഥാനങ്ങളും മത്സരിക്കുകയായിരുന്നു. ഇന്ന് ലോകത്താകമാനമുള്ള യെഹൂദരുടെ സംഖ്യയേക്കാള്‍ കൂടുതലായിരുന്നു സ്റ്റാലിന്‍ എന്ന സ്വേച്ഛാധിപതി മാത്രം കൊന്നുതള്ളിയത്! യെഹൂദരുടെ രക്തംകൊണ്ട് യൂറോപ്പിന്റെയും റഷ്യയുടെയും മണ്ണ് ചുവപ്പണിഞ്ഞു! രക്തസാക്ഷികളുടെ പ്രസ്ഥാനമെന്ന് കമ്മ്യൂണിസം അവകാശപ്പെടുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ്. ഇന്നുവരെ ലോകത്തുണ്ടായ പ്രസ്ഥാനങ്ങളില്‍ വച്ച് ഏറ്റവുമധികം കൊലനടത്തിയത് ഈ പ്രസ്ഥാനമാണ്. അവര്‍ കൊന്നൊടുക്കിയ ക്രൈസ്തവരുടെയും യെഹൂദരുടെയും സംഖ്യക്ക് കണക്കില്ല!

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പരദേശികളായി വസിക്കാന്‍ യിസ്രായേല്‍ജനത്തിന്റെ മറുതലിപ്പ് കാരണമായി. പരദേശികളായി വസിച്ച രാജ്യങ്ങളിലെല്ലാം ഇവര്‍ പീഡിക്കപ്പെട്ടു. ദൈവമാണ് ഇവരെ പീഡനത്തിനു വിട്ടുകൊടുത്തതെങ്കിലും ഈ ജനത്തെ പീഡിപ്പിച്ചവരെ അവിടുന്നു വെറുതെ വിട്ടില്ല. ഇത് അവിടുന്ന് ഇവരുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം അനുസ്മരിച്ചതുകൊണ്ടാണ്. കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ യിസ്രായേല്‍ തകര്‍ക്കപ്പെട്ടത് അവര്‍ പറഞ്ഞ ഈ വാക്കുമൂലം ആയിരുന്നു: “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ!”(മത്താ: 27; 25).

യിസ്രായേലിലെ ശ്രേഷ്ഠന്മാരില്‍ ആവസിച്ച സാത്താന്‍ അവരെക്കൊണ്ട് ഇതു പറയിച്ചപ്പോള്‍ ഈ ഒരു ലക്ഷ്യവുംകൂടി അവന്‍ മുന്നില്‍ക്കണ്ടു. ഹെബ്രായഭാഷ ഈ ഭൂമുഖത്തുനിന്നു നീക്കംചെയ്താല്‍, യേഹ്ശുവാ എന്ന പേരും അതോടൊപ്പം അവസാനിക്കുമെന്ന് അവന്‍ കണക്കുകൂട്ടി! അവന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല എന്നത് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു! ഇനിയൊരിക്കലും യെഹൂദരുടെ ഭാഷ തിരിച്ചുവരികയോ യിസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു കിട്ടുകയോ ഇല്ലെന്ന് ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയ പ്രഖ്യാപിച്ചു. മാനുഷികമായി ഒരിക്കലും സാദ്ധ്യമാകുന്ന കാര്യങ്ങളായിരുന്നില്ല ഇവ രണ്ടും! എന്നാല്‍, യിസ്രായേല്‍ പിഴുതെറിയപ്പെടുന്ന എ.ഡി 40-നു നൂറ്റാണ്ടുകള്‍ക്കുമുമ്പേ പ്രവാചകന്മാര്‍ മുഖേന എഴുതപ്പെട്ട വചനത്തിന്റെ നിറവേറല്‍ മനുഷ്യരുടെ ബുദ്ധിക്കും അപ്പുറമാണെന്ന് കാലം തെളിയിച്ചു! സാത്താന്‍ അങ്ങനെ കോമാളിയുമായി!

അതായത്, വിജയംവരിച്ച യോദ്ധാവായ യേഹ്ശുവായുടെ മുന്നില്‍ സാത്താന്റെ വിജയം താത്ക്കാലികം മാത്രമായിരുന്നു. പ്രവചനങ്ങള്‍ നിറവേറുന്നതിനുവേണ്ടി അവിടുന്ന് മൗനംപാലിക്കുകയായിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം! ലോകം മുഴുവനെയുംകൊണ്ട് അസാദ്ധ്യമെന്നു പറയിപ്പിച്ചതിനുശേഷം അദ്ഭുതകരമായി നടപ്പാക്കുകയെന്നത് നമ്മുടെ ദൈവത്തിന്റെ എക്കാലത്തെയും രീതിയാണ്! അതുതന്നെ യിസ്രായേലിന്റെ പുനരുദ്ധാരണത്തിലും സംഭവിച്ചു. അങ്ങനെ ലോകമനസ്സാക്ഷിയെ അവിടുന്ന് യഹൂദര്‍ക്ക് അനുകൂലമാക്കി! യെഹൂദര്‍ക്കുവേണ്ടി UN -ല്‍ പ്രമേയം അവതരിപ്പിക്കുകയും 13-നു എതിരെ 33 വോട്ടിനു പ്രമേയം പാസാവുകയും ചെയ്തു. പത്തൊന്‍പതു നൂറ്റാണ്ടുകള്‍ ഇല്ലാതിരുന്ന രാജ്യം ഒറ്റദിവസം കൊണ്ട് പിറന്നു വീണു! ലോകത്തെ വിദഗ്ദ്ധരും ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയും ഏകസ്വരത്തില്‍ പറഞ്ഞാലും ദൈവത്തിന്റെ വചനത്തെ മാറ്റിമറിക്കാന്‍ കഴിയില്ല! യിസ്രായേലിനെക്കുറിച്ചുള്ള രണ്ടു പ്രവചനങ്ങള്‍ ശ്രദ്ധിക്കുക: “ആരെങ്കിലും ഇങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു”(യേശൈയാഹ്: 66; 8).

1948 മെയ് 14-നു യു. എന്‍. പ്രമേയത്തിലൂടെ പിറന്നുവീണ രാജ്യം പ്രവചനത്തിന്റെ പൂര്‍ത്തീകരണമല്ലാതെ മറ്റൊന്നുമല്ല! ആരും സംസാരിക്കാനില്ലാതെ അന്യംനിന്നുപോയ ഹെബ്രായഭാഷ തിരികെ വരുമെന്ന് ലോകത്താരും കരുതിയില്ല. എന്നാല്‍, ദൈവത്തിന്റെ വചനത്തിന് ഒന്നും അസാദ്ധ്യമല്ലെന്നു തെളിയിച്ചു! ‘യേഹ്ശുവാ’ എന്ന പേര് ഈ ഭൂമുഖത്തുനിന്നു നീക്കിയാലും, അവിടുത്തെ പുനരാഗമനത്തിനുമുന്‍പ് ശുദ്ധമായ ഭാഷയില്‍ അവിടുത്തെ വിളിച്ചപേക്ഷിക്കുന്ന ദൈവജനത്തെ അവിടുന്ന് ഒരുക്കുമെന്നുള്ളത് പ്രവചനമാണ്! രണ്ടായിരത്തിയറുന്നൂറ്റിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് സെഫാനിയാഹ് പ്രവാചകനിലൂടെ സൈന്യങ്ങളുടെ യാഹ്‌വെ നടത്തിയ പ്രവചനത്തെ മാറ്റിമറിക്കാന്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കോ ഈ ഭൂമുഖത്തെ ഏതെങ്കിലും പ്രഭുത്വങ്ങള്‍ക്കോ സാദ്ധ്യമല്ല! ഇതാണ് ആ പ്രവചനം: “യാഹ്‌വെയുടെ പേര് വിളിച്ചപേക്ഷിക്കാനും, ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷചെയ്യാനുംവേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും”(സെഫാനിയാഹ്: 3; 9). ഒരിക്കലും തിരിച്ചുവരില്ലെന്നു പറഞ്ഞ ഹെബ്രായഭാഷ തിരിച്ചുവന്നു! ഇന്ന് യിസ്രായേലില്‍ ഒരിടത്തും ഇംഗ്ലീഷോ മറ്റിതര ഭാഷകളോ ഉപയോഗിക്കുന്നില്ല. ശുദ്ധമായ ഹെബ്രായഭാഷ മാത്രമെ യിസ്രായേലില്‍ എല്ലായിടത്തും ഉപയോഗിക്കുന്നുള്ളു!

രക്ഷയ്ക്കായി നല്‍കപ്പെട്ടിരിക്കുന്ന യേഹ്ശുവായുടെയും പേര് പുനഃസ്ഥാപിക്കാനായി മനോവയെപ്പോലെ അനേകരെ അവിടുന്ന് ഈ കാലഘട്ടത്തില്‍ അഭിഷേകം ചെയ്തിരിക്കുന്നു!

യേഹ്ശുവായുടെ പേര് വിളിച്ചപേക്ഷിക്കുന്ന സകലരും രക്ഷപ്രാപിക്കും. ‘യേഹ്ശുവാ മ്ശിഹാ’ എന്നാണ് അവിടുത്തെ പേര്! ‘ഞാന്‍ ആകുന്നവന്‍ രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു!’

ചേര്‍ത്തുവായിക്കാന്‍: ആരെങ്കിലും നിങ്ങളുടെ ജ്ഞാനസ്നാനത്തെക്കുറിച്ച് ആകുലപ്പെടുന്നുവെങ്കില്‍, മനോവയ്ക്കു നിങ്ങളോടു പറയാനുള്ളത് ആശ്വാസത്തിന്റെ വാക്കുകളാണ്. കാരണം, മരിച്ചവര്‍ക്കുപോലും ജ്ഞാനസ്നാനം നല്‍കുവാന്‍ അവസരം തന്നിട്ടുള്ളവനാണ് നമ്മുടെ ദൈവം! ആയതിനാല്‍, നിങ്ങള്‍ വിവേകശാലികളാകുവിന്‍! ജ്ഞാനസ്നാനം പുതുക്കുവിന്‍! അജ്ഞതയുടെ കാലഘട്ടത്തില്‍ ആരെങ്കിലും അവിടുത്തെ പേര് വിളിച്ചപേക്ഷിക്കാന്‍, തങ്ങളുടേതല്ലാത്ത കാരണത്താല്‍ തെറ്റായ പേരുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, അവരുടെ സന്തതികള്‍ യഥാര്‍ത്ഥ പേര് വിളിച്ചപേക്ഷിക്കുന്നതിലൂടെ ആ തെറ്റുകള്‍ പരിഹരിക്കപ്പെടും! എന്നാല്‍, സത്യമറിയാന്‍ അവസരം ലഭിച്ചിട്ടും അത് നിരസിക്കുന്നവര്‍ക്കുള്ള ശിക്ഷ ഭയാനകമായിരിക്കുമെന്നു മറക്കരുത്! സത്യം ഏവരെയും സ്വതന്ത്രരാക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6727 views

LOG IN

Lost your password?

SIGN UP

LOST PASSWORD