വിജാതിയതയുടെ ദുരന്തം

താലിയും മന്ത്രകോടിയും!

Print By
about

07 - 01 - 2017

ക്രിസ്തീയതയുടെ ആരംഭദശയില്‍ത്തന്നെ പിശാചിന്റെ സന്തതികള്‍ സഭയില്‍ കയറിക്കൂടിയിരുന്നു. പാരമ്പര്യവാദികളായ ഇക്കൂട്ടരെക്കുറിച്ച് അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. പൈശാചിക ആചാരങ്ങളുടെ തടവറയില്‍ ക്രിസ്തീയതയെ തളയ്ക്കുകയെന്നതായിരുന്നു ഈ നാമമാത്ര ക്രിസ്ത്യാനികളുടെ ലക്‌ഷ്യം! ഭാരത ക്രൈസ്തവസഭയില്‍ വിളകളെക്കാള്‍ അധികമായി ഈ കളകള്‍ വളര്‍ന്നതുകൊണ്ട് അവരുടെ അധീനതയില്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ഞെരുക്കപ്പെട്ടു! സഭയില്‍ ആധിപത്യം നേടിയ ഈ കളകളാണ് സഭയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തിയത്. ദൈവം നേരിട്ടുനല്കിയ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പകരമായി അവിടുന്നു വെറുക്കുന്ന രീതികള്‍ സഭയില്‍ ഇവര്‍ പ്രതിഷ്ഠിക്കുകയും അവയെ മഹത്തരമെന്നു പ്രഖ്യാപിക്കാന്‍ ബൈബിള്‍ വചനങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്നു! തങ്ങളുടെ പാരമ്പര്യങ്ങളെ നിലനിര്‍ത്തുന്നതിനായി സത്യത്തെ നിഷേധിക്കുന്ന ഇവരെക്കുറിച്ച് യേഹ്ശുവാ പറയുന്നത് ഇപ്രകാരമാണ്: "നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു"(മത്താ: 15; 6). ഓരോരുത്തരും പിന്തുടരുന്ന പാരമ്പര്യങ്ങളുടെ വേരുകള്‍ തേടിയിറങ്ങിയാല്‍ ഒന്നോ രണ്ടോ നൂറ്റാണ്ടുകള്‍ക്കപ്പുറം കടന്നുപോകില്ല എന്നതാണു വസ്തുത! ആര്‍ക്കോ വന്നുഭവിച്ച കൈപ്പിഴകള്‍പ്പോലും പാരമ്പര്യത്തിന്റെ പേരില്‍ ചുമക്കുന്ന ഹതഭാഗ്യരുമുണ്ട്. എന്നാല്‍, പാരമ്പര്യങ്ങളുടെപേരില്‍ മുറവിളികൂട്ടുന്ന അല്പജ്ഞാനികള്‍ ഇതൊന്നും സമ്മതിച്ചുതരില്ല. മാനവരാശിയുടെ ഉദ്ഭവത്തോടെതന്നെ സ്ഥാപിക്കപ്പെട്ട ആചാരങ്ങളുടെ പിന്തുടര്‍ച്ചയായി ഇവയെ പരിഗണിക്കുന്ന പാരമ്പര്യവാദികളുമുണ്ട്.

ക്രിസ്തീയവിശ്വാസങ്ങള്‍ക്ക് എതിരായിട്ടുള്ളതും, എന്നാല്‍ ക്രിസ്തീയതയില്‍ കടന്നുകൂടി ആധിപത്യമുറപ്പിച്ചതുമായ ചില ആചാരങ്ങളെ തുറന്നുകാണിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇത്തരം ആചാരങ്ങളിലെ പൊള്ളത്തരങ്ങളും ദൈവനിന്ദയും പരിശോധിക്കേണ്ടതും അനിവാര്യമാണ്. അരുതെന്നു ദൈവം കല്പിച്ചിട്ടുള്ള ഒന്നിനെ സ്വീകരിക്കുന്നത് അവിടത്തോടുള്ള വെല്ലുവിളിയാണെന്ന് നമുക്കറിയാം. മാത്രവുമല്ല, അന്ധവിശ്വാസങ്ങളുടെ ഭാഗമായി വിജാതിയര്‍ പിന്തുടരുന്ന ആചാരങ്ങള്‍ അനുകരിക്കുന്നതിനെ ധാര്‍ഷ്ട്യം എന്നല്ലാതെ മറ്റൊരു വിശേഷണത്തിനു സാധ്യതയുമില്ല! ആയതിനാല്‍, ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയം അതീവ പ്രാധാന്യമുള്ളതാണെന്ന് ആരംഭത്തില്‍ത്തന്നെ വ്യക്തമാക്കുന്നു.

ഈ അടുത്തനാളില്‍ കേരളത്തിലെ ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെതായി ഒരു സര്‍ക്കുലര്‍ ശ്രദ്ധയില്‍പ്പെട്ടു. വിവാഹവുമായി ബന്ധപ്പെട്ട് പള്ളിയില്‍ പാലിക്കേണ്ട ചട്ടങ്ങളാണ് ഈ സര്‍ക്കുലറിലുള്ളത്. ചില നല്ല മര്യാദകള്‍ ഇതില്‍ കുറിച്ചിട്ടുണ്ടെങ്കിലും, അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും സഭാസമൂഹത്തെ കെട്ടിയിടാനുള്ള വ്യഗ്രതയോടെ ചില നിയമങ്ങള്‍ തിരുകിക്കയറ്റി എന്നത് ഗൗരവമായിത്തന്നെ കാണണം. മനുഷ്യന് സ്വബോധം ലഭിക്കുമ്പോള്‍, വിഡ്ഢിത്തങ്ങളില്‍നിന്ന് പകര്‍ന്നുകിട്ടിയ പാരമ്പര്യങ്ങള്‍ അവഗണിക്കപ്പെടുകയെന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ അന്യംനിന്നുപോകാന്‍ സാധ്യതയുള്ള പൈശാചികതയെ സ്ഥിരപ്പെടുത്താനുള്ള വ്യഗ്രതയും ദുശ്ശഠതയുമാണ് ഓര്‍ത്തഡോക്സ് സഭയുടെ സര്‍ക്കുലറില്‍ വായിക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരത്തെ പത്മനാഭനും ഭക്തന്മാര്‍ക്കും ഉള്ളതുപോലെ സ്ത്രീകളെ സാരിവേഷത്തില്‍ കാണാനാണ് പരുമലസെമിനാരി മാനേജര്‍ക്കു താത്പര്യം. പാശ്ചാത്യരീതിയിലുള്ള ഗൗണും നെറ്റുമൊക്കെയാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചതെന്നു സര്‍ക്കുലറില്‍ പറയുന്നു. 'ഗൗണ്‍' എന്നത് അര്‍ദ്ധനഗ്നവേഷമാണെന്ന കണ്ടുപിടുത്തവും ഇയാള്‍ നടത്തിക്കഴിഞ്ഞു. കഴുത്തിനു താഴെ, ശരീരഭാഗമെല്ലാം പൂര്‍ണ്ണമായി മറയുന്ന ഗൗണാണോ സാരിയും ബ്ലൗസുമാണോ അര്‍ദ്ധനഗ്നവേഷം എന്നത് ഓരോരുത്തരും ചിന്തിച്ചുകൊള്ളുക!

ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിബന്ധനയും മാനേജരുടെ അന്ത്യശാസനത്തിലുണ്ട്. ഈ പാരമ്പര്യം ഇയാള്‍ക്ക് എവിടെനിന്നു കിട്ടിയതാണെന്നു മനസ്സിലാക്കാന്‍ മനോവയ്ക്കു സാധിക്കും! ദൈവാലയത്തില്‍ ആരാധനയ്ക്കു വരുന്ന സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്നു നിഷ്കര്‍ഷിക്കുന്ന സഭയാണ് ഓര്‍ത്തഡോക്സ് സുറിയാനിസഭ. ഈ നിയമം എന്തുകൊണ്ടും ശ്ലാഘനീയമാണെന്നു പറയാന്‍ മനോവ മടിക്കുന്നില്ല. എന്നാല്‍, ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ വിവാഹദിനത്തില്‍ എന്തുകൊണ്ട് ശിരോവസ്ത്രം വിലക്കുന്നു? പിതൃത്വമില്ലാത്ത അനേകം അനാചാരങ്ങള്‍ പാരമ്പര്യത്തിന്റെ പേരില്‍ ചുമക്കുന്നവരാണ് ഭാരതത്തിലെ ക്രൈസ്തവ വിശ്വാസികള്‍. അടിച്ചേല്‍പ്പിക്കപ്പെട്ടവയും അടിച്ചെടുത്തവയും ഇക്കൂട്ടത്തില്‍പ്പെടും! ആയതിനാല്‍, ക്രൈസ്തവ വിവാഹങ്ങളില്‍ കടന്നുകൂടിയ ആചാരങ്ങളിലെ പൈശാചികതകളും അവ കടന്നുവന്ന വഴികളും തുറന്നുകാണിക്കുവാന്‍ ഈ ലേഖനത്തിലൂടെ ശ്രമിക്കുകയാണ്.

ക്രിസ്തീയ വിവാഹങ്ങളില്‍ താലിയുടെ പ്രസക്തി!

താലിയില്‍ കുരിശു വയ്ക്കാം; എന്നാല്‍, കുരിശില്‍ ക്രൂശിതരൂപം പാടില്ല. ഇത് ഓര്‍ത്തഡോക്സ് സഭയുടെ സര്‍ക്കുലറിലുള്ള മറ്റൊരു നിര്‍ദ്ദേശമാണ്. ഭാരതത്തിലെ എല്ലാ പൗരസ്ത്യസഭകളിലെയും വിവാഹങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ടു വസ്തുക്കളാണ് താലിയും മന്ത്രകോടിയും! മംഗല്യസൂത്രം എന്നൊരു പേരുകൂടി താലിയ്ക്കു കല്പിച്ചു നല്കിയിട്ടുണ്ട്. ഭാരതത്തിലെ ക്രിസ്തീയതയുടെ ആരംഭത്തില്‍ത്തന്നെ താലിയുണ്ടായിരുന്നുവെന്ന ചിന്തയിലാണ് ചില പാരമ്പര്യവാദികള്‍. എന്നാല്‍, ഹിന്ദുക്കളുടെയിടയില്‍പ്പോലും താലി എന്ന മിന്ന് രൂപപ്പെട്ടുവന്നത് ഈ അടുത്തകാലത്താണ്. സ്വര്‍ണ്ണത്തിലോ മറ്റേതെങ്കിലും ലോഹങ്ങളിലോ നിര്‍മ്മിക്കുന്ന താലി ഭാരതീയര്‍ ഉപയോഗിച്ചിരുന്നില്ല. കല്ല്യാണത്തിന്  സ്വര്‍ണ്ണത്താലി ചാര്‍ത്തല്‍  അറിവില്ലായ്മയില്‍നിന്നും  ഉണ്ടായതാണ്. ഭാരതത്തിലെ എട്ടുതരം വിവാഹകര്‍മ്മങ്ങളില്‍ ഒന്നില്‍പ്പോലും ആലിലതാലി ചാര്‍ത്തല്‍ ഇല്ല. കാലഹരണപ്പെട്ട ഒരു ഔഷധ സമ്പ്രദായത്തിന്റെ നിലവാരത്തകര്‍ച്ച രൂപപ്പെട്ടു വന്നതാണ് കേരളത്തിലെ താലി ചാര്‍ത്തല്‍. വിവാഹത്തിനു മുന്‍പേ സ്ത്രികള്‍ ചെയ്തിരുന്ന വൃതങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ആചാരമായിരുന്നു ആലില ഭക്ഷിക്കല്‍. അത് താലിയിലേക്ക്‌ കൂപ്പുകുത്തി എന്നതാണു യാഥാര്‍ത്ഥ്യം.

ആലിന്റെ ഇലകളായിരുന്നു വധു കഴുത്തില്‍  അണിഞ്ഞിരുന്നത്. ആലിലകള്‍ കോര്‍ത്ത മാലയായിരുന്നു വരന്‍ വധുവിനെ അണിയിക്കാന്‍ കൊണ്ടുവന്നിരുന്നതും. വിവാഹ വേളയില്‍ വധുവിനെ അണിയിക്കുന്ന മാല തളിര്‍ത്തു നില്‍ക്കുന്ന ആലിലകള്‍ ആകണം. കാരണം, ആലിലകള്‍ സ്ത്രികള്‍ ഭക്ഷിച്ചാല്‍ വന്ധ്യത ഇല്ലാതാകുമെന്ന അബദ്ധധാരണ നിലനിന്നിരുന്നു. വധുവിനെ ധരിപ്പിക്കുന്ന മാല ആലിന്റെ കുരുന്നിലകൊണ്ട് കോര്‍ത്ത മാലയാകണം. വിവാഹിതയായ പെണ്‍കുട്ടിക്ക് മുന്‍കാലങ്ങളില്‍ ആലിലയുടെ തളിരില നുള്ളിയെടുത്തു കോര്‍ത്തിണക്കിയ വലിയൊരു ഹാരം കൊടുക്കുമായിരുന്നു. വിവാഹ വേദിയില്‍ വധു വന്നിരുന്നതും ആലില മാല അണിഞ്ഞുതന്നെയാണ്. അതുപോലെതന്നെ, ഒരു മണ്ഡലം തീരുംവരെ നവവധു ആലിലകള്‍ കഴിക്കണം. ഗര്‍ഭാശയം ശുദ്ധമാകാനും ആണ്‍കുട്ടികളുണ്ടാകാനും ആലില ഉത്തമ ഔഷധമാണെന്നു ധരിച്ചുവച്ച സമൂഹത്തിന്റെ അജ്ഞതയാണ് ഇവിടെ ആചാരമായി മാറിയത്. പെണ്‍കുട്ടികള്‍ ജനിക്കുന്നതിന്റെ ഉത്തരവാദിത്തം സ്ത്രീകളുടെമേല്‍ ആരോപിക്കുന്നവര്‍ ഇന്നുമുണ്ട്. ഈ അബദ്ധചിന്ത വച്ചുപുലര്‍ത്തുന്നത് സ്ത്രീകള്‍ തന്നെയാണെന്നതും മറക്കരുത്. ബീജവും അണ്ഡവും സംയോജിക്കുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ജനിക്കുന്നത്. മറിച്ച്, ആലിലയോ പ്ലാവിലയോ തിന്നാല്‍ ആണ്‍കുട്ടികള്‍ ജനിക്കില്ല!

ഇന്നത്തെപ്പോലെ ആലിലയുടെ ആകൃതിയില്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച മിന്ന് ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമല്ല. വേദങ്ങളിലോ ഉപനിഷത്തുക്കളിലോ താലിയെക്കുറിച്ചു യാതൊരു സൂചനയും നല്‍കിയിട്ടില്ല. വേദങ്ങള്‍ ആര്യസംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു. പിന്നീട് വേദങ്ങളെയും ഉപനിഷത്തുക്കളെയും മറ്റിതര കഥകളെയും ഐതീഹ്യങ്ങളെയും അടിസ്ഥാനപ്പെടുത്തി ഹിന്ദുമതം ഉണ്ടായപ്പോള്‍ മാത്രമാണ് ഇവ പ്രത്യക്ഷപ്പെട്ടത്. അതായത്, ഇരുന്നൂറു വര്‍ഷത്തെ ചരിത്രമോ പാരമ്പര്യമോ പോലും താലിയ്ക്ക് അവകാശപ്പെടാനില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, താലി ഭാരതീയ സംസ്ക്കാരവുമായി ബന്ധമില്ലാത്തതും, ഹിന്ദുമതത്തിന്റെ മാത്രം ആചാരത്തിന്റെ ഭാഗവുമാണ്. ഹിന്ദുമതത്തിലെ ഓരോ ജാതികളും വ്യത്യസ്തമായ താലിരൂപങ്ങള്‍ സ്വീകരിക്കുന്നു. താലിയുടെ ഐതീഹ്യത്തെക്കുറിച്ചുപോലും ഏകീകരിക്കപ്പെട്ട അഭിപ്രായം ഹിന്ദുക്കളുടെയിടയിലില്ല. ഓരോ ആചാര്യന്മാരും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ ചമച്ചു എന്നതാണ് വസ്തുത! ചിലര്‍ക്കു താലി എന്നത് ആലിലക്കണ്ണന്റെ അനുസ്മരണമാണ്. എല്ലാ കന്യകമാരും കൃഷ്ണന്റെ കാമുകിമാരാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സമര്‍പ്പണമായി ഇതിനെ ഇവര്‍ കാണുന്നു. അഥര്‍വ്വ വേദത്തിലെ യോനീപൂജയുടെ പ്രതീകമായി താലിയെ കാണുന്നവരുമുണ്ട്. യോനിയുടെ അടയാളത്തിലാണ് താലിയുടെ നിര്‍മ്മിതിയെന്ന്‍ ഇക്കൂട്ടര്‍ വാദിക്കുന്നു. ഈ വാദത്തെ സാധൂകരിക്കുന്ന ചിലത് ഹിന്ദുമത തത്വസംഹിതകളില്‍ കാണാന്‍ കഴിയും.

ഹൈന്ദവ വിവാഹങ്ങളില്‍ സ്ത്രീയുടെയും പുരുഷന്റെയും ജാതകങ്ങള്‍ ഒത്തുനോക്കുന്ന ഒരു രീതിയുണ്ട്. ജാതകപ്പൊരുത്തം നോക്കുകയെന്നാണ് ഇതിനു പറയുന്നത്. വിവാഹ പൊരുത്തം സാധാരണയായി പത്തു വിധമാണെന്ന് പറയുന്നു. എട്ടു പൊരുത്തങ്ങളും രണ്ടു പൊരുത്ത ദോഷങ്ങളുമാണ് ഇവ. രാശിപൊരുത്തം, രാശ്യധിപപൊരുത്തം, വശ്യപൊരുത്തം, മഹേന്ദ്രപൊരുത്തം, ഗണപൊരുത്തം, യോനിപൊരുത്തം, ദിനപൊരുത്തം, സ്ത്രീദീര്‍ഘം എന്നിങ്ങനെ എട്ടു പൊരുത്തങ്ങളും,  മദ്ധ്യമരജ്ജു, വേധം എന്നീ പൊരുത്ത ദോഷങ്ങളും പരിഗണിക്കപ്പെടുന്നു. ആറാമത്തെ പൊരുത്തമായ യോനിപൊരുത്തവുമായി ചേര്‍ത്തുവച്ചാണ് ചിലര്‍ താലിയെ പരിഗണിക്കുന്നത്. എല്ലാ ഹിന്ദുക്കളും ഈ വാദത്തെ അംഗീകരിക്കുന്നില്ല. ഓരോ കാലങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആചാര്യന്മാരും ആള്‍ദൈവങ്ങളും ചേര്‍ന്ന് പരിഷ്കരിച്ചുണ്ടാക്കിയ ഒരു മതത്തിന്റെ ആചാരങ്ങളില്‍ ഏകീകൃത സ്വഭാവം ഇല്ലാതിരിക്കുകയെന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. അത് എന്തുമാകട്ടെ, നമുക്ക് വിഷയത്തിലേക്ക് തിരികെവരാം.

താലിയെ സംബന്ധിച്ച് വേറെയും വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹിന്ദുത്വ പ്രചാരകര്‍ നടത്തുന്ന മറ്റൊരു വാദമാണ് ഇനി നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. താലിയെ ഇവര്‍ മംഗല്യസൂത്രമായി പരിഗണിക്കുന്നു. മംഗളം എന്നാല്‍ വളരെയധികം നന്മയെന്നര്‍ത്ഥം. മംഗളത്തില്‍നിന്നു ലോപിച്ചുണ്ടായതാണത്രെ  മാംഗല്യം അഥവാ വിവാഹം! സൂത്രമെന്നാല്‍, കൗശലം, ഉപായം, തുടങ്ങിയ അര്‍ത്ഥങ്ങള്‍ ഉണ്ടെങ്കിലും, ചരട്, നൂല്‍, പൂണൂല്‍, എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ക്കൂടിയുണ്ട്. മംഗല്യസൂത്രത്തിലെ 'സൂത്രം' ചരടിനെയാണ് സൂചിപ്പിക്കുന്നത്. പുരുഷനാല്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരടു ചാര്‍ത്തപ്പെടുമ്പോള്‍, ധാരണാബലമനുസരിച്ച് ചരടു കെട്ടിയ ആളും കെട്ടപ്പെട്ട വ്യക്തിയും പരസ്പരം ബന്ധിക്കപ്പെടുന്നു. ഈ ചരടില്‍ കോര്‍ത്തിരിക്കുന്ന ആലിലയുടെ ആകൃതിയില്‍ സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ച മിന്നുണ്ടാകും.

ആലിലയുടെ ആകൃതിയിലുള്ള താലി ഒരു ത്രികോണത്തിന്റെ പരിഷ്കൃത രൂപമാണ്. താലിത്തുമ്പില്‍ ബ്രഹ്മാവും താലിമദ്ധ്യത്തില്‍ വിഷ്ണുവും, താലിമൂലത്തില്‍ മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില്‍ (കൊളുത്ത്) സര്‍വ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതിചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍ പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും (ചരട്), ത്രിമൂര്‍ത്തികളും (താലി), മായാശക്തിയും (കെട്ട്) ഒന്നിച്ചു ചേരുമ്പോള്‍ താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള്‍ ജീവാത്മാവിനെബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകയാല്‍, സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന്‍ പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമായിരിക്കുന്നത്. (പുരുഷനെ സംരക്ഷിക്കുന്ന വിധത്തില്‍ സ്ത്രീകള്‍ വളരാനുള്ള സാധ്യതയെക്കുറിച്ചുള്ള വെളിപാടുകള്‍ അന്ന് ആചാര്യന്മാര്‍ക്കു ലഭിച്ചിരുന്നില്ല). സ്ത്രീ വിധവയാകുമ്പോള്‍, അതുവരെ പരമാത്മസ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭര്‍ത്താവ് ഇല്ലാതാവുകയും, അവ്യക്തനായ പരമാത്മാവ്‌ (ഈശ്വരന്‍) വ്യക്തമാവുകയും ചെയ്യും. അപ്പോള്‍ ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു. ഇതാണ് അദ്വൈതബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാന്‍ വിധവ താലിച്ചരട് തന്റെ കഴുത്തില്‍നിന്നു മാറ്റിക്കളയുന്നു.

അതായത്, താലിച്ചരട് കഴുത്തിലുള്ള കാലത്തോളം സ്ത്രീയ്ക്ക് ഈശ്വരനുമായി ബന്ധമില്ല. ഭര്‍തൃമതിയായ ഒരു സ്ത്രീയുടെ ഈശ്വരന്‍ ഭര്‍ത്താവാണ്! കെട്ടുതാലിയെ ഒരു വിഗ്രഹമായി കരുതുന്നവരാണ് ഹൈന്ദവസ്ത്രീകള്‍! താലി നഷ്ടപ്പെടുന്ന അവസ്ഥ അതീവ ഗുരുതരമായ ദുരന്തമായി ഇവര്‍ കാണുന്നു. ഇത്തരത്തില്‍ താലിയെ പരിഗണിക്കുന്ന 'ക്രിസ്ത്യാനികളും' ഉണ്ടെന്നതാണ് ലജ്ജാകരമായ കാര്യം. എന്ത് മാരണങ്ങളെയും ക്രിസ്തീയവത്ക്കരിച്ചു സ്വന്തമാക്കാന്‍ ലജ്ജയില്ലാത്ത മറ്റൊരു മതവും ലോകത്തില്ലെന്ന് ശത്രുക്കളെക്കൊണ്ടു പറയിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ചിലര്‍ ക്രൈസ്തവ സഭകളില്‍ കടന്നുകൂടിയിട്ടുണ്ട്. ഇക്കൂട്ടരെ സഭയുടെ അകത്തളങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് പിശാചാണ്! സ്വന്തമായി ഒരു പാരമ്പര്യവുമില്ലാത്ത വിഭാഗമാണു തങ്ങളെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കുന്നതുവഴി സത്യദൈവത്തെ നിന്ദിക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം! ബ്രഹ്മാവിനും വിഷ്ണുവിനും മഹേശ്വരനും പകരമായി പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പ്രതിഷ്ഠിക്കാന്‍ യാതൊരു മടിയും ഇവര്‍ക്കില്ല. ഏതു 'കോളാമ്പി' കണ്ടാലും അതിനുമേല്‍ കുരിശുവച്ച് സ്വന്തമാക്കാന്‍ പ്രത്യേകമായ ഒരു കഴിവുതന്നെ ഇവര്‍ക്കുണ്ട്! ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജന്മിമാരുടെ ഭൂമി പിടിച്ചെടുക്കുന്നതിനായി തങ്ങളുടെ കൊടി നാട്ടുന്നതുപോലെയാണ് ആചാരങ്ങള്‍ ഇവര്‍ തട്ടിയെടുക്കുന്നത്!

വിജാതിയ വിവാഹങ്ങള്‍പോലെയല്ല ക്രിസ്തീയ വിവാഹം. "സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയയായിരിക്കണം. ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം"(എഫേ: 5; 24- 26). ക്രിസ്തീയ വിവാഹത്തില്‍ പുരുഷനുമായി സ്ത്രീയെ ബന്ധിക്കുന്നത് താലിച്ചരടുകൊണ്ടല്ല; ദൈവവചനംകൊണ്ടാണ്! വിജാതിയരുടെ വിവാഹംപോലെ താലിച്ചരട് പൊട്ടിയാല്‍ അറ്റുപോകുന്നതല്ല ക്രിസ്തീയതയിലെ ഭാര്യാഭര്‍ത്തൃബന്ധം!

രണ്ടു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഭാരതത്തിലാരും വിവാഹത്തിനു താലി ചാര്‍ത്തിയിരുന്നില്ല. അങ്ങനെയെങ്കില്‍, ഭാരതത്തിലെ ക്രിസ്ത്യാനികള്‍ക്ക് എവിടെനിന്നു ലഭിച്ചതാണ് ഈ പാരമ്പര്യം? കേരളത്തിലെ പൗരസ്ത്യ വാദികളാണ് താലിക്കുവേണ്ടി ഏറെ വാശിപിടിക്കുന്നത്. സിറിയയിലോ അന്ത്യോക്യയിലോ ഉള്ള ക്രിസ്ത്യാനികളിലാരും തങ്ങളുടെ ആചാരമായി താലിയെ പരിഗണിച്ചിട്ടില്ല. ഈ ഭൂമുഖത്തെവിടെയും ക്രിസ്ത്യാനികള്‍ ഇത്തരമൊരു പൈശാചിക പാരമ്പര്യം പിന്തുടരുന്നില്ല എന്നതും ഓര്‍ക്കണം. ക്രിസ്ത്യാനികള്‍ പിന്തുടരേണ്ടത് ഇസ്രായേല്‍ ജനതയുടെ പാരമ്പര്യമാണ്. എന്തെന്നാല്‍, ദൈവത്താല്‍ നല്‍കപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമുള്ള ഏക ജനത ഇവരാണ്. ഈ പാരമ്പര്യവും ആചാരങ്ങളുമാണ് യേഹ്ശുവായും അവിടുത്തെ അമ്മയും പിന്തുടര്‍ന്നത്. അപ്പസ്തോലന്മാരും പ്രവാചകന്മാരും പിന്തുടര്‍ന്ന പാരമ്പര്യവും മറ്റൊന്നായിരുന്നില്ല. ഇതില്‍നിന്നു വ്യത്യസ്തമായ പാരമ്പര്യത്തിനുവേണ്ടി മുറവിളികൂട്ടുന്നവര്‍ക്ക് തങ്ങളുടെ പിതൃത്വത്തെക്കുറിച്ചു നിശ്ചയമില്ല എന്നതാണു യാഥാര്‍ത്ഥ്യം! നിയമങ്ങളും ചട്ടങ്ങളും നല്‍കിയതിനുശേഷം മോശ ഇപ്രകാരം ജനത്തോടു ചോദിച്ചു: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജന തയ്ക്കാണുള്ളത്?"(നിയമം: 4; 7, 8).

ദൈവം മോശയിലൂടെ തന്റെ ജനം അനുഷ്ഠിക്കേണ്ട സകല കാര്യങ്ങളും വ്യക്തതയോടെ അറിയിച്ചു. ചുറ്റുമുള്ള ജനതകളുടെ ആചാരങ്ങള്‍ അനുകരിക്കരുതെന്ന താക്കീതും അവിടുന്നു നല്‍കി. മറ്റൊരു ജനതയ്ക്കും അവരുടെ ദേവന്മാര്‍ ഇങ്ങനെയൊരു താക്കീത് നല്‍കിയിട്ടില്ല. എന്നിട്ടും അവര്‍ തങ്ങളുടെ ദേവന്മാരെയോ ആചാരങ്ങളെയോ മാറി പരീക്ഷിക്കാന്‍ തയ്യാറായില്ല എന്നതും ചിന്തിക്കണം. എന്നാല്‍, ദൈവത്തിന്റെ സ്വന്തം ജനം തങ്ങളുടെ ദൈവത്തിന്റെ നിയമങ്ങളും ചട്ടങ്ങളും നിസ്സാരമായി കാണുന്നു. വിജാതിയരുടെ ആചാരങ്ങള്‍ അന്വേഷിക്കാന്‍ അവരുടെ വിഗ്രഹാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്ന താക്കീതിനെ അവഗണിച്ചുവെന്നു മാത്രമല്ല, അവരുടെ ആചാരങ്ങളെ സ്വന്തമാക്കിക്കൊണ്ട് ദൈവത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു!

മന്ത്രകോടി!

ഭാരതത്തിലെ വിവാഹങ്ങളില്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ആചാരമാണ് 'പുടവ' കൊടുക്കല്‍. താലിയുടെ ചരിത്രത്തിനു രണ്ടു നൂറ്റാണ്ടുകളുടെ പഴക്കം മാത്രമാണുള്ളതെങ്കില്‍, പുടവയുടെ കാര്യത്തില്‍ അങ്ങനെയല്ല. കുറേക്കൂടി പഴക്കമുള്ള ആചാരങ്ങളില്‍ ഒന്നാണ് ഇത്. കേരളത്തിലെ സുറിയാനികള്‍ ഈ ആചാരവും കൗശലപൂര്‍വ്വം തട്ടിയെടുത്ത് 'മന്ത്രകോടി' എന്നു പേരിട്ടു! ഗ്രഹണി പിടിപെട്ട കുട്ടികളെപ്പോലെ എന്തുകണ്ടാലും ആര്‍ത്തിയോടെ സ്വന്തമാക്കാന്‍ വാശിപിടിക്കുന്ന മറ്റേതു ജനതയാണുള്ളത്!?

ഹൈന്ദവ വിവാഹ ആചാരത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പുടവ കൊടുക്കല്‍ എന്ന മന്ത്രകോടി കൊടുക്കല്‍! മുന്‍കാലങ്ങളില്‍ വിവാഹത്തിനുതന്നെ പുടവ കൊടുക്കല്‍ എന്ന് പറയാറുണ്ടായിരുന്നു. എന്താണ് പുടവ കൊടുക്കലിന്റെ ആന്തരാര്‍ത്ഥം? ഇതിനു പിന്നില്‍ അഞ്ചു തത്വങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു ഹൈന്ദവര്‍ വിശ്വസിക്കുന്നു. അതു വിശദീകരിക്കുന്നതിനു മുന്‍പ് വേറൊരു കാര്യംകൂടി മനസിലാക്കണം. ഹൈന്ദവ സങ്കല്പമനുസരിച്ച്, പ്രപഞ്ചത്തില്‍ സൃഷ്ട്ടി നടത്തുന്നത് ബ്രഹ്മവും മായയും ചേര്‍ന്നാണ്. ഉപനിഷത്തുക്കളെ ആധാരമാക്കിയുള്ള സങ്കല്പമാണിത്. ദേവനും ദേവിയുമായി ബ്രഹ്മത്തെയും മായയേയും ഇവര്‍ കണക്കാക്കുന്നു. ഇവര്‍ ഒന്നിക്കുമ്പോള്‍ പ്രപഞ്ചത്തില്‍ സൃഷ്ട്ടി ഉണ്ടാകുന്നുവെന്നതാണ് ഹൈന്ദവ സങ്കല്പം. ഇതിലെ മായാശക്തിക്ക് അല്ലങ്കില്‍ സ്ത്രീശക്തിക്ക് പ്രപഞ്ചത്തില്‍ സൃഷ്ട്ടി നടത്താന്‍ അഞ്ചു കാര്യങ്ങള്‍ ആവശ്യമുണ്ട്. ഒന്ന്, പ്രകൃതം മറഞ്ഞു നില്‍ക്കണം. രണ്ട്, അപ്പോഴും ആകര്‍ഷകമായ സ്വരൂപം വേണം. മൂന്ന്, സൃഷ്ട്ടിയുടെ ഗുണദോഷങ്ങള്‍ ബാധിക്കാതെയിരിക്കണം. നാല്, പ്രാധാന്യം എടുത്തുകാണിക്കണം. അഞ്ച്, എല്ലാ സംരക്ഷണവും വേണം. ഈ അഞ്ച് ഘടകങ്ങള്‍ മായാശക്തിക്ക് സൃഷ്ട്ടി നടത്താന്‍ ആവശ്യമുണ്ട്. ഇത് അഞ്ചും നല്‍കേണ്ട ഉത്തരവാദിത്തം ബ്രഹ്മത്തില്‍ അഥവാ പുരുഷനില്‍ നിക്ഷിപ്തമാണ്.

വിവാഹം എന്നതും ബ്രഹ്മ -മായാ ശക്തിയുടെ കൂടിച്ചേരല്‍ എന്നതുപോലെ പൂര്‍ണ്ണതയ്ക്കുവേണ്ടിയും സൃഷ്ട്ടിക്കുവേണ്ടിയുമുള്ളള്ള കൂടിച്ചേരലാണ്! അവിടെയും സ്ത്രീ ശക്തിക്ക് ഈ അഞ്ച് തത്വങ്ങള്‍ ആവശ്യമുണ്ട്; അത് നല്‍കേണ്ടതാകട്ടെ പുരുഷനും. വിവാഹത്തോടെ ഈ സംരക്ഷണം ഉറപ്പാക്കുക എന്നതിനുള്ള പ്രതീകമാണ് പുടവ കൊടുക്കല്‍! പുടവ ഈ അഞ്ച് ധര്‍മ്മങ്ങളെയും നിര്‍വഹിക്കുന്നുവെന്നതാണ്‌ ഹൈന്ദവ സങ്കല്പം. അതായത്, നഗ്നത മറയ്ക്കല്‍, രൂപഭംഗി വരുത്തല്‍, ചൂടും തണുപ്പും ക്രമീകരിക്കല്‍, വ്യക്തിത്വം സൂചിപ്പിക്കല്‍, ആശ്രയം നല്‍കല്‍ എന്നീ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്ന്‍ പുരുഷന്‍ സ്ത്രീയോടു നടത്തുന്ന പ്രതിജ്ഞയാണ് പുടവ കൊടുക്കല്‍! ഒറ്റനോട്ടത്തില്‍ മഹത്തായ ഒരു ആശയമാണിതെന്ന് തോന്നിയേക്കാം. എന്നാല്‍, ഇതില്‍ മറഞ്ഞിരിക്കുന്ന അപകടം ആരും തിരിച്ചറിയാതെ പോകരുത്.

വിജാതിയര്‍ പിന്തുടരുന്ന ആചാരങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം ശ്രേഷ്ഠമായിരിക്കാം. അവയെ ചോദ്യം ചെയ്യാനുള്ള അവകാശം മറ്റു മതങ്ങളില്‍ വിശ്വസിക്കുന്ന വിശ്വാസികള്‍ക്കില്ല. എന്നാല്‍, മറ്റു മതങ്ങളുടെ ആചാരങ്ങള്‍ ക്രിസ്തീയതയിലേക്ക് കടത്തിക്കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാനുള്ള അവകാശം ക്രിസ്തീയ വിശ്വാസികള്‍ക്കുണ്ട്. അതുപോലെതന്നെ, മറ്റൊരു സമൂഹം ആചരിച്ചുപോരുന്ന ആചാരങ്ങളെ വികലമാക്കി അനുകരിക്കുന്ന പ്രവണതയും ചോദ്യം ചെയ്യപ്പെടാവുന്നതാണ്. വേണമെങ്കില്‍ ഇതിനെ പരിഹാസമായും കാണാം. തങ്ങളുടെ ആചാരങ്ങളെക്കുറിച്ച് ഏകീകരിക്കപ്പെട്ട സങ്കല്പങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഇല്ലാത്തതുകൊണ്ടു മാത്രം സുറിയാനി ക്രിസ്ത്യാനികള്‍ കോടതി കയറേണ്ടിവരില്ലെന്നു കരുതാം.

ആശയദാരിദ്ര്യവും പാരമ്പര്യത്തെക്കുറിച്ചുള്ള അജ്ഞതയും കൂടിച്ചേര്‍ന്നപ്പോള്‍, കേരളത്തിലെ ക്രിസ്ത്യാനികള്‍ 'സനാതന' ക്രിസ്ത്യാനികളുടെ കുപ്പായമണിഞ്ഞു തങ്ങളെത്തന്നെ കോമാളികളാക്കി എന്നതാണു സത്യം! വിജാതിയ മതങ്ങളിലെ ആചാരങ്ങളില്‍ പലതും ലോകത്തിനു ശ്രേഷ്ഠമായിരിക്കാം. എന്നാല്‍, ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവരെ അനുകരിക്കാന്‍ അനുവാദമില്ല. ആയതിനാല്‍, ഇവിടെ അനിവാര്യമായ ഘടകം അനുസരണമാണ്. ദൈവം വിലക്കിയിട്ടുള്ള ഒരു പ്രവൃത്തിയെ നിഷിദ്ധമായിത്തന്നെ കണക്കാക്കുന്നതാണ് അനുസരണത്തിന്റെ ഒരുവശം! എന്നാല്‍, ഇതിന്റെ ലംഘനമായിരുന്നു ആദ്യപാപം! നിസ്സാരമെന്നു തോന്നുന്ന ഈ തെറ്റിനു നല്‍കേണ്ടിവന്ന മറുവില എത്ര വലുതായിരുന്നുവെന്നു നമുക്കറിയാം. ലോകത്തിന്റെ ദൃഷ്ടിയില്‍ ആ തെറ്റ് നിസ്സാരമാണെങ്കിലും, ദൈവത്തിന്റെ സന്നിധിയില്‍ അതിനു കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ, ലൗകീക മനുഷ്യനു സ്വീകാര്യമായതെല്ലാം ആത്മീയ മനുഷ്യനു സ്വീകാര്യമാകണമെന്നില്ല. ക്രിസ്ത്യാനികള്‍ ഓരോരുത്തരും സ്വര്‍ഗ്ഗരാജ്യത്തിലേക്കും നിത്യജീവനിലേക്കും വിളിക്കപ്പെട്ടവരായതിനാല്‍, ലൗകീക മനുഷ്യരുടെ ചെയ്തികളെ അനുകരിക്കാന്‍ അവര്‍ ശ്രമിക്കരുത്.

പുടവ കൊടുക്കല്‍ എന്ന ആചാരം കടമെടുത്തതിലൂടെ ക്രിസ്ത്യാനികള്‍ ചെയ്ത തെറ്റുകള്‍ എന്തൊക്കെയാണ്? പ്രപഞ്ച സൃഷ്ടിയെക്കുറിച്ചുള്ള ദൈവീക വെളിപ്പെടുത്തലുകളെ പരിഹസിക്കുന്ന വിധത്തില്‍ കെട്ടുകഥകളെ പിന്തുണച്ചു. ഇതാണ് ഒന്നാമത്തെ പാപം! ബ്രഹ്മവും മായയും ചേര്‍ന്നാണു പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നാണോ ക്രിസ്ത്യാനിയെ ദൈവം പഠിപ്പിച്ചത്? ബൈബിളിലെ ദൈവം സാങ്കല്പിക ദൈവമല്ല! സ്വന്തം പേരു വെളിപ്പെടുത്തിയ സത്യദൈവമാണ് അവിടുന്ന്. നാം വഞ്ചിതരാകാതിരിക്കാനാണ് അവിടുന്ന് തന്റെ മഹത്തായ നാമം നമ്മെ അറിയിച്ചത്. ഈ പേരിലല്ലാതെ മറ്റൊരു പേരില്‍ ആരെങ്കിലും വന്നാല്‍ അവരെ സ്വീകരിക്കരുതെന്ന ശക്തമായ താക്കീതു ലഭിച്ചിരിക്കുന്ന സമൂഹമാണ് ക്രൈസ്തവര്‍! അവിടുന്ന് അരുളിച്ചെയ്തു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്"(പുറ: 20; 2, 3). ബ്രഹ്മാവോ വിഷ്ണുവോ മഹേശ്വരനോ അല്ല ഇസ്രായേലിനെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. ഈ പ്രപഞ്ചത്തിനു രൂപംനല്‍കിയതും താങ്ങിനിര്‍ത്തുന്നതും സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്. അവിടുത്തേക്ക്‌ ബ്രഹ്മാവെന്നോ മായയെന്നോ അപരനാമങ്ങളില്ല. അവിടുന്നുതന്നെ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). പുടവ കൊടുക്കല്‍ എന്ന ആചാരത്തിലൂടെ ഈ ദൈവത്തെ പരസ്യമായി നിഷേധിക്കുകയാണു ചെയ്യുന്നത്!

സാങ്കല്പിക ദൈവങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ആചാരങ്ങളെ ശ്രേഷ്ഠമായി പരിഗണിക്കുന്നവര്‍ അതിലൂടെ ഈ ദൈവസങ്കല്പങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നു. മാത്രവുമല്ല, സാത്താന്റെ കുതന്ത്രങ്ങളില്‍ ഇവര്‍ പങ്കാളികളാകുകയും ചെയ്യുന്നു. ഇത്തരം ആചാരങ്ങളെ പാരമ്പര്യമായി പ്രഖ്യാപിക്കുന്നവര്‍ സ്വന്തം പിതൃത്വത്തെ നിരാകരിക്കുകയും അനേകരെ ഈ മിഥ്യാധാരണയില്‍ തളച്ചിടുകയുമാണു ചെയ്യുന്നത്. അന്യദൈവങ്ങളിലൂടെ സാത്താന്‍ ഒരുക്കിയ പദ്ധതിയുടെ ഭാഗമായി അറിഞ്ഞോ അറിയാതെയോ നിലകൊള്ളുന്ന സമൂഹം ക്രൈസ്തവരുടെയിടയിലുണ്ട്. ഇത് ഒന്നാം പ്രമാണത്തിനെതിരേയുള്ള പരസ്യമായ പാപമാണ്! താലി നഷ്ടപ്പെടുമ്പോഴും മന്ത്രകോടിയില്‍ ചിതലരിക്കുമ്പോഴും ആകുലതയും ഭയവും കടന്നുവരുന്ന വിധത്തില്‍ അബദ്ധധാരണ ഇതിനെക്കുറിച്ച്‌ വിശ്വാസികളുടെയിടയില്‍ പ്രചരിക്കപ്പെട്ടതും ഗൗരവമായി കാണണം. ക്രൈസ്തവ വിശ്വാസങ്ങളിലെ സത്യത്തെ വിജാതിയതയുടെ മിഥ്യയുമായി ലയിപ്പിക്കുകയെന്ന സാത്താന്റെ പദ്ധതിയുടെ പൂര്‍ത്തീകരണവും ഇതില്‍ ദര്‍ശിക്കാന്‍ കഴിയും.

താലിയിലൂടെയും മന്ത്രകോടിയിലൂടെയും കടന്നുവരുന്ന മറ്റൊരു പ്രധാന പാപം ദൈവീകനിയമങ്ങളോടുള്ള അവഗണനയാണ്. മനുഷ്യന്‍ നിസ്സാരമായി കാണുന്നത് ദൈവത്തിനു നിസ്സാരമാകണമെന്നില്ല. ദൈവം എന്തെങ്കിലും വിലക്കിയിട്ടുണ്ടെങ്കില്‍ അത് തന്റെ ജനത്തിന്റെ നന്മയെ കരുതിയാണ്. ദൈവജനത്തെ സാരമായി ബാധിക്കുന്ന പ്രവര്‍ത്തികള്‍ എന്തെല്ലാമാണെന്ന് അവിടുത്തേക്കു നന്നായി അറിയാം. ദൈവം വിലക്കിയിട്ടുള്ള നിഷിദ്ധവസ്തുക്കളില്‍ എന്തെങ്കിലും ഇസ്രായേല്‍ജനം കൈവശം വച്ചാല്‍ അത് അവരുടെ നാശത്തിനായി പരിണമിക്കും എന്നതിനു ബൈബിളില്‍ തെളിവുകളുണ്ട്. ഇത്തരം വസ്തുക്കളുടെ സാന്നിദ്ധ്യമുള്ളിടത്ത് സൈന്യങ്ങളുടെ ദൈവത്തിനു വ്യാപരിക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ത്തന്നെ, ഈ ജനത്തെ ആര്‍ക്കും കീഴ്പ്പെടുത്തി നശിപ്പിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ക്രിസ്തീയത വളരാത്തതിന്റെ മുഖ്യകാരണം ഇത്തരം നിഷിദ്ധവസ്തുക്കളാണ്. ഇസ്രായേല്‍ജനത്തിനു സംഭവിച്ചത് എന്താണെന്നു നോക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്‍പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ: 7; 11, 12).

ദൈവം കൂടെയില്ലാത്ത സമൂഹമായി ക്രിസ്തീയത അധഃപതിപ്പിക്കുകയെന്നത് സാത്താന്റെ അജണ്ടയാണ്. പാരമ്പര്യത്തിന്റെ പേരില്‍ സാത്താന്റെ അജണ്ടയുടെ ഭാഗമായിത്തീര്‍ന്നതാണ് ഭാരതീയ ക്രൈസ്തവരെ പിടിമുറുക്കിയ ദുരന്തം. താലിയും മന്ത്രകോടിയും ആചാരമാക്കിയ ക്രിസ്തീയ വിവാഹങ്ങളുടെ മദ്ധ്യത്തില്‍ ദൈവമുണ്ടാകുമെന്നു കരുതാന്‍ കഴിയുമോ? ഇത്തരം വിവാഹങ്ങളില്‍ ദമ്പതികളെ പരസ്പരം ബന്ധിപ്പിക്കുന്നത് താലിയും മന്ത്രകോടിയുമൊക്കെയായിരിക്കും. ദൈവത്തെ ധിക്കരിച്ചുകൊണ്ടുള്ള ആചാരങ്ങളുടെയിടയില്‍ ദൈവത്തെ പ്രതീക്ഷിക്കുന്നത് തികച്ചും മൗഢ്യമാണെന്ന് ഓരോരുത്തരും തിരിച്ചറിയുക. ഇത്തരം വസ്തുക്കളെ വെഞ്ചെരിച്ചു ശുദ്ധീകരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടാ! എന്തെന്നാല്‍, വിഗ്രഹങ്ങളെയും പിശാചുക്കളെയും ശുദ്ധീകരിക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്ന ദൈവമല്ല സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ! ഇത്തരം നിഷിദ്ധവസ്തുക്കള്‍ ധരിക്കുകയോ സൂക്ഷിച്ചുവയ്ക്കുകയോ ചെയ്തിട്ടുള്ളവര്‍ അത് നശിപ്പിക്കുകയും, തങ്ങളുടെ അജ്ഞതയെ ദൈവസന്നിധിയില്‍ ഏറ്റുപറഞ്ഞ് മാപ്പിരക്കുകയും ചെയ്യണം. എന്തെന്നാല്‍, ഇക്കൂട്ടരുടെ മുന്നിലുള്ള ഏകവഴി ഇതുമാത്രമാണ്. ഈ ഉപദേശം മനോവയുടെ ചിന്തയില്‍ ഉരുത്തിരിഞ്ഞ ആശയമല്ല; മറിച്ച്, ദൈവത്തിന്റെ വചനം പറയുന്നതാണ്. ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ അവരോടു പറയുക. ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(ജോഷ്വ: 7; 13).

നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത് ദൈവമാണ്. ആയതിനാല്‍, ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. വിജാതിയ അനുകരണങ്ങളിലൂടെ വന്നുഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് അനേകം തവണ നാം ചര്‍ച്ചചെയ്തിട്ടുള്ളതാണ്. നാം നശിച്ചുപോകരുതെന്ന ആഗ്രഹത്തോടെ, നമ്മേ സ്നേഹിക്കുന്ന ദൈവം നമുക്കു നല്‍കിയ താക്കീതുകളാണു നിയമങ്ങള്‍! "നിങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയിട്ടുള്ള കല്പനകളും ചട്ടങ്ങളും ജാഗരൂകതയോടെ പാലിക്കണം. നിങ്ങള്‍ക്കു നന്മയുണ്ടാകാനും നിങ്ങളുടെ പിതാക്കന്മാര്‍ക്കു യാഹ്‌വെ വാഗ്ദാനം ചെയ്തിട്ടുള്ള ആ നല്ല ഭൂമിയില്‍ ചെന്ന് സകല ശത്രുക്കളെയും നിര്‍മ്മാര്‍ജ്ജനം ചെയ്ത് അത് അവകാശമാക്കാനും വേണ്ടി യാഹ്‌വെയുടെ സന്നിധിയില്‍ ശരിയും നന്മയും മാത്രം പ്രവര്‍ത്തിക്കണം"(നിയമം: 6; 17- 19). ദൈവത്തിന്റെ വാക്കുകളെ നിസ്സാരമായി കാണരുത്. നിയമങ്ങളെ നിസ്സാരമാക്കാന്‍ പ്രേരിപ്പിക്കുന്ന വ്യാജ ഉപദേഷ്ടാക്കളെ സൂക്ഷിക്കുകയും വേണം. "ആകയാല്‍, എന്റെ ഈ വചനം ഹൃദയത്തിലും മനസ്‌സിലും സൂക്ഷിക്കുവിന്‍. അടയാളമായി അവയെ നിങ്ങളുടെ കൈയില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെപ്പറ്റി സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. നിങ്ങളുടെ വീടുകളുടെ കട്ടിളക്കാലുകളിലും പടിവാതിലുകളിലും അവ രേഖപ്പെടുത്തണം. അപ്പോള്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്‍കുമെന്നു യാഹ്‌വെ ശപഥം ചെയ്ത നാട്ടില്‍ നിങ്ങളും നിങ്ങളുടെ മക്കളും ദീര്‍ഘകാലം, ഭൂമിക്കുമുകളില്‍ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം, വസിക്കും"(നിയമം: 11; 18- 21).

ഇല്ലാത്ത പൈതൃകങ്ങളെ അലങ്കാരമായി ചുമക്കുന്നവര്‍ അതില്‍നിന്നു പിന്തിരിയാന്‍ വൈകരുത്. രാഹുവിന്റെയും ഹേതുവുവിന്റെയും ഗുളികന്റെയും അടിമത്വത്തിലേക്കു ദൈവജനത്തെ നയിക്കുന്നവര്‍, തങ്ങളുടെമേല്‍ വരാനിരിക്കുന്ന ദുരന്തങ്ങളെയോര്‍ത്തു മാറത്തടിച്ചു നിലവിളിക്കുക! വ്യാജമായ പാരമ്പര്യങ്ങളുടെയും പൈതൃകത്തിന്റെയും പേരില്‍ വിശ്വാസികളെ ഭിന്നിപ്പിക്കുകയും സത്യവചനത്തില്‍നിന്ന് അകറ്റുകയും ചെയ്യുന്നവര്‍ ഇനിയെങ്കിലും ഈ പൈശാചികത അവസാനിപ്പിക്കുക!

ചേര്‍ത്തുവായിക്കാന്‍: വിജാതിയ ദേവസങ്കല്പങ്ങളില്‍ ഊന്നിയുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പിശാചില്‍നിന്നുള്ളതാണ്. അതിനാല്‍ത്തന്നെ, ഇത്തരത്തിലുള്ള സങ്കല്പങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കള്‍ വിഗ്രഹങ്ങളായി മാറുന്നു. ഈ വിഗ്രഹങ്ങളെ കുരിശു വച്ചോ വെഞ്ചെരിച്ചോ വിശുദ്ധീകരിക്കാമെന്നു കരുതരുത്. ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുതെന്ന പ്രമാണത്തിന്റെ ലംഘനമായി ഇത് കണക്കാക്കപ്പെടും. കുരുശു വയ്ക്കേണ്ടത് വിഗ്രഹങ്ങള്‍ക്കു മേലെയല്ല; എന്തെന്നാല്‍, കുരിശു ബലിപീഠമാണ്! നാം ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്യുമ്പോള്‍ നാമറിയാതെ കടന്നുവരുന്ന തിന്മകളെ തടയാന്‍ യേഹ്ശുവായുടെ നാമത്തില്‍ ആശിര്‍വദിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. നാമൊരു വീടോ വാഹനമോ വാങ്ങുമ്പോള്‍ അവയെ ആശിര്‍വദിക്കുകയോ വെഞ്ചെരിക്കുകയോ ചെയ്യുന്നതും ഗുണകരമാണ്. എന്തെന്നാല്‍, ഇവയിലൂടെ കടന്നുവരാന്‍ സാധ്യതയുള്ള തിന്മകള്‍ എന്താണെന്നു നമുക്കറിയില്ല. എന്നാല്‍, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചതാണെന്ന ഉത്തമബോധ്യമുള്ളവയെ കുരിശുവച്ച് വിശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ദൈവനാമത്തെ ദുഷിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4993 views

LOG IN

Lost your password?

SIGN UP

LOST PASSWORD