അറിഞ്ഞിരിക്കാന്‍

മരിയഭക്തിയില്‍ തള്ളേണ്ടതും കൊള്ളേണ്ടതും!

Print By
about

22 - 04 - 2017

ത്തോലിക്കാസഭയും മറ്റിതര ശ്ലൈഹീക സഭകളും പരിശുദ്ധ കന്യകാമറിയത്തെ ഏറെ ആദരവോടെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സഭകളാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളുകള്‍ ആഘോഷിക്കുന്നതിലും മാദ്ധ്യസ്ഥം തേടുന്നതിലും ഈ സഭകള്‍ പ്രത്യേകം ശ്രദ്ധകൊടുക്കുന്നു. ചില ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കന്യകാമറിയത്തോടുള്ള സമീപനം മറ്റൊരു തരത്തിലാണ്. പരിശുദ്ധ കന്യകാമറിയത്തെ പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്യാത്ത വ്യക്തികളും സഭകളുമുണ്ട്. കന്യകാമറിയത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നവരും അനേകരാണ്. ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഭിന്നതകളാണ് ഇവിടെയെല്ലാം ദര്‍ശിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ത്തന്നെ, പരിശുദ്ധ കന്യകാമറിയത്തെ സംബന്ധിച്ചുള്ള മനോവയുടെ നിലപാട് വ്യക്തമാക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തെ സംബന്ധിച്ചുള്ള ഒന്നിലധികം ലേഖനങ്ങള്‍ മനോവയുടെ താളുകളിലുണ്ട്. ചില സ്വകാര്യസഭകള്‍ ഉയര്‍ത്തുന്ന അപകടകരമായ ആശയങ്ങളെ പ്രധിരോധിച്ചുകൊണ്ടുള്ള ലേഖനങ്ങളാണ് ഇവയില്‍ പ്രധാനപ്പെട്ടത്. കന്യകാമറിയത്തിന്റെ കന്യകാത്വത്തെ നിഷേധിക്കുന്നവരുടെ വാദഗതികളെ മനോവ ഖണ്ഡിച്ചതു ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. യേഹ്ശുവായെ കൂടാതെ പരിശുദ്ധ അമ്മയ്ക്ക് വേറെയും മക്കളുണ്ടായിരുന്നുവെന്ന്‍ പ്രചരിപ്പിക്കുന്നത് ബൈബിളിലെ വചനങ്ങള്‍ ഗ്രഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഈ വിഷയത്തെ ആസ്പദമാക്കി മനോവ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍, 'യേഹ്ശുവായെ കൂടാതെ മറിയത്തിന്റെ മറ്റു മക്കള്‍!' എന്ന ലേഖനം വായിക്കുക. ഇവിടെ നാം ചര്‍ച്ചചെയ്യുവാന്‍ ശ്രമിക്കുന്ന വിഷയം മറ്റൊന്നായതുകൊണ്ടാണ് ആ ലേഖനത്തിന്റെ 'ലിങ്ക്' നല്‍കിയിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തെ ഇകഴ്ത്തുന്ന വ്യക്തികള്‍ക്കും സമൂഹത്തിനും നല്‍കിയ മറുപടികള്‍ ഇനിയുമിവിടെ ആവര്‍ത്തിക്കുന്നില്ല. എന്നാല്‍, മറിയത്തെക്കുറിച്ചുള്ള സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില 'ലിങ്കുകള്‍' ഇവിടെ ചേര്‍ക്കുന്നു.

തെറ്റു തിരുത്താന്‍ ഒരമ്മ; അവള്‍ ദൈവമക്കള്‍ക്കു മാതാവായി!

'മകരവിളക്ക്' പോലെ മനുഷ്യനിര്‍മ്മിതമോ!?

പരിശുദ്ധ കന്യകാമറിയത്തെ അപഹസിക്കുന്നവര്‍ തങ്ങളുടെമേല്‍ വലിയ ശാപം വരുത്തിവയ്ക്കുന്നു. എന്നാല്‍, കന്യകാമറിയത്തോടുള്ള ഭക്തി അതിരുകടക്കുന്നതും ശ്ലാഘനീയമായ കാര്യമല്ല! പരിശുദ്ധ കന്യകാമറിയത്തെ ത്രിത്വത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന വിരുതന്മാരും ഇന്ന് ക്രൈസ്തവരുടെയിടെയിലുണ്ട്. ആയതിനാല്‍, യഥാര്‍ത്ഥ രക്ഷ തടസ്സപ്പെടുത്തുന്ന അപകടകരമായ ആശയങ്ങളെ തുറന്നുകാണിക്കുകയും, പരിശുദ്ധ കന്യകാമറിയം അര്‍ഹിക്കുന്ന ആദരവ് എത്രത്തോളമാണെന്നു വ്യക്തമാക്കുകയും ചെയ്യേണ്ടത് അനിവാര്യതയായിരിക്കുന്നു.

ഇതാ, നിന്റെ അമ്മ!

ഇതാ, നിന്റെ അമ്മ എന്നു പറഞ്ഞത് യേഹ്ശുവായാണ്. അതിനാല്‍ത്തന്നെ ഈ വചനത്തിനു വളരെയേറെ പ്രാധാന്യമുണ്ട്. ഈ പ്രാധാന്യം ചര്‍ച്ചചെയ്യുന്നതിനു മുന്‍പ് മറ്റുചില വിഷയങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തിനു രൂപംനല്‍കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത് ദൈവമാണെന്നു വിശ്വസിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍, ഈ ദൈവം ആരാണെന്ന കാര്യത്തില്‍ വ്യത്യസ്തമായ വിശ്വാസങ്ങളാണ് ഓരോ മതങ്ങളും വച്ചുപുലര്‍ത്തുന്നത്. ഓരോരുത്തരും വ്യത്യസ്തമായ പേരുകളിലാണ് വിളിക്കുന്നതെങ്കിലും, അവരെല്ലാം വിളിക്കുന്നത് ഒരേ ദൈവത്തെത്തന്നെയാണെന്നു ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട്. അടിസ്ഥാനരഹിതമായ ഈ ചിന്തയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നില്ല. എന്നിരുന്നാലും, ഒരുകാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. താന്‍ ദൈവമാണെന്ന് അവകാശപ്പെടുകയും, ആകാശവും ഭൂമിയും സൃഷ്ടിച്ചവനായ മറ്റൊരു ദൈവമില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള ഒരു ദൈവം മാത്രമേയുള്ളൂ. സ്വയം വെളിപ്പെടുത്തിയ ഈ ദൈവത്തിന്റെ പേര് 'യാഹ്‌വെ' എന്നാണ്! ഈ ദൈവംതന്നെയാണ് അവിടുത്തെ നാമം വെളിപ്പെടുത്തിയത്. മറ്റൊരു ദൈവവും തന്റെ പേര് വെളിപ്പെടുത്തുകയോ ദൈവമാണെന്ന് അവകാശപ്പെടുകയോ ചെയ്തിട്ടില്ല. എന്നേയ്ക്കുമുള്ള തന്റെ നാമം എന്ന പ്രഖ്യാപനത്തോടെയാണ് 'യാഹ്‌വെ' എന്ന അവിടുത്തെ നാമം അവിടുന്നു വെളിപ്പെടുത്തിയത്. അവിടുത്തെ വാക്കുകള്‍ ഇതാണ്: "ഇസ്രായേല്‍മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15).

ഈ പ്രപഞ്ചത്തെയും സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ എന്നേക്കും ഉള്ള നാമധേയം യാഹ്‌വെ എന്നാണ്. അവിടുന്നല്ലാതെ മറ്റാരും ഇത് വെളിപ്പെടുത്തിയിട്ടുമില്ല. മനുഷ്യനെ അവിടുന്ന് സൃഷ്ടിച്ചത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണ്. മറ്റു ദൈവങ്ങളില്‍ പലതിനെയും മനുഷ്യന്‍ തന്റെ ഛായയിലും മറ്റു വിചിത്ര ജീവികളുടെ ഛായയിലും സൃഷ്ടിച്ചു. മനുഷ്യന്റെ ഔദാര്യത്തില്‍ അവയെല്ലാം നിലകൊള്ളുന്നു. ഇതാണ് സത്യദൈവവും വ്യാജദൈവങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം. മനുഷ്യന്‍ പാപം ചെയ്ത് ദൈവത്തില്‍നിന്ന് അകന്നപ്പോള്‍, ഈ മനുഷ്യനെ വീണ്ടും തന്നോടു ചേര്‍ത്തുനിര്‍ത്താന്‍ ദൈവം തിരുമനസ്സായി! ആരംഭവും അവസാനവുമില്ലാത്തവനും സത്യദൈവവുമായ യാഹ്‌വെ, മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി മനുഷ്യനായി ഭൂമിയിലേക്കു കടന്നുവന്നു. യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള യേഹ്ശുവാ എന്ന പേര് സ്വീകരിച്ചാണ് അവിടുന്ന് മനുഷ്യനായി അവതരിച്ചത്. യേഹ്ശുവാ ഈ ഭൂമിയില്‍ ജീവിച്ചത് പരിപൂര്‍ണ്ണ മനുഷ്യനായിട്ടാണ്! 

മാനവരാശിയുടെ രക്ഷയ്ക്കായി മനുഷ്യനായി ഭൂമിയില്‍ കടന്നുവന്ന ദൈവമാണ് യേഹ്ശുവാ! എന്നാല്‍, അവിടുന്ന് തന്നിലെ ദൈവത്വം നിലനിര്‍ത്തിക്കൊണ്ടല്ല ഭൂമിയിലേക്ക് മനുഷ്യനായി ഇറങ്ങിവന്നത്. ഇതിനെക്കുറിച്ച്‌ ബൈബിള്‍ നല്‍കുന്ന വ്യക്തത ശ്രദ്ധിക്കുക: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‍, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി"(ഫിലി: 2; 6-8). ഇതാണ് മനുഷ്യനായ യേഹ്ശുവാ! ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ടത് അവിടുന്ന് ഒരു കാര്യമായി പരിഗണിച്ചില്ല എന്ന വെളിപ്പെടുത്തലില്‍ സത്യം പൂര്‍ണ്ണമായി അടങ്ങിയിട്ടുണ്ട്. അനിവാര്യമായ ഒരു മരണത്തിനുവേണ്ടി അവിടുത്തേക്ക്‌ പരിപൂര്‍ണ്ണ മനുഷ്യനാകേണ്ടിയിരുന്നു. ദൈവത്തിനു ജനനമോ മരണമോ ഇല്ല. ആരംഭവും അവസാനവുമില്ലാത്തവനാണ് ദൈവം. ആ ദൈവത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌ - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും"(വെളി: 22; 13).

ദൈവത്തിനു മരണമില്ലാത്തതുകൊണ്ടും, മനുഷ്യന്റെ രക്ഷയ്ക്കായി ഒരു നീതിമാന്റെ മരണം അനിവാര്യമായതുകൊണ്ടും ദൈവമായ യാഹ്‌വെയ്ക്കു മനുഷ്യനാകേണ്ടി വന്നു. എന്നാല്‍, ഈ പ്രപഞ്ചത്തെയും സ്വര്‍ഗ്ഗത്തെയും നിയന്ത്രിക്കേണ്ട ദൈവത്തിനു തന്റെ കര്‍ത്തവ്യങ്ങളില്‍നിന്നു വിരമിക്കാന്‍ സാധിക്കുകയുമില്ല. ഇക്കാരണത്താല്‍, അവിടുന്ന് മുന്‍കൂട്ടി നിശ്ചയിച്ചതിന്റെയും ക്രമീകരിച്ചതിന്റെയും അടിസ്ഥാനത്തില്‍, ദൈവത്വം സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിക്കൊണ്ട് മനുഷ്യനായി ഭൂമിയിലേക്കു കടന്നുവന്നു. ആ ദൈവത്തിന്റെ മനുഷ്യരൂപമാണ്‌ യേഹ്ശുവാ മ്ശിഹാ! ഭൂമിയില്‍ ജീവിച്ച മുപ്പത്തിമൂന്നോളം വര്‍ഷങ്ങളില്‍ അവിടുന്ന് പരിപൂര്‍ണ്ണ മനുഷ്യനായിരുന്നു. അപ്പസ്തോലനായ പൗലോസ് വ്യക്തമാക്കിയതും ഈ സത്യമാണ്. കുരിശുമരണം എന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതുവരെ മനുഷ്യനായി തുടരുകയും, മരണാനന്തരം അവിടുത്തെ യഥാര്‍ത്ഥ അസ്ഥിത്വത്തോടെ ഉത്ഥിതനാവുകയും ചെയ്തു. യേഹ്ശുവാ ഇന്ന് പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമാണ്. എന്തെന്നാല്‍, അന്ത്യവിധിവരെ ഈ അവസ്ഥയില്‍ തുടരേണ്ടിയിരിക്കുന്നു. യേഹ്ശുവായുടെ ആയിരം വര്‍ഷത്തെ ഭരണത്തില്‍ അവിടുന്ന് ദൈവവും മനുഷ്യനുമായിരിക്കും. അപ്പോള്‍ മാത്രമാണ് 'ദൈവം നമ്മോടുകൂടെ' വസിക്കുകയെന്ന 'ഇമ്മാനുവേല്‍' പ്രവചനം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത ചിലര്‍, കുരിശില്‍ മരിച്ച യേഹ്ശുവാ ദൈവവും മനുഷ്യനുമായിരുന്നു എന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവെന്നു വിളിക്കുന്നതും ഇക്കാരണത്താല്‍ത്തന്നെ!

മരിയഭക്തിയില്‍ തള്ളിക്കളയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ദൈവമാതൃത്വ സങ്കല്പം! അതായത്, പരിശുദ്ധ കന്യകാമറിയം ദൈവത്തിന്റെ അമ്മയല്ല; മറിച്ച്, മനുഷ്യപുത്രനായ യേഹ്ശുവായുടെ അമ്മയാണ്! ആരംഭമില്ലാത്തവനും അവസാനമില്ലാത്തവനുമായ യേഹ്ശുവായ്ക്ക് മാതാവോ പിതാവോ വംശപരമ്പരയോ ഇല്ല! മെല്‍ക്കിസെദേക്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അപ്പസ്തോലനായ പൗലോസ് നല്‍കുന്ന വിവരണം ശ്രദ്ധിക്കുക: "അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്"(ഹെബ്രാ: 7; 3). മെല്‍ക്കിസെദേക്കിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. നീതിയുടെ രാജാവും സമാധാനത്തിന്റെ രാജാവുമായ മെല്‍ക്കിസെദേക്കിനെ ദൈവപുത്രനോടാണ് സദൃശനാക്കിയിരിക്കുന്നത്. അതായത്, മെല്‍ക്കിസെദേക്കിന് ആരംഭവും അവസാനവുമില്ല എന്നു വ്യക്തമാക്കാന്‍ ദൈവപുത്രനെ ആധാരമാക്കിയിരിക്കുന്നു. മാത്രവുമല്ല, ദൈവപുത്രന്റെ അവസ്ഥ എന്താണെന്ന സത്യംകൂടി നമുക്കിവിടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ദൈവപുത്രനായ യേഹ്ശുവായ്ക്ക് മാതാവോ പിതാവോ ഇല്ലെങ്കില്‍ അവിടുന്ന് ആരെയാണു 'പിതാവേ' എന്നു വിളിച്ചത്?

ന്യായമായും ഉയരാവുന്ന ചോദ്യമാണിത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഇസ്രായേല്‍ മക്കളുടെ പിതാവാകുന്നുവെന്നതാണ് ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം. യഹൂദര്‍ അവിടുത്തെ പിതാവെന്നു വിളിക്കാന്‍ ഭയപ്പെട്ടിരുന്നു. അതിനാലാണ്, യേഹ്ശുവാ അവിടുത്തെ പിതാവെന്നു വിളിച്ചപ്പോള്‍ യഹൂദര്‍ എതിര്‍ത്തത്. ദൈവമായ യാഹ്‌വെ ജറെമിയാ പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഗ്രഹിക്കാന്‍ നിയമജ്ഞര്‍ക്കോ ഫരിസേയര്‍ക്കോ സാധിച്ചില്ല. പ്രവാചകന്‍ ഇപ്രകാരം വെളിപ്പെടുത്തി: "എന്തെന്നാല്‍, ഞാന്‍ ഇസ്രായേലിനു പിതാവാണ്; എഫ്രായിം എന്റെ ആദ്യജാതനും"(ജറെ: 31; 9). ഇസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത് അവിടുത്തെ മക്കളായിട്ടാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഇസ്രായേല്‍ക്കാരുടെയും പിതാവാണ് യാഹ്‌വെ! ഈ ദൈവംതന്നെയാണ് മനുഷ്യനായി കടന്നുവന്ന് സകലരെയും രക്ഷിച്ചത്. എന്നാല്‍, ദൈവമായിട്ടല്ല; മനുഷ്യനായിട്ടാണ് അവിടുന്ന് കടന്നുവന്നതെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. അതായത്, പിതാവേ എന്ന് യേഹ്ശുവാ വിളിച്ചത് അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ വച്ചിട്ടുപോന്ന തന്നിലെതന്നെ ദൈവത്വത്തെയായിരുന്നു. ഒരേസമയം ദൈവവും മനുഷ്യനുമായിട്ടാണ് യേഹ്ശുവാ വന്നതെന്ന വാദം തികച്ചും അവാസ്തവമാണ്. ദൈവത്തിനു മരിക്കാന്‍ കഴിയുമോയെന്ന് എതിരാളികള്‍ ചോദിക്കുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാതെ വിഷമിക്കുന്ന ക്രിസ്ത്യാനികളെ മനോവ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥ സത്യത്തില്‍നിന്നു വ്യതിചലിച്ച പഠനങ്ങളാണ് ഈ അവസ്ഥയ്ക്കു നിദാനം.

ദൈവത്തെ പിതാവേ എന്ന് യേഹ്ശുവാ സംബോധന ചെയ്തതിനുപിന്നില്‍ ദുരൂഹതകള്‍ ആരോപിക്കേണ്ട ആവശ്യമില്ല. ഇസ്രായേല്‍ക്കാര്‍ക്ക് ദൈവം പിതാവാകാന്‍, ദൈവംതന്നെ മനുഷ്യനായി കടന്നുവരികയും, ദൈവത്തെ പിതാവെന്നു വിളിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു. യേഹ്ശുവാ വഴി സകല ജനതകള്‍ക്കും ദൈവം പിതാവാകേണ്ടിയിരുന്നു! ജറെമിയാ പ്രവാചകന്റെ വാക്കുകളെ സൂക്ഷമമായി പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും. എന്തെന്നാല്‍, ജറെമിയ നടത്തിയത് ഒരു പ്രവചനമായിരുന്നു. എഫ്രായിം എന്റെ ആദ്യജാതനാണെന്നു പറയുന്ന ദൈവംതന്നെയാണ് ഞാന്‍ ഇസ്രായേലിനു പിതാവാണെന്നു പറയുന്നത്. ഈ വെളിപ്പെടുത്തലിലെ പ്രവചനം മനസ്സിലാക്കാത്തവര്‍ക്കു തെറ്റുപറ്റും. എന്താണ് ആ തെറ്റെന്നു നോക്കുക: യാക്കിബിനെയും അവന്റെ സന്തതികളെയുമാണ് ഇസ്രായേല്‍ എന്നു വിളിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, എഫ്രായിമാണ് അവിടുത്തെ ആദ്യജാതന്‍ എന്ന് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ പറയുന്നു. അങ്ങനെയെങ്കില്‍, ആദ്യജാതനില്‍നിന്നുള്ള തലമുറകള്‍ മാത്രമായിരിക്കണം ദൈവത്തിന്റെ മക്കള്‍! ശാരീരികമായി പരിഗണിച്ചാല്‍, എഫ്രായിം ഇസ്രായേലിന്റെ പുത്രനാണ്. ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രപിതാക്കന്മാരില്‍ ഒരുവനായ ജോസഫിന്റെ ഈ പുത്രന്‍ ദൈവത്തിന്റെ ആദ്യജാതനാനെങ്കില്‍, തന്റെ പിതാവും പിതൃസഹോദരന്മാരും അവരുടെ സന്തതികളും എങ്ങനെ ദൈവമക്കളാകും? ഇവിടെയാണ്‌ പ്രവചനം തിരിച്ചറിയേണ്ടത്! യേഹ്ശുവായുടെ പ്രതീകമായിരുന്നു എഫ്രായിം!

ആദ്യജാതനില്‍ ഭരമേല്പിക്കപ്പെട്ടത് പിതൃഭവനത്തെ മുഴുവന്‍ മക്കളാക്കുകയെന്ന ദൗത്യമാണ്. വംശമുറപ്രകാരം തനിക്കു പിതാക്കന്മാരായിരിക്കുന്നവരെയും അവരുടെ സന്തതികളെയും ദൈവമക്കളാക്കാന്‍ കടന്നുവരുന്ന യേഹ്ശുവായെക്കുറിച്ചു പ്രവചിക്കാന്‍ എഫ്രായിമിനെ പ്രതീകമാക്കി. മനുഷ്യനായ യേഹ്ശുവായുടെ വംശാവലി ചരിത്രം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു! ഈ പ്രവചനം ആരെക്കുറിച്ചാണെന്നു ഗ്രഹിക്കുക: "എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്സീമമായ കരുണ തോന്നുന്നു"(ജറെമി: 31; 20). ഇസ്രായേലിലെ ഒരു ഗോത്രപിതാവായ ജോസഫിനു ജനിച്ച പുത്രനെക്കുറിച്ചല്ല ഈ പ്രവചനം. ദൈവത്തിനു പ്രിയങ്കരനാകാന്‍ തക്കവിധം ശ്രേഷ്ഠമായ പ്രവര്‍ത്തികളൊന്നും എഫ്രായിം ചെയ്തതായി ബൈബിളില്‍ കാണുന്നില്ല. എന്നാല്‍, എഫ്രായിമിനെ പ്രതീകമാക്കിയത് നിസ്സാരമായി ആരും കാണരുത്. ഇത് ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകതയാണ്. കടിഞ്ഞൂല്‍ സന്തതികളെ മാറ്റിനിര്‍ത്തി രണ്ടാമനെ അനുഗ്രഹിക്കുന്ന ദൈവത്തിന്റെ തിരഞ്ഞെടുപ്പ്! ആദത്തിന്റെ സന്തതിമൂലമാണ് ഈ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്‌. ആദ്യജാതനായ കായേന്‍ ശപിക്കപ്പെട്ടവനായപ്പോള്‍, രണ്ടാമന്‍ സ്വീകാര്യനായി. സന്തതികളില്ലാതെ മരിച്ച ആബേലാണ് രണ്ടാമനെങ്കിലും അവനു പകരക്കാരനായി വന്നത് സേത്താണ്. ഈ സേത്തിന്റെ തലമുറയിലാണ് യേഹ്ശുവാ മനുഷ്യനായി ജനിച്ചത്! കായേന്റെ ദുഷ്ടതമൂലം പിന്നീടു ജനിച്ച സകല തലമുറകളിലും കടിഞ്ഞൂലുകള്‍ പരിത്യക്തരായി. ഈ ശാപം നീങ്ങിപ്പോയത് യേഹ്ശുവാ എന്ന കടിഞ്ഞൂല്‍ പുത്രനിലൂടെയാണ്.

അബ്രാഹത്തിനു ശാരീരികമായി ജനിച്ച ആദ്യത്തെ പുത്രന്‍ ഇസ്മായില്‍ ആയിരുന്നു. എന്നാല്‍, അബ്രാഹത്തിന്റെ അവകാശിയായി പരിഗണിക്കപ്പെട്ടത് വാഗ്ദാന പുത്രനായ യിസഹാക്കാണ്. തുടര്‍ന്നുള്ള തലമുറകളിലെല്ലാം കടിഞ്ഞൂലുകള്‍ പരിത്യക്തരായി. യിസഹാക്കിന്റെ കടിഞ്ഞൂല്‍ പുത്രന്‍ എസാവ് പുറന്തള്ളപ്പെടുകയും യാക്കോബ് അനുഗ്രഹത്തിനു പാത്രമാവുകയും ചെയ്തു. യാക്കോബിന്റെ കടിഞ്ഞൂല്‍ പുത്രനായ റൂബന്‍ പുറന്തള്ളപ്പെട്ടത് നമുക്കറിയാം. ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "റൂബന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്റെ ജന്മാവകാശം ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്മാര്‍ക്കു നല്‍കപ്പെട്ടു. അങ്ങനെ അവന്‍ വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല. യൂദാ സഹോദരന്മാരുടെയിടയില്‍ പ്രബലനാവുകയും അവനില്‍നിന്ന് ഒരു നായകന്‍ ഉദ്ഭവിക്കുകയും ചെയ്തിട്ടും ജന്മാവകാശം ജോസഫിനുതന്നെ ആയിരുന്നു"(1 ദിനവൃത്താന്തം: 5; 1-2). യാക്കോബ് തന്റെ പൂര്‍വ്വപിതാക്കന്മാരില്‍നിന്നു വ്യത്യസ്തനായി എല്ലാ മക്കളെയും അവര്‍ അര്‍ഹിക്കുന്ന വിധത്തില്‍ അനുഗ്രഹിച്ചു. "അവന്‍ എല്ലാവരെയും അനുഗ്രഹിച്ചു. ഓരോരുത്തര്‍ക്കും ചേര്‍ന്നവിധത്തിലാണ് അവരെ അനുഗ്രഹിച്ചത്"(ഉത്പ: 49; 28). ഇത് വരാനിരിക്കുന്ന വലിയൊരു നന്മയ്ക്കായുള്ള മുന്നൊരുക്കമായിരുന്നു. യൂദാഗോത്രത്തില്‍നിന്നും ദാവീദിനെ ഉയര്‍ത്താനും, ദാവീദിന്റെ വംശാവലിയില്‍ ദൈവത്തിനു മനുഷ്യനായി ജനിക്കാനുമുള്ള മുന്നൊരുക്കം!

ഇസ്രായേലിന്റെ മകനായ ജോസഫിന്റെ കടിഞ്ഞൂല്‍ പുത്രന്‍ മനാസ്സെ ആയിരുന്നു. എന്നാല്‍, യാക്കോബിന്റെ അനുഗ്രഹം എപ്രകാരമായിരുന്നുവെന്നു നോക്കുക: "ജോസഫ് എഫ്രായിമിനെ തന്റെ വലത്തു കൈകൊണ്ടു പിടിച്ച് ഇസ്രായേലിന്റെ ഇടത്തു കൈക്കു നേരെയും, മനാസ്സെയെ ഇടത്തു കൈകൊണ്ടു പിടിച്ച് ഇസ്രായേലിന്റെ വലത്തു കൈക്കു നേരെയും നിര്‍ത്തി അവന്റെയടുത്തേക്കു കൊണ്ടുചെന്നു. എന്നാല്‍, ഇസ്രായേല്‍ കൈകള്‍ പിണച്ച് വലംകൈ ഇളയവനായ എഫ്രായിമിന്റെ തലയിലും ഇടംകൈ മനാസ്സെയുടെ തലയിലും ആണു വച്ചത്"(ഉത്പ: 48; 13, 14). ഇസ്രായേല്‍ ഇപ്രകാരം ചെയ്തത് ബോധപൂര്‍വ്വംതന്നെ ആയായിരുന്നുവെന്നത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദത്തിന്റെ കടിഞ്ഞൂല്‍ സന്തതിയായ കായേന്റെ ശാപം സകല കടിഞ്ഞൂലുകളെയും വേട്ടയാടി എന്നകാര്യം വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്! എന്നാല്‍, കടിഞ്ഞൂല്‍ അവകാശം എഫ്രായിമിനു ലഭിച്ചുവെങ്കിലും, ദൈവത്തിന്റെ ആദ്യജാതന്‍ എന്ന പദവി എങ്ങനെ ലഭിച്ചു എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട വിഷയം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അറിയിച്ചത് ഇസ്രായേലിന് അവിടുന്ന് പിതാവാണ് എന്നായിരുന്നു. അതിനാല്‍ത്തന്നെ, ഇസ്രായേല്‍ സന്തതികളില്‍ ഒരുവന്‍ മാത്രമായ എഫ്രായിം ആദ്യജാതനായി പരിഗണിക്കപ്പെടുകയെന്നത് വംശാവലി പ്രകാരമായിരിക്കില്ല. അതായത്, എഫ്രായിമിന്റെ പിതാക്കന്മാര്‍ക്കും അവിടുന്ന് പിതാവാണ്! ഇവിടെയാണ്‌ ജറെമിയാ അറിയിച്ച വാക്കുകളിലെ പ്രവചനം പ്രസക്തമാകുന്നത്.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മനുഷ്യപുത്രനായി ജനിച്ചുകൊണ്ട്, വിശ്വസിക്കുന്ന സകലരെയും മക്കളായി ദത്തെടുത്തു. മനുഷ്യപുത്രനായ യേഹ്ശുവായുടെ വംശാവലി പ്രകാരം അവിടുത്തേക്ക്‌ പിതാക്കന്മാരായി പരിഗണിക്കപ്പെടുന്നവര്‍പോലും ദൈവമക്കളായി മാറുന്നത് വിശ്വാസം വഴിയാണ്! യേഹ്ശുവായുടെ മനുഷ്യാവതാരത്തിനുമുമ്പ് മരിച്ചുപോയവര്‍ യാഹ്‌വെയിലുള്ള വിശ്വാസത്താലും, മ്ശിഹായുടെ വരവിനെക്കുറിച്ചുള്ള പ്രത്യാശയാലും മക്കളായി പരിഗണിക്കപ്പെട്ടു! ഈ വചനം നോക്കുക: "യേഹ്ശുവാ മ്ശിഹായിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്"(ഗലാ: 3; 26). വചനത്തിന്റെ തുടര്‍ച്ച ശ്രദ്ധിക്കുക: "ക്രിസ്തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ (മ്ശിഹായെ) ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേഹ്ശുവാ മ്ശിഹായില്‍ ഒന്നാണ്"(ഗലാ: 3; 27, 28). ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "യേഹ്ശുവാ മ്ശിഹാവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു"(എഫേ: 1; 5).

യേഹ്ശുവായുടെ പ്രതീകമാണ് എഫ്രായിം. അവിടുത്തെ പ്രതീകമായി എഫ്രായിമിനെ മാത്രമല്ല ബൈബിള്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. മറ്റൊരു പ്രതീകമായ മെല്‍ക്കിസെദേക്കിനെ നാം കണ്ടുകഴിഞ്ഞു. മനുഷ്യപുത്രന്റെ പ്രതീകമായി എഫ്രായിമിനെ നല്‍കിയതുപോലെ ദൈവപുത്രന്റെ പ്രതീകമായി മെല്‍ക്കിസെദേക്കിനെ നല്‍കി! ഇത് വ്യക്തമാക്കുന്ന വചനം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാം: "അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്"(ഫെബ്രാ: 7; 3). നിത്യപുരോഹിതനായ യേഹ്ശുവായ്ക്ക് പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല! എന്നാല്‍, മനുഷ്യപുത്രനായ യേഹ്ശുവായ്ക്ക് വംശപരമ്പരയും മാതാവുമുണ്ട്! ദാവീദിന്റെ പുത്രന്‍ എന്ന് അവന്‍ വിളിക്കപ്പെട്ടു! ദൈവമായ യേഹ്ശുവാ ദാവീദിന്റെ പുത്രനല്ല; മറിച്ച്, ദാവീദിന്റെ ദൈവമായിരുന്നു. അബ്രാഹത്തിനുമുമ്പ് അവിടുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ യേഹ്ശുവാ ജീവിക്കുകയും തന്റെ ജീവന്‍ ബലിയായി അര്‍പ്പിക്കുകയും ചെയ്തത് പരിപൂര്‍ണ്ണ മനുഷ്യന്‍ മാത്രമായിട്ടായിരുന്നു എന്നതു വ്യക്തമാക്കുന്ന ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേഹ്ശുവാ മരണത്തിനു അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു"(ഹെബ്രാ: 2 ; 9 ).

ഈ ഭൂമിയില്‍ യേഹ്ശുവാ ജീവിച്ചത് പരിപൂര്‍ണ്ണ മനുഷ്യനും പരിപൂര്‍ണ്ണ ദൈവവുമായിട്ടായിരുന്നു എന്ന് വാദിക്കുന്നവര്‍ ഈ വചനത്തിന്റെ അര്‍ത്ഥം വ്യക്തമാക്കിത്തരിക! ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവന്‍ എന്നതിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നത്? കന്യകാമാതാവ് ദൈവമാതാവാണോ മനുഷ്യപുത്രന്റെ അമ്മയാണോ എന്നതിന്റെ ഉത്തരം ഈ വചനത്തിലുണ്ട്. ചെവിയുള്ളവര്‍ കേള്‍ക്കുകയും സത്യം ഗ്രഹിക്കുകയും ചെയ്യട്ടെ! ആരംഭമോ അവസാനമോ ഇല്ലാത്ത ദൈവപുത്രന് മാതാവോ പിതാവോ വംശപരമ്പരയോ ഇല്ല. എന്നാല്‍, മനുഷ്യപുത്രന് മാതാവും പിതാവും വംശപരമ്പരയുമുണ്ട്. ദൈവമാണ് അവിടുത്തെ പിതാവ്; ദാവീദിന്റെ ഗോത്രമാണ് അവിടുത്തെ പരമ്പര; പരിശുദ്ധ കന്യകാമറിയമാണ് അവിടുത്തെ അമ്മ. എഫ്രായിം മനുഷ്യപുത്രന്റെ പ്രതീകവും, മെല്‍ക്കിസെദേക്ക് ദൈവപുത്രന്റെ പ്രതീകവുമാണ്! ആയതിനാല്‍, മനുഷ്യപുത്രന്റെ അമ്മയായ മറിയത്തെ ദൈവത്തിന്റെയോ ദൈവപുത്രന്റെയോ അമ്മയാക്കരുത്!

സ്വര്‍ഗ്ഗത്തിലായിരുന്ന യേഹ്ശുവാ ദൈവപുത്രനായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍ യേഹ്ശുവാ ദൈവമായിരുന്നതു കൂടാതെ, സ്വര്‍ഗ്ഗവാസികളെല്ലാം വിളിക്കപ്പെടുന്നത് ദൈവമക്കള്‍ എന്ന വിശേഷണത്താലാണ്. സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടാല്‍ നാമോരോരുത്തരും വിളിക്കപ്പെടുന്നത് ദൈവപുത്രന്മാരും ദൈവപുത്രിമാരും എന്നാണ്. ഈ രണ്ടുകാര്യങ്ങള്‍ക്കും ബൈബിളില്‍ തെളിവുണ്ട്. സ്വര്‍ഗ്ഗവാസികള്‍ ദൈവപുത്രന്മാര്‍ എന്ന് വിളിക്കപ്പെടുന്നതിന്റെ തെളിവ് നോക്കുക: "മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്ന് കണ്ട് ദൈവപുത്രന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു"(ഉത്പ: 6; 1, 2). സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍പ്പോലും വിളിക്കപ്പെടുന്നത് ദൈവപുത്രന്മാര്‍ എന്നാണെങ്കില്‍, ദൈവംതന്നെയായ യേഹ്ശുവാ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടാന്‍ സര്‍വ്വഥാ യോഗ്യനാണ്! എന്തെന്നാല്‍, കാലസമ്പൂര്‍ണ്ണതയില്‍ മനുഷ്യനായി കടന്നുവരേണ്ട യാഹ്‌വെയില്‍ പുത്രത്വവും നിലനിന്നിരുന്നു. ഈ ദൈവമാണ് തന്റെ ദൈവത്വം തന്നില്‍ നിലനിര്‍ത്താതെ മനുഷ്യനായി കടന്നുവന്നത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ യോഗ്യത ലഭിക്കുന്ന നമ്മുടെ അവസ്ഥയും ദൂതന്മാരുടെ അവസ്ഥയ്ക്കു സമമായിരിക്കുമെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും"(മത്താ: 22; 30). സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ ദൈവപുത്രന്മാരാണെന്നു നാം കണ്ടു. ദൂതന്മാര്‍ ദൈവപുത്രന്മാരായിത്തന്നെ സൃഷ്ടിക്കപ്പെട്ടുവെങ്കില്‍, മനുഷ്യപുത്രന്മാര്‍ ദൈവപുത്രന്മാരായി ദത്തെടുക്കപ്പെടുന്നു! ആയതിനാല്‍, യേഹ്ശുവാ ദൈവപുത്രനാണ്‌. ദൈവപുത്രനായ യേഹ്ശുവായ്ക്ക് മാതാവോ പിതാവോ വംശപരമ്പരയോ ഇല്ല. മനുഷ്യപുത്രനായി ജനിച്ച യേഹ്ശുവാ താന്‍ സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിയ തന്റെതന്നെ ദൈവത്വത്തെ പിതാവെന്നു വിളിച്ചു!

ഇതാ, നിന്റെ അമ്മ എന്ന വിഷയത്തിലേക്ക് പ്രവേശിക്കാന്‍ ഇനിയും വൈകുന്നില്ല. കുരിശില്‍ കിടന്നുകൊണ്ട് അവസാനമായി പറഞ്ഞ വചനങ്ങളില്‍ ഒന്നാണ് 'ഇതാ, നിന്റെ അമ്മ' എന്നത്. ബൈബിളില്‍ ഇത് രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "യേഹ്ശുവാ തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതുകണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു"(യോഹ: 19; 26, 27). ഇത് അരുളിച്ചെയ്തതിനുശേഷം രണ്ടു കാര്യങ്ങള്‍ മാത്രമേ അവിടുന്ന് പറഞ്ഞുള്ളൂ. സ്വര്‍ഗ്ഗത്തിലെ ദൈവത്തെ വിളിച്ചു നിലവിളിക്കുകയും തന്റെ ആത്മാവിനെ അവിടുത്തേക്കു സമര്‍പ്പിക്കുകയുമാണ് ചെയ്തത്. "യേഹ്ശുവാ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു"(ലൂക്കാ: 23; 46). മത്തായി, മര്‍ക്കോസ് എന്നീ സുവിശേഷകര്‍ യേഹ്ശുവായുടെ നിലവിളിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?"(മര്‍ക്കോ: 15; 34). യേഹ്ശുവായ്ക്കു കുടിക്കാന്‍ വിനാഗിരി കൊടുക്കുന്നതായി യോഹന്നാന്റെ സുവിശേഷത്തില്‍ വായിക്കാന്‍ കഴിയും. അവസാനമായി ലോകത്തോടു പറഞ്ഞ രണ്ടുകാര്യങ്ങളും യോഹന്നാനാണ് രേഖപ്പെടുത്തിയത്. "എനിക്കു ദാഹിക്കുന്നു"(യോഹ: 19; 28). "എല്ലാം പൂര്‍ത്തിയായിരിക്കുന്നു"(യോഹ: 19; 30). ഇതാ, നിന്റെ അമ്മ എന്ന് പറഞ്ഞതിനുശേഷം ലോകത്തോടായി പറഞ്ഞ രണ്ടു കാര്യങ്ങളാണ് ഇവ. അതായത്, ദൈവത്വത്തിലേക്കു തിരികേ പ്രവേശിക്കുന്നതിനു മുന്‍പ് അവസാനമായി പറഞ്ഞ വാക്കുകള്‍! എനിക്കു ദാഹിക്കുന്നു; എല്ലാം പൂര്‍ത്തിയായി!

ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ടത് ഒരു കാര്യമായി പരിഗണിക്കാതെ ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യനായി കടന്നുവന്ന യേഹ്ശുവായുടെ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടു. ദൈവീകതയിലേക്ക് തിരികെ പ്രവേശിക്കുന്നതിനുമുമ്പ് കന്യകാമറിയത്തെ യോഹന്നാന് അമ്മയായി നല്‍കി. ഇനിമേല്‍ താന്‍ മനുഷ്യന്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം യേഹ്ശുവായ്ക്ക് അറിയാമായിരുന്നു. മാതാവോ പിതാവോ വംശപരമ്പരയോ ഇല്ലാത്ത ദൈവത്വത്തിലേക്ക് തിരികേപ്രവേശിക്കുമ്പോള്‍, ഈ ഭൂമിയില്‍ തന്നെ അനുഗമിക്കുന്ന ദൈവജനത്തിന് അമ്മയായി പരിശുദ്ധ കന്യകാമറിയത്തെ യേഹ്ശുവാ നല്‍കി. മനുഷ്യപുത്രനായ യേഹ്ശുവായുടെ അമ്മ ഇനിമേല്‍ അവിടുത്തെ അനുയായികളുടെ അമ്മയാണ്. യേഹ്ശുവായുടെ ബലി പൂര്‍ത്തിയാകുന്ന നിമിഷംവരെ മാത്രമാണ് കന്യകാമറിയം അവിടുത്തെ അമ്മയായിരുന്നത്. ഇക്കാരണത്താല്‍ത്തന്നെ, അവസാന നിമിഷംവരെ കന്യകാമാതാവിനെ യോഹന്നാനോ മറ്റു ശിഷ്യന്മാര്‍ക്കോ നല്‍കിയില്ല. അന്ത്യത്താഴ വേളയില്‍ മറ്റു ശിഷ്യന്മാരോടൊപ്പം ചിലവഴിച്ച സമയത്തൊന്നും ഇങ്ങനെയൊരു കൈമാറ്റം പ്രഖ്യാപിക്കാതിരുന്നത്, കുറച്ചു മണിക്കൂറുകള്‍ക്കൂടി യേഹ്ശുവായ്ക്ക് മനുഷ്യനായി തുടരേണ്ടിയിരുന്നു എന്നതുകൊണ്ടാണ്. ആയതിനാല്‍, പരിശുദ്ധ കന്യകാമാതാവ് ദൈവമാതാവല്ല; മറിച്ച്, മനുഷ്യപുത്രന്റെ അമ്മയാണെന്നു നാം തിരിച്ചറിയണം. ഇതാ, നിന്റെ അമ്മ എന്ന് അരുളിചെയ്തുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തെ യോഹന്നാന് അമ്മയായി നല്‍കിയത് വളരെ ഗൗരവത്തോടെ മനസ്സിലാക്കണം.

പരിശുദ്ധ കന്യകാമാതാവിനെ തനിച്ചാക്കിപ്പോകാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് യേഹ്ശുവാ ഇപ്രകാരം ചെയ്തതെന്നു ചിന്തിക്കുന്ന അനേകരുണ്ട്. ദൈവത്തിന്റെ ശക്തിയും മഹത്വവും വേണ്ടവിധം മനസ്സിലാക്കാത്തവരാണ് ഇങ്ങനെ ചിന്തിക്കുന്നത്. ഈ പ്രപഞ്ചം മുഴുവനെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം കന്യകാമാതാവിനെ സംരക്ഷിക്കാന്‍ കഴിവില്ലെന്ന് ആരും കരുതരുത്. മാതാവിനെ സംരക്ഷിക്കാന്‍ യോഹന്നാന്റെയോ മാറ്റാരുടെയെങ്കിലുമോ സഹായം ദൈവത്തിന് ആവശ്യമില്ല! പരിശുദ്ധ കന്യകാമറിയത്തെ തന്നോടൊപ്പം സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകാനും അവിടുത്തേക്ക്‌ കഴിയുമായിരുന്നു. എന്നാല്‍, വരും തലമുറ ഈ അമ്മയെ ദൈവമാതാവായി തെറ്റിദ്ധരിക്കാതിരിക്കാന്‍, അല്പകാലംകൂടി അമ്മ ഈ ഭൂമിയില്‍ ജീവിക്കേണ്ടിയിരുന്നു. മാത്രവുമല്ല, യേഹ്ശുവായെ അനുഗമിക്കുന്ന സകലരുടെയും അമ്മയായി ഈ അമ്മ പരിഗണിക്കപ്പെടുക എന്നതും അവിടുത്തെ പദ്ധതിയുടെ ഭാഗമായിരുന്നു.

'കര്‍ത്താവിന്റെ' അമ്മ!

പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവായി പരിഗണിക്കുന്നവര്‍ എടുത്തുകാണിക്കുന്ന ഒരു വചനമുണ്ട്. ഇതാണ് ആ വചനം: "എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്?"(ലൂക്കാ: 1; 43). കര്‍ത്താവ് എന്ന അബദ്ധപദം വരുത്തിവച്ച അനേകം ദുരന്തങ്ങളില്‍ ഒന്നാണ് ഇവിടെയും സംഭവിച്ചത്. മനുഷ്യരെ വഞ്ചിക്കുന്ന സാത്താന്‍ സമ്മാനിച്ച ദുരന്തമാണ് 'കര്‍ത്താവ്' എന്ന പദം! സൈന്യങ്ങളുടെ ദൈവത്തിന്റെ നാമമായ 'യാഹ്‌വെ' എന്ന നാമത്തിനു പകരമായി സാത്താന്‍ പഠിപ്പിച്ച നാമമാണ് കര്‍ത്താവ്(ലോര്‍ഡ്‌) എന്നത്. ഇതേ പദംതന്നെ നാമമായും നാമവിശേഷണമായും ഉപയോഗിച്ചിട്ടുണ്ട്. 'കര്‍ത്താവായ യേശുക്രിസ്തു' എന്ന വിശേഷണമാണ് ഉദാഹരണം. ദൈവം, രക്ഷകന്‍ തുടങ്ങിയ പദവികള്‍ക്കും, യാഹ്‌വെ എന്ന നാമത്തിനും 'കര്‍ത്താവ്' എന്ന പദം ഉപയോഗിച്ചതിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. കര്‍ത്താവിന്റെ അമ്മ എന്ന പ്രയോഗത്തിലൂടെ പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവായി പരിഗണിക്കാന്‍ കാരണമായി. എന്നാല്‍, ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കുന്ന വചനം യഥാര്‍ത്ഥത്തില്‍ ഇപ്രകാരമാണ്: "എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ രക്ഷകന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്?"(ലൂക്കാ: 1; 41-43). രക്ഷകന്‍ എന്ന പദത്തിനു പകരമായി 'കര്‍ത്താവ്' എന്ന പദം പ്രയോഗിച്ചതിലൂടെ വന്ന ദുരന്തമാണിത്! രക്ഷകന്‍, പ്രഭു, നാഥന്‍, യജമാനന്‍ എന്നിങ്ങനെയുള്ള പദവികളെ സൂചിപ്പിക്കാന്‍ 'കര്‍ത്താവ്' അഥവാ 'ലോര്‍ഡ്‌' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതിനാല്‍, വിശ്വാസികള്‍ അനുഭവിക്കുന്ന ആശയസംഘര്‍ഷം ചെറുതല്ല. അനേകം പാഷാണ്ഡതകള്‍ ഉടലെടുക്കാന്‍ ഈ വാക്ക് കാരണമായിട്ടുണ്ട്. 

പരിശുദ്ധ കന്യകാമാതാവിനെ 'സ്ത്രീ' എന്ന് യേഹ്ശുവാ സംബോധന ചെയ്തതിനെക്കുറിച്ച് ചില പെന്തക്കോസ്തുകാര്‍ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നുണ്ട്. മാതാവിനോടുള്ള അനാദരവായി ഇതിനെ ഇവര്‍ മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കത്തോലിക്കാസഭയും മറ്റിതര അപ്പസ്തോലിക സഭകളും പരിശുദ്ധ കന്യകാമാതാവിനു നല്‍കിക്കൊണ്ടിരിക്കുന്ന പരിഗണനയില്‍ അസ്വസ്ഥരായ ചിലരാണ് അപകീര്‍ത്തിപരമായ പ്രചരണങ്ങളില്‍ ഏര്‍പ്പെടുന്നത്. ദൈവമാതാവായി ഉയര്‍ത്തിയതുപോലുള്ള വഴിവിട്ട മരിയഭക്തിയും ഇതിനു കാരണമായിട്ടുണ്ട്.എന്നാല്‍, 'സ്ത്രീ' എന്ന സംബോധനയിലൂടെ പരിശുദ്ധ കന്യകാമറിയത്തെ യേഹ്ശുവാ ബഹുമാനിക്കുകയായിരുന്നു. ഈ യാഥാര്‍ത്ഥ്യം മനസ്സിലാകണമെങ്കില്‍, ആദത്തെയും യേഹ്ശുവായെയും വ്യക്തമായി പഠിക്കണം. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍. ആദ്യമനുഷ്യന്‍ ഭൂമിയില്‍നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍"(1 കോറി: 15; 45-47). ആദത്തെയും യേഹ്ശുവായെയും തമ്മില്‍ ചേര്‍ത്തുവച്ചുകൊണ്ടുള്ള ഒരു വെളിപ്പെടുത്തലാണിത്. രണ്ടു മനുഷ്യരെ ഇവിടെ ദൃഷ്ടാന്തമാക്കിയിരിക്കുന്നു. ഒരു മനുഷ്യന്‍മൂലം പാപവും മരണവും കടന്നുവന്നുവെങ്കില്‍, മറ്റൊരു മനുഷ്യനിലൂടെ ഇവ രണ്ടും നീക്കംചെയ്യപ്പെട്ടു. ബൈബിള്‍ പറയുന്നു: "ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു"(റോമാ: 5; 12). ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആദം വരാനിരുന്നവന്റെ പ്രതിരൂപമായിരുന്നു"(റോമാ: 5; 14).

ആദം വരാനിരുന്നവന്റെ പ്രതിരൂപമായിരുന്നെങ്കില്‍, ഹവ്വാ വരാനിരുന്നവളുടെ പ്രതിരൂപമായിരുന്നു! ഇത് വ്യക്തമാക്കുന്ന സന്ദേശം ബൈബിളിലുണ്ട്. സൃഷ്ടിയുടെ പുസ്തകത്തില്‍ സര്‍പ്പത്തോടു യാഹ്‌വെ ഇപ്രകാരം പറയുന്നു: "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും"(ഉത്പ: 3; 15). അവന്‍ നിന്റെ തല തകര്‍ക്കും എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ആരാണ് ഈ അവന്‍? സകല മനുഷ്യരെയും സംബന്ധിക്കുന്ന ഒരു വെളിപ്പെടുത്തലായി ഇതിനെ കാണാന്‍ കഴിയില്ല. മറിച്ച്, യേഹ്ശുവായെക്കുറിച്ചുള്ള പ്രവചനമായിരുന്നു ഇത്! ഇവിടെ ഹവ്വായെ സ്ത്രീ എന്ന് സംബോധന ചെയ്തതും ഒരു പ്രവചനമായിരുന്നു. ഈ പ്രവചനത്തെ പൂര്‍ത്തിയാക്കാനാണ് മറിയത്തെ യേഹ്ശുവാ 'സ്ത്രീ' എന്നു സംബോധന ചെയ്തത്! ഉത്പത്തിയുടെ പുസ്തകത്തിലെ പ്രവചനം പൂര്‍ത്തീകരിച്ചുകൊണ്ട്‌ പരിശുദ്ധ കന്യകാമാതാവിനെ 'സ്ത്രീ' എന്ന് സംബോധന ചെയ്തതിലൂടെ യേഹ്ശുവാ തന്റെ അമ്മയെ രക്ഷകരപദ്ധതിയുടെ ഭാഗമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തു! ഈ മറിയത്തെ നമുക്ക് അമ്മയായി യേഹ്ശുവാ നല്‍കി! ഇതാ, നിന്റെ അമ്മ എന്നാണ് അവിടുന്ന് അരുളിച്ചെയ്തത്. ഇതാ, നമ്മുടെ അമ്മയെന്നോ, എന്റെ അമ്മയെന്നോ, ദൈവത്തിന്റെ അമ്മയെന്നോ പറഞ്ഞില്ല! അതായത്, ദൈവത്വത്തിലേക്ക് തിരികേ പ്രവേശിക്കുന്നതിനു മുന്‍പുതന്നെ യേഹ്ശുവാ അവിടുത്തെ അമ്മയെ നമുക്കു നല്‍കി! അവിടുന്ന് അമ്മയെ നമുക്ക് ആരായിട്ടാണോ നല്‍കിയത്, അതേ അവസ്ഥയില്‍ മാത്രമാണു നാം സ്വീകരിക്കേണ്ടത്.

ഈ വചനം നോക്കുക: "പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ: 10; 41). ഇതാ, നിന്റെ അമ്മ എന്ന് പറഞ്ഞുകൊണ്ട് യേഹ്ശുവാ നമുക്കു നല്കിയവളെ നമ്മുടെ അമ്മയായി സ്വീകരിക്കണം. ദൈവമാതാവായിട്ടല്ല പരിശുദ്ധ കന്യകാമാതാവിനെ അവിടുന്നു നമുക്കു നല്‍കിയത്. ദൈവം എന്തിനുവേണ്ടി അനുവദിച്ചിരിക്കുന്നുവോ, അതിനുവേണ്ടിയല്ലാതെ സ്വീകരിച്ചാല്‍ അത് അപകടം വരുത്തിവയ്ക്കും. പല വിഗ്രഹങ്ങളും കടന്നുവന്നത് ഇപ്രകാരമാണ്. ദൈവം എന്ത് ഉദ്ദേശത്തോടെ നല്‍കിയോ, അതില്‍നിന്നു വ്യത്യസ്തമായ കാര്യത്തിനായി ഉപയോഗിച്ചതിലൂടെ ഇസ്രായേല്‍ ജനത്തിനുമേല്‍ ശിക്ഷ കടന്നുവന്നിട്ടുണ്ട്. മരുഭൂമിയില്‍ മോശ ഉയര്‍ത്തിയ പിച്ചളസര്‍പ്പമാണ് ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയത് നോക്കാന്‍വേണ്ടി മാത്രമായിരുന്നു. "യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്തുക. ദംശനമേല്ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല"(സംഖ്യ: 21; 8). ഇതേ പിച്ചളസര്‍പ്പം ആരാധനയ്ക്കു പാത്രമായപ്പോള്‍ അത് അപകടമായി. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുമ്പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു. ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെയില്‍ അവന്‍ വിശ്വസിച്ചു"(2 രാജാ: 18; 4, 5). നല്കപ്പെട്ടിരിക്കുന്നതുപോലെ മാത്രമാണ് നാം സ്വീകരിക്കേണ്ടത്! നമുക്ക് അമ്മയായി നല്‍കപ്പെട്ടിരിക്കുന്ന കന്യകാമറിയത്തെ നമ്മുടെ അമ്മയായി സ്വീകരിക്കുക. ദൈവത്തിന്റെ അമ്മയാക്കാതിരിക്കുക!

വളരെ സൂക്ഷ്മത ആവശ്യമുള്ള മേഖലയാണ് ആദ്ധ്യാത്മികത. അല്പം ഉദാസീനത കടന്നുവരികയോ ജാഗ്രത നഷ്ടപ്പെട്ടു വ്യതിചലനം സംഭവിക്കുകയോ ചെയ്‌താല്‍ അനുഗ്രഹം ശാപമായി മാറും. നോട്ടം ആരാധനയിലേക്ക് വഴിമാറിയപ്പോള്‍ അനുഗ്രഹം ശാപമായി മാറി. പരിശുദ്ധ അമ്മയുടെ കാര്യത്തിലും ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഭക്തിയുടെ പരിധികള്‍ ലംഘിക്കപ്പെട്ടപ്പോള്‍ കന്യകാമറിയത്തിനുമേല്‍ ദൈവമാതൃത്വം ആരോപിക്കപ്പെട്ടു! വചനവിരുദ്ധമായ പ്രാര്‍ത്ഥനകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. ഇല്ലാത്ത കാര്യങ്ങള്‍ ആരോപിക്കുന്നതിലൂടെ മാതാവിനെ ആദരിക്കുകയാണെന്ന് ഇക്കൂട്ടര്‍ കരുതുന്നു. യഥാര്‍ത്ഥത്തില്‍ മാതാവിനെ നിങ്ങള്‍ ആദരിക്കുകയല്ല; അവഹേളിക്കുകയാണു ചെയ്യുന്നത്!

സൃഷ്ടാവിന്റെ മാതാവും സ്വര്‍ഗ്ഗത്തിന്റെ വാതിലും!

ജപമാല പ്രാര്‍ത്ഥനയില്‍ നന്മയുണ്ട്. എന്നാല്‍, ഈ പ്രാര്‍ത്ഥനയിലെ നന്മകള്‍ അംഗീകരിച്ചുകൊണ്ടുതന്നെ ചില അപകടങ്ങള്‍ ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ജപമാലയുടെ അനുബന്ധമായി നടത്തുന്ന പ്രാര്‍ത്ഥനയാണ് 'ലുത്തിനിയ'! ദൈവവചന വിരുദ്ധമായ അനേകം വിശേഷണങ്ങള്‍ നല്‍കിക്കൊണ്ട് മാതാവിനെ പുകഴ്ത്തുന്ന ഒരു പ്രാര്‍ത്ഥനയാണ് ഇത്. ലുത്തിനിയയിലെ വചനവിരുദ്ധത മനസ്സിലാക്കാത്തവര്‍ തെറ്റ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ അപകടകരമായ അവസ്ഥ തുറന്നുകാണിക്കേണ്ടത് മനോവയുടെ കടമയാണ്. ആയതിനാല്‍, ലുത്തിനിയയില്‍ തിരുകിക്കയറ്റിയ വചനവിരുദ്ധ വിശേഷണങ്ങള്‍ ഇവിടെ കുറിക്കുന്നു.

പരിശുദ്ധ കന്യകാമറിയം സൃഷ്ടാവിന്റെ മാതാവാണോ? ദൈവത്തിനു മാതാവോ പിതാവോ വംശപരമ്പരയോ ഇല്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, പരിശുദ്ധ കന്യകാമറിയത്തെ 'സൃഷ്ടാവിന്റെ മാതാവ്' എന്നു വിശേഷിപ്പിക്കുന്നത് ദൈവനിന്ദയാണ്! ആരാണ് സ്വര്‍ഗ്ഗത്തിന്റെ വാതില്‍? പരിശുദ്ധ കന്യകാമറിയത്തെ 'ആകാശ മോക്ഷത്തിന്റെ വാതില്‍' എന്ന് വിശേഷിപ്പിക്കുന്നത് വചനവിരുദ്ധമാണ്. യേഹ്ശുവാ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). യേഹ്ശുവായാണു സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വഴിയെന്ന്‍ പ്രഖ്യാപിച്ചത് അവിടുന്നുതന്നെയാണ്. അങ്ങനെയെങ്കില്‍ മാതാവിനെ സ്വര്‍ഗ്ഗത്തിന്റെ വാതിലാക്കിയത് ആരാണ്? യേഹ്ശുവായെ അറിയാത്തവരും ബൈബിള്‍ വായിച്ചിട്ടില്ലാത്തവരുമായ ഏതോ വിരുതന്മാര്‍ മാതാവിന്റെമേല്‍ ആരോപിച്ചതാണ് ഈ വിശേഷണം! യേഹ്ശുവാ വെളിപ്പെടുത്തിയ ഈ സത്യംകൂടി അറിഞ്ഞിരിക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍. എനിക്കു മുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും"(യോഹ: 10; 7-9). ആകാശ മോക്ഷത്തിന്റെ വാതില്‍ യേഹ്ശുവാ മാത്രമാണ്! മറ്റൊരു വാതില്‍ നിര്‍മ്മിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടു കാര്യമില്ല.

തമ്പുരാന്റെ പുണ്ണ്യജനനി എന്ന വിശേഷണം മാതാവിനു ചേരുന്നതാണോ? 'തമ്പുരാന്‍' എന്നത് ദൈവത്തെ സൂചിപ്പിക്കാനുള്ള വിശേഷണമായിട്ടാണ് മനോവ മനസ്സിലാക്കുന്നത്. ദൈവത്തെ തമ്പുരാന്‍ എന്ന് സംബോധന ചെയ്യുന്നതിനെ മനോവ അംഗീകരിക്കുന്നില്ലെങ്കിലും, മലയാളികളായ ക്രിസ്ത്യാനികളില്‍ പലരും ഈ പദം ഉപയോഗിക്കുന്നത് ദൈവത്തെ സൂചിപ്പിക്കാനാണ്. അങ്ങനെയെങ്കില്‍, തമ്പുരാന്റെ പുണ്ണ്യജനനി എന്ന വിശേഷണത്തിലൂടെ ഉദ്ദേശിക്കുന്നത് ദൈവത്തിന്റെ അമ്മ എന്നാണ്. ദൈവത്തിനു മാതാവോ പിതാവോ ഇല്ലെന്നു നാം മനസ്സിലാക്കിക്കഴിഞ്ഞു. വചനവിരുദ്ധമായ ഈ വിശേഷണത്തിലൂടെ ദൈവത്തെയും കന്യകാമറിയത്തെയും അപമാനിക്കുന്നു. ലുത്തിനിയയില്‍ ഇനിയുമുണ്ട് അനേകം അപകടകരമായ വിശേഷണങ്ങള്‍. ദാവീദിന്റെ കോട്ട എന്ന വിശേഷണത്തിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നത്? ഇസ്രായേല്‍ ജനത്തിന്റെ സംരക്ഷണം ദാവീദിന്റെ കോട്ടയായിരുന്നു! ഇത് ഭൗതീക സംരക്ഷണത്തിനുള്ള സംവീധാനമായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളു.

എന്നാല്‍, ഇസ്രായേലിന്റെ യഥാര്‍ത്ഥ സംരക്ഷണം ഈ കോട്ടയായിരുന്നില്ല. എന്താണ് യഥാര്‍ത്ഥ സംരക്ഷണമെന്ന് ദാവീദുതന്നെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: "അത്യുന്നതന്റെ സംരക്ഷണത്തില്‍ വസിക്കുന്നവനും സര്‍വ്വശക്തന്റെ തണലില്‍ കഴിയുന്നവനും, യാഹ്‌വെയോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും"(സങ്കീ: 91; 1, 2). തുടര്‍ന്നുള്ള വചനങ്ങളില്‍ യഥാര്‍ത്ഥ സംരക്ഷണം എന്താണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ സങ്കീര്‍ത്തനം നോക്കുക: "അവന്‍ സ്നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും"(സങ്കീ: 91; 14). യഥാര്‍ത്ഥ സംരക്ഷണം ഇതാണ്. അതായത്, തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനമാണ് ദാവീദിന്റെ യഥാര്‍ത്ഥ കോട്ട! യാഥാര്‍ത്ഥ്യമിതായിരിക്കെ, പരിശുദ്ധ കന്യകാമറിയം എങ്ങനെയാണു ദാവീദിന്റെ കോട്ടയായതെന്നു മനോവയ്ക്കറിയില്ല. പാപികളുടെ സങ്കേതം എന്നതാണ് മാതാവിനു നല്‍കിയിരിക്കുന്ന മറ്റൊരു വിശേഷണം. പാപികള്‍ക്കു മോചനം ലഭിക്കുന്നത് യേഹ്ശുവായിലുള്ള വിശ്വാസത്തിലൂടെയാണെന്നു വചനം നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ത്തന്നെ, പാപികളുടെ സങ്കേതം യേഹ്ശുവാ മാത്രമാണ്! അപ്പസ്തോലനായ പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍"(അപ്പ. പ്രവര്‍: 2; 38). പാപത്തില്‍നിന്നു മോചനം നേടാനുള്ള ഏക മാര്‍ഗ്ഗമാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ഏറ്റവും ഗുരുതരവും പൈശാചികവുമായ ഒരു വിശേഷണം ലുത്തിനിയയില്‍ മാതാവിനു നല്‍കിയിട്ടുണ്ട്. 'ഉഷകാലത്തിന്റെ നക്ഷത്രം' എന്ന വിശേഷണത്തിലാണ് പൈശാചികത അടങ്ങിയിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിനു നല്‍കിയിരിക്കുന്ന ഈ വിശേഷണത്തെ ഗൗരവമായി നാം കാണണം. എന്തെന്നാല്‍, പിശാചിനെക്കുറിച്ചാണ് ഇങ്ങനെയൊരു വിശേഷണം ബൈബിള്‍ നല്‍കിയിരിക്കുന്നത്. ഈ വചനം നോക്കുക: "ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും"(ഏശയ്യാ: 14; 12, 13). ആരെയാണ് ഇവിടെ ഉഷകാല നക്ഷത്രം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്? ഉഷസ്സ് എന്ന വാക്കിന്റെ അര്‍ത്ഥം പ്രഭാതമെന്നാണ്. അതായത്, ഉഷകാല നക്ഷത്രം എന്നാല്‍ പ്രഭാതനക്ഷത്രം  എന്ന് അര്‍ത്ഥം! പിശാചിനെ വിശേഷിപ്പിച്ചിരിക്കുന്ന അതേ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് മാതാവിനെ വിശേഷിപ്പിക്കുന്നുവെങ്കില്‍, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടാ! മാതാവിനോടുള്ള സ്നേഹവും ബഹുമാനവുമാണോ ഈ വിശേഷണത്തിലൂടെ നാം മനസ്സിലാക്കേണ്ടത്?

ഇനിയുമുണ്ട് ചില വിചിത്രമായ പ്രാര്‍ത്ഥനകള്‍. സര്‍വ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ എന്നാണ് ഒരു പ്രാര്‍ത്ഥന! ഈ പ്രാര്‍ത്ഥന തയ്യാറാക്കിയ ആളുകള്‍തന്നെ അര്‍ത്ഥംകൂടി പറഞ്ഞുതന്നാല്‍ നന്നായിരുന്നു. സര്‍വ്വേശ്വരന്‍ എന്നതുതന്നെ ദൈവം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പദമാണ്. അങ്ങനെയെങ്കില്‍, ദൈവത്തിന്റെ പരിശുദ്ധ ദൈവമാതാവേ എന്നു വിളിച്ചാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. ദൈവത്തിന്റെ ദൈവമാതാവ് എന്ന വിശേഷണത്തെ വിചിത്രമായ ഭോഷ്ക്ക് എന്നല്ലാതെ എന്തുപറയാന്‍! ഭക്തി അതിരുകടന്നപ്പോള്‍, വായില്‍തോന്നുന്ന സകല വാക്കുകളും വിശേഷണങ്ങളാക്കി. ദൈവനിഷേധ പദങ്ങള്‍ മാത്രമല്ല, പിശാചിന്റെ പര്യായ പദങ്ങള്‍പോലും മാതാവിനെ വിശേഷിപ്പിക്കാന്‍ ഏറ്റെടുത്തു!

മരിയഭക്തിയുടെ ഭാഗമെന്ന നിലയില്‍ 'മരിയന്‍' ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്ന ധ്യാനഗുരുക്കന്മാരും ഇന്നുണ്ട്. നാം ധ്യാനിക്കേണ്ടത് കന്യകാമറിയത്തെയാണോ? രക്ഷയ്ക്കായി നമുക്കു നല്‍കിയിരിക്കുന്ന നാമം പരിശുദ്ധ അമ്മയുടെ നാമമാണോ? അപ്പസ്തോലനായ പത്രോസ് ആധികാരികമായി നടത്തിയ പ്രഖ്യാപനം ഇതാണ്: "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 12). യേഹ്ശുവാ എന്ന നാമമല്ലാതെ മറ്റൊരു നാമവും നമുക്കു രക്ഷ നല്കില്ല! ദൈവത്തിന്റെ രക്ഷ മനുഷ്യര്‍ക്കു നല്‍കാന്‍ അവിടുത്തേക്ക്‌ ഒരു സഹായിയുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെ, പരിശുദ്ധ കന്യകാമാതാവിനെ സഹ രക്ഷക എന്ന് സംബോധന ചെയ്യുന്നത് തികച്ചും തെറ്റാണ്! സ്ഥലപ്പേരു ചേര്‍ത്ത് മാതാവിനെ സംബോധന ചെയ്യുന്നതും അവമതിയാണ്. എന്തെന്നാല്‍, സ്ഥലപ്പേരു ചേര്‍ത്ത് സംബോധന ചെയ്യുന്നത് വേശ്യകളെയാണ്. ഒരു വേശ്യയായിരുന്നതുകൊണ്ടാണ് മഗ്ദലേന മറിയം എന്ന് അവള്‍ അറിയപ്പെടാന്‍ കാരണം. നമ്മുടെ നാടുകളിലും സ്ഥലപ്പേരു ചേര്‍ത്ത് അറിയപ്പെടുന്നത് എങ്ങനെയുള്ള സ്ത്രീകളാണെന്ന് നമുക്കറിയാം. പരിശുദ്ധ അമ്മയെ അനേകം പേരുകളില്‍ വിളിക്കുന്നത് മഹത്വമായി ആരും കരുതരുത്! ഫാത്തിമ, ലൂര്‍ദ്ദ്, വേളാങ്കണ്ണി, വല്ലാര്‍പാടം തുടങ്ങിയ അനേകം സ്ഥലപ്പേരുകള്‍ മാതാവിനോടു ചേര്‍ത്തുവച്ചിട്ടുണ്ട്. കൊരട്ടി മുത്തിയെന്നുപോലും വിളിച്ച് മാതാവിനെ അപമാനിക്കുന്നു!

പരിശുദ്ധ കന്യകാമാതാവിന്റെ പേരിലാണ് ഏറ്റവുമധികം ആത്മീയ ചൂഷണം നടക്കുന്നത്. പ്രതിമകളില്‍നിന്ന് രക്തക്കണ്ണീരും പാലും തേനും ഒഴുകുന്നതു മാത്രമല്ല, വ്യാജ പ്രത്യക്ഷീകരണവും ആത്മീയ ചൂഷണത്തിന്റെ ഭാഗമായി അരങ്ങേറുന്നു! മാതാവിന്റെ പ്രത്യക്ഷീകരണത്തെ സംബന്ധിച്ച് മനോവയില്‍നിന്ന് ഒരു നിഷേധ വാക്ക് ആരും പ്രതീക്ഷിക്കേണ്ടാ. എന്നാല്‍, എല്ലാ പ്രത്യക്ഷീകരണങ്ങളെയും അംഗീകരിക്കാന്‍ മനോവ തയ്യാറുമല്ല. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും വേഷത്തിലും കാണപ്പെടുന്നത് മാതാവാണെന്ന അബദ്ധചിന്തയിലല്ല മനോവ നിലകൊള്ളുന്നത്. കറുത്ത മാതാവും വെളുത്ത മാതാവും ഉറങ്ങുന്ന മാതാവുമൊക്കെ കച്ചവടത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് മനോവയ്ക്കുണ്ട്. ദൈവവചന വിരുദ്ധമായ സന്ദേശങ്ങളുമായി ഊരുചുറ്റുന്ന സ്ത്രീയായി മാതാവിനെ പരിഗണിക്കുന്നത് തികച്ചും പൈശാചികമാണ്. 'അവന്‍ പറയുന്നതുപോലെ ചെയ്യുക' എന്ന ഒരു സന്ദേശത്തിനപ്പുറം മറ്റൊരു സന്ദേശവും പരിശുദ്ധ അമ്മ നല്‍കില്ല. ഓരോരുത്തരും താന്താങ്ങള്‍ വച്ചുപുലര്‍ത്തുന്ന ബോധ്യത്തെ സാധൂകരിക്കാനുള്ള കുറുക്കുവഴിയായി മാതാവിന്റെ പ്രത്യക്ഷീകരണം പ്രഖ്യാപിക്കാറുണ്ട്‌. അസ്വീകാര്യമായ ആശയങ്ങളെ സ്വീകാര്യമാക്കാനും തങ്ങളുടെ ആശയങ്ങള്‍ക്ക് ആധികാരികതയുണ്ടാക്കാനും അനേകര്‍ മാതാവിന്റെ പ്രത്യക്ഷീകരണം പ്രഖ്യാപിക്കുന്നത് നാം തിരിച്ചറിയണം. തങ്ങളുടെ ആത്മീയ ബോധ്യങ്ങളെ പിന്തുണയ്ക്കുന്ന ആശയങ്ങളുമായി കടന്നുവരുന്ന വ്യക്തിയായി മാതാവിനെ പലരും പരിഗണിക്കുന്നു. ഇവര്‍ക്കൊക്കെ പ്രത്യക്ഷപെട്ട 'കന്യകാമറിയം' ഒരിക്കല്‍പ്പോലും യേഹ്ശുവായുടെ യഥാര്‍ത്ഥ നാമം വെളിപ്പെടുത്തിയിട്ടുമില്ല. മുപ്പത്തിമൂന്നു വര്‍ഷം താന്‍ വിളിച്ച നാമം മാതാവു മറന്നുപോയെന്നു കരുതാന്‍ മനോവയ്ക്കാകില്ല!

വേഷംമാറി നടക്കുന്ന ഒരാളായി പരിശുദ്ധ കന്യകാമറിയത്തെ ആരും ചിന്തിക്കരുത്. പൂവന്‍പഴം കൊടുക്കാത്തവരെ വയറുവേദനകൊണ്ടു പീഡിപ്പിക്കുന്ന മൂര്‍ത്തിയായും മാതാവിനെ ആരും കാണരുത്. ഇതൊന്നും മാതാവിനോടുള്ള സ്നേഹമോ ഭക്തിയോ അല്ല! ദൈവത്തിനു മാത്രം നല്‍കേണ്ട വിശേഷണങ്ങള്‍ മാതാവിനു ചാര്‍ത്തുന്നതും മരിയഭക്തിയായി പരിഗണിക്കാന്‍ കഴിയില്ല. 'ഉഷകാല നക്ഷത്രം' എന്ന പിശാചിന്റെ വിശേഷണം മാതാവിനു ഭൂഷണവുമല്ല! കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വ്യത്യസ്തമായ വര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് യേഹ്ശുവായുടെ അമ്മയായ മറിയമാണോ?

പരിശുദ്ധ കന്യകാമറിയമേ, മനുഷ്യപുത്രനു ജന്മം നല്‍കിയ അമ്മേ, സകല ക്രിസ്ത്യാനികളുടെയും മാതാവേ, ഞങ്ങള്‍ക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കേണമേ!

ഉപസംഹാരം!

ആരംഭമോ അവസാനമോ ഇല്ലാത്ത ദൈവപുത്രന് മാതാവോ പിതാവോ വംശപരമ്പരയോ ഇല്ല. ദൈവപുത്രനായ യേഹ്ശുവാ ആരുടെയെങ്കിലും ഉദരത്തില്‍ ജനിച്ചിട്ടുമില്ല. എന്നാല്‍, മനുഷ്യപുത്രന് മാതാവും പിതാവും വംശപരമ്പരയുമുണ്ട്. ദൈവമാണ് അവിടുത്തെ പിതാവ്; ദാവീദിന്റെ ഗോത്രമാണ് അവിടുത്തെ പരമ്പര; പരിശുദ്ധ കന്യകാമറിയമാണ് അവിടുത്തെ അമ്മ. അതായത്, മനുഷ്യപുത്രനായ യേഹ്ശുവാ കന്യകാമറിയത്തിന്റെ ഉദരത്തില്‍ ജനിച്ചു. എഫ്രായിം മനുഷ്യപുത്രന്റെ പ്രതീകവും, മെല്‍ക്കിസെദേക്ക് ദൈവപുത്രന്റെ പ്രതീകവുമാണ്! ആയതിനാല്‍, മനുഷ്യപുത്രന്റെ അമ്മയായ മറിയത്തെ ദൈവത്തിന്റെയോ ദൈവപുത്രന്റെയോ അമ്മയാക്കരുത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5502 views

LOG IN

Lost your password?

SIGN UP

LOST PASSWORD