കാലത്തിന്റെ അടയാളങ്ങള്‍

ബൈബിളില്‍ നാല്പതിന്റെ പ്രാധാന്യവും ഈ നൂറ്റാണ്ടും!

Print By
about

ബി. സി. പത്തൊമ്പതാം നൂറ്റാണ്ടിലാണ് അബ്രാഹത്തെ ദൈവം തിരഞ്ഞെടുക്കുന്നതെന്ന് ചരിത്രങ്ങളെ ആധാരമാക്കി പൊതുവെ വിശ്വസിക്കുന്നുണ്ട്. അതായത് നാം ജീവിക്കുന്ന ഈ കാലഘട്ടത്തിനു നാല്പതു നൂറ്റാണ്ടുകള്‍ക്കു മുന്‍പാണത്!

'നാല്പത്' എന്ന സംഖ്യക്ക് ബൈബിളില്‍ വളരെ പ്രാധാന്യമുള്ളതായി സൂക്ഷ്മമായ പരിശോധനയില്‍ മനസ്സിലാകും. ദൈവവചനം പലയാവര്‍ത്തി വായിച്ചിട്ടുള്ളവര്‍പോലും ഇത് ഗൌരവമായി എടുത്തിട്ടുണ്ടാകണമെന്നില്ല. എന്താണ് നാല്പതിലൂടെ ബൈബിള്‍ നല്‍കിയിരിക്കുന്ന വ്യക്തമായ അടയാളങ്ങള്‍ എന്ന്‍ ഈ ലേഖനത്തിന്റെ ഒടുക്കം വായനക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍ മനോവയുടെ ദൌത്യം വിജയം കണ്ടുവെന്ന്  അനുമാനിക്കാം! നൂറുകണക്കിനു വചനങ്ങളില്‍ നാല്പത് എന്ന സംഖ്യ കാണുന്നുണ്ടെങ്കിലും  ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി അതില്‍ ചിലത്  കുറിക്കുന്നു.

നോഹയുടെ കാലത്ത് ജലപ്രളയത്തിലൂടെ ഭൂമുഖത്തെ ദൈവം നശിപ്പിച്ചപ്പോള്‍ നാല്പത് ദിനരാത്രങ്ങള്‍ മഴപെയ്യുന്നതായി നാം വചനത്തില്‍ വായിക്കുന്നുണ്ട്(ഉല്‍പ: 7; 4). ഇസ്രായേലിന്റെ പിതാവായ ഇസഹാക്ക് വിവാഹിതനാകുന്നത് നാല്പതാമത്തെ വയസ്സിലായിരുന്നു(ഉല്‍പ: 25; 20). യാക്കോബിന്റെ സന്തതികളായ ഇസ്രയേല്‍ജനം 400 വര്‍ഷം ഈജിപ്തില്‍ അടിമകളായി ജീവിച്ചു. ഇതു നാല്പതിന്റെ പത്ത് ആവര്‍ത്തിയാണ്. അതായത്, നാല്പതു ദശാബ്ദമാണ് ഇസ്രായേല്‍ജനം അടിമകളായി ഈജിപ്തില്‍ കഴിഞ്ഞത്. ഇസ്രായേല്‍ ഈജിപ്തില്‍ 430 വര്‍ഷം പ്രവാസികളായിരുന്നുവെങ്കിലും ആദ്യകാലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണു കഴിഞ്ഞിരുന്നത്. അന്നൊന്നും അവര്‍ അടിമകളായിരുന്നില്ല; കാരണം, ജോസഫ് അവിടെ ഭരണാധികാരിയായിരുന്നുവല്ലോ! ജോസഫിനുശേഷം മാത്രമാണ് ഇസ്രായേല്‍ജനം പീഡിപ്പിക്കപ്പെട്ടിട്ടുള്ളു!

നാല്പതു സംവത്സരം മരുഭൂമിയിലൂടെ യാത്രചെയ്താണ് ഇസ്രായേല്‍ജനം വാഗ്ദത്ത നാട്ടില്‍ പ്രവേശിക്കുന്നത്. നാല്പതുവര്‍ഷം ഇസ്രായേല്‍ ജനം സ്വര്‍ഗ്ഗീയ 'മന്നാ' ഭക്ഷിച്ചു(പുറ: 16; 35). യാക്കോബിന്റെ മരണാനന്തരം ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ നാല്പതുദിവസം വേണ്ടിവന്നു(ഉല്‍പ: 50; 3). നാല്പതു രാവും നാല്പതു പകലും സീനായ്മലയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയതിനുശേഷമാണു യാഹ്‌വെയില്‍നിന്നു കല്പനകള്‍ മോശയ്ക്കു ലഭിക്കുന്നത്(പുറ: 24; 18). അതുപോലെതന്നെ രണ്ടാംവട്ടം കല്പനകള്‍ നല്‍കുമ്പോഴും ഇത് ആവര്‍ത്തിച്ചശേഷമാണ് ലഭിക്കുന്നത്(പുറ: 34; 28). വിശുദ്ധകൂടാരത്തിനു നാല്പതു പാദകുടങ്ങള്‍ വേണമെന്നാണു നിയമം(പുറ: 36; 24-27). ശിക്ഷിക്കപ്പെടുന്ന ഒരു വ്യക്തിക്കു 'ചാട്ടയടി' നല്‍കുമ്പോള്‍ അതു നാല്പതില്‍ കവിയരുതെന്നു നിയമമുണ്ട്(നിയമം: 25; 3). സംഭവബഹുലമായ പുറപ്പാട് ചരിത്രം കുറിക്കപ്പെട്ടിരിക്കുന്നത് നാല്പത് അധ്യായങ്ങളിലായിട്ടാണ് എന്നതും ശ്രദ്ധേയമാണ്!.

കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ നിയോഗിച്ച വ്യക്തികള്‍ നാല്പതു ദിവസമായിരുന്നു നിരീക്ഷണം നടത്തിയത്(സംഖ്യ: 13; 25). ഈ ദൌത്യത്തിന് 'കാലെബ്' നിയോഗിക്കപ്പെടുമ്പോള്‍ അവനു നാല്പതുവയസ്സു പ്രായമായിരുന്നു(ജോഷ്വാ: 14; 7). ഗിദെയോന്‍ ഇസ്രായേലിനു ന്യായാധിപനായിരുന്നപ്പോള്‍ ദേശത്ത് നാല്പതു വര്‍ഷം ശാന്തിയുണ്ടായി(ന്യായാ: 8; 28). സാംസണ്‍ ഇസ്രായേലില്‍ ന്യായാധിപനായി വരുന്നതിനുമുമ്പ് ഇസ്രായേല്‍ ജനം യാഹ്‌വെയുടെ മുമ്പില്‍ തിന്മചെയ്യുകയും അവിടുന്നവരെ നാല്പതു വര്‍ഷത്തേക്ക് ഫിലിസ്ത്യരുടെ കൈകളില്‍ ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു(ന്യായാ: 13; 1).

ഫിലിസ്ത്യനായ ഗോലിയാത്ത് നാല്പതു ദിവസം രാവിലെയും വൈകുന്നേരവും മുടങ്ങാതെ ഇസ്രായേല്‍ ജനത്തെ വെല്ലുവിളിച്ചു(1സാമു: 17; 16). ദാവീദിന്റെ ഇസ്രായേലിലെ വാഴ്ച്ച നാല്പതു വര്‍ഷമായിരുന്നു(2സാമു: 5; 5). ദാവീദിന്റെ പുത്രനായ സോളമനും ഇസ്രായേലില്‍ നാല്പതു വര്‍ഷം മഹത്തായ ഭരണം കാഴ്ചവച്ചു(1രാജാ: 11; 42),(2ദിന: 9; 30). ഏലിയാപ്രവാചകന് യാഹ്‌വെയുടെ ദൂതന്‍ നല്‍കിയ അപ്പവും വെള്ളവും കഴിച്ച് നാല്പതു രാവും നാല്പതു പകലും യാത്രചെയ്തു. ഹോറെബില്‍ എത്തുന്നതുവരെ അവന്‍ മറ്റൊന്നും കഴിച്ചില്ല(1രാജാ: 19; 8).

ആഹാസിന്റെ പുത്രനും ഏഴാമത്തെ വയസ്സില്‍ രാജഭരണം ഏറ്റെടുത്തവനുമായ യോവാഷ് 40 വര്‍ഷം ഇസ്രായേലില്‍ രാജാവായി ഭരിച്ചു(2 രാജാ: 12; 1). യാക്കോബ് മരിച്ചപ്പോള്‍ ആ മൃതശരീരത്തില്‍ പരിമളദ്രവ്യം പൂശാന്‍ നാല്പതു ദിവസമെടുത്തു(ഉല്‍പ്പ: 50; 3).

യേഹ്ശുവായുടെ രക്ഷാകര പരസ്യജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും നാല്പത് എന്ന സംഖ്യയുടെ പ്രാധാന്യം വെളിപ്പെടുത്തിക്കൊണ്ടാണ്. തന്നെപ്പോലെ ഒരുവനെ ദൈവം അയക്കുമെന്ന് മോശവാഗ്ദാനം ചെയ്തിരുന്നുവല്ലോ! സീനായ്മലയില്‍ നാല്പത് ദിനരാത്രങ്ങള്‍ മോശ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതുപോലെ യേഹ്ശുവായുടെ പരസ്യജീവിതം ആരംഭിക്കുന്നതു നാല്പതു രാവും നാല്പതു പകലും മരുഭൂമിയില്‍ ഉപവസിച്ചുകൊണ്ടായിരുന്നു(മത്താ: 4; 2). മോശ പ്രവചിച്ചത് യേഹ്ശുവായെ ആയിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണിത്; മുഹമ്മദു പറയുന്നതു നുണയാണെന്നതിന്റെ മറ്റൊരു തെളിവും! യേഹ്ശുവായുടെ ഉത്ഥാനത്തിനുശേഷം നാല്പതുനാള്‍ ശിഷ്യന്മാരോടൊത്ത് ജീവിച്ചു(അപ്പ. പ്രവ: 1; 3).

വെളിപാടു പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്ന ശിശുവിന്റെ അമ്മയെ മരുഭൂമിയില്‍ സംരക്ഷിക്കാന്‍ ദൈവമൊരു സ്ഥലമൊരുക്കുന്നതിനെ സൂചിപ്പിക്കുന്നുണ്ട്. അവിടെ അവളെ ആയിരത്തിയിരുന്നൂറ്റിയറുപത് ദിവസമാണു സംരക്ഷിക്കുന്നത്. അതായത് നാല്പതു മാസം!(വെളി: 12; 6 ). ഇനിയും നാല്‍പ്പതിനു വളരെ വലിയൊരു പ്രത്യേകതയുണ്ട്. ഒരു ശിശു ജനിക്കുന്നതുവരെ 40 ആഴ്ചകളാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിയുന്നത്!

യേഹ്ശുവായെ മരണത്തിനു വിധിക്കുന്നതുമുതല്‍ അവിടുത്തെ ഉത്ഥാനംവരെ ഏകദേശം 40 മണിക്കൂറായിരുന്നു എന്നതും മനസ്സിലാക്കിയിരിക്കേണ്ടതാണ്!

നാല്പതിന്റെ പ്രത്യേകത എഴുതി നിര്‍ത്തുന്നതിനുമുമ്പ് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് നാം ജീവിക്കുന്നത് അബ്രാഹത്തെ വിളിച്ചതുമുതല്‍ നാല്പതാം നൂറ്റാണ്ടിലാണ്! ബി. സി. പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നു അബ്രാഹത്തെ യാഹ്‌വെ തിരഞ്ഞെടുത്തത്. ഇന്നു നാം ജീവിക്കുന്നത് എ. ഡി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണെന്നു നമുക്കറിയാം. അബ്രാഹത്തെ തിരഞ്ഞെടുത്തതുമുതല്‍ ഈ കാലഘട്ടംവരെ നാല്പതു നൂറ്റാണ്ടുകളാണ് ഉള്ളത്. അതിനാല്‍തന്നെ ഈ നൂറ്റാണ്ടു ചിലതിനെല്ലാം സാക്ഷ്യം വഹിക്കും!

ക്രിസ്തീയതയുടെ നാല്പതാം ജൂബിലി!

ആറുവര്‍ഷം കഴിഞ്ഞ് ഏഴാമത്തെ വര്‍ഷം ഇസ്രായേലിനു സാബത്തുവര്‍ഷമായി യാഹ്‌വെ പ്രഖ്യാപിച്ചിട്ടുണ്ട്. വചനം ഇങ്ങനെ: "യാഹ്‌വെ സീനായ്മലയില്‍വച്ചു മോശയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍പോകുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ ആ ദേശം യാഹ്‌വെയ്ക്കൊരു സാബത്ത് ആചരിക്കണം. ആറുവര്‍ഷം നീ നിന്റെ നിലം വിതയ്ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയും ചെയ്യുക. എന്നാല്‍, ഏഴാംവര്‍ഷം ദേശത്തിനു വിശ്രമത്തിനുള്ള യാഹ്‌വെയുടെ സാബത്തായിരിക്കും"(ലേവ്യര്‍: 25; 1-4). ഇസ്രായേലിന് ഇതൊരു ചട്ടമായിരുന്നു. ഇത്തരത്തിലുള്ള ഏഴു സാബത്തുവര്‍ഷങ്ങള്‍ക്കുശേഷം പിന്നീടു വരുന്ന വര്‍ഷത്തെ ജൂബിലി വര്‍ഷമായി യാഹ്‌വെ പ്രഖ്യാപിച്ചു. അത് ഇപ്രകാരമാണ്; "വര്‍ഷങ്ങളുടെ ഏഴു സാബത്തുകള്‍ എണ്ണുക, ഏഴുപ്രാവശ്യം ഏഴു വര്‍ഷങ്ങള്‍. വര്‍ഷങ്ങളുടെ ഏഴു സാബത്തുകളുടെ ദൈര്‍ഘ്യം നാല്‍പത്തിയൊന്‍പതു വര്‍ഷങ്ങള്‍. ഏഴാം മാസം പത്താംദിവസം നിങ്ങള്‍ എല്ലായിടത്തും കാഹളം മുഴക്കണം. പാപപരിഹാരദിനമായ അന്ന് ദേശം മുഴുവന്‍ കാഹളം മുഴക്കണം. അന്‍പതാം വര്‍ഷത്തെ നീ വി ശുദ്ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും"(ലേവ്യര്‍: 25; 8-10).

ഓരോ അന്‍പതാമത്തെ വര്‍ഷവും ജൂബിലിയായി കൊണ്ടാടണമെന്നു യാഹ്‌വെ കല്പിച്ചിട്ടുണ്ട്. ഒരു ജൂബിലി മുതല്‍ അടുത്ത ജൂബിലി വരെ വര്‍ഷങ്ങളുടെ ഏഴു സാബത്തുകള്‍ ഉണ്ടായിരിക്കും. ക്രൈസ്തവസഭ ആദ്യമായി സമ്മേളിച്ചത് പന്തക്കുസ്താദിനത്തില്‍ ആയിരുന്നുവെന്ന് നമുക്കറിയാം. അത് A. D. 33-ല്‍ ആയിരുന്നു. അതായത്, ക്രിസ്ത്യാനികള്‍ ആദ്യമായി ആഘോഷിക്കേണ്ട ജൂബിലി A. D. 83-ല്‍ ആയിരുന്നു. അതാണ്‌ ക്രിസ്ത്യാനികളുടെ ഒന്നാമത്തെ ജൂബിലിവര്‍ഷം! ഈ ക്രമത്തില്‍, A. D. 133-ല്‍ രണ്ടാമത്തെയും, A. D. 183-ല്‍ മൂന്നാമത്തെയും ജൂബിലിവര്‍ഷമാണ്‌. 2033-ലാണ് അടുത്തതായി ക്രൈസ്തവര്‍ ആഘോഷിക്കുവാനിരിക്കുന്ന ജൂബിലിവര്‍ഷം! വരാനിരിക്കുന്ന ജൂബിലിയാണ് ക്രിസ്തീയതയുടെ നാല്പതാമത്തെ ജൂബിലി! കൃത്യമായിപ്പറഞ്ഞാല്‍, നമ്മുടെ നാല്പതാമത്തെ ജൂബിലി ആഘോഷിക്കാന്‍ ഇനി പത്തൊന്‍പതു വര്‍ഷങ്ങള്‍ മാത്രം!

അവന്‍ പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു!

യേഹ്ശുവാ മ്ശിഹായുടെ രണ്ടാംവരവിനായി ദൈവം നിശ്ചയിച്ചുറപ്പിച്ച നാള്‍ ഈ നാല്‍പ്പതാം നൂറ്റാണ്ടിലാണെന്ന് മനോവ പറഞ്ഞാല്‍ നിഷേധിക്കാന്‍ ഒരുപക്ഷെ ആളുകളുണ്ടായെക്കാം. എങ്കിലും ഈ നൂറ്റാണ്ട് ദൈവം പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു എന്നത് വര്‍ത്തമാനകാല സംഭവങ്ങളിലൂടെ നിരീക്ഷിച്ചറിയാന്‍ സാധിക്കും. ശാസ്ത്രീയമായ കണ്ടെത്തലുകളും ബൈബിളിലെ പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ്. സൂര്യന്റെ ആയുസ്സിനെ സംബന്ധിക്കുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളും അന്ത്യദിനത്തെക്കുറിച്ചുള്ള ബൈബിള്‍ വെളിപ്പെടുത്തലുകള്‍ക്ക് ബലം നല്‍കുന്നു.

നാല്പതാം നൂറ്റാണ്ടെന്നു മനോവ ഉദ്ദേശിക്കുന്നത് അബ്രാഹത്തിന്റെ തിരഞ്ഞെടുപ്പുമുതല്‍ ഈ കാലംവരെയുള്ള നൂറ്റാണ്ടുകളെയാണ്! ബി.സി. പത്തൊമ്പതുമുതല്‍ ഏ.ഡി. ഇരുപത്തൊന്നുവരെയുള്ള കാലഘട്ടം നാല്പതു നൂറ്റാണ്ടുകളാണെന്നു നാം കണ്ടു! നാല്പതുമായി ബന്ധപ്പെട്ട ബൈബിളിലെ സംഭവങ്ങളോ ഗര്‍ഭധാരണത്തിലെ നാല്പത് ആഴ്ചകളോ യാദൃശ്ചികമായ ഒന്നല്ല. മറിച്ച്, എല്ലാക്കാര്യത്തിനും കാലങ്ങളും സമയങ്ങളും നിശ്ചയിച്ചിട്ടുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്.

ലോകാന്ത്യത്തെക്കുറിച്ച് മുന്‍കാലങ്ങളില്‍ അനേകമാളുകള്‍ തെറ്റായ പ്രവചനങ്ങള്‍ നടത്തുകയും സംഭവിക്കാതിരിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഇത് വായിക്കുന്നവര്‍ പരിഹസിച്ചേക്കാം. എന്നാല്‍, മനോവ ഉദ്യമിക്കുന്നത് അന്ത്യദിനത്തെക്കുറിച്ചുള്ള പ്രവചനമല്ല; കാലത്തിന്റെ അടയാളങ്ങളെക്കുറിച്ചാണ്. ലോകാന്ത്യത്തെ സംബന്ധിച്ച് യേഹ്ശുവാ വെളിപ്പെടുത്തിയ കാര്യങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും.

യേഹ്ശുവായോട് അവിടുത്തെ ശിഷ്യന്മാര്‍ ഇങ്ങനെ ചോദിച്ചു: "ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്തെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!"(മത്താ:24;3). ഇവിടെ യുഗാന്തത്തിന്റെ അടയാളങ്ങള്‍ യേശു വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും അവസാനം പറയുന്ന കാര്യം വളരെ ശ്രദ്ധേയമാണ്. അവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു:"ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ"(മത്താ: 24; 36).

ദിവസമോ മണിക്കൂറോ ആര്‍ക്കും അറിയില്ലെന്ന് പറഞ്ഞാല്‍ ആ കാലഘട്ടം ആര്‍ക്കും അറിയില്ലെന്ന് അര്‍ത്ഥമില്ല. കാലത്തെക്കുറിച്ച് വ്യക്തമായ ധാരണ എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്ന് യേഹ്ശുവാ ആഗ്രഹിക്കുന്നുണ്ട്. കാരണം, കാലത്തിന്റെ അടയാളം മനസ്സിലാക്കാത്തവരെക്കുറിച്ച് അവിടുന്നു വേദനിക്കുന്നതായി വചനത്തിലൂടെ വ്യക്തമാകുന്നുണ്ട്.

ഭീകര ദുരിതങ്ങളെക്കുറിച്ചെല്ലാം അറിയിച്ചതിനുശേഷം യേഹ്ശുവാ ശിഷ്യന്മാരോട് പറഞ്ഞു:"അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍"(മത്താ: 24; 32, 33). യേഹ്ശുവാ വരുന്നതിനു മുന്നോടിയായി സംഭവിക്കേണ്ട സംഭവങ്ങളെക്കുറിച്ചാണ് മത്തായിയുടെ സുവിശേഷത്തിലെ ഇരുപത്തിനാലാം അദ്ധ്യായം വെളിപ്പെടുത്തുന്നത്. ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണെന്ന് യേഹ്ശുവാ പറയുന്നു. എന്നാല്‍, ദാനിയേല്‍ പ്രവാചകനിലൂടെ യാഹ്‌വെ ഇവ കൂടുതല്‍ വ്യക്തമായി മുന്‍പേ അറിയിച്ചിരുന്നു.

ആ ദിവസവും മണിക്കൂറും മുന്‍കൂട്ടി അറിയിക്കാതെ കണ്ണിമയ്ക്കുന്ന വേഗതയില്‍ യാഹ്‌വെ ഇറങ്ങിവരും! അവിടുന്ന്‍ പ്രഖ്യാപിക്കുന്നു: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല"(മത്താ: 24; 34, 35).

കാലത്തിന്റെ അടയാളങ്ങള്‍ വിശദ്ദീകരിക്കുമ്പോള്‍ യേഹ്ശുവാ ഉദ്ധരിക്കുന്ന പ്രവചനം തനിക്ക് നൂറ്റിയറുപതു വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ദാനിയേല്‍ പ്രവാചകന്റെ പ്രവചനമാണ്. പുതിയതായി എന്തെങ്കിലും പ്രവചനങ്ങള്‍ നടത്തുന്നതിനുപകരം മുന്‍കാല പ്രവാചകന്മാരെ ഉദ്ധരിക്കുകയാണ് യേഹ്ശുവാ ചെയ്തത്. ലോകാന്തവും അവിടുത്തെ രണ്ടാംവരവും മാത്രമല്ല, വരാനിരിക്കുന്ന എല്ലാക്കാര്യങ്ങളും പ്രവാചകന്മാരിലൂടെ യേഹ്ശുവാ മുന്‍കൂട്ടി അറിയിച്ചിരുന്നു. യേഹ്ശുവാ അറിയിച്ചുവെന്ന മനോവയുടെ പ്രയോഗം അബദ്ധത്തില്‍ വന്നുപോയതല്ല; വ്യക്തമായ ബോധ്യത്തോടെ എഴുതിയതാണ്.

ഇസ്രായേലിനെ അടയാളമാക്കിയിരിക്കുന്നു!

കാലത്തിന്റെ അടയാളം നിശ്ചയിക്കുവാന്‍ ഇസ്രായേലിനെ ദൈവം ഘടികാരമാക്കി നിര്‍ത്തിയിരിക്കുകയാണ്. മ്ശിഹായുടെ രണ്ടാംവരവിനുള്ള അടയാളമായി ഇസ്രായേലിനെ നോക്കി പഠിക്കുവാനാണ്‌ അവിടുന്ന് പറഞ്ഞത്. ശിഷ്യന്മാര്‍ യേഹ്ശുവായോട് അവിടുത്തെ രണ്ടാംവരവിന്റെ അടയാളം എന്തെന്നു ചോദിക്കുമ്പോള്‍ അവിടുന്ന് ചൂണ്ടിക്കാണിക്കുന്ന അത്തിമരം യഹൂദരാജ്യമാണെന്നു മനസ്സിലാകണമെങ്കില്‍ ജോയേല്‍ പ്രവചനം വായിക്കേണ്ടിയിരിക്കുന്നു.

അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍ എന്ന വചനഭാഗം നാം കണ്ടു. വാച്യാര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ അസ്വാഭാവികമായി അതിലൊന്നുമില്ലെങ്കിലും കാലത്തിന്റെ അടയാളം അതില്‍നിന്നു തിരിച്ചറിയാന്‍ കഴിയണമെന്ന ആഹ്വാനം ഈ വചനത്തിലുണ്ട്. ഇതുപോലൊരു അത്തിമരത്തെ ഇസ്രായേല്‍ രാജ്യത്തോട് ഉപമിക്കുന്നത് ജോയേല്‍ പ്രവചനത്തില്‍ ശ്രദ്ധിക്കുക: "അതിശക്തവും സംഖ്യാതീതവുമായ ഒരു ജനത എന്റെ ദേശത്തിനെതിരേ വന്നിരിക്കുന്നു. അതിന്റെ പല്ല് സിംഹത്തിന്റെതുപോലെയും ദംഷ്ട്രകള്‍ സിംഹിയുടെതുപോലെയുമാണ്. അത് എന്റെ മുന്തിരിചെടികളെ നശിപ്പിച്ചു. അത്തിവൃക്ഷങ്ങളെ ഒടിച്ചുതകര്‍ത്തു. അതിന്റെ തൊലിയുരിഞ്ഞ് ശാഖകള്‍ വെളുപ്പിച്ചു"(ജോയേല്‍: 1; 6, 7).

ഇസ്രായേലിനു ചുറ്റും ശത്രുക്കള്‍ പാളയമടിക്കുമ്പോള്‍ യാഹ്‌വെയുടെ ദിനം വരുമെന്നുള്ള പ്രവചനമാണിതെന്ന് പിന്നീടുള്ള വചനത്തില്‍ വ്യക്തമാകും. ഇതേ അദ്ധ്യായത്തിലെ പതിനഞ്ചാം വാക്യം ശ്രദ്ധിക്കുക: "യാഹ്‌വെയുടെ ദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ കഷ്ടം! സര്‍വ്വശക്തനില്‍നിന്നുള്ള സംഹാരമായി അതു വരുന്നു"(ജോയേല്‍: 1; 15). ഇസ്രായേലിനെതിരെ സകലരും ഒത്തുചേരുകയും അവരോടു യുദ്ധത്തിനൊരുങ്ങുകയും ചെയ്യുമ്പോഴാണ് യേഹ്ശുവാ സംഹാരശക്തിയായി ഒലിവുമലയില്‍ ഇറങ്ങുന്നതെന്ന് വചനം വ്യക്തമാക്കിയിരിക്കുകയാണ്. യേഹ്ശുവായുടെ വരവ് അറിയണമെങ്കില്‍ ഇസ്രായേലിലേക്കു നോക്കിയാല്‍ മാത്രം മതി. അവരുടെ ശത്രുക്കള്‍ പ്രബലരാകുകയും യുദ്ധത്തിനൊരുങ്ങുകയും ചെയ്യുമ്പോള്‍ അവിടുന്ന് പടിവാതില്‍ക്കല്‍ എത്തിയെന്നു ഗ്രഹിച്ചുകൊള്ളുക!

അതായത്, യേഹ്ശുവായുടെ വീണ്ടുംവരവ് അറിയിക്കാനുള്ള ഘടികാരമാണ് ഇസ്രായേല്‍! ഭൂമിശാസ്ത്രപരമായി, ഭൂമിയുടെ തലസ്ഥാനം! മൂന്നു ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനം! ദൈവം തിരഞ്ഞെടുത്ത അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും അവന്റെ സന്തതികള്‍ക്കുമായി നല്‍കപ്പെട്ട മണ്ണ്! അതിനാല്‍ ലോകാന്ത്യത്തെ അറിയാന്‍ ഇസ്രായേലിനെ സൂക്ഷിച്ചു വീക്ഷിക്കുകയും പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഇനി ഇസ്രായേലിന്റെ ചരിത്രം നമുക്കു പരിശോധിക്കാം. ജോയേല്‍ പ്രവാചകനും യേഹ്ശുവായും പറഞ്ഞത് ഒരേ അത്തിമരത്തെ തന്നെയാണോ എന്ന് അറിയണമെങ്കില്‍ ഇസ്രായേലിനെ അറിയുകതന്നെ വേണം. ലോകത്തില്‍ വരാനിരിക്കുന്ന എല്ലാക്കാര്യങ്ങളും ഇസ്രായേലിനെ അടിസ്ഥാനമാക്കി കണ്ടാല്‍ മാത്രമേ അത് സത്യമാകൂ. അതിന്റെ കാരണങ്ങളിലേക്ക് കടക്കേണ്ടത് ഇവിടെ അനിവാര്യമായിരിക്കുന്നു.

ഇസ്രായേല്‍ ലോകത്തിന്റെ കേന്ദ്രബിന്ദു!

യഹൂദരെക്കുറിച്ചും ഇസ്രായേലിനെ ക്കുറിച്ചും ചുരുക്കമായ അറിവ് മിക്കവര്‍ക്കും ഉണ്ടെങ്കിലും അവരുടെ ഇന്നുവരെയുള്ള ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും നാള്‍വഴികള്‍ പലര്‍ക്കും അറിയില്ല. ഉള്ള അറിവുകള്‍ തന്നെയും അറിയേണ്ടിടത്തുനിന്ന് ലഭിച്ചതല്ലാത്തതിനാല്‍ അവയെല്ലാം സത്യമായിരിക്കണം എന്നുമില്ല. പലസ്തീനികളെ പീഡിപ്പിക്കുന്ന നെറികെട്ട ഒരു വിഭാഗമായി അവരെ ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സംഘടിതരായ ഒരു മതവിഭാഗവും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും! ചുരുക്കത്തില്‍ ഈ വിഭാഗങ്ങളെല്ലാം 'ഇടതുപക്ഷം' ആണ്. ബൈബിളിനെ അടിസ്ഥാനമാക്കി മനസ്സിലാക്കുമ്പോള്‍ ഇടതുപക്ഷം എന്നാല്‍ തിന്മയുടെ പക്ഷം എന്നാണു! ഈ വിഷയം ഇവിടെ നില്‍ക്കട്ടെ; ഇസ്രായേലിലേക്ക് നമുക്കു തിരിച്ചുവരാം.

ഇസ്രായേലിനെ വ്യക്തമായി അറിയില്ലെങ്കില്‍ക്കൂടി മഹാഭൂരിപക്ഷവും ഇവരെ വെറുക്കുന്നു. വ്യക്തിപരമായി അവരില്‍നിന്ന് ഒരു തിന്മയും നേരിടേണ്ടി വന്നിട്ടില്ലാത്ത രാഷ്ട്രങ്ങളും ജനതയും എന്തിനാണ് അവരെ വെറുക്കുന്നതെന്ന് അറിയണമെങ്കില്‍ അവരുടെമേലുള്ള വാഗ്ദാനവും അവര്‍ക്കു പിന്നിലുള്ള ശക്തിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ബൈബിളിലെ ഓരോ വാക്കിനും രണ്ട് അര്‍ത്ഥങ്ങളുണ്ട്. അനേകം അര്‍ത്ഥങ്ങള്‍ വ്യാഖ്യാനിക്കുന്നവര്‍ ഭൂമിയില്‍ ഉണ്ടെന്നത് കാര്യമാക്കേണ്ടതില്ല. സ്വന്തം മഹത്വത്തിനുവേണ്ടിയും ഉദരശുശ്രൂഷയായും ബൈബിളിനെ ഉപയോഗിക്കുന്നവരാണ് ഇത്തരക്കാര്‍! ഒരുപക്ഷെ അജ്ഞതയും ഇതിനു നിമിത്തമായേക്കാം.

എന്നാല്‍, ബൈബിളിലെ വാക്കുകള്‍ക്കു വാച്യവും വ്യംഗ്യവുമായ രണ്ട് അര്‍ത്ഥങ്ങളാണുള്ളത്. വാച്യമായ അര്‍ത്ഥം ഇസ്രായേലിനെ സംബന്ധിച്ചും വ്യംഗ്യമായത് യേഹ്ശുവായെ സംബന്ധിച്ചും ആണെങ്കിലും ചിലവാക്യങ്ങള്‍ നേരേതിരിച്ചും ആകാം. "കാരണംകൂടാതെ എന്നെ എതിര്‍ക്കുന്നവര്‍ എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങിയവര്‍, നുണകൊണ്ട് എന്നെ ആക്രമിക്കുന്നവര്‍, പ്രബലരാണ്. ഞാന്‍ മോഷ്ടിക്കാത്തതു തിരിച്ചുകൊടുക്കാനാവുമോ?"(സങ്കീ: 69; 4). ഈ വചനം യേഹ്ശുവായെയും ഇസ്രായേലിനെയും ഒരുപോലെ സൂചിപ്പിക്കുന്നതാണ്. ഇന്ന്‍ ഇസ്രായേലിനെ ജനതകള്‍ വെറുക്കുന്നതും അന്ന് യേഹ്ശുവായെ യഹൂദര്‍ വെറുത്തതും ഈ വചനത്തിന്റെ പൂര്‍ത്തീകാരണമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, യേഹ്ശുവായോടു യഹൂദര്‍ പ്രവര്‍ത്തിച്ച ക്രൂരത അവരുടെമേല്‍ പ്രതികാരമായി കടന്നുവന്നു എന്ന് കരുതാം.

ഈ ഭൂമുഖത്ത് യഹൂദരോളം സംഭാവനകള്‍ നല്‍കിയിട്ടുള്ള വേറൊരു ജനതയുമില്ല എന്നതാണു വസ്തുത! അവരോളം പീഡിപ്പിക്കപ്പെട്ടവരും വേറെയില്ല. ഇവര്‍ കണ്ടുപിടിച്ച എന്തിന്റെയെങ്കിലും ഗുണമനുഭവിക്കാത്ത ആരുംതന്നെ ഈ ഭൂമിയില്‍ ഉണ്ടാവില്ല എന്ന് പറയുമ്പോള്‍ 'പോളിയോ വാക്സിനെ' മാത്രം പരിഗണിച്ചാല്‍ മതിയാകും.

ലോകം മുഴുവനിലുമായി ഒന്നരക്കോടി അംഗങ്ങള്‍ മാത്രമുള്ള ഈ ജനതയോടുള്ള വെറുപ്പ്‌ ഭയത്തില്‍നിന്ന് ഉടലെടുത്തതാണെന്ന് പറഞ്ഞാലും തെറ്റാകില്ല. കൃത്യമായി പറഞ്ഞാല്‍, ഒരുകോടി 30 ലക്ഷം യഹൂദര്‍ മാത്രമേ ഈ ഭൂമുഖത്ത് ഇന്നു ജീവിച്ചിരിപ്പുള്ളൂ. അവരില്‍ വെറും 55 ലക്ഷം മാത്രമാണ് മാതൃരാജ്യമായ ഇസ്രായേലില്‍ വസിക്കുന്നത്.

കാരണം കൂടാതെയാണ് ഇവരെ വെറുക്കുന്നത് എന്നുപറയുന്നതില്‍ അതിശയോക്തി പരമായി ഒന്നുമില്ല. ലോകത്തെ മുഴുവന്‍ കമ്യൂണിസ്റ്റുകള്‍ക്കും ഇവര്‍ വെറുക്കപ്പെട്ടവരായത് എങ്ങനെയാണ്? സ്റ്റാലിന്‍ എന്ന നരഭോജിയുടെ കാലത്ത് കൊച്ചുകുട്ടികളെയും സ്ത്രീകളെയുമടക്കം ലക്ഷക്കണക്കിന്‌ യഹൂദരെ റഷ്യയുടെ മണ്ണില്‍ കൊന്നൊടുക്കി. ഒരു കമ്യൂണിസ്റ്റുകാരെയും യഹൂദര്‍ കൊന്നതായി ചരിത്രമില്ല. ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ കൊന്നുതള്ളിയത് അറുപതു ലക്ഷം യഹൂദരെയായിരുന്നു. ജര്‍മ്മന്‍കാരെ ആരെയും യഹൂദര്‍ കൊന്നതായും കേട്ടിട്ടില്ല. 130 കോടി ഇസ്ലാം മതക്കാര്‍ ഒറ്റസ്വരത്തില്‍ ഇവര്‍ക്കെതിരെ ആക്രോശിക്കുമ്പോള്‍ 100 മുസ്ലിമിന് ഒരു യഹൂദന്‍ മാത്രമാണ് ഈ ഭൂമിയില്‍ ഉള്ളതെന്ന് തിരിച്ചറിയണം!

ഇസ്രായേലിനെ നോക്കി ലോകാന്ത്യത്തെ അറിയുമ്പോള്‍ ആദ്യമായി അവര്‍ ആരാണെന്നും അവരുടെ തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നെന്നും മനസ്സിലാക്കണം. അതിനാല്‍, അബ്രാഹം മുതലുള്ള ചരിത്രത്തെ ഭാഗീകമായി അനാവരണം ചെയ്യുകയാണിവിടെ!

അബ്രാഹത്തെ വിളിക്കുന്നു!

സത്യദൈവത്തെ ആരാധിക്കുന്ന ഒരുവനെ ദൈവം കണ്ടു; അവന്റെ പേര് 'അബ്രാം' എന്നായിരുന്നു. അവനെ ദൈവം തന്റെ വാഗ്ദാനങ്ങള്‍ വഹിക്കാനായി തിരഞ്ഞെടുക്കുകയും 'അബ്രാഹം' എന്നു പുനഃനാമകരണം ചെയ്യുകയുമുണ്ടായി. അവന്‍ ദൈവസന്നിധിയില്‍ വിശ്വസ്തനായിരുന്നതിനാല്‍, ദൈവം അവനു നിലനില്‍ക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി. അവനു മാത്രമല്ല അവന്റെ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന സന്തതികള്‍ക്ക് എന്നേക്കുമായി നല്‍കിയ വാഗ്ദാനങ്ങളായിരുന്നു അത്. ദൈവമായ യാഹ്‌വെ അബ്രാമിനോട് അരുളിച്ചെയ്തു: "നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും"(ഉല്‍പ: 12; 2, 3).

അബ്രാഹത്തിനു ദൈവം നല്‍കിയ അനുഗ്രഹത്തിന്റെ വാഗ്ദാനമായിരുന്നു ഇതെങ്കിലും, അവനില്‍ അവസാനിക്കുന്നതായിരുന്നില്ല വാഗ്ദാനമെന്ന് വചനം വ്യക്തമാക്കുന്നുണ്ട്. അബ്രാഹത്തിലൂടെ ഭൂമുഖത്തെ മുഴുവന്‍ അനുഗ്രഹിക്കാന്‍ ആഗ്രഹിച്ചുകൊണ്ടാണ് ഈ വാഗ്ദാനം നല്‍കുന്നതെന്നു മനസ്സിലാക്കാന്‍ കഴിയും. അതിനുവേണ്ടതായ കാര്യം അബ്രാഹത്തിന്റെ വിശ്വാസം സ്വീകരിക്കുക എന്നതു മാത്രമാണ്. അബ്രാഹം ജീവിച്ചിരുന്ന കാലത്ത് അനേകം ജനതകള്‍ വേറെയുമുണ്ടായിരുന്നു. അവരെല്ലാം അവരുടേതായ ദൈവങ്ങളെ ആരാധിക്കുകയും ചെയ്തിരുന്നു. അതൊന്നു യഥാര്‍ത്ഥത്തില്‍ സത്യദൈവമായിരുന്നില്ല. സത്യദൈവമായ യഹോവയെ ആരാധിച്ച അബ്രാമിനെയാണ് തിരഞ്ഞെടുത്ത് വാഗ്ദാനം ഭരമേല്പിച്ചത്.

അബ്രാഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന എല്ലാവരും അനുഗ്രുഹീതരാകും എന്നതിന്റെ വലിയ തെളിവാണ് ലോത്ത്! അവന്‍ അബ്രാഹത്തോടൊപ്പം ആയിരുന്ന നാളുകളില്‍ അനുഗ്രഹിക്കപ്പെട്ടു. അബ്രാഹത്തില്‍നിന്നു വിട്ടുനിന്ന കാലത്ത് അവന്റെ ദേശവാസികള്‍ നിമിത്തം ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നു. 'സോദോം ഗൊമോറാ' ദേശങ്ങള്‍ അബ്രാഹം ലോത്തിനു നല്‍കിയതായിരുന്നു. അബ്രാഹത്തിന്റെ സാന്നിധ്യം ഇല്ലാതിരുന്ന നാളുകളില്‍ ആ ദേശം സാത്താന്റെ അധീനതയിലായി.

'സോദോം- ഗൊമോറ' നശിപ്പിച്ചുവെങ്കിലും അബ്രാഹത്തിന്റെ ദൈവത്തെ വിശ്വസിച്ചിരുന്ന ലോത്തിനെയും കുടുംബത്തെയും രക്ഷിക്കാന്‍ ദൈവം തയ്യാറായി.അബ്രാഹം ചെന്നെത്തിയ ദേശങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കുന്നതും അബ്രാഹത്തിനോട് എതിരിട്ട ദേശങ്ങളെ തകര്‍ത്തുകളയുന്നതും ഉല്‍പത്തി പുസ്തകത്തില്‍ വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. നിന്നെ അനുഗ്രഹിക്കുന്നവനെ ഞാന്‍ അനുഗ്രഹിക്കുമെന്നും ശപിക്കുന്നവനെ ശപിക്കുമെന്നുമുള്ള വാഗ്ദാനത്തിന്റെ നിറവേറലാണ് ഇതിലൂടെയെല്ലാം കാണുന്നത്.

നിന്നെ അനുഗ്രഹിക്കുന്നവന്‍ അഹുഗൃഹീതന്‍; നിന്നെ ശപിക്കുന്നവന്‍ ശപ്തന്‍!

അബ്രാഹത്തിനും അവന്റെ സന്തതികള്‍ക്കുമായി ദൈവമായ യാഹ്‌വെ കൊടുത്ത അനുഗ്രഹമായിരുന്നു ഇത്. ഉല്‍പത്തി പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായത്തിലെ മൂന്നാം വാക്യമാണ് ഇതിന് ആധാരം! അബ്രാഹത്തില്‍നിന്ന് ഇത് കൈമാറപ്പെട്ടത് ആരിലേക്കാണെന്നും എങ്ങനെയായിരുന്നു അതെന്നും വചനത്തില്‍ വ്യക്തമായിക്കാണാം. അബ്രാഹത്തിന് എട്ടു മക്കളുണ്ടായിരുന്നുവെങ്കിലും അവനെ ദൈവം വിളിക്കുമ്പോള്‍ സന്തതികളൊന്നും ഉണ്ടായിരുന്നില്ല. എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ ദൈവം അവനെ വിളിച്ച് ഹാരാന്‍ ദേശത്തുനിന്ന് കാനാനിലേക്ക് അയച്ചു. സന്തതികളില്ലാത്ത അബ്രാമിനോട് യാഹ്‌വെ പറഞ്ഞു: "ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും"(ഉല്‍പ: 15; 5).

അബ്രാം ദൈവത്തില്‍ വിശ്വസിക്കുകയും അത് അവനു നീതിയായി പരിണമിക്കുകയും ചെയ്തു. യാഹ്‌വെ വാഗ്ദാനം നല്‍കുമ്പോള്‍ വന്ധ്യയായ 'സാറായി' അവനു ഭാര്യയായുണ്ടായിരുന്നു. അവളില്‍നിന്നുതന്നെ സ്വാഭാവികമായും അവനു സന്തതിയെ നല്‍കാന്‍ ദൈവത്തിനു കഴിയും. എന്നാല്‍, സാറായി തന്റെ വന്ധ്യത്വത്തെപ്രതി അവളുടെ ദാസിയായ ഹാഗാറിനെ അബ്രാമിനു ഭാര്യയായി നല്‍കി. വചനത്തില്‍ ഇങ്ങനെയാണു കാണുന്നത്; "സാറായി അബ്രാമിനോടു പറഞ്ഞു: മക്കളുണ്ടാവാന്‍ ദൈവം എനിക്കു വരം തന്നിട്ടില്ല. നിങ്ങള്‍ എന്റെ ദാസിയെ പ്രാപിക്കുക. ഒരു പക്ഷേ അവള്‍ മൂലം എനിക്കു കുഞ്ഞുങ്ങളുണ്ടായേക്കാം"(ഉല്‍പ: 16; 2). കാനാനില്‍ താമസമാക്കിയതിനുശേഷം പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണിത്. അതായത് ദൈവം വാഗ്ദാനം നല്‍കിയതിന്റെ പത്താം വര്‍ഷം!

അങ്ങനെ ഹാഗാര്‍ 'എന്ന ഈജിപ്തുകാരി അടിമയില്‍നിന്ന് അബ്രാഹത്തിനു സന്തതിയെ ലഭിച്ചു. ഇത് ദൈവഹിതത്തെ മറികടന്നുള്ള മാനുഷീക തീരുമാനമായിരുന്നു. ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ നല്‍കാന്‍ കഴിവുള്ളവനാണ് അവിടുന്ന്. സാറാ വന്ധ്യയാണെന്നും പ്രായം കഴിഞ്ഞവള്ളാണെന്നും ആരേക്കാളും നന്നായി അറിയാവുന്ന യാഹ്‌വെയാണ് വാഗ്ദാനം നല്‍കിയിരുന്നത്. അബ്രാഹത്തിനു അടിമപ്പെണ്ണില്‍ ജനിച്ച ഇസ്മായേലിനെയാണോ യഥാര്‍ത്ഥത്തില്‍ ദൈവം വാഗ്ദാനം ചെയ്തതെന്ന് അറിയാന്‍ വാഗ്ദാനപുത്രനെക്കുറിച്ച് അവിടുന്ന് വെളിപ്പെടുത്തിയ അടയാളങ്ങള്‍ നോക്കിയാല്‍ മതി. അബ്രാമിനു സന്തതിയെ വാഗ്ദാനം ചെയുമ്പോള്‍ ദൈവം ഇങ്ങനെയൊരു അടയാളവും നല്‍കി: "നീ ഇതറിഞ്ഞുകൊള്ളുക. നിന്‍റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും"(ഉല്‍പ: 15; 13, 14).

ദൈവത്തിന്റെ സ്വരം ശ്രവിക്കാതെ സാറായി പ്രവര്‍ത്തിച്ചപ്പോള്‍ അവളുടെ ആഗ്രഹത്തിനു വിപരീതമായാണ് സംഭവിച്ചത്. തനിക്കു ലഭിക്കുമെന്നു കരുതിയ കുഞ്ഞു പിറക്കുന്നതിനുമുന്‍പേ ഹാഗാര്‍ സാറായിയോട് നിന്ദയോടെ പെരുമാറാന്‍ തുടങ്ങി. സാറായിയുടെ തിരിച്ചുള്ള ക്രൂരതയെ താങ്ങനാവാതെ ഹാഗാര്‍ വീടുവിട്ടു പോയി. അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് നീതിമാനായ അബ്രാമിന്റെ സന്തതിയായതിനാല്‍ ദൈവം തന്റെ ദാസനെപ്രതി അവളോടു കരുണകാണിച്ചു. "യാഹ്‌വെയുടെ ദൂതന്‍ അവളോടു പറഞ്ഞു: നീ യജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി അവള്‍ക്കു കീഴ്പ്പെട്ടിരിക്കുക. ദൂതന്‍ തുടര്‍ന്നു: എണ്ണിയാല്‍ തീരത്തവണ്ണം അത്രയധികമായി നിന്റെ സന്തതിയെ ഞാന്‍ വര്‍ദ്ധിപ്പിക്കും. നീ ഗര്‍ഭിണിയാണല്ലോ. നീ ഒരു ആണ്‍കുട്ടിയെ പ്രസവിക്കും അവനു നീ ഇസ്മായേല്‍ എന്നു പേരിടണം. കാരണം, യാഹ്‌വെ നിന്റെ രോദനം ചെവിക്കൊണ്ടിരിക്കുന്നു. അവന്‍ കാട്ടുകഴുതയ്ക്കൊത്ത മനുഷ്യനായിരിക്കും. അവന്റെ കൈ എല്ലാവര്‍ക്കുമെതിരായും എല്ലാവരുടെയും കൈ അവനെതിരായും ഉയരും. അവന്‍ തന്റെ സഹോദരങ്ങള്‍ക്കെതിരായി വര്‍ത്തിക്കുകയും ചെയ്യും"(ഉല്‍പ: 16; 9-12).

അബ്രാമിനു തൊണ്ണൂറു വയസ്സായപ്പോള്‍ യാഹ്‌വെ വീണ്ടും അവന്റെയരുകില്‍ വന്നു. അപ്പോഴേക്കും ഇസ്മായേല്‍ ജനിച്ചിരുന്നു. ദൈവത്തിന്റെ ഉന്നതമായ ഉടമ്പടി അബ്രാമുമായി ഉറപ്പിച്ചുകൊണ്ട് അവന്റെ പേര്, അബ്രാഹം എന്നു പുനഃനാമകരണം ചെയ്തു. " ദൈവം അവനോട് അരുളിച്ചെയ്തു: ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും. ഇനിമേല്‍ നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല. നിന്റെ പേര് അബ്രാഹം എന്നായിരിക്കും. ഞാന്‍ നിന്നെ അനവധി ജനതകളുടെ പിതാവാക്കിയിരിക്കുന്നു. നീ സന്താനപുഷ്ടിയുള്ളവനാകും. നിന്നില്‍നിന്നു ജനതകള്‍ പുറപ്പെടും. രാജാക്കന്മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും സന്തതികള്‍ക്കും ദൈവമായിരിക്കും.നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കുകയും ചെയ്യും"(ഉല്‍പ: 17; 4-8).

അബ്രാഹത്തിനും സന്തതികള്‍ക്കുമായി ദൈവം നല്‍കിയ ഈ വാഗ്ദാനത്തില്‍ യഹൂദരല്ലാത്തവരും മറ്റു  ജനതകളില്‍പ്പെടുന്നവരുമായ നമുക്കെന്തു കാര്യമെന്നു വായനക്കാര്‍ ചിന്തിച്ചേക്കാം. എന്നാല്‍, ഈ വാഗ്ദാനത്തില്‍ ഒളിഞ്ഞിരിക്കുന്ന അനുഗ്രഹം പ്രാപിക്കാന്‍ ലോകത്തെ എല്ലാ ജനതകള്‍ക്കും സാധിക്കും. മുന്‍പ് പ്രസ്താവിച്ച വാഗ്ദാനവചനങ്ങളില്‍തന്നെ ഈ അനുഗ്രഹവും ഒളിഞ്ഞിരിക്കുന്നു. ദൈവം അബ്രാഹത്തോടു പറഞ്ഞു: നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകുമെന്ന വചനത്തിലൂടെ ഈ വാഗ്ദാനത്തെ വിശാലമാക്കിയിരിക്കുകയാണ്.അതേ വചനത്തില്‍തന്നെ മറ്റൊരു കാര്യവും ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതനെന്നും ശപിക്കുന്നവന്‍ ശപ്തനെന്നും പറഞ്ഞിരിക്കുന്നതിലൂടെ ഏതും തിരഞ്ഞെടുക്കാന്‍ നമുക്കു മുന്നില്‍ ദൈവം അവസരം വച്ചിരിക്കുന്നു. അബ്രാഹത്തോടൊപ്പം അനുഗ്രഹം പ്രാപിക്കാനും അവനെ എതിര്‍ത്തുകൊണ്ട് ശാപം ഏറ്റുവാങ്ങനുമുള്ള സാധ്യതകള്‍ നമ്മുടെ മുന്‍പിലുണ്ട്.

അബ്രാഹത്തിന്റെ അനുഗ്രഹത്തില്‍ പങ്കാളികളാകുന്നവരുടെ ദൈവം എക്കാലവും അവന്റെ ദൈവം തന്നെയായിരിക്കണം! ആ ദൈവത്തില്‍നിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ സേവിച്ചാല്‍ സന്തതിയാണെങ്കില്‍പ്പോലും വാഗ്ദാനത്തില്‍നിന്നു പുറത്തുപോകുമെന്ന് ഇസ്മായേല്‍ നമ്മുടെ മുന്നില്‍ ദൃഷ്ടാന്തമായുണ്ട്.

അബ്രാഹത്തിന്റെ സന്തതിപരമ്പരയില്‍ ആയിരുന്നിട്ടും അനുഗ്രഹത്തില്‍നിന്ന് പുറന്തള്ളപ്പെട്ടവരെ മനസ്സിലാക്കിയാല്‍ ഇസ്രായേലിന്റെ പ്രാധാന്യം ഗ്രഹിക്കാന്‍ കഴിയും. അത് അടുത്ത ലേഖനത്തില്‍ വായിക്കാം. നമ്മള്‍ ഈ ലേഖനം ആരംഭിച്ചത് നാല്‍പ്പത് എന്ന സംഖ്യക്ക് ബൈബിളിലുള്ള പ്രാധാന്യത്തെ ആസ്പദമാക്കിയാണ്. ഈ ലേഖന പരമ്പര അവസാനിക്കുമ്പോള്‍ ഇതിന്റെ ഗൌരവം വ്യക്തമാകും.
തുടരും.....

ഈ ലേഖനത്തിന്റെ തുടര്‍ച്ച, 'അനുഗൃഹത്തില്‍നിന്നു തിരസ്ക്കരിക്കപ്പെട്ട ഇസ്മായേലും ഏസാവും!'

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5981 views

LOG IN

Lost your password?

SIGN UP

LOST PASSWORD