വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

പാപമില്ലാത്തവര്‍ കല്ലെറിയുമോ?

Print By
about

15 - 04 - 2017

പാപബോധം പൂര്‍ണ്ണമായി നഷ്ടപ്പെട്ടുപോയ ഒരു തലമുറയോട്, പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞാല്‍, കല്‍ക്കൂമ്പാരത്തിനുള്ളില്‍ വീരചരമം പ്രാപിക്കേണ്ടിവരും എന്ന മുന്നറിയിപ്പോടെ ഈ ലേഖനം ആരംഭിക്കുന്നു! ബൈബിളില്‍നിന്നു കടംകൊണ്ട വിശ്വപ്രസിദ്ധമായ ഒരു പ്രയോഗമാണ് 'പാപമില്ലാത്തവര്‍ കല്ലെറിയട്ടെ' എന്നത്. സ്ഥാനത്തും അസ്ഥാനത്തുമൊക്കെ ഈ പ്രയോഗം നടത്തുന്നവരെ നാം കണ്ടിട്ടുണ്ട്. തങ്ങളുടെ തെറ്റുകളെ ലഘൂകരിക്കാനായി ഈ വചനം ഉപയോഗിക്കുന്നവരാണ് ഏറെയും. തങ്ങളുടെ അപരാധങ്ങളെ ചോദ്യംചെയ്യാന്‍ അര്‍ഹതയുള്ള നീതിമാന്മാര്‍ ഈ ഭൂമുഖത്തില്ല എന്ന പ്രഖ്യാപനമാണ് വ്യംഗ്യമായി ഇവര്‍ നടത്തുന്നത്. കുറ്റകൃത്യങ്ങളില്‍ വ്യാപരിച്ചുകൊണ്ടുതന്നെ സുരക്ഷിതരായി ജീവിക്കാന്‍ പഴുത് കണ്ടെത്തുന്നവര്‍ക്ക് ഈ വചനം ഏറെ പ്രിയങ്കരവുമാണ്! ആയതിനാല്‍, ജാതിമതഭേദമന്യേ പാപികള്‍ ഏറ്റവുമേറെ പ്രയോഗിക്കുന്ന വചനമായി ഇത് മാറി! 'നിങ്ങളില്‍ പാപമില്ലാത്തവര്‍ എന്നെ കല്ലെറിയട്ടെ!'

യേഹ്ശുവാ അറിയിച്ച വചനവും അതിന്റെ സാഹചര്യവും എന്തായിരുന്നുവെന്ന് ആദ്യം പരിശോധിക്കാം. "നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ"(യോഹ: 8; 7). യോഹന്നാന്റെ സുവിശേഷത്തില്‍ മാത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന വചനമാണിത്. യേഹ്ശുവാ ഇപ്രകാരം പറയുവാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള ഏകദേശ ധാരണ എല്ലാ വായനക്കാര്‍ക്കുണ്ടെന്നു കരുതുന്നു. എന്നാല്‍, വ്യക്തമായ അറിവ് എല്ലാവര്‍ക്കുമില്ല. ആയതിനാല്‍, വ്യക്തമായ ഒരു പഠനം ഇവിടെ അനിവാര്യമാണ്. അതിരാവിലെ ദൈവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നിയമജ്ഞരും ഫരിസേയരും ചേര്‍ന്ന് ഒരു സ്ത്രീയെ യേഹ്ശുവായുടെ അടുക്കല്‍ കൊണ്ടുവന്നു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളായിരുന്നു അവള്‍! വ്യഭിചാരക്കുറ്റത്തിന് ഒരുവള്‍ പിടിക്കപ്പെട്ടാല്‍ അവളെ കല്ലെറിഞ്ഞു കൊല്ലണമെന്നത് മോശയുടെ നിയമമാണ്. അങ്ങനെയിരിക്കെ, പിടിക്കപ്പെട്ടപ്പോള്‍തന്നെ കല്ലെറിഞ്ഞു കൊല്ലുന്നതിനു പകരം ഇവളെ യേഹ്ശുവായുടെ അടുക്കല്‍ കൊണ്ടുവന്നതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം യേഹ്ശുവായെ പരീക്ഷിക്കുക എന്നതന്നെയാണ്. റോമന്‍ ഭരണം നിലനില്‍ക്കുന്നതിനാല്‍, യഹൂദരുടെ മതനിയമങ്ങള്‍ നടപ്പിലാക്കാന്‍ ചില പരിമിതികളുണ്ട് എന്നതാണ് രണ്ടാമത്തെ കാരണം. മോശയുടെ നിയമത്തെ അംഗീകരിച്ചാലും എതിര്‍ത്താലും യേഹ്ശുവായില്‍ കുറ്റംചുമത്താന്‍ കഴിയുമെന്ന് നിയമജ്ഞരും ഫരിസേയരും കണക്കുകൂട്ടി!

മോശയുടെ നിയമം ലംഘിക്കാന്‍ പഠിപ്പിക്കുന്ന ഒരുവനെ പ്രവാചകനായോ ദൈവത്തില്‍നിന്നുള്ള വ്യക്തിയായോ അംഗീകരിക്കേണ്ടതില്ല. എന്തെന്നാല്‍, മോശയുടെ നിയമത്തെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് യഹൂദമതം നിലനില്‍ക്കുന്നത്. ഈ നിയമങ്ങളെ ഓര്‍മ്മപ്പെടുത്തുന്നവനാണ് പ്രവാചകന്‍! ഇവയെ ധിക്കരിക്കാന്‍ പ്രേരിപ്പിക്കുന്നവരെ സമൂഹത്തില്‍നിന്നു വിച്ഛേദിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യാം. എന്നാല്‍, മോശയുടെ നിയമം അനുസരിച്ച് ഇവളെ കല്ലെറിഞ്ഞു കൊല്ലാന്‍ പറഞ്ഞാല്‍, റോമന്‍ ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കുന്ന കലാപകാരിയായി മുദ്രകുത്തി യേഹ്ശുവായെ തടവിലാക്കാന്‍ നിയമമുണ്ട്! ഒന്നുകില്‍ മോശയുടെ നിയമത്തെ ധിക്കരിക്കണം, അല്ലെങ്കില്‍ ഭരണകൂടത്തിന്റെ നിയമങ്ങളെ ധിക്കരിക്കണം. ഒരുതരത്തിലും രക്ഷപ്പെടാന്‍ പഴുതില്ലാത്തവിധം യേഹ്ശുവാ തങ്ങളുടെ കുരുക്കില്‍പ്പെട്ടുവെന്ന്  അവര്‍ കരുതി! ഇപ്രകാരം യേഹ്ശുവായെ കുരുക്കിലാക്കാന്‍ നിയമജ്ഞരും ഫരിസേയരും പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെത്തന്നെയും ദൈവീക ജ്ഞാനത്താല്‍ ഉത്തരം നല്‍കിക്കൊണ്ട് ചോദ്യകര്‍ത്താക്കളെ നിശബ്ദരാക്കാന്‍ യേഹ്ശുവായ്ക്കു സാധിച്ചിരുന്നു. ഇവിടെയും അതുതന്നെയാണു സംഭവിച്ചത്. "നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ആദ്യം ഇവളെ കല്ലെറിയട്ടെ!" യേഹ്ശുവായുടെ ഈ മറുപടിയ്ക്കു മുന്നില്‍ യഹൂദപ്രമാണിമാര്‍ വീണ്ടും ഇളിഭ്യരായി!

യേഹ്ശുവായുടെ വാക്കുകളില്‍നിന്നു വായിച്ചെടുക്കേണ്ട രണ്ടു പ്രധാന കാര്യങ്ങളുണ്ട്. ഒന്നാമത്തെ കാര്യം ഇതാണ്: പാപമില്ലാത്തവന്‍ എന്നാണ് യേഹ്ശുവാ പറഞ്ഞത്; മറിച്ച്, പാപം ചെയ്യാത്തവന്‍ എന്നല്ല. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ചിലരെങ്കിലും പറയുന്നതു നാം കേട്ടിട്ടുണ്ട്. പാപം ചെയ്യാത്തവരും പാപമില്ലാത്തവരും തമ്മില്‍ വ്യത്യാസമുണ്ട്. എന്നാല്‍, ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തവരാണ് വചനത്തിലെ വാക്കുകളെ ലാഘവത്തോടെ കൈകാര്യംചെയ്യുന്നത്. മുലകുടിക്കുന്ന ഒരു കുഞ്ഞ് പാപം ചെയ്തിട്ടില്ലെങ്കിലും, ആ കുഞ്ഞില്‍ പാപമുണ്ട്. പാപം ചെയ്യാത്തവര്‍ ആദ്യം ഇവളെ കല്ലെറിയട്ടെ എന്നാണ് യേഹ്ശുവാ പറഞ്ഞതെങ്കില്‍, ആ സ്ത്രീയെ കല്ലെറിയാനുള്ള പഴുതുകളുണ്ട്. പാപം ചെയ്യാത്തവരായ ഏതെങ്കിലും ശിശുക്കളെക്കൊണ്ട് ആദ്യത്തെ കല്ലെറിയിപ്പിച്ചാല്‍ മതി. എന്നാല്‍, പാപമില്ലാത്തവര്‍ എന്നാണ് അവിടുന്ന് പറഞ്ഞത്.

'പാപമില്ലാത്തവന്‍' എന്ന് യേഹ്ശുവാ പറഞ്ഞതിലൂടെ പാപം ചെയ്യാത്തവനെ മാത്രമല്ല ലക്ഷ്യമിട്ടത്; മറിച്ച്, പാപം എന്ന മരണം ഗ്രസിച്ചിട്ടില്ലാത്ത വ്യക്തികളെയാണ്. സ്വമേധയാ പാപം ചെയ്തിട്ടുള്ളവരും താന്‍ ചെയ്യാത്ത പാപത്തിന്റെ ഭാരംവഹിക്കുന്നവരും പാപമുള്ളവരുടെ ഗണത്തില്‍പ്പെടുന്നു. ആയതിനാല്‍ത്തന്നെ, 'പാപം ഇല്ലാത്തവന്‍' എന്ന പ്രയോഗത്തിലൂടെ മനുഷ്യകുലത്തെ മുഴുവന്‍ ഒരേ ചേരിയില്‍ നിര്‍ത്താന്‍ സാധിക്കും. എന്നാല്‍, ഇത് യേഹ്ശുവാ പറഞ്ഞ സമയത്തെയുംകൂടി പരിഗണിച്ചുകൊണ്ടേ സാധിക്കുകയുള്ളൂ! യേഹ്ശുവാ ഇപ്രകാരം പറഞ്ഞ സമയത്ത് പാപമില്ലാത്ത ആരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതാണു സത്യം. എന്തെന്നാല്‍, പാപപരിഹാരബലി അവിടുന്ന് അപ്പോള്‍ അര്‍പ്പിച്ചിരുന്നില്ല. മാനവരാശിയെ മുഴുവന്‍ ഗ്രസിച്ച പാപത്തില്‍നിന്നു മനുഷ്യനെ വ്യക്തിതലത്തില്‍ മുക്തനാക്കുന്നത് യേഹ്ശുവായുടെ ബലി മാത്രമാണ്. ഈ യാഥാര്‍ത്ഥ്യം അതിന്റെ പൂര്‍ണ്ണതയില്‍ അറിയാവുന്ന വ്യക്തിയാണ് ഇവിടെ നായകന്‍! യേഹ്ശുവായുടെ ബലി പൂര്‍ത്തിയാവുന്നതിലൂടെ സംഭവിക്കുന്നത് പാപത്തില്‍നിന്നു മുക്തിനേടാനുള്ള അവസരം തുറന്നുകിട്ടുക മാത്രമാണ്. പാപത്തില്‍നിന്നുള്ള വിടുതല്‍ ഒരുവനു വ്യക്തിതലത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത് യേഹ്ശുവായില്‍ വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്നതിലൂടെ മാത്രമാകുന്നു. സ്നാപകയോഹന്നാനില്‍നിന്നു സ്വീകരിച്ച സ്നാനത്തിനു പാപങ്ങളെ അകറ്റാനുള്ള കഴിവില്ല. അത് മാനസാന്തരത്തിനു മാത്രമേ ഉപകരിക്കുന്നുള്ളൂ. സ്നാപകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും"(മത്താ: 3; 11).

പാപമോചനം സാധ്യമാകുന്നത് എപ്രകാരമാണെന്നു നോക്കുക: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യേഹ്ശുവാ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവര്‍: 2; 38, 39). ഏതൊരു മനുഷ്യനും തന്റെ പാപത്തില്‍നിന്നു മോചനം നേടാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും ദൈവം സ്ഥാപിച്ചിട്ടില്ല! ദൈവം സ്ഥാപിക്കാത്ത മാര്‍ഗ്ഗങ്ങളിലൂടെ പാപമോചനവും രക്ഷയും പ്രാപിക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് അജ്ഞതയില്‍നിന്നു രൂപപ്പെട്ട വ്യാമോഹം മാത്രമാണ്! ചില ക്രിസ്തീയസഭകളുടെ മതബോധന ഗ്രന്ഥങ്ങളിലൂടെ അനേകരെ വഴിതെറ്റിക്കുന്ന അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നതും വിസ്മരിക്കരുത്. സത്യത്തെ മറച്ചുവയ്ക്കുകയും അപകടകരമായ അസത്യങ്ങള്‍ക്ക് അവതാരിക എഴുതുകയും ചെയ്യുന്ന ഇക്കൂട്ടര്‍ മനുഷ്യകുലത്തിന്റെതന്നെ ശത്രുക്കളാണെന്നു നാം തിരിച്ചറിയണം. യേഹ്ശുവായില്‍ വിശ്വസിക്കുകയും സ്നാനമേല്ക്കുകയും ചെയ്യാതെ രക്ഷപ്രാപിക്കാമെന്ന അബദ്ധധാരണ വച്ചുപുലര്‍ത്തുന്നവര്‍ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വീട്ടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 11, 12). ക്രിസ്ത്യാനികളുടെയിടയില്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ബൈബിള്‍ വാക്യമാണിത്. പന്ത്രാണ്ടാമാത്തെ വാക്യം പലര്‍ക്കും മനഃപാഠമാണെങ്കിലും പതിനൊന്നാമത്തെ വാക്യം അധികമാരും പറഞ്ഞുകേട്ടിട്ടില്ല.

'വീട്ടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു' എന്ന പ്രഖ്യാപനത്തില്‍ വലിയൊരു സത്യം മറഞ്ഞിരിക്കുന്നു. ആരാണ് വീട്ടുപണിക്കാര്‍ എന്ന ചോദ്യമാണ് മറഞ്ഞിരിക്കുന്ന സത്യം കണ്ടെത്തുന്നതിനുവേണ്ടി മനോവ ഇവിടെ ഉയര്‍ത്തുന്നത്. സഭയെ പടുത്തുയര്‍ത്താന്‍ നിയുക്തരായവരല്ലാതെ മറ്റാരാണ്‌ 'വീട്ടുപണിക്കാര്‍'? സഭയുടെ നേതാക്കന്മാരായി പരിഗണിക്കപ്പെടുന്ന ഏതൊരു വ്യക്തിയും വീട്ടുപണിക്കാരാണ്. വീടുപണിയുമ്പോള്‍ ആദ്യം വയ്ക്കേണ്ട കല്ലാണ് മൂലക്കല്ല്! ഈ മൂലക്കല്ല് വയ്ക്കാതെ വീടുപണി അസാദ്ധ്യമാണെന്നു നമുക്കെല്ലാമറിയാം. എന്നാല്‍, സഭയെ പടുത്തുയര്‍ത്താന്‍ നിയുക്തരായ നേതാക്കന്മാര്‍ 'മൂലക്കാല്ല്' തള്ളിക്കളഞ്ഞു! അതേ, യേഹ്ശുവാ എന്ന മൂലക്കല്ലിനുപകരം വ്യാജന്മാരെ ഉയര്‍ത്തുന്ന ഇവരാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യകുലത്തിന്റെ ശാപം! ഏതു കല്ലിനെയും മൂലക്കല്ലായി പരിഗണിക്കാനുള്ള പണിക്കാരന്റെ വിവേകശൂന്യത!

വിഷയത്തില്‍നിന്നു വ്യതിചലിക്കുന്നില്ല. പാപമില്ലാത്തവരുടെ കല്ലേറിലേക്കുതന്നെ നമുക്കു ശ്രദ്ധതിരിക്കാം. 'നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ' എന്ന് യേഹ്ശുവായുടെ വാക്കുകളില്‍നിന്ന് ഒരു വാക്കെങ്കിലും വിട്ടുപോവുകയോ കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്‌താല്‍ ഈ വാചകത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും മാറിപ്പോകും. ഈ വാചകത്തിലെ ആദ്യത്തെ മൂന്നു വാക്കുകളും അതീവ പ്രാധാന്യമുള്ളവയാണ്. നിങ്ങളില്‍ - പാപമില്ലാത്തവന്‍ - ആദ്യം എന്നീ മൂന്നുവാക്കുകളുടെ പ്രാധാന്യമാണ് ഈ വാചകത്തെ പ്രസക്തമാക്കുന്നത്.

'നിങ്ങളില്‍' എന്ന വാക്കിന്റെ പ്രാധാന്യം നമുക്കു പരിശോധിക്കാം. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ, യേഹ്ശുവായുടെ അടുക്കല്‍ കൊണ്ടുവന്ന വ്യക്തികള്‍ ആരെല്ലാമായിരുന്നുവോ അവര്‍ മാത്രമാണ് 'നിങ്ങളില്‍' പെടുന്നത്. എന്തെന്നാല്‍, യേഹ്ശുവായുടെ പരസ്യജീവിത കാലത്തു ജീവിച്ചിരുന്നവരില്‍ പാപമില്ലാത്ത മറ്റൊരു വ്യക്തികൂടിയുണ്ടായിരുന്നു. കൃപനിറഞ്ഞവളും പരിശുദ്ധാത്മാവിനാല്‍ പൂരിതയായവളും ദൈവത്തിന്റെ വാഗ്ദാനമായ രക്ഷകനെ ഉദരത്തില്‍ വഹിച്ചവളുമായ പരിശുദ്ധ കന്യകാമറിയത്തില്‍ പാപമുണ്ടായിരുന്നില്ല! അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ സ്നാനമേറ്റ യോഹന്നാന്‍ അന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, പാപമില്ലാത്ത മറ്റൊരുവന്‍കൂടി ഉണ്ടാകുമായിരുന്നു. ആയതിനാല്‍, 'നിങ്ങളില്‍ എന്ന വാക്കിനെ പ്രാധാന്യത്തോടെ നാം കാണണം. യേഹ്ശുവായുടെ മരണത്തിനു മുന്‍പ് പാപം ഇല്ലാത്തവരായി വേറെയാരും ഉണ്ടായിരുന്നില്ലെങ്കില്‍പ്പോലും മാനവരാശിയെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തില്‍ ഈ വചനത്തെ വ്യാഖ്യാനിക്കരുത്. ഒരു പ്രത്യേക ഗ്രൂപ്പിനോടായി യേഹ്ശുവാ പറഞ്ഞ വചനത്തെ സാഹചര്യം നോക്കാതെ ദുരുപയോഗിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും.

'പാപമില്ലാത്തവന്‍' എന്ന പ്രയോഗത്തെ സംബന്ധിച്ച് നാം മനസ്സിലാക്കിയതാണ്. പാപപരിഹാര ബലിയുടെ പൂര്‍ത്തീകരണം അന്ന് സംഭവിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ പാപം സകലരിലും നിലനിന്നിരുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിച്ച ആരും അവരിലുണ്ടായിരുന്നില്ല. എന്നാല്‍, പാപത്തെ ഉന്മൂലനം ചെയ്തുകൊണ്ട് യേഹ്ശുവാ അര്‍പ്പിച്ച ബലി പൂര്‍ത്തിയായിക്കഴിഞ്ഞു. യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്ന ഒരു വ്യക്തി, ആ നിമിഷംതന്നെ പാപമില്ലാത്തവനായി മാറും. പിന്നീട് വ്യക്തിതലത്തില്‍ പാപംചെയ്യുന്ന നിമിഷംവരെ ഈ വ്യക്തി പാപമില്ലാത്തവനാണ്! ജ്ഞാനസ്നാനം സ്വീകരിച്ചതിനുശേഷം ഒരുവന്‍, മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഉപേക്ഷകൊണ്ടോ പാപം ചെയ്യുന്നതുവരെ പാപമില്ലാത്തവന്‍ തന്നെയാണ്! അനുതപിച്ചു പാപങ്ങള്‍ ഏറ്റുപറഞ്ഞ് പരിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച ഒരുവനില്‍ പാപമുണ്ടെന്നു പറയുന്നതുപോലും ദൈവനിന്ദയാണ്! എന്തെന്നാല്‍, യേഹ്ശുവായുടെ ശരീരം യോഗ്യതയോടെ ഭക്ഷിക്കുന്ന ഒരുവനില്‍ വസിക്കുന്നത് അവിടുന്നാണ്! ദൈവത്തിന്റെ ആലയത്തെ അശുദ്ധമെന്നു പറയാന്‍ പാടില്ല! യേഹ്ശുവായുടെ ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: "നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനു ജീവനുണ്ട്"(യോഹ: 6; 53, 54).

'പാപമില്ലാത്തവന്‍ കല്ലെറിയട്ടെ' എന്ന് വിളിച്ചുപറയുന്നവര്‍ സൂക്ഷിക്കണം. എന്തെന്നാല്‍, പാപമില്ലാത്തവര്‍ ഇന്ന് ഭൂമിയിലുണ്ട്. പാപമില്ലാത്തവര്‍ മറ്റുള്ളവരെ കല്ലെറിയില്ല എന്നതുകൊണ്ടു മാത്രമാണ് നിങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നത്! പാപികളാണ് കല്ലെറിയലില്‍ വിരുതന്മാര്‍ എന്ന തിരിച്ചറിവില്ലാതെപോയാല്‍ എന്തായിരിക്കും അവസ്ഥയെന്നു മനോവ പറയേണ്ടതില്ലല്ലോ! കല്ലെറിയാന്‍ മുന്നില്‍നില്‍ക്കുന്ന സമൂഹത്തിന്റെ ഏറ്റവും വലിയ ദുരന്തം ഇവര്‍ക്കു പാപബോധമില്ല എന്നുള്ളതാണ്. ഈ അവസ്ഥയുടെ ഭീകരതയെക്കുറിച്ചു വിവരിക്കുന്നതിനുമുമ്പ് മറ്റു ചിലതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, യേഹ്ശുവായിലൂടെ ഒരുവന്‍ പാപമില്ലാത്ത അവസ്ഥയിലേക്ക് ഒരുവന്‍ രൂപാന്തരപ്പെട്ടാലും, സകലരെയും പാപികളായി പരിഗണിക്കുന്ന ചിലരുണ്ട്. ആത്മീയതയില്‍ പക്വതപ്രാപിച്ചവരായി പരിഗണിക്കപ്പെടുന്ന ചിലരും ഇക്കൂട്ടത്തിലുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്. ആത്മീയ ജീവിതത്തില്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ, ചില സ്വകാര്യപാപങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ് ഇക്കൂട്ടര്‍! തങ്ങളില്‍ ഇത്തരം പാപങ്ങളുടെ സ്വാധീനം നിലനില്‍ക്കുന്നതുകൊണ്ട്, മറ്റുള്ളവരിലും ഇത്തരം പാപങ്ങളുണ്ടെന്ന് ഇവര്‍ സ്വയം ആശ്വസിക്കുന്നു. ഇങ്ങനെ ആശ്വസിക്കുന്നവരാണ് സകലരെയും പാപികളെന്നു വിളിക്കുന്നത്. താന്‍ പാപിയാണെന്ന് ഏറ്റുപറയുന്നതില്‍ തെറ്റില്ല; എന്നാല്‍, നമ്മളെല്ലാവരും പാപികളാണെന്ന പ്രഖ്യാപനത്തില്‍ കുറ്റപ്പെടുത്തലിന്റെ സ്വരമുണ്ട്. നാം ഏറ്റുപറയേണ്ടത് മറ്റുള്ളവരുടെ പാപമല്ല; സ്വന്തം പാപങ്ങളാണ്!

എല്ലാവരും പാപികളാണെന്നു പൗലോസ് അപ്പസ്തോലന്‍ പറഞ്ഞുവെന്ന വാദം ചിലര്‍ ഉയര്‍ത്താറുണ്ട്. റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തിലാണ് അപ്പസ്തോലന്‍ ഇതു പറയുന്നത്. പൗലോസിന്റെ സ്വന്തം വാക്കുകളായി ഇതിനെ പരിഗണിക്കുകയും, അവിടെ പറഞ്ഞിരിക്കുന്ന വാക്യങ്ങളെ പൂര്‍ണ്ണമായി വായിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നവരാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്. അപ്പസ്തോലന്‍ പറഞ്ഞത് പൂര്‍ണ്ണമായി ശ്രദ്ധിക്കുക: "ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നീതിമാനായി ആരുമില്ല; ഒരുവന്‍പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവര്‍ തങ്ങളുടെ നാവ് വഞ്ചനയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്"(റോമാ: 3; 10-13). ദാവിന്റെ സങ്കീര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്നത് അപ്പസ്തോലന്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇത്തരം അവസ്ഥകളില്‍ തുടരുന്നവര്‍ ഇന്നും പാപത്തില്‍ത്തന്നെയാണ്! മറിച്ച്, ഇത് ലോകത്തുള്ള സകലരെയും കുറ്റംവിധിച്ചുകൊണ്ട് അപ്പസ്തോലന്‍ പറഞ്ഞ വാക്കുകളാണെന്ന് ആരും ചിന്തിക്കരുത്.

ദൈവത്തിന്റെ വചനം പറയുന്നത് എന്താണെന്നു നോക്കുക: "യാഹ്‌വെ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും; യാഹ്‌വെ അരുളിച്ചെയ്തിരിക്കുന്നു"(ഏശയ്യാ: 1; 18-20). ഇതില്‍നിന്നു വ്യത്യസ്ഥമായതൊന്നും പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിട്ടില്ല. ധിക്കാരം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയാണ് അപ്പസ്തോലന്‍ പാപികളുടെ ഗണത്തില്‍പ്പെടുത്തിയത്. ഇതു മനസ്സിലാകണമെങ്കില്‍ കുറച്ചുകൂടി മുന്നോട്ടു വായിക്കണം. സകലരും പാപികളാണെന്നു പറഞ്ഞ പൗലോസ് അപ്പസ്തോലന്‍ തുടരുന്നത് ഇങ്ങനെയാണ്: "എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി അവര്‍ അവിടുത്തെ കൃപയാല്‍ യേഹ്ശുവാ മ്ശിഹാ വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു"(റോമാ: 3; 23, 24). ഇപ്രകാരം നീതീകരിക്കപ്പെടുന്ന വ്യക്തിയില്‍ പാപം ആരോപിക്കുന്നതു ശരിയാണോ എന്നു പരിശോധിക്കുക!

'ആദ്യം' എന്ന വാക്കാണ്‌ ഇനി നാം പരിശോധിക്കുന്നത്. നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ എന്ന പ്രഖ്യാപനത്തിലൂടെ, ആദ്യം ആരാണ് കല്ലെറിയേണ്ടതെന്ന് യേഹ്ശുവാ വ്യക്തമാക്കി. പാപം ചെയ്യാത്തവര്‍ മാത്രമേ ആ സ്ത്രീയെ കല്ലെറിയാന്‍ പാടുള്ളുവെന്ന് യേഹ്ശുവാ പറഞ്ഞില്ല; മറിച്ച്, കല്ലെറിയുന്ന ആദ്യത്തെ ആള്‍ പാപമില്ലാത്തവനായിരിക്കണം എന്നാണു പറഞ്ഞത്. യേഹ്ശുവായുടെ വാക്കുകളോട് അവിടെ കൂടിയിരുന്നവര്‍ എങ്ങനെയാണു പ്രതികരിച്ചതെന്നു നോക്കുക: "എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍തുടങ്ങി ഓരോരുത്തരായി സ്ഥലംവിട്ടു"(യോഹ: 8; 9). ആദ്യം സ്ഥലംവിട്ടത് മുതിര്‍ന്നവരാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. അതായത്, നിയമജ്ഞരും ഫരിസേയരുമാണ് ആദ്യം പോയത്. നിയമത്തെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവരും പാപത്തിന്റെ നിര്‍വ്വചനം ഗ്രഹിച്ചിട്ടുള്ളവരുമാണ് ഇവര്‍. ഇവര്‍ കല്ലെറിയുന്നില്ലെങ്കില്‍, തങ്ങള്‍ക്ക് അതിനുള്ള യോഗ്യതയില്ലെന്നു തിരിച്ചറിയാന്‍ അനുയായികള്‍ക്കു കഴിഞ്ഞു. പാപത്തെക്കുറിച്ചുള്ള അവബോധമില്ലാത്തവരായിരുന്നു അവിടെ കൂടിയതെങ്കില്‍ ഒരുപക്ഷെ കല്ലേറു നടക്കുമായിരുന്നു. നിയമജ്ഞരും ഫരിസേയരും കല്ലെറിയാതെ ആദ്യംതന്നെ സ്ഥലംവിട്ടതിനു മറ്റൊരു കാരണംകൂടിയുണ്ട്. എന്തെന്നാല്‍, തങ്ങള്‍ക്കു മുന്‍പില്‍ ഇരിക്കുന്ന യേഹ്ശുവായെ ഇവര്‍ക്കറിയാം. തങ്ങളുടെ ഹൃദയവിചാരങ്ങളെ ഗ്രഹിക്കാന്‍ കഴിവുള്ളവനാണ്‌ യേഹ്ശുവാ എന്നകാര്യം മുന്‍കാല അനുഭവങ്ങളില്‍നിന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നു. അവിടുന്ന് ചെയ്തിട്ടുള്ള അദ്ഭുതങ്ങളെക്കുറിച്ചും ഇവര്‍ക്കറിയാം.

നിയമജ്ഞരില്‍നിന്നോ ഫരിസേയരില്‍നിന്നോ ആരെങ്കിലുമൊരാള്‍ കല്ലെറിഞ്ഞിരുന്നുവെങ്കില്‍ ഒന്നൊഴിയാതെ സകലരും കല്ലെറിയുമായിരുന്നു എന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍, ആദ്യമായി ഒരുത്തന്റെ കരമുയരുക എന്നത് സ്വാഭാവികമായിത്തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്! മാത്രവുമല്ല, നിയമജ്ഞരെയും ഫരിസേയരെയും അനുകരിക്കുന്ന രീതിയാണ് യഹൂദര്‍ അവലംബിച്ചിരുന്നത്. നിയമജ്ഞരാകട്ടെ, പ്രവാചകന്മാരെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ആഴമായ അറിവുള്ളവരുമാണ്‌. അമ്മയുടെ ഉദരത്തില്‍ പാപത്തോടെ ജനിച്ചവരാണെന്നു സ്വയം ഏറ്റുപറഞ്ഞിട്ടുള്ള പ്രവാചകന്മാരെക്കുറിച്ച് ഇവര്‍ക്ക് അറിയാം. ആ പ്രവാചകന്മാരെക്കാള്‍ ശ്രേഷ്ഠരാണു തങ്ങളെന്ന് പറയാനുള്ള ധൈര്യം ഇവര്‍ക്കുണ്ടായിരുന്നില്ല. ഇതിനെല്ലാമപ്പുറം ചില നിയമ തടസ്സങ്ങളും നിലനില്‍ക്കുന്നുണ്ട്. മോശയുടെ നിയമപ്രകാരം ശിക്ഷ നടപ്പാക്കേണ്ടതിനാണ് യേഹ്ശുവായുടെ അടുക്കല്‍ സ്ത്രീയെ കൊണ്ടുവന്നത്. ഇക്കാര്യം അവര്‍ പറയുന്നത് ശ്രദ്ധിക്കുക: "അവര്‍ യേഹ്ശുവായോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?"(യോഹ: 8; 4, 5). എന്നാല്‍, മോശയുടെ നിയമംതന്നെയാണ് നിയമജ്ഞര്‍ക്കും ഫരിസേയര്‍ക്കും വിനയായിത്തീര്‍ന്നതും. എന്തെന്നാല്‍, ഒരു കുറ്റവാളിക്ക് വധശിക്ഷ നടപ്പാക്കേണ്ടത് എങ്ങനെയായിരിക്കണമെന്നും മോശ വ്യക്തമാക്കിയിട്ടുണ്ട്.

മോശയുടെ നിയമം ശ്രദ്ധിക്കുക: "രണ്ടോ മൂന്നോ സാക്ഷികള്‍ അവനെതിരായി മൊഴി നല്‍കിയെങ്കില്‍മാത്രമേ അവനെ വധിക്കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയില്‍ ആരും വധിക്കപ്പെടരുത്"(നിയമം: 17; 6). വധശിക്ഷ നടപ്പാക്കണമെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി അനിവാര്യമാണ്. ശിക്ഷ നടപ്പാക്കേണ്ട വിധമാണ് കൂടുതല്‍ ശ്രദ്ധേയം. നിയമം ശ്രദ്ധിക്കുക: "സാക്ഷികളുടെ കരങ്ങളാണ് വധിക്കപ്പെടേണ്ടവന്റെമേല്‍ ആദ്യം പതിയേണ്ടത്. അതിനുശേഷം മറ്റുള്ളവരുടെ കരങ്ങള്‍"(നിയമം: 17; 7). ആദ്യം പതിയേണ്ടത് ആരുടെ കരങ്ങളായിരിക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശം നിയമത്തിലുണ്ട്. ഇവിടെയാണ്‌ 'ആദ്യം' എന്ന വാക്കിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. മോശയുടെ നിയമത്തെ യേഹ്ശുവാ കഠിനമാക്കി! അതായത്, ഇവളെ ആദ്യം കല്ലെറിയേണ്ടത് സംഭവത്തിനു സാക്ഷിയായ വ്യക്തിയായിരിക്കണമെന്നു മാത്രമല്ല പാപമില്ലാത്തവനുമായിരിക്കണം. 'ആദ്യം' എന്ന പ്രയോഗത്തിന് ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല! സൃഷ്ടിക്കാനും സംഹരിക്കാനും ശക്തിയുള്ളതാണ് യേഹ്ശുവായുടെ വായില്‍നിന്നു പുറപ്പെട്ട ഓരോ വാക്കുകളും! ഈ പ്രപഞ്ചത്തിനു രൂപംനല്കുകയും താങ്ങിനിര്‍ത്തുകയും ചെയ്യുന്നത് ഈ വചനമാണ്! ഈ വചനം ഒരിക്കലും പരാജയപ്പെട്ടില്ല എന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കരുത്. "ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല"(റോമാ: 9; 6). ഈ മഹത്തായ വചനത്തെ എപ്രകാരമാണ് സമീപിക്കേണ്ടതെന്നു നോക്കുക: "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക"(ഏശയ്യാ: 66; 2). എന്നാല്‍, ദൈവത്തിന്റെ മഹനീയവും സുശക്തവുമായ ഈ വചനത്തെ വിപണനം നടത്തുന്ന ഭോഷന്മാര്‍ ഇന്ന് ലോകത്തുണ്ട്! വചനത്തെ എത്രത്തോളം വളച്ചൊടിക്കാനും ഇവര്‍ക്കു ഭയമില്ല!

ദൈവവചനത്തിന്റെ അനന്തമായ സാധ്യതകളെയും, പ്രതിരോധിക്കാന്‍ കഴിയാത്ത ശക്തിയെയും തിരിച്ചറിയാത്ത ചിലര്‍ തങ്ങളുടെ നാശത്തിനായി ഈ വചനത്തെ ദുരുപയോഗിക്കുന്നു. വചനം പ്രസംഗിക്കേണ്ടതിന്റെ അനിവാര്യത ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോള്‍ത്തന്നെ, തെറ്റായ വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കുന്നത് ഇവര്‍ അറിയുന്നില്ല. ജീവന്‍ നല്‍കുന്നതും ജീവനെടുക്കുന്നതുമാണു വചനം. എന്തെന്നാല്‍, വചനമാകുന്ന വാളിന് ഇരുവശവും മൂര്‍ച്ചയുണ്ട്‌. അശ്രദ്ധമായി പ്രയോഗിച്ചാല്‍, അത് പ്രയോഗിക്കുന്നവന്റെ ജീവനുതന്നെ ഹാനിവരുത്തിയേക്കാം! വചനത്തിന്റെ ശക്തി വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്റെ മുമ്പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുമ്പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കുബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്"(ഹെബ്രാ: 4; 12, 13). വചനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ, അത് കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും അപകടം വരുത്തിവയ്ക്കുന്നു. ദൈവവചനത്തെ തെറ്റായി പഠിപ്പിച്ചുകൊണ്ട് വ്യാജപ്രബോധകര്‍ അനേകരെ നശിപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ത്തന്നെ, ആര്‍ക്കെങ്കിലും പ്രബോധനം നല്‍കാന്‍ മുതിരുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

വചനം പ്രസംഗിക്കുന്നതിലൂടെ തനിക്കുതന്നെ ജീവഹാനി വരുത്തിവയ്ക്കുന്നത് എങ്ങനെയെന്ന് ആരും ആശ്ചര്യപ്പെടേണ്ട. എന്തെന്നാല്‍, ഇതാണു യാഥാര്‍ത്ഥ്യം! അപകടകരമായ വ്യാഖ്യാനങ്ങളിലൂടെ അനേകരെ നശിപ്പിക്കുമ്പോള്‍ തന്റെതന്നെ ആത്മാവിനെ അഗ്നിക്കിരയാക്കുകകൂടിയാണ് ഒരുവന്‍ ചെയ്യുന്നത്. ഇക്കാരണത്താല്‍, അപ്പസ്തോലനായ പൗലോസ് ഇപ്രകാരം വ്യക്തമാക്കിയത്: "മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ"(കൊളോ: 2; 18). ഓരോ കാലഘട്ടങ്ങളിലും ഇത്തരക്കാര്‍ വിശ്വാസികളുടെയിടയില്‍ ഉയര്‍ന്നുവരാറുണ്ട്. തങ്ങളുടെ തന്നെ ദര്‍ശനങ്ങളെ ദൈവവചനമായി പഠിപ്പിക്കുന്ന ഇക്കൂട്ടരെ അനുഗമിക്കുന്നവര്‍ വഞ്ചിതരാകും. സ്വര്‍ഗ്ഗത്തില്‍ പോയി മടങ്ങിവന്നവരെന്നും സ്വര്‍ഗ്ഗീയദര്‍ശനങ്ങള്‍ ലഭിച്ചവരെന്നും അവകാശപ്പെട്ടുകൊണ്ട് തങ്ങളുടെ അപക്വമായ യുക്തിചിന്തകളെ പ്രഘോഷിക്കുന്ന പലരും ഇപ്പോള്‍ത്തന്നെ നമുക്കിടയിലുണ്ട്. വചനത്തോടൊപ്പം തങ്ങളുടെ ദര്‍ശനങ്ങളും ചേര്‍ത്തുവച്ചു പ്രഘോഷിക്കുന്നതുമൂലം അനേകരെ വഞ്ചിക്കാന്‍ ഇക്കൂട്ടര്‍ക്കു സാധിക്കുന്നു. ദൈവവചനത്തെക്കാള്‍ അധികമായി ഇത്തരം മായാദര്‍ശനങ്ങളെ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനേകരെ നമുക്കറിയാം.

പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനത്തിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം"(1തിമോ: 4; 1, 2). എന്നാല്‍, അപ്പസ്തോലന്‍ ഇപ്രകാരം വ്യക്തമാക്കുന്നു: "ആരെങ്കിലും ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായുടെ യഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയും ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യംചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍. ഇതില്‍നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്നു കരുതുന്നവരുമായ മനുഷ്യര്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ തുടര്‍ച്ചയത്രേ"(1തിമോ: 6; 3-5). ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന പ്രബോധനങ്ങള്‍ വലിയ അപകടമാണു വരുത്തിവച്ചിട്ടുള്ളത്. വചനത്തെ വചനംകൊണ്ടു വ്യാഖ്യാനിക്കുന്നതിനു പകരമായി, തങ്ങളുടെതന്നെ യുക്തിയുമായി ചേര്‍ത്തുവച്ചുള്ള വ്യാഖ്യാനങ്ങളെ നാം അവഗണിക്കണം.

അപ്പസ്തോലനായ പത്രോസ് നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജംപറഞ്ഞു നിങ്ങളെ അവര്‍ ചൂഷണംചെയ്യും. നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുന്നു"(2പത്രോ: 2; 1-3). യേഹ്ശുവായെ കൂടാതെയുള്ള രക്ഷ പ്രഘോഷിക്കുന്നവരും, എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന അബദ്ധം പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. പ്രബോധനത്തില്‍ അപകടം കടന്നുകൂടിയാല്‍, അത് മറ്റുള്ളവരെ മാത്രമല്ല, തങ്ങളെത്തന്നെയും അപകടത്തില്‍പ്പെടുത്തും. ആത്മാര്‍ത്ഥതയോടെ വചനം പ്രസംഗിക്കുന്നവരാണെങ്കില്‍പ്പോലും, തങ്ങള്‍ പ്രസംഗിക്കുന്ന വചനത്തെ വ്യാഖ്യാനിക്കുമ്പോള്‍ അതീവജാഗ്രത അനിവാര്യമാണ്. ഒരിക്കല്‍ പ്രഘോഷിക്കുന്ന ആശയങ്ങളെ തിരുത്തിപ്പറയുകയെന്നത് എളുപ്പമുള്ള കാര്യമല്ല; കൈവിട്ട കല്ലുപോലെതന്നെയാണ് വാവിട്ട വാക്കുകളും!

അപ്പസ്തോലനായ യാക്കോബിന്റെ ഈ ഉപദേശം നാം ഗൗരവമായി കാണണം. അപ്പസ്തോലന്റെ ഉപദേശം ഇങ്ങനെയാണ്: "എന്റെ സഹോദരരേ, നിങ്ങളില്‍ അധികംപേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍"(യാക്കോബ്: 3; 1). അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് മൗനം അവലംബിക്കുന്നതാണ്! വാളിന്റെ മൂര്‍ച്ച ഇരുതലയിലുമായതുകൊണ്ട്, പലരെയും വീഴുത്തുന്നതോടൊപ്പം സ്വയം വീഴ്ത്തപ്പെടുകയും ചെയ്തേക്കാം! പാപമില്ലാത്തവരുടെ കല്ലേറിനെക്കുറിച്ചുള്ള ചിന്തകളില്‍നിന്നു വളരെയേറെ നാം വ്യതിചലിച്ചതായി കരുതേണ്ടാ. വചനത്തെ ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ടാതിന്റെ അനിവാര്യത വ്യക്തമാക്കാനാണ് ഇത്രത്തോളം നാം യാത്രചെയ്തത്! ഇനി കല്ലേറിലേക്കു മടങ്ങിവരാം.

ആധുനിക കാലഘട്ടത്തില്‍ കല്ലേറിന്റെ പ്രസക്തി!

യേഹ്ശുവാ പറഞ്ഞതായി ബൈബിളില്‍ നാം വായിക്കുന്ന വചനത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിച്ചുകൊണ്ടല്ല ആധുനിക കാലഘട്ടത്തില്‍ ആളുകള്‍ ഇറങ്ങിയിരിക്കുന്നത്. വചനത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ തങ്ങളുടെതന്നെ ഭൗതീക രക്ഷയ്ക്കായി ഇവര്‍ വചനത്തെ ദുരുപയോഗിക്കുന്നു. പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്ന് പറയുന്നവര്‍ക്ക് വിവിധങ്ങളായ ലക്ഷ്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

സ്വന്തം പാപത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ വചനമെന്നു നാം കണ്ടു. മറ്റുള്ളവരൊക്കെ ചെയ്യുന്നതു മാത്രമാണു തങ്ങള്‍ ചെയ്യുന്നതെന്ന് ഇവര്‍ സമര്‍ത്ഥിക്കുന്നു. ആയതിനാല്‍, തങ്ങളെ ചോദ്യംചെയ്യാന്‍ അവകാശമുള്ളവരായി ആരുംതന്നെ ഇല്ലെന്ന ചിന്തയിലാണിവര്‍. എത്ര കഠോരമായ പാപങ്ങളെയും മറ്റുള്ളവരുടെ പാപങ്ങളെക്കൊണ്ട് ന്യായീകരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. പാപത്തില്‍ തുടരാനുള്ള അവകാശമായി ഇതിനെ പരിഗണിക്കുന്ന അവസ്ഥയുമുണ്ട്. താന്‍ മാത്രമായി പാപം ചെയ്യാതിരിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന ചിന്തയെ വളര്‍ത്താനും കാരണമാകുന്നു. യേഹ്ശുവാ പറഞ്ഞ വചനത്തെ മനസ്സിലാക്കിയതില്‍ വന്ന പാളിച്ചയാണ് ഇതിനെല്ലാം കാരണം. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന ആളുകളും തങ്ങളെത്തന്നെ ന്യായീകരിക്കാന്‍ ഈ വചനം ദുരുപയോഗിക്കുന്നുണ്ട്. ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വൈദീകര്‍പ്പോലും ഈ വചനമുപയോഗിച്ചു തങ്ങളെ ന്യായീകരിക്കുന്നത് നാം കണ്ടു! തെറ്റുകള്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ വചനത്തെ ദുരുപയോഗിക്കുന്നത് എത്രത്തോളം ദുരന്തമാണ് തങ്ങള്‍ക്കു വരുത്തിവയ്ക്കുന്നതെന്ന് ഇവര്‍ അറിയുന്നില്ല! പാപത്തിനു ലഭിക്കുന്ന ശിക്ഷയെക്കാള്‍ ഭയാനകമായ ശിക്ഷയാണ് ഇവരെ കാത്തിരിക്കുന്നത്. എന്തെന്നാല്‍, പാപം ചെയ്യാനും പാപത്തെ ന്യായീകരിക്കാനും ദൈവത്തിന്റെ വചനം ദുരുപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ ഭയാനകമായിരിക്കും!

പാപത്തില്‍ വ്യാപരിക്കുന്നവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള ആയുധമായി വചനത്തെ ദുരുപയോഗിക്കുന്നവര്‍ മറ്റുള്ളവരെ കല്ലെറിയുമ്പോള്‍ ഈ വചനത്തെ പരിഗണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ വിരുതന്മാര്‍ ക്രൈസ്തവസഭകളിലെ ചില വൈദീകരാണ്! അതായത്, സഭയുടെ നേതാക്കന്മാരായി സ്വയം അഭിഷിക്തരായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തികളാണ് വചനം ദുരുപയോഗിക്കുന്നതില്‍ കേമന്മാര്‍! ഈ അടുത്ത നാളുകളില്‍ ചില രഹസ്യപാപങ്ങള്‍ പരസ്യമായപ്പോഴാണ് 'പാപമില്ലാത്തവര്‍ കല്ലെറിയട്ടെ' എന്ന അപൂര്‍ണ്ണമായ വചനം ഏറെ പ്രഘോഷിക്കപ്പെട്ടത്. ഈ വചനത്തിന്റെ പൂര്‍ണ്ണരൂപം നാം പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. "നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ" എന്നതാണ് വചനത്തിന്റെ പൂര്‍ണ്ണത! ഈ വചനം അപൂര്‍ണ്ണതയോടെ അവതരിപ്പിച്ചുകൊണ്ട് സുരക്ഷിതരായിരിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു വെറും വ്യാമോഹം മാത്രമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കു വളരാന്‍ നിങ്ങള്‍ തയ്യാറാകണം. എന്തെന്നാല്‍, ഈ വചനം അറിയിച്ചത് യേഹ്ശുവായാണ്. മാത്രവുമല്ല, ഈ വചനം അറിയിച്ച സാഹചര്യമല്ല ഇന്നു നിലവിലുള്ളത്. യേഹ്ശുവാ ഈ വചനം അരുളിച്ചെയ്തത് തന്നെത്തന്നെ സുരക്ഷിതനാക്കാനായിരുന്നില്ല; മറിച്ച്, മറ്റൊരു വ്യക്തിയ്ക്കുവേണ്ടിയായിരുന്നു. അതായത്, സ്വയരക്ഷയ്ക്കായി ഉപയോഗിക്കേണ്ട വചനമായി ഈ വചനത്തെ ആരും പരിഗണിക്കരുത്. ഇതാണ് ഒന്നാമത്തെ വസ്തുത.

അടുത്തതായി പരിഗണിക്കപ്പെടേണ്ടത് അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങള്‍ തമ്മിലുള്ള അന്തരമാണ്. ഈ വചനം അരുളിച്ചെയ്യുന്ന സമയത്ത് യേഹ്ശുവാ അവിടുത്തെ ബലിയര്‍പ്പണം പൂര്‍ത്തീകരിച്ചിരുന്നില്ല. പാപപരിഹാരാര്‍ത്ഥം യേഹ്ശുവാ അര്‍പ്പിച്ച ബലിയുടെ പൂര്‍ത്തീകരണത്തിലൂടെ വ്യത്യസ്തമായ അവസ്ഥ സംജാതമായി എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിക്കഴിഞ്ഞു. ഈ ബലിയെ അംഗീകരിച്ച്, യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുന്ന ഒരുവന്റെമേല്‍ ജന്മപാപത്തിന്റെ മലിനത നിലനില്‍ക്കുന്നില്ല. ആയതിനാല്‍, പാപമില്ലാത്ത ആരും ഈ ഭൂമിയില്‍ ഇല്ലെന്ന ചിന്ത ഇനിയും ആരും വച്ചുപുലര്‍ത്തരുത്! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, പശ്ചാത്തപിക്കുകയും പാപമോചനത്തിനായി യേഹ്ശുവായുടെ നാമത്തിലുള്ള സ്നാനം സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിയില്‍ പാപമില്ല. പിന്നീട് ഈ വ്യക്തി ഏതെങ്കിലും പാപത്തില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് അറിയാവുന്നത് ദൈവത്തിനു മാത്രമാണ്. ഇക്കാരണത്താല്‍ത്തന്നെ, 'പാപമില്ലാത്തവര്‍ കല്ലെറിയട്ടെ' എന്ന്‍ പറഞ്ഞാലും കല്ലേറില്‍നിന്നു സുരക്ഷിതരായിരിക്കാന്‍ സാധിക്കണമെന്നില്ല.

ഇവിടെയാണ്‌ മറ്റൊരു വിഷയം പ്രസക്തമാകുന്നത്. ഈ ലേഖനത്തിന്റെ ശീര്‍ഷകത്തിലൂടെ നാം ഉയര്‍ത്തിയ ചോദ്യമാണ് ആ വിഷയം. പാപമില്ലാത്തവര്‍ കല്ലെറിയുമോ? ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം! പാപമില്ലാത്തവര്‍ ആരെയും കല്ലെറിയില്ല. എന്നാല്‍, ഇക്കാലത്ത് ആരെങ്കിലും പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞാല്‍, ജീവഹാനിയായിരിക്കും പ്രതിഫലം. എന്തെന്നാല്‍, പാപബോധം നഷ്ടപ്പെട്ട ഒരു തലമുറയാണ് ഇന്നത്തെ സമൂഹം! തങ്ങളെത്തന്നെ നീതീകരിക്കുന്നവരും പാപത്തിന്റെ നിര്‍വ്വചനം മറ്റിയെഴുതിയവരുമായ സമൂഹമാണ് ഇന്നത്തെ ലോകം. എല്ലാ പാപത്തെയും ന്യായീകരിക്കാനുള്ള ദൈവശാസ്ത്രം ക്രൈസ്തവസഭകള്‍ത്തന്നെ രൂപപ്പെടുത്തിക്കഴിഞ്ഞു! ലോകത്തിനു സ്വീകാര്യമായ വ്യവസ്ഥകളോടെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി പല പാപങ്ങളും പുണ്യമായി പരിഗണിക്കപ്പെട്ടു. ഭ്രൂണഹത്യയെ സംബന്ധിച്ചുള്ള പുതിയ നിയമം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കുഞ്ഞിനെ കൊല്ലാമെന്നത് ലോകത്തിന്റെ ഇംഗിതത്തിനനുസരിച്ചു നിയമങ്ങളില്‍ പൊളിച്ചെഴുത്തു നടത്തിയതിന്റെ ഭാഗമാണ്! സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുവേണ്ടി ലോകം നിര്‍മ്മിച്ച നിയമത്തെ ചില ക്രൈസ്തവസഭകളും അംഗീകരിക്കുന്നത് നാം കാണാതെപോകരുത്. മൃഗവേഴ്ചയ്ക്ക് അംഗീകാരം ലഭിക്കുന്ന കാലവും വിദൂരത്തല്ല! ഘട്ടംഘട്ടമായി പാപത്തെ ഇല്ലാതാക്കുന്നതിനുവേണ്ടി നിയമ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതും ഗൗരവത്തോടെ കാണണം. നിയമം നിലനില്‍ക്കുന്നതുകൊണ്ടാണല്ലോ പാപത്തിനു പ്രാബല്യമുണ്ടാകുന്നത്! പരസ്പര സമ്മതത്തോടെ വ്യഭിചാരം ചെയ്യുന്നത് തെറ്റല്ല എന്നതുകൊണ്ട് വ്യഭിചാരവും പാപമാല്ലാതായി!

പാപത്തിനു പുതിയ നിര്‍വ്വചനം നല്‍കിക്കൊണ്ട് പാപത്തെ പുണ്യമാക്കുന്നതിലൂടെ പാപികളുടെ എണ്ണം കുറയുന്നു. എന്നാല്‍, ദൈവീകനിയമങ്ങളില്‍ ഒരിക്കലും മാറ്റംവന്നിട്ടില്ല. ലോകത്തിന്റെ നിയമപ്രകാരം പാപമാല്ലാത്ത പലതും ദൈവീകനിയമപ്രകാരം പാപമാണ്. ലോകത്തിന്റെ നിയമത്തിന് ഈ ലോകത്തില്‍ മാത്രമേ പ്രാബല്യമുള്ളൂ. ദൈവത്തിന്റെ സന്നിധിയില്‍ നാം വിധിക്കപ്പെടുന്നത് ദൈവീകനിയമത്താലാണ്. ലോകത്തിന്റെ നിയമമാണ് യഥാര്‍ത്ഥ നിയമമെന്നു ധരിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം തങ്ങള്‍ നീതിമാന്മാരാണെന്നു സ്വയം ചിന്തിക്കുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടില്ലാത്തവര്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോള്‍ അനീതിയുടെ നിയമം രൂപപ്പെടും. എന്തെന്നാല്‍, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും യഥാര്‍ത്ഥ അറിവു നല്‍കുന്നത് പരിശുദ്ധാത്മാവാണ്! ഈ വചനം ശ്രദ്ധിക്കുക: "അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും"(യോഹ: 16; 8). ഈ ആത്മാവിനെ സ്വീകരിക്കാത്തവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങളില്‍ സത്യം നിലനില്‍ക്കുന്നില്ല. ക്രൈസ്തവസഭകളുടെ നേതൃസ്ഥാനത്ത് കയറിക്കൂടിയിരിക്കുന്ന ഭൂരിപക്ഷം നേതാക്കന്മാര്‍ക്കും പരിശുദ്ധാത്മാവിനെ അറിയുകപോലുമില്ല. ഇക്കൂട്ടര്‍ നിര്‍മ്മിക്കുന്ന നിയമങ്ങളിലൂടെയാണ് പാപത്തിനു പുണ്യത്തിന്റെ പരിവേഷം ലഭിച്ചത്. പാപത്തെക്കുറിച്ച് ബോധമില്ലാത്ത ഈ സമൂഹത്തോട് 'പാപമില്ലാത്തവര്‍ കല്ലെറിയട്ടെ' എന്നു പറഞ്ഞാല്‍ ഇവര്‍ എറിയുകതന്നെ ചെയ്യും! ഇന്ന് ലോകത്ത് കല്ലേറുകള്‍ നടത്തുന്നത് ഇക്കൂട്ടരാണ്! എന്നാല്‍, യഥാര്‍ത്ഥത്തില്‍ പാപമില്ലാത്ത ആരും ആരെയും കല്ലെറിയാറില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6744 views

LOG IN

Lost your password?

SIGN UP

LOST PASSWORD