വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം!

Print By
about

05 - 11 - 2016

"യേഹ്ശുവാ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). യേഹ്ശുവായുടെ വായില്‍നിന്നു പുറപ്പെട്ട ഈ വചനത്തിന്റെ ഉള്‍ക്കാഴ്ചകളിലേക്കുള്ള ഒരു തീര്‍ത്ഥാടനമാണ് ഈ ലേഖനം! വളരെ സ്പഷ്ടമായ വെളിപ്പെടുത്തലാണ് യേഹ്ശുവാ നല്‍കിയിരിക്കുന്നതെങ്കിലും, ഈ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്ന പഠനങ്ങളാണ് ചില ക്രൈസ്തവസഭകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യേഹ്ശുവായെ കൂടാതെയുള്ള രക്ഷയെക്കുറിച്ചു വിജാതിയര്‍ പറയുമ്പോള്‍, അത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമായി കാണാന്‍ കഴിയും. എന്നാല്‍, യേഹ്ശുവായുടെ നാമത്തില്‍ നിലകൊള്ളുന്നവരെന്നു കരുതപ്പെടുന്ന ചില 'കുബുദ്ധികള്‍' നടത്തുന്ന പ്രചരണത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ആയതിനാല്‍, ഈ വിഷയത്തില്‍ വിശദമായ ഒരു പഠനം അനിവാര്യമായിരിക്കുന്നു. വഴി, സത്യം, ജീവന്‍ എന്നീ വിഷയങ്ങളെ വേറിട്ട്‌ പഠിക്കാനായി നമുക്കു തയ്യാറാകാം.

വഴി!

നാം ഇവിടെ അന്വേഷിക്കുന്നത് നിത്യതയിലേക്കുള്ള വഴിയെക്കുറിച്ചാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍. എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്‍മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും"(യോഹ: 10; 7- 9). രക്ഷപ്രാപിക്കാനും നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിക്കുവാനുമുള്ള ഒരേയൊരു മാര്‍ഗ്ഗം താനാണെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നു. പിതാവിന്റെ ആലയത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ടെങ്കിലും അവിടേക്കു പ്രവേശിക്കാന്‍ ഒരേയൊരു വാതിലേയുള്ളൂ! ഈ വാതിലിലൂടെയല്ലാതെ പിതാവിന്റെ ആലയത്തില്‍ പ്രവേശനം സാധ്യമല്ല. എല്ലാ വഴികളും യഥാര്‍ത്ഥ സത്യത്തിലേക്കു നയിക്കുമെന്ന് ആരും കരുതരുത്. നിത്യജീവനിലേക്കുള്ള പ്രവേശനമാണ് ആഗ്രഹിക്കുന്നതെങ്കില്‍, അതിലേക്കുള്ള ഏക മാര്‍ഗ്ഗം അന്വേഷിക്കണം.

നമ്മുടെ രക്ഷ അസാധ്യമാക്കാന്‍ ശ്രമിക്കുന്ന വഞ്ചകര്‍ നമുക്കു ചുറ്റും കറങ്ങിനടക്കുന്നുണ്ട്. എല്ലാ വിശ്വാസങ്ങളും എത്തിച്ചേരുന്നത് ഒരേയൊരു സത്യത്തിലാണെന്നു പറഞ്ഞുനടക്കുന്നവരുടെ ലക്ഷ്യം നാം തിരിച്ചറിയണം. അപ്പസ്തോലനായ പത്രോസ് ഇപ്രകാരം മുന്നറിയിപ്പു തരുന്നു: "നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍"(1 പത്രോ: 5; 7- 9). എല്ലാ വിശ്വാസങ്ങളും രക്ഷയിലേക്കുള്ള മാര്‍ഗ്ഗങ്ങളായിരുന്നുവെങ്കില്‍ നാം എന്തിന് നമ്മുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണം? എല്ലാം രക്ഷയിലേക്കുള്ള പാതകളാണെങ്കില്‍ നാം എന്തിനു മറ്റുള്ളവരെ സുവിശേഷം അറിയിക്കണം? പിതാവിന്റെ ആലയത്തിലേക്കുള്ള വഴി കാണിക്കുവാനുള്ള ഉത്തരവാദിത്തമാണ് യേഹ്ശുവാ നമ്മേ ഭരമേല്‍പിച്ചിരിക്കുന്നത്!

ഈ വചനം നോക്കുക: "ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും"(യോഹ: 8; 12). യേഹ്ശുവായെ അനുഗമിക്കാത്തവര്‍ അന്ധകാരത്തില്‍ തപ്പിത്തടയുന്നവരാണ്. അവര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുകയില്ല. നാം പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള വഴി അറിഞ്ഞിരിക്കുകയെന്നത് അനിവാര്യമായ ഒരു കാര്യമാണ്. അതുപോലെതന്നെ, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ അങ്ങോട്ടുള്ള വാഹനത്തില്‍ കയറണം. വിപരീത ദിശയിലേക്കുള്ള വാഹനത്തില്‍ കയറിയിരുന്ന് എത്ര ആഗ്രഹിച്ചാലും നാം ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല. അതായത്, കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസ്സില്‍ കയറി തിരുവനന്തപുരത്ത് എത്താന്‍ ആഗ്രഹിച്ചാല്‍ അത് സാധിക്കുകയില്ല എന്നു സാരം! ദൈവരാജ്യത്തെയാണ് ലക്ഷ്യംവയ്ക്കുന്നതെങ്കില്‍, അവിടേക്ക് ഒരേയൊരു വഴി മാത്രമേയുള്ളൂ. നമുക്ക് വീടൊരുക്കാന്‍ സ്വര്‍ഗ്ഗത്തിലേക്ക് കയറിപ്പോയവന്‍ വീണ്ടും വരികയും, അവനെ പ്രത്യാശയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കുകയും ചെയ്യും. ഇപ്രകാരം രക്ഷപ്രാപിക്കുന്നവരാണ് അവനോടൊപ്പം നിത്യത ആസ്വദിക്കുന്നത്. എന്തെന്നാല്‍, ബൈബിള്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: "അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ:9;28). യഥാര്‍ത്ഥ വഴിയില്‍നിന്നു വ്യതിചലിച്ചു യാത്രചെയ്യുന്നവരെ നേര്‍വഴിക്കു നയിക്കാനല്ല അവിടുന്ന് വീണ്ടും വരുന്നത്; മറിച്ച്, അവിടുത്തെ വചനത്തില്‍ വിശ്വസിച്ചു കാത്തിരിക്കുന്നവര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനം നിറവേറ്റാനാണ്!

അപഥസഞ്ചാരം നടത്തുന്നവരെ യഥാര്‍ത്ഥ വഴിയിലേക്കു നയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോ ക്രിസ്ത്യാനികളെയും ഭരമേല്പിച്ചിരിക്കുന്നത്‌. യേഹ്ശുവായുടെ സുവിശേഷമാണ് യഥാര്‍ത്ഥ വഴി. ആയതിനാല്‍, ഈ സുവിശേഷം മറ്റുള്ളവരെ അറിയിക്കുക എന്നതില്‍നിന്ന് ക്രിസ്ത്യാനിക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. സകല സൃഷ്ടികളേയും സുവിശേഷം അറിയിക്കാന്‍ പ്രഖ്യാപിച്ച യേഹ്ശുവാ വീണ്ടും അരുളിച്ചെയ്യുന്നു: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). യുഗാന്തവരെ തുടരേണ്ട ഈ ശുശ്രൂഷയില്‍നിന്നു സ്വമേധയാ വിരമിച്ച സഭകള്‍ ഇന്നുണ്ട്. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അപകടകരമായ വാദമാണ് ഇതിനായി ഇവര്‍ ഉയര്‍ത്തുന്നത്. ഇവിടെ തെറ്റുപറ്റിയത് ദൈവമായ യേഹ്ശുവായ്ക്കോ? അവിടുത്തെ വാക്കുകള്‍ ശിരസ്സാവഹിച്ച പ്രിയ ശിഷ്യന്മാര്‍ക്കും തെറ്റുപറ്റിയതായി ചിന്തിക്കേണ്ടിവരും. യഥാര്‍ത്ഥ മാര്‍ഗ്ഗം താന്‍ മാത്രമാണെന്നു പ്രഖ്യാപിച്ചത് സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും അധിപനാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു"(മത്താ: 28; 18). ഇതിനെ നിഷേധിക്കുന്ന അവകാശവാദങ്ങളുമായി ഇന്നുവരെ ഈ ഭൂമിയില്‍ അവതരിച്ചിട്ടില്ല!

ചെറുതും വലുതുമായ അനേകം മതങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. ഇസ്ലാം, ഹിന്ദു, ബുദ്ധ, സിക്ക്, ജൈന എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇവയ്ക്കെല്ലാം പുറമേ മതമില്ലാത്ത മതവുമുണ്ട്. വാസ്തവത്തില്‍ ഈ ലോകത്ത് എത്ര മതമുണ്ടെന്ന് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. ഇവയ്ക്കെല്ലാം ചേര്‍ന്ന് എണ്ണിയാല്‍ ഒടുങ്ങാത്തത്ര ദേവന്മാരും ദൈവങ്ങളും ഉണ്ടെന്നു നമുക്കറിയാം. ഹിന്ദുക്കള്‍ക്കു മാത്രമായി 'മുന്നൂറ്റിമുക്കോടി' ദേവന്മാരാണ് നിലവിലുള്ളത്. മുന്നൂറ്റിമുക്കോടി എന്നാല്‍ എത്രയാണെന്നു മനോവയ്ക്കറിയില്ല! ഹിന്ദു പണ്ഡിതരായി വിഹരിക്കുന്ന ഗോപാലകൃഷ്ണനോ ശശികലയ്ക്കോ അറിയാമെന്നു കരുതുന്നുമില്ല.

മനുഷ്യരുടെ അജ്ഞതയെ ചൂഷണം ചെയ്യുന്ന സാത്താനാണ്‌ എല്ലാ വിജാതിയ മതങ്ങളുടെയും സ്ഥാപകന്‍! ഭൂമിയില്‍ ജനിച്ചു മണ്‍മറഞ്ഞുപോയവരും കഥകളിലെ വീരശൂരപരാക്രമികളായ നായകന്മാരും ദൈവങ്ങളായി പരിണമിച്ചിട്ടുണ്ട്. സിനിമാതാരങ്ങള്‍ക്കുവേണ്ടി അമ്പലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ! ഇവരുടെ പിന്മുറക്കാര്‍ നിര്‍മ്മിച്ച ദേവന്മാരെയാണ് ഇന്നത്തെ തലമുറ ദൈവങ്ങളായി ആരാധിക്കുന്നത്. വിജാതിയരുടെ ദേവന്മാരെക്കുറിച്ച് ബൈബിള്‍ പറയുന്നത് ഇപ്രകാരമാണ്: "അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാരശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിന്മയോ നന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല"(ജറെ: 10; 5). നമ്മുടെമേല്‍ തിന്മയോ നന്മയോ വരുത്താന്‍ ഇവറ്റകള്‍ക്കു ശക്തിയില്ലെങ്കിലും, ഇവയെ ആരാധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നതിലൂടെ പിശാച് അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കും. എന്തെന്നാല്‍, അന്യദേവന്മാരെ ആരാധിക്കുകയോ വിജാതിയരുടെ ആരാധനാരീതികള്‍ അനുകരിക്കുകയോ ചെയ്യുന്നവരില്‍നിന്ന് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ സംരക്ഷണം പിന്‍വലിക്കും! ഈ അവസരം മുതലെടുത്ത്‌ സാത്താന്‍ ഇവരെ കീഴ്പ്പെടുത്തുകയാണു ചെയ്യുന്നത്.

അന്യദേവന്മാരുടെ പിന്നാലെ പോകുന്നവരെ ദൈവം കൈവിടുമെന്ന് പ്രവാചകന്മാരിലൂടെ അവിടുന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്യദേവന്മാരെ അനുഗമിക്കാത്തവര്‍ക്കുള്ള അനുഗ്രഹം എന്താണെന്നു നോക്കുക: "നിങ്ങളുടെതന്നെ നാശത്തിന് അന്യദേവന്മാരുടെ പിറകേ പോകാതിരുന്നാല്‍, ഇവിടെ, നിങ്ങളുടെ പിതാക്കന്മാര്‍ക്കു ഞാന്‍ നല്‍കിയ ഈ ദേശത്ത്, എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും"(ജറെ: 7; 6, 7). അന്യദേവന്മാരിലൂടെ കടന്നുവരുന്ന അപകടങ്ങളാണ് നാം പരിശോധിച്ചത്. ഈ ദേവന്മാര്‍ വ്യര്‍ത്ഥമാണെന്നും നാം കണ്ടു. ഇവരെ അനുഗമിക്കുന്നവര്‍ യഥാര്‍ത്ഥ വഴിയിലല്ല യാത്രചെയ്യുന്നത് എന്ന തിരിച്ചറിവാണ് നമുക്കു വേണ്ടത്. തങ്ങളെ അനുഗമിച്ചാല്‍ ദൈവരാജ്യത്തില്‍ പ്രവേശിപ്പിക്കാമെന്ന് ഈ ദേവന്മാരോ ഇവരുടെ സൃഷ്ടാക്കളോ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇവര്‍ പിശാചുക്കളായതുകൊണ്ടുതന്നെ, ഇവരെ അനുഗമിക്കുന്നവര്‍ നരകത്തില്‍ നിപതിക്കും. എന്തെന്നാല്‍, വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ്! "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13).

മരണാനന്തരം ഒരു ഉയിര്‍പ്പുണ്ടെന്നും, നിത്യരക്ഷയും നിത്യശിക്ഷയും നല്‍കുന്ന ഒരു അന്ത്യവിധിയെ നാം നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയത് യേഹ്ശുവാ മാത്രമാണ്. താനാണ് പുനരുത്ഥാനവും ജീവനുമെന്ന് അവിടുന്ന് പ്രഖ്യാപിച്ചു. മറ്റ് അവതാരപുരുഷന്മാരോ പ്രവാചകന്മാരോ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. അന്ത്യദിനത്തില്‍ വിധിക്കാനുള്ള അവകാശം തനിക്കു മാത്രമാണെന്നു പ്രഖ്യാപിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല! അവിടുന്ന് ഇപ്രകാരം വ്യക്തമാക്കി: "പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു"(യോഹ: 5; 22). താനാകുന്ന വഴിയിലൂടെ യാത്രചെയ്യുന്നവരെ അവിടുന്നു തന്റെ വിശ്രമത്തിലേക്കു നയിക്കുന്നു. യേഹ്ശുവാ മനുഷ്യരൂപം ധരിച്ചു ഭൂമിയിലേക്കു വരുന്നതിനു മുന്‍പും വ്യാജദേവന്മാരും അവയുടെ ആരാധകരും ഈ ലോകത്തുണ്ടായിരുന്നു. അവയില്‍ പലതും ഇന്നുമുണ്ടെന്നു നമുക്കറിയാം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ നാമം വെളിപ്പെടുത്തുന്നതിനു മുന്‍പും വ്യാജദേവന്മാരെ ആരാധിക്കുന്ന സമൂഹം ഇവിടെയുണ്ടായിരുന്നു. അവര്‍ക്ക് ആരെയും നേരായ മാര്‍ഗ്ഗത്തില്‍ നയിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടും, അവരെ അനുഗമിക്കുന്നവര്‍ നിത്യശിക്ഷയില്‍ നിപതിക്കും എന്നതുകൊണ്ടുമാണ് അവിടുന്ന് സ്വയം വെളിപ്പെടുത്തിയത്. തന്നിലേക്കുള്ള ഏക മാര്‍ഗ്ഗമായി അവിടുന്ന് യേഹ്ശുവായെ ഉയര്‍ത്തുകയും ചെയ്തു.

യേഹ്ശുവാ അവിടുത്തെ രക്ഷാകര ദൗത്യം പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗത്തിലേക്കു മടങ്ങിപ്പോയത്തിനുശേഷം അവിടുത്തെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ അനേകര്‍ തയ്യാറായി. പ്രതികൂലങ്ങളെ അതിജീവിച്ചുകൊണ്ട് ക്രിസ്തീയത പടര്‍ന്നു പന്തലിച്ചു. യൂറോപ്പ് പൂര്‍ണ്ണമായും ക്രിസ്തീയതയെ പരിഗ്രഹിക്കുകയും, ഇന്ത്യയും ചൈനയും ഒഴികെയുള്ള ഏഷ്യന്‍രാജ്യങ്ങളില്‍ ക്രിസ്തീയത വലിയ ശക്തിയാകുകയും ചെയ്തു. ഇതില്‍ അരിശംപൂണ്ട പിശാച് സ്ഥാപിച്ച മതമാണ്‌ ഇസ്ലാംമതം! തനിക്കുവേണ്ടി ഒരു പ്രവാചകനെ തിരഞ്ഞെടുക്കുകയും, അവനിലൂടെ തന്റെ സാമ്രാജ്യം സ്ഥാപിക്കാന്‍ ശ്രമം ആരഭിക്കുകയും ചെയ്തു. നിത്യരക്ഷയ്ക്കുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ ഇസ്ലാംമതത്തിനു കഴിഞ്ഞില്ല. ഇസ്ലാമിന്റെ ദേവനായ അല്ലാഹുവോ, അല്ലാഹുവിന്റെ നാവായ മുഹമ്മദോ ഇക്കാര്യം വസ്തുതാപരമായി പറഞ്ഞിട്ടില്ല. നൈരാശ്യത്തോടെ മരണത്തെ പുല്‍കിയ മുഹമ്മദ്‌ തന്റെ അനുയായികളോട് പറഞ്ഞത് ഇങ്ങനെ: "എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തു ചെയ്യുമെന്ന് എനിക്കുതന്നെ അറിയില്ല"(സുറ:46;8,9). തനിക്കോ തന്നെ അനുഗമിക്കുന്നവര്‍ക്കോ സംഭവിക്കാന്‍ പോകുന്നത് എന്താണെന്നുപോലും അറിയാത്ത ഒരുവനെയാണ് ഇസ്ലാംമതക്കാര്‍ അനുധാവനം ചെയ്യുന്നത്! അതായത്, എങ്ങോട്ടാണ് പോകുന്നതെന്നറിയാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ യാത്രചെയ്യുന്ന യാത്രക്കാരാണ് ഇസ്ലാംമതക്കാര്‍!

സത്യം!

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും''(യോഹ: 8; 32). സത്യം ഒരിക്കലും മറഞ്ഞിരിക്കുന്നില്ല. സത്യത്തിനു പ്രത്യക്ഷപ്പെടാന്‍ ആരുടെയെങ്കിലും മറ ആവശ്യവുമില്ല. എന്തിന്റെയെങ്കിലും മറവില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നതല്ല സത്യം! എന്നാല്‍, അസത്യത്തിനു പ്രത്യക്ഷപ്പെടാന്‍ ഒരു മറ കൂടിയേതീരൂ. അസത്യത്തിനു പ്രവര്‍ത്തിക്കാന്‍ കൗശലം അനിവാര്യമായിരിക്കുന്നതും ഇക്കാരണത്താല്‍ത്തന്നെ! അസത്യത്തെ നമുക്ക് 'നുണ' എന്നും വിളിക്കാം. ആരാണ് നുണയന്‍ എന്ന് പരിശോധിച്ചുകൊണ്ട് സത്യത്തിലേക്കു പ്രവേശിക്കാനാണ് നാമിവിടെ ശ്രമിക്കുന്നത്.

പിശാചിനെക്കുറിച്ച് യേഹ്ശുവാ പറയുന്നത് ഇപ്രകാരമാണ്: "അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്''(യോഹ: 8; 44). പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയായിരിക്കുന്നതുപോലെ, നുണപറയുന്നവന്‍ നുണയുടെ അടിമയാണ്. അതായത്, നുണയനും നുണയുടെ പിതാവുമായ പിചാചിന്റെ അടിമയായി ജീവിക്കുന്നവരാണ് വിജാതിയര്‍. ഇവരെ സ്വാതന്ത്രരാക്കുകയെന്ന ദൗത്യവുമായാണ് മനുഷ്യപുത്രന്‍ വന്നത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും''(യോഹ: 8; 35, 36). യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ മാര്‍ഗ്ഗത്തില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് അവിടുന്ന് നല്‍കുന്ന വാഗ്ദാനമാണ് സ്വാതന്ത്ര്യം! ഈ സ്വാതന്ത്ര്യത്തിലേക്കു നമ്മെ നയിക്കുന്ന യഥാര്‍ത്ഥ സത്യമാണ് യേഹ്ശുവാ! അതുകൊണ്ടാണ് സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന് അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പിതാവ് വാഗ്ദാനംചെയ്ത പരിശുദ്ധാത്മാവാണ് നമ്മേ സത്യമാകുന്ന യേഹ്ശുവായിലേക്ക് നയിക്കുന്നത്.

യേഹ്ശുവായുടെ വാക്കുകള്‍ നോക്കുക: "സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും.  അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും"(യോഹ: 16; 13, 14). ഈ സത്യാത്മാവിനെ സ്വീകരിച്ചവര്‍ക്ക് യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ ഗ്രഹിക്കാന്‍ സാധിക്കും. യേഹ്ശുവായെ കൂടാതെ ആരിലെങ്കിലും രക്ഷയുണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ സത്യാത്മാവിനെ സ്വീകരിക്കാത്തവരാണ്. സഭകളിലെ ആചാര്യന്മാരായി പരിഗണിക്കപ്പെടുന്നവരാണെങ്കില്‍പോലും, വിജാതിയതയിലൂടെയുള്ള രക്ഷ ഇവര്‍ പ്രഘോഷിക്കുന്നുവെങ്കില്‍, ഇവരിലെ ആത്മാവിനെ നാം തിരിച്ചറിയുകയും അവഗണിക്കുകയും ചെയ്യണം! അപ്പസ്തോലനായ പത്രോസ് പരിശുദ്ധാത്മാവിനെ സ്വീകരിച്ചപ്പോള്‍ നടത്തിയ പ്രഖ്യാപനം ഇതായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). ഈ പ്രഖ്യാപനം ആവര്‍ത്തിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ സത്യാത്മാവിനെ സ്വീകരിച്ചവര്‍! എന്നാല്‍, ഈ പ്രഖ്യാപനത്തില്‍ മായംചേര്‍ത്ത് പ്രചരിപ്പിക്കുന്നവര്‍ കത്തോലിക്കാസഭയില്‍ ഇന്ന് ശക്തരായിരിക്കുന്നു. എല്ലാ മതങ്ങളിലും സത്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരെ നയിക്കുന്നത് സത്യാത്മാവാണെന്നു കരുതരുത്.

ഓരോ മതങ്ങളും വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നവരാണ്. വാക്കുകളിലും പ്രവര്‍ത്തികളിലും സ്വഭാവത്തിലും ഈ വ്യത്യസ്തത ദര്‍ശിക്കാന്‍ കഴിയും. വ്യത്യസ്തമായ പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും ഒരേ ദൈവത്തെതന്നെയാണ് എല്ലാവരും ആരാധിക്കുന്നതെന്ന ആശയം പ്രചരിപ്പിക്കുന്നവരില്‍ ഏറെയും ക്രിസ്തീയ സഭകളിലാണ് ചേക്കേറിയിരിക്കുന്നത്. ഒരു ദൈവമേയുള്ളുവെന്ന വാദം ഇവര്‍ ഉയര്‍ത്തുമ്പോള്‍, ഈ ആശയം എവിടെനിന്നു ലഭിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഇസ്രായേല്‍ജനത്തിനു പ്രമാണങ്ങള്‍ നല്‍കിയപ്പോള്‍ ഏറ്റവും ശക്തമായി വിലക്കിയത് അന്യദേവ ആരാധനയെയാണ്. ഒന്നാംപ്രമാണം ശ്രദ്ധിക്കുക: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്"(പുറ: 20; 2, 3). മറ്റു ജനതകള്‍ ആരാധിക്കുന്നത് സത്യദൈവത്തെ ആയിരുന്നുവെങ്കില്‍ ഇങ്ങനെയൊരു കല്പനയുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല. ജനതകള്‍ ആരാധിക്കുന്ന ദേവന്മാരുടെ നാമങ്ങള്‍പോലും യാഹ്‌വെയെ പ്രകോപിതനാക്കുന്നു. അവരുടെ നാമങ്ങള്‍ നിങ്ങള്‍ സ്മരിക്കരുതെന്ന മുന്നറിയിപ്പ് നകിയിരിക്കുന്നതും ഇക്കാരണത്താലാണ്. സത്യദൈവമായ യാഹ്‌വെയുമായി ഒരു ബന്ധവുമില്ലാത്ത അനേകം ദേവന്മാര്‍ അന്നും ഇന്നുമുണ്ട്. പൗലോസ് അപ്പസ്തോലന്‍ പറയുന്നത് ശ്രദ്ധിക്കുക: "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ - എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്"(1 കോറി: 8; 5, 6).

സത്യദൈവവും അസത്യദൈവങ്ങളും തമ്മിലുള്ള വ്യത്യാസം നമുക്കിവിടെ കാണാം. അസത്യദൈവങ്ങള്‍ എന്നൊരു വിഭാഗം ഉണ്ടെന്ന പ്രഖ്യാപനം ഇവിടെ മാത്രമല്ല നാം വായിക്കുന്നത്. ബൈബിളിലുടനീളം നാം ഇത് വായിക്കുന്നുവെങ്കില്‍, ഇതിനെ പ്രാധാന്യത്തോടെ നാം പരിഗണിക്കണം. എന്തെന്നാല്‍, അന്യദേവന്മാരുടെ വ്യര്‍ത്ഥത വെളിപ്പെടുത്താനും അവരില്‍നിന്നു ദൈവജനത്തെ മോചിപ്പിക്കുവാനുമാണ് ബൈബിള്‍ ഏറ്റവും ശ്രദ്ധ കൊടുത്തിട്ടുള്ളത്! അതിനാല്‍ത്തന്നെ, അന്യദേവന്മാര്‍ എന്നൊരു വിഭാഗം ഇല്ലെന്ന ധാരണ ജനിപ്പിക്കേണ്ടത് പിശാചിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഇതിനായി ക്രൈസ്തവസഭകളിലെ മതബോധനത്തില്‍ ഇവന്‍ സ്വാധീനം ചെലുത്തുന്നു. എന്തെന്നാല്‍, സത്യദൈവത്തെ ആരാധിക്കുന്ന സമൂഹത്തിനിടയിലാണ് ഇത്തരം വ്യാജപ്രചരണം കൂടുതല്‍ ആവശ്യമായിട്ടുള്ളതെന്ന് സാത്താനറിയാം! എന്നാല്‍, താനാണ് ഏകദൈവമെന്നു പ്രഖ്യാപിക്കാനുള്ള തെളിവുകള്‍ സാത്താന്റെ പക്ഷത്തില്ല എന്നുമാത്രല്ല, അതിനുള്ള ധൈര്യവും അവനില്ല. ഇക്കാരണങ്ങള്‍ക്കൊണ്ട് ദൈവത്തില്‍ കൂട്ടുപങ്കാളിത്തം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് അവന്‍!

സത്യദൈവം ഒന്നേയുള്ളൂ; അവിടുന്ന് ഏകനാണ്! എന്നാല്‍, വ്യാജദൈവങ്ങള്‍ ഏറെയുണ്ടെന്ന് യേഹ്ശുവായുടെ വാക്കുകളില്‍നിന്നു വ്യക്തമായി വായിക്കാന്‍ കഴിയും. നിത്യജീവനെ സംബന്ധിച്ചുള്ള അവിടുത്തെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണു നിത്യജീവന്‍"(യോഹ:17;3). ഏകസത്യദൈവം എന്ന പ്രയോഗത്തിലൂടെ, വ്യാജദൈവങ്ങളെക്കുറിച്ചുള്ള സൂചന അവിടുന്നു നല്‍കുന്നു. നിത്യജീവനിലേക്കു പ്രവേശിക്കുവാനുള്ള ആദ്യപടി സത്യദൈവത്തെ അറിയുകയെന്നതാണ്. ഈ സത്യദൈവം അയച്ച രക്ഷയെ അറിയുകയും അംഗീകരിക്കുകയും ചെയ്യാത്തവര്‍ നിത്യജീവനില്‍ പ്രവേശിക്കുകയില്ല! ഇതില്‍നിന്നു വ്യത്യസ്തമായ ഒരു സത്യം ഈ ലോകത്തിനു നല്കപ്പെട്ടിട്ടില്ല!

ജീവന്‍!

യേഹ്ശുവാ നമ്മെ അറിയിച്ച ജീവന്‍ നിത്യജീവനാണ്! ഈ നിത്യജീവനെ സംബന്ധിച്ചുള്ള പഠനം ഒരു പ്രവചനത്തില്‍നിന്ന് ആരംഭിക്കാം. ഇതാണ് ആ പ്രവചനം: "പാപത്തില്‍നിന്നും അശുദ്ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്ധീകരിക്കാന്‍ അന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെടും"(സഖ: 13; 1). ഈ പ്രവചനം തന്നെക്കുറിച്ചായിരുന്നുവെന്ന് യേഹ്ശുവാ സ്ഥിരീകരിക്കുന്നതു ശ്രദ്ധിക്കുക: "ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്ക് നിര്‍ഗ്ഗളിക്കുന്ന അരുവിയാകും"(യോഹ: 4;14). ഇവിടെ നാം ഗൗരവമായി ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. എന്തെന്നാല്‍, ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും ശുദ്ധീകരിക്കുന്ന ഉറവയാണ് പൊട്ടിപ്പുറപ്പെടുന്നത്. ദാവീദുഭവനത്തില്‍ അംഗമാകുകയും ജറുസലെമില്‍ വസിക്കുകയും ചെയ്യുന്നതിലൂടെ ഈ ജീവന്റെ ഭാഗമായി ആര്‍ക്കും മാറാം! ഇതാണ് സകല ജനത്തിനുമുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത!

"മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്"(യോഹ: 10; 10). ഇത് യേഹ്ശുവായുടെ വാക്കുകളാണ്. ജീവനില്ലാത്തവര്‍ക്കാണ് ജീവന്‍ ഉണ്ടാകേണ്ടതെന്ന് നമുക്കറിയാം. അതായത്, യേഹ്ശുവായെ സ്വീകരിക്കാത്തവര്‍ അതിനാല്‍ത്തന്നെ മൃതരാണെന്നു നാം മനസ്സിലാക്കണം. ഈ മൃതാവസ്ഥയെ ആത്മീയമരണമായി ചിന്തിക്കാവുന്നതാണ്. ആത്മീയമോ ശാരീരികമോ ആയ മരണത്തില്‍നിന്നു ജീവനിലേക്കു നയിക്കാന്‍ തനിക്കു കഴിയുമെന്ന് യേഹ്ശുവാ വ്യക്തമാക്കി. മറ്റു ദേവന്മാരോ അവതാരങ്ങളോ ഈ അവകാശവാദം ഉന്നയിച്ചിട്ടില്ല. ലാസറിനെ ഉയിര്‍പ്പിക്കുന്ന വേളയില്‍ അവന്റെ സഹോദരിയുമായി യേഹ്ശുവാ നടത്തുന്ന സംഭാഷണം ശ്രദ്ധിക്കുക: "മര്‍ത്താ യേഹ്ശുവായോടു പറഞ്ഞു: യേഹ്ശുവായേ, നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. യേഹ്ശുവാ പറഞ്ഞു: നിന്റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. മര്‍ത്താ പറഞ്ഞു: അന്ത്യദിനത്തിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കറിയാം. യേഹ്ശുവാ അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?"(യോഹ: 11; 21- 26).

ഞാനാണ് പുനരുത്ഥാനവും ജീവനുമെന്ന് യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നു. യേഹ്ശുവായെ വിശ്വസിക്കുന്നവര്‍ മരണാനന്തരം ജീവന്‍ പ്രാപിക്കുന്നുവെന്നു മാത്രമല്ല, അവര്‍ പിന്നീടൊരിക്കലും മരിക്കുകയുമില്ല. ഇവര്‍ക്കാണ് നിത്യജീവനിലേക്ക്‌ പ്രവേശിക്കാന്‍ നിയോഗം ലഭിക്കുന്നത്! എന്നാല്‍, യേഹ്ശുവായില്‍ വിശ്വസിക്കാത്തവരുടെ പുനരുത്ഥാനം നിത്യശിക്ഷയ്ക്കുവേണ്ടിയുള്ളതാണ്! കാരണം, വിശ്വാസംവഴി കൃപയാലാണ് ഒരുവന്‍ രക്ഷപ്രാപിക്കുന്നത്. നിത്യജീവനെ സംബന്ധിച്ചുള്ള അനേകം വെളിപ്പെടുത്തലുകള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും. ഇവയെല്ലാം യേഹ്ശുവായിലൂടെ പ്രാപിക്കാന്‍ കഴിയുന്ന നിത്യജീവനെ സംബന്ധിച്ചാണ്. ഈ വചനം നോക്കുക: "എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്. ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹാ വഴിയുള്ള നിത്യജീവനും"(റോമാ: 6; 22, 23). പാപത്തില്‍നിന്നു മോചനം നേടുന്നവര്‍ പിശാചിന്റെ അടിമത്വത്തില്‍നിന്നാണ് വിടുതല്‍ പ്രാപിക്കുന്നത്. ഒരിക്കല്‍ പിശാചിന്റെ അടിമകളായിരുന്നവരെ യേഹ്ശുവാ മോചിപ്പിച്ച്‌ പിതാവിനു സമര്‍പ്പിച്ചു. അങ്ങനെ പിശാചിന്റെ അടിമകളായിരുന്നവരെ ദൈവത്തിന്റെ അടിമകളാക്കി. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിലൂടെ ഇവരെല്ലാം പുത്രസ്ഥാനത്തിന് അര്‍ഹാരാകുന്നു. അപ്പസ്തോലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം വെളിപ്പെടുത്തുന്നു: "നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല; മറിച്ച് പുത്ര സ്വീകാര്യത്തിന്റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്"(റോമാ: 8; 15).

നിത്യജീവന്‍ എന്ന വിഷയത്തിലേക്കുതന്നെ നമുക്കു മടങ്ങിവരാം. ബൈബിളിലെ ഒരു സംഭവം ശ്രദ്ധിക്കുക: "യേഹ്ശുവാ വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?"(മര്‍ക്കോ: 10; 17). ഈ ചോദ്യത്തിനുള്ള ഉത്തരമായി, പ്രമാണങ്ങള്‍ അനുസരിക്കേണ്ടതിന്റെ അനിവാര്യതയാണ് യേഹ്ശുവാ അവനെ ബോധ്യപ്പെടുത്തിയത്. ചെറുപ്പം മുതല്‍ പ്രമാണങ്ങളെല്ലാം കുറ്റമറ്റവിധം അനുസരിക്കുന്നവനാണ് താനെന്ന് അവന്‍ യേഹ്ശുവായോടു പറഞ്ഞു. പിന്നീടുള്ള വചനം ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്: "യേഹ്ശുവാ സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക"(മര്‍ക്കോ: 10; 21). അതായത്, നിത്യജീവനില്‍ പ്രവേശിക്കണമെങ്കില്‍ യേഹ്ശുവായെ അനുഗമിക്കണം. എന്തെന്നാല്‍, നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം യേഹ്ശുവായാണ്! മറ്റാരെയെങ്കിലും അനുഗമിച്ചുകൊണ്ട് നിത്യജീവന്‍ സ്വന്തമാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടാ!

ഉപസംഹാരം!

നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം തങ്ങളാണെന്ന് അവകാശപ്പെട്ടിട്ടുള്ള ഒരു വിജാതിയ അവതാരങ്ങളും ഈ ഭൂമിയിലുണ്ടായിട്ടില്ല. ഈ അവതാരങ്ങളുടെ പ്രചാരകാരോ പ്രവാചകന്മാരോ വ്യക്തമായ തെളിവ് നല്‍കിയിട്ടുമില്ല. എന്നാല്‍, വിജാതിയരുടെ ദേവന്മാര്‍ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാന്‍ ഇറങ്ങിയിരിക്കുന്ന ക്രൈസ്തവനാമധാരികള്‍ പ്രചരിപ്പിക്കുന്നത് ഈ ദേവന്മാരെ അനുഗമിച്ചാലും നിത്യജീവന്‍ നേടാമെന്നാണ്! ഇക്കൂട്ടരെയാണ് നാം ആദ്യമായി അകറ്റിനിര്‍ത്തേണ്ടത്. വ്യാജമാര്‍ഗ്ഗങ്ങളെ സത്യമാര്‍ഗ്ഗമായി പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇവരെക്കുറിച്ച് യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ: 15; 14). മറ്റൊരു വചനവുംകൂടി ശ്രദ്ധിക്കുക: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14). നിത്യജീവനിലേക്കുള്ള സത്യമാര്‍ഗ്ഗം കണ്ടെത്തിയവരെപ്പോലും വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യുക. ദൈവവചനത്തെയും നിത്യരക്ഷയെയും തങ്ങളുടെ യുക്തിവിചാരങ്ങള്‍ക്കൊണ്ട് വ്യാഖ്യാനിക്കുകയും യഥാര്‍ത്ഥ സത്യത്തെ ചവിട്ടിമെതിക്കുകയും ചെയ്യുന്നവരാണിവര്‍!

"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ.പ്രവ: 4; 12).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5429 views

LOG IN

Lost your password?

SIGN UP

LOST PASSWORD