വിജാതിയതയുടെ ദുരന്തം

ആയുര്‍വേദം എങ്ങനെ ഇന്ത്യയുടെ കുത്തകയാക്കി?

Print By
about

മുഖവുര: ഈ ലേഖനത്തിന്റെ ഒന്നാം ഭാഗമായ 'പട്ടരില്‍ പൊട്ടനില്ലെങ്കില്‍ അതിനു കാരണവുമുണ്ട്!' എന്ന ലേഖനം വായിക്കാത്തവര്‍ അതു വായിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു,

ല്ലാ ബ്രാഹ്മണരും ആര്യന്മാരാണെങ്കിലും എല്ലാ ആര്യന്മാരും ബ്രാഹ്മണരല്ല. അതുപോലെതന്നെ, എല്ലാ യഹൂദരും ഇസ്രായേല്‍ക്കാരാണെങ്കിലും എല്ലാ ഇസ്രായേല്‍ക്കാരും യഹൂദരല്ല! ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളില്‍ യൂദാ, ബെഞ്ചമിന്‍ എന്നീ  രണ്ട് ഗോത്രങ്ങള്‍ മാത്രമാണ് 'യഹൂദര്‍' എന്നപേരില്‍ വിളിക്കപ്പെടുന്നത്. വിശ്വാസങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കുന്നവരെ സമൂഹത്തില്‍നിന്നു പുറത്താക്കി വംശശുദ്ധി നിലനിര്‍ത്തുന്ന ശൈലി യഹൂദര്‍ക്കുണ്ടായിരുന്നു. പുറത്താക്കപ്പെടുന്നവര്‍ വംശംകൊണ്ട് ഇസ്രായേല്‍ക്കാരെങ്കിലും യഹൂദരായി പരിഗണിക്കപ്പെട്ടിരുന്നില്ല. ജറുസലേമില്‍ ആരാധന നടത്തുന്നവര്‍ മാത്രമായിരുന്നു യഹൂദരുടെ ഗണത്തില്‍ അംഗീകരിക്കപ്പെടുന്നത്! യഹൂദരുടെ ഈ ശൈലി അതേപടി അനുകരിക്കുന്ന വിഭാഗമാണ്‌ ബ്രാഹ്മണസമൂഹം!

നിയമം ലംഘിക്കുന്നവരെ സമൂഹത്തില്‍നിന്നു വിച്ഛേദിക്കുന്ന പ്രവണത യഹൂദരുടെ പ്രത്യേകതകളില്‍ ഒന്നാണെന്നു കഴിഞ്ഞ ലേഖനത്തില്‍ നാം കണ്ടു. ഇതിനോടു സമാനമായ ശൈലി ബ്രാഹ്മണരും പിന്തുടര്‍ന്നതുകൊണ്ടാണ് എല്ലാ ആര്യന്മാരും ബ്രാഹ്മണരല്ലാതായത്. ബ്രാഹ്മണരുടെ നിഷ്ഠകളില്‍ നിലനില്‍ക്കാത്തവരെ ഇവര്‍ പുറത്താക്കിയപ്പോള്‍, അവര്‍ വിവിധ ജാതികളായി അറിയപ്പെട്ടു. വംശാവലിപ്രകാരം ഇവരെല്ലാം ആര്യവംശജര്‍ തന്നെയാണ്!

പടിയടച്ചു പിണ്ഡം വയ്ക്കല്‍!

ആചാരങ്ങള്‍ക്കു വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ ഭവനത്തില്‍നിന്നു പുറത്താക്കുന്നതിനെയാണ് പടിയടച്ചു പിണ്ഡം വയ്ക്കുകയെന്ന ഹൈന്ദവര്‍ പറയുന്നത്. മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കു ശാന്തി ലഭിക്കുന്നതിനായി ബലിതര്‍പ്പണം നടത്തുമ്പോള്‍ ഉരുളയാക്കി വയ്ക്കുന്ന ചോറാണ് പിണ്ഡം! ജീവിച്ചിരിക്കെത്തന്നെ ഒരാളെ തങ്ങളുടെ ഭവനവുമായുള്ള എല്ലാ ബന്ധങ്ങളില്‍നിന്നും വിച്ഛേദിച്ച്, തങ്ങള്‍ക്ക് ഇവന്‍ മരിച്ചവനാണെന്നു പ്രഖ്യാപിക്കലാണ്‌ ഇരിക്കപ്പിണ്ഡം വയ്ക്കലിലൂടെ നടപ്പാക്കുന്നത്! ഇത്തരത്തില്‍ സമൂഹത്തില്‍നിന്നും ഭവനത്തില്‍നിന്നും ഭ്രഷ്ടരാക്കുന്ന രീതി ഇസ്രായേലില്‍ ഉണ്ടായിരുന്നുവെന്ന് ബൈബിളില്‍ വായിക്കാന്‍ കഴിയും.

പ്രവാചക കാലഘട്ടത്തില്‍ മാത്രമല്ല, യേഹ്ശുവായുടെ കാലത്തും അപ്പസ്തോലന്മാരുടെ കാലത്തും ഈ നിയമം പിന്തുടര്‍ന്നതായി തെളിവുകളുണ്ട്. ക്രൈസ്തവര്‍ക്കും ഈ നിയമം ബാധകമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. കത്തോലിക്കാസഭ നടപ്പാക്കുന്ന 'മഹ്റോന്‍'ശിക്ഷ ഈ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്! വിവിധ കാരണങ്ങളാല്‍ ഒരുവനെ ജനത്തില്‍നിന്നു വിച്ഛേദിക്കുന്ന രീതി മോശയുടെ നിയമത്തിലുണ്ട്. "അവന്‍ യാഹ്‌വെയുടെ വിശുദ്ധവസ്തു അശുദ്ധമാക്കി. അവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം"(ലേവ്യര്‍: 19; 8). വിശുദ്ധവസ്തു അശുദ്ധമാക്കുന്നവനെ സംബന്ധിച്ച നിയമമാണിത്. ലൈംഗീക പാപത്താല്‍ സ്വയം അശുദ്ധരാകുന്നവരെ സംബന്ധിക്കുന്ന നിയമമാണ് ലേവ്യരുടെ പുസ്തകം പതിനെട്ടാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നത്. വ്യഭിചാരം, സ്വവര്‍ഗ്ഗഭോഗം, മൃഗവേഴ്ച തുടങ്ങിയ അപരാധങ്ങളില്‍ ഏര്‍പ്പെടുന്നവരെ എന്താണു ചെയ്യേണ്ടതെന്നു ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്: "ഇത്തരം മ്ലേച്ഛപ്രവൃത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം"(ലേവ്യര്‍: 18; 29).

"ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും പുറകേ പോയി അന്യദേവന്മാരെ ആരാധിച്ചാല്‍ അവനെതിരേ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും"(ലേവ്യര്‍: 20; 6). ഏഴാംമാസം പത്താംദിവസം പാപപരിഹാര ദിനമായി മോശ കല്പിച്ചിരുന്നു. ആ ദിവസം വിശുദ്ധസമ്മേളനത്തിനുള്ള ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന്‍ ഉപവസിക്കണം എന്നത് ഇസ്രായേലിനു ചട്ടമായതുകൊണ്ട് അതു ലംഘിക്കുന്നവനുള്ള ശിക്ഷയും പുറത്താക്കല്‍ തന്നെയായിരുന്നു. "അന്ന്‍ ഉപവസിക്കാത്തവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം. അന്ന്‍ എന്തെങ്കിലും ജോലി ചെയ്യുന്നവനെ ഞാന്‍ ജനത്തില്‍നിന്ന്‍ ഉന്മൂലനം ചെയ്യും"(ലേവ്യര്‍: 23; 29, 30). ഇത്തരത്തില്‍ കര്‍ശനമായ നിയമങ്ങള്‍ ഇസ്രായേലിനു നല്‍കപ്പെട്ടിരുന്നു. നിയമലംഘനം നടത്തി പുറത്താക്കാപ്പെടുന്നവര്‍ നാടുവിടുകയല്ലാതെ മറ്റുവഴികള്‍ ഒന്നുംതന്നെയില്ല. കാരണം, ഇവരെ സഹായിക്കുന്നവരും ശിക്ഷിക്കപ്പെടുമെന്നതിനാല്‍, ആരും ഇവരുമായി ഇടപെടില്ല. പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയുള്ളതിനാല്‍ ഇവര്‍ മറ്റു ജനതകളുടെയിടയിലേക്ക് പോകുകയാണ് പതിവ്!

യേഹ്ശുവാ വന്നപ്പോള്‍ ഈ നിയമങ്ങളില്‍ മാറ്റംവരുത്തിയെന്ന് ആരും ചിന്തിക്കേണ്ടാ; യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: "നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ"(മത്താ: 18; 15-17). മോശയുടെ നിയമത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് യേഹ്ശുവായും സംസാരിച്ചത്. വിജാതിയരെപ്പോലെ ആയിരിക്കട്ടെ എന്നു പറയുമ്പോള്‍, സഭയില്‍നിന്നു പുറത്താക്കുക എന്നുതന്നെയാണ്! അപ്പസ്തോലന്മാരും ആദിമ സഭയും ഇതുതന്നെയാണ് അവലംബിച്ചതെന്ന് നമുക്കു കാണാന്‍ കഴിയും. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്. പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തുകാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്? പുറമേയുള്ളവരെ ദൈവം വിധിച്ചുകൊള്ളും. ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുവിന്‍"(1 കോറി: 5; 11-13). 

ഈ നിയമങ്ങളില്‍നിന്നു വ്യതിചലിച്ചിട്ടുള്ള സഭകള്‍ ദൈവത്തില്‍നിന്നും ദൈവീകനിയമങ്ങളില്‍നിന്നുമാണ് വ്യതിചലിച്ചത്! ക്രിസ്തുവിനും ക്രിസ്തുവിന്റെ സഭകള്‍ക്കും ഇതില്‍നിന്നു വ്യത്യസ്ഥമായ ഒരു നിയമവുമില്ല. മറിച്ചുള്ള നയരൂപീകരണമാണ് ക്രൈസ്തവസഭകളെ ദുഷിപ്പിക്കുന്നതെന്നു തിരിച്ചറിയുക! സഭയുടെ ഉന്നത പദവികളില്‍ ഇരുന്നുകൊണ്ട് ലജ്ജാകരമായ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുറത്താക്കാനുള്ള വൈമനസ്സ്യമാണ് നിയമപരിഷ്കരണങ്ങളുടെ പ്രധാന കാരണം. സഭാമക്കള്‍ക്കുള്ള ഔദാര്യമായി ഇതിനെ അവതരിപ്പിക്കുന്നുവെന്നത് ഒരു കൗശലത്തിന്റെ ഭാഗംമാത്രം! ഇതു തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല; ആനുകാലിക സംഭവങ്ങളിലേക്ക് സൂക്ഷിച്ചുനോക്കിയാല്‍ മതി. സുവിശേഷം പ്രസംഗിച്ചുകൊണ്ട് യേഹ്ശുവായാണ് ഏകരക്ഷകന്‍ എന്നു പ്രഖ്യാപിക്കുന്ന അത്മായരെ പുറത്താക്കാന്‍ കാണിക്കുന്ന ഉത്സാഹം സഭയുടെ തലപ്പത്തിരിക്കുന്ന വചനനിഷേധികളുടെ കാര്യത്തില്‍ കാണാത്തത് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. അന്യദേവന്മാരുടെ വക്താക്കളായി ക്രിസ്തുവിന്റെ വചനത്തെ അവഹേളിക്കുന്ന പൈശാചിക സന്തതികള്‍ സഭയുടെ വസ്ത്രംധരിച്ചു വിലസുമ്പോള്‍ ദൈവശാസ്ത്രത്തിന്റെ തലനാരിഴ കീറി സത്യവിശ്വാസികളെ ആട്ടിയിറക്കുന്നതും തിരിച്ചറിയണം. 

പൈതൃകം തേടിയുള്ള യാത്രയില്‍ ഇടയ്ക്കുവച്ച് യാത്ര അവസാനിപ്പിച്ചവരാണ് ആര്‍ഷഭാരത സംസ്കാരമാണ് തങ്ങളുടെ പൈതൃകമെന്ന അബദ്ധത്തില്‍ നിപതിച്ചത്! ഈ സംസ്കാരത്തിന്റെ സൃഷ്ടാക്കള്‍ ആര്യന്മാരാണെന്നു തിരിച്ചറിഞ്ഞിട്ടും അവരുടെ പിതാക്കന്മാരുടെ സംസ്കാരം എന്താണെന്ന് അന്വേഷിക്കാന്‍ മനസ്സുവയ്ക്കാത്തവര്‍ സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല! ഇവര്‍ തടയുന്നത് തങ്ങളുടെ ആത്മരക്ഷ മാത്രമല്ല; അനേകം ദൈവജനത്തെ പിശാചിന്റെ ലാവണത്തില്‍ എത്തിക്കുകയും കൂടിയാണ്!

ഇനി നമുക്ക് ആയുര്‍വേദത്തിന്റെ ചരിത്രത്തിലേക്കു കടക്കാം.

ആയുര്‍വേദം അഥവാ ആര്യവൈദ്യം!

ഇന്ത്യയിലെ പ്രസിദ്ധമായ രണ്ട് വൈദ്യശാലകളാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയും. പേര് സൂചിപ്പിക്കുന്നതുതന്നെ വൈദ്യശാലയുടെ ഉദ്ഭവത്തെയാണെന്നു തിരിച്ചറിയാന്‍ കൂടുതല്‍ പഠനങ്ങളുടെ ആവശ്യമില്ല.  മാത്രവുമല്ല, ഇന്ത്യ തങ്ങളുടെ അഭിമാനമായി കരുതുന്ന ആയുര്‍വേദത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആര്യന്മാരാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഇല്ലതാനും. അങ്ങനെയെങ്കില്‍, കുടിയേറ്റക്കാരായ ആര്യന്മാരുടെ സംഭാവനയായ ഈ വൈദ്യശാസ്ത്രത്തിന്റെ പിതൃത്വം എങ്ങനെയാണ് ഇന്ത്യയ്ക്ക് അവകാശപ്പെടാന്‍ കഴിയുന്നത്? ബ്രിട്ടീഷുകാര്‍ ഒരുകാലത്ത് ഇന്ത്യയില്‍വന്ന് ആധിപത്യം സ്ഥാപിച്ചതുപോലെ, സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഇന്ത്യയില്‍ കുടിയേറി ആധിപത്യം ഉറപ്പിച്ചവരാണ് ആര്യന്മാര്‍! ഇവരുടെ കടന്നുവരവിനുമുന്‍പ് ദ്രാവിഡര്‍ ഇന്ത്യയില്‍ കുടിയേറിയിരുന്നു. ക്രിസ്തുവിന് മൂവായിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇവരുടെ അധിനിവേശം. ഇന്ത്യയില്‍ വസിച്ചിരുന്ന ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്ക് തുരത്തിക്കൊണ്ടാണ് ആര്യന്മാര്‍ അവരുടെ ആധിപത്യം ഉറപ്പിച്ചത്! പിന്നീട് ഇന്ത്യയില്‍ കച്ചവടത്തിനായി കടന്നുവന്ന അറബികളും മുഗളന്മാരും ഇവിടെ അവരുടെ സാമ്രാജ്യം സ്ഥാപിച്ചു. അതിനുശേഷമായിരുന്നു ബ്രിട്ടീഷുകാരും മറ്റ് യൂറോപ്യന്‍ വ്യാപാരികളും ഇന്ത്യയിലെത്തിയത്!

ബ്രിട്ടീഷുകാരെയും യൂറോപ്യന്‍ വ്യാപാരികളെയും ആട്ടിയോടിച്ചത് ആര്യന്മാരുടെ നേതൃത്വത്തിലായിരുന്നുവെന്ന് ചരിത്രം വായിച്ചാല്‍ മനസ്സിലാകും. ഇന്ത്യന്‍ മണ്ണിനെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരും ആര്യന്മാരും ഒന്നുപോലെ അധിനിവേശക്കാരാണ്! ഒരുകൂട്ടര്‍ പുറത്താക്കപ്പെടുകയും മറ്റൊരുകൂട്ടര്‍ വാസമുറപ്പിക്കുകയും ചെയ്തുവെന്നല്ലാതെ, കുടിയേറ്റത്തിലെ കാലഘട്ടം സംബന്ധിച്ച അന്തരം മാത്രമേ ഇവര്‍ തമ്മിലുള്ളൂ. തങ്ങള്‍ക്കു മുന്‍പേ ഇന്ത്യയിലുണ്ടായിരുന്ന ദ്രാവിഡരെ അധഃകൃതരായി മാത്രമേ ആര്യന്മാര്‍ കണ്ടിരുന്നുള്ളു. ഒരുതരത്തില്‍ പറഞ്ഞാല്‍, ഇന്ത്യയില്‍ ദളിതരെ സൃഷ്ടിച്ചത് ഇവരായിരുന്നു. പാരമ്പര്യത്തിന്റെ ചരിത്രം സത്യസന്ധമായി പരിഗണിച്ചാല്‍, ദ്രാവിഡരാണ് ഇന്ത്യയുടെ അവകാശികള്‍! കാരണം, ദ്രാവിഡര്‍ക്കുമുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്ന രണ്ടു വംശങ്ങളും നാമമാത്രമായിട്ടെ ശേഷിച്ചിട്ടുള്ളു! ആദ്യ കുടിയേറ്റക്കാരായ 'നീഗ്രോയ്ഡ്' വംശജര്‍ ആന്‍ഡമാന്‍ ദ്വീപിലാണ് ഇന്നു ജീവിക്കുന്നത്. രണ്ടാമത്തെ കുടിയേറ്റക്കാരായ 'ഓസ്ട്രലോയ്ഡ്' വംശജരാണ്‌ മദ്ധ്യേന്ത്യയിലെ ഗിരിവര്‍ഗ്ഗക്കാര്‍! എന്നാല്‍, ഇന്ത്യയിലെ ജനസംഖ്യയില്‍ ഇരുപതു ശതമാനമുള്ള ദ്രാവിഡരാണ് ഇവിടുത്തെ പൈതൃകം അവകാശപ്പെടാന്‍ യോഗ്യതയുള്ള വിഭാഗം!

ഇന്ത്യയെപ്രതി 'മണ്ണിന്റെ മക്കള്‍' വാദം ഉന്നയിക്കാന്‍ ഒറ്റ ഇന്ത്യക്കാരനും സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, ഇന്ത്യ ഒരു കുടിയേറ്റ രാജ്യമാണ്! ഇവിടെ ഇന്നുള്ള ഒരു വംശവും പൂര്‍ണ്ണമായും ഇവിടെ വേരുള്ളവരല്ല; മറിച്ച്, ഇവിടെ വന്ന് വേരുപിടിച്ചവരാണ്! ആയുര്‍വേദ ചരിത്രം വിവരിക്കുന്നതിനുമുന്‍പ് മറ്റു ചില കാര്യങ്ങള്‍ വായനക്കാരുടെ ചിന്തയിലേക്കു കൊണ്ടുവരേണ്ടിയിരിക്കുന്നു. അതിനാല്‍, മറ്റൊരു ഉപശീര്‍ഷകത്തിലേക്കു നാം കടക്കുകയാണ്.

ആര്യ-ദ്രാവിഡ യുദ്ധങ്ങളും ഹൈന്ദവഗ്രന്ഥങ്ങളുടെ ഉത്പത്തിയും!

ആര്യന്മാരുടെ കടന്നുവരവോടെ ഇവിടെ വസിച്ചിരുന്ന ദ്രാവിഡരുമായി അനേകം ഏറ്റുമുട്ടലുകള്‍ ഇവര്‍ നടത്തി. അറിവിലും ബുദ്ധിശക്തിയിലും കായികബലത്തിലും ആര്യന്മാര്‍ ദ്രാവിഡരെ അപേക്ഷിച്ച് മുന്‍പന്തിയിലായിരുന്നതിനാല്‍ വിജയങ്ങള്‍ ആര്‍ക്കായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ! ദ്രാവിഡരെ നികൃഷ്ടരായി ചിത്രീകരിക്കാന്‍ ആര്യന്മാര്‍ എല്ലാക്കാലത്തും ശ്രമിച്ചിരുന്നു. തങ്ങളെ നന്മയുടെ പ്രതീകങ്ങളായും എതിരാളികളായ ദ്രാവിഡരെ തിന്മയുടെ പ്രതിരൂപങ്ങളായും ആര്യന്മാര്‍ കണ്ടു. ഇത്തരത്തില്‍ തങ്ങളെ സ്വയം മഹത്വപ്പെടുത്തുകയും ദ്രാവിഡവംശജരെ അസുരവംശമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് ആര്യന്മാര്‍ രചിച്ച കഥകളാണ് ഇന്ന്‍ ഹൈന്ദവപുരാണങ്ങളായി രൂപാന്തരപ്പെട്ടത്! ഈ കഥകളിലെ ആര്യകഥാപാത്രങ്ങളെ ദേവന്മാരും ദ്രാവിഡകഥാപാത്രങ്ങളെ അസുരന്മാരുമാക്കി! തങ്ങളുടെ വൈരികളെ ദുഷ്ടതയുടെ പ്രതീകങ്ങളാക്കി നിര്‍മ്മിച്ച കഥകള്‍ കാലാന്തരേണ പുരാണങ്ങളും ചരിത്രങ്ങളുമായി രൂപാന്തരപ്പെട്ടു! ഭാവനാസമ്പന്നരായ ആര്യന്മാര്‍ മെനഞ്ഞെടുത്ത കഥാപാത്രങ്ങള്‍ ദേവീ-ദേവന്മാരായി പരിണമിക്കുകയും ഇവയെല്ലാം യാഥാര്‍ത്ഥ്യങ്ങളാണെന്ന മിഥ്യാധാരണ പിന്‍തലമുറയിലേക്കു പകരപ്പെടുകയും ചെയ്തു! അങ്ങനെ ഭാവിതലമുറയെ ഇരുട്ടിലേക്കു തള്ളിയിടാന്‍ ഈ ഭാവനാസൃഷ്ടികള്‍ക്കു സാധ്യമായി!

ഹൈന്ദവ മതഗ്രന്ഥങ്ങളെ സത്യസന്ധതയോടെയും സൂക്ഷ്മതയോടെയും പരിശോധിച്ചാല്‍ വസ്തുത ഗ്രഹിക്കാന്‍ ആര്‍ക്കും സാധിക്കും. അയിത്തവും വിവേചനവും കല്പിച്ച് അധഃകൃത സമൂഹമായി ദ്രാവിഡരെ അകറ്റിനിര്‍ത്താന്‍ ആര്യന്മാര്‍ക്ക് ഇത്തരം കഥകളിലൂടെ സാധിച്ചു. ഹൈന്ദവത്വത്തിലെ ഈ നീചമായ പ്രവര്‍ത്തികളാണ് അംബേദ്‌കറെയും സംഘത്തെയും ഇവരുടെ തത്വസംഹിതയായ 'മനുസ്മൃതി' അഗ്നിക്കിരയാക്കാന്‍ പ്രേരിപ്പിച്ചത്! അര നൂറ്റാണ്ടുകള്‍ക്കുമുന്‍പ് സംഭവിച്ച ഈ കാര്യങ്ങളൊന്നും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടില്ല. ഇത്തരം കഥാപാത്രങ്ങള്‍ക്ക് ആഗോളവിപണി ഉണ്ടാക്കിക്കൊടുക്കുവാനുള്ള വ്യവഹാര ദല്ലാളുമാരായി കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ദുരന്തത്തിന്റെ ആക്കംകൂട്ടുന്നത്! ഇതിന്റെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'!

ഒരുകാര്യം വിസ്മരിക്കാതിരിക്കുക; ഹിന്ദുമതം എന്നപേരില്‍ ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയത് കുറച്ചുനാളുകള്‍ക്കുമുമ്പ് മാത്രമാണ്. അതിനുമുമ്പ് ഇവര്‍, സത്യദൈവത്തിനു വിരുദ്ധമായി വ്യാജദേവന്മാരെ സേവിക്കുന്ന അനേകം സമൂഹങ്ങളില്‍ ഒന്നുമാത്രമായിരുന്നു. ഹൈന്ദവര്‍ ആരാധിക്കുന്ന മൂര്‍ത്തികളോടു സാദൃശ്യമുള്ള അനേകം വ്യാജദേവന്മാരും ദേവിമാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധിക്കപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. ഇസ്ലാംമതത്തില്‍പ്പോലും ഇത്തരം പ്രാകൃതമൂര്‍ത്തികളുടെ സ്വാധീനം കാണാം. മക്കയിലും മദീനയിലും രഹസ്യമാക്കിവച്ചിരിക്കുന്നത് ഈ നിഗൂഡതയാണ്! പഴയനിയമകാലത്തും സുവിശേഷകാലത്തും നിലവിലുണ്ടായിരുന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ വിജാതിയതയുടെ പൂര്‍ണ്ണതയാണ് ഹൈന്ദവം!

പാരമ്പര്യവൈദ്യവും  ആധുനിക വൈദ്യശാസ്ത്രവും!

ആധുനിക വൈദ്യശാസ്ത്രം വികാസം പ്രാപിക്കുന്നതിനുമുന്‍പ്, മനുഷ്യരുടെ സാന്നിധ്യമുണ്ടായിരുന്ന എല്ലായിടത്തും പാരമ്പര്യവൈദ്യവും ഉണ്ടായിരുന്നു! അലോപ്പതിയും ഹോമിയോപ്പതിയും എന്നാണുണ്ടായതെന്ന്‍ നമുക്കെല്ലാം അറിവുള്ളതാണ്. അതിനുമുന്‍പ്‌ മനുഷ്യര്‍ ആശ്രയിച്ചിരുന്നത് നാട്ടുവൈദ്യന്മാരെയും പ്രകൃതിയില്‍ ലഭ്യമാകുന്ന ഔഷധങ്ങളെയുമായിരുന്നു എന്നകാര്യം എന്തുകൊണ്ടാണ് പലരും വിസ്മരിക്കുന്നത്? ആര്യന്മാര്‍ ഇവയെല്ലാം ചേര്‍ത്ത് ഗ്രന്ഥമുണ്ടാക്കി എന്നു സമ്മതിക്കാം. എന്നാല്‍, ഇവര്‍ക്കുമുന്‍പ് ഇന്ത്യയിലുണ്ടായിരുന്ന ദ്രാവിഡര്‍ ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നില്ല എന്നു ചിന്തിക്കുന്നത് വിവരക്കേടാണ്! ആദിവാസികളിലെ പാരമ്പര്യവൈദ്യന്മാര്‍ ആര്യന്മാരല്ലെന്നും ഓര്‍ക്കണം! ഈ ഭൂഗോളത്തില്‍ എവിടെയെല്ലാം മനുഷ്യര്‍ ജീവിച്ചിട്ടുണ്ടോ, അവിടെയെല്ലാം വൈദ്യന്മാരും ഔഷധങ്ങളും ഉണ്ടായിരുന്നു.

ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍, ആര്യന്മാര്‍ ബുദ്ധിമാന്മാരും വൈദ്യശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ജ്യോതിര്‍ശാസ്ത്രത്തിലും അഗാതമായ ജ്ഞാനമുള്ളവരുമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ആര്യന്മാര്‍ ഇറാന്റെ പരിസരത്തുനിന്നു കുടിയേറിയ ജനതയാണെന്ന നിഗമനത്തിലാണ് ഇന്നു നാമുള്ളത്. ദൃക്സാക്ഷികളോ ശാസ്ത്രീയമായ തെളിവുകളോ ഇല്ലാതെവന്നാല്‍, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധി പറയുന്നതുപോലെ, ചരിത്രപരമായ രേഖകളോ സാക്ഷിമൊഴികളോ ഇല്ലാത്ത അവസ്ഥയില്‍ സാഹചര്യത്തെളിവുകളെ ആശ്രയിച്ച് സത്യം കണ്ടെത്താന്‍ കഴിയും. ആര്യന്മാരുടെ കുടിയേറ്റം എവിടെനിന്നായിരുന്നു എന്ന നിഗമനവും ഈ മാനദണ്ഡം ഉപയോഗിച്ചുള്ളതാകുന്നു. അതിനാല്‍ത്തന്നെ, ഇവരിലൂടെ ലഭ്യമായ ആയുര്‍വേദത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ സാഹചര്യത്തെളിവുകള്‍ അഭികാമ്യമാണ്! ഇത്തരത്തിലുള്ള തെളിവുകള്‍ ശേഖരിക്കുമ്പോള്‍, ആശ്രയിക്കാന്‍ ഏറ്റവും അനുയോജ്യമായ ആധികാരികഗ്രന്ഥം ബൈബിള്‍ മാത്രമാകുന്നു. കാരണം, ചരിത്രം സത്യസന്ധമായി കുറിക്കപ്പെട്ടിരിക്കുന്ന ചരിത്രഗ്രന്ഥംകൂടിയാണ് ബൈബിള്‍!

പുരാതനകാലംമുതല്‍ ഇസ്രായേലില്‍ വൈദ്യന്മാരും ഔഷധവിധികളും ഉണ്ടായിരുന്നവന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. യേഹ്ശുവാ ഇപ്രകാരം പറഞ്ഞു: "ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം"(മത്താ:9;12). യേഹ്ശുവായുടെ പരസ്യജീവിതകാലത്ത് വൈദ്യനും ചികിത്സയുമെല്ലാം ഇസ്രായേലില്‍ ഉണ്ടായിരുന്നുവെന്നതിന് ഈ വചനം സാക്ഷിയാണ്. അന്ന്‍ അലോപ്പതി ചികിത്സ ഇല്ലയിരുന്നുവെന്നതിനാല്‍, സ്വാഭാവികമായും ഏതു വിധത്തിലുള്ള ചികിത്സയായിരിക്കും ഇവിടെ സൂചിപ്പിച്ചിരിക്കുന്നതെന്ന് ഊഹിക്കാവുന്നതെയുള്ളു. സുവിശേഷകനായ ലൂക്കാ ഒരു വൈദ്യനായിരുന്നുവെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം നോക്കുക: "നമ്മുടെ പ്രിയങ്കരനായ ഭിഷഗ്വരന്‍ ലൂക്കായും ദേമാസും നിങ്ങള്‍ക്കു വന്ദനംപറയുന്നു"(കൊളോ: 4; 14).

ക്രിസ്തുവിന് 200 വര്‍ഷങ്ങള്‍ക്കുമുമ്പ് രചിച്ച പ്രഭാഷകന്റെ പുസ്തകത്തില്‍ വൈദ്യനെക്കുറിച്ചും രോഗശാന്തിയെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്ന ശ്രദ്ധിക്കുക: "വൈദ്യനെ ബഹുമാനിക്കുക; നിനക്ക് അവനെ ആവശ്യമുണ്ട്; യാഹ്‌വെയാണ് അവനെ നിയോഗിച്ചത്. വൈദ്യന്റെ ജ്ഞാനം അത്യുന്നതനില്‍നിന്നു വരുന്നു; രാജാവ് അവനെ സമ്മാനിക്കുന്നു. വൈദ്യന്‍റെ വൈഭവം അവനെ ഉന്നതനാക്കുന്നു; മഹാന്മാര്‍ അവനെ പ്രശംസിക്കുന്നു. യാഹ്‌വെ ഭൂമിയില്‍ ഔഷധങ്ങള്‍ സൃഷ്ടിച്ചു; ബുദ്ധിയുള്ളവന്‍ അവയെ അവഗണിക്കുകയില്ല. അവിടുന്ന് വെള്ളത്തെ തടിക്കഷണംകൊണ്ടു മധുരീകരിച്ച് തന്റെ ശക്തി വെളിപ്പെടുത്തുകയില്ലേ? മനുഷ്യന്‍റെ അദ്ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന് അവിടുന്ന് മനുഷ്യര്‍ക്കു സിദ്ധികള്‍ നല്‍കി. അതുമുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു; ഔഷധനിര്‍മ്മാതാവ് അതുപയോഗിച്ചു മിശ്രിതം ഉണ്ടാക്കുന്നു. അവിടുത്തെ പ്രവര്‍ത്തികള്‍ക്ക് അന്തമില്ല; ഭൂമുഖത്ത് അവിടുന്ന് ആരോഗ്യം വ്യാപിപ്പിക്കുന്നു"(പ്രഭാ: 38; 1-8). ആയുര്‍വേദമെന്നും ആര്യവേദമെന്നും ഇന്ത്യ വിളിക്കുന്ന ചികിത്സാരീതി തന്നെയാണ് പ്രഭാഷകന്‍ ഇവിടെ വിവരിച്ചിരിക്കുന്നത്! മറ്റൊരു വചനം ഇങ്ങനെ: "വൈദ്യന് അര്‍ഹമായ സ്ഥാനം നല്‍കുക; യാഹ്‌വെയാണ് അവനെ നിയോഗിച്ചത്; അവനെ ഉപേക്ഷിക്കരുത്; അവനെക്കൊണ്ട് നിനക്കാവശ്യമുണ്ട്. വിജയം വൈദ്യന്റെ കൈകളില്‍ സ്ഥിതിചെയ്യുന്ന അവസരമുണ്ട്. രോഗം നിര്‍ണ്ണയിച്ചു സുഖപ്പെടുത്തി ജീവന്‍ രക്ഷിക്കാന്‍ അവിടുത്തെ അനുഗ്രഹത്തിനായി അവനും യാഹ്‌വെയോടു പ്രാര്‍ത്ഥിച്ചിട്ടുണ്ട്"(പ്രഭാ: 38; 12-14).

ഇതേ കാലഘട്ടത്തില്‍ത്തന്നെ എഴുതപ്പെട്ട മറ്റൊരു ഗ്രന്ഥമാണ് ജ്ഞാനത്തിന്റെ പുസ്തകം. ഈ പുസ്തകത്തിലും മരുന്നിനെക്കുറിച്ച് സൂചന നലിയിട്ടുണ്ട്: "മരുന്നോ ലേപനൌഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്"(ജ്ഞാനം: 16; 12). രോഗമുണ്ടായ കാലംമുതല്‍ വൈദ്യനും ഔഷധക്കൂട്ടുകളും ഉണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ നാം വിസ്മരിക്കരുത്! ഇവയുടെയെല്ലാം കുത്തക തങ്ങളുടെതാണെന്ന ഇന്ത്യയുടെ വാദം തികച്ചും ബാലിശവും നിരര്‍ത്ഥകവുമാണ്. ചരിത്രപരമായ ഒരു രേഖയും അവകാശപ്പെടാനില്ലാത്തതിനാല്‍ ഊഹക്കണക്കുകള്‍ നിരാത്താന്‍ മാത്രമേ ഇന്ത്യയ്ക്ക് കഴിയുന്നുള്ളു. അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിവച്ചതാണെന്ന ഐതീഹ്യങ്ങളാണ് ആധികാരിക രേഖയായി ഹൈന്ദവര്‍ കണക്കാക്കുന്നത്! ചരിത്രരേഖകള്‍ സൂക്ഷിക്കാത്തതിനുപിന്നില്‍ ആര്യന്മാരുടെ കൗശലം ഒളിഞ്ഞിരിപ്പുണ്ട്! തങ്ങളുടെ പൂര്‍വ്വീകര്‍ ഇസ്രയേല്യര്‍ ആണെന്ന സത്യം മറച്ചുവയ്ക്കാനും ആയുര്‍വേദത്തിന്റെ കുത്തക നഷ്ടപ്പെടാതിരിക്കാനും ഇവര്‍ നിര്‍മ്മിച്ച ഭാഷയാണ്‌ സംസ്കൃതം! ആയുര്‍വേദമടക്കം സകല വേദങ്ങളും ഈ ഭാഷയില്‍ രചിക്കുകയും മറ്റുള്ളവരെ ഈ ഭാഷ പഠിക്കുന്നതില്‍നിന്ന്‍ അകറ്റിനിര്‍ത്തുകയും ചെയ്തു. സംസ്കൃതം വേദഭാഷയും ദേവഭാഷയും ആണെന്നു പ്രചരണം നടത്തി, ആര്യന്മാര്‍ മാത്രം ഇതു കൈകാര്യം ചെയ്തത് രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. ഒരു നൂറ്റാണ്ടുമുന്‍പുവരെ ബ്രാഹ്മണര്‍ക്കല്ലാതെ മറ്റാര്‍ക്കും സംസ്കൃതം അറിയില്ലായിരുന്നുവെന്നത് ഗൗരവമായി ചിന്തിക്കണം!

തങ്ങളുടെ പ്രമാണിത്തം അന്യജനതകളുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ബ്രഹ്മഹത്യ മഹാപാപമായി പ്രചരിപ്പിക്കുകയും അവരോടു തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുവാനായി നിയമത്തെ രണ്ടാക്കിയതും ആര്യന്മാരുടെ കൗശലമായിരുന്നു. അന്യജനതകളെ അടിമകളാക്കി അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ബ്രാഹ്മണ്യത്തെ വൈദീകവംശവും സംസ്കൃതത്തെ വേദഭാഷയുമാക്കിയത് ആര്യന്മാരുടെ കൌശലമായിരുന്നുവെന്ന് ഇന്നും തിരിച്ചറിയാത്തവരുണ്ട്. ജനതകളുമായി സമ്പര്‍ക്കമില്ലാതെ, തങ്ങളെത്തന്നെ നിഗൂഡമാക്കി സൂക്ഷിക്കാനും ആയുര്‍വേദം അടക്കമുള്ള വേദങ്ങളെ രഹസ്യമാക്കി വയ്ക്കാനും ഇതുവഴി സാധ്യമായി! ആയുര്‍വേദത്തിന്റെ കുത്തക തങ്ങളുടേതാണെന്ന ഹൈന്ദവരുടെ വാദം ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. പരമ്പരാഗത വൈദ്യത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ പഴയ ചികിത്സാവിധികള്‍ അവസാനിപ്പിച്ച്, ആധുനീക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ തേടുകയും അതില്‍ വിജയംവരിക്കുകയും ചെയ്തു. അവരാണ് ആധുനീക വൈദ്യശാസ്ത്രത്തില്‍ ബഹുഭൂരിപക്ഷവും ലോകത്തില്‍ സംഭാവന ചെയ്തത്! പുതിയ കണ്ടുപിടുത്തങ്ങളുമായി ബഹുദൂരം മുന്നോട്ടുപോകുന്ന ഇവര്‍, പഴയ പാരമ്പര്യത്തിന്റെ അവകാശവുമായി മുന്നോട്ടു വരുന്നില്ല എന്നതാണ് ഹൈന്ദവര്‍ക്കു ലഭിച്ച ഒരു ആനുകൂല്യം. ഒരു നുണ പലവട്ടം ആവര്‍ത്തിച്ച് മിഥ്യാധാരണ ജനിപ്പിക്കുന്ന ശൈലി അനുവര്‍ത്തിച്ചു എന്നതാണ് മറ്റൊന്ന്! അങ്ങനെ ആയുര്‍വേദം ഇന്ത്യയുടെ കുത്തകയായി!

എന്നാല്‍, പരമ്പരാഗത ചികിത്സാവിധികള്‍ ഹൈന്ദവരുടെ കുത്തകയല്ലെന്നു വ്യക്തമാക്കുന്ന മറ്റൊരു തെളിവ് ബൈബിളില്‍നിന്നു നല്‍കാം. അബ്രാഹത്തെ യഹോവ തിരഞ്ഞെടുത്തത് നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. അബ്രാഹത്തിന്റെ കൊച്ചുമകനാണ് യാക്കോബ് എന്നകാര്യം നമുക്കറിയാം. പൂര്‍വ്വപിതാവായ യാക്കോബ് മരിച്ചത് ഈജിപ്തില്‍വച്ചായിരുന്നു. മരണശേഷം ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശുവാന്‍ ജോസഫ് ആജ്ഞാപിക്കുന്നത് ശ്രദ്ധിക്കുക: "അവന്‍ തന്റെ ദാസന്മാരായ വൈദ്യന്മാരോട് പിതാവിന്റെ ശരീരത്തില്‍ പരിമളദ്രവ്യങ്ങള്‍ പൂശാന്‍ ആജ്ഞാപിച്ചു. അവര്‍ അങ്ങനെ ചെയ്തു. അതിനു നാല്പതു ദിവസമെടുത്തു. കാരണം, പരിമളദ്രവ്യം പൂശിത്തീരാന്‍ അത്രയും ദിവസം വേണം"(ഉല്‍പ: 50; 2, 3). നാല്പതു ദിവസം മൃതശരീരം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന ഔഷധങ്ങളും അവ നിര്‍മ്മിക്കാന്‍ അറിവുള്ള വൈദ്യന്മാരും നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പേ ഉണ്ടായിരുന്നു. അത് ഇന്ത്യയില്‍ സംഭവിച്ച കാര്യമല്ലെന്ന് നാം ചിന്തിക്കുമ്പോള്‍, ആയുര്‍വേദത്തിന്റെ 'മോണോപ്പോളി' അവകാശപ്പെടുന്നവരുടെ അല്പത്തരം വ്യക്തമാകും. പൂര്‍വ്വപിതാവ് ജോസഫിന്റെ ശരീരം കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കപ്പെട്ടിരുന്നു എന്നകാര്യവും ബൈബിളിലുണ്ട്. "അവര്‍ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തില്‍ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിച്ചു"(ഉല്‍പ: 50; 26).

നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പും പ്രഗത്ഭരായ വൈദ്യന്മാര്‍ ഇസ്രായേലിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നുവെന്നതിന്റെ ചരിത്രസാക്ഷ്യമാണ് ബൈബിളില്‍ നാം കണ്ടത്. നോഹിനു മുന്‍പുണ്ടായിരുന്ന ജനതകളെല്ലാം പ്രളയത്തില്‍ നശിച്ചുപോയെന്നും, നോഹും നോഹിന്റെ കുടുംബവും മാത്രമാണ് പെട്ടകത്തില്‍ കയറി രക്ഷപ്പെട്ടതെന്നും നമുക്കറിയാം. പ്രളയാനന്തരം നോഹിന്റെ സന്തതികളാണ്‌ ജനതകളായി രൂപപ്പെട്ടത്. നോഹിന്റെ മക്കളുടെ കുടുംബചരിത്രം വിവരിക്കുന്ന ഭാഗത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു: "ദേശവും തലമുറയുമനുസരിച്ച് നോഹിന്റെ മക്കളുടെ ചരിത്രമാണ് ഇത്. ഇവരില്‍നിന്നാണ് ജലപ്രളയത്തിനുശേഷം ജനതകള്‍ ഭൂമിയിലാകെ വ്യാപിച്ചത്"(ഉല്‍പ: 10; 32). എവിടെയെല്ലാമാണ് ജനതകള്‍ ചിതറിപ്പാര്‍ത്തതെന്നും അത് എപ്രകാരം ആയിരുന്നുവെന്നും വ്യക്തമായ വിവരണം ഉല്‍പത്തി പുസ്തകത്തിലെ പത്താം അധ്യായത്തില്‍ വായിക്കാന്‍ കഴിയും! നോഹിന്റെ പത്താമത്തെ തലമുറയിലാണ് അബ്രാഹം ജനിക്കുന്നത്. "നോഹിന് അറുന്നൂറു വയസ്സായപ്പോഴാണ് ഭൂമുഖത്ത് വെള്ളപ്പൊക്കമുണ്ടായത്"(ഉല്‍പ: 7; 6). "വെള്ളപ്പൊക്കത്തിനുശേഷം നോഹ് മുന്നൂറ്റമ്പതു വര്‍ഷം ജീവിച്ചു. നോഹിന്റെ ജീവിതകാലം തൊള്ളായിരത്തിയമ്പതു കൊല്ലമായിരുന്നു; അവനും മരിച്ചു"(ഉല്‍പ: 9; 28, 29). ഒരു കല്ല്‌ ചൂണ്ടിക്കാട്ടിയിട്ട്‌, അഞ്ഞൂറുകോടി വര്‍ഷം പഴക്കമുണ്ടെന്നു ശാസ്ത്രം പറഞ്ഞാല്‍, കണ്ണടച്ചു വിശ്വസിക്കുന്ന ബുദ്ധിജീവികള്‍, നോഹിന്റെ പ്രായം കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നത് ഈ ലോകത്തിന്റെ പ്രത്യേകതയായി മാത്രമേ മനോവ കാണുന്നുള്ളൂ!

ഷേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു വെള്ളപ്പൊക്കത്തെ അതിജീവിച്ച നോഹയുടെ പുത്രന്മാര്‍. ഇവര്‍ മൂവര്‍ക്കുംകൂടി പതിനാറ് ആണ്‍മക്കളാണ് ജനിച്ചത്. ഇവരെല്ലാവരും വ്യത്യസ്തമായ നാടുകളില്‍ ചിതറിപ്പാര്‍ക്കുകയും വിവിധങ്ങളായ ഭാഷകള്‍ സംസാരിക്കുകയും ചെയ്തതായി ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. യാഫെത്തിന്റെ പുത്രന്മാരെക്കുറിച്ച് വചനം പറയുന്നത് ഇതാണ്: "ഇവരുടെ സന്തതികളാണ്‌ കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങള്‍. അവര്‍ തങ്ങളുടെ ദേശങ്ങളില്‍ വെവ്വേറെ ഭാഷകള്‍ സംസാരിച്ച്, വെവ്വേറെ ഗോത്രങ്ങളും ജനതകളുമായി പാര്‍ത്തുവരുന്നു"(ഉല്‍പ: 10; 5). അതുപോലെതന്നെ ഹാമിന്റെ അഞ്ചു പുത്രന്മാരും അവരുടെ പുത്രന്മാരും വ്യത്യസ്ത നാടുകളിലേക്കു കുടിയേറിയതായി ഈ അദ്ധ്യായത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹാമിന്റെ പുത്രന്മാരില്‍ ഒരുവനായിരുന്ന കാനാനില്‍നിന്ന് ഉത്ഭവിച്ച വംശങ്ങള്‍ ഇവരായിരുന്നു: "ജബൂസ്യര്‍, അമോര്യര്‍, ഗിര്‍ഗാഷ്യര്‍, ഹിവ്യര്‍, അര്‍ക്കീയര്‍, സീന്യര്‍, അര്‍വാദീയര്‍, സെമറീയര്‍, ഹമാത്ത്യര്‍ എന്നീ വംശങ്ങളുടെ പൂര്‍വ്വീകനായിരുന്നു കാനാന്‍. പില്‍ക്കാലത്ത് കാനാന്‍ കുടുംബങ്ങള്‍ പലയിടത്തേക്കും വ്യാപിച്ചു"(ഉല്‍പ: 10; 17-19). ജനതകളുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ഉല്‍പത്തി പുസ്തകത്തിലെ പത്താം അദ്ധ്യായം വായിച്ചാല്‍ മതിയാകും.

ഷേമിന്റെ വംശാവലിയിലാണ് അബ്രാഹം ജനിക്കുന്നത്.  യാഹ്‌വെയ്ക്കു പ്രീതികരമായ ജീവിതം നയിച്ച അബ്രാഹത്തെ അവിടുന്ന് വിളിച്ചു വേര്‍തിരിച്ചു. എന്നാല്‍, അബ്രാഹത്തിന്റെ സന്തതിപരമ്പരകളില്‍ എല്ലാവരും സത്യദൈവത്തോടു ചേര്‍ന്നുനിന്നവരായിരുന്നില്ല. വംശശുദ്ധി പാലിക്കാത്തവരെ യാഹ്‌വെ അംഗീകരിക്കാത്തതിനാല്‍, അത്തരക്കാര്‍ പുറന്തള്ളപ്പെട്ടു. ഇപ്രകാരം പുറന്തള്ളപ്പെട്ടവരാണ് ഇസ്മായേലും ഏസാവും! ഇവര്‍ വിവാഹം ചെയ്തത് തിരഞ്ഞെടുക്കപ്പെട്ട വംശത്തില്‍നിന്നായിരുന്നില്ല! അബ്രാഹത്തിന്റെ വാഗ്ദത്ത സന്തതിയായ ഇസഹാക്കിനെ യാഹ്‌വെ അനുഗ്രഹിച്ചതുപോലെ, അവന്റെ സന്തതികളില്‍ യാക്കോബിനെ തിരഞ്ഞെടുക്കുകയും അനുഗ്രഹിക്കുകയും ചെയ്തു! പിന്നീട് അവന്റെ സന്തതികളില്‍ ആരെയും യാഹ്‌വെ തള്ളിക്കളഞ്ഞില്ല. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളായി അവര്‍ ഇന്നും അറിയപ്പെടുന്നു! അന്യദേവന്മാരെ ആരാധിക്കുന്ന ജനതയുമായി ഇടകലര്‍ന്ന് പരമ്പരകളെ സൃഷ്ടിക്കുന്നത് യാഹ്‌വെയ്ക്കു സ്വീകാര്യമല്ല! അതുകൊണ്ടാണ്, അന്നും ഇന്നും മിശ്രവിവാഹത്തെ യാഹ്‌വെ വെറുക്കുന്നത്! ഇതിനു വിരുദ്ധമായ നിയമങ്ങള്‍ ആരെങ്കിലും നിര്‍മ്മിച്ചാല്‍, അവര്‍ക്കു യാഹ്‌വെയുടെ രാജ്യത്ത് ഓഹരിയുണ്ടാകില്ല!

ലളിതമായിട്ടെങ്കിലും ഒരു ചരിത്രവിവരണം ഇവിടെ നല്‍കിയത്, ലോകത്ത് ജനതകള്‍ വ്യാപിച്ചതിന്റെ വഴികള്‍ ഓര്‍മ്മപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. ജനതകള്‍ എവിടെനിന്ന് ഉത്ഭവിച്ചുവോ അവിടെനിന്നുതന്നെയാണ് ലോകത്തുണ്ടായ എല്ലാ വികസനങ്ങളും ഉത്ഭവിച്ചത്! അതിന്റെ വ്യക്തമായ തെളിവുകള്‍ ബൈബിളിലും രേഖപ്പെടുത്തപ്പെട്ട മറ്റു ചരിത്രങ്ങളിലും കാണാന്‍ സാധിക്കും.

ഇന്ത്യയില്‍ കുടിയേറിയ ആര്യന്മാര്‍ കുടിയേറ്റാനന്തരം ഇവിടെവച്ചു കണ്ടെത്തിയതായിരുന്നു ആര്യവൈദ്യമെങ്കില്‍ അതിന്റെ തുടര്‍ച്ചയും ഉണ്ടാകുമായിരുന്നു. ആരംഭത്തില്‍ ഉണ്ടായിരുന്നതില്‍നിന്നു വ്യത്യസ്ഥമായ ഒരു പുരോഗതിയും ഈ വൈദ്യശാസ്ത്രത്തില്‍ ആര്യന്മാര്‍ കാഴ്ചവച്ചിട്ടില്ല എന്നതുതന്നെ ഇവര്‍ക്കു പാരമ്പര്യമായി കിട്ടിയ പൈതൃകം മാത്രമാണ് ആര്യവൈദ്യം എന്നതിന്റെ തെളിവാണ്. എന്നാല്‍, ഇതിന്റെ ഉപജ്ഞാതാക്കള്‍ ആരാണെന്നറിയണമെങ്കില്‍ വൈദ്യശാസ്ത്രത്തിലെ പുരോഗതിയിലേക്കു നോക്കിയാല്‍ മതി. പൗരാണിക വൈദ്യശാസ്ത്രത്തിന്റെ തുടര്‍ച്ചയാണ് ആധുനിക വൈദ്യശാസ്ത്രം! ഇതില്‍ ഏറ്റവുമധികം കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളവര്‍ യഹൂദരാണെന്ന യാഥാര്‍ത്ഥ്യം ആര്യവൈദ്യത്തിന്റെ ഉത്ഭവസ്ഥാനത്തെ തുറന്നുകാട്ടുന്നു! ആര്യവൈദ്യം ആര്യന്മാര്‍ സ്വന്തമായി കണ്ടെത്തിയതായിരുന്നുവെങ്കില്‍, തീര്‍ച്ചയായും അതിന്റെ തുടര്‍ കണ്ടെത്തലുകള്‍ അവരില്‍നിന്നുണ്ടാകുമായിരുന്നു. പഴയ വീഞ്ഞ് പുതിയ 'ലേബല്‍' ഒട്ടിച്ചു വിപണിയില്‍ ഇറക്കുകയല്ലാതെ, പുതിയതായി ഒരു സംഭാവനയും നല്‍കാന്‍ ആയുര്‍വേദത്തിന്റെ അവകാശികള്‍ ചമയുന്നവര്‍ക്കു സാധിക്കുന്നില്ല! കളഞ്ഞുകിട്ടിയ വസ്തു കൈവശംവച്ചവന്റെ അറിവുമാത്രമേ ഈ വസ്തുവിനെക്കുറിച്ച് അവനുണ്ടാകൂ!

നമ്മുടെ നാട്ടില്‍ പണ്ടൊക്കെ കൗമാരക്കാരായ ആണ്‍കുട്ടികള്‍ നാടുവിട്ടു പോകുന്ന ഒരു പ്രവണതയുണ്ടായിരുന്നു. ഇങ്ങനെ ഒളിച്ചോട്ടം നടത്തുന്നവര്‍, കൈയ്യില്‍കിട്ടുന്നതൊക്കെ എടുത്തുകൊണ്ടായിരിക്കും കടന്നുകളയുന്നത്! ഇത്തരത്തില്‍ നാടുവിട്ടുപോന്നപ്പോള്‍, സ്വന്തം ഭവനത്തില്‍നിന്നും അപഹരിച്ചു കൊണ്ടുവന്നവയില്‍ ഒന്നായിരുന്നു ഈ വൈദ്യവിദ്യയും! സ്വന്തമായി ഉണ്ടാക്കിയതല്ലാത്തതുകൊണ്ട്, അതിനെ വികസിപ്പിക്കാനോ തുടര്‍പരീക്ഷണങ്ങള്‍ നടത്താനോ ഇവര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍, ഇതിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍ വൈദ്യശാസ്ത്രത്തില്‍ ഉന്നതമായ സംഭാവനകള്‍ ഈ ലോകത്തിനു നല്‍കി! മാത്രവുമല്ല, ഈ ഭൂമുഖത്തെ ജനസംഖ്യയുടെ ആറിലൊന്നും അധിവസിക്കുന്നത് ഭാരതത്തിലായിരുന്നിട്ടും ഇവരില്‍നിന്ന് ഈ ലോകത്തിന് എന്തു സംഭാവനയാണു ലഭിച്ചത്? ആയുര്‍വേദവും യോഗയുമല്ലാതെ മറ്റെന്തെങ്കിലും നല്‍കാന്‍ ഈ ജനതയ്ക്കു കഴിയാത്തതില്‍നിന്നുതന്നെ, ഇതിന്റെ അവകാശവാദത്തെ സംശയിക്കണം! 

ആര്യവൈദ്യത്തില്‍ 'മന്ത്രവാദം' കൂട്ടിക്കലര്‍ത്തിയപ്പോള്‍!

യാഹ്‌വെ നല്‍കിയ വൈദ്യശാസ്ത്രത്തില്‍ മന്ത്രവാദമെന്ന പൈശാചികത സംയോജിപ്പിച്ചാണ് ആയുര്‍വേദം അവതരിപ്പിച്ചിരിക്കുന്നത്! ഈ മന്ത്രവാദംപോലും ഇന്ത്യയുടെ സംഭാവനയായിരുന്നില്ല എന്നതാണു വസ്തുത! ദൈവമായ യാഹ്‌വെ അബ്രാഹത്തെ തിരഞ്ഞെടുക്കുന്നതിനുമുമ്പും അതിനുശേഷവും ആ ദേശത്തെ ജനതകള്‍ക്കിടയില്‍ മന്ത്രവാദവും ക്ഷുദ്രവിദ്യകളും ഉണ്ടായിരുന്നതായി ബൈബിള്‍ വായിച്ചാല്‍ മനസ്സിലാകും. അതുകൊണ്ടുതന്നെയാണ് ഇത്തരം ദുരാചാരങ്ങള്‍ അരുതെന്ന കല്പന യാഹ്‌വെ നല്‍കിയത്. ഇല്ലാത്ത ഒന്നിനെ നിയമംമൂലം നിരോധിക്കേണ്ടാതില്ല എന്നകാര്യം സാമാന്യബുദ്ധികൊണ്ടുതന്നെ തിരിച്ചറിയാന്‍ കഴിയുമല്ലോ! യാഹ്‌വെയുടെ നിയമം ശ്രദ്ധാപൂര്‍വ്വം വായിക്കുക: "മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രവിദ്യക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങളുടെയിടയില്‍ ഉണ്ടായിരിക്കരുത്"(നിയമം: 18; 9-11).

ഇത്തരത്തിലുള്ള എല്ലാത്തരം തിന്മകളും അന്ന്‍ ഇസ്രായേലില്‍ ഉണ്ടായിരുന്നു എന്നതാണ് ഈ നിയമത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. മന്ത്രവാദികളും വെളിച്ചപ്പാടുകളും ധാരാളമായുള്ള ഹിന്ദുമതത്തിന്റെ ആവിര്‍ഭാവം എവിടെനിന്നാണെന്നു തിരിച്ചറിയാന്‍ ഈ വചനം മതിയാകും. ആയുര്‍വേദത്തെയും പാരമ്പര്യവൈദ്യന്മാരെയും അടുത്തറിഞ്ഞിട്ടുള്ളവര്‍ക്ക് ഈ ചികിത്സാവിധികളില്‍ മന്ത്രവാദത്തിനുള്ള സ്വാധീനവും മനസ്സിലാക്കാന്‍ കഴിയുന്നതാണ്! സത്യദൈവത്തെ നിഷേധിച്ചവര്‍ ഈ വൈദ്യവിദ്യ കൈകാര്യംചെയ്തപ്പോള്‍, അന്യദേവന്മാരുടെ ആരാധനയും ഇതിന്റെ ഭാഗമാക്കി മാറ്റുകയും പലതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ ഈ ചികിത്സാവിധിയോടു സമന്വയിപ്പിക്കുകയും ചെയ്തു! ദൈവമായ യാഹ്‌വെ നല്‍കിയ ദാനത്തെ അവിടുന്നു വെറുക്കുന്ന തിന്മകളുമായി സംയോജിപ്പിച്ച് ആയുര്‍വേദമാക്കിയപ്പോള്‍, അത് ഇന്ത്യയുടെ പൈതൃകസ്വത്തായി!

യോഗയും ബുദ്ധമതവും!

ക്രിസ്തുവിന് അഞ്ഞൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായതെന്നു പറയപ്പെടുന്ന ബുദ്ധമതത്തിനും ഇസ്രായേലിലെ സദുക്കായ വിഭാഗവുമായി അഭേദ്യമായ ബന്ധം കാണാന്‍ കഴിയും. പുനരുത്ഥാനത്തിലും ആത്മാവിലും വിശ്വസിക്കാത്ത വിഭാഗമാണ്‌ സദുക്കായരെന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബുദ്ധന്‍ പ്രചരിപ്പിച്ചതും ഇതേ ആശയം തന്നെയായിരുന്നു. ഈ സ്വാധീനമാണ്, പുനഃര്‍ജന്മസിദ്ധാന്തത്തിനു നിദാനമായത്! ബുദ്ധന്‍ പഠിപ്പിച്ചത് ദൈവമില്ലെന്ന ഭോഷ്ക്കായിരുന്നുവെന്ന്‍ ഇവന്റെ ചരിത്രം അറിയാവുന്നവര്‍ ഗ്രഹിച്ചിട്ടുണ്ട്. മരണാനന്തരം ഇവനെതന്നെ ദൈവമാക്കാന്‍ അനുയായികള്‍ തയ്യാറായി എന്നത് മറ്റൊരു വസ്തുത! ഈഴവദൈവമായ നാരായണഗുരുവിന്റെ കഥയും സമാനമാണ്. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നായിരുന്നു ഇയാള്‍ അനുയായികളെ പഠിപ്പിച്ചതെങ്കിലും, മരണാനന്തരം ഈഴവര്‍ ഇയാളെയും അനേക ദൈവങ്ങളില്‍ ഒരുവനാക്കി!

ബുദ്ധമതവും ഹിന്ദുമതവും തമ്മില്‍ അടിസ്ഥാനപരമായി വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല! ഹിന്ദു എന്നപേരില്‍ ഒരു മതം അറിയപ്പെടുന്നതിനു മുന്‍പുതന്നെ ബുദ്ധമതമുണ്ട്. ശബരിമലയിലെ അയ്യപ്പനടക്കം ഹൈന്ദവരുടെ പല ദേവന്മാരും ബുദ്ധമത സ്വാധീനത്തില്‍ ഉണ്ടായിട്ടുള്ളതാണ്! ഈ മതങ്ങളുടെ സംയുക്ത ഉത്പന്നമായി കണക്കാക്കപ്പെടുന്ന യോഗയുടെ ഉത്ഭവവും ഇസ്രായേലിലെ വഴിപിഴച്ച ജനതയില്‍നിന്നായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! ഈ വസ്തുതയ്ക്കും വ്യക്തമായ തെളിവുകള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും!

'യോഗ' എന്നത് ആത്മീയതയില്‍ അടിത്തറയുള്ള ഒരു വ്യായാമമുറയാണ്‌. പ്രാര്‍ത്ഥനയെ വ്യായാമമാക്കി മാറ്റിയതാണ് 'യോഗ'യെന്നു പറയുന്നതാകും കൂടുതല്‍ അനുയോജ്യം! എന്താണ് യോഗയെന്ന വിവരണത്തിന് ഇവിടെ മുതിരുന്നില്ല; കാരണം, ഇതിന്റെ പൈശാചികത വ്യക്തമാക്കുന്ന ഒന്നിലധികം ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ നാം ചിന്തിക്കുന്നത് യോഗയുടെ ഉത്ഭവം എവിടെനിന്നായിരുന്നു എന്നതിനെക്കുറിച്ചാണ്.

സൂര്യനെയും മറ്റ് പ്രകൃതിശക്തികളെയും നമസ്ക്കരിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് യോഗ രൂപപ്പെടുത്തിയിട്ടുള്ളതെന്ന്‍ ഇതു പരിശീലിക്കുന്നവര്‍ക്കും ഇതിനെക്കുറിച്ച്‌ പഠിച്ചിട്ടുള്ളവര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല! ഇത്തരം നമസ്കാരങ്ങള്‍ക്ക് ശാസ്ത്രീയ മാനം കല്പിച്ചുനല്കുകയാണ് ആധുനീകലോകം ചെയ്തിട്ടുള്ളത്. ബുദ്ധമതക്കാരും ഹൈന്ദവരും ഒന്നുപോലെ ഇതിന്റെ പിതൃത്വം അവകാശപ്പെടുന്നു. ഇവരുടെ മതവിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി ചിന്തിച്ചാല്‍, ഇവര്‍ ഇരുകൂട്ടര്‍ക്കും ഈ അവകാശം ഉന്നയിക്കാവുന്നതാണ്! കാരണം, ഈ രണ്ടു മതങ്ങളുടെയും ഉത്ഭവം ഇന്ത്യയില്‍നിന്നുതന്നെ ആകുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ആര്യന്മാരില്‍നിന്നാണ് യോഗയുടെയും ഉത്ഭവം! ആര്യന്മാര്‍ക്ക് ഈ സിദ്ധാന്തം എവിടെനിന്നു ലഭിച്ചുവെന്ന് അറിയണമെങ്കില്‍ ബൈബിളിലേക്കു തിരിയണം.

പ്രവാചകകാലത്ത് ഇത്തരത്തിലുള്ള ആരാധനകള്‍ ഉണ്ടായിരുന്നുവെന്നും യാഹ്‌വെ കര്‍ശനമായി ഇതിനെ വിലക്കിയിരുന്നുവെന്നും ബൈബിളില്‍ കാണാന്‍ കഴിയും. മോശയുടെ നിയമത്തില്‍ ഇപ്രകാരം വായിക്കുന്നുണ്ട്: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും -എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം: 4; 19). മറ്റൊരു വചനം നോക്കുക: "നിന്റെ ദൈവമായ യാഹ്‌വെ നിനക്കു തരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെ ഉടമ്പടി ലംഘിക്കുകയോ ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന്‍ ആരെങ്കിലും പറഞ്ഞു നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രായേലില്‍ അങ്ങനെയൊരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍, ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം"(നിയമം: 17; 2-5). ഇതിനെ ഒരു ഹീനകൃത്യമായിട്ടാണ് യാഹ്‌വെ കാണുന്നതെന്ന് ഈ വചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത്തരം പാപങ്ങള്‍ സമൂഹത്തില്‍ വ്യാപിക്കാതിരിക്കാനാണ് വധശിക്ഷ നല്‍കി ഈ പാപം സമൂഹത്തില്‍നിന്നു നീക്കിക്കളയുന്നത്. ഇത്തരത്തില്‍ വധശിക്ഷയര്‍ഹിക്കുന്നവര്‍ പിടികൊടുക്കാതെ ഓടിയൊളിക്കാറുണ്ട്. അപ്രകാരം നാടുവിട്ടവരുടെ സംഘം, തങ്ങളുടെ പ്രവര്‍ത്തികള്‍ അന്യദേശങ്ങളില്‍ നിര്‍ഭയം തുടരും എന്നത് സ്വാഭാവികം മാത്രമാകുന്നു.

ഇന്ത്യയില്‍ എത്തിച്ചേര്‍ന്നവര്‍ ഇത്തരത്തിലുള്ള പൈശാചിക കൃത്യങ്ങള്‍, തങ്ങള്‍ നിര്‍മ്മിച്ച ദേവീ-ദേവന്മാര്‍ക്ക് ആരാധനയായി അര്‍പ്പിച്ചു! കാലാകാലങ്ങളില്‍ പരിഷ്കരിക്കുകയും ആധുനികയുഗത്തില്‍ ചില ശാസ്ത്രീയ മേമ്പൊടികള്‍ ചേര്‍ക്കുകയും ചെയ്തപ്പോള്‍, 'യോഗ' ഒരു വ്യായാമ മുറയായി! വ്യായാമമായിട്ടോ ആത്മീയ ആചാരമായിട്ടോ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ യാഹ്‌വെ ഏതു വിധത്തിലാണ് കാണുന്നതെന്നറിയാന്‍ എസക്കിയേല്‍ പ്രവാചകന്റെ പുസ്തകം പരിശോധിച്ചാല്‍ മതി. അവിടെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു"(എസെ: 8; 16, 17). യോഗാധ്യാനങ്ങള്‍ സംഘടിപ്പിക്കുന്ന പുരോഹിതന്മാര്‍ക്കുകൂടിയുള്ള താക്കീതാണിത്! കിഴക്കോട്ടു തിരിഞ്ഞു മാത്രമേ പ്രാര്‍ഥിക്കൂ എന്ന്‍ വാശിപിടിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളും യാഹ്‌വെയെ നിഷേധിക്കുകയാണെന്ന് നാം തിരിച്ചറിയണം. ഇതിനെ ന്യായീകരിക്കാന്‍ ഇക്കൂട്ടര്‍ നിരത്തുന്ന വാദങ്ങളൊന്നും സത്യത്തോട് നീതിപുലര്‍ത്തുന്നവയല്ല!

വിഷയത്തില്‍നിന്നു വ്യതിചലിക്കാതെതന്നെ ലേഖനം ഉപസംഹരിക്കേണ്ടിയിരിക്കുന്നു. ഇവിടെ പ്രതിപാദിച്ച വിഷയത്തിന്റെ അന്തഃസത്ത വായനക്കാര്‍ക്കു വ്യക്തമായി എന്ന് മനോവ കരുതുന്നു. ആര്‍ഷഭാരതസംസ്കാരമെന്ന് വിളിച്ചുകൂവുന്നവര്‍ അതിന്റെ ഉത്ഭവത്തെ അറിയാതിരിക്കുകയോ സ്ഥാപിതതാത്പര്യങ്ങള്‍ സംരക്ഷിക്കാനായി സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുകയോ ആണു ചെയ്യുന്നത്! ഇസ്രായേലിനു നിഷിദ്ധമായതും ഇസ്രായേലിന്റെ ദൈവത്തിനു അപ്രിയവുമായ ആചാരങ്ങള്‍ ആധുനീക ഇസ്രായേലിന് എങ്ങനെയാണ് സ്വീകര്യമായതെന്ന് ചിന്തിക്കുമ്പോള്‍, യഥാര്‍ത്ഥ ഇടയന്മാരെ തിരിച്ചറിയാന്‍ സഹായകമാകും എന്നകാര്യം തീര്‍ച്ച! ഹിന്ദുമതത്തിന്റെ അടിസ്ഥാനം ആര്യന്മാരാണെന്നതിന്റെ വ്യക്തമായ മറ്റൊരു തെളിവുകൂടി നല്‍കാം.

ശാസ്ത്രീയ നൃത്തങ്ങളും ഗാനങ്ങളും അഭ്യസിച്ചിട്ടുള്ള പലരും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളതായി നമുക്കറിയാം. ക്രൈസ്തവരായിരുന്ന ചലച്ചിത്രനടിമാരില്‍ മിക്കവരും ഹിന്ദുമതത്തിലേക്ക് കുടിയേറിയത് നാം മനസ്സിലാക്കിയിട്ടുണ്ട്. ഇവര്‍ പ്രശസ്തരായതുകൊണ്ടാണ് മാധ്യമശ്രദ്ധ ലഭിച്ചതും ലോകം അറിഞ്ഞതും. എന്നാല്‍, അറിയപ്പെടാത്തവര്‍ ഇതിലും കൂടുതലാണെന്നത് പലരും തിരിച്ചറിയുന്നില്ല! ഇത്തരത്തിലോ അല്ലാതെയോ ഹിന്ദുമതത്തിലേക്ക് ഒരു വ്യക്തി കുടിയേറുന്നത് ആര്യസമാജം വഴിയാണെന്നതിലൂടെ ഹിന്ദുത്വത്തിന്റെ പ്രഭവകേന്ദ്രം വെളിപ്പെടുകയാണ്! ആര്യന്മാര്‍ക്കുമുമ്പ് ഇന്ത്യയിലുണ്ടായിരുന്ന ദ്രാവിഡര്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളല്ല; എന്നാല്‍, സത്യദൈവത്തെ ആരാധിക്കാത്ത സകലരും വിജാതിയരാണെന്ന അടിസ്ഥാനതത്വം നിലനില്‍ക്കുന്നതുകൊണ്ട് ഇവരെല്ലാം ഒന്നാണ്!

ഇനി ചിന്തിക്കുക: ആര്‍ഷഭാരതസംസ്കാരത്തിലേക്കു മടങ്ങിപ്പോകണമെന്നു വാദിക്കുന്നവര്‍ യഥാര്‍ത്ഥ സത്യത്തിലേക്കാണോ മടങ്ങുന്നത്? സത്യദൈവത്തെ നിഷേധിച്ചവരും ദൈവജനത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകക്ഷി സംസ്കാരമാണ് ആര്‍ഷഭാരതസംസ്കാരം! ഇതിനെ അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തെ പരിത്യജിക്കുകയാണ് ചെയ്യുന്നത്!

യേഹ്ശുവാ ഒരു യോഗാചാര്യനോ?

യേഹ്ശുവായെ ഒരു യോഗിയാക്കാനുള്ള കുതന്ത്രം സാത്താനും അവന്റെ ദൂതന്മാരും നടത്തുന്നത് ആര്യന്മാരെ മുന്‍നിര്‍ത്തിയാണ്. പന്ത്രണ്ടു വയസ്സുമുതല്‍ 30 വയസ്സുവരെയുള്ള യേഹ്ശുവായുടെ ജീവിതത്തെക്കുറിച്ച് ബൈബിളില്‍ വിവരണമില്ല എന്നതുകൊണ്ട്, ആ ഭാഗം പൂരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്യന്മാര്‍! തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ കഥകളുണ്ടാക്കാന്‍ മുന്‍പേ ഇവര്‍ സമര്‍ത്ഥരായിരുന്നു! അതിന്റെ വ്യക്തമായ തെളിവാണ് ഹൈന്ദവ വേദങ്ങള്‍ അഥവാ ആര്യവേദം! ഇവര്‍ ഭാവനയിലുണ്ടാക്കിയ ദൈവങ്ങളെയാണ് ഹിന്ദുക്കള്‍ അവരുടെ ഔദ്യോഗിക ദൈവങ്ങളായി പരിഗണിച്ചു തോളിലേറ്റിയിരിക്കുന്നത്! ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെയ്ക്കു ബദലായി ദൈവങ്ങളെ സൃഷ്ടിക്കാന്‍ ഇവര്‍ എന്നും താത്പര്യം കാട്ടിയിരുന്നു! ത്രിത്വം എന്ന ആശയം ഇസ്രായേലില്‍നിന്നു കടമെടുത്ത്, ബഹ്മാവിനെയും വിഷ്ണുവിനെയും മഹേശനെയും ഇവര്‍ വാര്‍ത്തെടുത്തു! കാരണം, ത്രിത്വത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പ്രാവചക ഗ്രന്ഥങ്ങളില്‍ വ്യക്തതയോടെ നല്‍കിയിട്ടുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ക്രൈസ്തവവിശ്വാസം ഇതില്‍നിന്നു കടംകൊണ്ടതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഇരകളായി മാറിയ ക്രിസ്ത്യാനികള്‍ വചനം പഠിക്കാത്തവരാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല!

ത്രിത്വമെന്ന ആശയത്തിലൂന്നി മൂന്നു പ്രധാന ദൈവങ്ങളെ ഉണ്ടാക്കിയെങ്കിലും, തങ്ങളുടെ പൈശാചികതയുടെ മൂര്‍ത്തീഭാവമായ വിഗ്രഹങ്ങളെ അവഗണിക്കാനും ഇവര്‍ തയ്യാറായില്ല! പരിശുദ്ധാത്മാവിനു പകരക്കാരനായി ആര്യന്മാരുണ്ടാക്കിയ ശിവനെ അലങ്കരിക്കാന്‍ പാമ്പുകളെ തിരഞ്ഞെടുത്തത് പഴയ സര്‍പ്പാരാധനയുടെ ഭാഗമായി കാണണം. മാത്രവുമല്ല, പരിശുദ്ധാത്മാവിനെ അവഹേളിക്കാന്‍ ഇതില്‍പ്പരം മറ്റൊന്നില്ലല്ലോ! അബ്രാഹത്തിന്റെ സന്തതികളിലെ മ്ലേച്ഛന്മാര്‍ സര്‍പ്പത്തെ ആരാധിച്ചിരുന്നവര്‍ ആയിരുന്നു! കാളക്കുട്ടിയെ വാര്‍ത്തെടുത്തു ദൈവത്തോടു മറുതലിച്ചവരുടെ പിന്മുറക്കാരാണ് ആര്യന്മാര്‍ എന്നതിന്റെ മറ്റൊരു തെളിവാണ്, 'ഗോമതേശ്വരി' എന്ന പൈശാചിക മൂര്‍ത്തി!

ഇസ്രായേലിന്റെ ദൈവത്തോടു സാദൃശ്യമുള്ള വ്യാജദൈവങ്ങളെ സൃഷ്ടിച്ചതിനുപിന്നില്‍ പൈശാചികമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. പാപം ചെയ്തതുമൂലം സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരും അബ്രാഹത്തിന്റെ സന്തതികളിലെ വഴിപിഴച്ച വിഭാഗവുമായ ആര്യന്മാരെ പിശാച് അവന്റെ ഇഷ്ടനിര്‍വ്വഹണത്തിനായി ഏറ്റെടുത്തു. ഇവരിലൂടെ, നിഗൂഢമായ ഒരു പദ്ധതി അവന്‍ ആസൂത്രണംചെയ്തു! വരാനിരിക്കുന്ന രക്ഷകനെ നിഷേധിക്കാന്‍ കൌശലപൂര്‍വ്വം സാത്താന്‍ നടത്തിയ മുന്നൊരുക്കമായിരുന്നു ഈ ആസൂത്രണം! ആര്‍ഷഭാരത സംസ്കാരമെന്നും ആര്യവേദമെന്നുമൊക്കെ പേരിട്ട്, ഏറ്റവും പൗരാണികമതമാണ്‌ ഇതെന്നു വരുത്താന്‍ ഇവരിലൂടെ സാത്താന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമായിരുന്നു. കാക്കത്തൊള്ളായിരം, മുന്നൂറ്റിമുക്കോടി തുടങ്ങിയ മനുഷ്യനു മനസ്സിലാക്കാന്‍ കഴിയാത്ത സംഖ്യകള്‍ അവതരിപ്പിച്ചത് ഇവരുടെ പഴമയെക്കുറിച്ചുള്ള മിഥ്യാധാരണ ലോകത്തു പരത്താനായിരുന്നു. ഒറിജിനലിനെ വ്യാജനും വ്യാജനെ ഒറിജിനലുമാക്കാനുള്ള കുത്സിതശ്രമം ഇവരുടെ മുഴുവന്‍ പ്രചരണങ്ങളിലുമുണ്ട്. ഇതിന്റെ പ്രകടമായ തെളിവാണ്, ത്രിത്വം എന്ന ആശയം ഭാരതീയതയില്‍നിന്നു ക്രിസ്ത്യാനികള്‍ കടമെടുത്തതാണെന്നു ഹിന്ദുക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. മോശയുടെ നിയമത്തെക്കുറിച്ചു ത്രിത്വത്തെക്കുറിച്ചോ വലിയ ധാരണയില്ലാത്ത 'കാവിക്രൈസ്തവര്‍' ഇതിന്റെ പ്രചരണത്തില്‍ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നുമുണ്ട്.

മോശയുടെ നിയമഗ്രന്ഥങ്ങളെ അപ്രസക്തമെന്നു പ്രഖ്യാപിക്കാന്‍ ആവേശംകൊള്ളുന്ന ക്രിസ്ത്യാനികള്‍ ഇതിലൂടെ സുവിശേഷങ്ങളോടുള്ള പ്രണയമാണ് വ്യക്തമാക്കുന്നതെന്ന് ആരും ധരിക്കേണ്ടാ. സാത്താന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളായ ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി സംഘത്തിന്റെ കുതന്ത്രമാണിത്! ഇവരെല്ലാം ലക്ഷ്യംവച്ചിരിക്കുന്നത് യേഹ്ശുവായെയാണെന്നു മനസ്സിലാക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. യേഹ്ശുവാ ഭാരതത്തില്‍വന്നു വേദവും യോഗയും പഠിച്ചു സിദ്ധിനേടിയതാണെന്ന്, പ്രചരിപ്പിക്കാന്‍ ഇത്തരം മുന്നൊരുക്കങ്ങള്‍ അനിവാര്യമായിരുന്നു! യോഗാധ്യാനങ്ങളും വിജാതിയമായ മറ്റ് ആചാരങ്ങളുമായി വിലസുന്ന ക്രിസ്തീയ വൈദീകര്‍ സാത്താന്റെ അഭിഷിക്തരും വിജാതിയതയുടെ അപ്പസ്തോലന്മാരുമാണെന്നു വിശ്വാസികള്‍ തിരിച്ചറിയണം! യേഹ്ശുവാ ഒരു യോഗാചാര്യന്‍ ആയിരുന്നുവെങ്കില്‍, അവിടുത്തെ പ്രാര്‍ത്ഥനകളില്‍ അതിന്റെ സ്വാധീനം ഉണ്ടാകുമായിരുന്നു! ഇത്തരത്തിലുള്ള ഒരു ശൈലിയും അവിടുന്നു സ്വീകരിച്ചിട്ടുമില്ല, മറ്റുള്ളവരെ പഠിപ്പിച്ചിട്ടുമില്ല. ചമ്രംപടിഞ്ഞ്‌ കുത്തിയിരിക്കുന്നവനായി ക്രിസ്തുവിനെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സകലരും സാത്താന്റെ ഉപകരണങ്ങളാണെന്നു തിരിച്ചറിഞ്ഞേ മതിയാകൂ. യേഹ്ശുവായുടെ മനുഷ്യാവതാര ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും അനുവര്‍ത്തിക്കാത്ത ശൈലികള്‍, യേഹ്ശുവായുടെമേല്‍ കെട്ടിയേല്പിക്കാനുള്ള കുത്സിതശ്രമങ്ങള്‍ സാത്താന്റെ ആജ്ഞാനുവര്‍ത്തികള്‍ നടത്തുന്നുണ്ട്! ബോബി ജോസ് കപ്പ്യൂച്ച്യനെപ്പോലെയും സെബാസ്റ്റ്യന്‍ പൈനേടത്തിനേപ്പോലെയും കത്തോലിക്കാസഭയില്‍ വളര്‍ന്നുവരുന്ന ആള്‍ദൈവങ്ങള്‍ ആര്യസംസ്കാരത്തിന്റെ ദുരന്തസംഭാവനകളാണ്!

ക്രിസ്തുവിലൂടെയുള്ള ഏകരക്ഷയുടെ പ്രാധാന്യം ഇല്ലാതാക്കി നരകം നിറയ്ക്കാന്‍ സാത്താനില്‍നിന്ന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന സകലരെയും തിരിച്ചറിഞ്ഞ് അവജ്ഞയോടെ തള്ളിക്കളഞ്ഞില്ലെങ്കില്‍, നിങ്ങളെ കാത്തിരിക്കുന്നത് ഗന്ധകാഗ്നിത്തടാകമാണ്!

"നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4). കുറച്ചുകൂടി ശക്തമായി ഈ വചനം ആവര്‍ത്തിക്കുന്നു: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 31). ഈ വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ ദൈവശാസ്ത്രം പഠിക്കേണ്ടതുണ്ടെന്നു മനോവ കരുതുന്നില്ല! നമ്മുടെ ദൈവം മറ്റു ജനതകളുടെ ദൈവങ്ങളില്‍നിന്നു വ്യത്യസ്ഥനാണ്; അവിടുത്തെ നിയമം മറ്റു ജനതകളുടെ നിയമത്തെക്കാള്‍ ശ്രേഷ്ഠവുമാണ്!

"നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3663 views

LOG IN

Lost your password?

SIGN UP

LOST PASSWORD