വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

വിശുദ്ധരുടെ പ്രത്യക്ഷീകരണം ബൈബിള്‍ അടിസ്ഥാനത്തില്‍!

Print By
about

05 - 08 - 2017

രിശുദ്ധ കന്യകാമറിയവും മറ്റ് വിശുദ്ധരും ചില പ്രത്യേക വ്യക്തികള്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കത്തോലിക്കാസഭയിലെ ചില പോപ്പുമാര്‍ ഔദ്യോഗികമായി അംഗീകരിക്കുകയും സഭാവിശ്വാസികളില്‍ ഭൂരിപക്ഷം പേരും വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഇത്തരം പ്രത്യക്ഷീകരണങ്ങളെ അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, പരിഹസിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഒരു സ്ഥിരീകരണം അനിവാര്യമായിരിക്കുന്നു. ആയതിനാല്‍, മരിച്ചുപോയ വ്യക്തികള്‍ക്ക് മരണാനന്തരം ഈ ഭൂമിയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുമോ എന്ന വിഷയത്തെക്കുറിച്ച് ഈ ലേഖനം ചര്‍ച്ച ചെയ്യുകയാണ്. കൂടാതെ, നാം കേട്ടിട്ടുള്ളതും കേട്ടുകൊണ്ടിരിക്കുന്നതുമായ പ്രത്യക്ഷീകരണങ്ങളിലെ വാസ്തവവും അവാസ്തവവും ചര്‍ച്ചയ്ക്കെടുക്കുന്നു.

ഫാത്തിമ, ലൂര്‍ദ്ദ്, മഡ്ജുഗോറിയ തുടങ്ങിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കന്യകാമറിയം പ്രത്യക്ഷയായിട്ടുണ്ടെന്നു ചിലര്‍ വിശ്വാസിക്കുന്നു. ചിലര്‍ എന്ന് എടുത്തുപറഞ്ഞതിനു വ്യക്തമായ കാരണമുണ്ട്. എന്തെന്നാല്‍, ഇവിടെ പറഞ്ഞിരിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളെല്ലാം കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലുള്ളവയാണ്. മറ്റിതര ക്രൈസ്തവസഭകളിലെ വിശ്വാസികളില്‍ ചിലരെല്ലാം അംഗീകരിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും ഇതിനെ എതിര്‍ക്കുന്നവരാണ്. ഓര്‍ത്തഡോക്സ്, യാക്കോബായാ മുതലായ സഭകളിലെ വിശ്വാസികളില്‍ ചിലര്‍ തീര്‍ത്ഥാടനത്തിനായി ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും, അവിടെ ലഭിച്ചതെന്നു പറയപ്പെടുന്ന സന്ദേശങ്ങളെ അംഗീകരിക്കുന്നില്ല. പ്രൊട്ടസ്റ്റന്റ് സഭകളിലെ ആരുംതന്നെ ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല എന്നതും പരിഗണനയിലെടുക്കണം. ഇതിനൊക്കെ അപ്പുറം മറ്റൊരു കാര്യംകൂടിയുണ്ട്. അത് കത്തോലിക്കാസഭയിലെതന്നെ അനേകര്‍ ഈ പ്രത്യക്ഷീകരണത്തെയും അവിടെനിന്നുള്ള സന്ദേശങ്ങളെയും വിശ്വസിക്കുന്നില്ല എന്നതാണ്. കത്തോലിക്കാസഭ ഈ അടുത്തകാലത്ത് എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി വിശുദ്ധനാക്കിയ ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഫാത്തിമാ സന്ദേശങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ വ്യക്തിയായിരുന്നുവെങ്കില്‍, ജോണ്‍ പോള്‍ രണ്ടാമന്‍ ഫാത്തിമാ സന്ദേശങ്ങളുടെ മുഖ്യപ്രചാരകനായിരുന്നുവെന്നതാണ്‌ മറ്റൊരു വൈരുദ്ധ്യം! പക്വതയില്ലാത്ത കുട്ടികള്‍ക്കുണ്ടായ മാനസീക വിഭ്രാന്തിയാണ് ഫാത്തിമാ സന്ദേശത്തിന്റെ കാതല്‍ എന്നാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പറഞ്ഞിട്ടുള്ളത്!

ജോണ്‍ ഇരുപത്തിമൂന്നാമന്‍ കത്തോലിക്കാസഭയില്‍ നടപ്പാക്കിയ പൈശാചിക പരിഷ്ക്കരണങ്ങള്‍ കുപ്രസിദ്ധമാണെങ്കിലും, ഇയാള്‍ ഫാത്തിമാ സന്ദേശത്തെക്കുറിച്ചു പറഞ്ഞതിനെ തള്ളിക്കളയാന്‍ മനോവ തയ്യാറല്ല. എന്തെന്നാല്‍, മാനസീകമായ ചില വിഭ്രാന്തികള്‍ സന്ദേശങ്ങളായി പുറത്തുവരാന്‍ സാദ്ധ്യതയുണ്ടെന്നു മാത്രമല്ല, ഫാത്തിമാ സന്ദേശങ്ങള്‍ എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്നതെല്ലാം തികച്ചും വചനവിരുദ്ധമായ കാര്യങ്ങളാണ്. ഇത്തരത്തിലുള്ള വ്യാജങ്ങളായ വെളിപാടുകളും ദര്‍ശനങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഓരോ കാലങ്ങളിലും ചിലരൊക്കെ പ്രത്യക്ഷപ്പെടാറുണ്ട് എന്നകാര്യം തള്ളിക്കളയാന്‍ കഴിയുന്നതല്ല. യേഹ്ശുവാതന്നെ നേരിട്ട് ഇക്കാര്യങ്ങള്‍ മുന്നറിയിപ്പായി നമ്മോടു വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ, വ്യാജദര്‍ശനങ്ങളും സന്ദേശങ്ങളും ഒരു യാഥാര്‍ത്ഥ്യമാണ് എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതുമില്ല.

ആദ്യമായി നാം ചിന്തിക്കാന്‍ പോകുന്നത് വിശുദ്ധരുടെ പ്രത്യക്ഷീകരണം വചനപരമായി അംഗീകരിക്കാന്‍ സാധിക്കുന്നതാണോ എന്നകാര്യമാണ്. വിശുദ്ധരുടെ പ്രത്യക്ഷീകരണത്തെ സ്ഥിരീകരിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ഇപ്രകാരം ബൈബിളില്‍ വായിക്കാന്‍ കഴിയും: “അപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു”(മത്താ: 27; 51-53). ഇത് യേഹ്ശുവായുടെ മരണസമയത്ത് സംഭവിച്ച കാര്യങ്ങളാണ്. യേഹ്ശുവാ കുരിശില്‍ മരിച്ചപ്പോള്‍ ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു എന്നത് ഒരു വചനസത്യമായി പരിഗണിക്കണം. ഏതു സഭയുടെ ഭാഗമായി തുടരുന്നവരും അടിസ്ഥാനപരമായി വിശ്വസിക്കുന്നത് ബൈബിളിലാണ്. ബൈബിളില്‍ കുറിക്കപ്പെട്ടിരിക്കുന്ന സത്യങ്ങളെ നിഷേധിച്ചുകൊണ്ട് ആര്‍ക്കും തങ്ങള്‍ ക്രിസ്ത്യാനിയാണെന്ന അവകാശവാദം ഉയര്‍ത്താന്‍ കഴിയില്ല. തുറക്കപ്പെട്ട കല്ലറകളിലുണ്ടായിരുന്ന വിശുദ്ധര്‍ ജീവന്‍ പ്രാപിച്ചത് യേഹ്ശുവായുടെ പുനരുത്ഥാനത്തിനുശേഷമാണെന്ന് വചനം വ്യക്തമാക്കുന്നുണ്ട്. പുനരുത്ഥാനത്തിനുശേഷം ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്നവര്‍ പലര്‍ക്കും പ്രത്യക്ഷപ്പെട്ടതായും വെളിപ്പെടുത്തുന്നു. മനോവ നിലനില്‍ക്കുന്നത് വചനത്തിന്റെ ആധികാരികതയിലായതുകൊണ്ടുതന്നെ, ഈ സത്യങ്ങളെ നിഷേധിക്കാന്‍ മനോവയ്ക്കു സാധിക്കുകയില്ല. ആയതിനാല്‍, വിശുദ്ധരുടെ പ്രത്യക്ഷീകരണം ഒരു യാഥാര്‍ത്ഥ്യമാണെന്നു വിശ്വസിക്കാന്‍ ഇതില്‍ക്കൂടുതല്‍ തെളിവൊന്നും മനോവ ആവശ്യപ്പെടുന്നില്ല. എന്നാല്‍, യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം വിശുദ്ധര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിനുമുമ്പ് മറ്റുചില പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

യേഹ്ശുവാ മനുഷ്യശരീരം ധരിച്ചു ഭൂമിയില്‍ വരുന്നതിനു മുന്‍പും മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ പതിനേഴാമത്തെ അദ്ധ്യായത്തില്‍ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകനായ യേലിയാഹ് ഒരു വിധവയുടെ മകനെ ഉയിര്‍പ്പിക്കുന്നതാണ് ആ സംഭവം. ദൈവമായ യാഹ്‌വെ ഏലിയായുടെ പ്രാര്‍ത്ഥന കേട്ട് ബാലന്റെ ജീവന്‍ തിരിച്ചുനല്‍കിയത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “അനന്തരം അവന്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു: എന്റെ ദൈവമായ യാഹ്‌വേ, എനിക്ക് ഇടം തന്നവളാണ് ഈ വിധവ. അവളുടെ മകന്റെ ജീവന്‍ എടുത്തുകൊണ്ട് അവിടുന്ന് അവളെ പീഡിപ്പിക്കുകയാണോ? പിന്നീട് അവന്‍ ബാലന്റെമേല്‍ മൂന്നുപ്രാവശ്യം കിടന്ന്, യാഹ്‌വെയോടപേക്ഷിച്ചു: എന്റെ ദൈവമായ യാഹ്‌വേ, ഇവന്റെ ജീവന്‍ തിരികെ കൊടുക്കണമേ! യാഹ്‌വെ യേലിയാഹിന്റെ അപേക്ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു”(1 രാജാ: 17; 20-22). യേലിയാഹിന്റെ ശിഷ്യനായ യെലീശായുടെ പ്രാത്ഥന കേട്ട് ദൈവം ഒരു ബാലനെ ഉയിര്‍പ്പിക്കുന്നതായും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ നാലാം അദ്ധ്യായത്തില്‍ ആ സംഭവം വളരെ വിശദമായിത്തന്നെ കുറിച്ചിരിക്കുന്നു.

ആ സംഭവം രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: “മുറിക്കുള്ളില്‍ അവനും കുട്ടിയും മാത്രമായി. യെലീശാ യാഹ്‌വെയോടു പ്രാര്‍ത്ഥിച്ചു. അനന്തരം, കിടക്കയില്‍ കയറി തന്റെ വായ്‌ കുട്ടിയുടെ വായോടും തന്റെ കണ്ണുകള്‍ അവന്റെ കണ്ണുകളോടും തന്റെ കൈകള്‍ അവന്റെ കൈകളോടും ചേര്‍ത്തുവച്ച് അവന്റെമേല്‍ കിടന്നു. അപ്പോള്‍ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി. യെലീശാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരുപ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴു പ്രാവശ്യം തുമ്മിയതിനുശേഷം കണ്ണുതുറന്നു”(2 രാജാ: 4; 33-35). പ്രവാചക കാലഘട്ടത്തില്‍ മറ്റൊരു ഉയിര്‍പ്പുകൂടി നടന്നിട്ടുണ്ട്. ആ ഉയിര്‍പ്പു സംഭവിച്ചത് യെലീശാ പ്രവാചകന്റെ കല്ലറയില്‍നിന്നായിരുന്നു. ആ സംഭവം നോക്കുക: “ഒരുവനെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അക്രമിസംഘത്തെ കണ്ട് അവര്‍ ജഡം യെലീശായുടെ കല്ലറയിലേക്ക് എറിഞ്ഞു. യെലീശായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നു”(2 രാജാ: 13; 21). പ്രവാചക കാലഘട്ടത്തിനുശേഷം യേഹ്ശുവായാണ് മരിച്ചരെ ഉയിര്‍പ്പിച്ചത്. അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാരും മരിച്ചവരെ ഉയിര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍, ഇവിടെ നാം പരിശോധിച്ച ഉയിര്‍പ്പുകള്‍ ഒന്നുംതന്നെ പ്രത്യക്ഷീകരണവുമായി ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുന്നവയല്ല. എന്തെന്നാല്‍, ഈ സംഭവങ്ങളിലെല്ലാം ഉയിര്‍പ്പിക്കപ്പെട്ട വ്യക്തികള്‍ പിന്നീട് ഭൂമിയില്‍ മറ്റു മനുഷ്യരോടൊപ്പം ജീവിച്ചു. എന്നാല്‍, വിശുദ്ധരുടെ പ്രത്യക്ഷീകരണം അങ്ങനെയല്ലെന്നു നമുക്കറിയാം. ഈ വിശുദ്ധര്‍ ഉയിര്‍പ്പിക്കപ്പെട്ടതിനുശേഷം ഈ ഭൂമിയില്‍ ജീവിക്കുന്നവരല്ല. എന്നാല്‍, യേഹ്ശുവായുടെ പുനരുത്ഥാനത്തിനുശേഷം കല്ലറകളില്‍നിന്നു പുറത്തുവന്ന് മറ്റുള്ളവര്‍ക്കു പ്രത്യക്ഷപ്പെട്ടവര്‍ അങ്ങനെയായിരുന്നില്ല. അവര്‍ പിന്നീട് ഈ ഭൂമിയില്‍ ജീവിച്ചിട്ടില്ല! അതായത്, ഇവരുടെ ഉയിര്‍പ്പ് ശാരീരികമായിട്ടുള്ളതല്ല എന്നതാണു നാം മനസ്സിലാക്കേണ്ടത്. വിശുദ്ധ ജീവിതം നയിച്ച്‌ ഈ ഭൂമിയില്‍നിന്നു കടന്നുപോയവരും, യേഹ്ശുവായുടെ നാമത്തില്‍ രക്തസാക്ഷികളായ വിശുദ്ധരും ഇന്ന് പറുദീസായിലാണെന്ന് വചനത്തിന്റെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കുന്നു. എന്നാല്‍, ഈ വിശുദ്ധരുടെയെല്ലാം ഭൗതീകശേഷിപ്പുകള്‍ ഈ ഭൂമിയില്‍ത്തന്നെ ഉണ്ടെന്നു നമുക്കറിയാം. ശരീരം മണ്ണോടു ചേരുകയും അസ്ഥികളില്‍ ചിലതെല്ലാം അവശേഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം ആത്മാക്കള്‍ മാത്രമാണ് പറുദീസായില്‍ പ്രവേശിച്ചതെന്ന് ഇതിലൂടെ വ്യക്തമാണ്. എന്നാല്‍, യേലിയാഹ്, യെലീശാ എന്നീ പ്രവാചകന്മാരുടെയും യേഹ്ശുവായുടെയും അപ്പസ്തോലനായ കേപ്പായുടെയും പ്രവര്‍ത്തിയിലൂടെ ഉയിര്‍പ്പിക്കപ്പെട്ടവര്‍, ശാരീരികമായ ഉയിര്‍പ്പു പ്രാപിക്കുകയും ഈ ഭൂമിയില്‍ സ്വാഭാവിക ജീവിതം തുടരുകയും ചെയ്തു. ശരീരത്തിലേക്ക് ആത്മാവ് പുനഃപ്രവേശം ചെയ്തുകൊണ്ടുള്ള ജീവന്‍ പ്രാപിക്കലാണ് ഇവിടെയെല്ലാം സംഭവിച്ചത്!

അന്ത്യവിധിക്കായി നാമോരോരുത്തരും ഉയിര്‍പ്പിക്കപ്പെടുന്നത് ആത്മീയമായി മാത്രമല്ല; ആത്മാവിന്റെയും ശാരീരത്തിന്റെയും ഉയിര്‍പ്പാണ് അന്നു നാം പ്രാപിക്കാന്‍ പോകുന്നത്. യെസെക്കിയേല്‍ പ്രവാചന്റെ പുസ്തകത്തില്‍ ഇത് ഒരു പ്രവചനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. യെസെക്കിയേല്‍ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ കരം എന്റെമേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ച്‌ അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്വരയില്‍ കൊണ്ടുവന്നു നിര്‍ത്തി. അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു. അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്ക് ജീവിക്കാനാകുമോ? ഞാന്‍ പറഞ്ഞു: എന്റെ നാഥനായ യാഹ്‌വേ, അങ്ങേക്കറിയാമല്ലോ. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, യാഹ്‌വെയുടെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക. എന്റെ നാഥനായ യാഹ്‌വെ ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മ്മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ് യാഹ്‌വെ എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും”(യെസെക്കി: 37; 1-6). ദൈവമായ യാഹ്‌വെ യെസെക്കിയേല്‍ പ്രവാചകനോടു പറഞ്ഞ വാക്കുകളാണിത്.

യെസെക്കിയേല്‍ പ്രവചനം സ്ഥിരീകരിക്കുന്ന വാക്കുകള്‍ യേഹ്ശുവായില്‍നിന്നു നാം പിന്നീട് കേട്ടു. അവിടുത്തെ വാക്കുകള്‍ ശ്രവിക്കുക: “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നു കഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍ കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോള്‍ നന്മചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തുവരും”(യോഹ: 5; 25-29). അന്ത്യവിധിക്കായി ഉയിപ്പിക്കപ്പെടുന്നതിനെക്കുറിച്ചാണ് യേഹ്ശുവാ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് ശാരീരികവും ആത്മീയവുമായ ഉയിര്‍പ്പാണെന്നതും നാം മനസ്സിലാക്കിയിരിക്കണം. യെസെക്കിയേല്‍ പ്രവചനവും ഇതുതന്നെ! എന്തെന്നാല്‍, അസ്ഥികളില്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുമെന്നും മാത്രമല്ല, പ്രാണന്‍ നിവേശിപ്പിക്കുമെന്നും പ്രവചിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യശരീരത്തിനു ജീവന്‍(പ്രാണന്‍) ഉണ്ടാകണമെങ്കില്‍ ആത്മാവ് ശരീരത്തില്‍ നിലനില്‍ക്കണം. ആത്മാവ് ശരീരത്തില്‍നിന്നു വേര്‍പെടുമ്പോള്‍, ശരീരം മൃതമാകുന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല”(യോഹ: 6; 63). ഭൂമിയില്‍ അഴിച്ചുവച്ച ശരീരം പുനഃസൃഷ്ടിക്കപ്പെടുകയും ഈ ശരീരത്തില്‍ ആത്മാവിനെ നിവേശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അന്ത്യവിധി ദിനത്തില്‍ നാം കാത്തിരിക്കുന്നത്. എന്നാല്‍, യേഹ്ശുവായുടെ പുനരുത്ഥാനത്തിനുശേഷം പറുദീസാ തുറക്കപ്പെട്ടതുകൊണ്ട്, മരണമടയുന്ന മനുഷ്യരുടെ ആത്മാക്കള്‍ക്കു പറുദീസയില്‍ പ്രവേശനം ലഭിക്കുന്നു. ഇതിന്റെ വ്യക്തമായ തെളിവാണ് കുരിശില്‍ കിടന്നുകൊണ്ട് യേഹ്ശുവാ നമുക്കു നല്‍കിയത്. തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവനോട് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: “സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും”(ലൂക്കാ: 23; 43). ഇവിടെ പ്രഖ്യാപിച്ച വാഗ്ദാനം ശരീരത്തോടുകൂടെയുള്ള ഉയിര്‍പ്പല്ല; പ്രത്യുത, ആത്മാവിനു പറുദീസയില്‍ പ്രവേശനം നല്‍കും എന്നതിന്റെ പ്രഖ്യാപനമാണ്! ഈ ആത്മാവിനു ശരീരമില്ലേ എന്നൊരു ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുണ്ട്. ഉണ്ടെന്നുതന്നയാണ് ഇതിനുള്ള ഉത്തരം! എന്നാല്‍, ഭൗതീക ശരീരങ്ങളുടെ തേജസ്സില്‍നിന്നു വ്യത്യസ്തമാണ് ആത്മീയ ശരീരങ്ങളുടെ തേജസ്സ്!

പൗലോസ് അപ്പസ്തോലന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: “ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക? വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജ്ജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാര്‍ത്ഥമല്ലേ നീ വിതയ്ക്കുന്നത്; ഗോതമ്പിന്റെയോ മറ്റുവല്ല ധാന്യത്തിന്റെയോ വെറുമൊരു മണിമാത്രം. എന്നാല്‍, ദൈവം തന്റെ ഇഷ്ടമനുസരിച്ച് ഓരോ വിത്തിനും അതിന്റേതായ ശരീരം നല്‍കുന്നു. എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത് ഒന്ന്, മൃഗങ്ങളുടേതു മറ്റൊന്ന്, പക്ഷികളുടേത് വേറൊന്ന്, മത്സ്യങ്ങളുടേതു വേറൊന്ന്. സ്വര്‍ഗ്ഗീയശരീരങ്ങളുണ്ട്; ഭൗമികശരീരങ്ങളുമുണ്ട്; സ്വര്‍ഗ്ഗീയശരീരങ്ങളുടെ തേജസ്സ് ഒന്ന്; ഭൗമികശരീരങ്ങളുടെ തേജസ്സ് മറ്റൊന്ന്. സൂര്യന്റെ തേജസ്സ് ഒന്ന്; ചന്ദ്രന്റേതു മറ്റൊന്ന്; നക്ഷത്രങ്ങളുടേതു വേറൊന്ന്. നക്ഷത്രങ്ങള്‍ തമ്മിലും തേജസ്സിനു വ്യത്യാസമുണ്ട്. ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു”(1 കോറി: 15; 35-42). വളരെ വ്യക്തമായ വെളിപ്പെടുത്തലാണ് അപ്പസ്തോലന്‍ ഇവിടെ നല്‍കിയിരിക്കുന്നത്. ഒരുവന്‍ ജനിച്ചത് വൈകല്യത്തോടെയായിരുന്നെങ്കില്‍പ്പോലും, മരണാനന്തരം ഉയിര്‍പ്പിക്കപ്പെടുന്നത് പൂര്‍ണ്ണതയോടെയും നവമായ ചൈതന്യത്തോടെയുമായിരിക്കും.

വിശുദ്ധരുടെ ഭൗതീകശരീരങ്ങള്‍ ഒരിക്കല്‍ തിരിച്ചെടുക്കേണ്ടതിനുവേണ്ടി ഈ ഭൂമിയില്‍ ശേഷിപ്പിച്ചുകൊണ്ടാണ് അവര്‍ പറുദീസായിലേക്കു കയറിയതെങ്കില്‍പ്പോലും, അവരിലാരെങ്കിലും ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും പ്രത്യക്ഷപ്പെടുന്നത് തങ്ങള്‍ ഈ ഭൂമിയില്‍ ധരിച്ചിരുന്ന ശരീരത്തിന്റെ സാദൃശ്യത്തില്‍ തന്നെയായിരിക്കും. എന്നാല്‍, തേജസ്സില്‍ മാറ്റമുണ്ടാകും എന്നകാര്യം നാം മനസ്സിലാക്കിയിരിക്കണം. ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവായെ പെട്ടന്നു തിരിച്ചറിയാന്‍ ശിഷ്യന്മാര്‍ക്കും മഗ്ദലേത്തുകാരി മറിയത്തിനും കഴിയാതെപോയത് ഇക്കാരണത്താലാണ്! ഇവിടെ മറ്റൊരു സത്യംകൂടി നാം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, പറുദീസയിലേക്കു കടന്നുപോയതിനുശേഷം ഭൂമിയിലേക്കു മടങ്ങിവന്ന ഒരേയൊരാള്‍ മാത്രമേയുള്ളു. അത് യേഹ്ശുവായാണ്! അവിടുന്നാകട്ടെ, പറുദീസയില്‍ ജീവിക്കേണ്ടവനായിരുന്നില്ല താനും! സ്വര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് അവിടുന്ന് തന്റെ നീതിമാന്മാരെ പറുദീസയിലേക്കു കൂട്ടിക്കൊണ്ടുപോയി! പാതാളത്തിലേക്ക് അവിടുന്ന് ഇറങ്ങിയത് തനിക്കുള്ളവരെ പാതാളത്തില്‍നിന്നു മോചിപ്പിക്കേണ്ടതിനായിരുന്നു. തന്റെ മരണത്തോടെ പറുദീസാ തുറക്കുകയും വിശുദ്ധരെ അതില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിനുശേഷമാണ് യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്തത്! തന്നോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവനോട് വാഗ്ദാനം ചെയ്തതുപോലെ, അന്നുതന്നെ അവിടുന്ന് പറുദീസാ തുറന്നു! എന്നാല്‍, തന്റെ പുനരുത്ഥാനംവരെ ആര്‍ക്കും യേഹ്ശുവാ പ്രത്യക്ഷനായില്ല. മരണം മുതല്‍ പുനരുത്ഥാനം വരെയുള്ള മണിക്കൂറുകളില്‍ യേഹ്ശുവായുടെ ശുശ്രൂഷ പാതാളത്തിലും പറുദീസയിലുമായിരുന്നു!

അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. അവന്‍ ആരോഹണം ചെയ്തുവെന്നതിന്റെ അര്‍ത്ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ?”(എഫേ: 4; 5, 6). ഭൂമിയുടെ അധോഭാഗങ്ങളില്‍നിന്നു മോചിപ്പിക്കപ്പെട്ട ഈ തടവുകാരാണ് പറുദീസയിലേക്ക് പ്രവേശിച്ചത്. കേപ്പായും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്രകാരം വായിക്കുന്നു: “ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു”(1 കേപ്പാ: 3; 19, 20). തന്റെ മരണത്തിനുമുമ്പ് മരണമടഞ്ഞവരോടുപോലും പാപമോചനത്തിന്റെയും രക്ഷയുടെയും സുവിശേഷം യേഹ്ശുവാ പ്രസംഗിച്ചു! ഈ വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: “എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണു മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്”(1 കേപ്പാ: 4; 6). മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടുവെന്നതിന്റെ സ്ഥിരീകരണത്തിനുവേണ്ടിയാണ് ഈ വെളിപ്പെടുത്തല്‍ ഇവിടെ കുറിച്ചത്. യേഹ്ശുവായുടെ മരണം മുതല്‍ പുനരുത്ഥാനം വരെയുള്ള മണിക്കൂറുകളില്‍ അവിടുന്ന് എവിടെയായിരുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍, അതിനുള്ള ഉത്തരവും ഇതുതന്നെ! പുനരുത്ഥാനത്തിനുശേഷം യേഹ്ശുവാ പലര്‍ക്കും പ്രത്യക്ഷനായതുപോലെ, അവിടുത്തെ വചനം ശ്രവിച്ച് ജീവന്‍പ്രാപിച്ച വിശുദ്ധരും പ്രത്യക്ഷരായി! ഇക്കാര്യം സ്ഥിരീകരിക്കുന്ന വചനം പ്രാരംഭത്തില്‍ നാം പരിശോധിച്ചതുകൊണ്ട് ഇനിയും ആവര്‍ത്തിക്കുന്നില്ല.

മരണാനന്തരം ഉയിര്‍പ്പിക്കപ്പെടുന്നത് ഏത് അവസ്ഥയിലേക്കാണെന്നും, ശരീരത്തിന്റെ ഉയിര്‍പ്പ് എങ്ങനെയായിരിക്കും എന്നെല്ലാമാണ് നാമിവിടെ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യക്ഷീകരണങ്ങളിലെ വാസ്തവം മനസ്സിലാക്കാന്‍ ഇങ്ങനെയൊരു പരിശോധനയും പഠനവും അനിവാര്യമാണ്. പ്രത്യക്ഷീകരണത്തെ സംബന്ധിച്ചുള്ള അന്വേഷണം തുടരേണ്ടതിനായി ഒരിക്കല്‍ക്കൂടി യെസെക്കിയേല്‍ പ്രവചനത്തിലേക്കുതന്നെ മടങ്ങേണ്ടിയിരിക്കുന്നു. മുപ്പത്തിയേഴാമത്തെ അദ്ധ്യായത്തില്‍ ആറുവരെയുള്ള പ്രവചനങ്ങള്‍ നാം കണ്ടുകഴിഞ്ഞു. തുടര്‍ന്നുള്ള പ്രവചനങ്ങള്‍ ശ്രദ്ധിക്കുക: “എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി - ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ ചേര്‍ന്നു. ഞാന്‍ നോക്കിയപ്പോള്‍ ഞരമ്പും മാംസവും അവയുടെമേല്‍ വന്നിരുന്നു; ചര്‍മ്മം അവയെ പൊതിഞ്ഞിരുന്നു; എന്നാല്‍ അവയ്ക്ക് പ്രാണന്‍ ഉണ്ടായിരുന്നില്ല. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലു വായുക്കളില്‍നിന്നു വന്ന് ഈ നിഹതന്മാരുടെമേല്‍ വീശുക. അവര്‍ക്കു ജീവനുണ്ടാകട്ടെ. അവിടുന്നു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. അപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന്‍ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവര്‍ എഴുന്നേറ്റുനിന്നു”(യെസെക്കി: 37; 7-10). യിസ്രായേല്‍ഭവനത്തിന്റെ അന്നത്തെ അവസ്ഥയും, അവര്‍ക്ക് ദൈവമായ യാഹ്‌വെ അവിടുത്തെ വാഗ്ദാനപ്രകാരം പുനഃസ്ഥാപിച്ചു നല്‍കുന്ന സമാധാനത്തെയും പ്രതീകാത്മകമായി വെളിപ്പെടുത്തുന്ന പ്രവചനമാണിത്. ഇത് യിസ്രായേലിന്റെ ഭൗതീക ഉന്നമനത്തെ ലക്ഷ്യമാക്കിയുള്ള പ്രവചനമായി ആരും ചിന്തിക്കരുത്.

എന്തെന്നാല്‍, യിസ്രായേലിന്റെ ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുള്ള സകല കാര്യങ്ങളും വരാനിരിക്കുന്ന രക്ഷയെ പ്രതീകവത്ക്കരിക്കുന്നു. അടുത്ത ഭാഗം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാകും. തുടര്‍ന്ന് ഇപ്രകാരം വായിക്കുന്നു: “അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ യിസ്രായേല്‍ഭവനം മുഴുവനുമാണ്. ഞങ്ങളുടെ അസ്ഥികള്‍ വരണ്ടിരിക്കുന്നു; പ്രതീക്ഷ നശിച്ചിരിക്കുന്നു. ഞങ്ങള്‍ തീര്‍ത്തും പരിത്യക്തരായിരിക്കുന്നു എന്ന് അവര്‍ പറയുന്നു. ആകയാല്‍ അവരോട് പ്രവചിക്കുക. ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍ തുറന്ന് നിങ്ങളെ ഉയര്‍ത്തും, യിസ്രായേല്‍ദേശത്തേക്ക് ഞാന്‍ നിങ്ങളെ തിരികെക്കൊണ്ടുവരും. എന്റെ ജനമേ, കല്ലറകള്‍ തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് യാഹ്‌വെ എന്ന് നിങ്ങള്‍ അറിയും. എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്ത്‌ വസിപ്പിക്കും. യാഹ്‌വെയായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവര്‍ത്തിച്ചതെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. യാഹ്‌വെ അരുളിച്ചെയ്യുന്നു”(യെസെക്കി: 37; 11-14). സാമൂഹികവും രാഷ്ട്രീയവുമായ ഉന്നമനത്തെക്കുറിച്ചു മാത്രമുള്ള പ്രവചനമായിരുന്നു ഇതെന്ന് ചിന്തിച്ചവര്‍ക്കാണ് തെറ്റുപറ്റിയത്. ഈ പ്രവചനത്തില്‍ ഭൗതീക വിഷയങ്ങളുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഭൗതീകതയെക്കാള്‍ കൂടുതല്‍ ആത്മീയതയ്ക്കാണ് ഈ പ്രവചനം ഊന്നല്‍ക്കൊടുത്തിരിക്കുന്നത്. പ്രവചനങ്ങളെയെല്ലാം യിസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചു നല്‍കുന്നതിനെ കേന്ദ്രീകരിച്ചു വ്യാഖ്യാനിച്ച യിസ്രായേല്‍ക്കാര്‍ക്കെല്ലാം തെറ്റുപറ്റിയിട്ടുണ്ട്. ദാവീദിന്റെ സിംഹാസനത്തിലിരുന്ന് എന്നേക്കും ഭരണം നടത്തുന്ന ഒരു ഭരണാധികാരിയെയാണ് യെഹൂദര്‍ പ്രതീക്ഷിച്ചത്.

ക്രിസ്തുവിന്റെ വരവ് ഐഹീകമായ രാജത്വം ഏറ്റെടുക്കുന്നതിനാണ് എന്ന ചിന്തമൂലമാണ് യേഹ്ശുവാ യഹൂദരാല്‍ പരിത്യക്തനായതെന്നു നമുക്കറിയാം. എന്നാല്‍, യേഹ്ശുവായുടെ രാജത്വം എന്താണെന്ന് അവിടുന്നുതന്നെ വ്യക്തമാക്കി. പീലാത്തോസിന്റെ ചോദ്യത്തിനുള്ള ഉത്തരമായി അവിടുന്ന് ഇപ്രകാരം പ്രഖ്യാപിച്ചു: “എന്റെ രാജ്യം ഐഹീകമല്ല. ആയിരുന്നെങ്കില്‍ ഞാന്‍ യെഹൂദര്‍ക്ക് ഏല്പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹീകമല്ല. പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേഹ്ശുവാ പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു”(യോഹ: 18; 36, 37). പ്രവാചകന്മാര്‍ വന്നതും പ്രവചനം നടത്തിയതും യേഹ്ശുവായുടെ വരവ് അറിയിക്കാനായിരുന്നു. യിസ്രായേലിന്റെ ഭൗതീക അടിമത്വത്തെ പ്രതീകമായി എടുത്തുകൊണ്ടാണ് ആത്മീയ അടിമത്വത്തില്‍നിന്നുള്ള മോചനത്തെക്കുറിച്ചു പ്രവചിച്ചത്. അതായത്, യിസ്രായേലിന്റെ പുനരുദ്ധാരണം എന്നത് ഭൗതീക തലത്തില്‍ മാത്രമായിരുന്നില്ല. ആത്മീയ പുനരുദ്ധാരണമാണ് പ്രവാചകന്മാരിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. യേഹ്ശുവാ അത് സാദ്ധ്യമാക്കുകയും ചെയ്തു. പുനരുദ്ധരിക്കപ്പെട്ട യിസ്രായേലാണ് ക്രിസ്തുവിന്റെ സഭ! ക്രിസ്തീയതയുടെ സ്ഥാപനത്തെ സംബന്ധിച്ചാണ് പ്രവചനങ്ങളില്‍ അധികവും. ഇത് തിരിച്ചറിയാത്ത യെഹൂദര്‍ ചുവന്ന പശുവിനെ വളര്‍ത്തി ഇന്നും കാത്തിരിക്കുന്നു!

അസ്ഥികളുടെ താഴ്വരയില്‍ നാം കണ്ടത് യിസ്രായേലിന്റെ ഭൗതീകമായ ഉദ്ധാരണം എന്നതിലുപരി ആത്മീയതയുടെ തലങ്ങളില്‍ സംഭവിക്കാനിരിക്കുന്ന വിഷയങ്ങള്‍ക്കൂടി പരിഗണിക്കാന്‍ തയ്യാറാകുമ്പോള്‍, അതില്‍ അന്ത്യവിധിയെക്കുറിച്ചുള്ള പ്രവചനം ഗ്രഹിക്കാന്‍ സാധിക്കും. യേഹ്ശുവാ പറഞ്ഞ വാക്കുകളുമായി ഇത് ചേര്‍ത്തുവയ്ക്കുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരുകയും ചെയ്യും. എന്തെന്നാല്‍, യേഹ്ശുവാ പറഞ്ഞത് അവിടുത്തെ രാജ്യം ഐഹീകമല്ല എന്നാണ്. അതോടൊപ്പം താന്‍ രാജാവാണെന്ന സമ്മതവും യേഹ്ശുവായില്‍നിന്നുണ്ടായി. ഭൗമീകമായ രാജ്യത്തെ രാജാവല്ല അവിടുന്നെങ്കില്‍, മറ്റെവിടെയാണ് അവിടുത്തെ രാജ്യം? ദൈവരാജ്യത്തെക്കുറിച്ചാണ് അവിടുന്ന് പ്രഖ്യാപിച്ചതെന്ന് ദൈവമക്കള്‍ക്ക് അറിയാം. ഈ രാജ്യത്തേക്കുള്ള പ്രവേശനത്തിനു മുന്നോടിയായി സംഭവിക്കേണ്ട കാര്യങ്ങളാണ് അസ്ഥികളുടെ താഴ്വരയെ പ്രതീകമാക്കി പ്രവചിച്ചത്!

യിസ്രായേലിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചാണ് പ്രവചനമെങ്കിലും, യെഹൂദര്‍ വ്യാഖ്യാനിച്ചതുപോലെയുള്ള പുനഃസ്ഥാപനമായിരുന്നില്ല ദൈവം ലക്ഷ്യമിട്ടത്. യിസ്രായേലിലെ നഷ്ടപ്പെട്ടുപോയ ആടുകളെയും, തന്റെ തൊഴുത്തില്‍പ്പെടാത്ത ആടുകളെയും ഒരുമിച്ചുകൂട്ടിക്കൊണ്ടുള്ള പുനഃസ്ഥാപനമായിരുന്നു അവിടുന്ന് ലക്ഷ്യമിട്ടതെന്ന്, അതിനുവേണ്ടി മനുഷ്യാവതാരം ചെയ്ത യേഹ്ശുവാ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. അവിടുത്തെ രണ്ടു പ്രഖ്യാപനങ്ങള്‍ ശ്രദ്ധിക്കുക: “യിസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്”(മത്താ: 15; 24). യിസ്രായേല്‍ഭവനത്തില്‍നിന്നു പിരിഞ്ഞുപോയ ശെമരിയാക്കാരെ തിരിച്ചുകൊണ്ടുവരിക എന്ന ദൗത്യത്തെക്കുറിച്ചാണ് യേഹ്ശുവാ ഇവിടെ സൂചിപ്പിച്ചത്. എന്നാല്‍, ഇവിടംകൊണ്ട് അവസാനിക്കുന്നതായിരുന്നില്ല അവിടുത്തെ ദൗത്യം! യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും”(യോഹ: 10; 16). നിന്നെ അനേകം ജനതകളുടെ പിതാവാക്കുമെന്ന് അബ്രാഹത്തിനു നല്‍കിയ വാഗ്ദാനം നിറവേറ്റുകയെന്ന ഈ ദൗത്യംകൂടി യേഹ്ശുവാ പൂര്‍ത്തിയാക്കി! അവിടുത്തെ പേരില്‍ വിശ്വസിക്കുന്ന ഏതൊരുവനും യിസ്രായേല്‍ഭവനത്തിലെ അംഗമാകാന്‍ സാധിക്കുമെന്നതാണ് ക്രിസ്തുവഴിയുള്ള രക്ഷയുടെ സവിശേഷത! യെഹൂദരെന്നോ ഗ്രീക്കുകാരെന്നോ ഉള്ള വ്യത്യാസമില്ലാതെ, യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്യുന്ന സകലര്‍ക്കും രക്ഷപ്രാപിക്കാനുള്ള അവസരമാണ് അവിടുന്ന് ഒരുക്കിയത്! യെസെക്കിയേല്‍ പ്രവചനത്തിന്റെ വിശദാംശങ്ങളിലേക്കുതന്നെ മടങ്ങിവരാം.

അന്ത്യവിധിയുടെ ദിനത്തില്‍ പ്രാപിക്കുന്ന ശാരീരികമായ ഉയിര്‍പ്പിനെക്കുറിച്ചും, ആത്മാവിനെ ശരീരത്തില്‍ സന്നിവേശിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള പ്രവചനമാണ് യെസെക്കിയേല്‍ നടത്തിയത്. എന്നാല്‍, യേഹ്ശുവായുടെ മരണത്തിനുശേഷം പറുദീസാ തുറക്കപ്പെടുകയും വിശുദ്ധര്‍ക്ക് അവിടെ പ്രവേശനം സാദ്ധ്യമാകുകയും ചെയ്തപ്പോള്‍ പ്രാപിച്ചത് ഈ ഉയിര്‍പ്പായിരുന്നില്ല. കാരണം, അന്ന് ഉയിര്‍പ്പിക്കപ്പെട്ട പലരുടെയും അസ്ഥികള്‍ ഈ ഭൂമിയില്‍ത്തന്നെ അവശേഷിച്ചിരുന്നു. അസ്ഥികള്‍ കൂടിച്ചേരുകയോ മാംസവും ഞരമ്പുകളും അവയുടെമേല്‍ വന്നുചേരുകയോ ചെയ്തില്ല. അത് അന്ത്യവിധി ദിവസം സംഭവിക്കേണ്ടതാണ്. അതായത്, ശാരീരികമായ ഉയിര്‍പ്പും ആത്മീയമായ ഉയിര്‍പ്പുമുണ്ട്. ഒരു വചനംകൂടി നോക്കുക: “വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജ്ജീവിക്കുന്നത് ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്മീയശരീരവുമുണ്ട്. ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍. ആദ്യമനുഷ്യന്‍ ഭൂമിയില്‍നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍. ഭൂമിയില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗ്ഗീയരും. നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗ്ഗീയന്റെ സാദൃശ്യവും ധരിക്കും. സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാദ്ധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു. ഇതാ, ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല. അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും. നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു”(1 കോറി: 15; 44-53).

മരണാനന്തരം ഒരു വ്യക്തിക്ക് എന്തു സംഭവിക്കും എന്നതിനെ സംബന്ധിച്ചാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നാം കണ്ടെത്തിയത്. മരിച്ചുപോയ ചിലര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കാന്‍ ദൈവം തയ്യാറായതിനെക്കുറിച്ചു നാം കണ്ടു. അവര്‍ പിന്നീട് ഈ ലോകത്തില്‍ ജീവിക്കുകയും കാലസമ്പൂര്‍ണ്ണതയില്‍ മരണമടയുകയും ചെയ്തു. ഇതിനിന്നു വ്യത്യസ്തമായി, മരണാനന്തരം വിശുദ്ധരുടെ ആത്മാക്കള്‍ പറുദീസായിലേക്കു കടന്നുപോകുന്നുവെങ്കിലും ഇവരുടെ ശരീരങ്ങള്‍ ഈ ഭൂമിയില്‍ അവശേഷിക്കുന്നു. അന്ത്യവിധി ദിനത്തില്‍ ശരീരത്തിന്റെ ഉയിര്‍പ്പ് സംഭവിക്കുമ്പോള്‍, വിശുദ്ധരുടെ ആത്മാക്കള്‍ തങ്ങളുടെ ശരീരത്തെ വീണ്ടും ധരിക്കുന്നു. ഇത് നവമായ ചൈതന്യത്തോടെയായിരിക്കുമെന്നും നാം മനസ്സിലാക്കി! ഇനി നാം മനസ്സിലാക്കാന്‍ പോകുന്നത് ഈ ഭൂമിയില്‍ ശരീരം അവശേഷിപ്പിക്കാതെ കടന്നുപോയവരെക്കുറിച്ചാണ്!

ശൂന്യമായ കല്ലറകള്‍!

മരണം ഗ്രസിക്കാത്ത ചില വ്യക്തികളെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ട്. ജീവനോടെതന്നെ സംവഹിക്കപ്പെട്ടവരാണ് അവര്‍. മരണാനന്തരം ശരീരം ഈ ഭൂമിയില്‍ അവശേഷിപ്പിക്കാത്ത ചിലരെക്കുറിച്ചും ബൈബിളില്‍ വായിക്കാന്‍ കഴിയും. ഹെനോക്ക്, യേലിയാഹ് എന്നിവര്‍ ജീവനോടെ സംവഹിക്കപ്പെട്ടവരാണെങ്കില്‍, മോശയുടെ കാര്യം അങ്ങനെയായിരുന്നില്ല. ആദ്യം നമുക്ക് മോശയുടെ കാര്യം പരിശോധിക്കാം. മോശയുടെ മരണം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “യാഹ്‌വെയുടെ ദാസനായ മോശ അവിടുന്ന് അരുളിച്ചെയ്തതുപോലെ മൊവാബുദേശത്തുവച്ചു മരിച്ചു. മൊവാബുദേശത്തു ബത്പെയോറിന് എതിരേയുള്ള താഴ്‌വരയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. എന്നാല്‍, ഇന്നുവരെ അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കും അറിവില്ല”(നിയമം: 34; 5, 6). ഇത് എഴുതിയത് മോശതന്നെ ആയിരുന്നതുകൊണ്ട്, തന്റെ മരണത്തെക്കുറിച്ച് ദൈവം മുന്‍കൂട്ടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ പ്രവചിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, മോശ എഴുതിവച്ച വാക്കുകളില്‍ത്തന്നെ അതുണ്ട്. തന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കും അറിയില്ലെന്ന് മോശ എഴുതിവച്ചത് അവന്‍ ജീവിച്ചിരുന്നപ്പോഴാണ്. തന്റെ മരണത്തെക്കുറിച്ചു മാത്രമല്ല, മരണാനന്തരം തന്റെ ശവകുടീരത്തിനു സംഭവിക്കുന്നതെന്തായിരിക്കുമെന്നും മോശ പ്രവചിച്ചു! ശവകുടീരങ്ങള്‍ പവിത്രമായി സംരക്ഷിക്കുന്ന യിസ്രായേല്‍ക്കാര്‍ എന്തുകൊണ്ടാണ് മോശയുടെ ശവകുടീരം സംരക്ഷിക്കാത്തത്? അത് ശൂന്യമായിരുന്നതുകൊണ്ടുതന്നെയാണ് സംരക്ഷിക്കപ്പെടാത്തത്!

ഹെനോക്കിനെക്കുറിച്ച് ഇങ്ങനെയാണ് നാം വായിക്കുന്നത്: “ഹെനോക്കിന്റെ ജീവിതകാലം മുന്നൂറ്റിയറുപത്തഞ്ചു വര്‍ഷമായിരുന്നു. ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു”(സൃഷ്ടി: 5; 23, 24). ദൈവത്താല്‍ എടുക്കപ്പെട്ട ആദ്യത്തെ മനുഷ്യന്‍ ഹെനോക്ക് ആയിരുന്നു. പിന്നീട് മറ്റൊരുവന്‍ സംവഹിക്കപ്പെടുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് നാം ഇപ്രകാരം വായിക്കുന്നു: “അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്‌നേയരഥവും ആഗ്‌നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. യേലിയാഹ് ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു. യെലീശാ അതു കണ്ട് നിലവിളിച്ചു. എന്റെ പിതാവേ, എന്റെ പിതാവേ! യിസ്രായേലിന്റെ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ യേലിയാഹിനെ കണ്ടില്ല. അവന്‍ വസ്ത്രം കീറി”(2 രാജാ: 2; 11, 12). ഹെനോക്കും യേലിയാഹും മരിച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. ജീവനോടെയാണ് ഇവര്‍ എടുക്കപ്പെട്ടത്. ദൈവം ഇവരെ മരണത്തിനു വിട്ടുകൊടുത്തില്ല. ഇത്തരത്തില്‍ ദൈവത്താല്‍ എടുക്കപ്പെട്ടവരായി ബൈബിളില്‍ പരാമര്‍ശമുള്ളത് ഈ രണ്ടു വ്യക്തികളെക്കുറിച്ചു മാത്രമാണ്. എന്നാല്‍, മോശയെപ്പോലെ, ശവകുടീരങ്ങളില്‍ ശരീരം അവശേഷിപ്പിക്കാത്ത മറ്റു ചിലര്‍ക്കൂടി ഉണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും. സ്നാപകയോഹന്നാന്റെ കാര്യം അങ്ങനെയായിരുന്നു. അവന്റെ ശവകുടീരം എവിടെയാണെന്ന് ആര്‍ക്കും അറിയില്ല!

യേഹ്ശുവായുടെ കല്ലറ എവിടെയാണെന്ന് നമുക്കറിയാം. ഇന്നും അത് സംരക്ഷിക്കപ്പെടുന്നുവെങ്കിലും അത് ശൂന്യമാണ്! കാരണം, യേഹ്ശുവാ ഉയിര്‍ത്തെഴുന്നേറ്റത് ശരീരത്തോടെയായിരുന്നു. സ്നാപകയോഹന്നാന്റെ ശരീരത്തെക്കുറിച്ചും ശവകുടീരത്തെക്കുറിച്ചും ചിന്തിക്കുമ്പോള്‍ യേഹ്ശുവായുടെ ഒരു സാക്ഷ്യംകൂടി പരിഗണിക്കപ്പെടണം. സാക്ഷ്യമിതാണ്: “യോഹന്നാന്‍വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന യേലിയാഹ്”(മത്താ: 11; 13, 14). ഇതുതന്നെ യേഹ്ശുവാ ആവര്‍ത്തിക്കുന്നത് നോക്കുക: “എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, യേലിയാഹ് വന്നുകഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്സിലാക്കിയില്ല. തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍നിന്നു പീഡകളേല്‍ക്കാന്‍ പോകുന്നു. സ്‌നാപകയോഹന്നാനെപ്പറ്റിയാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ ശിഷ്യന്മാര്‍ക്കു മനസ്സിലായി”(മത്താ: 17; 12, 13). യേലിയാഹ് തന്നെയാണ് സ്നാപകയോഹന്നാന്‍ എന്ന് യേഹ്ശുവാ വ്യക്തമാക്കി. പ്രവചനപ്രകാരം യേഹ്ശുവായുടെ പുനരാഗമനത്തിനുമുമ്പ് യേലിയാഹും മോശയും വീണ്ടുംവരും. മാത്രവുമല്ല, അവരിരുവരും എതിര്‍ക്രിസ്തുവിനാല്‍ വധിക്കപ്പെടണം. അതുകൊണ്ടുതന്നെ, യേലിയാഹും മോശയും എടുക്കപ്പെട്ടത് ശരീരത്തോടെ തന്നെയാണ്. യോഹന്നാന്റെ ശരീരവും ശവകുടീരവും ഭൂമിയില്‍ ഇല്ലാത്തതിന്റെ കാരണവും അതുതന്നെ! ശരീരത്തോടെ കടന്നുപോയ മറ്റു രണ്ടുപേര്‍ മനുഷ്യപുത്രനായ യേഹ്ശുവായുടെ മാതാപിതാക്കളാണെന്ന് സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. യോസെഫിന്റെയോ കന്യകാമറിയത്തിന്റെയോ ഭൗതികശേഷിപ്പുകളൊന്നും ഭൂമിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സാഹചര്യത്തെളിവായി പരിഗണിക്കേണ്ടത്!  

ഇനി നാം ചിന്തിക്കുന്നത് മരിച്ചുപോയവരുടെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട വിഷയമാണ്!

മരിച്ചവര്‍ക്കു ഭൂമിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയും!

മരിച്ചുപോയവര്‍ക്ക് ഭൂമിയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കും എന്നതിനുള്ള ഒരു തെളിവ് നാം കണ്ടു! യേഹ്ശുവായുടെ മരണസമയത്ത് ശവകുടീരങ്ങള്‍ തുറക്കപ്പെടുകയും, അവിടുത്തെ പുനരുത്ഥാനത്തിനുശേഷം ഇവര്‍ പലര്‍ക്കും പ്രത്യക്ഷരാകുകയും ചെയ്തതാണ് നാം വായിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ ക്രിസ്ത്യാനികളില്‍ ആര്‍ക്കും സാധിക്കില്ല. അങ്ങനെയെങ്കില്‍, വിശുദ്ധരുടെ പ്രത്യക്ഷീകരണത്തെ എതിര്‍ക്കുന്നതില്‍ എന്തു സാംഗത്യമാണുള്ളത്? സ്വര്‍ഗ്ഗാരോഹണത്തിനുശേഷം യേഹ്ശുവാ പ്രത്യക്ഷനായിട്ടില്ലേ? ഉണ്ടെന്നു ബൈബിള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇവിടെ ഒരുകാര്യം നാം തിരിച്ചറിയണം. എന്തെന്നാല്‍, ഈ പ്രത്യക്ഷീകരണങ്ങളെല്ലാം, യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പാണ് സംഭവിച്ചത്. യേഹ്ശുവായുടെ മരണസമയത്ത് ശവകുടീരങ്ങള്‍ തുറക്കപ്പെട്ട ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന വിശുദ്ധര്‍ ചിലര്‍ക്കെല്ലാം പ്രത്യക്ഷപ്പെട്ടുവെന്നത് വചനസത്യമാണെങ്കിലും, പറുദീസായിലേക്കു കടന്നുപോയതിനുശേഷം അവരാരും പ്രത്യക്ഷപ്പെട്ടിട്ടില്ല. അതായത്, മരിച്ചുപോയ വിശുദ്ധര്‍ക്ക് ഭൂമിയില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍, യേഹ്ശുവാ അനുവദിക്കണം. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും യേഹ്ശുവായില്‍ നിക്ഷിപ്തമാണ്! നീതിമാന്മാരായ വിശുദ്ധാരോ സ്വര്‍ഗ്ഗത്തിലെ ദൂതന്മാരോ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവരല്ല! 

പറുദീസയില്‍ പ്രവേശനം ലഭിച്ച വ്യക്തികള്‍ യേഹ്ശുവായുടെ അധികാരത്തിന്‍ കീഴിലാണ്. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തിന്റെ അധീനതയിലുള്ള സ്ഥലമാണ് പറുദീസാ! സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിനുമുമ്പ് വിശുദ്ധര്‍ വസിക്കുന്ന ഇടം പറുദീസയാണ്‌! ദൈവത്തിന്റെ വചനം മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതില്‍നിന്നു വ്യത്യസ്തമായതൊന്നും സ്വര്‍ഗ്ഗത്തിലോ പറുദീസയിലോ ഭൂമിയിലോ പാതാളത്തിലോ സംഭവിക്കില്ല. എല്ലാം അവിടുന്ന് മുന്‍കൂട്ടി ക്രമീകരിച്ചിരിക്കുന്നതുപോലെ മാത്രമേ നടക്കുകയുള്ളു. യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണം മുതല്‍ അവിടുത്തെ പുനരാഗമനം വരെയുള്ള കാലയളവിനുള്ളില്‍ രണ്ടേരണ്ടു വ്യക്തികള്‍മാത്രമേ, സ്വര്‍ഗ്ഗത്തിന്റെയും ദൈവത്തിന്റെയും പ്രതിനിധികളായി ഭൂമിയിലേക്ക് അയയ്ക്കപ്പെടുകയുള്ളുവെന്നതിന് സാക്ഷ്യം ദൈവത്തിന്റെ വചനമാണ്!

മരണാനന്തരം പറുദീസയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരുവന് ഭൂമിയിലേക്ക് വരാന്‍ അനുവാദമില്ല എന്ന യാഥാര്‍ത്ഥ്യംകൂടിയാണ് ലാസറിന്റെയും ധനവാന്റെയും ഉപമയിലൂടെ യേഹ്ശുവാ വ്യക്തമാക്കിയത്. യെഹൂദരോട് ഉപമകളിലൂടെ സംസാരിക്കുമ്പോഴെല്ലാം അവരുടെ പരമ്പരാഗത വിശ്വാസങ്ങളെക്കൂടി യേഹ്ശുവാ പരിഗണിക്കാറുണ്ട്. മരണാനന്തരം നീതിമാന്മാര്‍ വസിക്കുന്നത് അബ്രാഹത്തിന്റെ മടിയിലാണെന്ന് യെഹൂദര്‍ വിശ്വസിച്ചിരുന്നു. മോശയിലൂടെയോ പ്രവാചകന്മാരിലൂടെയോ ലഭിച്ച അറിവായിരുന്നില്ല അത്. ഏതൊ പിതാക്കന്മാരില്‍നിന്നു ലഭിച്ച അപൂര്‍ണ്ണമായ അറിവായി അതിനെ പരിഗണിച്ചാല്‍ മതി. എന്നിരുന്നാലും, നീതിമാന്മാര്‍ക്ക് നീതിമാനായ അബ്രാഹത്തിന്റെ പ്രതിഫലം ലഭിക്കും എന്ന അര്‍ത്ഥത്തില്‍ ഈ വിശ്വാസത്തെ ശ്രേഷ്ഠമായി പരിഗണിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് യേഹ്ശുവാ തന്റെ ഉപമയിലും ഈ വിശ്വാസത്തെ തള്ളിപ്പറയാതിരുന്നത്. യേഹ്ശുവാ അരുളിച്ചെയ്ത ഉപമയില്‍ മൂന്നു വ്യക്തികളെ അവതരിപ്പിച്ചിട്ടുണ്ട്. സുഖലോലുപതയില്‍ ജീവിച്ച ധനികനായ ഒരു മനുഷ്യന്‍, അവന്റെ പടിവാതില്‍ക്കല്‍ കിടന്നിരുന്ന ദരിദ്രനായ ലാസര്‍, പിതാവായ അബ്രാഹം എന്നിവരാണ് അവര്‍. ദരിദ്രനായ ലാസര്‍ മരിച്ചപ്പോള്‍ അവനെ ദൈവദൂതന്മാര്‍ അബ്രാഹത്തിന്റെ മടിയിലേക്ക്‌ സംവഹിച്ചു. ധനവാനകട്ടെ മരിച്ച് അടക്കപ്പെടുകയും നരകത്തില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. നരകത്തില്‍ ഒരുവന്‍ തള്ളപ്പെടുന്നത് അന്ത്യവിധിക്കുശേഷമാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, യേഹ്ശുവാ ഉപമയിലൂടെ ലക്ഷ്യമിട്ടത് മറ്റുചില സത്യങ്ങള്‍ വെളിപ്പെടുത്താനായിരുന്നു എന്നകാര്യം സ്പഷ്ടം! പറുദീസയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒരുവന് അനുവദിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിതികള്‍ വ്യക്തമാക്കാനും കൂടിയാണ് ഈ ഉപമ യേഹ്ശുവാ പറഞ്ഞത്.

ഉപമയില്‍ ഇങ്ങനെ പറയുന്നു: “അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു. അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ക്കിടന്നു യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മ്മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു”(ലൂക്കാ: 16; 23-25). തുടര്‍ന്ന് അബ്രാഹം പറയുന്നതാണ് നമ്മുടെ വിഷയവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍. അബ്രാഹം ഇപ്രകാരം പറഞ്ഞു: “കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മദ്ധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല”(ലൂക്കാ: 16; 26). ഭൂമിയിലേക്ക് പോകാന്‍ സാധിക്കില്ല എന്ന് അബ്രാഹം ഇവിടെ പറയുന്നില്ല; മറിച്ച്, അബ്രാഹത്തിന്റെ മടിയില്‍നിന്ന് നരകത്തിലേക്കോ നരകത്തില്‍നിന്ന് അബ്രാഹത്തിന്റെ മടിയിലേക്കോ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല എന്നാണു പറഞ്ഞത്. യേഹ്ശുവായുടെ മരണത്തോടെ പറുദീസാ തുറക്കപ്പെട്ടതിനാല്‍ അബ്രാഹത്തിന്റെ മടി എന്ന സംവിധാനത്തിന് ഇനി പ്രസക്തിയൊന്നുമില്ലെന്നു നമുക്കറിയാം. എന്നാല്‍, യേഹ്ശുവാ ഈ ഉപമ പറയുന്ന കാലത്ത് യെഹൂദര്‍ അങ്ങനെ വിശ്വസിച്ചിരുന്നതുകൊണ്ട്, അവര്‍ക്കു മനസ്സിലാകുന്ന രീതിയില്‍ അവിടുന്ന് അവതരിപ്പിച്ചുവെന്നേയുള്ളു.

ഉപമയുടെ ഈ ഭാഗംവരെ പരിശോധിച്ചതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരുവന് നരകത്തിലേക്കോ നരകത്തില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്കോ പോകാന്‍ ഒരുവനു സാധിക്കുകയില്ലെന്നാണ്. എന്നാല്‍, ഉപമയുടെ തുടര്‍ച്ചയില്‍ മറ്റൊരു ആവശ്യംകൂടി ധനവാന്‍ ഉന്നയിക്കുന്നതായി കാണാം. ധനവാന്റെ ആവശ്യം ഇതായിരുന്നു: “പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു സാക്ഷ്യം നല്‍കട്ടെ”(ലൂക്കാ: 16; 27, 28).

തുടര്‍ന്നുള്ള മൂന്നു വാക്യങ്ങളാണ് ഈ ഉപമയുടെ കാതല്‍! അത് ഇപ്രകാരമാണ്: “അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോദ്ധ്യമാവുകയില്ല”(ലൂക്കാ: 16; 29-31). പ്രത്യക്ഷീകരണങ്ങളെ സംബന്ധിക്കുന്ന ദൈവഹിതമാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍ക്ക് ഭൂമിയിലേക്കു പോകാന്‍ സാധിക്കില്ല എന്ന് ഒരിടത്തും സൂചിപ്പിച്ചിട്ടില്ലെങ്കിലും അവരെ അതിന് അനുവദിക്കില്ലെന്ന് അസന്ദിഗ്ദ്ധമായി യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നു. ഭൂമിയിലുള്ളവര്‍ക്ക് മോശയുടെയും പ്രവാചകന്മാരുടെയും വാക്കുകള്‍ നല്‍കപ്പെട്ടിരിക്കുന്നുവെന്നാണ് അവിടുന്ന് അറിയിച്ചത്. എന്നാല്‍, ഇന്ന് നമുക്കു മുന്‍പിലുള്ളത് മോശയുടെയും പ്രവാചകന്മാരുടെയും വാക്കുകള്‍ മാത്രമല്ല, അതിനുമപ്പുറം യേഹ്ശുവായുടെ വചനങ്ങള്‍ക്കൂടിയുണ്ട്. അതിനാല്‍ത്തന്നെ, മരിച്ചുപോയവരുടെ സാക്ഷ്യമല്ല, ജീവനുള്ള വചനമാണ് നമുക്കുള്ള സാക്ഷ്യം!

നിയമം നല്‍കിയപ്പോള്‍ യിസ്രായേല്‍ജനത്തോട് മോശ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന ഈ നിയമത്തിന്റെ അവസാനവാക്ക് യേഹ്ശുവാ ആയിരിക്കുമെന്ന പ്രഖ്യാപനമാണ് അന്ന് മോശ നടത്തിയത്. മോശയുടെ ആ വാക്കുകള്‍ ശ്രദ്ധിക്കുക: “അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍തന്നെ പ്രതികാരം ചെയ്യും”(നിയമം: 18; 18, 19). മോശയുടെ അധരങ്ങളിലൂടെ സ്വര്‍ഗ്ഗം നടത്തിയ പ്രഖ്യാപനമാണിത്. ഈ പ്രഖ്യാപനം യേഹ്ശുവായെക്കുറിച്ചാണെന്ന് മനസ്സിലാക്കിയവരുടെ സമൂഹമാണ് ക്രിസ്തുവിന്റെ സഭ!

എല്ലാ നിയമങ്ങളുടെയും പ്രവചനങ്ങളുടെയും അവസാനവാക്കാണ് യേഹ്ശുവാ! അവിടുന്നാണ് നിയമങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണം. നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് ഒപ്പുവയ്ക്കേണ്ടതും അവിടുന്നുതന്നെ! അവിടുന്ന് ആ ഒപ്പ് വയ്ക്കുകയും ചെയ്തു! മോശയുടെ നിയമങ്ങള്‍ക്കു മുഴുവന്‍ രാജകീയമുദ്ര വച്ച് യുഗാന്തംവരെ പ്രാബല്യം നല്‍കിയത് യേഹ്ശുവായാണ്! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും”(മത്താ: 5; 17-19). ക്രിസ്തുവിനാല്‍ തുല്യംചാര്‍ത്തപ്പെട്ട നിയമങ്ങളെയും പ്രവചനങ്ങളെയും അസാധുവാക്കാന്‍ സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഉള്ള ആര്‍ക്കും അവകാശമില്ല! അതിന്റെ പ്രാബല്യം യുഗാന്തംവരെയാണെന്ന് അവിടുന്നുതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, യേഹ്ശുവാ പ്രഖ്യാപിച്ച കാര്യങ്ങള്‍ യുഗാന്തംവരെ ക്രിസ്ത്യാനികള്‍ അനുസരിക്കേണ്ടവയാണ്. അവയില്‍ എന്തെങ്കിലും മാറ്റം ആവശ്യമായിവന്നാല്‍, അവിടുത്തെ പുനരാഗമനത്തിനുശേഷം അവിടുന്നുതന്നെ നേരിട്ടു വരുത്തിക്കൊള്ളും!

ക്രിസ്ത്യാനികളെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം ക്രിസ്തുവിന്റെ വചനങ്ങളിലും നിയമങ്ങളിലും കാലാനുസരണമായ ഭേദഗതികള്‍ വരുത്താനല്ല; മറിച്ച്, ക്രിസ്തുവിന്റെ വാക്കുകള്‍ അതേപടി ജനതകളെ അറിയിക്കാനാണ്! യേഹ്ശുവായുടെ ഈ വചനം ശ്രദ്ധിക്കുക: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 18-20). യുഗാന്തംവരെ അനുസരിക്കാന്‍ പഠിപ്പിക്കേണ്ട കാര്യങ്ങളെല്ലാം യേഹ്ശുവാ കല്പിച്ചിട്ടുണ്ട്. അതിനുശേഷം എന്ത് പഠിപ്പിക്കണമെന്ന് യുഗാന്തത്തില്‍ അവിടുന്ന് വന്ന് നമ്മോടു കല്പിക്കും! എന്നാല്‍, സാത്താന്‍ കൗശലക്കാരനാണ്. തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കാന്‍ അവന്‍ വിശുദ്ധരുടെയും ദൈവദൂതന്മാരുടെയും വേഷങ്ങളില്‍പ്പോലും രംഗത്തിറങ്ങിയിട്ടുണ്ട്. ക്രിസ്തു തുല്യംചാര്‍ത്തിയ വചനത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ അകറ്റുകയെന്നതാണ് അവന്റെ ലക്‌ഷ്യം. അപ്പസ്തോലനായ പൗലോസ് നല്‍കുന്ന മുന്നറിയിപ്പ് നോക്കുക: “അദ്ഭുതപ്പെടേണ്ടാ, സാത്താന്‍പോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?”(2 കോറി: 11; 14, 15). സഭാപിതാക്കന്മാരുടെ വേഷത്തിലും സ്വപ്നവിശകലനക്കാരുടെ വേഷത്തിലും അവന്‍ ഇന്ന് നമുക്കിടയില്‍ സജ്ജീവമാണ്! 

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളും കയ്യാളുന്ന യേഹ്ശുവാ ഈ വിഷയത്തില്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. പ്രത്യക്ഷീകരണങ്ങളെ സംബന്ധിച്ച് അവിടുന്ന് നടത്തിയ പ്രഖ്യാപനം ശ്രദ്ധിക്കുക: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന്‍ അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26). സ്വര്‍ഗ്ഗത്തിന്റെ അംഗീകാരമുള്ള പ്രത്യക്ഷീകരണങ്ങള്‍ ഉണ്ടാകില്ല എന്ന പ്രഖ്യാപനമാണ് ഈ വാക്കുകളിലുള്ളത്. അവിടുന്ന് തുല്യംചാര്‍ത്തിയ പ്രവചനങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ളതു മാത്രമേ സംഭവിക്കുകയുള്ളു! ആ പ്രവചനങ്ങളിലുള്ളതാണ് യേലിയാഹിന്റെയും മോശയുടെയും പ്രത്യക്ഷീകരണം. ആരുടെയെങ്കിലും സ്വപ്നത്തിലോ ധ്യാനത്തിന്റെ അര്‍ദ്ധമയക്കത്തില്‍ കാണുന്ന ദര്‍ശനത്തിലോ അല്ല മോശയും യേലിയാഹും പ്രത്യക്ഷപ്പെടുന്നത്. മൂന്നരവര്‍ഷക്കാലം സത്യവചനം പ്രസംഗിച്ചുകൊണ്ട് അവര്‍ ഭൂമിയിലുണ്ടായിരിക്കും. മോശയും യേലിയാഹും മൂന്നരവര്‍ഷക്കാലം ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത് യേഹ്ശുവാ തുല്യംചാര്‍ത്തിയ വചനത്തില്‍ ഉറച്ചുനിന്നുകൊണ്ടായിരിക്കും! എന്തെന്നാല്‍, അവരെ അയയ്ക്കുന്നത് യേഹ്ശുവായാണ്!

എതിര്‍ക്രിസ്തുവിനാല്‍ വധിക്കപ്പെടുന്ന യേലിയാഹിന്റെയും മോശയുടെയും ശരീരങ്ങള്‍ സംസ്ക്കരിക്കപ്പെടാതെ മൂന്നരദിവസം തെരുവില്‍ കിടക്കുമ്പോള്‍ സകല മനുഷ്യരും അത് കാണുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിള്‍! അതായത്, യേലിയാഹിന്റെയും മോശയുടെ പ്രത്യക്ഷീകരണം എന്നത് ആര്‍ക്കെങ്കിലും സ്വകാര്യമായി ലഭിക്കുന്ന ദര്‍ശനമായിരിക്കില്ല. അതുപോലെതന്നെ, ആരുടെയെങ്കിലും കാതുകളില്‍ സ്വകാര്യമായി മന്ത്രിക്കാനല്ല അവര്‍ പ്രത്യക്ഷപ്പെടുന്നത്! ക്രിസ്തുവിന്റെ വചനം അവര്‍ പരസ്യമായി പ്രഘോഷിക്കും! ഇവരുടെ പ്രത്യക്ഷീകരണത്തിനു മാത്രമേ ദൈവത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും അംഗീകാരമുണ്ടായിരിക്കുകയുള്ളു! ഈ സത്യം വചനത്തിലൂടെ മനസ്സിലാക്കാത്തവരാണ് വ്യാജ പ്രത്യക്ഷീകരണങ്ങള്‍ക്കു പിന്നാലെപോയി നിത്യനാശത്തില്‍ നിപതിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിനായി സാത്താന്‍തന്നെയാണ് വിശുദ്ധരുടെയും ദൈവദൂതന്മാരുടെയും വേഷമണിയുന്നതെന്നു തിരിച്ചറിയണമെങ്കില്‍ ദൈവവചനം വായിക്കുകയും പഠിക്കുകയും വേണം. വചനം പഠിക്കാന്‍ മനസ്സുവയ്ക്കാത്തതുകൊണ്ടുതന്നെ, വ്യാജ പ്രത്യക്ഷീകരണങ്ങളിലൂടെ നല്‍കപ്പെടുന്ന വചനവിരുദ്ധ ആശയങ്ങളില്‍ അവര്‍ ആകൃഷ്ടരാകുന്നു. ദൈവദൂതന്മാരുടെയും വിശുദ്ധരുടെയും കന്യകാമറിയത്തിന്റെയുമൊക്കെ വേഷത്തില്‍ സാത്താന്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാന്‍ അവനു സാധിക്കുന്നത്. കന്യകാമറിയത്തിന്റെ വേഷത്തില്‍ സാത്താന്‍ പ്രത്യക്ഷപ്പെടുമെന്ന് കേള്‍ക്കുമ്പോള്‍ ആരും അദ്ഭുതപ്പെടുകയോ മനോവയ്ക്കെതിരേ വാളെടുക്കുകയോ വേണ്ട! എന്തെന്നാല്‍, ക്രിസ്തുവിന്റെ വേഷത്തില്‍പ്പോലും അവന്‍ പ്രത്യക്ഷനാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ക്രിസ്തുതന്നെയാണെന്നു നാം മനസ്സിലാക്കി! ക്രിസ്തുവിന്റെ വേഷത്തില്‍ സാത്താനു വരാമെങ്കില്‍, കന്യകാമറിയത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ അവന് കൂടുതല്‍ എളുപ്പമാണ്!

വിശുദ്ധരുടെയും കന്യകാമറിയത്തിന്റെയും വേഷത്തില്‍ സാത്താന്‍ വന്ന് വചനവിരുദ്ധമായ ആശയങ്ങള്‍ നല്‍കുമ്പോള്‍, ഹൃദയത്തില്‍ വചനമില്ലാത്തവര്‍ അവന്റെ പിന്നാലെ പോകുന്നു. ഫാത്തിമയും ലൂര്‍ദ്ദുമൊക്കെ തീര്‍ത്ഥാടനകേന്ദ്രങ്ങളായത് അങ്ങനെയാണ്. ഫാത്തിമ സന്ദേശങ്ങള്‍ എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങളെല്ലാം വചനവിരുദ്ധമാണെന്നു മനസ്സിലാക്കാന്‍ ക്രൈസ്തവനാമധാരികള്‍ക്കു കഴിയാത്തതിന്റെ കാരണവും വചനത്തില്‍നിന്ന് അവര്‍ അകന്നുപോയതുകൊണ്ടാണ്. ക്രിസ്തുവിന്റെ വചനത്തെക്കാള്‍ താത്പര്യത്തോടെ ഫാത്തിമസന്ദേശത്തെ പരിഗണിക്കുന്നവര്‍ കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്കിടയിലുണ്ട്. ഒരുകാര്യം എല്ലാവരും തിരിച്ചറിയുക: എന്തെന്നാല്‍, യേഹ്ശുവാ നമുക്ക് അമ്മയായി നല്‍കിയ പരിശുദ്ധ കന്യകാമറിയം ഫാത്തിമയിലോ ലൂര്‍ദ്ദിലോ ഈ ഭൂമിയിലെവിടെയെങ്കിലുമോ ഇന്നോളം പ്രത്യക്ഷപ്പെട്ടിട്ടില്ല! ഇനി പ്രത്യക്ഷപ്പെടുകയുമില്ല! അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്നുപറഞ്ഞ കന്യകാമറിയം, അവന്‍ പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം അവകാശപ്പെടുന്ന പലരും ഒരു ശിശുവിനെ കരങ്ങളില്‍ വഹിച്ച ഒരു സ്ത്രീയെയാണ് കണ്ടത്. ആ ശിശു യേഹ്ശുവായാണെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. തന്റെ പ്രത്യക്ഷത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍, അത് വിശ്വസിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയ യേഹ്ശുവാ ഇങ്ങനെയൊരു പ്രത്യക്ഷീകരണത്തിനു മുതിരുമെന്ന് ചിന്തിക്കുന്നതുപോലും ദൈവദൂഷണപരമാണ്! കന്യകാമറിയത്തിന്റെയും യേഹ്ശുവായുടെയും പ്രത്യക്ഷീകരണങ്ങളെ വിശ്വസിക്കുന്നവര്‍ ചെയ്യുന്നത് ക്രിസ്തുവിനെയും അവിടുത്തെ വചനത്തെയും അവിശ്വസിക്കുന്നവര്‍ക്കു മാത്രമേ കന്യകാമറിയത്തിന്റെയും യേഹ്ശുവായുടെയും പ്രത്യക്ഷീകരണ കഥകളില്‍ വിശ്വസിക്കാന്‍ കഴിയുകയുള്ളു! നാം വിശ്വസിക്കേണ്ടത് ക്രിസ്തുവിനെയാണോ, ക്രിസ്തുവിന്റെ പേരില്‍ പ്രത്യക്ഷീകരണ സാക്ഷ്യങ്ങള്‍ പ്രചരിപ്പിക്കുന്ന മനുഷ്യരെയാണോ?

അങ്ങനെയെങ്കില്‍ ചില പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യം ഇവിടെ ഉയരാം. ഈ ചോദ്യത്തിനു സാംഗത്യമുണ്ട്. എന്തെന്നാല്‍, ക്രിസ്തുവിന്റെയും ദൈവദൂതന്മാരുടെയും പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് സൂചന നല്‍കുന്ന ചില സംഭവങ്ങള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും. ഇവയുടെ നിജസ്ഥിതി പരിശോധിച്ചുകൊണ്ട് നമുക്ക് ഈ പഠനത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കാം.

പ്രത്യക്ഷീകരണങ്ങളുടെ നിജസ്ഥിതി!

യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് നടന്നിട്ടുള്ള പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് ആരും സംശയിക്കേണ്ടതില്ല! അപ്പസ്തോലന്മാരില്‍ ഒരുവനായിരുന്ന തോമായ്ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍, തോമായുടെ സംശയം യേഹ്ശുവാതന്നെ പരിഹരിച്ചു. ആ സംഭവം ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമാ, യേഹ്ശുവാ വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു മറ്റു ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ നാഥനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല. എട്ടു ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവന്റെ ശിഷ്യന്മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമായും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേഹ്ശുവാ വന്ന് അവരുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! അവന്‍ തോമായോടു പറഞ്ഞു: നിന്റെ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്റെ കൈകള്‍ കാണുക; നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമാ പറഞ്ഞു: എന്റെ നാഥാ, എന്റെ ദൈവമേ! യേഹ്ശുവാ അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍”(യോഹ: 20; 24-29). യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് പലവട്ടം അവിടുന്ന് തന്റെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്ഥാനത്തിനുശേഷം ഒന്നിലധികം തവണ യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടുവെന്നതിന്റെ സ്ഥിരീകരണമായി ഈ വിവരണത്തെ പരിഗണിക്കാന്‍ കഴിയും.

യേഹ്ശുവായുടെ മരണസമയത്ത് ഉയിര്‍പ്പിക്കപ്പെട്ട നീതിമാന്മാരുടെ പ്രത്യക്ഷീകരണത്തിനും ബൈബിളില്‍ സ്ഥിരീകരണമുണ്ടെന്നു നാം മനസ്സിലാക്കി. യേഹ്ശുവായുടെ പ്രത്യക്ഷീകരണമായാലും വിശുദ്ധരുടെ പ്രത്യക്ഷീകരണമായാലും അതെല്ലാം സംഭവിച്ചത് അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പായിരുന്നു. അതുപോലെതന്നെ, പ്രവാചകകാലഘട്ടത്തിലും ക്രിസ്തുവിന്റെ മനുഷ്യാവതാര കാലയളവിലും ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി ബൈബിളില്‍ പരാമര്‍ശമുണ്ട്. മനുഷ്യപുത്രനായ യേഹ്ശുവായുടെ വളര്‍ത്തുപിതാവിനും സ്നാപകയോഹന്നാന്റെ പിതാവും പുരോഹിതനുമായ ശെഖരിയാഹിനും ആട്ടിടയന്മാര്‍ക്കും കന്യകാമറിയത്തിനും ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടതായി ബൈബിളില്‍ വായിക്കുന്നു. എന്നാല്‍, യോസെഫിനു ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടത് സ്വപ്നത്തിലാണ്. ഈ പ്രത്യക്ഷീകരണത്തെ പ്രത്യേകമായി നാം പരിഗണിക്കണം. എന്തെന്നാല്‍, യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതെല്ലാം സ്വപ്നത്തിലോ ധ്യാനത്തിനിടയിലെ ആത്മീയമയക്കത്തിലോ ആയിരുന്നു. അതായത്, ഭൗതികശരീരത്തോടെയുള്ള പ്രത്യക്ഷീകരണങ്ങളായിരുന്നില്ല അവയൊന്നും. മാത്രവുമല്ല, പ്രവാചകകാലത്തും അതിനുശേഷവും ദൈവദൂതന്മാര്‍ പ്രത്യക്ഷപ്പെട്ടത് ഒരേ രൂപത്തിലായിരുന്നില്ലെന്നും അറിഞ്ഞിരിക്കണം. പിന്നീട് ആരെങ്കിലും ദൈവദൂതന്മാരുടെ ചിത്രങ്ങളോ പ്രതിമകളോ നിര്‍മ്മിച്ച്‌ അവയ്ക്കു മുന്‍പില്‍ പ്രണമിക്കാതിരിക്കേണ്ടതിനാണ് വ്യക്തമായ രൂപവും മുഖവും വെളിപ്പെടുത്താതിരുന്നത്. എന്നിട്ടും ചില വിരുതന്മാര്‍ ദൈവദൂതന്മാരെ തങ്ങളുടെ ഭാവനയില്‍ വാര്‍ത്തെടുത്ത് ദുര്‍ബ്ബലവിശ്വാസികള്‍ക്ക് വണങ്ങാന്‍ വിട്ടുകൊടുത്തു!

കേപ്പായുംയാക്കോബും യോഹന്നാനും യേഹ്ശുവായോടൊത്തു താബോര്‍ മലയിലായിരുന്നപ്പോള്‍, മോശയും യേലിയാഹും ഇവര്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കേപ്പായും സഹശിഷ്യന്മാരും വ്യക്തമായ രൂപം കണ്ടില്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. പ്രത്യക്ഷീകരണത്തെക്കുറിച്ചും യേഹ്ശുവായുടെ രൂപാന്തരീകരണത്തെക്കുറിച്ചും ഇപ്രകാരമാണ് നാം വായിക്കുന്നത്: “യേഹ്ശുവാ, ആറു ദിവസം കഴിഞ്ഞ് കേപ്പാ എന്ന് വിളിക്കപ്പെടുന്ന ശിമയോന്‍, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി. മോശയും യേലിയാഹും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു. കേപ്പാ യേഹ്ശുവായോടു പറഞ്ഞു: നാഥാ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം - ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് യേലിയാഹിന്. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍. ഇതുകേട്ട ക്ഷണത്തില്‍ ശിഷ്യന്മാര്‍ കമിഴ്ന്നുവീണു; അവര്‍ ഭയവിഹ്വലരായി. യേഹ്ശുവാ സമീപിച്ച് അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ. അവര്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ യേഹ്ശുവായെയല്ലാതെ മറ്റാരെയും കണ്ടില്ല”(മത്താ: 17; 1-8). യേഹ്ശുവാ രൂപാന്തരപ്പെട്ടപ്പോള്‍ അവിടുത്തെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങിയെന്നും അവിടുത്തെ വസ്ത്രം പ്രകാശംപോലെ ധവളമായെന്നും മാത്രമല്ല, ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്യുകയും ചെയ്തു. അതിനാല്‍ത്തന്നെ, മോശയെയും യേലിയാഹിനെയും അവര്‍ വ്യക്തമായി കണ്ടില്ലെന്നു വ്യക്തം! എന്നാല്‍, അത് മോശയും യേലിയാഹും ആണെന്ന് അവര്‍ക്ക് മനസ്സിലായി!

യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്നോടിയായി പ്രത്യക്ഷപ്പെടുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത് ഈ മോശയെയും യേലിയാഹിനെയും കുറിച്ചാണ്. ക്രിസ്തുവും പ്രവാചകന്മാരും പ്രഖ്യാപിച്ചിരിക്കുന്നതില്‍നിന്നു വ്യത്യസ്തമായ ഒരു പ്രത്യക്ഷീകരണവും ഈ ഭൂമിയില്‍ സംഭവിക്കില്ല. സംഭവിക്കാനിരിക്കുന്ന സകല കാര്യങ്ങളും അതതിന്റെ ക്രമപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു. യേഹ്ശുവായുടെ പുനരാഗമനം എന്നത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സത്യമാണ്. അതുപോലെതന്നെ, അവിടുത്തെ പുനരാഗമനത്തിനു മുന്നോടിയായി മോശയും യേലിയാഹും അയയ്ക്കപ്പെടുമെന്നതും പ്രഖ്യാപിത സത്യമായി നിലനില്‍ക്കുന്നു. പ്രവാചകന്മാരിലൂടെയും നേരിട്ടും യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുള്ളതുപോലെ, സമയത്തിന്റെ പൂര്‍ത്തീകരണത്തില്‍ അത് സംഭവിക്കും. അതിനുമുന്‍പ്‌ യേഹ്ശുവാ വരില്ലെന്നു മാത്രമല്ല, യേലിയാഹും മോശയും അയയ്ക്കപ്പെടുകയുമില്ല! എന്തെന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരെ ആശയക്കുഴപ്പത്തിലേക്കു നയിക്കാന്‍ യേഹ്ശുവാ ഒരിക്കലും തയ്യാറാകില്ല! വ്യാജപ്രത്യക്ഷീകരണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ യേഹ്ശുവാതന്നെ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ വഞ്ചിക്കുമെന്ന് ആരും കരുതരുത്.

തന്റെ പേരില്‍ അനേകം വ്യാജപ്രത്യക്ഷീകരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത് യേഹ്ശുവായാണ്. തന്റെ പേരിലുള്ള പ്രത്യക്ഷീകരണങ്ങള്‍ വിശ്വസിക്കരുതെന്നും, താന്‍ പ്രത്യക്ഷപ്പെട്ടുവെന്ന് പറയുന്ന ഇടങ്ങളിലേക്ക് പുറപ്പെടരുതെന്നും അവിടുന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26). യേഹ്ശുവായുടെ ഈ വാക്കുകളെയാണ് ക്രൈസ്തവര്‍ വിശ്വസിക്കേണ്ടത്. അല്ലാത്തപക്ഷം സകലരും വഞ്ചിക്കപ്പെടും. സത്യവചനത്തെ ചവിട്ടിമെതിക്കാനും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും സാത്താന്‍ കടന്നുവരുന്നത് യേഹ്ശുവായുടെ രൂപത്തിലായിരിക്കും. അവിടുത്തെ വാക്കുകളില്‍നിന്നു നാം മനസ്സിലാക്കേണ്ടത് ഈ യാഥാര്‍ത്ഥ്യമാണ്. വ്യാജപ്രത്യക്ഷീകരണങ്ങള്‍ ഉണ്ടാകുമെന്നുതന്നെയാണ് അവിടുന്ന് പറഞ്ഞതിന്റെ അര്‍ത്ഥം. അതുകൊണ്ടാണല്ലോ അവിടുന്ന് മരുഭൂമിയിലുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവിടേക്ക് പുറപ്പെടരുതെന്നും അവിടുന്ന് മുറിക്കുള്ളിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയത്! കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുമെന്നും സാദ്ധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുമെന്നും അവിടുന്ന് മുന്നറിയിപ്പ് നല്‍കി! മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ട സമയത്തിനു മുന്‍പ് താന്‍ വരില്ല എന്ന പ്രഖ്യാപനവും അവിടുത്തെ വാക്കുകളില്‍നിന്നു നാം വായിച്ചെടുക്കണം! യേഹ്ശുവാ വരുന്നത് മുന്‍കൂട്ടി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സമയത്തുമാത്രമാണ്!

യേഹ്ശുവായുടെ പുനരാഗമനത്തെക്കുറിച്ച് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അനേകം വെളിപ്പെടുത്തലുകളില്‍ ഒന്നിതാണ്: “അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). നിയമങ്ങള്‍ മാറ്റിമറിക്കാനോ താന്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ തിരുത്തിപ്പറയാനോ അല്ല അവിടുന്ന് വരുന്നത്; മറിച്ച്, തന്റെ പുനരാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനാണ്! എന്നാല്‍, അതിനുമുമ്പ് കള്ളക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ട് നിയമങ്ങളിലും പ്രവചനങ്ങളിലും തിരുത്തലുകള്‍ വരുത്തും! അതുകൊണ്ടുതന്നെ, ഇക്കാര്യങ്ങളെല്ലാം അവിടുന്ന് മുന്‍കൂട്ടി പറഞ്ഞിരിക്കുന്നു. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സമയത്തിനു മുന്‍പ് യേഹ്ശുവാ വരില്ലെന്നു മാത്രമല്ല, സ്വര്‍ഗ്ഗത്തിലോ പറുദീസായിലോ ഉള്ള ആരെയും അവിടുന്ന് അയയ്ക്കുകയുമില്ല! യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പ് മൂന്നരവര്‍ഷം പ്രവര്‍ത്തിക്കുന്നതിനായി മോശയെയും യേലിയാഹിനെയും അവിടുന്ന് അയയ്ക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞിട്ടുള്ളത് നമുക്കറിയാം. അവരല്ലാതെ, സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍പോലും അയയ്ക്കപ്പെടില്ല! അതുകൊണ്ടുതന്നെ, ഫാത്തിമയിലും ലൂര്‍ദ്ദിലുമൊക്കെ പ്രത്യക്ഷപ്പെട്ട സ്ത്രീ കന്യകാമറിയം അല്ലെന്നു വ്യക്തം! എന്നാല്‍, ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില പ്രത്യക്ഷീകരണ സംഭവങ്ങള്‍ പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ചില പ്രത്യക്ഷീകരണങ്ങളുടെ നിജസ്ഥിതിയാണ് ഇനി നാം പരിശോധിക്കാന്‍ പോകുന്നത്.

പൗലോസിന്റെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നു ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവന്‍ യാക്കൊബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പസ്തോലന്മാര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്ഷനായി”(1 കോറി: 15; 4-8). യേഹ്ശുവാ തനിക്ക് പ്രത്യക്ഷനായി എന്നാണ് പൗലോസ് ഇവിടെ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍, ഇത് അദൃശ്യസാന്നിദ്ധ്യത്തോടെയുള്ള പ്രത്യക്ഷീകരണമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന വിവരണം അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. ഈ വിവരണം ശ്രദ്ധിക്കുക: “അവന്‍ യാത്രചെയ്ത് ദമാസ്‌ക്കസിനെ സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തില്‍നിന്ന് ഒരു മിന്നലൊളി അവന്റെമേല്‍ പതിച്ചു. അവന്‍ നിലംപതിച്ചു; ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതും കേട്ടു: ശൗവുൽ, ശൗവുൽ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? അവന്‍ ചോദിച്ചു: നാഥാ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേഹ്ശുവായാണു ഞാന്‍. എഴുന്നേറ്റു നഗരത്തിലേക്കു പോവുക. നീ എന്താണു ചെയ്യേണ്ടതെന്ന് അവിടെവച്ച് നിന്നെ അറിയിക്കും. അവനോടൊപ്പം യാത്രചെയ്തിരുന്നവര്‍ സ്വരം കേട്ടെങ്കിലും ആരെയും കാണായ്കയാല്‍ സ്തബ്ധരായി നിന്നുപോയി”(അപ്പ. പ്രവര്‍ത്തനങ്ങള്‍: 9; 3-7). ഈ സംഭവമാണ് കോറിന്തോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് സാക്ഷ്യപ്പെടുത്തിയത്. കൂട്ടത്തിലുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തിലുള്ള പ്രത്യക്ഷീകരണം എന്നത് ആത്മീയദര്‍ശനം മാത്രമാണ്; ശരീരത്തോടെയുള്ള സാന്നിദ്ധ്യമല്ല! സമാനമായ രീതിയില്‍ മറ്റു ചിലര്‍ക്കുകൂടി യേഹ്ശുവാ അവിടുത്തെ സാന്നിദ്ധ്യം നല്‍കിയിട്ടുണ്ട്.

അനനിയാസ് എന്ന ശിഷ്യന് യേഹ്ശുവാ പ്രത്യക്ഷപ്പെട്ട സംഭവം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അനനിയാസ് എന്നു പേരായ ഒരു ശിഷ്യന്‍ ദമാസ്‌ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ യേഹ്ശുവാ അവനെ വിളിച്ചു: അനനിയാസ്; അവന്‍ വിളികേട്ടു: നാഥാ, ഇതാ ഞാന്‍! യേഹ്ശുവാ അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്‍ച്ചെന്ന് യെഹൂദാസിന്റെ ഭവനത്തില്‍ താര്‍സോസുകാരനായ ശൗവുലിനെ അന്വേഷിക്കുക. അവന്‍ ഇതാ, പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്റെമേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു”(അപ്പ. പ്രവര്‍: 9; 10-12). അനനിയാസിനോട് യേഹ്ശുവാ സംസാരിച്ചത് ദര്‍ശനത്തിലായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, ശൗവുലിനു ലഭിച്ചതും ദര്‍ശനമായിരുന്നുവെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇത്തരം ദര്‍ശനങ്ങള്‍ ലഭിക്കുന്നത് വ്യക്തിപരമായി മാത്രമായിരിക്കും. സമീപത്തു നില്‍ക്കുന്ന ആര്‍ക്കും അത് ദര്‍ശിക്കാന്‍ കഴിയില്ല. തികച്ചും വ്യക്തിപരമായ ഇത്തരം ദര്‍ശനങ്ങളില്‍, സമൂഹത്തോട് പ്രഖ്യാപിക്കേണ്ട സന്ദേശങ്ങളൊന്നും നല്‍കപ്പെടുകയുമില്ല. അതായത്, മാനവരാശി പൊതുവായി അറിയേണ്ട കാര്യങ്ങളെല്ലാം പ്രവാചകന്മാരും യേഹ്ശുവായും പ്രഖ്യാപിച്ചു കഴിഞ്ഞു. യേഹ്ശുവാ തുല്യംചാര്‍ത്തിയ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ, അതില്‍നിന്ന് എന്തെങ്കിലും എടുത്തുമാറ്റുകയോ ചെയ്യാതിരിക്കേണ്ടതിനുവേണ്ടിയാണ് അത്! ഈ യാഥാര്‍ത്ഥ്യം എല്ലാ ക്രൈസ്തവരും പൂര്‍ണ്ണ ഗൗരവത്തോടെ അറിഞ്ഞിരിക്കണം!

അനനിയാസ് ശൗവുലിനോട്‌ പറയുന്നതുകൂടി ശ്രദ്ധിക്കുക: “അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെമേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ ശൗവുൽ, മാര്‍ഗ്ഗമദ്ധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട രക്ഷകനായ യേഹ്ശുവാ, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു”(അപ്പ. പ്രവര്‍: 9; 17). മാര്‍ഗ്ഗമദ്ധ്യേ പ്രത്യക്ഷപ്പെട്ട യേഹ്ശുവാ എന്നാണ് ഇവിടെ പറയുന്നത്. എന്നാല്‍, ആ പ്രത്യക്ഷപ്പെടല്‍ ദര്‍ശനത്തിലായിരുന്നുവെന്ന് പന്ത്രണ്ടാം വാക്യത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൊര്‍ണേലിയൂസിന് ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടത് എപ്രകാരമായിരുന്നുവെന്ന് നോക്കുക: “ഒരു ദിവസം ഏതാണ്ട് ഒമ്പതാംമണിക്കൂറില്‍ കൊര്‍ണേലിയൂസ് എന്നു വിളിച്ചുകൊണ്ടു ഒരു ദൈവദൂതന്‍ ആഗതനാകുന്നത് ഒരു ദര്‍ശനത്തില്‍ അവന്‍ വ്യക്തമായിക്കണ്ടു”(അപ്പ. പ്രവര്‍: 10; 3). ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടതും ദര്‍ശനത്തിലായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. സ്തേഫാനോസിന്റെ മരണസമയത്ത് അവനു ലഭിച്ച സ്വര്‍ഗ്ഗീയ ദര്‍ശനവും ഇപ്രകാരംതന്നെയായിരുന്നു. കൂടിനിന്നവരില്‍ ആര്‍ക്കും അത് കാണാന്‍ കഴിഞ്ഞില്ല. ഈ വിവരണം ശ്രദ്ധിക്കുക: “എന്നാല്‍, അവന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗ്ഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേഹ്ശുവാ നില്‍ക്കുന്നതും കണ്ടു. അവന്‍ പറഞ്ഞു: ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തുഭാഗത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു”(അപ്പ. പ്രവര്‍: 7; 55, 56). വ്യക്തിപരമായി ഒരുവനു ലഭിക്കുന്ന ദര്‍ശനം അവനു മാത്രമുള്ളതാണ്. രക്തസാക്ഷിത്വം വഹിക്കുന്ന സ്തേഫാനോസിനെ ശക്തിപ്പെടുത്തുന്നതിനാണ് ഇങ്ങനെയൊരു ദര്‍ശനം അവനു നല്‍കപ്പെട്ടത്‌. സ്വര്‍ഗ്ഗത്തെക്കുറിച്ച് സ്തേഫാനോസിന്റെ ധാരണയെ തിരുത്തുന്നതായ ദര്‍ശനങ്ങള്‍ അവനു നല്കപ്പെടില്ലെന്നു മാത്രമല്ല, മര്‍ത്യശരീരത്തില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആര്‍ക്കും സ്വര്‍ഗ്ഗരാജ്യം ദര്‍ശിക്കാന്‍ കഴിയില്ല!

പിതാവിനെയും പുത്രനെയും വേറിട്ടവരായി കാണാന്‍ ആര്‍ക്കും കഴിയില്ലെന്ന വസ്തുതയും ഇവിടെ ചേര്‍ത്തുവച്ചു മനസ്സിലാക്കണം. അതുപോലെതന്നെ, സ്വര്‍ഗ്ഗീയ ദര്‍ശനങ്ങള്‍ ലഭിച്ചതായി അവകാശപ്പെടുന്ന വ്യക്തികള്‍ക്കെല്ലാം സമാനമായ അനുഭവമല്ല പങ്കുവയ്ക്കാനുള്ളത്. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള തങ്ങളുടെ അറിവിന്റെ തലത്തില്‍ മാത്രമാണ് ഓരോരുത്തരും ദര്‍ശനങ്ങള്‍ കാണുന്നതെന്ന് അതില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കും. സ്വര്‍ഗ്ഗത്തിലെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നത് ഭൂമിയിലെ മനുഷ്യരിലാര്‍ക്കും ദൈവം വെളിപ്പെടുത്തികൊടുത്തിട്ടില്ല എന്നതാണ് സത്യം. യേഹ്ശുവായോടൊപ്പം നിഴല്‍പ്പോലെ നടന്നിരുന്ന അപ്പസ്തോലന്മാര്‍ക്കുപോലും സ്വര്‍ഗ്ഗത്തിലെ യഥാര്‍ത്ഥ അവസ്ഥ അവിടുന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വര്‍ഗ്ഗത്തിലെ അവസ്ഥയോട്‌ തുലനം ചെയ്യാവുന്നതൊന്നും ഭൂമിയില്‍ ഇല്ലെന്നതും, മനുഷ്യന്റെ ഭാവനയുടെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല സ്വര്‍ഗ്ഗത്തിലെ അവസ്ഥ എന്നതുകൊണ്ടുമാണ് മനുഷ്യര്‍ക്ക് അത് വെളിപ്പെടുത്താത്തത്! ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ടതായ പ്രധാനകാര്യം, ഓരോ ദര്‍ശനങ്ങളും വ്യക്തിപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ളതായിരുന്നുവെന്നതാണ്‌. സമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ടതായ ആത്മീയ നിര്‍ദ്ദേശങ്ങളൊന്നും ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയിട്ടില്ല. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാത്തവരാണ് ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും പിന്നാലെപോയി വഞ്ചിക്കപ്പെടുന്നതും മറ്റുള്ളവര്‍ക്ക് ലഭിച്ചതായി പറയപ്പെടുന്ന ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും പ്രചാരകരായി നിലകൊള്ളൂന്നതും! മറ്റുള്ളവര്‍ക്ക് ലഭിച്ച സ്വകാര്യ വെളിപാടുകളുടെ പ്രചാരകരാകാന്‍ വിളിക്കപ്പെട്ടവരല്ല നാം. യേഹ്ശുവായുടെ വചനം പ്രഘോഷിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്!

യേഹ്ശുവാ നമ്മോടു കല്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍”(മത്താ: 28; 20). നമുക്ക് ലഭിക്കുന്നതോ മറ്റുള്ളവര്‍ക്ക് ലഭിച്ചുവെന്ന് പറയപ്പെടുന്നതോ ആയ വെളിപാടുകളല്ല നാം ജനതകളെ പഠിപ്പിക്കേണ്ടത്; മറിച്ച്, യേഹ്ശുവാ കല്പിച്ചത് മാത്രമാണ്! മരിച്ചവരെ ഭൂമിയിലേക്ക് തിരിച്ചയച്ച് ജനതകളെ ബോദ്ധ്യപ്പെടുത്തുകയെന്നതും ദൈവത്തിന്റെ പദ്ധതിയിലില്ല! ലാസറിന്റെയും ധനവാന്റെയും ഉപമയിലൂടെ ഇക്കാര്യം യേഹ്ശുവാ വ്യക്തമാക്കിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന മനുഷ്യരെയാണ് അവിടുന്ന് തന്റെ ശുശ്രൂഷ ഭരമേല്പിച്ചത്! സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെ അയച്ച് ഒരു നിമിഷംകൊണ്ട് ഭൂവാസികളെ മുഴുവന്‍ സുവിശേഷം അറിയിക്കാന്‍ യേഹ്ശുവായ്ക്ക് സാധിക്കാത്തതുകൊണ്ടാണ് മനുഷ്യരെ ഈ ശുശ്രൂഷ ഏല്പിച്ചതെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പ്രവാചകന്മാരുടെയും യേഹ്ശുവായുടെയും വചനങ്ങളെ വിശ്വസിക്കാത്തവര്‍, സ്വര്‍ഗ്ഗത്തില്‍നിന്ന് ആരെങ്കിലും വന്നു പറഞ്ഞാലോ മരിച്ചവരില്‍ ആരെങ്കിലും വന്നു പറഞ്ഞാലോ വിശ്വസിക്കില്ല! ഇത് പറഞ്ഞത് യേഹ്ശുവായാണ്! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോദ്ധ്യമാവുകയില്ല”(ലൂക്കാ: 16; 31). യേഹ്ശുവായുടെ ഈ വാക്കുകള്‍ക്ക് ഇന്നും പ്രാബല്യമുണ്ട്!

വ്യാജ പ്രത്യക്ഷീകരണങ്ങളെ വിവേചിക്കുക!

1993 -ല്‍ ഇറങ്ങിയ മിഥുനം എന്ന മലയാളസിനിമയില്‍ ഫാത്തിമാസന്ദേശത്തെ ഹാസ്യാത്മകമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയ്ക്ക് തിരക്കഥ എഴുതിയ ശ്രീനിവാസന്‍ മനസ്സില്‍ കണ്ടത് ഫാത്തിമാസന്ദേശത്തിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ദുരൂഹതകള്‍ നിറഞ്ഞ കിംവദന്തികള്‍ ആയിരിക്കാനുള്ള സാദ്ധ്യത കുറവാണ്! എന്നാല്‍, ഫാത്തിമയുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട നിറംപിടിപ്പിച്ച നുണക്കഥകള്‍ കേട്ടിട്ടുള്ള ഒരു വ്യക്തിയാണ് മിഥുനം എന്ന സിനിമ കാണുന്നതെങ്കില്‍, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ചിലരെ ഓര്‍മ്മവരും എന്നതാണ് യാഥാര്‍ത്ഥ്യം! ഈ സിനിമയില്‍ നെടുമുടിവേണു അവതരിപ്പിക്കുന്നത് ചെര്‍ക്കളം സ്വാമി എന്ന ഒരു മന്ത്രവാദിയെയാണ്. കൂടോത്രം ഒഴിപ്പിക്കാന്‍ മന്ത്രവാദി നടത്തുന്ന പൂജയുടെ രംഗം ഒരുവട്ടമെങ്കിലും കാണാത്ത മലയാളികള്‍ ഉണ്ടാകില്ല! ജഗതിശ്രീകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് മന്ത്രവാദിയെ നിയോഗിക്കുന്നതെങ്കില്‍, ഇന്നസന്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ലക്ഷ്യമിടുന്നത്. ചെര്‍ക്കളം സ്വാമിയുടെ കയ്യിലിരിക്കുന്ന തേങ്ങാ എറിഞ്ഞുപൊട്ടിക്കുമ്പോള്‍, അത് പൊട്ടിച്ചിതറുന്നതുപോലെ കൂടോത്രം വച്ചവന്റെ തല പൊട്ടിത്തകരും എന്നാണ് മന്ത്രവാദി പറയുന്നത്. ഇന്നസന്റിന്റെ തല പൊട്ടിത്തകരുന്നതു കാണാന്‍ ജഗതി തിടുക്കംകൂട്ടുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് മലയാളികള്‍ക്കെല്ലാം അറിയാം.

ചെര്‍ക്കളം സ്വാമിയുടെ കയ്യിലിരുന്ന തെങ്ങാപോലെ ഒന്നായിരുന്നു മരിയന്‍ പ്രസ്ഥാനക്കാര്‍ ദുരൂഹമാക്കിവച്ചിരുന്ന ഫാത്തിമയിലെ കത്ത്! ലൂസി, ജെസീന്താ, ഫ്രാന്‍സീസ് എന്നിവര്‍ക്ക് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ നല്‍കിയതെന്ന് അവകാശപ്പെടുന്ന കത്തിനെക്കുറിച്ച് ഭീതി പരത്തിയ ഒരു കാലമുണ്ടായിരുന്നു. ആ കത്ത് പൊട്ടിക്കുന്നതോടെ ലോകം അവസാനിക്കുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഈ വര്‍ഷം പൊട്ടിക്കും അടുത്തവര്‍ഷം പൊട്ടിക്കും എന്നൊക്കെ ഓരോ കാലത്തും പ്രചരണങ്ങളുണ്ടായി. ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തില്‍ മാത്രമായിരുന്നില്ല ഈ പ്രചരണം നടന്നത്. 83 വര്‍ഷം ദുര്‍ബ്ബല വിശ്വാസികളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയതിനുശേഷം ചെര്‍ക്കളം സ്വാമി ആ കത്ത് പൊട്ടിച്ചു! മിഥുനം സിനിമയില്‍ തേങ്ങാ ഉടച്ചപ്പോള്‍ എന്ത് സംഭവിച്ചുവോ, അതുതന്നെയാണ് പാത്തുമ്മയുടെ മൂന്നാം കത്ത് പൊട്ടിച്ചപ്പോഴും സംഭവിച്ചത്! കത്ത് പൊട്ടിച്ചാല്‍ ലോകം അവസാനിക്കുമെന്ന് വിശ്വസിച്ചിരുന്ന അനേകര്‍ ആ കത്ത് പൊട്ടിക്കുന്നതിനുമുമ്പ് ഇഹലോകവാസം വെടിഞ്ഞതിലൂടെ അവരുടെ ലോകം അവസാനിച്ചു. ഈ വര്‍ഷം കത്ത് പൊട്ടിക്കുമെന്നും അതോടെ ലോകം അവസാനിക്കുമെന്നും വിശ്വസിച്ച്, വിത്തിനിട്ടിരുന്ന ചേനപോലും പുഴുങ്ങിത്തിന്ന ഒരു പൂര്‍വ്വപിതാവിന്റെ മൂന്നാം തലമുറയില്‍നിന്നുകൊണ്ടാണ് മനോവ ഇതു പറയുന്നത്! സമാനാനുഭവം പങ്കുവയ്ക്കാന്‍ സാധിക്കുന്ന അനേകര്‍ ഇന്ന് കത്തോലിക്കാസഭയിലുണ്ട് എന്നത് ഒരു വസ്തുതയാണ്.

മൂന്നാമത്തെ കത്ത് പൊട്ടിച്ചാല്‍ മൂന്നുദിവസം ഇരുട്ട്; ഭൂകമ്പങ്ങള്‍; മഹാമാരികള്‍; ലോകാവസാനം! ഇതൊക്കെയായിരുന്നു ഇല്ല്യുമിനാറ്റി-മരിയന്‍ പ്രസ്ഥാനങ്ങളുടെ പ്രചരണം! മൂന്നുദിവസത്തെ ഇരുട്ടിനെ അതിജീവിക്കാന്‍ മെഴുകുതിരികള്‍ വാങ്ങി വെഞ്ചരിച്ചു സൂക്ഷിക്കണമെന്ന് ദുര്‍ബ്ബല വിശ്വാസികളെ അവര്‍ നിര്‍ബ്ബന്ധിച്ചു. ഏഴു പതിറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു ഇതെന്നു നാം ചിന്തിക്കണം. രണ്ടാംലോക മഹായുദ്ധാനന്തരം ലോകം മുഴുവന്‍ വറുതിയില്‍ പൊറുതിമുട്ടുന്ന ആ കാലത്ത് കേരളത്തിലെ ജനങ്ങള്‍ ചാമക്കഞ്ഞി കുടിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ദാരിദ്ര്യംമൂലം മദ്ധ്യതിരുവിതാംകൂറില്‍നിന്നു ജനങ്ങള്‍ മലബാറിലെ മലമ്പ്രദേശങ്ങളിലേക്ക് കുടിയേറിയതും ഇക്കാലത്താണ്. മെഴുകുതിരിപോലും അക്കാലത്ത് അത്ര സുലഭമായിരുന്നില്ല. എന്നിട്ടും ദുര്‍ബ്ബല വിശ്വാസികള്‍ അരമുറുക്കിയുടുത്ത് മെഴുകിതിരികള്‍ വാങ്ങിക്കൂട്ടി! കാരണം, വെഞ്ചരിച്ച മെഴുകുതിരികളില്ലാത്ത ഭവനങ്ങള്‍ ഇരുട്ടിലായിരിക്കുമെന്ന് മരിയന്‍ പ്രസ്ഥാനങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു! ഇന്നത്തെ തലമുറയില്‍പ്പെട്ടവര്‍ക്ക് മെഴുകുതിരി വാങ്ങാനുള്ള പണമില്ലാത്ത അവസ്ഥയെക്കുറിച്ചു പറയുമ്പോള്‍ അതിശയോക്തിപരമായി തോന്നിയേക്കാം. എന്നാല്‍, അന്നത്തെ തലമുറയുടെ ശേഷിപ്പ് ഇന്നും കേരളത്തില്‍ ഉള്ളതുകൊണ്ട് മനോവയുടെ ഈ വാക്കുകള്‍ അതിശയോക്തിപരമാണെന്ന് അവര്‍ പറയില്ല!

കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ എക്കാലത്തും മുന്നിട്ടുനിന്ന കൂട്ടരാണ് മരിയന്‍ പ്രസ്ഥാനക്കാര്‍! ദുരൂഹതകള്‍ നിറഞ്ഞ അനേകം കെട്ടുകഥകള്‍ ഇവര്‍ ഓരോകാലത്തും പ്രചരിപ്പിച്ചിട്ടുണ്ട്. ദുര്‍ബ്ബല വിശ്വാസികളെ ഭയത്തില്‍ കെട്ടിയിടാന്‍ ഇവര്‍ തങ്ങളുടെ വിവേകരഹിതമായ ചിന്തകളില്‍നിന്നു രൂപപ്പെട്ട ആശയങ്ങളും ദുഃസ്വപ്നങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിപ്പിച്ചു. ലൂസിയുടെ കത്തുകളും വ്യാജപ്രത്യക്ഷീകരണങ്ങളുമെല്ലാം അതിന്റെ ഭാഗമായിരുന്നു. മരിയന്‍ പ്രസ്ഥാനക്കാരുടെ അടിസ്ഥാനപ്രശ്നം വചനം അറിയില്ലയെന്നതാണ്! വചനം അറിയാത്തതുകൊണ്ടുതന്നെ യേഹ്ശുവായെയും ഇവര്‍ക്കറിയില്ല! അതുകൊണ്ടാണ് ആത്മരക്ഷയ്ക്കായി പുത്തന്‍ ആശയങ്ങള്‍ അന്വേഷിക്കുന്നതും അപകടകരമായ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും! ക്രിസ്തുകേന്ദ്രീകൃതമായിരിക്കേണ്ട സഭയെ മരിയന്‍കേന്ദ്രീകൃത ഭാവത്തിലേക്കു രൂപാന്തരപ്പെടുത്തിയത് ആരാണെന്ന് അന്വേഷിച്ചാല്‍ സഭയുടെ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാന്‍ കഴിയും! മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് എല്ലാ വചനവിരുദ്ധ ആശയങ്ങളും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. വചനസത്യങ്ങളെയും യേഹ്ശുവായുടെ മുന്നറിയിപ്പുകളെയും പരസ്യമായി നിഷേധിക്കുന്ന ഇക്കൂട്ടരെ ക്രിസ്തീയതയുടെ ഭാഗമായി കരുതാന്‍ സാധിക്കുന്നതെങ്ങനെയാണ്? ഇവിടെയാണ്‌ ലൂസിയുടെ മൂന്ന് കത്തുകളില്‍ ഉള്ളടങ്ങിയിരിക്കുന്ന വചനവിരുദ്ധതയും പൈശാചികതയും ചര്‍ച്ചചെയ്യപ്പെടേണ്ടത്!

ഒന്നാംലോകമഹായുദ്ധം ആരംഭിച്ചതും ഫാത്തിമാബീവിയുടെ പ്രത്യക്ഷീകരണവും ഒരേ കാലത്തുതന്നെയായിരുന്നുവെന്നത് ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കണം. കത്തോലിക്കാസഭയുടെ പോപ്പായി തങ്ങളുടെ പ്രതിനിധിയെ പ്രതിഷ്ഠിക്കാന്‍ ഇല്ല്യുമിനാറ്റികള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു ഒന്നാംലോകമഹായുദ്ധം! യൂറോപ്പിലെ രാജഭരണം അവസാനിപ്പിച്ചാലല്ലാതെ, തങ്ങളുടെ ലക്‌ഷ്യം സാക്ഷാത്ക്കരിക്കപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യം ഇല്ല്യുമിനാറ്റികള്‍ തിരിച്ചറിഞ്ഞതോടെയാണ് യൂറോപ്പിനെതിരേ യുദ്ധത്തിന് ഇല്ല്യുമിനാറ്റികള്‍ കോപ്പുകൂട്ടിയത്. പോപ്പിന്റെ സ്ഥാനത്ത് ഇല്ല്യുമിനാറ്റികളുടെ തലവനെ പ്രതിഷ്ഠിക്കുവാനുള്ള ശ്രമത്തെ വീറ്റോ അധികാരത്തിലൂടെ തടഞ്ഞ ഓസ്ട്രിയന്‍ എമ്പറര്‍ ജോസഫ് ഫ്രാന്‍സിനോടുള്ള പ്രതികാരമാണ് യൂറോപ്പിനെ പൂര്‍ണ്ണമായും, ലോകത്തെ ഭാഗികമായും ഗ്രസിച്ച യുദ്ധമായി പരിണമിച്ചത്. ജോസഫ് ഫ്രാന്‍സിന്റെ മരുമകനും കിരീടാവകാശിയുമായിരുന്ന ആര്‍ച്ച് ഡ്യൂക്ക് ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍‌ഡിനെയും ഭാര്യയെയും ഇല്ല്യുമിനാറ്റികള്‍ നിയോഗിച്ച വാടകക്കൊലയാളി വധിച്ചു. ഈ വധത്തോടെയാണ്‌ മൂന്നാംലോകമഹായുദ്ധം ആരംഭിച്ചത്. ആര്‍ച്ച് ഡ്യൂക്കും ഭാര്യയും വധിക്കപ്പെട്ടത് 1914 ജൂണ്‍ എട്ടിനായിരുന്നു. 1914 നും 1918 നുമിടയില്‍ യൂറോപ്പിനെ ആകമാനം ഗ്രസിച്ച ഒന്നാംലോകമഹായുദ്ധം നടക്കുകയും യുദ്ധാനന്തരം യൂറോപ്പില്‍ രാജഭരണം അവസാനിക്കുകയും ചെയ്തു. കത്തോലിക്കാസഭയുടെ നിയന്ത്രണം ഇല്ല്യുമിനാറ്റികള്‍ ഏറ്റെടുത്തത് അതിനുശേഷമാണ്! യുദ്ധത്തിലൂടെ സാത്താന്യശക്തികള്‍ ലക്ഷ്യമിട്ടതും അതുതന്നെയായിരുന്നു! യുദ്ധത്തിന്റെ പൂര്‍ണ്ണമായ വിവരണത്തിനു മുതിരാതെ വിഷയത്തിലേക്കു കടക്കാം.   

ഒന്നാംലോകമഹായുദ്ധം അവസാനിച്ചത് 1918 -ല്‍ ആണെങ്കില്‍, ഫാത്തിമാപ്രത്യക്ഷീകരണം സംഭവിച്ചത് 1917 മേയ് പതിമൂന്നിനാണ്! 1917 മെയ് 13 മുതല്‍ ഒക്‌ടോബര്‍ 13 വരെ ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ഫാത്തിമാമാതാവ്, വിശ്വാസികള്‍ക്കായി നല്‍കിയ പൊതുസന്ദേശങ്ങള്‍ക്കു പുറമെ 1917 ജൂലൈ 13 ന് ലൂസിക്കു മൂന്ന് രഹസ്യസന്ദേശങ്ങള്‍ കൈമാറി എന്നാണ് പ്രത്യക്ഷീകരണത്തെക്കുറിച്ച് അതിന്റെ പ്രചാരകര്‍ പറയുന്നത്. ഈ മൂന്നു രഹസ്യസന്ദേശങ്ങളും രഹസ്യമായിത്തന്നെ ലൂസി സൂക്ഷിച്ചുവെങ്കിലും രണ്ടു രഹസ്യങ്ങള്‍ 1941 -ല്‍ പരസ്യമാക്കി! അവശേഷിച്ച ഒരു രഹസ്യത്തെക്കുറിച്ചാണ് ഭീതിജനകമായ കഥകളും ഉപകഥകളും കിംവദന്തികളും പ്രചരിപ്പിക്കപ്പെട്ടത്. നാസ്തികവാദികളായ കമ്മ്യൂണിസ്റ്റ്കാരും ക്രൈസ്തവരും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ചാണ് ഫാത്തിമായിലെ ദര്‍ശനമെന്ന് ലൂസി പറഞ്ഞിട്ടുണ്ടെങ്കിലും രഹസ്യമാക്കിവച്ച കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയില്ല. എന്നാല്‍, മൂന്നാംരഹസ്യം വെളിപ്പെടുത്തുന്നതുവരെ ലൂസിയുടെതായി പ്രചരിപ്പിക്കപ്പെടുന്ന ആഹ്വാനങ്ങളായിരുന്നു കത്തോലിക്കാസഭയിലെ മരിയഭക്തര്‍ തങ്ങളുടെ ജീവിതചര്യയായി സ്വീകരിച്ചിരുന്നത്. റഷ്യക്കെതിരേ ജപമാലയുദ്ധം പ്രഖ്യാപിച്ചതും ലൂസിയുടെ ആഹ്വാനപ്രകാരമായിരുന്നു. റഷ്യക്കെതിരേ നടത്തിയ യുദ്ധപ്രഖ്യാപനത്തിനു മുന്‍പ് മറ്റൊരു രാജ്യം ലൂസിയുടെ ആഹ്വാനപ്രകാരം തകര്‍ക്കപ്പെട്ടിട്ടുണ്ട്. ആ രാജ്യം ഇറ്റലിയാണ്! ആയതിനാല്‍, റഷ്യയെ തകര്‍ക്കുന്നതിനു മുന്‍പുതന്നെ ഫാത്തിമാബീവി തകര്‍ത്ത ഇറ്റലിയെക്കുറിച്ചാണ് ആദ്യം നാം പരിശോധിക്കേണ്ടത്!

1959 ആയപ്പോള്‍ കത്തിലെ രഹസ്യമറിയുവാന്‍ ലോകത്തെമ്പോടുമുള്ള ഫാത്തിമാഭക്തര്‍ ആഗ്രഹിച്ചു. ലൂസിയുടെ ആഹ്വാനപ്രകാരം മറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തി നാടെങ്ങും പ്രചരിച്ചു. 1959 സെപ്റ്റംബര്‍ 13 ന് ഇറ്റലിയിലെ മെത്രാന്മാര്‍ ഒന്നു ചേര്‍ന്ന് ഇറ്റലിയെ ഫാത്തിമാമാതാവിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചു. അതോടെ ഇറ്റലിയുടെ ആദ്ധ്യാത്മിക അധഃപതനത്തിനു തുടക്കമായി എന്നതാണു യാഥാര്‍ത്ഥ്യം! ഇറ്റലിയില്‍ കമ്മ്യൂണിസ്റ്റുകള്‍ ആധിപത്യം നേടിയതും ഇറ്റലിയുടെ മനസ്സ് ഇടത്തോട്ടു ചാഞ്ഞതും വിമലഹൃദയ പ്രതിഷ്ഠയ്ക്കുശേഷമായിരുന്നു. ചരിത്രത്തിലൂടെ പിന്നോട്ടു സഞ്ചരിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും! ക്രിസ്തീയമൂല്യങ്ങളില്‍ അടിയുറച്ചതായിരുന്നു അന്നുവരെ ഇറ്റലിയിലെ സാമൂഹ്യവ്യവസ്ഥയും കുടുംബജീവിതങ്ങളും. കമ്മ്യൂണിസത്തിന് എതിരാണ് ഫാത്തിമാദര്‍ശനം എന്ന് ലൂസി പറഞ്ഞത് പച്ചക്കള്ളമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പിന്നീടു നടന്ന ഓരോ സംഭവങ്ങളും! 1959 -ന് മുന്‍പത്തെ ഇറ്റലിയെയും അതിനുശേഷം ഇന്നുവരെ എത്തിനില്‍ക്കുന്ന ഇറ്റലിയെയും ആത്മീയതയുടെ കണ്ണുകള്‍ക്കൊണ്ടു നോക്കിക്കാണുകയും ഹൃദയപരമാര്‍ത്ഥതയോടെ പരിശോധിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ വിമലഹൃദയ പ്രതിഷ്ഠയുടെ പൈശാചികത തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. എന്നാല്‍, ഈ സത്യം തിരിച്ചറിഞ്ഞാല്‍പ്പോലും അത് തുറന്നുപറയാന്‍ ഭയപ്പെടുന്നവരാണ് അധികവും. എന്തെന്നാല്‍, സത്യം പറയുന്നവരെ സഭാവിരുദ്ധരായി മുദ്രകുത്തുന്ന രീതി കത്തോലിക്കാസഭയിലെ ഇല്ല്യുമിനാറ്റികള്‍ക്കുണ്ട്. കത്തോലിക്കാസഭയില്‍ ഇല്ല്യുമിനാറ്റികള്‍ നടപ്പാക്കുന്ന വചനവിരുദ്ധമായ പരിഷ്ക്കാരങ്ങളെ ചോദ്യംചെയ്യുന്നവരെ ഇവര്‍ സഭാവിരുദ്ധരും പാഷാണ്ഡികളുമായി മുദ്രകുത്തുന്നു. സത്യം പറയുന്നതില്‍നിന്നു വിശ്വാസികളെ പിന്തിരിപ്പിക്കുന്നത് ഇങ്ങനെയാണ്!

ഫാത്തിമാബീവിയുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടതോടെ ഇറ്റലി എന്ന രാജ്യം ക്രിസ്തീയതയില്‍നിന്നു ബഹുദൂരം അകന്നുപോകുകയും സകലവിധ മ്ലേച്ഛതകളും രാജ്യത്ത് സ്ഥാനംപിടിക്കുകയും ചെയ്തു. വിജാതിയര്‍ക്കും വിജാതിയതയ്ക്കും യൂറോപ്പിലേക്ക് കടക്കാനുള്ള ഇടനാഴിയായി ഇറ്റലി ഇന്ന് മാറി! റോമയുടെ തെരുവീഥികളില്‍ ഇന്ന് ഇസ്ലാംമതക്കാരെയല്ലാതെ മറ്റാരെയും കാണാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഫാത്തിമാബീവിക്ക് സമര്‍പ്പിക്കപ്പെട്ടതോടെ ഒരു കത്തോലിക്കാരാജ്യത്തിനു സംഭവിച്ച ഈ മാറ്റം മരിയഭക്തര്‍ അറിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം! ഫാത്തിമാബീവിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിഷ്ഠനടത്തിയ സകല ദേശങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. സോവ്യറ്റ് യൂണിയനെ ഫാത്തിമാബീവിക്ക് സമര്‍പ്പിച്ചതോടെ സംഭവിച്ചതെന്താണ്? സത്യാന്വേഷികള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ലൂസിയുടെ ഒന്നും രണ്ടും കത്തുകളിലൂടെ സോവ്യറ്റ് യൂണിയനെയും ഇറ്റലിയെയും പൈശാചികവത്ക്കരിച്ചു എന്നതാണ് ആ യാഥാര്‍ത്ഥ്യം! റഷ്യയെയും ഇറ്റലിയെയും തന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കണമെന്നാണ് ലൂസിക്ക് പ്രത്യക്ഷയായ സ്ത്രീ അവളോട്‌ ആവശ്യപ്പെട്ടത്. ഇങ്ങനെയൊരു ആവശ്യവുമായി പരിശുദ്ധ കന്യകാമറിയം ആരെയെങ്കിലും സമീപിക്കുമെന്ന് കന്യകാമറിയത്തെ അറിയാവുന്ന ആരും വിശ്വസിക്കില്ല! തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന വിധത്തില്‍ സംസാരിക്കുകയോ തന്റെ ഹൃദയത്തെ വിമലഹൃദയമെന്ന് പ്രഖ്യാപിക്കുകയോ ചെയ്യാന്‍ മാതാവ് തയ്യാറാകുമോ? കന്യകാമാതാവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “മറിയം പറഞ്ഞു: എന്റെ ആത്മാവ് യാഹ്‌വെയെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്”(ലൂക്കാ: 1; 46-49). കന്യകാമറിയത്തില്‍നിന്ന് ഒരിക്കലും അഹന്തയുടെ വാക്കുകള്‍ ആരും കേട്ടിട്ടില്ല! ദൈവത്തിന്റെ ദാസി എന്നാണ് തന്നെത്തന്നെ മാതാവ് വിശേഷിപ്പിച്ചത്. ഒരുകാര്യം അറിഞ്ഞിരിക്കുക! എന്തെന്നാല്‍, ലൂസിക്ക് പ്രത്യക്ഷപ്പെട്ടത് പരിശുദ്ധ കന്യകാമറിയം അല്ല; മറിച്ച്, ആ സ്ത്രീ മുഹമ്മദിന്റെ ഏകപുത്രിയായ ഫാത്തിമയാണ്!

സൗദി അറേബ്യ, ചൈന, വടക്കന്‍കൊറിയ, തെക്കന്‍കൊറിയ, ജപ്പാന്‍, ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, സൊമാലിയ, മൊറോക്കോ, തുര്‍ക്കി തുടങ്ങിയ നൂറുകണക്കിന് രാജ്യങ്ങള്‍ ഇന്നും ക്രിസ്ത്യാനികള്‍ക്ക് യാതൊരു സ്വാധീനവുമില്ലാത്തതായുണ്ട്. ഇവയില്‍ ഒരു രാജ്യത്തെപ്പോലും ഫാത്തിമാബീവിക്ക് വേണ്ട! ഫാത്തിമാബീവി ലക്ഷ്യംവയ്ക്കുന്നത് എന്താണെന്ന് ഇതിനിന്നു വ്യക്തമാണ്! ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന സമൂഹങ്ങളെയാണ് ഫാത്തിമാബീവി ലക്ഷ്യമിടുന്നത്. ക്രിസ്തീയതയിലൂന്നിയ കുടുംബജീവിതം നിലനിന്നിരുന്ന രാജ്യങ്ങളെയെല്ലാം ഫാത്തിമയുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചതിലൂടെ ആ രാജ്യങ്ങളെയും ഭക്തിരാഹിത്യത്തിലേക്ക് ബീവി നയിച്ചു. സ്റ്റാലിന്‍ എന്ന നരാധമന്‍ ഭരണം നടത്തിയിരുന്ന കാലത്ത് സോവ്യറ്റ് യൂണിയനെ ഫാത്തിമാബീവി കണ്ടില്ല. സ്റ്റാലിന്‍ ചത്തതിനുശേഷം കിഴക്കന്‍ യൂറോപ്പില്‍ വിശ്വാസസ്വാതന്ത്ര്യം പുനഃസ്ഥാപിക്കപ്പെട്ടതോടെയാണ് ഫാത്തിമാബീവിക്ക് റഷ്യയുടെ മാനസ്സാന്തരം അനിവാര്യമാണെന്നു മനസ്സിലായത്. നാശത്തിലേക്കുള്ള കൂപ്പുകുത്തലിനെയാണ് ഫാത്തിമാബീവി മാനസ്സാന്തരമായി പരിഗണിക്കുന്നതെന്നു വ്യക്തം!

ലൂസിയെ മുന്നില്‍നിര്‍ത്തി കിഴക്കന്‍ യൂറോപ്പിനെ പൈശാചികവത്ക്കരിച്ചതും കത്തോക്കാസഭയിലെ ഇല്ല്യുമിനാറ്റി-മരിയന്‍ പ്രസ്ഥാനങ്ങള്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ആയതിനാല്‍, പ്രത്യക്ഷീകരണങ്ങള്‍ക്കു പിന്നാലെ പോകുന്നവരെ കാത്തിരിക്കുന്നത് സര്‍വ്വനാശമാണെന്നു തിരിച്ചറിയുക! യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണംവരെ നടന്നിട്ടുള്ള വിശുദ്ധരുടെ പ്രത്യക്ഷീകരണങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കിലും, ഇപ്പോള്‍ നടക്കുന്ന പ്രത്യക്ഷീകരണങ്ങള്‍ വിശ്വസനീയങ്ങളായി പരിഗണിക്കാന്‍ കഴിയില്ല. വിശുദ്ധര്‍ ഇപ്പോള്‍ വസിക്കുന്നത് പറുദീസയിലായതുകൊണ്ടും, പറുദീസയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒരുവനെ ഭൂമിയിലേക്കോ പാതാളത്തിലേക്കോ അയയ്ക്കാന്‍ ദൈവം അനുവദിക്കില്ല എന്നതുകൊണ്ടുമാണ് ഇപ്പോള്‍ നടക്കുന്ന പ്രത്യക്ഷീകരണങ്ങള്‍ വിശ്വസിക്കാന്‍ പാടില്ലാത്തത്! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ(2 കോറി: 11; 14). ദൈവദൂതന്റെ വേഷത്തില്‍പ്പോലും പിശാചുക്കള്‍ പ്രത്യക്ഷനാകുമെങ്കില്‍ വിശുദ്ധരുടെ രൂപത്തില്‍ കടന്നുവരാനും അവനു സാധിക്കും. ഇക്കാരണത്താല്‍ത്തന്നെ, വിശുദ്ധരുടെ പ്രത്യക്ഷീകരണങ്ങളെ വിശ്വസത്തിലെടുക്കുന്നത് അപകടമായി പരിണമിക്കും! ഓരോ കാലഘട്ടങ്ങളിലും വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് ദൈവജനത്തെ വഴിതെറ്റിക്കുന്നതുപോലെതന്നെ, വ്യാജ പ്രത്യക്ഷീകരണങ്ങളും വ്യാജ ദര്‍ശനങ്ങളും സംഭവിക്കാറുണ്ട്. യിസ്രായേലില്‍ അനേകം വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്നത് നമുക്കറിയാം. അതുപോലെതന്നെ ഇക്കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു. വ്യാജത്തെ തിരിച്ചറിയാനുള്ള ജ്ഞാനം നേടിയിട്ടില്ലാത്തവര്‍ മുന്‍കാലങ്ങളിലേതുപോലെതന്നെ ഇന്നും വഴിതെറ്റിപ്പോകുന്നു! സത്യത്തില്‍നിന്നു വ്യതിചലിപ്പിക്കുകയെന്നതാണ് വ്യാജപ്രാവാചകന്മാരില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം. സത്യവചനത്തില്‍നിന്നു ദൈവജനത്തെ അകറ്റുന്നതിനുവേണ്ടി വ്യാജപ്രവാചകന്മാര്‍ ശ്രമിക്കുന്നത് ഈ ദൗത്യത്തിന്റെ ഭാഗമാണ്!

വ്യാജപ്രവാചകന്മാരെ തിരിച്ചറിയാനുള്ള അടയാളം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്”(നിയമം: 13; 1-3). ക്രിസ്തു വന്ന് സകലതും ക്രമീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതതോടെ മോശയിലൂടെ നല്‍കപ്പെട്ട ഈ ഉപദേശത്തിന്റെ പ്രസക്തി ഒന്നുകൂടി വര്‍ദ്ധിച്ചുവെന്നതാണ് സത്യം! ദൈവം നമുക്കു നല്‍കിയിരിക്കുന്ന നിയമങ്ങളില്‍നിന്നും ചട്ടങ്ങളില്‍നിന്നും നമ്മെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്ന ആരെയും നാം കേള്‍ക്കേണ്ടതില്ല. ഇത്തരം പ്രവചനങ്ങളും വ്യാഖ്യാനങ്ങളും ചെവിക്കൊള്ളരുതെന്നു മാത്രമല്ല, ഇക്കൂട്ടരെ ഭവനത്തില്‍ സ്വീകരിക്കുകയും അരുത്! ഇവര്‍ സമൂഹത്തില്‍നിന്ന്(സഭയില്‍നിന്ന്) വിച്ഛേദിക്കപ്പെടേണ്ടവരാണ്! പ്രത്യക്ഷീകരണങ്ങളിലെയും ദര്‍ശനങ്ങളിലെയും വെളിപാടുകളിലെയുമൊക്കെ വ്യാജങ്ങളെയും സത്യങ്ങളെയും വിവേചിക്കാന്‍ സ്വീകരിക്കേണ്ട മാനദണ്ഡവും ഇതുതന്നെ!

ഒരു പ്രത്യക്ഷീകരണത്തെക്കുറിച്ചു നാം കേട്ടാല്‍, അവിടെ ആ പ്രത്യക്ഷീകരണത്തിന്റെ അനിവാര്യത എന്താണെന്നു നാം മനസ്സിലാക്കിയിരിക്കണം. ഒരു സഭയുടെയോ സമൂഹത്തിന്റെയോ ഉന്നമനത്തിനും വിശ്വാസികളുടെ ആത്മരക്ഷയ്ക്കും ഈ പ്രത്യക്ഷീകരണം കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പ്രത്യക്ഷീകരണത്തിലൂടെ നല്‍കപ്പെടുന്ന സന്ദേശങ്ങളാണ് ഗൗരവത്തോടെ നാം വിവേചിക്കേണ്ടത്! ബൈബിളിലെ സത്യങ്ങള്‍ക്കു വിരുദ്ധമായ സന്ദേശങ്ങള്‍ നല്‍കുന്നതിനായി പരിശുദ്ധ കന്യകാമറിയാമോ വിശുദ്ധാരോ പ്രത്യക്ഷപ്പെടുകയില്ല എന്ന സാമാന്യബോധമെങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉണ്ടായിരിക്കണം. അതായത്, വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ആരെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍, അതിനുപിന്നില്‍ മറഞ്ഞിരിക്കുന്നത് പിശാചാണെന്നു മനസ്സിലാക്കിക്കൊള്ളുക! അപകടകരമായ ആശയങ്ങളുമായി പലയിടങ്ങളിലും പ്രത്യക്ഷീകരണങ്ങള്‍ നടക്കുന്നത് നമുക്കറിയാം. ഇത്തരം അടയാളങ്ങളുടെ പിന്നാലെ ഇറങ്ങിത്തിരിക്കാനുള്ള ആവേശം പലര്‍ക്കുമുണ്ട്. ചില പ്രത്യക്ഷീകരണങ്ങളെ സംബന്ധിച്ച് അതിശയോക്തി കലര്‍ത്തി പ്രചരിപ്പിക്കുന്നവരും കുറവല്ല. കന്യകാമറിയം ഫാത്തിമയില്‍ പ്രത്യക്ഷയായി നല്‍കിയത് എന്നപേരില്‍ തങ്ങളുടെതന്നെ ആശയങ്ങള്‍ പ്രചരിക്കുന്നവരുമുണ്ട്‌. ഫാത്തിമാ സന്ദേശത്തെ ആസ്പദമാക്കി ലോകാവസാനം പ്രഖ്യാപിച്ചവരും ക്രൈസ്തവരുടെയിടയില്‍ ഉണ്ടായിരുന്നു. രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കും എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത പ്രഖ്യാപനം നടത്തിയവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.

കന്യകാമറിയം പ്രത്യക്ഷപ്പെട്ടുവെന്നു പറയപ്പെടുന്ന ചിലയിടങ്ങളില്‍, ഒരു ശിശുവിനെ കൈകളിലേന്തിയ സ്ത്രീയെയാണ് കണ്ടതെന്നു സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രത്യക്ഷീകരണത്തെ യാഥാര്‍ത്ഥ്യമായി ആരും പരിഗണിക്കരുത്. ഒന്നുകില്‍ വ്യാജ പ്രത്യക്ഷീകരണമോ, അല്ലെങ്കില്‍ ദര്‍ശനം ലഭിച്ചുവെന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ മനോനിലയിലെ തകരാറോ ആകാം ഈ പ്രത്യക്ഷീകരണത്തിന്റെ അടിസ്ഥാനം! മാതാവ് ഇന്നും ശിശുവിനെയും വഹിച്ചുകൊണ്ട് ഊരുചുറ്റുകയാണെന്ന വികലമായ ബോദ്ധ്യത്തില്‍നിന്ന് ഉടലെടുത്ത വിഭ്രാന്തിയായി ഇതിനെ കണ്ടാല്‍ മതി. തന്നോടു പ്രാര്‍ത്ഥിക്കണം എന്ന ആഹ്വാനവുമായി കന്യകാമറിയത്തിന്റെയോ വിശുദ്ധരുടെയോ സാദൃശ്യത്തില്‍ ആരെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിട്ടുകളയുക. എന്തെന്നാല്‍, മാതാവോ വിശുദ്ധാരോ ഇത്തരത്തിലുള്ള വചനവിരുദ്ധ ആശയവുമായി കടന്നുവരില്ല. ദൈവത്തോടല്ലാതെ, മറ്റാരോടും പ്രാര്‍ത്ഥിക്കരുത് എന്ന അറിവില്‍ പൂര്‍ണ്ണത പ്രാപിച്ച സ്ത്രീയാണ് നമ്മുടെ അമ്മയായ മറിയം! ഈ അമ്മ ഒരിക്കലും തന്നോടു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയില്ല! മാത്രവുമല്ല, കന്യാകാമറിയം പ്രത്യക്ഷപ്പെട്ടു എന്നു പറയപ്പെടുന്ന സംഭവങ്ങള്‍ വ്യാജമാണെന്ന് അവിടെനിന്നു ലഭിക്കുന്ന സന്ദേശങ്ങളില്‍നിന്നുതന്നെ മനസ്സിലാക്കാന്‍ സാധിക്കും.

മാതാവിന്റെ ദര്‍ശനം ലഭിച്ചുവെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ ആത്മീയ ബോദ്ധ്യങ്ങളില്‍നിന്ന് ഒരു പടിപോലും ഉയര്‍ന്ന ബോദ്ധ്യം, ഇവര്‍ക്കുമുമ്പില്‍ പ്രത്യക്ഷയായ  മറിയത്തിന് ഇല്ലെന്നതാണ് ഏറ്റവും ദുരൂഹത ഉയര്‍ത്തുന്ന കാര്യം. ഇവര്‍ക്കുമുമ്പില്‍ പ്രത്യക്ഷയായത് കന്യകാമറിയം ആയിരുന്നുവെങ്കില്‍, സഭയില്‍ കടന്നുകൂടിയ വിജാതിയ സ്വാധീനങ്ങളിലെ പൈശാചികതയെ സംബന്ധിച്ച് താക്കീതു നല്‍കാത്തത് എന്തുകൊണ്ട്? യേഹ്ശുവായുടെ യഥാര്‍ത്ഥ പേരുപോലും അറിയാത്ത മറിയം പരിശുദ്ധ കന്യകാമറിയം ആണെന്നു വിശ്വസിക്കാന്‍ മനോവയ്ക്കു കഴിയില്ല. സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ദൈവദൂതന്റെ നിര്‍ദ്ദേശപ്രകാരം, കന്യകാമറിയവും യോസെഫും ചേര്‍ന്നാണ് പുത്രനെ യേഹ്ശുവാ എന്ന പേര് വിളിച്ചത്! ഒരിക്കലും മാറ്റം വരുത്താന്‍ പാടില്ലെന്ന കല്പനയോടെ സ്വര്‍ഗ്ഗത്തിലെ ദൈവം വെളിപ്പെടുത്തിയ പേരുകളാണ് യാഹ്‌വെ, യേഹ്ശുവാ എന്നീ പേരുകള്‍! പരിശുദ്ധവും സുസ്ഥിരവുമായ ഈ പേരുകള്‍ മാതാവ് മറന്നുപോയോ? മാതാവ് പ്രത്യക്ഷപ്പെട്ടുവെന്നു പറയപ്പെടുന്ന ഒരിടത്തും ഈ പേരുകള്‍ മാതാവ് ഉച്ചരിച്ചിട്ടില്ല. കന്യകാമറിയം നല്‍കിയ സന്ദേശങ്ങള്‍ എന്നപേരില്‍ അനേകം സന്ദേശങ്ങള്‍ ലോകത്തു പ്രചരിക്കപ്പെടുന്നുണ്ട്. ഇവയിലൊക്കെ ദൈവത്തിന്റെ വ്യാജപ്പേരുകളാണ് നാം കേള്‍ക്കുന്നതെങ്കില്‍, ഈ പ്രത്യക്ഷീകരണങ്ങളുടെയും സന്ദേശങ്ങളുടെയും പിന്നില്‍ ദുരൂഹതകളുണ്ടെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. എന്താണ് ആ ദുരൂഹതകള്‍?

മാതാവിന്റെ ദര്‍ശനവും സന്ദേശവും ലഭിച്ചുവെന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ അറിവിന്റെ പരിമിതികളാണ് മാതാവിന്റെ ശബ്ദത്തില്‍ പുറത്തുവരുന്നതെങ്കില്‍, ഈ സന്ദേശങ്ങള്‍ ഇവരുടെതന്നെ ഭാവനാസൃഷ്ടികളായിരിക്കും. പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും തിരഞ്ഞെടുത്തപ്പോള്‍, ഉന്നത പാണ്ഡിത്യമോ മറ്റെന്തെങ്കിലും മാഹാത്മ്യമോ ദൈവം പരിഗണിച്ചിട്ടില്ല. എന്തെന്നാല്‍, ദൈവത്തിന്റെ സന്ദേശങ്ങള്‍ മായംചേര്‍ക്കാതെ ജനത്തെ അറിയിക്കാന്‍ ഇവരുടെ അറിവുകള്‍ ഒരു തടസ്സമാകരുത് എന്ന് അവിടുന്ന് നിശ്ചയിച്ചു. തങ്ങള്‍ക്ക് അജ്ഞാതമായ വിഷയങ്ങളെക്കുറിച്ചാണ് പ്രവാചകന്മാര്‍ ജനത്തോടു സംസാരിച്ചത്. അപ്പസ്തോലനായ കേപ്പാ നടത്തിയ ലോകാന്ത്യ പ്രവചനം ശ്രദ്ധേയമാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: “യേഹ്ശുവായുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും”(2 കേപ്പാ: 3; 10). അപ്പസ്തോലന്‍ ഇപ്രകാരം തുടരുന്നു: “ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍”(2 കേപ്പാ: 3; 12). കഴിഞ്ഞ നൂറ്റാണ്ടിന്റെ കണ്ടുപിടുത്തമായ മൂലപദാര്‍ത്ഥങ്ങളെക്കുറിച്ച്, പത്തൊമ്പത് നൂറ്റാണ്ടുകള്‍ക്കുമുമ്പ് കേപ്പാ പ്രഖ്യാപിച്ചത് തന്റെ അറിവില്‍നിന്നുകൊണ്ടല്ല. എന്നാല്‍, ഇക്കാലത്തു പ്രചരിക്കപ്പെടുന്ന സന്ദേശങ്ങളിലും പ്രവചനങ്ങളിലും മാനുഷികതയുടെ അതിപ്രസരം ദര്‍ശിക്കാന്‍ കഴിയും. സ്വന്തം തോന്നലുകളെ ദൈവീക സന്ദേശങ്ങള്‍ എന്നപേരില്‍ പ്രചരിപ്പിക്കുന്ന ദുരന്തകരമായ അവസ്ഥ ഇന്നുണ്ട്!

സഭയിലെ ആചാര്യന്മാരുടെ ആശയങ്ങള്‍ ദൈവജനതിനുമേല്‍ അടിച്ചേല്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമായി പ്രത്യക്ഷീകരണങ്ങളെ ഉപയോഗിക്കുന്നവരും കുറവല്ല. മാതാവ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു എന്ന മുഖവുരയോടെ ഒരു വിഷയം അവതരിപ്പിച്ചാല്‍, നിഷ്ക്കളങ്കരായ വിശ്വാസികള്‍ അത് സ്വീകരിക്കും! ഫാത്തിമാ സന്ദേശത്തിന്റെ മറവില്‍ സഭാചാര്യന്മാര്‍ ഈ തന്ത്രം പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്. തങ്ങള്‍ക്കു കടന്നുചെല്ലാന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ് കൊട്ടകള്‍ക്കുള്ളില്‍ സുരക്ഷിതരായിരുന്ന ക്രൈസ്തവസമൂഹത്തെ ഉന്മൂലനം ചെയ്തത് ഈ സന്ദേശത്തിന്റെ പേരിലാണ്. സോവ്യറ്റ് രാജ്യങ്ങളിലെ വിശ്വാസികളില്‍ നിലനിന്നിരുന്ന ആത്മീയ ചൈതന്യം ഇല്ലാതാക്കുന്നതുവരെ തുടര്‍ന്നുവന്ന ഫാത്തിമാ സന്ദേശം ഇന്ന് കേള്‍ക്കാനില്ല! റഷ്യയുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന അപേക്ഷയുമായി മാതാവിന്റെ പ്രതിമകള്‍ രക്തക്കണ്ണീര്‍ പൊഴിക്കുകയായിരുന്നു. സോവ്യറ്റ് യൂണിയനെ ഉന്മൂലനം ചെയ്ത്, അവിടെയുള്ള യുവതികളെ ആഗോള മാംസച്ചന്തകളില്‍ വില്പനയ്ക്ക് വച്ചപ്പോള്‍, റഷ്യയുടെ മാനസാന്തരം പൂര്‍ണ്ണമായി! കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യനാളുകളില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വേച്ഛാധിപതികള്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ ചെറുത്തുനിന്നത് മതനേതാക്കന്മാരായിരുന്നു. ഈ മതനേതാക്കന്മാരും അവരുടെ അനുയായികളും പീഡിപ്പിക്കപ്പെടുക എന്നത് സ്വാഭാവികമാണ്. എന്നാല്‍, ഈ രാജ്യങ്ങളില്‍ ജീവിച്ചിരുന്ന എല്ലാവരും ക്രിസ്ത്യാനികളായിരുന്നു. ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ച സകലരും വധിക്കപ്പെട്ടിരുന്നെങ്കില്‍ സോവ്യറ്റ് നാടുകളില്‍ മനുഷ്യസാന്നിദ്ധ്യംതന്നെ ഇല്ലാതാകുമായിരുന്നു.

ക്രിസ്തീയാചാര്യന്മാര്‍ കാണുന്ന സ്വപ്‌നങ്ങള്‍ സോവ്യറ്റ് നാടുകളിലെ വിശ്വാസികളുടെമേല്‍ അടിച്ചേല്പിക്കാന്‍ സാധിച്ചില്ല എന്നതില്‍ക്കവിഞ്ഞ് വിശ്വാസസ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെട്ടു എന്നത് കെട്ടിച്ചമച്ച കഥകളാണ്. തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള എളുപ്പവഴിയായി മാതാവിനെ കൂട്ടുപിടിക്കുകയാണ് ഇവര്‍ ചെയ്തത്. മാതാവ് നല്‍കിയ സന്ദേശം എന്ന പ്രഖ്യാപനത്തോടെ തങ്ങളുടെതന്നെ ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചു. സോവ്യറ്റ് നാടുകളിലെ യുവതികളെ വേശ്യാവൃത്തിയിലേക്കു തള്ളിയിടുകയും, ആ രാജ്യങ്ങളില്‍ പട്ടിണി വിതയ്ക്കുകയും ചെയ്യുകയെന്നത് മാതാവിന്റെ ദൗത്യമല്ല. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നതും ക്രിസ്ത്യാനികള്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടുള്ളതുമായ രാജ്യങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. ഒരു ക്രിസ്ത്യാനിപോലും ഇല്ലാത്ത രാജ്യങ്ങളുമുണ്ട്. ഈ രാജ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ട് മാതാവ് എവിടെയും പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല! സോവ്യറ്റ് യൂണിയന്റെ പതനം ആഗ്രഹിച്ച ഒരു നിഗൂഢസംഘം കത്തോലിക്കാസഭയില്‍ പ്രവര്‍ത്തിച്ചിരുന്നത് നമുക്കറിയാം. തങ്ങളുടെ അബദ്ധങ്ങള്‍ പ്രചരിപ്പിക്കാന്‍ തടസ്സമായി നില്‍ക്കുന്ന സകല സംവിധാനങ്ങളും ഇവരുടെ ശത്രുപക്ഷത്താണ്. തങ്ങള്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് വിശ്വാസികളുടെയിടയില്‍ ആധികാരികതയുണ്ടാക്കാനും, അതുവഴി സ്വീകാര്യമാക്കാനും കൗശലപൂര്‍വ്വം മെനഞ്ഞെടുത്ത കല്പിതകഥകളാണ് മാതാവിന്റെതായി പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങള്‍. തങ്ങളുടെ പൈശാചിക ആശയങ്ങള്‍ മാതാവിന്റെ പേരില്‍ പ്രഖ്യാപിക്കുന്നതുവഴി കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇവര്‍ തിരിച്ചറിയുന്നു!

ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു എന്ന് പറയപ്പെടുന്ന മാതാവിനെ സംബന്ധിച്ചിടത്തോളം, സഭയില്‍ കടന്നുകൂടിയ വചനവിരുദ്ധമായ ആചാരങ്ങളെക്കുറിച്ച് യാതൊരു ആകുലതയുമില്ല. ഇന്ത്യയിലെ സഭകളില്‍ നടക്കുന്ന കാവിവത്ക്കരണത്തെക്കുറിച്ചോ സുവിശേഷം പ്രഘോഷിക്കുന്നതില്‍നിന്നു കത്തോലിക്കാസഭ വിരമിച്ചതിനെക്കുറിച്ചോ മാതാവിനു യാതൊരു വിഷമവുമില്ല. സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാന്‍ ദൈവവിശ്വാസം അനിവാര്യമല്ല എന്ന് പ്രഖ്യാപിക്കുന്നവരും സ്വവര്‍ഗ്ഗാനുരാഗത്തെ പിന്തുണയ്ക്കുന്നവരുമായ പോപ്പുമാര്‍ അധികാരത്തില്‍ കടന്നുകൂടിയതിനെക്കുറിച്ച് ഇവരുടെ മാതാവിന് ഉത്കണ്ഠയുമില്ല. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് എന്താണ്? കാത്തോലിക്കാസഭയിലെ പുത്തന്‍ ദര്‍ശനക്കാരും വെളിച്ചപ്പാടുമാരും മൃതസന്ദേശവാഹകരും പരിചയപ്പെടുത്തുന്ന മറിയത്തിന് ഇന്നുവരെ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇനിയുമേറെയുണ്ട്.

കത്തോലിക്കാസഭയിലെ വിജാതിയവത്ക്കരണം തിരിച്ചറിഞ്ഞിട്ടില്ലെന്നു നാം കണ്ടു. നിയമംമൂലം നിരോധിച്ചിട്ടുള്ള വിജാതിയ അനുകരണം സഭയെ ആകമാനം ഗ്രസിച്ചത് ഇവരുടെ മറിയം ഇന്നോളം മനസ്സിലാക്കിയിട്ടില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തന്നെയാണ് അല്ലാഹുവെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ എഴുതിപ്പിടിപ്പിച്ചത് ഇവരുടെ മറിയത്തെ അസ്വസ്ഥപ്പെടുത്തിയിട്ടുമില്ല. മറിയംബീവിയെ കന്യകാമറിയം ആക്കിയതും ഈസാനബിയെ യേഹ്ശുവാ ആക്കിയതും ഇവരുടെ മറിയം അറിഞ്ഞിട്ടുപോലുമില്ല! കത്തോലിക്കാസഭ കച്ചവടക്കാരുടെ ഗുഹയായി മാറിയതു മനസ്സിലാക്കാനും ഇവരുടെ മറിയത്തിനു കഴിയാതെപോയി. ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കായി ദൈവം നല്‍കിയ ഏകമാര്‍ഗ്ഗത്തെ നിഷേധിച്ച്, എല്ലാ മതങ്ങളിലും രക്ഷയ്ക്കുള്ള സാദ്ധ്യതകളുണ്ടെന്ന അബദ്ധചിന്തയിലേക്ക് സഭ അധഃപതിച്ചതും ഇവരുടെ മാതാവിനെ ആകുലപ്പെടുത്തുന്നില്ല. വൈദീകര്‍ 'ളോഹ' ധരിക്കാത്തതും അവര്‍ വിവാഹം കഴിക്കുന്നതും വിശ്വാസികള്‍ ജപമാല ചൊല്ലി തന്റെ ഹൃദയത്തില്‍ സമര്‍പ്പിക്കാത്തതുമാണ് ഇവരുടെ മറിയത്തിന്റെ ഏറ്റവും വലിയ ആകുലതകള്‍! അങ്ങനെയെങ്കില്‍, ഇവര്‍ക്കു പ്രത്യക്ഷപ്പെടുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്ന മറിയം, യേഹ്ശുവാ നമുക്കു നല്‍കിയ അമ്മയായ പരിശുദ്ധ കന്യകാമറിയമാണെന്നു കരുതാന്‍ കഴിയുമോ? മനോവയ്ക്കു കഴിയില്ല!

ദൈവവചന വിരുദ്ധമായ ആശയങ്ങളുടെ പ്രചാരകയല്ല പരിശുദ്ധ കന്യകാമറിയം. ഈ അമ്മയെ വചനവിരുദ്ധ ആശയങ്ങളുടെ വക്താവായി ചിത്രീകരിക്കുന്നത് ചില സ്ഥാപിത താത്പര്യക്കാരാണ്. തങ്ങള്‍ ഉയര്‍ത്തുന്ന പൈശാചിക ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതിനായി മാതാവിന്റെ ചുമലില്‍ ഇവര്‍ വച്ചുകെട്ടുന്നു. ഇത്തരത്തില്‍ ആധികാരികത നേടിയെടുത്ത അനേകം പ്രാര്‍ത്ഥനകളും ആശയങ്ങളും ഇന്ന് കത്തോലിക്കാസഭയിലുണ്ട്. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കല്‍ എന്ന ആശയം ഏതു വചനത്തിന്റെ അടിസ്ഥാനത്തില്‍ കടന്നുവന്നതാണെന്നു ചിന്തിക്കണം. കന്യകാമറിയം ആരോടും ഇപ്രകാരം പറയില്ല. യേഹ്ശുവായോ അപ്പസ്തോലന്മാരോ ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ടതായി മനോവ കേട്ടിട്ടുമില്ല. രക്ഷപ്രാപിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്താണെന്ന് കേപ്പായും മറ്റ് അപ്പസ്തോലന്മാരും വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പ് യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോടും അനുയായികളോടും അരുളിച്ചെയ്തത് ഇപ്രകാരമായിരുന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 18-20).

അപ്പസ്തോലന്മാരും അനുയായികളും അനുസരിച്ചത് യേഹ്ശുവായുടെ ഉപദേശത്തെയാണ്‌. തങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കേണ്ട ക്രിസ്ത്യാനികള്‍ എന്തിനാണ് മാതാവിന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കുന്നത്?! ഈ ആശയം എവിടെനിന്നാണ് സഭയില്‍ വന്നെത്തിയത്? ദൈവീകതയിലേക്കു മടങ്ങിപ്പോകുന്നതിനു തൊട്ടുമുമ്പ് മനുഷ്യനായ യേഹ്ശുവാ അവിടുത്തെ അമ്മയെ നമുക്കെല്ലാം അമ്മയായി നല്‍കി. മാതാവിനെ നാം നമ്മുടെ ഭവനത്തിലും ഹൃദയത്തിലും സ്വീകരിക്കണം. എന്നാല്‍, മാതാവിന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കണം എന്ന ഉപദേശം യേഹ്ശുവാ ആര്‍ക്കും നല്‍കിയിട്ടില്ല. അവിടുന്ന് നല്‍കാത്തതുകൊണ്ടുതന്നെ, മാതാവ് ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയുമില്ല. എന്തെന്നാല്‍, മാതാവിന്റെ വാക്കുകള്‍ ഇതാണ്: “അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍”(യോഹ: 2; 5). ഇതിനപ്പുറം എന്തെങ്കിലും ആശയവുമായി ഏതെങ്കിലും സ്ത്രീ പ്രത്യക്ഷപ്പെട്ടാല്‍, ആ സ്ത്രീയെ കന്യകാമറിയമായി ആരും തെറ്റിദ്ധരിക്കരുത്!

ബൈബിളില്‍ അടിസ്ഥാനമുള്ളതുകൊണ്ടുതന്നെ, പ്രത്യക്ഷീകരണങ്ങളെയെല്ലാം അപ്പാടെ നിഷേധിക്കാന്‍ മനോവ ഒരുക്കമല്ല. യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്‍പ് മോശയും യേലിയാഹും വരുമെന്ന് ബൈബിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുമുമ്പ് ആരെയെങ്കിലും ഭൂമിയിലേക്കയച്ച് യേഹ്ശുവാ തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ആശയക്കുഴപ്പത്തിലാക്കുകയില്ല! പറുദീസയില്‍നിന്നു തന്നിഷ്ടപ്രകാരം ആരെങ്കിലും പുറത്തുചാടുകയുമില്ല! പ്രത്യക്ഷീകരണത്തിന് ഒരു ദൗത്യം ഉണ്ടായിരിക്കണം. ഈ ദൗത്യം ദൈവവചനവുമായി ചേര്‍ന്നുനില്‍ക്കുന്നതും ആയിരിക്കണം. ആയതിനാല്‍, വിശുദ്ധര്‍ പ്രത്യക്ഷരായി നല്‍കുന്ന സന്ദേശങ്ങള്‍ വചനവുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നതാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ പ്രത്യക്ഷീകരണത്തെ സ്ഥിരീകരിക്കാവൂ! എന്തെന്നാല്‍, പിശാചുക്കള്‍പ്പോലും ദൈവദൂതന്മാരുടെ വേഷത്തില്‍ കടന്നുവന്നു ദൈവജനത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുമെന്നു നാം കണ്ടുകഴിഞ്ഞു. ആത്മീയമനുഷ്യരെ വഴിപിഴപ്പിക്കണമെങ്കില്‍ ആത്മീയതയുടെ മൂടുപടം അനിവാര്യമാണെന്നു പിശാചിനറിയാം. അവന്‍ അത് അണിഞ്ഞുകൊണ്ടുതന്നെ രംഗത്തിറങ്ങും. ഇത്തരത്തില്‍ രംഗപ്രവേശം ചെയ്യുന്ന പിശാചിനെ തിരിച്ചറിയണമെങ്കില്‍ ആത്മീയജ്ഞാനം കൂടിയേതീരൂ! ആത്മീയജ്ഞാനം സിദ്ധിക്കാനുള്ള ഏകവഴി വചനത്തില്‍ ആഴപ്പെടുക എന്നതാണ്. വചനം പഠിക്കുകയും പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കായി പ്രാര്‍ത്ഥനാ നിരതരായിരിക്കുകയും ചെയ്യുന്നതുവഴി, ആത്മാക്കളെ വിവേചിക്കാനുള്ള കൃപ നമുക്കു ലഭിക്കും!

എല്ലാറ്റിനെയും വിവേചിച്ചു മാത്രമേ നാം സ്വീകരിക്കാവൂ. എന്തെന്നാല്‍, ബൈബിള്‍ ഇപ്രകാരം നമുക്കു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു: “പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു”(1 യോഹ: 4; 1). ഈ വിവേചനം ക്രിസ്തീയജീവതത്തില്‍ നിലനില്‍പ്പ്‌ ആഗ്രഹിക്കുന്ന ഏതൊരുവനും അനിവാര്യമായ കൃപയാണ്. വിവേചനത്തിന്റെ കൃപയില്ലെങ്കില്‍ വലിയ അപകടങ്ങളില്‍ നിപതിക്കാന്‍ സാദ്ധ്യതയുണ്ട്. ഈ ഉപദേശം ഗ്രഹിക്കുക: “നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍”(1 കേപ്പാ: 5; 8, 9). ഒരു ചെറിയ പിഴവുപോലും വലിയ ദുരന്തങ്ങള്‍ വരുത്തിവച്ചേക്കാം. ആയതിനാല്‍, പ്രത്യക്ഷീകരണങ്ങളിലെ സത്യവും മിഥ്യയും അന്വേഷിക്കാന്‍ ഓടിനടക്കേണ്ടാ. അവയൊന്നും നമ്മുടെ വിശ്വാസത്തെ കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല. അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടു വിശ്വാസത്തില്‍ നിലനില്‍ക്കുന്നവരല്ല നമ്മള്‍! അടയാളങ്ങളെയും അദ്ഭുതങ്ങളെയും പ്രത്യക്ഷീകരണങ്ങളെയും അതിന്റെ വഴിക്കുവിടുക. എതിര്‍ക്കാനോ അനുകൂലിക്കാനോ ശ്രമിക്കരുത്.

ഉപസംഹാരം!

അദ്ഭുതങ്ങളെയോ അടയാളങ്ങളെയോ പ്രത്യക്ഷീകരണങ്ങളെയോ നിഷേധിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഈ ലേഖനം വിരചിതമായിരിക്കുന്നത്. വചനാധിഷ്ഠിതമായ അദ്ഭുതങ്ങളെയും അടയാളങ്ങളെയും അംഗീകരിക്കാന്‍ മനോവയ്ക്ക് മടിയുമില്ല. എന്നാല്‍, ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന സത്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രത്യക്ഷീകരണങ്ങളും മാത്രമേ മനോവ അംഗീകരിക്കുകയുള്ളു. മാത്രവുമല്ല, യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്ന സത്യങ്ങളില്‍നിന്നു വ്യതിചലിപ്പിക്കുന്ന അടയാളങ്ങളെക്കുറിച്ചും അദ്ഭുതങ്ങളെക്കുറിച്ചും പ്രത്യക്ഷീകരണങ്ങളെക്കുറിച്ചും മുന്നറിയിപ്പു നല്‍കുകയെന്നത് മനോവയുടെ ഉത്തരവാദിത്വമായി കാണുന്നു. അദ്ഭുതങ്ങളും അടയാളങ്ങളും നമ്മേ നയിക്കുന്നത് ഏകസത്യദൈവത്തിലേക്കാണോ എന്ന പരിശോധന എപ്പോഴും ഉണ്ടായിരിക്കണം. പ്രതിമകളില്‍നിന്ന് രക്തവും തേനും പാലും കണ്ണീരുമെല്ലാം ഒഴുകുന്നത് ഇക്കാലത്ത് നിത്യസംഭവമാണ്. ഇവയില്‍ ഒന്നുപോലും ദൈവത്തില്‍നിന്നുള്ള അടയാളമായി ആരും ചിന്തിക്കരുത്. പ്രതിമകളില്‍നിന്നുള്ള എല്ലാ അദ്ഭുതങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണ്! യേഹ്ശുവായുടെയോ മാതാവിന്റെയോ മറ്റു വിശുദ്ധരുടെയോ പ്രതിമകള്‍ക്ക് എന്തെങ്കിലും ദിവ്യത്വം ഉള്ളതായി ആരും ചിന്തിക്കരുത്. ക്രിസ്തീയതയുമായി ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന ഒന്നും ഇത്തരം അടയാളങ്ങളില്‍ ഇല്ല. എന്നാല്‍, പിശാചുക്കള്‍ ഇപ്രകാരം പ്രവര്‍ത്തിക്കും എന്ന് വചനം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഈ വചനം നോക്കുക: “ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു. മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്”(വെളി: 13; 13-15). പ്രതിമകളില്‍ നടക്കുന്ന അദ്ഭുതങ്ങളില്‍ ഒന്നുപോലും ദൈവത്തില്‍നിന്നുള്ള അടയാളമായി പരിഗണിക്കരുതെന്ന മുന്നറിയിപ്പ് ഈ പ്രവചനത്തിലുണ്ട്. മാത്രവുമല്ല, ഇത്തരത്തിലുള്ള അടയാളങ്ങളിലൂടെ ഒരുവനെ വിശ്വാസത്തിലേക്കു നയിക്കേണ്ട ആവശ്യം ദൈവത്തിനില്ല. ഗണപതിയുടെ വിഗ്രഹത്തില്‍നിന്നു പാല് പുറപ്പെടുവിക്കുന്നവന്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. യേഹ്ശുവായുടെ ഈ വാക്കുകള്‍ ജാഗ്രതയോടെ സ്മരിക്കുക: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന്‍ അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26).

വചനത്തെവിട്ട് ഒരു ചുവടുപോലും വ്യതിചലിക്കരുത് എന്ന മുന്നറിയിപ്പോടെ ഈ ലേഖനം ഉപസംഹരിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5965 views

LOG IN

Lost your password?

SIGN UP

LOST PASSWORD