വിജാതിയതയുടെ ദുരന്തം

കൈനോട്ടവും ഭാവി പ്രവചിക്കലും!

Print By
about

തു നാട്ടില്‍ ചെന്നാലും കാണാന്‍ കഴിയുന്ന ഒരു വിഭാഗമാണ് കൈനോട്ടക്കാര്‍. പല രീതിയില്‍ ആളുകളെ വശത്താക്കാന്‍ ഇവര്‍ക്കു പ്രത്യേകമായ കഴിവും ഉണ്ട്. നമ്മുടെ ജീവിതത്തില്‍ സംഭവിച്ച പലകാര്യങ്ങളും വളരെ കൃത്യമായി പറയുന്നവരുമുണ്ട്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും ഇക്കൂട്ടരില്‍ ചിലര്‍ പറയും. ചിലതെല്ലാം സംഭവിക്കുകയും ചെയ്യുന്നു. ഇതിലെ മനശ്ശാസ്ത്രപരമായ കാര്യങ്ങളിലേക്ക് പോകാതെ തന്നെ, മറ്റു ചില വസ്തുതകള്‍ വചനത്തിന്റെ വെളിച്ചത്തില്‍ നമുക്ക് ചിന്തിക്കാം.

 യുക്തിവാദികളും പുരോഗമന ചിന്താഗതിക്കാരും ഇതിനെ പുച്ഛിച്ചുതള്ളുകയും; രഹസ്യമായി ഇവരെ സമീപിക്കാറുമുണ്ട്. കാര്യം എന്തൊക്കെയായാലും ഇതു ചിലര്‍ക്ക് വലിയൊരു വരുമാന മാര്‍ഗ്ഗമാണ് എന്നതില്‍ തര്‍ക്കമില്ല. ഭാവിയില്‍ എന്തു സംഭവിക്കും എന്നറിയാനുള്ള ആഗ്രഹം മന്‍ഷ്യര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ആദ്യ കാലം മുതല്‍, ഇപ്പോഴും ഇത്തരം ആളുകള്‍ ഇതു തുടരുന്നു.

എന്നാല്‍, ദൈവം ഇതു നമുക്ക് അനുവദിച്ചിട്ടില്ല എന്നാണ് വചനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. കാരണം; ഇതു പ്രവര്‍ത്തിക്കുന്നത് സാത്താനാണ്! മനുഷ്യന്റെ ദൈവത്തിലുള്ള ആശ്രയത്തില്‍നിന്നു അടര്‍ത്തിയെടുക്കുകയാണ് അവന്റെ പരിപാടി. മനുഷ്യന്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിനു പകരം; മന്ത്രവാദികളുടെയും ആഭിചാരക്കാരുടെയും അടുത്തേക്കു നയിക്കുവാനുള്ള ആദ്യപടിയാണ് ഈ കൈ നോട്ടം. പല കൈ നോട്ടക്കാരും പ്രശ്ന പരിഹാരത്തിന് ചില പൂജകളും വഴിപാടുകളും നിര്‍ദേശിക്കാറുണ്ട്. ഇവരുടെ ഏറ്റവും വലിയ തന്ത്രം; ഏതു മതത്തില്‍പ്പെട്ടവരാണോ വരുന്നത്, അവരുടെ ആരാധനാലയത്തില്‍ നേര്‍ച്ച നടത്താന്‍ ആദ്യം നിര്‍ദേശിക്കും. ഫലം കിട്ടാതെ വന്നാല്‍ പല സ്ഥലങ്ങള്‍ മാറ്റി വിടാന്‍ തുടങ്ങും.

ഭാവിയെക്കുറിച്ചുള്ള ആകുലതയാണ് ഇത്തരം കാര്യങ്ങളിലേക്കു പലരെയും നയിക്കുന്നത്. ദൈവത്തിന്റെ വചനം പറയുന്നു; "ആകുലരാകുന്നതുകൊണ്ട് ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു മുഴം നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും?"(ലൂക്കാ: 12; 25). നമ്മെ സൃഷ്ടിച്ചവനു നമ്മെക്കുറിച്ച് വലിയ പദ്ധതികളുണ്ട്. നമ്മുടെ നാശത്തിനല്ല. ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതിയാണത്.

ഭാവിപ്രവചിക്കുന്ന ആത്മാവ് ബാധിച്ച ഒരുവനെ സുഖപ്പെടുത്തുന്നതായി ബൈബിളില്‍ പറയുന്നുണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ഇത്തരം കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു വചനം പറയുന്നു. "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാര്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ കാണരുത്"(നിയമാവര്‍ത്തനം: 18; 9-11).

നമ്മുടെ ഭാവി പ്രവചിക്കാന്‍ സാത്താനെ, ദൈവം അനുവദിക്കുന്നതിന്റെ കാരണം ബൈബിളില്‍ പറയുന്നുണ്ട്. "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്കു അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം:13;1-3).

യാഹ്‌വെയുടെ പരിശോധനയില്‍ വിജയം വരിക്കുവാന്‍, നമുക്ക് ഇത്തരം തിന്മകളില്‍നിന്നും അകന്നു നില്‍ക്കാം.. 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5865 views

LOG IN

Lost your password?

SIGN UP

LOST PASSWORD