ദൈവകല്‍പ്പനകള്‍

ദീര്‍ഘകാലം ജീവിക്കണമെങ്കില്‍ മാതാപിതാക്കളെ ബഹുമാനിക്കുക!

Print By
about

"നിന്റെ ദൈവമായ യാഹ്‌വെ തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ: 20; 12,13). ദൈവമായ യാഹ്‌വെ മോശവഴി നല്‍കിയ പ്രമാണങ്ങളില്‍ നാലാമത്തേതാണ് ഇവിടെ വായിച്ചത്. ഈ പ്രമാണത്തിനു രണ്ടു പ്രത്യേകതകളുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കല്പനകളില്‍ ഒന്നാമത്തെ കല്പന എന്നതാണ് ഒരു പ്രത്യേകത. കൂടാതെ, പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഏക കല്പനയും ഇതാണ്! പിതാവിനെയും മാതാവിനെയും ബഹുമാനിക്കുന്നവനു ദീര്‍ഘായുസ്സ് അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്നു!

എക്കാലത്തെക്കാളും അധികമായി മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. വൃദ്ധരും അവശരുമായ മാതാപിതാക്കളെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന മക്കളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍ക്കു നല്ല ഭക്ഷണവും ചികിത്സയും നല്‍കാന്‍ തയ്യാറാകാത്ത മക്കള്‍ നമുക്കിടയിലുണ്ട്. എന്തുകൊണ്ടാണ് ഇത്തരം സാഹചര്യങ്ങള്‍ ഉടലെടുക്കുന്നത് എന്ന് ചിന്തിച്ചതിനുശേഷം ഈ വിഷയം കൂടുതലായി ചര്‍ച്ചചെയ്യാം.

ഒരു കുഞ്ഞിനെ അമ്മ ഉദരത്തില്‍ സ്വീകരിക്കുന്ന നാള്‍മുതല്‍ മാതാവും പിതാവും സന്തോഷത്താല്‍ നിറയും. കുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പുപോലും വിരസമാകുന്നത് തങ്ങളുടെ രക്തത്തില്‍ പിറന്ന കുഞ്ഞിനെക്കുറിച്ചുള്ള അഭിമാനവും സ്നേഹവുംകൊണ്ടാണ്! ആദ്യമായി ആ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന സന്തോഷം ഓരോ പിതാവിനും മാതാവിനും അറിയാം. പ്രസവത്തിന്റെ അരിഷ്ടതകളും വേദനകളും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ അമ്മ മറക്കും. യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മ്മിക്കുന്നില്ല"(യോഹ: 16; 21). തന്റെ കുഞ്ഞിനെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍, അല്പം മുന്‍പ് അനുഭവിച്ച സകല വേദനകളും അലിഞ്ഞുതീരുന്നു.

ഈ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ വ്യക്തമായ കരുതലുണ്ട്. സ്വന്തം സുഖങ്ങള്‍ മറന്ന്, കുഞ്ഞുങ്ങള്‍ക്കുവേണ്ടി സ്വയം ബലിയായിത്തീരുന്നവരാണ് ബഹുഭൂരിപക്ഷം മാതാപിതാക്കള്‍! ഇതില്‍നിന്നു വ്യത്യസ്തമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെന്നകാര്യം മനോവ വിസ്മരിക്കുന്നില്ല.

ഇന്നത്തെ യുവ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി എത്രത്തോളം വാത്സല്യമാണ് പങ്കുവച്ചു കൊടുക്കുന്നത്! കുഞ്ഞുങ്ങളെ വാത്സല്യത്തോടെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ പിന്നോട്ടു തിരിഞ്ഞുനോക്കണം. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്നതുപോലെ ഒരു ശൈശവവും ബാല്യവും നിങ്ങള്‍ക്കുമുണ്ടായിരുന്നു. ഇന്ന് നിങ്ങള്‍ക്കുള്ള ഭൗതീക സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ക്കുവേണ്ടി നല്‍കിയത് ഇല്ലായ്മയില്‍നിന്നുള്ള സമ്പന്നതയായിരുന്നു. നിങ്ങള്‍ കരയാതിരിക്കാന്‍ അവര്‍ കരഞ്ഞു. നിങ്ങളുടെ വിശപ്പകറ്റാന്‍ അവര്‍ വിശപ്പു സഹിച്ചു. നിങ്ങള്‍ക്കൊരു രോഗം വന്നാല്‍, കിലോമീറ്ററുകളോളം നിങ്ങളെയും തോളിലേറ്റി അവര്‍ നടന്നിട്ടുണ്ടാകാം. നിങ്ങള്‍ക്കൊരു വേദന വന്നാല്‍, നിങ്ങളെക്കാള്‍ അധികം നിങ്ങളുടെ അമ്മ കരഞ്ഞിട്ടുണ്ട്. രോഗം മാറുവോളം നിങ്ങളുടെ അരികില്‍നിന്നു മാറാതെ നിങ്ങളെ പരിചരിച്ചു. എത്രയോ രാവുകളില്‍ നിങ്ങള്‍ക്കുവേണ്ടി അവര്‍ ഉറങ്ങാതിരുന്നു!

നിങ്ങള്‍ക്കുവേണ്ടി ജീവിച്ച അവരിന്നു രോഗികളാണ്! ഒരിറ്റു പരിചരണം അവര്‍ കൊതിക്കുന്നു. ആരോഗ്യമുള്ള നാളുകളില്‍ നല്ലൊരു ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവരിന്ന് അതിനുവേണ്ടി കൊതിക്കുന്നു! രുചികരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ മക്കളുടെ ഭാവിയെ ഓര്‍ത്ത് അവര്‍ക്കുവേണ്ടി സമ്പാദിച്ചു. വയറു മുറുക്കിയുടുത്ത് അവര്‍ സമ്പാദിച്ചതാണ് ഇന്നു നിങ്ങളുടെ സമൃദ്ധി! എന്നാല്‍, ഇന്ന് ഇവരോടുള്ള നിങ്ങളുടെ സമീപനം എന്താണെന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

സുഹൃത്തുക്കളുടെ മുന്‍പില്‍ മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ മടിക്കുന്ന മക്കളെ മനോവയ്ക്കറിയാം. അവര്‍ക്കിന്നു സൗന്ദര്യമില്ല; പുതുതലമുറയോട് ഇടപെടാനുള്ള സംസ്കാരവുമില്ല! നിങ്ങളെ സംസ്ക്കാരമുള്ളവരും, ആരോഗ്യവും വിദ്യാഭ്യാസവുമുള്ളവരും ആക്കിമാറ്റാന്‍ അവര്‍ നഷ്ടപ്പെടുത്തിയതാണ് അവരുടെ ആരോഗ്യവും സൗന്ദര്യവുമൊക്കെ. തങ്ങള്‍ക്ക് ലഭിക്കാതെപോയതൊക്കെ മക്കളിലൂടെ നേടാമെന്ന് അവര്‍ കരുതി. ഇന്ന് ഈ മക്കള്‍ അവഗണിക്കുമ്പോള്‍ അവരുടെ ഹൃദയം മുറിയുന്നത് ദൈവത്തിന്റെ കണ്ണുകള്‍ ദര്‍ശിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്! മാതാവിനെയും പിതാവിനെയും ദേഹോപദ്രവമേല്പിക്കുന്ന അനേകം മക്കളെ മനോവ കണ്ടിട്ടുണ്ട്. സ്വന്തം ജീവിതത്തെ അകാലമരണത്തിന് ഏല്പിച്ചുകൊടുക്കയാണ് തങ്ങളെന്ന് ഇവര്‍ അറിയുന്നില്ല. ഒരുവന്‍ തന്റെ പിതാവിനോടും മാതാവിനോടും ചെയ്യന്നത് ഏഴിരട്ടിയായി അവന്റെ മക്കളില്‍നിന്ന്‍ അവനു ലഭിക്കും. നന്മയായാലും തിന്മയായാലും അതിനുള്ള പ്രതിഫലം ഈ ലോകത്തുനിന്നുതന്നെ ലഭ്യമാകുന്ന ഏക പ്രമാണം നാലാംപ്രമാണമാണ്‌! ഈ പ്രമാണത്തിനു വിരുദ്ധമായ പ്രവൃത്തികള്‍ക്ക് തിന്മയാണ് പ്രതിഫലമെങ്കില്‍, ഈ പ്രമാണം ഇടംവലം തിരിയാതെ അനുസരിച്ചാല്‍ അനുഗൃഹം ആസ്വദിക്കും!

മറുതലിച്ചാല്‍ ശിക്ഷ!

പിതാവിനോടും മാതാവിനോടുമുള്ള ബന്ധത്തില്‍ ദൈവം നല്‍കിയിരിക്കുന്ന കല്പനയോടു മറുതലിക്കുന്നവര്‍ക്കുള്ള ശിക്ഷ ഈ ഭൂമിയില്‍നിന്നുതന്നെ ആരംഭിക്കും. ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ് മലങ്കാക്കകള്‍ കൊത്തിപ്പറിക്കുകയും കഴുകന്മാര്‍ തിന്നുകയും ചെയ്യും"(സുഭാഷിതങ്ങള്‍: 30;17). പിതാവിനെയും മാതാവിനെയും ദ്വേഷിക്കുന്നവരുടെ കണ്ണുകളെ അന്ധമാക്കുമെന്ന് ഈ മുന്നറിയിപ്പില്‍ വ്യക്തമാണ്. ഇത്തരക്കാരുടെ കാഴ്ചപ്പാടുകളെ വികലമാക്കുന്നതിലൂടെ ഇഹലോകജീവിതം ദുസ്സഹമായിത്തീരും. ജീവിതത്തിലെ എല്ലാ മേഖലകളിലും പരാജയപ്പെടാന്‍ ഈ വികലമായ കണ്ണുകള്‍ കാരണമാകും. നന്മയെന്നു കരുതി തിന്മയെ സ്വീകരിക്കേണ്ടിവരുമ്പോള്‍ സംഭവിക്കുന്നത് പരാജയമായിരിക്കുമെന്നു നമുക്കറിയാം. ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ വ്യക്തമാക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും"(പ്രഭാ: 3; 9). അടിത്തറ ഇളകിക്കിടക്കുന്ന കുടുംബങ്ങള്‍ ഒന്നു തിരിഞ്ഞുനോക്കുന്ന നന്നായിരിക്കും. അമ്മയുടെ ശാപവും കണ്ണുനീരും നിങ്ങളുടെ ഭവനങ്ങളില്‍ വീണിട്ടുണ്ടെങ്കില്‍ മാപ്പിരന്നു നിലവിളിക്കുക. ഒരുപക്ഷെ നിങ്ങളുടെമേലുള്ള ശിക്ഷ ദൈവം പിന്‍വലിച്ചേക്കാം. പ്രഭാഷകന്‍ ഇപ്രകാരം തുടരുന്നു: "മഹത്വം കാംക്ഷിച്ച് പിതാവിനെ അവമാനിക്കരുത്‌; പിതാവിന്റെ അവമാനം ആര്‍ക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവന്‍ മഹത്വം ആര്‍ജ്ജിക്കുന്നു; അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും"(പ്രഭാ: 3; 10, 11).

നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ അവരുടെ മാതാപിതാക്കളോട് അനുവര്‍ത്തിച്ച ശൈലിയായിരിക്കണം നമ്മുക്ക് മാതൃക. അബ്രാഹത്തിന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ ഇസഹാക്ക് അനുഗ്രഹിക്കപ്പെട്ടു. പിതാവില്‍നിന്നു ലഭിക്കുന്ന അനുഗ്രഹത്തിന്റെ മാഹാത്മ്യം വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു യാക്കോബ്. പിതാവിന്റെ അനുഗ്രഹം ലഭിക്കേണ്ടതിനായി തന്റെ സഹോദരനില്‍നിന്നു കടിഞ്ഞൂലവകാശം വിലകൊടുത്തു വാങ്ങിയത് ഇക്കാരണത്താലായിരുന്നു.

കടിഞ്ഞൂലവകാശത്തിലൂടെ പിതാവില്‍നിന്നു ലഭിക്കുന്ന അനുഗ്രഹത്തെ യാക്കോബ് പരിഗണിച്ചിരുന്നതുപോലെ ആയിരുന്നില്ല ഏസാവ് പരിഗണിച്ചത്. ഏസാവിന്റെ വാക്കുകകള്‍ നോക്കുക: "ഏസാവു പറഞ്ഞു: ഞാന്‍ വിശന്നു ചാകാറായി. കടിഞ്ഞൂലവകാശംകൊണ്ട് എനിക്കിനി എന്തു പ്രയോജനം?"(ഉത്പ: 25; 32). പിതാവിന്റെ അനുഗ്രഹത്തെക്കാള്‍ ഏസാവു പരിഗണിച്ചത് യാക്കോബ് ഉണ്ടാക്കിയ പയറു പായസമായിരുന്നു. പിന്നീടു സംഭവിച്ചതു നോക്കുക: "ഏസാവ് ശപഥം ചെയ്തു. അവന്‍ തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു. യാക്കോബ് അവന് അപ്പവും പയറു പായസവും കൊടുത്തു. തീറ്റിയും കുടിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി. അങ്ങനെ ഏസാവ് തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായിക്കരുതി"(ഉത്പ: 25; 33, 34). ഈ വിഷയത്തെ സംബന്ധിച്ചുള്ള വിശദീകരണം പൗലോസ് അപ്പസ്തോലന്‍ നല്‍കിയിട്ടുണ്ട്. റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കുന്നു: "യാക്കോബിനെ ഞാന്‍ സ്നേഹിച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്"(റോമാ: 9; 13).

മലാക്കി പ്രവാചകന്റെ പുസ്തകത്തിലാണ് ഈ തിരുവെഴുത്ത് കാണുന്നത്. അവിടെ ഇപ്രകാരം എഴുതിയിരിക്കുന്നു: "യാഹ്‌വെ മലാക്കിയിലൂടെ ഇസ്രായേലിനു നല്‍കിയ അരുളപ്പാട്. യാഹ്‌വെ അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ സ്നേഹിച്ചു. എന്നാല്‍, നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ് അങ്ങ് ഞങ്ങളെ സ്നേഹിച്ചത്? യാഹ്‌വെ അരുളിച്ചെയ്യുന്നു: ഏസാവ് യാക്കോബിന്റെ സഹോദരനല്ലേ? എന്നിട്ടും ഞാന്‍ യാക്കോബിനെ സ്നേഹിക്കുകയും ഏസാവിനെ വെറുക്കുകയും ചെയ്തു. ഞാന്‍ അവന്റെ മലമ്പ്രദേശം ശൂന്യമാക്കി; അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു വിട്ടുകൊടുത്തു. ഞങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, ഞങ്ങളുടെ നഷ്ടശിഷ്ടങ്ങള്‍ ഞങ്ങള്‍ പുനരുദ്ധരിക്കും എന്ന് ഏദോം പറഞ്ഞാല്‍, സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: അവര്‍ പണിയട്ടെ. ദുഷ്ടജനമെന്നും യാഹ്‌വെയുടെ കോപം എന്നേക്കും വഹിക്കുന്ന ജനപദമെന്നും അവര്‍ വിളിക്കപ്പെടുന്നതുവരെ ഞാന്‍ അത് ഇടിച്ചുതകര്‍ക്കും. സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട് നിങ്ങള്‍ പറയും: ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്ത് യാഹ്‌വെ അത്യുന്നതനാണ്"(മലാക്കി: 1; 1-5). പിതാക്കന്മാരുടെ അനുഗ്രഹത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട ഇസ്മായേലിന്റെയും ഏസാവിന്റെയും തലമുറയില്‍പ്പെട്ടവരാണ് ഈ ഏദോം! അവരില്‍നിന്നാണ് ഇസ്ലാംമതം ഉണ്ടായതെന്നു നമുക്കറിയാം. പിതാക്കന്മാരുടെ അനുഗ്രഹത്തില്‍നിന്നു പുറന്തള്ളപ്പെട്ടവരുടെ ദുരവസ്ഥ മനസ്സിലാകണമെങ്കില്‍ ഇസ്ലാമിനെ നിരീക്ഷിച്ചാല്‍ മതി! പരസ്പരം ചേരിതിരിഞ്ഞ് കൊന്നൊടുക്കുന്ന ഇവറ്റകളുടെമേല്‍ പിതാക്കന്മാരുടെയോ ദൈവത്തിന്റെയോ അനുഗ്രഹം ഇല്ല! ദൈവത്താല്‍ വെറുക്കപ്പെട്ട ജനതയാണ് ഇസ്ലാം! ഇത് മനോവയുടെ ഭാഷ്യമല്ല; മറിച്ച് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ, മലാക്കി പ്രവാചകനിലൂടെ അരുളിച്ചെയ്ത വചനങ്ങളാണ്!

പിതാക്കന്മാരുടെ അനുഗ്രഹത്തിലൂടെ യഥാര്‍ത്ഥത്തില്‍ നമ്മിലേക്കു കടന്നുവരുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്! കൗശലത്തിലൂടെ യാക്കോബ് അനുഗ്രഹം പ്രാപിച്ചതിനുശേഷം ഏസാവ് പിതാവിന്റെ അനുഗ്രഹത്തിനു യാചിക്കുന്ന സന്ദര്‍ഭം സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കെണ്ടിയിരിക്കുന്നു. പിതാവിന്റെ അനുഗ്രഹം നേടുന്നതിനായി അവന് ഇഷ്ടമുള്ള നായാട്ടിറച്ചിയുമായി ഏസാവ് വന്നു. എന്നാല്‍, അതിനു മുന്‍പുതന്നെ യാക്കോബ് അനുഗ്രഹം നേടിക്കഴിഞ്ഞിരുന്നു. അതിനുശേഷമുള്ള സംഭവങ്ങള്‍ ബൈബിളില്‍നിന്ന് നമുക്കു പരിശോധിക്കാം. "ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിക്കുകയും യാക്കോബ് അവന്റെ മുന്‍പില്‍നിന്നു പുറത്തുകടക്കുകയും ചെയ്തപ്പോള്‍ നായാട്ടുകഴിഞ്ഞ് ഏസാവു തിരിച്ചെത്തി. അവനും പിതാവിനിഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി, പിതാവിന്റെ അടുക്കല്‍കൊണ്ടുവന്നിട്ടു പറഞ്ഞു: പിതാവേ, എഴുന്നേറ്റ് അങ്ങയുടെ മകന്റെ നായാട്ടിറച്ചി ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും. നീ ആരാണ്? ഇസഹാക്കു ചോദിച്ചു. അവന്‍ പറഞ്ഞു: അങ്ങയുടെ കടിഞ്ഞൂല്‍പുത്രന്‍ ഏസാവാണ് ഞാന്‍. ഇസഹാക്ക് അത്യധികം പരിഭ്രമിച്ചു വിറയ്ക്കാന്‍ തുടങ്ങി. അവന്‍ ചോദിച്ചു: നായാട്ടിറച്ചിയുമായി നിനക്കുമുന്‍പ് എന്റെ മുന്‍പില്‍ വന്നത് ആരാണ്? ഞാന്‍ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തല്ലോ. അവന്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. പിതാവിന്റെ വാക്കു കേട്ടപ്പോള്‍ ഏസാവ് അതീവ ദുഃഖത്തോടെ കരഞ്ഞു. പിതാവേ, എന്നെയും അനുഗ്രഹിക്കുക, അവന്‍ അപേക്ഷിച്ചു. ഇസഹാക്കു പറഞ്ഞു: നിന്റെ സഹോദരന്‍ എന്നെ കബളിപ്പിച്ചു നിനക്കുള്ള വരം എന്നില്‍നിന്നു തട്ടിയെടുത്തു"(ഉത്പ: 27; 30-35).

ദൈവത്തില്‍നിന്നുള്ള അനുഗ്രഹം പ്രാപിക്കുകയെന്നതിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞവനായ യാക്കോബ്, അതു നേടുന്നതിനായി തിരഞ്ഞെടുത്ത മാര്‍ഗ്ഗത്തെ ദൈവം അംഗീകരിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്തു. അവന്റെ പ്രവര്‍ത്തിയെ അനീതിയായി അവിടുന്നു പരിഗണിച്ചില്ല! ഇത് വ്യക്തമാക്കുന്ന വചനം മലാക്കി പ്രവാചകന്റെ പുസ്തകത്തില്‍നിന്നു നാം വായിച്ചുകഴിഞ്ഞു. ഒരിക്കല്‍ നിസ്സാരമായി തള്ളിക്കളഞ്ഞ കടിഞ്ഞൂലവകാശത്തെപ്രതി ഏസാവ് പിന്നീടു വിലപിച്ചിട്ടും ഫലമുണ്ടായില്ല. ബൈബിള്‍ നല്‍കുന്ന ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: " ഏസാവുപറഞ്ഞു: വെറുതെയാണോ അവനെ യാക്കോബ് എന്നു വിളിക്കുന്നത്? രണ്ടു തവണ അവന്‍ എന്നെ ചതിച്ചു; കടിഞ്ഞൂലവകാശം എന്നില്‍ നിന്ന് അവന്‍ കൈക്കലാക്കി. ഇപ്പോഴിതാ എനിക്കുള്ള അനുഗ്രഹവും അവന്‍ തട്ടിയെടുത്തിരിക്കുന്നു. വീണ്ടും അവന്‍ പിതാവിനോടു ചോദിച്ചു: എനിക്കുവേണ്ടി ഒരുവരം പോലും അങ്ങു നീക്കിവച്ചിട്ടില്ലേ? ഇസഹാക്കു പറഞ്ഞു: ഞാന്‍ അവനെ നിന്റെ യജമാനനാക്കി; അവന്റെ സഹോദരന്‍മാരെ അവന്റെ ദാസന്‍മാരും. ധാന്യവും വീഞ്ഞുംകൊണ്ടു ഞാന്‍ അവനെ ധന്യനാക്കി. മകനേ, നിനക്കു വേണ്ടി എന്താണ് എനിക്കിനി ചെയ്യാന്‍ കഴിയുക? എന്റെ പിതാവേ, ഒറ്റവരമേ അങ്ങയുടെ പക്കല്‍ ഉള്ളോ? എന്നെയും അനുഗ്രഹിക്കുക എന്നുപറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ ഇസഹാക്ക് പറഞ്ഞു: ആകാശത്തിന്റെ മഞ്ഞില്‍നിന്നും ഭൂമിയുടെ ഫലപുഷ്ഠിയില്‍നിന്നും നീ അകന്നിരിക്കും. വാളുകൊണ്ടു നീ ജീവിക്കും. നിന്റെ സഹോദരനു നീ ദാസ്യവൃത്തി ചെയ്യും. എന്നാല്‍ സ്വതന്ത്രനാകുമ്പോള്‍ ആ നുകം നീ തകര്‍ത്തുകളയും"(ഉത്പ: 27; 36-40). ഒരു പിതാവ് തന്റെ പുത്രനെ അനുഗ്രഹിക്കുമ്പോള്‍, ആ അനുഗ്രഹം അവന്റെ സ്വന്തം ഇച്ഛപ്രകാരം ആണെങ്കില്‍ ഏസാവിനെക്കൂടി അനുഗ്രഹിക്കുന്നതിനു തടസ്സമുണ്ടാകുമായിരുന്നില്ല. മാത്രവുമല്ല, തന്നെ കബളിപ്പിച്ച്‌ നേടിയെടുത്ത അനുഗ്രഹം യാക്കോബില്‍നിന്നു പിന്‍വലിക്കാന്‍ പിതാവിനു സാധിക്കുമായിരുന്നു. എന്നാല്‍, അതു സാധിക്കില്ലെന്ന വ്യക്തമായ വെളിപ്പെടുത്തല്‍ ഇസഹാക്കിന്റെ വാക്കുകളിലുണ്ട്. അതായത്, പിതാവില്‍നിന്നു ലഭിക്കുന്ന അനുഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉറവിടം ദൈവമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ദൈവത്തിന്റെ അനുഗ്രഹം കൈമാറാനുള്ള മധ്യവര്‍ത്തി മാത്രമാണ് പിതാവ്!

മാതാപിതാക്കളിലൂടെ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്കു ചൊരിയപ്പെടണമെങ്കില്‍ നാം പിതാവിനെയും മാതാവിനെയും സന്തോഷിപ്പിക്കണം. അവരെ വേദനിപ്പിച്ചാല്‍ ഒരുപക്ഷെ അവര്‍ നമ്മെ ശപിച്ചെന്നു വരില്ല. എന്നാല്‍, പിതാവിനെയും മാതാവിനെയും നിന്ദിക്കുന്നവര്‍ ദൈവത്തിനു മുന്‍പില്‍ ശപിക്കപ്പെട്ടവരാണ്. നിയമാവര്‍ത്തന പുസ്തകത്തില്‍ മോശവഴി പന്ത്രണ്ടു ശാപങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപത്തിയേഴാം അദ്ധ്യായത്തിന്റെ പതിനഞ്ചു മുതല്‍ ഇരുപത്തിയാറു വരെയുള്ള വാക്യങ്ങളിലാണ് ഇത് വായിക്കുന്നത്. യാഹ്‌വെ പ്രഖ്യാപിച്ച പന്ത്രണ്ടു ശാപങ്ങളില്‍ രണ്ടാമത്തേത് ഇപ്രകാരമാണ്: "അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍"(നിയമം: 27; 16). പിതാവിനെയും മാതാവിനെയും നിന്ദിക്കുന്നതിലൂടെ ദൈവത്തിന്റെ ശാപം കടന്നുവരുന്നു എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല. ഇന്ന് ആരുടെയെങ്കിലും കുടുംബജീവിതത്തിന്റെ അടിത്തറ ഇളകിയിട്ടുണ്ടെങ്കില്‍ ആത്മശോധന ചെയ്യുക. സ്വന്തം പിതാവിനെയും മാതാവിനെയും എന്നതുപോലെ ജീവിതപങ്കാളിയുടെ മാതാപിതാക്കളെയും പരിഗണിക്കണം. പന്ത്രണ്ടു ശാപങ്ങളില്‍ ഒന്ന് ഇവരുമായി ബന്ധപ്പെട്ടുള്ളതാണ്. ഒന്‍പതാമത്തെ ശാപം എന്താണെന്നു നോക്കുക: "അമ്മായിയമ്മയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍"(നിയമം: 27; 23). പുരുഷനെ സംബന്ധിച്ചിടത്തോളം അമ്മായിയമ്മയോടൊപ്പം ശയിക്കുന്നതാണ് ശാപമെങ്കില്‍, സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാപമായി പരിണമിക്കുന്നത് അമ്മായിയപ്പനോടൊപ്പമുള്ള ശയനമാണ്.

രണ്ടാനമ്മയെയും രണ്ടാനപ്പനെയും ആദരിക്കുവാനും നിയമമുണ്ട്. നമ്മെ പ്രസവിച്ച അമ്മയല്ലെങ്കില്‍ക്കൂടി, പിതാവിന്റെ ഭാര്യയെ നാം ബഹുമാനിക്കണം. ആറാമത്തെ ശാപം എന്താണെന്നു ശ്രദ്ധിക്കുക: "പിതാവിന്റെ ഭാര്യയോടുകൂടെ ശയിച്ച് അവനെ അപമാനിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍"(നിയമം: 27; 20). എട്ടാമത്തെ ശാപം രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: "തന്റെ പിതാവിന്റെയോ മാതാവിന്റെയോ മകളായ സ്വസഹോദരിയോടൊത്തു ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍"(നിയമം: 27; 22). ഒരുവന്‍ തന്റെ അര്‍ദ്ധസഹോദരിയുമായി ശയിച്ചാല്‍ അത് മാതാവിനെയോ പിതാവിനെയോ അവമാനിക്കുന്നതിനു തുല്യമാണ്. ഇത്തരത്തിലുള്ള വ്യഭിചാരം ഒരുവന്‍ ചെയ്യുമ്പോള്‍, രണ്ടു പ്രമാണങ്ങള്‍ ഒരേസമയം ലംഘിക്കപ്പെടുന്നു. നാലും ആറും പ്രമാണങ്ങളുടെ ലംഘനമാണ് ഇവിടെ സംഭവിക്കുന്നത്! മറ്റൊരു മുന്നറിയിപ്പ് ശ്രദ്ധിക്കുക: "പിതാവിന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ പിതാവിന്റെതന്നെ നഗ്നത അനാവൃതമാക്കിയിരിക്കുന്നു. രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ. ഒരാള്‍ തന്റെ മരുമകളോടൊന്നിച്ചു ശയിച്ചാല്‍ ഇരുവരെയും വധിക്കണം. അവര്‍ ഹീനകൃത്യം ചെയ്തിരിക്കുന്നു. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ"(ലേവ്യര്‍: 20; 11, 12). മറ്റൊരു നിയമം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "പിതാവിന്റെ ഭാര്യയോടോത്തു ശയിക്കുന്നവന്‍ പിതാവിന്റെ നഗ്നത അനാവൃതമാക്കുന്നു. അവരുടെ പാപം അവര്‍ വഹിക്കണം. അവര്‍ മക്കളില്ലാതെ മരിക്കണം"(ലേവ്യര്‍: 20; 20).

പിതാവിനോടും മാതാവിനോടും ചെയ്യുന്ന പാപങ്ങളെക്കുറിച്ചുള്ള വേറെയും വിവരണങ്ങള്‍ ബൈബിളിലുണ്ട്. പിതാവിന്റെയോ മാതാവിന്റെയോ ചാര്‍ച്ചക്കാരുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതിലൂടെ അവമാനിക്കപ്പെടുന്നത് മാതാപിതാക്കളാണ്. ഇതുമായി ബന്ധപ്പെട്ടു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തലുകള്‍ ശ്രദ്ധിക്കുക: "നിങ്ങളില്‍ ആരും തന്റെ ചാര്‍ച്ചക്കാരുടെ നഗ്‌നത അനാവൃതമാക്കാന്‍ അവരെ സമീപിക്കരുത്. ഞാനാണ് യാഹ്‌വെ. നിന്റെ മാതാവിന്റെ നഗ്‌നത അനാവൃതമാക്കി നിന്റെ പിതാവിനെ അപമാനിക്കരുത്. അവള്‍ നിന്റെ അമ്മയായതു കൊണ്ടും അവളുടെ നഗ്‌നത അനാവൃതമാക്കരുത്. നിന്റെ പിതാവിന്റെ ഭാര്യയുടെ നഗ്‌നത നീ അനാവൃതമാക്കരുത്. അതു നിന്റെ പിതാവിന്റെ തന്നെ നഗ്‌നതയാണ്. നിന്റെ സഹോദരിയുടെ - നിന്റെ പിതാവിന്റെയോ മാതാവിന്റെയോ പുത്രിയുടെ, അവള്‍ സ്വദേശത്തോ അന്യദേശത്തോ ജനിച്ചവളാകട്ടെ - നഗ്‌നത അനാവൃതമാക്കരുത്"(ലേവ്യര്‍: 18; 6-9). പിതാവിനെയോ മാതാവിനെയോ അവമാനിതരാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ നാലാം പ്രമാണവും ആറാം പ്രമാണവും ലംഘിക്കപ്പെടുന്നു. തുടര്‍ന്നുള്ള നിയമങ്ങള്‍ നോക്കുക: "നിന്റെ മകന്റെ മകളുടെയോ മകളുടെ മകളുടെയോ നഗ്‌നത നീ അനാവൃതമാക്കരുത്. കാരണം, അവരുടെ നഗ്‌നത നിന്റെ തന്നെ നഗ്‌നതയാണ്. നിന്റെ പിതാവിന്റെ ഭാര്യയില്‍ അവനു ജനിച്ച മകള്‍ നിന്റെ സഹോദരിയാണ്; നീ അവളുടെ നഗ്‌നത അനാവൃത മാക്കരുത്. നിന്റെ പിതാവിന്റെ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ പിതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്. നിന്റെ മാതാവിന്റെ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്; അവള്‍ നിന്റെ മാതാവിന്റെ അടുത്ത ചാര്‍ച്ചക്കാരിയാണ്. നിന്റെ പിതൃസഹോദരനെ അവന്റെ ഭാര്യയുടെ നഗ്‌നത അനാവൃതമാക്കി അപമാനിക്കരുത്. അവള്‍ നിന്റെ ചാര്‍ച്ചക്കാരിയാണ്"(ലേവ്യര്‍: 18; 11-14).

ഈ വിധത്തിലുള്ള പാപങ്ങള്‍ ഇല്ലെന്നു ചിന്തിക്കുന്ന അനേകരുണ്ടാകാം. എന്നാല്‍, ഒറ്റപ്പെട്ടതെങ്കിലും ഇത്തരം മ്ലേച്ഛതകള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന യാതാര്‍ത്ഥ്യം നാം വിസ്മരിച്ചുകൂടാ. ഇല്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു നിയമംതന്നെ അനാവശ്യമാകുമായിരുന്നു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു തെറ്റുപറ്റുകയില്ല! സ്വന്തം അമ്മയുടെ കുളിമുറി രംഗം വീഡിയോയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കൗമാരക്കാരനായ മകന്റെ കഥ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. പാശ്ചാത്യരാജ്യങ്ങളില്‍ എവിടെയെങ്കിലുമല്ല ഇത് സംഭവിച്ചത്. കേരളത്തില്‍ നടന്നതാണ് ഇത്. അമ്മയുടെയും സഹോദരിമാരുടെയും നഗ്നത കാണുകയും അനേകരെ കാണിക്കുകയും ചെയ്യുന്ന രതിവൈകൃതത്തിന് അനേകം കൗമാരക്കാര്‍ അടിപ്പെട്ടുകഴിഞ്ഞു. ഇത്തരം പാപങ്ങളില്‍ മുഴുകുന്നതിലൂടെ വന്നുഭവിക്കുന്ന ശിക്ഷയെക്കുറിച്ച് യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുന്‍പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. നിങ്ങള്‍ക്കുമുന്‍പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈവിധം മ്ലേച്ഛതകള്‍ കൊണ്ട് നാട് മലിനമാക്കി. ആകയാല്‍, ഈദേശം നിങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന വരെ പുറന്തള്ളിയതു പോലെ അതിനെ അശുദ്ധമാക്കുക വഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഇത്തരം മ്ലേച്ഛപ്രവൃത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം. നിങ്ങള്‍ക്കു മുന്‍പു നടമാടിയിരുന്ന ഈ മ്ലേച്ഛതകളില്‍ വ്യാപരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത് എന്ന എന്റെ കല്പന അനുസരിക്കുവിന്‍. ഞാനാണ് നിങ്ങളുടെ ദൈവമായ യാഹ്‌വെ"(ലേവ്യര്‍: 18; 24-30).

പിതാവിന്റെ നഗ്നത കണ്ടതുമൂലം ശാപമേറ്റ ഒരു വ്യക്തിയെ ബൈബിളില്‍ പരിചയപ്പെടുന്നുണ്ട്. പിതാവിന്റെയോ മാതാവിന്റെയോ നഗ്നത കാണുന്നതുപോലും നമുക്ക് അപകടമായി ഭവിക്കുമെന്ന സന്ദേശമാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. ആ സംഭവം ബൈബിളില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: "വീഞ്ഞു കുടിച്ചു മത്തനായി നോഹ കൂടാരത്തില്‍ നഗ്‌നനായി കിടന്നു. കാനാന്റെ പിതാവായ ഹാം തന്റെ പിതാവിനെ നഗ്‌നനായി കാണുകയും അക്കാര്യം പുറത്തുണ്ടായിരുന്നതന്റെ രണ്ടു സഹോദരന്‍മാരോടും പറയുകയും ചെയ്തു. ഷേമുംയാഫെത്തും ഒരു തുണിയെടുത്ത് തങ്ങളുടെ തോളിലിട്ട്, പുറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്‌നത മറച്ചു. അവര്‍ മുഖം തിരിച്ചുപിടിച്ചിരുന്നതുകൊണ്ട് പിതാവിന്റെ നഗ്‌നത കണ്ടില്ല. ലഹരി വിട്ടുണര്‍ന്ന നോഹ തന്റെ ഇളയ മകന്‍ ചെയ്തതെന്തെന്നറിഞ്ഞു. അവന്‍ പറഞ്ഞു: കാനാന്‍ ശപിക്കപ്പെടട്ടെ. അവന്‍ തന്റെ സഹോദരര്‍ക്കു ഹീനമായ ദാസ്യവേല ചെയ്യുന്നവനായിത്തീരും. അവന്‍ തുടര്‍ന്നു പറഞ്ഞു: ഷേമിന്റെ ദൈവമായ യാഹ്‌വെ വാഴ്ത്തപ്പെട്ടവനാകട്ടെ. കാനാന്‍ ഷേമിന്റെ ദാസനായിരിക്കട്ടെ. യാഫെത്തിനെ ദൈവം പുഷ്ടിപ്പെടുത്തട്ടെ. ഷേമിന്റെ കൂടാരങ്ങളില്‍ അവന്‍ പാര്‍ക്കും. കാനാന്‍ അവനും അടിമയായിരിക്കും"(ഉത്പ: 9; 21-27). നമുക്കുമുന്നില്‍ ഒരു ദൃഷ്ടാന്തമായി ഈ സംഭവം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവര്‍ വധിക്കപ്പെടണം!

"പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവനെ വധിക്കണം. പിതാവിനെയോ മാതാവിനെയോ ശപിച്ചതിനാല്‍ അവന്റെ രക്തം അവന്റെ മേല്‍ത്തന്നെ പതിക്കട്ടെ"(ലേവ്യര്‍: 20; 9). മാതാപിതാക്കളെ ശപിക്കുന്ന മക്കള്‍ ഈ ഭൂമുഖത്തുണ്ട്. മക്കളുടെ ഭാവിക്കുവേണ്ടി ഒന്നും കരുതിവയ്ക്കാന്‍ കഴിയാതെപോയ മാതാപിതാക്കളുടെ അവസ്ഥകളെപ്രതി അവരെ കുറ്റപ്പെടുത്തുന്ന അനേകരെ മനോവയ്ക്കറിയാം. മദ്യപാനിയും മറ്റു തിന്മപ്രവര്‍ത്തികളില്‍ വ്യാപരിക്കുകയും ചെയ്യുന്ന പിതാവിനെ ശാപവാക്കുകള്‍ക്കൊണ്ട് നേരിടുന്നവരെയും അറിയാം. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അന്യപുരുഷനോടൊപ്പം ഒളിച്ചോടിയ അമ്മമാരും ഈ ഭൂമിയിലുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ച് അന്യനോടൊപ്പം അവിഹിത വേഴ്ച്ചകളില്‍ ജീവിക്കുന്ന സ്ത്രീകളും ഭാര്യയോട് അവിശ്വസ്തത പുലര്‍ത്തുന്ന ദുര്‍ന്നടപ്പുകാരായ പുരുഷന്മാരും ഏറെയാണ്‌. ഇത്തരം പ്രവര്‍ത്തികളെപ്രതി ഇവരെ ദൈവം കുറ്റംവിധിക്കും എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, ഇവരുടെ ചെയ്തികളെപ്രതി ഇവര്‍ക്കെതിരേ പ്രതികരിക്കാനും ഇവരെ ശപിക്കുവാനുമുള്ള അവകാശം മക്കള്‍ക്കു ദൈവം നല്‍കിയിട്ടില്ല. എന്തെന്നാല്‍, നീതിമാന്മാരായ പിതാക്കന്മാരെ ബഹുമാനിക്കുക എന്നല്ല അവിടുത്തെ കല്പന; പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്നുതന്നെയാണ്. അവര്‍ അനീതിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നീതിപൂര്‍വ്വം വിധിക്കുന്ന വിധിയാളനായി യേഹ്ശുവായുണ്ട്. വചനം ഇപ്രകാരം പറയുന്നു: "പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല"(യോഹ: 5; 22, 23).

ആയതിനാല്‍, ദൈവത്തിന്റെ പ്രവൃത്തികള്‍ മനുഷ്യന്‍ ഏറ്റെടുക്കാന്‍ പാടില്ല. അവിടുത്തെ പ്രമാണങ്ങള്‍ ഇടംവലം തിരിയാതെ അനുസരിക്കുക എന്നതുമാത്രമാണ് മനുഷ്യന്റെ കടമ. ദൈവീക നിയമങ്ങള്‍ക്കു വിധേയപ്പെട്ടു ജീവിക്കുന്നവര്‍ക്ക് അവിടുത്തെ വാഗ്ദാനങ്ങള്‍ അനുഭവിക്കാനുള്ള യോഗ്യത കൈവരുന്നു. ഈ ലോകത്തുതന്നെ പ്രതിഫലം ലഭിക്കുന്നതോടൊപ്പം വരാനിരിക്കുന്ന ജീവിതത്തില്‍ നിത്യജീവനും അവന്‍ പ്രാപിക്കും! തങ്ങള്‍ ആഗ്രഹിച്ച വിധത്തിലുള്ള സന്തോഷം മാതാപിതാക്കളില്‍നിന്നു ലഭിക്കാത്തതിന്റെ പേരില്‍ അവരെക്കുറിച്ചു മറ്റുള്ളവരോട് മോശമായി സംസാരിക്കുന്ന പലരെയും മനോവ കണ്ടിട്ടുണ്ട്. അപ്പന്‍, അമ്മ എന്നിങ്ങനെ സംബോധന ചെയ്യാന്‍പോലും തയ്യാറാകാത്ത മക്കളും നമുക്കിടയിലുണ്ട്. ഒരുപക്ഷെ അവര്‍ ചെയ്ത പല കാര്യങ്ങളും നീതിരഹിതമായിരിക്കാം. എന്നാല്‍, അവരെ ദുഷിച്ചു സംസാരിക്കുന്ന മക്കള്‍ക്ക് ദൈവസന്നിധിയില്‍ ന്യായീകരണമില്ല. ഇത് ദൈവത്തിന്റെ അലംഘനീയമായ നിയമമാണ്! മാതാപിതാക്കളോടു മക്കള്‍ക്കുള്ള കടമകളെക്കുറിച്ച് ഏറ്റവും വ്യക്തതയോടെയുള്ള ഉപദേശം നല്‍കിയിരിക്കുന്നത് പ്രഭാഷകന്റെ പുസ്തകത്തിലാണ്. ഈ പുസ്തകത്തിലെ ചില ഉപദേശങ്ങള്‍ നാം ആദ്യമേ പരിശോധിച്ചുവെങ്കിലും, ഒരിക്കല്‍ക്കൂടി ആ ഉപദേശങ്ങള്‍ പൂര്‍ണ്ണതയോടെ വായിക്കാം.

പ്രഭാഷകന്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്റെ വാക്കു കേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് യാഹ്‌വെ ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്‍മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്‌ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ത്ഥന യാഹ്‌വെ കേള്‍ക്കും. പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും; യാഹ്‌വെയെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു. ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്‍മാരെ സേവിക്കും. പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ച്, അവന്റെ അനുഗ്രഹത്തിന് പാത്രമാവുക. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും. മഹത്വം കാംക്ഷിച്ച് പിതാവിനെ അവമാനിക്കരുത്; പിതാവിന്റെ അവമാനം ആര്‍ക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവന്‍ മഹത്വം ആര്‍ജിക്കുന്നു; അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും. മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്. അവന് അറിവു കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക; നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്. പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല; പാപങ്ങളുടെ കടം വീടുന്നതിന് അതുപകരിക്കും. കഷ്ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്റെ പാപങ്ങള്‍ മാഞ്ഞുപോകും. പിതാവിനെ പരിത്യജിക്കുന്നത്‌ ദൈവദൂഷണത്തിനു തുല്യമാണ്; മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ യാഹ്‌വെയുടെ ശാപമേല്‍ക്കും"(പ്രഭാ: 3; 1-16).

ഇവിടെ വായിച്ച ഈ ഉപദേശങ്ങള്‍ ഓരോന്നും പരിശോധിച്ചതിനുശേഷം ആത്മപരിശോധന നടത്തുക; നാലാംപ്രമാണത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അനുസരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നുവെന്നാണ് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍. അമ്മയെ മഹത്വപ്പെടുത്തിക്കൊണ്ടു നിക്ഷേപം കൂട്ടിവച്ചവരാണോ നാം എന്നും ചിന്തിക്കണം. ദൈവത്തെ അനുസരിക്കുന്നുവെന്നു പറയുകയും അമ്മയെ സന്തോഷിപ്പിക്കാതിരിക്കുകയും ചെയ്യുന്നവന്‍ വ്യാജം പറയുകയാണ്‌. കാരണം, യാഹ്‌വെയെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നുവെന്നാണ് പ്രഭാഷകനിലൂടെ അവിടുന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കളെ എങ്ങനെ ബഹുമാനിക്കണമെന്നു മനസ്സിലാക്കുവാന്‍ പ്രഭാഷകന്റെ പുസ്തകത്തിലെ മൂന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പതിനാറു വാക്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുക!

സ്ത്രീയേ, അമ്മായിയമ്മയാണ് നിന്റെ അമ്മ!

നാലാം പ്രമാണത്തെ നിസ്സാരമായി തള്ളിക്കളഞ്ഞിരിക്കുന്നവരില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതലെന്നു പറയാന്‍ മനോവയ്ക്ക് യാതൊരു സങ്കോചവുമില്ല. കാരണം, അതാണ്‌ യാഥാര്‍ത്ഥ്യം! ബൈബിളില്‍ നാം കാണുന്ന മനോഹരമായ ഒരു വിവാഹമുണ്ട്. തോബിത്തിന്റെ പുത്രനായ തോബിയാസും റഗുവേലിന്റെ പുത്രിയായ സാറായും തമ്മിലുള്ള വിവാഹമാണ് നാം അവിടെ കാണുന്നത്. വിവാഹാനന്തരം ഭര്‍തൃഭവനത്തിലേക്കു മകളെ യാത്രയാക്കിക്കൊണ്ട് പിതാവായ റഗുവേല്‍ മകള്‍ക്കു നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്: "അവന്‍ പുത്രിയോടു പറഞ്ഞു: നിന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കന്‍മാരെ ബഹുമാനിക്കുക. അവരാണ് ഇനിമേല്‍ നിനക്കു മാതാപിതാക്കള്‍. നിന്നെപ്പറ്റി നല്ലതുമാത്രം കേള്‍ക്കാന്‍ എനിക്ക് ഇടവരട്ടെ!"(തോബിത്ത്: 10; 12). ഓരോ സ്ത്രീകളും അവരുടെ മാതാപിതാക്കളും ഗൗരവത്തോടെ ചിന്തിക്കേണ്ട ഉപദേശമാണിത്! മാതാപിതാക്കള്‍ തങ്ങളുടെ പുത്രിമാരെ ഭര്‍തൃഭവനത്തിലേക്കു പറഞ്ഞയക്കുമ്പോള്‍ നല്‍കുന്ന ഉപദേശം ഇത്തരത്തിലുള്ളതാണോ? ഭര്‍ത്താവിന്റെ മാതാപിതാക്കളെക്കുറിച്ച് ശാപവാക്കുകള്‍ പറയുമ്പോള്‍ അത് തിരുത്തുവാന്‍ നിങ്ങള്‍ ശ്രമിക്കുന്നുണ്ടോ? മോശമായ പദപ്രയോഗങ്ങളിലൂടെ അമ്മായിയപ്പനെയും അമ്മായിയമ്മയെയും സംബോധനചെയ്ത് സംസാരിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണോ നിങ്ങള്‍ സ്വീകരിക്കുന്നത്? ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പുത്രിമാരെ അകാലമരണത്തിനും ശാപത്തിനും ഏല്പിച്ചുകൊടുക്കുകയാണെന്ന സത്യം നിങ്ങള്‍ വിസ്മരിക്കരുത്!

ജനിപ്പിച്ച പിതാവിനെപ്പോലെയും പ്രസവിച്ച അമ്മയെപ്പോലെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വിശുദ്ധരായ സ്ത്രീകളെ ശ്ലാഘിച്ചുകൊണ്ടുതന്നെ, ചില യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. നാലാം പ്രമാണത്തെ കാര്യമായി എടുക്കാത്തവരില്‍ ഏറെയും സ്ത്രീകളാണെന്നു മനോവ പറഞ്ഞതിന്റെ പൊരുളിലേക്കു നാം കടക്കുമ്പോള്‍ ഇത് വെളിപ്പെടും.

മാതാപിതാക്കളുടെ വാക്കുകളെ ശിരസ്സാവഹിച്ച് അവര്‍ക്കു വിധേയപ്പെട്ടു ജീവിച്ചിരുന്ന ഒരുവന്‍ തന്റെ വിവാഹശേഷം അവരുടെ ശത്രുവായി മാറുന്നുവെങ്കില്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ശക്തി ആരായിരിക്കും? പിതാവിനെയും മാതാവിനെയും വെറുക്കാന്‍ പരിശീലനം നല്‍കുന്ന ഭാര്യമാര്‍ നമുക്കിടയിലുണ്ട്. ആദത്തെ ദൈവത്തില്‍നിന്നും അകറ്റിയ ഹവ്വാമാര്‍ ഇന്നും ഈ ഭൂമുഖത്ത് വിഹരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം! ആരോഗ്യവാനും സുന്ദരനുമായി നിന്റെ മുന്നില്‍ നില്‍ക്കുന്ന ഭര്‍ത്താവിന്റെ ശക്തിയും ബുദ്ധിയും മേനിയഴകും അവനു ജന്മം നല്‍കിയ മാതാപിതാക്കളുടെ ദാനമാണെന്നു നീ മറക്കരുത്. അവന്‍ ആരോഗ്യവാനായി ഇരിക്കേണ്ടതിന് അവന്റെ മാതാപിതാക്കളുടെ ആരോഗ്യം അവര്‍ പരിഗണിച്ചില്ല. അവന്‍ കോമളനായി വളരുവാന്‍ മാതാപിതാക്കള്‍ തങ്ങളുടെ സൗന്ദര്യം നിലനിര്‍ത്തേണ്ടത് ഒരു കാര്യമായി കരുതിയില്ല. ഇന്ന് ആരോഗ്യവും സൗന്ദര്യവും നഷ്ടപ്പെട്ട ഇവരെ അവഗണിക്കുമ്പോള്‍ നിങ്ങളുടെ മക്കള്‍ക്ക് നിങ്ങള്‍ തിന്മയുടെ പരിശീലനം നല്‍കുകയാണ്. മുകളില്‍ നാം വായിച്ച ഉപദേശത്തില്‍നിന്ന് ഒരു വാക്യം ഇവിടെ ചേര്‍ക്കാം. ഇതാണ് ആ വാക്യം: "പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്റെ പ്രാര്‍ത്ഥന യാഹ്‌വെ കേള്‍ക്കും"(പ്രഭാ: 3; 5). നിങ്ങളുടെ ഭവനം ഒരു പരിശീലനക്കളരിയാണെന്ന കാര്യം വിസ്മരിക്കരുത്. നിങ്ങളുടെ പ്രവര്‍ത്തികള്‍ കണ്ടാണ്‌ നിങ്ങളുടെ മക്കള്‍ പഠിക്കുന്നത്. മാതാപിതാക്കളെ ബഹുമാനിക്കാത്ത ഒരുവനു തന്റെ മക്കളോട് ബഹുമാനം ആവശ്യപ്പെടാന്‍ എന്ത് അവകാശമാണുള്ളത്? നിങ്ങളുടെ പ്രവര്‍ത്തികളെ അവര്‍ അനുകരിക്കുന്നതിലൂടെ നിങ്ങള്‍ക്കും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും തിന്മയുടെ നിക്ഷേപം കൂട്ടിവയ്ക്കുകയാണു നിങ്ങള്‍ ചെയ്യുന്നത്! നിങ്ങളുടെ മക്കളില്‍നിന്ന്‍ ആദരം ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ആദരവ് നിങ്ങളുടെ മാതാപിതാക്കള്‍ക്കു നല്‍കാന്‍ തയ്യാറാകണം. കാരണം, ദൈവത്തിന്റെ പ്രമാണങ്ങള്‍ക്ക് ഇളക്കം സംഭവിക്കുകയില്ല!

റഗുവേല്‍ തന്റെ പുത്രിയായ സാറായ്ക്കു മാത്രമായി നല്‍കിയ ഉപദേശമായി തോബിത്തിന്റെ പുസ്തകത്തിലെ വാക്കുകളെ കാണേണ്ടാ. ദൈവത്തില്‍നിന്നുള്ള അനുഗ്രഹം പ്രാപിക്കാനും ശാപങ്ങളില്‍ അകപ്പെടാതിരിക്കാനും ആഗ്രഹിക്കുന്ന ഓരോ ഭാര്യമാരും ജീവിതത്തില്‍ പകര്‍ത്തേണ്ടതിനാണ് ഈ വാക്കുകള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ: 'ന്യൂജനറേഷന്‍' സഭകളുടെ ബൈബിളില്‍നിന്ന് ഈ മഹത്തായ ഗ്രന്ഥം അവര്‍ നീക്കിക്കളഞ്ഞു! റഗുവേലിന്റെ ഉപദേശം ഓരോ ഭാര്യമാരും സ്വീകരിക്കുക മാത്രമല്ല, ഓരോ പിതാക്കന്മാരും തങ്ങളുടെ പുത്രിമാര്‍ക്ക് ഈ ഉപദേശം നല്‍കുകയും വേണം. നിങ്ങളുടെ പുത്രിമാര്‍ക്ക് അവരുടെ ഭര്‍തൃഭവനങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുവാനും ദൈവത്തില്‍നിന്നുള്ള അനുഗ്രഹം പ്രാപിക്കുവാനും ഇത് അനിവാര്യമാണ്!

ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി സ്വീകരിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണം എന്നതുപോലെ, ഭാര്യയുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കാനുള്ള കടമ പുരുഷനുമുണ്ട്. കാരണം, തന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമാണ് ഭാര്യ. യേഹ്ശുവാ ഇപ്രകാരം വെളിപ്പെടുത്തുന്നു: "സ്രഷ്ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ: 19; 4-6). വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അവിടുന്ന് ഇതു വെളിപ്പെടുത്തിയത്. എന്നാല്‍, നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന വിഷയവുമായി ഈ വചനത്തിനു വലിയ ബന്ധമുണ്ട്. വിവാഹത്തിലൂടെ പുരുഷനും സ്ത്രീയും ഒരു ശരീരമായി മാറുന്ന വലിയൊരു രഹസ്യമാണ് യേഹ്ശുവാ അനാവരണം ചെയ്തത്. ആദത്തിനു ഭാര്യയായി ഹവ്വയെ ലഭിച്ചപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: "ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും"(ഉത്പ: 2; 23). അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമാണ് ഭര്‍ത്താവിനു ഭാര്യ എന്നുതന്നെയാണ് യേഹ്ശുവായും പറഞ്ഞത്. വിവാഹത്തോടെ പുരുഷനെയും സ്ത്രീയെയും ഒരിക്കലും വേര്‍പെടാന്‍ സാധിക്കാത്തവിധം ഒരു ശരീരമാക്കി ചേര്‍ത്തുവയ്ക്കുന്നത് ദൈവമാണ്! അങ്ങനെയെങ്കില്‍, വിവാഹാനന്തരം ദമ്പതിമാര്‍ക്ക് രണ്ടു പിതാക്കന്മാരും രണ്ട് അമ്മമാരുമുണ്ട്. ഇവര്‍ നാലുപേരെയും ഭാര്യാഭര്‍ത്താക്കന്മാര്‍ ബഹുമാനിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഭര്‍ത്താവിന്റെ അമ്മയെന്നോ ഭാര്യയുടെ അമ്മയെന്നോ വേര്‍തിരിവുണ്ടാകാന്‍ പാടില്ല. എന്തെന്നാല്‍, ഭര്‍ത്താവും ഭാര്യയും ഒരു ശരീരമാണ്!

വൃദ്ധസദനങ്ങള്‍!

വൃദ്ധസദനങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ തള്ളിപ്പറയാന്‍ മനോവ തയ്യാറല്ല. എന്നാല്‍, മാതാപിതാക്കളെ ഉപേക്ഷിക്കാനുള്ള സ്ഥാപനമായി ഈ വൃദ്ധസദനങ്ങള്‍ മാറുന്നതിനെ ഗൗരവത്തോടെതന്നെയാണ് മനോവ വീക്ഷിക്കുന്നത്.

വൃദ്ധസദനങ്ങളെ സംബന്ധിച്ചുള്ള നല്ല വശങ്ങള്‍ എന്തൊക്കെയെന്ന് ആദ്യം ചിന്തിക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാണ് വൃദ്ധസദനങ്ങള്‍. ഈ രാജ്യങ്ങളിലെ ഓരോ പൗരന്മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍, വാര്‍ദ്ധക്യത്തില്‍ ഇവര്‍ക്കു സംരക്ഷണം നല്‍കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനികളാണ്. വീടുകളില്‍ വന്ന്‍ വൃദ്ധരായ ആളുകള്‍ക്ക് മരുന്നു നല്‍കുകയും കുളിപ്പിക്കുകയും ചെയ്യുന്ന സംവീധാനം ഉള്ളതുപോലെ, വൃദ്ധസദനങ്ങളില്‍ സ്ഥിരമായി താമസിക്കുന്ന രീതിയും ഇവിടെയുണ്ട്. മാതാപിതാക്കളെ ശുശ്രൂഷിക്കുവാനായി മക്കള്‍ക്കു സാധിക്കാത്ത സാഹചര്യമാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളത്. കാരണം, ജോലി ചെയ്യാതെ ജീവിക്കാന്‍ ഈ രാജ്യങ്ങളില്‍ സാധ്യമല്ല. ജോലി ഉപേക്ഷിച്ചു മാതാപിതാക്കളെ പരിചരിക്കുന്ന രീതി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സ്ഥാപിച്ച സംവീധാനമാണ് വൃദ്ധസദനങ്ങള്‍. മക്കള്‍ ജോലിക്കു പോകുമ്പോള്‍ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ വീട്ടില്‍ തനിച്ചാകുന്നത് അപകടമാണ്. എന്തെന്നാല്‍, ഒരു വീട്ടില്‍ എന്തുതന്നെ സംഭവിച്ചാലും തൊട്ടടുത്ത വീട്ടിലെ ആളുകള്‍പ്പോലും അറിയാറില്ല. ഈ അവസ്ഥയില്‍ മാതാപിതാക്കളുടെ സുരക്ഷിതത്വത്തിന് ഏറ്റവും അനുയോജ്യമായത് വൃദ്ധസദനങ്ങള്‍ തന്നെയാണ്.

വിദേശത്തു ജോലിചെയ്യുന്ന ഒരു ഇന്ത്യക്കാരന്റെ മാതാപിതാക്കളെ സുരക്ഷിതമായി ശുശ്രൂഷിക്കാന്‍ 'ഹോംനഴ്സിനെ' നിയോഗിക്കുകയോ വൃദ്ധസദനങ്ങളില്‍ ആക്കുകയോ ചെയ്യുന്നതിനെ അപരാധമായി കാണാന്‍ മനോവയ്ക്കാവില്ല. എന്നാല്‍, കാര്യമായ ജോലികള്‍ ഒന്നുമില്ലാതെ വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുന്നവരോ, സ്വന്തം പുരയിടത്തിലെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവാരോ ആയ വ്യക്തികള്‍ തങ്ങളുടെ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളുന്നതിനെ മനോവ അംഗീകരിക്കുന്നില്ല. മക്കളാല്‍ അവഗണിക്കപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട വൃദ്ധസദനങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. എന്നാല്‍, പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഇല്ലെന്നതാണ് വസ്തുത. എന്തിനുമേതിനും പാശ്ചാത്യ സംസ്ക്കാരത്തെ പുലഭ്യം പറയുന്നവര്‍ സ്വന്തം സംസ്ക്കാരത്തിലെ ജീര്‍ണ്ണതകള്‍ കണ്ടില്ലെന്നു നടിക്കുന്നു. മക്കള്‍ തള്ളിക്കളഞ്ഞ മാതാപിതാക്കളെ ഏറ്റെടുത്ത് ശുശ്രൂഷിക്കുന്നതിനായി കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള വൃദ്ധസദനങ്ങള്‍ എന്തുകൊണ്ടും ആശ്വാസകരമാണ്. അവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുകതന്നെ ചെയ്യും. എന്നാല്‍, ഈ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ സന്തതികളുടെ കാര്യം ഹാ കഷ്ടം!

ഈ ലേഖനം ഉപസംഹരിക്കുന്നതിനു മുന്‍പ് ഒന്നുകൂടി വ്യക്തമാക്കുന്നു; കല്പനകള്‍ ഒന്‍പതും അനുസരിക്കുകയും ഒന്നുമാത്രം അനുസരിക്കാതിരിക്കുകയും ചെയ്‌താല്‍, എല്ലാ പ്രമാണങ്ങളും ലംഘിച്ചതിനു തുല്യമാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്ച വരുത്തുകയും ചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു. എന്തെന്നാല്‍, വ്യഭിചാരം ചെയ്യരുത്, എന്നു കല്പിച്ചവന്‍ തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരംചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു"(യാക്കോബ്: 2; 10, 11). ആയതിനാല്‍, കല്പനകളില്‍ ഏതെങ്കിലും ഒന്നിനെ അപ്രധാനമായി കാണരുത്. പാപം ചെയ്യുന്നവര്‍ ഇക്കാര്യം കൂടി ഓര്‍ക്കുക: "പാപം ചെയ്യുന്നവന്‍ സ്വന്തം ജീവന്റെ ശത്രുവാണ്"(തോബിത്ത്: 12; 10).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5771 views

LOG IN

Lost your password?

SIGN UP

LOST PASSWORD