വിജാതിയതയുടെ ദുരന്തം

യേഹ്ശുവായെതേടി `വിജാതിയരുടെ` പുസ്തകങ്ങളിലേക്ക്!

Print By
about

ഴിഞ്ഞ കാലങ്ങളിലൊന്നും ഇല്ലാത്തവിധം വിജാതിയ മതഗ്രന്ഥങ്ങളില്‍ യേഹ്ശുവായെ അന്വേഷിച്ചു നടക്കുന്ന ഒരു പ്രവണത ക്രൈസ്തവരുടെയിടയില്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ഹൈന്ദവവേദങ്ങളിലും ഖുര്‍ആനിലും യേഹ്ശുവായുണ്ടെന്ന കേള്‍വിയും അതിലൂടെ കിട്ടിയ അറിവുമാണ് ഈവിധ അന്വേഷണങ്ങളുടെ മുഖ്യകാരണം. സാത്താന്റെ നിഗൂഢമായ ഒരുകെണിയാണിതെന്ന് പറയാതിരിക്കാന്‍ വയ്യ! ഇത്തരം അന്വേഷണങ്ങളുടെ ഗുണവും ഒളിഞ്ഞിരിക്കുന്ന ദുരന്തങ്ങളും വിശകലനം ചെയ്യുവാനാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
 

സാത്താന്‍ ചൂണ്ടയില്‍ കോര്‍ത്തിട്ടിരിക്കുന്ന ഇരയാണ് വിജാതിയ പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന 'യേഹ്ശുവാ'! ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്ത വിജാതിയരായ ചില വ്യക്തികള്‍ ഈ ഗ്രന്ഥങ്ങളില്‍നിന്ന് സത്യം തിരിച്ചറിയുകയും യേഹ്ശുവായെ രക്ഷകനായി അംഗീകരിക്കുകയും ചെയ്തിട്ടുള്ള കാര്യം വിസ്മരിക്കുന്നില്ല. സാത്താന്‍ തിന്മക്കായി ഒരുക്കിയ സംവീധാനങ്ങളെ, അവനെതിരെ ദൈവം ഉപയോഗിക്കുകയും അവന്റെ അടിമത്വത്തില്‍നിന്ന്, തിരഞ്ഞെടുക്കപ്പെട്ട ചിലരെ വിടുവിക്കുകയും ചെയ്തു. തിന്മയില്‍നിന്നുപോലും നന്മയെ ഉളവാക്കുന്ന ദൈവത്തിന്റെ ശക്തിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍, പ്രകാശം സ്വീകരിച്ചവര്‍ അന്ധകാരത്തിലേക്ക് പോകുന്നത് അപകടമാണ്. ഒരുമുറിയില്‍ മെഴുകുതിരി തെളിച്ചു വച്ചാല്‍ പ്രകാശം ലഭിക്കും. എന്നാല്‍, ശക്തമായ പ്രകാശത്തില്‍നിന്ന് വരുന്നവര്‍ ഈ മുറിയില്‍ പ്രവേശിക്കുമ്പോള്‍ ഒന്നും കാണാന്‍ കഴിയുകയില്ല. അവിടെ കഴിഞ്ഞവര്‍ക്ക് മെഴുകുതിരി പ്രകാശം ആയിരുന്നുവെങ്കില്‍പോലും കൂടുതല്‍ മഹത്തായ പ്രകാശത്തില്‍നിന്ന് വരുന്നവര്‍ തപ്പിതടയും!
 

വിജാതിയ മതഗ്രന്ഥങ്ങളില്‍ ആത്മരക്ഷക്ക് ആവശ്യമായതൊന്നും ഇല്ലെന്നുള്ള വസ്തുത സാത്താന്  നന്നായി അറിയാം. അവന്‍ കൌശലക്കാരനായതുകൊണ്ട് ദുര്‍ബലരായ വിശ്വാസികളെ തെറ്റിദ്ധാരണകളിലേക്ക് വശീകരിക്കാന്‍ തന്ത്രപൂര്‍വ്വം മുന്‍കൂട്ടി ഒരുക്കിയ കെണിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ നയിക്കുകയാണ്. ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതായ ഒരു വചനമുണ്ട്. "ഇതാ, മ്ശിഹാ ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ള മ്ശിഹാമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്"(മത്താ: 24; 23-26). ഒറ്റനോട്ടത്തില്‍ നന്മയെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ തിന്മ കടന്നുവരുമ്പോള്‍ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയില്ല. രക്ഷപെടാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥകളില്‍ എത്തിക്കഴിയുമ്പോള്‍ മാത്രമായിരിക്കും സത്യം തിരിച്ചറിയുന്നത്.
 
രക്ഷയെ തടസ്സപ്പെടുത്തുന്ന സന്ദേശങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പുസ്തകതാളുകളില്‍ ഏതെങ്കിലും ഒരു പേജില്‍ യേഹ്ശുവായെ ചിത്രീകരിക്കുന്നത് ചില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ പോലെയാണ്. നല്ലഭാഗങ്ങള്‍ മാത്രം വെട്ടിച്ചേര്‍ത്ത് സിനിമയുടെ 'ട്രയലര്‍' കാണിക്കുന്നതുപോലെ!!
ഈ ഗ്രന്ഥങ്ങളൊന്നും യേഹ്ശുവാ ഏകരക്ഷകനാണെന്നോ ദൈവപുത്രനാണെന്നോ അറിയിക്കുന്നില്ല. യേഹ്ശുവായുടെ കുട്ടിക്കാലത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് യഥാര്‍ത്ഥ മുഖം വികൃതമാക്കുകയാണ്. മ്ശിഹായുടെ യാഥാര്‍ത്ഥ ദൌത്യത്തെ മറച്ചുവച്ചുകൊണ്ട് എത്ര മഹാനാണെന്നു പറഞ്ഞാലും ആ മഹത്വം യഥാര്‍ത്ഥ മഹത്വമല്ല. കുരിശിലെ ബലിയും, ഉത്ഥാനവും, സ്വര്‍ഗ്ഗാരോഹണവും തള്ളിക്കളഞ്ഞാല്‍ അതു യേഹ്ശുവായാകില്ല. ഇവ മൂന്നും ചേര്‍ന്നാല്‍ മാത്രമെ യേഹ്ശുവാ  മ്ശിഹായാകുകയുള്ളു! ഇതില്‍നിന്നു വിഭിന്നരായ അനേകം വ്യാജന്മാര്‍ ഇതിനോടകം കടന്നുവരികയും അനേകരെ വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്.
 

അനേകം ദേവന്മാരില്‍ ഒരുവനായോ ഒരു പ്രവാചകന്‍ മാത്രമായോ യേഹ്ശുവായെ അംഗീകരിക്കാന്‍ ചില മതങ്ങള്‍ തയ്യാറാകുന്നുണ്ട്. കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ ഇത്തരം മതങ്ങളുടെ മതസൌഹാര്‍ദ്ദത്തെ ശ്ലാഘിച്ചേക്കാം. (ക്ളിമ്മിസിനെ ഇന്ത്യയിലെ മാധ്യമങ്ങള്‍ ചുമക്കുന്നതുപോലെ). ഇത്തരം അംഗീകാരങ്ങളിലൂടെ യേഹ്ശുവായെ ബഹുമാനിക്കുകയും സ്നേഹിക്കുകയുമാണെന്നു കരുതരുത്. ബഹുമാനിക്കുകയല്ല നിന്ദിക്കുകയാണ്  ചെയ്യുന്നത്. കാരണം സൃഷ്ടാവായ ദൈവത്തെ സൃഷ്ടിയോടും സാത്താനോടും സമനാക്കി അവഹേളിക്കുകയാണെന്ന് മറക്കരുത്. 
 
യേഹ്ശുവാ സൃഷ്ടാവാണെന്നു പറയുമ്പോള്‍ ചില ക്രൈസ്തവര്‍പോലും നെറ്റി ചുളിച്ചേക്കാം! എന്നാല്‍, പിതാവായ ദൈവം സൃഷ്ടി നടത്തുമ്പോള്‍ പുത്രാനായ യേഹ്ശുവായും കൂടെയുണ്ടായിരുന്നുവെന്ന് വചനത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഉല്‍പത്തി പുസ്തകത്തിലേയും യോഹന്നാന്റെ സുവിശേഷത്തിലേയും ഓരോ വചനംമാത്രം ഇക്കാര്യം സ്ഥിരീകരിക്കാനായി പരിശോധിക്കാം! ഉല്‍പത്തിയുടെ ചരിത്രത്തില്‍ മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുന്‍പ് മറ്റെല്ലാം സൃഷ്ടിച്ചതായി കാണാം. പിന്നീട് പിതാവായ ദൈവം പറയുന്നു;
"നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം"(ഉല്‍പത്തി:1;26). ഒരു വ്യക്തിയാണ്  ഇതു ചെയ്യുന്നതെങ്കില്‍ 'നമുക്ക്' എന്നു പറയുകയോ ആരോടെങ്കിലും അഭിപ്രായം ചോദിക്കുകയോ വേണ്ടിയിരുന്നില്ല. ഈ വസ്തുത വ്യക്തമാക്കുന്ന വചനത്തോടെയാണ് യോഹന്നാന്‍ സുവിശേഷം ആരംഭിക്കുന്നത്.
 
വചനം മനുഷ്യനായി എന്ന തലക്കെട്ടോടെയാണ് യോഹന്നാന്റെ സുവിശേഷം തുടങ്ങുന്നത്.
"ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല"(യോഹ:1;1- 4). യേഹ്ശുവായെക്കുറിച്ച് വീണ്ടും പന്ത്രണ്ടാം വാക്യത്തില്‍ പറയുന്നു; "ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു.  എങ്കിലും ലോകം അവനെ അറിഞ്ഞില്ല" ഈ സത്യം വിസ്മരിച്ചുകൊണ്ട്, മതസൌഹാര്‍ദ്ദ സമ്മേളനങ്ങള്‍ നടത്തി യേഹ്ശുവായെ സകല അവതാരങ്ങളുടെയുമൊപ്പം പ്രതിഷ്ഠിച്ച് ശിക്ഷാവിധി പിടിച്ചുവാങ്ങാന്‍, ചില ക്രൈസ്തവരെന്നു പറയപ്പെടുന്ന ബുദ്ധിജീവികള്‍ ഓടിനടക്കുമ്പോള്‍ ഇവയുടെ പിന്നിലെ അരൂപിയെ തിരിച്ചറിയണം! യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചത് മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ മാത്രമാണ്! ഇപ്പോള്‍ അവിടുന്ന് ദൈവവും മനുഷ്യനുമാണെന്ന തിരിച്ചറിവ് ക്രൈസ്തവര്‍ക്കെങ്കിലും ഉണ്ടാകണം. ദൈവവും മനുഷ്യനുമായുള്ള ഈ അവസ്ഥ അന്ത്യവിധി വരെ തുടരേണ്ടിയിരിക്കുന്നു.
 
മുഖവുരയായി ഇത്രയും എഴുതുന്നത് യേഹ്ശുവാ മറ്റു ദേവന്മാരില്‍നിന്നും പ്രവാചകന്മാരില്‍നിന്നും എപ്രകാരം വ്യത്യസ്ഥനായിരിക്കുന്നുവെന്ന് വെളിപ്പെടുത്താനാണ്. മറ്റു മതഗ്രന്ഥങ്ങളില്‍ യേഹ്ശുവായെ അന്വേഷിക്കുന്നതിലെ അപകടം, ആ മതഗ്രന്ഥങ്ങളെ ആധാരമാക്കി ചിന്തിക്കാന്‍ ഇനി നമുക്ക് ശ്രമിക്കാം. സ്വാഭാവികമായി ഒരു ചോദ്യം വായനക്കാരില്‍നിന്നും ഉയര്‍ന്നുവന്നേക്കാം. ആരംഭത്തില്‍ സൂചിപ്പിച്ചതില്‍നിന്ന് വ്യത്യസ്ഥമായല്ലെ ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന ചോദ്യത്തിന് ലേഖനത്തിന്റെ അന്ത്യത്തില്‍ ഉത്തരം കിട്ടും!
 
യേഹ്ശുവായെക്കുറിച്ച് വേദങ്ങളില്‍!  
 
ക്രൈസ്തവര്‍ക്ക് ബൈബിളും, ഇസ്ലാമിന്  ഖുര്‍ആനുംപോലെ ഹൈന്ദവര്‍ക്ക് പൊതുവായൊരു ഗ്രന്ഥമില്ല. എങ്കിലും വേദങ്ങളെയാണ് ഇവര്‍ അടിസ്ഥാന ഗ്രന്ഥങ്ങളായി അംഗീകരിച്ചുപോരുന്നത്. ഹിന്ദുക്കള്‍ എന്നത് 'സിന്ധുക്കള്‍'  എന്ന വാക്കില്‍നിന്നും ഉണ്ടായതാണെന്ന് പറയപ്പെടുന്നു. ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും നിരീശ്വര വിശ്വാസികളും എല്ലാം ഈ സമൂഹത്തിന്റെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ ഒരു മതവിഭാഗം എന്നു പറയുന്നതിനേക്കാള്‍ ഒരു സംസ്കാരം എന്നു പറയുന്നതാണ് കൂടുതല്‍ ഉചിതം! ഈ സംസ്കാരത്തിന്റെ ഭാഗമായുള്ള ചില ഉപവിഭാഗങ്ങള്‍ തന്നെയാണ്  സിക്കുമതവും ജൈനമതവും ബുദ്ധമതവുമെല്ലാം.
 

നാലു വേദങ്ങളടക്കം അനേകം പുസ്തകങ്ങള്‍ ഹിന്ദുമതത്തിനുണ്ട്. നൂറ്റിയെട്ടോളം ഉപനിഷത്തുകളും, സ്മൃതികളും, രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളും പതിനെട്ടുവീതം പുരാണങ്ങളും ഉപപുരാണങ്ങളും കൂടാതെ സ്തോത്രങ്ങള്‍, സുഭാഷിതങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ ഹിന്ദുക്കള്‍ക്കുണ്ടെങ്കിലും എല്ലാവരും എല്ലാം അംഗീകരിക്കുന്നില്ല.
 
യേഹ്ശുവായെക്കുറിച്ച് സൂചനയുള്ള വേദങ്ങളെയും ഭവിഷ്യമഹാപുരാണത്തെയുമാണ് നാം അല്‍പ്പമൊന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്. വേദങ്ങള്‍ നാലാണെന്ന് കണ്ടുകഴിഞ്ഞു.
ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് വേദങ്ങളാണ്. 'വിദ്' എന്ന ധാതുവില്‍നിന്നാണ് വേദം എന്ന വാക്കുണ്ടായത്. 'വിദ്' എന്നാല്‍ അറിയുകയെന്നായതിനാല്‍ അറിവിന്റെ ഗ്രന്ഥമെന്ന് വേദത്തെ കണക്കാക്കുന്നു. മഹര്‍ഷിമാര്‍ക്ക് വെളിപാടിലൂടെ ലഭിച്ചതാണ് വേദങ്ങളെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. വേദങ്ങളെ നാലായി തിരിച്ചത് വേദവ്യാസനാണെന്നാണ് ഹൈന്ദവരുടെ വിശ്വാസം. ഋക്,  യജുസ്,  സാമം, അഥര്‍വം എന്നിവയാണ് നാലു വേദങ്ങള്‍. ഇവയില്‍ അഥര്‍വത്തെ ചിലര്‍ ഉള്‍ക്കൊള്ളാത്തതിനാല്‍ വേദങ്ങളെ 'ത്രയീ' എന്നാണ് വിളിക്കുന്നത്. ഓരോ വേദത്തെയും വീണ്ടും മൂന്നായി തിരിക്കുന്നുണ്ട്. കര്‍മ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം ഇവയാണത്.
 
പരംപൊരുളിനെ പ്രീതിപ്പെടുത്താന്‍ ആവശ്യമായ കര്‍മ്മങ്ങളാണ് കര്‍മ്മകാണ്ഡത്തിലുള്ളത്. ആരാധന, ധ്യാനം തുടങ്ങിയവ ഉപാസനാകാണ്ഡത്തിലും മനുഷ്യാത്മാവ്, ലോകം, മോക്ഷം എന്നീ വിഷയങ്ങള്‍ ജ്ഞാനകാണ്ഡത്തിലും അടങ്ങുന്നു. 'ഋക്' എന്ന വാക്കിന് സ്തുതി എന്നാണര്‍ത്ഥം. ആയിരത്തിയിരുപത്തിയെട്ടു സൂക്തങ്ങളുള്ള പത്ത് മണ്ഡലങ്ങളാണ്  ഋഗ്വേദത്തിലുള്ളത്.
 
ഇന്ദ്രന്‍, അഗ്നി, യമന്‍( കാലന്‍),വരുണന്‍(പശ്ചിമദിക്കിന്റെ അധിപനായ ദേവന്‍), വായു, സരസ്വതി, പ്രജാപതി, മരുത്തുക്കള്‍(കാറ്റുകള്‍), വിശ്വകര്‍മ്മാവ്, സവിതാവ്, രുന്ദ്രന്‍, പുഷാവ്, അദിതി, ഉഷസ്, വസുക്കള്‍ ഇവയായിരുന്നു ഋഗ്വേദകാലത്തെ പ്രധാന ദേവീ-ദേവന്മാര്‍! വേദത്തില്‍ ഒരു ദൈവമേയുള്ളുവെന്നും  അത് പ്രജാപതിയാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, ഇതിനെ പല ഹൈന്ദവരും അംഗീകരിക്കുന്നില്ല. ഋഗ്വേദം  ആരംഭിക്കുന്നതുതന്നെ 'അഗ്നിദേവനെ' സ്തുതിച്ചുകൊണ്ടാണ്. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരില്‍ പ്രധാനി ഇന്ദ്രനും, തുടര്‍ന്ന് അഗ്നി, വരുണന്‍ എന്നിവരുമാകുന്നു. വളരെ കുറച്ച് സൂക്തങ്ങളില്‍ മാത്രം പ്രതിപാദിക്കുന്ന ഒരു ദേവനാണ് പ്രജാപതി!
 
പ്രജാപതി!
 
ഋഗ്വേദത്തില്‍ പ്രതിപാദിക്കുന്ന ഒരു ദേവന്‍, അല്ലെങ്കില്‍ പല അവതാരങ്ങളില്‍ ഒരുവനാണ് പ്രജാപതിയെന്ന് നാം കണ്ടു.
മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമായി ഒരു യാഗം ആവശ്യമാണെന്ന് വേദങ്ങള്‍ സമ്മതിക്കുന്നു. അപ്രകാരം മനുഷ്യരാശിയുടെ മുഴുവന്‍ പാപങ്ങളെയും ഏറ്റെടുത്ത് യാഗമായി(ബലിയായി) തീരാന്‍ ഭൂമിയില്‍ അവതരിക്കുന്ന വ്യക്തിയാണ് പ്രജാപതി.
 
പ്രജാപതി ഇനിയും വന്നിട്ടില്ലെന്നാണ് ഹൈന്ദവവിശ്വാസം.എങ്കിലും പ്രജാപതിയെക്കുറിച്ചുള്ള ലക്ഷണങ്ങള്‍ ഋഗ്വേദത്തില്‍ വിവരിക്കുന്നുണ്ട്. ഋഗ്വേദത്തിലെ പ്രജാപതിയെ വരച്ചുകാണിക്കുന്ന വിവരണമാണ്  യേഹ്ശുവായെ വേദങ്ങളുമായി ചേര്‍ത്ത് ചിന്തിക്കുവാനും അന്വേഷണങ്ങള്‍ നടത്തുവാനും പ്രേരിപ്പിക്കുന്നത്.
 
പ്രജാപതിയെക്കുറിച്ച് ഋഗ്വേദത്തിലും  ഭവിഷ്യമഹാപുരാണത്തിലുമായി ഇങ്ങനെയാണ്  പറയുന്നത്;
'ഇവന്‍ കന്യകയില്‍നിന്നു ജനിക്കുന്നവനായിരിക്കും. താടിരോമങ്ങള്‍ ഉള്ളവനായിരിക്കും, ശിരസ്സില്‍ കാട്ടുവള്ളികള്‍ കൊണ്ടുള്ള കിരീടം ധരിപ്പിക്കപ്പെടും, സ്വജനത്തിലെ പുരോഹിതന്മാരാല്‍ മരണശിക്ഷക്ക് ഏല്‍പ്പിക്കപ്പെടും. പീഢകള്‍ സഹിക്കുകയും, വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കുകയും ചെയ്യും. വീണ്ടും പറയുന്നു; അവന്‍ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ ഒരു മരക്കുറ്റിയില്‍ തറയ്ക്കപ്പെട്ട് യാഗമായിത്തീരും.അവന്റെ മാംസം ഭക്ഷണമായി മാറണം, അവന്റെ അസ്ഥികള്‍ തകര്‍ക്കപ്പെടരുത്. മരണശേഷം അവന്‍ ജീവന്‍ പ്രാപിക്കും; അവന്റെ പേര് 'യേശുമശീഹാ'. ഈ അടയാളങ്ങളെല്ലാം യേഹ്ശുവായില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ബൈബിള്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും മനസ്സിലാകും. ഇതാണ് ഹൈന്ദവതയുടെ ഏറ്റവും വലിയ കുതന്ത്രം! അയ്യായിരം വര്‍ഷം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന വേദങ്ങള്‍ വര്‍ത്തമാനകാലത്ത് നിര്‍മ്മിച്ചതാണെന്ന് ഇതിലൂടെ വ്യക്തമാകും!
 
വേദങ്ങളില്‍ വിവരിച്ചിട്ടുള്ള ഇത്തരം കാര്യങ്ങള്‍ അന്വേഷിച്ചുപോകുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ത്യയിലും മറ്റുരാജ്യങ്ങളിലുമായി ജീവിക്കുന്ന നൂറുകോടിയോളം വരുന്ന ഹിന്ദുമത വിശ്വാസികളില്‍ അനേകര്‍ ഈ വേദങ്ങള്‍ വായിച്ചിട്ടുള്ളവാരാണ്. വിരലില്‍ എണ്ണാവുന്ന ചുരുക്കം ചിലരൊഴികെ ആരും ഇതിലൂടെ യേഹ്ശുവായിലേക്ക് എത്തിയിട്ടില്ല. അങ്ങനെയെങ്കില്‍, യേഹ്ശുവായെ അറിയാനും രക്ഷപ്രാപിക്കാനും വേദങ്ങളുടെ അവശ്യമുണ്ടോ?

വേദങ്ങളില്‍ യേഹ്ശുവായെക്കുറിച്ച് നല്‍കിയിരിക്കുന്ന സൂചനയേക്കാളധികം പ്രകൃതിശക്തികളുടെ ആരാധനക്ക് പ്രാധാന്യം നല്‍ കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇത്തരം അന്വേഷണങ്ങളിലൂടെ സഞ്ചരിച്ച പലരും തങ്ങളുടെ ആരാധനയില്‍ വിജാതിയത്വം സ്വീകരിച്ചതായി കാണാം! 'യോഗ'പോലെയുള്ള പ്രകൃതിശക്തി ആരാധനകളും ആഘോഷങ്ങളുമെല്ലാം ഇത്തരം സ്വാധീനങ്ങളുടെ ദുരന്തങ്ങളാണ്! ചില ക്രൈസ്തവ സന്യാസസഭകള്‍ ഈ സ്വാധീനത്തിന്റെ പിടിയിലകപ്പെട്ടു. ഇന്ന് യേഹ്ശുവായെ പ്രഘോഷിക്കുന്നതിനുപകരം യോഗയുടെ പ്രചാരകരായി മാറി. ചില ഹൈന്ദവ വിഗ്രഹങ്ങളുടെ രൂപത്തിലും ഭാവത്തിലും യേഹ്ശുവായെ ചിത്രീകരിക്കുന്നതിന്റെ ദുരവസ്ഥ, ഈവിധ അന്വേഷണങ്ങളുടെ പരിണിതഫലമാണ്.
 
ബൈബിള്‍പോലെ എല്ലാ മതഗ്രന്ഥങ്ങളും ദൈവനിവേശിതമായി കരുതാന്‍ ദുര്‍ബലമായ വിശ്വാസമുള്ളവരെ പ്രേരിപ്പിക്കാനാണ് ഈ അവസ്ഥകള്‍ ഉപകരിക്കുകയുള്ളു.
ഹൈന്ദവഗ്രന്ഥങ്ങളില്‍ യേഹ്ശുവായെ വിവരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവ് മുഖേനയാണെങ്കില്‍, മറ്റുഭാഗങ്ങളും അങ്ങനെതന്നെ ആയിരിക്കണം! കുറച്ചുഭാഗം മാത്രമായി പരിശുദ്ധാത്മാവ് എഴുതുകയും മറ്റുള്ളത് മാനുഷികമോ അല്ലെങ്കില്‍ ദുഷ്ടാത്മാവിന്റെ പ്രേരണയില്‍ എഴുതിയതൊ ആയികരുതാന്‍ സാധിക്കില്ല. കാരണം, പരിശുദ്ധാത്മാവ് ആരെയും തെറ്റിദ്ധരിപ്പിക്കുന്ന ആത്മാവല്ല. തെറ്റിദ്ധരിപ്പിക്കുന്ന  ആത്മാവ് ഏതാണെന്ന് നമുക്കറിയാമല്ലോ! യേഹ്ശുവായുടെ കുരിശുമരണത്തെ അറിയിക്കുകയും, അതിലുമുപരിയായി അഗ്നിയും വായുവുമൊക്കെ ആരാധനാ മൂര്‍ത്തികളാണെന്ന് വിവരിക്കുകയും ചെയ്യുകയെന്നത് പരിശുദ്ധാത്മാവിന്റെ ദൌത്യമല്ല.
 
ചില ക്രസ്തവ സഭകളിലെ വൈദീകവേഷധാരികള്‍ ഇത്തരം തിന്മകള്‍ സഭയില്‍ തിരുകികയറ്റാന്‍ ഗൂഢനീക്കങ്ങള്‍ നടത്തുന്നുണ്ട്.
യോഗയും വിജാതീയമായ മറ്റ് ആചാരങ്ങള്‍ക്കും എതിരെ ശക്തമായി പ്രതികരിച്ചിരുന്ന ബ്ര. ബെന്നി പുന്നത്തറ, അദ്ദേഹം ചെയര്‍മാനായ ശാലോം ചാനലിലൂടെ ഈ തിന്മ പ്രചരിപ്പിക്കുന്നത് വിചിത്രമാണ്. ഈ ചാനലിലൂടെ ഒരു വൈദീകവേഷധാരി കാട്ടിക്കൂട്ടുന്ന ചേഷ്ടകള്‍ കണ്ടാല്‍ ചില വ്യാജസന്ന്യാസികള്‍പോലും ലജ്ജിച്ചുപോകും. ശാലോംചാനലില്‍ ഒരിക്കല്‍ കണ്ട പ്രോഗ്രാം വളരെ വേദന തോന്നി. ഒരു സഹോദരന്‍ ആത്മാവിന്റെ നിറവില്‍ വചനം പങ്കുവയ്ക്കുകയായിരുന്നു. അദ്ദേഹം യോഗയിലെ ദൈവനിന്ദ ചൂണ്ടികാണിച്ചു. തൊട്ടടുത്ത പ്രോഗ്രാമില്‍ മറ്റൊരു മനുഷ്യന്‍, യോഗ ചെയ്യുന്നത് വലിയ ശ്രേഷ്ഠമായ കാര്യമാണെന്ന് പറയുന്നു. ഇവ രണ്ടും കേള്‍ക്കുന്ന സാധാരണ ക്രൈസ്തവന്‍ ഏതു നിലപാട് സ്വീകരിക്കും!?  
 
ഇങ്ങനെ വിശ്വാസികള്‍ക്കിടയില്‍ ഇടര്‍ച്ചയുണ്ടാക്കുന്ന അവസ്ഥ ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞത് പുരോഹിതര്‍ തമ്മിലെങ്കിലും ഒരു ഏകീകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.
ബ്ര. ബെന്നി പുന്നത്തറയുടെ 'കാലത്തിന്റെ അടയാളങ്ങള്‍', 'ജീസസ് ദ് പ്രാണിക് ഹീലര്‍'  എന്നീ  പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ഏതൊരുവനും ഇതു പറയാതെ വയ്യ. 'ഡിവൈന്‍' ടീവിയിലും 'ബോബി കപ്പുച്ച്യന്‍'  എന്ന പുരോഹിതന്‍, തന്‍റെ ആഭാസം അവതരിപ്പിക്കുന്നുണ്ട്. ഈ അവസ്ഥകളുടെയെല്ലാം കാരണം വിജാതിയ ഗ്രന്ഥങ്ങളിലൂടെയുള്ള പരിശോധനകളാണെന്നു വ്യക്തം.
 
ഇടംവലം തിരിയാതെ ഓരോ ക്രൈസ്തവനും അനുസരിക്കേണ്ടതായ ഒരു ദൈവപ്രമാണം ഇവിടെ പ്രസക്തമാണ്. നിയമം മോശയിലൂടെയാണ് നമുക്ക് ലഭിച്ചത്. നിയമഗ്രന്ഥത്തില്‍ മോശ ഇപ്രകാരം അറിയിച്ചിരിക്കുന്നു;
"ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം:12;30, 31).  "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം:4;19). "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നു കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്"(നിയമം:4;2).
 
പണ്ഡിതരെന്നോ പാമരരെന്നോ വ്യത്യാസമില്ലാതെ എല്ലാ ദൈവജനത്തിനും എന്നേക്കുമുള്ള കല്പനയാണിത്. മറ്റു മതഗ്രന്ഥങ്ങളിലൂടെയുള്ള സഞ്ചാരം ദൈവം കല്പനയിലൂടെ വിലക്കിയിരിക്കുന്നത് അതിലെ അപകടം ദൈവത്തിന് അറിയാവുന്നതുകൊണ്ടാണ്.
 
ഖുര്‍ആനിലെ ഈസാനബിയും 'സാത്താന്റെ' കുതന്ത്രവും!
 
ഹൈന്ദവവേദങ്ങളില്‍ യേഹ്ശുവായെക്കുറിച്ചുള്ള സൂചനകളെ അവര്‍ അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, പ്രജാപതി ആരാണെന്നുപോലും പല ഹൈന്ദവര്‍ക്കും അറിയില്ല. വളരെ ചുരുക്കം ചില ഹൈന്ദവര്‍ മാത്രമെ വേദങ്ങള്‍ വായിച്ചിട്ടുള്ളു. അതുകൊണ്ടുതന്നെ ഹൈന്ദവ ഗ്രന്ഥങ്ങളിലെ യേഹ്ശുവായെ ചൂണ്ടിക്കാട്ടി അതിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ അവര്‍  ശ്രമിക്കാറുമില്ല. എന്നാല്‍, ഇസ്ലാം മതക്കാര്‍ അങ്ങനെയല്ല. അവരുടെ പ്രചരണത്തിന്റെ മുഖ്യഘടകം തന്നെ യേഹ്ശുവാ(ഈസാനബി) ആണ്. ഇന്ന് ഇന്റെര്‍നെറ്റിലെ 'ബ്ലോഗു'കളില്‍ നിറഞ്ഞുനില്‍ക്കുന്ന യേഹ്ശുവായെ കാണാം. ക്രൈസ്തവരെ ഇസ്ലാംമതത്തിലേക്ക് വശീകരിച്ച് നാശത്തില്‍ പതിപ്പിക്കാനുള്ള ഈ കൌശലം മനസ്സിലാക്കിയില്ലെങ്കില്‍ വലിയ അപകടമായിരിക്കും സംഭവിക്കുക!
 

ബ്രിട്ടീഷുകാരുടെ 'ചെരിപ്പുനക്കി' എന്ന് ആക്ഷേപിച്ച് എം കെ ഗാന്ധിയെ അപമാനിച്ച കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ ഇളമുറക്കാര്‍ അവരുടെ പരസ്യ'ബോര്‍ഡു'കളില്‍ ഗാന്ധിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച് ഗാന്ധിയന്മാരെ ആകര്‍ഷിക്കുന്നത് കാണാം. കമ്മ്യൂണിസ്റ്റുകള്‍ ഗാന്ധിമാര്‍ഗ്ഗത്തിലേക്കു തിരിഞ്ഞുവെന്നല്ല ഇതിനര്‍ത്ഥം! കമ്മ്യൂണിസത്തിന്റെ പ്രസക്തി ഇന്ന് നഷ്ടപ്പെട്ടതിനാല്‍ ആളെ കിട്ടാനുള്ള പ്രചരണ തന്ത്രമാണിത്. അതുപോലെ തീവ്രവാദവും മതമൌലീകവാദവും, ഇസ്ലാംമതത്തെ മനുഷ്യര്‍ അവഗണിക്കുവാന്‍ കാരണമായപ്പോള്‍, യേഹ്ശുവായെ 'ബ്രാന്‍ഡ് അംബാസിഡര്‍' ആക്കാന്‍ ഇസ്ലാമിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. അക്രൈസ്തവര്‍പോലും ഒരു മഹാനെന്ന നിലയിലെങ്കിലും ആദരിക്കുന്ന യേഹ്ശുവായുടെ വ്യക്തിത്വത്തെ ഇസ്ലാം ഇപ്പോള്‍ 'മാര്‍ക്കറ്റ്' ചെയ്തുകൊണ്ടിരിക്കുന്നതിലെ തന്ത്രം തിരിച്ചറിയണം! 
 
കമ്മ്യൂണിസ്റ്റുകാര്‍ ഗാന്ധിയെ അംഗീകരിക്കുന്നതുപോലെ തന്നെയാണ് മുസ്ലീമുകള്‍ യേഹ്ശുവായെ അംഗീകരിക്കുന്നതും. യേഹ്ശുവായെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിച്ചുകൊണ്ടല്ല ഇവര്‍ പ്രചരിപ്പിക്കുന്നത്. അവിടുത്തെ ഖുര്‍ആനില്‍ പരിചയപ്പെടുത്തുന്ന രീതി കാണുമ്പോള്‍ ഇവരുടെ ഗൂഢതന്ത്രം മനസ്സിലാകും.
 
ഓരോ ക്രൈസ്തവനും യേഹ്ശുവായെ ദൈവമായിട്ടാണ് വിശ്വസിക്കുന്നത്. യേഹ്ശുവാ കുരിശില്‍ മരിച്ചുവെന്നും മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റെന്നും നാല്പ്പതാംനാള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നുമാണ് ബൈബിള്‍ പഠിപ്പിക്കുന്നതും ക്രൈസ്തവര്‍ പ്രഖ്യാപിക്കുന്നതും. ക്രൈസ്തവ വിശ്വാസം പൂര്‍ണ്ണമാകാന്‍ ഒരു കാര്യവുംകൂടി വിശ്വസിക്കുകയും ഏറ്റുപറയുകയും വേണം. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ യേഹ്ശുവാ വീണ്ടും വരുമെന്നുള്ള ഉറപ്പാണത്. ഇത്രയും കാര്യങ്ങള്‍ വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നവരെല്ലാം ക്രൈസ്തവരാണ്. ഇതില്‍ ഏതെങ്കിലും ഒരുകാര്യം അവിശ്വസിക്കുകയോ തെറ്റായി പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ ജ്ഞാനസ്നാനം സ്വീകരിച്ചവരായിരുന്നാലും അവര്‍ ക്രൈസ്തവരല്ല. 
 
ഈ വിശ്വാസങ്ങളെ നിഷേധിക്കാന്‍ വ്യാജമായി കെട്ടിച്ചമച്ച ബൈബിളുമായിട്ടാണ് ഇസ്ലാംമതക്കാര്‍ ഇറങ്ങിയിരിക്കുന്നത്. ഖുര്‍ആനില്‍ യേഹ്ശുവായെക്കുറിച്ച് എഴുതിയിരിക്കുന്ന നുണകളെ സാധൂകരിക്കാനാണ് വ്യാജ ബൈബിളിന്റെ നിര്‍മ്മിതി! ക്രൈസ്തവര്‍ പഠിക്കേണ്ടതായ ബൈബിള്‍ ഇസ്ലാമിന്റെ ബൈബിളാണെന്നാണ് ഇവരുടെ വാദം.
 
യേഹ്ശുവായൊടൊപ്പം ജീവിക്കുകയും പീഢാസഹനത്തിനും കുരിശുമരണത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ദൃക്സാക്ഷികളുമായ ശിഷ്യന്മാര്‍ എഴുതിയ ബൈബിളിനെ അവഗണിച്ച്, അറുന്നൂറു വര്‍ഷങ്ങള്‍ക്കുശേഷം പൊട്ടിമുളച്ച പ്രസ്ഥാനം പ്രചരിപ്പിക്കുന്ന വ്യാജബൈബിളിനെ വിശ്വസിക്കണം എന്നു പറയുന്നവരെ പിന്തുടര്‍ന്നാല്‍ അപകടം വിദൂരത്തല്ല. ഇത്തരം വ്യാജപ്രബോധനങ്ങള്‍ പ്രചരിക്കുമെന്ന് പരിശുദ്ധാത്മാവ് മുന്‍കൂട്ടി വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ നാം ഭയപ്പെടേണ്ടതില്ല. എന്നാല്‍, ദൈവവചനത്തെ നന്നായി പഠിക്കണം എന്നതാണ്  പ്രധാനകാര്യം.
 
ഒരുകാര്യം നമുക്ക് ഉറപ്പിക്കാം; ഖുറാന്‍ രചിക്കപ്പെട്ടിരിക്കുന്നത് യേഹ്ശുവായെ കൂടുതല്‍ മഹത്ത്വപൂര്‍ണ്ണനാക്കാനല്ല. മറിച്ച്, അവിടുത്തെ പിതാവായ ദൈവം നല്കിയതും തന്നില്‍ ആദിമുതലുള്ളതുമായ മഹത്ത്വം ഇല്ലെന്നു പ്രചരിപ്പിക്കുകയാണ് ഖുറാനിലുള്ള അടിസ്ഥാനം! യേഹ്ശുവായിലുള്ള യഥാര്‍ത്ഥ മഹത്ത്വം അവിടുത്തെ ദൈവത്വവും പുത്രത്വവുമാണ്. ഈ സത്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് എത്ര മഹാനെന്ന് പ്രകീര്‍ത്തിച്ചാലും യഥാര്‍ത്ഥ മഹത്ത്വമാകില്ല. പിതൃത്വത്തെ നിഷേധിക്കുന്നതിലും വലിയ അവഹേളനം മറ്റെന്താണുള്ളത്?! ഒരു രാജാവ് തന്റെ കിരീടാവകാശിയായ പുത്രനെ ജനങ്ങളുടെ അടുത്തേക്ക് അയച്ചപ്പോള്‍, രാജകുമാരനെ കൊട്ടാരത്തിലെ ഒരു സേവകന്‍ മാത്രമായി പരിഗണിക്കുന്നതുപോലെയാണ് ഖുറാനില്‍ യേഹ്ശുവായെ ബഹുമാനിക്കുന്നത്.
 
യേഹ്ശുവായുടെ ജനനവും ബാല്യകാലവും കൂടുതല്‍ സൂക്ഷ്മതയോടെ വിവരിച്ചതിനുശേഷം ദൌത്യത്തെ തള്ളിക്കളയുന്ന നിഗൂഢമായ തന്ത്രം ഖുറാന്‍ അവലംബിച്ചിട്ടുണ്ട്. ഇതിന്റെ പ്രചാരകര്‍ പറയുന്നത് ബൈബിളില്‍ എവിടെയും യേഹ്ശുവാ ദൈവപുത്രനാണെന്നു പറഞ്ഞിട്ടില്ലെന്നാണ്. ബൈബിളിനെക്കുറിച്ച് ഒന്നുമറിയാത്ത ചില 'നാമമാത്ര' ക്രിസ്ത്യാനികള്‍ ഈ തട്ടിപ്പില്‍ കുടുങ്ങിയിട്ടുമുണ്ട്. മനുഷ്യനായ യേഹ്ശുവായെയും ദൈവമായ യേഹ്ശുവായെയും തിരിച്ചറിയാന്‍ കഴിയാത്തവരുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് ഇക്കൂട്ടര്‍! ഇങ്ങനെ വഞ്ചിക്കപ്പെടുന്നവരെ പഠിപ്പിക്കാനായി ഇസ്ലാം പ്രചാരകര്‍ സ്വന്തമായി ബൈബിള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ഈ ബൈബിളാണ് ഇക്കൂട്ടരെ പഠിപ്പിക്കുന്നത്. ഖുറാനെ സാധൂകരിക്കാനായി അവരുണ്ടാക്കിയ ബൈബിള്‍, ഖുറാന്റെ മറ്റൊരു പതിപ്പാണ്. അതില്‍ യേഹ്ശുവായുടെ കുരിശുമരണം ദൈവത്തിന്റെ കണ്‍കെട്ട് വിദ്യയാണെന്ന് വ്യംഗ്യാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നു.
 

യേഹ്ശുവായെ കുരിശുചുമക്കാന്‍ സഹായിക്കുന്ന ശിമയോനെയാണത്രെ കുരിശില്‍ തറച്ചത്! യേഹ്ശുവാ ആള്‍മാറാട്ടത്തിലൂടെ തന്ത്രപൂര്‍വ്വം 'എസ്കേപ്പ്' ചെയ്തുവെന്ന് പറയുന്നതിലൂടെ യേഹ്ശുവായെയും ദൈവത്തെയും വഞ്ചകരായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. തൊട്ടിലില്‍ കിടന്നുകൊണ്ട് സംസാരിച്ച അദ്ഭുതശിശുവായി അവതരിപ്പിച്ച് ഒടുവില്‍ ചതിയനെന്ന് പ്രഖ്യാപിക്കുന്ന സാത്താന്റെ അജണ്ഡയാണിത്. രസകരമായ ചിലകാര്യങ്ങള്‍ സ്വാഭാവികമായും ചിന്തിച്ചുപോകും. കുരിശില്‍ കിടന്നുകൊണ്ട് യേഹ്ശുവാ (ഇസ്ലാമിന്റെ ഭാഷ്യത്തില്‍ ശിമയോന്‍)  മറിയത്തെ ചൂണ്ടി ഇതാ നിന്റെ അമ്മയെന്ന് യോഹന്നാനോടു പറയുകയും, യോഹന്നാനെ മറിയത്തിനു മകനായും കൊടുക്കുകയും ചെയ്യുന്നു. ശിമയോനാണ് ക്രൂശിക്കപ്പെട്ടതെന്ന് പ്രചരിപ്പിക്കാനായി ഇക്കൂട്ടര്‍ പറയുന്ന കാര്യമിതാണ്; 'ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ'  എന്ന് പറയുന്നത് യഹൂദര്‍ക്ക് ആളുമാറി ക്രൂശിച്ചതിലെ തെറ്റിനെയാണ്  സൂചിപ്പിക്കുന്നതത്രെ!
 
ഒരു സംശയംകൂടി സ്വാഭാവികമായുണ്ട്. യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരില്‍ ഒരുവനോട്;
"സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും"(ലൂക്കാ:23; 43) എന്ന് യേഹ്ശുവാ പറയുന്നുണ്ട്. ശിമയോന്, ഒരുവനെ പറുദീസായിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണോ മുഹമ്മദ് പറയുന്നത്?
 
യേഹ്ശുവാ മനുഷ്യപുത്രന്‍!
 
യേഹ്ശുവാ ഒരു പ്രവാചകന്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് അവരുടേതായ ചില രഹസ്യ താത്പര്യങ്ങളുണ്ട്. കണ്ണുകളെ അന്ധമാക്കി ജീവിക്കുന്ന ഇവരുടെ പ്രധാന പ്രചരണത്തിനുള്ള മറുപടിയാണ്  ഇവിടെ കുറിക്കുന്നത്. യേഹ്ശുവാ ദൈവപുത്രനാണെന്ന് ബൈബിളില്‍ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് ചോദിക്കുന്നത് ഇസ്ലാംമതക്കാരാണ്. ത്രിത്വത്തെക്കുറിച്ചുള്ള അറിവുകേടു മാത്രമല്ല ഇവരെക്കൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്രിസ്ത്യാനികളുടെ ഇടയില്‍ത്തന്നെയുള്ള അജ്ഞതയും, ഈ അജ്ഞതയില്‍നിന്നുകൊണ്ടുള്ള അബദ്ധപ്രചരണങ്ങളും മറ്റുള്ളവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ആരാണ് യേഹ്ശുവായെന്നും, അവിടുത്തെ അസ്ഥിത്വം എന്താണെന്നും വ്യക്തമായി അറിഞ്ഞിട്ടില്ലാത്തവര്‍ മതാന്തര സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത് ആശയക്കുഴപ്പത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ആയതിനാല്‍, യേഹ്ശുവായെ സംബന്ധിച്ചും ദൈവത്തെ സംബന്ധിച്ചും ക്രിസ്ത്യാനികളാണ് ആദ്യമായി അവബോധം നേടേണ്ടത്!

ഒരു ദൈവം മാത്രമേയുള്ളൂ എന്ന സത്യം ആദ്യമായി തിരിച്ചറിയണം. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നത് മൂന്നു ദൈവങ്ങളായി പരിഗണിക്കുകയോ ചെയ്യരുത്. ശരീരവും മനസ്സും ആത്മാവും ചേരുന്നതാണ് മനുഷ്യന്‍ എന്നകാര്യം നമുക്കറിയാം. അതുപോലെതന്നെയാണ് ത്രിത്വൈകദൈവം! ത്രിത്വം എന്നത് മൂന്ന്‍ വ്യക്തികള്‍ അല്ല; മറിച്ച്, ഒരുവനില്‍ത്തന്നെയുള്ള മൂന്ന് അവസ്ഥകളാണ്. ആദിമുതല്‍ ഉള്ളവനായ ദൈവംതന്നെയാണ് യേഹ്ശുവാ! അവിടുന്നാണ് ദൈവത്തിന്റെ ദൃശ്യമായ ശരീരം! മനുഷ്യന്‍ പാപം ചെയ്ത് ദൈവത്തില്‍നിന്നും അകന്നുപോയപ്പോള്‍, മനുഷ്യകുലത്തെ വീണ്ടും ദൈവവുമായി അനുരഞ്ജിപ്പിക്കാന്‍ ദൈവം മനുഷ്യനായി കടന്നുവന്നു. അതാണു ദൈവത്തിന്റെ ശരീരം. ബൈബിളില്‍ ഇപ്രകാരം നാം വായിക്കുന്നു: "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. അവന്‍ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവന്‍ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്"(കൊളോ: 1; 15 - 18).
 
ഇതാണ് യേഹ്ശുവായുടെ അസ്ഥിത്വം! ഇനിയും കൂടുതല്‍ വ്യക്തത ആവശ്യമെങ്കില്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക:
"ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‍, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി"(ഫിലി: 2; 6- 8). ഇതായിരുന്നു യേഹ്ശുവായുടെ മനുഷ്യാവതാരം! അതായത്, ഈ ഭൂമിയില്‍ ജീവിച്ച കാലമൊക്കെയും അവിടുന്ന് മനുഷ്യപുത്രനായിരുന്നു. ഒരു മനുഷ്യന്റെ അനുസരണക്കേടുമൂലം മാനവരാശിയുടെ മുഴുവനുംമേല്‍ കടന്നുവന്ന പാപത്തെയും, പാപത്തിന്റെ പരിണിതഫലമായ മരണത്തെയും ഇല്ലാതാക്കാന്‍ ഒരു മനുഷ്യന്റെ അനുസരണം അനിവാര്യമായിരുന്നു. പാപംമൂലം മനുഷ്യന്റെ പൂര്‍ണ്ണത നഷ്ടപ്പെട്ടതുകൊണ്ട്, നീതിമാനായ ഒരു പരിപൂര്‍ണ്ണ മനുഷ്യനെ ഭൂമിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആയതിനാല്‍, പരിശുദ്ധി മാത്രമായ ദൈവത്തിനു മനുഷ്യന്റെ രൂപം സ്വീകരിക്കേണ്ടിവന്നു. അതുവഴി പാപമില്ലാത്ത നീതിമാന്റെ മരണം പാപികള്‍ക്ക് മോചനമായി! "അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും"(റോമാ: 5; 18, 19). പാപംവഴി ഭൂമിയില്‍ കടന്നുവന്ന മരണത്തെ, യേഹ്ശുവായുടെ മരണത്തിലൂടെ അസാധുവാക്കി. ആയതിനാല്‍, യേഹ്ശുവായില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കുന്നു! ഈ വെളിപ്പെടുത്തല്‍ നോക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു"(കൊളോ: 1; 20).

മരണംവരെ മാത്രമാണ് യേഹ്ശുവാ അവിടുത്തെ ദൈവത്വം പരിഗണിക്കാതിരുന്നത്. എന്തെന്നാല്‍, ദൈവമായിരിക്കുന്നിടത്തോളം മരണം സാധ്യമല്ല! മരണമെന്നത് പാപത്തിന്റെ പരിണിതഫലമായി കടന്നുവന്ന ദുരന്തമാണ്. അത് മനുഷ്യന്റെ ചെയ്തികളിലൂടെ വന്നുഭവിച്ചതായിരുന്നു. അതിനാല്‍, മരണമുള്ള മനുഷ്യന്റെ തലമുറയില്‍ ശാരീരികമായ ഒരു ജനനം അനിവാര്യമായി. ദാവീദിന്റെ ഗോത്രത്തില്‍നിന്നു ശരീരം സ്വീകരിച്ചുകൊണ്ട് മനുഷ്യനായിത്തീരുകയും, മരണാനന്തരം പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്തു. ഇന്ന് അവിടുന്ന് പൂര്‍ണ്ണനായ ദൈവമാണെങ്കിലും പൂര്‍ണ്ണനായ മനുഷ്യനുംകൂടിയാണ്. അന്ത്യവിധിവരെ അവിടുത്തെ മനുഷ്യഭാവം നിലനിര്‍ത്തേണ്ടിയിരിക്കുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു"(യോഹ: 5; 27). യേഹ്ശുവാ ദൈവമാണെന്നതിന് അനേകം തെളിവുകള്‍ ബൈബിളിലുണ്ട്. അവയില്‍ ചിലതെല്ലാം ഇവിടെ കുറിക്കാം. എന്നാല്‍, അതിനുമുമ്പായി മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. താന്‍ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ യേഹ്ശുവാ പറഞ്ഞിട്ടുണ്ടോ എന്നതാണു ചോദ്യം. പറഞ്ഞിട്ടില്ലെങ്കില്‍, എന്തുകൊണ്ടാണ് പറയാതിരുന്നത് എന്നകാര്യവും പരിശോധിക്കണം.

യേഹ്ശുവാ ഈ ഭൂമിയില്‍ വന്നത് തന്റെ ദൈവത്വം പ്രഖ്യാപിക്കാന്‍ ആയിരുന്നില്ല. പാപപരിഹാരത്തിന് അനിവാര്യമായ മരണമായിരുന്നു അവിടുത്തെ ദൗത്യം! താന്‍ ദൈവമാണെന്നു പ്രഖ്യാപിക്കുകയും അത് സ്ഥിരീകരിക്കുകയും ചെയ്‌താല്‍ ആരെങ്കിലും യേഹ്ശുവായെ വധിക്കാന്‍ തയ്യാറാകുമോ? താന്‍ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ പരസ്യമായി പ്രഖ്യാപിക്കത്തതിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണ്. അതുകൊണ്ടുതന്നെ പല അവസരങ്ങളിലും ഇക്കാര്യം അവിടുന്ന് വെളിപ്പെടുത്തി. ഒരിക്കല്‍ ഒരു പിശാചുബാധിതന്‍ യേഹ്ശുവായെ നോക്കി ഇപ്രകാരം വിളിച്ചുപറഞ്ഞു: "മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേഹ്ശുവായേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിനിടപെടുന്നു?"(മര്‍ക്കോ: 5; 7). യേഹ്ശുവാ ആരാണെന്നു പിശാചുക്കള്‍ക്ക് വ്യക്തമായി അറിയാം. എന്നാല്‍, തന്റെ ബലിയര്‍പ്പണം പൂര്‍ത്തിയാകുന്നതുവരെ മറ്റാരും യാഥാര്‍ത്ഥ്യം അറിയരുതെന്ന് യേഹ്ശുവാ ആഗ്രഹിച്ചു. താബോര്‍ മലയില്‍വച്ച് രൂപാന്തരീകരണം സംഭവിച്ചപ്പോള്‍ യേഹ്ശുവാ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: "മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്"(മത്താ: 17; 9). യേഹ്ശുവാ ദൈവമാണെന്ന് അറിഞ്ഞാല്‍ ആരും അവിടുത്തെ വധിക്കാന്‍ തയ്യാറാകില്ല. തന്റെ ദൗത്യം പൂര്‍ത്തീകരിക്കുകയെന്നതായിരുന്നു അവിടുത്തേക്ക്‌ പ്രധാനം! എന്നാല്‍, രക്ഷാകര ദൗത്യം പൂര്‍ത്തിയായി കഴിയുമ്പോള്‍, തന്റെ ശിഷ്യന്മാരിലൂടെ എല്ലാ സത്യങ്ങളും ലോകം അറിയേണ്ടതിന് അവരോടു മാത്രം എല്ലാം വെളിപ്പെടുത്തി.

യേഹ്ശുവാ, താന്‍ ദൈവമാണെന്നു വിളിച്ചുപറഞ്ഞു നടക്കാത്തതിനു മറ്റൊരു കാരണംകൂടിയുണ്ട്. തന്റെ യോഗ്യതയെക്കുറിച്ചു തനിക്കുതന്നെ സംശയമുള്ളതുകൊണ്ടാണ് ചിലര്‍ താന്‍ പ്രവാചകനാണെന്ന് കൂടെക്കൂടെ പറയുന്നത്. വ്യാജന്മാര്‍ തങ്ങളുടെ വ്യാജമായ അവസ്ഥ മറച്ചുവയ്ക്കാന്‍ താന്‍ വ്യാജനല്ലെന്ന് ഇടയ്ക്കിടെ മറ്റുള്ളവരെ ബോധ്യപ്പെടുത്തികൊണ്ടിരിക്കും. മറ്റു ചില അല്പന്മാരാകട്ടെ, സ്വന്തം പേര് വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ചു നടക്കും. പുത്തന്‍പണക്കാരന്‍ തങ്ങളെത്തന്നെ മുതലാളി എന്ന് സംബോധന ചെയ്യുന്നതും കേട്ടിട്ടുണ്ട്! യേഹ്ശുവായെ സംബന്ധിച്ചിടത്തോളം തന്നിലെ ദൈവത്വം വിളിച്ചുപറഞ്ഞ്‌ സ്വയം മഹത്വപ്പെടുത്തേണ്ട ആവശ്യമില്ല! എന്തെന്നാല്‍, ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമാണ് യേഹ്ശുവാ! എന്നിരുന്നാലും, അനേകരുടെ രക്ഷയെപ്രതി തന്റെ ആധികാരികത അവിടുന്ന് ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തി. അവരാണ് യഥാര്‍ത്ഥ സത്യം ഈ ലോകത്തെ അറിയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍!

പഴയനിയമ പുസ്തകങ്ങളില്‍ യേഹ്ശുവായുടെ വരവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണെങ്കില്‍, പുതിയനിയമം മുഴുവന്‍ അവിടുത്തെ ദൈവത്വത്തെ അടിയുറപ്പിക്കുകയാണ്. അതില്‍ പ്രധാനമായ ചില ഭാഗങ്ങള്‍ മാത്രമാണിവിടെ ചേര്‍ക്കുന്നത്. യേഹ്ശുവാ ജോര്‍ദ്ദാന്‍ നദിയില്‍ സ്നാപക യോഹന്നാനില്‍നിന്ന് സ്നാനം സ്വീകരിക്കുന്ന സമയത്ത് സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരം കേട്ടു. "ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു"(മത്താ:3; 17) എന്നായിരുന്നു ആ സ്വരം. ഇത് നാലു സുവിശേഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയും നാം പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമുണ്ട്. ഈ ഭൂമിയില്‍ കടന്നുവന്ന കാലയളവായ മുപ്പത്തിമൂന്നു വര്‍ഷക്കാല്ലാം യേഹ്ശുവാ മനുഷ്യന്‍ മാത്രമായിരുന്നു.
 
എന്നാല്‍, യേഹ്ശുവാ സ്വര്‍ഗ്ഗത്തിലെ ദൈവമായിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. മരണം എന്ന അനിവാര്യമായ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ചതെന്നു നാം മനസ്സിലാക്കി. എന്നിരുന്നാലും, തന്നിലെ ദൈവത്വം വെളിപ്പെടുത്തിയ ചില അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാജം പറയാന്‍ യേഹ്ശുവായ്ക്ക് കഴിയില്ലാത്തതുകൊണ്ടുതന്നെ, ചിലരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ സത്യം അവിടുന്ന് വെളിപ്പെടുത്തി. യോഹന്നാന്‍ എഴുതിയ സുവിശേഷം പത്താമത്തെ അദ്ധ്യായത്തിലെ ഇരുപത്തിരണ്ടു മുതലുള്ള ഭാഗത്തിന്റെ തലക്കെട്ടുതന്നെ 'യേഹ്ശുവാ ദൈവപുത്രന്‍' എന്നാണ്. ഇവിടെ ഒരു സംഭവം വിവരിക്കുന്നുണ്ട്. യഹൂദര്‍ യേഹശുവായെ സമീപിച്ച് ചോദിക്കുന്ന ചോദ്യവും അതിനുള്ള യേഹ്ശുവായുടെ മറുപടിയുമാണ് വിവരിക്കുന്നത്. ഈ സംഭാഷണം അതേപടി നമുക്ക് ശ്രദ്ധിക്കാം.
 

"യേഹ്ശുവാ ദൈവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു; നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ദ്ധാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക. യേഹ്ശുവാ പ്രതിവചിച്ചു; ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ വിശ്വസിക്കുന്നില്ല.  കാരണം നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല. എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.  ഞാനും പിതാവും ഒന്നാണ്" (യോഹ: 10; 23- 30). പിതാവുമായി ഒന്നായിരിക്കുന്ന യേഹ്ശുവായാണ് മനുഷ്യനായി ഈ ഭൂമിയിലേക്കു കടന്നുവന്നത്. എന്നതുകൊണ്ട് അവിടുത്തെ ദൈവത്വം അവസാനിക്കുന്നില്ല. മരണാനന്തരം അവിടുന്ന് ദൈവത്വം സ്വീകരിച്ചു എന്നത് മനസ്സിലാക്കണമെങ്കില്‍ വചനത്തില്‍ ആഴമായ അവബോധം അനിവാര്യമാണ്. ഈ വിഷയത്തിലേക്ക് കൂടുതലായി കടന്നുപോകുന്നില്ല. ആയതിനാല്‍ത്തന്നെ, നാം ചിന്തിക്കുന്ന വിഷയങ്ങളെത്തന്നെ മുറുകെപ്പിടിക്കാം.
 
യേഹ്ശുവാ വീണ്ടും പറയുന്നു;
"പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍,  ഞാന്‍ അവ ചെയ്യുന്നെങ്കില്‍,  നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവര്‍ത്തികളില്‍ വിശ്വസിക്കുവിന്‍. അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണെന്നു നിങ്ങള്‍ അറിയുകയും ആ അറിവില്‍ നിലനില്‍ക്കുകയും ചെയ്യും"(യോഹ:10;36-39). ഇത് യഹൂദനോട് മാത്രമായി പറഞ്ഞതല്ല; 'ന്യൂ ജനറേഷന്‍'  മതമായ ഇസ്ലാമിനോടും കൂടിയാണ്.
 
പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ടെന്നും, നമുക്കായി അവിടെ സ്ഥലം ഒരുക്കിയശേഷം വീണ്ടുംവന്നു നമ്മെ കൂട്ടിക്കൊണ്ടുപോകുമെന്നും യേഹ്ശുവാ പറയുന്നുണ്ട്. അപ്പോള്‍ ശിഷ്യനായ തോമസ് പറഞ്ഞു:
"നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ, പിന്നെ വഴി ഞങ്ങള്‍ എങ്ങനെയറിയും?"(യോഹ:14; 5). ഈ ചോദ്യത്തിന്  യേഹ്ശുവാ പറയുന്ന മറുപടി ഇങ്ങനെയാണ്; "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു"(യോഹ:14;6,7).
 
യേഹ്ശുവായെ ദൈവത്തിന്റെ പുത്രനായി അറിയാത്ത ഒരുവനും പിതാവായ ദൈവത്തെ അറിയുന്നില്ല എന്നതാണ് സത്യം. മനുഷ്യരെ ദൈവപുത്രന്മാരും പുത്രികളും ആക്കുന്നതിനുവേണ്ടിയാണ് യേഹ്ശുവാ പുത്രത്വം സ്വീകരിച്ചത്. അവനില്‍ വിശ്വസിക്കുന്ന സകലരും അവനിലൂടെ ദൈവമക്കളുടെ പദവി സ്വന്തമാക്കുന്നു. യേഹ്ശുവാ ആരെ പിതാവെന്നു വിളിച്ചുവോ, ആ പിതാവാണ് ഏകദൈവം. യേഹ്ശുവാ ആദിമുതലേ ആയിരുന്നതും ആ ദൈവത്തില്‍ തന്നെയായിരുന്നു. പിതാവും പുത്രനും വേറിട്ട അവസ്ഥയല്ല; മറിച്ച്, പിതാവും യേഹ്ശുവായും ഒന്നാണ്! അതുകൊണ്ടുതന്നെ യേഹ്ശുവായുടെ പിതാവല്ലാത്ത ദൈവത്തെ ആരാധിക്കുന്നവര്‍ ദൈവത്തെയല്ല ആരാധിക്കുന്നത്. ദൈവം എന്നു വിളിക്കപ്പെടുന്നതെല്ലാം ദൈവമല്ല. യഥാര്‍ത്ഥ ദൈവത്തിനു മക്കളുണ്ട്. അനേകരെ പുത്രന്മാരാക്കാന്‍ അവിടുന്നുതന്നെ പുത്രനായി അവതരിച്ചു. യേഹ്ശുവാ എന്ന പുത്രനെ അംഗീകരിക്കാത്ത ദൈവം സ്വര്‍ഗ്ഗത്തിലെ ദൈവമല്ല!
 
ക്രിസ്തുശിഷ്യനായ പീലിപ്പോസ്  യേഹ്ശുവായോടു ചോദിച്ചു;
"യേഹ്ശുവായേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതുമതി"(യോഹ:14; 8). ഇവിടെ യേഹ്ശുവാ കൊടുക്കുന്ന മറുപടി വളരെ പ്രധാനപ്പെട്ടതാണ്. അവിടുന്നു പറയുന്നു; "ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണെന്നു നീ വിശ്വസിക്കുന്നില്ലേ?  ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവര്‍ത്തികള്‍ ചെയ്യുകയാണ്"(യോഹ:14; 9, 10).
 
ദൈവം ആരെയാണ് സ്നേഹിക്കുന്നതെന്ന് ബൈബിളില്‍ യേഹ്ശുവാ പറയുന്നുണ്ട്.
"എന്റെ കല്പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും"(യോഹ:14; 21). യേഹ്ശുവായെ യഥാര്‍ത്ഥമായി വെളിപ്പെട്ടുകിട്ടാത്തവര്‍ അവിടുത്തെ കല്പനകള്‍ പാലിക്കാത്തവരാണ്. യേഹ്ശുവായുടെ അധരങ്ങളില്‍നിന്ന് പുറപ്പെട്ട സത്യവചനങ്ങള്‍ തള്ളിക്കളയുകയും അവിടുത്തെ കുരിശുമരണത്തെ എതിര്‍ക്കുകയും ചെയ്തുകൊണ്ട് അറുന്നൂറു വര്‍ഷങ്ങള്‍ക്കുശേഷം മുളച്ചുവന്ന കപടതയെ പുല്‍കിയവര്‍ നിത്യനാശത്തിലാണെന്ന് മനസ്സിലാക്കുക.
 
ഈ സത്യത്തെ വ്യക്തമാക്കുന്ന വചനം യേഹ്ശുവാ പറയുന്നുണ്ട്.
"എനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നാണ് എന്നെ അയച്ചവന്റെ ഇഷ്ടം. പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന്‍ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും"(യോഹ:6; 39,40). യേഹ്ശുവാ വീണ്ടും വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക; "പിതാവില്‍നിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കല്‍ വരുന്നു"(യോഹ:6; 45). ദൈവത്തെയാണോ അവിടുന്നു പിതാവെന്നു വിളിച്ചത് എന്ന് സംശയിക്കേണ്ട. അതും യേഹ്ശുവാ വ്യക്തമാക്കുന്നുണ്ട്. "നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്"(യോഹ:8; 54).
 
ദൈവത്തില്‍നിന്നു ശ്രവിച്ചവര്‍ യേഹ്ശുവായെ ദൈവപുത്രനായി അംഗീകരിക്കും. 'ഖുര്‍ആന്‍' ദൈവത്തില്‍നിന്നുള്ളതല്ല എന്നാണ് ഇവിടെ വ്യക്തമാകുന്നത്.
"പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെമേല്‍ ഉണ്ട്"(യോഹ: 3; 36). ഈ വചനങ്ങള്‍ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യാതെ വഴിയും സത്യവും ജീവനുമായ യേഹ്ശുവായെ അന്വേഷിച്ച് ഖുറാന്‍ പഠിക്കാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പും ബൈബിള്‍ തരുന്നുണ്ട്.
 

"ഇതാ മ്ശിഹാ ഇവിടെ ആല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം,കള്ള മ്ശിഹാമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും (മത്താ:24; 23, 24). മുഹമ്മദ് ആരാണെന്നും, മുഹമ്മദിന്റെ പ്രബോധനങ്ങള്‍ എന്താണെന്നും ഈ വചനത്തിലൂടെ യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. "ഇതാ ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്,അവന്‍ മരുഭൂമിയിലുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്"(മത്താ:24; 26). മരുഭൂമിയില്‍ ഉരുത്തിരിയാന്‍പോകുന്ന കപടത യേഹ്ശുവാ മുന്‍കൂട്ടി കണ്ടിരുന്നു എന്നത് സ്പഷ്ടമാണ്.
 
ഒരു കാണ്ണാടിയില്‍ എന്നതുപോലെ വ്യക്തമായി യേഹ്ശുവായുടെ രക്ഷാകര ചരിത്രം ബൈബിളില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.  അങ്ങനെയിരിക്കെ യേഹ്ശുവായുടെ അന്വേഷിച്ച് മറ്റു പലതിലൂടെയും നടക്കേണ്ടതില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ വഴിതെറ്റാന്‍ മാത്രമെ അതുപകരിക്കുകയുള്ളൂ. ഖുറാനില്‍ ഈസാനബിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരിച്ചാല്‍ അത് പിതാവായ ദൈവത്തെ വേദനിപ്പിക്കും എന്നതിനാല്‍, ആ ശപിക്കപ്പെട്ട കെട്ടുകഥകള്‍ മനോവയുടെ താളുകളില്‍ കുറിക്കുന്നില്ല. ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന യേഹ്ശുവായെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്താലുള്ള ദുരന്തം അപ്പസ്തോലന്മാരിലൂടെ ദൈവം അറിയിച്ചിട്ടുണ്ട്.
 

"ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേഹ്ശുവായെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക"(2കോറി:11;4). കുറച്ചുകൂടി തീവ്രമായ ഭാഷയില്‍ ഇക്കാര്യം ഗലാത്തിയര്‍ക്കുള്ള ലേഖനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. "ഞങ്ങള്‍ പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ:1; 8). അതായത്, ബൈബിളില്‍ പരിചയപ്പെടുത്തുന്ന യേഹ്ശുവായെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്ന പുസ്തകവും,അതിന്റെ നിര്‍മ്മാതാവും പ്രചാരകരും ഈ ശാപത്തില്‍നിന്നു മുക്തരല്ല.
 
അപ്പസ്തോലന്മാര്‍ യേഹ്ശുവായെ പ്രസംഗിച്ചത് കേട്ടറിവിന്റെ അടിസ്ഥാനത്തിലല്ല. അതവര്‍ വെളിപ്പേടുത്തിയിട്ടുണ്ട്.
യേഹ്ശുവായുടെ ശിഷ്യനായ യോഹന്നാന്‍ തന്റെ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു"(1 യോഹ:1,1).
 
സാത്താന്‍റെ സാമ്രാജ്യം തകര്‍ന്നു!
 
യേഹ്ശുവായുടെ കുരിശുമരണത്തിലൂടെ തകര്‍ന്നടിഞ്ഞത് സാത്താന്റെ സാമ്രാജ്യവും ആധിപത്യവുമാണ്. അതിനാല്‍, ഏറ്റവും അധികം വേദനിക്കുന്നതും അവന്‍തന്നെ! യേഹ്ശുവാ വഴി മനുഷ്യര്‍ രക്ഷപ്രാപിക്കാതിരിക്കേണ്ടതിന് ഈ കാല്‍വരിബലിയെ മനുഷ്യരില്‍നിന്നു മറച്ചുവക്കേണ്ടത് അവന്റെ ആവശ്യമാണ്. ഈ ഭൂമിയില്‍ സാത്താനുള്ള സകല ആധിപത്യവും കാല്‍വരിയിലെ ബലിയിലൂടെ ഇല്ലാതായി. സത്യം മറച്ചുവച്ചുകൊണ്ട് അവന്‍ നടത്തുന്ന നാടകങ്ങളും കോലാഹലങ്ങളുമാണ് ഇന്ന് കാണുന്ന കോപ്രായങ്ങള്‍! അവന്റെ സേവകരെ അതിനായി സാത്താന്‍ ഉപയോഗിക്കുന്നു.
 
ഒരു ക്രൈസ്തവന്റെമേലും സാത്താന്  ആധിപത്യം ഇല്ലായെന്നുമാത്രമല്ല, അവന്റെ തല തകര്‍ക്കാന്‍ ശക്തരുമാണ് ഓരോ ക്രൈസ്തവരും!
"ഇതാ,പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു"(ലൂക്കാ:10; 19). യേഹ്ശുവാ നേരിട്ടു പറഞ്ഞ ഈ വചനം നമ്മില്‍ നിലനില്‍ക്കുന്നിടത്തോളം ഒരു പ്രഭുത്വങ്ങള്‍ക്കും നമ്മെ കീഴ്പ്പെടുത്താന്‍ കഴിയില്ല. എന്നാല്‍, നാം യഥാര്‍ത്ഥ ക്രൈസ്തവരായിരിക്കണമെന്നതാണു പ്രധാനം. വിജാതിയരെപ്പോലെ ജീവിക്കുന്ന ക്രൈസ്തവ നാമധാരികള്‍ ക്രിസ്ത്യാനികള്‍ ആകണമെന്നില്ല. അതിനു വേറിട്ട ജീവിതം നയിക്കണം!
 

ഭൂപടത്തില്‍ കേരളമുണ്ടെങ്കിലും കേരളത്തെ കൂടുതലായി അറിയണമെങ്കില്‍ കേരളത്തിന്റെ 'മാപ്പ്' പരിശോധിക്കണം. മാത്രവുമല്ല, അംഗീകരിക്കപ്പെട്ടതുമായിരിക്കണം! യേഹ്ശുവായെ യഥാര്‍ത്ഥമായി അറിയണമെങ്കില്‍ ബൈബിള്‍ വായിക്കണം. യേഹ്ശുവായുടെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നവയെ സൂക്ഷിക്കണം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4748 views

LOG IN

Lost your password?

SIGN UP

LOST PASSWORD