വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

ഭൗതീക മരണവും ആത്മീയ മരണവും!

Print By
about

12 - 08 - 2009

നുഷ്യന് രണ്ടു തരത്തിലുള്ള മരണമുണ്ട്. ഒന്ന് ഭൗതീക മരണവും രണ്ട് ആത്മീയ മരണവും. ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ള ഓരോ വ്യക്തിയും ശാരീരികമായി മരിക്കുക തന്നെവേണം. മരണത്തോളം യാഥാര്‍ത്ഥ്യമായി മറ്റൊന്നുമില്ലെന്ന് നമുക്കറിയാം. ഭൗതികമായ മരണം നമുക്ക് നഷ്ടമാണെന്നു കരുതാന്‍ കഴിയില്ല; അല്ലെങ്കില്‍ ഭൂമിയില്‍ ജനിച്ചിട്ടുള്ളവരുടെയെല്ലാം ജീവിതാന്ത്യം നഷ്ടമാണെന്നു പറയേണ്ടി വരും. ജനിച്ചവരില്‍ അധികവും മരിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്നവരും ഇന്നല്ലെങ്കില്‍ നാളെ മരണത്തിന് കീഴടങ്ങും!
 
മരണത്തെക്കുറിച്ചുള്ള വിശുദ്ധരുടെ കാഴ്ച്പ്പാടുകള്‍ നമുക്ക് ചിന്തിച്ചു നോക്കാം. ആദിമ നൂറ്റാണ്ടില്‍ ക്രിസ്ത്യാനികള്‍ വളരെയേറെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. നീറോ ചക്രവര്‍ത്തിയുടെ കാലത്ത് സിംഹങ്ങള്‍ക്ക് 'ഇര'യായി ക്രിസ്ത്യാനികളെ കൊടുക്കുമായിരുന്നു. പന്തമായി കത്തിക്കുകയും, തിളക്കുന്ന എണ്ണയില്‍ പൊരിക്കുകയും ചെയ്തിരുന്നു. വിശ്വാസത്തെ നിഷേധിച്ചു പറഞ്ഞാല്‍ ശിക്ഷയില്‍നിന്നു ഒഴിവാക്കുമായിരുന്നിട്ടും അതിന് തയ്യാറാകാതെ രക്തസാക്ഷികളായി മരണത്തെ സ്വീകരിച്ചു. അവര്‍ ഈ ലോക ജീവിതത്തെ നിസ്സാരമായി കരുതി. അതുകൊണ്ടാണല്ലോ അപ്പസ്തോലനായ പൗലോസ് ഇപ്രകാരം എഴുതിയിരിക്കുന്നത്:
"എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്"(ഫിലിപ്പി: 1; 21). പൗലോസ് പറയുക മാത്രമല്ല; തന്റെ മരണത്തിലൂടെ അതു തെളിയിക്കുകയും ചെയ്തു.

സ്തെഫാനോസിനെ കല്ലെറിഞ്ഞപ്പോള്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞ് ഇപ്രകാരം പറയുന്നു: "ഇതാ സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു (അപ്പ. പ്രവര്‍ത്തനങ്ങള്‍: 7; 56).

യേഹ്ശുവാ പറയുന്നതു ശ്രദ്ധിക്കുക: "ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തള്ളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍"(ലൂക്കാ: 12; 4, 5). ഈ വചനത്തിലൂടെ വ്യക്തമാകുന്ന കാര്യം, വരാനിരിക്കുന്ന നിത്യമായ ജീവിതത്തോട് തുലനം ചെയ്യുമ്പോള്‍ ഭൗതീക ജീവിതം വളരെ നിസ്സാരമാണെന്നാണ്.

ആത്മീയ മരണം!

വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ് ആത്മീയമരണത്തെ സംബന്ധിച്ചുള്ളത്. കാരണം, ഭൗതീകമരണം വരാനിരിക്കുന്ന നിത്യജീവനിലേക്കുള്ള ജനനമാണെങ്കില്‍, ആത്മീയ മരണം നിത്യനാശത്തിന്റെ ജനനമാണ്.

എങ്ങനെയാണ് ആത്മീയമരണം സംഭവിക്കുന്നതെന്ന് വചനത്തിലൂടെ നമുക്കു പരിശോധിക്കാം. അപ്പസ്തോലനായ യാക്കോബ് പറയുന്നു: "ദുര്‍മ്മോഹം ഗര്‍ഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു"(യാക്കോബ്: 1; 15). ഇവിടെ പറയപ്പെടുന്ന മരണം ഭൗതിക മരണമല്ല; മറിച്ച്, ആത്മീയമരണത്തെയാണു സൂചിപ്പിക്കുന്നത്. മനുഷ്യന്‍ തന്റെ ദുര്‍മ്മോഹങ്ങള്‍ പ്രാര്‍ഥനയാക്കി മാറ്റുമ്പോള്‍ അത് ദൈവത്തിനു സ്വീകാര്യമാകുകയില്ല. അങ്ങനെയുള്ള പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കാതെ വരുമ്പോള്‍ മനുഷ്യര്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു. ഇത് ആത്മീയമായുള്ള മരണമായി തീരുന്നു.

ഈ വചനത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നയത് ആത്മീയ മരണവും ഉണ്ടെന്നാണ്. പാപം മൂലമാണ് മരണം ഭൂമിയിലേക്കു കടന്നുവന്നതെന്നു വചനത്തില്‍ നമുക്ക് കാണാം. "ഒരു മനുഷ്യന്‍ മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലവരിലും വ്യാപിച്ചു"(റോമാ: 5; 12). എന്നാല്‍, ഈ മരണത്തെ നിത്യജീവനിലേക്കുള്ള ജനനമാക്കി യേഹ്ശുവാ മാറ്റിയത് എങ്ങനെയെന്നു നമുക്കു നോക്കാം. ഇരുപത്തിയൊന്നാമത്തെ വചനം പറയുന്നു: "അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ കൃപ നീതിവഴി നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായിലൂടെ നിത്യജീവനിലേക്ക് നയിക്കാന്‍ ആധിപത്യം പുലര്‍ത്തും"(റോമാ: 5; 21).

അതുകൊണ്ട് ആത്മീയ മരണത്തെ അതിജീവിക്കാന്‍ നമുക്ക് ക്രിസ്തുവിനോടു ചേര്‍ന്ന് ജീവനുള്ളവരായി നിലനില്‍ക്കാം. ഭൗതീക ജീവനെ ക്രിസ്തുനോടൊപ്പം സംസ്കരിക്കുകയും, അവിടത്തോടൊപ്പം നിത്യജീവനിലേക്ക് ഉത്ഥിതരാകുകയും ചെയ്യാം.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2555 views

LOG IN

Lost your password?

SIGN UP

LOST PASSWORD