വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

'സീസര്‍' ഇപ്പോള്‍ 'ഹാപ്പി'യാണ്!

Print By
about

10 - 09 - 2011

സീസര്‍ ഇന്നു വളരെ സന്തുഷ്ടനാണ്! ബൈബിളിലെ വചനത്തെ ഓര്‍ത്തല്ല അവന്റെ സന്തോഷം; മറിച്ച്, ഈ വചനം ദൈവമക്കള്‍ ശരിയായി മനസ്സിലാക്കാത്തതിലാണ്! "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക"(മത്താ: 22; 21). ബൈബിളിലെ പ്രസിദ്ധമായ വചനമാണിത്. എന്നാല്‍, ഈ വചനത്തെ വ്യക്തമായി മനസ്സിലാക്കിയിട്ടുള്ളവര്‍ വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ സീസറിന് അര്‍ഹതയില്ലാത്തതുകൂടി അവന്റെ ഭണ്ഡാരത്തില്‍ എത്തുന്നു!

ചില ബുദ്ധിമാന്മാര്‍ സീസറിനുള്ളത് അവനുകൊടുത്തശേഷം ദൈവത്തിനുള്ളതു കൊടുക്കേണ്ട കാര്യത്തില്‍ യുക്തി പ്രയോഗിക്കുന്നതായി കാണാം. സര്‍വ്വസമ്പന്നനായ ദൈവത്തിന് എന്റെ 'നക്കാപ്പിച്ച'യുടെ ആവശ്യമുണ്ടോ എന്ന ചോദ്യവുമായി അവിടുത്തെ വിഹിതം സ്വന്തം ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നു! ദശാംശം യാഹ്‌വെയ്ക്കു നല്‍കുന്ന കാര്യത്തില്‍ മിക്കവരും അലംഭാവം കാണിക്കുന്നു എന്നതാണ്  യാഥാര്‍ത്ഥ്യം. ശിക്ഷിക്കപ്പെടുമെന്ന ഭയംകൊണ്ടാകാം, പൂര്‍ണ്ണമനസ്സോടെ അല്ലെങ്കില്‍പ്പോലും സീസറിനുള്ളത് നല്‍കാന്‍ സകലരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍, ഒരുകാര്യം ഇവര്‍ തിരിച്ചറിയാതിരിക്കുകയോ അല്ലെങ്കില്‍ അവഗണിക്കുകയോ ചെയ്യുന്നു. ''ദശാംശം മുഴുവന്‍ കലവറയിലേക്ക് കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ''(മലാക്ഖി: 3; 10).

ഇത് ദൈവമായ യാഹ്‌വെ മോശവഴി അറിയിച്ച നിയമാണെന്ന് പലരും വിസ്മരിക്കുന്നു. "വര്‍ഷംതോറും നിന്റെ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വയ്ക്കണം"(നിയമം: 14; 22). ഈ ദശാംശം ആര്‍ക്കുള്ളതാണെന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്: "നിന്റെ പട്ടണത്തില്‍ താമസിക്കുന്ന, നിനക്കുള്ളതുപോലെ ഓഹരിയും അവകാശവുമില്ലാത്ത, ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്ന് അവ ഭക്ഷിച്ചു തൃപ്തിയടയട്ടെ. അപ്പോള്‍ നിന്റെ ദൈവമായ യാഹ്‌വെ എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും"(നിയമം: 14; 29). ദൈവം ഒരു നിയമം നല്‍കുമ്പോള്‍ അതോടൊപ്പം വാഗ്ദാനവും ചേര്‍ത്തുവച്ചിട്ടുണ്ട്. നിയമം അനുസരിക്കുന്നവര്‍ക്ക് അതില്‍ നല്‍കപ്പെട്ടിരിക്കുന്ന വാഗദാനത്തിനും അര്‍ഹതയുണ്ടായിരിക്കും!

ഇതാണ്  യാഹ്‌വെ വിഭാവനംചെയ്തു നടപ്പാക്കിയ സോഷ്യലിസം! ആദിമ ക്രൈസ്തവസമൂഹം ഈ സോഷ്യലിസത്തെ സൂക്ഷ്മതയോടെ നടപ്പാക്കിയിരുന്നുവെന്ന് ബൈബിളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. തങ്ങളുടേതൊന്നും സ്വന്തമായി കരുതാതെ സഭയുടെ പൊതുസ്വത്തായി പരിഗണിക്കുന്ന കണിശമായ സോഷ്യലിസമായിരുന്നു ആദിമ ക്രൈസ്തവസഭയുടേത്! അതുമൂലം ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ക്രൈസ്തവരുടെയിടയില്‍ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വചനം നല്‍കുന്ന തെളിവ് ശ്രദ്ധിക്കുക: "അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലന്മാരുടെ കാല്ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു"(അപ്പ. പ്രവ: 4; 34). ഇത് കര്‍ശനമായ നിയമമായിരുന്നില്ല; വിശ്വാസികള്‍ സ്വയം പ്രേരിതമായി ചെയ്ത പ്രവര്‍ത്തിയായിരുന്നുവെന്നത് പിന്നീടുള്ള വചനഭാഗത്ത് കാണാം. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും നല്‍കിയില്ലെങ്കിലും നിയമം അനുശാസിക്കുന്ന ദശാംശം (പത്തിലൊന്ന്) നല്‍കാന്‍ തയ്യാറാവുകയും അത് ശരിയായ വിധത്തില്‍ സഭാനേതൃത്വം വിനിയോഗിക്കുകയും ചെയ്‌താല്‍, സഭാമക്കളില്‍നിന്ന് ദാരിദ്ര്യം ഉന്മൂലനം ചെയ്യപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം!

പങ്കുവയ്ക്കാന്‍ തയ്യാറാകുന്ന ആര്‍ക്കും അതുമൂലം എന്തെങ്കിലും നഷ്ടം സംഭവിച്ചതായി ചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ല. ഇത് വചനം നല്‍കുന്ന വാഗ്ദാനം മാത്രമല്ല; അനുഭവവും അതുതന്നെയാണ് തെളിയിക്കുന്നത്. എന്നാല്‍, ദശാംശം പിടിച്ചുവച്ച ആര്‍ക്കും അതു നേട്ടമായിട്ടില്ല എന്നതും വസ്തുതയാണ്!

കൊടുക്കുന്നവന് സമൃദ്ധമായി തിരികെ നല്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു: ''ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വെട്ടുക്കിളികളെ ശാസിക്കും. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. നിങ്ങളുടെ വയലുകളിലെ മുന്തിരിച്ചെടികള്‍ ഫലശൂന്യമാവുകയില്ല''(മലാക്ഖി: 3; 11). ദശാംശം നല്കുന്നവരുടെ ജീവിതത്തെ ദൈവം കൃപയാല്‍ നിറയ്ക്കുമെന്നാണ് വാഗ്ദാനം. ''സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അനുഗൃഹീതര്‍ എന്ന് ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്റെ ദേശമാകും. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു''(മലാക്ഖി:3;12). സൈന്യങ്ങളുടെ യാഹ്‌വെ എന്ന് രണ്ടുപ്രാവശ്യം ആവര്‍ത്തിക്കുന്നു. എന്താണതിന്റെ അര്‍ത്ഥം? യോദ്ധാവായ ദൈവം നിനക്കുവേണ്ടി പോരാടും, വിജയം നല്കും. നിന്റെ കുടുംബത്തെ, കുഞ്ഞുങ്ങളെ, ജീവിതമേഖലകളെ അനുഗ്രഹിക്കും. അവിടുന്ന് തന്റെ അദൃശ്യരായ ധീരപടയാളികളെ നിന്റെ രക്ഷയ്ക്കായി നിയോഗിക്കും. ദൈവത്തിന് നല്കിയ നീ ഒരിക്കലും പരാജിതനായി, ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരികയില്ല.

നമ്മുടെ സാമ്പത്തികമേഖലകളിലും ആരോഗ്യമേഖലകളിലും കടന്നുവരുന്ന തകര്‍ച്ചകളുടെ കാരണം, ഒരുപക്ഷെ ദശാംശത്തില്‍ നാം കാണിച്ച അലംഭാവമായിരിക്കാം!

ദശാംശം എന്നത് പഴയനിയമ കാലത്ത് മാത്രമുണ്ടായിരുന്ന നിയമമാണെന്നും സുവിശേഷകാലത്ത് ഇത് പരിഗണിക്കേണ്ടതില്ലെന്നും വാദിക്കുന്ന ചിലരുണ്ട്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ബൈബിളിനെ വ്യാഖ്യാനിക്കുന്നവരോ ബൈബിള്‍ വായിച്ചിട്ടില്ലാത്തവരോ ആണ് ഈ പ്രചരണങ്ങള്‍ക്കു പിന്നിലുള്ളത്. നിയമങ്ങളൊന്നും മാറ്റിമറിക്കാനല്ല താന്‍ വന്നിരിക്കുന്നതെന്ന യേഹ്ശുവായുടെ ഒരേയൊരു വചനത്തില്‍ ദശാംശത്തിന്റെ പ്രാധാന്യവും ഉള്‍ക്കൊള്ളുന്നുണ്ട്. മാത്രവുമല്ല, ആദിമക്രൈസ്തവ സമൂഹത്തിന്റെ മാതൃകയും ഇവരുടെ വാദങ്ങളെ പൊളിക്കുന്നതാണ്. യേഹ്ശുവായുടെ ഓരോ വചനങ്ങളെയും സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് വ്യക്തമാകുന്ന കാര്യം, അവിടുന്ന്‍ നിയമത്തെ കര്‍ശനമാക്കുകയായിരുന്നു എന്നതായിരിക്കും. വ്യഭിചാരം ചെയ്യരുതെന്ന കല്പനയെ എങ്ങനെയാണ് കഠിനമാക്കിയതെന്ന്‍ നമുക്കറിയാം. "വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു"(മത്താ: 5; 28 ).

നിയമങ്ങളിലെ പഴുതുകള്‍ അടയ്ക്കുകയും കര്‍ക്കശമാക്കുകയും ചെയ്ത യേഹ്ശുവാ ഏതെങ്കിലും നിയമത്തെ ഇല്ലാതാക്കിയിട്ടില്ല. എന്നാല്‍, മുന്‍പ് അശുദ്ധമായിരുന്ന ചിലതിനെ ശുദ്ധീകരിച്ചുകൊണ്ട് അനുവദനീയമാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് ഭക്ഷണത്തെ സംബന്ധിച്ചായിരുന്നു. പരിച്ഛേദനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വ്യാഖ്യാനിക്കാനും യേഹ്ശുവാ തയ്യാറായി. ദശാംശത്തെ യേഹ്ശുവാ അവഗണിച്ചുവെന്ന ചിലരുടെ കണ്ടെത്തല്‍ തികച്ചും തെറ്റിദ്ധാരണയില്‍ ഉടലെടുത്തതാണ്. ഇത് വ്യക്തമാക്കുന്ന ഒരു സംഭവം യേഹ്ശുവായുടെ മനുഷ്യാവതാരകാലത്ത് ഉണ്ടായിട്ടുണ്ട്.

ഒരിക്കല്‍ ധനികനായ ഒരു യുവാവ് യേഹ്ശുവായെ സമീപിച്ച് ചോദിച്ചു: "ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണു പ്രവര്‍ത്തിക്കേണ്ടത്?"(മത്താ: 19; 16). ഇതിനുള്ള യേഹ്ശുവായുടെ മറുപടി ഇപ്രകാരമായിരുന്നു: "ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക"(മത്താ: 19; 17). പ്രമാണങ്ങള്‍ ഏതൊക്കെയാണെന്ന് യേഹ്ശുവായില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടായിരിക്കാം ഏതെല്ലാമാണെന്ന് അവന്‍ അവിടുത്തോടു ചോദിച്ചത്. യേഹ്ശുവാ അതു വ്യക്തമാക്കുന്നത് നോക്കുക: "കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ സഹകാരിയെയും സ്നേഹിക്കുക"(മത്താ: 19; 18, 19).

തന്നെത്തന്നെ സ്നേഹിക്കുന്നതുപോലെ സഹകാരിയെ സ്നേഹിക്കണമെന്ന ഈ പ്രമാണത്തില്‍ പങ്കുവയ്ക്കലിനെ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരുപക്ഷെ ദാശാംശത്തിനും അപ്പുറമായ പങ്കുവയ്ക്കലാകാം. സഹകാരി എന്നതിനു പകരം അയല്‍ക്കാരന്‍ എന്ന് മലയാളപരിഭാഷകളില്‍ വായിക്കാന്‍ കഴിയും! എന്നാല്‍, മൂലഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നത് സഹകാരി (associate) എന്നാണ്. സഹകാരി ആരാണെന്ന് ബൈബിളില്‍ യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്(ലൂക്കാ: 10; 25-37). ഈ വചനഭാഗം വ്യാഖ്യാനിക്കാന്‍ ഇവിടെ ഉദ്യമിക്കുന്നില്ല. അതിനാല്‍, നമുക്ക് വിഷയത്തിലേക്ക് തിരിച്ചുവരാം.

ധനികനായ യുവാവിനോട് പ്രമാണങ്ങള്‍ ഏതൊക്കെയാണെന്ന് യേഹ്ശുവാ വിവരിച്ചപ്പോള്‍ മറുപടിയോടൊപ്പം ഒരു ചോദ്യവുംകൂടി അവന്‍ ഉന്നയിച്ചു: "ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ്, എനിക്കു കുറവ്? യേഹ്ശുവാ പറഞ്ഞു: നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക"(മത്താ: 19; 20-22).

ദശാംശത്തിനു സുവിശേഷത്തില്‍ പ്രാധാന്യമില്ലെന്ന വാദം സത്യത്തിനു വിരുദ്ധമാണെന്ന് തിരിച്ചറിയാന്‍ ഇതിലും അപ്പുറമായ തെളിവുകള്‍ നിരത്തേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ല. അങ്ങനെയെങ്കില്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുന്നുണ്ടാകാം! അപ്പസ്തോലന്മാരും പങ്കുവയ്ക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിന് ബൈബിളില്‍ ദൃഷ്ടാന്തമുണ്ട്. ആദിമസഭയിലെ പങ്കുവയ്ക്കലിനെ നാം കണ്ടുകഴിഞ്ഞതാണ്. അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍ എന്താണുള്ളതെന്ന് ഇനി നമുക്കു പരിശോധിക്കാം.

പൗലോസിന്റെ വാക്കുകള്‍ നോക്കുക:"ഇപ്പോള്‍ ഞാന്‍ വിശുദ്ധരെ സഹായിക്കാന്‍ ഞാന്‍ യെരുശലെമിലേക്കു പോവുകയാണ്. എന്തെന്നാല്‍, യെരുശലെമിലെ വിശുദ്ധരില്‍ നിര്‍ദ്ധനരായവര്‍ക്കു കുറേ സംഭാവന കൊടുക്കാന്‍ മക്കെദോനിയായിലും അക്കായിയായിലും ഉള്ളവര്‍ സന്മനസ്സു പ്രകടിപ്പിച്ചിരിക്കുന്നു. അവര്‍ അതു സന്തോഷത്തോടെയാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് അതിനു കടപ്പാടുമുണ്ട്"(റോമാ: 15; 25-27). ആരാണു വിശുദ്ധരെന്നത് ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസം സ്വീകരിക്കുകവഴി സഭയില്‍ അംഗമാകുന്ന സകലരെയും വിശുദ്ധരെന്നാണ് വിളിച്ചിരുന്നത്. ഇതിലൂടെതന്നെ ആരെയാണു നാം സഹായിക്കേണ്ടതെന്ന് വ്യക്തമാണല്ലോ!

അപ്പസ്തോലന്‍ അറിയിക്കുന്ന മറ്റൊരു മുന്നറിയിപ്പ് ഇതാണ്: "വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടെയും പങ്ക് തന്റെ അദ്ധ്യാപകനു നല്കണം. നിങ്ങള്‍ക്ക് വ്യാമോഹം വേണ്ട; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും"(ഗലാ: 6; 6, 7). വിതയ്ക്കാതെ കൊയ്ത്തിനു തയ്യാറാകുന്നവരാണ് ഇന്ന് പലരും! എന്നാല്‍, യാഹ്‌വെയില്‍നിന്ന് അനുഗൃഹങ്ങള്‍ യാചിക്കുമ്പോള്‍, നമുക്ക് ലഭിച്ചവയെ എത്രമാത്രം നീതിയോടെ പങ്കുവച്ചുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. "ആകയാല്‍, നമുക്ക് അവസരം ലഭിച്ചിരിക്കുന്നതുകൊണ്ട് സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്, നന്മചെയ്യാം"(ഗലാ: 6; 10). വിശ്വാസികളെയും ദൈവവചനം നമ്മെ അറിയിക്കുന്നവരെയും സഹായിക്കുവാന്‍ നമുക്കുള്ള ബാധ്യതയാണ് ഈ വചനങ്ങളിലൂടെയെല്ലാം ഓര്‍മ്മപ്പെടുത്തുന്നത്!

സമയത്തിന്റെ ദശാംശം!

ദൈവത്തില്‍നിന്ന് നമുക്ക് ലഭിച്ചിരിക്കുന്ന സകലത്തിന്റെയും ദശാംശം നല്‍കണമെന്ന് നിയമമുള്ളപ്പോള്‍ അതില്‍ സമയവും ഉള്‍പ്പെടും! ഇത് ഒരുപക്ഷെ പലരും അവഗണിച്ചിട്ടുള്ള കാര്യമായിരിക്കാം. എന്നാല്‍, ദൈവം നല്‍കിയ നന്മകളുടെയെല്ലാം ദശാംശം അവിടുത്തേക്ക് അവകാശപ്പെട്ടതായിരിക്കുമ്പോള്‍,  സമയത്തിന്റെ ദശാംശവും യാഹ്‌വെയ്ക്കു നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ട്. ഒരു ദിവസത്തില്‍, 24 മണിക്കൂര്‍ ദൈവം നമുക്ക് ദാനമായി നല്‍കിയിട്ടുണ്ട്. 1440  മിനിറ്റാണ് ഒരു ദിവസത്തിലുള്ളതെന്ന് നമുക്കറിയാം. ഇതിന്റെ ദശാംശം 144 മിനിറ്റുണ്ട്. അതായത് രണ്ടു മണിക്കൂറും 24 മിനിറ്റും നാം പ്രാര്‍ത്ഥനയ്ക്കും ആത്മീയ കാര്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കേണ്ടിയിരിക്കുന്നു.

നമ്മുടെ ഇന്നത്തെ ആത്മീയ അവസ്ഥയെ സ്വയം പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ദൈവത്തിനുമുന്നില്‍ നാം കടക്കാരാണോ എന്ന് മനസ്സിലാക്കാന്‍ കഴിയും. അമ്പതുവയസ്സുവരെ ജീവിച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍, 4,38,000 (നാലു ലക്ഷത്തി മുപ്പത്തിയെട്ടായിരം)മണിക്കൂറുകള്‍ കടന്നുപോയി. ഇതില്‍ 43800 (നാല്‍പ്പത്തിമൂവായിരത്തിയെണ്ണൂറ്) മണിക്കൂറുകള്‍ ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെടേണ്ടതായിരുന്നു! ഇവിടെ നാം നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചുവോ?!

ദൈവത്തെ കൊള്ളയടിക്കുന്നവാരോ?

"മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ് ഞങ്ങള്‍ അങ്ങയെ കൊള്ളചെയ്യുന്നതെന്ന് നിങ്ങള്‍ ചോദിക്കുന്നു. ദശാംശത്തിലും കാഴ്ചകളിലുംതന്നെ. നിങ്ങള്‍ - ജനം മുഴുവനും എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങള്‍ അഭിശപ്തരാണ്"(മലാക്ഖി: 3; 8, 9). ഇത് യാഹ്‌വെയുടെ വചനമാണെന്ന് നാം തിരിച്ചറിയണം. ദൈവത്തിനു കൊടുക്കേണ്ടത് പിടിച്ചുവയ്ക്കുന്നതിലൂടെ നാം അവിടുത്തെ കൊള്ളയടിക്കുകയാണു ചെയ്യുന്നതെന്ന് ഇവിടെ വ്യക്തമാക്കുന്നു. മലാക്ഖിപ്രവാചകനെ പ്രവാചകനായി അംഗീകരിക്കുന്ന ഏതൊരു സഭയ്ക്കും ഈ പ്രവചനത്തെ തള്ളിക്കളയാന്‍ സാധിക്കില്ല.

ഈ പ്രവചനങ്ങളിലൊന്നുപോലും യേഹ്ശുവാ അസാധുവാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ദശാംശം കൊടുക്കാതിരിക്കുന്നവന്‍ ദൈവത്തെ കൊള്ളയടിക്കുകയാണു ചെയ്യുന്നത്. മോഷ്ടിക്കരുതെന്ന കല്പനയുടെ ലംഘനമാണിതെന്നു സാരം! മനുഷ്യരെ കൊള്ളചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ ദൈവത്തെ കൊള്ളചെയ്യുന്നവരുടെ കാര്യം എത്ര ഭയാനകമായിരിക്കും! നമുക്കു ലഭിച്ചിരിക്കുന്ന സമയത്തെപ്പോലും ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല.

ഈ വചനം വളരെ സ്പഷ്ടമായിരിക്കുന്നതിനാല്‍ കൂടുതലായ വ്യാഖ്യാനമോ വിശകലനമോ ഇവിടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇനി നമുക്കു പ്രധാന ഭാഗത്തേക്ക് കടക്കാം.

സീസറിനു നികുതി കൊടുക്കാന്‍ യേഹ്ശുവാ പറഞ്ഞിട്ടുണ്ടോ?

"സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക"(മത്താ: 22; 21). ഈ വചനത്തെ വ്യക്തമായി മനസ്സിലാക്കാത്ത മനുഷ്യരെയോര്‍ത്ത് 'സീസര്‍' അതീവ സന്തുഷ്ടനാണ്. നികുതിയെ സംബന്ധിച്ചുള്ള ഫരിസേയരുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് യേഹ്ശുവാ ഈ വാക്കുകള്‍ പറയുന്നത്. നികുതി കൊടുക്കാനുള്ള ആഹ്വാനം ഈ വാക്കുകളിലുണ്ടോ എന്നറിയണമെങ്കില്‍ ആ സംഭവം പൂര്‍ണ്ണമായി ഗ്രഹിക്കണം. അതുകൊണ്ട് അന്നത്തെ ആ പശ്ചാത്തലം ഒരിക്കല്‍ക്കൂടി നമ്മുടെ ചിന്താമണ്ഡലത്തിലേക്കു കൊണ്ടുവരാം.

യെഹൂദരിലെ ഫരിസേയ വിഭാഗമായിരുന്നു യേഹ്ശുവായെ കൂടുതലായി എതിര്‍ത്തിരുന്നത്. എന്തെങ്കിലും ഒരു കുറ്റം അവിടുന്നില്‍ കണ്ടെത്താന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. ഒരിക്കല്‍ തങ്ങളുടെ അനുയായികളെ ഹെരോദെസ് പക്ഷക്കാരോടൊത്ത് യേഹ്ശുവായുടെ അരികിലേക്ക് ഫരിസേയര്‍ അയച്ചു. അവര്‍ ചെന്ന് യേഹ്ശുവായോടു ചോദിച്ചു: "ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു. അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?"(മത്താ: 22; 16, 17).

അവര്‍ ചോദിച്ചതിനുള്ള ഉത്തരം അത്ര എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. അതെ എന്നോ അല്ലായെന്നോ ഉള്ള ഒറ്റയുത്തരമേ ആ ചോദ്യത്തിനുള്ളു. എന്നാല്‍,  ഇതില്‍ ഏതുത്തരം നല്‍കിയാലും യേഹ്ശുവായെ കുടുക്കാന്‍ അവര്‍ക്കു സാധിക്കും. കാരണം, 'സീസര്‍' റോമന്‍ ഭരണാധികാരിയാണ്. അവരുടെ ഭരണം യെഹൂദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണു സത്യം. അതുകൊണ്ടുതന്നെ നികുതി കൊടുക്കുന്നത് പൂര്‍ണ്ണ മനസ്സോടെ ആയിരുന്നില്ല. സീസറിനു നികുതി കൊടുക്കണമെന്ന് യേഹ്ശുവാ പറഞ്ഞാല്‍, യെഹൂദര്‍ക്ക് എതിരായ വ്യക്തിയായി അവിടുത്തെ കണ്ടുകൊണ്ട് ജനങ്ങളില്‍നിന്ന് യേഹ്ശുവായെ ഒറ്റപ്പെടുത്താന്‍ സാധിക്കും. സീസറിനു നികുതി കൊടുക്കേണ്ട എന്നാണ്  പറയുന്നതെങ്കില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ശിക്ഷിക്കാം!

അതെയെന്നോ അല്ലെന്നോ ഉള്ള രണ്ടുത്തരം മാത്രമുള്ള ചോദ്യം, തന്നെ കുടുക്കാനുള്ള ഫരിസേയരുടെ കാപട്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു പിന്നീടുള്ള അവിടുത്തെ നീക്കം. "യേഹ്ശുവാ പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതെന്ത്? നികുതിക്കുള്ള നാണയം എന്നെ കാണിക്കുക. അവര്‍ ഒരു ദെനാര്‍ യേഹ്ശുവായെ കാണിച്ചു. യേഹ്ശുവാ ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്റേത് എന്ന് അവര്‍ മറുപടി പറഞ്ഞു; അവന്‍ അരുളിച്ചെയ്തു; സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക"(മത്താ: 22; 18-22). ഇപ്രകാരമൊരു വചനം ഉണ്ടാകുവാന്‍ കാരണമായ സാഹചര്യംഇതാണ്!

സീസറിനു നികുതി പിരിച്ചു കൊടുക്കുകയോ നികുതി കൊടുക്കുന്നതിനെ തടയുകയോ എന്നത് മനോവയുടെ ദൗത്യമല്ല.   അത് ഓരോരുത്തരുടെയും വിവേചനത്തിനു വിടുന്നു. എന്നാല്‍,  ബൈബിളിലെ വചനങ്ങളുടെ സത്യം വെളിപ്പെടുത്തുകയെന്നത് മനോവയുടെ ഉത്തരവാദിത്വമാണ്!  ഇനി ഈ വചനത്തില്‍ ഒളിഞ്ഞിരിക്കുന്ന സത്യം എന്താണെന്ന് പരിശോധിക്കാം.

സീസറിനു നികുതി കൊടുക്കണമെന്ന ഉപദേശമായി ഈ വചനത്തെ തെറ്റിദ്ധരിച്ചിരിക്കുന്നവരും അപ്രകാരം പ്രചരിപ്പിക്കുന്നവരുമായ അനേകരെ മനോവ കണിട്ടുണ്ട്. സത്യത്തില്‍ അങ്ങനെയൊരു ഉപദേശം ആ വചനത്തിലൂടെ യേഹ്ശുവാ നമുക്ക് നല്‍കിയിട്ടുണ്ടോ?! ഇല്ല എന്നതാണു സത്യം! യേഹ്ശുവാ പറഞ്ഞിട്ടുണ്ട് എന്ന മുഖവുരയോടെ പലകാര്യങ്ങളും ചിലരൊക്കെ നടപ്പില്‍ വരുത്താറുണ്ട്. എന്നാല്‍, യേഹ്ശുവാ പറയാത്തതോ പറഞ്ഞവയെ തെറ്റായി വ്യാഖ്യാനിച്ചതോ ആയിരിക്കും ഇവയില്‍ പലതും.

അപ്രകാരം പാടിപ്പഴകിയ ഒരു പ്രയോഗമാണ്, 'ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും' എന്നത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു വചനം ബൈബിളിലെവിടെയുമില്ല. എന്നാല്‍, ഇതിനു വിപരീതമായ ഒരു വചനം ബൈബിളിലുണ്ട്: "നീതിമാന്മാര്‍ പനപോലെ തഴയ്ക്കും; ലെബനോനിലെ സെദാര്‍മരംപോലെ വളരും. അവരെ യാഹ്‌വെയുടെ ഭവനത്തില്‍ നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം പുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്ടിയോടെ നില്‍ക്കും"(സങ്കീ: 92; 12-14). സന്ദര്‍ഭവശാല്‍ ഈ ഒരു വചനം കുറിച്ചുവെന്നു മാത്രമേയുള്ളു. നമുക്ക് വിഷയത്തിലേക്ക് തിരിച്ചുവരാം.

സീസറിനു നികുതി കൊടുക്കുന്നതിലെ നിയമവശം യേഹ്ശുവാ പറഞ്ഞത് എങ്ങനെയായിരുന്നു എന്നു നോക്കാം. അവിടുന്ന് അവരോട് നികുതി കൊടുക്കാനുള്ള നാണയം കാണിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ നാണയത്തില്‍ (ദെനാര്‍) ആരുടെ രൂപവും ലിഖിതവുമാണ് ആലേഖനം ചെയ്തിരിക്കുന്നതെന്ന് അവരോടു ചോദിച്ചു. സീസറിന്റേത് എന്ന് അവര്‍ മറുപടി പറയുകയും ചെയ്തു.

സീസറിനുള്ളത് സീസറിനു കൊടുക്കാന്‍ പറയുന്നതിനുമുമ്പ് യേഹ്ശുവാ ആ നാണയത്തെക്കുറിച്ച് യഹൂദരോടു ചോദിക്കുന്നതു ശ്രദ്ധേയമാണ്. കാരണം, ആ നാണയത്തില്‍ സീസറിന്റെതായി രൂപവും ലിഖിതവും മാത്രമേയുള്ളു! 'ദെനാര്‍' റോമന്‍ നാണയമാണെന്നു നമുക്കറിയാം. 5.7 ഗ്രാം തൂക്കം സ്വര്‍ണ്ണത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍, ഇവിടെ ശ്രദ്ധേയമായ ഒരുകാര്യം, രൂപവും ലിഖിതവും സീസറിന് അവകാശപ്പെട്ടതാണെങ്കിലും സ്വര്‍ണ്ണം സീസറിന്റെതല്ല. അത് ആരുടേതാണെന്ന് ബൈബിളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്."സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു, വെള്ളി എന്റെതാണ്; സ്വര്‍ണ്ണവും എന്റെത്"(ഹഗ്ഗായി: 2; 8).

സീസറിനുള്ളതു സീസറിനു കൊടുക്കുന്നതില്‍ യേഹ്ശുവാ എതിരല്ല; എന്നാല്‍, ദൈവത്തിനുള്ളത് ദൈവത്തിനു കൊടുക്കണം എന്നത് അവിടുന്ന് വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ആ 'ദനാറ'യില്‍ ഉള്ളത് ദൈവത്തിനും സീസറിനുമായി പങ്കുവച്ചാല്‍ എന്തായിരിക്കും അവസ്ഥ?! 'സീസര്‍' മനോവയോടു പിണങ്ങിയാലും വചനത്തിലുള്ള സത്യം പറയാതിരിക്കാന്‍ കഴിയില്ല!

ഈ സത്യം മറ്റൊരു വ്യക്തിയോടു പങ്കുവച്ചപ്പോള്‍, യേഹ്ശുവാ നികുതി കൊടുത്ത സംഭവം അയാള്‍ വിവരിച്ചു. ഒരിക്കല്‍ പത്രോസ് യേഹ്ശുവായോട് നികുതിയെക്കുറിച്ച് സംശയം ചോദിക്കുകയും മത്സ്യത്തിന്റെ വായില്‍നിന്ന് ലഭിക്കുന്ന നാണയം നികുതിയായി കൊടുക്കാന്‍ അവിടുന്ന് കല്പിക്കുന്നതുമാണ് സംഭവം. നികുതി സംബന്ധമായ ഈ രണ്ടു സംഭവങ്ങളും വ്യത്യസ്ഥമായ നികുതികളെക്കുറിച്ചാണെന്ന് മനസ്സിലാക്കാതെയായിരുന്നു ആ വ്യക്തി സംസാരിച്ചത്. ചിലര്‍ ആരില്‍നിന്നെങ്കിലും കേട്ട വചനങ്ങള്‍ വായിച്ചു വ്യക്തത വരുത്താതെ തര്‍ക്കത്തിനു മുതിരുകയും, എവിടെനിന്നും തിരുത്തു ലഭിച്ചില്ലെങ്കില്‍ ആ അജ്ഞതയില്‍ തുടരുകയും ചെയ്യും. അതുകൊണ്ട്, നാം ആരില്‍ നിന്നെങ്കിലും ഒരു വചനം കേട്ടാല്‍ ബൈബിളില്‍ ആ വചനം കണ്ടെത്തി വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം. അങ്ങനെ ചെയ്യാതിരുന്നാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ഓരോ വരികള്‍ക്കിടയിലും ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടാന്‍ പരിശുദ്ധാത്മാവിനോട് സഹായം യാചിക്കുകയും വേണം. കാരണം, സാത്താന്‍ വഞ്ചകനായതിനാല്‍, വചനത്തിലൂടെപ്പോലും അവന്‍ നമ്മെ വഞ്ചിക്കും.

യേഹ്ശുവായും കേപ്ഫായും തമ്മില്‍ നികുതിയെക്കുറിച്ച് സംസാരിക്കുന്ന ഭാഗം മത്തായിയുടെ സുവിശേഷത്തില്‍ പതിനേഴാം അദ്ധ്യായത്തില്‍ മാത്രമാണ് കുറിച്ചിട്ടുള്ളത്. ആ സംഭവം ഇങ്ങനെയാണ്: "അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ 'ദൈവാലയനികുതി' പിരിക്കുന്നവര്‍ കേപ്ഫായുടെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ? അവന്‍ പറഞ്ഞു: ഉവ്വ്"(മത്താ: 17; 24). ഈ സംഭവത്തിനുശേഷം കേപ്ഫായുമായി യേഹ്ശുവാ നികുതിയെക്കുറിച്ച് ചര്‍ച്ച നടത്തുന്നതായി കാണാം. ആ ഭാഗം ശ്രദ്ധയോടെ വായിക്കേണ്ടിയിരിക്കുന്നു. അവിടെ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: "പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേഹ്ശുവാ ചോദിച്ചു: ശിമെയോനേ, നിനക്കെന്തുതോന്നുന്നു, ഭൂമിയിലെ രാജാക്കന്മാര്‍ ആരില്‍ നിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്മാരില്‍നിന്നോ അന്യരില്‍നിന്നോ? അന്യരില്‍നിന്ന് - കേപ്ഫാ മറുപടി പറഞ്ഞു. യേഹ്ശുവാ തുടര്‍ന്നു: അപ്പോള്‍ പുത്രന്മാര്‍ സ്വതന്ത്രരാണല്ലോ; എങ്കിലും അവര്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കാന്‍ നീ കടലില്‍ പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്കു കൊടുക്കുക"(മത്താ: 17; 25-27).

അനേകം രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഒരു വചനഭാഗമാണിത്. ഒന്നാമതായി ഇവിടെ രാജാവിനോ ഭരണകൂടങ്ങള്‍ക്കോ നികുതി കൊടുക്കുന്ന വിഷയമല്ല ചര്‍ച്ചചെയ്യുന്നത് എന്ന് മനസ്സിലാക്കിയിരിക്കണം. ദൈവത്തിനുള്ള ദശാംശത്തിന്റെ കാര്യമാണിവിടെ സൂചിപ്പിക്കുന്നത്.

ദൈവത്തിന്,  ദശാംശം കൊടുക്കുന്നതില്‍ ദൈവപുത്രനായ യേഹ്ശുവായ്ക്ക് ഒഴിവുണ്ടെന്നാണ്  അവിടുന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിയിലെ രാജാക്കന്മാര്‍ അവര്‍ക്ക് ലഭിക്കേണ്ട നികുതിയില്‍നിന്ന് തങ്ങളുടെ പുത്രന്മാരെ ഒഴിവാക്കുന്നതുപോലെ ദൈവത്തിനുള്ള ദശാംശത്തില്‍നിന്ന് അവിടുത്തെ പുത്രനെയും ഒഴിവാക്കിയിരിക്കുന്നു. അതുപോലെതന്നെ യേഹ്ശുവായിലൂടെ ദൈവമക്കളായി പരിണമിക്കപ്പെട്ട ഓരോരുത്തരും ദശാംശത്തിന്റെ കടത്തില്‍നിന്നു വിടുതല്‍ പ്രാപിച്ചവരാണ്! എന്നാല്‍, നമുക്കുള്ളതിന്റെ ഓഹരി പങ്കുവയ്ക്കുന്നതില്‍നിന്നുള്ള മോചനമായി ഇതിനെ കാണരുത്. മറിച്ച്, നിയമത്തില്‍നിന്നുള്ള വിടുതല്‍ മാത്രമാണ്.

വിശ്വാസികള്‍ പരസ്പരം പങ്കുവയ്ക്കാന്‍ സന്മനസ്സുള്ളവരായിരിക്കണം എന്നകാര്യം വചനത്തിന്റെ അടിസ്ഥാനത്തില്‍ നാം ആദ്യമേ കണ്ടു. നമ്മുടെ സമ്പത്തിന്റെ ഓഹരി വിശ്വാസികള്‍ക്കും ദൈവശുശ്രൂഷകള്‍ക്കും മാത്രമേ പങ്കുവയ്ക്കാവൂ. കാരണം, ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്കു മാത്രമേ യേഹ്ശുവാ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളൂ!

യേഹ്ശുവായിലുള്ള വിശ്വാസംവഴി ദൈവപൈതലായിമാറുന്ന ഒരു വ്യക്തി പിന്നീട് ദൈവശുശ്രൂഷകനായിരിക്കും. കാരണം, വിശ്വാസികളോടുകൂടെ ചില അടയാളങ്ങള്‍ ഉണ്ടായിരിക്കുമെന്ന് യേഹ്ശുവാ പറഞ്ഞിരിക്കുന്നതില്‍ ഒന്ന് വചനപ്രഘോഷണമാണ്! അതിനാല്‍, ദശാംശത്തിന്റെ കടത്തില്‍നിന്ന് ഒഴിവു ലഭിച്ചിരിക്കുന്നത് ദൈവവേല ചെയ്യുന്നവര്‍ക്കാണ്! അവര്‍ തങ്ങളുടെ ജീവിതം മുഴുവന്‍ യേഹ്ശുവായ്ക്കായി നീക്കിവച്ചിരിക്കയാല്‍, പൂര്‍ണ്ണമായും അവിടുത്തേതായിരിക്കുന്നു! അവര്‍ പൂര്‍ണ്ണമായും ദൈവത്തിനുള്ളവരായതുകൊണ്ടാണ് ദശാംശത്തിന്റെ നിയമത്തില്‍നിന്ന് വിടുതല്‍ ലഭിക്കുന്നത്.

യേഹ്ശുവാ ദൈവപുത്രനാണെന്നും പൂര്‍ണ്ണമായും പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരുന്നെന്നും നമുക്കറിയാം. അതുപോലെ യേഹ്ശുവായിലൂടെ നാം ദൈവമക്കളാവുകയും പിതാവിന്റെ കാര്യങ്ങളില്‍ വ്യാപരിക്കുകയും ചെയ്യുമ്പോഴാണ് യേഹ്ശുവായുടെ സ്ഥാനപതികളാകുന്നത്! അപ്പോള്‍ നാം ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാകും(1 കേപ്ഫാ: 2; 9).

പുരോഹിതന്‍ ലേവിയുടെ ഗോത്രക്കാരനാണ്. ഇവരെ ദശാംശത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു മാത്രമല്ല;   മറ്റുള്ളവരുടെ ദശാംശത്തിന്റെ ഓഹരിക്ക് അവകാശികളുമാണ്! വചനം ഇങ്ങനെ പറയുന്നു: "നിന്റെ പട്ടണത്തില്‍ താമസിക്കുന്ന ലേവ്യരെ അവഗണിക്കരുത്"(നിയമം: 14; 27). നിയമാവര്‍ത്തന പുസ്തകത്തില്‍ പതിനെട്ടാം അധ്യായത്തില്‍ ഒന്നുമുതലുള്ള വാക്യങ്ങളില്‍ യാഹ്‌വെയുടെ ശുശ്രൂഷകരുടെ ഓഹരി വ്യക്തമാക്കിയിട്ടുണ്ട്.

നമുക്ക് ദൈവം നല്‍കിയിട്ടുള്ള സകലതും ദൈവത്തിനു പ്രീതികരമായി ഉപയോഗിക്കുക എന്നതാണ് ദൈവഹിതം. സമ്പത്തും സമയവും മാത്രമല്ല, നമുക്ക് ലഭിച്ചിരിക്കുന്ന കഴിവുകളും ആരോഗ്യവും മറ്റു സൌകര്യങ്ങളുമെല്ലാം അപ്രകാരം തന്നെയാണ് വിനിയോഗിക്കേണ്ടത്. ദൈവീക ശുശ്രൂഷകള്‍ ചെയ്യുന്നവരെ സഹായിക്കേണ്ടത് ദൈവമക്കളുടെ ചുമതലയാണെന്നു മറക്കാതിരിക്കുക. എന്നാല്‍, നമ്മള്‍ നല്‍കുന്നവ തെറ്റായ കാര്യങ്ങള്‍ക്കാണോ ചിലവഴിക്കുന്നത് എന്നകാര്യം നാം അറിഞ്ഞിരിക്കണം. സഭയ്ക്ക് നല്‍കുന്ന ദശാംശംപോലും തെറ്റായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്. സഭയുടെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് നാം കൊടുക്കുന്ന പണമുപയോഗിച്ച് മതമേലധികാരികള്‍ ആള്‍ദൈവങ്ങളെ ആദരിക്കാനുള്ള യാത്രകളും സമ്മേളനങ്ങളും ആണ് സംഘടിപ്പിക്കുന്നതെങ്കില്‍ അത് ദുരുപയോഗമാണ്. പ്രമാണങ്ങളെ ലംഘിച്ച് വിശ്വാസികളില്‍ ഇടര്‍ച്ചവരുത്തുന്ന കാര്യങ്ങളില്‍ വ്യാപരിക്കുന്നവരെ സഹായിക്കുന്നുവെങ്കില്‍ ഒരു പുനഃര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു. നമുക്ക് വചനത്തിലൂടെ ലഭിച്ചിരിക്കുന്ന ബോധ്യങ്ങളോട് യോജിക്കുന്ന ശുശ്രൂഷകള്‍ ചെയ്യുന്നവരെ മാത്രമേ സഹായിക്കാവൂ!

വിജാതിയത്വം വളര്‍ത്താനും അനര്‍ഹരെ സഹായിക്കാനുമായി ചില സഭകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ കൂട്ടുചേരരുത്. അവര്‍ക്കു നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ദൈവത്തിനെതിരെ ചെയ്യുന്ന തിന്മയായി പരിഗണിക്കപ്പെടും. വചനം നല്‍കുന്ന മുന്നറിയിപ്പ് ഇതാണ്: "അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും. ദൈവഭക്തനു നന്മ ചെയ്താല്‍ നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍ നിന്നല്ലെങ്കില്‍ യാഹ്‌വെയില്‍നിന്ന്"(പ്രഭാ: 12; 1, 2). പാപത്തിന്റെ പരിണിതഫലമായി ദൈവത്തില്‍നിന്ന് ശിക്ഷ കടന്നുവരുമ്പോള്‍, ആ സമൂഹത്തെ ആശ്വസിപ്പിക്കാനുള്ള പ്രവര്‍ത്തികള്‍ ദൈവത്തിനു സ്വീകാര്യമല്ല. തീയും ഗന്ധകവും വര്‍ഷിച്ചു യാഹ്‌വെ നശിപ്പിച്ച സോദോമിലേക്ക് 'ഫയര്‍ ഫോഴ്സിനെ' അയക്കുന്നതിനു സമാനമാണ് ഇത്തരം പ്രവൃത്തികള്‍! വചനം നോക്കുക: "ദൈവഭക്തനു നല്‍കുക; പാപിയെ സഹായിക്കരുത്. എളിയവനു നന്മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്; അവനു ഭക്ഷണം കൊടുക്കരുത്; അവന്‍ നിന്നെ കീഴടക്കും; നന്മയ്ക്കുപകരം ഇരട്ടി ദ്രോഹമായിരിക്കും അവന്‍ ചെയ്യുക"(പ്രഭാ: 12; 4, 5).

പാക്കിസ്ഥാനിലും ഇസ്ലാമിക രാഷ്ട്രങ്ങളിലും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവരുടെമേല്‍ യാഹ്‌വെ മഹാമാരികള്‍ അയക്കുമ്പോള്‍, അവരെ സഹായിക്കാന്‍ ഓടുന്നവര്‍ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവരോടു കാണിക്കുന്ന ക്രൂരതയാണെന്ന് മറക്കരുത്. ഇവിടെ നല്‍കുന്ന സമ്പത്ത് വീണ്ടും ക്രൈസ്തവ പീഡനത്തിനായി ചിലവഴിക്കപ്പെടുന്നുവെന്ന് അനുഭവത്തിലൂടെ നാം മനസ്സിലാക്കിയിട്ടും അത് ആവര്‍ത്തിക്കുന്നുവെങ്കില്‍ വിശ്വാസികള്‍ പ്രതികരിക്കണം.

സഭയുടെ ശുശ്രൂഷകള്‍ക്ക് സാമ്പത്തീക സഹായം ചെയ്യുന്നതിനെ മനോവ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. എന്നാല്‍, ഈ സഹായം ഏതുവിധത്തിലാണ്  വിനിയോഗിക്കുന്നത് എന്നകാര്യം അന്വേഷിക്കുകയും വചനപ്രചരണത്തിനല്ലെങ്കില്‍, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യഥാര്‍ത്ഥ ശുശ്രൂഷകരെ കണ്ടെത്തി അവരെ സഹായിക്കുകയും ചെയ്യണമെന്നാണ്  മനോവയുടെ ഉപദേശം.

അതുപോലെതന്നെ,  ഭരണകൂടങ്ങള്‍ക്ക് നികുതി നല്‍കുന്നതിനും മനോവ എതിരല്ല. അവര്‍ക്ക് അവകാശപ്പെട്ടത് നല്‍കാതിരിക്കുന്നത് ദൈവഹിതമല്ലെന്ന് ഓര്‍ക്കണം. എന്നാല്‍, യേഹ്ശുവാ പറഞ്ഞ വചനങ്ങളെ ഇത്തരം കാര്യങ്ങള്‍ക്കായി വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം നല്‍കുകയും ചെയ്യുന്നത് ഗൌരവമായി കാണുന്നു. കൂടാതെ നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് ചിലര്‍ നടത്തുന്ന തീര്‍ത്ഥാടന യാത്രയും ജാഗ്രതയോടെ കാണണം!

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക!

ക്രിസ്ത്യാനിയുടെമേല്‍ ദൈവം അഭിഷേകം ചെയ്തിരിക്കുന്ന ഒരു പൊതു പൗരോഹിത്യമുണ്ട്. അതുവഴി എല്ലാ ക്രൈസ്തവരും രാജകീയപുരോഹിതഗണത്തിലേക്കാണു ചേര്‍ക്കപ്പെട്ടിരിക്കുന്നത്. സഭയുടെ ആദ്യത്തെ തലവനായിരുന്ന പത്രോസ് ഇതു വെളിപ്പെടുത്തിയിരിക്കുന്നതു നോക്കുക: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 കേപ്ഫാ: 2; 9). അതിനാല്‍, ഓരോ ക്രൈസ്തവനും പുരോഹിത ശുശ്രൂഷകളില്‍ ഭാഗഭാക്കാകണം. എങ്കിലും, പൂര്‍ണ്ണമായും ദൈവശുശ്രൂഷയ്ക്കായി മാറ്റിവച്ചവരും ദശാംശം മാത്രം ശുശ്രൂഷയ്ക്കായി ചിലവഴിക്കുന്നവരും എന്നിങ്ങനെ രണ്ടുതരം ശുശ്രൂഷകര്‍ സഭയിലുണ്ട്.

തങ്ങളുടെ ജീവിതത്തിന്റെ പത്തിലൊന്നു നീക്കിവയ്ക്കുന്ന വിഭാഗമാണ് പൊതു പൗരോഹിത്യത്തിലെ അംഗങ്ങള്‍! ക്രൈസ്തവരെല്ലാം ഈ പൗരോഹിത്യത്തിന്റെ കടക്കാരാണെന്ന യാഥാര്‍ത്ഥ്യമാണ് ഈ വചനത്തിലൂടെ വെളിപ്പെടുന്നത്! എന്നാല്‍, ജീവിതം മുഴുവന്‍ ശുശ്രൂഷയ്ക്കായി സമര്‍പ്പിച്ചവര്‍ തങ്ങളുടെ ദശാംശമല്ല ചിലവഴിക്കുന്നത്; മറിച്ച്, അവര്‍ തങ്ങളുടെ ശുശ്രൂഷകൊണ്ട് ഉപജീവനം കഴിക്കണം. ഇത് വ്യക്തമാക്കുന്ന വചനങ്ങളും ബൈബിളിലുണ്ട്.

ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിന്റെ ശരീരത്തില്‍ ഭാഗമായിത്തീര്‍ന്ന ഒരുവ്യക്തി തന്റെ ജീവിതം മുഴുവന്റെയും പത്തിലൊന്ന് യേഹ്ശുവായുടെ ശുശ്രൂഷയ്ക്കായി മാറ്റിവയ്ക്കണം. ദൈവീകശുശ്രൂഷയില്‍നിന്ന് മാറിനില്‍ക്കാന്‍ ഒരു ക്രൈസ്തവനും സാദ്ധ്യമല്ല. എന്നാല്‍, പൂര്‍ണ്ണമായും തങ്ങളുടെ ജീവിതം യേഹ്ശുവായുടെ ശുശ്രൂഷയ്ക്കായി മാറ്റിവച്ചിരിക്കുന്ന ഒരുവന് ദശാംശം ബാധകമല്ല; കാരണം, അവന്റെ ജീവിതം മുഴുവനും യേഹ്ശുവായ്ക്കുള്ളതാണ്! യേഹ്ശുവായാണ് ഓരോ ദൈവീകശുശ്രൂഷകന്റെയും ഓഹരി. ഇതാണ് ദശാംശത്തെ സംബന്ധിച്ചുള്ള ക്രിസ്തീയ 'ദൈവശാസ്ത്രം'!

യാഹ്‌വെയുടെ കലവറയില്‍ ദശാംശം നിറയട്ടെ!

ആമുഖമായി നാം ചിന്തിച്ച വചനത്തിലേക്കു തന്നെയാണ് നാം വീണ്ടും പ്രവേശിക്കുന്നത്. ആ വചനം ഇതായിരുന്നു: ''ദശാംശം മുഴുവന്‍ കലവറയിലേക്ക് കൊണ്ടുവരുവിന്‍. എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ''(മലാക്ഖി: 3; 10). നമ്മുടെ ദശാംശം എങ്ങനെയാണ് യാഹ്‌വെയുടെ കലവറയില്‍ എത്തിച്ചേരുന്നത് എന്ന് പലര്‍ക്കും അറിയില്ല. അവിടുത്തെ കലവറയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതാണ് ഇതിന്റെ കാരണം. ആയതിനാല്‍, എന്താണ് യാഹ്‌വെയുടെ 'കലവറ' എന്നതിലൂടെ അര്‍ത്ഥമാക്കുന്നതെന്ന് പരിശോധിക്കാം.

ദശാംശം മുഴുവനായും കലവറയിലേക്ക് കൊണ്ടുവരാനാണ് അവിടുന്ന് കല്പിച്ചിരിക്കുന്നത്. 'കലവറ' എന്നത് ഭക്ഷണം സൂക്ഷിക്കുന്ന ഇടമായിട്ടാണ് ഈ വചനത്തില്‍ കാണുന്നത്. കാരണം, യാഹ്‌വെയുടെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകുന്നതിനുവേണ്ടിയാണ് ഈ ദശാംശം വിനിയോഗിക്കപ്പെടുന്നത് എന്ന സൂചന ഇവിടെ നല്‍കിയിരിക്കുന്നു! 'കലവറ' എന്ന അര്‍ത്ഥംവരുന്ന മറ്റൊരു 'അറ'യെക്കുറിച്ച് യേഹ്ശുവാ പറഞ്ഞിരിക്കുന്ന വചനം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കളകളുടെ ഉപമയിലാണ് ഇത് വായിക്കുന്നത്. തിന്മ പ്രവര്‍ത്തിക്കുന്നവരെയും നീതിമാന്മാരെയും തമ്മില്‍ വേര്‍തിരിക്കുന്ന യുഗാന്ത്യത്തെക്കുറിച്ച് പറയുമ്പോള്‍, യേഹ്ശുവായുടെ ധാന്യപ്പുരയില്‍ ശേഖരിക്കപ്പെടുന്നത് നീതിമാന്മാരെയാണെന്നു വ്യക്തമാക്കിയിരിക്കുന്നു. കളകള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുകയും ഗോതമ്പ് അവിടുത്തെ ധാന്യപ്പുരയില്‍ സംഭരിക്കുകയും ചെയ്യുമെന്ന് അവിടുന്ന് മുന്നറിയിപ്പു തരുന്നു. ആ വചനം ഇങ്ങനെയാണ്: "ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കി വയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍"(മത്താ: 13; 30). നീതിമാന്മാരെ ഗോതമ്പിനോടും ദുഷ്ടരെ കളകളോടുമാണ് ഇവിടെ ഉപമിച്ചിരിക്കുന്നതെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: "നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകള്‍ ദുഷ്ടന്റെ പുത്രന്മാരുമാണ്"(മത്താ: 13; 38).

യാഹ്‌വെയുടെ ഭവനത്തില്‍ ഭക്ഷണം ഉണ്ടാകുന്നതിനായി ദശാംശം കലവറയില്‍ ശേഖരിക്കപ്പെടണം എന്ന വചനത്തില്‍ അടങ്ങിയിരിക്കുന്ന സാരാംശമാണ് ഇവിടെ വെളിപ്പെടുന്നത്. നമ്മുടെ പണവും ആരോഗ്യവും സമയവുമൊന്നും അതേപടി സംഭരിക്കപ്പെടുന്നതല്ല യാഹ്‌വെയുടെ കലവറ. അവിടെ സംഭരിക്കപ്പെടുന്നത് നീതിമാന്മാരെയാണ്. അതായത്, യാഹ്‌വെയുടെ കലവറയിലേക്കു നീതിമാന്മാരെ ശേഖരിക്കുന്നതിനായി നമ്മുടെ ദശാംശം വിനിയോഗിക്കപ്പെടുമ്പോള്‍ മാത്രമാണ് അത് അവിടുത്തെ കലവറയില്‍ എത്തുന്നത്! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ആത്മാക്കളെ ദൈവത്തിനായി നേടാനാണ് ദശാംശം ഉപയോഗിക്കേണ്ടത്. യാഹ്‌വെയുടെ കലവറയില്‍ ഭൗതീക സമ്പത്തൊന്നും ശേഖരിക്കുന്നില്ല; അതുകൊണ്ടുതന്നെ, ദശാംശം അവിടെ എത്തണമെങ്കില്‍ ആത്മാക്കളുടെ രൂപത്തില്‍ എത്തണം! പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാദ്ധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു"(1 കോറി: 15; 50). ഒരു വെളിപ്പെടുത്തല്‍ക്കൂടി നോക്കുക: "നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു"(1 കോറി: 15; 53). നശ്വരമായ സമ്പത്ത് അനശ്വരമാക്കുന്നതിനുള്ള ഉപാധിയാണ് ദശാംശം! ഭൗതീക സമ്പത്തുകൊണ്ട് ആത്മാക്കളെ നേടുന്നതിലൂടെ നശ്വരമായത് അനശ്വരമാകുകയും അവ ദൈവരാജ്യത്ത് സംഭരിക്കപ്പെടുകയും ചെയ്യുന്നു!

ആത്മാക്കളെ യേഹ്ശുവായ്ക്കായി നേടാനല്ലാതെ ദശാംശം വിനിയോഗിച്ചാല്‍, അത് അവിടുത്തെ കലവറയില്‍ എത്തുകയില്ല! യാഹ്‌വെയുടെ (യേഹ്ശുവായുടെ) ധാന്യപ്പുര സമൃദ്ധമാകണമെങ്കില്‍, അവിടെ നീതിമാന്മാരുടെ എണ്ണം വര്‍ദ്ധിക്കണം. ആയതിനാല്‍, അവിടുത്തെ ധാന്യപ്പുരയില്‍ സമൃദ്ധിയുണ്ടാകുന്നതിനായി നമ്മുടെ ദശാംശം നമുക്കു ചിലവിടാം! അതുവഴി നശ്വരമായ നമ്മുടെ സമ്പത്ത് അനശ്വരമാക്കാം!

ദശാംശം വിനിയോഗിക്കുന്നതിനു നാലു നിര്‍ദ്ദേശങ്ങള്‍!

1. വിജാതിയ അനുകരണങ്ങള്‍ ഇല്ലാത്തതും നമ്മുടെ ബോധ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതുമായ സുവിശേഷ പ്രചരണത്തെ (പ്രചാരകരെ) സഹായിക്കുക! യേഹ്ശുവാ ഏകരക്ഷകന്‍ എന്ന സത്യം പ്രഘോഷിക്കുന്നവരെ മാത്രം സഹായിക്കുക! വിജാതിയ സ്വാധീനമുള്ളതും 'സെക്കുലര്‍' ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതുമായ പ്രഘോഷകരെയോ അവരുടെ സ്ഥാപനങ്ങളെയോ സഹായിക്കരുത്!

2. നമ്മുടെ ഭവനത്തില്‍ കഷ്ടപ്പെടുന്ന സഹോദരങ്ങളെ അര്‍ഹത നോക്കി സഹായിക്കുക!

3. നമ്മുടെ ബന്ധുക്കളില്‍നിന്ന് അര്‍ഹതയുള്ളവരെ കണ്ടെത്തി സഹായിക്കുക!

4. നമ്മുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന ക്രിസ്തീയ സഹോദരങ്ങളെ അവരുടെ അര്‍ഹത നോക്കി സഹായിക്കുക!

നമ്മുടെ അദ്ധ്വാനഫലം ദൈവനിഷേധികളുടെ കരങ്ങളില്‍ എത്തിച്ചേരരുത്! ക്രിസ്തുവിന്റെ വൈരികള്‍ നമ്മുടെ ദശാംശത്തിന്റെ ഫലം അനുഭവിക്കരുത്! നമ്മുടെ ദശാംശത്തിനുമേല്‍ സാത്താന്‍ അവന്റെ ഭവനം പണിയരുത്!

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5567 views

LOG IN

Lost your password?

SIGN UP

LOST PASSWORD