വിചാരണ

ട്രോളര്‍മാര്‍ക്ക് ചാകരയുമായി 'സീറോ' മലബാര്‍ സഭയുടെ ആര്‍ഷഭാരത ഫലിതങ്ങള്‍!

Print By
about

25 - 02 - 2017

ഴിഞ്ഞ നൂറുവര്‍ഷങ്ങളായി കേരളത്തിലെ സുറിയാനി നേതാക്കന്മാര്‍ വിശ്വാസികളെ ധരിപ്പിച്ചുവച്ചിരിക്കുന്ന ഒരു നുണക്കഥയുണ്ട്. തങ്ങളുടെ 'നമ്പൂരി' പാരമ്പര്യത്തിന്റെ പമ്പര വിഡ്ഢിത്തമാണ് ഈ നുണക്കഥ. ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഉടലെടുത്ത കാലത്തുതന്നെ തങ്ങളുടെ പൂര്‍വ്വീകരെ പൂണൂല്‍ ധരിപ്പിക്കാന്‍ കേരളത്തിലെ പൗരസ്ത്യ ക്രിസ്ത്യാനികള്‍ തയ്യാറായി. അപ്പസ്തോലനായ തോമസ്‌ ഇന്ത്യയില്‍ വന്നപ്പോള്‍ നമ്പൂരിമാരെയാണ് മാമോദീസാ മുക്കിയതെന്നും അവരുടെ പിന്മുറക്കാരാണ് തങ്ങളെന്നും വിശ്വാസികളെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. ഈ നുണക്കഥ വിശ്വസിച്ച ക്രിസ്ത്യാനികള്‍ നമ്പൂരിമാരുടെ ചേഷ്ടകളോടെ ജീവിക്കുകയും ചെയ്തു. തലമുറകളിലേക്കു പകരപ്പെട്ട ഈ അബദ്ധചിന്ത ഇന്നും അലങ്കാരമായി ചുമക്കുന്ന ക്രിസ്ത്യാനികള്‍ കേരളത്തിലുണ്ട്.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ തങ്ങളുടെ പൂര്‍വ്വീകരെ നമ്പൂരിമാരാക്കിയ ചരിത്രം വളരെ രസകരമാണ്. ഈ രസകരമായ 'നമ്പൂരിഫലിതങ്ങള്‍' ആസ്വദിക്കുന്നതിനുമുമ്പ് മറ്റുചില കാര്യങ്ങള്‍ അവതരിപ്പിക്കാനുണ്ട്. സുറിയാനി സഭകളിലെ ദുരാചാരങ്ങളെ സംബന്ധിച്ച് നവമാധ്യമങ്ങളിലൂടെ 'ട്രോളര്‍മാര്‍' നടത്തുന്ന പരിഹാസങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നതാണ് നാം ആദ്യമായി ചിന്തിക്കുന്നത്. സ്വന്തമായി യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്തവര്‍, മറ്റുള്ളവരുടെ പാരമ്പര്യങ്ങള്‍ തങ്ങളുടേതാക്കി അപഹാസിതരാകുന്നതുപോലെ സുറിയാനിസഭയിലെ മക്കള്‍ ഇന്ന് ലജ്ജിച്ചു തലതാഴ്ത്തുകയാണ്. ഏതൊരു മതവിഭാഗത്തിനും തങ്ങളുടേതെന്ന് അവകാശപ്പെടാന്‍ തനതായ പാരമ്പര്യങ്ങളും ആചാരങ്ങളുമുണ്ട്‌. സമൂഹത്തില്‍ താരതമ്യേന താഴ്ന്ന അവസ്ഥയിലുള്ള ഒരു കുടുംബത്തിനുപോലും അവരുടേതായ ചില പാരമ്പര്യങ്ങള്‍ അവകാശപ്പെടാനുണ്ടാകും. എന്നാല്‍, സ്വന്തമായി യാതൊരു പാരമ്പര്യവുമില്ലാത്ത ഒരു വിഭാഗമാണ്‌ തങ്ങളെന്ന് സ്വന്തം ചെയ്തികളിലൂടെ വിളിച്ചുപറയുകയാണ് സീറോമലബാര്‍ സമൂഹം! ആക്രിക്കച്ചവടക്കാരെപ്പോലെ വഴിയില്‍ കാണുന്ന എന്തും ശേഖരിക്കുന്ന ഈ സമൂഹത്തെ നോക്കിയാണ് 'ട്രോളര്‍മാര്‍' ആഘോഷിക്കുന്നത്. ഇവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കാനല്ലാതെ, മറുത്തൊരു വാക്കു പറയാന്‍ വിശ്വാസികള്‍ക്കു സാധിക്കുന്നില്ല. കത്തോലിക്കാസഭയെ പ്രതിരോധിക്കാന്‍ ബ്ലോഗുകള്‍ എഴുതുകയും സംവാദങ്ങളിലേര്‍പ്പെടുകയും ചെയ്തുകൊണ്ടിരുന്ന പലരും ഇന്ന് അപ്രത്യക്ഷരായി. സഭയുടെ അകത്തളങ്ങളിലിരുന്ന് അധികാരികള്‍ ചെയ്തുകൂട്ടുന്ന ഭോഷ്ക്കുകളെ ന്യായീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കളംവിട്ടവരാണ് ഇവരൊക്കെ!

ഹിന്ദുക്കള്‍ തങ്ങളുടെ പ്രാകൃത ദൈവസങ്കല്പങ്ങള്‍ക്കു മുന്‍പില്‍ നടത്തുന്ന എല്ലാ ദുരാചാരങ്ങളും അതേപടി അനുകരിക്കാന്‍ യാതൊരു ലജ്ജയുമില്ലാത്തവരായി കേരളത്തിലെ ക്രിസ്ത്യാനികള്‍ അധഃപതിച്ചു. ശബരിമലയില്‍ 'അരവണപ്പായസം' വില്‍ക്കുന്നതിലൂടെ വലിയ വരുമാനം ലഭിക്കുന്നുവെന്നറിഞ്ഞ സുറിയാനി മേലാളന്മാര്‍ 'കത്തോലിക്കാ അരവണ' ഉണ്ടാക്കി കച്ചവടം ആരംഭിച്ചു. ഹരിശ്രീ കുറിക്കല്‍, ശയനപ്രദക്ഷിണം, തകിട്, നടതുറക്കല്‍, തിരുവാഭരണം ചാര്‍ത്തല്‍, തിരുസ്വരൂപ ദര്‍ശനം, തുലാഭാരം, വെടിവഴിപാട് തുടങ്ങിയ എല്ലാ പൈശാചികതകളും ക്രിസ്ത്യാനികള്‍ ഏറ്റെടുത്തപ്പോള്‍ 'ട്രോളര്‍മാര്‍ക്ക്' ചാകരയായി! അമ്പലങ്ങളിലേതുപോലെ വഴിപാടുകളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്ന രീതിയും ആരംഭിച്ചിട്ടുണ്ട്. ഇതൊക്കെ മനോവ കെട്ടിച്ചമച്ച കഥകളാണെന്ന് ആരും കരുതേണ്ടാ. തെളിവുകള്‍ ആവശ്യമുള്ളവര്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക. ഹിന്ദുക്കള്‍ നടത്തുന്ന വെടിവഴിപാടിന്റെ പേരില്‍ അല്പം മാറ്റംവരുത്താന്‍ കേരളസഭയിലെ കാവിക്കാര്‍ തയ്യാറായിട്ടുണ്ട്. 'നേര്‍ച്ച വെടി' എന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പുതിയ പേര്! ചെറിയ വെടി, വലിയ വെടി എന്നിങ്ങനെയാണ് ഹിന്ദുക്കള്‍ പറയുന്നതെങ്കില്‍, ക്രിസ്ത്യാനികള്‍ വയ്ക്കുന്ന വെടികളിലൊന്ന് 'സ്പെഷ്യല്‍' വെടിയാണ്!

യേഹ്ശുവാ കുരിശില്‍ മരിച്ചത് എല്ലാവിധ അടിമത്വങ്ങളില്‍നിന്നും നമ്മെ സ്വതന്ത്രരാക്കാനാണ്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കുകയില്ല. കാരണം യജമാനന്‍ ചെയ്യുന്നതെന്തെന്നു ദാസന്‍ അറിയുന്നില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍ എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു"(യോഹ:15;15). യേഹ്ശുവാ നമ്മെ അടിമകളായിട്ടല്ല പരിഗണിക്കുന്നത്; മറിച്ച്, അവിടുന്ന് നമ്മെ സ്നേഹിതരായി പരിഗണിക്കുന്നു. ഇനി നാം മറ്റാരുടെയും അടിമകളാകേണ്ടവരല്ല. യേഹ്ശുവാ സ്വതന്ത്രരാക്കിയിട്ടും ആ സ്വാതന്ത്ര്യത്തില്‍ നിലനില്‍ക്കാതെ ആര്‍ക്കെങ്കിലും തങ്ങളെത്തന്നെ അടിമകളായി സമര്‍പ്പിച്ചവരുണ്ടെങ്കില്‍ ഈ വചനം ശ്രദ്ധിക്കുക: "സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്"(ഗലാ:5;1). ഇതാണ് ബൈബിള്‍ നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്"(എഫേ:2;19). ദൈവഭവനത്തിലെ അംഗങ്ങളായി നാം ഉയര്‍ത്തപ്പെട്ടത് യേഹ്ശുവായിലുള്ള വിശ്വാസം വഴിയാണ്. സ്വര്‍ഗ്ഗീയ ഭവനത്തില്‍ വസിക്കാന്‍ യോഗ്യത ലഭിച്ചവര്‍ ആരുടേയും അടിമകളല്ല! അപ്പസ്തോലനായ പൗലോസ് നമ്മെ അറിയിച്ച സത്യമിതാണ്: "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്"(റോമാ: 8; 15).

ഒരുവന്‍ തന്നെത്തന്നെ മറ്റാരുടെയെങ്കിലും അടിമകളായി സമര്‍പ്പിക്കുന്നത് ഭയംമൂലമാണ്. വിശുദ്ധരുടെ പേരില്‍ അടിമപ്പെടുത്തുന്നതിന്റെ കാരണവും വ്യത്യസ്തമല്ല. ഈ ഭയത്തെ ചൂഷണം ചെയ്യുന്നവരാണ് സഭയിലെ ഈ അടിമക്കച്ചവടക്കാര്‍! ഇത്തരത്തിലുള്ള ആഭിചാര പ്രവര്‍ത്തനങ്ങളില്‍നിന്നു വിശ്വാസികളെ മോചിപ്പിക്കുന്ന ധ്യാനമന്ദിരങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ഈ കച്ചവടങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങളായി ധ്യാനമന്ദിരങ്ങള്‍ അധഃപതിച്ചുപോയി! ആലപ്പുഴയിലെ IMS ധ്യാനകേന്ദ്രത്തിലെ ഈ പരസ്യം നോക്കുക! (ചിത്രം). കേരളത്തിലെ ഒരു പ്രധാന ക്ഷേത്രത്തില്‍ നടത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുള്ള 'ചോറു കൊടുക്കല്‍' ആചാരത്തിന്റെ ക്രിസ്ത്യന്‍ പതിപ്പാണ്‌ നാമിവിടെ കണ്ടത്. ഹിന്ദുക്കള്‍ക്ക് സ്വന്തമായിട്ടുള്ള സകലതും ക്രിസ്ത്യാനികള്‍ 'ഹൈജാക്ക്' ചെയ്തുകഴിഞ്ഞു! അടിമവയ്ക്കുന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മഹാപാപമാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി യേഹ്ശുവാ അര്‍പ്പിച്ച സഹനബലിയോടുള്ള അവഗണനയും നിന്ദയുമാണ് അടിമവയ്ക്കല്‍. യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ചു കടന്നുപോയ വിശുദ്ധര്‍ തങ്ങളുടെ അടിമകളായി ആരെയെങ്കിലും സ്വീകരിക്കുമെന്ന് കരുതരുത്. ഏന്തെന്നാല്‍, ദൈവവചനത്തെ ധിക്കരിക്കുന്ന ചെയ്തികളെ അംഗീകരിക്കാന്‍ വിശുദ്ധര്‍ക്ക് സാധിക്കുകയില്ല. ഇക്കാരണത്താല്‍തന്നെ, ഏതെങ്കിലും വിശുദ്ധര്‍ക്ക് ഒരുവനെ അടിമവയ്ക്കുമ്പോള്‍ അവിടെ കടന്നുവന്ന് ഈ സമര്‍പ്പണത്തെ സ്വീകരിക്കുന്നത് പിശാചായിരിക്കും.

വിഗ്രഹങ്ങളെ ആരാധിക്കുമ്പോള്‍ ഈ ആരാധനകളെ പിശാചുക്കള്‍ ഏറ്റെടുക്കുന്നതുപോലെ, അടിമകളായി അര്‍പ്പിക്കുന്നവരെ സ്വീകരിക്കുന്നതും പിശാചുക്കള്‍ തന്നെയാണ്. വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുന്നത് അവ ദൈവമാണെന്ന ധാരണയോടെയാണ്. എന്നാല്‍, ഇവര്‍ അര്‍പ്പിക്കുന്ന ആരാധനകളുടെ സ്വീകര്‍ത്താവ് പിശാചാണെന്നു ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഈ വചനം നോക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഇതുതന്നെയാണ് അടിവയ്പ്പിലും സംഭവിക്കുന്നത്. ദൈവവചനവിരുദ്ധമായ ആചാരങ്ങള്‍ നടത്തുന്ന ഒരിടത്തും യേഹ്ശുവായോ അവിടുത്തെ വിശുദ്ധാരോ സന്നിഹിതരാകുന്നില്ല. അന്യദേവന്മാരെ സേവിക്കുന്നതിലും നല്ലത് മരണമാണെന്നു സ്വയം കാണിച്ചുതന്ന വീരരക്തസാക്ഷിയാണ് വിശുദ്ധ സെബസ്ത്യാനോസ്! എന്നാല്‍, ഈ വിശുദ്ധനെ പിശാചിന്റെ സഹോദരനാക്കാന്‍ അഭിനവ ക്രിസ്ത്യാനികള്‍ക്ക് യാതൊരു മടിയുമില്ല. യേഹ്ശുവായുടെ നാമത്തില്‍ രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിനെ പുതിയേടത്ത് ഭഗവതിയുടെ സഹോദരനായി പരിഗണിക്കുന്നത് പൈശാചികതയാണ്. ഇത്തരത്തില്‍ പൈശാചിക ശക്തികളുമായി വിശുദ്ധരെ ചേര്‍ത്തുവയ്ക്കുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളിലെല്ലാം പിശാചിന്റെ സാന്നിധ്യമുണ്ട്. എന്തെന്നാല്‍, അശുദ്ധിയുമായി വിശുദ്ധിയ്ക്ക് ഒരു ബന്ധവുമില്ല. കാഞ്ഞൂര്‍ പള്ളിയില്‍ പ്രദക്ഷിണം നടക്കുമ്പോള്‍ പരുന്ത് വട്ടമിട്ടുപറക്കുന്നതുപോലെ, ശബരിമലയില്‍ മകരവിളക്ക്‌ തെളിയിക്കുമ്പോഴും സംഭവിക്കുന്നു. കാഞ്ഞൂര്‍ പള്ളിയുമായി ബന്ധപ്പെട്ടുള്ള പൈശാചികതയുടെ ദൃഷ്ടാന്തമാണ് ഈ പരുന്തുസാന്നിധ്യം!

നേര്‍ച്ചകള്‍ അര്‍പ്പിക്കാത്തവരെ പീഡിപ്പിക്കുന്ന 'വിശുദ്ധരും' കേരളത്തിലുണ്ട്. കൊരട്ടിമുത്തിയ്ക്ക് പൂവന്‍പഴം നല്‍കിയില്ലെങ്കില്‍ വയറുവേദനകൊണ്ട് പീഡിപ്പിക്കും. പരിശുദ്ധ കന്യകാമാതാവ് ആരെയും ഇത്തരത്തില്‍ പീഡിപ്പിക്കുമെന്ന് കരുതരുത്. ജനിച്ചിട്ടുപോലുമില്ലാത്ത ഒരുവനെ വിശുദ്ധനായി പരിഗണിക്കുന്ന അവസ്ഥയും പൗരസ്ത്യസഭകളിലുണ്ട്. പാവപ്പെട്ട വിശ്വാസികളെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന ഈ അവതാരത്തിന്റെ പേര് ഗീവര്‍ഗീസ് എന്നാണ്. തന്നെ പരിഹസിക്കുകയോ തനിക്ക് പണവും കോഴിയും നല്‍കാതിരിക്കുകയോ ചെയ്‌താല്‍, അവരുടെ ജീവിതത്തിലേക്ക് ഈ അവതാരം പാമ്പായി കടന്നുവരും. ഇത്തരത്തില്‍ വിശ്വാസികളെ ഭയപ്പെടുത്തി 'ഗുണ്ടാപ്പിരിവ്' നടത്തുന്ന 'ക്വട്ടേഷന്‍' തലവന്മാരും ക്രിസ്തീയ സഭകളിലുണ്ട്. എന്നാല്‍, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ഭീകരന്മാരുടെ മുന്‍പില്‍ ഗീവര്‍ഗ്ഗീസിന്റെ ശൗര്യമൊന്നും കാണാറില്ല! ക്ഷിപ്രകോപികളായ വിജാതിയ ദേവന്മാരെപ്പോലെ ദൈവത്തിന്റെ വിശുദ്ധര്‍ പ്രവര്‍ത്തിക്കുമോ? ഇത്തരത്തിലുള്ള 'ക്വട്ടേഷന്‍' ടീമുകളെയൊന്നും ദൈവം അയച്ചിട്ടില്ലെന്നു മാത്രമല്ല, അവിടുത്തെ വിശുദ്ധര്‍ക്ക് ഇത്തരം ആഭിചാരങ്ങളുമായി യാതൊരു ബന്ധവുമില്ല. ദൈവജനത്തെ അജ്ഞതയില്‍ തളച്ചിടുകയും, ഈ അജ്ഞതയെ ഉപജീവന മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്ന ഒരു വിഭാഗം ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിട്ടുണ്ട്. ഇവരെക്കുറിച്ചാണ് പ്രവാചകന്‍ ഇപ്രകാരം പ്രവചിച്ചത്: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും"(ഹോസിയാ: 4; 8, 9).

ക്രിസ്തീയ പരിവേഷം നല്‍കി വിജാതിയതയെ ദൈവജനത്തിനുമേല്‍ കെട്ടിവയ്ക്കുന്ന രീതിയും ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. സൂര്യനമസ്ക്കാരം എന്ന പൈശാചികതയെ 'യേശുനമസ്കാരം' എന്നപേരില്‍ വിപണിയിലിറക്കിയിറിക്കുന്നതും പൗരസ്ത്യസഭകളാണ്! പൈശാചികതയ്ക്ക് വിശുദ്ധ പരിവേഷം നല്‍കാന്‍ യേഹ്ശുവായുടെ നാമം ഉപയോഗിക്കുന്നത് പിശാചിന്റെ സന്തതികളാണെന്നു മറക്കരുത്. വിജാതിയതയെ സ്വന്തമാക്കാന്‍ ക്രിസ്തീയ മുദ്രകള്‍ ഉപയോഗിക്കുന്നതും നാം തിരിച്ചറിയണം. ശിവലിംഗത്തിനു മുകളില്‍ കുരിശു സ്ഥാപിക്കുന്നതിലൂടെ നിലവിളക്ക് ക്രിസ്തീയമാകില്ല; മറിച്ച്, കുരിശിനെ അവഹേളിക്കുകയും അതുവഴി നാശം ക്ഷണിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്! വിജാതിയര്‍ തങ്ങളുടെ ദേവന്മാര്‍ക്ക് പ്രീതികരമായ ആരാധനകളാണ് അര്‍പ്പിക്കുന്നത്. വിജാതിയരുടെ ആരാധനാമൂര്‍ത്തികളായ പിശാചുക്കള്‍ക്ക് പ്രീതികരമായവ തന്നെയാണ് സത്യദൈവമായ യാഹ്‌വെയ്ക്കും പ്രീതികരമെന്നു കരുതുന്നവര്‍, ദൈവവും പിശാചും തമ്മിലുള്ള വേര്‍തിരിവ് മനസ്സിലാക്കാത്തവരാണ്! വിജാതിയരുടെ ആരാധനാരീതികള്‍ വിഗ്രഹങ്ങളാല്‍ മലിനമാക്കപ്പെട്ടതും സത്യദൈവത്തിന് അതു നിഷിദ്ധവുമാകുന്നു. ഇത്തരം ആരാധനകള്‍ അവിടുന്ന് സ്വീകരിക്കുന്നില്ല. അവിടുത്തെ ആജ്ഞാവചനങ്ങള്‍ ശ്രദ്ധിക്കുക: "അവര്‍ നശിച്ചുകഴിയുമ്പോള്‍ അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 31, 32).

പിശാചിനു പ്രീതികരമായ ആരാധനകള്‍ ദൈവത്തിനു നിഷിദ്ധമാണ്. ആരാധനയോ മറ്റെന്തെങ്കിലുമോ വിഗ്രഹത്തിന് അര്‍പ്പിക്കുമ്പോള്‍, ഈ വിഗ്രഹാത്താല്‍ത്തന്നെ അവ മലിനമാകുന്നു. ഇക്കാരണത്താലാണ് വിഗ്രഹാര്‍പ്പിത ഭക്ഷണം നാം ഭക്ഷിക്കരുതെന്നു ദൈവം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സീറോമലബാര്‍ സഭയും സീറോമലങ്കര സഭയും യാക്കോബയാ-ഓര്‍ത്തഡോക്സ് സഭകളും മാത്രമല്ല ഇത്തരം ആഭാസങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്. മാര്‍ത്തോമാസഭയും മറ്റിതര സഭകളും ആചാരങ്ങള്‍ മോഷ്ടിക്കുന്നതില്‍ പിന്നിലല്ല. ഇവരോടെല്ലാം മത്സരിക്കാന്‍ ലത്തീന്‍ റീത്തും രംഗത്തിറങ്ങിയിട്ടുണ്ട്. അര്‍ത്തുങ്കല്‍ പള്ളിയിലും മാഹി പള്ളിയിലും നടത്തുന്ന ആഭാസങ്ങള്‍ ഇതിന്റെ തെളിവാണ്. വിശുദ്ധ റീത്തയുടെ പേരില്‍ പൊങ്കാല നടത്തുന്നതും പൈശാചികതയുടെ തെളിവായി കണക്കാക്കാം. ഇത്തരം ആഭിചാരങ്ങള്‍ നടത്തുന്നത് ഏതെങ്കിലും വിശുദ്ധരുടെ പേരിലാണ്. എന്നാല്‍, ഈ വിശുദ്ധരുടെ രൂപത്തില്‍ അവിടെ കടന്നുവരുന്നത് പിശാചുക്കളാണെന്നു നാം മറക്കരുത്. ക്രിസ്തീയവിരുദ്ധമായ ആചാരങ്ങളുടെ പങ്കുപറ്റാന്‍ ക്രിസ്തുവിന്റെ വിശുദ്ധര്‍ കടന്നുവരില്ല. ഇവിടെയൊക്കെ എന്തെങ്കിലും അടയാളങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍, അവയൊന്നും ദൈവത്തിന്റെ അടയാളങ്ങളായി തെറ്റിദ്ധരിക്കരുത്! ദൈവകല്പനകളുടെ ലംഘനം നടക്കുമ്പോള്‍, അവിടെ അദ്ഭുതങ്ങള്‍ നടത്തി മനുഷ്യരെ വഞ്ചിക്കുന്നത് പിശാചാണ്! ദൈവം വിലക്കിയിരിക്കുന്നവയെ മനുഷ്യര്‍ ആചാരമാക്കുമ്പോള്‍, അവിടെ ദൈവമോ ദൈവത്തിന്റെ വിശുദ്ധാരോ സന്നിഹിതരാവില്ല എന്നു മനസ്സിലാക്കാന്‍ ദൈവശാസ്ത്ര പാണ്ഡിത്യമൊന്നും ആവശ്യവുമില്ല!

വിജാതിയര്‍ തങ്ങളുടെ ദേവീ-ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായി കാട്ടിക്കൂട്ടുന്ന നിഷ്ഫലവും നിരര്‍ത്ഥകവുമായ കോപ്രായങ്ങള്‍ അതേപടി ഏറ്റെടുത്തുകൊണ്ട് ക്രിസ്തീയതയെ അപകീര്‍ത്തിപ്പെടുത്തുന്ന അവസ്ഥയാണ് ഇന്നുള്ളത്. വിജാതിയതയെക്കാള്‍ അധഃപതിച്ചതാണ് ക്രിസ്തീയതയെന്നു വരുത്തിത്തീര്‍ക്കാന്‍ സാത്താനും അവന്റെ സന്തതികളും ചേര്‍ന്നു നടത്തുന്ന ഈ ആഭാസങ്ങളെ തിരിച്ചറിയുക തന്നെവേണം. വിജാതിയരുടെ പൈശാചികതയ്ക്ക് ശ്രേഷ്ഠത കല്പിച്ചു നല്‍കാന്‍ സഭകളില്‍ കടന്നുകൂടിയ സംഘപരിവാര്‍ ശക്തികളെയും തിരിച്ചറിയണം. തുലാഭാരവും ശയനപ്രദക്ഷിണവും നടത്തി ദൈവത്തെ പ്രസാദിപ്പിക്കാമെന്ന കാഴ്ചപ്പാട് ക്രിസ്തീയതയുമായി ചേര്‍ന്നുപോകുന്നതല്ല!

(ക്രൈസ്തവസഭകള്‍ നടത്തുന്ന ലജ്ജാകരമായ മോഷണ പരമ്പരകളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം)

സീറോമലബാര്‍ സഭാഗാനം ഒരു 'ലിറ്റര്‍ജിക്കല്‍' ഫലിതം!

രണ്ടായിരത്തോളം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന 'സീറോ' മലബാര്‍ സഭ ഈയിടെ തങ്ങളുടെ സഭാഗാനം പുറത്തിറക്കി. സഭയുടെ സിനഡ് നിര്‍ദ്ദേശിച്ചതനുസരിച്ച് തയ്യാറാക്കിയ സഭാഗാനം പ്രകാശനം ചെയ്തത് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയായിരുന്നു. സഭയുടെ ലിറ്റര്‍ജിക്കല്‍ സെന്റര്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴയാണ് ഈ ഗാനത്തിന്റെ വരികളെഴുതിയത്. ചരിത്രപരമായി ഇത്രത്തോളം അജ്ഞത പുലര്‍ത്തുന്നവരാണ് സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ തലപ്പത്തെങ്കില്‍, സീറോമലബാര്‍ സഭ ഇനിയും അപഹാസിതയാകും എന്നകാര്യത്തില്‍ സംശയമില്ല! അതുകൊണ്ടുതന്നെ, ഈ ഗാനത്തിനുവേണ്ടി എഴുതിപ്പിടിപ്പിച്ച ഭോഷ്ക്കുകളും അല്പത്തരങ്ങളും ചര്‍ച്ചചെയ്യാതിരിക്കാന്‍ മനോവയ്ക്കു കഴിയുകയുമില്ല.

സീറോമലബാര്‍ സഭയുടെ മഹത്തായ പാരമ്പര്യത്തെ ഉദ്ഘോഷിച്ചുകൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. കവിയുടെ ഭാവനയില്‍ സീറോമലബാര്‍ സഭയുടെ പാരമ്പര്യം ക്രിസ്തീയമല്ല; മറിച്ച്, ആര്‍ഷഭാരത സംസ്കാരമാണ്! സഭാഗാനത്തിന്റെ ആദ്യത്തെ വരികള്‍ ഇവിടെ കുറിക്കാം.

സീറോ-മലബാര്‍ സഭയുടെ തനയര്‍
മാര്‍ത്തോമ്മായുടെ മക്കള്‍ 
ഘോഷിക്കുകയായ് ലോകം മുഴുവന്‍
ഒരു ജനമായ് തിരുവചനം

മാര്‍ത്തോമ്മാ ഒരു സുറിയാനിയായിരുന്നില്ല എന്നിരിക്കെ, കേരളത്തിലെ നസ്രാണികള്‍ എങ്ങനെ സുറിയാനിയായി?! സുറിയാനിയല്ലാത്ത മാര്‍ത്തോമ്മായുടെ മക്കള്‍ സുറിയാനി ആയതിനുപിന്നില്‍ വലിയ ദുരൂഹതകളുണ്ട്. ഇതിനെ പൈതൃകം എന്നല്ല, ജാരത്വം എന്നാണു വിളിക്കേണ്ടത്! അരമായ ഭാഷ സംസാരിച്ചിരുന്ന ഹെബ്രായനായ മാര്‍ത്തോമ്മായിലൂടെ ക്രിസ്തീയതയിലേക്കു കടന്നുവന്നവരെ സുറിയാനികളാക്കിയ ചരിത്രം പലവട്ടം മനോവ കുറിച്ചിട്ടുണ്ട്. ഇന്ന് സുറിയാനികളായി കളംമാറിയ സീറോമലബാര്‍ മക്കളുടെ യഥാര്‍ത്ഥ ആത്മീയ പൈതൃകം മാര്‍ത്തോമ്മായില്‍നിന്നാണ് എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമില്ല. എന്നാല്‍, കല്‍ദായ-സുറിയാനി പാരമ്പര്യങ്ങള്‍ പിന്നീട് നസ്രാണികളുടെമേല്‍ ചാര്‍ത്തപ്പെട്ടതാണ്! കാരണം, AD 52-ല്‍ ജറുസലേമില്‍നിന്ന് ഇന്ത്യയില്‍ വന്ന ക്രിസ്തുശിഷ്യന്‍ കല്‍ദായനോ സുറിയാനിയോ ആയിരുന്നില്ല. ഹെബ്രായനും യഹൂദ പാരമ്പര്യത്തില്‍ ജീവിച്ചവനുമായ തോമാശ്ലീഹായുടെ മക്കള്‍ പിന്തുടരേണ്ടത് പിതാവിന്റെ പാരമ്പര്യമാണ്. മാത്രവുമല്ല, തോമാശ്ലീഹാ ഇന്ത്യയില്‍ വന്നത് ചിതറിക്കപ്പെട്ട ഇസ്രായേല്‍മക്കളെ തേടിയാണ്. അദ്ദേഹം അവരെ കണ്ടെത്തുകയും സത്യവിശ്വാസത്തിലേക്ക്‌ ആനയിക്കുകയും ചെയ്തു. തോമാശ്ലീഹാ മാമോദീസാ മുക്കി ക്രൈസ്തവരാക്കിയത് ഇന്ത്യയില്‍ ജീവിച്ചിരുന്ന യഹൂദരെയായിരുന്നു. വിദേശരാജ്യങ്ങള്‍ ഇന്ത്യയുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നത് കേരളത്തിലെ 'മുസ്സിരീസ്' എന്ന തുറമുഖം വഴിയായിരുന്നു. ഇന്നത്തെ കൊടുങ്ങല്ലൂരിന്റെ പഴയ പേരാണ് 'മുസ്സിരീസ്'! ഇത് ഒരു യഹൂദ കോളനിയായിരുന്നുവെന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

തോമാശ്ലീഹാ ഇന്ത്യയില്‍ വരുന്ന നാളുകളില്‍ അപ്പസ്തോലന്മാര്‍ വിജാതിയരോടുള്ള സുവിശേഷപ്രഘോഷണം ആരംഭിച്ചിരുന്നില്ല. യഹൂദര്‍ ചിതറിപ്പാര്‍ക്കുന്ന ദേശങ്ങളിലേക്കാണ് അപ്പസ്തോലന്മാര്‍ അയയ്ക്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ കേരളത്തിലുണ്ടായിരുന്ന രണ്ടു പ്രധാന മതങ്ങള്‍ ബുദ്ധമതവും യഹൂദമതവുമായിരുന്നു. ഇവരെക്കൂടാതെ, വനങ്ങള്‍ കേന്ദ്രീകരിച്ച് ആദിവാസി ഗോത്രസമൂഹങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അക്കാലത്തൊന്നും ജാതിവ്യവസ്ഥയുടെ ഭാഗമായ ചാതുര്‍വര്‍ണ്യം നിലവില്‍ വന്നിട്ടില്ല. വടക്കേയിന്ത്യയില്‍ ആര്യരും ദക്ഷിണേന്ത്യയെ കേന്ദ്രീകരിച്ച് ദ്രാവിഡരും ജീവിച്ചിരുന്നു. ബുദ്ധമതാനുയായികള്‍ ഇരുവിഭാഗങ്ങളില്‍നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍, യഹൂദര്‍ വേറിട്ടുതന്നെ നിലനിന്നു! എന്നിരുന്നാലും, വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആര്യന്മാരുമായി യഹൂദര്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടായിരുന്നു. സീറോമലബാര്‍ സഭാഗാനത്തിലെ അടുത്ത വരികള്‍ പരിശോധിക്കുന്നതിനുവേണ്ടിയാണ് ഇത്രയും കാര്യങ്ങള്‍ നാം ചിന്തിച്ചത്. ഇനി നമുക്ക് അടുത്ത വരികള്‍ പരിശോധിക്കാം.

ആര്‍ഷ ഭാരത സംസ്ക്കാരത്തില്‍
ഉദയം കൊണ്ടൊരു നവ ജനത
ഇന്നീ സഭതന്‍ മഹിത ചരിത്രം
സാന്ദ്രം ശ്രേഷ്ഠം ദീപ്തം...

സമ്പൂര്‍ണ്ണ വിവരക്കേടിന്റെ ഉത്തമോദാഹരണമാണ്‌ ഈ വരികള്‍! ഇതിലൂടെ ചരിത്രത്തെ വളച്ചൊടിക്കുകയും സമൂഹമദ്ധ്യേ സഭ വിവസ്ത്രയാകുകയുമാണ് ചെയ്തിരിക്കുന്നത്. ചില സുറിയാനി മാടമ്പിമാര്‍ പറഞ്ഞുകൊടുക്കുന്നത് ഏറ്റുപാടിയിരുന്ന വിവരംകെട്ട വിശ്വാസികളാണ് ഇന്നുമുള്ളതെന്ന് 'ലിറ്റര്‍ജിക്കല്‍' കുബുദ്ധികള്‍ ധരിക്കരുത്. എന്തെങ്കിലുമൊക്കെ പറഞ്ഞ് വിശ്വാസികളെ കബളിപ്പിക്കാന്‍ ഇന്ന് സാധിക്കില്ല. അറിവുനേടിയ പുതിയ തലമുറ  സഭയിലും സഭയ്ക്കു പുറത്തും ഇന്നുണ്ട്. നമ്പൂരിക്കഥകളുടെ പൊള്ളത്തരം ഇവരുടെയിടയില്‍ ചിലവാകുമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലെ വിദൂഷകരാണ്. ഒരേസമയം മാര്‍ത്തോമ്മായുടെ മക്കളെന്ന് അവകാശപ്പെടുകയും, തങ്ങളുടെ പൂര്‍വ്വീകര്‍ നമ്പൂരിമാരായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം 'ലിറ്റര്‍ജിക്കല്‍' പണ്ഡിതന്മാര്‍ക്കുണ്ട്. കേരളത്തില്‍ ജാതിവ്യവസ്ഥ ഉടലെടുത്തത് എട്ടാം നൂറ്റാണ്ടുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള കാലയളവിലാണ്. അതായത്, കേരളത്തില്‍ ക്രിസ്ത്യാനികളുണ്ടായതിനുശേഷം 750 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലൂടെ നമ്പൂരിവിഭാഗം രൂപംകൊണ്ടത്! ഹിന്ദുത്വത്തിനും ജാതിവ്യവസ്ഥയ്ക്കും പുരാതനമായ പാരമ്പര്യം ഉണ്ടാക്കിക്കൊടുക്കാന്‍ മിനക്കെടുന്ന സുറിയാനിവാദികള്‍ ചരിത്രം പഠിക്കാന്‍ തയ്യാറാകുക!

ഒരു നുണയെ സാധൂകരിക്കാന്‍ അനേകം നുണകള്‍ പറയേണ്ടിവരും. എന്നെങ്കിലും ഒരിക്കല്‍ ഈ നുണകള്‍ തകര്‍ന്നടിയുകയും ചെയ്യും. നുണകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് 'സീറോമലബാര്‍ സഭ'! എവിടെ നിന്നാണ് ഈ നുണയുടെ ആരംഭമെന്നു നമുക്ക് പരിശോധിക്കാം. AD 52-ല്‍ തോമാശ്ലീഹ കേരളത്തില്‍ വരികയും ഇവിടെയുണ്ടായിരുന്ന യഹൂദരില്‍ ചിലരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു നയിക്കുകയും ചെയ്തു. അപ്പസ്തോലനായ തോമസിന്റെ രക്തസാക്ഷിത്വത്തിനുശേഷം നാഥനില്ലാത്ത അവസ്ഥയിലായിരുന്നു കേരളത്തിലെ നസ്രാണികള്‍! പിന്നീട് ഇറാക്ക്, ഇറാന്‍, സിറിയ തുടങ്ങിയ ദേശങ്ങളില്‍നിന്നു ക്രിസ്ത്യാനികളായ കച്ചവടക്കാര്‍ കേരളത്തിലെത്തി. നാലാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിലും ഇത്തരത്തില്‍ പേര്‍ഷ്യക്കാര്‍ ഇവിടെയെത്തി. ആറാം നൂറ്റാണ്ടിലും അതിനുശേഷവും ഇന്ത്യയിലെത്തിയവരില്‍ ഏറെയും സിറിയാക്കാരായിരുന്നു. ഇസ്ലാമികത ശക്തിപ്രാപിച്ചതോടെ സിറിയയില്‍നിന്നു പലായനം ചെയ്യപ്പെട്ടവരായിരുന്നു ഇക്കാലങ്ങളില്‍ ഇവിടെയെത്തിയത്. ലോകത്തെക്കുറിച്ചു യാതൊരു അറിവുമില്ലാതിരുന്ന കേരളത്തിലെ നസ്രാണികളെ കബളിപ്പിച്ചത് സിറിയന്‍ അഭയാര്‍ത്ഥികളായിരുന്നു. കേരളത്തിലെ നസ്രാണികള്‍ സിറിയന്‍ പാരമ്പര്യമുള്ളവരാണെന്ന് ധരിപ്പിക്കുകയും നസ്രാണികളുടെമേല്‍ അധികാരികളായി തങ്ങളെത്തന്നെ സ്വയം അവരോധിക്കുകയും ചെയ്തു. യേഹ്ശുവാ സംസാരിച്ച ഭാഷ സുറിയാനിയായിരുന്നു എന്നുപോലും ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. അരമായഭാഷയും സുറിയാനിയും ഒന്നുതന്നെയാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ കേരളത്തിലെ പൗരസ്ത്യസഭകളില്‍ ഇന്നുമുണ്ട്.

നസ്രാണികളുടെ രക്ഷാകര്‍തൃത്വം സുറിയാനികള്‍ ഏറ്റെടുക്കുന്ന കാലത്തൊന്നും ക്രിസ്ത്യാനികള്‍ നമ്പൂരി സമുദായത്തിലേക്കു ചേര്‍ന്നിരുന്നില്ല. കാരണം, നമ്പൂരിസമുദായം ഉദയംകൊണ്ടത് അതിനുശേഷമായിരുന്നു. എട്ടാം നൂറ്റാണ്ടോടെ ചാതുര്‍വര്‍ണ്യത്തിന് തുടക്കമിടുകയും ദ്രാവിഡര്‍ പീഡിപ്പിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്തു. ബുദ്ധമതക്കാരുടെ പലായനം ആരംഭിച്ചത് അക്കാലത്താണ്. ബുദ്ധമതക്കാരില്‍നിന്നും ദ്രാവിഡരില്‍നിന്നും അനേകര്‍ ശ്രീലങ്കയില്‍ അഭയംതേടി. പിന്നീട് രാമായണം എഴുതിയുണ്ടാക്കിയപ്പോള്‍ ശ്രീലങ്കയിലെ ജനങ്ങളെ അസുരന്മാരായി അവതരിപ്പിച്ചതും ആര്യന്മാരുടെ ദ്രാവിഡവിരോധത്തിന്റെ ഭാഗമായിരുന്നു. ലങ്കയുടെ ഭരണാധികാരിയെ അസുരരാജാവായി ചിത്രീകരിച്ചുകൊണ്ട് രാവണനെ സൃഷ്ടിച്ചു! പലായനം ചെയ്യാതെ കേരളത്തില്‍ തുടര്‍ന്ന ബുദ്ധമതക്കാരാണ് പിന്നീട് ഈഴവരായത്! ഈഴവരുടെ യഥാര്‍ത്ഥ പൈതൃകം ബുദ്ധമതമാണ്‌! ജാതിവ്യവസ്ഥ ആരംഭിച്ചപ്പോഴും ഹിന്ദു എന്നൊരു മതം ഉണ്ടായിരുന്നില്ല. അതായത്, ഹിന്ദുമതം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ഈഴവസമുദായം ഉണ്ടായിരുന്നു.

ആര്‍ഷഭാരത സംസ്കാരം എന്നപേരില്‍ ഒരു സംസ്കാരം ഈ കാലയളവിലൊന്നും രൂപപ്പെട്ടിരുന്നില്ല. ചാതുര്‍വര്‍ണ്യം എന്ന അപരിഷ്കൃത വ്യവസ്ഥിതിയില്‍നിന്നാണ് ആര്‍ഷഭാരത സംസ്കാരത്തിന്റെ ആവിര്‍ഭാവം. മനുഷ്യത്വം ലവലേശമില്ലാത്തതും അപരിഷ്കൃതങ്ങളില്‍ അപരിഷ്കൃതവുമായ ഈ സംസ്കാരത്തെ മഹത്വവത്ക്കരിക്കുന്ന സീറോമലബാര്‍ സഭ ഒരുകാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്താണ് ഈ ആര്‍ഷഭാരത സംസ്കാരം? ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ വിവിധ തട്ടുകളായി മനുഷ്യനെ വേര്‍തിരിക്കുകയും അവര്‍ണ്ണര്‍ക്ക് മനുഷ്യന്‍ എന്ന പരിഗണനപോലും നല്‍കാതെ പീഡിപ്പിക്കുകയും ചെയ്ത സംസ്കാരത്തിന്റെ പേരാണ് ആര്‍ഷഭാരത സംസ്കാരം! ഈ പൈശാചികതയെയാണോ ഏറ്റവും ശ്രേഷ്ഠമായി സുറിയാനികള്‍ പരിഗണിച്ചിരിക്കുന്നത്? ചെയ്യുന്ന തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ജാതി തിരിക്കുന്ന സംസ്ക്കാരം ആര്‍ഷഭാരതത്തിനു മാത്രമേ അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ.

ആര്‍ഷഭാരത സംസ്കാരത്തിന്റെ മഹിമ!?

ആര്‍ഷഭാരത സംസ്കാരത്തിന്റെ ഏറ്റവും 'വിലപ്പെട്ട സംഭാവനയാണ് ചാതുര്‍വര്‍ണ്യം! ഈ ഭാരതത്തിന്റെ സംസ്കാരം രൂപപ്പെട്ടതുതന്നെ ഈ പൈശാചികതയില്‍ നിന്നാണ്! മനുഷ്യനെ നാലു ജാതികളായി തിരിച്ചുകൊണ്ടുള്ള വേലിക്കെട്ടുകള്‍ക്ക് പൊതുവായി നല്‍കിയിരിക്കുന്ന പേരാണ് ഇത്. ബാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്ന ജാതികള്‍ക്ക് അനേകം ഉപജാതികളും ഉണ്ട്. ഈ നാല് ജാതികളും അവയുടെ ഉപജാതികളും രൂപപ്പെടുത്തിയതിനെ സംബന്ധിച്ച് ഹിന്ദുക്കള്‍ പറയുന്ന ന്യായീകരണങ്ങള്‍ കേട്ടാല്‍ മന്‍മോഹന്‍സിംഗ്‌ പോലും ചിരിക്കും! ചാതുര്‍വര്‍ണ്യത്തെ സംബന്ധിച്ചുള്ള ഹൈന്ദവ വിശദീകരണം എന്താണെന്നു നോക്കാം.

ആദൗ കൃതയുഗേ വര്‍ണ്ണോ
നൃണാം ഹംസ ഇതി സ്മൃതഃ’ (ഭാഗവതം).

ആദിയില്‍ കൃതയുഗത്തില്‍ മനുഷ്യര്‍ എല്ലാവരും ഹംസന്മാര്‍ എന്നു പറയപ്പെടുന്ന ഒരു വര്‍ണ്ണം മാത്രമായിരുന്നു എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം. മഹാഭാരതം നല്‍കുന്ന വിവരണംകൂടി ശ്രദ്ധിക്കുക:

ന വിശേഷോസ്തി വര്‍ണ്ണാനാം
സര്‍വ്വം ബ്രഹ്മമിദം ജഗദ്’ (മഹാഭാരതം).
ഇതിന്റെ അര്‍ത്ഥം: വര്‍ണ്ണഭേദംകൂടാതെ ലോകം ഒരേ ജാതിയായിരുന്നു.

ചതുര്‍യുഗങ്ങളില്‍ ആദ്യത്തെ യുഗത്തിനാണ് കൃതയുഗമെന്നു ഹിന്ദുക്കള്‍ പറയുന്നത്. എല്ലാറ്റിനെയും നാലായി ഭാഗിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത്തരത്തില്‍ യുഗങ്ങളെ, കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വിഷ്ണുവിന്റെ അവതാരങ്ങളില്‍ മത്സ്യം മുതല്‍ നരസിംഹം വരെയുള്ള നാല് അവതാരങ്ങള്‍ കൃതയുഗത്തില്‍ നടന്നുവെന്നാണ് ഇവരുടെ വാദം. പതിനേഴുലക്ഷത്തിയിരുപത്തിയെട്ടായിരം(1,728,000) മനുഷ്യവര്‍ഷങ്ങളാണ് കൃതയുഗത്തിലുള്ളത്. ഈ യുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. സത്യവും നീതിയും മാത്രമാണ് ഈ യുഗത്തില്‍ മനുഷ്യര്‍ ചെയ്തിരുന്നത്. എല്ലാ മനുഷ്യരും പരിപൂര്‍ണ്ണ വിശുദ്ധരായിരുന്നുവത്രേ! ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു എന്ന പ്രഖ്യാപനത്തോടെ ഹൈന്ദവര്‍ ആ ദിവസം അക്ഷയതൃതീയ ആഘോഷിക്കുന്നു. ഈ അടുത്തകാലത്തു മാത്രമാണ് സാധാരണക്കാര്‍ ഇങ്ങനെയൊരു ദിവസത്തെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയത്. സ്വര്‍ണ്ണവ്യാപാരികള്‍ ഇത് ഏറ്റെടുക്കുന്നതുവരെ ആരുമിത് അറിഞ്ഞിരുന്നില്ല. ഹിന്ദുക്കള്‍ അവകാശപ്പെടുന്ന പൗരാണിക പാരമ്പര്യമെല്ലാം ഈ അടുത്തകാലത്ത് തട്ടിക്കൂട്ടിയതാണെന്ന് മനസ്സിലാക്കാന്‍ ഇതൊക്കെ മതിയായതാണ്.

കൃതയുഗത്തിനുശേഷം ത്രേതായുഗം ആരംഭിച്ചു. ധര്‍മ്മവും നീതിയും കുറഞ്ഞുതുടങ്ങിയത് ഈ യുഗത്തിലാണ്. പന്ത്രണ്ടുലക്ഷത്തി തൊണ്ണൂറ്റിയാറായിരം വര്‍ഷങ്ങളാണ് ത്രേതായുഗത്തിന്റെ കാലയളവ്. ഭാഗവതത്തില്‍ ഈ യുഗത്തെക്കുറിച്ച് ഇപ്രകാരം കാണാം: 'ത്രേതായുഗേ ഭിന്നധിയോ’ (ഭാഗവതം). ഇതിന്റെ അര്‍ത്ഥം: ത്രേതായുഗത്തില്‍ (മനുഷ്യര്‍) വിപരീതബുദ്ധികളായി ഭവിച്ചു എന്നാണ്. മഹാഭാരതത്തിലെ സൂചന നോക്കുക: ‘ബ്രഹ്മണാ പൂര്‍വ്വസൃഷ്ടം ഹി
കര്‍മ്മഭിര്‍വര്‍ണ്ണതാം ഗതം’ (മഹാഭാരതം).
അര്‍ത്ഥം: ബ്രഹ്മാവിനാല്‍ പണ്ട് (എല്ലാ മനുഷ്യരും) സൃഷ്ടിക്കപ്പെട്ടു. കര്‍മ്മംകൊണ്ട് (പല) വര്‍ണ്ണങ്ങളെ പ്രാപിച്ചു. അതായത്, ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ അധര്‍മ്മികളായി മാറിയത് ത്രേതായുഗത്തിലായിരുന്നു. ഗായത്രീതന്ത്രത്തില്‍ ഇങ്ങനെ കാണാം: 'കര്‍മ്മക്രിയാ വിശേഷേണ
ചാതുര്‍വ്വര്‍ണ്യം പ്രതിഷ്ഠിതം’ (ഗായത്രീതന്ത്രം).
അര്‍ത്ഥം: കര്‍മ്മങ്ങളുടെ ഭേദഗതികൊണ്ട് ചാതുര്‍വ്വര്‍ണ്യം പ്രതിഷ്ഠിക്കപ്പെട്ടു. ജാതിവ്യവസ്ഥ ആരംഭിക്കുന്നത് ഇങ്ങനെയാണെന്ന് ഇവര്‍ വാദിക്കുന്നു. ത്രേതായുഗത്തിലാണ് ഇതിന്റെ തുടക്കമെന്ന് വാദിക്കുമ്പോള്‍ ഒരു വലിയ പ്രശ്നമുണ്ട്. എന്തെന്നാല്‍, ഏകദേശം പതിമൂന്നു ലക്ഷം വര്‍ഷങ്ങളാണ് ത്രേതായുഗത്തിലുള്ളത്. അതിനുശേഷം എട്ടുലക്ഷത്തി അറുപത്തിനാലായിരം വര്‍ഷങ്ങളുള്ള ദ്വാപരയുഗവും കഴിഞ്ഞ് കലിയുഗത്തിലേക്ക് ലോകം പ്രവേശിച്ചു. ഇപ്പോള്‍ കലിയുഗമാണെന്ന് സംഘപരിവാര്‍ 'ശാസ്ത്രജ്ഞന്മാര്‍' പറഞ്ഞുനടക്കുന്നു. കലിയുഗത്തിലൂടെ അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു എന്നാണ് ഇവരുടെ മതം! ചുരുക്കത്തില്‍, ചാതുര്‍വര്‍ണ്യം ആരംഭിച്ചിട്ട് ഏകദേശം ഇരുപത്തിയൊന്നു ലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞു. ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ചാതുര്‍വര്‍ണ്യത്തിന് ഇരുപത്തിയൊന്നു ലക്ഷം വര്‍ഷങ്ങളുടെ പഴക്കം അവകാശപ്പെടാന്‍ തക്കവിധം ചിത്തഭ്രമം ബാധിച്ച സമൂഹമാണ് 'സനാതന സമൂഹം'!

ആദ്യയുഗത്തില്‍ എല്ലാ മനുഷ്യരും ബ്രാഹ്മണരായിരുന്നു എന്ന് നാം കണ്ടു. പിന്നീട് എന്തു സംഭവിച്ചുവെന്ന് നോക്കുക:

കാമ ഭോഗപ്രിയസ്തീക്ഷ്ണാഃ ക്രോധനാഃ പ്രിയസാഹസാഃ 
ത്യക്തസ്വധര്‍മ്മരക്താംഗാഃ തേ ദ്വിജാഃ ക്ഷത്രതാം ഗതാഃ’

ഈ ശ്ലോകത്തിന്റെ അര്‍ത്ഥം: വിഷയസുഖത്തില്‍ ഇച്ഛയോടുകൂടിയവരും സാഹസത്തില്‍ പ്രിയമുള്ളവരും കോപിഷ്ഠന്മാരും ആയി സ്വധര്‍മ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണര്‍ ക്ഷത്രിയരായി ഭവിച്ചു. അതായത്, ബ്രാഹ്മണര്‍ അധഃപതിച്ചപ്പോള്‍ ക്ഷത്രിയരായി മാറി. രാജാക്കന്മാരെയും യോദ്ധാക്കളെയുമൊക്കെ ക്ഷത്രീയരായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, രാമായണത്തിലെ രാമനും ലക്ഷ്മണനും ക്ഷത്രിയരാണ്. ഇവരേക്കാള്‍ ഉന്നതകുലത്തിലുള്ള ബ്രാഹ്മണര്‍ ഇവരെ പൂജിക്കുന്നു! കലികാലത്തില്‍ ഇങ്ങനെ പലതും കാണേണ്ടിവരും എന്നായിരിക്കും സംഘപരിവാരം പറയുന്നത്!! ബ്രാഹ്മണര്‍ക്ക് പിന്നീടുണ്ടായ രൂപാന്തരീകരണം നോക്കുക:

'ഗോഭ്യോ വൃത്തിം സമാസ്ഥായ പീതാ കൃഷ്ട്യുപജീവിനഃ
സ്വധര്‍മ്മാന്നാനുതിഷ്ഠന്തി തേ ദ്വിജാ വൈശ്യതാം ഗതാഃ’

ഇതിന്റെ മലയാളം ഇങ്ങനെയാണ്: പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു വച്ചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി സ്വധര്‍മ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണര്‍ വൈശ്യരായി ഭവിച്ചു. ബ്രാഹ്മണര്‍ അല്‍പംകൂടി അധഃപതിച്ചപ്പോഴാണ് വൈശ്യരുണ്ടായത്. പശുപാലകനായ ശ്രീകൃഷ്ണന്‍ ബ്രാഹ്മണരേക്കാള്‍ രണ്ടുപടി താഴെയാണ്. ഈ കൃഷ്ണനെയും ബ്രാഹ്മണര്‍ പൂജിക്കുന്നു! ചാതുര്‍വര്‍ണ്യത്തിലെ ഏറ്റവും താഴ്ന്നവരായ ശൂദ്രരുടെ ഉദ്ഭവം എങ്ങനെയായിരുന്നുവെന്ന് നോക്കുക:

'ഹിംസാനൃതക്രിയാലുബ്ധാഃ സര്‍വ്വകര്‍മ്മോപജീവിനഃ
കൃഷ്ണാശ്ശൗചപരിഭ്രഷ്ടാസ്‌തേ ദ്വിജാഃ ശൂദ്രതാം ഗതാഃ' (ഭാരതം).

അര്‍ത്ഥം ഇങ്ങനെയാണ്: ‘കൊലയും കളവും പ്രവര്‍ത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്തു കര്‍മ്മത്തേയും അനുഷ്ഠിക്കാന്‍ മടിയില്ലാത്തവരും തമോഗുണശീലന്മാരും ശൗചമില്ലാത്തവരും പരിഭ്രഷ്ടന്മാരുമായ ബ്രാഹ്മണര്‍ ശൂദ്രരായിത്തീര്‍ന്നു’. ബ്രാഹ്മണരും ശൂദ്രരും തമ്മിലുള്ള അകലം വളരെ കൂടുതലാണ്. ഇതിനു താഴോട്ടുള്ള ഉപജാതികളെക്കുറിച്ച് വിവരിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. ജാതിവ്യവസ്ഥയുടെ ഉത്പത്തിയെ സംബന്ധിച്ച് സംഘപരിവാര്‍ നല്‍കുന്ന വിവരണവും, ചരിത്രം വെളിപ്പെടുത്തുന്ന സത്യവും തമ്മിലുള്ള അന്തരം വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്. ഇരുപത്തിയൊന്നു ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ചതാണ് ചാതുര്‍വര്‍ണ്യമെന്ന് ഗോപാലകൃഷ്ണനും ശശികലയും പറയുമ്പോള്‍, ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് വെറും എണ്ണൂറുമുതല്‍ ആയിരത്തിയിരുന്നൂറു വരെ വര്‍ഷങ്ങള്‍ മാത്രമാണ്! മാത്രവുമല്ല, ബ്രാഹ്മണ്യം അവകാശപ്പെടുന്ന ആര്യന്മാര്‍ ഇന്ത്യയില്‍ വരുന്നതിനേക്കാള്‍ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ദ്രാവിഡര്‍ കുടിയേറിയിരുന്നു. അതായത്, ഹിന്ദുക്കള്‍ പറയുന്ന കണക്കുപ്രകാരം ഈ കലിയുഗത്തിലാണ് ഇരുവിഭാഗങ്ങളും ഇന്ത്യയില്‍ കുടിയേറിയത്! മാത്രവുമല്ല, വേദങ്ങള്‍ രചിക്കപ്പെട്ടുവെന്ന് ഇവര്‍ അവകാശപ്പെടുന്ന കാലഘട്ടവും കലിയുഗത്തിലാണ്. എന്തെന്നാല്‍, കലിയുഗം അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നാണല്ലോ സംഘപരിവാര്‍ 'ശാസ്ത്രികളുടെ' തീര്‍പ്പ്‌!

എട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച ചാതുര്‍വര്‍ണ്യത്തിലൂടെ ബ്രാഹ്മണര്‍ തങ്ങള്‍ക്ക് അനഭിമതരായ സമൂഹത്തിനുമേല്‍ ശൂദ്രത്വം ആരോപിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. തങ്ങളുടെ കണ്‍മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍പോലും താഴ്ന്ന ജാതിക്കാരെ ഇവര്‍ അനുവദിച്ചില്ല. ഹീനജാതിക്കാരുടെ തുപ്പല്‍ ഭൂമിയില്‍ പതിക്കാതിരിക്കാന്‍ ഇവര്‍ പുറത്തിറങ്ങുമ്പോള്‍ കഴുത്തില്‍ മണ്‍ചട്ടി തൂക്കണം. നായര്‍ സമൂഹത്തില്‍പ്പെട്ട ഒരു പുരുഷന്‍ വിവാഹം ചെയ്‌താല്‍, ആദ്യരാത്രിയില്‍ തന്റെ ഭാര്യയെ നമ്പൂരിക്ക് സമര്‍പ്പിക്കണം. താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് തങ്ങളുടെ മാറ് മറയ്ക്കാനുള്ള അവകാശം ആര്‍ഷഭാരതത്തിലുണ്ടായിരുന്നില്ല. കന്യകമാരെ ചെറുപ്രായത്തില്‍ത്തന്നെ നമ്പൂരിമാര്‍ക്ക് കാഴ്ചവയ്ക്കുന്ന രീതി ഇന്നും കേരളത്തിനുപുറത്ത് നിലവിലുണ്ട്. ദേവദാസി സമ്പ്രദായമെന്നാണ് ഇതിനെ വിളിക്കുന്നത്. നമ്പൂരിമാര്‍ ദേവതുല്യരാണെന്ന പ്രഖ്യാപനം നടത്തിയത് നമ്പൂരിമാരുടെ കാമം തീര്‍ക്കാനുള്ള കൗശലമായിരുന്നു. ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയ ഡോ. ബി ആര്‍ അംബേദ്‌കര്‍ തന്റെ ബാല്യത്തില്‍ അനുഭവിച്ച ദുരന്തങ്ങള്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വായിക്കാന്‍ കഴിയും. അതായത്, ഈ അടുത്തകാലത്ത് മാത്രമാണ് ഇത്തരം പൈശാചികതകള്‍ ഒരുപരിധിവരെയെങ്കിലും ഇല്ലാതായിട്ട്! ഇതുപോലുള്ള നൂറുകണക്കിന് പൈശാചിക നിയമങ്ങളുടെ ആകെത്തുകയാണ് ആര്‍ഷഭാരത സംസ്കാരം!

ഇനി നമുക്ക് സുറിയാനികളുടെ ആര്‍ഷഭാരത പാരമ്പര്യത്തിലേക്കുതന്നെ തിരികെവരാം. AD 52-ല്‍ ഇന്ത്യയില്‍ വന്ന തോമാശ്ലീഹായില്‍നിന്ന് വിശ്വാസം സ്വീകരിച്ചവരാണ് സുറിയാനികളെങ്കില്‍, എഴുന്നൂറ്റിയമ്പത് വര്‍ഷമെങ്കിലും അപ്പസ്തോലന്‍ ഇവിടെ കഴിഞ്ഞിട്ടുണ്ടാകണം. നമ്പൂരിമാര്‍ ഉണ്ടാകുന്നതുവരെ ഇവിടെ തങ്ങാതെ എങ്ങനെയാണ് അവരെ മാമോദീസാ മുക്കുന്നത്?! അല്ലെങ്കില്‍, മാര്‍ത്തോമായില്‍നിന്നു മാമോദീസാ സ്വീകരിച്ച സുറിയാനികള്‍ എഴുന്നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടത്തോടെ നമ്പൂരിമാരായതാവാം! ഇത് തമാശയായി ആരും കരുതേണ്ടാ; എന്തെന്നാല്‍, ഇതാണ് യഥാര്‍ത്ഥ സംഭവം! AD 52-ല്‍ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നപ്പോള്‍ യഹൂദര്‍ മാമോദീസാ മുങ്ങി ക്രിസ്ത്യാനികളായി. 'നസ്രാണികള്‍' എന്നപേരില്‍ ഇവര്‍ അറിയപ്പെടുകയും ചെയ്തു. പിന്നീട് സുറിയാനികളുടെ കുതന്ത്രത്തിലൂടെ നസ്രാണികള്‍ സുറിയാനികളായി. ഇതുവരെയുള്ള ചരിത്രമാണ് പ്രാരംഭത്തില്‍ നാം പരിശോധിച്ചത്. പിന്നീട്, ഈ സുറിയാനികള്‍ എങ്ങനെ ബ്രാഹ്മണരായി? ഇവര്‍ കൂട്ടത്തോടെ 'ബ്രാഹ്മണ'വേഷംകെട്ടി എന്നതാണു വസ്തുത. ഇത്തരത്തിലൊരു വേഷംകെട്ടലിന് ഇവരെ പ്രേരിപ്പിച്ച ഘടകം ചാതുര്‍വര്‍ണ്യം എന്ന പൈശാചികത തന്നെയാണ്! കേരളത്തില്‍ ജാതിവ്യവസ്ഥ ശക്തമായപ്പോള്‍ സവര്‍ണ്ണരുടെ പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ സുറിയാനികള്‍ തങ്ങളുടെ പാരമ്പര്യം നമ്പൂരിമാരില്‍ നിന്നാണെന്നു പ്രഖ്യാപിക്കുകയും, വേഷവിധാനങ്ങളില്‍ മാറ്റംവരുത്തുകയും ചെയ്തു. നസ്രാണികള്‍ തങ്ങളുടെ തലയില്‍ കുടുമി വയ്ക്കാന്‍ തുടങ്ങിയത് ഇങ്ങനെയാണ്. കുടുമിയിലെ കുരിശായിരുന്നു ഇവരെ തിരിച്ചറിയാനുള്ള അടയാളം. ഉദയംപേരൂര്‍ സൂനഹദോസിന്റെ ചരിത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നമ്പൂരിമാരുടെ എല്ലാ മ്ലേച്ഛതകളും അനുകരിക്കുന്ന അവസ്ഥയും ഇക്കാലത്ത് ക്രിസ്ത്യാനികളില്‍ കടന്നുകൂടി. ജാതകവും മറ്റ് അന്ധവിശ്വാസങ്ങളും സുറിയാനികളുടെ ജീവതചര്യയായി മാറിയതും ഇങ്ങനെയാണ്. ഈ ദുരന്തത്തില്‍നിന്ന് അല്പമെങ്കിലും വിമോചനം പ്രാപിച്ചത് പോര്‍ച്ചുഗീസ് മിഷനറിമാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടായിരുന്നു.

സ്വയം നമ്പൂരിമാരായി ചമഞ്ഞതിലൂടെ വലിയ ദുരന്തമാണ് ക്രിസ്തീയതയില്‍ വന്നുഭവിച്ചത്. സവര്‍ണ്ണരുടെ പക്ഷത്ത് ചേര്‍ന്നുനിന്ന ഇവര്‍ അവര്‍ണ്ണ സമൂഹത്തോടെ അനീതി പ്രവര്‍ത്തിച്ചു. അവര്‍ണ്ണരെ രക്ഷയിലേക്കു സ്വീകരിക്കാന്‍ സുറിയാനി മാടമ്പിമാര്‍ തയ്യാറായില്ല. താഴ്ന്ന ജാതിയില്‍നിന്നു വിശ്വാസത്തിലേക്കു കടന്നുവന്നവരെ 'പുലയന്മാര്‍' എന്നും 'പുതുക്രിസ്ത്യാനികള്‍' എന്നുമൊക്കെ ആക്ഷേപിച്ചത് സുറിയാനികളാണ്! തങ്ങളുടെ പള്ളികളില്‍ പ്രവേശിക്കാന്‍പോലും ഇവരെ അനുവദിക്കാതിരുന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുറിയാനികള്‍ നമ്പൂരിമാരായി വേഷംകെട്ടിയതിലൂടെ നഷ്ടമായത് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണര്‍ക്കു ലഭിക്കേണ്ട ആത്മരക്ഷയാണ്! ഇന്ത്യയില്‍ ക്രിസ്ത്യാനികളുടെ വ്യാപനം തടഞ്ഞത് ഈ സുറിയാനികളായിരുന്നു. ഇവര്‍ 'സ്വയം പ്രഖ്യാപിത നമ്പൂരിമാര്‍' മാത്രമാണെന്ന ചരിത്രത്തെ നുണപ്രചരണങ്ങളിലൂടെ മായ്ച്ചുകളഞ്ഞപ്പോള്‍ പലരും അസത്യത്തെ സത്യമായി പരിഗണിക്കുകയും പാരമ്പര്യത്തെ തെറ്റിദ്ധരിക്കുകയും ചെയ്തു. നമ്പൂരിമാരെ തോമാശ്ലീഹ മാമോദീസാ മുക്കി എന്ന വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല എന്ന യാഥാര്‍ത്ഥ്യത്തിലേക്കു വളരാന്‍ ഇനിയെങ്കിലും തയ്യാറാകണം. നമ്പൂരിമാര്‍ മാര്‍ഗ്ഗംകൂടി ഉണ്ടായവരാണ് സുറിയാനികളെങ്കില്‍ മാര്‍ത്തോമ്മാ പൈതൃകം അവകാശപ്പെടാന്‍ ഇവര്‍ക്ക് സാധിക്കില്ല. അതുപോലെതന്നെ, മാര്‍ത്തോമാ പൈതൃകം സുറിയാനികള്‍ക്കുണ്ടെങ്കില്‍, ഇവരുടെ നമ്പൂരിവാദം പൊള്ളയാണ്‌! രണ്ടുംകൂടി ഒരിക്കലും സംഭവിക്കില്ല! ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ കൂടുതല്‍ അവമാനിതരാകാതെ പിടിച്ചുനില്‍ക്കാം!

സഭാഗാനത്തിലേക്ക് തിരിച്ചുപോകാനുള്ള സമയം അതിക്രമിച്ചതുകൊണ്ട് കൂടുതല്‍ വിവരണത്തിന് മുതിരുന്നില്ല. 'ആര്‍ഷഭാരത സംസ്കാരത്തില്‍ ഉദയംകൊണ്ടൊരു നവജനത' എന്നാണ് സീറോമലബാര്‍ സഭ സ്വയം പുകഴ്ത്തുന്നത്. എന്നാല്‍, കേരളത്തിലെ നസ്രാണികള്‍ ഉദയംകൊണ്ടത് യഹൂദ സംസ്കാരത്തില്‍നിന്നാണ്. മാത്രവുമല്ല, ഈ ജനത ഒരു നവ ജനതയുമല്ല; രണ്ടായിരത്തോളം വര്‍ഷത്തെ പാരമ്പര്യമുള്ള ഈ ജനത ഉടലെടുത്തതിനുശേഷമാണ് ആര്‍ഷഭാരത സംസ്കാരം രൂപപ്പെട്ടത്. ഒരുകാലത്തും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ആര്‍ഷഭാരത സംസ്കാരത്തെ സ്വീകരിക്കാന്‍ കഴിയില്ല. എന്തെന്നാല്‍, ഈ സംസ്കാരം തികച്ചും ക്രിസ്തീയ വിരുദ്ധമായ സംസ്കാരമാണ്! എന്നാല്‍, ഈ പൈശാചിക സംസ്കാരത്തെ മഹത്വവത്ക്കരിച്ചുകൊണ്ട്‌ ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്ന സനാതന മാടമ്പിമാര്‍ സുറിയാനിസഭയുടെ നേതൃത്വത്തില്‍ കടന്നുകൂടിയിട്ടുണ്ട്. വിശ്വാസികളെ അന്ധകാരത്തില്‍ കെട്ടിയിടുന്നത് ഈ നേതാക്കന്മാരാണ്. വിശ്വാസികളുടെ ചിലവില്‍ പൈശാചികത അഭ്യസിക്കുന്ന പഠനകേന്ദ്രങ്ങള്‍പോലും ഇവര്‍ സ്ഥാപിച്ചിരിക്കുന്നു. സാത്താന്റെ രാജ്യം വളര്‍ത്താന്‍ കെട്ടിപ്പൊക്കിയിരിക്കുന്ന 'സമീക്ഷ' എന്ന പൈശാചിക കേന്ദ്രം ഇത്തരത്തിലുള്ള ഒരു പഠനകേന്ദ്രമാണ്. പൈശാചികതയ്ക്ക് ദൈവീകത കല്പിച്ചുനല്കാന്‍ സീറോമലബാര്‍ സഭ നടത്തുന്ന മറ്റൊരു കേന്ദ്രമാണ് 'ലിറ്റര്‍ജിക്കല്‍ സെന്റര്‍'! ഈ കേന്ദ്രത്തില്‍നിന്നാണ് പുതിയ സഭാഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഓരോ വരികളിലും നുണകള്‍ കോര്‍ത്തിണക്കി വാദ്യോപകരണങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്ന സീറോമലബാര്‍ സഭാഗാനം അപഹാസ്യമാണ്!

വിജാതിയതയെന്ന പൈശാചികതയുമായി ഏതെല്ലാം വിധത്തില്‍ ക്രിസ്തീയതയെ ചേര്‍ത്തുവയ്ക്കാം എന്നതിനെക്കുറിച്ചു പഠനം നടത്തുന്ന കത്തോലിക്കാസഭയുടെ പഠനകേന്ദ്രങ്ങളാണ് 'ലിറ്റര്‍ജിക്കല്‍ സെന്ററുകള്‍'! നിലവിലുള്ള പാപങ്ങള്‍ എങ്ങനെ പുണ്യപരിവേഷത്തോടെ അവതരിപ്പിക്കാം എന്നതിനെക്കുറിച്ചും, പുതിയ പാപങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം എന്നതിനെക്കുറിച്ചും ഈ സ്ഥാപങ്ങളില്‍ 'റിസേര്‍ച്ച്' ചെയ്തുകൊണ്ടിരിക്കുന്നു! ആരാധനക്രമംപോലും പൈശാചിക വത്ക്കരിക്കാന്‍ പഴുതുകള്‍ അന്വേഷിച്ചുകൊണ്ട് ഇവര്‍ വിഹരിക്കുകയാണ്. MCBS വൈദീകരുടെയും ജെസ്യൂട്ടുകളുടെയും നേതൃത്വത്തില്‍ പൈശാചികത ഇറക്കുമതിചെയ്യുന്ന ഒരു സംഘംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ശക്തിപകരാന്‍ CMI സമൂഹവും പ്രയത്നിക്കുന്നു. ഇത്തരം പൈശാചിക സംഘങ്ങളുടെ പിടിയില്‍ ഭാരതത്തിലെ അപ്പസ്തോലിക സഭകള്‍ അമര്‍ന്നുകഴിഞ്ഞു. ഇവരെ ബോധവത്ക്കരിക്കുക എന്നതിനേക്കാള്‍, വിശ്വാസികള്‍ ഉണരുക എന്നതു മാത്രമാണ് പ്രായോഗികമായി നടപ്പുള്ള കാര്യം!

സീറോമലബാര്‍ സഭയ്ക്ക് പുതിയ ഉണര്‍ത്തുപാട്ടുമായി ഇറങ്ങിയ 'നമ്പൂരി ക്രിസ്ത്യാനി' ഒരുകാര്യം മനസ്സിലാക്കുക: ഇന്ത്യയുടെ സംസ്കാരം ആര്‍ഷഭാരതമല്ല; നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ സംസ്കാരം. ആര്‍ഷഭാരത സംസ്കാരം എന്നത് ആര്യന്മാരായ കുടിയേറ്റക്കാരുടെ മാത്രം സംസ്കാരമാണ്. ഈ പ്രാകൃത സംസ്കാരമാണ് ഇന്ത്യയെ പൈശാചികതയുടെ വിളനിലമാക്കിയത്! രണ്ടു നൂറ്റാണ്ടിന്റെപോലും പഴക്കമില്ലാത്ത ഹിന്ദുത്വത്തിന് ഇന്ത്യയുടെ മണ്ണ് പതിച്ചുകൊടുക്കാന്‍ സീറോമലബാര്‍ സഭയ്ക്ക് ആരാണ് അധികാരം നല്‍കിയത്? കേരളത്തിലെ നസ്രാണികളെ 'നവജനത' ആക്കേണ്ടത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ക്രിസ്ത്യാനികളെ 'പുത്തന്‍' സമൂഹമാക്കാന്‍ സംഘപരിവാറില്‍നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍, വിശ്വാസികള്‍ക്ക് അതിന്റെ ഓഹരി വേണ്ടാ! ആള്‍ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ നിരങ്ങിനടക്കുന്ന രുദ്രാക്ഷക്കാരുടെ അജണ്ട വിശ്വാസികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആരാധാനക്രമങ്ങളില്‍ ഹിന്ദുത്വം തിരുകിക്കയറ്റാന്‍ 'ഫ്രീമേസണ്‍' സംഘങ്ങളില്‍നിന്ന് പണം പറ്റുന്ന 'ലിറ്റര്‍ജിക്കല്‍' പഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം! സഭയില്‍ കടന്നുകൂടിയ 'കാവികളുടെ' ധാര്‍ഷ്ട്യവും അഹങ്കാരവും അധികകാലം മുന്നോട്ടുപോകുമെന്ന് ആരും വ്യാമോഹിക്കേണ്ട!

വിശ്വാസ സമൂഹങ്ങളുമായി ഒരു ബന്ധവുമില്ലാത്തതും, വിശ്വാസികളില്‍നിന്ന് പണമോ മറ്റു സേവനങ്ങളോ സ്വീകരിക്കാത്തതുമായ ജെസ്യൂട്ട്, എം സി ബി എസ്, സി എം ഐ തുടങ്ങിയ സമൂഹങ്ങളുടെ വരുമാന സ്രോതസ് എന്താണെന്ന് അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് 'ഫ്രീമേസണ്‍' സംഘടനകളിലായിരിക്കും. ഇത്തരം 'സന്യാസ' സമൂഹങ്ങളെ നിയന്ത്രിക്കാന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തിനു സാധിക്കാത്തവിധം ഇവരുടെ സ്വാധീനം ശക്തമായിക്കഴിഞ്ഞു, പൈശാചിക ശക്തികള്‍ ഇവരുടെ വളര്‍ച്ചയില്‍ ഇവരെ സഹായിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, വിശ്വാസികള്‍ക്ക് ഇവരെ ഉന്മൂലനംചെയ്യാന്‍ സാധിക്കും. സഭയില്‍ അധികാരികള്‍ എന്നൊരു തസ്തികയില്ലെന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ തിരിച്ചറിയുകയും വചനത്തില്‍ ആഴപ്പെടുകയുമാണ് ഇവരെ ചെറുക്കാനുള്ള ഏകമാര്‍ഗ്ഗം. വചനവിരുദ്ധമായ ആശയങ്ങളുമായി നമ്മെ സമീപിക്കുന്നവരെ നമ്മില്‍നിന്ന് അകറ്റിനിര്‍ത്തുകയും അവഗണിക്കുകയും ചെയ്യുമ്പോള്‍ ഇവര്‍ സ്വയം ഇല്ലാതാകും! യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ അപ്രസക്തമാക്കുകയും വിജാതിയതയ്ക്ക് മഹത്വം നല്‍കുകയും ചെയ്യുന്ന ഏതൊരു നീക്കങ്ങളെയും വിശ്വാസികള്‍ തിരിച്ചറിയണം. ഇവരുടെ അജണ്ട പിശാചിന്റെ ഇംഗിതം നിറവേറ്റുക എന്നതുമാത്രമാണ്!

ചേര്‍ത്തുവായിക്കാന്‍: തൃശൂരില്‍ മുഖാഭിമുഖം നില്‍ക്കുന്ന വടക്കുംനാഥനും പാറമ്മേക്കാവും പോലെ പെരിയാറിന്റെ ഇരുകരകളിലുമായി നിലകൊള്ളുന്ന പൈശാചിക കേന്ദ്രങ്ങളാണ് എം സി ബി എസ് 'യോഗാലയവും' സമീക്ഷയും!

"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12).

"നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5747 views

LOG IN

Lost your password?

SIGN UP

LOST PASSWORD