അറിഞ്ഞിരിക്കാന്‍

പത്രോസിന്റെ നിഴലും ചില ആനുകാലിക ചിന്തകളും!

Print By
about

17 - 02 - 2018

ക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ പത്രോസ് കടന്നുപോകുന്ന ഇടങ്ങളില്‍ പതിക്കുന്ന അവന്റെ നിഴലില്‍നിന്നുപോലും അദ്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു"(അപ്പ. പ്രവര്‍: 5; 15, 16). പത്രോസ് എന്ന വ്യക്തിയില്‍ വസിച്ച ദൈവാത്മാവിന്റെ ശക്തിയാണ് നാമിവിടെ മനസ്സിലാക്കേണ്ടത്. മറ്റുചില അപ്പസ്തോലന്മാരില്‍നിന്നും ഇത്തരം അദ്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "പൗലോസിന്റെ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അവന്റെ ശരീരസ്പര്‍ശനമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു"(അപ്പ. പ്രവര്‍: 19; 11, 12). പ്രവാചക കാലഘട്ടത്തിലും ഇത്തരം അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ട്.

ഇവിടെയെല്ലാം നാം തിരിച്ചറിയേണ്ട ഒരു യാഥാര്‍ത്ഥ്യത്തിലേക്കാണ് മനോവ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അതായത്, ദൈവാത്മാവാല്‍ നിറഞ്ഞ ഒരു വ്യക്തിയില്‍നിന്നു ദൈവശക്തി പുറപ്പെടുന്നു. അതുപോലെതന്നെ, പിശാചിന്റെ ആത്മാവാല്‍ നിറഞ്ഞ വ്യക്തികളില്‍നിന്നു പൈശാചികത പുറപ്പെടും. ഈ യാഥാര്‍ത്ഥ്യം പലരും വിസ്മരിക്കുന്നുവെന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. ദൈവത്തിന്റെ ദാസരില്‍നിന്നു പുറപ്പെടുന്നത് അനുഗൃഹങ്ങളാണെങ്കില്‍, പിശാചിന്റെ ദാസരില്‍നിന്നു പുറപ്പെടുന്നത് ശാപങ്ങളായിരിക്കും എന്നത് ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്. വിശുദ്ധരില്‍നിന്നു വിശുദ്ധി പ്രസരിക്കുമെന്ന് അംഗീകരിക്കുന്നവര്‍പോലും അശുദ്ധരില്‍നിന്നു പുറപ്പെടുന്ന അശുദ്ധിയെ കാര്യമായി പരിഗണിക്കുന്നില്ല. ദൈവത്തിന്റെ ശുശ്രൂഷകരെ ഭവനങ്ങളില്‍ സ്വീകരിക്കുകയോ പരിത്യജിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള വ്യത്യസ്തമായ പ്രതിഫലങ്ങള്‍ എന്തൊക്കെയാണെന്നു നോക്കുക: "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ: 10; 40, 41). മറ്റൊരു വചനംകൂടി ശ്രദ്ധിക്കുക: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ക്രിസ്തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല"(മര്‍ക്കോ: 9; 41). ക്രിസ്തുവിനുള്ളവര്‍ക്ക് നല്‍കിയാല്‍ ലഭിക്കുന്ന പ്രതിഫലമാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്തുവിനുള്ളവരെ തിരിച്ചറിയുന്നത് അവരുടെ പ്രവര്‍ത്തിയിലൂടെയാണ്! തിന്മയില്‍ വ്യാപരിക്കുന്ന വ്യക്തികളെ സഹായിക്കാനുള്ള ആഹ്വാനം ബൈബിളില്‍ ഒരിടത്തും വായിക്കാന്‍ കഴിയില്ല.

ദൈവശുശ്രൂഷകനെ നിരാകരിക്കുന്ന വ്യക്തികള്‍ക്കുള്ള പ്രതിഫലം എന്താണെന്നു ശ്രദ്ധിക്കുക: "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു"(ലൂക്കാ: 10; 16). ദൈവത്തെ നിരസിക്കുകയെന്നാല്‍ അനുഗ്രഹത്തെ നിരസിക്കലാണ്! ദൈവത്തിന്റെ ദാസന്മാരെ ഭവനത്തില്‍ സ്വീകരിച്ചതിലൂടെ അനുഗ്രഹിക്കപ്പെട്ട അനേകരെ ബൈബിളില്‍ കണ്ടുമുട്ടുന്നുണ്ട്. സാന്നിദ്ധ്യത്താല്‍ അനുഗൃഹം വര്‍ഷിച്ചുകൊണ്ട് അടയാളങ്ങള്‍ നല്‍കിയ പ്രവാചകന്മാരില്‍ പ്രധാനി എലീഷായായിരുന്നു. പ്രവാചകനെ സ്വഭവനത്തില്‍ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്ത ഷൂനേംകാരിയുടെ ജീവിതത്തില്‍ നടന്ന അദ്ഭുതങ്ങള്‍ ശ്രദ്ധേയമാണ്. ആ സംഭവം ഇപ്രകാരമാണ് ബൈബിളില്‍ നാം വായിക്കുന്നത്: "ഒരിക്കല്‍ എലീഷാ ഷൂനേമില്‍ ചെന്നപ്പോള്‍ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവന്‍ ഭക്ഷണത്തിന് ആ വീട്ടില്‍ ചെല്ലുക പതിവായി. അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ഇതിലെ പോകാറുള്ള ആ മനുഷ്യന്‍ ഒരു ദൈവപുരുഷനാണ്. നമുക്കു മട്ടുപ്പാവില്‍ ചെറിയ ഒരു മുറിയുണ്ടാക്കി അതില്‍ കിടക്കയും മേശയും കസേരയും വിളക്കും വയ്ക്കാം. വരുമ്പോഴൊക്കെ അവന് അവിടെ വിശ്രമിക്കാമല്ലോ. ഒരിക്കല്‍ അവന്‍ അവിടെ വിശ്രമിക്കുകയായിരുന്നു. ഷൂനേകാരിയെ വിളിക്കാന്‍ അവന്‍ തന്റെ ഭൃത്യന്‍ ഗഹസിയോടു പറഞ്ഞു: അവന്‍ വിളിച്ചപ്പോള്‍ അവള്‍ വന്ന് മുമ്പില്‍ നിന്നു. എലീഷാ ഭൃത്യനോടു പറഞ്ഞു: അവളോടു പറയുക, നീ ഞങ്ങള്‍ക്കുവേണ്ടി എത്ര ബുദ്ധിമുട്ടി. ഞങ്ങള്‍ എന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ ശുപാര്‍ശ ചെയ്യണമോ? അവള്‍ പറഞ്ഞു: ഞാന്‍ വസിക്കുന്നത് എന്റെ ജനത്തിന്റെ കൂടെയാണ്. എലീഷാ പറഞ്ഞു: അവള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? ഗഹസി പറഞ്ഞു: അവള്‍ക്കു മക്കളില്ല, ഭര്‍ത്താവ് വൃദ്ധനുമാണ്. അവന്‍ പറഞ്ഞു: അവളെ വിളിക്കുക. വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു. എലീഷാ പറഞ്ഞു: അടുത്ത വര്‍ഷം ഈ സമയത്ത് നീ ഒരു പുത്രനെ താലോലിക്കും. അവള്‍ പറഞ്ഞു: ഇല്ല, ദൈവപുരുഷാ, പ്രഭോ, ഈ ദാസിയോടു വ്യാജം പറയരുതേ! എലീഷാ പറഞ്ഞതുപോലെ അവള്‍ ഗര്‍ഭം ധരിച്ച് അടുത്ത വസന്തത്തില്‍ ഏകദേശം ആ സമയത്ത് ഒരു പുത്രനെ പ്രസവിച്ചു"(2 രാജാ: 4; 8-17).

എലീഷാ പ്രവാചകനിലൂടെ ഇതേ ഭവനത്തില്‍ത്തന്നെ വേറെയും അദ്ഭുതം നടന്നിട്ടുണ്ട്. എലീഷായുടെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി ഷൂനേംകാരി പ്രസവിച്ച കുഞ്ഞ് വളര്‍ന്നു. എന്നാല്‍, അവന്‍ ബാല്യത്തില്‍ത്തന്നെ രോഗബാധിതനായി മരിച്ചു. അവന്റെ അമ്മ പ്രവാചകനെ സമീപിച്ച് ഇപ്രകാരം വിലപിക്കുന്നു: "പ്രഭോ, ഞാന്‍ അങ്ങയോടു പുത്രനെ ആവശ്യപ്പെട്ടോ? എന്നെ വഞ്ചിക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ?"(2 രാജാ: 4; 28). പിന്നീടു സംഭവിച്ചത് എന്താണെന്നു നോക്കുക: "അവന്‍ ഗഹസിയോടു പറഞ്ഞു: അരപ്പട്ട ധരിച്ച് എന്റെ വടിയും എടുത്തു ചെല്ലുക. വഴിയില്‍ ആരെ കണ്ടാലും അഭിവാദനം ചെയ്യരുത്; ആരെങ്കിലും അഭിവാദനം ചെയ്‌താല്‍ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി കുട്ടിയുടെ മുഖത്തു വയ്ക്കുക. അപ്പോള്‍ കുട്ടിയുടെ അമ്മ പറഞ്ഞു: യാഹ്‌വെയെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുപോവുകയില്ല. അപ്പോള്‍ അവന്‍ അവളെ അനുഗമിച്ചു. ഗഹസി മുമ്പേപോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാല്‍, അനക്കമോ ജീവന്റെ ലക്ഷണമോ ഉണ്ടായില്ല. അവന്‍ മടങ്ങിവന്ന് എലീഷായോടു കുട്ടി ഉണര്‍ന്നിട്ടില്ലെന്നു പറഞ്ഞു"(2 രാജാ: 4; 29-31). അടുത്തഭാഗം ശ്രദ്ധിക്കുക: "എലീഷാ ആ ഭവനത്തില്‍ ചെന്നപ്പോള്‍ കുട്ടി കിടക്കയില്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവന്‍ ഉള്ളില്‍ കടന്ന് വാതിലടച്ചു. മുറിക്കുള്ളില്‍ അവനും കുട്ടിയും മാത്രമായി. എലീഷാ യാഹ്‌വെയോടു പ്രാര്‍ത്ഥിച്ചു. അനന്തരം, കിടക്കയില്‍ കയറി തന്റെ വായ്‌ കുട്ടിയുടെ വായോടും തന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളോടും തന്റെ കൈകള്‍ അവന്റെ കൈകളോടും ചേര്‍ത്തുവച്ച് അവന്റെമേല്‍ കിടന്നു. അപ്പോള്‍ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി. എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴു പ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു"(2 രാജാ: 4; 32-35). ദൈവപുരുഷന്റെ സാന്നിദ്ധ്യത്തിലൂടെ ലഭിച്ച അനുഗൃഹമാണ് നാമിവിടെ തിരിച്ചറിഞ്ഞത്.

ദൈവമായ യാഹ്‌വെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ച വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍നിന്നുപോലും ദൈവീകചൈതന്യം പ്രസരിക്കും. ഇതുസംബന്ധിച്ച് അനേകം ഉദാഹരണങ്ങള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. വിശുദ്ധരായ പ്രവാചകന്മാരുടെ കബറിടങ്ങളില്‍നിന്ന് വലിയ അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചിട്ടുണ്ട്. എലീഷാപ്രവാചകന്റെ കബറിടത്തില്‍നിന്നു ദൈവത്തിന്റെ ശക്തി പ്രവഹിച്ച ഒരു സംഭവം ശ്രദ്ധിക്കുക: "എലീഷാ മരിച്ചു. അവര്‍ അവനെ സംസ്ക്കരിച്ചു. വസന്തകാലത്ത് മൊവാബ്യര്‍ കൂട്ടമായി വന്നു ദേശം ആക്രമിച്ചു. ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍ ജഡം എലീഷയുടെ കല്ലറയിലേക്ക് എറിഞ്ഞു. എലീഷയുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു"(2 രാജാ: 13; 20, 21). ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും ദൈവത്തിനുമുമ്പില്‍ വിശുദ്ധിയോടെ വ്യാപരിക്കുകയും ചെയ്തിട്ടുള്ള വ്യക്തി മരിച്ചാലും അവനിലൂടെ അദ്ഭുതം പ്രവര്‍ത്തിക്കാന്‍ ദൈവത്തിനു സാധിക്കും. തിരഞ്ഞെടുക്കപ്പെട്ടവന്റെ അസ്ഥികളില്‍നിന്നുപോലും ദൈവീകചൈതന്യം പ്രവഹിക്കുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്ന ഈ സത്യത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവിധം ഹൃദയകാഠിന്യം അനുഭവിക്കുന്ന ചിലര്‍ ക്രൈസ്തവരുടെയിടയിലുണ്ട്. ചില സഭാവിഭാഗങ്ങളുടെ പഠിപ്പിക്കലുകളില്‍നിന്ന് ഇത്തരം സത്യങ്ങള്‍ മറയ്ക്കപ്പെട്ടിരിക്കുന്നു. ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം നടത്തുന്ന വ്യക്തികളും സമൂഹങ്ങളും ആയതിനാലാണ് ഇവരില്‍നിന്നു സത്യങ്ങള്‍ മറയ്ക്കപ്പെടുന്നത്.

പത്രോസിന്റെ നിഴലില്‍നിന്നും പൗലോസിന്റെ ശരീരസ്പര്‍ശമേറ്റ തുവാലയില്‍നിന്നും എലീഷയുടെ അസ്ഥിയില്‍നിന്നും അദ്ഭുതകരമായ ദൈവീകശക്തി പ്രവഹിച്ചത് നാം കണ്ടു. കത്തോലിക്കാസഭ വിശുദ്ധരായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തികളുടെ ശരീരാവശിഷ്ടങ്ങള്‍ തിരുശേഷിപ്പുകളാണെന്നു പറയുന്നത് ഈ ബൈബിള്‍ സന്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ആയതിനാല്‍, തിരുശേഷിപ്പുകള്‍ എന്ന് പറയപ്പെടുന്നവ യഥാര്‍ത്ഥ തിരുശേഷിപ്പാണെങ്കില്‍ അത് ആദരിക്കപ്പെടണം. എന്നാല്‍, കത്തോലിക്കാസഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിലൂടെയാണ് ഒരുവന്‍ വിശുദ്ധനാകുന്നതെന്ന് ആരും ധരിക്കരുത്. കത്തോലിക്കാസഭയിലെ ആചാര്യന്മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് താത്പര്യമുള്ളവരെ അവര്‍ വിശുദ്ധരായി പ്രഖ്യാപിക്കുന്നു. ഇവരില്‍ ബഹുഭൂരിപക്ഷം വ്യക്തികളും ദൈവത്തെ യഥാവിധം അറിഞ്ഞിട്ടുള്ളവര്‍പ്പോലുമല്ല എന്നതാണു യാഥാര്‍ത്ഥ്യം! തിരുശേഷിപ്പുകള്‍ കച്ചവടച്ചരക്കാക്കി മാറ്റിയാല്‍ അതില്‍ ദൈവീകശക്തി കുടിയിരിക്കുന്നുവെന്ന് ആരെങ്കിലും പ്രചരിപ്പിക്കുന്നുവെങ്കില്‍, അതില്‍ ഒരു ദൈവീകശക്തിയും ഇല്ലെന്ന് നാം തിരിച്ചറിയണം. ആത്മീയത കച്ചവടമാക്കി മാറ്റിയവര്‍ക്ക് ഉപജീവനം കഴിക്കാന്‍ ദൈവം അദ്ഭുതം പ്രവര്‍ത്തിക്കില്ല. വിശുദ്ധരല്ലാത്തവരുടെ ശരീരാവശിഷ്ടങ്ങള്‍ നമുക്കുമുന്നില്‍ വിഗ്രഹങ്ങള്‍ മാത്രമാണ്. യേഹ്ശുവാ ഏകാരക്ഷകനാണെന്നു പ്രഖ്യാപിക്കുകയും യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കു ജ്ഞാനസ്നാനം നല്‍കി സഭയോടു ചേര്‍ക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് വിശുദ്ധര്‍!

ഇത് മനോവ പറയുമ്പോള്‍ പലരുടെയും നെറ്റികളില്‍ ചുളിവു വീഴും. കത്തോലിക്കാസസഭയ്ക്ക് എന്നല്ല, ലോകത്തുള്ള ഒരു സഭയ്ക്കും മനുഷ്യനെ വിശുദ്ധന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്താന്‍ അവകാശമില്ല. കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ വിശുദ്ധരായി പ്രഖ്യാപിച്ചിരിക്കുന്ന പലരും യഥാര്‍ത്ഥത്തില്‍ വിശുദ്ധര്‍ തന്നെയാണ്. എന്നാല്‍, ഒരുവനെ വിധിക്കാന്‍ മനുഷ്യനോ ലോകത്തുള്ള ഏതെങ്കിലും സംവീധാനങ്ങള്‍ക്കോ അവകാശമില്ലാതതുകൊണ്ട് ഈ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. മുന്‍കാലങ്ങളിലൊക്കെ അത്മായരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന രീതി കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. അവസാനമായി അത്മായനെ വിശുദ്ധനായി പ്രഖ്യാപിച്ചത് വിന്‍സന്റ് ഡി പോളിന്റെ പേരില്‍ അത്മായരുടെ സംഘടനയ്ക്ക് രൂപം നല്‍കിയ വ്യക്തിയെയാണ്. കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ എന്തുകൊണ്ടാണ് അത്മായരെ താഴയുന്നത് എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയല്ല ഇവിടെ മനോവ ഉദ്ദേശിക്കുന്നത്. വൈദീകരില്‍ ശ്രേഷ്ഠന്മാരുണ്ടെങ്കില്‍ അവരെ വിശുദ്ധരായി പരിഗണിക്കാന്‍ മനോവ തയ്യാറാണ്. എന്നാല്‍, അവരെ ഒരു പ്രഖ്യാപനത്തിലൂടെ വിശുദ്ധരായി പരിഗണിച്ച് അവരുടെ രൂപം എഴുന്നള്ളിക്കാന്‍ മനോവയെ ദൈവം അനുവദിച്ചിട്ടില്ല. മനോവ ഒരു കച്ചവട സംരംഭമല്ല എന്നതുംകൂടിയാണ് അതിനു കാരണം! ഇന്ന് കത്തോലിക്കാസഭ വിശുദ്ധരായി പ്രഖ്യാപിച്ചവരില്‍ ആരെല്ലാമാണ് യേഹ്ശുവാ ഏകരക്ഷകനാണെന്നു പ്രഖ്യാപിച്ച് ഈ ഭൂമിയില്‍നിന്നു കടന്നുപോയത്? സഭയിലെ ആചാര്യന്മാര്‍ ചമഞ്ഞു സഭയെ ചൂഷണംചെയ്തു ജീവിച്ചവരെ അനുസരിക്കുകയും അവരുടെ അടിമകളായി ജീവിതം തള്ളിനീക്കിയവരുമായ വ്യക്തികള്‍ മരിച്ചാല്‍, അവരുടെ ശരീരത്തെയും സകലത്തെയും കച്ചവടം ചെയ്യാന്‍ അവരെ വിശുദ്ധരായി പ്രഖ്യാപിക്കും. ഇവരുടെ ജീവിതത്തിലെ അടിമത്വമാണ് യഥാര്‍ത്ഥ ക്രിസ്തീയത എന്നു പ്രചരിപ്പിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ വിറ്റ് കാശുണ്ടാക്കുകയും ചെയ്യും! കത്തോലിക്കാസഭ ഇതാണെന്നു ധരിച്ചിരിക്കുന്ന അനേകം മാംസപിണ്ഡങ്ങള്‍ ഇന്നു കത്തോലിക്കാസഭയിലുണ്ട്.

അബ്രാഹത്തിന് ദൈവം വാഗ്ദാനം ചെയ്തതുപോലെ അവനെ സ്വീകരിച്ച രാജ്യങ്ങളും ദേശങ്ങളും അവന്‍ മുഖേന അനുഗ്രഹം പ്രാപിച്ചു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവരാണ് കത്തോലിക്കാസഭയെ ഇന്നു നയിക്കുന്നത്. മതപരിവര്‍ത്തനമല്ല ക്രിസ്ത്യാനികളുടെ ദൗത്യമെന്നു വിളിച്ചുകൂവാന്‍ സീറോമലബാര്‍ സഭയുടെ ആചാര്യനായ ആലഞ്ചേരിയെ പ്രേരിപ്പിച്ചത് ക്രിസ്തുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവാണെന്ന്‍ ആരെങ്കിലും കരുതുന്നുണ്ടോ? ക്രിസ്തീയതയുടെ യഥാര്‍ത്ഥ ദൗത്യത്തില്‍നിന്ന് ഇവര്‍ വിരമിച്ചാലും സത്യത്തിനു സാക്ഷ്യം നല്‍കാനായി അനേകര്‍ ഉയര്‍ന്നുവരും! ദൈവം തിരഞ്ഞെടുത്ത ഏതൊരുവനെയും സ്വീകരിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടുന്നതുപോലെ, ദൈവത്തെ നിഷേധിക്കുന്നവരെ ആരെങ്കിലും സ്വീകരിച്ചാല്‍ അവര്‍ ദുരന്തത്തിനു പാത്രമാകും. ഇതിനു വ്യക്തമായ തെളിവുകള്‍ ബൈബിളിലുണ്ട്. അബ്രാഹത്തെ തിരഞ്ഞെടുത്തപ്പോള്‍ പ്രഖ്യാപിച്ച അനുഗൃഹം ഇന്നും നിലനില്‍ക്കുന്നുണ്ട്. അബ്രാഹത്തിന്റെ ദൈവത്തെ സേവിക്കുന്ന ജനതയെ ശപിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ്. ഈ വചനം നോക്കുക: " നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും"(ഉത്പ: 12; 2, 3). ദൈവം തിരഞ്ഞെടുത്ത ജനതയെ സ്വീകരിച്ചതിലൂടെ അനുഗൃഹം പ്രാപിച്ച ജനത ഈ ഭൂമുഖത്തുണ്ട്. അതുപോലെതന്നെ, ഈ ജനതയെ തിരസ്ക്കരിച്ചവര്‍ ദുരന്തം ഏറ്റുവാങ്ങിയിട്ടുമുണ്ട്.

അബ്രാഹത്തിന്റെ സന്തതിപരമ്പരയിലെ കണ്ണിയായ ജോസഫിനെ സ്വീകരിച്ചതിലൂടെ അനുഗൃഹം ആസ്വദിച്ച രാജ്യമാണ് ഈജിപ്ത്. അബ്രാഹത്തെ സ്വീകരിച്ചതുമൂലം അനുഗൃഹം പ്രാപിച്ച ജനതകളെയും രാജ്യങ്ങളെയും കുറിച്ചുള്ള പരാമര്‍ശവും ബൈബിളിലുണ്ട്. അവയെല്ലാം വിശദ്ദീകരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. ഉത്പത്തിയുടെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായംമുതല്‍ ഇരുപത്തിയഞ്ചാം ആദ്ധ്യായംവരെ ഇക്കാര്യങ്ങള്‍ പരിശോധിച്ചു സ്ഥിരീകരിക്കാന്‍ വായനക്കാര്‍ക്കു സാധിക്കും. ആയതിനാല്‍, ഈ ലേഖനത്തിലെ ചര്‍ച്ച അടുത്തഘട്ടത്തിലേക്ക്‌ പ്രവേശിക്കുകയാണ്.

കത്തോലിക്കാസഭയിലെ ചില അഭിനവ ആചാര്യന്മാര്‍ കണ്ട ദുസ്സ്വപ്നങ്ങളുടെ അടിസ്ഥാനത്തില്‍ നിയമങ്ങളുണ്ടാക്കുവാനും വിശുദ്ധരെ പ്രഖ്യാപിക്കുവാനും ദൈവം അനുവാദം നല്‍കിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അവിടെ നില്‍ക്കട്ടെ. എന്തെന്നാല്‍, നാം ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയം വേറെയാണ്. ആ വിഷയത്തിനിടയില്‍ ഇത്തരം ഭോഷ്ക്കുകളെ സംബന്ധിച്ചുള്ള പരാമര്‍ശം കടന്നുവരാന്‍ ഇനിയും സാധ്യതയുണ്ട്. ഇത്രയും നേരവും നാം ചര്‍ച്ചചെയ്തത് വിശുദ്ധരായ ദൈവശുശ്രൂഷകരുടെ സാന്നിദ്ധ്യത്തിലൂടെ സംലഭ്യമാകുന്ന ദൈവകൃപയെ സംബന്ധിച്ചാണ്. എന്നാല്‍, ഇതിനു വിരുദ്ധമായ ഒരു അവസ്ഥയെ നാം കാണാതെപോകരുത്. സത്യദൈവത്തിന്റെ നാമത്തില്‍ മാത്രം ശുശ്രൂഷ ചെയ്ത യഥാര്‍ത്ഥ വിശുദ്ധര്‍ക്ക് അഭയം നല്‍കുകയും അവരുടെ സാന്നിദ്ധ്യം അനുഭവിക്കുകയും ചെയ്തവര്‍ക്ക് അനുഗൃഹം ലഭിച്ചതുപോലെ, അശുദ്ധരും സത്യദൈവത്തിനു വിരുദ്ധമായി നിലകൊണ്ടവരുമായ വ്യക്തികളിലൂടെ ഈ ലോകത്തിലേക്കു ദുരന്തം കടന്നുവന്നിട്ടുണ്ട്. ദൈവം ഏല്‍പിച്ച ജോലി ഭംഗിയായി നിറവേറ്റിയവരാണ് വിശുദ്ധര്‍. എന്നാല്‍, പിശാചിന്റെ ആഹ്വാനം ശിരസ്സാവഹിച്ച മനുഷ്യരും ഈ ഭൂമിയിലുണ്ട്. ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളുടെ സാന്നിദ്ധ്യത്തിലൂടെ അനുഗൃഹം വര്‍ഷിച്ചതുപോലെ പിശാചിന്റെ ആജ്ഞാനുവര്‍ത്തികളിലൂടെ ശാപവും ഈ ഭൂമിയെ ഗ്രസിക്കുന്നു! ഉത്പത്തിയുടെ പുസ്തകത്തില്‍ മുതല്‍ മുന്നോട്ടുള്ള എല്ലാ പുസ്തകങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അശുദ്ധരായ മനുഷ്യര്‍ ഭൂമിയെ ശാപഗ്രസ്തമാക്കുന്നു!

എങ്ങനെയാണ് ഭൂമി ശപിക്കപ്പെട്ടതായതെന്നു നോക്കുക: "ആദത്തോട് അവിടുന്നു പറഞ്ഞു: തിന്നരുതെന്നു ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കുകേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും"(ഉത്പ: 3; 17). മനുഷ്യന്റെ തിന്മമൂലം മണ്ണ് ശപിക്കപ്പെടും എന്നതിന്റെ ആദ്യത്തെ തെളിവാണ് നാമിവിടെ കണ്ടത്. ആദം തന്റെ അനുസരണക്കേടിലൂടെ ഭൂമിയെ മലിനമാക്കിയെങ്കില്‍, ആദത്തിന്റെ സന്തതിയായ കായേന്‍ മുഖേന ഭൂമിയുടെമേല്‍ ശാപത്തിനുമേല്‍ ശാപം കടന്നുവന്നു. സഹോദരന്റെ രക്തം ചിന്തിയതിലൂടെയാണ് ഇവന്‍ ഭൂമിയിലേക്കു ശാപത്തെ ക്ഷണിച്ചുവരുത്തിയത്. ഈ വചനം ശ്രദ്ധിക്കുക: "ഭൂമി ദുഃഖിച്ചു ക്ഷയിച്ചു പോകുന്നു. ലോകമാകെ വാടിക്കൊഴിയുന്നു. ആകാശം ഭൂമിയോടൊപ്പം വാടിപ്പോകുന്നു. ഭൂമി അതിലെ നിവാസികള്‍ നിമിത്തം അശുദ്ധമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ നിയമം ലംഘിക്കുകയും കല്പനകളില്‍നിന്നു വ്യതിചലിക്കുകയും അങ്ങനെ ശാശ്വതമായ ഉടമ്പടിക്കു ഭംഗം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ശാപം ഭൂമിയെ വിഴുങ്ങുകയും ഭൂവാസികള്‍ തങ്ങളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിയിലെ നിവാസികള്‍ ദഹിച്ചുതീരുന്നു. ചുരുക്കം പേര്‍ മാത്രം അവശേഷിക്കുന്നു"(ഏശയ്യാ: 24; 4-6). ദൈവനിഷേധികളുടെ ബാഹുല്യം നിമിത്തം ഭൂമി അശുദ്ധമായിത്തീരുന്നു! അതിനാല്‍ത്തന്നെ, തന്റെ ജനത്തിനുവേണ്ടി യാഹ്‌വെ നല്‍കിയ രാജ്യത്ത് ചില വ്യക്തികള്‍ക്കും സമൂഹത്തിനും അവിടുന്ന് വിലക്കേര്‍പ്പെടുത്തി. അവര്‍മൂലം രാജ്യം ശപിക്കപ്പെട്ടതായിത്തീരാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്.

ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവര്‍ത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്"(നിയമം: 18; 9-12). ഈ മുന്നറിയിപ്പിനെ നാം ഗൗരവത്തോടെ പരിഗണിക്കണം. എന്തെന്നാല്‍, ഇത് ഏതെങ്കിലും ചില കാലഘട്ടത്തിലേക്കു മാത്രമായി നല്‍കപ്പെട്ട മുന്നറിയിപ്പായിരുന്നില്ല. മറിച്ച്, കാലങ്ങളെ അതിജീവിക്കുന്നതും ലോകാന്ത്യംവരെ നിലനില്‍ക്കുന്നതുമായ നിയമമാണിത്. ശപിക്കപ്പെട്ടവരെ അവര്‍ അധിവസിക്കുന്ന മണ്ണില്‍നിന്ന്‍ ആ മണ്ണുതന്നെ ബഹിഷ്ക്കരിക്കുന്നതുപോലെ, ബഹിഷ്കൃതരാകുന്ന ജനതയ്ക്ക് അഭയം നല്‍കുന്ന ദേശങ്ങളും ശപിക്കപ്പെട്ടതായിത്തീരും! ഇത് ഒരു സ്വാഭാവിക നിയമമാണ്! ആയതിനാല്‍, ആനുകാലിക സംഭവവികാസങ്ങളുമായി ചേര്‍ത്തുവച്ച് ഇക്കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.

തങ്ങളുടെ പൈശാചിക പ്രവൃത്തികളുടെ പരിണിതഫലമായി സ്വദേശത്തുനിന്നു ബഹിഷ്കൃതരായ സമൂഹമാണ് ഇസ്ലാമിക അഭയാര്‍ത്ഥികള്‍. ഇവരുടെ കരങ്ങള്‍ ക്രൈസ്തവരുടെ രക്തത്താല്‍ പങ്കിലമാണ്! ഇവര്‍ അധിവസിച്ചിരുന്ന രാജ്യങ്ങളിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്തതിനുശേഷമാണ് അഭയാര്‍ത്ഥികള്‍ എന്ന നാട്യത്തില്‍ ഇവര്‍ യൂറോപ്പിലേക്കു കുടിയേറുന്നത്. യൂറോപ്പിലെ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുകയെന്ന ഇവരുടെ അജണ്ട തിരിച്ചറിയാന്‍ കഴിത്തവിധം അന്ധകാരത്തിലാണ് ആ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹങ്ങള്‍! ശാപഗ്രസ്തരായ ഇസ്ലാമിക അഭയാര്‍ത്ഥികളെ സ്വീകരിച്ച രാജ്യങ്ങളെല്ലാം അതിന്റെ പരിണിതഫലം അനുഭവിച്ചുകൊണ്ടിക്കുമ്പോള്‍ നാം തിരിച്ചറിയേണ്ടത് ദൈവീക നിയമങ്ങളുടെ ആനുകാലിക പ്രസക്തിയാണ്. ലൗകീക മനുഷ്യര്‍ക്ക് ദൈവീക നിയമങ്ങളുടെ പ്രസക്തി തിരിച്ചറിയാന്‍ കഴിയില്ല; എന്തെന്നാല്‍, ലോകം ഇവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയങ്ങളെ കഠിനമാക്കുകയും ചെയ്തിരിക്കുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പിട്ടിരുന്നവരും അവരുടെ കുടുംബങ്ങളുമാണ് യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി കടന്നുവന്നത്. ക്രൈസ്തവരാജ്യങ്ങള്‍ ഇവരെ കുടിയിരുത്താന്‍ സകല ഒത്താശകളും ചെയ്യുന്നത് ഐക്യരാഷ്ട്രസഭയും ഇസ്ലാമികരാജ്യങ്ങളും മാത്രമല്ല, സാത്താന്റെ അജണ്ട നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന മാധ്യമങ്ങളും കപട മനുഷ്യസ്നേഹികളും ഉണ്ട്. ഇസ്ലാമിക ഭീകരന്മാര്‍ക്കു മാത്രം മനുഷ്യാവകാശം നേടിക്കൊടുക്കുക എന്നതാണ്  മനുഷ്യാവകാശ സംഘടനകളുടെ സ്ഥാപിത ദൗത്യം! ഭീകരന്മാര്‍ക്ക് അഭയം നല്കിയതുമൂലം അപകടത്തിലായ രാജ്യങ്ങളിലെ കുഞ്ഞുങ്ങളോടോ സ്ത്രീകളോടോ ഇവര്‍ക്ക് യാതൊരു കരുണയുമില്ല. ഇസ്ലാമിന് അഭയംനല്കി എന്ന ഒരേയൊരു അപരാധം മാത്രമേ യൂറോപ്പിലെ മനുഷ്യരും ഭരണകൂടങ്ങളും ചെയ്തിട്ടുള്ളു. ഇവിടെയാണ്‌ മനുഷ്യസ്നേഹികളുടെയും മനുഷ്യാവകാശ സംഘടനകളുടെയും മാധ്യമങ്ങളുടെയുമൊക്കെ കാപട്യം തിരിച്ചറിയേണ്ടത്. ഇരകള്‍ക്കുവേണ്ടിയല്ല, വേട്ടക്കാര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ട സംവീധാനങ്ങളുടെ നിയന്ത്രണത്തിലാണ് ഇന്നത്തെയും എന്നത്തെയും ലോകം! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു വിവേകത്തോടെ വര്‍ത്തിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം. എന്നാല്‍, വിവേകശൂന്യരും വിവേകശൂന്യത നടിക്കുന്നവരുമായ വ്യാജ ഇടയന്മാരാല്‍ നയിക്കപ്പെടുന്ന അജഗണമാണ് ഇന്നത്തെ ക്രൈസ്തവര്‍! ചെന്നായ്ക്കള്‍ക്കുവേണ്ടി ആലയുടെ വാതിലുകള്‍ ഇവര്‍ തുറന്നിടുന്നു!

മനോവയുടെ നിരീക്ഷണങ്ങളെ തള്ളിക്കളയുന്ന അനേകരുണ്ടാകാം. എന്നാല്‍, മനോവ ഉയര്‍ത്തിയ വാദങ്ങള്‍ ഓരോന്നും അക്ഷരംപ്രതി സംഭവിക്കുന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം! യൂറോപ്പിലെ ജനത ഇന്ന് ഭയവിഹ്വലരായി ദിവസങ്ങള്‍ തള്ളിനീക്കുന്നു. കുട്ടികളും സ്ത്രീകളും മാത്രമല്ല, സകല മനുഷ്യരും ഇന്ന് യൂറോപ്പില്‍ അരക്ഷിതരാണ്. യൂറോപ്പിന്റെ തെരുവുകളില്‍ അപരിഷ്കൃതരും നിഷ്ഠൂരരുമായ ഇസ്ലാമിക ഭീകരര്‍ വിഹരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കുവേണ്ടി ശബ്ദിക്കാനോ അവരുടെ കുഞ്ഞുങ്ങളുടെ അരക്ഷിതാവസ്ഥയെപ്രതി വിലപിക്കാനോ ആരുമില്ല എന്നതാണു സത്യം! ഇതൊക്കെ കണ്‍മുന്നില്‍ കണ്ടിട്ടും ഇസ്ലാമിക ഭീകരര്‍ക്കുവേണ്ടി വാദിക്കുന്ന ഒരുവനാണ് കത്തോലിക്കാസഭയെ വിഴുങ്ങിക്കൊണ്ട് വത്തിക്കാനില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. ഇറ്റലിയിലെ തെരുവീഥികളില്‍ ബംഗ്ലാദേശികളെക്കൊണ്ടു നിറഞ്ഞ സാഹചര്യത്തില്‍പ്പോലും, റോഹിങ്കികളെക്കൂടി യൂറോപ്പിനുമേല്‍ കെട്ടിവയ്ക്കാനാണ് ഇയാളുടെ ശ്രമം! ശപിക്കപ്പെട്ട സമൂഹങ്ങളെ മുഴുവന്‍ യൂറോപ്പില്‍ കുടിയിരുത്തിക്കൊണ്ട് ദൈവകോപം ക്ഷണിച്ചുവരുത്തുകയെന്നതാണ് വത്തിക്കാന്‍ രാജാവ് ഏറ്റെടുത്തിരിക്കുന്ന ദൗത്യം!

റോഹിങ്കികളും ബംഗ്ലാദേശികളും ഇന്ന് ആഗോളതലത്തില്‍ മനുഷ്യനു ഭീഷണിയായിരിക്കുകയാണ്. ഭീകരതയോടൊപ്പം മോഷണവും ഇവരുടെ ജീവിതശൈലിയാണെന്ന തിരിച്ചറിവിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ അടിസ്ഥാനപരമായി ബംഗ്ലാദേശികള്‍ തന്നെയാണ്. ബംഗ്ലാദേശില്‍നിന്നു മ്യാന്മാറിലേക്കു കുടിയേറിയ പൂര്‍വ്വീകരുടെ പരമ്പരയാണ് ഇന്നത്തെ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍! ഈ അടുത്തനാളുകളില്‍ കൊച്ചിയില്‍ നടന്ന മോഷണ പരമ്പരയുടെ പിന്നില്‍ ബംഗ്ലാദേശികളായിരുന്നുവെന്നു പൊലിസ് കണ്ടെത്തിക്കഴിഞ്ഞു. ബംഗാളികകളുമായി രൂപസാദൃശ്യമുള്ളതുകൊണ്ട് ഇവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ പ്രയാസമില്ല. കൊച്ചിയിലെ മോഷണവുമായി ബന്ധപ്പെട്ടു പിടിക്കപ്പെട്ട ബംഗ്ലാദേശികള്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ചാണ് ഇന്ത്യയില്‍ സുരക്ഷിതരായി ജീവിച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെയിടയില്‍ ഭൂരിപക്ഷവും ബംഗാളികള്‍ ആയതുകൊണ്ടും അവരെല്ലാംതന്നെ മുസ്ലീങ്ങള്‍ ആയതുകൊണ്ടും ഈ മോഷ്ടാക്കള്‍ക്ക് സൗകര്യമൊരുക്കാന്‍ അവര്‍ തയ്യാറാകുന്നു. തങ്ങള്‍ ജോലിചെയ്യുന്ന വീടുകളിലെ സ്ഥിതിഗതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മോഷ്ടാക്കള്‍ക്കു നല്‍കുന്നതും അന്യസംസ്ഥാന തൊഴിലാളികളാണ്.

ഇത് കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മാത്രം ഒതുങ്ങുന്ന ദുരന്തമല്ല; മറിച്ച്, ലോകം മുഴുവനിലും ഇവരുടെ സാന്നിദ്ധ്യമുണ്ട്. യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറുന്നവരില്‍ ബഹുഭൂരിപക്ഷവും ബംഗ്ലാദേശികളാണ്. ബംഗ്ലാദേശിലേക്കു മടങ്ങിവന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെയും യൂറോപ്പിലേക്ക് കടത്താന്‍ ഏജന്റുമാര്‍ സജ്ജീവമായുണ്ട്. ഇറ്റലിയുടെ തെരുവുകള്‍ മുഴുവന്‍ ബംഗ്ലാദേശികള്‍ കീഴടക്കിക്കഴിഞ്ഞുവെന്ന് നാം മനസ്സിലാക്കി. പട്ടാപ്പകല്‍പ്പോലും പിടിച്ചുപറിയും കൊള്ളയും നടത്തുന്ന ഇവരെ പൊലിസുകാര്‍പോലും നിയന്ത്രിക്കുന്നില്ല. ഇറ്റലിയില്‍ ഇന്ന് അരാജകത്വം നടമാടുന്നു എന്നതാണു യാഥാര്‍ത്ഥ്യം!

'ഇല്ല്യൂമിനാറ്റി' എന്ന പൈശാചിക പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയെന്നതാണ്. ഇതിനായി ഇവര്‍ വിവിധ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. ക്രിസ്തീയതയുടെ ആജന്മവൈരികളായ മതവിഭാഗങ്ങളെ ഉപയോഗപ്പെടുത്തി നടത്തുന്ന നീക്കങ്ങള്‍ അതില്‍ ഒന്നുമാത്രമാണ്! യഥാര്‍ത്ഥ ചൈതന്യത്തില്‍നിന്നു ക്രിസ്തീയതയെ വ്യതിചലിപ്പിക്കാനുള്ള പദ്ധതികളും ഇവര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നു. പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും യഥാര്‍ത്ഥ നിയമത്തെ അസാധുവാക്കുകയും ചെയ്യുന്നത് കത്തോലിക്കാസഭയില്‍ പ്രവര്‍ത്തിക്കുന്ന 'ഇല്ല്യൂമിനാറ്റി' സംഘമാണ്. വത്തിക്കാനിലെ രാജാവായ ഫ്രാന്‍സീസിന്റെ ഓരോ വാക്കുകളിലും പ്രവര്‍ത്തികളിലും 'ഇല്ല്യൂമിനാറ്റി' പ്രസ്ഥാനത്തിന്റെ അജണ്ട ദര്‍ശിക്കാന്‍ കഴിയും. ദൈവത്തിന്റെ നിയമങ്ങള്‍ക്ക് ഉപരിയായി ലോകത്തിന്റെ നിയമങ്ങള്‍ സഭയില്‍ സ്ഥാപിക്കാന്‍ ഈ മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങളെ ആരും നിസ്സാരമായി കാണേണ്ടാ. എന്തെന്നാല്‍, സഭയില്‍നിന്നു വചനത്തെയും ദൈവീകനിയമങ്ങളെയും നീക്കംചെയ്താല്‍ മാത്രമേ സമ്പൂര്‍ണ്ണ നിയന്ത്രണം പിശാചിനു ഭരമേല്പിക്കാന്‍ സാധിക്കുകയുള്ളു. ദൈവവചനത്തിന്റെയും ദൈവീകനിയമങ്ങളുടെയും സ്വാധീനം സഭയില്‍ ഇല്ലാതാകുമ്പോള്‍ സഭയില്‍നിന്നു പരിശുദ്ധാത്മാവ് പിന്‍വലിയും. ഈ പിന്മാറ്റമാണ് 'ഇല്ല്യൂമിനാറ്റി' സംഘം അഭിലഷിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ ഗ്രഹിക്കുക: "ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലേ? സമയമാകുമ്പോള്‍ മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. അരാജകത്വത്തിന്റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും"(2 തെസലോ: 2; 5-7).

അപ്പസ്തോലനായ പൗലോസ് വെളിപ്പെടുത്തിയ സത്യം അതിന്റെ പൂര്‍ണ്ണതയില്‍ ഗ്രഹിക്കാന്‍ നമുക്കു സാധിക്കണം. അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന പരിശുദ്ധാത്മാവ് വഴിമാറണം. പരിശുദ്ധാത്മാവ് വഴിമാറണമെങ്കില്‍, ദൈവീകനിയമങ്ങളും ദൈവവചനവും സഭയില്‍നിന്നു നീക്കംചെയ്യപ്പെടണം. അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടും എന്നത് വചനസത്യമായതുകൊണ്ട് അങ്ങനെ സംഭവിച്ചേ മതിയാകൂ! അങ്ങനെയെങ്കില്‍ പരിശുദ്ധാത്മാവ് വഴിമാറും എന്നകാര്യം നിശ്ചയമാണ്! ഇവിടെയാണ്‌ ഫ്രാന്‍സീസിന്റെ വാക്കുകളും പ്രവര്‍ത്തികളും നാം വിവേചിച്ചറിയേണ്ടതിന്റെ പ്രാധാന്യം! ഇവിടെ ഒരു ചോദ്യം മനോവ ഉയര്‍ത്തുന്നു: യൂറോപ്പിന്റെയും കത്തോലിക്കാസഭയുടെയും നാശം പൂര്‍ത്തിയാക്കുകയെന്ന ദൗത്യവുമായാണോ ഫ്രാന്‍സീസ് മ്യാന്മാറിലേക്ക് വിമാനം കയറിയത്? പോപ്പ് എന്ന പദവിയില്‍ സാങ്കേതികമായി മാത്രം ഉപവിഷ്ടനായിരിക്കുന്ന ഫ്രാന്‍സീസിന്റെ ഇന്നോളമുള്ള പ്രവൃത്തികള്‍ വിലയിരുത്തിയാല്‍ ഈ യാത്രയുടെ ലക്‌ഷ്യം ആര്‍ക്കും ഊഹിക്കാവുന്നതാണ്! പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുമുള്ള മുഴുവന്‍ ജിഹാദികളെയും യൂറോപ്പില്‍ കുടിയിരുത്തിയത്തിനുശേഷമാണ് മ്യാന്മാറിലേക്കുള്ള ഇയാളുടെ പര്യടനം! ഇസ്ലാമികരാജ്യങ്ങളില്‍ ന്യൂനപക്ഷമായി ജീവിച്ചിരുന്ന ക്രിസ്ത്യാനികളെ ഒന്നൊഴിയാതെ കൊന്നുടുക്കിയതിനുശേഷം, പരസ്പരം കൊല്ലുന്ന അവസ്ഥയിലേക്ക് മാറിയ സമൂഹമായിരുന്നു പശ്ചിമേഷ്യയിലെ മുസ്ലീങ്ങള്‍! ഇവര്‍ക്ക് അഭയംനല്‍കാന്‍ ഒരു ഇസ്ലാമികരാജ്യംപോലും തയ്യാറില്ല എന്നകാര്യം ഇവിടെ ചേര്‍ത്തുവായിക്കപ്പെടണം! തങ്ങള്‍ക്ക് അഭയംനല്‍കിയ മ്യാന്‍മാര്‍ എന്ന രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുമൂലമാണ് ഇവറ്റകള്‍ പുറത്താക്കപ്പെട്ടത്. ഇവര്‍ക്ക് അഭയംനല്‍കുന്ന ഏതൊരു രാജ്യത്തിന്റെയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ കുട്ടികള്‍ക്കുപോലും സാധിക്കും.

ഫ്രാന്‍സീസ് ഇന്ന് കത്തോലിക്കാസഭയുടെ പോപ്പായിരിക്കുന്നത് സാങ്കേതികമായി മാത്രമാണെന്നു മനോവ പറഞ്ഞതില്‍ ആരും അസ്വസ്ഥരാകേണ്ടാ; എന്തെന്നാല്‍, അതാണു യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയില്‍ ഒരു പോപ്പിന്റെ നിയമനം മരണംവരെയാണ്. സ്വമേധയാ ഒഴിഞ്ഞുപോകാനോ മറ്റാര്‍ക്കെങ്കിലും പുറത്താക്കാനോ സാധിക്കുന്ന ഒരു പദവിയല്ല പോപ്പുസ്ഥാനം. ക്രിസ്തീയനിയമങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങള്‍ പിന്തുടരുന്നുവെന്നു വ്യക്തമായാല്‍ മാത്രമേ ഒരുവനെ പോപ്പിന്റെ പദവിയില്‍നിന്നു നീക്കംചെയ്യാന്‍ സാധിക്കുകയുള്ളു. അത്തരം സാഹചര്യങ്ങളില്‍ ആ പോപ്പിന്റെ തിരഞ്ഞെടുപ്പ് അസാധുവായതിനാല്‍ നിലനില്‍ക്കുന്നതല്ല! പത്രോസിന്റെ വിശ്വാസപ്രഖ്യാനം തുടരുന്ന വ്യക്തിയാണ് പത്രോസ് എന്ന പ്രഥമ പോപ്പിന്റെ പിന്മുറക്കാരന്‍! ഈ വിശ്വാസത്തില്‍നിന്നു ഉറച്ചുനില്‍ക്കുന്ന വ്യക്തിയെയല്ലാതെ, മറ്റൊരു വിശ്വാസം പിന്തുടരുന്ന വ്യക്തിയെ പാപ്പാ സ്ഥാനത്ത് ദൈവവും സ്വര്‍ഗ്ഗവും അംഗീകരിക്കുന്നില്ല. പത്രോസ് നടത്തിയ പ്രഖ്യാപനത്തിനു വിരുദ്ധമായ ആശയങ്ങള്‍ പിന്തുടരുന്നവരെ സ്വര്‍ഗ്ഗം അംഗീകരിക്കാത്തതുകൊണ്ടുതന്നെ, സഭയുടെ ഉന്നതസമിതിയായ 'സൂത്രി' കൗണ്‍സിലിന് പുറത്താക്കാന്‍ അവകാശമുണ്ട്. ഇത് ഒരു സാങ്കേതികമായ നടപടിക്രമം മാത്രമാണ്. എന്തെന്നാല്‍, ദൈവസന്നിധിയില്‍ അംഗീകാരമില്ലാത്ത ഒരുവനെ ആരും പുറത്താക്കിയില്ലെങ്കില്‍പ്പോലും സഭയില്‍ അവന് ഒരു സ്ഥാനവുമില്ല. ഇപ്രകാരം പുറത്താക്കപ്പെടുന്ന വ്യക്തികളെ 'ആന്റി പോപ്പ്' അഥവാ പാപ്പാ വിരുദ്ധ പാപ്പ എന്നാണു വിളിക്കുന്നത്. ഇതിനോടകം കാത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച മൂന്നു പാപ്പാ വിരുദ്ധ പാപ്പാമാര്‍ ഉണ്ടായിട്ടുണ്ട്. പാപ്പാ വിരുദ്ധ പാപ്പ ആയിരുന്നിട്ടും 'സൂത്രി കൗണ്‍സില്‍' പുറത്താക്കാത്ത ഒരു വ്യക്തി കത്തോലിക്കാസഭയില്‍ സാങ്കേതികമായി മാത്രം പോപ്പായിരുന്ന കാലഘട്ടവും ഉണ്ടായിട്ടുണ്ട്. 'ജോണ്‍ ഇരുപത്തിമൂന്നാമന്‍' ആയിരുന്നു ആ വിരുതന്‍!

കത്തോലിക്കാസഭയിലെ ഒരു പോപ്പിന് സ്വമേധയാ രാജിവയ്ക്കാം എന്നതാണ് കാനോന്‍ നിയമമെങ്കിലും, ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനു സാധൂകരണമില്ല. കാനോന്‍ നിയമപ്രകാരം ഒരു മാര്‍പ്പാപ്പയ്ക്ക് രാജിവയ്ക്കാന്‍ ചെയ്യേണ്ടത് തന്റെ രാജി തീരുമാനം സ്വതന്ത്രമായ തീരുമാനമായിരിക്കുകയും പ്രസ്തുത രാജിപ്രഖ്യാപനം സുവ്യക്തമായിരിക്കുകയും വേണം. അല്ലാത്ത സാഹചര്യങ്ങളില്‍ പ്രസ്തുത രാജി ആരും സ്വീകരിക്കേണ്ടതില്ല. 1294-ല്‍ സെലസ്റ്റീന്‍ അഞ്ചാമന്‍ മാര്‍പ്പാപ്പയും, പാശ്ചാത്യ വിഭാഗീയത അവസാനിപ്പിക്കാന്‍, 1409-ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ മാപ്പാപ്പയും 2013-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും മാത്രമേ പാപ്പാസ്ഥാനം രാജിവച്ചിട്ടുള്ളൂ. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ യഥാര്‍ത്ഥത്തില്‍ രാജിവയ്ക്കുകയായിരുന്നില്ല! മറിച്ച്, സഭയില്‍ ആധിപത്യം സ്ഥാപിച്ച 'ഇല്ല്യൂമിനാറ്റി' സംഘം ബലമായി അദ്ദേഹത്തെ പുറത്താക്കുകയും, പിന്നീട് വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയുമായിരുന്നു. ഇദ്ദേഹത്തിനു മുന്‍പ് രാജിവച്ച പാപ്പാമാരുടെ രാജിയും ദൈവസന്നിധിയില്‍ സ്വീകാര്യമല്ല എന്നത് മനസ്സിലാക്കണമെങ്കില്‍, പത്രോസിന് ഈ സ്ഥാനം നല്‍കിക്കൊണ്ട് യേഹ്ശുവാ അറിയിച്ച വചനം പരിശോധിച്ചാല്‍ മതി! യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: "എന്റെ കുഞ്ഞാടുകളെ മേയിക്കുക. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാല്‍, പ്രായമാകുമ്പോള്‍ നീ നിന്റെ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും"(യോഹ: 21; 18).

യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ അതേപടി എഴുതിയത് യോഹന്നാനാണ്. യേഹ്ശുവാ ഇവിടെ ഒരു വ്യാഖ്യാനവും നല്‍കിയിട്ടില്ല. യേഹ്ശുവാ അറിയിച്ച മറ്റു പല വചനങ്ങളും തെറ്റായി വ്യാഖ്യാനിച്ചതുപോലെ ഈ വചനവും യോഹന്നാന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. എന്നാല്‍, ആ വ്യാഖ്യാനം നിറവേറിയില്ല എന്നതിലൂടെ, യോഹന്നാന്‍ ഒരു മഹാപ്രവാചകന്‍ ആയിരുന്നുവെങ്കിലും, ആ പ്രവചനങ്ങളുടെ വ്യാഖ്യാനം നല്‍കാന്‍ മറ്റാരെയോ ആണ് ദൈവാത്മാവ് ചുമലപ്പെടുത്തിയത്. പത്രോസിന്റെ മരണത്തെ സംബന്ധിച്ചുള്ള പ്രവചനമായിരുന്നെങ്കില്‍, പത്രോസ് ആവശ്യപ്പെട്ടതുപോലെ തലകീഴായി കുരിശില്‍ തൂക്കപ്പെട്ടു രക്തസാക്ഷിത്വം വരിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍, പത്രോസിനെ ഏല്പിച്ച ശുശ്രൂഷ അവന്‍ ആഗ്രഹിച്ചതല്ലെന്നും അതില്‍നിന്നു സ്വയം വിരമിക്കാന്‍ അവകാശമില്ലെന്നുമുള്ള പ്രഖ്യാപനമാണ് യേഹ്ശുവാ അവിടെ നടത്തിയത്. വിശ്വാസത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം പദവിയില്‍നിന്നു വിരമിക്കാനോ പുറത്താക്കാനോ സാധിക്കാത്ത ശുശ്രൂഷയാണ് പരിശുദ്ധാത്മാവിനാല്‍ ഭരമേല്പിക്കപ്പെടുന്ന ശുശ്രൂഷ! ജ്ഞാനസ്നാനവും തുടര്‍ന്നുള്ള ഓരോ കൂദാശകളും പരിശുദ്ധാത്മാവില്‍നിന്നു സ്വീകരിക്കുന്നതാണ്. ഇവയില്‍ ഒന്നുപോലും ആര്‍ക്കും അസാധുവാക്കാനോ തിരിച്ചെടുക്കാനോ അധികാരമില്ല! വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമ്പോള്‍ സ്വാഭാവികമായി അസാധുവാക്കപ്പെടുക മാത്രമാണു സംഭവിക്കുന്നത്! ബെനഡിക്ട് പതിനാറാമന്‍ ഒരിക്കലും സത്യത്തില്‍നിന്നു വ്യതിചലിച്ച വ്യക്തിയല്ല; അതിനാല്‍ത്തന്നെ, അദ്ദേഹത്തിന്റെ പദവി ഇപ്പോഴും നിലനില്‍ക്കുന്നു. വലിഞ്ഞുകയറി വന്നവന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് സാങ്കേതികമായി മാത്രമാണ്! ഇയാളുടെ പ്രഖ്യാപനങ്ങള്‍ക്കോ കൈവയ്പ്പിനോ യാതൊരു ആധികാരികതയും ഇല്ലെന്നതാണ് വസ്തുത!

പത്രോസിന്റെ നിഴല്‍ പതിഞ്ഞപ്പോള്‍ സഭയുടെമേല്‍ ദൈവത്തിന്റെ അഭിഷേകമുണ്ടായി. പിന്നീടുവന്ന പോപ്പുമാരുടെ നിഴലുകളും സഭയുടെ വളര്‍ച്ചയ്ക്കു കാരണമായി. ആര്‍ക്കും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത ശക്തിയായി സഭ വളര്‍ന്നത് വിശുദ്ധരുടെ സാന്നിദ്ധ്യം സഭയില്‍ ഉണ്ടായിരിക്കുകയും അവരുടെ നിഴല്‍ പതിക്കുകയും ചെയ്തപ്പോഴാണ്. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ഉപജ്ഞാതാവായ പാപ്പാ വിരുദ്ധ പാപ്പായായ ജോണ്‍ ഇരുപത്തിമൂന്നാമന്റെ നിഴല്‍ പതിച്ചതിലൂടെ സഭയുടെ നാശം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ആ നാശം പൂര്‍ണ്ണമാക്കുകയെന്ന ദൗത്യം ഫ്രാന്‍സീസിന്റെ നിഴല്‍ പതിച്ചതിലൂടെ യാഥാര്‍ത്ഥ്യമാകുകയാണ്! വിശുദ്ധരുടെ നിഴലില്‍ വളര്‍ന്ന സഭ അശുദ്ധരുടെ നിഴലിലൂടെ നിലംപതിക്കുന്നു! കത്തോലിക്കാസഭയുടെ ചരിത്രത്തിലിന്നോളം ജോണ്‍ ഇരുപത്തിമൂന്നാമനെയും ഫ്രാന്‍സീസിനെയും കൂടാതെ, ഏതൊക്കെ ആന്റി പോപ്പുമാരാണ് കടന്നുകൂടിയിട്ടുള്ളതെന്നു പരിശോധിക്കാം. ഇവരൊക്കെത്തന്നെയും വെളുത്തപുകയുടെ ആധികാരികതയില്‍ കടന്നുവന്നവരായിരുന്നു എന്നകാര്യവും നാം വിസ്മരിക്കരുത്. അതില്‍നിന്നുതന്നെ ഈ വെളുത്തപുകയുടെ തട്ടിപ്പും നമുക്കു മനസ്സിലാക്കാം.

പരമ്പരാഗതമായി, ഒട്ടനവധി കര്‍ദ്ദിനാളന്മാരുടെയും വൈദികരുടെയും പിന്തുണയുള്ളവരെ സൂചിപ്പിക്കാനായിരുന്നു എതിര്‍പാപ്പ എന്ന വിശേഷണം  ഉപയോഗിച്ചിരുന്നത്. ചരിത്രത്തില്‍, പാപ്പായായി കാനോനികമായി തിരഞ്ഞെടുക്കപ്പെടാത്ത ചില വ്യക്തികളുടെ (എതിര്‍പാപ്പാമാര്‍ക്കു) ചുറ്റും സമൂഹങ്ങള്‍ രൂപപ്പെടാറുണ്ടായിരുന്നു. ശീശ്മ മൂലമോ, ആരാണ്‌ നിയമപരമായ പാപ്പ എന്നു വ്യക്തമല്ലാത്തതുമൂലമുള്ള വിഭാഗീയത മൂലമോ ആണ്‌ എതിര്‍പാപ്പാമാര്‍ രൂപപ്പെട്ടിരുന്നത്. 1400-കളില്‍ കുറച്ചു കാലത്തേക്ക് മൂന്നോളം പാപ്പാമാരും അവരുടെ പിന്തുടര്‍ച്ചാവകാശികളും യഥാര്‍ത്ഥ പാപ്പാമാര്‍ തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു. ചില ചരിത്രവ്യക്തികള്‍, പാപ്പയാണോ എതിര്‍പാപ്പയാണോ എന്ന കാര്യത്തില്‍ കത്തോലിക്കാസഭയില്‍പ്പോലും പല അഭിപ്രായങ്ങളുണ്ട്. ഒരുകാലത്ത് പാപ്പാവിരുദ്ധ മുന്നേറ്റങ്ങള്‍ പ്രാമുഖ്യമേറിയ വിഷയമായിരുന്നെങ്കിലും ഇന്ന് അവ വളരെ അപ്രധാനമായ ചെറിയ ചരിത്രസംഭവങ്ങള്‍ മാത്രമാണ്‌.

ദൈവം തിരഞ്ഞെടുത്തതും മനുഷ്യര്‍ തിരഞ്ഞെടുത്തതും സാത്താന്‍ തിരഞ്ഞെടുത്തതുമായ മൂന്നു വിഭാഗത്തിലുള്ള പോപ്പുമാര്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ട്! ഒരേ കാലയളവില്‍ രണ്ടു പാപ്പാമാര്‍ സഭയെ ഭരിച്ച നാളുകളും കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു! പതിനൊന്നാം നൂറ്റാണ്ടില്‍ മാത്രം നാലു മാര്‍പ്പാപ്പമാര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും ഒരു പാപ്പ സഭയില്‍നിന്നുതന്നെ പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്! 1047 മുതല്‍ 1048 വരെ പോപ്പായിരുന്ന ബെനഡിക്റ്റ് ഒന്‍പതാമനെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം സഭയില്‍നിന്നു പുറത്താക്കി. ഇദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സഭയില്‍ കടന്നുകൂടിയ പൈശാചികത വ്യക്തമാകും.

1032-ലാണ് ബെനഡിക്റ്റ് ഒന്‍പതാമന്‍ പോപ്പായി തിരഞ്ഞെടുക്കപ്പെടുന്നത്. 1044-ല്‍ സാമ്പത്തീക നേട്ടത്തിനായി ഇദ്ദേഹം സ്വയം സ്ഥാനമൊഴിയുകയും സില്‍വെസ്റ്റര്‍ മൂന്നാമനെ തത്സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. ഇയാളുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്യപ്പെട്ടു. പാപ്പാവിരുദ്ധപാപ്പ (ആന്റി പോപ്പ്)ആയിട്ടാണ് സില്‍വെസ്റ്റര്‍ മൂന്നാമന്‍ അറിയപ്പെടുന്നത്. 1045-ല്‍ സൂത്രികൗണ്‍സില്‍ ഇദ്ദേഹത്തെ പുറത്താക്കി. പകരം, മുന്‍പ് സാമ്പത്തീക നേട്ടത്തിനായി സ്ഥാനമൊഴിഞ്ഞ ബെനഡിക്റ്റ് ഒന്‍പതാമന്‍ രണ്ടാമതും പാപ്പയായി! തൊട്ടടുത്ത വര്‍ഷം ഇദ്ദേഹത്തെയും സൂത്രികൗണ്‍സില്‍ സ്ഥാനഭ്രഷ്ടനാക്കി! പിന്നീട് ഒരു വര്‍ഷത്തോളം ഗ്രിഗറി ആറാമന്‍ പോപ്പായെങ്കിലും, ഇദ്ദേഹത്തെയും പുറത്താക്കി. അതിനുശേഷം 1046 മുതല്‍ 1047 വരെ ക്ലെമന്റ് രണ്ടാമനാണ് കത്തോലിക്കാസഭയെ നയിച്ചത്. ഇയാള്‍ക്കുശേഷം മൂന്നാംവട്ടവും ബെനഡിക്റ്റ് ഒന്‍പതാമന്‍ പോപ്പായി! പിന്നീട് ഒരു വര്‍ഷത്തിനുശേഷം ഇയാളെ പാപ്പാസ്ഥാനത്തുനിന്നു നീക്കുകയും സഭയില്‍നിന്നുതന്നെ പുറത്താക്കുകയും ചെയ്തു!

ഇത്തരത്തിലുള്ള പൊറാട്ടുനാടകങ്ങളെ പരിശുദ്ധാത്മാവിന്റെമേല്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്കെല്ലാം തെറ്റാവരമുണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് ജാഗ്രതയോടെ കാണണം. സഭയില്‍നിന്നു പുറത്താക്കപ്പെടുന്നതിനു മുന്‍പ് മൂന്നുവട്ടം പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന വ്യക്തിയായിരുന്നു ബെനഡിക്റ്റ് ഒന്‍പതാമന്‍! ഒരേ കാലയളവില്‍ രണ്ടുപേര്‍ പോപ്പായിരുന്ന നാളുകളും ഉണ്ട്. ഇങ്ങനെ വരുന്നവരില്‍ ഒരുവനെ പിന്നീട് 'പാപ്പാവിരുദ്ധപാപ്പ' (ആന്റി പോപ്പ്) ആയി പ്രഖ്യാപിക്കും! ഇവരൊക്കെ ദൈവവിളി ലഭിച്ചവരും പരിശുദ്ധാത്മാവിനാല്‍ വഴിനടത്തപ്പെട്ടവരുമായിരുന്നെന്നു കരുതിയാല്‍ നമുക്കു തെറ്റുപറ്റും. ഈ അപകടങ്ങളില്‍നിന്നു രക്ഷനേടാന്‍, വചനത്തില്‍ അറിവുണ്ടായിരിക്കുകയെന്ന ഒറ്റ പോംവഴി മാത്രമേ നമുക്കു മുന്നിലുള്ളൂ!

പത്രോസിന്റെ നിഴലും ഫ്രാന്‍സീസിന്റെ നിഴലും!

വിശുദ്ധിയുടെ നിഴലും അശുദ്ധിയുടെ നിഴലും തിരിച്ചറിയാന്‍ ഇവര്‍ ഇരുവരിലൂടെയും സഭ വളര്‍ന്നത് എങ്ങനെയായിരുന്നു എന്ന് ചിന്തിച്ചാല്‍ മതി. ഇവര്‍ ഇരുവരെയും താരതമ്യം ചെയ്യുന്നതുപോലും തെറ്റാണെന്നു മനോവയ്ക്കറിയാം. എന്നിരുന്നാലും, ഇത് തിരിച്ചറിയാത്ത വചന വിരോധികള്‍ കത്തോലിക്കാസഭയില്‍ ഉള്ളതുകൊണ്ട് ചില താരതമ്യം അനിവാര്യമായിരിക്കുന്നു. യേഹ്ശുവായുടെ സഭയുടെ കാര്യസ്ഥനായി പത്രോസ് അവരോധിക്കപ്പെട്ടപ്പോള്‍ എന്തായിരുന്നു ക്രിസ്തീയതയുടെയും സഭയുടെയും മുദ്രാവാക്യം? പത്രോസ് ഉയര്‍ത്തിയ മുദ്രാവാക്യം ഇതാണ്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). പത്രോസ് ഇങ്ങനെ പ്രഖ്യാപിച്ചത് ക്രിസ്തുവില്‍നിന്ന്‍ അഭിഷേകം സ്വീകരിച്ച വ്യക്തിയായിരുന്നതുകൊണ്ടാണ്. രക്ഷപ്രാപിക്കാനുള്ള വഴിയും പത്രോസ് ലോകത്തോടു വിളിച്ചുപറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍. പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവര്‍: 2; 38, 39). ഈ പ്രഖ്യാപനങ്ങള്‍ നടത്തുകയും അതില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത പത്രോസിന്റെ നിഴലില്‍നിന്നുപോലും അദ്ഭുതങ്ങള്‍ പ്രവഹിച്ചു. എന്തെന്നാല്‍, ദൈവത്തിന്റെ ആത്മാവിനാല്‍ നിറയുകയും നയിക്കപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു പത്രോസ്!

എന്നാല്‍, പത്രോസിന്റെ ഉപദേശങ്ങളെ പരിപൂര്‍ണ്ണമായി നിഷേധിക്കുകയും, പിശാചിന്റെ ഉപദേശങ്ങളെ ശ്രേഷ്ഠമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരുവനാണ് ഇന്ന് പത്രോസിന്റെ സിംഹാസനം പിടിച്ചെടുത്തിരിക്കുന്നത്. പത്രോസിന്റെ സിംഹാസനത്തില്‍ അവിഹിതമായി കടന്നുകൂടിയ ഫ്രാന്‍സീസിന്റെ മുദ്രാവാക്യങ്ങളില്‍ ചിലത് ശ്രദ്ധിക്കുക. ഫ്രാന്‍സീസ് ജല്പിച്ചു: "രക്ഷപ്രാപിക്കാന്‍ ആരും ക്രിസ്ത്യാനിയാകേണ്ടതില്ല. ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കരുത്. അവര്‍ നല്ല മനുഷ്യരായി ജീവിച്ചാല്‍ സ്വര്‍ഗ്ഗരാജ്യം അവര്‍ക്കും ലഭിക്കും"(ഫ്രാന്‍സീസിന്റെ ജല്പനങ്ങള്‍). ഫ്രാന്‍സീസ് വീണ്ടും മുരണ്ടു: "നിരീശ്വരവാദികള്‍ക്കു സ്വര്‍ഗ്ഗരാജ്യം ലഭിക്കും. സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ദൈവത്തില്‍ വിശ്വസിക്കേണ്ട കാര്യമില്ല"(ഫ്രാന്‍സീസിന്റെ ജല്പനങ്ങള്‍). സത്യത്തിനു വിരുദ്ധവും ലോകത്തിനു പ്രിയങ്കരവുമായ ജല്പങ്ങളിലൂടെ ഫ്രാന്‍സീസ് ഇന്നും മുന്നേറുന്നു. ഇവന്റെ നിഴല്‍ വത്തിക്കാനില്‍ പതിച്ചതു മുതല്‍ യൂറോപ്പിലെ ക്രിസ്തീയതയുടെ അസ്ഥിവാരം ഇളക്കപ്പെട്ടു! ഇതാണ് പൈശാചിക വ്യക്തികളെ ഭവനത്തിലോ സമൂഹത്തിലോ രാജ്യങ്ങളിലോ സ്വീകരിക്കുന്നവര്‍ക്കുള്ള പ്രതിഫലം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2631 views

LOG IN

Lost your password?

SIGN UP

LOST PASSWORD