കാലത്തിന്റെ അടയാളങ്ങള്‍

മതമില്ലാത്ത മതം ഒന്നാം സ്ഥാനത്തേക്ക്!

Print By
about

14 - 04 - 2018

അടുത്തകാലത്ത് നമ്മുടെ കേരളത്തിലും ഒരു വലിയ ചര്‍ച്ച നടന്നു. മതമില്ലാത്ത മതത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു അത്. വിവിധ മതങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ചിലര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയുമുണ്ടായി. യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും പടര്‍ന്നുപന്തലിച്ചിരിക്കുന്ന പ്രതിഭാസത്തിന്റെ ബാക്കിപത്രമായി മാത്രം ഈ ചര്‍ച്ചകളെ കണ്ടാല്‍മതി! എന്തെന്നാല്‍, ഇന്നത്തെ ലോകം നേരിടുന്ന വലിയൊരു ദുരന്തമാണിത്. ആയതിനാല്‍, മതമില്ലാത്ത മതം എന്നത് വിജാതിയതയെക്കാള്‍ വലിയ ദുരന്തമാണെന്നു തിരിച്ചറിയാന്‍ ക്രിസ്ത്യാനികളും അവരെ നയിക്കുന്ന ആത്മീയ നേതൃത്വവും ഇനിയെങ്കിലും തയ്യാറാകണം. എന്തെന്നാല്‍, വിജാതിയര്‍ ശിക്ഷയില്‍ ജീവിക്കുന്ന സമൂഹമാണെങ്കില്‍, മതം ഉപേക്ഷിക്കുകയോ മറ്റുമതങ്ങളില്‍ ചേക്കേറുകയോ ചെയ്യുന്നത് ക്രിസ്ത്യാനിയാണെങ്കില്‍, അവന്‍ നിത്യരക്ഷയില്‍നിന്നു നിത്യശിക്ഷയിലേക്കു കടന്നുപോകുന്നു! ഈ വിഷയത്തെ അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാനായി മറ്റുചില സത്യങ്ങളിലൂടെ നമുക്ക് യാത്രചെയ്യാം!

ക്രിസ്ത്യാനികളായ നാം ഓരോരുത്തരും സഹോദരന്റെ കാവല്‍ക്കാരാണ്! ക്രിസ്ത്യാനികളുടെ വിശ്വാസത്തെ അറിവിന്റെ തലത്തില്‍ വളര്‍ത്തുന്ന ആധികാരികഗ്രന്ഥം ബൈബിളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. ഈ മഹത്ഗ്രന്ഥത്തിലെ ആദ്യത്തെ പുസ്തകത്തില്‍ത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഓരോരുത്തരും സഹോദരന്റെ കാവല്‍ക്കാരാനാണെന്നു വ്യക്തമാക്കുന്ന സന്ദേശം ഉത്പത്തിയുടെ പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. ആദ്യത്തെ ബലിയര്‍പ്പണമാണ് പശ്ചാത്തലം! ആദത്തിന്റെ സന്തതികളായ കായേനും ആബേലുമാണ് ബലിയര്‍പ്പണത്തിനു കാര്‍മ്മികത്വംവഹിച്ച പുരോഹിതര്‍! ആബേലിന്റെ ബലി സ്വീകര്യമായെങ്കില്‍ കായേന്റെ ബലി ദൈവത്തിനു സ്വീകാര്യമായില്ല. അസ്വീകാര്യമായ ബലിയര്‍പ്പണം നടത്തിയ കായേനോടു യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: "ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം"(ഉത്പ: 4; 7). ദൈവമായ യാഹ്‌വെയുടെ വാക്കുകളെ കാര്യമായി പരിഗണിക്കാത്തതുകൊണ്ടുതന്നെ, വാതില്‍ക്കല്‍ പതിയിരുന്ന പാപം കായേനില്‍ താത്പര്യം വയ്ക്കുക മാത്രമല്ല, അത് അവനെ കീഴ്പ്പെടുത്തുകയും ചെയ്തു! മാതാവായ ഹവ്വായില്‍ ആരംഭിച്ച് പിതാവായ ആദത്തിലൂടെ തുടരുന്ന പാപത്തിന്റെ വിഷഫലമാണ് കായേന്‍ എന്ന് അവന്‍തന്നെ സ്ഥിരീകരിച്ചു. തന്റെ അസ്വീകാര്യമായ ബലിയുടെ പരിണിതഫലമായി കായേനിലൂടെ ലോകത്തു നിഷ്കളങ്കരക്തം ചിന്തപ്പെട്ടപ്പോള്‍ ലോകത്തില്‍ ആദ്യമായി കൊലപാതകം അരങ്ങേറുകയും ചെയ്തു! സ്വന്തം സഹോദരനെ ശാരീരികമായി ഇല്ലാതാക്കുകയാണ് കായേന്‍ ചെയ്തത്.

അന്ന് യാഹ്‌വെ കായേനോട് ഇപ്രകാരം ചോദിച്ചു: "നിന്റെ സഹോദരന്‍ ആബേല്‍ എവിടെ?"(ഉത്പത്തി: 4; 9). കായേന്‍ ഒരു മറുചോദ്യമാണ് യാഹ്‌വെയുടെ സന്നിധിയില്‍ ഉറത്തിയത്. ആ മറുചോദ്യം ഇതാണ്: "സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?"(ഉത്പത്തി: 4; 9). ഇവിടെനിന്നാണ് നാം പഠനം ആരംഭിക്കേണ്ടത്! നാമോരോരുത്തരും ക്രിസ്ത്യാനികളാണെങ്കില്‍ സഹോദരങ്ങളുടെ കാവല്‍ക്കാരാണെന്ന പ്രഖ്യാപനത്തോടെതന്നെ നമുക്കു പഠനം തുടങ്ങാം. എന്തെന്നാല്‍ ക്രിസ്ത്യാനികളുടെമേല്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത് പൗരോഹിത്യത്തിന്റെയും പ്രവാചകത്വത്തിന്റെയും ആത്മാവിനെയാണ്. ഓരോ പ്രവാചകനും ഇസ്രായേലിന്റെ കാവല്‍ക്കാരനാണെന്ന പ്രവചനം നിലനില്‍ക്കുമ്പോള്‍, ഓരോ ക്രിസ്ത്യാനിയും തങ്ങളുടെ സഹോദരങ്ങളായ ക്രിസ്ത്യാനികളുടെ കാവല്‍ക്കാര്‍ തന്നെയാണ്! ഇസ്രായേലിന്റെ കാര്യത്തില്‍ മാത്രമല്ല, ക്രിസ്ത്യാനികളെ സംബന്ധിച്ചുകൂടിയുള്ള  പ്രവചനമായിരുന്നു ഇതെന്നു തിരിച്ചറിഞ്ഞവര്‍ ക്രൈസ്തവരുടെയിടയില്‍ ഇല്ലെന്നതുതന്നെയാണ് പരിതാപകരമായ അവസ്ഥ! എന്നാല്‍, ഇതാണു യാഥാര്‍ത്ഥ്യമെന്ന് തെളിയിക്കുന്ന വചനങ്ങളും പ്രവചനങ്ങളും ബൈബിളിലുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: "മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും"(എസക്കി: 3; 17, 18). ഇത് മനസ്സിലാക്കിയ ക്രിസ്ത്യാനികള്‍ ഇല്ലാത്തതാണ് ക്രിസ്തീയതയുടെ ശാപം!

ക്രിസ്ത്യാനികളില്‍നിന്നു സൗകര്യപൂര്‍വ്വം ആചാര്യന്മാര്‍ മറച്ചുവച്ചിരിക്കുന്നതും, എന്നാല്‍ സുപ്രധാനവുമായ ഒരു നിയമമാണ് നാം വായിച്ചത്. ഓരോ ക്രിസ്ത്യാനിയും ക്രിസ്ത്യാനികളുടെ കാവല്‍ക്കാരനാണ്‌! ക്രിസ്ത്യാനികളില്‍ ഒരുവന്‍ തന്റെ പിതൃഭവനത്തില്‍നിന്നു പുറത്തുപോകുന്ന അവസ്ഥ അവന്റെ ആത്മീയ ജീവിതത്തിലുണ്ടായാല്‍, ആ കുറ്റത്തിന് ഓരോ ക്രിസ്ത്യാനിയും വിചാരണ ചെയ്യപ്പെടും. പ്രത്യേകിച്ച്, വ്യതിചലിച്ചു പോകുന്ന വ്യക്തികളുമായി ഏറ്റവും ചേര്‍ന്നിരിക്കുന്ന ക്രിസ്ത്യാനികള്‍! ഈ ബോധം ഇന്നത്തെ ക്രിസ്ത്യാനികള്‍ക്കില്ലെങ്കില്‍, കപട പ്രബോധകര്‍ ക്രിസ്ത്യാനികളുടെയിടയില്‍ കടന്നുകയറി എന്നതാണു നാം മനസ്സിലാക്കേണ്ടത്! സാഹോദര്യത്തെക്കുറിച്ചുപോലും തെറ്റിദ്ധാരണ ജനിപ്പിക്കുന്നവര്‍ വിവിധ ക്രൈസ്തവസഭകളുടെ ആചാര്യന്മാരായി വിഹരിക്കുന്നുണ്ട്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ജാതിമതഭേദമന്യേ സകല മനുഷ്യരും സഹോദരങ്ങളാണ്. എന്നാല്‍, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സഹോദര്യത്തിനു വ്യക്തമായ നിര്‍വ്വചനം ലഭിച്ചിട്ടുണ്ട്. യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കുന്നവരും സ്നാനം സ്വീകരിച്ചവരും മാത്രമാണ് സഹോദരങ്ങള്‍! ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിലനില്‍ക്കുന്ന കാലത്തോളമാണ് ഈ സാഹോദര്യം നിലനില്‍ക്കുന്നുള്ളു എന്ന പ്രത്യേകതയും ഈ സാഹോദര്യത്തിനുണ്ട്. ഇതൊന്നും ഗ്രഹിക്കാത്ത ചിലരാണ് മട്ടുമാതക്കാരെ അവരുടെ മതത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സഹോദരങ്ങളായി സംബോധനചെയ്യുന്നത്!

എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്നും, അതുവഴി ഓരോരുത്തരും പരസ്പരം സഹോദരങ്ങളാണെന്നുമുള്ള അബദ്ധധാരണ വച്ചുപുലര്‍ത്തുന്നവരാണ് 'വിശ്വസാഹോദര്യം' എന്ന ആശയത്തിന്റെ വക്തക്കാള്‍! ദൈവത്തിന്റെ മകനോ മകളോ ആയി ജനിച്ചിട്ടുള്ളത് രണ്ടു മനുഷ്യര്‍ മാത്രമാണ്! ആദവും യേഹ്ശുവായുമാണ് ദൈവമക്കളുടെ പദവി വഹിക്കുന്നവരായി ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. മറ്റാരെങ്കിലും ദൈവമക്കളായി മാറുന്നുണ്ടെങ്കില്‍, അത് ഒരു പ്രക്രിയയിലൂടെ മാത്രമാണ്. ഈ പ്രക്രിയയാണ് ജ്ഞാനസ്നാനവും വിശ്വാസവും! ആദം എന്ന ഒരുവന്‍ വഴി മാനവരാശിക്കു നഷ്ടമായ ദൈവപുത്രസ്ഥാനം പുനഃസ്ഥാപിച്ചത് യേഹ്ശുവാ എന്ന ദൈവപുത്രനിലൂടെയാണ്! യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്ന ഏതൊരു വ്യക്തിയും ദൈവപൈതലായി ദത്തെടുക്കപ്പെടുന്നു. ഈ പ്രക്രിയയിലൂടെ കടന്നുപോകാത്ത ഒരുവനും ദൈവപൈതലല്ല! ഇക്കാരണത്താല്‍ത്തന്നെ, ഈ പ്രക്രിയയ്ക്കു വിധേയരാകുന്നവര്‍ മാത്രമാണ് പരസ്പരം സഹോദരങ്ങളായി വര്‍ത്തിക്കുന്നത്! മൃഗങ്ങളെയും മറ്റു ജീവികളെയും സഹോദരങ്ങളായി പരിഗണിച്ചവരും പരിഗണിക്കുന്നവരുമായ ചിലരെ നമുക്കറിയാം! ഇത് ക്രിസ്തീയ വിശ്വാസത്തിനും ദൈവീകസംവീധാനത്തിനും വിരുദ്ധമായ ആശയമാണ്! പ്രകൃതിയെ ദൈവമായി പരിഗണിച്ചിരിക്കുന്ന ചില പ്രാകൃതരുടെ ആശയമായി ഇതിനെ കണ്ടാല്‍മതി. ഇക്കൂട്ടരുടെ ആധുനികരൂപമാണ് പരിസ്ഥിതിപ്രേമികള്‍!

ജന്മംകൊണ്ടല്ല ഒരുവന്‍ ദൈവപൈതലാകുന്നത് എന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന അനേകം വചനങ്ങള്‍ ബൈബിളില്‍ നമുക്കു വായിക്കാന്‍ സാധിക്കും. ഏറെ അര്‍ത്ഥതലങ്ങള്‍ അടങ്ങിയിട്ടുള്ള ഈ വചനം ശ്രദ്ധിക്കുക: "കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും"(1 യോഹ: 3; 1, 2). നാം ഇപ്പോള്‍ ദൈവമക്കള്‍ ആണെന്ന് അപ്പസ്തോലന്‍ പറഞ്ഞുവെങ്കില്‍, മുന്‍പ് അങ്ങനെ ആയിരുന്നില്ല എന്ന സത്യമല്ലേ ഇവിടെ അനാവരണം ചെയ്യപ്പെട്ടത്!? കുറച്ചുകൂടി സൂക്ഷ്മമായി ചിന്തിച്ചാല്‍, മുന്‍പായിരുന്ന അവസ്ഥയില്‍നിന്നു മാറ്റം സംഭവിച്ചപ്പോള്‍ മാത്രമാണ് നാം ദൈവത്തിന്റെ മക്കളായി തീര്‍ന്നതെന്നു വ്യക്തം. ദൈവത്തിന്റെ മക്കള്‍ വസിക്കേണ്ടത് ഭൂമിയിലല്ല; മറിച്ച്, പിതാവു വസിക്കുന്നിടത്താണ്. അതായത്, ദൈവമക്കളുടെ യഥാര്‍ത്ഥ വാസസ്ഥലം ദൈവീകഭവനമായ സ്വര്‍ഗ്ഗമാണ്! പീലാത്തോസിന്റെ ചോദ്യത്തിനുത്തരമായി യേഹ്ശുവാ അരുളിച്ചെയ്തതും ഇക്കാര്യമാണ്. ഈ വചനം ശ്രദ്ധിക്കുക: "എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു"(യോഹ: 18; 36). സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും അധികാരിയായ യേഹ്ശുവായിലുടെയുള്ള രക്ഷപ്രാപിച്ചവര്‍ ഭൂമിയില്‍ മാത്രമല്ല, സ്വര്‍ഗ്ഗത്തിലും ജീവിക്കും!

യേഹ്ശുവായിലൂടെ മാത്രം സംജാതമാകുന്ന രക്ഷയെക്കുറിച്ച് അറിയണമെങ്കില്‍ ആദം ആരായിരുന്നുവെന്നും അവനും ദൈവവും തമ്മിലുള്ള ബന്ധം എന്നായിരുന്നുവെന്നും അറിയണം. ദൈവത്തിന്റെ മകനായിരുന്ന ആദത്തിന്റെ സന്തതികള്‍ക്ക് എങ്ങനെയാണ് തങ്ങളുടെ ദൈവീകപൈതൃകം നഷ്ടമായത്? മനുഷ്യവംശത്തിന്റെ പൈതൃകത്തെ സംബന്ധിച്ചുള്ള വിവരണത്തിലെ ചില ഭാഗം നോക്കുക: "കൈനാന്‍ ഏനോസിന്റെയും ഏനോസ് സേത്തിന്റെയും സേത്ത് ആദത്തിന്റെയും പുത്രനായിരുന്നു. ആദം ദൈവത്തിന്റേതുമായിരുന്നു"(ഉത്പ: 3; 38). ദൈവത്തിന്റെ പുത്രനാണ് ആദം എന്നകാര്യം ഇവിടെ സ്പഷ്ടമാണ്. എന്നാല്‍, ആദം ഈ സ്ഥാനത്തുനിന്നു തിരസ്കൃതനായി എന്ന യാഥാര്‍ത്ഥ്യം പലരും വിസ്മരിക്കുന്നു. മനുഷ്യരായ എല്ലാവരുടെയും പിതാവായ ആദം തിരസ്കൃതനായതിലൂടെ മനുഷ്യകുലം ഒന്നടങ്കം തിരസ്കൃതരാവുകയായിരുന്നു. പാപത്തിന്റെ പരിണിതഫലമായി ദൈവമക്കള്‍ എന്ന പദവിയില്‍നിന്നു മനുഷ്യന്‍ വിച്ഛേദിക്കപ്പെട്ടു. ഈ വചനം നോക്കുക: "എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും"(ഉത്പ: 2; 17). ഈ മരണമാണ് മനുഷ്യന്റെ എല്ലാ അധഃപതനത്തിന്റെയും മൂലകാരണം. തലമുറകളിലേക്കു കൈമാറപ്പെടേണ്ട പിതൃത്വമാണ് ഇവിടെ ഇല്ലാതായത്! ഏദന്‍തോട്ടത്തില്‍ നഷ്ടപ്പെട്ട പൈതൃകം തിരിച്ചുനല്‍കാന്‍ തിരുമനസ്സായ ദൈവം മനുഷ്യന്റെ രൂപത്തില്‍ കടന്നുവന്ന് കാല്‍വരിയില്‍ നമുക്കായി ഒരു ബലിയര്‍പ്പിച്ചു!

ആദം എന്ന മനുഷ്യന്‍ മരണത്തെ ക്ഷണിച്ചുവരുത്തിയപ്പോള്‍, മനുഷ്യനായ യേഹ്ശുവാ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ജീവന്‍ പ്രദാനംചെയ്തു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍മൂലം എത്രയോ അധികമായി ജീവനില്‍ വാഴും" (റോമ: 5:17). അടുത്ത വചനവുംകൂടി നോക്കുക: "അങ്ങനെ ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും"(റോമാ: 5; 18, 19). മാനവരാശിയുടെ മുഴുവന്‍ വീണ്ടെടുപ്പിനായിട്ടാണ് മനുഷ്യനായ യേഹ്ശുവ അര്‍പ്പിക്കപ്പെട്ടത്! അതായത്, മനുഷ്യനായി മരിക്കുകയും ദൈവീകതയില്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത യേഹ്ശുവായിലൂടെ മാത്രമാണ് ഒരുവന്‍ ദൈവപൈതലായി മാറുകയും സ്വര്‍ഗ്ഗത്തിന്റെ അവകാശിയായിത്തീരുകയും ചെയ്യുന്നത്. ഇപ്രകാരം അവകാശികളായിത്തീരുന്ന വ്യക്തികള്‍ ഓരോരുത്തരും പരസ്പരം സഹോദരങ്ങളാണ്. ഈ സഹോദരങ്ങള്‍ക്ക് പരസ്പരം ചില ഉത്തരവാദിത്വങ്ങള്‍ക്കൂടിയുണ്ട്. ആ ഉത്തരവാദിത്വത്തെക്കുറിച്ചുതന്നെയാണ് നാമിവിടെ ചിന്തിച്ചുകൊണ്ടിരിക്കുന്നത്!

ദൈവമക്കള്‍ എന്ന പദവിയെക്കുറിച്ചും സാഹോദര്യത്തെയും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കുറിക്കുന്നില്ല. എന്തെന്നാല്‍, ഈ വിഷയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ലേഖനം മനോവയുടെ താളുകളിലുണ്ട്. ആ ലേഖനത്തിനായി ഇവിടെ 'ക്ലിക്ക്' ചെയ്യുക: 'ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും!'

ഇനി നാം ചിന്തിക്കുന്നത് ക്രിസ്തീയതയില്‍ പരസ്പരമുള്ള ഉത്തരവാദിത്വത്തെ സംബന്ധിച്ചാണ്! ഇതുമായി ബന്ധപ്പെട്ട പല വചനങ്ങളും ആരംഭത്തില്‍ത്തന്നെ നാം പരിശോധിച്ചുകഴിഞ്ഞു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ ഒരു വിശകലനവും തുടര്‍പഠനവും അനിവാര്യമായിരിക്കുന്നു.

സഹോദരന്റെ കാവല്‍ ദൗത്യം!

ഒരേ പിതാവിന്റെ സന്തതികള്‍ തമ്മില്‍ പരസ്പരമുള്ള ഉത്തരവാദിത്വമാണ് ഉത്പത്തിയുടെ പുസ്തകത്തില്‍നിന്നു നാം വായിച്ചത്. കായേനും ആബേലും പരസ്പരം കാവല്‍ക്കാരായി വര്‍ത്തിക്കണമെന്നതു ദൈവഹിതമായിരുന്നു. ഒരേ ഉദരത്തില്‍ പിറന്നവരും ഒരേ പിതാവില്‍നിന്നു ജനിച്ചവരും പരസ്പരം സഹോദരങ്ങളാണ് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍, ഈ സാഹോദര്യം വിശാലമാക്കപ്പെട്ടപ്പോള്‍, ഗോത്രങ്ങള്‍പ്പോലും സഹോദരങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. യാക്കോബിന്റെ സന്തതികളിലൂടെയാണ് ഈ വിശാലമായ സാഹോദര്യത്തിന് ദൈവം തുടക്കമിട്ടത്! ഈ സാഹോദര്യം അതിന്റെ പൂര്‍ണ്ണതയില്‍ നമുക്കു ലഭിച്ചത് ക്രിസ്തീയ സാഹോദര്യത്തിലാണെന്നത് മറ്റൊരു സത്യം! എന്നാല്‍, ഓരോ കാലഘട്ടങ്ങളിലും ക്രിസ്തീയതയുടെ അമരക്കാരായി ചമഞ്ഞിറങ്ങിയവര്‍ ഈ സത്യം ക്രിസ്ത്യാനികളില്‍നിന്നു മറച്ചുവച്ചു.

യാക്കോബിന്റെ മക്കള്‍ എത്ര തലമുറ പിന്നിട്ടാലും അവര്‍ പരസ്പരം സഹോദരങ്ങളാണ്. ഈ സാഹോദര്യത്തെ മുന്‍നിര്‍ത്തിയാണ് നിയമങ്ങളും ചട്ടങ്ങളും സ്ഥാപിതമായത്! അത്യുന്നത പ്രവാചകനായ മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന ഓരോ നിയമങ്ങളെയും ചട്ടങ്ങളെയും സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കാന്‍ തയ്യാറാകുന്ന ഏതൊരുവനും ഈ സത്യം വെളിപ്പെടും! സീനായ്‌മലയില്‍ വച്ച് മോശയിലൂടെ തന്റെ ജനത്തിനു യാഹ്‌വെ നല്‍കിയ ഏഴു പ്രമാണങ്ങളിലും മറഞ്ഞിരിക്കുന്നതും സാഹോദര്യത്തിന്റെ പ്രാധാന്യമാണ്! ഒന്നും രണ്ടും മൂന്നും പ്രമാണങ്ങള്‍ ദൈവവുമായി ദൈവജനം പാലിക്കേണ്ട നിയമങ്ങളാണെങ്കില്‍, നാലുമുതല്‍ പത്തുവരെയുള്ള കല്പനകളില്‍ നിറഞ്ഞുനില്‍ക്കുന്നത് സാഹോദര്യത്തില്‍ പുലര്‍ത്തേണ്ട നീതിയെക്കുറിച്ചാണ്. കല്പനകളെ നാലും ആറുമായി വിഭജിച്ചിരിക്കുന്ന ചില സഭകള്‍ ക്രിസ്തീയതയുടെ ഭാഗമാണെന്ന ധാരണയില്‍ തുടരുന്നുണ്ട്. ഇവരുടെ അപൂര്‍ണ്ണത വെളിപ്പെടുന്ന അനേകം സാക്ഷ്യങ്ങളില്‍ ഒന്നാണ് കല്പനകളിലെ ഈ വിഭജനം! ദൈവം നമുക്കു നല്‍കിയിട്ടുള്ള സകലതും പൂര്‍ണ്ണതയോടെയാണ്. കല്പനകളുടെ കാര്യത്തിലും ഈ കൃത്യത പാലിച്ചിട്ടുണ്ട്. മൂന്നും ഏഴും പൂര്‍ണ്ണതയുടെ സംഖ്യകളാണെങ്കില്‍, നാലും ആറും അപൂര്‍ണ്ണതയുടെ സംഖ്യകളാണ്! ദൈവവും മനുഷ്യനുമായി മൂന്നു കല്പനകള്‍ നല്‍കിയത് പൂര്‍ണ്ണതയോടെയാണ്; അതുപോലെതന്നെ, മനുഷ്യര്‍ തങ്ങളുടെ സഹോദരങ്ങളുമായി പാലിക്കേണ്ട നിയമങ്ങളുടെ സംഖ്യയിലും പൂര്‍ണ്ണതയുണ്ട്. ഏഴ് എന്ന പൂര്‍ണ്ണസംഖ്യ!

കല്പനകളുടെ ഘടനയെ സംബന്ധിച്ചുള്ള ചര്‍ച്ച ഇവിടെ നമുക്ക് അവസാനിപ്പിക്കാം. ഇനി നാം തുടരുന്നത് സഹോദരന്റെ ഉത്തരവാദിത്വത്തെ അടിസ്ഥാനമാക്കിയുള്ള പഠനവും വിശകലനവുമാണ്! ക്രിസ്തീയത എന്നത് ഇസ്രായേലിന്റെ പിന്തുടര്‍ച്ചയായതുകൊണ്ടുതന്നെ ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളുടെ കാവല്‍ക്കാരാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. പ്രവാചകനായ എസക്കിയേലിലൂടെ ഇസ്രായേല്‍ ജനത്തെ അറിയിച്ച സത്യങ്ങള്‍ ക്രിസ്ത്യാനികള്‍ക്കും ബാധകമാണെന്നു വിവക്ഷ. ഇസ്രായേലിന്റെ കാവല്‍ക്കാരനായി പ്രവാചകനെ നിയോഗിച്ചതു ദൈവമായ യാഹ്‌വെയാണ്! എന്നാല്‍, പ്രവാചകന്‍ എന്ന തസ്തിക ഇല്ലാതാക്കുകയും, തന്നില്‍ വിശ്വസിക്കുന്ന സകലര്‍ക്കുമായി പ്രവാചകത്വത്തിന്റെ അഭിഷേകം നല്‍കുകയും ചെയ്തത് യേഹ്ശുവായാണെന്നു നാം വിസ്മരിക്കരുത്. യേഹ്ശുവാ തന്നെയാണ് യാഹ്‌വെ എന്ന് വിശ്വസിക്കാത്ത ക്രിസ്ത്യാനികള്‍ നാമം കൊണ്ടുമാത്രം ക്രിസ്ത്യാനികളായി ലോകം മുദ്രചാര്‍ത്തിയിരിക്കുന്ന ഹതഭാഗ്യരാണ്! ഈ വചനം ശ്രദ്ധിക്കുക: "ആകയാല്‍, യേഹ്ശുവാ യാഹ്‌വെയാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന്‍ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്ഷപ്രാപിക്കും"(റോമാ: 10; 9). ഒരു വചനംകൂടി നോക്കുക: ''യേഹ്ശുവാ യാഹ്‌വെയാണെന്ന് പറയാന്‍ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയുമില്ല.''(1 കോറി: 12; 3).

യേഹ്ശുവായിലൂടെ ക്രിസ്ത്യാനികളിലേക്ക് അഭിഷേകം ചെയ്യപ്പെടുന്ന പരിശുദ്ധാത്മാവിന്റെ വരങ്ങളിലൊന്നാണ് പ്രവാചകത്വം! രാജത്വത്തോടും പൗരോഹിത്യത്തോടുമൊപ്പം ഓരോ ക്രിസ്ത്യാനികളിലും പ്രവാചകത്വം അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു! ആയതിനാല്‍, ഓരോ ക്രിസ്ത്യാനിയും മറ്റു ക്രിസ്ത്യാനികളുടെ കാവല്‍ക്കാരാണ്! ഇത് ക്രിസ്ത്യാനികളായ സകലരുടെയുംമേല്‍ അഭിഷേകം ചെയ്യപ്പെട്ട ദൗത്യമാണെങ്കിലും, സഭയിലെ പ്രബോധകരെന്ന സ്ഥാനം സ്വയം എടുത്തണിഞ്ഞവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. എന്തെന്നാല്‍, പ്രബോധനം എന്നത് മറ്റാരെയും കൈകടത്താന്‍ അനുവദിക്കാതെ സംരക്ഷിച്ചുപോരുന്ന ഇവരുടെ അവകാശമായി ഇവര്‍ കൊണ്ടുനടക്കുന്നു! അതിനാല്‍ത്തന്നെ, ഇവരുടെ ഉത്തരവാദിത്വം വളരെ വലുതാണ്‌. ഒരു ക്രിസ്ത്യാനിയെങ്കിലും ക്രിസ്തീയതയില്‍നിന്നു വിട്ടുപോകാതിരിക്കാന്‍ അവര്‍ക്കു കാവല്‍ക്കാരായി വര്‍ത്തിക്കേണ്ടത് ക്രൈസ്തവ ആചാര്യന്മാരുടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവുണ്ടായിരിക്കണം. ഓരോ വിശ്വാസികള്‍ക്കുമുള്ള വ്യക്തിപരമായ ഉത്തരവാദിത്വത്തെ അസാധുവാക്കിക്കൊണ്ടല്ല മനോവ ഇതു പറയുന്നത്. മറിച്ച്, അത്മായര്‍ എന്നപേരില്‍ താഴേത്തട്ടില്‍ അവഗണിച്ചിട്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രബോധനങ്ങള്‍ ചോദ്യംചെയാന്‍ നാലാം നൂറ്റാണ്ടില്‍ ഉദയംചെയ്ത ഒരു സമൂഹം കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുത്തതുകൊണ്ടാണ് ഇതു പറയാന്‍ മനോവ നിര്‍ബ്ബന്ധിതമായത്.

വൈദീകര്‍ എന്ന സമൂഹത്തിന്റെ അബദ്ധ സിദ്ധാന്തങ്ങള്‍ വെള്ളംതൊടാതെ വിഴുങ്ങാന്‍ വിധിക്കപ്പെട്ട ഒരു സമൂഹമായി കത്തോലിക്കാസഭയിലെ വിശ്വാസികളെ വേര്‍തിരിച്ചത് വൈദീകസമൂഹമാണ്! ബൈബിള്‍ കണ്ടിട്ടുപോലുമില്ലാത്ത സന്യാസിനികള്‍ (കന്യാസ്ത്രികള്‍) ഇന്ന് കത്തോലിക്കാസഭയിലെ ദൈവമക്കളെ ആത്മീയത അഭ്യസിപ്പിക്കുന്നു! വൈദീകവേഷത്തില്‍ വന്നിക്കിരിക്കുന്ന പലര്‍ക്കും ബൈബിള്‍ ഒരു അജ്ഞാതപുസ്തകമാണ്. ഇവരുടെയൊക്കെ ദുസ്വപ്നങ്ങളെപ്പോലും ആത്മീയ വെളിപാടുകളായി കത്തോലിക്കാസഭയിലെ ദൈവമക്കളുടെമേല്‍ അടിച്ചേല്പിച്ചിട്ടുണ്ട്. കത്തോലിക്കാസഭയിലെ വിശ്വാസികളെ അവിശ്വാസികളാക്കുകയോ സഭ വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന പ്രധാന നിമിത്തങ്ങള്‍ ഈ ആചാര്യന്മാരാണ്! അതായത്, ഇന്ന് ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന മതമില്ലാത്ത മതത്തിന്റെ സൃഷ്ടാക്കളും കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍തന്നെയാണ്! ലോകവ്യാപകമായ ഈ പൈശാചികത ഉടലെടുത്തത് യൂറോപ്പിലാണെങ്കില്‍, ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു കൈകഴുകി മാറിനില്‍ക്കാന്‍ കത്തോലിക്കാസഭയ്ക്കു സാധിക്കില്ല.

യൂറോപ്പിനെ കീഴടക്കിയ മഹാമാരി കേരളത്തിലും!

ഇന്നത്തെ യൂറോപ്പില്‍ ഏറ്റവും ശക്തമായ മതം ഏതാണെന്നു ചോദിച്ചാല്‍, മതമില്ലാത്ത മതമാണെന്നു നിസ്സംശയം പറയാന്‍ കഴിയും! ഒരുകാലത്ത് ക്രിസ്ത്യാനികള്‍ മാത്രം ജീവിച്ചിരുന്ന നാട്ടില്‍ ക്രിസ്ത്യാനികള്‍ക്ക് വംശനാശം സംഭവിച്ചത് എങ്ങനെയെന്നു ക്രൈസ്തവ ആചാര്യന്മാര്‍ ഉത്തരം പറയണം. ഇക്കാര്യത്തില്‍ ഒന്നാംപ്രതി തങ്ങളാണെന്ന കുറ്റസമ്മതത്തിനു കത്തോലിക്കാസഭയുടെ നേതൃത്വം തയ്യാറാവുകയും വേണം! രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ആരംഭിച്ച ആദ്ധ്യാത്മിക വ്യതിചലനമാണ് ഈ ദുരന്തത്തില്‍ കത്തോലിക്കാസഭയെ എത്തിച്ചത്. നൂറുകോടിയും നൂറ്റിപ്പത്തുകോടിയും അംഗസംഖ്യ അവകാശപ്പെടുന്ന കത്തോലിക്കാസഭയില്‍ എത്ര ക്രിസ്ത്യാനികളുണ്ടെന്നു നെഞ്ചില്‍ കൈവച്ചു പരിശോധിക്കണം!

കത്തോലിക്കാസഭ പുറപ്പെടുവിച്ചിരിക്കുന്ന ലിസ്റ്റില്‍ ക്രിസ്തുവിനെ അറിയുന്നവരുടെ എണ്ണം തുലോം തുച്ഛമാണെന്നു മാത്രമല്ല, അറിയുന്നവരില്‍ത്തന്നെ പൂര്‍ണ്ണതയോടെ അവിടുത്തെ നാമത്തിലുള്ള ഏകരക്ഷയെക്കുറിച്ചു മനസ്സിലാക്കിയവര്‍ ഇല്ലെന്നുതന്നെ പറയേണ്ടിവരും! കത്തോലിക്കരുടെയിടയില്‍ ഈ അവസ്ഥ സംജാതമായത് നേതാക്കന്മാരുടെ വഴിപിഴച്ച പഠിപ്പിക്കലുകള്‍ മൂലമാണ്. കത്തോലിക്കാ മതബോധനഗ്രന്ഥം വായിച്ചിട്ടുള്ളവരില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണിത്. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നും അവയിലൊക്കെ സത്യത്തിന്റെ മാര്‍ഗ്ഗങ്ങളുണ്ടെന്നുമുള്ള വ്യാജസന്ദേശം ഇതിലൂടെ ഇവര്‍ പ്രചരിപ്പിച്ചു. മാരക പ്രഹരശേഷിയുള്ള പൈശാചിക ആശയമായിരുന്നു ഇതെന്ന് തിരിച്ചറിയാന്‍ സഭയിലെ ഭൂരിപക്ഷത്തിന് ഇന്നും കഴിയുന്നില്ല എന്നതാണ് സാത്താന്റെ വിജയം! കത്തോലിക്കാസഭയുടെ സംവീധാനം ഇങ്ങനെ നിലനില്‍ക്കുന്ന കാലത്തോളം ഈ ദുരവസ്ഥ സഭയുടെ ഭാഗമായി തുടരുകയും, പൈശാചികത ഈ ഭൂമിയില്‍ ആധിപത്യം നേടുകയും ചെയ്യും!

യൂറോപ്പിലെ ക്രിസ്ത്യാനികളുടെ മക്കളില്‍ ആരാണു മതബോധനം നടത്തുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ദൈവം ആരാണെന്നുപോലും അറിയാത്ത അദ്ധ്യാപകരാണ് വിദ്യാലയങ്ങളിലെ മതബോധനത്തിന്റെ ചുമതലക്കാര്‍. കേരളത്തിലെപ്പോലെ 'സണ്‍ഡേസ്കൂളുകള്‍' യൂറോപ്പില്‍ ഇല്ല. കത്തോലിക്കാസഭയുടെയും പ്രോട്ടസ്റ്റ്ന്റ് സഭയുടെയും സ്കൂളുകളാണ് യൂറോപ്പിലുള്ളതെങ്കിലും, അവിടെ അദ്ധ്യാപകരായി ജോലിചെയ്യുന്ന ആരുംതന്നെ ക്രിസ്തുവിനെ അറിയുന്നവരോ ക്രിസ്തീയജീവിതം നയിക്കുന്നവരോ അല്ല. ഇവരാണ് യൂറോപ്പിലെ ബാല്യങ്ങള്‍ക്ക്‌ ക്രിസ്തീയതയില്‍ പരിശീലനം നല്‍കുന്നത്. ഇവരുടെ പരിശീലനത്തിലൂടെ രൂപാന്തരപ്പെട്ടതാണ് 'മതമില്ലാത്ത മതം' എന്ന പൈശാചിക സമൂഹം! യൂറോപ്പിലെ എല്ലാ പൈശാചികതകളും തോളിലേറ്റുന്ന സമൂഹങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്ന മലയാളികള്‍ ഇന്ന് ഇരുകൈകളും നീട്ടി മതമില്ലാത്ത മതത്തെ സ്വീകരിച്ചുകഴിഞ്ഞു! ഈ അധാര്‍മ്മിക മതത്തിന്റെ വക്താക്കളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളുടെ പിന്മുറക്കാരാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയാതെ പോകരുത്. ക്രിസ്തുവിന്റെയോ ക്രിസ്തീയതയുടെയോ അപ്രസക്തിയല്ല ഈ പ്രതിഭാസത്തിന് ആധാരമായ കാരണം; മറിച്ച്, വഴിപിഴച്ച പ്രബോധനത്തിലൂടെ കടന്നുവന്ന ദുരന്തമാണ്!

കേരളത്തിലെ ഒരുലക്ഷത്തിലധികം കുട്ടികളുടെ സ്കൂള്‍ രേഖകളില്‍ മതമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ ഇവര്‍ എത്തിച്ചേരുന്നത് വിജാതിയതയിലാണെന്നു തിരിച്ചറിയാന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തിനു സാധിച്ചിട്ടില്ല. ഇനിയൊട്ടു സാധിക്കുമെന്നു മനോവ കരുതുന്നുമില്ല. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തേക്കുള്ള പ്രവേശനത്തിന് അനേകം 'വ്യാജവാതിലുകള്‍' തുറന്നിട്ടിരിക്കുന്ന സംഘമാണ് കത്തോലിക്കാസഭയുടെ നിയന്ത്രണം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്! ഇവര്‍ വഴിതെറ്റിച്ച ആടുകളുടെ കൂട്ടമാണ്‌ ഇന്ന്‍ കത്തോലിക്കാസഭയിലെ ഭൂരിപക്ഷം അംഗങ്ങളും!

മതമില്ലാത്ത മതത്തില്‍നിന്ന്‍ ഇസ്ലാമിലേക്ക്!

യൂറോപ്പില്‍ ഇന്ന് ശക്തമായ മതമാണു 'മതമില്ലാത്ത മതം'. ഈ മതത്തില്‍നിന്ന് ഇസ്ലാമിലേക്കുള്ള കുത്തൊഴുക്കാണ് ഇവിടെ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഇസ്ലാമിലേക്കു മാത്രമുള്ള പരിവര്‍ത്തനമാണ് യൂറോപ്പിലെ പ്രതിഭാസമെന്നു ചിന്തിക്കുന്നതും ശരിയല്ല. യൂറോപ്പില്‍ കടന്നുവന്നിരിക്കുന്ന യോഗികളിലൂടെ ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനവും ശക്തമാണ്. ഇതിന്റെയെല്ലാം ഉത്തരവാദികള്‍ ആരാണെന്ന അന്വേഷണം ആരില്‍ ചെന്നുനില്‍ക്കും?

കത്തോലിക്കാസഭയുടെ മതബോധനത്തിന്റെ ദുരന്തഫലമാണ് ഇന്ന് യൂറോപ്പ് നേരിട്ടുകൊണ്ടിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തത് സഭയുടെ നേതൃത്വം മാത്രമാണെന്നതും നാം ചിന്തിക്കണം. മതമില്ലാത്ത മതത്തില്‍നിന്ന് ഇസ്ലാമിലേക്ക് ചേക്കേറാന്‍ അവസരമുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തികളില്‍ പ്രധാനിയാണ് വത്തിക്കാനിലെ ഫ്രാന്‍സീസ്! ഇസ്ലാമിനോട് ഈ മനുഷ്യന് അതീവതാല്‍പര്യമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാന്‍ മനോവയ്ക്ക് അവകാശമില്ല. എന്നാല്‍, കത്തോലിക്കാസഭയുടെ ചിലവില്‍ ഉണ്ണുകയും ഉറങ്ങുകയും താടിരോമങ്ങള്‍ വടിയ്ക്കുകയും ചെയ്തുകൊണ്ട് ഇയാള്‍ ഇസ്ലാമികത വളര്‍ത്തുന്നതിനെ എതിര്‍ക്കാതിരിക്കാന്‍ മനോവയ്ക്കു സാധിക്കില്ല!

ബ്രിട്ടനില്‍നിന്നു മാത്രം നൂറ്റിയന്‍പത് യുവതികളാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയില്‍ ചേര്‍ന്നത്. ആരൊക്കെയാണ് ഇതിന്റെ ഉത്തരവാദികള്‍? ഇസ്രായേലിന്റെ കാവല്‍ക്കാര്‍ ഉറങ്ങിയതുകൊണ്ടോ ഉറക്കം നടിച്ചതുകൊണ്ടോ ആണ് ഇവരെല്ലാം വ്യര്‍ത്ഥതയിലേക്ക് കടന്നുപോയത്. ക്രിസ്തീയതയുടെ കാര്യത്തില്‍ യൂറോപ്പ് ഇന്നൊരു തരിശുഭൂമിയാണ്. കത്തോലിക്കാപ്പള്ളികള്‍ വിജാതിയരുടെ ആരാധനാലയങ്ങള്‍ക്കായി വിറ്റുകൊണ്ടിരിക്കുന്നു. ശേഷിക്കുന്ന പള്ളികളില്‍പ്പോലും ആരാധനയ്ക്കു വരുന്ന യുവതലമുറ ഇല്ലെന്നതും നാം തിരിച്ചറിയണം. വിജാതിയരുടെ ആരാധനാലയങ്ങള്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണെന്നതും കാണാതെപോകരുത്. അതായത്, ഒരുകാലത്ത് സത്യദൈവത്തിന് ആരാധനയര്‍പ്പിച്ചിരുന്ന ഇടങ്ങളില്‍ പിശാച് ആരാധന ഏറ്റുവാങ്ങുന്ന അവസ്ഥ! മതവിശ്വാസത്തില്‍നിന്നു പുറത്തുപോകുന്നവര്‍ ക്രിസ്തീയതയില്‍നിന്നു മാത്രമാണെന്നു തിരിച്ചറിയാന്‍ ഇതിലപ്പുറം തെളിവ് ആവശ്യമുണ്ടോ?

വിജാതിയരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും കടന്നുവരുന്ന വിശ്വാസികളുടെ സംഖ്യ ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നത് ഒരു സത്യമാണ്. മക്കയില്‍ ഹജ്ജിനു പോകുന്നവരും ശബരിമലയില്‍ കടന്നുചെല്ലുന്നവരുടെയും കാര്യത്തില്‍ മാത്രമല്ല, ലോകത്തെവിടെയുമുള്ള വിജാതിയ ആരാധനാലയങ്ങളിലെ അവസ്ഥ ഇതാണ്! ആറ്റുകാല്‍ പൊങ്കാല മാത്രമല്ല, എല്ലാ വിജാതിയ ആചാരങ്ങളിലും വര്‍ദ്ധനവുണ്ട്. വ്യാജദൈവങ്ങളെ ആരാധിക്കുന്നവരുടെ സംഖ്യയിലുള്ള ക്രമാതീതമായ വര്‍ദ്ധനവിന്റെ ഉത്തരവാദിത്വം ക്രൈസ്തവര്‍ക്കു മാത്രമാണെന്ന സ്വയം വിമര്‍ശനമാണ് ഇവിടെ നമുക്കു വേണ്ടത്. അനിവാര്യവും അപരിഹാര്യവുമായ അവസ്ഥയിലാണ് ഇന്ന് കാത്തോലിക്കാസഭയും മറ്റു ക്രൈസ്തവസഭകളും എത്തിനില്‍ക്കുന്നത് എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്തെന്നാല്‍, യേഹ്ശുവാ വേദനയോടെ ചോദിച്ച ചോദ്യം ഇപ്രകാരമാണ്: "എങ്കിലും മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). ഈ അവസ്ഥ ഭൂമിയില്‍ സംജാതമായിക്കഴിഞ്ഞു! ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഒരു ക്രൈസ്തവനും സാധിക്കില്ല! കാരണം, ഓരോ ക്രൈസ്തവനും സഹോദരന്റെ കാവല്‍ക്കാരനാണ്‌!

യേഹ്ശുവായുടെ പുനരാഗമനം അടുത്തു എന്നതിന്റെ അടയാളമായി ഇതിനെയും നാം കാണണം! എന്നാല്‍, ഈ അവസ്ഥയ്ക്കു കാരണമായ ആരും ശിക്ഷിക്കപ്പെടാതിരിക്കില്ല! എന്തെന്നാല്‍, യൂദാസ് യേഹ്ശുവായെ ഒറ്റിക്കൊടുത്തത് ദൈവഹിതപ്രകാരം ആയിരുന്നുവെങ്കിലും, അവനെക്കുറിച്ച് യേഹ്ശുവാ പറഞ്ഞത് ഇപ്രകാരമാണ്: "എന്നാല്‍, മനുഷ്യപുത്രനെ ആര് ഒറ്റിക്കൊടുക്കുന്നുവോ അവനു ദുരിതം! ജനിക്കാതിരുന്നെങ്കില്‍ അവനു നന്നായിരുന്നു!"(മത്താ: 26; 24). ക്രിസ്ത്യാനികളെ അന്യദേവന്മാരിലേക്ക് നയിക്കുന്ന സകലരും ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നവരാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2640 views

LOG IN

Lost your password?

SIGN UP

LOST PASSWORD