ദൈവകല്‍പ്പനകള്‍

സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകി!

Print By
about

29 - 10 - 2016

"കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വ്വീകരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"(മത്താ: 5; 21-24). കൊലപാതകത്തെ സംബന്ധിച്ചുള്ള യേഹ്ശുവായുടെ വ്യാഖ്യാനമാണു നാമിവിടെ വായിച്ചത്! കൊല്ലരുത് എന്ന പ്രമാണത്തെ വ്യക്തതയോടെ പഠിക്കണമെങ്കില്‍ ആമുഖമായി രണ്ടുകാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതായത്, ഈ പ്രമാണം ഗ്രഹിക്കാന്‍, ആരാണ് സഹോദരന്‍? ആരാണ് അയല്‍ക്കാരന്‍? എന്നീ വിഷയങ്ങളില്‍ പൂര്‍ണ്ണമായ അവബോധം അനിവാര്യമാണ്. ഈ കല്പന മാത്രമല്ല, പത്തു പ്രമാണങ്ങളില്‍ ആറു പ്രമാണങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് സഹോദരന്‍, അയല്‍ക്കാരന്‍ എന്നീ ബന്ധങ്ങളെ ചേര്‍ത്തുവച്ചുകൊണ്ടുള്ളതാണ്! ആരാണ് സഹോദരന്‍ എന്നുകൂടി പരിശോധിച്ചുകൊണ്ട് ആരംഭിക്കാം.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ പ്രമാണങ്ങള്‍ മോശവഴി നല്‍കിയത് ഇസ്രായേല്‍ജനത്തിനു മാത്രമായിരുന്നു. തങ്ങള്‍ക്ക് നല്കാനിരിക്കുന്ന ദേശത്ത് തങ്ങള്‍ പരസ്പരം അനുവര്‍ത്തിക്കേണ്ട നിയമങ്ങളാണ് അവിടുന്ന് നല്‍കിയത്. ആയതുകൊണ്ടാണ്‌ സഹോദരന്‍ ആരെന്നും അയല്‍ക്കാരന്‍ ആരെന്നുമുള്ള ചോദ്യം പ്രസക്തമാകുന്നത്.

ആരാണ് സഹോദരന്‍?

"സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്‌"(1യോഹ:3;15). സഹോദരന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ സ്പഷ്ടമായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വ്യക്തമായി മനസ്സിലാക്കിയിട്ടില്ലെങ്കില്‍ സഹോദരനെ വെറുക്കുകയും, അതുവഴി കൊലപാതകികളായി നാം മാറുകയും ചെയ്യും! ആരെയും വെറുക്കാന്‍ ദൈവം പറഞ്ഞിട്ടില്ലെങ്കിലും, കൊലപാതകികളാക്കി മാറ്റുന്ന വെറുപ്പ് സഹോദരനോടുള്ള വെറുപ്പാണ്. ഇതിന് അടിസ്ഥാനപരമായ ഒരു കാരണമുണ്ട്. അത് എന്താണെന്ന് അറിയണമെങ്കില്‍ സഹോദരന്‍ ആരാണെന്ന് നാം അറിഞ്ഞിരിക്കണം.

വളരെ ലളിതമായി പറഞ്ഞാല്‍, ദൈവത്തിന്റെ മക്കള്‍ പരസ്പരം സഹോദരങ്ങളാണ്. സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണെന്ന വചനം നല്‍കിയിരിക്കുന്ന അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്: "കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും"(1യോഹ:3;1). മുന്‍പുതന്നെ ദൈവമക്കള്‍ അല്ലാത്തതുകൊണ്ടാണല്ലോ ദൈവമക്കള്‍ എന്നു വിളിക്കപ്പെടുന്നു എന്ന പ്രയോഗം ആവശ്യമായി വന്നത്. ഇത് വ്യക്തമാകാത്തവര്‍ താഴോട്ടു വായിക്കുക: "പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്"(1യോഹ:3;2). ദൈവമക്കളായി പരിണമിച്ചവരെയാണ് അപ്പസ്തോലനായ യോഹന്നാന്‍ അഭിസംബോധനചെയ്തതെന്ന വസ്തുത വ്യക്തമായി എന്നു കരുതുന്നു. അതായത്, മുന്‍പ് നാം ദൈവമക്കളായിരുന്നില്ല!

മനുഷ്യന്‍ ജനിക്കുന്നത് ജഡത്തില്‍നിന്നുള്ള ജഡമായിട്ടാണെന്നും, യേഹ്ശുവായുടെ നാമത്തിലുള്ള ജ്ഞാനസ്നാനം വഴി പരിശുദ്ധാത്മാവില്‍ അവന്‍ ദൈവമകനായി മാറുകയും ചെയ്യുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. ജഡത്തില്‍ ജനിച്ച ഒരുവന് ദൈവത്തിന്റെ മകനായി മാറാന്‍ കഴിയുന്നതുപോലെ, പിശാചിന്റെ മകനായി മാറാനും കഴിയും എന്നതാണ് സത്യം. അതായത്, ഈ ഭൂമിയില്‍ ശരീരത്തോടെ ജനിച്ചുവീഴുന്ന കുഞ്ഞ് ദൈവത്തിന്റെയോ പിശാചിന്റെയോ മകനല്ല; മറിച്ച്, മനുഷ്യന്റെ പുത്രനാണ്. പിന്നീട്, യേഹ്ശുവായുടെ നാമത്തില്‍ സ്നാനമേറ്റ് ദൈവപൈതലായി മാറാന്‍ അവനു സാധിക്കും. അതുപോലെ, പിശാചിന്റെ മകനായി ഒരുവന്‍ മാറുന്നത് എപ്രകാരമാണെന്നു നോക്കുക: "പാപം ചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്"(1യോഹ:3;8). അടുത്ത ഒരു വചനംകൂടി പരിശോധിച്ചതിനുശേഷം ഇതില്‍ വ്യക്തത വരുത്താം. "ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന്‍ ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാധ്യമല്ല. ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ"(1യോഹ:3;9,10). അതായത്, ജന്മംകൊണ്ടല്ല ഒരുവന്‍ ദൈവത്തിന്റെയോ പിശാചിന്റെയോ സന്തതിയായി മാറുന്നത്. വിശ്വാസംവഴി കൃപയാല്‍ രക്ഷയിലേക്കു കടന്നുവരുന്നവര്‍ ദൈവമക്കളായി മാറുന്നു. അതുപോലെതന്നെ, വിഗ്രഹങ്ങളെയും അന്യദേവന്മാരെയും ആശ്രയിക്കുന്നവര്‍ പിശാചിന്റെ സന്തതികളായി പരിണമിക്കുന്നു!

വലിയൊരു വിവരണത്തിന്റെ സഹായമില്ലാതെതന്നെ സഹോദരന്‍ ആരാണെന്നും കൊലപാതകിയായി മാറുന്നത് ആരോടുള്ള വെറുപ്പുമൂലം ആണെന്നും മനസ്സിലാക്കാന്‍ സാധിച്ചുവെന്ന് കരുതുന്നു! ഇസ്ലാമിനെയും മറ്റു വിജാതിയ മതക്കാരെയും സഹോദരങ്ങളെന്നു വിളിച്ചുകൊണ്ട് സാഹോദര്യത്തെ വിശാലമാക്കാന്‍ ശ്രമിക്കുന്നത് ദൈവവചന വിരുദ്ധവും സ്വന്തം പിതൃത്വത്തെ തള്ളിപ്പറയലുമാണ്! കാരണം, ദൈവപുത്രസ്ഥാനം എന്നത് നിസ്സാരമായി കരുതുന്നവര്‍ മ്ശിഹായുടെ രക്തത്തിനെതിരേ പാപം ചെയ്യുന്നു. മനുഷ്യപുത്രനായ യേഹ്ശുവാ കുരിശില്‍ ചിന്തിയ രക്തമാണ് ദൈവപുത്രസ്ഥാനത്തേക്ക് ഉയര്‍ത്തുന്നതിനുള്ള അച്ചാരം! കാരണം, അവിടുന്ന് ദൈവമായിരുന്നിട്ടും അത് കാര്യമായി പരിഗണിക്കാതെ പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്കു വന്നത് മനുഷ്യപുത്രന്മാരെ ദൈവപുത്രന്മാരാക്കാനാണ്! അന്യദേവന്മാരെ സേവിച്ച്, പിശാചിന്റെ മക്കളായി കഴിയുന്ന വ്യക്തികളെ സഹോദരനെന്നു സംബോധന ചെയ്യുന്നതിലൂടെ അവന്റെ പിതാവിനെ സ്വന്തം പിതാവായി പരിഗണിക്കുകയും, യേഹ്ശുവാ വഴി നമുക്കു ലഭിച്ച മഹത്തായ പദവിയെ നിസ്സാരമാക്കുകയും ചെയ്യുന്നു! ഒരുപാത്രം പായസത്തിനുവേണ്ടി കടിഞ്ഞൂല്‍ പുത്രസ്ഥാനം നിസ്സാരമാക്കിയ ഏസാവിനു പിന്നീടത് നേടാന്‍ ആഗ്രഹിച്ചപ്പോള്‍ ലഭിച്ചില്ല. ഏസാവിനു നഷ്ടപ്പെട്ട കടിഞ്ഞൂല്‍ പുത്രസ്ഥാനത്തെക്കാള്‍ എത്രയോ മഹത്തരമായ സ്ഥാനത്തേക്കാണ് ക്രിസ്ത്യാനി വിളിക്കപ്പെട്ടിരിക്കുന്നത് എന്നകാര്യം നാം വിസ്മരിക്കരുത്.

വിധിയെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെയാണ് യേഹ്ശുവാ വ്യക്തമാക്കുന്നത്. എന്നാല്‍, ഈ വചനഭാഗത്തിന്റെ ശീര്‍ഷകം ഉണ്ടാക്കിയവര്‍ കൌശലപൂര്‍വ്വം ചില മാറ്റങ്ങള്‍ വരുത്തുകയും, സഹോദരന്‍ എന്നതിനുപകരം അന്യരെ എന്നാക്കുകയും ചെയ്തു. ശീര്‍ഷകത്തിനു താഴെ വിവരിച്ചിരിക്കുന്ന വചനം ഇങ്ങനെയാണ്: "വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?"(മത്താ:7;1-3). സഹോദരനുമായി ബന്ധപ്പെടുത്തി യേഹ്ശുവാ നല്‍കിയ ഉപദേശങ്ങളെയെല്ലാം, ലോകത്തെ സകലരെയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു എന്നവിധത്തില്‍ പ്രചരിപ്പിക്കുന്നവര്‍ സഹോദരന്‍ ആരെന്നു മനസ്സിലാക്കാത്തവരാണ്! യേഹ്ശുവായുടെ ചില വചനങ്ങള്‍ നോക്കുക: "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹാനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക"(മത്താ:5;22-24).

എല്ലാ മനുഷ്യരും പരസ്പരം സഹോദരങ്ങളല്ല എന്ന യാഥാര്‍ത്ഥ്യം പൗലോസ് അപ്പസ്തോലന്‍ അറിഞ്ഞിരുന്നു. യേഹ്ശുവായുടെ വചനത്തെ അപ്പസ്തോലന്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിച്ചതുകൊണ്ടാണ് ഇപ്രകാരം എഴുതിയത്: "വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടി വരുമായിരുന്നു. പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗ്ഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നു കണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്"(1കോറി:5;9-11). എല്ലാവരും സഹോദരനല്ലെന്ന യാഥാര്‍ത്ഥ്യം ഇതില്‍ക്കൂടുതല്‍ വ്യക്തതയോടെ അറിയിക്കാന്‍ മനോവയ്ക്കാവില്ല! എന്നിരുന്നാലും, ഒരു യാഥാര്‍ത്ഥ്യം കൂടി വെളിപ്പെടുത്താം.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശവഴി നല്‍കിയ നിയമങ്ങള്‍ സകല ജനതകള്‍ക്കും വേണ്ടി നല്കിയതല്ലെന്നും, യാക്കോബിന്റെ സന്തതികള്‍ക്കു മാത്രമായി നല്‍കിയതാണെന്നും വ്യക്തതയോടെ ബൈബിളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മോശയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?"(നിയമം: 4; 8). മോശയിലൂടെ അറിയിച്ച കല്പനകളും ചട്ടങ്ങളും മറ്റു ജനതകള്‍ക്കുള്ളതല്ല എന്നകാര്യം ഇവിടെ വ്യക്തമാകുന്നു. ഈ നിയമങ്ങളെ സ്വന്തം നിയമങ്ങളായി സ്വീകരിക്കുകയും, തങ്ങള്‍ സേവിച്ചിരുന്ന ദേവന്മാരെ തള്ളിക്കളയുകയും ചെയ്തുകൊണ്ട് ഒരുവന് ദൈവജനത്തിന്റെ ഭാഗമായി മാറാന്‍ കഴിയും. പരിച്ഛേദനം ചെയ്തുകൊണ്ട് ഇസ്രായേല്‍ ജനതയുടെ ഭാഗമായി ചേര്‍ന്ന അടിമകള്‍ അക്കാലത്തുണ്ടായിരുന്നു. പെസഹാ ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെയിടയില്‍ വസിക്കുന്ന പരദേശി യാഹ്‌വെയുടെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്"(പുറ: 12; 48). വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളെ തള്ളിക്കളയുകയും യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ചു സ്നാനം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ദൈവമക്കളായി രൂപാന്തരപ്പെടുന്നതും ഇങ്ങനെതന്നെ!

ഭൂമുഖത്ത് ജീവിക്കുന്ന സകല മനുഷ്യരും ക്രിസ്ത്യാനികളുടെ സഹോദരരാണോ എന്നത് വചനത്തോടുചേര്‍ന്ന് ഇനി ഓരോരുത്തരും ചിന്തിക്കുക!

ആരാണ് അയല്‍ക്കാരന്‍!

അയല്‍ക്കാരന്‍ ആരാണെന്നു മനസ്സിലാക്കാന്‍ കഴിയാത്തവരായി അനേകര്‍ ഇന്നും ജീവിക്കുന്നുണ്ട്. അയല്‍വാസികളെ അയല്‍ക്കാരായി കാണുന്നവര്‍ മാത്രമല്ല, സകല മനുഷ്യരെയും അയല്‍ക്കാരായി പരിഗണിക്കുന്നവരും കുറവല്ല. എന്നാല്‍, യഥാര്‍ത്ഥ അയല്‍ക്കാരന്‍ ആരാണെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഒരു നിയമജ്ഞന്‍ യേഹ്ശുവായ പരീക്ഷിക്കാനായി ഇപ്രകാരം ചോദിച്ചു: "ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?"(ലൂക്കാ: 10; 25). പ്രമാണങ്ങള്‍ അനുസരിക്കുക എന്നതാണ് നിത്യജീവന്‍ അവകാശമാക്കാനുള്ള വഴി എന്ന് യേഹ്ശുവാ വെളിപ്പെടുത്തുകയും നിയമജ്ഞനെക്കൊണ്ടുതന്നെ പ്രമാണങ്ങള്‍ പറയിക്കുകയും ചെയ്തു. അവന്‍ ഇപ്രകാരമാണ് പറഞ്ഞത്: "നീ നിന്റെ ദൈവമായ യാഹ്‌വെയെ, പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും"(ലൂക്കാ: 10; 27). നിയമജ്ഞന്‍ ഇതു പറഞ്ഞിട്ട് മറ്റൊരു സംശയം ചോദിച്ചു: "ആരാണ് എന്റെ അയല്‍ക്കാരന്‍?"(ലൂക്കാ: 10; 29). ഈ ചോദ്യത്തിനു മറുപടിയായി യേഹ്ശുവാ ഒരു ഉപമ പറഞ്ഞു.

ഉപമ ഇപ്രകാരമാണ് ആരംഭിക്കുന്നത്: "ഒരുവന്‍ ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയ്യില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ദ്ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു. ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി. അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി. എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമദ്ധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു. അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയ്യില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം. കവര്‍ച്ചക്കാരുടെ കൈയ്യില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേഹ്ശുവാ പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക"(ലൂക്കാ: 10; 30- 37). ഈ ഉപമയുടെ വിശദ്ദീകരണത്തിലേക്ക് നമുക്കു കടക്കാം.

ഈ ഉപമയില്‍ നാലു കഥാപാത്രങ്ങളാണ് ഉള്ളത്. കവര്‍ച്ചക്കാരുടെ കയ്യില്‍ അകപ്പെട്ട വ്യക്തിയും, ഈ വ്യക്തിയെ സഹായിക്കുന്ന സമരിയാക്കാരനുമാണ് പ്രധാന കഥാപാത്രങ്ങള്‍. കൂടാതെ ഒരു പുരോഹിതനും ലേവായനുമുണ്ട്. ആക്രമിക്കപ്പെട്ട വ്യക്തിയില്‍നിന്നുതന്നെ നമുക്കു തുടങ്ങാം. ഇയാള്‍ യാത്രചെയ്യുന്നത് ജറുസലെമില്‍നിന്നു ജറീക്കോയിലേക്കായിരുന്നുവെന്ന് ആരംഭത്തില്‍ത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ചരിത്രപരമായി ഈ പട്ടണങ്ങള്‍ക്ക് വ്യത്യസ്തമായ രണ്ടു പശ്ചാത്തലങ്ങളുണ്ട്. ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്ന ദൈവീക സാന്നിദ്ധ്യത്തിന്റെ പട്ടണമാണ് ജറുസലെം! എന്നാല്‍, ജറീക്കോയാകട്ടെ തിന്മയുടെ നഗരമെന്ന് അറിയപ്പെടുന്നു. പ്രതീകാത്മകമായി ഈ രണ്ടു പട്ടണങ്ങളെ ഉപമയില്‍ ചേര്‍ത്തുവച്ചത് വളരെ വ്യക്തമായ സൂചനയോടെതന്നെയാണ്. അതായത്, ദൈവീക സാന്നിദ്ധ്യത്തില്‍നിന്നും തിന്മയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഈ വ്യക്തി ആക്രമിക്കപ്പെടുന്നത്. ഈ വിഷയം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പുരോഹിതന്റെയും ലേവായന്റെയും അവഗണനയെക്കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു.

അര്‍ദ്ധപ്രാണനായി വഴിയരികില്‍ കിടന്ന വ്യക്തിയെ കണ്ടിട്ടും അവനെ സഹായിക്കാതെ മറുവശത്തുകൂടി കടന്നുപോയ പുരോഹിതനെക്കുറിച്ച് പലര്‍ക്കും അമര്‍ഷമുണ്ടാകാം. അതുപോലെതന്നെ, ലേവായന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുന്നവരും കുറവായിരിക്കില്ല. എന്നാല്‍, ഈ ഉപമ അറിയിച്ച യേഹ്ശുവാ ഇവര്‍ രണ്ടുപേരെയും കുറ്റപ്പെടുത്തിയതായി കാണുന്നില്ല. ഈ ലേഖനവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും ഈ വ്യക്തികളുടെ അവഗണനയ്ക്ക് ആധാരമായ കാരണങ്ങള്‍ പരിശോധിച്ചുകൊണ്ട് മുന്നോട്ടുപോകാം. ഒരു പുരോഹിതനെ സംബന്ധിച്ചിടത്തോളം ദൈവാലയത്തില്‍ ധൂപം സമര്‍പ്പിക്കുവാനും ശുശ്രൂഷകള്‍ ചെയ്യുവാനും അവസരം ലഭിക്കുകയെന്നത് മഹാഭാഗ്യമായി കരുതിയിരുന്നു. കാരണം, അഹറോന്റെ തലമുറയില്‍പ്പെട്ട അനേകം പുരോഹിതരില്‍ ഓരോരുത്തര്‍ക്കും നറുക്കിട്ടാണ് ഈ ശുശ്രൂഷയ്ക്കുള്ള അവസരം നിശ്ചയിച്ചിരുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവ് ബൈബിളില്‍നിന്നു വായിക്കുക: "തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച്‌ ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ, പൗരോഹിത്യവിധി പ്രകാരം യാഹ്‌വെയുടെ ആലയത്തില്‍ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്ക് കുറിവീണു"(ലൂക്കാ: 1; 8, 9). വല്ലപ്പോഴുമൊരിക്കല്‍ മാത്രം ലഭിക്കുന്ന അവസരവുമായി കടന്നുപോയ വ്യക്തിയായിരിക്കാം ഈ പുരോഹിതന്‍!

പുരോഹിതര്‍ക്ക് പ്രത്യേകമായി ചില നിയമങ്ങള്‍ മോശവഴി നല്കപ്പെട്ടിട്ടുണ്ടെന്നു നമുക്കറിയാം. ഇവയില്‍ പ്രധാനപ്പെട്ട ഒരു നിയമം ശ്രദ്ധിക്കുക: "അവന്‍ ശവശരീരങ്ങള്‍, സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ തന്നെ ആയാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്"(ലേവ്യര്‍: 21; 11). അര്‍ദ്ധപ്രാണനായി കിടന്ന വ്യക്തിയുടെ ശരീരത്തില്‍ ജീവനുണ്ടോ എന്ന് പുരോഹിതന് അറിയില്ല. ഈ അവസരത്തില്‍ പുരോഹിതന്റെ പ്രവര്‍ത്തിയ്ക്കു ന്യായീകരണമുണ്ട്. ദൈവാലയ ശുശ്രൂഷ ചെയ്യുന്ന ലേവ്യനും അശുദ്ധനാകാന്‍ പാടില്ല. ആയതിനാല്‍, പുരോഹിതനും ലേവ്യനും ഇവിടെ കുറ്റക്കാരാകുന്നില്ല! ഇനി നമുക്ക് വിഷയത്തിലേക്കു പ്രവേശിക്കാം. പുരോഹിതനും ലേവായനും കടന്നുപോയതിനുശേഷം വരുന്നത് ഒരു സമരിയാക്കാരനാണ്. സമരിയാക്കാരുമായി യഹൂദര്‍ക്ക് ബന്ധമൊന്നുമില്ലെങ്കിലും, സമരിയാക്കാരെല്ലാം വിജാതിയരാണെന്നു പറയാന്‍ കഴിയില്ല. സോളമന്‍ രാജാവ് ഭരണം ഒഴിഞ്ഞതിനുശേഷം ഇസ്രായേല്‍, യൂദാ എന്നീ പേരുകളില്‍ രാജ്യം വിഭജിക്കപ്പെട്ടു. യൂദാ, ബെഞ്ചമിന്‍ ഗോത്രങ്ങള്‍ മാത്രമുള്ള രാജ്യം സോളമന്റെ പുത്രനു ലഭിക്കുകയും, മറ്റു പത്ത് ഗോത്രങ്ങള്‍ ചേര്‍ന്ന് ഇസ്രായേല്‍ രാജ്യം സ്ഥാപിതമാകുകയും ചെയ്തു. യൂദാ രാജ്യത്തിന്റെ തലസ്ഥാനം ജറുസലെമും ഇസ്രായേലിന്റെ തലസ്ഥാനം സമരിയായുമായിരുന്നു. യൂദാ രാജ്യത്തു ജീവിച്ച രണ്ടു ഗോത്രങ്ങളാണ് പിന്നീട് യഹൂദരായി അറിയപ്പെട്ടത്. ഇസ്രായേല്‍ ചിതറിക്കപ്പെട്ടപ്പോള്‍, അവര്‍ വിജാതിയരുടെയിടയില്‍ ചിതറിപ്പാര്‍ത്തു. ഇവരെ എക്കാലവും യഹൂദര്‍ വിജാതിയരായി പരിഗണിക്കുകയും ചെയ്തു. എന്നാല്‍, അടിസ്ഥാനപരമായി ഇവര്‍ വിജാതിയരല്ല. ഇവര്‍ യാക്കോബിന്റെ സന്തതികളും, പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നവരുമായിരുന്നു. ജറുസലെമില്‍ ആരാധന നടത്താന്‍ ഇവരെ യഹൂദര്‍ അനുവദിച്ചിരുന്നില്ല.

മ്ശിഹായെ പ്രതീക്ഷയോടെ കാത്തിരുന്ന ജനതയായിരുന്നു സമരിയാക്കാര്‍ എന്നതിനു ബൈബിളില്‍ തെളിവുകളുണ്ട്. സമരിയാക്കാരി സ്ത്രീയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "മ്ശിഹാ വരുമെന്ന് എനിക്കറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും"(യോഹ: 4; 25). സമരിയാക്കാര്‍ വിജാതിയരാണെങ്കില്‍ ഇവര്‍ മ്ശിഹായെ കാത്തിരിക്കില്ല. പ്രവാചകന്മാരെയും പ്രവചനങ്ങളെയും അംഗീകരിച്ചിരുന്ന സമൂഹമായിരുന്നു സമരിയാക്കാര്‍ എന്നതിന് ഇതിനപ്പുറം തെളിവുകള്‍ ആവശ്യമില്ല. ഇനി അയല്‍ക്കാരന്റെ ഉപമയുടെ വിശകലനം തുടരാം.

യഹൂദര്‍ അംഗീകരിച്ചില്ലെങ്കിലും ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ രണ്ടാമത്തെ സ്ഥാനം സമരിയാക്കാര്‍ക്കായിരുന്നു. അതിനുശേഷമാണ് ഗ്രീക്കുകാര്‍ക്ക്(വിജാതിയര്‍ക്ക്) ഉള്ള സ്ഥാനം! കവര്‍ച്ചക്കാരുടെ കയ്യില്‍ അകപ്പെട്ട വ്യക്തി യഹൂദനാണെന്നു ബൈബിളില്‍ പറഞ്ഞിട്ടില്ല; എന്നാല്‍, സാഹചര്യം കണക്കിലെടുത്താല്‍ യഹൂദനാണെന്ന് അനുമാനിക്കാന്‍ കഴിയും. വിശുദ്ധ നഗരത്തില്‍നിന്നും തിന്മയുടെ പട്ടണത്തിലേക്കുള്ള യാത്രാമദ്ധ്യേ ആക്രമണത്തിനിരയായ വ്യക്തിയ്ക്ക് സഹായമായി പുരോഹിതനെയോ ലേവായനെയോ ലഭിച്ചില്ല. അവരുടെ നിയമപരമായ പ്രശ്നങ്ങളാണ് സഹായത്തിനു തടസ്സമായതെങ്കില്‍പ്പോലും, ആക്രമിക്കപ്പെട്ട വ്യക്തിയെ സംബന്ധിച്ചിടത്തോളം അവനു ലഭിക്കേണ്ടത് അടിയന്തിര സഹായമായിരുന്നു. നിരാലംബനായി തെരുവില്‍ കിടന്ന ഈ വ്യക്തിയ്ക്ക് ആവശ്യമുള്ളതെല്ലാം നല്‍കി പരിചരിച്ചത്, തങ്ങള്‍ അവഗണനയോടെ കണ്ടിരുന്ന സമരിയാക്കാരനാണ്. ഇവിടെയാണ്‌ യേഹ്ശുവായുടെ ചോദ്യം ഉയരുന്നതും നിയമജ്ഞന്‍ മറുപടിപറയുന്നതും: "കവര്‍ച്ചക്കാരുടെ കയ്യില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്? അവനോടു കരുണകാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു"(ലൂക്കാ: 10; 36, 37). നന്മയില്‍നിന്നും തിന്മയിലേക്കുള്ള വ്യതിചലനത്തില്‍ അപകടം സുനിശ്ചിതമാണ്. ഇത്തരം അപകടങ്ങളില്‍ നമുക്കു രക്ഷയായി വരുന്നവന്‍ നമ്മുടെ അയല്‍ക്കാരനാണ്! നമ്മോടു കരുണകാണിക്കുന്നവനാണ് നമ്മുടെ അയല്‍ക്കാരന്‍ എന്ന് വസ്തുനിഷ്ഠമായി വ്യക്തമാക്കുകയാണ് ഈ ഉപമയിലൂടെ യേഹ്ശുവാ ചെയ്തത്!

അയല്‍ക്കാരനെയും സഹോദരനെയും നാം മനസ്സിലാക്കി കഴിഞ്ഞു. ആയതിനാല്‍, ഇനി നമുക്ക് വിഷയത്തിലേക്കു കടക്കാം.

നീ കൊല്ലരുത്!

ദൈവമായ യാഹ്‌വെ നല്‍കിയ കല്പന ഇതാണ്. എന്നാല്‍, ഇതേ ദൈവംതന്നെ കൊല്ലാനുള്ള ആഹ്വാനവും നല്‍കിയിരിക്കുന്നത് ചിലരെയെങ്കിലും ആലോസരപ്പെടുത്തിയിട്ടുണ്ടാകാം. താന്‍ നല്‍കുന്ന ദേശത്ത് തന്റെ ജനം പരസ്പരം പാലിക്കേണ്ട പ്രമാണങ്ങളും ചട്ടങ്ങളുമാണ് മോശവഴി യാഹ്‌വെ നല്‍കിയത് എന്നത് ഇവിടെ പ്രധാനമായി കാണണം. ജനത്തെ ഒന്നടങ്കം അന്യദേവന്മാരിലേക്കു നയിക്കുന്ന ഒരുവന്‍ സ്വന്തം ഗോത്രത്തില്‍പ്പെട്ടവനാനെങ്കില്‍പോലും വിച്ഛേദിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യണം. ഈ നിയമം ശ്രദ്ധിക്കുക: "അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന് ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യാഹ്‌വെയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം"(നിയമം: 13; 5). തന്റെ ജനത്തെ തന്നില്‍നിന്നും അകറ്റുകയെന്നതിലൂടെ നിത്യജീവനില്‍നിന്നും അകറ്റുകതന്നെയാണു ചെയ്യുന്നത്. ആയതിനാല്‍, ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെയിടയില്‍നിന്ന് നീക്കംചെയ്യപ്പെടണം. പിശാചുക്കളെ ആരാധിക്കുന്നവരുടെയിടയില്‍ വ്യാപരിക്കാന്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു സാധിക്കുകയില്ല. എന്തെന്നാല്‍, അവിടുന്ന് അസഹിഷ്ണുവായ ദൈവവും ദഹിപ്പിക്കുന്ന അഗ്നിയുമാണ്!

കൊല്ലരുത് എന്നു കല്പിച്ചവന്‍തന്നെ കൊല്ലാനും ഉന്മൂലനം ചെയ്യാനും ആഹ്വാനചെയ്തിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കി മുന്നോട്ടുപോയാല്‍ മാത്രമേ ഈ പ്രമാണത്തെ പൂര്‍ണ്ണതയോടെ ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ! നിത്യരക്ഷയ്ക്ക് വിഘാതമായി ഒന്നും നമ്മുടെയിടയില്‍ ഉണ്ടാകാന്‍ പാടില്ല എന്നത് ദൈവത്തിനു നമ്മോടുള്ള കരുതലാണ് കാണിക്കുന്നത്. ദൈവം നമ്മുടെയിടയില്‍ വ്യാപരിക്കാനും വസിക്കാനും ആഗ്രഹിക്കുന്നു. അവിടുന്ന് നമ്മോടുകൂടെയുണ്ടാകുമ്പോള്‍ ശത്രുക്കള്‍ നമ്മെ ഭയപ്പെടും. ആയതിനാല്‍, അന്യദേവന്മാരുടെ നാമംപോലും ദൈവജനത്തിനിടയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ നിയമം നോക്കുക: "നിന്റെ ദൈവമായ യാഹ്‌വെ നിനക്കു തരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെ മുന്‍പില്‍ തിന്മ പ്രവര്‍ത്തിച്ച് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ആരെങ്കിലും പറഞ്ഞ് നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷമമായി അന്വേഷിക്കണം. ഇസ്രായേലില്‍ അങ്ങനെ ഒരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍, ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം"(നിയമം: 17; 2- 5). ജനം ഒന്നടങ്കം നാശത്തില്‍ നിപതിക്കാതിരിക്കാനാണ് ഇത്രയും കര്‍ശനമായ നിയമം നല്കപ്പെട്ടിരിക്കുന്നത്!

ഇസ്രായേല്‍ ജനത്തിനു നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് വിജാതിയരെയും വിജാതിയതയെയും പൂര്‍ണ്ണമായി നീക്കിക്കളയുക എന്നത് അനീതിയല്ലേ എന്നു ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍, ദൈവം തിരഞ്ഞെടുത്ത് അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നല്‍കുന്ന ദേശത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ വിജാതിയരല്ല. അബ്രാഹവും ഇസഹാക്കും യാക്കോബും അദ്ധ്വാനിച്ച മണ്ണാണ് യാക്കോബിന്റെ സന്തതികള്‍ക്ക് ശാശ്വതമായി നല്‍കാന്‍ അവിടുന്ന് തീരുമാനിച്ചത്. ക്ഷാമകാലത്ത് യാക്കോബും സന്തതികളും ഈജിപ്തിലേക്കു കടന്നുപോയപ്പോള്‍ അനാഥമായ മണ്ണില്‍ അനധികൃതമായി കുടിയേറിയവരാണ് വിജാതിയര്‍! യഥാര്‍ത്ഥ ഉടമകള്‍ക്ക് മണ്ണ് തിരിച്ചുനല്‍കുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. നാനൂറു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം മടങ്ങിയെത്തുന്നവര്‍ തങ്ങളുടെ മണ്ണ് സ്വന്തമാക്കുന്നു. ലോകഭൂപടത്തില്‍ ചെറിയൊരു പ്രദേശം മാത്രമാണ് ഇസ്രായേല്‍! വിശാലമായ ഈ ഭൂമിയില്‍ മറ്റെവിടെ വേണമെങ്കിലും വിജാതിയര്‍ക്കു ജീവിക്കാം. എന്നാല്‍, ദൈവം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ച ജനത്തെ, തങ്ങളുടെ വിഗ്രഹങ്ങള്‍ക്കൊണ്ടോ ദുരാചാരങ്ങള്‍ക്കൊണ്ടോ മലിനമാക്കാന്‍ വിജാതിയരെ ദൈവം അനുവദിച്ചിട്ടില്ല.

ഈ നിയമം ശ്രദ്ധിക്കുക: "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്ക് അവകാശമായി നല്‍കുന്ന ദേശത്ത് ജീവിതകാലമത്രയും അനുവര്‍ത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്: നിങ്ങള്‍ കീഴടക്കുന്ന ജനതകള്‍ ഉയര്‍ന്ന മലകളിലും കുന്നുകളിലും മരച്ചുവട്ടിലും തങ്ങളുടെ ദേവന്മാരെ ആരാധിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിശ്‌ശേഷം നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങള്‍ തട്ടിമറിക്കണം; സ്തംഭങ്ങള്‍ തകര്‍ത്തു പൊടിയാക്കണം; അഷേരാദേവതയുടെ ചിഹ്‌നങ്ങള്‍ ദഹിപ്പിക്കണം. അവരുടെ ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ വെട്ടിമുറിച്ച് ആ സ്ഥലങ്ങളില്‍നിന്ന് അവരുടെ നാമം നിര്‍മ്മാര്‍ജ്ജനം ചെയ്യണം. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 1- 5). അതായത്, വിജാതിയര്‍ പൂര്‍ണ്ണമായും നശിച്ചു കഴിയുമ്പോള്‍, അവര്‍ ആരാധിച്ചിരുന്ന പ്രതിഷ്ഠകളെയും അവയുടെ ആലയങ്ങളെയും 'മ്യൂസിയങ്ങളായി' സംരക്ഷിക്കാന്‍ ദൈവം അനുവാദം നല്‍കിയിട്ടില്ല. എന്തെന്നാല്‍, നിയമം ഇപ്രകാരം അനുശാസിക്കുന്നു: "അവര്‍ നശിച്ചുകഴിയുമ്പോള്‍ അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു; ദേവന്മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയുംപോലും തീയില്‍ ദഹിപ്പിച്ചു. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്"(നിയമം: 12; 30- 32). തന്റെ ജനം അശുദ്ധരായി തന്നില്‍നിന്നു വിച്ഛേദിക്കപ്പെടരുതെന്നും, എക്കാലവും തന്നോടൊപ്പം ജീവിക്കണമെന്നുമുള്ള ദൈവത്തിന്റെ അഭിലാഷമാണ് ഇവിടെ ദര്‍ശിക്കുന്നത്!

പ്രതിരോധിക്കാനുള്ള അവകാശം!

തങ്ങളുടെ രാജ്യത്തിനെതിരേ യുദ്ധംചെയ്യുന്നവരെ പ്രതിരോധിക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ട്. ഇത് ഓരോ പൗരന്റെയും ധര്‍മ്മമാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ജനത്തെ പീഡിപ്പിക്കാന്‍ കടന്നുവന്ന അനേകം വിജാതിയരെ ഉന്മൂലനം ചെയ്യാന്‍ അവിടുന്ന് അനുവദിച്ചിട്ടുണ്ട്. ദൈവത്തിന് ഏറ്റവും പ്രിയങ്കരനായിരുന്ന ദാവീദാണ് ഫിലിസ്ത്യ മല്ലനായ ഗോലിയാത്തിനെ വധിച്ചത്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ ജനത്തെ വെല്ലുവിളിച്ചവനാണ് ഗോലിയാത്ത്. ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "ഗോലിയാത്ത് നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും യുദ്ധത്തിനു വെല്ലുവിളിച്ചു"(1 സാമു: 17; 16). ദാവീദ് എപ്രകാരമാണ് ഈ വെല്ലുവിളിയോടു പ്രതികരിച്ചതെന്നു ശ്രദ്ധിക്കുക: "ദാവീദ് അടുത്തുനിന്നവരോട് ചോദിച്ചു: ഈ ഫിലിസ്ത്യനെ കൊന്ന് ഇസ്രായേലിനു വന്നിരിക്കുന്ന അപമാനം നീക്കിക്കളയുന്നവന് എന്തു കിട്ടും? ജീവിക്കുന്ന ദൈവത്തിന്റെ സേനകളെ നിന്ദിക്കാന്‍ ഈ അപരിച്ഛേദിതന്‍ ആരാണ്?"(1 സാമു: 17; 26). ഈ തീഷ്ണത നമുക്കുണ്ടാകണം. സ്വന്തം ജനത്തെ നശിപ്പിക്കാന്‍ ഒരുങ്ങുന്ന ഏതൊരു ശക്തിയെയും നാം നേരിടണം. ഇടയന്മാര്‍ ആടുകളെ സംരക്ഷിക്കുന്നതുപോലെ ഓരോ ദൈവജനത്തിന്റെയും കാവല്‍ക്കാരായി നാം വര്‍ത്തിക്കുകയും വേണം. എന്തെന്നാല്‍, നാം ഓരോരുത്തരുടെയുംമേല്‍ പ്രവാചകത്വത്തിന്റെ ആത്മാവ് വര്‍ഷിക്കപ്പെട്ടിരിക്കുന്നു.

ഒരു പ്രവാചകന്‍ എങ്ങനെയായിരിക്കണമെന്നു ബൈബിള്‍ നമ്മെ അറിയിച്ചിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം"(എസക്കി: 33; 7). ഈ കാലഘട്ടത്തിനുവേണ്ടി അവിടുന്ന് നമ്മെ അറിയിച്ചിരിക്കുന്നതും ഇതുതന്നെയാണ്. ദൈവജനം വഴിതെറ്റിപ്പോകാതിരിക്കാന്‍, ദൈവവചനത്തിലെ സത്യങ്ങള്‍ അവരെ അറിയിക്കുകയും നിയമങ്ങള്‍ പഠിപ്പിക്കുകയും വേണം. ആധുനീക ഇസ്രായേലായ നാം ഈ ഭൂമുഖത്തു ചിതറിപ്പാര്‍ക്കുന്നവരാണ്. നമുക്കിടയില്‍ വിജാതിയര്‍ ജീവിക്കുന്നുണ്ട്. ഇവരെയെല്ലാം കൊന്നൊടുക്കുക എന്നതല്ല; മറിച്ച്, അവരുടെ ദേവന്മാര്‍മൂലവും അവരുടെ ആചാരങ്ങള്‍മൂലവും നാം അശുദ്ധരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിജാതിയരെ സുവിശേഷം അറിയിക്കുകയും, അവര്‍ സേവിക്കുന്ന ദേവന്മാരുടെ വ്യര്‍ത്ഥത വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തുകൊണ്ട് വിജാതിയത ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാന്‍ നാം ശ്രമിക്കണം. ഈ വിധത്തില്‍ വിജാതിയതയെ നീക്കിക്കളയാനാണ് യേഹ്ശുവാ നമ്മെ അയച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിജാതിയത പൂര്‍ണ്ണമായി തുടച്ചുനീക്കപ്പെട്ടതിനുശേഷം, അവര്‍ മുന്‍കാലങ്ങളില്‍ സേവിച്ചിരുന്ന ദേവന്മാരുടെ പ്രതിഷ്ഠകള്‍ നമ്മുടെയിടയില്‍നിന്നു നീക്കിക്കളയണം.

രക്തം ചിന്താതെതന്നെ വിജാതിയതയെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റാനുള്ള മാര്‍ഗ്ഗമാണ് യേഹ്ശുവാ നമുക്കു പറഞ്ഞുതന്നത്. അവിടുന്ന് ഇപ്രകാരം നമ്മോടു കല്പിച്ചു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18- 20). ആരെയും വധിക്കാതെതന്നെ വിജാതിയതയെ ഉന്മൂലനം ചെയ്യാന്‍ ഇതിലൂടെ സാധ്യമാകുമായിരുന്നു. യൂറോപ്പില്‍ ആകമാനം ഇത് സാധ്യമായതാണ്. എന്നാല്‍, തെറ്റായ പഠനങ്ങളിലൂടെ പിശാച് ദൈവജനത്തെ നയിച്ചപ്പോള്‍, ദൈവജനം വിജാതിയതയില്‍ ലയിച്ചുപോയി!

സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകി!

സഹോദരന്‍ ആരാണെന്നു തിരിച്ചറിഞ്ഞവര്‍ക്ക് ഈ വെളിപ്പെടുത്തല്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. വിശ്വാസത്തില്‍ ഒരേ കുടുംബത്തിലെ അംഗങ്ങളായവര്‍ പരസ്പരം വെറുക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള വെറുപ്പുകള്‍ കൊലപാതകം തന്നെയാണെന്ന് യേഹ്ശുവാ നമ്മെ പഠിപ്പിക്കുന്നു. സഹോദരനു നമ്മോട് എന്തെങ്കിലും വെറുപ്പുണ്ടെങ്കില്‍പ്പോലും ബലിയര്‍പ്പണത്തിനു നാം യോഗ്യരല്ലെന്നു നമ്മെ അറിയിച്ചതും അവിടുന്നുതന്നെയാണ്. ഈ വചനം നോക്കുക: "നീ ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ച്ചയര്‍പ്പിക്കുക"(മത്താ: 5; 23, 24). സഹോദരങ്ങള്‍ തമ്മിലുള്ള വെറുപ്പുമാത്രമല്ല പാപം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും"(മത്താ: 5; 22). ഭോഷായെന്നോ വിഡ്ഢിയെന്നോ ആരെയും വിളിക്കരുതെന്ന് ഇവിടെ പറഞ്ഞിട്ടില്ല; സഹോദരനെ ആരെങ്കിലും ഇത്തരത്തില്‍ സംബോധനചെയ്യരുതെന്നാണ് അവിടുന്നു കല്പിച്ചത്.

യേഹ്ശുവാതന്നെ ഒരുവനെ ഭോഷന്‍ എന്ന് സംബോധന ചെയ്യുന്നതായി ബൈബിളില്‍ കാണാന്‍ കഴിയും. ഒരു ധനികനെ സംബന്ധിച്ചുള്ള ഉപമയിലാണ് അവിടുന്ന് ഇപ്രകാരം സംബോധന ചെയ്തത്. സമ്പത്തില്‍ അഹങ്കരിക്കുന്ന ധനവാനോട് ദൈവം പറയുന്നതായി വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: "എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും? ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നരാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്ക്കുന്നവനും"(ലൂക്കാ: 12; 20, 21). ദൈവനിഷേധികളെ സഹോദരങ്ങളുടെ പട്ടികയില്‍ പരിഗണിച്ചിട്ടില്ല എന്നതാണ് ഇവിടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ജ്ഞാനസ്നാനം സ്വീകരിക്കുകയും ഈ വിശ്വാസത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ഒരുവനെ വിഡ്ഢിയെന്നോ ഭോഷനെന്നോ വിളിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്നാല്‍, ക്രിസ്തീയ നാമങ്ങള്‍ ധരിച്ചുകൊണ്ട്, വിജാതിയനെപ്പോലെ ജീവിക്കുന്നവന്‍ ഭോഷനും വിഡ്ഢിയുമാണ്‌! അതുപോലെതന്നെ, നിരീശ്വരവാദികളെ സങ്കീര്‍ത്തകന്‍ പരിചയപ്പെടുത്തുന്നത് 'മൂഢന്‍' എന്നാണ്. ഈ സങ്കീര്‍ത്തനം നോക്കുക: "ദൈവമില്ല എന്ന് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു"(സങ്കീ: 14; 1).

ഭ്രൂണഹത്യ എന്ന അരുംകൊല!

മറ്റെല്ലാ കൊലപാതകങ്ങളെക്കാള്‍ മാരകമായ പാതകമാണ് ഭ്രൂണഹത്യ! എന്തെന്നാല്‍, അനേകം അവകാശങ്ങളുടെ ലംഘനം ഈ പാപത്തിലുണ്ട്. ഭൂമിയിലേക്കു പിറക്കാനുള്ള ഒരു വ്യക്തിയുടെ അവകാശം നിഷേധിക്കപ്പെടുന്നു. അതുപോലെതന്നെ, ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നുണ്ട്. പ്രതിരോധിക്കാന്‍ സാഹചര്യമില്ലാത്ത ഇരയാണ് ഇവിടെ കൊലയ്ക്ക് ഇരയാകുന്നത്. മറ്റു കൊലപാതകങ്ങളില്‍നിന്ന് ഭ്രൂണഹത്യയെ വ്യത്യസ്ഥമാക്കുന്ന പ്രധാന ഘടകമിതാണ്. ഒന്നു നിലവിളിക്കാനോ ഒഴിഞ്ഞുമാറാനോ കുഞ്ഞിനു സാധിക്കുന്നില്ല. ഈ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് പ്രതികരിക്കാനോ, ഈ കുഞ്ഞുങ്ങള്‍ക്കുവേണ്ടി വാദിക്കാനോ ഒരു മനുഷ്യാവകാശ സംഘടനകളുമില്ലെന്നതും ശ്രദ്ധിക്കണം. പട്ടികള്‍ക്കുവേണ്ടിയും പാമ്പുകള്‍ക്കുവേണ്ടിയും വാദിക്കാന്‍ ഈ ലോകത്ത് ആളുകളുണ്ട്.

ജ്ഞാനസ്നാനം സ്വീകരിക്കുകയെന്ന ആദ്ധ്യാത്മിക അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുകയും അതുവഴി ജന്മപാപത്തില്‍നിന്നു മോചനം നേടി നിത്യത അവകാശമാക്കാനുള്ള സാഹചര്യം അടച്ചുകളയുന്നതും ഭ്രൂണഹത്യയുടെ ദുരന്തമാണ്! ഈ വചനം നോക്കുക: "പാപത്തോടെയാണു ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്"(സങ്കീ: 51; 5).
ഇങ്ങനെ അരുംകൊലയ്ക്കു വിധേയരാകുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ മാത്രമല്ല, കൊലപാതകത്തില്‍ പങ്കാളികളാകുന്നത്. ഭ്രൂണഹത്യയ്ക്കു പ്രേരണ നല്‍കുന്ന ഭരണകൂടങ്ങളില്‍ പങ്കാളികളാകുന്നവരും, ഭ്രൂണഹത്യ നടത്തുന്ന ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും കൊലയാളികളായി മാറുന്നു. ഏതെങ്കിലും വിധത്തില്‍ ഭ്രൂണഹത്യയെ ന്യായീകരിക്കുന്ന സകലരും ഈ നിഷ്കളങ്ക രക്തത്തിനു സമാധാനം പറയേണ്ടിവരും! അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കുഞ്ഞിനെ കൊല്ലുകയെന്ന വാദവുമായി ഇറങ്ങിയിരിക്കുന്ന അനേകരുണ്ട്. അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതിന് എന്തു ന്യായീകരണമാണുള്ളത്? ഒരു ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊരു ജീവന്‍ എടുക്കുകയോ?! ഇത്രയും കാലം ഈ ഭൂമിയില്‍ ജീവിച്ച അമ്മയ്ക്ക് ആത്മീയ അവസ്ഥകള്‍ സ്വീകരിച്ച് നിത്യതയിലേക്ക് കടന്നുപോകാന്‍ സാധിക്കും. തന്റെ ഉദരത്തില്‍ ജനിച്ച കുഞ്ഞിനെ വധിച്ചതിനുശേഷം എത്രകാലം തനിക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ കഴിയുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പുപറയാന്‍ കഴിയുമോ?

അനേകം പ്രവാചകന്മാരെയും ദൈവവചന ശുശ്രൂഷകരെയും ഉദരത്തില്‍വച്ചു സംഹരിച്ചുകളഞ്ഞു എന്നതാണു യാഥാര്‍ത്ഥ്യം. എന്തെന്നാല്‍, ഈ വെളിപ്പെടുത്തലുകള്‍ ശ്രദ്ധിക്കുക: "ഗര്‍ഭത്തില്‍ത്തന്നെ എന്നെ യാഹ്‌വെ വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു"(ഏശയ്യാ:49;1). "മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു"(ജറെമിയ:1;4,5). നിഷ്കളങ്ക രക്തംകൊണ്ടു കുതിര്‍ന്ന മണ്ണിലാണ് നാമിന്നു ജീവിക്കുന്നത്!

മരണഹേതുവാകുന്നവന്‍ കൊലപാതകി!

ഒരുവന്റെ മരണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ കാരണമാകുന്നവന്‍ കൊലപാതകിതന്നെയാണ്! നേരിട്ടുള്ള കൊലപാതകങ്ങളെ അപേക്ഷിച്ച്, പരോക്ഷമായ കൊലപാതകങ്ങളാണ് ഏറെയും നടക്കുന്നത്. പരോക്ഷമായി പങ്കാളികളാകുന്നവര്‍ ചിന്തിക്കുന്നത് തങ്ങള്‍ നിരപരാധികളാണ് എന്നായിരിക്കും. എന്നാല്‍, കൊലചെയ്യുന്ന വ്യക്തിയ്ക്കു ലഭിക്കുന്ന ശിക്ഷതന്നെ ഇവര്‍ക്കും ലഭിക്കുന്നുവന്നതാണ് യാഥാര്‍ത്ഥ്യം! പരോക്ഷമായ കൊലപാതകങ്ങളില്‍ ചിലത് നമുക്കു പരിശോധിക്കാം.

ആത്മഹത്യാ പ്രേരണ!

ആത്മഹത്യാ പ്രേരണ കൊലപാതകം തന്നെയാണ്. ഒരു വ്യക്തിയുടെ ആത്മഹത്യയ്ക്ക് മറ്റൊരു വ്യക്തി കാരണമായിത്തീരുന്നത് പല രീതിയിലാണ്. പ്രണയ നൈരാശ്യമൂലം ആത്മഹത്യ ചെയ്തിട്ടുള്ള അനേകരുണ്ട്. ഇത്തരത്തിലുള്ള ആത്മഹത്യകളുടെ പിന്നില്‍ മറ്റൊരു വ്യക്തിയുടെ വഞ്ചനയുടെ കഥ പറയാനുണ്ടാകും. പ്രണയം തകര്‍ന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ പട്ടികയില്‍ യുവാക്കളും യുവതികളുമുണ്ടെന്നതാണ് വസ്തുത. മനോവയ്ക്ക് വ്യക്തമായി അറിയാവുന്ന ഒരു സംഭവം ചുരുക്കിയെഴുതാം. കേരളത്തിലെ ഒരു ഗ്രാമത്തിലെ ഒരു യുവാവിന്റെ അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. തയ്യല്‍ ജോലിചെയ്തു ജീവിക്കുന്ന ഈ ചെറുപ്പക്കാരന് ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. നിര്‍ധനകുടുംബത്തിലെ അംഗമായ ഈ പെണ്‍കുട്ടിയുടെ പഠനത്തിനുള്ള ചിലവെല്ലാം വഹിച്ചിരുന്നത് കാമുകനായ യുവാവാണ്. ഈ പെണ്‍കുട്ടിയെ ബി എസ് സി നഴ്സിംഗിനു വിടാനായി കാമുകന്‍ തന്റെ കിടപ്പാടം പണയപ്പെടുത്തി വായ്പയെടുത്തു. സാമ്പത്തീകമായി വലിയ അവസ്ഥയൊന്നും ഇല്ലാത്ത ഈ ചെറുപ്പക്കാരന്‍ തന്റെ ജോലിയില്‍നിന്നു ലഭിക്കുന്ന വരുമാനത്തില്‍ ഭൂരിഭാഗവും കാമുകിയുടെ ആവശ്യത്തിനായി അയച്ചുകൊടുത്തുകൊണ്ടിരുന്നു. പഠനം പൂര്‍ത്തിയായപ്പോഴാണ് കാമുകന്‍ യാഥാര്‍ത്ഥ്യം അറിയുന്നത്. പഠനകാലത്ത് ഇവള്‍ക്ക് മറ്റൊരു ചെറുപ്പക്കാരനുമായി അടുപ്പത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഇവളുടെ പഠനത്തിനുവേണ്ട കാര്യങ്ങളൊക്കെ ചെയ്ത ആദ്യകാമുകനോട് ഇവള്‍ പറഞ്ഞത് ഇങ്ങനെ: ' ചേട്ടനെ ഞാന്‍ ഒരു സഹോദരനായിട്ടാണ് കണ്ടത്!'

കിടപ്പാടംപോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലായ ചെറുപ്പക്കാരന്‍ ആകെ തകര്‍ന്നുപോയി! ആത്മഹത്യയുടെ വക്കത്തു നില്‍ക്കുമ്പോഴാണ് മനോവയും അംഗമായ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പുമായി ഈ ചെറുപ്പക്കാരന്‍ അടുക്കുന്നത്. ആത്മീയമായ സ്പര്‍ശംകൊണ്ട് ഇവനെ യേഹ്ശുവാ വീണ്ടെടുത്തു. യുവതിയാകട്ടെ, ഇംഗ്ലണ്ടില്‍ എവിടെയോ നഴ്സായി ജോലിചെയ്യുന്നു! വഞ്ചിക്കപ്പെട്ട യുവാവ് ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും, സമാനമായ അവസ്ഥയില്‍ ആത്മഹത്യ ചെയ്യുകയോ, ജീവിത നൈരാശ്യത്തെത്തുടര്‍ന്ന് ജീവച്ഛവങ്ങളായി ജീവിക്കുകയോ ചെയ്യുന്ന അനേകരുടെ കഥകള്‍ നമുക്കുചുറ്റുമുണ്ട്. വഞ്ചിക്കപ്പെടുന്ന യുവതികളുടെ കഥകള്‍ മാത്രമേ പലരും കേട്ടിട്ടുള്ളൂ. ഫെമിനിസ്റ്റുകളായ കഥാകൃത്തുക്കള്‍ ചമച്ചുവിടുന്ന കഥകളില്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീകളെയേ കാണാന്‍ കഴിയു എന്നതുകൊണ്ടാണിത്. കഥകളിലെല്ലാം പുരുഷന്മാര്‍ വില്ലന്മാരാണെങ്കില്‍, യഥാര്‍ത്ഥ ജീവിതത്തില്‍ വില്ലന്മാരും വില്ലത്തികളുമുണ്ട്! സ്ത്രീകളാല്‍ വഞ്ചിക്കപ്പെടുന്ന പുരുഷന്മാരെ അപേക്ഷിച്ച്, പുരുഷന്മാരാല്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീകളാണ് ഏറെയും ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കുന്നത് എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഈ വിധത്തില്‍ നടക്കുന്ന ആത്മഹത്യകളുടെ ഉത്തരവാദികള്‍ ആരാണ്? വഞ്ചിച്ചത് ആരായിരുന്നാലും ജീവന് കണക്കു ബോധിപ്പിക്കേണ്ടിവരില്ലേ?

പ്രണയം മാത്രമല്ല ആത്മഹത്യാ പ്രേരണ നല്‍കുന്നത്. സാമ്പത്തീകമായ വിശ്വാസ വഞ്ചനയ്ക്ക് ഇരയായി സകലതും നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവരുണ്ട്. പങ്കുകച്ചവടത്തില്‍ വഞ്ചിക്കപ്പെട്ടവരും, വിശ്വസിച്ച് ഏല്പിച്ച മുതല്‍ അപഹരിക്കപ്പെട്ടതിലൂടെ എല്ലാം നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഒരേ അപ്പന്റെയും അമ്മയുടെയും മക്കളായ സഹോദരങ്ങളാല്‍പ്പോലും വഞ്ചിക്കപ്പെട്ടവര്‍ നിരവധിയാണ്. തകര്‍ച്ചയില്‍ താങ്ങായി നില്‍ക്കേണ്ടവര്‍ മുഖേന വഞ്ചിക്കപ്പെടുന്ന അവസ്ഥയാണിത്. ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ രക്തത്തിനു കാരണക്കാരായവരുടെമേലുള്ള ശാപം എങ്ങനെ നീക്കിക്കളയും! പാപങ്ങള്‍ ക്ഷമിക്കപ്പെടുമ്പോള്‍, ശാപങ്ങള്‍ മോചിക്കപ്പെടണമെന്നു നിര്‍ബ്ബന്ധമില്ല. എന്തെന്നാല്‍, വഞ്ചിച്ചെടുത്ത മുതല്‍ അതിന്റെ ആശ്രിതര്‍ക്കു നല്‍കി പരിഹാരം ചെയ്യാതെ ശാപത്തില്‍നിന്നു മോചനം ലഭിക്കില്ല. സക്കേവൂസിന്റെ ശാപം നീങ്ങുകയും കുടുംബം രക്ഷപ്രാപിക്കുകയും ചെയ്തത് പരിഹാര പ്രവര്‍ത്തിയിലൂടെയായിരുന്നു. ഇത് ശ്രദ്ധിക്കുക: "സക്കേവൂസ്എഴുന്നേറ്റു പറഞ്ഞു: ഗുരോ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു. യേഹ്ശുവാ അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്"(ലൂക്കാ: 19; 8, 9). മോശയുടെ നിയമത്തെ അനുസ്മരിച്ചുകൊണ്ടാണ് സക്കേവൂസ് ഇപ്രകാരം പറഞ്ഞത്. അവന്റെ ഈ പരിഹാര പ്രവൃത്തി യേഹ്ശുവായെ സന്തോഷിപ്പിച്ചു.

രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതികളുടെ തകരാറുമൂലം ആത്മഹത്യയിലേക്കു നയിക്കപ്പെട്ടവരും കുറവല്ല. 'ബ്ലേഡ് മാഫിയകള്‍ക്ക്' ഇരയായി ആത്മഹത്യ ചെയ്തവര്‍ ഈ ഗണത്തില്‍പ്പെടും. പണമിടപാട് നടത്തുന്നവരും ഭരണകൂടവും ഇവരുടെ രക്തത്തിനു കൂട്ടുത്തരവാദികളാണ്. ദൈവീകനീതിയെ അവഗണിച്ചുകൊണ്ട് നിയമങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളും, നിയമങ്ങള്‍ നേരാംവണ്ണം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഭരണകൂടങ്ങളും ശാപം വഹിക്കുന്നു. എത്ര സമ്പന്നമായിരുന്നാലും ഈ രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ സ്വസ്ഥത അനുഭവിക്കുകയില്ല. നിഷ്കളങ്കരക്തം ചിന്തിയിട്ടുള്ള വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നമ്മുടെമേല്‍ ഭരണം നടത്താന്‍ നിയോഗിക്കുന്നതിലൂടെ, നാം നമ്മുടെ നാശം ഇരന്നുവാങ്ങുകയാണ്!

കൊള്ളപ്പലിശക്കാരനെപ്പോലെതന്നെ മദ്യവ്യവസായിയും കൊലപാതകിയാണ്‌. അനേകം കുടുംബങ്ങളെ ശിഥിലമാക്കുകയും അനേകരെ ആത്മഹത്യയിലേക്കു തള്ളിവിടുകയും ചെയ്തത് മദ്യമാണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. മദ്യത്തിന്റെ ലഹരിയില്‍ അനേകം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. മദ്യത്തിന്റെ ലഹരിയില്‍ പിതാവിനെയും മാതാവിനെയും കൊന്നവരുണ്ട്. ഭാര്യയേയും മക്കളെയും കൊന്നിട്ടുള്ള മദ്യപന്മാരും നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നു. മദ്യത്തിന്റെ ലഹരിയില്‍ സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ കുറ്റബോധംമൂലം ആത്മഹത്യ ചെയ്തതും മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. ഈ കൊലപാതകങ്ങളുടെയെല്ലാം പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ആരാണ്? ഈ പാപത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കാന്‍ മദ്യവ്യവസായികള്‍ക്ക് കഴിയില്ല! ഇവയൊക്കെ കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും പ്രേരണ നല്‍കുന്ന കുറ്റകൃത്യമാണ്!

അപകീര്‍ത്തിപ്പെടുത്തല്‍!

വാളുകൊണ്ട് മരിച്ചുവീണവരെക്കാള്‍ അധികമാണ് നാവുകൊണ്ട് മരണപ്പെട്ടവര്‍! അപകീര്‍ത്തിയ്ക്ക് ഇരയായി ആത്മഹത്യ ചെയ്തവരും ഹൃദയാഘാതം മൂലമോ മറ്റേതെങ്കിലും വിധത്തിലോ ജീവന്‍ നഷ്ടപ്പെട്ടവരും അനവധിയാണ്. എന്നാല്‍, ആത്മീയവും മാനസീകമായും തകര്‍ന്നവരും സമൂഹത്തില്‍ ഒറ്റപ്പെട്ടവരുമാണ് മരണപ്പെട്ടവരെക്കാള്‍ അധികം. ഇതും ഒരുതരത്തില്‍ പറഞ്ഞാല്‍ മരണം തന്നെ! സാമൂഹികമായി ഉന്നതിയിലെത്തിയവരോട്, അതേ മേഖലയിലുള്ളവര്‍ക്ക് അസൂയ ജനിക്കുക സാധരമാണ്! വ്യവസായ രംഗത്തും രാഷ്ട്രീയത്തിലുമൊക്കെ ഇത്തരം കുടിപ്പകകള്‍ കണ്ടുവരാറുണ്ട്. ദീര്‍ഘകാലത്തെ പ്രയത്നംകൊണ്ടു നേടിയെടുത്ത സത്കീര്‍ത്തി ഒരു നിമിഷംകൊണ്ട് ഇല്ലാതാകുമ്പോള്‍, മാനസ്സീകമായി തകരുകയെന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ജീവച്ഛവങ്ങളായി കഴിയുന്നവരും വധിക്കപ്പെട്ടവര്‍തന്നെ!

ആത്മീയരംഗത്തും ഇത്തരത്തിലുള്ള കുടിപ്പകകളുണ്ട്. ആത്മീയവരങ്ങളില്‍ വളര്‍ന്ന വ്യക്തിയോടുള്ള അസൂയയില്‍ അസ്വസ്ഥത അനുഭവിക്കുന്നവരാണ് വ്യാജമായ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത്. ആത്മീയരംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം. സുവിശേഷപ്രഘോഷണവും മറ്റിതര ആത്മീയ ശുശ്രൂഷകളുമായി നിറഞ്ഞുനിന്ന പലരും ഇന്ന് രംഗത്തില്ല. വ്യാജവാര്‍ത്തകളില്‍ മനംനൊന്ത് ശുശ്രൂഷകളില്‍നിന്ന് അകന്നുപോയവരും വേദി നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. നവമാധ്യമങ്ങള്‍ സജ്ജീവമായ ഈ കാലഘട്ടത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അസൂയാലുക്കള്‍ക്ക് ഒത്തുകൂടാന്‍ ഏറ്റവും സൗകര്യമുള്ള അവസ്ഥ ഇന്നുണ്ട്. 'ലൈക്കും ഷെയറും' ആയി കളം നിറയാന്‍ നിനിഷങ്ങള്‍ മതി. വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ മിനക്കെടുന്നവര്‍ വളരെ കുറവാണെന്നതും ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. ആരെയോ ഉന്മൂലനം ചെയ്യാന്‍ ആരോ കെട്ടിച്ചമച്ച കഥകള്‍ 'ഷെയര്‍' ചെയ്തുകൊണ്ട് പലരും കൊലപാതകത്തില്‍ പങ്കാളിയാകുന്നു. ദൈവവചനം മായംചേര്‍ക്കാതെ പ്രഘോഷിക്കുന്നവര്‍ ശ്രേഷ്ഠരാണ്. വചനം ശ്രദ്ധിക്കുക: "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം!"(റോമാ:10;15). വചനവിരുദ്ധമായ പ്രബോധനങ്ങള്‍ നടത്തുന്ന വ്യക്തികളുടെ ആശയത്തെ ആശയംകൊണ്ടു ഖണ്ഡിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ആശയപരമായി നേരിടാന്‍ ത്രാണിയില്ലാത്തവര്‍ വ്യക്തിഹത്യ നടത്തി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു. വചന ശുശ്രൂഷ ചെയ്യുന്നവരെ ശ്രേഷ്ഠരായിട്ടാണ് മനോവ പരിഗണിക്കുന്നത്. അതിനാല്‍ത്തന്നെ, ഇവര്‍ ഉയര്‍ത്തുന്ന ആശയങ്ങളില്‍ വചനവിരുദ്ധതയുണ്ടെങ്കില്‍ അതിനെ മനോവ ചോദ്യംചെയ്യും!

വചനത്തിന്റെ മറവില്‍ അധാര്‍മ്മികമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന അനേകരുണ്ട്. ഇവരുടെ ചെയ്തികളെ തുറന്നുകാണിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയകളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ വിചാരണ ചെയ്യപ്പെടരുത്. എന്തെന്നാല്‍, ബൈബിള്‍ ഇപ്രകാരം പറയുന്നു: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1 തിമോ: 5; 19). ഇക്കാര്യങ്ങളിലൊക്കെ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ കൊലക്കുറ്റത്തിനു വിധിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല! "നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്‍പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക! നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്‌നിയാല്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു"(യാക്കോ: 3; 5, 6).

ദാവീദിന്റെ കൊലപാതകങ്ങള്‍!

ദാവീദിന്റെ ജീവിതത്തില്‍ രണ്ടു പ്രധാനപ്പെട്ട കൊലപാതകങ്ങളെക്കുറിച്ച് നാം ബൈബിളില്‍ വായിക്കുന്നുണ്ട്. ഒന്ന് പ്രത്യക്ഷമായ കൊലപാതകവും മറ്റൊന്ന് പരോക്ഷമായ കൊലപാതകവുമായിരുന്നു. പ്രത്യക്ഷമായ കൊലപാതകത്തിലൂടെ ദൈവത്തിന്റെ പ്രീതിയ്ക്ക് ദാവീദ് പാത്രമാകുകയും പരോക്ഷമായ കൊലപാതകത്തിലൂടെ അവിടുത്തെ അപ്രീതി ക്ഷണിച്ചുവരുത്തുകയും ചെയ്തു. ഗോലിയാത്തിനെ കൊന്ന് ഇസ്രായേലിനെ രക്ഷിച്ചതിലൂടെയാണ് ദൈവത്തിന്റെ പ്രീതി ദാവീദിനെത്തേടി എത്തിയത്. എന്നാല്‍, ഊറിയായുടെ ഭാര്യയെ സ്വന്തമാക്കാന്‍ അവനെ കൊന്ന ദാവീദിന്റെമേല്‍ ശാപം കടന്നുവന്നു. ജീവിതകാലം മുഴുവന്‍ അനുതപിക്കുകയും ചാക്കുടുത്ത് ചാരത്തില്‍ കിടക്കുകയും ചെയ്തിട്ടും ദാവീദിന്റെ പാപം അവനെ വേട്ടയാടി. ദാവീദിന്റെ ഏക പുത്രിയെ തന്റെതന്നെ പുത്രന്‍ ബലാല്‍സംഗം ചെയ്തു. ഈ പുത്രനെ അവന്റെ സഹോദരന്‍ വധിച്ചു. ഈ ദുരന്തങ്ങളെല്ലാം തന്റെ ഇഹലോക ജീവിതത്തില്‍ ദാവീദ് കണ്ടു. സ്വന്തം പുത്രനെ ഭയപ്പെട്ട് നീണ്ടകാലം ദാവീദിന് ഒളിവുജീവിതം നയിക്കേണ്ടതായും വന്നു! പ്രത്യക്ഷമായ കൊലപാതകത്തെക്കാള്‍ ഗുരുതരമായ ശിക്ഷയേല്‍ക്കേണ്ടിവരുന്ന കൊലപാതകങ്ങള്‍ പരോക്ഷ മേഖലയിലുണ്ട്.

ഗോലിയാത്തിനെ കൊന്നത് ദാവീദിന്റെ ജീവിതത്തില്‍ പുണ്യമായതുപോലെ, പുണ്യകരമായ കൊലപാതകങ്ങളും ഉണ്ട്. 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന ഭീകരസംഘടനയുടെ വാളിനിരയായിട്ടുള്ള അനേകം സഹോദരങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ആരാധനാലയങ്ങളില്‍ നടന്നിട്ടുള്ള ചാവേര്‍ ആക്രമണങ്ങളും അനേകമാണ്. ഇത്തരത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പുറപ്പെടുന്ന ഒരുവനെക്കുറിച്ച് അറിയാന്‍ ഇടയാകുകയും, ഇവന്റെ ആക്രമണത്തില്‍നിന്നു സഹോദരങ്ങളെ രക്ഷിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍, ഈ ഭീകരനെ വധിക്കുന്നത് പുണ്യപ്രവൃത്തിയാണ്‌! അതുപോലെതന്നെ, അനേകരെ വധിക്കാന്‍ ഒരുങ്ങി വെല്ലുവിളി നടത്തുന്ന വ്യക്തിയെ വകവരുത്തുന്നതും പുണ്യപ്രവൃത്തി തന്നെ! ക്രിസ്തീയതയ്ക്കു ഭീഷണി ഉയര്‍ത്തിക്കൊണ്ട്, അനേകരെ കൊന്നൊടുക്കുന്ന ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നത് പാപമല്ല! കുറ്റകൃത്യം തടയുന്നതിനിടയില്‍ കുറ്റവാളി വധിക്കപ്പെട്ടാല്‍ പാപമല്ല എന്ന് മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നു: "ഭവനഭേദനത്തിനിടയില്‍ പിടിക്കപ്പെടുന്ന കള്ളന്‍ അടിയേറ്റു മരിച്ചാല്‍ അവന്റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല"(പുറ: 22; 2).

ഒരുവന്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നത് മറ്റൊരുവന്‍ അറിയാനിടയായാല്‍, അതു തടയാനുള്ള ഉത്തരവാദിത്വം രണ്ടാമനുണ്ട്. ഏതെങ്കിലും വിധത്തില്‍ അത് തടയാന്‍ ശ്രമിക്കാത്തവന്‍ കൊലപാതകത്തില്‍ കൂട്ടുപങ്കാളിയാകും. അതുപോലെതന്നെ, കൊലപാതകം കണ്ടിട്ടും അത് മറച്ചുവയ്ക്കുന്നവനും ആ പാപത്തില്‍ പങ്കാളിയാകുന്നു! ഒരു സഹോദരന്‍ മാരകമായി മുറിവേറ്റു കിടക്കുന്നത് നമ്മില്‍ ആരെങ്കിലും കാണാനിടയായി എന്നിരിക്കട്ടെ; അവന്റെ ജീവന്‍ രക്ഷിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കെ, അവനെ അവഗണിച്ചു നാം കടന്നുപോകരുത്. എന്തെന്നാല്‍, അവന്‍ മരണപ്പെട്ടാല്‍ അവന്റെ രക്തത്തിനു നാം ഉത്തരവാദിയാകും. സഹോദരന്റെ കഴുതയോ കാളയോ അപകടത്തില്‍പ്പെട്ടാല്‍, അതിനെ രക്ഷിക്കാതിരിക്കുന്നത് പാപമാണെന്നു മോശ കല്പിച്ചിരിക്കുന്നു. എല്ലാറ്റിലുമുപരി സഹോദരങ്ങള്‍ പരസ്പരം കാവല്‍ക്കാരാണ്!

പശ്ചാത്തപിക്കുക; പരിഹാരം ചെയ്യുക!

നമ്മുടെ അനാസ്ഥമൂലം ആരെങ്കിലും മരണപ്പെടാന്‍ കാരണമായിട്ടുണ്ടോ എന്ന് ചിന്തിക്കുക. അറിഞ്ഞോ അറിയാതെയോ ഒരുവന്റെ മരണത്തിനു നാം കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കണം. നാം മനസ്സുവച്ചിരുന്നെങ്കില്‍ മരണത്തില്‍നിന്ന് ആരെയെങ്കിലും രക്ഷിക്കാന്‍ സാധിക്കുമായിരുന്നോ? നമ്മുടെ വാക്കുകള്‍ക്കൊണ്ട് ആരുടെയെങ്കിലും ജീവിതം തകര്‍ന്നിട്ടുണ്ടോ? കുടുംബബന്ധങ്ങള്‍ ശിഥിലമായിട്ടുണ്ടോ? ഏതെങ്കിലും ആത്മീയ ശുശ്രൂഷകരെ നിര്‍വ്വീര്യരാക്കാന്‍ നമ്മുടെ ചെയ്തികള്‍ കാരണമായിട്ടുണ്ടോ? ഇക്കാര്യങ്ങളിലൊക്കെ ഹൃദയം നുറുങ്ങുകയും ദൈവത്തിന്റെ സന്നിധിയില്‍ ക്ഷമ യാചിക്കുകയും ചെയ്യുക. നമ്മുടെ പ്രവര്‍ത്തിയുടെ പരിണിതഫലമായി അനാഥരായ ആരെങ്കിലുമുണ്ടെങ്കില്‍, അവരെ സഹായിച്ചുകൊണ്ട് പരിഹാരം ചെയ്യണം. അപകീര്‍ത്തിയ്ക്ക് ഇരയായിട്ടുള്ള വ്യക്തികളെ സംബന്ധിച്ച് യഥാര്‍ത്ഥ സത്യം വെളിപ്പെടുത്തിക്കൊണ്ട്‌ പരിഹാരം ചെയ്യാന്‍ ഒരുപക്ഷേ സാധിച്ചേക്കാം. ഇത്തരത്തിലുള്ള പരിഹാര പ്രവൃത്തിയിലൂടെ മാത്രമേ പാപവും ശാപവും പൂര്‍ണ്ണമായി നീങ്ങിപ്പോകുകയുള്ളൂ! രക്തത്തിന്റെ കറ കഴുകിക്കളഞ്ഞുകൊണ്ട് തലമുറയെ ശാപത്തില്‍നിന്നു വിടുവിക്കാം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6643 views

LOG IN

Lost your password?

SIGN UP

LOST PASSWORD