വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

ആദിപാപവും ചില അബദ്ധപഠനങ്ങളും!

Print By
about

“ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു”(റോമാ: 5; 12). പാപത്തിന്റെ ആരംഭത്തെ സംബന്ധിച്ചുള്ള ഏറ്റവും ലളിതമായ വെളിപ്പെടുത്തലാണ് നാമിവിടെ വായിച്ചത്. ആദിമനുഷ്യന്‍ ചെയ്ത പാപം എന്തായിരുന്നുവെന്ന് ബൈബിളില്‍ വായിക്കാന്‍ കഴിയും. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട അനേകം അബദ്ധങ്ങള്‍ ഈ ലോകത്ത് പ്രചരിക്കുന്നത് നമുക്കറിയാം. വചനപ്രഘോഷകരില്‍ നിന്നുപോലും ഇത്തരം അബദ്ധപഠനങ്ങള്‍ പുറപ്പെടുന്നത് മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ബുദ്ധിയുടെയും യുക്തിയുടെയും തലത്തില്‍നിന്നുകൊണ്ട് വചനം വ്യാഖ്യാനിക്കുന്നവര്‍ക്ക് സംഭവിക്കുന്ന ഈ പിഴവുമൂലം അനേകര്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടിട്ടുള്ളതും മനോവ മനസ്സിലാക്കുന്നു. ഈ ആശയക്കുഴപ്പം പരിഹരിക്കാനുള്ള ശ്രമമാണ് ഈ ലേഖനം! പരിശുദ്ധാത്മാവിന്റെ വെളിച്ചത്തില്‍ ആദ്യപാപത്തെ വിശകലനം ചെയ്യാനുള്ള ഈ പരിശ്രമത്തെ അവിടുന്നുതന്നെ നയിക്കട്ടെ!

ഒരിക്കല്‍ ഒരു ഓര്‍ത്തഡോക്സ് പ്രസിദ്ധീകരണത്തില്‍ മനോവ വായിച്ച വചനവിരുദ്ധമായ ആശയം ചര്‍ച്ച ചെയ്തുകൊണ്ട് ഈ ലേഖനം ആരംഭിക്കാം. ഇവരുടെ ദര്‍ശനത്തില്‍ ജന്മപാപം ഇല്ലെന്ന് ഇവര്‍ വാദിക്കുന്നു. ജന്മപാപം കര്‍മ്മപാപം എന്നിങ്ങനെയുള്ള വേര്‍തിരിവ് പാശ്ചാത്യസഭകള്‍ സൃഷ്ടിച്ച വിവരക്കേടാണെന്നതാണ് ഈ ബുദ്ധിജീവിയുടെ കണ്ടെത്തല്‍! ആദ്യപാപം എന്നത് കാമമാണെന്നും ഇവര്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. കാര്‍മ്മല്‍ അപ്പോളജി എന്നപേരില്‍ ഇവര്‍ നടത്തിവരുന്ന ആദ്ധ്യാത്മിക ആഭാസത്തിനുള്ള മറുപടിയായി ഈ ലേഖനത്തെ ആരും കാണേണ്ടാ. എന്നിരുന്നാലും ഇവര്‍ ഉയര്‍ത്തിയ വാദങ്ങളില്‍ ഒരെണ്ണം നോക്കുക: "ജന്മപാപം’ (Original Sin) എന്ന പദപ്രയോഗം നമ്മുടെ മാമോദീസാക്രമത്തിലോ, മറ്റു ക്രമത്തിലോ മറ്റു കൂദാശകളിലോ കാണുന്നില്ല. എവിടെയെങ്കിലുമുണ്ടെങ്കില്‍ ഈ ലേഖകന് അതറിയുവാന്‍ ആഗ്രഹമുണ്ട്. സുറിയാനിയില്‍ ജന്മപാപം എന്നൊരു പ്രയോഗമേ ഇല്ലെന്നാണ് മല്‍പ്പാന്മാര്‍ പറയുന്നത്. ഗ്രീക്കിലും കാണുന്നില്ല"(കാര്‍മ്മല്‍ അപ്പോളജി).

ഈ ലേഖകന്റെ അറിയുവാനുള്ള ആഗ്രഹത്തെ ഹനിക്കുവാന്‍ മനോവയ്ക്ക് ആഗ്രഹമില്ലാത്തതുപോലെതന്നെ, സത്യം അറിയുവാന്‍ ആഗ്രഹിക്കുന്ന അനേകര്‍ക്കായി ചിലത് വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. കടമറ്റത്ത് കത്തനാരെ വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ തക്കവണ്ണം പൈശാചികതയില്‍ തുടരുന്ന കാര്‍മ്മല്‍ അപ്പോളജിയെ ഒരുകാലത്തും മനോവ ഗൗനിച്ചിട്ടില്ല. എന്നാല്‍, ഇവരാല്‍ വഞ്ചിക്കപ്പെടുന്ന നിഷ്കളങ്കരായ വിശ്വാസികളെ പരിഗണിക്കാതിരിക്കാന്‍ മനോവയ്ക്കാവില്ല. കാര്‍മ്മല്‍ അപ്പോളജി എന്ന കടമറ്റം സേവക്കാരന്റെ മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ജന്മപാപം’, ‘കര്‍മ്മപാപം’ എന്നിങ്ങനെ പാപത്തെ രണ്ടായി തരം തിരിക്കുന്ന രീതിയും നമ്മുടെ പൌരസ്ത്യ പാരമ്പര്യത്തിലില്ല"(കാര്‍മ്മല്‍ അപ്പോളജി). ഇവര്‍ ഏതു പൌരസ്ത്യസഭയുടെ കാര്യമാണു പറയുന്നത്? ജന്മപാപവും കര്‍മ്മപാപവും തമ്മിലുള്ള അന്തരം തിരിച്ചറിയാത്ത ഇവരൊക്കെ ആദ്ധ്യാത്മികതയുടെ പരിവേഷം അണിഞ്ഞിറങ്ങിയതാണ് ഈ ലോകത്തിന്റെ ദുരന്തം!

പാപത്തെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നതിനുമുമ്പ് ചിലതുകൂടി പരിശോധിക്കേണ്ടതുണ്ട്. ഇവരുടെ മറ്റൊരു വാദം നോക്കുക: "നമ്മുടെ പിതാക്കന്മാരില്‍ എല്ലാ വിധവും സമാരാധ്യന്മാരായ പരിശുദ്ധന്മാരായ മാര്‍ ബസ്സേലിയോസും, മാര്‍ ഗ്രിഗോറിയോസും ശിശുക്കള്‍ക്ക് പാപമേയില്ലെന്ന് വിശ്വസിച്ചവരായിരുന്നു. ആദാമ്യപാപം ശിശുക്കളില്‍ പാപമായി കണക്കിടപ്പെടുന്നില്ല എന്നു തന്നെയാണ് ഈ പിതാക്കന്മാര്‍ പഠിപ്പിച്ചിരുന്നത്. മാമോദീസാ എന്നുള്ളത് ആദാമ്യപാപം കഴുകിക്കളയാനുള്ള മാര്‍ഗ്ഗമായി അവര്‍ കരുതിയിരുന്നുമില്ല"കാര്‍മ്മല്‍ അപ്പോളജി). അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോള്‍ത്തന്നെ താന്‍ പാപിയായിരുന്നുവെന്ന പ്രവാചകന്റെ വാക്കുകള്‍ എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്? ദൈവവചനത്തെ അപ്പാടെ തള്ളിക്കളയുന്ന കാര്‍മ്മലിന്റെ വാദങ്ങളെ മുഖവിലയ്ക്കെടുക്കാതെതന്നെ നമുക്ക് പഠനത്തിലേക്കു പ്രവേശിക്കാം. കാമമായിരുന്നു ആദ്യപാപം എന്നുള്ള ഇവരുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടുതന്നെ ആരംഭിക്കാം.

ആദ്യപാപം ലൈംഗീകതയോ?!

ആദ്യപാപത്തെ ലൈംഗീകതയുമായി ചേര്‍ത്തുവയ്ക്കാന്‍ പരിശ്രമിക്കുന്ന അനേകരുണ്ട്. ഇത്തരക്കാരുടെ പഠിപ്പിക്കലുകളിലൂടെ അപഥസഞ്ചാരം ചെയ്യുന്ന വിശ്വാസികളും അനേകരാണ്. എന്നാല്‍, യാഥാര്‍ത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നതാണു വസ്തുത. സൃഷ്ടിയുടെ പുസ്തകം സൂക്ഷമതയോടെ പരിശോധിക്കുന്ന ആര്‍ക്കും ഇതു മനസ്സിലാക്കാന്‍ സാധിക്കും. ആയതിനാല്‍, വചനത്തിന്റെ വെളിച്ചത്തില്‍ നമുക്കിത് പരിശോധിക്കാം.

ആദിമനുഷ്യനായ ആദവും അവനില്‍നിന്നു സൃഷ്ടിക്കപ്പെട്ട ഹവ്വായും തമ്മില്‍ ലൈംഗീക ബന്ധം പുലര്‍ത്തിയതാണ് ആദ്യത്തെ പാപം എന്നാണ് ചിലര്‍ പരസ്യമായി പഠിപ്പിക്കുന്നത്. തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തെ ലൈംഗികതയോട് ഉപമിക്കാനും ഇവര്‍ ശ്രമിക്കുന്നു! മനുഷ്യശരീരത്തിന്റെ മദ്ധ്യഭാഗത്തായി ലൈംഗികാവയവം സ്ഥിതിചെയ്യുന്നതുകൊണ്ടായിരിക്കാം തോട്ടത്തിനു നടുവിലുള്ള വൃക്ഷമായി ലൈംഗികതയെ പരിഗണിച്ചത്! അങ്ങനെയെങ്കില്‍, ഏദന്‍തോട്ടം എന്നത് മനുഷ്യന്റെ ശരീരമായി പരിഗണിക്കേണ്ടിവരും! മാത്രവുമല്ല, ബൈബിള്‍ സൂക്ഷമമായി പരിശോധിക്കുന്നവര്‍ക്കു തിരിച്ചറിയാന്‍ കഴിയുന്ന മറ്റുചില യാഥാര്‍ത്ഥ്യങ്ങള്‍ക്കൂടിയുണ്ട്. ലൈംഗികതയോട് ഉപമിച്ചുകൊണ്ട് പ്രഘോഷിക്കപ്പെടുന്ന 'വിവാദവൃക്ഷം' സൃഷ്ടിക്കപ്പെടുമ്പോള്‍, ഹവ്വായുടെ സൃഷ്ടി നടന്നിട്ടില്ല എന്നതാണ് ആദ്യമായി നാം മനസ്സിലാക്കിയിരിക്കേണ്ടത്. ദൈവമായ യാഹ്‌വെ നട്ടുവളര്‍ത്തിയ രണ്ടു വൃക്ഷങ്ങളില്‍ ഒന്നിനെയാണ് ലൈംഗികതയുടെ പ്രതീകമായി ചിലര്‍ പ്രചരിപ്പിക്കുന്നതെങ്കില്‍, ആ വൃക്ഷങ്ങളെ സംബന്ധിച്ചുള്ള വിവരണം ബൈബിളില്‍ കാണുന്നത് എങ്ങനെയെന്നു നോക്കുക: “അനന്തരം ദൈവമായ യാഹ്‌വെ കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും ദൈവമായ യാഹ്‌വെ മണ്ണില്‍നിന്നു പുറപ്പെടുവിക്കുകയും, ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ വളര്‍ത്തുകയും ചെയ്തു”(സൃഷ്ടി: 2; 8, 9). ഈ വൃക്ഷങ്ങള്‍ തോട്ടത്തിന്റെ നടുവില്‍ വളര്‍ത്തുന്ന സമയത്ത് ആദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈ വിവരണം ശ്രദ്ധിക്കുക: “ദൈവമായ യാഹ്‌വെ ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവന്‍ ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല. എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്ന് ഭൂതലമെല്ലാം നനച്ചു. ദൈവമായ യാഹ്‌വെ ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു”(സൃഷ്ടി: 2; 5-7). ഏഴാമത്തെ വാക്യം ഇങ്ങനെയാണ് അവസാനിക്കുന്നത്. എട്ടാമത്തെയും ഒന്‍പതാമത്തെയും വാക്യങ്ങള്‍ മുകളില്‍ നാം കണ്ടു. അതായത്, ആദത്തെ സൃഷ്ടിച്ചതിനുശേഷം അവിടുന്ന് ഏദന്‍തോട്ടം നിര്‍മ്മിക്കുകയും അവിടെ ഫലവൃക്ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും വളര്‍ത്തിയത് ഈ അവസരത്തിലാണ്. അപ്പോഴൊക്കെ ആദം തനിച്ചായിരുന്നു. ആയതിനാല്‍ത്തന്നെ, ഈ വൃക്ഷങ്ങളൊന്നും ലൈംഗികതയെ പ്രതിനിധാനം ചെയ്യുന്നില്ലെന്നു മനസ്സിലാക്കാന്‍ കഴിയും! ഏദന്‍തോട്ടവും ഈ തോട്ടത്തില്‍ ഫലവൃക്ഷങ്ങളും സൃഷ്ടിച്ചതിനുശേഷം ആദത്തെ അവിടെ കൃഷിചെയ്യുന്നതിനായി നിയോഗിച്ചു. തുടര്‍ന്നുവരുന്ന വാക്യങ്ങള്‍ നോക്കുക: “ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ യാഹ്‌വെ മനുഷ്യനെ അവിടെയാക്കി. യാഹ്‌വെ അവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും. ദൈവമായ യാഹ്‌വെ അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും”(സൃഷ്ടി: 2; 15-18).

നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കരുതെന്ന കല്പന പുറപ്പെടുവിക്കുന്നത് ആദം തനിച്ചായിരിക്കുമ്പോഴാണെന്നു മനസ്സിലാക്കാന്‍ ഈ വചനം മാത്രം മതിയാകും. ആദത്തിന് ഇണയെ നല്‍കുന്നതിനു മുന്‍പ് നല്‍കിയ കല്പന എങ്ങനെയാണ് ഇണചേരലിനെ സംബന്ധിച്ചുള്ളതാകുന്നത്? മാത്രവുമല്ല, ആദത്തിന് ഇണയെ നല്‍കിയതിനുശേഷം യാഹ്‌വെ നല്‍കുന്ന അനുഗൃഹദായകമായ കല്പന ഇതാണ്: “അങ്ങനെ ദൈവം തന്റെ പ്രതിച്ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; തന്റെ പ്രതിച്ഛായയില്‍ ദൈവം അവനെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ”(സൃഷ്ടി: 1; 27, 28). സന്താനപുഷ്ടിയുള്ളവരായി പെരുകുവാന്‍ കല്പിച്ച ദൈവത്തെയാണ് നാമിവിടെ വായിക്കുന്നത്. അങ്ങനെയെങ്കില്‍, ദൈവത്തെ അനുസരിച്ചതിന്റെ പേരിലാണോ ഇവര്‍ പുറത്താക്കപ്പെട്ടത്? ഒരിക്കലുമല്ല! ലൈംഗികതയെ പാപമായി ചിത്രീകരിക്കുവാനുള്ള കുത്സിത ശ്രമമാണ് ചില ദൈവശാസ്ത്രജ്ഞന്മാര്‍ നടത്തുന്നത്. ദൈവത്തെ അനുസരിച്ചതിലൂടെയല്ല; മറിച്ച്, അവിടുത്തെ അനുസരിക്കാത്ത കാരണത്താലാണ് മനുഷ്യനു പറുദീസാ നഷ്ടമായത്! ഈ പാപത്തിന്റെ ഗൗരവം പരിശോധിച്ചുകൊണ്ട് നമുക്കു പഠനം തുടരാം.

ജീവന്റെ വൃക്ഷവും അറിവിന്റെ വൃക്ഷവും!

മനുഷ്യനുവേണ്ടി ദൈവമുണ്ടാക്കിയ തോട്ടത്തിലെ അതിവിശിഷ്ടങ്ങളായ രണ്ടു വൃക്ഷങ്ങളാണ് 'ജീവന്റെ വൃക്ഷവും അറിവിന്റെ വൃക്ഷവും'! ഈ വൃക്ഷങ്ങള്‍ക്ക് സവിശേഷമായ ചില പ്രത്യേകതകളുണ്ട്. എന്താണ് ഈ സവിശേഷതകളെന്നു പരിശോധിക്കുന്നതിനുമുന്‍പ് ഈ വൃക്ഷങ്ങളെ സംബന്ധിച്ചുള്ള ദൈവത്തിന്റെ കല്പന എന്തായിരുന്നുവെന്ന് നോക്കാം. മുകളില്‍ നാം കണ്ട വചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: “ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ യാഹ്‌വെ മനുഷ്യനെ അവിടെയാക്കി. യാഹ്‌വെ അവനോടു കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും”(സൃഷ്ടി: 2; 15-17). ഏദന്‍തോട്ടത്തിന്റെ സമ്പൂര്‍ണ്ണ അവകാശിയായിട്ടല്ല ആദത്തെ ദൈവം അവിടെ നിയോഗിച്ചത്; മറിച്ച്, കൃഷിചെയ്യാനും സംരക്ഷിക്കാനുമാണ്. അതുകൊണ്ടുതന്നെ, ഭൂവുടമയായ യാഹ്‌വെയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന കാലത്തോളം മാത്രമാണ് കാര്യസ്ഥന്റെ ജോലിയുടെ കാലാവധി! എന്തെന്നാല്‍, സര്‍വ്വജ്ഞാനിയായ യാഹ്‌വെയ്ക്ക് വരാനിരിക്കുന്ന സകലതും അനാവരണമാണ്! പ്രമാണം ലംഘിച്ചതിലൂടെ വന്നുഭവിച്ച ദുരന്തം എന്തായിരുന്നുവെന്ന് നമുക്കറിയാം. മനുഷ്യരാശിയുടെമേല്‍ മരണം കടന്നുവന്നത് ഈ അനുസരണക്കേടുമൂലമാണ്!

പുതിയ യുഗത്തില്‍ ഈ വൃക്ഷങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ എന്താണെന്നുകൂടി നമുക്ക് അന്വേഷിക്കാം. “ആത്മാവ് സഭകളോട് അരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്നു ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും”(വെളിപാട്: 2; 7). വിജയം വരിക്കുന്നവര്‍ക്കായി മറ്റൊന്നുകൂടി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വചനം നോക്കുക: “വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്‍കും”(വെളിപാട്: 2; 17). വിജയം വരിക്കുന്നവര്‍ക്കു നല്‍കാനായി അവിടുന്ന് മുന്‍കൂട്ടി ഒരുക്കിവച്ച വിശിഷ്ടമായ ഭോജനമാണ് ജീവന്റെ വൃക്ഷത്തിലെ ഫലങ്ങള്‍! അതില്‍നിന്നു ഭക്ഷിക്കരുതെന്ന കല്പന എല്ലാക്കാലത്തേയ്ക്കും ആയിരുന്നില്ലെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അതായത്, അതില്‍നിന്നു ഭക്ഷിക്കാനുള്ള യോഗ്യത നേടുന്നതുവരെയും അവ വിലക്കപ്പെട്ടതായി! ഈ വിലക്ക് ലംഘിക്കപ്പെട്ടപ്പോഴാണ് ആദിമാതാപിതാക്കള്‍ തോട്ടത്തില്‍നിന്നു പുറത്തായത്.

ജീവന്റെ വൃക്ഷത്തിലെ ഫലവും നിഗൂഢ മന്നയും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലാണ് വെളിപാടിലൂടെ നല്‍കിയിരിക്കുന്നത്. ദൈവപുത്രനായ യേഹ്ശുവായെ പ്രതീകാത്മകമായി അവതരിപ്പിച്ചതായിരുന്നു ജീവന്റെ വൃക്ഷം. ആദവും അവന്റെ ഭാര്യയും ഭക്ഷിച്ചത് ജീവന്റെ വൃക്ഷത്തില്‍നിന്നായിരുന്നില്ല എന്നതുകൊണ്ട്, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തെക്കുറിച്ചുള്ള പഠനമാണ് ആദ്യമായി നടത്തേണ്ടത്. അതിനുശേഷം നിഗൂഢ മന്നയെക്കുറിച്ചും ജീവന്റെ വൃക്ഷത്തെക്കുറിച്ചുമുള്ള പഠനത്തിലേക്ക് പ്രവേശിക്കാം.

അറിവിന്റെ വൃക്ഷം എന്നത് പരിശുദ്ധാത്മാവിനെ സംബന്ധിച്ചുള്ള പ്രതീകാത്മക സൂചനയാണ്. കാരണം, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്നാണ് ഈ വൃക്ഷത്തെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍. ആരാണ് നന്മയെയും തിന്മയെയും കുറിച്ചുള്ള അവബോധം നമുക്ക് നല്‍കുന്നത്? ഈ വചനം നോക്കുക: “ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും - അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും, ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോദ്ധ്യപ്പെടുത്തും”(യോഹ: 16; 7-11). പരിശുദ്ധാത്മാവിനെ സംബന്ധിച്ചുള്ള യേഹ്ശുവായുടെ വെളിപ്പെടുത്തലാണിത്. നന്മതിന്മകളെക്കുറിച്ചുള്ള അവബോധം നല്‍കുന്ന വൃക്ഷം ഏതാണെന്നുള്ള വെളിപ്പെടുത്തലാണ് യേഹ്ശുവാ ഇവിടെ നല്‍കിയിരിക്കുന്നത്! പരിശുദ്ധാത്മാവിനെതിരേയുള്ള പാപമായിരുന്നു ആദ്യപാപം എന്ന സ്ഥിരീകരണം ഇവിടെ ലഭിച്ചിരിക്കുന്നു. പരിശുദ്ധാത്മാവിനെതിരെയുള്ള പാപങ്ങള്‍ ഈ ലോകത്തോ വരാനിരിക്കുന്ന ലോകത്തോ ക്ഷമിക്കപ്പെടുകയില്ല എന്ന വചനം നിലനില്‍ക്കുമ്പോള്‍, എങ്ങനെയാണ് ആദിമാതാപിതാക്കന്മാരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നത് എന്ന ചോദ്യം ഉയര്‍ന്നേക്കാം. അതിനുള്ള ഉത്തരവും ബൈബിളിലുണ്ട്.

ഈ പാപത്തിന്റെ ഗൗരവം ലോകത്തിനു വെളിപ്പെടുത്തിയത് യേഹ്ശുവായാണ്. നിയമം നല്കപ്പെടുന്നതിനുമുമ്പ് പാപം ഉണ്ടായിരുന്നുവെങ്കിലും, അത് ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല എന്ന് വചനം പറയുന്നു. ആയതിനാല്‍ത്തന്നെ, ഈ പാപത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിനുശേഷമാണ് ഇത് ഇത്രമാത്രം ഗുരുതരമായത്! ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: “നിയമം നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല”(റോമാ: 5; 13). നിയമം നല്കപ്പെടുന്നതിനു മുന്‍പ് പാപത്തിന്റെ ഗൗരവം ലഘുവായിരുന്നുവെങ്കില്‍, നിയമം നല്കപ്പെട്ടതിനുശേഷം അത് കഠിനമായിരിക്കും. മാത്രവുമല്ല, പരിശുദ്ധാത്മാവിനെതിരായ ദൂഷണം അവിടെ സംഭവിച്ചിട്ടില്ല. എന്നിരുന്നാല്‍പ്പോലും, സകല തലമുറകളെയും നാശത്തിലേക്കു നയിക്കാന്‍പോന്ന ശക്തി ആ പാപത്തിനുണ്ടായിരുന്നു.

നന്മതിന്മകളെക്കുറിച്ചുള്ള അവബോധം നല്‍കുന്നത് പരിശുദ്ധാത്മാവാണെന്നു നാം മനസ്സിലാക്കി. എന്നാല്‍, അറിവിന്റെ വൃക്ഷവുമായി പരിശുദ്ധാത്മാവിനുള്ള ബന്ധം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ വൃക്ഷത്തെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തലിനായി ഉത്പത്തിയുടെ പുസ്തകത്തിലേക്ക് തിരികെപ്പോകാം. ഉത്പത്തിയുടെ പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ദൈവമായ യാഹ്‌വെ സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം. അത് സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ? സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ  തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അത് തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം”(സൃഷ്ടി: 3; 1-5). നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിവു നല്‍കുന്ന വൃക്ഷത്തില്‍നിന്നാണ് ആദിമാതാപിതാക്കള്‍ ഭക്ഷിച്ചതെന്ന് ഇവിടെ വ്യക്തമാകുന്നു. കൂടുതല്‍ വ്യക്തതയ്ക്കായി മറ്റൊരു വചനംകൂടി പരിശോധിക്കാം. ഇതാണ് ആ വചനം: അനന്തരം അവിടുന്നു പറഞ്ഞു: “മനുഷ്യനിതാ നന്മയും തിന്മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്”(സൃഷ്ടി: 3; 22).

നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിവു നല്കുന്ന ഫലത്തില്‍നിന്നാണ് അവര്‍ ഭക്ഷിച്ചതെന്നു നമുക്കു വ്യക്തമായി. ഇതായിരുന്നു ആദ്യപാപം! എന്നാല്‍, അമര്‍ത്യതയ്ക്ക് നിദാനമാകുന്ന ജീവന്റെ വൃക്ഷം ആരെയാണു സൂചിപ്പിക്കുന്നത് എന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജീവന്റെ വൃക്ഷത്തിലെ ഫലത്തിന്റെ പ്രത്യേകത വചനത്തില്‍ത്തന്നെ വ്യക്തമാണ്. മരണമില്ലാത്ത അവസ്ഥയിലേക്കു നയിക്കാന്‍ പര്യാപ്തമാണ് ജീവന്റെ വൃക്ഷമെന്നു വചനം വ്യക്തമാക്കിയിരിക്കുന്നു! ആരാണു നമ്മെ മരണമില്ലാത്ത അവസ്ഥയിലേക്കു നയിക്കുന്നത്? ഈ വചനം നോക്കുക: “യേഹ്ശുവാ പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും”(യോഹ: 6; 53-57). നിത്യജീവന്‍ നമുക്കു നല്‍കുന്ന ജീവന്റെ വൃക്ഷം ഏതാണെന്നു മനസ്സിലാക്കാന്‍ ഈ ഒരു വചനം മാത്രം മതിയെന്നു മനോവ കരുതുന്നു!

നമുക്ക് വെളിപാട് പുസ്തകത്തിലേക്കു തിരികെവരാം. വിജയം വരിക്കുന്നവന് ഒരു നിഗൂഢമന്ന ഭക്ഷിക്കാന്‍ നല്‍കുമെന്ന് നാം കണ്ടു. എന്താണ് ഈ നിഗൂഢമന്ന? ഈ നിഗൂഢമന്ന തന്നെയല്ലേ യേഹ്ശുവായുടെ ശരീരം? അതെ എന്നു വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്. യേഹ്ശുവാതന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഈ വചനം ശ്രദ്ധിക്കുക: “ഇത് സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും”(യോഹ: 6; 58). യഥാര്‍ത്ഥ ജീവന്‍ നല്‍കുന്നത് തന്റെ ശരീരമാകുന്ന മന്നായാണെന്ന് അവിടുന്നു പ്രഖ്യാപിച്ചിരിക്കുന്നു! വിജയം വരിക്കുന്നവനു നല്‍കുമെന്ന് വെളിപാട് പുസ്തകം വാഗ്ദാനം ചെയ്യുന്ന നിഗൂഢമന്ന യേഹ്ശുവായുടെ ശരീരമാണെന്ന് ഇവിടെ വ്യക്തമാകുന്നുണ്ട്. അമര്‍ത്യതയിലേക്ക് ഒരുവനെ നയിക്കുന്ന ജീവന്റെ വൃക്ഷത്തിലെ ഫലം എന്നത് യേഹ്ശുവായാണെന്ന സത്യവും ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. വിജയം വരിക്കുന്നവനു നിഗൂഢമായ മന്ന ഭക്ഷിക്കാന്‍ നല്‍കുമെന്നു പറഞ്ഞതുപോലെ, വിജയം വരിക്കുന്നവനു നല്കുവാനിരിക്കുന്ന മറ്റൊരു സമ്മാനം എന്താണെന്നും നാം കണ്ടു. അത് ജീവന്റെ വൃക്ഷത്തില്‍നിന്നുള്ള ഫലമാണ്! വചനം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാം: “ആത്മാവ് സഭകളോട് അരുളിച്ചെയ്യുന്നത് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവന് ദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്ന് ഞാന്‍ ഭക്ഷിക്കാന്‍ കൊടുക്കും”(വെളിപാട്: 2; 7).

നിഗൂഢമായ മന്നയും ജീവന്റെ വൃക്ഷത്തിലെ ഫലവും തമ്മിലുള്ള സമാനത ഇവിടെ വ്യക്തമാകുന്നുണ്ട്. മരണമില്ലാത്ത അവസ്ഥയിലേക്ക് ഒരുവനെ നയിക്കുന്നതാണ് മന്നായെങ്കില്‍, ജീവന്റെ വൃക്ഷത്തിലെ ഫലവും ഇതേ അവസ്ഥ പ്രദാനംചെയ്യുന്നു! ഇതുതന്നെയാണ് ഉത്പത്തിയുടെ പുസ്തകം നമ്മോടു പറയുന്നതും! ജീവന്റെ വൃക്ഷത്തില്‍നിന്നുള്ള ഫലം ഭക്ഷിക്കുന്നവര്‍ അമര്‍ത്യത പ്രാപിക്കും എന്നുള്ള വചനം നാം കണ്ടുകഴിഞ്ഞു. യേഹ്ശുവായുടെ ശരീരരക്തങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവര്‍ക്ക് സംലഭ്യമാകുന്ന സൗഭാഗ്യവും ഇതുതന്നെയാണ്! എന്നാല്‍, ഈ ജീവന്റെ വൃക്ഷത്തില്‍നിന്നും നന്മതിന്മകള്‍ തിരിച്ചറിയാന്‍ കഴിവു നല്‍കുന്ന അറിവിന്റെ വൃക്ഷത്തില്‍നിന്നും ഭക്ഷിക്കരുതെന്ന അലംഘനീയമായ നിയമം ലംഘിച്ചതായിരുന്നു ആദ്യപാപം! അതായത്, അനുസരണക്കേടുതന്നെയാണ് ആദ്യപാപമായി പരിണമിക്കപ്പെട്ടത്.

ദൈവത്തിനൊരു പദ്ധതിയുണ്ടായിരുന്നു. ഈ പദ്ധതിയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരൊക്കെ കഠിനമായി പ്രഹരിക്കപ്പെടും. ദൈവം രൂപംകൊടുത്ത പറുദീസയില്‍, അവിടുന്ന് സ്ഥാപിച്ച രണ്ടു വൃക്ഷങ്ങളുടെ ഫലം മാത്രമേ അവിടുന്ന് വിലക്കിയിരുന്നുള്ളൂ. ഇത് എല്ലാ കാലത്തേയ്ക്കുമുള്ള വിലക്കായിരുന്നില്ല. ഉത്പത്തിയുടെ പുസ്തകത്തില്‍ നിഷേധിച്ച ഈ ഫലങ്ങള്‍, വെളിപാടിന്റെ പുസ്തകത്തില്‍ ഒരു സമ്മാനമായി നല്‍കിയിരിക്കുന്നു. വിജയം വരിക്കുന്നവര്‍, കാലസമ്പൂര്‍ണ്ണതയില്‍ മാത്രം ഭക്ഷിക്കേണ്ടതായ ഈ ഫലം ഭക്ഷിച്ചതിലൂടെ ദൈവത്തിന്റെ പദ്ധതിയെ മനുഷ്യന്‍ അവഗണിച്ചു. ഇതായിരുന്നു ആദ്യപാപം! ഈ പാപത്തെ ലൈംഗീകതയുമായി ചേര്‍ത്തുവച്ചു പഠിപ്പിക്കുന്നതിലെ സാംഗത്യം മനോവയ്ക്ക് മനസ്സിലായിട്ടില്ല.

യേഹ്ശുവായും പരിശുദ്ധാത്മാവും!

ദൈവപുത്രനായ യേഹ്ശുവായെ പ്രതിനിധീകരിക്കുന്നതാണ് ജീവന്റെ വൃക്ഷമെങ്കില്‍, പരിശുദ്ധാത്മാവിനെ പ്രതിനിധാനംചെയ്യുന്നത് അറിവിന്റെ വൃക്ഷമാണ്! ഇതുമായി ബന്ധപ്പെട്ട വചനങ്ങള്‍ നാം കണ്ടുകഴിഞ്ഞു. നന്മതിന്മകളെക്കുറിച്ചുള്ള അറിവ് മനുഷ്യനു നല്‍കാന്‍ ദൈവം നിശ്ചയിച്ചിരുന്നില്ല. കാരണം, മനുഷ്യന്‍ അമര്‍ത്യനായിരിക്കണം എന്നതായിരുന്നു അവിടുത്തെ ഹിതം. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിച്ചതിലൂടെയാണ് മനുഷ്യനുമേല്‍ മരണം കടന്നുവന്നത് എന്ന് നാം ബൈബിളില്‍ കാണുന്നുണ്ട്. ഈ വചനം നോക്കുക: “അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിന് കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും”(റോമാ: 5; 18, 19). ആദിമനുഷ്യനായ ആദത്തിന്റെ അനുസരണക്കേടാണ് പാപവും, അതുമൂലമുള്ള മരണവും ലോകത്തേക്ക് കടന്നുവന്നതെങ്കില്‍, മറ്റൊരു മനുഷ്യന്റെ അനുസരണമാണ് ഈ മരണത്തെ ഇല്ലായ്മ ചെയ്തത്. ഈ വചനത്തിനു വിരുദ്ധമായ ആശയം പ്രചരിപ്പിക്കുന്നവര്‍ ആരുതന്നെയായാലും, അവര്‍ ദൈവത്തില്‍നിന്നുള്ളവരല്ല. ജന്മപാപം ഇല്ലെന്നു വാദിക്കുന്നവരുടെ ലക്‌ഷ്യം സകലരുടെയും നാശമാണ്. പൗരസ്ത്യസഭകള്‍ക്ക് ഇത്തരത്തിലുള്ള കാഴ്ചപ്പാട് ഉണ്ടെങ്കില്‍ ഇനിയുമൊരു ആത്മപരിശോധന അനിവാര്യമായിരിക്കുന്നു!

ജന്മപാപം ഇല്ലായിരുന്നുവെങ്കില്‍ ആരും മരിക്കുകയില്ലായിരുന്നു. മരണം മനുഷ്യനെ ഗ്രസിച്ചത് ആദത്തിന്റെ പാപംമൂലമാണെന്നു വചനം വെളിപ്പെടുത്തുന്നുണ്ടെങ്കില്‍, ജന്മപാപത്തിന്റെ ഉറവിടവും ആദംതന്നെയാണ്. ആദത്തിന്റെ പാപത്തില്‍നിന്നു നമ്മെ വിടുവിക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം മാത്രമേ നമുക്കുമുന്നിലുള്ളൂ. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെയും അവിടുത്തെ പുത്രനെയും അറിയുകയും സ്വന്തമാക്കുകയും ചെയ്യുകയെന്നതാണ് നിത്യജീവന്‍! യേഹ്ശുവാ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേഹ്ശുവാ മ്ശിയാഹിനെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹ: 17; 3). യോഹന്നാന്റെ സാക്ഷ്യം നോക്കുക: “ദൈവം നമുക്ക് നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവന്റെ പുത്രനിലാണ്. പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവന് ജീവന്‍ ഇല്ല”(1 യോഹ: 5; 11, 12). പാപത്താല്‍ മരണംവരിച്ച ഒരുവനെ ജീവിപ്പിക്കുന്നത് യേഹ്ശുവായാണ്. കാരണം, അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല”(യോഹ: 11; 25, 26).

നാം ഓരോരുത്തരും എന്ത് തിരഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ജീവനും മരണവും നിശ്ചയിക്കപ്പെടുന്നത്. ഇതാണ് വചനം: “അഗ്‌നിയും ജലവും അവന്‍ നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും”(പ്രഭാ: 15; 16, 17). മരണത്തെ ഒരിക്കലും ദൈവം സൃഷ്ടിച്ചിട്ടില്ല. മനുഷ്യന്റെ പ്രവൃത്തിയുടെ പരിണിതഫലമായി അവനു ലഭിക്കുന്നതാണ് മരണം. ഈ വചനം നോക്കുക: “ദൈവം മനുഷ്യനെ സരളഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ അവന്റെതന്നെ സൃഷ്ടിയാണ്”(സഭാപ്രസംഗകന്‍: 7; 29). മരണമെന്നത് മനുഷ്യന്‍ വിളിച്ചുവരുത്തിയ ദുരന്തമാണ്! അതില്‍നിന്നു മനുഷ്യനെ രക്ഷിക്കാന്‍ ദൈവംതന്നെ ഭൂമിയിലേക്ക്‌ ഇറങ്ങിവരികയും മനുഷ്യന്റെ രൂപം സ്വീകരിക്കുകയും ചെയ്തു. ദൈവംതന്നെയായ യേഹ്ശുവാ ദാസന്റെ രൂപം സ്വീകരിച്ചു മനുഷ്യനായി പിറന്നത് സകലര്‍ക്കും ജീവന്‍ നല്‍കാനാണ്. അപ്പസ്തോലന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ദൈവത്തിന്റെ അവസ്ഥയിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള തുല്യത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ അവസ്ഥ സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, അവസ്ഥയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി”(ഫിലിപ്പി: 2; 6-8). മരണംവരെ പരിപൂര്‍ണ്ണ മനുഷ്യനായി നിലനിന്നുകൊണ്ട് യേഹ്ശുവാ പരിഹാരം ചെയ്തത് മനുഷ്യകുലത്തിനുമേല്‍ ആവസിച്ച പാപത്തിനാണ്. എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ചെയ്ത പാപത്തിനു മനുഷ്യന്‍തന്നെ പരിഹാരം ചെയ്യുകയെന്നതാണ് സ്വാഭാവികനീതി! ആയതിനാല്‍ത്തന്നെ, ദൈവപുത്രന് താത്ക്കാലികമായെങ്കിലും മനുഷ്യപുത്രനാകേണ്ടിവന്നു!

അറിവിന്റെ വൃക്ഷത്തില്‍നിന്ന് ആദം അനധികൃതമായി ഭക്ഷിച്ചതിലൂടെ നഷ്ടപ്പെടുത്തിയ നിത്യജീവന്‍ നമുക്ക് തിരികെ നല്‍കിയത് യേഹ്ശുവായാണ്. അവന്‍തന്നെയാണ് ജീവന്റെ വൃക്ഷവും നിഗൂഢമായ മന്നായും! അവന്റെ ശരീരം ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല! ഇവനെ സ്വീകരിക്കാത്ത ഒരുവര്‍ക്കും പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിയില്ല. അതായത്, ജീവന്റെ വൃക്ഷത്തില്‍നിന്നു ഭക്ഷിക്കാത്ത ഒരുവനുപോലും അറിവിന്റെ വൃക്ഷത്തിലെ ഫലം അനുഭവിക്കാന്‍ അര്‍ഹതയില്ല. ക്രമാനുഗതം മാത്രം അനുവദിച്ചു നല്‍കാന്‍ ദൈവം നിശ്ചയിച്ച സംവീധാനങ്ങളെ തകിടംമറിച്ചത് മനുഷ്യനായിരുന്നു. വിജയം വരിക്കുന്നവര്‍ക്കു സമ്മാനമായി നല്‍കാന്‍ ഒരുക്കിവച്ച ജീവന്റെ വൃക്ഷത്തിലെ ഫലമാണ് യേഹ്ശുവായുടെ ശരീരമാകുന്ന മന്നാ! യേഹ്ശുവായിലൂടെ മാത്രം നല്‍കപ്പെടുന്ന അറിവിന്റെ വൃക്ഷത്തിലെ ഫലമാണ് പരിശുദ്ധാത്മാവ്! അനുമതിയില്ലാതെയും ഒരുക്കമില്ലാതെയും ദൈവപുത്രനെ സ്വന്തമാക്കാതെയും പരിശുദ്ധാത്മാവിനെ കവര്‍ന്നെടുത്തതാണ് ആദ്യപാപം! അതായത്, പിതാവായ ദൈവം പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കാന്‍ നിശ്ചയിച്ചത് അവിടുത്തെ പുത്രനിലൂടെ മാത്രമാണ്! ആയതിനാല്‍ത്തന്നെ, ആ വൃക്ഷത്തിലെ ഫലത്തെ തൊടുകപോലും അരുതെന്ന് അവിടുന്നു കല്പിച്ചു. ബൈബിളില്‍നിന്നുള്ള വെളിപ്പെടുത്തല്‍ നോക്കുക: “സ്ത്രീ സര്‍പ്പത്തോട് പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്ക് ഭക്ഷിക്കാം. എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്ന് ദൈവം പറഞ്ഞിട്ടുണ്ട്”(സൃഷ്ടി: 3; 2, 3).

ആദ്യപാപത്തെ ലൈംഗീകതയുമായി ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ലക്‌ഷ്യം മനോവയ്ക്കറിയില്ല! അനുസരണക്കേട്‌ എന്ന പാപത്തിന്റെ ഗൗരവത്തെ മറച്ചുവയ്ക്കാന്‍ നടത്തുന്ന ശ്രമമായി ഇതിനെ കണ്ടാലും തെറ്റുപറയാനാകില്ല! ഈ ലേഖനം ഉപസംഹരിക്കുന്നതോടൊപ്പം മനോവ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു: ആദ്യപാപം ലൈംഗീകതയുമായി ബന്ധപ്പെട്ടതല്ല; മറിച്ച്, അനുസരണം ആവശ്യപ്പെടുന്ന പ്രഥമ കല്പനയുടെ ലംഘനമാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു ‘സബ്മിറ്റ്’ ചെയ്യുവാനും അഭിപ്രായം ‘സെന്‍ഡ്’ ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8939 views

LOG IN

Lost your password?

SIGN UP

LOST PASSWORD