അറിഞ്ഞിരിക്കാന്‍

ഷണ്ഡരായി ജനിച്ചവരും സ്വവര്‍ഗ്ഗരതിക്കാരും!

Print By
about

27 - 10 - 2018

ല്ലാ ഷണ്ഡരും സ്വവര്‍ഗ്ഗഭോഗികള്‍ അല്ലാത്തതുപോലെതന്നെ, എല്ലാ സ്വവര്‍ഗ്ഗഭോഗികളും ഷണ്ഡരുമല്ല! ഇവിടെ ഇന്നു നാം ചര്‍ച്ചചെയ്യുന്നത് ഷണ്ഡത്വവുമായി ബന്ധപ്പെട്ടുള്ള ചില ചിന്തകളാണ്. ഷണ്ഡരെയും ഷണ്ഡത്വത്തെയും സംബന്ധിക്കുന്ന മൂന്നു ബൈബിള്‍ സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചര്‍ച്ച നാം മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. അതിനുമുമ്പായി ഒരു തെറ്റിദ്ധാരണ നീക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ഷണ്ഡത്വത്തോടെ ആരെങ്കിലും ജനിക്കുന്നത് ദൈവത്തിന്റെ കൈപ്പിഴയാണെന്നു ചിന്തിക്കുന്ന അനേകര്‍ നമുക്കിടയിലുണ്ട്. ഒരു വ്യക്തിയെ വൈകല്യത്തോടെ സൃഷ്ടിച്ചത് ദൈവമാണെന്നു ധരിച്ചുവച്ചിരിക്കുന്നവരും നമുക്കിടയില്‍ കുറവല്ല. ദൈവത്തെയും ദൈവത്തിന്റെ സൃഷ്ടിയെയും സംബന്ധിച്ചുള്ള അറിവില്‍ പക്വത പ്രാപിക്കാത്തവരും സാത്താന്റെ പ്രബോധനങ്ങളെ ശിരസ്സാവഹിച്ചവരുമാണ് ഇത്തരം ആരോപണങ്ങള്‍ ദൈവത്തിനുനേരേ ഉന്നയിക്കുന്നത്.

ആദ്യമേതന്നെ പറയട്ടേ, ദൈവം ആരെയും വൈകല്യത്തോടെയോ അപൂര്‍ണ്ണതയിലോ സൃഷ്ടിച്ചിട്ടില്ല! അവിടുത്തെ സൃഷ്ടികളെക്കുറിച്ച് അവിടുത്തേക്കുള്ള അഭിപ്രായം എന്താണെന്നു നോക്കുക: "അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു"(ഉത്പ: 1; 25). നല്ലതു മാത്രമാണ് ദൈവം സൃഷ്ടിച്ചത്. മറ്റു സൃഷ്ടികളില്‍നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യനെ സൃഷ്ടിക്കാന്‍ അവിടുന്ന് തയ്യാറായപ്പോള്‍, തന്റെ പ്രതിച്ഛായ അവിടുന്ന് അവനു നല്‍കി! ഈ വചനം നോക്കുക: “ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ പ്രതിച്ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ പ്രതിച്ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ പ്രതിച്ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു”(സൃഷ്ടി: 1; 26, 27). ദൈവം തന്റെ പ്രതിച്ഛായയില്‍ സൃഷ്ടിച്ച മനുഷ്യനില്‍ വൈകല്യം ആരോപിക്കുന്നവര്‍ ഒരുകാര്യം വിസ്മരിക്കരുത്; എന്തെന്നാല്‍, നിങ്ങള്‍ വൈകല്യം ആരോപിക്കുന്നത് ദൈവത്തില്‍തന്നെയാണ്!

ആറുദിവസംകൊണ്ട് സൃഷ്ടികര്‍മ്മം അവിടുന്ന് പൂര്‍ത്തിയാക്കി. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. ദൈവം തന്റെ ജോലി ഏഴാംദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാംദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍ നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി"(ഉത്പ: 2; 1-3). സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം അവിടുന്ന് ഒരു സൃഷ്ടിയും നടത്തിയിട്ടില്ല. അതായത്, ദൈവത്തിന്റെ സൃഷ്ടികര്‍മ്മം ആറുദിവസംകൊണ്ട് അവിടുന്ന് പൂര്‍ത്തിയാക്കി! എന്നാല്‍, വൈകല്യമേതുമില്ലാതെ, സകലത്തെയും സൃഷ്ടിച്ച ദൈവത്തിനുമേല്‍ കുറ്റമാരോപിക്കാന്‍ പിശാച് മനുഷ്യനെ പ്രേരിപ്പിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിയില്‍ ഷണ്ഡരോ വികലാംഗാരോ ഇല്ല; ആദത്തെയും ഹവ്വായെയുമല്ലാതെ, മറ്റൊരു മനുഷ്യനെയും ദൈവം ഭൂമിയില്‍ സൃഷ്ടിച്ചിട്ടുമില്ല! വികലതകളോടെ സൃഷ്ടികള്‍ നടത്തിയതും നടത്തുന്നതും മനുഷ്യരാണ്! ഈ സത്യം മറച്ചുവച്ചുകൊണ്ട്, സകല തിന്മകളുടെയും ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ആരോപിക്കാന്‍ പ്രേരിപ്പിക്കുന്ന പൈശാചികശക്തികളെ നാം തിരിച്ചറിയണം. ദൈവമില്ലെന്ന വാദവുമായി നിലകൊള്ളുന്ന വ്യക്തികള്‍പ്പോലും, വൈകല്യങ്ങളോടെയുള്ള ജന്മങ്ങളെ ചൂണ്ടിക്കാട്ടി ദൈവത്തെ കുറ്റപ്പെടുത്തുന്നതും സര്‍വ്വസാധാരണമാണ്. ദൈവത്തിന്റെ സൃഷ്ടികളെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! എന്തെന്നാല്‍, ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യുന്ന വിഷയം വ്യക്തതയോടെ ഗ്രഹിക്കാന്‍ അതു നിങ്ങളെ സഹായിക്കും.

ആറുദിവസംകൊണ്ട് സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയതിനുശേഷം ദൈവം മറ്റൊരു സൃഷ്ടിയും നടത്തിയില്ല; മറിച്ച്, സൃഷ്ടികര്‍മ്മം തുടരാന്‍ സൃഷ്ടികളോട് അവിടുന്ന് കല്പിക്കുകയായിരുന്നു. ദൈവത്തിന്റെ വചനം നോക്കുക: "അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ"(ഉത്പ: 1; 21, 22). മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം അവിടുന്ന് എന്താണു പറഞ്ഞതെന്നു ശ്രദ്ധിക്കുക: "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉത്പ: 1; 28). അതായത്, ദൈവത്തിന്റെ അനുഗൃഹം പ്രാപിച്ച മനുഷ്യനും മറ്റു ജീവജാലങ്ങളുമാണ് പിന്നീടങ്ങോട്ട് സൃഷ്ടികള്‍ നടത്തിയത്. ഇത്തരത്തില്‍ സൃഷ്ടികള്‍ത്തന്നെ സൃഷ്ടികള്‍ നടത്തിയപ്പോള്‍ വന്ന കൈപ്പിഴകള്‍ക്ക് ദൈവത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല! പരിണാമസിദ്ധാന്തം പ്രസംഗിക്കുന്ന ദൈവനിഷേധികള്‍പ്പോലും വൈകല്യങ്ങളെയും ദുരന്തങ്ങളെയും ചൂണ്ടിക്കാട്ടി ദൈവത്തെ കുറ്റപ്പെടുത്തുന്നു!

സൃഷ്ടിപരമായ വൈകല്യങ്ങള്‍ക്ക് ദൈവത്തെ പഴിക്കുന്ന പ്രവണത മനുഷ്യര്‍ക്കിടയിലുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ദൈവത്തെക്കുറിച്ചും അവിടുത്തെ പ്രവര്‍ത്തനങ്ങളിലെ സൂക്ഷ്മതയെക്കുറിച്ചും മാത്രമല്ല, അവിടുത്തെ അനന്തജ്ഞാനത്തെക്കുറിച്ചുപോലും ധാരണയില്ലാത്തവരാണ് സൃഷ്ടികളിലെ വൈകല്യങ്ങളെപ്രതി അവിടുത്തെ ചോദ്യംചെയ്യുന്നത്. മനുഷ്യന്റെ അജ്ഞതയെ ചൂഷണം ചെയ്യുന്ന പിശാചാണെങ്കില്‍, അബദ്ധചിന്തകളില്‍ അവരെ കെട്ടിയിടുന്നു. തങ്ങള്‍ ചെയ്യുന്ന സകല തിന്മകളുടെയും ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ആരോപിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതും പിശാചാണ്. മനുഷ്യന്റെ സ്വഭാവ വൈകല്യങ്ങളുടെയും രോഗങ്ങളുടെയും കാരണം 'ഹോര്‍മ്മോണിന്റെ' പ്രവര്‍ത്തനമാണെന്നും, ഈ 'ഹോര്‍മ്മോണ്‍' മനുഷ്യശരീരത്തില്‍ ശരിയായ രീതിയിലല്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് ദൈവമാണെന്നു ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമയായ ഒരു വ്യക്തി, അവന്റെ രതിവൈകൃതങ്ങളിലൂടെ സന്തതികളെ ജനിപ്പിക്കുമ്പോള്‍ വൈകല്യങ്ങള്‍ സ്വാഭാവികമാണ്. പ്രകൃതിവിരുദ്ധ ലൈംഗീകത ആസ്വദിക്കുന്ന പങ്കാളികള്‍ക്കു ജനിക്കുന്ന സന്തതി 'ഹിജഡ' ആയാല്‍ അതിന്റെ ഉത്തരവാദിത്വവും ദൈവത്തിനുമേല്‍ ചാര്‍ത്താന്‍ മനുഷ്യനു മടിയില്ല! പിതാവിന്റെയും മാതാവിന്റെയും ലൈംഗിക താത്പര്യത്തില്‍നിന്നാണ് സന്തതികള്‍ ജനിക്കുന്നത്.

ജന്മം നല്‍കുന്ന മാതാപിതാക്കളുടെ ആരോഗ്യം, സ്വഭാവസവിശേഷതകള്‍, സൗന്ദര്യം എന്നീ ഘടകങ്ങള്‍ മാത്രമല്ല, അവരുടെ ആത്മീയചിന്തകള്‍പ്പോലും ജനിക്കാന്‍പോകുന്ന സന്തതിയില്‍ പ്രതിഫലിക്കും! ഭ്രൂണഹത്യ എന്ന അരുംകൊല ചെയ്തിട്ടുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പിന്നീടു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭഛിദ്രത്തിനു ശ്രമിച്ചു പരാജയപ്പെട്ടവള്‍ പ്രസവിക്കുന്ന കുഞ്ഞിനു പൂര്‍ണ്ണ ആരോഗ്യമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല; എന്നാല്‍, വൈകല്യത്തോടെയാണ് കുഞ്ഞു ജനിക്കുന്നതെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ആരോപിക്കരുത്! വ്യഭിചാരിണിയായ ഒരു സ്ത്രീയ്ക്ക് കൊലപാതകിയായ പുരുഷനില്‍ ജനിക്കുന്ന കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതെയുള്ളു! 'മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല'! ആയതിനാല്‍, മാതാപിതാക്കളുടെ രതിവൈകൃതങ്ങളില്‍നിന്നു 'ഹിജഡകള്‍' ജനിക്കുമ്പോള്‍, അവരുടെ പിതൃത്വം ദൈവത്തിനുമേല്‍ ആരോപിക്കരുത്. എന്നാല്‍, ഹിജഡകള്‍ക്കും തന്റെ മക്കളാകാനുള്ള അവസരം ദൈവം ഒരുക്കിവച്ചിട്ടുണ്ട് എന്നതാണ് അവിടുത്തെ മഹനീയമായ കാരുണ്യം! വൈകല്യത്തോടെയോ അനാരോഗ്യത്തോടെയോ ഒരു സൃഷ്ടിപോലും ദൈവം നടത്തിയിട്ടില്ല. ബൈബിളിലെ വെളിപ്പെടുത്തല്‍ നോക്കുക: "ദൈവം മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല. നിലനില്‍ക്കാന്‍ വേണ്ടിയാണ് അവിടുന്ന് എല്ലാം സൃഷ്ടിച്ചത്. സൃഷ്ടികളെല്ലാം ആരോഗ്യമുള്ളവയാണ്. മാരകവിഷം അവയില്‍ ഇല്ല. പാതാളത്തിന് ഭൂമിയില്‍ അധികാരമില്ല"(ജ്ഞാനം: 1; 13, 14).

പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ സ്മാരകവും നാമവും!

ദൈവത്തിന്റെ കാരുണ്യം വലുതാണ്‌. മനുഷ്യന്റെ പാപങ്ങള്‍ അവിടുന്ന് പരിഗണിക്കുമ്പോള്‍, അതിനെ അതിലംഘിക്കുന്നതായിരിക്കും അവിടുത്തെ കാരുണ്യം. മനുഷ്യന്‍ തന്റെ പാപങ്ങളില്‍ സന്തതികളെ ജനിപ്പിക്കുമ്പോള്‍, ദൈവം അവിടുത്തെ കാരുണ്യം ആ മക്കളോടു കാണിക്കും. അനീതി പ്രവര്‍ത്തിക്കുന്ന ഒരു പാപിയുടെ പുത്രനില്‍ പാപം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പിതാവിന്റെ ചെയ്തികളെ തള്ളിപ്പറയുകയും നീതി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പുത്രന്‍ തയ്യാറാകുമ്പോള്‍ അവന്റെ തലമുറയില്‍നിന്ന്‍ പിതാക്കന്മാരുടെ പാപങ്ങളെയും ശാപങ്ങളെയും ദൈവം നീക്കിക്കളയും. ഇത് ദൈവത്തിന്റെ വാഗ്ദാനമാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: "പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?  ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു;  ഞാനാണേ,  ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല"(എസക്കി: 18; 1-3). പിതാക്കന്മാര്‍ തിന്ന പച്ചമുന്തിരിങ്ങയുടെ പുളി എങ്ങനെയാണു മക്കളുടെ പല്ലുകളെ പുളിപ്പിക്കുന്നതെന്ന് ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു ലേഖനം മനോവയുടെ താളുകളില്‍ കുറിക്കപ്പെട്ടിരിക്കുന്നതിനാല്‍, പച്ചമുന്തിരിങ്ങയുടെ പുളി നീക്കംചെയ്യപ്പെടുന്നത് എങ്ങനെയാണെന്നു നമുക്കു ചിന്തിക്കാം.

ഈ പ്രവചനം നോക്കുക: "പിതാവിന്റെ ദുഷ്ടതകള്‍ക്കുള്ള ശിക്ഷ പുത്രന്‍ അനുഭവിക്കാത്തതെന്ത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പുത്രന്‍ നിയമാനുസൃതവും ന്യായപ്രകാരവും വര്‍ത്തിക്കുകയും എന്റെ കല്പനകള്‍ അനുസരിക്കുന്നതില്‍ ശ്രദ്ധവയ്ക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും. പാപം ചെയ്യുന്നവന്‍മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകള്‍ക്കുവേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും. എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത പാപങ്ങളില്‍നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്പനകള്‍ അനുസരിക്കുകയും നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; മരിക്കുകയില്ല. അവന്‍ ചെയ്തിട്ടുള്ള അതിക്രമങ്ങള്‍ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവന്‍ പ്രവര്‍ത്തിച്ചിട്ടുള്ള നീതിയെപ്രതി അവന്‍ ജീവിക്കും. ദൈവമായ യാഹ്‌വെ ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തില്‍ എനിക്കു സന്തോഷമുണ്ടോ? അവന്‍ ദുര്‍മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം?"(എസക്കി: 18; 19-23). ദൈവത്തിന്റെ നീതിയും കാരുണ്യവും ഇത്രത്തോളം വലുതാണ്‌. അതുകൊണ്ടുതന്നെ, മാതാപിതാക്കളുടെ പാപകരമായ വേഴ്ചയുടെ ഫലമായി ജനിക്കുന്ന സന്തതി ഒരു ഹിജഡയാണെങ്കില്‍, അവനോടും ദൈവം തന്റെ കാരുണ്യം പ്രദര്‍ശിപ്പിക്കും.

ദൈവമായ യാഹ്‌വെയുടെ കാരുണ്യം നോക്കുക: "ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്ഡനോ പറയാതിരിക്കട്ടെ! യാഹ്‌വെ അരുളിച്ചെയ്യുന്നു; എന്റെ സാബത്ത് ആചരിക്കുകയും എന്റെ ഹിതം അനുവര്‍ത്തിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന ഷണ്ഡന്മാര്‍ക്ക് ഞാന്‍ എന്റെ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ ഒരു സ്മാരകവും നാമവും നല്‍കും . ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത നാമമായിരിക്കും അത്"(ഏശയ്യാ: 56; 3-5). ദൈവമായ യാഹ്‌വെ മനുഷ്യനെ സൃഷ്ടിച്ചത് പുരുഷനും സ്ത്രീയുമായിട്ടാണ്. പുരുഷനോ സ്ത്രീയോ അല്ലാതെ, മൂന്നാംലിംഗത്തില്‍ ആരെങ്കിലും ജനിക്കുന്നുവെങ്കില്‍, അത് മനുഷ്യന്‍ നടത്തിയ സൃഷ്ടിയാണെന്നു നാം തിരിച്ചറിയണം. സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍ എന്നു പറഞ്ഞാണ് അവിടുന്ന് അവരെ അനുഗ്രഹിച്ചത്. സന്താനങ്ങള്‍ക്കു ജന്മംനല്കാനുള്ള എല്ലാ കഴിവുകളും ദൈവം അവരില്‍ നിക്ഷേപിച്ചു. എന്നാല്‍, ഷണ്ഡരായി ജനിക്കുന്നവര്‍ക്ക് ഈ കഴിവില്ലെന്നു നമുക്കറിയാം. ഇവരില്‍ ഏറിനില്‍ക്കുന്ന ഭാവം സ്ത്രൈണതയാണെങ്കില്‍, ആ ഭാവത്തോടു കൂടുതല്‍ അടുത്തുനില്‍ക്കാന്‍ ശ്രമിക്കും. ഇത്തരത്തില്‍ വൈകല്യത്തോടെ ജനിക്കുന്ന വ്യക്തികള്‍ തങ്ങളുടെ ജനിതകവൈകല്യത്തിനു ദൈവത്തെ പഴിക്കാതെ, തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും തയ്യാറായാല്‍, ഇവര്‍ക്കു ദൈവം നല്‍കുന്ന മഹനീയസ്ഥാനത്തെക്കുറിച്ചാണ് ഏശയ്യാപ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത്. ഷണ്ഡനു ദൈവം നല്‍കുന്ന മറ്റൊരു വാഗ്ദാനം ശ്രദ്ധിക്കുക: "നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാത്ത ഷണ്ഡനും അനുഗൃഹീതനാണ്. നിയമവിരുദ്ധമായ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ, യാഹ്‌വെയ്ക്കെതിരേ അകൃത്യങ്ങള്‍ ആലോചിക്കുകയോ ചെയ്യാത്ത ഷണ്ഡനും അനുഗൃഹീതനാണ്. അവന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും. യാഹ്‌വെയുടെ ആലയത്തില്‍ അവന് ആനന്ദകരമായ സ്ഥാനം ലഭിക്കും"(ജ്ഞാനം: 3; 14).

ലിംഗമാറ്റത്തിനു വിധേയരാകുകയോ പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്കു തങ്ങളെത്തന്നെ സമര്‍പ്പിക്കുകയോ ചെയ്യാതെ, ദൈവത്തിന്റെ നിയമങ്ങള്‍ പാലിക്കുകയും സാബത്ത് വിശ്വസ്തതയോടെ ആചരിക്കുകയും ചെയ്‌താല്‍ മാത്രമേ ഈ അനുഗൃഹം പ്രാപിക്കാന്‍ സാധിക്കുകയുള്ളു. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങള്‍ 'ട്രാന്‍സ് ജെന്റര്‍-ട്രാന്‍സ് വുമണ്‍' എന്നിവര്‍ക്ക് ലഭിക്കുമെന്ന് കരുതരുത്. എന്തെന്നാല്‍, പുരുഷന്റെ വേഷംകെട്ടാന്‍ സ്ത്രീയെയോ, സ്ത്രീയുടെ വേഷംകെട്ടാന്‍ പുരുഷനെയോ ദൈവം അനുവദിച്ചിട്ടില്ല. അതിനാല്‍ത്തന്നെ, ഷണ്ഡരായി ജനിക്കുന്നവര്‍ അവരുടെ രൂപത്തില്‍ മാറ്റംവരുത്തുന്നത് നിയമലംഘനമാണ്. ഒരു വ്യക്തിയ്ക്ക് പുരുഷനോ സ്ത്രീയോ ആയി രൂപമാറ്റം വരുത്താനും ഏതു വ്യക്തിത്വത്തില്‍ ജീവിക്കാനുമുള്ള അവകാശം ലോകത്തിന്റെ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇത്തരത്തില്‍ രൂപമാറ്റം വരുത്തുന്നവര്‍ തങ്ങളുടെ നിത്യരക്ഷയ്ക്കുള്ള സാധ്യത എന്നേക്കുമായി ഇല്ലാതാക്കുകയാണു ചെയ്യുന്നത്. യാഹ്‌വെയുടെ നിയമം ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: "സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം അണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ നിന്റെ ദൈവമായ യാഹ്‌വെയ്ക്കു നിന്ദ്യരാണ്"(നിയമം: 22; 5). പലരും തെറ്റിദ്ധാരണ പുലര്‍ത്തിപ്പോരുന്ന ഒരു നിയമമാണിത്. വസ്ത്രധാരണത്തെ സംബന്ധിച്ചാണ് പലരുടെയും തെറ്റിദ്ധാരണ. പുരുഷന്മാര്‍ക്കു പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ സ്ത്രീകള്‍ ധരിക്കരുതെന്നും, സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പുരുഷന്മാര്‍ ധരിക്കരുതെന്നുമാണ് നിയമം നിഷ്കര്‍ഷിച്ചിരിക്കുന്നതെന്നു ചിന്തിക്കുന്ന അനേകരുണ്ട്. എന്നാല്‍, ഇത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയല്ല.

വസ്ത്രത്തെ മാത്രം അടിസ്ഥാനമാക്കി നിയമത്തെ ചുരുക്കിക്കാണുന്നതിലൂടെ ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ചില സങ്കുചിത ചിന്താഗതിക്കാര്‍ 'ജീന്‍സ്' എന്ന വസ്ത്രത്തെ പുരുഷനുവേണ്ടി മാറ്റിവയ്ക്കുന്നത് എന്താടിസ്ഥാനത്തിലാണെന്ന് അറിയില്ല. കല്‍ക്കരി ക്വാറികളില്‍ പണിയെടുക്കുന്നവരുടെ വേഷമായിരുന്ന ജീന്‍സിന് മറ്റു തൊഴില്‍മേഖലകളില്‍ക്കൂടി സ്വീകാര്യത ലഭിക്കുകയും, പിന്നീടത് യുവാക്കളുടെ ഇഷ്ടവസ്ത്രമായി മാറി എന്നതുമാണ് ജീന്‍സിന്റെ പരിണാമചരിത്രം! പുരുഷന്മാരെന്നോ സ്ത്രീകളെന്നോ ഉള്ള വ്യത്യാസമില്ലാതെ, പരുക്കന്‍ ജോലികളിലേര്‍പ്പെടുന്ന എല്ലാ തൊഴിലാളികളുടെയും വസ്ത്രമാണ് ജീന്‍സ്! ഈ വസ്ത്രത്തിനു ലിംഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവു കല്പിച്ചിട്ടില്ല. പ്രായഭേദമന്യേ എല്ലാവര്‍ക്കും ധരിക്കാവുന്നതാണ് ഈ വസ്ത്രം. അങ്ങനെയെങ്കില്‍, ബൈബിളില്‍ വായിക്കുന്ന നിയമത്തിന്റെ അടിസ്ഥാനമെന്തായിരിക്കും? വസ്ത്രധാരണത്തിലൂടെയോ മറ്റേതെങ്കിലും വേഷംകെട്ടലിലൂടെയോ പുരുഷന്‍ സ്ത്രീയിലേക്കും സ്ത്രീ പുരുഷനിലേക്കും നടത്തുന്ന ഭാവപ്പകര്‍ച്ചയെ ആയിരിക്കാം ഇവിടെ നിയമംമൂലം നിഷിദ്ധമാക്കിയിരിക്കുന്നത്.    

ഇസ്രായേലിലെ വസ്ത്രധാരണ രീതികള്‍ പരിശോധിക്കുമ്പോള്‍ എത്തിച്ചേരാന്‍ കഴിയുന്നത് ഈ നിഗമനത്തിലാണ്. എന്തെന്നാല്‍, മോശയിലൂടെ നിയമം നല്‍കപ്പെട്ട കാലംമുതല്‍ ക്രിസ്തുവിന്റെ കാലംവരെ ഇസ്രായേല്‍ക്കാരായ സ്ത്രീപുരുഷന്മാരുടെ വസ്ത്രധാരണത്തില്‍ വലിയ മാറ്റമൊന്നും ദര്‍ശിക്കാന്‍ കഴിയില്ല. പാദംവരെ എത്തുന്ന കുപ്പായമായിരുന്നു സ്ത്രീകള്‍ ധരിച്ചിരുന്നതെങ്കില്‍, പുരുഷന്മാരുടെ കുപ്പായത്തിന് പദത്തോളം ഇറക്കംവേണമെന്നു നിര്‍ബ്ബന്ധമുണ്ടായിരുന്നില്ല. മാത്രവുമല്ല, പാദംവരെ എത്തുന്ന കുപ്പായം ഇട്ടിരുന്ന പുരുഷന്മാര്‍ ഇസ്രായേലില്‍ ഉണ്ടായിരുന്നു. യേഹ്ശുവാ ധരിച്ചിരുന്നത് ഇത്തരത്തിലുള്ള കുപ്പായമായിരുന്നു. യേഹ്ശുവാ ധരിച്ചിരുന്ന കുപ്പായവുമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത കുപ്പായമാണ് പരിശുദ്ധ കന്യകാമറിയവും അണിഞ്ഞിരുന്നത്. ചെറിയൊരു വ്യത്യാസമല്ലാതെ, മറ്റൊരു വ്യത്യാസവും ഇല്ലെന്നിരിക്കെ, നിയമം നല്‍കുന്ന സൂചന വസ്ത്രത്തെ സംബന്ധിച്ചുള്ളതു മാത്രമാകാന്‍ സാധ്യത തുലോം കുറവാണ്.

മോശയുടെ കാലത്തോ ക്രിസ്തുവിന്റെ കാലത്തോ ജീവിച്ചിരുന്ന ഇസ്രായേല്‍ക്കാരില്‍ ആരുംതന്നെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള ചട്ടങ്ങളും നിയമങ്ങളും അവര്‍ക്കു നല്‍കപ്പെടുമ്പോള്‍ അതിന്റെ സാംഗത്യം ചോദ്യംചെയ്യപ്പെടും. അതിനാല്‍ത്തന്നെ, സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലേക്കു ഭാവപ്പകര്‍ച്ച നടത്തുന്നതിനെ നിയമംമൂലം നിഷിദ്ധമാക്കിയിരിക്കുന്നുവെന്ന് വ്യാഖ്യാനിക്കുന്നതാവും ഉചിതം. ഇത്തരത്തിലുള്ള ഭാവപ്പകര്‍ച്ചയുടെ അങ്ങേയറ്റത്തെ ഘട്ടമായി 'ട്രാന്‍സ് ജെന്റെര്‍-ട്രാന്‍സ് വുമണ്‍' സംവീധാനത്തെ പരിഗണിക്കാം. ഇത്തരത്തില്‍ ലിംഗമാറ്റത്തിനു വിധേയമായവര്‍ ദൈവീകനിയമത്തെ അതിന്റെ പൂര്‍ണ്ണതയില്‍ നിഷേധിക്കുന്നതുകൊണ്ട്, ദൈവത്തിന്റെ വാഗ്ദാനത്തില്‍നിന്നു പരിപൂര്‍ണ്ണമായി ഇവര്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് അവിടുത്തെ വാഗ്ദാനം പാപിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ മിഥ്യാലോകത്തു ജീവിക്കുന്നവരാണ്. നിയമം അനുശാസിക്കുന്ന കാര്യത്തില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യ ബാധ്യതയാണുള്ളത്; പുരുഷനെന്നോ സ്ത്രീയെന്നോ മൂന്നാംലിംഗക്കാരെന്നോ ഉള്ള വ്യത്യാസമില്ലാതെ, എല്ലാ മനുഷ്യര്‍ക്കും ബാധകമായ നിയമങ്ങളാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങള്‍!

വസ്ത്രധാരണ രീതിയെ സംബന്ധിച്ചുള്ളതല്ല ഈ നിയമം എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ബൈബിളിലുണ്ട്. ലിംഗമാറ്റത്തിലൂടെ സ്ത്രീ പുരുഷനായോ, പുരുഷന്‍ സ്ത്രീയായോ മാറുന്ന ആധുനിക പാപത്തെയാണ് ഈ നിയമംമൂലം നിഷിദ്ധമാക്കിയിരിക്കുന്നത്. ട്രാന്‍സ് ജെന്റര്‍, ട്രാന്‍സ് വുമണ്‍ എന്നീ ഗോഷ്ടികള്‍ ആധുനിക സമൂഹത്തിന്റെ മ്ലേച്ഛതയാണെങ്കില്‍, മൂവായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ നിയമം നല്‍കപ്പെട്ടിരുന്നു. നിയമം ശ്രദ്ധിക്കുക: "വൃഷണം ഉടയ്ക്കപ്പെട്ടവനോ ലിംഗം ഛേദിക്കപ്പെട്ടവനോ യാഹ്‌വെയുടെ സഭയില്‍ പ്രവേശിക്കരുത്"(നിയമം: 23; 1). ആധുനീകലോകം അംഗീകരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന മഹാപാപത്തെ നിയമംമൂലം നിഷിദ്ധമാക്കിയിരിക്കുന്ന വചനമാണിത്. രക്ഷിക്കപ്പെട്ടവരുടെ സമൂഹത്തില്‍നിന്ന് 'ട്രാന്‍സ് ജെന്റര്‍മാര്‍' എന്നേക്കുമായി വിച്ഛേദിക്കപ്പെടുന്നു. ഇക്കൂട്ടര്‍ക്ക് ദൈവത്തിന്റെ സഭയില്‍ അംഗമാകാന്‍ കഴിയുകയുമില്ല!

വ്യഭിചാരം ചെയ്യുന്നത് ആരായിരുന്നാലും അത് ശിക്ഷാര്‍ഹമായ പാപമാണ്. കൊലപാതകവും മോഷണവും വിഗ്രഹാരാധനയും നടത്തുന്നത് ആരായിരുന്നാലും അവര്‍ ശിക്ഷിക്കപ്പെടും. പുരുഷനെന്നോ സ്ത്രീയെന്നോ ഭിന്നലിംഗക്കാരെന്നോ ഉള്ള വ്യത്യാസം ശിക്ഷാവിധിയുടെ കാര്യത്തിലില്ല. രക്ഷയെയും ശിക്ഷയെയും സംബന്ധിച്ച് ബൈബിള്‍ നല്‍കുന്ന പ്രബോധനം ശ്രദ്ധിക്കുക: "സ്വാര്‍ത്ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും. തിന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും. തിന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും. എന്നാല്‍, നന്മ പ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും. എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖംനോട്ടമില്ല"(റോമാ: 2; 8-11). ഇതാണ് ദൈവത്തിന്റെ നീതി! കൂടുതല്‍ നല്കപ്പെട്ടവനില്‍നിന്നു കൂടുതല്‍ അവിടുന്ന് ആവശ്യപ്പെടുന്നു! വ്യഭിചാരമെന്ന പാപത്തിന്റെ ഏറ്റവും മ്ലേച്ഛമായ തലമാണ് സ്വവര്‍ഗ്ഗഭോഗം! ഈ പൈശാചികതയില്‍ വ്യാപരിക്കുന്നത് അവകാശമായി കരുതുന്ന ഒരു സമൂഹമുണ്ട്. മൂന്നാംലിംഗക്കാര്‍, ഭിന്നലിംഗക്കാര്‍, ഹിജഡകള്‍, നപുംസകങ്ങള്‍, ഷണ്ഡര്‍, ശിഖണ്ഡികള്‍ എന്നിങ്ങനെ വിളിക്കപ്പെടുന്നവരുടെ സമൂഹമാണ് ഈ പാപത്തിന്റെ പ്രധാന വക്താക്കള്‍!

സോദോം-ഗോമോറാ പട്ടണങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടത് സ്വവര്‍ഗ്ഗഭോഗികളെക്കൊണ്ട് ആ പട്ടണങ്ങള്‍ നിറഞ്ഞതുമൂലമാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടതായ ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, സോദോം-ഗോമോറാ പട്ടണങ്ങളില്‍ അന്നു ജീവിച്ചിരുന്നവരെല്ലാം സ്വവര്‍ഗ്ഗഭോഗികളായിരുന്നുവെങ്കിലും ഭിന്നലിംഗക്കാരായിരുന്നില്ല. ഹിജഡകളല്ലാത്ത അനേകര്‍ അന്ന് സ്വവര്‍ഗ്ഗഭോഗികളായി ജീവിച്ചിരുന്നതുപോലെ ഇന്നുമുണ്ട്. അതായത്, ഈ മ്ലേച്ഛതയില്‍ ജീവിക്കുന്നവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് മൂന്നാംലിംഗക്കാരായിട്ടുള്ളവര്‍. ഇവരെപ്പോലെ ശാരീരികമായ പ്രത്യേകതകള്‍ പ്രകടമായിട്ടില്ലാത്ത അനേകം പുരുഷന്മാരും സ്ത്രീകളും സ്വവര്‍ഗ്ഗാനുരാഗികളായി ഈ ലോകത്തു ജീവിക്കുന്നുണ്ട്. പരസ്യപാപികളെക്കാള്‍ അനേകം മടങ്ങാണ് ഇവരുടെ സംഖ്യ. എന്നാല്‍, പ്രകൃതിവിരുദ്ധ ലൈംഗികത തൊഴിലായി സ്വീകരിച്ചു രംഗത്തുള്ളത് ഹിജഡകളായി ജനിക്കുന്നവരാണ്!

സകല ഭൂവാസികളുടെമേലും ദുരന്തം വരുത്തിവയ്ക്കാന്‍ കാരണമാകുന്ന സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് യാഹ്‌വെയുടെ കല്പന എന്താണെന്നു നോക്കുക: "സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു. സ്ത്രീയോ പുരുഷനോ മൃഗങ്ങളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട് തന്നെത്തന്നെ അശുദ്ധമാക്കരുത്. അതു ലൈംഗീകവൈകൃതമാണ്. ഇവയിലൊന്നുകൊണ്ടും നിങ്ങള്‍ അശുദ്ധരാകരുത്. ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്ന് അകറ്റിക്കളയുന്ന ജനതകള്‍ ഇവമൂലം തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു. ആ ദേശവും അശുദ്ധമായിരിക്കുന്നു. അതിന്റെ അകൃത്യത്തിന് ഞാന്‍ അതിനെ ശിക്ഷിക്കും. അത് അതിലെ നിവാസികളെ പുറന്തള്ളുകയും ചെയ്യും. നിങ്ങളും നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരും എന്റെ കല്പനകളും പ്രമാണങ്ങളും പാലിക്കുകയും ഇത്തരം മ്ലേച്ഛമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയും വേണം. നിങ്ങള്‍ക്കു മുമ്പ് ഈ നാട്ടില്‍ വസിച്ചിരുന്നവര്‍ ഈ വിധം മ്ലേച്ഛതകള്‍ക്കൊണ്ട് നാട് മലിനമാക്കി. ആകയാല്‍, ഈ ദേശം നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവരെ പുറന്തള്ളിയതുപോലെ അതിനെ അശുദ്ധമാക്കുകവഴി നിങ്ങളെയും പുറന്തള്ളാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. ഇത്തരം മ്ലേച്ഛപ്രവര്‍ത്തികള്‍ ചെയ്യുന്നവന്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം"(ലേവ്യര്‍: 18; 22-29). മ്ലേച്ഛതയില്‍ വ്യാപരിക്കുന്ന ഇക്കൂട്ടരെ ആദരിക്കാനും അംഗീകരിക്കാനും തയ്യാറാകുന്നവര്‍ ദൈവത്തിന്റെ കല്പനകളെ പുച്ഛിച്ചുതള്ളുകയാണു ചെയ്യുന്നത്!

സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടേണ്ടവരെ അംഗീകരിക്കുന്നതിലൂടെ വന്നുഭവിക്കുന്ന ദൈവീക ക്രോധത്തെ ആരും കാര്യമായി പരിഗണിക്കുന്നില്ല. മ്ലേച്ഛതകള്‍ക്ക് സാമൂഹിക അംഗീകാരം നേടിക്കൊടുക്കാന്‍ മനുഷ്യാവകാശ സംരക്ഷകരുടെ കുപ്പായമണിഞ്ഞു വിഹരിക്കുന്ന കള്ളനാണയങ്ങളെ നാം തിരിച്ചറിയണം. നീതിയില്‍ വ്യാപരിക്കുന്നവരുടെ മനുഷ്യാവകാശത്തിനുമേല്‍ കടന്നുകയറിക്കൊണ്ട് അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കായി മനുഷ്യാവകാശ ജല്പനങ്ങള്‍ ഇവര്‍ നടത്തുന്നു. പരസ്യമായി ദൈവീകനിയമങ്ങള്‍ ലംഘിക്കുകയും, പരസ്യമായിത്തന്നെ ഇക്കൂട്ടരെ പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നതു കാണുമ്പോള്‍ ദൈവജനം ആത്മീയമായി ഉണര്‍ന്നിരിക്കണം. ലോത്തിനും കുടുംബത്തിനും ലഭിച്ച അവസരം നമുക്കും ലഭിക്കേണ്ടതിനായി ജാഗ്രതയോടെ വര്‍ത്തിക്കാം! ഈ മ്ലേച്ഛതകളോട് അനുഭാവപൂര്‍വ്വമുള്ള ശബ്ദങ്ങള്‍ കത്തോലിക്കാസഭയില്‍നിന്ന് ഉയരുന്നതു കേള്‍ക്കുമ്പോള്‍ നമ്മുടെ ജാഗ്രത അതിന്റെ പൂര്‍ണ്ണതയിലെത്തണം! എന്തെന്നാല്‍, ഇത്തരം മ്ലേച്ഛതയില്‍ ജീവിക്കുന്നവരുമായി സഹകരിക്കുകയോ ഇടപെടുകയോ അരുതെന്ന കര്‍ശനമായ താക്കീത് വചനത്തിലുണ്ട്. ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "മാംസദാഹത്താല്‍ കളങ്കിതമായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടു ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍"(യൂദാ: 1; 23). ഇതുമാത്രമാണ് അവരോടു നമുക്കു കാണിക്കുവാന്‍ സാധിക്കുന്ന യഥാര്‍ത്ഥ കരുണ!

സ്വവര്‍ഗ്ഗാനുരാഗികളുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും ആശ്വാസകരമായ ചില ഒറ്റപ്പെട്ട നന്മകളും നാം കാണാതെപോകരുത്. എന്തെന്നാല്‍, ദൈവത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന ഷണ്ഡരും ഈ ലോകത്തുണ്ട് എന്നതാണ് ആ ആശ്വാസകരമായ നന്മ! യാഹ്‌വെയുടെ ആലയത്തില്‍ പുത്രീപുത്രന്മാരെക്കാള്‍ ശ്രേഷ്ഠമായ സ്മാരകവും നാമവും സ്വീകരിച്ചിട്ടുള്ള ഷണ്ഡരുടെ ചരിത്രം ബൈബിളിലും വായിക്കാന്‍ കഴിയും. യാഹ്‌വെയുടെ വാഗ്ദാനം പ്രാപിച്ച അനുഗൃഹീതനായ ഒരു ഷണ്ഡനെ പരിചയപ്പെടുക: "യാഹ്‌വെയുടെ ഒരു ദൂതന്‍ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമില്‍നിന്നു ഗാസായിലേക്കുള്ള പാതയില്‍ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു. അവന്‍ എഴുന്നേറ്റുയാത്ര തിരിച്ചു. അപ്പോള്‍ എത്യോപ്യാക്കാരനായ ഒരു ഷണ്ഡന്‍, എത്യോപ്യാരാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്ഡാരവിചാരിപ്പുകാരന്‍, ജറുസലെമില്‍ ആരാധിക്കാന്‍ പോയിട്ടു തിരിച്ചുവരുകയായിരുന്നു"(അപ്പ. പ്രവര്‍: 8; 26, 27). ഈ ഷണ്ഡനെയാണ് പീലിപ്പോസ് സ്നാനപ്പെടുത്തിയത്. ദൈവമായ യാഹ്‌വെ അവിടുത്തെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്.

സ്വവര്‍ഗ്ഗഭോഗം എന്ന മ്ലേച്ഛതയില്‍ വ്യാപരിക്കാതെ, ദൈവസന്നിധിയില്‍ നീതിമാനായി ജീവിക്കാന്‍ ഒരു ഷണ്ഡനു കഴിയും എന്നതിന്റെ അനേകം ദൃഷ്ടാന്തങ്ങളില്‍ ഒന്നുമാത്രമാണിത്. ദൈവത്തിന്റെ നിയമം അനുസരിക്കുകയും അവിടുത്തെ സാബത്ത് വിശുദ്ധമായി ആചരിക്കുകയും ചെയ്യുന്നുവെങ്കില്‍, ഷണ്ഡന്മാര്‍ക്ക് പുത്രീപുത്രന്മാരേക്കാള്‍ ശ്രേഷ്ഠമായ സ്ഥാനം നല്‍കപ്പെടും എന്ന വാഗ്ദാനത്തെ ഗൗരവമായി നാം പരിഗണിക്കണം. എന്തെന്നാല്‍, ഈ വാഗ്ദാനത്തില്‍ രണ്ടു വലിയ സത്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒന്നാമത്തെ സത്യം, വൈകല്യത്തോടെ ജനിച്ചിട്ടും, തങ്ങളുടെ വൈകല്യത്തെ വിശ്വസ്തതകൊണ്ട് അതിജീവിക്കുന്നവരെ ദൈവം കൂടുതലായി പരിഗണിക്കും എന്നതാണ്. യാതൊരു പോരായ്മകളും ഇല്ലാത്തവരായി ജനിക്കുന്നവര്‍ വചനം അനുസരിച്ചു ജീവിച്ചാല്‍ അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന വാഗ്ദാനം അവര്‍ പ്രാപിക്കും. ഇവര്‍ക്കു വിവാഹം കഴിച്ചു ജീവിക്കാനുള്ള സാഹചര്യമുള്ളപ്പോഴാണ് ഇവര്‍ വിശ്വസ്തത പാലിച്ചത്. എന്നാല്‍, തന്റെ ലൈംഗീക വികാരങ്ങളെ നിയന്ത്രിച്ചു ജീവിക്കുന്ന ഒരു ഷണ്ഡന്‍ കൂടുതല്‍ ശ്രേഷ്ഠമായതു ചെയ്യുന്നു. ആയതിനാല്‍, ഇവരുടെ പ്രതിഫലവും വലുതായിരിക്കും.

ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ സത്യം സാബത്തിനെ സംബന്ധിച്ചാണ്. ദൈവത്തിന്റെ പ്രവൃത്തികളെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനമാണ് ഓരോ സാബത്താചരണവും! അതായത്, ആകാശത്തിന്റെയും ഭൂമിയുടെയും ഉത്പത്തിയെ സംബന്ധിക്കുന്ന ചരിത്രത്തെ യുക്തിചിന്തകളില്ലാതെ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനമാണ് സാബത്താചരണത്തിലൂടെ ഒരുവന്‍ നടത്തുന്നത്. തുടക്കത്തില്‍ നാം വായിച്ച ഈ വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി. ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉത്പത്തി ചരിത്രം"(ഉത്പ: 2; 1-4). ഉത്പത്തിയുടെ ഈ ചരിത്രത്തെ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനമാണ് സാബത്താചരണം! സാബത്താചരണം ദൈവത്തിനു പ്രീതികരമാകുന്നത് ഇക്കാരണത്താലാണ്! നിഷ്കളങ്ക വിശ്വാസത്തിന്റെ അടയാളമാണ് സാബത്ത്! ഷണ്ഡന്മാര്‍ക്കുവേണ്ടി ഏശയ്യാ നടത്തിയ പ്രവചനം സാബത്താചരണത്തെ ഗൗരവമായെടുക്കാത്ത അനേകരുടെ ജീവിതത്തിലേക്കുകൂടി വെളിച്ചം വീശുന്നതാണ്!

മൂന്നുതരം ഷണ്ഡന്മാര്‍!

"എന്തെന്നാല്‍, ഷണ്ഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്‌; സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ"(മത്താ: 19; 12). യേഹ്ശുവാ അറിയിച്ച ഈ വചനത്തെ അടിസ്ഥാനമാക്കി ചില കാര്യങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. മൂന്നു വിഭാഗത്തില്‍പ്പെട്ട ഷണ്ഡന്മാരെക്കുറിച്ചാണ് അവിടുന്ന് ഈ വചനത്തിലൂടെ നമ്മോടു സംസാരിച്ചത്. ഒന്നാമതായി പറഞ്ഞിരിക്കുന്ന വിഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ച നാം നടത്തിക്കഴിഞ്ഞു. ഇതുവരെ നാം ചിന്തിച്ചത് ഷണ്ഡരായിത്തന്നെ ജനിക്കുന്നവരെ സംബന്ധിച്ചായിരുന്നുവല്ലോ! ആയതിനാല്‍, രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങളിലുള്ള ഷണ്ഡന്മാരെക്കുറിച്ചുള്ള പഠനത്തിലേക്കു കടക്കാം. മനുഷ്യരാല്‍ ഷണ്ഡന്മാരാക്കപ്പെടുന്നവര്‍ ആരാണ്? ആരെങ്കിലും ഇക്കൂട്ടരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? മനുഷ്യരാല്‍ ഷണ്ഡന്മാരാക്കപ്പെടുന്നവര്‍ ആരാണെന്ന് അറിയില്ലെങ്കില്‍ നാം അറിയണം. അതുപോലെതന്നെ, ഇക്കൂട്ടരെക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ലെങ്കില്‍ നാം ചിന്തിച്ചേ മതിയാകു!

ജന്മംകൊണ്ടു ഷണ്ഡത്വം ഇല്ലാത്തവരായിട്ടും മനുഷ്യരാല്‍ ഷണ്ഡന്മാരാക്കപ്പെട്ട അനേകം വ്യക്തികള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അതുപോലെതന്നെ, അനേകരെ ഷണ്ഡത്വത്തില്‍ തളച്ചിടുന്ന മനുഷ്യരും നമുക്കിടയില്‍ ജീവിക്കുന്നു. മറ്റുള്ളവരെ ഷണ്ഡരാക്കുന്ന ഒരു വിഭാഗമാണ്‌ 'വിവാഹം മുടക്കികള്‍! യുവതീയുവാക്കളുടെ വിവാഹം മുടക്കികളായി വര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധര്‍ എല്ലായിടത്തുമുണ്ടെങ്കിലും, കേരളത്തിലാണ് ഇവരെ കൂടുതലായി കണ്ടുവരുന്നത്. അനേകം യുവതീയുവാക്കള്‍ ഇവരുടെ ഇരകളായി ഷണ്ഡരാക്കപ്പെടുന്നു. വ്യാജപ്രചരണങ്ങള്‍ നടത്തി യുവതീയുവാക്കളുടെ സല്‍പ്പേര് നശിപ്പിക്കുന്നവര്‍, തങ്ങള്‍ ചെയ്യുന്ന പാപത്തിന്റെ ഗൗരവം എത്ര വലുതാണെന്ന് അറിയുന്നില്ല. കള്ളക്കഥകളുണ്ടാക്കി വിവാഹങ്ങള്‍ മുടക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നത് ഒരുതരം മാനസീകരോഗമാണ്. മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നതിന്റെ ഒരു മേഖല മാത്രമാണിത്.

മാതാപിതാക്കള്‍ മക്കളുടെമേല്‍ അടിച്ചേല്പിക്കുന്ന ഷണ്ഡത്വവും നമ്മുടെയിടയിലുണ്ട്. നഴ്സിംഗ് കഴിഞ്ഞു വിദേശങ്ങളില്‍ ജോലിചെയ്യുന്ന പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാതെ, കറവപ്പശുക്കളെപ്പോലെ അവരെ കണക്കാക്കുന്ന മാതാപിതാക്കളുടെ നാടാണ് കേരളം. ഇത്തരത്തില്‍ വിവാഹം നടക്കാതെപോയ അനേകം സ്ത്രീകള്‍ ക്രൈസ്തവഭവനങ്ങളില്‍ ജീവിക്കുന്നുണ്ട്. കറവ വറ്റിക്കഴിയുമ്പോള്‍ ഇറച്ചിവിലയ്ക്കുപോലും ചിലവാകാത്ത അവസ്ഥയിലാകുന്ന ഇവര്‍ മാതാപിതാക്കളാല്‍ ഷണ്ഡരാക്കപ്പെടുന്നവരാണ്. ഈവിധം ഷണ്ഡരാക്കപ്പെടുന്നവരില്‍ പുരുഷന്മാരുമുണ്ട്. കുടുംബത്തിനുവേണ്ടി ഷണ്ഡത്വം സ്വയംവരിച്ച അനേകം സ്ത്രീകളെയും പുരുഷന്മാരെയും നമുക്കറിയാം. യൗവ്വനത്തില്‍ വിവാഹ ജീവിതത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ സ്വയം ശപിച്ചു ജീവിക്കുന്ന അവിവാഹിതകളും കുറവല്ല! മക്കളുടെ യൗവ്വനവും വികാരങ്ങളും പരിഗണിക്കാതെ, അവരുടെമേല്‍ ഷണ്ഡത്വം അടിച്ചേല്പിക്കുന്ന മാതാപിതാക്കളുടെ അറിവിലേക്കായി ഈ വചനം ഇവിടെ കുറിക്കുന്നു: "മക്കള്‍ മാതാപിതാക്കന്മാര്‍ക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്; മറിച്ച് മാതാപിതാക്കന്മാര്‍ മക്കള്‍ക്കുവേണ്ടിയാണ്"(2 കോറി: 12; 14). മക്കള്‍ക്കു പ്രായമാകുമ്പോള്‍ അവരെ ജീവിതാന്തസിലേക്കു പ്രവേശിപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ട്. മറ്റു സമൂഹങ്ങളെ അപേക്ഷിച്ച്, ക്രൈസ്തവരായ മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അലംഭാവം കാണിക്കുന്നത്. മാതാപിതാക്കളുടെ ശാപമേല്‍ക്കുന്ന മക്കളെക്കാള്‍, മക്കളുടെ ശാപമേല്‍ക്കുന്ന മാതാപിതാക്കള്‍ നമുക്കിടയിലുണ്ടെന്നത് ഗൗരവമായി കാണണം.

ഉത്തരവാദിത്വമില്ലാത്ത മാതാപിതാക്കളാല്‍ ഷണ്ഡരാക്കപ്പെടുന്ന മക്കള്‍ നമുക്കിടയില്‍ ഉണ്ടെന്നത് അതിശയോക്തിയായി ആരും ചിന്തിക്കേണ്ടാ. ഓരോരുത്തരും അവരവരുടെ ചുറ്റിലും കണ്ണോടിച്ചാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാകും! കേരളത്തിലെ ക്രിസ്ത്യാനികളുടെയിടയിലെ വലിയൊരു ദുരന്തമാണിത്. യൗവ്വനം പിന്നിട്ടതിനുശേഷമാണ് ക്രിസ്ത്യാനികള്‍ പെണ്‍മക്കള്‍ക്കായി വിവാഹാന്വേഷണം ആരംഭിക്കുന്നതുതന്നെ! എങ്ങനെയെങ്കിലും ഒരുത്തനെ കണ്ടെത്തി വിവാഹം നടത്തിയാല്‍ത്തന്നെ അവര്‍ക്കു കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അപ്പോഴേയ്ക്കും അസ്തമിച്ചിരിക്കും! വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹത്തിനുവേണ്ടിയുള്ള ആലോചനകള്‍ ഇല്ലെന്നു മനസ്സിലാക്കുന്നതോടെ അന്യമതക്കാരന്റെ കൂടെ ഇറങ്ങിപ്പോകുന്ന സ്ത്രീകളും കുറവല്ല. മക്കളുടെമേല്‍ ഷണ്ഡത്വം അടിച്ചേല്പിക്കാതെ, പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്കുവേണ്ടി പങ്കാളിയെ കണ്ടെത്തിക്കൊടുന്നതില്‍ മാതാപിതാക്കള്‍ അലംഭാവം കാട്ടരുത്. അങ്ങനെ സംഭവിച്ചാല്‍ ദൈവത്തിന്റെ സന്നിധിയില്‍ മാതാപിതാക്കള്‍ കണക്കുബോധിപ്പിക്കേണ്ടിവരും! പ്രായം തികഞ്ഞിട്ടും വിവാഹത്തിലേക്കു പ്രവേശിക്കാന്‍ സാധിക്കാത്തതുമൂലം വ്യഭിചാരപാപത്തിലേക്കു മക്കള്‍ കടന്നുപോയാല്‍, അവരുടെ പാപത്തിനു മാതാപിതാക്കളും ഉത്തരവാദികളായിരിക്കുമെന്നു മറക്കരുത്. പുത്രിമാരോടുള്ള കടമ നിര്‍വ്വഹിക്കാത്ത കാരണത്താല്‍ അവര്‍ അന്യമതസ്ഥരെ പങ്കാളിയായി സ്വീകരിച്ചാല്‍, അവരുടെ വ്യഭിചാരത്തിനും മാതാപിതാക്കള്‍ കുറ്റക്കാരാകും!

ഇരുപത്തിമൂന്നു വയസ്സിനു മുന്‍പ് ഓരോ മാതാപിതാക്കളും തങ്ങളുടെ പുത്രിമാരെ വിവാഹം കഴിപ്പിക്കണം. അതുപോലെതന്നെ, ഇരുപത്തഞ്ചു വയസ്സാകുമ്പോഴെങ്കിലും പുത്രന്മാരുടെയും വിവാഹം നടത്തണം. ഇത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. പെണ്‍മക്കളെ പഠിപ്പിക്കുകയും ആണ്‍മക്കളെ വീട്ടുപണിക്കാരാക്കുകയും ചെയ്യുന്ന രീതി ക്രൈസ്തവരുടെയിടയിലെ മറ്റൊരു ദുരന്തമാണ്. വിദ്യാസമ്പന്നരായ സ്ത്രീകളും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള പുരുഷന്മാരുമാണ് ക്രിസ്തീയ ഭവനങ്ങളിലെ ഇന്നത്തെ അവസ്ഥ! ഈ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അപകടം പലരും തിരിച്ചറിഞ്ഞിട്ടില്ല. അഭ്യസ്തവിദ്യരായ സ്ത്രീകള്‍, തങ്ങള്‍ക്കു യോജിച്ച പുരുഷന്മാരെ അന്വേഷിക്കുമ്പോള്‍, ക്രൈസ്തവരുടെയിടയില്‍ കണ്ടെത്താന്‍ കഴിയാതെവരുന്നു. സെക്കുലറിസത്തിന്റെ ദുരാത്മാവ്‌ ക്രൈസ്തവസഭകളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന കാലമായതിനാല്‍, ക്രിസ്ത്യാനിപ്പെണ്ണുങ്ങള്‍ തങ്ങള്‍ക്കു യോജിച്ചവരെ അന്യമതങ്ങളില്‍നിന്നു കണ്ടെത്തുന്നു എന്നതാണ് ഇതിന്റെ പരിണിതഫലം. ഇവിടംകൊണ്ട് ഈ ദുരന്തം തീരുന്നില്ല. ക്രിസ്ത്യാനികളായ യുവതികളെ സ്വീകരിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഹൈന്ദവ-മുസ്ലിം യുവാക്കള്‍ അനേകരുണ്ടെങ്കിലും, പ്രാഥമിക വിദ്യാഭാസം മാത്രമുള്ള ക്രൈസ്തവ യുവാക്കള്‍ പുരനിറഞ്ഞു നില്‍ക്കുന്നു!

പെണ്‍മക്കള്‍ അന്യമതക്കാരനോടൊപ്പം പോകുകയും ആണ്‍മക്കള്‍ പുരനിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന അതീവഗുരുതരമായ അവസ്ഥയിലാണ് ക്രൈസ്തവസമൂഹം ഇന്ന് എത്തിനില്‍ക്കുന്നത്! ക്രിസ്ത്യാനി പെണ്‍കുട്ടികളെ അന്യമതക്കാര്‍ സ്വീകരിക്കുന്നതുപോലെ, അവരുടെ പെണ്‍മക്കളെ ക്രിസ്ത്യാനികള്‍ക്കു നല്‍കുമെന്ന് ആരും ചിന്തിക്കരുത്. ഈ വിഷയം ഗൗരവത്തോടെ കണ്ടില്ലെങ്കില്‍, ക്രൈസ്തവസമൂഹം വന്ധ്യംകരിക്കപ്പെടുകയോ ക്രൈസ്തവരായ പുരുഷന്മാരുടെമേല്‍ ഷണ്ഡത്വം അടിച്ചേല്പിക്കപ്പെടുകയോ ചെയ്യും! ആയതിനാല്‍, ക്രൈസ്തവരുടെയിടയിലെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടാന്‍ ആവശ്യമായ നടപടികള്‍ വേണം. അല്ലാത്തപക്ഷം, ക്രൈസ്തവ സമൂഹം അതിന്റെപേരില്‍ വലിയ വിലകൊടുക്കേണ്ടിവരും. ഉന്നത വിദ്യാഭാസം നേടിയിട്ടുള്ള സ്ത്രീയുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഭര്‍ത്താവിനെ അംഗീകരിക്കാന്‍ ഭാര്യയ്ക്ക് സാധിക്കാതെ വരുന്നതിലൂടെ പല ബന്ധങ്ങളും ആരംഭത്തില്‍ത്തന്നെ തകര്‍ന്നുപോകുന്നു. വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പല കാരണങ്ങളിലൊന്ന്‍ ഇതുതന്നെയാണ്.

വ്യക്തികള്‍ ഷണ്ഡരാക്കപ്പെടുന്നതിന് വിവാഹം മുടക്കികളും മാതാപിതാക്കളും നല്‍കുന്ന സംഭാവനകള്‍ നാം കണ്ടു. ഇതു രണ്ടും കൂടാതെ, ഷണ്ഡത്വം അടിച്ചേല്പിക്കപ്പെടുന്ന മറ്റൊരു മേഖലകൂടി പരിശോധിക്കേണ്ടതുണ്ട്. അന്യന്റെ കുടുംബജീവിതത്തില്‍ നുഴഞ്ഞുകയറി ഭാര്യാഭര്‍ത്താക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുന്ന ഞരമ്പുരോഗികള്‍ ലോകത്തെല്ലായിടത്തുമുണ്ട്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ വേര്‍പിരിയുന്നതുനു ഹേതുവാകുന്ന ഇവരുടെ ജോലിയും ഷണ്ഡത്വം അടിച്ചേല്പിക്കലാണ്. ഇത്തരത്തില്‍ അനേകം ദമ്പതിമാര്‍ മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെട്ടിട്ടുണ്ട്. ദമ്പതിമാര്‍ വേര്‍പിരിഞ്ഞു ജീവിക്കുന്നതിലൂടെ ഇരുവരുടെയും ജീവിതങ്ങളില്‍ വന്നുഭവിക്കുന്നത് ഷണ്ഡത്വമാണ്. ഭാര്യയാല്‍ ഭര്‍ത്താവോ, ഭര്‍ത്താവിനാല്‍ ഭാര്യയോ ഉപേക്ഷിക്കപ്പെടുമ്പോഴും ഷണ്ഡരാക്കപ്പെടല്‍ സംഭവിക്കാം. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അന്യപുരുഷനോടൊപ്പം ഒളിച്ചോടിയ സ്ത്രീകള്‍ ഉള്ളതുപോലെ, ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചു കടന്നുകളയുന്ന പുരുഷന്മാരും നമുക്കിടയിലുണ്ട്. മക്കള്‍ക്കുവേണ്ടി ഷണ്ഡരായി ജീവിക്കാന്‍ വിധിക്കപ്പെട്ട മാതാവോ പിതാവോ ഉണ്ടെങ്കില്‍, പങ്കളിയാല്‍ ഷണ്ഡരാക്കപ്പെട്ട വ്യക്തിയാണത്! അതായത്, വിവാഹ മോചനത്തിലൂടെയും അനേകര്‍ ഷണ്ഡരാക്കപ്പെടുന്നു. ബാഹ്യ ഇടപെടല്‍മൂലവും പങ്കാളിയുടെ അവിശ്വസ്തതമൂലവും വിവാഹമോചനം നടന്നേക്കാം. ഏതു കാരണത്താലുള്ള വിവാഹമോചനമായാലും, അവിടെ സംഭവിക്കുന്നത് മനുഷ്യരാലുള്ള ഷണ്ഡരാക്കപ്പെടല്‍ തന്നെയാണ്.

മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്ന വിവിധ മേഖലകളാണു നാം പരിശോധിച്ചത്. ഷണ്ഡരായി ജനിക്കുന്നവരെക്കാള്‍ അധികം ഇത്തരത്തില്‍ ഷണ്ഡരാക്കപ്പെടുന്നവരാണ് നമുക്കിടയിലുള്ളത്. ആരുമൂലം ഇവര്‍ ഷണ്ഡരാക്കപ്പെടുന്നുവോ, അവരുടെ കുറ്റം വളരെ വലുതായിരിക്കും; ശിക്ഷയും അങ്ങനെതന്നെ! മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കിക്കഴിഞ്ഞതിനാല്‍ ഷണ്ഡത്വത്തിന്റെ മൂന്നാമത്തെ മേഖല ഏതാണെന്നു പരിശോധിക്കാം.

സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്ന വ്യക്തികളാണ് ഷണ്ഡത്വം വ്രതമായി സ്വീകരിച്ചവര്‍! ഷണ്ഡത്വത്തിലെ മഹനീയ മേഖലയായി ഇതിനെ പരിഗണിക്കാം. ആത്മീയ ശുശ്രൂഷകള്‍ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്ന വ്യക്തികള്‍ ഷണ്ഡത്വം സ്വയംവരിച്ചവരാണ്. ശരീരത്തിന്റെ അഭിലാഷങ്ങളെ ആത്മാവിനാല്‍ നിഹനിച്ചവരാണ് ഇത്തരത്തില്‍ ഷണ്ഡത്വം സ്വീകരിക്കുന്നത്. അപ്പസ്തോലനായ പൗലോസും മറ്റനേകം ദൈവശുശ്രൂഷകരും ഈ വിളി തിരഞ്ഞെടുത്തു തങ്ങളുടെ ദൈവത്തെ മഹത്വപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, താന്‍ സ്വീകരിച്ചതുപോലെ, മറ്റെല്ലാ ശുശ്രൂഷകരും ഷണ്ഡത്വം സ്വീകരിച്ചിരുന്നെങ്കില്‍ എന്ന് പൗലോസ് ആഗ്രഹിക്കുകയും ചെയ്തു. അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്. അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ് അവര്‍ക്കു നല്ലത്. എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ് നല്ലത്"(1 കോറി: 7; 7-9).

സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കിയ വ്യക്തികളാണ് കത്തോലിക്കാസഭയിലെ വൈദീകരും സന്യസ്തരും! മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി, ഇന്നത്തെ വൈദീകരും സന്യസ്തരും എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് ഈ വിളി സ്വീകരിച്ചിരിക്കുന്നതെന്നു മനോവയ്ക്കറിയില്ല. എന്നിരുന്നാലും, സഭ ഒരുക്കിയിരിക്കുന്ന ഈ മഹത്തായ വ്രതസംവീധാനത്തെ ആത്മാര്‍ത്ഥതയോടെ സ്വീകരിച്ചിരിക്കുന്ന അനേകം വ്യക്തികള്‍ ഇന്നും സഭയിലുണ്ട്. ഇവിടെ ഒരുകാര്യം പ്രത്യേകം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, വൈദീകര്‍ക്ക് വിവാഹം അനുവദിക്കാത്തത് കത്തോലിക്കാസഭയില്‍ മാത്രമാണ്. എല്ലാക്കാര്യങ്ങളിലും എന്നതുപോലെ സഭയുടെ ഈ നിലപാടിനെയും മറ്റിതര സഭകള്‍ ചോദ്യംചെയ്യുന്നു. സ്വകാര്യസഭകള്‍ക്കും അന്യമതസ്ഥര്‍ക്കുമാണ് ഇക്കാര്യത്തില്‍ ഏറെ വേദനയുള്ളത്. അന്യമതസ്ഥര്‍ അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ മനോവ ശ്രമിക്കുന്നില്ല. എന്നാല്‍, ക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്ന ആര്‍ക്കെങ്കിലും അറിയാന്‍ താത്പര്യമുണ്ടെങ്കില്‍ അറിയിക്കാന്‍ മനോവ തയ്യാറാണ്. ക്രിസ്തുവിനെയോ ക്രിസ്തുവിന്റെ വചനത്തെയോ ഹൃദയത്തില്‍ ഏറ്റെടുക്കാത്ത വ്യക്തികള്‍ക്ക് ഷണ്ഡത്വത്തിന്റെ ആത്മീയശക്തി മനസ്സിലാകാനുള്ള കഴിവില്ലാത്തതുകൊണ്ടാണ് വൈദീകര്‍ അവിവാഹിതരായിരിക്കുന്നതിനെ ഇവര്‍ ചോദ്യംചെയ്യുന്നത്. ബൈബിളിലെ വചനങ്ങള്‍ ഗ്രഹിക്കാന്‍ കഴിയാത്തവിധം ഇവരുടെ ഹൃദയം കഠിനമാക്കപ്പെട്ടിരിക്കുന്നു.

പൗലോസ് അപ്പസ്തോലന്റെ ആഹ്വാനം മാത്രം പരിഗണിച്ചല്ല കത്തോലിക്കാസഭയിലെ വൈദീകര്‍ക്ക് വിവാഹം നിഷിദ്ധമാക്കിയിരിക്കുന്നത്. മറിച്ച്, യേഹ്ശുവായുടെ വചനത്തിന്റെകൂടി അടിസ്ഥാനത്തിലുള്ള മഹനീയ തീരുമാനമാണിത് എന്ന യാഥാര്‍ത്ഥ്യം സകലരും അറിഞ്ഞിരിക്കുക. സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്ന മനുഷ്യരെക്കുറിച്ചു പ്രഖ്യാപനം നടത്തിയത് യേഹ്ശുവായാണ്. സ്വര്‍ഗ്ഗരാജ്യത്തെപ്രതി ആരെങ്കിലും തങ്ങളെത്തന്നെ പരിത്യജിക്കുന്നുവെങ്കില്‍, അവന്റെ പരിത്യാഗത്തെ ദൈവം മാനിക്കുകയും പ്രതിഫലം നല്‍കി ശ്ലാഘിക്കുകയും ചെയ്യും. ഇക്കാര്യം സ്ഥിരീകരിക്കുന്ന വാക്കുകള്‍ യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പുറപ്പെട്ടിട്ടുണ്ട്. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും"(മത്താ: 19; 29). സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവര്‍ എത്രത്തോളം വലിയ ത്യജിക്കലാണ് നടത്തിയിരിക്കുന്നതെന്ന് ചിന്തിച്ചുനോക്കുക. അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും മാത്രമല്ല, തന്റെതന്നെ ശരീരത്തിന്റെ അഭിലാഷങ്ങളെയും ക്രിസ്തുവിനോടൊപ്പം ക്രൂശിച്ചിരിക്കുന്നു. ലോകത്തില്‍നിന്നുതന്നെയുള്ള മുക്തിയാണിത്! ഇതാണ് യഥാര്‍ത്ഥ സമര്‍പ്പണത്തിന്റെ അന്തഃസത്ത! ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം, ഓരോരുത്തരുടെയും സമര്‍പ്പണത്തിന്റെ പൂര്‍ണ്ണത പരിശോധിച്ചു പ്രതിഫലം നല്‍കും!

സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കാന്‍ വൈദികനോ കന്യാസ്ത്രിയോ ആകണമെന്നില്ല. ദൈവരാജ്യത്തിന്റെ ശുശ്രൂഷയ്ക്കായി ജീവിതം ഉഴുഞ്ഞുവച്ച ഏതൊരാള്‍ക്കും ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. യേഹ്ശുവാ അരുളിച്ചെയ്തപ്പോഴോ പൗലോസ് അപ്പസ്തോലന്‍ ആഹ്വാനം ചെയ്തപ്പോഴോ വൈദികസമൂഹം സഭയില്‍ ഉണ്ടായിരുന്നില്ല; കന്യാസ്ത്രി മഠങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നുമില്ല. ആയതിനാല്‍, ആത്മസംയമനത്തോടെ വ്യാപരിക്കാന്‍ കൃപലഭിച്ചിട്ടുള്ള ഏതൊരു ശുശ്രൂഷകനും തിരഞ്ഞെടുക്കാവുന്ന മാര്‍ഗ്ഗമാണിത്. വിശ്വസ്തത പുലര്‍ത്താന്‍ കഴിയാത്തവര്‍ വിവാഹം കഴിക്കുക തന്നെവേണം! സന്യസ്തജീവിതം എന്നത് വചനവിരുദ്ധമായ ഒന്നാണെന്നു വാദിക്കുന്നവരെക്കുറിച്ചു മനോവയ്ക്കു കൂടുതലൊന്നും പറയാനില്ല! 73 പുസ്തകങ്ങളുള്ള യഥാര്‍ത്ഥ ബൈബിള്‍ ഹൃദയപരമാര്‍ത്ഥതയോടെ വായിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യുക! ഷണ്ഡത്വത്തിന്റെ മൂന്നു മേഖലകളെയും സംബന്ധിച്ചു മനോവയ്ക്കു പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു!

ഷണ്ഡത്വവും പ്രകൃതിവിരുദ്ധ ലൈംഗീകതയും!

സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച എന്നീ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഷണ്ഡത്വവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരത്തില്‍നിന്നാണ് നാം നമ്മുടെ പഠനം ആരംഭിച്ചത്. എല്ലാ ഷണ്ഡന്മാരും സ്വവര്‍ഗ്ഗരതിക്കാരോ മൃഗവേഴ്ചക്കാരോ അല്ലെന്നും, പ്രകൃതിവിരുദ്ധ ലൈംഗീകബന്ധം ആസ്വദിക്കുന്ന എല്ലാവരും ഷണ്ഡന്മാരല്ലെന്നും നാം മനസ്സിലാക്കി. എന്നാല്‍, എല്ലാ ഷണ്ഡരെയും പ്രകൃതിവിരുദ്ധ ലൈംഗീകതയിലേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ പ്രോത്സാഹങ്ങള്‍ നല്‍കുന്നതിന് ലോകമിന്ന് കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതാണു യാഥാര്‍ത്ഥ്യം! മ്ലേച്ഛമായ ഈ വൈകൃതത്തില്‍ വ്യാപരിക്കുന്നവര്‍ക്കു ലോകം നല്‍കുന്ന പരിഗണനയും മാധ്യമങ്ങള്‍ നല്‍കുന്ന ബഹുമതികളും കാണുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതിതാണ്. നിയമപരമായ സംരക്ഷണവും തൊഴില്‍പരമായ സംവരണവും നല്‍കി ഇവരെ പിന്തുണയ്ക്കുന്ന സമീപനമാണ് ലോകത്തിന്റെ ഭാഗത്തുനിന്നു നാം കാണുന്നത്. നിയമങ്ങളില്‍ അയവുകള്‍ വരുത്തിക്കൊണ്ട് കത്തോലിക്കാസഭയിലെ ആചാര്യന്മാരും ഇവരെ പിന്തുണയ്ക്കുന്നു. അധാര്‍മ്മികതയുടെയും പൈശാചികതയുടെയും ആള്‍രൂപമായ പോള്‍ തെലേക്കാടന്‍ നടത്തിയ നയപ്രഖ്യാപനം കേട്ടു ഞെട്ടാത്ത ആരെങ്കിലുംമുണ്ടെങ്കില്‍, അവര്‍ സാത്താന്റെ സന്തതികള്‍ മാത്രമായിരിക്കും.

ലോകത്തിന്റെ അജണ്ടകളോടു സഭയുടെ നിലപാടുകളെ വിളക്കിച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന നാശത്തിന്റെ സന്തതികള്‍ കത്തോലിക്കാസഭയില്‍ സ്ഥാനംപിടിച്ചത് ഇന്നോ ഇന്നലെയോ അല്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പരിണിതഫലമായി സഭയെ ഗ്രസിച്ച നാശോന്മുഖമായ നയവ്യതിയാനമാണ് സകല ദുരന്തങ്ങള്‍ക്കും നാന്ദികുറിച്ചത്‌. ദൈവീകനിയമങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പൈശാചികശക്തികള്‍ സഭയിലും ആധിപത്യം നേടി. തെലേക്കാടന്മാരുടെ ജല്പനങ്ങള്‍ക്ക് ലോകത്തിന്റെ അംഗീകാരം ലഭിക്കുന്നുവെങ്കില്‍, പരസ്പരം ആശ്ലേഷിച്ചു നില്‍ക്കുന്ന ആത്മാക്കളുടെ സാന്നിദ്ധ്യമാണ് സ്ഥിരീകരിക്കപ്പെടുന്നത്. സോദോം-ഗോമോറാ പട്ടണങ്ങളെ പാഠമാക്കാന്‍ ലോകത്തിനു കഴിയുന്നില്ലെങ്കില്‍ അത് സ്വാഭാവികമാണെന്നു കണക്കാക്കാം. എന്നാല്‍, പത്രോസിനുമേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാസഭയുടെ ചിലവില്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നവരില്‍നിന്നുള്ള പൈശാചികശബ്ദങ്ങളെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്. എന്തെന്നാല്‍, ദൈവത്തിന്റെ കോപം ഇരന്നുവാങ്ങുന്ന സമീപനം സ്വീകരിക്കുന്നവര്‍ക്ക് കത്തോലിക്കാസഭയില്‍ ഇടംനല്കരുത്. ഇത്തരക്കാര്‍ ആയിരിക്കുന്ന ഇടങ്ങളിലേക്ക് ദൈവത്തിന്റെ ക്രോധം ഇരമ്പിയാര്‍ത്തു കടന്നുവരും! സോദോം-ഗോമോറാ പട്ടണങ്ങള്‍ നമുക്കുമുന്നില്‍ വയ്ക്കുന്ന പാഠമിതാണ്!

എല്ലാ പാപങ്ങളും ശിക്ഷാര്‍ഹമാണെന്നിരിക്കിലും, വിഗ്രഹാരാധനയും വ്യഭിചാരവും ശിക്ഷയെ ധൃതഗതിയിലാക്കുന്നു എന്നതാണ് ഈ പാപങ്ങളുടെ പ്രത്യേകത. ഈ പാപങ്ങളില്‍ വച്ചുതന്നെ മുന്തിയ പരിഗണയോടെ ദൈവകോപം ക്ഷണിച്ചുവരുത്തുന്ന മ്ലേച്ഛതയാണ് സ്വവര്‍ഗ്ഗരതിയും മൃഗവേഴ്ചയും! ഇത്തരത്തിലുള്ള ലജ്ജാകരമായ ജീവിതം നയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ഏതൊരുവനും മ്ലേച്ഛതയുടെ ആള്‍രൂപമായി മാത്രമേ പരിഗണിക്കപ്പെടാന്‍ പാടുള്ളു. അത് വത്തിക്കാനിലെ രാജാവോ സത്യദീപത്തിന്റെ പത്രാധിപരോ ആയിരുന്നാലും മ്ലേച്ഛന്മാരുടെ പട്ടികയിലെ ആദ്യപേരുകാര്‍ ആയിരിക്കണം! സ്വവര്‍ഗ്ഗരതിയെ സംബന്ധിച്ചും മൃഗവേഴ്ചയെ സംബന്ധിച്ചും ദൈവത്തിന്റെ ഹിതമെന്താണ് എന്നകാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. കാരണം, ഇതിനോടകം പലവട്ടം ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു കഴിഞ്ഞു. ആയതിനാല്‍, ഒരുകാര്യം വ്യക്തമാക്കിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ്. സ്വവര്‍ഗ്ഗഭോഗത്തിന് ധാര്‍മ്മികമായ പിന്തുണ നല്‍കുന്ന രാജ്യങ്ങളുടെമേല്‍ അഗ്നിയും ഗന്ധകവും വര്‍ഷിക്കപ്പെട്ട് അവ ചാമ്പലായാലും, അതിനെ പരിസ്ഥിതി പ്രശ്നമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ദുരാത്മാവിന്റെ ബന്ധനത്തിലാണു ലോകം! ഭൂമിയെ പൂര്‍ണ്ണമായിത്തന്നെ അഗ്നിവിഴുങ്ങിയാലും ലോകമനുഷ്യരുടെ പ്രതികരണം ഇതുതന്നെയായിരിക്കും! ഷണ്ഡന്മാരെ നോക്കി 'ദൈവത്തിന്റെ വികൃതി' എന്നുപറയാന്‍ ഇനിയെങ്കിലും നാവ് ചലിപ്പിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലോടെ ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു!

നിയമം അനുസരിക്കുന്നുവെങ്കില്‍ ഷണ്ഡരും അനുഗ്രഹിക്കപ്പെടും! 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4715 views

LOG IN

Lost your password?

SIGN UP

LOST PASSWORD