വിജാതിയതയുടെ ദുരന്തം

പാപം ചെയ്യാതിരുന്നാല്‍ വിജാതിയര്‍ രക്ഷപ്രാപിക്കുമോ?

Print By
about

യേഹ്ശുവായില്‍ വിശ്വസിക്കാത്ത വിജാതിയരില്‍ ചിലരെല്ലാം മാന്യമായി ജീവിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമെല്ലാം ചെയ്യുന്നു. പല ക്രൈസ്തവരെയും അപേക്ഷിച്ച് കൂടുതല്‍ സാമൂഹിക നീതിയോടെ വര്‍ത്തിക്കുന്നു. സത്യസന്ധതയോടെ ജോലികള്‍ ചെയ്യുന്നവരുമുണ്ട്. വിശ്വസ്തതയോടെ കുടുംബജീവിതം നയിക്കുന്നവരും ഏറെയാണ്. ഇങ്ങനെയെല്ലാമിരിക്കെ ക്രിസ്തീയതയ്ക്കും യേഹ്ശുവായ്ക്കും എന്തു പ്രസക്തിയാണുള്ളത്? മറ്റുള്ളവര്‍ക്കു ദ്രോഹമൊന്നും ചെയ്യാതെ, തങ്ങളാല്‍ കഴിയുന്ന ഉപകാരങ്ങളൊക്കെ ചെയ്തു ജീവിതം നയിക്കുന്ന വിജാതിയര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാകുകയില്ലേ എന്നതാണു പലരുടേയും ചോദ്യം. ഇതു വിജാതിയരുടെ മാത്രമല്ല ക്രിസ്തീയവിശ്വാസികളില്‍ വലിയൊരു വിഭാഗത്തിന്റെയും ചിന്താഗതിയാണ്.
 
രക്ഷപ്രാപിക്കുകയെന്നാല്‍ ആത്മീയമായ രക്ഷയാണു നാം ചിന്തിക്കുന്നത്. ഭൂമിയിലെ ജീവിതം കഴിഞ്ഞ് മരണാനന്തരമുള്ള ഒരു ജീവിതമുണ്ട്. അതു വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കും നിശ്ചയമായും ഉള്ളതാണെന്നു മരണാനന്തരം ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവായിലൂടെ ഏവര്‍ക്കും ദൃഷ്ടാന്തമാണല്ലോ! അപ്രകാരം മരണത്തിനുശേഷമുള്ള ജീവിതം നിത്യമായ സ്വര്‍ഗ്ഗത്തില്‍ വസിക്കുവാനുള്ള ഭാഗ്യത്തെയാണു രക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രക്ഷ യേഹ്ശുവായില്‍ വിശ്വസിക്കാത്ത വിജാതിയര്‍, തങ്ങളുടെ നീതിയില്‍ വിശ്വസിച്ച് ചരിച്ചാല്‍ പ്രാപിക്കാന്‍ കഴിയുമോ എന്നതു നമ്മുടെ ചിന്തക്കു വിഷയമാക്കുന്നു.
 
ആദ്യമായി സ്വര്‍ഗ്ഗത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ചിന്തിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയങ്ങളെ സംബന്ധിച്ചിടത്തോളം ദൈവത്തെ വിശ്വസിക്കുന്നു എന്നു പറയപ്പെടുന്ന വിവിധ മതങ്ങളില്‍തന്നെ വ്യത്യസ്ഥമായ കാഴ്ചപ്പാടാണുള്ളത്. പുനരുത്ഥാനത്തിനു പകരം പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന മതങ്ങളേയും നമുക്കറിയാം. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പല ആശയങ്ങളുണ്ടെങ്കിലും അവിടെനിന്നും വന്ന യേഹ്ശുവായ്ക്കല്ലാതെ ആധികാരികമായി ഇതിനെക്കുറിച്ചു പറയാന്‍ മറ്റാര്‍ക്കും കഴിയില്ല.
 
യഥാര്‍ത്ഥ്യവും സങ്കല്പവും തമ്മിലുള്ള വ്യത്യാസം എപ്രകാരമാണോ അതുതന്നെയാണ് ക്രിസ്തീയതയും വിജാതിയ മതങ്ങളും തമ്മിലുള്ള വ്യത്യാസം. വിജാതിയ മതങ്ങള്‍ ദൈവത്തെക്കുറിച്ച് ദൈവീകസങ്കല്പം എന്നു പറയാറുണ്ട്. എന്നാല്‍, സത്യദൈവമെന്നും വിശ്വാസസത്യങ്ങളെന്നുമാണ് ക്രൈസ്തവര്‍ പറയുന്നത്.
 
അവര്‍ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു നമ്മള്‍ നമ്മുടെ ദൈവത്തെ വിശ്വസിക്കുന്നു എന്ന് ചില ക്രൈസ്തവര്‍ വിജാതിയരെക്കുറിച്ചും തങ്ങളുടെ വിശ്വാസത്തെക്കുറിച്ചും നിസംഗതയിലുള്ള താരതമ്യം നടത്തുന്നതു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍, പരസ്പരം പോരടിക്കുന്ന ദൈവങ്ങള്‍ വസിക്കുന്നയിടമാണ് സ്വര്‍ഗ്ഗമെന്നു ചിന്തിക്കേണ്ടിവരും.
എന്നാല്‍, ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ഒരുവന്‍ മാത്രമാണ്! സ്വഗ്ഗത്തിന്റെ അധിപനും ആ ദൈവമാണ്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമല്ലാതെ മറ്റേതെങ്കിലും ദേവന്മാരോ ദേവതകളോ സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്യുന്നെങ്കില്‍, അന്യന്റെ വിവാഹവിരുന്നിനു ക്ഷണക്കത്തടിച്ച് വിതരണം ചെയ്യുന്നവനെപ്പോലെയും 'വ്യാജവിസ' നല്കി ജോലി വാഗ്ദാനം ചെയ്യുന്നവനെപ്പോലെയുമാണ്.
 
ഇനി മറ്റൊരുകാര്യം ചിന്തിക്കുന്നതു നന്നായിരിക്കും. ദൈവം ഈ പ്രപഞ്ചത്തെയും ഭൂമിയെയും സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു. കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകലത്തിന്റെയും സൃഷ്ടാവ് ദൈവമാണ്. എന്നാല്‍, ദൈവം സൃഷ്ടിക്കാത്ത ഒന്നുണ്ട്; ദൈവങ്ങള്‍ എന്നറിയപ്പെടുന്ന ദേവന്മാരും ദേവതകളുമാണ് അത്. ദൈവം സൃഷ്ടിച്ചതായ സകലത്തെയും ദൈവം നല്ലതെന്നു കാണുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്നാല്‍, ദൈവം സൃഷ്ടിക്കാത്തതും മനുഷ്യര്‍ സ്വന്തം ഭാവനയില്‍ രൂപപ്പെടുത്തിയതുമായ ദേവന്മാരെയും ദേവതകളെയും അവയുടെ വിഗ്രഹങ്ങളെയും യാഹ്‌വെ വെറുക്കുകയും മ്ലേച്ഛമായി കരുതുകയും ചെയ്യുന്നു. ദൈവത്തിനു പകരമായി മനുഷ്യന്‍ നിര്‍മ്മിച്ച് മഹത്വം നല്‍കുന്ന ഒന്നിനെയും സ്വര്‍ഗ്ഗം അംഗീകരിച്ചിട്ടില്ല. അത്തരം ആരാധനകള്‍ നടത്തുന്ന ഏതൊരുവനും സ്വര്‍ഗ്ഗരാജ്യത്തിനു സ്വീകാര്യനുമല്ല. 
 
മനുഷ്യരുടെ തിന്മയെക്കുറിച്ച് ദൈവം വ്യക്തമാക്കുന്ന രണ്ടു കാര്യങ്ങളുണ്ട്. ജറെമിയാ പ്രവാചകന്റെ പുസ്തകത്തില്‍ അതു വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കാം:
"എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു.  ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു"(ജറെ:2;13). അടിസ്ഥാനപരമായി മനുഷ്യന്റെ തിന്മയെന്നത് ദൈവത്തിനുപകരം ദൈവങ്ങളെ ഉണ്ടാക്കുകയും അതിനെ ദൈവമായി ആരാധിക്കുകയും ചെയ്തതാണ്. ഇത്തരം മനുഷ്യനിര്‍മ്മിത ദൈവങ്ങളെ പൊട്ടക്കിണറിനോടാണ് ദൈവം ഉപമിച്ചിരിക്കുന്നത്. പൊട്ടക്കിണറുകളില്‍നിന്നു ജലം ലഭിക്കാത്തതുപോലെതന്നെ, അന്യദൈവങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യവും അന്യമാണ്! തിന്മ ചെയ്യുന്നവര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ലെന്നു നമുക്കറിയാം. സ്വര്‍ഗ്ഗത്തില്‍ ഇല്ലാത്ത ദൈവത്തെയാണു ആരാധിക്കുന്നതെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ കഴിയില്ല. ഏറ്റവും വലിയ പാപത്തെ പാപമായി മനസ്സിലാക്കാത്തതുകൊണ്ടാണ് മറ്റു പാപങ്ങള്‍ ചെയ്യുന്നില്ലാത്തവരെ നീതിമാന്മാരായി മനുഷ്യര്‍ പരിഗണിക്കുന്നത്. പ്രഥമവും പ്രധാനവുമായ പ്രമാണത്തെ ലംഘിച്ചുകൊണ്ട് മറ്റു പാപങ്ങള്‍ ചെയ്യുന്നില്ല എന്നതില്‍ യാതൊരു മഹത്വവുമില്ല.
 
മനുഷ്യര്‍ നിര്‍മ്മിച്ച ദൈവങ്ങളെ ആരാധിക്കുമ്പോള്‍ അതു ദൈവത്തെയല്ല ആരാധിക്കുന്നത്. ഇപ്രകാരം ആരാധനയര്‍പ്പിക്കുമ്പോള്‍, അവയില്‍ കടന്നുകൂടി ആരാധന സ്വീകരിക്കുന്നത് സാത്താനാണ്! കാരണം അവന്‍ ആദിമുതല്‍ ആരാധന കൊതിക്കുന്നവനായിരുന്നു. ദൈവത്തിനു സമനാകാന്‍ യത്നിച്ച് സ്വര്‍ഗ്ഗത്തില്‍നിന്നും പുറന്തള്ളപ്പെട്ട മാലാഖമാരായിരുന്നു പിശാചുക്കളെന്ന് വചനത്തിലൂടെ നാം അറിഞ്ഞിട്ടുണ്ടല്ലോ! യേഹ്ശുവായോടുപോലും ഇവന്‍ ആരാധന ആവശ്യപ്പെടുന്നത് ബൈബിളിലുണ്ട്. ആരാധിക്കപ്പെടാനുള്ള സാത്താന്റെ അഭിനിവേശം വ്യക്തമാക്കുന്ന സംഭവം ബൈബിളില്‍നിന്നു നമുക്കു ശ്രദ്ധിക്കാം: "പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും"(മത്താ:4;8,9).
 
ദൈവപുത്രനായ യേഹ്ശുവായോടുപോലും ഇപ്രകാരം പറഞ്ഞ സാത്താന്‍, ലോകത്തുള്ള സകല വിഗ്രഹങ്ങളിലും, ദൈവമെന്നു വിളിക്കപ്പെടുന്നതും ദൈവമല്ലാത്തതുമായ ദേവഗണങ്ങളിലും മറഞ്ഞിരുന്ന് ആരാധിക്കപ്പെടുകയാണ്. അതുകൊണ്ടാണല്ലോ അപ്പസ്തോലനായ പൌലോസിലൂടെ ദൈവമിതു വെളിപ്പെടുത്തിയിരിക്കുന്നത്. വചനം ഇങ്ങനെയാണു പറയുന്നത്:
"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1കോറി:10;20).
 
ലോകത്തിന്റെ ദൃഷ്ടിയില്‍ നീതിപൂര്‍വ്വമാണു ജീവിക്കുന്നതെന്ന് ധരിക്കുന്നവരും പാപികളാണെന്നതാണു വസ്തുത! ദൈവത്തെ ദൈവമായി സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്യാതിരിക്കുകയും ദൈവമല്ലാത്തതിനെ ദൈവമായി പൂജിക്കുകയും ചെയ്യുന്നത് പാപങ്ങളില്‍വച്ച് ഏറ്റവും മാരകമാണ്. വ്യക്തമായി മനസ്സിലാക്കിയാല്‍, വിജാതിയരായി തുടരുകയെന്നത് നിത്യജീവനെ തള്ളിക്കളയുകയെന്ന ദുരന്തമാണ്. അതുകൊണ്ടാണല്ലോ യേഹ്ശുവാ ഇപ്രകാരം പറഞ്ഞത്:
"നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.  വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ:16;15,16). സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനുമുമ്പ് യേഹ്ശുവാ അവസാനമായി പറഞ്ഞ വാക്കുകളാണിവ. യേഹ്ശുവായെ സത്യവാനും നീതിമാനുമായി കരുതുന്ന ഒരുവനും ഈ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. കാരണം യേഹ്ശുവായാണ് വഴിയും സത്യവും ജീവനും!
 
തര്‍ക്കത്തിനായി ചിലര്‍ ചോദിക്കാറുണ്ട്; അങ്ങനെയെങ്കില്‍ യേഹ്ശുവായ്ക്കുമുമ്പു മരിച്ചു പോയവരുടെ കാര്യം എന്തായിരിക്കുമെന്ന്! യേഹ്ശുവായെയും ബൈബിളിനെയും വ്യക്തമായി അറിയാത്തവരാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഈ വചനം വായിച്ചിട്ടുള്ളവര്‍ക്ക് അതു മനസ്സിലാകും. വചനം ഇങ്ങനെയാണ്:
"ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു"(1പത്രോ:3;19,20).
 
മറ്റൊരു വചനംകൂടി ഇവിടെ പ്രസക്തമാണ്;
"അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. അവന്‍ ആരോഹണം ചെയ്തുവെന്നതിന്റെ അര്‍ത്ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ? ഇറങ്ങിയവന്‍ തന്നെയാണ്"(എഫേ:4;8-10). യേഹ്ശുവായ്ക്കുമുമ്പ് മരിച്ചുപോയവരോടും സുവിശേഷം പ്രഘോഷിക്കപ്പെട്ടു കഴിഞ്ഞു. കല്ലറകളില്‍ വസിക്കുന്നവരും വചനം കേട്ടുകൊണ്ടിരിക്കുന്നു! സകല ആത്മാക്കളുടെയും രക്ഷയ്ക്ക് ആവശ്യമായതൊക്കെ സത്യദൈവം ഒരുക്കിയിരിക്കേ, അവരെക്കുറിച്ചോര്‍ത്ത് ആകുലപ്പെടേണ്ടാതില്ല! നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍! യേഹ്ശുവാ അരുളിച്ചെയ്യുന്നു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവന്‍ ജീവിക്കും"(യോഹ:5;25). ഈ വചനംകൂടി ഓര്‍മ്മയില്‍ സൂക്ഷിക്കുക: "ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍ കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു"(യോഹ:5;28).
 
പിശാചിനു ബലിയര്‍പ്പിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ ഓഹരി സ്വീകരിക്കാന്‍ യോഗ്യരല്ല. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:
"ഒരേ സമയം യേഹ്ശുവായുടെ പാനപാത്രവും പിശാചുക്കളുടെ പാനപാത്രവും കുടിക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. യേഹ്ശുവായുടെ മേശയിലും പിശാചുക്കളുടെ മേശയിലും ഭാഗഭാക്കുകളാകാനും സാധിക്കില്ല"(1കോറി:10;21). ലോകം ശ്രേഷ്ഠമായി കരുതുന്നവയല്ല ദൈവം വിശിഷ്ടമായി കരുതുന്നത്. മറ്റുള്ളവരുടെ വേദനയറിഞ്ഞ് അവരെ സഹായിക്കുന്നതു നല്ലതുതന്നെ. എന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ അംഗീകാരം ലഭിക്കുകയും പ്രതിഫലം ലഭിക്കുകയും ചെയ്യണമെങ്കില്‍ യേഹ്ശുവായുടെ നാമത്തില്‍ ചെയ്യണം! യേഹ്ശുവായെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെയാണ് പിതാവു ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. "എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും"(യോഹ:14;21).
 
വിജാതിയര്‍ വ്യര്‍ത്ഥതയിലാണെന്നു തര്‍ക്കത്തിനിടമില്ലാത്ത രീതിയില്‍ ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്.
"നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യംനിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു"(എഫേ:4;17,18). വിജാതിയജീവിതത്തിന്റെ വ്യര്‍ത്ഥതയാണ് ഇവിടെ മനസ്സിലാക്കിതരുന്നത്.
 
ഒരു പാപവും ചെയ്യാതെ തന്റെകാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരുവന്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കും എന്നു ചിന്തിക്കുന്ന ചിലരെല്ലാമുണ്ട്. അല്ലെങ്കില്‍, ഇതൊരു ചോദ്യമായി കൊണ്ടുനടക്കുന്നവരുണ്ട്. എന്നാല്‍, ഇതില്‍ ഒരു യാഥാര്‍ത്ഥ്യവുമില്ല. മറ്റുള്ളവര്‍ക്കു ചെയ്യാന്‍ കഴിയുന്ന നന്മ പ്രവര്‍ത്തിക്കാതിരിക്കുന്നതും പാപമാണെന്നു മറക്കരുത്. യേഹ്ശുവാ പറയുന്ന ഒരുപമയുണ്ട്. ലാസറിന്റെയും ധനവാന്റെയും ഉപമയാണത്. ഈ ഉപമയില്‍ ഇരുവരും മരിച്ച്, ലാസര്‍ അബ്രാഹത്തിന്റെ മടിയിലും ധനവാന്‍ നരകത്തിലും എത്തുന്നതായി വിവരിക്കുന്നു. ഇവിടെ ധനവാന്‍ ലോകത്തിന്റെ നിയമ പ്രകാരമുള്ള ഒരു പാപവും ചെയ്തതായി പറയുന്നില്ല. അവന്‍ തന്റെ സമീപത്തു ജീവിച്ച ലാസറിനെ ഗൌനിച്ചില്ല എന്നതായിരുന്നു അനീതിയായി ഗണിക്കപ്പെട്ടത്.
 

ഇന്ത്യയില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക്, ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ കടമയുണ്ട്. ഈ നിയമങ്ങളെല്ലാം കണിശമായി അനുസരിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് 'പത്മശ്രീ'യോ മറ്റെന്തെങ്കിലും ബഹുമതിയോ നല്‍കി ആദരിക്കാറില്ലല്ലോ! നിയമങ്ങള്‍ അനുസരിച്ചാല്‍ ജയിലില്‍ കിടക്കാതിരിക്കാം! സമ്മാനം ലഭിക്കണമെങ്കില്‍ നിയമങ്ങള്‍ അനുസരിക്കുന്നതോടൊപ്പം മറ്റുചില ശ്രേഷ്ഠ കാര്യങ്ങള്‍ക്കൂടി ചെയ്യണം!
 
ഭൂമിയിലെ രാജ്യങ്ങള്‍ക്കുള്ളതുപോലെ സ്വര്‍ഗ്ഗരാജ്യത്തിനും നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ അനുസരിക്കുന്നവരാണ് അവിടെ പ്രവേശിക്കുവാന്‍ യോഗ്യതനേടുന്നത്. ദൈവത്തിന്റെ നിയമത്തില്‍, അരുതാത്തവയും ചെയ്യേണ്ടവയും വ്യക്തമാക്കിയിട്ടുണ്ട്. അരുതെന്നു പറഞ്ഞവ ചെയ്യാതിരിക്കുന്നു എന്നതുകൊണ്ട് സ്വീകാര്യരാകുന്നില്ല. ചെയ്യണമെന്നു നിര്‍ദ്ദേശിച്ചിട്ടുള്ളവ ചെയ്യുകയും വേണം. അങ്ങനെയാണ് ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭ സകല രാജ്യങ്ങള്‍ക്കുമായി പൊതുനിയമം നിര്‍മ്മിക്കുന്നതുപോലെ, ഓരോ രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിനായി തങ്ങളുടേതായ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. ഇവ അനുസരിച്ചാല്‍, ഈ ലോകത്ത് ജീവിക്കുന്നതിന്‌ ഇതു ധാരാളം മതിയാകും. എന്നാല്‍, ദൈവരാജ്യപ്രാപ്തിക്ക് ഒരുവനെ യോഗ്യനാക്കുന്നത് ഈ നിയമങ്ങളല്ല!
 
സ്വന്തം ജീവിതം മറന്ന് മറ്റുള്ളവര്‍ക്കും രാജ്യത്തിനും പ്രസ്ഥാനങ്ങള്‍ക്കുമെല്ലാമായി എരിഞ്ഞുതീര്‍ന്ന ജീവിതങ്ങളെ നമുക്കറിയാം. ഇതു വായിക്കുന്നവരുടെ ചിന്തകളിലേക്ക് ചില മുഖങ്ങളും തെളിഞ്ഞു വരുന്നുണ്ടാകാം. ഇവരുടെ മരണാനന്തര ജീവിതം സ്വര്‍ഗ്ഗരാജ്യത്തിലായിരിക്കുമെന്ന് ചിന്തിക്കുന്നവരും വിരളമല്ല. എന്നാല്‍, സ്വര്‍ഗ്ഗത്തിലോ നരകത്തിലോ മറ്റേതെങ്കിലും അവസ്ഥയിലോ എന്നത് തീരുമാനിക്കുന്നത് ദൈവപുത്രനായ യേഹ്ശുവായാണ്. കാരണം സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും പാതാളത്തിന്റെയും സര്‍വ്വാധികാരങ്ങളും യേഹ്ശുവായില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
"പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല; വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത,  അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു"(യോഹ:5;21-25).
 
നിത്യജീവനില്‍ പ്രവേശിക്കാന്‍ യോഗ്യത നേടുന്നവര്‍ ആരാണെന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ഈ വചനത്തിലുണ്ട്. മറ്റൊരു വചനം കൂടി നമുക്കു പരിശോധിക്കാം. ഒരിക്കലൊരു ധനികനായ യുവാവ് യേഹ്ശുവായോടു നിത്യജീവനെ സംബന്ധിച്ച് ചോദിച്ച ചോദ്യത്തിന്, അവിടുന്ന് നല്‍കുന്ന ഉത്തരമാണിത്. ഈ ഭാഗത്ത് ഇങ്ങനെയാണു പറയുന്നത്:
"ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.  അവന്‍ ചോദിച്ചു; ഏതെല്ലാം? യേഹ്ശുവാ പ്രതിവചിച്ചു; കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്റെ അയലക്കാരനെയും സ്നേഹിക്കുക. ആ യുവാവ് ചോദിച്ചു; ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ്, എനിക്കു കുറവ്? യേഹ്ശുവാ പറഞ്ഞു; നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക"(മത്താ:19;17-22).
 
സമ്പത്തെല്ലാം ദരിദ്രര്‍ക്കു കൊടുക്കാത്തവന്‍ സ്വര്‍ഗ്ഗത്തില്‍ പോകില്ലാ എന്നതല്ല യേഹ്ശുവാ ഉദ്ദേശിക്കുന്നത്. മറിച്ച്,  സമ്പത്ത് ദൈവരാജ്യ ശുശ്രൂഷക്ക് ഒരു തടസ്സമാകരുതെന്നാണ്. സമ്പത്തില്‍ പ്രത്യാശ വച്ചിരിക്കുന്നവന് യേഹ്ശുവായുടെ ശുശ്രൂഷയില്‍ പൂര്‍ണ്ണനാകാന്‍ കഴിയില്ല. സമ്പത്തിന്റെ ബാഹുല്യം നിമിത്തം ആത്മീയ ശുശ്രൂഷകള്‍ ശോഷിച്ചുപോയ ക്രൈസ്തവ സഭകളെ നാം കാണുന്നുണ്ടല്ലോ! അതുപോലെതന്നെ, പ്രമാണങ്ങളെല്ലാം പൂര്‍ണ്ണമായി അനുസരിച്ചാല്‍പോലും ദൈവരാജ്യത്തില്‍  പ്രവേശിക്കണമെന്നില്ല. അവന്‍ യേഹ്ശുവായെ അനുഗമിക്കുന്നവനാകണം. ഈ ഭൂമിയില്‍ എത്ര നീതി പ്രവര്‍ത്തിച്ചാലും നിത്യജീവന്‍ അവകാശമാക്കണമെങ്കില്‍ യേഹ്ശുവായെ പിന്തുടരാതെ സാധ്യമല്ല.
 
ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു:
"നിയമം അനുഷ്ഠിക്കുന്നതുകൊണ്ട് ഒരുവനും അവിടുത്തെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല. നിയമംവഴി പാപത്തെക്കുറിച്ച് ബോധമുണ്ടാകുന്നുവെന്നേയുള്ളു"(റോമ:3;20). ഏതെങ്കിലും പ്രവര്‍ത്തിയുടെ ഫലമായിട്ടല്ല ഒരുവന്‍ നീതീകരിക്കപ്പെടുകയും അതുവഴി നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നത്. മനുഷ്യരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നത് യേഹ്ശുവായുടെ രക്തത്താലാണ്. അതിനാല്‍ ഈ പാപക്ഷമയും രക്ഷയും യേഹ്ശുവായിലുള്ള വിശ്വാസത്താല്‍ മാത്രം കൈവരുന്നു. "വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല,  ദൈവത്തിന്റെ ദാനമാണ്. അതു പ്രവൃത്തികളുടെ ഫലമല്ല"(എഫേ:2;8,9).
 
യേഹ്ശുവാ സകല മര്‍ത്യരുടെയും പാപങ്ങള്‍ക്കുവേണ്ടിയാണു പരിഹാരം ചെയ്തതെങ്കിലും, ഇതു സ്വീകരിക്കുന്നവര്‍ക്കു മാത്രമാണു ഫലം ലഭിക്കുന്നത്.
"പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു"(റോമാ:4;5).
 
നാമാരും ജന്മംകൊണ്ടു ദൈവത്തിന്റെ മക്കളല്ല. മറിച്ച്,
"യേഹ്ശുവായിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു"(ഗലാ:3;26,27). "അങ്ങനെ നമ്മളെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന്  അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി"(ഗലാ:4;5). ചിലരെങ്കിലും ചിന്തിക്കുന്നതുപോലെ ലോകത്തുള്ള സകലരും ദൈവത്തിന്റെ മക്കളാണെന്ന ധാരണ അജ്ഞതയില്‍നിന്നും ഉടലെടുത്തതാണെന്ന് വചനം പഠിക്കുമ്പോള്‍ മനസ്സിലാകും. വിശ്വസിക്കുന്ന ഏതൊരുവനും ആരെന്നുള്ള വ്യത്യാസം കൂടാതെ യേഹ്ശുവാ വഴി ലഭ്യമാകുന്ന സ്ഥാനമാണ്  പുത്രത്വവും അവകാശവും!
 
വളരെ ഗൌരവത്തോടും അതീവ ജാഗ്രതയോടും മനസ്സിലാക്കേണ്ടതായ ഒരു സത്യം ഇവിടെ വിസ്മരിക്കരുത്. സകലരുടെയും രക്ഷയാഗ്രഹിക്കുന്ന യേഹ്ശുവാ ഇക്കാര്യം എല്ലാവരോടുമായി അറിയിച്ചു. ഇനിയും ഹൃദയം കഠിനമാക്കിയാല്‍ ക്രൂശിക്കപ്പെടാന്‍ ഒരു ക്രിസ്തു വേറെയില്ല. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തുമായിരുന്നെങ്കില്‍ യേഹ്ശുവായുടെ പീഢാനുഭവവും കുരിശുമരണവും അര്‍ത്ഥശൂന്യമാകുമായിരുന്നു. സത്യം മാത്രമായ യേഹ്ശുവാ ഒരു നുണയനാണെന്ന ശപിക്കപ്പെട്ട ധാരണ അപകടമാണ്. സത്യമായും യേഹ്ശുവാ പറഞ്ഞിട്ടുള്ളവയില്‍നിന്നും വ്യത്യസ്ഥമായ ഒരു രക്ഷയോ സത്യമോ ഇല്ല. ലോകം മുഴുവനെയും വചനം അറിയിക്കുവാനും, സ്വീകരിക്കുന്നവര്‍ക്കു സ്നാനം നല്‍കുവാനും പറഞ്ഞത് യേഹ്ശുവായുടെ അധരങ്ങളിലൂടെയാണല്ലോ! വിശ്വസിക്കുന്നവര്‍ രക്ഷപെടുമെന്നും വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞതും അവിടുന്നുതന്നെ!
 
എല്ലാ ക്രൈസ്തവനും ഇതു കല്പനയായി നല്‍കപ്പെട്ടിട്ടുണ്ട്. ഈ രക്ഷ അറിഞ്ഞവര്‍ അതു പ്രഘോഷിക്കാതെ ആരെങ്കിലും നശിച്ചാല്‍, അവരുടെ രക്തത്തിനു ക്രൈസ്തവരെന്നു വിളിക്കപ്പെടുന്നവര്‍ ഉത്തരവാദികളായിരിക്കും. എസക്കിയേല്‍ പ്രവചനം ഇവിടെ ശ്രദ്ധേശമാണ്:
"മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ ആ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും"(എസക്കി:3;17-19).
 
അജ്ഞത ഒരു അനുഗ്രഹമല്ലെന്ന് ഇവിടെ വ്യക്തമാകുന്നുണ്ട്! അറിവു നേടുകയെന്നത് ഓരോ വ്യക്തിയുടെയും അവകാശമായിരിക്കുന്നതുപോലെ ഉത്തരവാദിത്വവും കൂടിയാണ്. അന്വേഷിക്കുന്നവന്‍ കണ്ടെത്തുമെന്ന വചനം ഓര്‍ക്കുക!
 
പണ്ഡിതരോ, പാമരരോ, ധനികരോ, ദരിദ്രരോ,വൃദ്ധരോ,ശിശുക്കളോ, രാജാവോ, അടിമയോ, രാഷ്ട്രത്തലവന്മാരോ, രാഷ്ട്രപിതാക്കന്മാരോ, സ്ത്രീയോ, പുരുഷനോ എന്ന വ്യത്യാസമില്ലാതെ ജീവിച്ചിരുന്നവരും ഇപ്പോള്‍ ഉള്ളവരും വരാനിരിക്കുന്നവരുമായ സകല മര്‍ത്യര്‍ക്കുമായി സൈന്യങ്ങളുടെ ദൈവവും, ആകാശവും ഭൂമിയും സൃഷ്ടിച്ചവനും, സര്‍വ്വശക്തനായ ദൈവത്തില്‍നിന്നു വന്ന രക്ഷയും, സര്‍വ്വധികാരങ്ങളും കൈയ്യാളുന്നവനുമായ യേഹ്ശുവാ അരുളിച്ചെയ്യുന്നു:
"സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു,  വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയില്ല"(യോഹ:3;3). "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു,  ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ:3;5). ഈ സത്യം പ്രഘോഷിക്കുവാനായി ചുമതലയേറ്റ ചിലര്‍ വ്യര്‍ത്ഥതയുടെ സന്ദേശവുമായി ചുറ്റിത്തിരിയുന്നത് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ശാപമാണ്! നരകം നിറയ്ക്കാന്‍ സാത്താനില്‍നിന്ന്‍ അച്ചാരം വാങ്ങിയ ചിലര്‍ ക്രിസ്തീയസഭകളുടെ തലപ്പത്തിരുന്നു ജല്പനങ്ങള്‍ നടത്തുന്നുണ്ട്. നമ്മള്‍ യേഹ്ശുവായിലൂടെ രക്ഷപ്പെടുന്നതുപോലെ, വിജാതിയര്‍ അവരുടെ മൂര്‍ത്തികളിലൂടെ നിത്യജീവനില്‍ പ്രവേശിക്കുമെന്ന അബദ്ധപ്രബോധനങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ആത്മാവിനോടൊപ്പം അനേകരുടെ ആത്മാക്കളെ നിത്യനാശത്തിലേക്കു നയിക്കുകയാണ്!

അല്ലയോ കപടനാട്യക്കാരേ, യേഹ്ശുവായ്ക്കും അവിടുത്തെ അപ്പസ്തോലന്മാര്‍ക്കുമാണോ തെറ്റുപറ്റിയത്? ക്രിസ്തുവിന്റെ കുരിശുമരണത്തിനു നിങ്ങള്‍ യാതൊരു വിലയും കല്പിക്കുന്നില്ലേ?

"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3696 views

LOG IN

Lost your password?

SIGN UP

LOST PASSWORD