അറിഞ്ഞിരിക്കാന്‍

മെത്രാന്‍ ഏകഭാര്യയുടെ ഭര്‍ത്താവായിരിക്കണം?!

Print By
about

03 - 11 - 2018

പ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്ന ക്രൈസ്തവസഭകളില്‍ പ്രമുഖസ്ഥാനത്തുള്ളത് കത്തോലിക്കാസഭയാണെന്നു നമുക്കറിയാം. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളും ചില പ്രൊട്ടസ്റ്റന്റ്‌ സഭകളും അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. ഈ സഭകളിലെല്ലാം ബലിപീഠ ശുശ്രൂഷകരായി വൈദീകരെയും മെത്രാന്മാരെയും അഭിഷേകം ചെയ്യുന്നു. ആംഗ്ലിക്കന്‍സഭയും ഈ സഭയുടെ പാരമ്പര്യത്തിലുള്ള CSI, മാര്‍ത്തോമാ എന്നീ സഭകളിലും മെത്രാന്മാരുണ്ട്. ചില സ്വകാര്യസഭകളില്‍പ്പോലും പരിണാമത്തിന്റെ അനന്തരഫലമായി മെത്രാന്മാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത്തരത്തില്‍ മെത്രാന്‍ പദവി അലങ്കരിക്കുന്ന ഒരു സുവിശേഷകനാണ് ബിഷപ്‌ കെ പി യോഹന്നാന്‍. ലൂഥറന്‍ സഭയിലും മെത്രാന്മാരെ അഭിഷേകം ചെയ്യുന്ന രീതി നിലവിലുണ്ട്. സ്ത്രീകള്‍ക്കുപ്പോലും മെത്രാന്‍ പദവി നല്‍കുന്ന സമൂഹമാണ് ലൂഥറന്‍സഭ! മെത്തഡിസ്റ്റ് അടക്കം മറ്റുചില സഭകളിലും മെത്രാന്മാരെ വാഴിക്കുന്നുണ്ട്. എന്നാല്‍, മെത്രാന്റെ ജീവിത വ്രതത്തെ സംബന്ധിച്ച്, ഓരോ സഭകളിലും വ്യത്യസ്തമായ ആശയങ്ങളാണ് നിലനില്‍ക്കുന്നത്. സ്ത്രീകളുടെ മെത്രാന്‍ പദവി, മെത്രാന്റെ സന്യാസജീവിതം തുടങ്ങി, പലകാര്യങ്ങളിലും സഭകള്‍ തമ്മില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലലനില്‍ക്കുന്നു. മെത്രാന്റെ വിവാഹം ഒരു ചര്‍ച്ചയാകുന്നത് ഇവിടെയാണ്‌!

മെത്രാന്‍ വിവാഹിതനായിരിക്കണം എന്നകാര്യത്തില്‍ സംശയമില്ലാത്തത് നവീനസഭകള്‍ക്കു മാത്രമാണെന്നു നമുക്കറിയാം. മെത്രാനോ വൈദീകനോ ഇല്ലാത്തതും വൈദീകസംവീധാനത്തെ പരസ്യമായി പരിഹസിക്കുന്നവരുമായ ഈ സമൂഹത്തിന്റെ ഏറ്റവും വലിയ ആകുലത കത്തോലിക്കാസഭയിലെ മെത്രാന്മാര്‍ വിവാഹം കഴിക്കാത്തതിലാണ്! എന്തിലും തങ്ങളുടേതായ ഒരു 'ടച്ച്' വേണമെന്നു വാശിയുള്ളവരാണിവര്‍! ഭാഷയിലും പ്രാര്‍ത്ഥനകളിലും ഈ 'തനതുഭാവം' ഇവര്‍ കാത്തുസൂക്ഷിക്കുന്നു! മദ്ധ്യതിരുവിതാംകൂറില്‍ രൂപംകൊണ്ട പ്രസ്ഥാനങ്ങളായതുകൊണ്ട് കോഴിക്കോട്ടുകാരും തങ്ങളുടെ ഭാഷയില്‍ പത്തനംതിട്ടയെ അനുകരിക്കാന്‍ അതീവജാഗ്രത പുലര്‍ത്താറുണ്ട്. അതായത്, ഒരു ഏകീകൃത 'സിവില്‍കോഡ്' കാത്തുസൂക്ഷിക്കാന്‍ ഇവര്‍ പെടാപ്പാടുപെടുന്നു! സ്വന്തമായി മെത്രാനില്ലെങ്കിലും, മറ്റുള്ളവരുടെ മെത്രാന്മാര്‍ എങ്ങനെയായിരിക്കണം എന്നകാര്യത്തില്‍ ഇവര്‍ക്കു വ്യക്തമായ നിലപാടുണ്ട്. എന്തെന്നാല്‍, അവര്‍ വിവാഹിതരായിരിക്കണം എന്നാതാണ് ഇവരുടെ നിര്‍ബ്ബന്ധം. അതിനായി പൗലോസ് അപ്പസ്തോലന്റെ ഒരു ഉപദേശം, മറ്റു വചനങ്ങളെയെന്നപോലെ വളച്ചൊടിക്കുന്നു! ആയതിനാല്‍, ഇന്ന് നാം ചിന്തിക്കുന്നത് മെത്രാനെ സംബന്ധിച്ചുള്ള നിയമങ്ങളാണ്! 

"മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും ഏകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസത്ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. അവന്‍ മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം. അവന്‍ തന്റെ കുടുംബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുംബത്തെ ഭരിക്കാന്‍ അറിഞ്ഞുകൂടാത്തവന്‍ ദൈവത്തിന്റെ സഭയെ എങ്ങനെ ഭരിക്കും? അവന്‍ പുതുതായി വിശ്വാസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാല്‍ അവന്‍ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്ഷാവിധിക്കര്‍ഹനായിത്തീര്‍ന്നെന്നുവരും. കൂടാതെ, അവന്‍ സഭയ്ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം; അല്ലെങ്കില്‍, ദുഷ്കീര്‍ത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നുവരാം"(1 തിമോ: 3; 2-7).

'ഏകഭാര്യയുടെ ഭര്‍ത്താവ്' എന്ന സൂചനയാണ് 'സ്വകാര്യ സ്വതന്ത്ര പരമാധികാര സഭകള്‍' തെറ്റിദ്ധരിച്ചിരിക്കുന്നത്. മറ്റൊരു തെറ്റിദ്ധാരണമൂലം സ്വന്തം മക്കള്‍ക്കു സ്നാനം നിഷേധിക്കുന്ന കാര്യം നമുക്കെല്ലാം അറിവുള്ളതാണ്! വചനത്തെ വചനംകൊണ്ടു വ്യാഖ്യാനിക്കണം എന്ന പരമപ്രധാനമായ സത്യം ഗ്രഹിക്കുന്നതില്‍ വന്ന പോരായ്മയാണ് ഈ സ്വകാര്യസഭകളുടെ വിവരക്കേടുകള്‍ക്ക് ആധാരം! ആയതിനാല്‍, വചനത്തെ വചനംകൊണ്ടുതന്നെ വ്യാഖ്യാനിച്ചുകൊണ്ട് മെത്രാന്‍ എങ്ങനെയായിരിക്കണമെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം. 'മെത്രാന്‍ ഏകഭാര്യയുടെ ഭര്‍ത്താവായിരിക്കണം' എന്ന ഉപദേശത്തിലൂടെ എല്ലാ മെത്രാന്മാരും നിര്‍ബ്ബന്ധമായി വിവാഹം കഴിച്ചിരിക്കണം എന്ന സന്ദേശമാണോ നല്‍കിയിരിക്കുന്നത്? ഈ വിഷയം പഠിച്ചതിനുശേഷം മറ്റ് ഉപദേശങ്ങളില്‍ കൃത്യത വരുത്താം.

കത്തോലിക്കാസഭയിലും ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളിലും ശുശ്രൂഷചെയ്യുന്ന മെത്രാന്മാര്‍ക്ക് വിവാഹം അനുവദിച്ചിട്ടില്ല. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളിലെ വൈദീകര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദമുണ്ടെന്ന് ചിന്തിക്കുന്നവര്‍ പുറത്തുള്ള സഭകളിലുണ്ട്. എന്നാല്‍, ഇത് അടിസ്ഥാനരഹിതമായ ധാരണയാണ്. എന്തെന്നാല്‍, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, വൈദീകരായി അഭിഷിക്തരാകുന്നതിനു മുന്‍പുതന്നെ വിവാഹം കഴിച്ചിരിക്കണം എന്നതാണ് ആ സഭകളിലെ നിയമം. അതായത്, അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും വൈദീകശുശ്രൂഷയില്‍ പങ്കാളികളാകാന്‍ സാധിക്കും. അവിവാഹിതരായ വൈദീകരില്‍നിന്നാണ് മെത്രാനായി ഒരുവന്‍ ഉയര്‍ത്തപ്പെടുന്നത്. വിവാഹിതരായ വൈദീകരെ മെത്രാന്‍സ്ഥാനത്തിനു പരിഗണിക്കുന്ന രീതി ഓര്‍ത്തഡോക്സ്-യാക്കോബായ സകളിലില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, വിവാഹിതരെ  വൈദീകരാകാന്‍ അനുവദിക്കുമെങ്കിലും, വിവാഹിതരായ വൈദീകര്‍ക്ക് മെത്രാനാകാന്‍ കഴിയില്ല.

അതുപോലെതന്നെ, വിവാഹിതനായ ഒരു വ്യക്തിക്ക് വൈദീകനാകാന്‍ കത്തോലിക്കാസഭയില്‍ അനുവാദമില്ലെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍, അതും അടിസ്ഥാനരഹിതമായ ധാരണയാണ്. അവിവാഹിതരെയാണ് കത്തോലിക്കാസഭ വൈദീകശുശ്രൂഷയിലേക്ക് പരിഗണിക്കുന്നതെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹിതരെയും പരിഗണിക്കാറുണ്ട്. ഭാര്യയുടെ മരണാനന്തരം മറ്റു ബാധ്യതകള്‍ ഒന്നുമില്ലെങ്കില്‍, അവനെ വൈദീകനാകാന്‍ കത്തോലിക്കാസഭ അനുവദിക്കുന്നു. അതുപോലെതന്നെ, വിവാഹിതരെ വൈദീകശുശ്രൂഷയ്ക്ക് പരിഗണിക്കുന്ന സഭകളില്‍നിന്ന് ഒരു വൈദീകന് കത്തോലിക്കാസഭയില്‍ ചേരാന്‍ അവസരമൊരുങ്ങിയാല്‍, അവനു തന്റെ വൈവാഹികബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ കത്തോലിക്കാസഭയില്‍ വൈദീകശുശ്രൂഷ ചെയ്യാന്‍ സാധിക്കും. വിവാഹിതര്‍ക്കു വൈദീകശുശ്രൂഷ അനുവദിച്ചിട്ടുള്ള സഭകള്‍ കത്തോലിക്കാസഭയില്‍ ഐക്യപ്പെട്ടു ലയിക്കുമ്പോഴും, വൈദീകര്‍ക്ക് തത്സ്ഥിതി തുടരാന്‍ സാധിക്കും. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകളില്‍നിന്ന്‍ കത്തോലിക്കാസഭയിലേക്ക് കടന്നുവന്ന് ഐക്യപ്പെട്ടവരുടെ സമൂഹമാണ് 'സീറോമലങ്കര റീത്ത്'! കത്തോലിക്കാസഭയിലേക്കു വരുമ്പോള്‍ അവര്‍ വിവാഹിതരായിരുന്നുവെങ്കില്‍ അത് തുടരാം. എന്നാല്‍, കത്തോലിക്കാസഭയുടെ ഭാഗമായതിനുശേഷം ഇവര്‍ പിന്തുടരേണ്ടത് ആഗോളസഭയുടെ നിയമങ്ങളായിരിക്കും.

വൈദീകരെയും മെത്രാന്മാരെയും സംബന്ധിച്ച് കത്തോലിക്കാസഭ പിന്തുടരുന്ന നിയമങ്ങളെയും പാരമ്പര്യങ്ങളെയും വിശകലനം ചെയ്തുകൊണ്ട് ഈ പഠനം നമുക്കു തുടരാം. അതിനായി, ആദിമസഭയുടെ പാരമ്പര്യങ്ങളില്‍നിന്നു വ്യത്യസ്തമായ പാരമ്പര്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ ഏതൊക്കെയെന്നും, അത്തരം പാരമ്പര്യങ്ങളെ ഏതെങ്കിലും വിധത്തില്‍ ന്യായീകരിക്കാന്‍ കഴിയുന്നതാണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.

ആദിമസഭയിലെ മെത്രാന്മാരും ആധുനികസഭയിലെ മെത്രാന്മാരും!

തിമോത്തിയോസിന് എഴുതിയ ഒന്നാം ലേഖനത്തിന്റെ മൂന്നാം അദ്ധ്യായത്തില്‍ വായിക്കുന്ന രണ്ടാമത്തെ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നതില്‍ ചെറിയൊരു പിശകുണ്ട്. മലയാളത്തില്‍ നാം വായിക്കുന്നത് 'മെത്രാന്‍ ഏകഭാര്യയുടെ ഭര്‍ത്താവായിരിക്കണം' എന്നാണെങ്കില്‍, ജര്‍മ്മന്‍ ഭാഷയിലെ പരിഭാഷ ഇങ്ങനെയാണ്: "Deshalb soll der Bischof ein Mann ohne Tadel sein, nur einmal verheiratet, nüchtern, besonnen, von würdiger Haltung, gastfreundlich, fähig zu lehren; er sei kein Trinker und kein gewalttätiger Mensch, sondern rücksichtsvoll; er sei nicht streitsüchtig und nicht geldgierig"(1 Timotheus: 3; 2, 3). ഈ വചനത്തില്‍ അടിവരയിട്ടിരിക്കുന്ന വരിയുടെ അര്‍ത്ഥം, മെത്രാന്‍ ഒരിക്കല്‍ മാത്രം വിവാഹം കഴിച്ച വ്യക്തിയായിരിക്കണം എന്നാണ്! അതായത്, വിവാഹം കഴിക്കണം എന്ന സന്ദേശമല്ല ഇവിടെ നല്‍കിയിരിക്കുന്നത്; മറിച്ച്, ഒരു വിവാഹത്തില്‍ കൂടുതല്‍ പാടില്ല എന്ന സന്ദേശമാണ്! തിമോത്തിയോസിന് ലേഖനം എഴുതുന്ന കാലത്ത് ഒന്നിലധികം വിവാഹം കഴിച്ച വ്യക്തികളുണ്ടായിരുന്നു എന്ന് നമുക്കറിയാം. അങ്ങനെയുള്ള വ്യക്തികളെ മെത്രാന്‍സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന സന്ദേശമാണ് പൗലോസ് നല്‍കിയിരിക്കുന്നത്. വിവാഹിതനായിരിക്കണം എന്ന സന്ദേശത്തിനപ്പുറം, ഒന്നിലധികം വിവാഹം ചെയ്തവര്‍ക്ക് മെത്രാനാകാന്‍ അനുവാദമില്ല എന്ന ഉപദേശം ഗ്രഹിക്കുക!

യഹൂദരുടെയും ഇസ്രായേലിന്റെയും നിയമപ്രകാരം ഒന്നിലധികം വിവാഹങ്ങള്‍ അനുവദനീയമാണ്. പൂര്‍വ്വപിതാക്കന്മാരുടെ കാലത്തു നിലനിന്ന ഈ പാരമ്പര്യത്തെ നിയമമൂലം മോശ നിരോധിച്ചിട്ടില്ല. യേഹ്ശുവായുടെ കാലത്തും അതിനുശേഷവും നിയമത്തില്‍ വ്യത്യാസമുണ്ടായിട്ടില്ല. എന്നാല്‍, വിവാഹമോചനത്തെ സംബന്ധിച്ചുള്ള നിയമത്തെ വിശദമാക്കിത്തരാന്‍ യേഹ്ശുവാ തയ്യാറായി. മോശയുടെ നിയമപ്രകാരം ഒരുവന് തന്റെ ഭാര്യയെ ഉപേക്ഷാപത്രം കൊടുത്ത് ഒഴിവാക്കാം. ഇപ്രകാരം ഒഴിവാക്കുന്നതിനു കര്‍ശനമായ നിബന്ധനകളുണ്ടായിരുന്നു. എന്നാല്‍, കാലപ്പഴക്കത്തില്‍ എല്ലാ നിബന്ധനകളിലും പഴുതുകള്‍ സൃഷ്ടിക്കപ്പെട്ടു. ആയതിനാലാണ് യേഹ്ശുവാ ഈ നിയമം വ്യാഖ്യാനിച്ചത്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ക്ക് ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്പിച്ചിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു"(മത്താ: 5; 31, 32). മോശയുടെ നിയമത്തെ കണിശതയോടെ പാലിക്കുന്നവരെ സംബന്ധിച്ചിടത്തോളം, യേഹ്ശുവാ അറിയച്ചതുതന്നെയാണ് മോശയുടെ നിയമത്തിന്റെയും അന്തഃസത്ത!

ഇഷ്ടംപോലെ ഒരുവനു ഭാര്യയെ ഉപേക്ഷിക്കാന്‍ മോശയുടെ നിയമം അനുശാസിക്കുന്നില്ല. അങ്ങനെയൊരു അനുശാസനമുണ്ടായിരുന്നെങ്കില്‍ മലാക്കി പ്രവാചകന്‍ ഇപ്രകാരം പറയുമായിരുന്നോ? പ്രവാചകന്റെ വാക്കുകള്‍ ഇങ്ങനെ വായിക്കുന്നു: "ഏകശരീരവും ഏകാത്മാവുമായിട്ടല്ലേ ദൈവം നിങ്ങളെ സൃഷ്ടിച്ചത്. ദൈവഭക്തരായ സന്തതികളെ അല്ലാതെ എന്താണു ദൈവം ആഗ്രഹിക്കുന്നത്? അതുകൊണ്ട് യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു"(മലാക്കി: 2; 15, 16). യേഹ്ശുവാ അരുളിച്ചെയ്തതും ഇതുതന്നെയാണ്. ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെതന്നെയാണ് യേഹ്ശുവാ എന്നതിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണിത്. കാലാനുസൃതമായി മാറുന്നതല്ല അവിടുത്തെ നിയമങ്ങളെന്നും ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു. വിവാഹമോചനം എന്ന വിഷയത്തെ മാത്രം പരിഗണനയിലെടുത്താല്‍, നിയമം നല്‍കിയ കാലംമുതല്‍ മാത്രമല്ല, മനുഷ്യനു തുണയായി ഭാര്യയെ നല്‍കിയ നാള്‍മുതല്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വെറുക്കുന്ന ഒന്നാണ് വിവാഹമോചനം! ഇതില്‍നിന്നു വ്യത്യസ്തമായ ഒരു നിയമം ആധുനിക ഇസ്രായേലിനുമില്ല. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഒന്നിലധികം ഭാര്യമാര്‍ ഒരു വ്യക്തിക്ക് അനുവദനീയമാകുന്നതെന്ന് ആരെങ്കിലും സംശയിച്ചേക്കാം.

ഒരു പുരുഷനു തന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍, അവളുമായുള്ള വൈവാഹികബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കാന്‍ നിയമതടസ്സമില്ല. എന്നാല്‍, അത് അവന്റെ പ്രഥമ ഭാര്യയുടെ അനുവാദത്തോടെയായിരിക്കണം എന്നുമാത്രം. കായേനുശേഷം അവന്റെ നാലാം തലമുറയില്‍ ജനിച്ച 'ലാമെക്' മുതലാണ്‌ ബഹുഭാര്യാത്വത്തിന്റെ സൂചന ബൈബിളില്‍ വായിക്കാന്‍ കഴിയുന്നത്. ഈ വചനം നോക്കുക: "ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു- ആദായും സില്ലായും"(ഉത്പ: 4; 19). രണ്ടു ഭാര്യമാര്‍ എന്ന സൂചനയെ പലരീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും. പ്രഥമ ഭാര്യയുടെ മരണശേഷം മറ്റൊരുവളെ പരിഗ്രഹിച്ചാലും രണ്ടു ഭാര്യമാര്‍ എന്ന പ്രയോഗം അര്‍ത്ഥവത്താണ്. ഒരേസമയം രണ്ടു സ്ത്രീകളുടെ ഭര്‍ത്താവായിരിക്കാനും ഒരുവനു സാധിക്കും. എന്നാല്‍, ലാമെക്കിന്റെ കാര്യത്തില്‍ ഒരേസമയം രണ്ടുഭാര്യമാര്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് പിന്നീടുള്ള വചനങ്ങള്‍. ഈ വചനം ശ്രദ്ധിക്കുക: "ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാമെക്കിന്റെ ഭാര്യമാരേ, എനിക്കു ചെവി തരുവിന്‍"(ഉത്പ: 4; 23).

അബ്രാഹത്തിന്റെ ഭാര്യയായ സാറാ, അവളുടെ ദാസിയെ തന്റെ ഭര്‍ത്താവിനു ഭാര്യയായി നല്‍കുന്നത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കുന്നു: "കാനാന്‍ദേശത്തു പത്തുവര്‍ഷം താമസിച്ചു കഴിഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറായി ദാസിയായ ഈജിപ്തുകാരി ഹാഗാറിനെ തന്റെ ഭര്‍ത്താവിനു ഭാര്യയായി നല്‍കി"(ഉത്പ: 16; 3). ഇവരെക്കൂടാതെ അബ്രാഹത്തിനു വേറെയും ഭാര്യമാരുണ്ടായിരുന്നു. ഒരു സൂചന നോക്കുക: "അബ്രാഹം കെത്തൂറാ എന്നു പേരായ ഒരു സ്ത്രീയെ വിവാഹം ചെയ്തു"(ഉത്പ: 25; 1). യാക്കോബിന് രണ്ടു ഭാര്യമാരെക്കൂടാതെ ഉപനാരിമാരും ഉണ്ടായിരുന്നതായി നമുക്കറിയാം. അമ്മാവന്റെ പുത്രിമാരായ ലെയാ, റാഹേല്‍ എന്നിവര്‍ യാക്കോബിന്റെ ഭാര്യമാരും, ഇവരുടെ പരിചാരികമാരായ ബില്‍ഹാ, സില്‍ഫാ എന്നിവര്‍ ഉപനാരിമാരുമായിരുന്നു. യാക്കോബിന്റെ മക്കളായ ഇസ്രായേല്‍ജനം മുഴുവനും പിന്തുടര്‍ന്നത് ഈ പാരമ്പര്യംതന്നെയാണ്! അതായത്, മോശയുടെ നിയമത്തിലും ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത് വിവാഹമോചനം നടത്തിയതിനുശേഷം മറ്റൊരു വിവാഹം ചെയ്തുകൊണ്ടാകരുത്.

ഏറ്റവുമധികം വിവാഹം ചെയ്ത വ്യക്തി സോളമന്‍രാജാവായിരുന്നു. സോളമന്റെ വിവാഹങ്ങളുമായി ബന്ധപ്പെട്ട് ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: "സോളമന്‍രാജാവ് അനേകം വിദേശ വനിതകളെ പ്രേമിച്ചു. ഫറവോയുടെ മകളെയും മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നീ അന്യവംശത്തില്‍പ്പെട്ട സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു; നിങ്ങള്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്. അവര്‍ നിങ്ങളുമായും; അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് അവരെക്കുറിച്ച് യാഹ്‌വെ അരുളിച്ചെയ്തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രേമിച്ചു. അവനു രാജ്ഞിസ്ഥാനമുള്ള എഴുന്നൂറു ഭാര്യമാരും മുന്നൂറ് ഉപനാരികളും ഉണ്ടായിരുന്നു. അവര്‍ അവന്റെ ഹൃദയം വ്യതിചലിപ്പിച്ചു. സോളമനു വാര്‍ദ്ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു"(1 രാജാ: 11; 1-4). സോളമന്റെ വിവാഹങ്ങളുടെ എണ്ണം ആയിരുന്നില്ല അവനില്‍ യാഹ്‌വെ കണ്ട തിന്മ; മറിച്ച്, വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന നിയമം ലംഘിച്ചതാണ് സോളമന്റെ അപരാധമായി ദൈവമായ യാഹ്‌വെ കണ്ടത്!

ക്രിസ്തീയതയെ സംബന്ധിച്ചുള്ള അവസാനവാക്ക് യേഹ്ശുവായുടെതാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് അവിടുത്തെ പ്രബോധനം ശ്രദ്ധിക്കുക: "ഫരിസേയര്‍ അടുത്തുചെന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താല്‍ ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ: 19; 3-6). പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കരുതെന്നു കല്പിച്ചതും യേഹ്ശുവാതന്നെയാണ്. ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ പരിഗ്രഹിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നുവെന്നും, ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നുവെന്നും അവിടുന്ന് ഉദ്ബോധിപ്പിച്ചു! ഈ പ്രബോധനംകൂടി ശ്രദ്ധിക്കുക: "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു"(മത്താ: 19; 9). ക്രിസ്തീയതയില്‍ ഇതാണ് നിയമമെങ്കില്‍, മെത്രാന്‍ ഏകഭാര്യയുടെ ഭര്‍ത്താവായിരിക്കണം എന്ന് അപ്പസ്തോലന്‍ ഉപദേശിച്ചത് എന്തുകൊണ്ടായിരിക്കും?

ഭാര്യയെ ഉപേക്ഷിക്കാതെതന്നെ വേറെയും ഭാര്യമാരെ സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. വിവാഹമോചനത്തെ മാത്രമാണ് ദൈവം വിലക്കിയിരിക്കുന്നത്. നിലവിലുള്ള ഭാര്യയും രാജ്യത്തിന്റെ നിയമവും അനുവദിക്കുന്നുവെങ്കില്‍, ഒന്നിലധികം വിവാഹങ്ങള്‍ അനുവദനീയമാണ്. ക്രൈസ്തവ സഭകളില്‍ ഇത് അനുവദിക്കാത്തത് ലോകത്തിന്റെ നിയമത്തോടു സമന്വയപ്പെട്ടതുകൊണ്ടും, കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടുമാകാം. ഏകഭാര്യയുടെ ഭര്‍ത്താവും ഏകഭര്‍ത്താവിന്റെ ഭാര്യയും എന്ന സംവീധാനമാണ് ആരോഗ്യപരമായ കുടുംബജീവിതത്തിന് ഏറ്റവും അഭികാമ്യം! പൂര്‍വ്വപിതാവായ യാക്കോബിന്റെ ജീവിതത്തെപ്പോലും ഭാര്യമാര്‍ അലോസരപ്പെടുത്തിയിട്ടുണ്ട്. സഹോദരിമാരായിരുന്നിട്ടുപോലും ആ ഭാര്യമാര്‍ പരസ്പരം കലഹിച്ചിരുന്നുവെങ്കില്‍, രണ്ടു ഭവനത്തില്‍നിന്നുള്ള സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലല്ലോ! രണ്ടോ അതിലധികമോ ഭാര്യമാരുള്ള ഒരുവനെ മെത്രാനാക്കിയാലുള്ള അവസ്ഥ എത്രകണ്ട് ദാരുണമായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു!

നിയമംമൂലം വിലക്കിയിട്ടില്ലെങ്കില്‍ക്കൂടി, ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിനെ ദൈവം പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. ആദത്തിന് അവിടുന്ന് നല്‍കിയത് ഒരു ഭാര്യയെ മാത്രമാണ്. നീതിമാനായിരുന്ന നോഹിനും ഒരു ഭാര്യയെയാണ് അവിടുന്ന് അനുവദിച്ചത്. ലോത്തിന്റെയും അവന്റെ മൂന്നു മക്കളുടെയും കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അബ്രാഹം സാറയെക്കൂടാതെ മറ്റൊരുവളെ സ്വീകരിച്ചത് ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നില്ല; മറിച്ച്, സാറയുടെ നിര്‍ബ്ബന്ധപ്രകാരമായിരുന്നു. അബ്രാഹത്തിന്റെ വാഗ്ദത്തപുത്രനായ ഇസഹാക്കിന് ഒരു ഭാര്യ മാത്രമേയുണ്ടായിരുന്നുള്ളു. യാക്കോബിന്റെ കാര്യത്തില്‍ രണ്ടു വിവാഹം കഴിക്കാന്‍ കാരണമായത് അമ്മായിയപ്പന്റെ വഞ്ചനമൂലമായിരുന്നു. റാഹേലിനെ വിവാഹം കഴിക്കാനാഗ്രഹിച്ച യാക്കോബിനു ലെയയെ ഭാര്യയായി നല്‍കിയതുകൊണ്ടാണ് രണ്ടാമതും വിവാഹം കഴിക്കാന്‍ യാക്കോബ് നിര്‍ബ്ബന്ധിതനായത്. ഉപനാരിമാരെ സ്വീകരിച്ചതാകട്ടെ, ഭാര്യമാരുടെ മത്സരവും റാഹേലിനെ താത്ക്കാലികമായി ബാധിച്ച വന്ധ്യതയും നിമിത്തമായിരുന്നു. ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്, ബഹുഭാര്യാത്വം അനുവദനീയമാണെങ്കിലും അതിനെ ദൈവം പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്! ചില ഘട്ടങ്ങളില്‍ ബഹുഭാര്യാത്വം അനിവാര്യമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതുകൊണ്ടാണ് നിയമംമൂലം ദൈവം അത് നിരോധിക്കാത്തത്.

ഏതെങ്കിലുമൊരു പ്രത്യേക സാഹചര്യത്തില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ തിരോധാനമൂലം ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകാം. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് സ്ഥിരീകരിക്കപ്പെടാത്ത അനേകം തിരോധാനങ്ങള്‍ നമുക്കു ചുറ്റിലും സംഭവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒറ്റപ്പെടുന്ന വ്യക്തികള്‍ക്ക് നീതിനിഷേധിക്കാന്‍ പാടില്ല. ജീവിച്ചിരിക്കുന്നുവെങ്കിലും മൃതാവസ്ഥയിലായ ഭാര്യയെ ശുശ്രൂഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഭൂമിയിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഭാര്യയെ ഉപേക്ഷിക്കാതെതന്നെ മറ്റൊരുവളെ സ്വീകരിക്കുന്നതില്‍ അനീതിയില്ല! രണ്ടാമതു സ്വീകരിക്കുന്ന പങ്കാളി ആദ്യത്തെ പങ്കാളിയെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും തയ്യാറാകുമെന്ന ഉറപ്പ് ഇവിടെ അനിവാര്യമാണ്. ഇതുപോലുള്ള സാഹചര്യങ്ങളിലെല്ലാം മറ്റൊരു വിവാഹത്തിന്റെ ആവശ്യകത സ്വാഭാവികമാണ്. എന്നാല്‍, ആദ്യത്തെ പങ്കാളിയെ ഉപേക്ഷിക്കുന്നത് വചനവിരുദ്ധമായതുകൊണ്ട് അത് അനുവദിക്കുന്നില്ല. ബഹുഭാര്യാത്വത്തെ നിയമംമൂലം ദൈവം നിരോധിക്കാത്തതിന്റെ സാംഗത്യമാണ് ഇവിടെ വ്യക്തമാക്കിയത്. എന്നിരുന്നാലും, കത്തോലിക്കാസഭയില്‍ ഇങ്ങനെയുള്ള വിവാഹം ഇപ്പോള്‍ അംഗീകരിക്കപ്പെടുന്നില്ല!

ദൈവത്തിന്റെ മക്കളുടെ വൈവാഹിക ജീവിതങ്ങളെ സംബന്ധിച്ചുള്ള അവിടുത്തെ ഹിതമാണ് നാമിവിടെ പരിശോധിച്ചത്. മെത്രാന്‍ ഏകഭാര്യയുടെ ഭര്‍ത്താവായിരിക്കണം എന്ന ഉപദേശത്തിനു പിന്നിലെ കാരണം അറിയണമെങ്കില്‍ ഈ പരിശോധനകള്‍ അനിവാര്യമായിരുന്നു. ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുകയെന്നത് ഇസ്രായേല്‍ജനത്തിനോ ഇസ്രായേലിന്റെ പൂര്‍ണ്ണതയായ ക്രൈസ്തവര്‍ക്കോ നിഷിദ്ധമല്ല. അതിനാല്‍ത്തന്നെ, ഒന്നിലധികം ഭാര്യമാരുള്ള ദൈവമക്കള്‍ ആദിമസഭയിലുണ്ടായിരുന്നു. എന്നാല്‍, മെത്രാന്‍സ്ഥാനത്തേക്ക് ഒരുവനെ പരിഗണിക്കുമ്പോള്‍, അവന്‍ ഏകഭാര്യയുടെ ഭര്‍ത്താവേ ആകാവു എന്നാണ് അപ്പസ്തോലന്‍ ഉപദേശിച്ചത്. മറിച്ച്, വിവാഹം കഴിക്കാത്തവര്‍ക്ക് മെത്രാനാകാന്‍ പാടില്ലെന്ന വിവക്ഷ ഈ ഉപദേശത്തിലില്ല. ഒന്നിലധികം ഭാര്യമാരുള്ള ഒരു വ്യക്തിയുടെ കുടുംബജീവിതം എത്രത്തോളം കലുഷിതമായിരിക്കുമെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഭാര്യമാരുടെ കലഹങ്ങള്‍ പരിഹരിക്കുന്നതിനിടയില്‍ സഭയുടെ കാര്യം ശ്രദ്ധിക്കാന്‍ അവനു കഴിയില്ല. ഇരു ഭാര്യമാരിലുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ നേരാംവണ്ണം വളര്‍ത്തുന്നതുതന്നെ, സഭയുടെ കാര്യനിര്‍വ്വാഹണത്തെക്കാള്‍ പ്രയാസമേറിയതായിരിക്കും. വീട്ടിലെ പ്രശ്നങ്ങള്‍ നിലനില്‍ക്കെ, സഭയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ രണ്ടും നിയന്ത്രണാതീതമായി മാറും. ഒരു മെത്രാന്‍ അവിവാഹിതനായിരിക്കേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്‌!

ആദിമസഭയില്‍ ചേര്‍ക്കപ്പെട്ട വ്യക്തികളില്‍ അധികവും കുടുംബജീവിതം നയിച്ചിരുന്ന വ്യക്തികളാകാനാണ് കൂടുതല്‍ സാധ്യത. അതിനാല്‍ത്തന്നെ, മെത്രാന്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നത് അവരില്‍ ഒരുവനെയായിരിക്കും. ആ സന്ദര്‍ഭത്തില്‍, ഏകാഭാര്യയുടെ ഭര്‍ത്താവിനെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന ഉപദേശമാണ് പൗലോസ് നല്‍കിയത്. മെത്രാന് അനിവാര്യമായ ഗുണഗണങ്ങള്‍ വിശദീകരിച്ചിരിക്കുന്നത് പരിശോധിച്ചാല്‍ അപ്പസ്തോലന്‍ ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലാകും. ഈ ഭാഗം ശ്രദ്ധിക്കുക: "അവന്‍ തന്റെ കുടുംബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുംബത്തെ ഭരിക്കാന്‍ അറിഞ്ഞുകൂടാത്തവന്‍ ദൈവത്തിന്റെ സഭയെ എങ്ങനെ ഭരിക്കും?"(1 തിമോത്തി: 3; 4, 5). വിവാഹം അനിവാര്യമാണെന്ന ഉപദേശം ഇവിടെയില്ലെന്നതിനു വേറെയും തെളിവുകളുണ്ട്. അപ്പസ്തോലന്റെ ഈ ഉപദേശം നോക്കുക: "അവിവാഹിതന്‍ യേഹ്ശുവായെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച് യേഹ്ശുവായുടെ കാര്യങ്ങളില്‍ തത്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു. അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു"(1 കോറി: 7; 32-34). ദൈവശുശ്രൂഷകര്‍ക്കുള്ള ഉപദേശമാണിത്. അപ്പസ്തോലന്‍ തുടര്‍ന്നു പറയുന്നു: "ഞാന്‍ ഇതു പറയുന്നത് നിങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണ്; നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക് ഉചിതമായ ജീവിതക്രമവും യേഹ്ശുവായെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്"(1 കോറി: 7; 35).

ഇങ്ങനെയൊരു ഉപദേശം നല്‍കിയ പൗലോസ് അപ്പസ്തോലനില്‍നിന്ന് വിവാഹം നിര്‍ബ്ബന്ധമാണെന്ന ഉപദേശംകൂടി ആരെങ്കിലും പ്രതീക്ഷിക്കരുത്. മെത്രാനെന്നോ വൈദീകനെന്നോ വ്യത്യാസമില്ലാതെ, മുഴുവന്‍ സമയ ദൈവീകശുശ്രൂഷകര്‍ മറ്റു ബാധ്യതകളില്‍നിന്ന്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് അഭികാമ്യം. എന്തെന്നാല്‍, ദൈവീകശുശ്രൂഷയില്‍ വ്യാപരിക്കുന്ന വ്യക്തികള്‍ക്ക് സ്വന്തം കുടുംബത്തെ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. രണ്ടു മേഖലയിലും പരാജയപ്പെടുന്നതിനെക്കാള്‍, ഏതെങ്കിലുമൊന്നില്‍ വിജയിക്കുന്നതാണ് ഉത്തമം! ഇത് മുഴുവന്‍ സമയ ശുശ്രൂഷകരെ സംബന്ധിച്ചുള്ള ഉപദേശമാണ്. മെത്രാനെ സംബന്ധിച്ചിടത്തോളം അവന്‍ മുഴുവന്‍ സമയ ശുശ്രൂഷകനാണെന്നു നമുക്കറിയാം. ആദിമസഭയില്‍ ഏകഭാര്യയുടെ ഭര്‍ത്താവാകാം എന്ന ഔദാര്യം മെത്രാനു നല്‍കിയിരുന്നുവെങ്കില്‍, അന്നത്തെ സഭ ജറുസലേമിലും സമീപ പ്രദേശങ്ങളിലും ഒതുങ്ങുന്നതായിരുന്നു. ഇന്നത്തെ സഭയുടെ വലിപ്പത്തിനനുസരിച്ചുള്ള ഉത്തരവാദിത്വവും വര്‍ദ്ധിച്ചിരിക്കുന്നു. ആയതിനാല്‍, മറ്റു ബാധ്യതകള്‍ ഇല്ലാത്ത വ്യക്തിയെ മാത്രമേ മെത്രാന്‍സ്ഥാനത്തേക്കു പരിഗണിക്കാവൂ! ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം, അവന്‍ ഏത് മേഖലയിലായിരുന്നാലും അവിടെ ദൈവീകശുശ്രൂഷ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു. ആയതിനാല്‍, ഓരോരുത്തരും അവരവര്‍ക്കു ലഭിച്ചിരിക്കുന്ന വിളിയോടു വിശ്വസ്തത പുലര്‍ത്തുക.

ആദിമസഭയില്‍ മെത്രാന്മാരെ തിരഞ്ഞെടുത്തിരുന്നത് ഇന്നത്തെ രീതിയിലായിരുന്നില്ല. വൈദീകരില്‍നിന്നു മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് ഇന്നുള്ളതെന്നു നമുക്കറിയാം. എന്നാല്‍, ആദിമസഭയില്‍ വൈദീകരെന്ന വിഭാഗം ഉണ്ടായിരുന്നില്ല. സഭയെ (ദൈവജനത്തെ)ഉപദേശിക്കാനും അതിന്റെ അനുദിന കാര്യങ്ങള്‍ നിവര്‍ത്തിക്കാനുമായി മെത്രാന്മാരെയും ഡീക്കന്മാരെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. അഞ്ചാംശതകം വരെ ഇതായിരുന്നു സഭയുടെ രീതി. ദൈവജനത്തെ പഠിപ്പിക്കുകയും അവരുടെ ആത്മീയ ചിന്തകളെ ഉജ്ജ്വലിപ്പിക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ് മെത്രാന്മാരില്‍ നിക്ഷിപ്തമായിരുന്നത്. ലോകത്തിന്റെ കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതല്ല; മറിച്ച്, സ്വര്‍ഗ്ഗരാജ്യത്തെ സംബന്ധിച്ചുള്ള അറിവില്‍ ജനത്തെ പരിപൂര്‍ണ്ണരാക്കാന്‍ മെത്രാന്മാര്‍ക്ക് ചുമതലയുണ്ടായിരുന്നു. സഭാമക്കള്‍ അന്യദേവന്മാരിലേക്ക് ആകൃഷ്ടരാകാതിരിക്കാനുള്ള കരുതലും ജാഗ്രതയും  പുലര്‍ത്തുന്നവരായിരുന്നു അന്നത്തെ മെത്രാന്മാര്‍! സഭയിലേക്കു കടന്നുവരുന്ന ഓരോ വിശ്വാസിയുടെയും ആത്മാവിനെ നിത്യതയ്ക്കുവേണ്ടി കാത്തുസൂക്ഷിക്കാന്‍ ചുമതലപ്പെട്ടരാണിവര്‍.

ആടുകളും ഇടയനും തമ്മിലുള്ള ബന്ധമാണ് വിശ്വാസികളും മെത്രാനും തമ്മിലുള്ളത്. ആടുകളെ മേയ്ക്കുവാനും യഥാര്‍ത്ഥ ആലയിലേക്കു നയിക്കാനും മെത്രാന് ഉത്തരവാദിത്വമുണ്ട്. എന്തെന്നാല്‍, ഇടയന്മാരല്ല ആടുകളുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍; മറിച്ച്, ഇവര്‍ ആടുകളെ പരിപാലിക്കാന്‍ ഉടമസ്ഥന്‍ ഏല്പിച്ച കൂലിക്കാര്‍ മാത്രമാണ്! ഒരാടിനെപ്പോലും നഷ്ടപ്പെടുത്താതെ, ഉടമസ്ഥനുവേണ്ടി അവയ്ക്കു കാവലായിരിക്കുവാന്‍ നിയോഗിക്കപ്പെട്ടവനാണ് ഇടയന്‍! എന്തെന്നാല്‍, ഉടമസ്ഥന് ഓരോ ആടുകളെയും അറിയാം. അവന്റെ മുന്‍പില്‍ കണക്കുബോധിപ്പിക്കുമ്പോള്‍, നഷ്ടപ്പെട്ട ആടുകളെപ്രതി ഇടയന്‍ പ്രഹരിക്കപ്പെടും! മെത്രാന്‍ എന്ന പദവിയിലിരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വം വളരെ വലുതാണ്‌. ആദിമസഭയിലെ മെത്രാന്മാര്‍ തങ്ങളുടെ ചുമതല കര്‍ശനമായി നിറവേറ്റിയതുകൊണ്ടാണ് സഭ ആഗോളതലത്തില്‍ വളര്‍ന്നത്. വിശ്വാസത്തെപ്രതി ജീവന്‍ അര്‍പ്പിക്കാന്‍ ഇടയന്മാരോടൊപ്പം ആടുകളും സന്നദ്ധരായത് പഠിപ്പിക്കലിന്റെ മഹത്വംകൊണ്ടാണ്. ആടുകള്‍ ആത്മാവില്‍ ജ്വലിക്കുന്നവിധത്തില്‍ അന്നത്തെ ഇടയന്മാര്‍ അവരെ പഠിപ്പിച്ചു. എന്നാല്‍, ഇന്നത്തെ ഇടയന്മാരുടെ അവസ്ഥ എന്താണെന്നു നമുക്കറിയാം. അബദ്ധങ്ങളുടെ മാറാപ്പുപേറുന്നവരായി ഇടയന്മാര്‍ അധഃപതിക്കുകയും ദൈവവചനത്തില്‍നിന്നു പരിപൂര്‍ണ്ണമായി അകന്നുപോകുകയും ചെയ്തു. ഇവര്‍ ഇന്നു പഠിപ്പിക്കുന്നത് ലോകത്തിന്റെ ആശയങ്ങളാണ്!

ആദിമസഭയിലെ ഡീക്കന്മാര്‍ ചെയ്തിരുന്ന ശുശ്രൂഷകൂടി ഇടയന്മാര്‍ ഏറ്റെടുത്തു എന്നതാണ് മറ്റൊരു ദുരവസ്ഥ! അന്ന് ഡീക്കന്മാര്‍ ചെയ്തിരുന്ന ശുശ്രൂഷ എന്തായിരുന്നുവെന്നു ശ്രദ്ധിക്കുക: "ശിഷ്യരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്പിക്കാം. ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം. അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്‌തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു. അവരെ അപ്പസ്‌തോലന്‍മാരുടെ മുമ്പില്‍ നിര്‍ത്തി. അവര്‍ പ്രാര്‍ത്ഥിച്ചിട്ട് അവരുടെമേല്‍ കൈകള്‍ വച്ചു"(അപ്പ. പ്രവര്‍: 6; 1-6). ഇവരായിരുന്നു സഭയിലെ ആദ്യത്തെ ഡീക്കന്മാര്‍.

അപ്പസ്തോലന്മാരും മുഴുവന്‍ സമയ വചനശുശ്രൂഷകരും സാമ്പത്തിക കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. ഈ ഉത്തരവാദിത്വം ഭരമേല്പിക്കപ്പെട്ടത് ഡീക്കന്മാരിലായിരുന്നു. മെത്രാന്മാര്‍ വഹിക്കുന്നത് അപ്പസ്തോലന്മാരുടെ സ്ഥാനമാണ്. അതിനാല്‍ത്തന്നെ, അപ്പസ്തോലന്മാര്‍ വഹിച്ചിരുന്ന ശുശ്രൂഷയാണ് മെത്രാന്മാര്‍ പിന്തുടരേണ്ടത്. അതായത്, ഒരുവന്‍ മെത്രാനാണെന്നു നാം തിരിച്ചറിയുന്നത് അവരുടെ വേഷഭൂഷാദികള്‍ കണ്ടായിരിക്കരുത്; മറിച്ച്, അപ്പസ്തോലന്മാരുടെ ശുശ്രൂഷകള്‍ അവര്‍ ചെയ്യുന്നതു കണ്ടായിരിക്കണം. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഓരോരുത്തരും ചെയ്യുന്ന പ്രവൃത്തിയിലൂടെയാണ് അവന്റെ സ്ഥാനം വെളിപ്പെടേണ്ടത്. സാമ്പത്തിക മേല്‍നോട്ടം വഹിക്കുന്നവനെ ഡീക്കനായി കണ്ടാല്‍മതി! സുവിശേഷം പ്രസംഗിക്കുകയും ക്രിസ്തുവിന്റെ പുനരാഗമനത്തിനായി സഭാമക്കളെ ഒരുക്കുകയും ചെയ്യുന്നവരെ അപ്പസ്തോലിക പദവി വഹിക്കുന്ന മെത്രാനായി പരിഗണിക്കാം! മെത്രാനില്‍ ആവശ്യപ്പെടുന്ന യോഗ്യതകള്‍ പരിശോധിച്ചാല്‍, ഇന്നത്തെ സഭയില്‍ ആരെല്ലാമാണ് മെത്രാന്മാര്‍ എന്ന് മനസ്സിലാക്കാന്‍ സാധിക്കും!

മെത്രാന്മാരുടെ യോഗ്യതകള്‍!

വിവാഹവുമായി ബന്ധപ്പെട്ട് മെത്രാന്‍ എങ്ങനെയായിരിക്കണം എന്നകാര്യം നാം പരിശോധിച്ചുകഴിഞ്ഞു. തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിന്റെ മൂന്നാം അദ്ധ്യായത്തിലാണ് ഇക്കാര്യം പൗലോസ് വ്യക്തമാക്കിയത്. ആ ഉപദേശത്തില്‍ത്തന്നെ, ഒരു മെത്രാനുവേണ്ട എല്ലാ യോഗ്യതകളെയും സംബന്ധിച്ച് അപ്പസ്തോലന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദിമസഭ വളര്‍ച്ചയുടെ ഘട്ടത്തിലായിരിക്കുമ്പോള്‍, തിമോത്തേയോസ് ഒരു മെത്രാനായിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. എന്തെന്നാല്‍ തിമോത്തേയോസ്, തീത്തോസ് എന്നിവര്‍ക്കുള്ള കത്തില്‍ അപ്പസ്തോലന്‍ നല്‍കുന്ന ഉപദേശങ്ങളെല്ലാം മെത്രാന്മാരെയും ഡീക്കന്മാരെയും സംബന്ധിച്ചുള്ളവയായിരുന്നു. മെത്രാന്മാരില്‍ ഉണ്ടായിരിക്കേണ്ട യോഗ്യതകളും ഉണ്ടാകാന്‍ പാടില്ലാത്ത സ്വഭാവരീതികളും വ്യക്തമാക്കിയിട്ടുണ്ട്. അവ ഓരോന്നും ഇവിടെ കുറിക്കാം.

1. മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനായിരിക്കണം!
2. യോഗ്യനായ പ്രബോധകനായിരിക്കണം!
3. അതിഥിസത്ക്കാരപ്രിയനായിരിക്കണം!
4. സംയമിയും വിവേകിയും അച്ചടക്കമുള്ളവനുമായിരിക്കണം!
5. സൗമ്യശീലനും കലഹിക്കാത്തവനുമായിരിക്കണം!
6. അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം!
7. സഭയ്ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം!
8. മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്!
9. പുതുതായി വിശ്വാസം സ്വീകരിച്ചവനായിരിക്കരുത്! (1 തിമോത്തേയോസ്: 3; 2-7)

സഭയ്ക്കു പുറത്തുള്ളവരുടെയിടയില്‍ മതിപ്പുള്ളവനായിരിക്കണം എന്ന ഉപദേശത്തെ, അവരുടെ ആരാധനാരീതികള്‍ അനുകരിക്കാനുള്ള ഉപദേശമായി ആരും പരിഗണിക്കരുത്. അബ്രാഹത്തെ ജനതകള്‍ ബഹുമാനിച്ചത് അവരുടെ ആരാധനകളില്‍ പങ്കുചേര്‍ന്നതിനാലല്ല; മറിച്ച്, അവരുടെ ആചാരങ്ങളില്‍നിന്നു വിട്ടുനിന്നുകൊണ്ട് തന്റെ ദൈവത്തെ മാത്രം ആരാധിച്ചതുമൂലമാണ്! സോളമന്റെ കീര്‍ത്തി ലോകം മുഴുവന്‍ വ്യാപിച്ചത് അവന്റെ അന്യദേവാരാധന മൂലമായിരുന്നില്ല; മറിച്ച്, അവന്റെ പിതാക്കന്മാര്‍ ആരാധിച്ച ദൈവത്തില്‍നിന്ന് അവനു ലഭിച്ച മഹത്തായ ജ്ഞാനത്തെ കരുതിയായിരുന്നു! ഇക്കാര്യങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള മതിപ്പുമാത്രമേ സഭയ്ക്കു പുറത്തുള്ളവരില്‍നിന്നു ലഭിക്കേണ്ടതുള്ളു! അതിനപ്പുറത്തേക്കു കടന്നാല്‍ സോളമന് സംഭവിച്ച ദുരന്തം തന്നെയായിരിക്കും മെത്രാന്മാരെയും ഗ്രസിക്കുന്നത്!

ഇവിടെ കുറിച്ചിരിക്കുന്ന ഒന്‍പതു കാര്യങ്ങളെയും വിശകലനത്തിന്റെ സഹായമില്ലാതെതന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഒന്നാമതായിത്തന്നെ പറഞ്ഞിരിക്കുന്നത് മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനായിരിക്കണം എന്നാണ്. ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയം പലരുടെയും മനോമുകുരത്തില്‍ തെളിഞ്ഞുവന്നിട്ടുണ്ടെങ്കില്‍, അത് തികച്ചും യാദൃശ്ചികമായിരുക്കുമെന്നേ മനോവ പറയുന്നുള്ളു. ജലന്തര്‍ ബിഷപ്പിന്റെ പദവിയില്‍ ഇപ്പോഴും തുടരുന്ന ഫ്രാങ്കോ വ്യഭിചാരം ചെയ്തിട്ടുണ്ടോ എന്ന് മനോവയ്ക്കറിയില്ല. വ്യഭിചാരം ചെയ്തിട്ടുണ്ടെങ്കില്‍, പിന്നീടൊരിക്കലും മെത്രാന്‍ പദവിയില്‍ ആ മനുഷ്യനെ തുടരാന്‍ അനുവദിച്ചുകൂടാ. ഇപ്പോള്‍ ഫ്രാങ്കോ ആരോപണവിധേയനാണെന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ, പദവിയില്‍നിന്നു തത്ക്കാലം മാറ്റിനിര്‍ത്തേണ്ടത് നിയമപരമായി അനിവാര്യമാണ്! ആരോപണവിധേയനായ ഒരുവനെ മെത്രാന്റെ പദവിയില്‍ നിലനിര്‍ത്തുന്നത് അപ്പസ്തോലിക സഭയിലെ നിയമങ്ങള്‍ക്കെതിരാകുന്നു. ആരോപണങ്ങള്‍ക്കതീതനായ വ്യക്തിക്കു മാത്രം അനുവദിച്ചിരിക്കുന്ന പദവിയില്‍ ആരോപണവിധേയനായ ഒരുവനെ നിലനിര്‍ത്തുന്നത് ക്രിസ്തുവിനോടും അവിടുത്തെ സഭയോടും, സര്‍വ്വോപരി പരിശുദ്ധാത്മാവിനോടുമുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടും!

സാങ്കേതികമായി മാത്രമാണ് ഫ്രാങ്കോ ഇന്ന് മെത്രാന്റെ പദവിയില്‍ തുടരുന്നത്. അപ്പസ്തോലികമായ എല്ലാ അധികാരങ്ങളും ഈ മനുഷ്യനില്‍നിന്നു പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍, അധികാരങ്ങള്‍ പിന്‍വലിക്കപ്പെട്ടതിനുശേഷം സാങ്കേതികമായി മാത്രം സ്ഥാനത്തു തുടരുന്ന അനേകം വ്യക്തികള്‍ കത്തോലിക്കാസഭയിലുണ്ട്. ക്രിസ്തുവിലൂടെ മാത്രം സംലഭ്യമാകുന്ന രക്ഷയെ വിജാതിയതയ്ക്കു പങ്കിട്ടുനല്കിയിരിക്കുന്ന ഒരുവനും കത്തോലിക്കാസഭയുടെ ഭാഗമല്ല! ഇക്കാര്യങ്ങളെക്കുറിച്ച് പറയാനുള്ളതെല്ലാം ഇതിനോടകം മനോവ പറഞ്ഞുകഴിഞ്ഞു. ആയതിനാല്‍, ഡീക്കന്മാരെക്കുറിച്ചുള്ള ദൈവഹിതം എന്താണെന്നു പരിശോധിക്കാം!

സഭയിലെ ഡീക്കന്മാര്‍!

"ഡീക്കന്മാര്‍ ഗൗരവബുദ്ധികളായിരിക്കണം: അസത്യവാദികളോ മദ്യാസക്തിക്ക് അധീനരോ ഹീനമായ ലാഭേച്ഛയുള്ളവരോ ആയിരിക്കരുത്. അവര്‍ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്ഷിക്കുന്നവരാകണം. ആദ്യമേതന്നെ അവര്‍ പരീക്ഷണവിധേയരാകണം. കുറ്റമറ്റവരെന്നു തെളിയുന്നപക്ഷം അവര്‍ സഭാശുശ്രൂഷ ചെയ്യട്ടെ. അപ്രകാരംതന്നെ അവരുടെ സ്ത്രീകള്‍ ഗൗരവബുദ്ധികളും പരദുഷണം പറയാത്തവരും സംയമനമുള്ളവരും എല്ലാകാര്യങ്ങളിലും വിശ്വസ്തരുമായിരിക്കണം. ഡീക്കന്മാര്‍ ഏകപത്‌നീവ്രതം അനുഷ്ഠിക്കുന്നവരും സന്താനങ്ങളെയും കുടുബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം. എന്തെന്നാല്‍, സ്തുത്യര്‍ഹമായി ശുശ്രൂഷചെയ്യുന്നവര്‍ ബഹുമാന്യമായ സ്ഥാനം നേടുകയും യേഹ്ശുവാ മ്ശിഹായിലുള്ള വിശ്വാസത്തില്‍ അടിയുറച്ച്, ആത്മധൈര്യം സമ്പാദിക്കുകയും ചെയ്യും"(1 തിമോത്തി: 3; 8-13). ഡീക്കന്മാരെ സംബന്ധിച്ചുള്ള സഭയുടെ നിയമങ്ങളാണ് നാമിവിടെ വായിച്ചത്. സഭയിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടാവരാണിവര്‍. സഭയില്‍ സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി, അവര്‍ അര്‍ഹിക്കുന്ന സഹായം അവര്‍ക്കു വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വവും ഡീക്കന്മാര്‍ക്കുണ്ട്.

ഈ നിയമങ്ങള്‍ വായിക്കുമ്പോള്‍, ഇന്ന് സഭയില്‍ മെത്രാന്മാരായിരിക്കുന്ന പലര്‍ക്കും ഡീക്കന്മാരുടെ പദവിയില്‍ ഇരിക്കാന്‍പോലുമുള്ള യോഗ്യതയില്ലെന്നു നമുക്കു മനസ്സിലാകും! മെത്രാന്മാരായാലും ഡീക്കന്മാരായാലും മറ്റേതെങ്കിലും ശുശ്രൂഷകള്‍ ചെയ്യുന്നവരായാലും ഈ ഗുണഗണങ്ങള്‍ ഒരു ക്രിസ്ത്യാനി എന്നനിലയില്‍ ഉണ്ടായിരിക്കേണ്ടതാണ്. പാപത്തില്‍ മരിക്കുന്ന വ്യക്തികള്‍ക്കുള്ള അന്ത്യവിധിയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ അറിവു ലഭിച്ചിട്ടുള്ള സമൂഹമാണല്ലോ ക്രൈസ്തവര്‍!? കൂടാതെ, രക്ഷയെ സംബന്ധിച്ചുള്ള അറിവ് ലഭിച്ചിട്ടുള്ള ഏക സമൂഹവും ക്രൈസ്തവര്‍തന്നെ! ആയതിനാല്‍, ഏതു ജീവിതാന്തസില്‍ ആയിരുന്നുകൊണ്ടും സത്യദൈവത്തെ മഹത്വപ്പെടുത്താന്‍ ക്രൈസ്തവര്‍ക്കു കടമയുണ്ട്. വിഗ്രഹങ്ങളില്‍നിന്നും വ്യഭിചാരത്തില്‍നിന്നും ക്രിസ്ത്യാനികള്‍ അകന്നുനില്‍ക്കട്ടെ! വ്യഭിചാരം ചെയ്യാനുള്ള ആസക്തിയുള്ളവര്‍ വിവാഹം ചെയ്ത് തന്റെ ഭാര്യയോടു വിശ്വസ്തത പുലര്‍ത്തട്ടെ! സംയമനത്തിനുള്ള കൃപ ലഭിച്ചവര്‍ മാത്രം വൈദീകര്‍, മെത്രാന്മാര്‍ എന്നിങ്ങനെയുള്ള സ്ഥാനം വഹിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തട്ടെ! വിവാഹം കഴിക്കാത്തതാണ് വ്യഭിചാരത്തിനു കാരണമാകുന്നതെന്ന് ആരും തെറ്റിദ്ധരിക്കേണ്ട! വ്യഭിചാരദുര്‍ഭൂതം ഒരുവനിലുണ്ടെങ്കില്‍, അവന്‍ എത്ര വിവാഹം കഴിച്ചാലും വ്യഭിചാരത്തില്‍നിന്നു പിന്മാറുകയില്ല!  

മെത്രാന്മാര്‍ വിവാഹം കഴിക്കണം എന്നു നിര്‍ബ്ബന്ധിക്കുന്ന ഒരു ഉപദേശമായി തിമോത്തേയോസിന് എഴുതിയ കത്തിലെ പരാമര്‍ശത്തെ പരിഗണിക്കാന്‍ പാടില്ല. ഒന്നിലധികം വിവാഹങ്ങള്‍ കഴിച്ചവരെ മെത്രാന്‍സ്ഥാനത്തിനു പരിഗണിക്കരുത് എന്ന നിര്‍ദ്ദേശമാണ് പൗലോസ് തിമോത്തേയോസിനു നല്‍കിയത്. ദൈവീകശുശ്രൂഷയില്‍ വ്യാപരിക്കുന്ന വ്യക്തികള്‍ അവിവാഹിതരായിരിക്കുന്നതാണ് ഉചിതമെന്ന് നിര്‍ദ്ദേശിച്ചതും അപ്പസ്തോലനായ പൗലോസ് തന്നെയാണ്. ഈ രണ്ടു പ്രബോധനങ്ങളെ ചേര്‍ത്തുവച്ചു പരിശോധിക്കാന്‍ തക്കവിധം ആത്മീയപ്രബോധനം ലഭിച്ചിട്ടില്ലാത്ത സമൂഹങ്ങളാണ് ബാലിശമായ വാദങ്ങളുയര്‍ത്തി സ്വയം അപമാനിതരാകുന്നത്. ഒരു സ്വകാര്യസഭയെ സംബന്ധിച്ചിടത്തോളം വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ട്. അധികം ആരുടേയും കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലാത്തതും ചെറിയൊരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതുമായ സഭയിലെ ആചാര്യന്മാര്‍ വിവാഹിതരാകുന്നതുതന്നെയാണ് ഉചിതം! മെത്രാന്മാരോ ഡീക്കന്മാരോ ഇല്ലാത്ത സഭകളിലെ അംഗങ്ങളെ സംബന്ധിച്ചിടത്തോളം മറ്റു സഭകളുടെ കാര്യങ്ങളില്‍ ഇടപെടേണ്ടതിന്റെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3295 views

LOG IN

Lost your password?

SIGN UP

LOST PASSWORD