വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

പ്രഥമസൃഷ്ടി പുരുഷനോ സ്ത്രീയോ?

Print By
about

ദൈവമായ യാഹ്‌വെ ആദ്യമായി സൃഷ്ടിച്ചത് പുരുഷനെയാണോ സ്ത്രീയെയാണോ എന്ന വിഷയത്തെക്കുറിച്ചുള്ള തര്‍ക്കവുമായി കത്തോലിക്കാസഭയിലെ ചില ഗ്രൂപ്പുകളും സഭയില്‍നിന്നു പുറത്തുപോയ ചിലരും ഇറങ്ങിയിട്ടുണ്ട്. ഇത്തരം തര്‍ക്കങ്ങള്‍ക്കു പിന്നിലെ നിഗൂഢതകളെ അനാവരണം ചെയ്യുകയെന്ന ഉദ്യമമാണ് ഈ ലേഖനത്തില്‍ മനോവ ഏറ്റെടുത്തിരിക്കുന്നത്. ഇതുകൂടാതെ, സകല മനുഷ്യരുടെയും സൃഷ്ടാവ് ദൈവമാണോ എന്ന അന്വേഷണവും ദൈവവചനത്തിന്റെ വെളിച്ചത്തില്‍ ഇവിടെ നടത്തുന്നു.

"അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു"(ഉല്‍പത്തി:1;27). ഈ വചനമാണ് തര്‍ക്കത്തിന് ആധാരമായിരിക്കുന്നത്! ആദത്തിന്റെ വാരിയെല്ലില്‍നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചതെന്നു വ്യക്തമാക്കുന്ന വിവരണം ബൈബിളില്‍ നാം കാണുന്നുണ്ട്. എന്നാല്‍, ഈ വചനത്തിന്റെ അവസാനഭാഗത്തു നല്‍കിയിരിക്കുന്ന വെളിപ്പെടുത്തല്‍ ചിലരുടെ കുബുദ്ധിയോടു ചേര്‍ത്തുവച്ചപ്പോള്‍ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചത്, സ്ത്രീയും പുരുഷനുമായിട്ടാണ് എന്നതിനാല്‍, ആദ്യസൃഷ്ടി സ്ത്രീയാണെന്നു വാദിക്കുന്നവരുടെ ലക്ഷ്യം ഹവ്വായെ മഹത്വപ്പെടുത്തുകയല്ല; മറിച്ച്, ദുരൂഹമായ മറ്റുചില ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ഗൂഢമായ ലക്ഷ്യമാണ്‌ ഇവര്‍ക്കുള്ളത്. ഈ ആശയങ്ങള്‍ എന്താണെന്നു വെളിപ്പെടുത്തുന്നതിനുമുമ്പ്, സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുവെന്ന വചനത്തെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.

ഈ വചനത്തില്‍ ഒരു പൂര്‍ണ്ണ വാചകവും രണ്ട് അപൂര്‍ണ്ണ വാചകങ്ങള്‍ ചേരുന്ന മറ്റൊരു പൂര്‍ണ്ണ വാചകവുമാണുള്ളത്. 'അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു' എന്നതിനുശേഷം പൂര്‍ണ്ണവിരാമം ഉള്ളതിനാല്‍ ഈ വാചകം ഒരു പൂര്‍ണ്ണ വാചകമാണ്. ഒരു വാചകം പൂര്‍ണ്ണമാകുന്നിടത്ത് ഒരു ബിന്ദു ഇടണം. മലയാള വ്യാകരണത്തില്‍ ഇതിനെ പൂര്‍ണ്ണ വിരാമം (Full stop) എന്നാണ് പറയുന്നത്. പൂര്‍ണ്ണ വിരാമത്തിനുമുന്‍പ് വാചകത്തെ മുറിച്ചുകൊണ്ട് രോധിനി അഥവാ അര്‍ദ്ധവിരാമ ചിഹ്നമുണ്ടെങ്കില്‍ [ ; ], അപൂര്‍ണ്ണമായ രണ്ടു വാചകങ്ങള്‍ ചേര്‍ന്നുള്ള ഒരു പൂര്‍ണ്ണ വാചകമായി അതിനെ പരിഗണിക്കും. ഉദാഹരണത്തിന്: "നിങ്ങള്‍ നടക്കൂ; ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്". ഘടനയില്‍ ഭിന്നങ്ങളെങ്കിലും അര്‍ത്ഥംകൊണ്ടു ബന്ധപ്പെട്ട വാക്യങ്ങളെ ഘടിപ്പിക്കാനും വേര്‍തിരിച്ചു കാണിക്കുവാനും അര്‍ദ്ധവിരാമ ചിഹ്നം ഉപയോഗിക്കുന്നു. നാം വായിച്ച വചനത്തിലെ രണ്ടാമത്തെ വാചകം അര്‍ദ്ധവിരാമ ചിഹ്നംകൊണ്ട് വേര്‍തിരിച്ചിരിക്കുന്നത് കാണാം. ആ വാക്യം ഇങ്ങനെയാണ്: "ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു."

രണ്ടു പൂര്‍ണ്ണ വാചകങ്ങളില്‍ മൂന്നു വിഷയങ്ങളാണ് ഈ വചനത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇത് മലയാളം ബൈബിളില്‍ മാത്രമുള്ള പ്രത്യേകതയാണ്. ഇംഗ്ലീഷ് അടക്കം മറ്റെല്ലാ പരിഭാഷകളിലും മൂന്ന്‍ അപൂര്‍ണ്ണ വാചകങ്ങള്‍ ചേര്‍ന്ന ഒരു പൂര്‍ണ്ണ വാചകമായിട്ടാണ് ഇരുപത്തേഴാം വാക്യം കാണുന്നത്. അപ്രകാരംതന്നെ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയിരുന്നെങ്കില്‍, ഇതായിരിക്കും ഈ വചനത്തിന്റെ രൂപം: "അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു"(ഉല്‍പത്തി:1;27). ഇംഗ്ലീഷ് ബൈബിളില്‍ ഈ വചനം ഇപ്രകാരം വായിക്കുന്നു: "And God created man to his own image; to the image of God he created him; male and female, he created them "(Genesis :1;27). അതായത്, മൂന്ന്‍ അപൂര്‍ണ്ണ വാചകങ്ങള്‍ ചേര്‍ന്നുള്ള ഒരു പൂര്‍ണ്ണവാചകമാണ് ഉത്പത്തി പുസ്തകത്തിലെ ഈ വാക്യം എന്നുതന്നെ നാം കാണണം. കാരണം, മലയാള പരിഭാഷയെ അടിസ്ഥാനമാക്കി ദൈവവചനം പഠിക്കാന്‍ ശ്രമിച്ചാല്‍, അതു ചില സന്ദര്‍ഭങ്ങളില്‍ വലിയ ദുരന്തമായിരിക്കും. ഈ മൂന്നു വിഷങ്ങളെയും മുന്‍ഗണനാക്രമത്തില്‍ പരിശോധിച്ചുകൊണ്ട് ഈ പഠനം നമുക്ക് ആരംഭിക്കാം.

ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന അപൂര്‍ണ്ണ വാചകത്തെയാണ് നാം പഠിക്കുന്ന ഒന്നാമത്തെ വിഷയം. ദൈവം തന്റെ ഛായയില്‍ സൃഷ്ടിച്ചത് മനുഷ്യനെയാണ്‌. മനുഷ്യന്‍ എന്നാല്‍ സ്ത്രീയോ പുരുഷനോ ആകാം. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മൂന്നു കാര്യങ്ങളെ ഒറ്റ വാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതാണ് ഈ വചനമെന്നു നാം മനസ്സിലാക്കിയത് ഇവിടെ പ്രയോഗത്തില്‍ വരുത്തണം. മനുഷ്യന്‍ എന്ന വാക്കുകൊണ്ട് ലിംഗനിര്‍ണ്ണയം നടത്തുവാന്‍ നമുക്കു സാധിക്കില്ല. കാരണം, പുരുഷനും സ്ത്രീയും പ്രായഭേദമന്യേ മനുഷ്യന്‍ എന്ന പദംകൊണ്ട് അറിയപ്പെടുന്നു. മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കിയ ഒരു വാക്യത്തിലെ ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത്, "ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു" എന്നാണ്! അതുകൊണ്ടുതന്നെ, ആദ്യം സൃഷ്ടിച്ചത് പുരുഷനെയോ സ്ത്രീയെയോ എന്ന്‍ ഈ വചനത്തിന്റെ ആദ്യഭാഗത്ത് സൂചനയില്ല! അത് സ്ത്രീയോ പുരുഷനോ ആകാം. എന്നാല്‍, രണ്ടാമത്തെ ഭാഗത്ത് വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: "തന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു."

അവന്‍ എന്നു സംബോധനചെയ്യുന്നത് പ്രായവ്യത്യാസമില്ലാതെ പുരുഷനെയാണെന്ന് നമുക്കറിയാം! ഇവിടെ അപൂര്‍ണ്ണമായ ഒരു വാക്യത്തിന്റെ തുടര്‍ച്ചയായി പറയുന്ന മറ്റൊരു അപൂര്‍ണ്ണ വാക്യത്തിലാണ് ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നത്. ഇനി നമുക്ക് ഈ രണ്ട് അപൂര്‍ണ്ണ വാക്യങ്ങളെ ചേര്‍ത്തുവച്ചു പരിശോധിക്കാം. "ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; തന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു". അതായത്, ദൈവം തന്റെ ഛായയില്‍ സൃഷ്ടിച്ച മനുഷ്യന്‍ അവനായിരുന്നു; അവളല്ല! ഈ അപൂര്‍ണ്ണ വാക്യങ്ങളെ ഏകീകരിച്ചു പറഞ്ഞാല്‍ ഇങ്ങനെയായിരിക്കും: "ദൈവം തന്റെ ഛായയില്‍ അവനെ മനുഷ്യനായി സൃഷ്ടിച്ചു". ഇതില്‍നിന്നു നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമിതാണ്‌: ആകാരത്തില്‍ പുരുഷനായിട്ടാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്!

മൂന്നാമത്തെ അപൂര്‍ണ്ണ വാക്യവുംകൂടി പരിശോധിച്ചതിനുശേഷം വിശദാംശങ്ങളിലേക്കു കടക്കാം. വചനം ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്: "സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു". മലയാളികളെ സംബന്ധിച്ചിടത്തോളം 'സ്ത്രീയും പുരുഷനും' ആണെങ്കില്‍, മറ്റു ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ക്ക് 'പുരുഷനും സ്ത്രീയുമാണ്'! അതിനാല്‍, മലയാളം ബൈബിളിന്റെ ചുവടുപിടിച്ചുകൊണ്ട്, പ്രഥമ സൃഷ്ടി സ്ത്രീയാണെന്നു വാദിക്കുന്നവരുടെ വാദഗതികളെ തള്ളിക്കളയുന്നു! സ്ത്രീപുരുഷന്മാര്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, യുവതീയുവാക്കള്‍, ബാലികാബാലന്മാര്‍, സഹോദരീസഹോദരന്മാര്‍ എന്നിങ്ങനെ മലയാളത്തിലുള്ള പ്രയോഗങ്ങള്‍ മറ്റിതര ഭാഷകളില്‍ ഇല്ലെന്നതാണ് സത്യം! എന്നാല്‍, സ്ത്രീപുരുഷന്മാര്‍ എന്ന പ്രയോഗം മറ്റു ഭാഷകളിലും ഉണ്ട്. ഉദാഹരണത്തിന്: ഇംഗ്ലീഷില്‍ 'Ladies and Gents' എന്നും ജര്‍മ്മന്‍ഭാഷയില്‍ 'Damen und Herren' എന്നും പറയുന്നു. എന്നിരുന്നാലും, ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന മലയാളത്തിലുള്ള പ്രയോഗം ഇംഗ്ലീഷില്‍ ഇല്ല. ഇംഗ്ലീഷില്‍ ഇതിനെ 'Husband and Wife' എന്ന പ്രയോഗത്തിലൂടെയാണ് സംബോധനചെയ്യുന്നത്. അതുപോലെതന്നെ, സഹോദരീസഹോദരന്മാര്‍ എന്നതിന് 'Brothers and Sisters' എന്നാണ് ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നതെന്നും നമുക്കറിയാം. ഇങ്ങനെയുള്ള പ്രയോഗങ്ങളെ കണക്കിലെടുത്ത് സൃഷ്ടിയുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുമ്പോള്‍ തെറ്റുപറ്റും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ!

പുരുഷനെയാണോ സ്ത്രീയെയാണോ ആദ്യമായി ദൈവം സൃഷ്ടിച്ചതെന്നും, അത് എപ്രകാരമായിരുന്നെന്നുമുള്ള രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്ന വചനമാണ് ഉത്പത്തിയുടെ പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തില്‍ വായിക്കുന്ന ഇരുപത്തിയേഴാം വാക്യം. എന്നാല്‍, ഇത് സൂക്ഷ്മമായി പരിശോധിക്കാതെ വ്യാഖ്യാനിക്കാന്‍ മുതിര്‍ന്നവര്‍ക്ക് തെറ്റുപറ്റി. ഈ വചനത്തിലെ അവസാനത്തെ അപൂര്‍ണ്ണ വാക്യം യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ്: "പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു". ഇവിടെ ആദ്യം പറഞ്ഞിരിക്കുന്നത് 'പുരുഷന്‍' എന്നായതുകൊണ്ടുമാത്രം, പുരുഷനാണ് പ്രഥമസൃഷ്ടിയെന്നു പരിഗണിക്കേണ്ടതില്ല; മറിച്ച്, വചനത്തെ പൂര്‍ണ്ണമായി ഗ്രഹിച്ചുകൊണ്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് ഉചിതമായ കാര്യം!

ഇരുപത്തിയേഴാമത്തെ വാക്യത്തില്‍ എഴുതിയിരിക്കുന്ന മൂന്ന്‍ അപൂര്‍ണ്ണ വാചകങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണത്തിലും പൊതുവായുള്ള കാര്യം, അവ രണ്ട് ഏകവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ്. ആദ്യത്തേതില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്നും, രണ്ടാമത്തേതില്‍ അവനെ സൃഷ്ടിച്ചുവെന്നും കാണാം. അതായത്, മനുഷ്യരെയെന്നും അവരെയെന്നുമുള്ള ബഹുവചനങ്ങള്‍ ഇവിടെ കാണുന്നില്ല. എന്നാല്‍, മൂന്നാമത്തെ ഭാഗത്തേക്കു കടക്കുമ്പോള്‍, അവരെ സൃഷ്ടിച്ചുവെന്ന ബഹുവചനമാണ് കാണുന്നത്. ആയതുകൊണ്ട്, നമുക്ക് ഇങ്ങനെ വ്യാഖ്യാനിക്കാം: ആകൃതിയില്‍ പുരുഷനായ ഒരു മനുഷ്യനെയാണ്‌ ദൈവം ആദ്യം സൃഷ്ടിച്ചത്. അടുത്തഭാഗത്ത് കാണുന്ന 'പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു' എന്ന ബഹുവചനം തുടര്‍സൃഷ്ടിയെ വ്യക്തമാക്കുന്നു. ആകൃതിയില്‍ പുരുഷനായിരുന്ന മനുഷ്യനില്‍നിന്നു സ്ത്രീയെ സൃഷ്ടിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീയെ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട വിവരണത്തില്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. ആ സംഭവം പരിശോധിച്ചതിനുശേഷം ഈ വിവരണത്തിലേക്കുതന്നെ തിരികെവരാം.

"അതുകൊണ്ട്, ദൈവമായ യാഹ്‌വെ മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി. മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു"(ഉത്പ:2;21,22). ഇതിനു തൊട്ടുമുന്‍പുള്ള വചനത്തില്‍ പൂഴിയില്‍നിന്നു മനുഷ്യനെ സൃഷ്ടിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നു. വചനമിതാണ്: "ദൈവമായ യാഹ്‌വെ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു"(ഉത്പ:2;7). മനുഷ്യനെ പൂഴിയില്‍നിന്നാണ് സൃഷ്ടിച്ചതെങ്കില്‍, സ്ത്രീയ്ക്ക് രൂപംനല്‍കിയപ്പോള്‍ ഈ മാര്‍ഗ്ഗം അവലംബിച്ചില്ല. പകരം, മനുഷ്യന്റെ വാരിയെല്ലുകളില്‍ ഒരെണ്ണം വേര്‍പെടുത്തിയതിനുശേഷം, അതില്‍നിന്നാണ് സ്ത്രീയ്ക്ക് രൂപംനല്‍കിയത്. ഈ രണ്ടു വചനങ്ങളും ആദ്യത്തെ വചനവുമായി ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ യഥാര്‍ത്ഥ സത്യം തെളിഞ്ഞുവരും.

ദൈവമായ യാഹ്‌വെ പൂഴിയില്‍നിന്നു സൃഷ്ടിച്ച സൃഷ്ടിച്ച മനുഷ്യന്‍ സ്ത്രീയോ പുരുഷനോ ആയിരുന്നില്ല. ആകാരത്തില്‍ പുരുഷനായി കാണപ്പെട്ടുവെങ്കിലും, ഈ മനുഷ്യനില്‍ത്തന്നെ പുരുഷനും സ്ത്രീയും ഉണ്ടായിരുന്നു. മനുഷ്യനില്‍നിന്നു സ്ത്രീയെ വേര്‍പെടുത്തിയപ്പോള്‍ മുതലാണ്‌ അവന്‍ യഥാര്‍ത്ഥ പുരുഷനായത്! വചനം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മനുഷ്യന്റെ വാരിയെല്ലില്‍നിന്നു സ്ത്രീയ്ക്ക് രൂപംനല്‍കിയതിനുശേഷം മാത്രമാണ് പുരുഷന്‍ എന്ന്‍ അവന്‍ ആദ്യമായി വിളിക്കപ്പെടുന്നത്. അതിനുമുന്‍പുവരെ മനുഷ്യന്‍ എന്നാണ് അവന്‍ വിളിക്കപ്പെട്ടത്. ഈ വചനം നോക്കുക: "ദൈവമായ യാഹ്‌വെ അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും"(ഉത്പ:2;18). പുരുഷന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന്‍ പറയുന്നില്ല; മറിച്ച്, മനുഷ്യന്‍ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അവന്‍ എന്ന സംബോധന ഒരുപക്ഷേ സംശയത്തിന് ഇടവരുത്തിയേക്കാം. എന്തുകൊണ്ടാണ് ഇപ്രകാരം 'അവന്‍' എന്ന സംബോധന വന്നതെന്ന് ആരംഭത്തില്‍ നാം കണ്ടിരുന്നു. ആകൃതിയില്‍ പുരുഷനായിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്ന കാരണത്താലാണ് 'അവന്‍' എന്ന് സംബോധനചെയ്തത്!

ഈ മനുഷ്യന്‍ എപ്പോള്‍ മുതലാണ്‌ 'പുരുഷന്‍' എന്നു വിളിക്കപ്പെട്ടത് എന്നതുകൂടി നോക്കുക: "മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു. അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും. അതിനാല്‍, പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും"(ഉത്പ:2;22-24). ഇതിനുമുന്‍പ് ഒരിടത്തുപോലും പുരുഷന്‍ എന്ന വാക്കുകൊണ്ട് മനുഷ്യന്‍ സംബോധനചെയ്യപ്പെട്ടതായി ബൈബിളില്‍ വായിക്കാന്‍ കഴിയില്ല. ഉത്പത്തി ഒന്നാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യം ഒന്നുകൂടി വായിച്ചാല്‍, കുറച്ചുകൂടി വ്യക്തത കൈവരും.

ആകൃതിയില്‍ പുരുഷനായിരുന്ന മനുഷ്യനില്‍നിന്നാണ് സ്ത്രീയെ സൃഷ്ടിച്ചതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതിനായി ആ വചനം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്: "അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു"(ഉല്‍പത്തി:1;27). ആകാരത്തില്‍ പുരുഷനായിരുന്നെങ്കിലും ആദ്യസൃഷ്ടിയായ മനുഷ്യന്റെയുള്ളില്‍ സ്ത്രീയുണ്ടായിരുന്നു. ഈ സ്ത്രീയെ മനുഷ്യനില്‍നിന്നു വേര്‍പെടുത്തിയപ്പോള്‍, മനുഷ്യനില്‍നിന്നു പുരുഷനും സ്ത്രീയും ഉണ്ടായി. അതായത്, മനുഷ്യനെ ദൈവം പുരുഷനും സ്ത്രീയുമായാണ് സൃഷ്ട്ടിച്ചത്! മൂന്ന്‍ അപൂര്‍ണ്ണ വാചകങ്ങളില്‍ അവസാനത്തേതു പറഞ്ഞു നിര്‍ത്തുന്നതും ഈ സത്യമാണ്. ഇക്കാരണത്താല്‍ത്തന്നെ, പ്രഥമ സൃഷ്ടി പുരുഷനോ സ്ത്രീയോ അല്ല; മറിച്ച്, മനുഷ്യനെയാണ്‌ ദൈവം പൂഴിയില്‍നിന്നു സൃഷ്ടിച്ചത്!

മനുഷ്യനെ സൃഷ്ടിക്കുന്നതില്‍ ഇത്രമാത്രം ദുരൂഹത ആവശ്യമായിരുന്നോ എന്ന ചോദ്യം ഒരുപക്ഷേ ചിലരെങ്കിലും ഉയര്‍ത്തിയേക്കാം. ആവശ്യമായിരുന്നുവെന്ന ഉത്തരമാണ് ഇവിടെ മനോവയ്ക്കു നല്കുവാനുള്ളത്. കാരണം, പുരുഷനെയും സ്ത്രീയെയും വെവ്വേറെ സൃഷ്ടിച്ചാല്‍ ഭാവിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്. എന്താണ് ആ പ്രശ്നം എന്നതിന്റെ വിശദാംശങ്ങളിലേക്കു കടക്കാം.

ദൈവത്തിന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിക്കേണ്ടത് അനിവാര്യമായ കാര്യമായിരുന്നു. എന്നാല്‍, പുരുഷനെയും സ്ത്രീയേയും വേറിട്ടു സൃഷ്ടിക്കുമ്പോള്‍, ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കുകയെന്ന പദ്ധതി സാധ്യമാകാതെ വരും. കാരണം, പുരുഷന്റെയും സ്ത്രീയുടെയും ഛായ വ്യത്യസ്തമാണെന്നതുതന്നെ! സര്‍വ്വജ്ഞനായ ദൈവത്തിന്റെ പദ്ധതി വരാനിരിക്കുന്ന രക്ഷകനെ മുന്നില്‍ക്കണ്ടുള്ളതായിരുന്നു. തന്റെ ഏകജാതനെ ഈ ഭൂമിയിലേക്ക് അയയ്ക്കുമ്പോള്‍, ഏതു ഛായയിലാണ് അവനെ അയയ്ക്കേണ്ടതെന്ന പദ്ധതി അവിടുത്തെ മനസ്സിലുണ്ടായിരുന്നു. ദൈവത്തിന്റെ ഛായയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ക്കൂടി മനസ്സിലാക്കുന്നതിനായി പുതിയനിയമത്തിലേക്കു നമുക്കു പ്രവേശിക്കാം.

ദൈവത്തിന്റെ രൂപവും മനുഷ്യന്റെ ആകൃതിയും!

അദൃശ്യനായ ദൈവത്തിനു ഛായയുണ്ടോ? ഇത് പലരുടെയും മനസ്സില്‍ ഉയര്‍ന്നുവന്നിട്ടുള്ള ചോദ്യമാണ്! ദൈവം അദൃശ്യനായിരുന്നു എന്നതുകൊണ്ട് അവിടുന്ന് അരൂപിയാണെന്ന അര്‍ത്ഥമില്ല. പലരും കരുതിയിരിക്കുന്നത് ദൈവം അരൂപിയാണ്, അവിടുത്തെ ഒരിക്കലും ആര്‍ക്കും കാണാന്‍ സാധിക്കില്ല എന്നൊക്കെയാണ്. ഈ അറിവ് എവിടെനിന്നു ലഭിച്ചതാണെന്ന് മനോവയ്ക്കറിയില്ല. ബൈബിളില്‍ ഇങ്ങനെയൊരു സൂചനയും നല്‍കിയിട്ടില്ലെന്നു മനോവയ്ക്കറിയാം. ബൈബിളിലെ ചില വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതിലൂടെ സംഭവിച്ച പിഴവാണ് ഇത്തരത്തിലുള്ള ആശയങ്ങളുടെ ആധാരം. അങ്ങനെയുള്ള ചില വചനങ്ങള്‍ നമുക്കു പരിശോധിക്കാം.

"ഹോറെബില്‍വച്ച് അഗ്‌നിയുടെ മധ്യത്തില്‍നിന്നു യാഹ്‌വെ നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല"(നിയമം:4;15). ഇസ്രായേല്‍ ജനത്തോടു മോശ പറഞ്ഞതാണ് ഈ വാക്കുകള്‍. ഇസ്രായേല്‍ ജനം ദൈവത്തെ കണ്ടില്ല എന്നതുകൊണ്ട് ദൈവത്തിനു രൂപമില്ലെന്നു പ്രഖ്യാപിക്കുന്നത് തികച്ചും ബാലിശമായ കാര്യമാണ്. ദൈവത്തിനു രൂപമില്ലെന്നു മോശ പറയില്ല; കാരണം, മോശ ദൈവത്തിന്റെ രൂപം കണ്ടിട്ടുണ്ട്! ഈ വചനം നോക്കുക: "സ്‌നേഹിതനോടെന്നപോലെ യാഹ്‌വെ മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു"(പുറ:33;11). ദൈവംതന്നെ നേരിട്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്ന വചനം ബൈബിളിലുണ്ട്. ആ വചനം ഇതാണ്: "അവിടുന്ന് അരുളിച്ചെയ്തു: എന്റെ വചനം ശ്രവിക്കുക; നിങ്ങളുടെയിടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ യാഹ്‌വെ ആയ ഞാന്‍ ദര്‍ശനത്തില്‍ അവന് എന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കും; സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും. എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല. അവനെ എന്റെ ഭവനത്തിന്റെ മുഴുവന്‍ ചുമതലയും ഏല്പിച്ചിരിക്കുന്നു. അവ്യക്തമായിട്ടല്ല, സ്പഷ്ടമായി മുഖാഭിമുഖം അവനുമായി ഞാന്‍ സംസാരിക്കുന്നു. അവന്‍ യാഹ്‌വെയുടെ രൂപം കാണുകയും ചെയ്യുന്നു"(സംഖ്യ:12;6-8).

ദൈവത്തിനു രൂപമില്ലെന്ന 'സുവിശേഷവുമായി' ഇനിമേല്‍ ആരെങ്കിലും സമീപിച്ചാല്‍, ആ പ്രബോധനത്തിന് ആരും ആമ്മേന്‍ പറയരുത്. കാരണം, ദൈവത്തിനു രൂപമുണ്ട്. ഇത് വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ടെങ്കിലും, ഇതില്‍പ്പരം മറ്റു തെളിവുകള്‍ ആവശ്യമുള്ളതായി മനോവ കരുതുന്നില്ല! എന്നാല്‍, ദൈവം അവിടുത്തെ രൂപം സകല മനുഷ്യര്‍ക്കും എന്തുകൊണ്ടാണ് ദൃഷ്ടിഗോചരമാക്കാത്തത് എന്നകാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു! എല്ലാ മനുഷ്യര്‍ക്കും എന്തുകൊണ്ടാണ് ദൈവത്തെ കാണാന്‍ സാധിക്കാത്തത്? അവിടുന്ന് ആദിമുതലേ ഈ വിധത്തില്‍ മറഞ്ഞിരിക്കുകയായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിക്കൊണ്ട് പഠനം തുടരാം.

മനുഷ്യന്റെ പാപം അവനെയും ദൈവത്തെയും തമ്മില്‍ അകറ്റി എന്നതാണ് യാഥാര്‍ത്ഥ്യം! ഏദന്‍തോട്ടത്തില്‍ മനുഷ്യനോടൊപ്പം വ്യാപരിച്ചിരുന്ന ദൈവത്തെയാണ് ബൈബിളില്‍ നാം ആദ്യം കാണുന്നത്. "വെയിലാറിയപ്പോള്‍ ദൈവമായ യാഹ്‌വെ തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി, തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ചു. അവിടുന്നു പുരുഷനെ വിളിച്ചു ചോദിച്ചു: നീ എവിടെയാണ്? അവന്‍ മറുപടി പറഞ്ഞു: തോട്ടത്തില്‍ അവിടുത്തെ ശബ്ദം ഞാന്‍ കേട്ടു. ഞാന്‍ നഗ്നനായതുകൊണ്ടു ഭയന്ന് ഒളിച്ചതാണ്"(ഉത്പ:3;8-10). മനുഷ്യന്‍ പാപം ചെയ്യുന്നതിലൂടെ ദൈവത്തിന്റെ സാന്നിദ്ധ്യംപോലും അവനില്‍ ഭയം ജനിപ്പിക്കും എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ വെളിപ്പെടുന്നത്. മാനവരാശി പാപത്താല്‍ അധഃപതിച്ചപ്പോള്‍ ദൈവത്തിന്റെ രൂപം മനുഷ്യനു ദര്‍ശിക്കാന്‍ കഴിയാത്ത അവസ്ഥയായി. എന്നാല്‍, അവിടുത്തെ സന്നിധിയില്‍ നീതിപൂര്‍വ്വം വ്യാപരിച്ചവര്‍ക്ക് അവിടുന്ന് സ്വയം വെളിപ്പെടുത്തി. അബ്രാഹവും ഇസഹാക്കും യാക്കോബും മോശയും അവിടുത്തെ കണ്ടു! ദൈവത്തിനു രൂപമുണ്ടെന്നും അത് മനുഷ്യനു കാണാന്‍ സാധിക്കുമെന്നും യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്നത് നോക്കുക: "പീലിപ്പോസ് പറഞ്ഞു: ഗുരോ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി. യേഹ്ശുവാ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?"(യോഹ:14;8-10).

പാപംമൂലം മനുഷ്യന്റെ ദൃഷ്ടിക്കു ഗോചരമാല്ലാതിരുന്ന ദൈവത്തിന്റെ രൂപം ദൃശ്യമാക്കിയത് യേഹ്ശുവായാണ്! അപ്പസ്തോലനായ പൗലോസ് ഇങ്ങനെ എഴുതിയിരിക്കുന്നു: "അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്"(കൊളോ:1;15). അദൃശ്യനായിരിക്കുക എന്നാല്‍, രൂപമില്ലാത്തവാനാണ് എന്ന്‍ അര്‍ത്ഥമില്ല; മറിച്ച്, ദര്‍ശനം നല്കാത്തതോ ദര്‍ശിക്കാന്‍ കഴിയാത്തതോ ആകാം! അദൃശ്യനായ ദൈവം എന്നതിന് ഇംഗ്ലീഷ് ബൈബിളില്‍ നല്‍കുന്ന പരിഭാഷ 'invisible God' എന്നാണ്! അദൃശ്യമായ, പരോക്ഷമായ, അഗോചരമായ തുടങ്ങിയ അര്‍ത്ഥങ്ങളാണ് 'invisible' എന്ന വാക്കിനുള്ളത്. ബാഹ്യമായ ദൃഷ്ടിയില്‍നിന്നു മറഞ്ഞിരിക്കുന്ന അവസ്ഥയെ ഈ വാക്കുകൊണ്ട് സൂചിപ്പിക്കുന്നു. അതുകൊണ്ടാണല്ലോ, അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപം എന്ന്‍ അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത്. രൂപമില്ലാത്ത ഒരുവനു പ്രതിരൂപം ഉണ്ടാകില്ലെന്നു സാമാന്യബുദ്ധിയില്‍ത്തന്നെ മനസ്സിലാക്കാവുന്നതാണല്ലോ! ദൈവത്തിനു രൂപമില്ലായിരുന്നുവെങ്കില്‍, പീലിപ്പോസിന്റെ ചോദ്യത്തിനുള്ള യേഹ്ശുവായുടെ മറുപടി ഇപ്രകാരം ആയിരിക്കില്ല. പിതാവിനു രൂപമില്ലാത്തതുകൊണ്ട് ആര്‍ക്കും അവിടുത്തെ കാണാന്‍ സാധിക്കില്ല എന്ന ലളിതവും അസന്ദിഗ്ദ്ധവുമായ ഉത്തരം യേഹ്ശുവാ നല്‍കുമായിരുന്നു!

ദൈവത്തിന്റെ സാദൃശ്യത്തിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍, പൗലോസ് അപ്പസ്തോലന്‍ എഴുതിയ ഒരു ലേഖനത്തിലെ സൂചനകള്‍ ഇതിനു വിരുദ്ധമാണെന്നു ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകാം. ആ വിവരണം ഇങ്ങനെ: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു"(ഫിലിപ്പി:2;6-8). ദൈവത്തിന്റെ രൂപത്തിലായിരുന്ന യേഹ്ശുവാ, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീരുകയും ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെടുകയും ചെയ്തു എന്ന വിവരണത്തിലൂടെ എന്താണ് നാം മനസ്സിലാക്കേണ്ടത്? മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ സാദൃശ്യത്തിലല്ലേ? പിന്നെ എങ്ങനെയാണ് ദൈവത്തിന്റെ രൂപം ഉപേക്ഷിച്ച് മനുഷ്യന്റെ ആകൃതി സ്വീകരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിയേ തീരൂ!

ഈ വചനത്തിന്റെ ആദ്യഭാഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് വായിക്കുന്നത്: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല". എന്നാല്‍, ഇംഗ്ലീഷ് പരിഭാഷ എന്താണെന്നു നോക്കുക: "Who, though he was in the form of God, did not regard equality with God something to be grasped"(Philippians:2;6). ഗ്രീക്ക് ഭാഷയില്‍നിന്ന്‍ ഇംഗ്ലീഷിലേക്കു നേരിട്ടുള്ള പരിഭാഷകൂടി നോക്കുക: "who in [the] form of God subsisting not something to be grasped esteemed it to be equal with God"((Philippians:2;6). ലത്തീന്‍ ഭാഷയില്‍നിന്നുള്ള പരിഭാഷ ശ്രദ്ധിക്കുക: "who, though he was in the form of God, did not consider equality with God something to be seized"(Philippians:2;6). ലാറ്റിന്‍ മൂലം ഇങ്ങനെ: "qui cum in forma Dei esset, non rapinam arbitratus est esse se æqualem Deo"(Philippians:2;6). ഈ വചനത്തെ ഇങ്ങനെയാണ് മനോവ മനസ്സിലാക്കിയത്: "രൂപത്തിലും സത്തയിലും ദൈവത്തോടു സമനായിരുന്നുവെങ്കിലും അവന്‍ ദൈവവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല".

പൗലോസ് അപ്പസ്തോലന്‍ മനസ്സില്‍പ്പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ആ വിശുദ്ധന്റെ പേരില്‍ മലയാളം ബൈബിളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന പലതും. ഇതിനെക്കുറിച്ച് അപ്പസ്തോലനായ പത്രോസ് പറയുന്നത് ശ്രദ്ധിക്കുക: "നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യം തന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു. ആകയാല്‍ പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്‌ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍"(2പത്രോ:3;15,16). മനോവയ്ക്കും ഇതുതന്നെയാണ് ആവര്‍ത്തിക്കാനുള്ളത്!

നാം പരിശോധിച്ചുകൊണ്ടിരുന്ന വചനത്തിലെ ശേഷിക്കുന്ന ഭാഗംകൂടി നോക്കാം. "തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു"(ഫിലിപ്പി:2;7,8). ഈ വചനം ഇംഗ്ലീഷില്‍ ഇങ്ങനെയാണ് വായിക്കുന്നത്: "Rather, he emptied himself, taking the form of a slave, coming in human likeness;  and found human in appearance"(Philippians:2;7,8). തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ(അടിമയുടെ) രൂപം സ്വീകരിച്ചു എന്ന ഭാഗത്ത് വലിയ തെറ്റുകള്‍ കാണുന്നില്ല. എന്നിരുന്നാലും, 'രൂപം സ്വീകരിക്കല്‍' എന്നത് ശുദ്ധമായ പരിഭാഷയായി കരുതാനും കഴിയില്ല. (ലാറ്റിന്‍ പരിഭാഷയില്‍ 'slave' എന്ന വാക്കിനു പകരം 'servant' എന്ന വാക്കാണ്‌ കാണുന്നത്). തൊട്ടടുത്ത വാക്കുകള്‍ നോക്കുക; 'coming in human likeness' എന്നതിന്റെ യഥാര്‍ത്ഥ പരിഭാഷ 'മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു എന്നാണോ? 'likeness' എന്ന വാക്കിന് സാദൃശ്യം എന്ന അര്‍ത്ഥമുണ്ടെന്നത് ശരിതന്നെ. എന്നാല്‍, മറ്റുചില അര്‍ത്ഥങ്ങള്‍ക്കൂടി ഈ വാക്കിനുണ്ട്. 'likeness' എന്ന ഇംഗ്ലീഷ് വാക്കിന്, സാദൃശ്യം, സമാനത, പ്രതിരൂപം, പ്രതിച്ഛായ എന്നീ അര്‍ത്ഥങ്ങളുള്ളപ്പോള്‍, സന്ദര്‍ഭത്തിനു ചേരാത്ത വാക്ക് തിരഞ്ഞെടുത്തത് ദുരൂഹമാണ്!

എന്താണ് ഈ വചനത്തിന്റെ സന്ദര്‍ഭം? ദൈവവുമായുള്ള സമാനത കാര്യമാക്കാതെ, മനുഷ്യനുമായി സമാനനാകുകയല്ലേ ഇവിടെ സംഭവിച്ചത്? അതുകൊണ്ടുതന്നെ, 'coming in human likeness' എന്നതിന്റെ യഥാര്‍ത്ഥ പരിഭാഷ, 'മനുഷ്യനോടു സമനായി' എന്നാണ്! യേഹ്ശുവായുടെ ദൗത്യം എന്തായിരുന്നുവെന്നുകൂടി ഇവിടെ പരിഗണിക്കുമ്പോള്‍, മനോവ പറയുന്നതാണ് സത്യമെന്നു തിരിച്ചറിയാന്‍ കഴിയും. യേഹ്ശുവായുടെ ദൗത്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പ് ഈ വചനത്തിലെ അവസാനഭാഗം കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.

"ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു" എന്നാണ് മലയാളം ബൈബിളില്‍ ഈ വചനം വായിക്കുന്നത്. ഇതിന്റെ ഇംഗ്ലീഷ് ഇപ്രകാരമാണ്: "and found human in appearance". ഇതിന്റെ ലത്തീന്‍ പരിഭാഷകൂടി വായിച്ചാല്‍, സത്യം കുറേക്കൂടി തെളിഞ്ഞുവരും. അത് ഇങ്ങനെ വായിക്കുന്നു: "and accepting the state of a man"(Philippians:2;,8). അതായത്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു എന്നല്ല; മറിച്ച്, അവസ്ഥയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു എന്നാണ്! ആകൃതിയും അവസ്ഥയും തമ്മിലുള്ള അന്തരം ചെറുതല്ല. യേഹ്ശുവാ ഭൂമിയിലേക്കു വന്നത് മനുഷ്യന്റെ ആകൃതിയില്‍ സംഭവിച്ച പോരായ്മ പരിഹരിക്കാന്‍ ആയിരുന്നില്ല. മനുഷ്യന്റെ അവസ്ഥയില്‍ വന്ന ദുരന്തം പരിഹരിക്കുക എന്നതായിരുന്നു അവിടുത്തെ ദൗത്യം! യേഹ്ശുവായ്ക്ക് മനുഷ്യന്റെ ഛായ സ്വീകരിക്കേണ്ട ആവശ്യമില്ല; കാരണം, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ ദൈവത്തിന്റെ ഛായയിലാണ്. ദൈവതന്നെയായ യേശുവിനെ ഈ ഭൂമുഖത്തേക്ക് അയയ്ക്കുകയെന്ന ലക്‌ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് മനുഷ്യനെ അവിടുത്തെ ഛായയില്‍ സൃഷ്ടിച്ചത്. മനുഷ്യന്‍ പാപത്താല്‍ അധഃപതിക്കുമെന്നും, ഈ അധഃപതനത്തില്‍നിന്ന്‍ അവനെ രക്ഷിക്കാന്‍ തന്റെ പുത്രനെ ലോകത്തേക്ക് അയയ്ക്കേണ്ടി വരുമെന്നും അനന്തജ്ഞാനിയായ ദൈവം അറിഞ്ഞിരുന്നു!

മനുഷ്യന്റെ ഛായ ദൈവം സ്വീകരിക്കുകയായിരുന്നില്ല; മറിച്ച്, ദൈവത്തിന്റെ ഛായ മനുഷ്യനു നല്‍കുകയായിരുന്നു എന്ന സത്യം നിലനില്‍ക്കുമ്പോള്‍, യേഹ്ശുവാ സ്വീകരിച്ചത് മനുഷ്യന്റെ രൂപമാണെന്ന കണ്ടെത്തല്‍ തികച്ചും വസ്തുതാവിരുദ്ധമാണ്. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ വളച്ചൊടിച്ചതോ, അജ്ഞതമൂലം അബദ്ധം കടന്നുകൂടിയതോ ആണ് മലയാളപരിഭാഷയിലെ പിഴവ്!

യേഹ്ശുവാ ഏറ്റെടുത്തത് മനുഷ്യന്റെ അവസ്ഥയാണെന്നു മനസ്സിലാകണമെങ്കില്‍, മനുഷ്യന്റെ അവസ്ഥയെന്താണെന്ന് അറിയണം. ഭക്ഷണത്തിന്റെയും കാലാവസ്ഥയുടെയും വ്യതിയാനത്തിന് അനുസരണമായ രൂപമാറ്റമല്ലാതെ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ട ഛായയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല! പരിണാമ വാദക്കാരുടെ ലക്ഷ്യത്തെ, അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടാണ് മനോവ ഇതു പറയുന്നത്. ആയതിനാല്‍, മനുഷ്യന്റെ ബാഹ്യരൂപത്തില്‍ മാറ്റം വരുത്താനുള്ള ദൗത്യവുമായല്ല ദൈവപുത്രന്‍ ഭൂമിയില്‍ വന്നത്. ദൈവം എന്ന അവസ്ഥയില്‍നിന്ന് മനുഷ്യന്‍ എന്ന അവസ്ഥയിലേക്കുള്ള ശൂന്യവത്കരണമാണ് യേഹ്ശുവായുടെ മനുഷ്യാവതാരത്തിലൂടെ സംഭവിച്ചത്. നിര്‍മ്മലനായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അവസ്ഥ പാപംമൂലം മലിനമായപ്പോള്‍ അത് പരിഹരിക്കാന്‍, മനുഷ്യന്റെ അവസ്ഥാന്തരത്തിനു കാരണമായ പാപത്തെ യേശു വഹിച്ചു! അങ്ങനെ മനുഷ്യന്റെ അവസ്ഥയെ അവിടുന്ന് ഏറ്റെടുത്തു! ഇക്കാരണത്താലാണ് യേഹ്ശുവായെ നോക്കി സ്നാപകയോഹന്നാന്‍ ഇപ്രകാരം വിളിച്ചുപറഞ്ഞത്: "ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്"(യോഹ:1;29).

ഈ വചനത്തിന്റെ മൊഴിമാറ്റത്തിലും അപകടകരമായ ഒരു തെറ്റ് കടന്നുകൂടിയിട്ടുണ്ട്. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നല്ല യഥാര്‍ത്ഥ പരിഭാഷ; ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്നാണ് മൂലഗ്രന്ഥത്തില്‍ ഉള്ളത്. ഇംഗ്ലീഷ് ബൈബിളില്‍ ഈ വചനം എപ്രകാരമാണെന്നു നോക്കുക: "Behold, the Lamb of God, who takes away the sin of the world"(John:1;29). ഗ്രീക്ക് മൂലത്തില്‍നിന്നു യാതൊരു വ്യത്യാസവും വരുത്താത്ത പരിഭാഷയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇത് മലയാളത്തിലേക്ക് മൊഴിമാറ്റിയാല്‍, ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന്‍ എഴുതണം. നീക്കംചെയ്യാലും വഹിക്കലും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ പാപം നീക്കംചെയ്യപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, അവിടെ നടക്കുന്ന പ്രക്രിയ ഒരു വഹിക്കലാണ്! മനുഷ്യന്റെ പാപം എടുത്തുകളയുകയല്ല; ഏറ്റെടുക്കുകയാണ് ചെയ്തത്! മനുഷ്യന്‍ അനുഭവിക്കേണ്ട ശിക്ഷ, അവനു പകരമായി യേശു ഏറ്റെടുക്കുകയും ചെയ്തു!

ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തിലൂടെ പൗലോസ് അറിയിച്ചതും ഇതുതന്നെയാണ്! അതായത്, മനുഷ്യന്റെ ആകൃതിയല്ല യേഹ്ശുവാ സ്വീകരിച്ചത്; പിന്നെയോ, അവന്റെ അവസ്ഥയാണ് അവിടുന്ന് സ്വീകരിച്ചത്! "and accepting the state of a man"(Philippians:2;,8). ഈ അവസ്ഥ എന്നത് അവന്റെ പാപകരമായ അവസ്ഥയായിരുന്നു! ഭൂമിയിലുള്ള യേഹ്ശുവായുടെ ദൗത്യവും ഇതുതന്നെയായിരുന്നു!

ഇതുവരെയുള്ള നമ്മുടെ പഠനത്തെ ഇപ്രകാരം ചുരുക്കെഴുത്തു നടത്താം: ആദിമനുഷ്യനെ ദൈവം പൂഴിയില്‍നിന്നു തന്റെ ഛായയില്‍ രൂപപ്പെടുത്തുകയും അവന് അവിടുന്ന് ജീവശ്വാസം നല്‍കുകയും ചെയ്തു. ബാഹ്യരൂപത്തില്‍ ഈ മനുഷ്യന്‍ പുരുഷനെപ്പോലെ കാണപ്പെട്ടുവെങ്കിലും അവന്റെയുള്ളില്‍ ഒരു സ്ത്രീയുണ്ടായിരുന്നു. ഈ സ്ത്രീയെ മനുഷ്യനില്‍നിന്നു വേര്‍പെടുത്തിയപ്പോള്‍, പുരുഷനും സ്ത്രീയും എന്ന രണ്ടു വ്യക്തികളായി മനുഷ്യന്‍ മാറുകയും, ഏകനായിരുന്ന മനുഷ്യനില്‍നിന്നുതന്നെ അവനൊരു തുണയെ ലഭിക്കുകയും ചെയ്തു. തന്നോടു സമനായിരിക്കുന്ന തന്റെ പുത്രനെ, കാലപൂര്‍ണ്ണതയില്‍ ലോകത്തേക്ക് അയയ്ക്കേണ്ടത്തിനായിരുന്നു അവിടുന്ന് തന്റെ ഛായ മനുഷ്യനു നല്‍കിയത്!

യേഹ്ശുവാ ഈ ഭൂമിയിലേക്കു വന്നത് മനുഷ്യന്റെ ബാഹ്യരൂപം സ്വീകരിച്ചല്ല; മറിച്ച്, തന്റെതന്നെ ഛായയിലായിരുന്നു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. അവിടുന്ന് മനുഷ്യനില്‍നിന്നു സ്വീകരിച്ചത് അവന്റെ പാപം മാത്രമായിരുന്നു. മനുഷ്യന്റെ പാപകരമായ അവസ്ഥയെ തന്റെ ശരീരത്തില്‍ വഹിച്ചുകൊണ്ട് ഈ ശരീരം യാഗമായി അര്‍പ്പിക്കുകയും ചെയ്തു. അങ്ങനെ മാനവരാശിയുടെ മുഴുവന്‍ പാപങ്ങളെയും തന്റെ ശരീരത്തോടൊപ്പം ക്രൂശിക്കാന്‍ വിട്ടുകൊടുത്തു. പാപം കുരിശില്‍ ഹോമിക്കപ്പെട്ടു! തന്റെ പാപങ്ങളെയാണ് അവിടുന്ന് ഏറ്റെടുത്തതെന്ന് വിശ്വസിക്കുകയും, യേഹ്ശുവായെ അവിടുന്ന് ആയിരിക്കുന്നവിധത്തില്‍ ഏറ്റുപറയുകയും ചെയ്യുന്നവന് പാപമോചനം അന്വര്‍ത്ഥമാകുന്നു! ഇങ്ങനെയുള്ളവര്‍ അവിടുത്തെ ഉത്ഥാനത്തില്‍ പങ്കാളിയാകുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നു.

ഈ ലേഖനത്തിന്റെ ആരംഭത്തില്‍ നാം ചര്‍ച്ചചെയ്ത വചനത്തിന്റെ തുടര്‍ച്ചയിലേക്കാണ് നാം ഇനി പ്രവേശിക്കുന്നത്.

എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് ദൈവമല്ല!

"അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികര്‍മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി. ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉത്പത്തിചരിത്രം"(ഉത്പ:2;1-4). ആറു ദിവസംകൊണ്ട് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയെന്നു വ്യക്തമായി ഇവിടെ പറഞ്ഞിട്ടുണ്ട്. തന്റെ പ്രവര്‍ത്തികളില്‍നിന്നു തത്ക്കാലത്തേക്കു വിരമിച്ചുവെന്നല്ല ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. മൂലസൃഷ്ടി നടത്തിയത് ദൈവമാണെങ്കില്‍, തുടര്‍സൃഷ്ടികള്‍ നടത്താനുള്ള ചുമതല താന്‍ സൃഷ്ടിച്ച സൃഷ്ടികളെ അവിടുന്നു ഭരമേല്പിക്കുകയാണു ചെയ്തത്. മനുഷ്യനെ സൃഷ്ടിക്കുകയും, അവരെ പുരുഷനും സ്ത്രീയുമായി വേര്‍തിരിക്കുകയും ചെയ്തതിനുശേഷം അവിടുന്ന് അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉത്പ:1;28).

സന്താനപുഷ്ടിയുള്ളവരായി പെരുകുവാന്‍ ദൈവം മനുഷ്യരോട് കല്പിച്ചു. ദൈവം കല്പിച്ചത് അനുസരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. സന്താനങ്ങള്‍ വേണ്ടെന്നു ചിലര്‍ തീരുമാനിക്കുന്നു; ചിലരാകട്ടെ, ഒന്നോ രണ്ടോ മതിയെന്നു തീരുമാനിക്കുന്നു; മറ്റുചിലരാകട്ടെ, തങ്ങള്‍ ജനിപ്പിച്ച കുഞ്ഞുങ്ങളെ ഉദരത്തില്‍വച്ചുതന്നെ കൊന്നുകളയുന്നു! ഇവിടെയൊന്നും ദൈവത്തിന്റെ ഹിതമോ തീരുമാനങ്ങളോ അല്ല നടപ്പാകുന്നത്! വൈരൂപ്യത്തോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളെ നോക്കി, നിരീശ്വരവാദികള്‍പ്പോലും ദൈവത്തെ ചോദ്യംചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ദൈവമില്ലെന്നു പറയുന്നവര്‍ക്കുപോലും ദൈവത്തെ പഴിക്കാനുള്ള സാഹചര്യമൊരുക്കിയത് വിശ്വാസികളെന്നു പറയപ്പെടുന്നവരാണ്. എല്ലാറ്റിനെയും സൃഷ്ടിച്ചത് ദൈവമാണെന്ന അബദ്ധം തങ്ങളുടെ അജ്ഞതയില്‍നിന്ന് ഇവര്‍ പ്രചരിപ്പിച്ചു.

ദൈവം ഒന്നിനെയും അപൂര്‍ണ്ണതയോടെയോ വൈകല്യത്തോടെയോ സൃഷ്ടിച്ചിട്ടില്ല. ഓരോന്നും സൃഷ്ടിച്ചതിനുശേഷം ദൈവമായ യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: "അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു"(ഉത്പ:1;25). ഓരോ സൃഷ്ടികള്‍ നടത്തിയതിനുശേഷവും ഇപ്രകാരംതന്നെയാണ് അവിടുന്ന് അഭിപ്രായപ്പെട്ടത്! അങ്ങനെയെങ്കില്‍, വൈരൂപ്യത്തോടെ ഒരു കുഞ്ഞ് ജനിക്കുമ്പോള്‍, അതിന്റെ ഉത്തരവാദിത്വം ദൈത്തിനുമേല്‍ ആരോപിക്കുന്നത് ജ്ഞാനത്തിന്റെ അപര്യാപ്തത മൂലമാണെന്നു പറയാതിരിക്കാന്‍ കഴിയില്ല! ഉദരത്തില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുകയും, അവ വേണ്ടവിധം ഫലിക്കാതിരിക്കുകയും ചെയ്‌താല്‍, ജനിക്കുന്ന കുഞ്ഞിനു വൈകല്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ, ഒരിക്കല്‍ ഭ്രൂണഹത്യ നടത്തിയ സ്ത്രീകള്‍ക്കു പിന്നീടു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പിറവിയെടുക്കുന്ന കുഞ്ഞുങ്ങളുടെ വൈകല്യങ്ങള്‍ക്കു കാരണം ദൈവമാണോ?

ദൈവമായ യാഹ്‌വെ സൃഷ്ടിച്ചത് ആദത്തെയും ഹവ്വായെയും മാത്രമായിരുന്നു. ആബേലിനെയും കായേനെയും സേത്തിനെയും മറ്റു സന്തതികളെയും ജനിപ്പിച്ചത് ആദവും ഹവ്വായും ചേര്‍ന്നാണ്! ഈ വചനം നോക്കുക: "ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ സൃഷ്ടിച്ചു. പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു. അവിടുന്ന് അവരെ അനുഗ്രഹിക്കുകയും മനുഷ്യന്‍ എന്നു വിളിക്കുകയുംചെയ്തു. ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദൃശ്യത്തിലും ഛായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന് സേത്ത് എന്നു പേരിട്ടു"(ഉത്പ:5;1-3). മനുഷ്യനെ ദൈവം അവിടുത്തെ ഛായയില്‍ സൃഷ്ടിച്ചുവെങ്കില്‍, സേത്തിനെ ആദം ജനിപ്പിച്ചത് അവന്റെ ഛായയിലായിരുന്നു. ദൈവഹിതപ്രകാരമല്ലാത്ത സൃഷ്ടികളും ഭൂമിയില്‍ നടന്നുവെന്നത് വ്യക്തമാക്കുന്ന അനേകം തെളിവുകള്‍ ബൈബിളിലുണ്ട്. ഉത്പത്തിയുടെ പുസ്തകത്തില്‍ത്തന്നെ വിശദീകരിച്ചിരിക്കുന്ന ഈ സന്ദര്‍ഭം ശ്രദ്ധിക്കുക: "മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്‍മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു. അപ്പോള്‍ ദൈവമായ യാഹ്‌വെ പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്. അവന്റെ ആയുസ്സ് നൂറ്റിയിരുപതു വര്‍ഷമായിരിക്കും. ദൈവപുത്രന്‍മാര്‍ മനുഷ്യപുത്രിമാരുമായി ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയും ചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അതികായന്‍മാര്‍ ഉണ്ടായിരുന്നു. അവരാണ് പുരാതനകാലത്തെ പ്രസിദ്ധിയാര്‍ജിച്ച പ്രബലന്‍മാര്‍"(ഉത്പ:6;1-4).

എന്താണ് ഈ വചനത്തില്‍നിന്നു നാം മനസ്സിലാക്കേണ്ടത്? പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള വചനമാണിത്. ദൈവപുത്രന്മാരെന്നു വെളിപ്പെടുത്തിയിരിക്കുന്നത് ആരെയാണെന്നു മനസ്സിലാക്കിയാല്‍ ഈ ആശയക്കുഴപ്പം പരിഹരിക്കപ്പെടും. മലയാളം ബൈബിള്‍ ഉണ്ടാക്കിയവരുടെ തലയില്‍ ഉരുത്തിരിഞ്ഞ അനേകം അബദ്ധങ്ങളില്‍ മറ്റൊന്നായിരുന്നു ഈ ദൈവപുത്രന്മാര്‍! ഇത് മനസ്സിലാകണമെങ്കില്‍, മറ്റു ഭാഷകളിലുള്ള ബൈബിള്‍ പരിശോധിച്ചാല്‍ മതി. ഇംഗ്ലീഷ് ബൈബിളില്‍ ഇങ്ങനെയാണ് ഈ വചനം വായിക്കുന്നത്: "When men began to multiply on earth and daughters were born to them, the sons of heaven saw how beautiful the daughters of man were, and so they took for their wives as many of them as they chose."(Genesis:6;1,2). സ്വര്‍ഗ്ഗത്തിന്റെ പുത്രന്മാരെ ദൈവപുത്രന്മാരാക്കിയ ഈ കൗശലമാണ് അനേകര്‍ക്ക് ഇടര്‍ച്ച വരുത്തിയത്. സ്വര്‍ഗ്ഗീയ പുത്രന്മാരെക്കുറിച്ച് ദൈവപുത്രനായ യേഹ്ശുവാതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദുക്കായരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അവിടുന്ന് ഇതു വ്യക്തമാക്കിയിരിക്കുന്നത്. മറ്റു വിവരണങ്ങളിലേക്കു കടക്കാതെ, യേഹ്ശുവായുടെ ആ വചനം ഇവിടെ കുറിക്കുന്നു: "പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗദൂതന്മാരെപ്പോലെയായിരിക്കും"(മത്താ:22;30).

സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ ദൈവപുത്രന്മാരല്ല; എന്നാല്‍, പുനരുത്ഥാനത്തില്‍ യേഹ്ശുവായോടൊപ്പം പ്രവേശിക്കാന്‍ ഭാഗ്യം ലഭിക്കുന്ന മനുഷ്യര്‍ ദൈവപുത്രന്മാരായി രൂപാന്തരപ്പെടും. ഇത് വ്യക്തമാക്കുന്ന വിധത്തിലാണ് ലൂക്കാ സുവിശേഷകന്‍ ഈ സന്ദര്‍ഭം വിവരിച്ചിരിക്കുന്നത്. പുനരുത്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ് വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നത്: "പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്‍മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്"(ലൂക്കാ:20;36). നിത്യജീവനു നിയോഗം ലഭിച്ചവര്‍ ദൈവദൂതന്മാര്‍ക്ക് തുല്യരാണെന്നു മാത്രമല്ല, ദൈവമക്കളുമാണ്! ദൈവദൂതന്മാരെ ദൈവമക്കളായി ഈ വചനങ്ങളിലൊന്നും വെളിപ്പെടുത്തിയിട്ടില്ല. നമുക്ക് വിഷയത്തിലേക്കു മടങ്ങാം.

ദൈവത്തിനു സ്വീകാര്യമല്ലാത്ത സൃഷ്ടിയാണ് ദൈവദൂതന്മാര്‍ ഭൂമിയിലെ സ്ത്രീകളുമായിചേര്‍ന്നു നടത്തിയത്. മനുഷ്യനില്‍ എന്നേക്കുമായി നിലനില്‍ക്കേണ്ടിയിരുന്ന ദൈവത്തിന്റെ ചൈതന്യം പിന്‍വലിക്കപ്പെടാന്‍ ഈ ചെയ്തി കാരണമായി. എല്ലാ സൃഷ്ടികളും ദൈവത്തിന്റെ ഹിതപ്രകാരമോ ദൈവംതന്നെയോ നടത്തിയതായിരുന്നുവെങ്കില്‍ ഇപ്രകാരം സംഭവിക്കുമായിരുന്നില്ല.

ആദ്യമനുഷ്യനെ ദൈവം സൃഷ്ടിച്ചതില്‍നിന്നു വ്യത്യസ്തമായ രീതിയിലാണ് മറ്റു സൃഷ്ടികള്‍ അവിടുന്നു നടത്തിയതെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന്റെ കരവേലയായിട്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍, പ്രപഞ്ചത്തെയും അതിലുള്ളവയെയും സൃഷ്ടിച്ചത് അവിടുത്തെ വചനത്താലാണ്. "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി"(ഉത്പ:1;1-3). ഉണ്ടാകട്ടെ എന്ന വചനത്താലാണ് ഇവയെല്ലാം സൃഷ്ടിച്ചതെങ്കില്‍, ജീവജാലങ്ങളെ സൃഷ്ടിച്ചത് മറ്റൊരു രീതിയിലായിരുന്നു. "ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവനല്ലതെന്നു ദൈവം കണ്ടു"(ഉത്പ:1;11,12). ഭൂമിയോടു ദൈവം കല്പിക്കുകയും, ഭൂമി ആ കല്പന അനുസരിക്കുകയും ചെയ്യുന്നതാണ് നാം ഇവിടെ കണ്ടത്.

വെള്ളത്തോടുള്ള ദൈവത്തിന്റെ കല്പന ഏറ്റെടുത്തുകൊണ്ട്, സൃഷ്ടികര്‍മ്മത്തില്‍ അത് അവിടുത്തോടു സഹകരിക്കുന്നത് ശ്രദ്ധിക്കുക: "ദൈവം വീണ്ടും അരുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ. അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവി കളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ"(ഉത്പ:1;20-22). ജലത്തില്‍നിന്നാണ് ജീവന്റെ ഉത്പത്തി എന്നകാര്യം ഈ അടുത്തകാലത്തെ കണ്ടുപിടുത്തമായി ചിലര്‍ പാടിനടക്കുമ്പോള്‍, മൂവയിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ് മോശ എഴുതിവച്ച ഈ സത്യം ബൈബിളില്‍ ജീവനോടെ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തിലേക്ക് കടക്കാന്‍ ഇപ്പോള്‍ മനോവ ശ്രമിക്കുന്നില്ല. ദൈവത്തിന്റെ അടുത്ത സൃഷ്ടിയിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കാം. ഭൂമിയോടുള്ള ദൈവത്തിന്റെ അടുത്ത കല്പന ശ്രദ്ധിക്കുക: "ദൈവം വീണ്ടും അരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവ ജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു. അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവനല്ലതെന്ന് അവിടുന്നു കണ്ടു"(ഉത്പ:1;24,25).

ഇവിടെയെല്ലാം നാം തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്. ദൈവം അവിടുത്തെ വചനത്താല്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിനുശേഷം അവയോടു മറ്റു സൃഷ്ടികള്‍ നടത്താന്‍ അവിടുന്നു കല്പിക്കുകയായിരുന്നു. എന്നാല്‍, മനുഷ്യനെ അവിടുന്ന് തന്റെ കരങ്ങള്‍ക്കൊണ്ടു സൃഷ്ടിക്കുകയും അവിടുത്തെ ജീവന്‍ മനുഷ്യനിലേക്കു പ്രവേശിപ്പിക്കുകയും ചെയ്തു. വചനം ഇങ്ങനെയാണ്: "ദൈവമായ യാഹ്‌വെ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു"(ഉത്പ:2;7). മനുഷ്യന്റെ ജീവനും മറ്റു ജീവജാലങ്ങളുടെ ജീവനും തമ്മിലുള്ള അന്തരം ഇതാണ്! ആദ്യമനുഷ്യനിലേക്കു ദൈവം നിശ്വസിച്ച ജീവന്റെ അംശമാണ് മാനവരാശി മുഴുവനിലുമുള്ളത്. ആദ്യമനുഷ്യനുശേഷം അവനിലൂടെ മാനവരാശി ഉണ്ടായതുപോലെ, ജീവജാലങ്ങളും അവയിലൂടെ വര്‍ദ്ധിച്ചു. ഇത് ദൈവത്തിന്റെ ഹിതപ്രകാരം മാത്രമായിരുന്നുവെന്ന് നമുക്കു പറയാന്‍ കഴിയില്ല! ദൈവദൂതന്മാര്‍ നടത്തിയ സൃഷ്ടികളെ ദൈവമായ യാഹ്‌വെ അംഗീകരിക്കാത്തതുപോലെതന്നെ, അവിടുത്തെ ഹിതത്തിനു വിരുദ്ധമായ സൃഷ്ടികളേയും അവിടുന്നു വെറുക്കുന്നു!

സങ്കരയിനം സസ്യങ്ങളെയും ജീവജാലങ്ങളെയും ദൈവം വെറുക്കുന്നു!

അത്യുത്പാദനശേഷിയുള്ള വളര്‍ത്തുമൃഗങ്ങളും കാര്‍ഷികവിളകളും ദൈവം അംഗീകരിച്ചിട്ടുള്ളവയാണെന്ന് ആരും കരുതരുത്. അവിടുന്ന് നിയമംമൂലം ഇത് നിഷിദ്ധമാക്കിയിരിക്കെ, ഇവയുടെയെല്ലാം സൃഷ്ടാവ് ദൈവമാണെന്നു പറയുന്നത് അവിടുത്തെ നിന്ദിക്കലാണ്! ഇതാണ് ദൈവത്തിന്റെ നിയമം: "നിങ്ങള്‍ എന്റെ കല്പനകള്‍ അനുസരിക്കുവിന്‍. ഒരു മൃഗത്തെ മറ്റിനത്തില്‍പ്പെട്ട മൃഗവുമായി ഇണ ചേര്‍ക്കരുത്. വയലില്‍ വിത്തുകള്‍ കലര്‍ത്തി വിതയ്ക്കരുത്"(ലേവ്യര്‍:19;19). കൃത്രിമമായി ഉത്പാദിപ്പിക്കപ്പെടുന്ന ജീവജാലങ്ങളുടെ സൃഷ്ടാവു ദൈവമാണെന്ന് നാം പറയരുത്. ഇത്തരത്തിലുള്ള സൃഷ്ടി നടത്തുന്നതുപോലും അവിടുത്തേക്ക്‌ അസ്വീകാര്യമായിരിക്കെ, അവയുടെ പിതൃത്വം ദൈവത്തിനുമേല്‍ ആരോപിക്കുന്നത് എത്രയേറെ തിന്മയാണെന്നു നാം തിരിച്ചറിയണം.

ഇതുപോലെതന്നെയാണ് സന്താനങ്ങളെ ജനിപ്പിക്കുന്ന കാര്യവും! അവിടുന്ന് നിയമംമൂലം നിഷിദ്ധമാക്കിയ അവസ്ഥയിലൂടെ സന്തതികളെ ജനിപ്പിച്ചാല്‍, അതിന്റെ സൃഷ്ടാവ് ദൈവമാകില്ല. ഈ വചനം നോക്കുക: "സഹോദര ഭാര്യയെ പരിഗ്രഹിക്കുന്നത് അവിശുദ്ധമാണ്. അവന്‍ തന്റെ സഹോദരന്റെ തന്നെ നഗ്‌നതയാണ് അനാവൃതമാക്കുന്നത്. അവര്‍ക്കു സന്താനങ്ങള്‍ ഉണ്ടാകരുത്"(ലേവ്യര്‍:20;21). സഹോദരന്റെ ഭാര്യയില്‍ മാത്രമല്ല, സ്വന്തം പുത്രിമാരിലും സഹോദരിമാരിലും ജനിപ്പിക്കപ്പെട്ട സന്തതികള്‍ ഈ ഭൂമുഖത്തു ജീവിക്കുന്നുണ്ട്. വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് ദൈവം കല്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അവിഹിതബന്ധത്തിലൂടെ ഒരു കുഞ്ഞു ജനിച്ചാല്‍, ആ കുഞ്ഞ് ജാരസന്തതിയാണ്. ഇത്തരം ജാരസന്തതികള്‍ ദൈവത്തിന്റെ സൃഷ്ടിയാണെന്നു പറയുന്നവന്‍ അവിടുത്തെ ജാരനായി പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. വൈകല്യത്തോടെ ഒരുവനെപ്പോലും ദൈവം സൃഷ്ടിക്കുകയില്ല. അപ്രകാരം ദൈവം സൃഷ്ടി നടത്തിയിട്ടുണ്ടെങ്കില്‍, ഈ കല്പന അവിടുന്ന് നല്‍കുമായിരുന്നില്ല: "യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: അഹറോനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്. കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍, ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍, ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്. പുരോഹിതനായ അഹറോന്റെ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും യാഹ്‌വെയ്ക്കു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്"(ലേവ്യര്‍:21;16-21).

അഹറോന്റെ സന്തതികളില്‍ അംഗവൈകല്യമുള്ളവര്‍ ജനിച്ചതിന്റെ ഉത്തരവാദി അഹറോനാണ്! ദൈവം സൃഷ്ടിച്ച ആദത്തിനോ ഹവ്വായ്ക്കോ അംഗവൈകല്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല! ദൈവം ഒരുവനെ അംഗവൈകല്യത്തോടെ സൃഷ്ടിച്ചതിനുശേഷം, അവനെ തന്നില്‍നിന്ന് അകറ്റിനിര്‍ത്തുമെന്ന് ആരും കരുതരുത്. ഇവിടെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വചനമുണ്ട്. ആ വചനം ഇതാണ്: "അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്‍മാര്‍ യേഹ്ശുവായോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ? യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്"(യോഹ:9;1-3). എല്ലാ വൈകല്യങ്ങളുടെയും ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ആരോപിക്കാനായി ഈ വചനമാണ് പലരും ഉയര്‍ത്തുന്നത്. ഈ വചനം സൂക്ഷമമായി പരിശോധിച്ചാല്‍, ചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടും. ജന്മനാ അന്ധനായ ഈ വ്യക്തിയെ സൃഷ്ടിച്ചത് ദൈവമാണെന്ന എന്തെങ്കിലും സൂചന ഈ വചനത്തില്‍ ഇല്ല. ശിഷ്യന്മാര്‍ യേഹ്ശുവായോടു ചോദിച്ചത്, ഇവന്‍ അന്ധനായി ജനിച്ചത് ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമാണോ എന്നായിരുന്നു. ഇവനെ സൃഷ്ടിച്ചത് ആരെന്ന ചോദ്യം ഇവിടെ ഉയര്‍ന്നിട്ടില്ല!

ദൈവമാണ് ഇവനെ ജനിപ്പിച്ചതെന്ന സൂചന യേഹ്ശുവാ നല്‍കുന്ന മറുപടിയിലും ഇല്ല. എന്നാല്‍, ഇവന്‍ അന്ധനായി ജനിച്ചത് ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമിത്തമല്ല, പ്രത്യുതാ, ദൈവത്തിന്റെ പ്രവര്‍ത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ് എന്ന്‍ അവിടുന്നു പറഞ്ഞു. ദൈവമാണ് ഇവനെ സൃഷ്ടിച്ചതെന്നു പറയാന്‍ കഴിയുന്ന എന്തു സൂചനയാണ് ഈ വാക്കുകളിലുള്ളത്? മാത്രവുമല്ല, ലോകത്തുള്ള മുഴുവന്‍ അന്ധന്മാരുടെയും അന്ധതയുടെ കാരണം ഇതാണെന്നു പറഞ്ഞില്ല; മറിച്ച്, ഇവന്‍ അന്ധനായി ജനിക്കാനുള്ള കാരണമാണ് യേഹ്ശുവാ വ്യക്തമാക്കിയത്. അവിടുന്ന് പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കാന്‍ തൊട്ടടുത്ത വചനങ്ങള്‍ക്കൂടി പരിശോധിച്ചാല്‍ മതി. അനേകരുടെ സാക്ഷ്യത്തിനായി യേശു അദ്ഭുതം പ്രവര്‍ത്തിക്കുന്നതാണ് അടുത്ത വചനങ്ങളില്‍ നാം കാണുന്നത്! അന്ധരായി ജനിച്ച്, ആ അന്ധതയില്‍തന്നെ മരിച്ചുപോയ പലരുമുണ്ട്. അവരുടെയൊന്നും അന്ധതയിലൂടെ ദൈവമഹത്വം പ്രകടമായിട്ടില്ല; മറിച്ച്, ദൈവനിഷേധികള്‍ക്ക് അവിടുത്തെ പരിഹസിക്കാനുള്ള അവസരമായി മാത്രമേ ഈ അന്ധതകള്‍ കാരണമായിട്ടുള്ളൂ! എന്നാല്‍, ദൈവത്തിലുള്ള ആശ്രയംമൂലം അന്ധതയെ അതിജീവിക്കുകയും, അതുവഴി ദൈവം മഹത്വപ്പെടുകയും ചെയ്തിട്ടുള്ള സംഭവങ്ങളും നമുക്കിടയിലുണ്ട്!

ഈ രണ്ടു സാഹചര്യങ്ങളിലും സൃഷ്ടികര്‍മ്മം നടത്തിയത് ദൈവമല്ല. ആറു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയ സൃഷ്ടികര്‍മ്മം അവിടുന്നു പുനരാരംഭിച്ചതായി പിന്നീട് നമ്മെ അറിയിച്ചിട്ടില്ല. എന്നാല്‍, ദൈവത്തിന്റെ വാഗ്ദാനപ്രകാരം സന്തതികള്‍ ജനിച്ച സംഭവങ്ങള്‍ പിന്നീട് ഉണ്ടായിട്ടുണ്ട്. അബ്രാഹത്തിനു സന്തതിയെ നല്‍കിയത് ഇത്തരത്തില്‍ ഒന്നാണ്. ഇത്തരത്തിലുള്ള വാഗ്ദത്തസന്തതികള്‍ ജനിക്കുന്നത് വന്ധ്യമായ ഉദരത്തിലാണെന്ന കാര്യം നാം ശ്രദ്ധിക്കണം. എന്നിരുന്നാലും, ഇവിടെയൊന്നും ദൈവം നേരിട്ടു സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെട്ടിട്ടില്ല! ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു സന്താനങ്ങളെ നേടിയ അനേകര്‍ ഇന്നും നമുക്കിടയിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ജനിക്കുന്ന സന്തതികള്‍ അവിടുത്തെ ദാനമാണെന്നു പറയാന്‍ കഴിയും.

മനുഷ്യര്‍ നടത്തിയ സൃഷ്ടികളും ദൈവദൂതന്മാര്‍ മനുഷ്യരോടുചേര്‍ന്നു നടത്തിയ സൃഷ്ടികളും കൂടാതെ, സാത്താന്‍ നടത്തിയ സൃഷ്ടികളെക്കുറിച്ചും ബൈബിളില്‍ സൂചനകളുണ്ട്. "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്. ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാധ്യമല്ല. ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ"(1യോഹ:3;8-10). സാത്താന്‍ വിതച്ച വിത്തുകള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്. യുഗാന്ത്യത്തില്‍ ദൂതന്മാരെ അയച്ച്, ഇത്തരക്കാരെ അഗ്നിക്കിരയാക്കുമെന്നും അവിടുന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കളകളുടെ ഉപമയിലാണ് ഇക്കാര്യം യേഹ്ശുവാ വ്യക്തമാക്കിയത്! വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ പതിമൂന്നാം അദ്ധ്യായത്തിന്റെ ഇരുപത്തിനാലാം വാക്യം മുതലാണ്‌ ഈ ഉപമ വായിക്കുന്നത്. ഇതേ അദ്ധ്യായത്തില്‍ത്തന്നെ ഈ ഉപമയുടെ വ്യാഖ്യാനവും കാണാം. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം വിശകലനം ചെയ്തിട്ടുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്. അത് വായിക്കാത്തവര്‍ക്കായി അതിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു: സകലത്തെയും സൃഷ്ടിച്ചത് ദൈവമോ?

യൂദാസിനെ യേഹ്ശുവാ വിളിച്ചത് നാശത്തിന്റെ സന്തതി എന്നായിരുന്നു. നാശത്തിന്റെ സന്തതിയെ ദൈവം സൃഷ്ടിക്കുമോ? എന്നാല്‍, പത്രോസില്‍നിന്ന് പുറപ്പെട്ട അബദ്ധത്തെപ്രതി, സാത്താനെ നീ ദൂരെപ്പോകുക എന്ന്‍ അവനോടും യേഹ്ശുവാ പറഞ്ഞു. ഇവ രണ്ടും തമ്മില്‍ അന്തരമുണ്ട്. വചനം ഇതാണ്: "യേഹ്ശുവാ തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്"(മത്താ:16;23). പത്രോസില്‍ പ്രവര്‍ത്തിച്ച തിന്മയുടെ അരൂപിയെയാണ് ഇവിടെ യേഹ്ശുവാ ശാസിച്ചത്. യൂദാസിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല; നാശത്തിന്റെ സന്തതിയെന്നു വിളിച്ചത് അവനെത്തന്നെയായിരുന്നു!

ഇനിയും ഈ ലേഖനം ദീര്‍ഘിപ്പിക്കാതെ ഇവിടെ ഉപസംഹരിക്കേണ്ടതിനാല്‍, ഒരുകാര്യം വീണ്ടും വ്യക്തമാക്കുന്നു: ഭൂമിയില്‍ ഇന്നു നാം കാണുന്ന സകലതും ദൈവത്തിന്റെ സൃഷ്ടിയല്ല; അവിടുത്തെ സൃഷ്ടികള്‍ ഒന്നും വിനാശകരമല്ലെന്നു മാത്രമല്ല, അപൂര്‍ണ്ണതയോടെയോ വികലമായോ ഒന്നുംതന്നെ അവിടുന്ന് സൃഷ്ടിച്ചിട്ടില്ല! ദൈവം സൃഷ്ടിച്ചതെല്ലാം അവിടുന്ന് നല്ലതെന്നു കണ്ടു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2609 views

LOG IN

Lost your password?

SIGN UP

LOST PASSWORD