അറിഞ്ഞിരിക്കാന്‍

ആത്മാക്കളോടുള്ള സുവിശേഷ പ്രഘോഷണവും മരിച്ചവര്‍ക്കുള്ള സ്നാനവും!

Print By
about

07 - 11 - 2015

രണാനന്തരം ഒരുവനു സുവിശേഷം ശ്രവിക്കാനും അതുവഴി രക്ഷപ്രാപിക്കാനും സാധിക്കുമോ? യേഹ്ശുവാ ഒരിക്കല്‍ ഇപ്രകാരം അരുളിച്ചെയ്തു: "അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ"(ലൂക്കാ: 20; 38). അവിടുന്ന് മരിച്ചവരുടെ ദൈവമല്ലെങ്കില്‍ എന്തിനാണ് അവരോടു സുവിശേഷം പ്രസംഗിക്കുന്നത്? മരണാനന്തരം ഒരുവനു മാനസാന്തരപ്പെടാനും അതുവഴി രക്ഷപ്രാപിക്കാനും സാധിക്കുകയില്ലെന്ന സൂചനകള്‍ ബൈബിളിലുണ്ടെന്നു ചിലര്‍ വാദിക്കുന്നു. ലാസറിന്റെയും ധനവാന്റെയും ഉപമയിലാണ് നാം ഇതു വായിക്കുന്നത്. മരണാനന്തരം ധനവാനും ലാസറും എത്തിച്ചേരുന്നതു വ്യത്യസ്തമായ ഇടങ്ങളിലാണെന്ന് ഉപമയിലൂടെ യേഹ്ശുവാ വ്യക്തമാക്കുന്നു. ദാരിദ്രനായിരുന്ന ലാസര്‍ എത്തിച്ചേരുന്നത് അബ്രാഹത്തിന്റെ മടിയിലാണെങ്കില്‍, ഈ ലാസറിനെ ഗൗനിക്കാതിരുന്ന ധനവാന്‍ നിപതിച്ചതു നരകത്തിലാണ്! സുവിശേഷകനായ ലൂക്കാ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ ഉപമയില്‍ പല വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും, നമ്മുടെ വിഷയവുമായി ബന്ധമുള്ള കാര്യം മാത്രം ഇവിടെ പഠനത്തിനു വിഷയമാക്കാം.

നരകത്തിലെ ചുട്ടുപൊള്ളുന്ന അവസ്ഥയില്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ധനവാന്റെ യാചനയും, പിതാവായ അബ്രാഹം ധനവാനു നല്‍കുന്ന മറുപടിയും ശ്രദ്ധിക്കുക: "അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു. അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ! ഞാന്‍ ഈ അഗ്‌നിജ്വാലയില്‍ക്കിടന്ന്‌ യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മ്മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല"(ലൂക്കാ: 16; 23- 26). നരകത്തില്‍ പതിക്കപ്പെട്ട ഒരുവനുപോലും അവിടെനിന്നു മോചനമില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ വെളിപ്പെടുന്നു. അങ്ങനെയെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല! സ്വാഭാവികമായും ചിന്തിച്ചുപോകുന്ന ഒരു കാര്യമാണിത്. 'ന്യൂജനറേഷന്‍' സഭകളില്‍ ചിലതെല്ലാം നിലനിന്നുപോകുന്നത് ഈ ആശയം പ്രചരിപ്പിച്ചുകൊണ്ടാണ്! കാരണം, യേഹ്ശുവാതന്നെ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നതിനാല്‍, അതിനപ്പുറം മറ്റൊരു സത്യമില്ല. യേഹ്ശുവായുടെ വാക്കുകള്‍ക്കപ്പുറം മറ്റൊരു സത്യമുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവരാരും ക്രിസ്ത്യാനികളുമല്ല! ഇക്കാര്യത്തിലൊക്കെ മനോവയുടെ നിലപാടും ഇപ്രകാരംതന്നെയാണ്.

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുപോലും നിരര്‍ത്ഥകമാണെങ്കില്‍, മരിച്ചവരോടു സുവിശേഷം പ്രസംഗിക്കുകയെന്നത് ഭോഷത്തമായി മാത്രമേ ആര്‍ക്കും കാണാന്‍ കഴിയുകയുള്ളൂ! അങ്ങനെയെങ്കില്‍ മനോവ ഒന്നു ചോദിക്കട്ടേ, മരിച്ചവരോട് സുവിശേഷം പ്രസംഗിക്കുന്നതിനായി യേഹ്ശുവാ എന്തിനാണു പാതാളത്തിലേക്കിറങ്ങിയത്? ബൈബിളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "ആത്മാവോടുകൂടെച്ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു"(1 പത്രോ: 3; 19, 20). ആരിലും ആശയക്കുഴപ്പമുണ്ടാക്കുന്ന വെളിപ്പെടുത്തലാണിത് എന്നകാര്യത്തില്‍ സംശയമില്ല. മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍പ്പോലും നിരര്‍ത്ഥകമായിരിക്കെ, മരിച്ചവരോടു സുവിശേഷം പ്രസംഗിക്കുകയെന്ന ഭോഷത്തത്തിന് യേഹ്ശുവാ മുതിരുമോ? മരിച്ചവരോടുള്ള സുവിശേഷ പ്രഘോഷണത്തിനു തെളിവായി ഈ ഒരു വെളിപ്പെടുത്തല്‍ മാത്രമല്ല ബൈബിളിലുള്ളത്. ഇതാ, മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്തെന്നാല്‍, ശരീരത്തില്‍ മനുഷ്യനെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവില്‍ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്‌"(1പത്രോ:4;6). രണ്ടിടത്തു വെളിപ്പെടുത്തപ്പെട്ടാല്‍ സംശയലേശമെന്യേ വിശ്വസിക്കണമെന്നതാണ് ബൈബിളിലെ നീതിസാരം! എന്തെന്നാല്‍, രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു പ്രഖ്യാപിച്ചിരിക്കുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്! അവിടുത്തെ പുത്രന്‍ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ"(യോഹ: 8; 17).

നിയമത്തില്‍ ഇത് എപ്രകാരമാണ് വായിക്കുന്നതെന്നു നോക്കുക: "രണ്ടോ മൂന്നോ സാക്ഷികള്‍ അവനെതിരായി മൊഴി നല്‍കിയെങ്കില്‍ മാത്രമേ അവനെ വധിക്കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയില്‍ ആരും വധിക്കപ്പെടരുത്"(നിയമം: 17; 6). ഇനിയുമുണ്ട് തിരുവെഴുത്ത്: "തെറ്റിന്റെയോ കുറ്റത്തിന്റെയോ സത്യാവസ്ഥ തീരുമാനിക്കാന്‍ ഒരു സാക്ഷി പോരാ; രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി വേണം"(നിയമം: 19; 15). അതായത്, രണ്ടുപേരുടെ സാക്ഷ്യം അനിവാര്യമാണെന്ന പ്രഖ്യാപനംപോലും രണ്ടുവട്ടം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. ഇതാണു ബൈബിളിന്റെ ആധികാരികത! ബൈബിളിലെ ഓരോ വചനങ്ങളെയും സ്ഥിരീകരിക്കുന്നതിനായി ഇണവചനങ്ങള്‍ ബൈബിളില്‍ത്തന്നെയുണ്ട്. പ്രവാചകനായ ഏശയ്യാ ഇപ്രകാരം എഴുതിയിരിക്കുന്നു: "യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെയുടെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു"(ഏശയ്യാ: 34; 16). അതായത്, മരിച്ചവരോടുള്ള സുവിശേഷ പ്രഘോഷണത്തെ സംബന്ധിച്ചുള്ള സത്യം വചനത്താല്‍ത്തന്നെ മുദ്ര ചെയ്യപ്പെട്ടിട്ടുള്ളതാണ്! ആയതിനാല്‍ത്തന്നെ, മരിച്ചവരോടു സുവിശേഷം പ്രഘോഷണത്തിന്റെ അനിവാര്യത നിലനില്‍ക്കുന്നു!

ആത്മാക്കളോടു സുവിശേഷം പ്രഘോഷിക്കുകയെന്ന വിഷയത്തെ ഗൗരവമായി ചര്‍ച്ചചെയ്യുന്നതിനു മുന്‍പ് ലാസറിന്റെയും ധനവാന്റെയും ഉപമയിലെ യഥാര്‍ത്ഥ സത്യം ഗ്രഹിക്കേണ്ടിയിരിക്കുന്നു. ലാസറും ധനവാനും ജീവിച്ചിരുന്ന വ്യക്തികളല്ല എന്ന യാഥാര്‍ത്ഥ്യമാണ് ആദ്യമായി നാം മനസ്സിലാക്കേണ്ടത്. പ്രാധാന്യമുള്ള വിഷയങ്ങളെ ഉപമകളിലൂടെ അവതരിപ്പിക്കുകയെന്നത് യേഹ്ശുവായുടെ ഒരു ശൈലിയായിരുന്നു. യഹൂദരുടെ ജീവിത പശ്ചാത്തലവുമായി അടുത്ത ബന്ധമുള്ള വിഷയങ്ങളെയാണ് ഉപമകള്‍ക്കായി അവിടുന്ന് തിരഞ്ഞെടുത്തിരുന്നത്. ഓരോ ഉപമകളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. യേഹ്ശുവാ ഉപമകളിലൂടെ സംസാരിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ് എന്നകാര്യത്തില്‍ ശിഷ്യന്മാര്‍ക്കും സംശയമുണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ അവിടുത്തോട്‌ തങ്ങളുടെ സംശയം ചോദിക്കുകയും ചെയ്തു. ശിഷ്യന്മാരുടെ ചോദ്യത്തിനുള്ള ഉത്തരമായി യേഹ്ശുവാ ഇപ്രകാരം പറഞ്ഞു: "സ്വര്‍ഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അത് ലഭിച്ചിട്ടില്ല. ഉള്ളവനു നല്‍കപ്പെടും. അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. അതുകൊണ്ടാണു ഞാന്‍ അവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല"(മത്താ: 13; 11-13). ഉപമകളിലൂടെ യേഹ്ശുവാ പറഞ്ഞതൊന്നും പൂര്‍ണ്ണതയല്ലെന്ന വെളിപ്പെടുത്തല്‍ അവിടുത്തെ വാക്കുകളിലുണ്ട്.

രണ്ടു വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് യേഹ്ശുവാ ഉപമകളിലൂടെ സംസാരിച്ചിട്ടുള്ളത്. ആരെങ്കിലും അവിടുത്തെ പരീക്ഷിക്കുവാനായി സമീപിക്കുമ്പോള്‍, അവരെ ഉത്തരം മുട്ടിക്കാനായി അവിടുന്ന് ഉപമകള്‍ സ്വീകരിക്കാറുണ്ട്. സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചു വെളിപ്പെടുത്താന്‍ ഉപമകള്‍ പ്രയോഗിക്കുന്നതാണ് മറ്റൊന്ന്. എത്ര വിവരണങ്ങള്‍ നല്‍കിയാലും, സ്വര്‍ഗ്ഗരാജ്യം എപ്രകാരമാണെന്നു ഗ്രഹിക്കാന്‍ മനുഷ്യനു കഴിയില്ല. കടുകുമണിയുടെ ഉപമ (മത്താ: 13), വിതക്കാരന്റെ ഉപമ (മത്താ: 13), കളകളുടെ ഉപമ (മത്താ: 13), പുളിമാവിന്റെ ഉപമ (മത്താ: 13), നിധിയുടെയും രത്നങ്ങളുടെയും വലയുടെയും ഉപമകള്‍ (മത്താ: 13), വഴിതെറ്റിയ ആടിന്റെ ഉപമ (മത്താ:18), നിര്‍ദ്ദയനായ ഭൃത്യന്റെ ഉപമ (മത്താ:18), മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ (മത്താ: 20), രണ്ടു പുത്രന്മാരുടെ ഉപമ (മത്താ: 21), മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ (മത്താ: 21), വിവാഹവിരുന്നിന്റെ ഉപമ (മത്താ:22), താലന്തുകളുടെ ഉപമ (മത്താ:25) ധൂര്‍ത്തപുത്രന്റെ ഉപമ (ലൂക്കാ: 15) തുടങ്ങിയ ഉപമകളെല്ലാം സ്വര്‍ഗ്ഗരാജ്യത്തെ സൂചിപ്പിക്കുന്നതിനുവേണ്ടി പറഞ്ഞിട്ടുള്ളതാണ്. ഓരോന്നും പരിശോധിച്ചാല്‍ അതു വ്യക്തമാകും. എന്നാല്‍, ഈ ഉപമകള്‍ കേള്‍ക്കുന്നവനു സ്വര്‍ഗ്ഗരാജ്യത്തെ മനസ്സിലാക്കാന്‍ സാധിക്കുമോ?

തന്നെ പരീക്ഷിക്കുവാനായി കടന്നുവരുന്നവര്‍ക്കുള്ള മറുപടിയായും ഉപമകള്‍ അവിടുന്ന് പ്രയോഗിക്കാറുണ്ട്. സമരിയാക്കാരന്റെ ഉപമ ഇപ്രകാരം അവിടുന്ന് പറഞ്ഞതാണ്. ഈ ഉപമ പറയാനുണ്ടായ സാഹചര്യം ഇതാണ്: "അപ്പോള്‍ ഒരു നിയമജ്ഞന്‍ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?"(ലൂക്കാ: 10; 25). യേഹ്ശുവായെ പരീക്ഷിക്കുവാനായി സമീപിച്ച ആര്‍ക്കും അവിടുന്ന് സ്വര്‍ഗ്ഗരാജ്യം വെളിപ്പെടുത്തികൊടുത്തില്ല. യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം"(മര്‍ക്കോ: 4; 11). ലൂക്കായുടെ സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: "ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്. മറ്റുള്ളവര്‍ക്കാകട്ടെ അവ ഉപമകളിലൂടെ നല്കപ്പെടുന്നു. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്"(ലൂക്കാ: 8; 10).

എന്നാല്‍, യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോട് എല്ലാ കാര്യങ്ങളും വളരെ സ്പഷ്ടമായി പറഞ്ഞു. ഈ വചനം നോക്കുക: "അവന്റെ ശിഷ്യന്‍മാര്‍ പറഞ്ഞു: ഇപ്പോള്‍ ഇതാ, നീ സ്പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല. നീ എല്ലാക്കാര്യങ്ങളും അറിയുന്നുവെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ മനസ്‌സിലാക്കുന്നു. നീ ദൈവത്തില്‍നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങള്‍ വിശ്വസിക്കുന്നു"(യോഹ: 16; 29,30). ഇത്തരത്തില്‍ ശിഷ്യന്മാര്‍ പറയാനുണ്ടായ സാഹചര്യംകൂടി പരിശോധിച്ചതിനുശേഷം വിശദാംശങ്ങളിലേക്കു കടക്കാം. ഈ വചനം ശ്രദ്ധിക്കുക: "ഉപമകള്‍ വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. ഉപമകള്‍വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന സമയം വരുന്നു. അപ്പോള്‍ പിതാവിനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങളെ അറിയിക്കും. അന്ന് നിങ്ങള്‍ എന്റെ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കാം എന്നു പറയുന്നില്ല. കാരണം, പിതാവുതന്നെ നിങ്ങളെ സ്നേഹിക്കുന്നു. എന്തെന്നാല്‍, നിങ്ങള്‍ എന്നെ സ്നേഹിക്കുകയും ഞാന്‍ ദൈവത്തില്‍നിന്നു വന്നുവെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകംവിട്ട് പിതാവിന്റെ അടുത്തേക്കു പോകുന്നു"(യോഹ: 16; 25-28). അതായത്, യേഹ്ശുവായെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ പിതാവ് സ്നേഹിക്കുന്നു. പിതാവിനാല്‍ സ്നേഹിക്കപ്പെടുകയും യേഹ്ശുവായിലൂടെ അവിടുത്തെ പിതാവിനെ സ്പഷ്ടമായി മനസ്സിലാക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഉപമകളുടെ ആവശ്യമില്ല! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഉപമകളിലൂടെ നല്‍കപ്പെട്ടത്‌ പൂര്‍ണ്ണമല്ല. ആയതിനാല്‍ത്തന്നെ, യേഹ്ശുവായുമായി ചേര്‍ന്നുനില്‍ക്കുന്നവര്‍ ഉപമകളെ ആശ്രയിക്കുകയെന്നത് അബദ്ധമാണ്!

ഇനി നമുക്ക് ലാസറിന്റെയും ധനവാന്റെയും ഉപമയില്‍ എന്താണു പറഞ്ഞിരിക്കുന്നതെന്നു നോക്കാം. അന്നത്തെ യഹൂദരുടെ വിശ്വാസമനുസരിച്ച്, നീതിമാന്മാരായി മരണമടയുന്ന വ്യക്തികള്‍ അബ്രാഹത്തിന്റെ മടിയില്‍ എത്തുന്നു. അതുകൊണ്ടാണ്, ലാസര്‍ അബ്രാഹത്തിന്റെ മടിയിലാണെന്നു പറഞ്ഞത്. അതായത്, ഈ ഉപമയിലൂടെ യേഹ്ശുവാ പറഞ്ഞ അബ്രാഹത്തിന്റെ മടി ഒരു യാഥാര്‍ത്ഥ്യമല്ല. എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള യേഹ്ശുവായുടെ മറ്റു വെളിപ്പെടുത്തലുകളിലൊന്നും അബ്രാഹത്തിന്റെ മടി എന്നൊരു പരാമര്‍ശം കാണുന്നില്ല. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള അവിടുത്തെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 2, 3). സ്വര്‍ഗ്ഗരാജ്യമെന്നത് അബ്രാഹത്തിന്റെ മടിയല്ല എന്ന വസ്തുതയാണ് യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാര്‍ തനിച്ചായിരുന്നപ്പോള്‍ വെളിപ്പെടുത്തിയത്. മറ്റു വെളിപ്പെടുത്തലുകള്‍ ഒന്നുംതന്നെ ഇതില്‍നിന്നു വ്യത്യസ്തമല്ല. അതിനാല്‍, പുറത്തുള്ളവര്‍ക്കായി അവിടുന്ന് നല്‍കിയ പ്രതീകമായിരുന്നു അബ്രാഹത്തിന്റെ മടി! പിതാവായ അബ്രാഹത്തെ ദൈവത്തിന്റെ സ്ഥാനത്തു കണ്ടിരുന്ന യഹൂദരും ഉണ്ടായിരുന്നു.

നരകത്തില്‍ പതിച്ചാല്‍, അവിടെ നിന്നൊരു മോചനം അസാദ്ധ്യമാണെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുക മാത്രമായിരുന്നു ഈ ഉപമയുടെ ലക്‌ഷ്യം! സ്വര്‍ഗ്ഗത്തിലായിരിക്കുന്നവര്‍ക്കു നരകത്തിലേക്കോ, നരകത്തിലായിരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കോ കടക്കുവാന്‍ സാധിക്കുകയില്ലെന്ന പ്രഖ്യാപനം ഈ ഉപമയിലുണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ അതിന്റെ പൂര്‍ണ്ണതയില്‍ത്തന്നെ മനോവ ഉള്‍ക്കൊള്ളുന്നു. എന്നാല്‍, മരണാനന്തരം ഒരു ക്ഷമയില്ല എന്നതിന്റെ സൂചനയായി ഈ ഉപമയെ കാണാന്‍ മനോവയ്ക്കു സാധിക്കുകയില്ല. കാരണം, മരിച്ച ഉടനെ ഒരുവന്റെ വിധി നടപ്പാക്കപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ! കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന തനതുവിധിയെയും മനോവ തള്ളിക്കളയുന്നു. എന്തുകൊണ്ടെന്നാല്‍, അത് ദൈവവചന വിരുദ്ധവും, ചില സ്ഥാപിത താത്പര്യക്കാരുടെ സൃഷ്ടിയുമാണ്! സ്വര്‍ഗ്ഗീയ വിശുദ്ധര്‍ എന്നപേരില്‍ വിശുദ്ധരെ സ്വര്‍ഗ്ഗത്തില്‍ പ്രതിഷ്ഠിക്കാന്‍ കണ്ടെത്തിയ ഒരു ഉപാധി മാത്രമാണ് ഈ തനതുവിധി! അപ്പസ്തോലന്മാര്‍ക്കുപോലും യേഹ്ശുവായുടെ വീണ്ടുംവരവിലാണ് സ്വര്‍ഗ്ഗരാജ്യത്തേക്കു പ്രവേശനം ലഭിക്കുന്നതെങ്കില്‍, മറ്റാരെയാണ്‌ അവരെക്കാള്‍ ശ്രേഷ്ഠരായി പരിഗണിക്കേണ്ടത്? സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയവരായി ബൈബിളില്‍ വെളിപ്പെടുത്തിയിട്ടുള്ളത് വളരെ ചുരുക്കം ആളുകളെ മാത്രമേയുള്ളൂ. ഏലിയായെ ദൈവം സ്വര്‍ഗ്ഗത്തിലേക്ക് എടുത്തുവെന്നതിനു തെളിവുണ്ട്. ഇതു ശ്രദ്ധിക്കുക: "അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നു"(2 രാജാ: 2; 11). ദൈവത്തിനു പ്രിയങ്കരനായി ജീവിച്ച ഹെനോക്കിനെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ നോക്കുക: "ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ ആരും കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു"(ഉത്പ: 5; 24). ഹെനോക്കിനെ ദൈവം എടുത്തുവെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ; സ്വര്‍ഗ്ഗത്തിലേക്കായിരുന്നു എന്നത് നമ്മുടെ അനുമാനം മാത്രമാണ്!

ഈ ഭൂമുഖത്തു കബറിടം അവശേഷിപ്പിക്കാത്ത മറ്റു രണ്ടാളുകള്‍ക്കൂടിയുണ്ട്. മോശയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും കബറിടങ്ങള്‍ ഈ ഭൂമുഖത്തെവിടെയുമില്ല. ഈ വെളിപ്പെടുത്തല്‍ നോക്കുക: "മൊവാബു ദേശത്തു ബത്പെയോറിന് എതിരേയുള്ള താഴ്വരയില്‍ അവന്‍ സംസ്കരിക്കപ്പെട്ടു. എന്നാല്‍, ഇന്നുവരെ അവന്റെ ശവകുടീരത്തിന്റെ സ്ഥാനം ആര്‍ക്കും അറിയില്ല"(നിയമം: 34; 6). ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയും ആദ്യത്തെ പ്രവാചകനുമായ മോശയുടെ ശവകുടീരം എന്തുകൊണ്ട് അജ്ഞാതമായി? മോശയുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍, താരതമ്യേന അപ്രധാനികളായ വ്യക്തികളുടെ കല്ലറകള്‍പ്പോലും ഇസ്രായേല്‍ജനം സൂക്ഷിച്ചിരുന്നു. മാത്രവുമല്ല, മോശ ഉയിര്‍പ്പിക്കപ്പെട്ടു എന്നതിനു വേറെയും തെളിവുണ്ട്. താബോര്‍ മലയില്‍ വച്ച് യേഹ്ശുവാ രൂപാന്തരപ്പെട്ടപ്പോള്‍ സാക്ഷികളായി ഇറങ്ങിവന്നത് മോശയും ഏലിയായും ആയിരുന്നു. ഈ വചനം ശ്രദ്ധിക്കുക: "അവന്‍ അവരുടെ മുമ്പില്‍ വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി. മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു"(മത്താ: 17; 2, 3). ചില ആധുനിക സഭകള്‍ പറയുന്നതനുസരിച്ച് മരിച്ചവരെല്ലാം ഇപ്പോഴും നിദ്രയിലാണ്! മോശയും ഏലിയായും നിദ്രയിലല്ല എന്നെങ്കിലും സമ്മതിച്ചേ മതിയാകൂ!

പറുദീസാ തുറക്കപ്പെട്ടത് യേഹ്ശുവായുടെ മരണത്തോടെയായിരുന്നു. അവിടുത്തെ മരണസമയത്ത് നീതിമാന്മാരുടെ കല്ലറകള്‍ തുറക്കപ്പെട്ടതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "അപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"(മത്താ: 27; 51-53). യേഹ്ശുവായുടെ മരണത്തോടെ വിശുദ്ധര്‍ ഉയിര്‍പ്പിക്കപ്പെട്ടു എന്നതിന് ഇതിലേറെ തെളിവുകളുടെ ആവശ്യമില്ല! ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം വെളിപ്പെടുത്തപ്പെട്ടിരിക്കെ, ദാനിയേല്‍പ്രവാചകന്റെ പുസ്തകത്തിലെ ഒരു വാചകത്തെ പിന്തുടരുന്നവരെ എങ്ങനെയാണ് ക്രിസ്ത്യാനികളെന്നു വിളിക്കാന്‍ കഴിയുക? ദാനിയേല്‍പ്രവാചകനോട് ദൈവം ഇപ്രകാരം പറഞ്ഞു: "എന്നാല്‍, നീ പോയി വിശ്രമിക്കുക. അവസാനദിവസം നീ നിന്റെ അവകാശം സ്വീകരിക്കാന്‍ എഴുന്നേല്‍ക്കും"(ദാനി: 12; 13). ദാനിയേല്‍ എഴുന്നേറ്റാലും ഇല്ലെങ്കിലും, യേഹ്ശുവായുടെ മരണത്തോടെ അന്നുവരെ നിദ്രപ്രാപിച്ചിരുന്ന വിശുദ്ധര്‍ ഉയിര്‍പ്പിക്കപ്പെട്ടു. എന്നാല്‍, ഇവരെല്ലാം സ്വര്‍ഗ്ഗത്തിലാണെന്ന ധാരണ തെറ്റാണ്! കാരണം, അന്ത്യവിധിക്കുശേഷം മാത്രമേ സ്വര്‍ഗ്ഗരാജ്യത്തു പ്രവേശനം സാധ്യമാകുകയുള്ളൂ. യേ ഹ്ശുവാ വീടൊരുക്കിയത്തിനുശേഷം വീണ്ടുംവരും! അതുവരെ വിശുദ്ധര്‍ വസിക്കുന്നത് പറുദീസായിലാണ്! യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവനോട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും"(ലൂക്കാ: 23; 43).

പറുദീസായും സ്വര്‍ഗ്ഗവും ഒന്നുതന്നെയാണെന്നു കരുതിയിരിക്കുന്ന അനേകരുണ്ട്. ഇതു തികച്ചും തെറ്റാണെന്നതിന് യേഹ്ശുവാതന്നെയാണ് തെളിവ്! നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കുമെന്നാണ് അവിടുന്നു കുറ്റവാളിയോടു പറഞ്ഞത്. എന്നാല്‍, ഉത്ഥിതനായ യേഹ്ശുവാ മഗ്ദലേനമറിയത്തോടു പറഞ്ഞത് ഇപ്രകാരമാണ്: "നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല"(യോഹ: 20; 17). ഏകദേശം മുപ്പത്താറു മണിക്കൂര്‍ മുന്‍പ് കുറ്റവാളിയെയും കൂട്ടി പറുദീസയില്‍ പോയ യേഹ്ശുവായാണ് താന്‍ ഇതുവരെയും പിതാവിന്റെ അടുത്തേക്ക് പോയില്ല എന്നു പറയുന്നതും! ഉയിര്‍പ്പിനുശേഷം നാല്പതാംനാളാണ് യേഹ്ശുവായുടെ സ്വര്‍ഗ്ഗാരോഹണം എന്നകാര്യം അറിയാത്ത ക്രിസ്ത്യാനികളുണ്ടോ? ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടത്, പറുദീസായും സ്വര്‍ഗ്ഗവും വ്യത്യസ്ത ഇടങ്ങളാണെന്ന യാഥാര്‍ത്ഥ്യമാണ്! അതായത്, നീതിമാന്മാരായി മരിച്ച സകല വ്യക്തികളുടെയും ആത്മാക്കള്‍ ഇന്ന് പറുദീസായിലുണ്ട്! അതിനാല്‍ത്തന്നെ, സ്വര്‍ഗ്ഗീയ വിശുദ്ധര്‍ എന്നപേരില്‍ വിശുദ്ധരെ വാഴിക്കുന്ന പരിപാടി വെറും അബദ്ധമാണ്!

വിശുദ്ധരുടെ ആത്മാക്കള്‍ ഇന്ന് പറുദീസായിലാണെങ്കിലും അവരുടെ ശരീരങ്ങളുടെ ഉയിര്‍പ്പ് ഇനിയും സംഭവിച്ചിട്ടില്ല. ഈ വിഷയം വിശദമായിത്തന്നെ പഠിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം, ശേഷിക്കുന്ന ആത്മാക്കളുടെ കാര്യവും പഠന വിഷയമാക്കണം. ആത്മാക്കളെ മൂന്നു വിഭാഗങ്ങളായി തിരിക്കാം. ഒന്നാമത്തേത് നീതികരിക്കപ്പെട്ടു കടന്നുപോയവരുടെ ആത്മാക്കളാണെങ്കില്‍, രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത് മരണാര്‍ഹമായ പാപങ്ങള്‍ ചെയ്തു കടന്നുപോയവരുടെ ആത്മാക്കളാണ്! ഇവര്‍ നരകശിക്ഷ കാത്തു തടവറയില്‍ കിടക്കുന്നു. എന്നാല്‍, ഈ രണ്ടു വിഭാഗങ്ങളെയും കൂടാതെ മറ്റൊരു വിഭാഗംകൂടിയുണ്ട്. മരണാര്‍ഹമല്ലാത്ത തിന്മകള്‍ പ്രവര്‍ത്തിച്ചു കടന്നുപോയവരുടെ ആത്മാക്കളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്! മരണാര്‍ഹമായ പാപവും മരണാര്‍ഹമല്ലാത്ത പാപവുമുണ്ട് എന്ന വചനത്തെ അടിസ്ഥാനപ്പെടുത്തി ഈ വിഷയം നമുക്കു ചിന്തിക്കാം. ആയതിനാല്‍, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടോ എന്നതാകട്ടെ ആദ്യത്തെ ചിന്ത!

മരണാനന്തരം പാപമോചനമോ?!

അവിടുന്ന് മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ് എന്ന വചനം ആമുഖമായി നാം പരിശോധിച്ചു കഴിഞ്ഞു. ലാസറിന്റെയും ധനവാന്റെയും ഉപമയിലൂടെ ചില സംഗതികള്‍ ഗ്രഹിക്കുകയും ചെയ്തു. ഉപമകളെ യാഥാര്‍ത്ഥ്യമായി ധരിച്ചുവച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം, മരിച്ചവര്‍ക്കുവേണ്ടി എന്തുചെയ്തിട്ടും യാതൊരു ഫലവുമില്ലെന്നു ചിന്തിക്കാന്‍ ഈ ഉപമ ധാരാളം മതി. അതോടൊപ്പം, അവിടുന്ന് മരിച്ചവരുടെ ദൈവമല്ലെന്ന പ്രഖ്യാപവുംകൂടി ചേര്‍ത്തുവച്ചാല്‍ തങ്ങളുടെ ധാരണ അരക്കിട്ടുറപ്പിക്കാനും കഴിയും. എന്നാല്‍, യഥാര്‍ത്ഥ സത്യം ഗ്രഹിക്കണമെങ്കില്‍ ഒന്നോ രണ്ടോ വചനശകലങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകില്ല എന്നതാണു വസ്തുത. വചനത്തില്‍ വ്യക്തമായ വളര്‍ച്ച പ്രാപിക്കാത്ത പലരും വഞ്ചിക്കപ്പെട്ടിട്ടുള്ളത് അടര്‍ത്തിയെടുക്കപ്പെട്ട വചനങ്ങളെപ്രതിയാണ്! മാത്രവുമല്ല, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഫലമില്ലെന്ന വെളിപ്പെടുത്തല്‍ ഈ വചനഭാഗത്തൊന്നും ഇല്ലെന്ന സത്യവും നാം അറിഞ്ഞിരിക്കണം. ആയതിനാല്‍, ഈ വചനഭാഗം അപഗ്രഥിച്ചുകൊണ്ട് നമ്മുടെ പഠനം ആരംഭിക്കാം.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ആരുടെ ദൈവമാണ്? അവിടുന്ന് മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണെന്നു പറയുന്നതിലൂടെ, നമ്മില്‍നിന്നു വേര്‍പിരിഞ്ഞുപോയവരുമായി അവിടുത്തേക്ക്‌ യാതൊരു ബന്ധവുമില്ലെന്ന അര്‍ത്ഥം കണ്ടെത്തുന്നത് ശുദ്ധ മണ്ടത്തരമാണ്. കാരണം, ജീവിച്ചിരിക്കുന്നവരുടെയും മരണമടഞ്ഞവരുടെയും മാത്രമല്ല, ഇനിയും ഈ ഭൂമുഖത്തു ജനിക്കാനിരിക്കുന്നവരുടെയും ദൈവമാണു യാഹ്‌വെ! പ്രവാചകനായ മോശയിലൂടെ സ്വന്തം നാമം വെളിപ്പെടുത്തിക്കൊണ്ട് അവിടുന്ന് അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം"(പുറ: 3; 6). അബ്രാഹമോ ഇസഹാക്കോ യാക്കോബോ മാത്രമല്ല, മോശയുടെ പൂര്‍വ്വീകരില്‍ ആരുംതന്നെ അന്നു ജീവിച്ചിരിപ്പില്ല. അങ്ങനെയെങ്കില്‍ അവിടുന്ന് ജീവിച്ചിരിക്കുന്നവരുടെ മാത്രം ദൈവമാണോ? അവിടുന്ന് വീണ്ടും അരുളിച്ചെയ്തു: "ഇസ്രായേല്‍മക്കളോടു നീ പറയുക: നിങ്ങളുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). പൂര്‍വ്വീകരുടെ ദൈവമെന്നു സ്വയം വെളിപ്പെടുത്തിയ അവിടുന്ന് മരിച്ചവരുടെയും ദൈവമാണ്! അങ്ങനെയെങ്കില്‍ യേഹ്ശുവായുടെ വാക്കുകളുടെ അര്‍ത്ഥമെന്താണ്?

യേഹ്ശുവാ അരുളിച്ചെയ്ത വാക്കുകളില്‍ അല്പംമാത്രം എടുക്കുകയും, അവ തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കുകയും ചെയ്‌താല്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുകയെന്നതു സ്വാഭാവികമാണ്. ഇനി ആ വചനം പൂര്‍ണ്ണമായി ഒന്നു വായിക്കുകയും, അവിടുന്ന് ഈ വചനം അരുളിച്ചെയ്ത സന്ദര്‍ഭം ഏതായിരുന്നുവെന്നു മനസ്സിലാക്കുകയും ചെയ്യാം. പുനരുത്ഥാനത്തെ അംഗീകരിക്കാത്ത സദുക്കായരില്‍ ചിലര്‍ യേഹ്ശുവായെ പരീക്ഷിച്ചുകൊണ്ട് ചില ചോദ്യങ്ങള്‍ ചോദിച്ചു. പുനരുത്ഥാനത്തെ നിഷേധിക്കുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം. സന്താനമില്ലാതെ മരിക്കുന്ന ഒരു സഹോദരന്റെ വിധവയെ പരിഗ്രഹിച്ച്, അവളില്‍ തന്റെ സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കുകയെന്നത് മോശയുടെ നിയമമാണ്. ഈ നിയമപ്രകാരം ഏഴു സഹോദരന്മാരുടെ ഭാര്യയായി ജീവിച്ചു സന്തതികളില്ലാതെ മരണമടയുന്ന ഒരു സ്ത്രീ പുനരുത്ഥാനത്തില്‍ ആരുടെ ഭാര്യയായിരിക്കും എന്നതായിരുന്നു സദുക്കായരുടെ ചോദ്യം. ഇതിന് യേഹ്ശുവാ പറഞ്ഞ ഉത്തരം മുറിച്ചെടുത്തതാണ് നാം ആരംഭത്തില്‍ കണ്ട വചനം.  എന്നാല്‍, വചനത്തിന്റെ പൂര്‍ണ്ണരൂപം ഇതാണ്: "യേഹ്ശുവാ അവരോടു പറഞ്ഞു: ഈയുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്‍മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല. മോശപോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു യാഹ്‌വെയെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നുംവിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ"(ലൂക്കാ: 20; 34- 38).

അവിടുന്ന് മരിച്ചരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ് എന്ന് അരുളിച്ചെയ്തതിലൂടെ യേഹ്ശുവാ വ്യക്തമാക്കിയത് പുനരുത്ഥാനത്തെയാണ്‌. അല്ലായിരുന്നുവെങ്കില്‍, മരിച്ചുപോയ പൂര്‍വ്വപിതാക്കന്മാരുടെ ദൈവമെന്ന് യേഹ്ശുവാ പറയില്ലായിരുന്നു. മരണാനന്തരം നീതിമാന്മാരുടെ സമ്മാനത്തിനായി ഉയിര്‍പ്പിക്കപ്പെടുന്നവരുടെ ദൈവമാണ് അവിടുന്ന്; മറിച്ച്, ആദ്ധ്യാത്മിക മരണത്തിനു തങ്ങളെത്തന്നെ വിട്ടുകൊടുത്തവരുടെ ദൈവമല്ല! അതായത്, യേഹ്ശുവാ ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് ആത്മീയ മരണത്തെയും നിത്യജീവനെയുമാണ്! ഭൗതീകമായ മരണത്തെയും ജീവിതത്തെയും ഇവിടെ പരിഗണിച്ചിട്ടില്ല. വിധിദിനത്തില്‍ രണ്ടുതരം ഉത്ഥാനമുള്ളതായി നമുക്കറിയാം. നിത്യജീവനുവേണ്ടിയുള്ള ഉയിര്‍പ്പും നിത്യശിക്ഷയ്ക്കുവേണ്ടിയുള്ള ഉയിര്‍പ്പുമാണത്. അവസാന വിധിയെക്കുറിച്ച് യേഹ്ശുവാ അരുളിച്ചെയ്തത് ഇപ്രകാരമാണ്: "ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും"(മത്താ: 25; 46). നിത്യശിക്ഷയ്ക്കായുള്ള മരണമാണ് ആത്മീയമരണം എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഈ മരണം സംഭവിക്കാം. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ദുര്‍മ്മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു"(യാക്കോ: 1; 15). മാരകമായ പാപങ്ങള്‍ ചെയ്യുന്നവര്‍ ജീവിച്ചിരിക്കുന്നുവെങ്കിലും അവര്‍ മരിച്ചവരാണ്‌. അപ്പസ്തോലനായ യോഹന്നാന്‍ ഇപ്രകാരം എഴുതിവച്ചിരിക്കുന്നു: "മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്"(1 യോഹ: 5; 16, 17). യാക്കോബിന്റെയും യോഹന്നാന്റെയും വാക്കുകളെ ചേര്‍ത്തുവായിക്കുന്നവര്‍ക്ക് ആത്മീയവും ഭൗതീകവുമായ മരണങ്ങളെ വിവേചിച്ചറിയാന്‍ കഴിയും.

മരണാര്‍ഹമായ പാപത്തില്‍ മുഴുകി ഒരുവന്‍ മരണമടഞ്ഞാല്‍ അവനു യാഹ്‌വെ ദൈവമല്ല! അതുപോലെതന്നെ, ഇത്തരം പാപങ്ങളില്‍ വ്യാപരിക്കുന്നവര്‍ക്കു ദൈവമായിരിക്കാന്‍ അവിടുന്നു  തയ്യാറുമല്ല. കാരണം, അവിടുന്ന് ജീവിക്കുന്നവരുടെ മാത്രം ദൈവമാണ്! ഇഹലോകജീവിതത്തിലും പുനരുത്ഥാനത്തിലും അവിടുന്ന് അങ്ങനെതന്നെ!

അപ്പസ്തോലനായ യോഹന്നാന്റെ ഉപദേശം പരിശോധിക്കുമ്പോള്‍ വലിയ ചില സത്യങ്ങള്‍ മറനീക്കി പുറത്തുവരും. എന്തെന്നാല്‍, മരണത്തിനര്‍ഹമല്ലാത്ത പാപം ചെയ്യുന്ന സഹോദരനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഉപദേശിക്കുമ്പോള്‍, മരണാര്‍ഹമായ പാപം ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ താന്‍ പറയുന്നില്ല  എന്നു തറപ്പിച്ചുപറയാന്‍ അപ്പസ്തോലന്‍ ശ്രമിക്കുന്നു. മരണാര്‍മായ പാപം ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഫലമില്ലെന്ന സൂചനയാണ് ഈ വാക്കുകളിലുള്ളത്. ഇത്തരത്തിലുള്ള പാപങ്ങളില്‍ മുഴുകി കഴിയുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടു കാര്യമില്ലാത്തതുപോലെതന്നെ, ഇത്തരം പാപങ്ങളില്‍ മരിച്ചുപോയവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും നിരര്‍ത്ഥകമാണ്! എന്നാല്‍, മരണത്തിനര്‍ഹമല്ലാത്ത പാപം ചെയുന്ന സഹോദരനുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അതിനു ഫലമുണ്ടെന്ന് അപ്പസ്തോലന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരെ മാത്രം ഉദ്ദേശിച്ചാണ് അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നതെന്നു ചിന്തിക്കുന്നതു ശരിയല്ല. കാരണം, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ, ജീവിക്കുന്നവരുടെയെല്ലാം ദൈവമാണ്! മരണാര്‍ഹമല്ലാത്ത പാപത്തിലാണ് ഒരുവന്‍ മരിക്കുന്നതെങ്കില്‍ അവന്‍ നിത്യനാശത്തിലല്ല. മരണത്തിനര്‍ഹമല്ലാത്ത പാപം ചെയ്ത ഒരുവന്‍ മരിക്കുന്നത് നിത്യശിക്ഷയിലേക്കാണെന്നു പ്രഖ്യാപിക്കാനുള്ള അധികാരം ഒരു സഭയ്ക്കും ദൈവം നല്‍കിയിട്ടുമില്ല. മാത്രവുമല്ല, അന്ത്യവിധി ഇനിയും സംഭവിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ, ഭൂമിയിലിരുന്നുകൊണ്ട് ആരും ആരുടേയും വിധി പ്രസ്താവിക്കേണ്ട കാര്യമില്ല. എന്തെന്നാല്‍, മരണാര്‍ഹമായ പാപവും മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്. മരണത്തിനര്‍ഹമായ പാപം ചെയ്യുന്നവരാണ് ഭൂമിയിലായിരിക്കുമ്പോള്‍തന്നെ മൃതരാകുന്നത്. അപ്പസ്തോലനായ യാക്കോബിലൂടെ പരിശുദ്ധാത്മാവു നല്‍കിയ വെളിപ്പെടുത്തല്‍ ഈ മരണത്തെ സംബന്ധിച്ചുള്ളതാണ്. മരണാര്‍ഹമല്ലാത്ത പാപത്തില്‍ മരിക്കുന്നവനെ ദൈവം നിത്യനരകാഗ്നിയില്‍ തള്ളുമെന്നു പ്രചരിപ്പിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവരാരും ദൈവത്തെ ഇതുവരെയും അറിയാത്തവരാണ്. ദൈവവചനത്തെ വ്യക്തമായി പഠിക്കാത്തവരാണ് ഇത്തരം പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്!

രണ്ടുതരം മരണങ്ങളെക്കുറിച്ചു മാത്രമല്ല, രണ്ടു വിധത്തിലുള്ള പുനരുത്ഥാനങ്ങളെക്കുറിച്ചും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്നു പരിശോധിച്ചുകൊണ്ട് ഈ പഠനം നമുക്കു തുടരാം. രണ്ടുതരത്തിലുള്ള മരണങ്ങളെ സംബന്ധിച്ചു നാം കണ്ടുകഴിഞ്ഞു. ആത്മീയമരണവും ഭൗതീക മരണവുമാണ്‌ ഇവ. എന്നാല്‍, ആത്മീയമായി മരിക്കുന്ന ഒരുവനെ സംബന്ധിച്ച് മറ്റൊരു മരണംകൂടി അവനെ കാത്തിരിക്കുന്നുണ്ട്. ശാരീരികമായി ഒരിക്കല്‍ മരിക്കുന്നതു കൂടാതെയുള്ള മരണമാണിത്. വെളിപാടു പുസ്തകത്തില്‍ ഇത് വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം"(വെളി: 21; 8). അതായത്, ആത്മീയമരണത്തിനിരയാകുന്നവര്‍ ശാരീരികമായി ഒരിക്കല്‍ മരിക്കുകയും ന്യായവിധിക്കായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ജീവന്റെ ഗ്രന്ഥത്തില്‍ പേരില്ലാത്തതുമൂലം ഇവര്‍ നിത്യശിക്ഷയിലേക്കു വലിച്ചെറിയപ്പെടുന്നതിനെയാണ് അവസാനത്തെ മരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വചനം നോക്കുക: "മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവന്റെ ഗ്രന്ഥമാണ്. ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു"(വെളി: 20; 12).

ജീവന്റെ ഗ്രന്ഥത്തില്‍ പേരുള്ളവരുടെ ഓഹരി എന്താണെന്നു നോക്കുക: "സിംഹാസനത്തില്‍നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും. അവര്‍ അവിടുത്തെ ജനമായിരിക്കും. അവിടുന്ന് അവരോടുകൂടെ ആയിരിക്കുകയും ചെയ്യും. അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി"(വെളി: 21; 3, 4). ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മറ്റൊരു മരണത്തിലേക്കു പ്രവേശിക്കുന്നില്ല; മറിച്ച്, അവര്‍ ജീവനിലേക്കു പ്രവേശിക്കുന്നു! സ്വര്‍ഗ്ഗീയ ജറുസലെമില്‍ പ്രവേശനം ലഭിക്കുന്നവരെ സംബന്ധിച്ചുള്ള മറ്റൊരു പ്രവചനം ശ്രദ്ധിക്കുക: "എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും അതില്‍ പ്രവേശിക്കുകയില്ല"(വെളി: 21; 27). ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവരുടെയും അല്ലാത്തവരുടെയും വിധിയാണ് നാമിവിടെ പരിശോധിച്ചത്. എന്നാല്‍, മറ്റൊരു വിധിയെക്കുറിച്ച് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ വിധി എന്താണെന്ന് അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ ഒരിക്കലും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളെ നിഷേധിക്കുകയില്ല. എന്താണ് ആ വിധിയെന്നു ശ്രദ്ധിക്കുക: "പിന്നെ ഞാന്‍ കുറെസിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരശ്‌ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം മ്ശിഹായോടുകൂടി വാഴുകയും ചെയ്തു. ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല"(വെളി: 20; 4, 5).

യേഹ്ശുവായുടെ വീണ്ടും വരവുമായി ബന്ധപ്പെട്ട പ്രവചനമാണ് നാമിവിടെ വായിച്ചത്. അതായത്, അന്ത്യവിധിയ്ക്കു മുന്‍പുള്ള വിധിയാണിത്. യേഹ്ശുവായുടെ നാമത്തെപ്രതിയോ ദൈവവചനത്തെപ്രതിയോ രക്തസാക്ഷികളായവരുടെ ആത്മാക്കള്‍ ഉയിര്‍പ്പിക്കപ്പെടുകയും അവിടുത്തോടൊപ്പം ആയിരം വര്‍ഷം വാഴുകയും ചെയ്യും! യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും രാജാവായി വാഴുമ്പോള്‍, രക്തസാക്ഷികളോടൊപ്പം പങ്കുചേരുന്ന മറ്റൊരു വിഭാഗമുണ്ട്. മൃഗത്തിന്റെ മുദ്ര സ്വീകരിക്കാത്തവരാണ് ഇവര്‍! വിജാതിയമായ ആചാരങ്ങളാല്‍ മലിനപ്പെട്ട ആര്‍ക്കും യേഹ്ശുവായോടൊപ്പമുള്ള ആയിരം വര്‍ഷത്തെ വാഴ്ചയില്‍ ഓഹരിക്കാരാകാന്‍ സാധിക്കുകയില്ല! മരണകരമായ പാപങ്ങള്‍ ചെയ്തവരും മരണകരമല്ലാത്ത പാപങ്ങള്‍ ചെയ്തവരുമായ ആരും ഒന്നാമത്തെ പുനരുത്ഥാനത്തില്‍ ജീവന്‍ പ്രാപിക്കുകയില്ല. ആയിരം വര്‍ഷത്തെ ഭരണത്തിനുശേഷമുള്ള പുനരുത്ഥാനത്തിലാണ് ഇവര്‍ ഉയിര്‍പ്പിക്കപ്പെടുന്നത്! അന്നാണ്‌ അന്ത്യവിധി! ഈ പുനരുത്ഥാനത്തെയും വിധിയെയും സംബന്ധിച്ചുള്ള പഠനമാണ് നാം മുന്‍പു നടത്തിയത്. ഈ പ്രവചനംകൂടി ശ്രദ്ധിക്കുക: "ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്ധരുമാണ്. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന് ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്റെയും മ്ശിഹായുടെയും പുരോഹിതന്മാരായിരിക്കും. അവര്‍ അവനോടുകൂടെ ആയിരംവര്‍ഷം വാഴുകയും ചെയ്യും"(വെളി: 20; 6). രണ്ടാമത്തെ പുനരുത്ഥാനത്തില്‍ പങ്കാളികളാകുന്നവരെ എപ്രകാരമാണ് വിധിക്കുന്നതെന്നു നാം കണ്ടു. അവരാണു ആയിരം വര്‍ഷം കഴിയുമ്പോള്‍ ഉയിര്‍പ്പിക്കപ്പെടുന്നവര്‍! ജീവന്റെ ഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവരും അല്ലാത്തവരുമായവര്‍ ഇക്കൂട്ടത്തിലുണ്ട്. ഒരു കൂട്ടര്‍ നിത്യജീവനിലേക്കും മറ്റൊരു കൂട്ടര്‍ നിത്യനാശത്തിലേക്കുമാണ് ഉയിര്‍പ്പിക്കപ്പെടുന്നത്!

വളരെ പ്രധാനപ്പെട്ട ഒരു രഹസ്യമാണ് ഇവിടെ മറഞ്ഞിരിക്കുന്നത്! എന്തെന്നാല്‍, നിത്യജീവനിലേക്കുള്ള പ്രവേശനത്തിനു യോഗ്യതയുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് വിശുദ്ധരോടൊപ്പം ആദ്യത്തെ പുനരുത്ഥാനത്തില്‍ ഇവര്‍ക്കു പങ്കാളികളാകാന്‍ സാധിക്കാതിരുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ആ രഹസ്യം! ദൈവവചനത്തിനു സാക്ഷ്യംവഹിച്ചുകൊണ്ട്‌ രക്തസാക്ഷികളായവരും മൃഗത്തിന്റെ മുദ്ര സ്വീകരിക്കാത്തവരുമായ പരിശുദ്ധരോടൊപ്പം ചേര്‍ക്കപ്പെടാനുള്ള യോഗ്യതയില്ലാത്തതുകൊണ്ട് ഇവര്‍ ആദ്യത്തെ പുനരുത്ഥാനത്തില്‍ പങ്കാളികളാകുന്നില്ല. എന്നാല്‍, മരണകരമായ പാപങ്ങള്‍ ഇവരില്‍ ഇല്ലാത്തതുകൊണ്ട് രണ്ടാമത്തെ പുനരുത്ഥാനത്തില്‍ ഇവര്‍ക്കു നിത്യജീവന്‍ പ്രാപിക്കാന്‍ സാധിക്കുന്നു. മുന്‍പില്ലാതിരുന്ന പരിശുദ്ധി എങ്ങനെയാണ് ആയിരം വര്‍ഷത്തിനുശേഷം ഇവര്‍ക്കു സംലഭ്യമാകുന്നത്?! മരണാനന്തരം ഒരു ശുദ്ധീകരണ പ്രക്രിയ നടക്കുന്നില്ലെങ്കില്‍ ഇവരുടെ മാലിന്യങ്ങള്‍ തുടച്ചുനീക്കപ്പെടുകയില്ലല്ലോ! ആയിരംവര്‍ഷം കഴിയുമ്പോഴുള്ള ഉത്ഥാനത്തില്‍ ഇവര്‍ക്കുള്ള ഓഹരി നിത്യജീവനാകണമെങ്കില്‍ ഇവര്‍ പരിശുദ്ധരായിരിക്കണം. കാരണം, അശുദ്ധമായതൊന്നും ദൈവരാജ്യത്തു പ്രവേശിക്കുകയില്ല എന്നത് അവിടുത്തെ നിയമമാണ്! ഇവര്‍ ശുദ്ധീകരിക്കപ്പെടുന്നത് ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനകള്‍ക്കൊണ്ടു മാത്രമാണ്. എന്തെന്നാല്‍, മൃതരായ ഇവര്‍ക്കു സ്വമേധയാ പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുകയില്ല! അതുകൊണ്ടാണ്, അപ്പസ്തോലനായ യോഹന്നാന്‍ നമ്മെ ഇപ്രകാരം ഉപദേശിച്ചത്: "മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും"(1 യോഹ: 5; 16). ജീവനില്ലാത്തവനു ജീവന്‍ നല്‍കാനുള്ള ശക്തി പ്രാര്‍ത്ഥനയ്ക്കുണ്ട്. എന്നാല്‍, നാം ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അവന്റെ പാപം മരണാര്‍ഹമായ പാപമാകരുത്!

മരണാര്‍ഹമല്ലാത്ത പാപം ചെയ്തവര്‍ ആയിരം വര്‍ഷത്തിനുശേഷം ഉയിര്‍പ്പിക്കപ്പെടുമ്പോള്‍ നിത്യജീവന്‍ പ്രാപിക്കാനുള്ള അവസമുണ്ടായിരിക്കെ, ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരുമില്ലെങ്കില്‍ ഇവരും മാരകപാപികളോടൊപ്പം നരകാഗ്നിയില്‍ പതിക്കും. രക്ഷിക്കപ്പെട്ടവര്‍ എന്നപേരില്‍ സ്വയം പരിചയപ്പെടുത്തുന്നവര്‍, തങ്ങളെക്കുറിച്ചുതന്നെ ഒരു പുനര്‍വിചിന്തനം നടത്തുന്നത് നന്നായിരിക്കും. പരിപൂര്‍ണ്ണ വിശുദ്ധിയോടെയല്ലാതെ മരണമടയുന്ന ആരും സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കുമെന്നു കരുതരുത്! നമ്മുടെ ഉപേക്ഷയാല്‍ പൂര്‍വ്വീകരാരും നരകത്തിനിരയാകാന്‍ അനുവദിക്കുകയുമരുത്! അവര്‍ക്കു സ്വന്തമായി ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. നമ്മുടെ കാരുണ്യത്തിനായി അവരുടെ ആത്മാക്കള്‍ ദാഹിച്ചു കാത്തിരിക്കുകയാണ്! ഒരുവന്റെ ശരീരവും മനസ്സും ചെയ്യുന്ന പാപങ്ങളുടെ പരിണിതഫലം അനുഭവിക്കുന്നത് അവന്റെ ആത്മാവാണ്! ഈ ആത്മാവ് യാതൊരു തെറ്റും ചെയ്യുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്നാല്‍ പാപത്തില്‍ മരിച്ച ഒരുവന്റെ ആത്മാവിനെ ബന്ധനസ്ഥനാക്കാനും തന്റെ അടിമയായി ഉപയോഗിക്കുവാനും സാത്താനു സാധിക്കും. പൂര്‍ണ്ണ വിശുദ്ധിയിലല്ലാതെ മരിച്ച ഒരു വ്യക്തിയുടെ ആത്മാവും ശരീരവും ഉയിര്‍പ്പിക്കപ്പെടുന്നത് രണ്ടാമത്തെ പുനരുത്ഥാനത്തിലാണ്! അതുവരെ ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന വസ്തുത നാം അറിഞ്ഞിരിക്കണം.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന അശുദ്ധാത്മാക്കളെക്കുറിച്ച് യേഹ്ശുവാ നമ്മെ പഠിപ്പിക്കുന്നുണ്ട്. ബൈബിളില്‍ അത് ഇപ്രകാരം വായിക്കുന്നു: "അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍, കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചു ചെല്ലും. അതു മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടോത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ച തലമുറയ്ക്കും ഇതുതന്നെയായിരിക്കും അനുഭവം"(മത്താ: 12; 43- 45). യേഹ്ശുവായുടെ ഈ വാക്കുകളില്‍ അവസാനത്തെ ഭാഗം വളരെ പ്രധാനപ്പെട്ടതാണ്. ഈ ദുഷിച്ച തലമുറയ്ക്കും ഇതുതന്നെയായിരിക്കും അനുഭവം എന്ന വെളിപ്പെടുത്തലിലൂടെ നാം എന്താണു മനസ്സിലാക്കേണ്ടത്? ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണെന്നല്ലേ? ആയതിനാല്‍, ആത്മാക്കളെക്കുറിച്ച് ആരെങ്കിലും പറയുന്നതു കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന ബുദ്ധിജീവികളെ അവരുടെ വഴിക്കുവിട്ടേക്കുക. കാരണം, ഏഴല്ല; എഴുപത് ദുരാത്മാക്കളെ വഹിച്ചുകൊണ്ടുള്ള യാത്രയിലാണ് അവര്‍!

യേഹ്ശുവായുടെ കാലത്ത് അവിടുന്ന് പലരില്‍നിന്നും അശുദ്ധാത്മാക്കളെ പുറത്താക്കിയിട്ടുള്ളതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ബൈബിളില്‍ വിവരിച്ചിരിക്കുന്ന ഒരു സംഭവം നോക്കുക: "അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു. ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. അകലെവച്ചുതന്നെ അവന്‍ യേഹ്ശുവായെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേഹ്ശുവായേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ എന്ന് യേഹ്ശുവാ ആജ്ഞാപിച്ചിരുന്നു. നിന്റെ പേരെന്താണ്? യേഹ്ശുവാ ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു. വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു"(മര്‍ക്കോ: 5; 2- 13).

ഒരു വ്യക്തിയില്‍ അനേകം ആത്മാക്കള്‍ക്കു വസിക്കാമെങ്കിലും, ഒരു ആത്മാവിന് അനേകം വ്യക്തികളില്‍ വസിക്കാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ, ഈ വ്യക്തിയില്‍ ഏറ്റവും കുറഞ്ഞത് രണ്ടായിരം ദുരാത്മാക്കളെങ്കിലും ഉണ്ടായിരുന്നിരിക്കണം! അലഞ്ഞുതിരിയുകയും, മറ്റുള്ള വ്യക്തികളില്‍ കടന്നുകൂടുകയും ചെയ്യുന്ന ആത്മാക്കള്‍ അക്കാലത്തു മാത്രമായിരുന്നുവെന്ന്‍ ആരും ധരിക്കരുത്. അന്നുണ്ടായിരുന്നതിനേക്കാള്‍ അധികം ദുരാത്മാക്കള്‍ ഇന്ന് ഈ ഭൂമുഖത്തുണ്ട്!

അശുദ്ധാത്മാക്കള്‍ ഇല്ലെങ്കില്‍ എന്തിനാണ് യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാര്‍ക്കും, പിന്നീടു നമുക്കും ആത്മാക്കളെ ബഹിഷ്കരിക്കാനുള്ള അധികാരം നല്‍കിയത്? ഈ വചനം നോക്കുക: "അവന്‍ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും അവര്‍ക്ക് അധികാരം നല്‍കി"(മത്താ: 10; 1). ഇത് അപ്പസ്തോലന്മാര്‍ക്കു മാത്രമായി നല്‍കിയിരിക്കുന്ന അധികാരമാണെന്നു പറഞ്ഞുകൊണ്ട് ഈ അവകാശം കൈവശപ്പെടുത്തിവച്ചിരിക്കുന്ന ചിലരുണ്ട്. അവര്‍ ഇതു ചെയ്യാന്‍ തയ്യാറല്ലെന്നു മാത്രമല്ല, ചെയ്യാന്‍ തയ്യാറാകുന്നവരെ അതിന് അനുവദിക്കുകയുമില്ല. ഇക്കൂട്ടരുടെ കാപട്യം അറിയണമെങ്കില്‍ ലൂക്കാ എഴുതിയ സുവിശേഷത്തിലെ പത്താം അദ്ധ്യായം ശ്രദ്ധയോടെ വായിച്ചാല്‍ മതി. പന്ത്രണ്ട് അപ്പസ്തോലന്മാരെ അയച്ചതിനുശേഷം വേറെ എഴുപത്തിരണ്ടുപേരെ അയയ്ക്കുന്നതായി അവിടെ വായിക്കാന്‍ സാധിക്കും. ഈ എഴുപത്തിരണ്ടുപേര്‍ മടങ്ങിവന്നു പറഞ്ഞത് ശ്രദ്ധിക്കുക: "യേഹ്ശുവായേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍പോലും ഞങ്ങള്‍ക്കു കീഴ്പ്പെടുന്നു"(ലൂക്കാ: 10; 17). ഈ എഴുപത്തിരണ്ടുപേര്‍ അപ്പസ്തോലന്മാരുടെ ഗണത്തില്‍പ്പെടുന്നവരായിരുന്നില്ല. ഇവരുടെ വാക്കുകള്‍ ശ്രവിച്ച യേഹ്ശുവാ, ഇവരുടെ അധികാരം വര്‍ദ്ധിപ്പിച്ചു നല്‍കുന്നതും ശ്രദ്ധേയമാണ്. ഈ വചനം ശ്രദ്ധിക്കുക: "ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു"(ലൂക്കാ: 10; 19). എഴുപത്തിരണ്ടുപേര്‍ക്കു നല്‍കിയ അധികാരവും ചിലര്‍ ഇന്ന് ഏറ്റെടുത്തുവെന്നതാണ് സത്യം. പിശാചുക്കളെയും അശുദ്ധാത്മാക്കളെയും ബഹിഷ്കരിക്കാനുള്ള അധികാരം സാധാരണ വിശ്വാസികള്‍ക്കില്ലെന്നു വാദിക്കുന്ന ഇക്കൂട്ടരെ മുന്‍കൂട്ടി തിരിച്ചറിഞ്ഞതുകൊണ്ട്, ഈ അധികാരം എല്ലാ വിശ്വാസികള്‍ക്കുമായി യേഹ്ശുവാ വിപുലപ്പെടുത്തി! അവിടുത്തെ വചനം ശ്രദ്ധിക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും; അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും"(മര്‍ക്കോ: 16; 17).

എല്ലാ വിശ്വാസികളുടെമേലുള്ള വിശ്വാസത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ് പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള വരം. ചിലരെങ്കിലും ധരിച്ചിരിക്കുന്നതുപോലെ, വൈദീകര്‍ക്കു മാത്രമായി നിജപ്പെടുത്തിയ വരമാണു ഭൂതോച്ഛാടനത്തിനുള്ള വരമെന്ന് ആരും കരുതരുത്. വൈദീകരെന്നോ സാധാരണ വിശ്വാസികളെന്നോ ഉള്ള വ്യത്യാസമില്ലാതെ, എല്ലാ ദൈവമക്കള്‍ക്കുമായി പരിശുദ്ധാത്മാവു നല്‍കിയിരിക്കുന്ന ദാനമാണ് അവിടുത്തെ വരങ്ങളെല്ലാം! സഭയില്‍ വൈദീകരില്ലാതിരുന്ന കാലത്തും ഭൂതോച്ഛാടനം നടന്നിട്ടുണ്ട്. യേഹ്ശുവായിലുള്ള വിശ്വാസത്താല്‍ മറ്റിതര സഭാശുശ്രൂഷകരും ദുരാത്മാക്കളെ ബഹിഷ്കരിക്കാറുണ്ടെന്നു നമുക്കറിയാം, എന്നാല്‍, കത്തോലിക്കാസഭയിലെ ഏതെങ്കിലും വൈദീകരെ സമീപിച്ച് ദുരാത്മാവിനെ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടാല്‍ നാം പരിഹാസപാത്രമാകും എന്നകാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല! വിശ്വാസികളുടെമേലുള്ള അടയാളങ്ങളില്‍ പ്രഥമ പരിഗണനയോടെ യേഹ്ശുവാ ചൂണ്ടിക്കാണിച്ചത് ഈ അടയാളത്തെയായിരിക്കെ, ഭൂതോച്ഛാടനം അവഗണിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനു വ്യക്തമായ കാരണവുമുണ്ട്. എന്തെന്നാല്‍, ദുരാത്മാക്കളുടെ ബന്ധനത്തില്‍നിന്ന് ഒരുവനെ വിടുവിച്ചാല്‍, അവനെ തന്റെ ഇഷ്ട നിര്‍വ്വഹണത്തിനായി ഉപയോഗിക്കുവാന്‍ സാത്താനു കഴിയുകയില്ല. മരണാര്‍ഹമായ പാപത്തില്‍ മരിച്ചവരുടെ ആത്മാക്കളെയാണു സാത്താന്‍ തന്റെ ഇഷ്ട നിര്‍വ്വഹണത്തിനായി ഉപയോഗിക്കുന്നത്. കാരണം, ഇത്തരം വ്യക്തികള്‍ പൂര്‍ണ്ണമായും സാത്താന്റെ അടിമകളും ദൈവരാജ്യത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരുമാണ്! ഇവരുടെമേലുള്ള എല്ലാ അവകാശങ്ങളും സാത്താനില്‍ നിക്ഷിപ്തവുമാണ്! ആയതിനാല്‍, ഇത്തരം വ്യക്തികളുടെ ആത്മാക്കളെ പിശാച് ഏറ്റെടുത്ത് മറ്റു മനുഷ്യരിലേക്കു കടത്തിവിടും. പാപത്തില്‍ നിപതിക്കുന്ന വ്യക്തികളില്‍ കടന്നുകൂടുന്ന ദുരാത്മാക്കള്‍ ഈ വ്യക്തിയെ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും!

ഒരിക്കല്‍ ഒരു ബാലനില്‍നിന്നു ദുരാത്മാവിനെ പുറത്താക്കാന്‍ യേഹ്ശുവായുടെ ശിഷ്യന്മാരുടെ അടുക്കല്‍ അവനെ കൊണ്ടുവന്നു. എന്നാല്‍, ശിഷ്യന്മാര്‍ക്ക് അതു സാധിച്ചില്ല. ആയതിനാല്‍, ബാലന്റെ പിതാവ് യേഹ്ശുവായെ സമീപിച്ചു പറഞ്ഞു: "ഗുരോ, ഞാന്‍ എന്റെ മകനെ അങ്ങയുടെ അടുത്തു കൊണ്ടുവന്നിട്ടുണ്ട്. മൂകനായ ഒരു ആത്മാവ് അവനെ ആവേശിച്ചിരിക്കുന്നു"(മര്‍ക്കോ: 9; 17). തന്റെ പുത്രനില്‍ ആവേശിച്ചിരിക്കുന്ന ആത്മാവ് മൂകനാണെന്നു പിതാവു മനസ്സിലാക്കിയത്, പുത്രനില്‍ വന്ന ഭാവമാറ്റം കൊണ്ടായിരിക്കാം. മൂകനായ ഒരു വ്യക്തിയുടെ ആത്മാവും മൂകനായിരിക്കും. ഈ ആത്മാവ് ആരില്‍ പ്രവേശിക്കുന്നുവോ, അവനെയും ഈ ആത്മാവു മൂകനാക്കും. ഇതാണ് ആത്മാവിന്റെ പ്രവര്‍ത്തനം! ബാലനില്‍നിന്നു ദുരാത്മാവിനെ പുറത്താക്കിക്കൊണ്ട് യേഹ്ശുവാ ഇപ്രകാരം കല്പിച്ചു: "മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്. അപ്പോള്‍ അവനെ ശക്തിയായി നിലത്തു തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തുകൊണ്ട് അതു പുറത്തുപോയി"(മര്‍ക്കോ: 9; 25, 26). ബാലനില്‍ പ്രവേശിച്ചിരുന്ന ആത്മാവ് മൂകനാണെന്നു മാത്രമേ അവന്റെ പിതാവ് അറിഞ്ഞിരുന്നുള്ളൂ. കാരണം, അവന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടത് പിതാവ് അറിഞ്ഞില്ല. എന്നാല്‍, യേഹ്ശുവാ അത് അറിഞ്ഞതുകൊണ്ട്, ആ ആത്മാവിനെ മൂകനും ബധിരനും എന്നു സംബോധനചെയ്തു! ദുരാത്മാക്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന ആധുനീക ദൈവശാസ്ത്രജ്ഞന്മാര്‍ ഒരുകാര്യം വ്യക്തമാക്കുക; എന്തെന്നാല്‍, മൂകനും ബധിരനുമായ ആത്മാവേ എന്നു വിളിച്ചുകൊണ്ട് യേഹ്ശുവാ പുറത്താക്കിയത് ദുരാത്മാവിനെയല്ലേ? അല്ലെങ്കില്‍, സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവന്ന യേഹ്ശുവായ്ക്ക് അബദ്ധം പറ്റിയതാണോ?

ആത്മാക്കളെ വിവേചിക്കുക!

ആത്മാക്കളെ വിവേചിക്കാനുള്ള വരം നല്‍കുന്നത് പരിശുദ്ധാത്മാവാണ്. ഒരുവന്റെ പ്രവര്‍ത്തിയില്‍നിന്ന് അവനില്‍ ആവേശിച്ചിരിക്കുന്ന ആത്മാവിനെ തിരിച്ചറിയാന്‍ സാധിക്കും. കൊലപാതകിയുടെ ആത്മാവ് ആരിലെങ്കിലും പ്രവേശിച്ചാല്‍, ഈ ആത്മാവ് അവനെ കൊലപാതകിയാക്കും. വ്യഭിചാരത്തിന്റെ ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളാണു വ്യഭിചാരികള്‍! മരണമടഞ്ഞ വ്യക്തിയുടെ പ്രധാനപ്പെട്ട പാപത്തിന്റെ പേരിലായിരിക്കും അയാളുടെ ആത്മാവ് അറിയപ്പെടുന്നത്. മന്ത്രവാദം, മദ്യപാനം, വ്യഭിചാരം, വിഗ്രഹാരാധന തുടങ്ങിയ പാപങ്ങളുടെയെല്ലാം മൂലകാരണം ദുരാത്മാക്കളുടെ സ്വാധീനമാണ്. ദുരാത്മാക്കളുടെ സ്വാധീനത്തില്‍ ജീവിക്കുന്ന ഒരുവനു ദൈവത്തിലേക്കു തിരിയാന്‍ സാധിക്കുകയില്ല. ഹോസിയാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ യാഹ്‌വെയെ അറിയുന്നുമില്ല"(ഹോസിയാ: 5; 4). മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "വ്യഭിചാരത്തിന്റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസിയാ; 5;12). ഇത്തരം ആത്മാക്കളുടെ ബന്ധനത്തില്‍ കഴിയുന്നവരെ വിടുവിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല! തങ്ങള്‍ക്ക് എന്തുകൊണ്ടാണ് ആ ബാലനില്‍നിന്നു ദുരാത്മാവിനെ പുറത്താക്കാന്‍ കഴിയാത്തതെന്ന് യേഹ്ശുവായോട് ശിഷ്യന്മാര്‍ ആരാഞ്ഞു. അവിടുന്ന് മറുപടി പറഞ്ഞു: "പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല"(മര്‍ക്കോ: 9; 29). അപകടകാരികളായ ദുരാത്മാക്കളെ ഒരുവനില്‍നിന്നു ബഹിഷ്കരിക്കണമെങ്കില്‍, ശക്തമായ പ്രാര്‍ത്ഥനയും ഉപവാസവും അനിവാര്യമാണ്. വ്യക്തമായ ഒരുക്കത്തോടെയല്ലാതെ ദുരാത്മാക്കളെ പുറത്താക്കാന്‍ മുതിര്‍ന്നാല്‍ അവറ്റകള്‍ നമുക്കുതന്നെ അപകടമായി ഭവിച്ചേക്കാം. ഇക്കാരണത്താലാണ് മുന്‍കാലങ്ങളില്‍ വൈദീകര്‍ ഭൂതോച്ഛാടനത്തെ പ്രോത്സാഹിപ്പിക്കാത്തത്. അന്നത്തെ വൈദീകരെല്ലാം ഭൂതോച്ഛാടനം നടത്താന്‍ തയ്യാറാകുമായിരുന്നു. ആയതിനാല്‍ത്തന്നെ, വിശ്വാസികളെല്ലാം ഭൂതോച്ഛാടകരായില്ലെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല; വൈദീകര്‍ ചെയ്യുകയുമില്ല, ചെയ്യുന്നവരെ അതിന് അനുവദിക്കുകയുമില്ല!

ദുരാത്മാക്കളുടെ തടവറയില്‍ കഴിയുന്ന വ്യക്തികളെ രക്ഷിക്കുകയെന്നത് ഓരോ ക്രൈസ്തവന്റെയും ചുമതലയാണ്. ദുരാത്മാക്കളില്‍നിന്ന് ഒരുവനെ മോചിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍, അവനില്‍ കുടികൊള്ളുന്ന ആത്മാവ് അവനെ നിത്യനാശത്തിലേക്കു നയിക്കും. ഇവരുടെ രക്ഷ മുന്നില്‍ക്കണ്ടാണ് യേഹ്ശുവാ നമുക്ക് ആത്മാക്കളുടെമേലും പിശാചുക്കളുടെമേലും അധികാരം നല്‍കിയിരിക്കുന്നത്! ദുഷ്ടാത്മാക്കളെയും ദയ അര്‍ഹിക്കുന്ന ആത്മാക്കളെയും വിവേചിച്ചറിയണം. ദുഷ്ടാത്മാക്കളോടു കരുണ കാണിക്കാന്‍ ശ്രമിച്ചാല്‍ നാം അപകടത്തില്‍ അകപ്പെടും. ദുരാത്മാക്കളെ രക്ഷിക്കാന്‍ ഒരിക്കലും യേഹ്ശുവാ തയ്യാറായിട്ടില്ല. ശാസിക്കുകയും പുറത്താക്കുകയും ബന്ധിക്കുകയുമൊക്കെയാണ് അവിടുന്ന് ചെയ്തത്. അതിനാല്‍, അതിനപ്പുറമുള്ള സാഹസങ്ങള്‍ക്കൊന്നും നാം മുതിരരുത്! എന്നാല്‍ മരണാര്‍ഹരല്ലാത്ത ആത്മാക്കളെ വിവേചിച്ച് അവരോടു കരുണ കാണിക്കാന്‍ നാം തയ്യാറാകണം!

മരണാര്‍ഹരല്ലാത്തവരുടെ ആത്മാക്കള്‍ നിര്‍ദോഷരോ?

മരണാര്‍ഹരല്ലാത്ത വ്യക്തികളുടെ ആത്മാക്കള്‍ നമ്മെ അസ്വസ്തപ്പെടുത്തുമെങ്കിലും, അത് അവരുടെ രക്ഷയ്ക്കുവേണ്ടി നമ്മോടു നടത്തുന്ന യാചനയാണ്! നമുക്കു മാരകമായതൊന്നും ഈ ആത്മാക്കളില്‍നിന്നു പുറപ്പെടാറില്ല. എന്നാല്‍, മരണത്തിനര്‍ഹാമായ പാപം ചെയ്യുന്നവരുടെ ആത്മാക്കള്‍ ആരിലെങ്കിലും പ്രവേശിച്ചാല്‍ അവനെ അതു നരകത്തിലേക്കു നയിക്കും. ഈ ആത്മാവ് ശരീരത്തോടുകൂടി ഈ ഭൂമുഖത്തു ജീവിച്ചപ്പോള്‍ വ്യഭിചാരിയായിരുന്നുവെങ്കില്‍ മരണാനന്തരം ഈ ആത്മാവ് വ്യഭിചാരദുര്‍ഭൂതമായി മാറും. ഈ ആത്മാവ് ആരിലെങ്കിലും പ്രവേശിച്ചാല്‍, താന്‍ താന്‍ വാസമുറപ്പിച്ച വ്യക്തിയെ വ്യഭിചാരിയാക്കി മാറ്റും. ഏതുവിധത്തിലുള്ള പാപങ്ങളില്‍ വ്യാപരിച്ചുവോ, അതേ പാപത്തില്‍ താന്‍ ആവസിക്കുന്ന വ്യക്തിയെ കെട്ടിയിടുക എന്നതാണ് ആത്മാക്കളുടെ രീതി! ഇത്തരം ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ഇവരോടു കാരുണ്യം കാണിക്കുകയോ ചെയ്യരുത്. ഇതുപോലുള്ള ആത്മാക്കളോട് ആരെങ്കിലും കരുണകാണിച്ചാല്‍, അവനോടു കരുണ കാണിക്കുന്നവന്റെമേല്‍ കടന്നുകൂടി അവനെ നശിപ്പിക്കും. ഇത്തരം ആത്മാക്കളെയാണ് യേഹ്ശുവാ ശാസിച്ചു പുറത്താക്കിയത്!

എന്നാല്‍, മരണകരമാല്ലാത്ത പാപങ്ങളില്‍ മരിച്ചവരുടെ ആത്മാക്കള്‍ അപകടകാരികളല്ല! ആത്മാക്കളുടെ മേഖലകളില്‍ ശുശ്രൂഷ ചെയ്യുന്നവരെ ഈ ആത്മാക്കള്‍ക്ക് അറിയാം. തങ്ങളെ ബന്ധനത്തില്‍നിന്നു മോചിപ്പിക്കാന്‍ കഴിവുള്ളവരെ ഈ ആത്മാക്കള്‍ സമീപിക്കും. ആത്മാക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ആത്മീയജ്ഞാനം ലഭിച്ചിട്ടുള്ളവരെ ഈ ആത്മാക്കള്‍ക്കറിയാവുന്നതുപോലെ, ഈ ആത്മാക്കളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ശുശ്രൂഷകര്‍ക്കും സാധിക്കും. തങ്ങളുടെ സാന്നിധ്യം അറിയിക്കുവാനായി ഈ ആത്മാക്കള്‍ പലവിധത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്! ഇത്തരം അടയാളങ്ങള്‍ എന്തെല്ലാമാണെന്നത് ഈ ലേഖനത്തിലൂടെ പരസ്യമായി പ്രഖ്യാപിക്കാന്‍ മനോവ തയ്യാറല്ല! കാരണം, മനോവയുടെ വായനക്കാരില്‍ ചിലരെങ്കിലും ആത്മീയതയില്‍ പക്വതപ്രാപിക്കാത്തവരാണ്. പാല് കുടിക്കേണ്ട പ്രായത്തില്‍ കട്ടിയാഹാരം കഴിച്ചതിലൂടെ അപകടത്തില്‍പ്പെട്ട ചിലരെ മനോവയ്ക്കറിയാം. ആയതിനാല്‍, ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ അനിവാര്യതയും, എങ്ങനെയാണ് ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതെന്നും മാത്രമാണ് ഇവിടെ കുറിക്കുന്നത്!

സമ്പൂര്‍ണ്ണ ബൈബിള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് അറിയാന്‍ സാധ്യതയുള്ള പുസ്തകങ്ങളാണ് മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങള്‍! വളരെ ശ്രേഷ്ഠമായ ഈ പുസ്തകങ്ങളെ തള്ളിക്കളഞ്ഞവരുടെ ചെയ്തികളെ ഇവിടെ വിമര്‍ശനത്തിനു വിധേയമാക്കുന്നില്ല. എന്നാല്‍, നാമിവിടെ ചിന്തിക്കുന്ന കാര്യങ്ങളെ സാധൂകരിക്കുന്നതിനായി ഈ പുസ്തകം തുറക്കേണ്ടിയിരിക്കുന്നു. ആത്മശക്തിയും പ്രത്യാശയും പകര്‍ന്നുനല്‍കുന്ന അനേകം വാക്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. സത്താനെതിരേയുള്ള പോരാട്ടത്തിനു നമ്മെ ശക്തരാക്കുന്ന വചനങ്ങളും ഈ പുസ്തകത്തില്‍ വായിക്കാന്‍ കഴിയും. നാം ചിന്തിക്കുന്ന വിഷയവുമായി ബന്ധമില്ലെങ്കിലും, ഈ പുസ്തകത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നതിനായി ഒരു വാക്യം ശ്രദ്ധിക്കുക: "നമ്മുടെ ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വ്വശക്തനിലാണു നമ്മുടെ പ്രത്യാശ"(2 മക്കബായര്‍: 8; 18). മക്കബായരുടെ പുസ്തകത്തിലെ ആത്മാവിന്റെ കൈയ്യോപ്പുള്ള അനേകം വചനങ്ങളിലൊന്നാണ് ഇവിടെ കുറിച്ചത്. യാതൊരു കഴമ്പുമില്ലാത്ത യുക്തിചിന്തകളെ പ്രമാണങ്ങളാക്കിയവരാണ് ഈ പുസ്തകത്തെ നിഷേധിച്ചതെന്നു വെളിപ്പെടുത്താന്‍ മാത്രമാണ് ഈ വചനം ഇവിടെ കുറിച്ചത്. ഇനി വിഷയത്തിലേക്കു കടക്കാം.

ഗ്രീക്കുകാര്‍ തങ്ങളുടെ യവനാചാരങ്ങള്‍ യഹൂദരുടെമേല്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കുകയും, അതിനു തയ്യാറാകാതിരുന്നവരെ കഠിനമായി പീഡിപ്പിക്കുകയും ചെയ്തത് ബി. സി. 175 കാലഘട്ടത്തിലാണ്. മതപീഡനങ്ങള്‍ക്കെതിരേ മക്കബായന്‍ എന്നുകൂടി പേരുള്ള യൂദാസിന്റെ നേതൃത്വത്തില്‍ സംഘംചേര്‍ന്നു. യൂദാസിനോടൊപ്പം അണിചേര്‍ന്നവരെല്ലാം 'മക്കബായര്‍' എന്നപേരില്‍ അറിയപ്പെട്ടു. യൂദാസിന്റെ നേതൃത്വത്തില്‍ യഹൂദര്‍ നടത്തിയ ചെറുത്തുനില്പിന്റെ ചരിത്രമാണ് മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങള്‍! ഈ പുസ്തകത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. മരിച്ചവര്‍ക്കുവേണ്ടി പാപപരിഹാരബലി അര്‍പ്പിക്കുന്നതാണ് സംഭവം. അതായത്, യേഹ്ശുവാ വരുന്നതിന് ഒന്നര നൂറ്റാണ്ടു മുന്‍പ് ഇത്തരമൊരു പതിവ് യഹൂദരുടെയിടയില്‍ ഉണ്ടായിരുന്നുവെന്നതാണ് ഈ ബലിയിലൂടെ നമുക്ക് വെളിപ്പെടുന്നത്! യുദ്ധത്തില്‍ മൃതിയടഞ്ഞവരുടെ ശരീരങ്ങള്‍ സംസ്കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍, മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍ യഹൂദര്‍ക്കു നിഷിദ്ധമായ വിഗ്രഹങ്ങള്‍ കണ്ടു. ഇവരുടെ മരണത്തിനു കാരണം ഈ വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമാണെന്നു യൂദാസ് തിരിച്ചറിഞ്ഞു. കാരണം, ദൈവജനത്തിന്റെ സംഭവബഹുലമായ ചരിത്രത്തിലുടനീളം വിഗ്രങ്ങള്‍മൂലം അവര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. വിഗ്രഹങ്ങള്‍ മുഖാന്തിരം മരണമടഞ്ഞ ആളുകളുടെ പാപപരിഹാരത്തിനായി യൂദാസ് ചെയ്തത് എന്താണെന്നു നോക്കുക: "അനന്തരം അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവുംതന്നെ. മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല്‍, ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്. അതിനാല്‍, മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മ്മം അനുഷ്ഠിച്ചു"(2 മക്കബായര്‍: 12; 43-45).

മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് മഹാപരാധമായി കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് മക്കബായരുടെ പുസ്തകങ്ങള്‍പോലും നിഷിദ്ധമാണ്. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഫലമില്ലെന്നുതന്നെ കരുതുക; എന്നിരുന്നാലും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് പാപമാകുമെന്നു കരുതാന്‍ മനോവയ്ക്കു സാധിക്കില്ല! മരണാനന്തരവും പാപമോചനം ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടെത്തിക്കഴിഞ്ഞു. ആയതിനാല്‍, ഈ സത്യത്തെ നാം മുറുകെപ്പിടിച്ചേ തീരൂ! മക്കബായരുടെ പുസ്തകങ്ങളെ വലിച്ചെറിഞ്ഞവര്‍ക്ക് എടുത്തുകളയാന്‍ കഴിയാത്ത മറ്റൊരു പുസ്തകം ബൈബിളിലുണ്ട്. അപ്പസ്തോലനായ പൗലോസ് കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാം പുസ്തകത്തിലെ ഉദ്ധരണി നോക്കുക: "അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്‌നാനം സ്വീകരിക്കണം?"(1 കോറി: 15; 29). യേഹ്ശുവായ്ക്കു മുന്‍പ് മരിച്ചവര്‍ക്കുവേണ്ടി ബലിയര്‍പ്പിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ പരിഹസിക്കുന്നവര്‍ക്കു പറയാന്‍ ഇനിയെന്തെങ്കിലുമുണ്ടോ? പൗലോസ് അപ്പസ്തോലന്റെ കാലത്ത് കോറിന്തോസിലെ ദൈവസഭയില്‍ നിലനിന്നിരുന്ന ഈ വിശ്വാസാചാരത്തെ അപ്പസ്തോലന്‍ നിഷേധിക്കുന്നില്ല. തെറ്റാണെന്നു തോന്നുന്നത് ആരുടേയും മുഖംനോക്കാതെ വിളിച്ചുപറയാന്‍ മടിക്കാതിരുന്ന പൗലോസില്‍നിന്ന് ഒരു നിഷേധവാക്കുപോലും പുറപ്പെടുന്നുമില്ല! മരിച്ചവര്‍ക്കുവേണ്ടി ജീവിച്ചിരിക്കുന്നവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് ദൈവത്തിനു സ്വീകാര്യമാണെങ്കില്‍, മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് ശ്രേഷ്ഠവും പാവനവുംതന്നെ! മരിച്ചവര്‍ക്കുവേണ്ടിയുള്ള ജ്ഞാനസ്നാനത്തെ സംബന്ധിച്ചുള്ള വിവരണത്തില്‍ ഈ വിഷയം കൂടുതലായി ചര്‍ച്ചചെയ്യേണ്ടതിനാല്‍ അടുത്ത ഭാഗത്തേക്കു കടക്കുകയാണ്!

മരിച്ചവര്‍ക്കുവേണ്ടി ഏതുവിധത്തിലുള്ള പ്രാര്‍ത്ഥനകളാണ് അഭികാമ്യമെന്നും, എന്താണു പ്രാര്‍ത്ഥിക്കേണ്ടതെന്നും നോക്കാം. പരിശുദ്ധ കത്തോലിക്കാസഭയുടെ പ്രാര്‍ത്ഥന ഏതുവിധത്തിലാണെന്നു വായനക്കാരില്‍ മിക്കവര്‍ക്കും അറിവുള്ളതാണ്. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് എന്ന മുഖവുരയോടെയാണ് സഭയുടെ പ്രാര്‍ത്ഥന ആരംഭിക്കുന്നത്. വിശ്വാസികളായിരുന്നുവെങ്കിലും പൂര്‍ണ്ണമായി നീതീകരിക്കപ്പെടാതെ മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കുവേണ്ടിയാണ് ദൈവസന്നിധിയില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നത്! നമ്മുടെ ജീവിതത്തിലെ പല കെട്ടുകളില്‍നിന്നും വിടുതല്‍ പ്രാപിക്കുന്നതിന് ഈ പ്രാര്‍ത്ഥന ഏറെ സഹായകമാണ്. കാരണം, പൂര്‍വ്വീകരില്‍ ചിലരെങ്കിലും വിധികാത്തു കഴിയുന്നവരായിരിക്കാം. ഇവര്‍ക്ക് മോചനം ലഭിക്കാത്തതുമൂലം ഇവരുടെ ജീവിച്ചിരിക്കുന്ന തലമുറയുടെമേല്‍ ഇവര്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരത്തിലുള്ള സ്വാധീനങ്ങള്‍മൂലം ഉയര്‍ച്ച പ്രാപിക്കുവാന്‍ സാധിക്കാത്തവരും പാരമ്പര്യ രോഗങ്ങള്‍ വഹിക്കുന്നവരുമായി തലമുറകള്‍ ഞെരുക്കപ്പെടുന്നു. പൂര്‍വ്വീക ശാപങ്ങള്‍ എന്നപേരില്‍ പരിതപിക്കുന്നതിനുപകരം പൂര്‍വ്വീകരുടെ ആത്മാക്കളുടെ കെട്ടുകള്‍ അഴിച്ചുവിടുകയാണ് ചെയ്യേണ്ടത്. മോശപ്രവാചകനിലൂടെ യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ഇപ്രകാരമാണ്: "എന്തെന്നാല്‍,  ഞാന്‍ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും. എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും"(പുറ:20;5,6).

എസക്കിയേല്‍ പ്രവാചകന്റെ പ്രവചനം ഉദ്ധരിച്ചുകൊണ്ട് ഈ നിയമത്തെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. പ്രവചനം ഇപ്രകാരമാണ്: "പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്?  ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു;  ഞാനാണേ,  ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല"(എസക്കി:18;1-3). എസക്കിയേല്‍ പ്രവാചകന്‍ ഒരു പ്രവചനം നടത്തുകയായിരുന്നു. പ്രവചനങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നത് യേഹ്ശുവായിലാണെന്നു നമുക്കറിയാം. ആദത്തിലൂടെ മാനവരാശിയെ ഗ്രസിച്ച പാപം യേഹ്ശുവായിലൂടെ മാത്രമാണു പരിഹരിക്കപ്പെട്ടത്. അല്ലായിരുന്നുവെങ്കില്‍ എസക്കിയേല്‍ പ്രവാചകന്റെ പ്രവചനത്തിനുശേഷം പൂര്‍വ്വീക പാപത്തിന്റെ ശാപം മനുഷ്യരില്‍നിന്ന് എന്നെന്നേക്കുമായി നീങ്ങിപ്പോകുകയും യേഹ്ശുവായുടെ കുരിശുമരണത്തിന്റെ അനിവാര്യത ഇല്ലാതാകുകയും ചെയ്യുമായിരുന്നു. എസക്കിയേല്‍ പ്രവാചകന്‍ പ്രവചിച്ചത് യേഹ്ശുവായിലൂടെ അന്വര്‍ത്ഥമാകാനിരിക്കുന്ന വിടുതലിനെക്കുറിച്ചായിരുന്നു! ശാപം നീങ്ങിപ്പോകുന്നത് എങ്ങനെയാണെന്ന വെളിപ്പെടുത്തലും പ്രവാചകന്‍ നല്‍കിയിട്ടുണ്ട്. മുന്നോട്ടുള്ള വചനങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. പിതാക്കന്മാരുടെ ചെയ്തികളില്‍നിന്നു പിന്മാറുകയും നീതിപൂര്‍വ്വം ജീവിക്കുകയും ചെയ്യുമ്പോഴാണ് ശാപം നീങ്ങിപ്പോകുന്നത്. ചെറിയ വിവരണത്തിലൂടെ ഈ പ്രക്രിയയെ തുറന്നുകാണിക്കുകയെന്നത് ശ്രമകരമാണ്. മാത്രവുമല്ല, ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്നു നാം അകന്നുപോവുകയും ചെയ്യും. ആയതിനാല്‍, പൂര്‍വ്വീക ശാപങ്ങളെ സംബന്ധിച്ചുള്ള ലേഖനത്തിനായി ഈ ലിങ്ക് സന്ദര്‍ശിക്കുക: പിതാക്കന്മാര്‍ തിന്ന `പച്ചമുന്തിരിയും`, മക്കളുടെ `പല്ലും`!

മൂന്നും നാലും തലമുറകള്‍വരെ നീണ്ടുനില്‍ക്കുന്ന ശാപത്തില്‍നിന്നു വിടുതല്‍ നല്‍കുന്നത് യേഹ്ശുവായാണ്. എന്നാല്‍, പൂര്‍വ്വീകരോടു നമുക്ക് വലിയ കടപ്പാടുണ്ട്. കാരണം, ശാപത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനോടൊപ്പം അനുഗൃഹത്തിന്റെ വാഗ്ദാനവും യാഹ്‌വെ നല്‍കിയിട്ടുണ്ട്. നാമോരോരുത്തരും ഈ അനുഗ്രഹങ്ങളുടെ ഗുണഭോക്താക്കളുമാണ്! ശാപങ്ങള്‍ ഏഴു തലമുറകളിലായി ചുരുക്കിയെങ്കില്‍, ആയിരം തലമുറകളിലേക്കു വിശാലപ്പെടുത്തിയാണ് അനുഗൃഹം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്! ആയതിനാല്‍, പൂര്‍വ്വീകര്‍ ചെയ്ത നന്മയുടെ ഫലം ആവോളം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണു നാമെല്ലാം. പൂര്‍വ്വീകരുടെ നന്മകള്‍ ആസ്വദിക്കുന്നതിനാല്‍ത്തന്നെ, അവരുടെ കടം ഇളച്ചുകൊടുക്കാനുള്ള ധാര്‍മ്മീകമായ ഉത്തരവാദിത്വം നമുക്കുണ്ട്! പിതാക്കന്മാര്‍ സമ്പാദിച്ച സ്വത്തുവകകള്‍ മക്കള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, പിതാക്കന്മാരുടെ ബാധ്യതകള്‍ തീര്‍ക്കാനുള്ള ഉത്തരവാദിത്വവും മക്കള്‍ക്കുണ്ട്. ഉദാഹരണത്തിന്, വളരെയധികം സമ്പത്തും ചില ബാധ്യതകളും അവശേഷിപ്പിച്ചാണ് ഒരു പിതാവ് മരിക്കുന്നത് എന്നിരിക്കട്ടെ. ഇയാളുടെ അവശേഷിപ്പിച്ച സമ്പത്തിന്റെയും ബാധ്യതയുടെയും അവകാശികള്‍ മക്കളാണ്! പിതാക്കന്മാര്‍ ധാര്‍മ്മീകാമോ അധാര്‍മ്മികാമോ ആയി സമ്പാദിച്ച സമ്പത്താകാം മക്കള്‍ ഇന്ന് അനുഭവിക്കുന്നത്! അതിനാല്‍ത്തന്നെ, പിതാവിന്റെ ധാര്‍മ്മീകതയുടെയും അധാര്‍മ്മീകതയുടെയും ഓഹരികളില്‍ല്‍നിന്നു വിരമിക്കാന്‍ മക്കള്‍ക്കു സാധിക്കില്ല!

മരിച്ചവര്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകളില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് മാതാപിതാക്കള്‍ക്കും പൂര്‍വ്വീകര്‍ക്കുമാണ്! ഇത് ഓരോ വ്യക്തിയുടെയും ബാധ്യതയുമാണ്! അപ്പോള്‍ മാത്രമാണ് അവരിലൂടെ നമ്മിലേക്കു കടന്നുവന്നിട്ടുള്ള ശാപങ്ങളില്‍നിന്നു വിടുതല്‍ പ്രാപിക്കുകയുള്ളൂ! മരിച്ചവര്‍ക്കുവേണ്ടി ഒരേയൊരു വിഷയത്തില്‍ മാത്രമേ നാം പ്രാര്‍ത്ഥിക്കേണ്ടതുള്ളൂ. അന്ത്യവിധിദിനത്തില്‍ യേഹ്ശുവായോടൊപ്പം നിത്യസൗഭാഗ്യത്തില്‍ അവരെയും പങ്കാളികളാക്കണമേ എന്ന പ്രാര്‍ത്ഥനയാണിത്‌! ഏഴു തലമുറകളിലായി 254 വ്യക്തികളുടെ ശാപങ്ങളും ആയിരം തലമുറകളുടെ അനുഗ്രഹവും വഹിക്കുന്നവരാണ് ഓരോ വ്യക്തികളും. കോടിക്കണക്കിനു വ്യക്തികളില്‍നിന്നുള്ള അനുഗ്രഹം സ്വീകരിച്ചുകൊണ്ടാണ് 254 വ്യക്തികളുടെ ശാപം വഹിക്കുന്നത്! ഈ ശാപത്തില്‍നിന്നു വിടുതല്‍ പ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗമാണ് യേഹ്ശുവാ മ്ശിഹാ! അവിടുന്ന് ഈ ഭൂമിയില്‍ ആയിരം വര്‍ഷം ഭരണം പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ അന്ത്യവിധിയാണെന്നു നാം മനസ്സിലാക്കി. ഈ വിധിയ്ക്കായി ഉത്ഥാനം ചെയ്യുന്നവരുടെ ഗണത്തില്‍ നമ്മുടെ പൂര്‍വ്വീകരുമുണ്ടാകും. ഇന്ന് അവര്‍ നമ്മുടെ കാരുണ്യത്തിനായി കൈനീട്ടുകയാണ്. അവര്‍ക്ക് അവകാശപ്പെട്ട പ്രാര്‍ത്ഥനകള്‍ യേഹ്ശുവായുടെ സന്നിധിയില്‍ നാം അര്‍പ്പിച്ചാല്‍, നമ്മുടെമേലുള്ള ശാപങ്ങള്‍ നീങ്ങിപ്പോകും!

മരണാനന്തരമുള്ള ക്ഷമയെക്കുറിച്ചുള്ള അനേകം സൂചനകള്‍ ബൈബിളിലുണ്ടെങ്കിലും അവയെല്ലാം ഇവിടെ കുറിക്കുന്നില്ല. എന്നിരുന്നാലും, ഒരു വചനംകൂടി കുറിക്കുന്നു: "അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു"(മത്താ: 5; 26). കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവനുവേണ്ടി ആരാണ് പിഴയടയ്ക്കുന്നത്? തുറന്ന മനസ്സോടെ ചിന്തിച്ചുനോക്കുക! മരണാനന്തരം ഒരു ക്ഷമ ഇല്ലെന്നിരിക്കട്ടെ. എന്നാല്‍, പുനരുത്ഥാനത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് ആരെങ്കിലും തങ്ങളുടെ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അതു പാപമാകുമെന്നു മനോവ കരുതുന്നില്ല. അങ്ങനെയൊരുവനെ ശിക്ഷിക്കുന്ന ദൈവത്തിലല്ല മനോവയുടെ പ്രത്യാശയും വിശ്വാസവും! മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരെ കാണുമ്പോള്‍ അസ്വസ്ഥരാകുന്ന ചില പുത്തന്‍ വിശ്വാസികളെ മനോവ കണ്ടിട്ടുണ്ട്. എന്താണ് ഇവരുടെ അസഹിഷ്ണുതയുടെ ആധാരമെന്നു മനോവയ്ക്കറിയാം!

ആത്മാക്കളോടുള്ള സുവിശേഷ പ്രഘോഷണം!

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും. എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു. ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു"(യോഹ: 5; 25-28). എന്താണ് ഈ വചനത്തില്‍നിന്നു നാം മനസ്സിലാക്കേണ്ടത്! ദൈവപുത്രന്റെ സ്വരം കേള്‍ക്കുന്നവര്‍ ജീവിക്കും എന്നുതന്നെയാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്. ദൈവപുത്രന്റെ സ്വരം എന്നത് സുവിശേഷമാണ്. ഇന്ന് ഈ സുവിശേഷം പ്രസംഗിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് നാം ഓരോരുത്തരുമാണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. യേഹ്ശുവായുടെ ശബ്ദമാണ് സുവിശേഷകന്റെ വായില്‍നിന്നു പുറപ്പെടുന്നത്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു"(മത്താ: 10; 40). അങ്ങനെയെങ്കില്‍, മരിച്ചവര്‍ ഇന്നു ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്നത് നമ്മിലൂടെയാണ്!

ബന്ധനസ്ഥരായ ആത്മാക്കളോട് യേഹ്ശുവാ സുവിശേഷം പ്രസംഗിച്ചുവെങ്കില്‍, നാം ഓരോരുത്തരും ഈ ശുശ്രൂഷയ്ക്കുകൂടിയാണു വിളിക്കപ്പെട്ടിരിക്കുന്നത്. അവിടുത്തെ വാക്കുകള്‍ ശ്രവിക്കുക: "എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്‍റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയേക്കാള്‍ വലിയവയും അവന്‍ ചെയ്യും"(യോഹ:14;12). അവിടുന്ന് ചെയ്തിട്ടുള്ളവയൊക്കെ അവിടുത്തെയ്ക്കുവേണ്ടി തുടരുകയെന്നതാണ് നമ്മെക്കുറിച്ചുള്ള ദൈവഹിതം! പാതാളത്തിലായിരിക്കുന്ന ആത്മാക്കളെത്തേടി പാതാളത്തില്‍ നാം ഇറങ്ങേണ്ടതില്ല; എന്തെന്നാല്‍, ദൈവത്തിന്റെ വചനത്തിനു കടന്നുചെല്ലാന്‍ കഴിയാത്ത ഒരിടവുമില്ല! "അങ്ങയില്‍നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടുഞാന്‍ എവിടെ ഓടിയൊളിക്കും? ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നുവസിച്ചാല്‍ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും"(സങ്കീ: 139; 7-10). ആയതിനാല്‍, സകല ആത്മാക്കളും യേഹ്ശുവായുടെ നാമത്തില്‍ വചനം കേള്‍ക്കട്ടെ!

മരിച്ചവര്‍ക്കും ജ്ഞാനസ്നാനം!

മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനെക്കുറിച്ചു നാം വായിച്ചു. പൗലോസ് അപ്പസ്തോലന്റെ കാലത്തു സഭയില്‍ നിലനിന്നിരുന്ന ഈ ആചാരം എങ്ങനെ അവഗണിക്കപ്പെട്ടു? മരിച്ചുപോയവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കാനും അവര്‍ക്കു സ്നാനം നല്‍കുവാനും സാധിക്കില്ലെന്ന് ആരും കരുതരുത്. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നമുക്കു സാധിക്കുന്ന ശുശ്രൂഷയാണ് മരിച്ചവര്‍ക്കുവേണ്ടിയുള്ള ജ്ഞാനസ്നാനം! കഴിഞ്ഞ ഇരുപതു വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മനോവ ഇതു പ്രഖ്യാപിക്കുന്നത്!

ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാത്ത ആരും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുകയിലെന്നു പ്രഖ്യാപിച്ചിരിക്കുന്നത് യേഹ്ശുവായാണ്! സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും കയ്യാളുന്നവന്റെ വാക്കിനെ അസാധുവാക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിനാല്‍ത്തന്നെ, പ്രായഭേദമന്യേ ആരെങ്കിലും സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കുന്നുണ്ടെങ്കില്‍, അവരെല്ലാം ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ളവര്‍ മാത്രമായിരിക്കും. അമ്മയുടെ ഉദരത്തില്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നതിനുമുമ്പ് വധിക്കപ്പെടുന്ന ശിശുക്കള്‍ക്കുപോലും ഇതു ബാധകമാണ്! ശിശുസ്നാനത്തെ നിഷേധിക്കുന്ന അനേകം പുതുതലമുറ സഭകളുണ്ടെന്നു നമുക്കറിയാം. ഇക്കൂട്ടരുടെ യുക്തിയിലുദിച്ച പ്രായപരിധിയും സ്നാനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായം നിശ്ചയിച്ചതെന്ന് ഇവര്‍ക്കാര്‍ക്കും അറിയുകയുമില്ല. എന്നാല്‍, ഇവര്‍ക്ക് ഒന്നറിയാം; അത് ഈ വചനമാണ്: "വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 16). ഇക്കാര്യത്തില്‍ മനോവയ്ക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ല. കാരണം, ക്രൈസ്തവരല്ലാത്ത ഒരു ജനതയുടെ അടുക്കലേക്കു ശിഷ്യന്മാരെ അയച്ചുകൊണ്ട് യേഹ്ശുവാ പറഞ്ഞ വാക്കുകളാണിത്! സുവിശേഷം പ്രസംഗിക്കുകയും, ഈ പ്രസംഗം കേട്ടു വിശ്വസിക്കുന്നവരെ സ്നാനപ്പെടുത്തുവാനുമാണ് യേഹ്ശുവാ ആഹ്വാനംചെയ്തത്! അന്നത്തെ ശിഷ്യന്മാര്‍ക്ക് ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനുള്ള ആത്മാവിന്റെ നിറവുണ്ടായിരുന്നതുകൊണ്ട്, വിശ്വസിച്ചവര്‍ക്കും അവരുടെ കുടുംബം മുഴുവനും സ്നാനം നല്‍കി! പൗലോസിനെയും സീലാസിനെയും ബന്ധിച്ചിട്ടിരുന്ന തടവറയുടെ കാവല്‍ക്കാരന്‍ ഇപ്രകാരം അവരോടു ചോദിച്ചു: "യജമാനന്മാരേ, രക്ഷപ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? അവര്‍ പറഞ്ഞു: രക്ഷകനായ യേഹ്ശുവായില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 16;30, 31). പിന്നീട് എന്താണു സംഭവിച്ചതെന്നു നോക്കുക: "അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു"(അപ്പ. പ്രവര്‍: 16; 33).

അവന്റെ ഭവനത്തില്‍ കുഞ്ഞുങ്ങളുണ്ടായിരുന്നോ എന്ന് മനോവയ്ക്കറിയില്ല! എന്നാല്‍, ഒരുകാര്യം വളരെ വ്യക്തമായി അറിയാം. സ്നാനം സ്വീകരിക്കാത്ത ആരും ദൈവരാജ്യം കാണുകയില്ല! എന്തെന്നാല്‍, മനോവ ഏറ്റവും വിലമതിക്കുന്നത് യേഹ്ശുവായുടെ വാക്കുകളെയാണ്! ഈ വചനം ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയില്ല"(യോഹ: 3; 3). ദൈവരാജ്യം കാണാന്‍പോലും കഴിയില്ലെങ്കില്‍ അതിലെങ്ങനെ പ്രവേശിക്കും? ബൈബിളില്‍ ഒരിടത്തും സ്നാനത്തിനു പ്രായം നിശ്ചയിച്ചിട്ടില്ല! ശിശുസ്നാനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരണത്തിലേക്കു കടക്കുന്നില്ല. എങ്കിലും ഒരു ചോദ്യം ഇവിടെ ഉയര്‍ത്തുകയാണ്. ശിശുക്കള്‍ക്കു സ്നാനം കൊടുത്തു എന്നതിന്റെപേരില്‍ ആരെയെങ്കിലും ദൈവം ശിക്ഷിക്കുമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ ഒരു ചോദ്യംകൂടി: പിന്നെ എന്തിനാണു ശിശുസ്നാനം എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിറയ്ക്കുകയും ഉറഞ്ഞുതുള്ളുകയും ചെയ്യുന്നത്? ജ്ഞാനസ്നാനത്തെ സംബന്ധിച്ചു കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: 'ജ്ഞാനസ്നാനവും സഭകളുടെ അബദ്ധപ്രബോധനങ്ങളും!'

മരിച്ചവര്‍ക്കുള്ള സ്നാനത്തെക്കുറിച്ചുള്ള ചിന്തയിലേക്കുതന്നെ മടങ്ങിവരാം. ശിശുക്കള്‍ക്കുപോലും സ്നാനം കൊടുക്കാന്‍ തയ്യാറാകാതെ ബന്ധനത്തില്‍ കഴിയുന്നവരോട് മരിച്ചവര്‍ക്കുവേണ്ടിയുള്ള സ്നാനത്തെക്കുറിച്ച് എന്തുപറയാന്‍? ആയതിനാല്‍, സ്നാനത്തെക്കുറിച്ചുള്ള ജ്ഞാനം ലഭിക്കുകയും അതുവഴി ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യവും അനിവാര്യതയും ഗ്രഹിക്കുകയും ചെയ്തിട്ടുള്ളവര്‍ മനോവയുടെ വാക്കുകളെ ഗൗരവമായി പരിഗണിക്കുക. അജ്ഞതയുടെ കാലത്ത് ആരെങ്കിലും ഭ്രൂണഹത്യ ചെയ്യുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ദൈവസന്നിധിയില്‍ പശ്ചാത്തപിക്കുകയും വധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കു സ്നാനം നല്‍കുകയും ചെയ്യുക! അങ്ങനെ ചെയ്തതിന്റെ പേരില്‍ നിങ്ങളെയാരും ശിക്ഷിക്കുകയില്ല. എന്നാല്‍, ഈ കുഞ്ഞുങ്ങളുടെ നിലവിളി ദൈവസന്നിധിയിലേക്ക് ഉയര്‍ന്നാല്‍, നിങ്ങള്‍ നില്‍ക്കുന്നിടത്തെ മണ്ണുപോലും നിങ്ങളെ തിരസ്ക്കരിക്കും! മക്കളേ, ആത്മാവിനു പ്രായമില്ല എന്ന സത്യം നിങ്ങള്‍ ഗ്രഹിക്കുക. കുഞ്ഞുങ്ങള്‍ പാപമില്ലാതെ മരിച്ചാതാണ് എന്നു കരുതി സമാധാനിക്കരുത്. കാരണം, ജന്മപാപത്തില്‍നിന്ന് ആര്‍ക്കും ഒഴിവില്ല!

ഉപസംഹാരം!

യേഹ്ശുവായുടെ മരണത്തിനുശേഷവും സകല മരിച്ചരും നിദ്രയിലാണെന്ന ധാരണ തികച്ചും അടിസ്ഥാനരഹിതമാണ്! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി"(എഫേ: 4; 8). തന്നോടൊപ്പം ക്രൂശിക്കപ്പെട്ട തടവുകാരില്‍ ഒരുവനെയും, പാതാളത്തില്‍ ബന്ധനസ്ഥരായിരുന്ന തടവുകാരില്‍ അനേകരെയും പറുദീസയിലേക്കു കൂട്ടിക്കൊണ്ടുപോയി എന്നത് ബൈബിള്‍ വെളിപ്പെടുത്തുന്ന സത്യമാണ്! മാത്രവുമല്ല, മരണമടഞ്ഞവരില്‍ മരണാര്‍ഹമായ പാപം ചെയ്യാത്തവര്‍ക്ക് രക്ഷയുടെ സാധ്യത തുറന്നിട്ടിരിക്കുന്നതും ബൈബിളിലൂടെ നാം മനസ്സിലാക്കി. അതാണ്‌ രണ്ടാമത്തെ പുനരുത്ഥാനം! മരിച്ചവരോടുള്ള സുവിശേഷപ്രഘോഷണത്തിന്റെ പ്രസക്തിയും ഇതുതന്നെ! ജീവിച്ചിരിക്കുന്നവരും മരണാര്‍ഹമായ പാപം ചെയ്തിട്ടില്ലാത്തവരുമായ വ്യക്തികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അപ്പസ്തോലനായ യോഹന്നാന്‍ ഉപദേശിച്ചു. ഇത്തരം അവസ്ഥയില്‍ മരിച്ചുപോയവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞുകഴിഞ്ഞു. മരിച്ചവര്‍ക്കുവേണ്ടിപ്പോലും ജ്ഞാനസ്നാനം സ്വീകരിച്ചിരിരുന്ന പതിവ് ആദിമസഭയില്‍ ഉണ്ടായിരുന്നുവെങ്കില്‍, ശിശുക്കള്‍ക്കു സ്നാനം നല്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അന്നത്തെ വിശ്വാസികള്‍ തയ്യാറാവുകയില്ലെന്നത് സാമാന്യബുദ്ധിയില്‍ത്തന്നെ ഗ്രഹിക്കാവുന്നതാണ്! ഈ ലേഖനത്തിലൂടെ നാം കണ്ടെത്തിയ സത്യങ്ങളുടെ രത്നച്ചുരുക്കമാണ് ഇവിടെ കുറിച്ചത്! സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6705 views

LOG IN

Lost your password?

SIGN UP

LOST PASSWORD