വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

ദൈവവുമായി ആലോചന ചോദിക്കുമ്പോള്‍!

Print By
about

10 - 07 - 2009

ത്മീയ മനുഷ്യര്‍ എല്ലക്കാര്യങ്ങളിലും ദൈവവുമായി കൂടിയാലോചിക്കാറുണ്ട്. ദൈവവുമായി ആലോചിച്ച് ചെയ്യുന്ന ഒരു കാര്യവും ഫലം ലഭിക്കാതെ പോവുകയില്ല. ഏതു നിസ്സാരമെന്നു തോന്നുന്ന കാര്യവും ദൈവത്തിന്റെ ഇഷ്ടവും കൂടി അന്വേഷിച്ചു ചെയ്യുമ്പോള്‍, അത് കൂടുതല്‍ പൂര്‍ണ്ണമാവുകയാണു ചെയ്യുന്നത്.

നാം പ്രാര്‍ത്ഥിക്കുമ്പോള്‍പോലും അതു ദൈവത്തിന് ഇഷ്ടമാണോയെന്ന് അന്വേഷിക്കുന്നത്, അവിടുത്തേക്ക് പ്രീതികരമാണ്. വചനവും ഇതുതന്നെ പറയുന്നുണ്ട്. "അവന്റെ ഇഷ്ട്ത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍ അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നാതാണു നമുക്ക് അവനിലുള്ള ഉറപ്പ്"(1 യോഹ: 5; 14).

എന്നാല്‍ ദൈവത്തിന് ഇഷ്ടമല്ലാത്ത പ്രാര്‍ത്ഥനകള്‍ പാപമായി പരിണമിക്കാറുണ്ട്. ദൈവത്തിന്റെ ഹിതപ്രകാരമല്ലാത്ത പ്രാര്‍ത്ഥനകള്‍ പാപമായി തീരുന്നത് എങ്ങനെയെന്നു വചനം പറയുന്നതു ഇപ്രകാരമാണ്: "ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു"(യാക്കോബ്: 1; 14, 15). നമുക്ക് നന്മയെന്നു തോന്നുന്നത് ഒരുപക്ഷെ നന്മയാകണമെന്നില്ല. എന്നാല്‍, നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ മനസ്സില്‍ സൂക്ഷിച്ചു വച്ചിട്ടുള്ള യാഹ്‌വെയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ദൈവം ഇങ്ങനെ അരുളിച്ചെയ്യുന്നു "നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി"(ജറെമിയാ: 29; 11). മനുഷ്യന്‍ പദ്ധതികള്‍ വിഭാവന ചെയ്യുമ്പോള്‍ തെറ്റു പറ്റാറുണ്ട്. അങ്ങനെ ദൈവതിന്റേതല്ലാത്ത പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ച മനുഷ്യര്‍ ദൈവത്തിന്റെ കോപത്തിനു പാത്രമായിട്ടുമുണ്ട്. ദൈവമായ യാഹ്‌വെ പറയുന്നു: "എന്റെതല്ലാത്ത പദ്ധതികള്‍ നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം! അവര്‍ എന്റെ ആലോചന ആരായാതെ ഈജിപ്തിലേക്ക് പോയി ഫറവോയെ അഭയംപ്രാപിക്കുകയും ഈജിപ്തിന്റെ തണലില്‍ സങ്കേതം തേടുകയും ചെയ്തു. അതിനാല്‍, ഫറവോയുടെ സംരക്ഷണം നിങ്ങള്‍ക്കു ലജ്ജയും ഈജിപ്തിന്റെ തണലിലെ സങ്കേതം നിങ്ങള്‍ക്ക് അപമാനവും ആകും"(ഏശയ്യാ: 30; 1-3).

യാഹ്‌വെയുടെ ഇഷ്ടം അന്വേഷിക്കാതെ നമ്മുടെ ആഗ്രഹങ്ങള്‍ പ്രാര്‍ത്ഥനയായി രൂപപ്പെടുമ്പോള്‍ ലഭിക്കാതെ വരാറുണ്ട്. അപ്പോള്‍ നമ്മുടെ വിശ്വാസം നഷ്ട്പ്പെടുകയും പ്രാര്‍ത്ഥനയില്‍ നിന്നുതന്നെ അകന്നു പോവുകയും ചെയ്യാം. അങ്ങനെ ആത്മീയമായ മരണം സംഭവിക്കുന്നതിനെക്കുറിച്ചാണ് അപ്പസ്തോലനായ യാക്കോബ് എഴുതിയത്.

അപ്പോള്‍ ഒരുപക്ഷെ ഇങ്ങനെ ഒരു ചോദ്യം മനസ്സില്‍ വരാം. 'അങ്ങനെയെങ്കില്‍ നാം പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ടോ?' തീര്‍ച്ചയായും ഉണ്ട്. പല നീതിമാന്മാരുടെയും പ്രാര്‍ത്ഥന കേട്ടു യാഹ്‌വെ ഉത്തരം നല്‍കിയിട്ടുള്ളതായി മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. ജോബിന്റെ പുസ്തകത്തില്‍ എലിഫാസിനോട് ദൈവമായ യാഹ്‌വെ പറയുന്നു: "എന്റെ ദാസനായ ജോബ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഞാന്‍ അവന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് നിങ്ങളുടെ ഭോഷത്തത്തിനു നിങ്ങളെ ശിക്ഷിക്കുകയില്ല"(ജോബ്: 42; 8).

യേഹ്ശുവാ പറയുന്നതു ശ്രദ്ധിക്കുക: "നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും"(യോഹ: 16; 23, 24).

എങ്ങനെയാണ് ദൈവഹിതം അറിയുക?
 
ദൈവത്തിന്റെ ഇഷ്ടം അറിയുവാന്‍ നമ്മള്‍ വചനം പഠിക്കുക എന്നതാണു ആദ്യമായി ചെയ്യേണ്ടത്. ദൈവത്തിന്റെ വചനത്തില്‍ അവിടുത്തെ ഇഷ്ടം പൂര്‍ണ്ണമായും വെളിപ്പെടുത്തിയിട്ടുണ്ട്. യാഹ്‌വെ അരുതെന്നു കല്പിച്ചിട്ടുള്ളവ നമുക്ക് വചനത്തിലൂടെ മനസ്സിലാക്കുവാന്‍ കഴിയും. അതിനെക്കുറിച്ച് ആലോചന ചോദിക്കുന്നതുതന്നെ ശരിയല്ല. ഉദാഹരണത്തിന്: പാപമാണെന്നു ദൈവം കല്പിച്ചിട്ടുള്ള ഒരുകാര്യം ചെയ്യരുത് എന്നു അതില്‍ത്തന്നെ വ്യക്തമാണ്. ദൈവം അനുവദിച്ചിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലാണു അവിടുത്തോട് ആലോചന ചോദിക്കേണ്ടത്.

ദൈവം, പൊതുവായി അനുവദിച്ചിട്ടുള്ള എല്ലാക്കാര്യങ്ങളും എല്ലാവര്‍ക്കും ഒരേപോലെ നന്മയാകണമെന്നില്ല. നാം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്നതാണു അവിടുത്തേക്കു കൂടുതല്‍ സന്തോഷം.
 
ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ഒരു പിതാവിനു നാലു പുത്രന്മാരുണ്ടെന്നിരിക്കട്ടെ, ഒന്നാമന്‍ എല്ലാ കാര്യങ്ങളും സ്വന്തം അഭിപ്രായം അനുസരിച്ച് നന്നായി ചെയ്യും. ഒരിക്കലും പോരായ്മകള്‍ വരുത്താറില്ല. രണ്ടാമന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണു ചെയ്യുന്നതെങ്കിലും പലപ്പോഴും പരാജയപ്പെടുന്നു. മൂന്നാമന്‍ കാര്യങ്ങള്‍ തീരുമാനിച്ചതിനു ശേഷം പിതാവിനോട് അഭിപ്രായം ചോദിക്കും. പിതാവ് അനുവദിച്ചാല്‍ മാത്രം ചെയ്യും. നാലാമന്‍ എല്ലാ കാര്യങ്ങളിലും പിതാവിനോട് ചോദിക്കും. എന്നാല്‍, പിതാവ് പറയുന്നതിനു വിപരീതമായി ചെയ്യും.

ഇവരില്‍ ആരെയായിരിക്കും പിതാവ് ഏറ്റവുമധികം സ്നേഹിക്കുക? തീര്‍ച്ചയായും മൂന്നാമനെയായിരിക്കും. ഒരുപക്ഷെ പിതാവ് പറഞ്ഞതനുസരിച്ചതുകൊണ്ട് എന്തെങ്കിലും പരാജയം സംഭവിച്ചാല്‍തന്നെ, അവനെ പിതാവ് സഹായിക്കുകയും ചെയ്യും. കാരണം, അവന്‍ പിതാവിന്റെ ഇഷ്ടം അനുസരിച്ചാണു പ്രവര്‍ത്തിച്ചത്. പിതാവ് കൂടി അറിഞ്ഞു സംഭവിച്ച നഷ്ടത്തില്‍ പിതാവും പങ്കുചേരും.

ദൈവത്തെ കൂട്ടുപിടിച്ച് നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ പോരായ്മകളുണ്ടായാല്‍, അവിടുന്നു നമ്മെ കൈവിടുകയില്ല. വിജയം വരിക്കുന്നതുവരെ നമ്മോടു കൂടെയുണ്ടാകും.

എന്നാല്‍, നാലാമന്‍ പിതാവിനോട് അഭിപ്രായം ചോദിച്ചുവെങ്കിലും; പിതാവിന്റെ ഇഷ്ടത്തിന് എതിരായി പ്രവര്‍ത്തിച്ചു. ഇതു അപമാനിക്കുന്നതിനു തുല്യമാണ്. അവന്റെ പരാജയം അവന്‍തന്നെ സഹിക്കേണ്ടി വരുന്നു.
ഇതാണ് യാഹ്‌വെയോട് ആലോചിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം. ദൈവത്തിന്റെ ഇഷ്ടം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന വ്യക്തികളോട് അവിടുത്തെ തീരുമാനങ്ങള്‍ മുന്‍കൂട്ടി വെളിപ്പെടുത്തി കൊടുക്കുകയും, അവിടുന്നു പ്രവര്‍ത്തിക്കാന്‍ പോകുന്ന കാര്യങ്ങളില്‍ അഭിപ്രായം തേടുകയും ചെയ്യും.

സോദോം ഗൊമോറ ദേശങ്ങള്‍ നശിപ്പിക്കുന്നതിനു മുന്‍പ് അബ്രാഹത്തോട് യാഹ്‌വെ ആലോചന ചോദിക്കുന്നതായി ബൈബിളില്‍ വായിക്കാം.(ഉല്‍പ്പത്തി: 18; 16-33)
 
യാഹ്‌വെ തീരുമാനങ്ങള്‍ മാറ്റും എന്നല്ല ഇതിനര്‍ത്ഥം; ആ ദേശത്ത് എത്ര നീതിമാന്മാരുണ്ടെന്ന്‍ അവിടുത്തേക്ക്‌ അറിയാം. എങ്കിലും, താന്‍ ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ തന്റെ നീതിമാന്മാരുമായി ചര്‍ച്ച ചെയ്യുന്ന ദൈവത്തെയാണ് നാം കാണുന്നത്. തന്റെ സമയം ഇനിയും ആയിട്ടില്ല എന്നുപറഞ്ഞിട്ടും, കന്യകാ മറിയത്തിന്റെ ആവശ്യപ്രകാരം അത്ഭുതം പ്രവര്‍ത്തിക്കുന്ന യേഹ്ശുവായെയും കാനായിലെ കല്യാണ വേളയില്‍ കാണുന്നുണ്ട്. സീറോ ഫിനീഷ്യന്‍ സ്ത്രീക്കു വേണ്ടിയും വ്യത്യസ്തമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതു കാണാം. 'യാക്കോബേ' എന്ന് വിളിച്ചുകൊണ്ട്, തന്റെ ജനമായ ഇസ്രായേലിനെ ഇങ്ങനെ അറിയിക്കുന്നു;
"നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു"(ഏശയ്യാ: 43; 4).

ദൈവത്തോട് ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുകയും അവിടുത്തെ ഇഷ്ടം ആരായുകയും ചെയ്യുന്നവനെ, ദൈവം ബഹുമാനിക്കും എന്നാണിവിടെ മനസ്സിലാക്കാന്‍  കഴിയുന്നത്. യേശുഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അപ്പസ്തോലന്മാരില്‍, യൂദാസിന്റെ പകരക്കാരനെ തിരഞ്ഞെടുക്കുന്നതു നറുക്കിട്ടാണ്(അപ്പ. പ്രവര്‍ത്തനങ്ങള്‍: 1; 25, 26). അപ്പസ്തോലന്മാര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കുറിയിട്ടാണു മത്തിയാസിനെ തിരഞ്ഞെടുക്കുന്നത്.

അതുകൊണ്ട് നമുക്കും എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്നവരും, അതനുസരിച്ചു പ്രവര്‍ത്തിക്കുന്നവരുമാകാം. അപ്പോള്‍ നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും പരിശുദ്ധാത്മാവ് നമ്മോടു കൂടെയുണ്ടായിരിക്കും.

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2705 views

LOG IN

Lost your password?

SIGN UP

LOST PASSWORD