അറിഞ്ഞിരിക്കാന്‍

ദൈവത്തിന്റെ മക്കളും പിശാചിന്റെ മക്കളും!

Print By
about

19 - 03 - 2016

ദൈവത്തിന്റെ മക്കള്‍ ഈ ഭൂമിയിലുണ്ടായിരിക്കുന്നതുപോലെ, പിശാചിന്റെ മക്കളും ഈ ഭൂമിയിലുണ്ട്. ഈ വിഷയം ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യമായി ഗ്രഹിക്കേണ്ട വചനമിതാണ്: "കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും"(1 യോഹ: 3; 1, 2). നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണെന്നു വെളിപ്പെടുത്തിയിരിക്കുന്നതിലൂടെ വലിയൊരു സത്യമാണു പ്രഖ്യാപിച്ചിരിക്കുന്നത്. നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അതായത്, മുന്‍പ് അങ്ങനെയായിരുന്നില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, മുന്‍പായിരുന്ന അവസ്ഥയില്‍നിന്നു മാറ്റം സംഭവിച്ചപ്പോള്‍ മാത്രമാണ് നാം ദൈവത്തിന്റെ മക്കളായി തീര്‍ന്നത്. ഇതുതന്നെയാണ് ഈ ലേഖനത്തിലൂടെ നാം ചര്‍ച്ചചെയ്യുന്ന വിഷയം.

ജന്മംകൊണ്ട് നമ്മിലാരും ദൈവത്തിന്റെ മക്കളല്ല; ജഢപ്രകാരം ജനിച്ചവര്‍ ജഢികാരാണ്. എന്നാല്‍, ആത്മീയമായി വീണ്ടും ജനിക്കുന്നതിലൂടെ ഒരുവനു ദൈവത്തിന്റെ മകനെന്ന പദവിയിലേക്ക് ഉയരാന്‍ സാധിക്കും. ഈ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ കഴിയാത്തവരാണ് എല്ലാ മനുഷ്യരെയും ദൈവമക്കളായി പരിഗണിക്കുന്നത്. മനുഷ്യരെ ദൈവമക്കളായി പരിഗണിക്കുന്ന ഒരേയൊരു മതം ക്രിസ്തീയത മാത്രമാണ്. ഇസ്ലാമോ മറ്റേതെങ്കിലും വിജാതിയ മതങ്ങളോ ആരെയും ദൈവമക്കളായി പരിഗണിക്കുന്നില്ല. അല്ലാഹുവിനെ ദൈവമായി കരുതുന്ന ഇസ്ലാമിന്റെ വിശ്വാസം ഇങ്ങനെയാണ്: "ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ സൃഷ്ടിക്കുന്നതില്‍നിന്ന്‌ അവന്‍ ഇഷ്ടപ്പെടുന്നത്‌ അവന്‍ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍ എത്ര പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍"(സുറ:39;4). അല്ലാഹുവിനെ സംബന്ധിച്ചുള്ള മറ്റൊരു വെളിപ്പെടുത്തല്‍ ഇപ്രകാരം വായിക്കുന്നു: "സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന്‌ സ്തുതി! എന്ന്‌ നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക"(സുറ:17;111). ഇസ്ലാമിന്റെ ദൈവമായ അല്ലാഹുവിനു മക്കളില്ല. അതുകൊണ്ടുതന്നെ ഇസ്ലാംമത വിശ്വാസികള്‍ ദൈവമക്കളല്ല! ഇസ്ലാമികതയില്‍ ഉയര്‍ത്തപ്പെടുന്ന ആശയങ്ങള്‍ ദൈവജനത്തിനു ബാധകമല്ലാത്തതുകൊണ്ട് ഈ വിഷയം ഇവിടെ നില്‍ക്കട്ടെ! എന്നാല്‍, യാഥാര്‍ത്ഥ്യം നാം പരിശോധിക്കുക തന്നെവേണം.

എന്താണു യാഥാര്‍ത്ഥ്യം? മനുഷ്യര്‍ ദൈവത്തിന്റെ മക്കളാണോ? ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേക്കു യാത്രചെയ്യുകയാണ് ഈ ലേഖനം.

ദൈവത്തിന്റെ പുത്രനായ ആദം!

ആദത്തിന്റെ പിതാവ് ദൈവമായിരുന്നു. ജന്മം നല്‍കുന്നവനാണു പിതാവെങ്കില്‍ ആദത്തിന്റെ പിതാവു ദൈവംതന്നെയാണ്! യുക്തിയെ മാത്രം അടിസ്ഥാനമാക്കിയുള്ള വെളിപ്പെടുത്തലാണ് ഇതെന്ന് ആരും കരുതരുത്. ബൈബിളിലെ വചനം ഇതിനു സാക്ഷ്യം നല്‍കുന്നുണ്ട്. യേഹ്ശുവായുടെ വംശാവലി ചരിത്രം വിവരിച്ചിരിക്കുന്ന രണ്ടു സുവിശേഷകരില്‍ ഒരുവനാണ് ലൂക്കാ. സുവിശേഷകനായ ലൂക്കാ തന്റെ വിവരണം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: "കൈനാന്‍ ഏനോസിന്റെയും ഏനോസ് സേത്തിന്റെയും സേത്ത് ആദത്തിന്റെയും പുത്രനായിരുന്നു. ആദം ദൈവത്തിന്റേതുമായിരുന്നു"(ഉത്പ: 3; 38). ദൈവത്തിന്റെ പുത്രനാണ് ആദം എന്നകാര്യം ഇവിടെ സ്പഷ്ടമാണ്. എന്നാല്‍, ആദം ഈ സ്ഥാനത്തുനിന്നു തിരസ്കൃതനായി എന്ന യാഥാര്‍ത്ഥ്യം പലരും വിസ്മരിക്കുന്നു. മനുഷ്യരായ എല്ലാവരുടെയും പിതാവായ ആദം തിരസ്കൃതനായതിലൂടെ മനുഷ്യകുലം ഒന്നടങ്കം തിരസ്കൃതരാവുകയായിരുന്നു. പാപത്തിന്റെ പരിണിതഫലമായി ദൈവമക്കള്‍ എന്ന പദവിയില്‍നിന്നു മനുഷ്യന്‍ വിച്ഛേദിക്കപ്പെട്ടു. ഈ വചനം നോക്കുക: "എന്നാല്‍, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും"(ഉത്പ: 2; 17). ഈ മരണമാണ് മനുഷ്യന്റെ എല്ലാ അധഃപതനത്തിന്റെയും മൂലകാരണം. തലമുറകളിലേക്കു കൈമാറപ്പെടേണ്ട പിതൃത്വമാണ് ഇവിടെ ഇല്ലാതായത്.

ദൈവത്തിന്റെ മക്കളെന്ന പദവിയില്‍നിന്നു മനുഷ്യന്‍ വിച്ഛേദിക്കപ്പെട്ടുവെങ്കിലും, ഈ പദവി തിരിച്ചു നല്‍കാനുള്ള പദ്ധതിയും ദൈവം ആവിഷ്ക്കരിച്ചു. ഈ പദ്ധതിയാണ് യേഹ്ശുവാ എന്ന അവിടുത്തെ ഏകജാതന്‍! എന്തു കാരണംകൊണ്ട് ആദം ദൈവപുത്ര സ്ഥാനത്തുനിന്നു പുറന്തള്ളപ്പെട്ടുവോ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി യേഹ്ശുവാ നിയോഗിക്കപ്പെട്ടു. ആദം തന്റെ പദവി നഷ്ടപ്പെടുത്തിയത് അനുസരണക്കേടിന്റെ പരിണിതഫലമായിട്ടാണ്. എന്നാല്‍, യേഹ്ശുവാ തന്റെ അനുസരണത്തിലൂടെ ഈ പദവി വീണ്ടെടുത്തു നല്‍കി. മനുഷ്യരാഷിയുടെമേല്‍ പാപം കടന്നുവന്നത് എപ്രകാരമായിരുന്നുവെന്നു നോക്കുക: "ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു"(റോമാ: 5; 12). പാപം ചെയ്യുന്ന ആരും ദൈവത്തില്‍നിന്നുള്ളവരല്ല എന്ന വെളിപ്പെടുത്തല്‍ ഇവിടെ പ്രസക്തമാണ്. ദൈവത്തില്‍നിന്നുള്ള ആരും പാപംചെയ്യില്ല എന്നതാണ് ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്"(1 യോഹ: 3; 8). പിശാചില്‍നിന്നുള്ള ഒരുവനെ ദൈവത്തിന്റെ പുത്രനായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന സത്യം നാം ഗ്രഹിക്കുന്നു. പിശാചില്‍നിന്നു ജനിച്ചവനെയും ദൈവത്തില്‍നിന്നു ജനിച്ചവനെയും തിരിച്ചറിയാനുള്ള അടയാളം അവന്റെ പ്രവൃത്തിയാണ്‌! ദൈവത്തില്‍നിന്നു ജനിച്ചവന്‍ പാപത്തെ വെറുക്കുന്നവനായിരിക്കും. വചനം ഇങ്ങനെ പറയുന്നു: "ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ"(1യോഹ: 3; 10).

സഹോദരന്‍ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ആരെയാണെന്നു മനസ്സിലാക്കാത്ത അനേകം ക്രിസ്ത്യാനികള്‍ ഇന്നുണ്ട്. ആരാണ് സഹോദരനെന്നു വ്യക്തമാക്കുന്നതിനുമുമ്പ് ദൈവമക്കള്‍ എന്ന വിഷയം കൂടുതലായി ഗ്രഹിക്കേണ്ടിയിരിക്കുന്നു. ദൈവമക്കള്‍ എന്ന സ്ഥാനത്തുനിന്ന് മനുഷ്യരാശി ഒന്നടങ്കം വിച്ഛേദിക്കപ്പെട്ടത് ആദം ചെയ്ത പാപംമൂലമാണ്. ദൈവഭവനത്തില്‍നിന്നു പുറന്തള്ളപ്പെട്ട മനുഷ്യന്റെ ദുരവസ്ഥ ഇതായിരുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യാഹ്‌വെ പാറയാകുന്നു, അവിടുത്തെ പ്രവൃത്തി പരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാണ്. തിന്മയറിയാത്തവനും വിശ്വസ്തനുമാണു ദൈവം; അവിടുന്ന് നീതിമാനും സത്യസന്ധനു മാണ്. അവിടുത്തെ മുന്‍പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്ടവും വക്രവുമായ തലമുറയാണ് അവരുടേത്"(നിയമം: 32; 4, 5). ദൈവത്തിന്റെ മക്കളല്ലാതായി എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ് ഏറെയും. അതിനാല്‍ത്തന്നെ, എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്ന അബദ്ധത്തിന്റെ പ്രചാരകരായി ക്രൈസ്തവനാമധാരികള്‍ മാറി! ദൈവമക്കള്‍ എന്ന പദവിയില്‍നിന്നു പുറന്തള്ളപ്പെട്ടവര്‍ അവിടുത്തെ ശത്രുക്കളായി പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നതാണ് വസ്തുത. കാരണം, ദൈവഭവനത്തിനു പുറത്തുള്ളവര്‍ ശത്രുക്കളായി പരിഗണിക്കപ്പെടുന്നു. പരിശുദ്ധാത്മാവു നല്‍കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്: "എന്നാല്‍, നാം പാപികളായിരിക്കേ, മ്ശിഹാ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ആകയാല്‍, ഇപ്പോള്‍ അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍ച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്‍മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച"(റോമാ: 5; 8-10).

ദൈവവും മനുഷ്യനും തമ്മില്‍ നിലനിന്നിരുന്ന ശത്രുത ഇല്ലാതാക്കിയത് യേഹ്ശുവായാണ്. ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: "അന്ന് നിങ്ങള്‍ മ്ശിഹായെ അറിയാത്തവരും ഇസ്രായേല്‍സമൂഹത്തില്‍നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തി ന് അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക. എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു. കാരണം, അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു"(എഫേ: 2; 12-14). ദൈവത്തിനു മനുഷ്യനോടുള്ള ശത്രുത എന്നതിലുപരി മനുഷ്യനു ദൈവത്തോടുണ്ടായ ശത്രുതയാണ് നാമിവിടെ മനസ്സിലാക്കേണ്ടത്. എന്തെന്നാല്‍, പാപം ചെയ്ത് ദൈവസന്നിധിയില്‍നിന്നു മനുഷ്യന്‍ അകലുകയെന്നത് ദൈവത്തിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്ന ഒരു കാര്യമല്ല; എന്നാല്‍, മനുഷ്യന്‍ പാപം ചെയ്യുകയും തന്റെ മഹത്തായ സ്ഥാനം ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍, ദൈവം ഒരിക്കലും  മനുഷ്യനെ പൂര്‍ണ്ണമായി പുറന്തള്ളിയില്ല. ആരംഭത്തില്‍ മനുഷ്യനുണ്ടായിരുന്ന സ്ഥാനം പുഃനസ്ഥാപിയ്ക്കണം എന്നുതന്നെയാരുന്നു അവിടുത്തെ ഹിതം. അതിനായി അവിടുന്ന് നിശ്ചയിച്ചതാണ് അവിടുത്തെ പുത്രന്റെ മനുഷ്യജന്മം! മനുഷ്യന്റെ പാപം പരിഹരിച്ചു ദൈവവുമായി മനുഷ്യനെ അനുരഞ്ജനപ്പെടുത്തുവാന്‍ ദൈവപുത്രന്‍ മനുഷ്യപുത്രനായി കടന്നുവന്നു! മനുഷ്യരാശിയുടെമേല്‍ വന്നുഭവിച്ചത് അനുസരണക്കേടിന്റെ പരിണിതഫലമായ തിരസ്കരണമാണെങ്കില്‍, ഒരു മനുഷ്യന്റെ അനുസരണം മൂലം മനുഷ്യരാശിയ്ക്കു മുഴുവന്‍ സ്വീകാര്യത പ്രധാനംചെയ്തു! ഇതാണ് യേഹ്ശുവാ വഴി സംലഫ്യമാകുന്ന രക്ഷയുടെ യഥാര്‍ത്ഥ സത്യം!

ആദ്യത്തെ മനുഷ്യനായ ആദം ദൈവത്തിന്റെ മകനായിരുന്നു എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, പാപംവഴി ഈ പദവിയില്‍നിന്ന് അവന്‍ വിച്ഛേദിതനായതിനുശേഷമാണ് അടുത്ത ജന്മം ഈ ഭൂമുഖത്ത് അവനിലൂടെ ഉണ്ടായത്. ആദത്തിന്റെ കടിഞ്ഞൂല്‍ പുത്രനായ കായേന്‍ തന്നെയാണ് ഇതിന്റെ ഉത്തമ ദൃഷ്ടാന്തം. കൊലപാതകിയായ ഒരുവന്‍ ഒരിക്കലും ദൈവത്തിന്റെ പുത്രനല്ല! കായേന്‍ തന്റെ സഹോദരനായ ആബേലിനെ വധിച്ചത് നാം ബൈബിളില്‍ വായിക്കുന്നുണ്ട്. ഇതില്‍നിന്നു നാം എന്താണു മനസ്സിലാക്കേണ്ടത്? ദൈവത്തിന്റെ മക്കള്‍ എന്ന പദവിയില്‍നിന്നു പുറത്താക്കപ്പെട്ട മനുഷ്യരെ ദൈവമക്കളായി പരിഗണിക്കുകയെന്ന കുതന്ത്രത്തിനുപിന്നില്‍ പിശാചാണ് പ്രവര്‍ത്തിക്കുന്നത്. കാരണം, പിശാചിന്റെ സന്തതികളെ ദൈവമക്കളായി അവതരിപ്പിക്കേണ്ടത് അവന്റെ നിലനില്പിന് ആവശ്യമായ ഘടകമാണ്. വിജാതിയര്‍ ആരുംതന്നെ തങ്ങള്‍ ദൈവമക്കളാണെന്ന് അവകാശപ്പെടാതിരിക്കെ, വിജാതിയരെ ദൈവമക്കളായി പ്രചരിപ്പിക്കുന്ന ക്രൈസ്തവ വേഷധാരികള്‍ നമുക്കിടയിലുണ്ട്. 

ഇസ്രായേല്‍ ദൈവജനം!

ഇസ്രായേല്‍ജനം എന്നത് ദൈവജനമാണ്; എന്നാല്‍, ഇവരില്‍ ആരും ദൈവമക്കള്‍ എന്ന് അറിയപ്പെട്ടിട്ടില്ല. ഇത് പൂര്‍ണ്ണതയോടെ വ്യക്തമാകണമെങ്കില്‍ ഇസ്രായേലിന്റെ ചരിത്രം പഠിക്കണം. ഈ ജനതയുടെ ഉത്പത്തി എങ്ങനെയായിരുന്നുവെന്നത് മനസ്സിലാക്കുമ്പോള്‍ മാത്രമേ, ഈ ജനതയും ദൈവവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ നമുക്കു കഴിയുകയുള്ളൂ. ഇസ്രായേല്‍ ഒരിക്കലും ദൈവമക്കള്‍ ആയിരുന്നില്ല; മറിച്ച്, ഇവര്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു! ഇതു വ്യക്തമാകാനായി പുറകോട്ടുള്ള ചരിത്രം പരിശോധിക്കണം.

ദൈവമക്കള്‍ എന്ന പദവി മനുഷ്യര്‍ക്കു നഷ്ടമായത് ആദം എന്ന ആദ്യമനുഷ്യന്റെ അനുസരണക്കേടുമൂലമാണെന്നു നാം കണ്ടു. എന്നാല്‍, പിന്നീടു ചില മനുഷ്യര്‍ സത്യദൈവത്തെ ആരാധിക്കുകയും അതുവഴി ദൈവത്തിന്റെ പ്രീതിയ്ക്കു പാത്രമാകുകയും ചെയ്തു. ഇത്തരത്തിലുള്ള മനുഷ്യരെ നാം ബൈബിളില്‍ പരിചയപ്പെടുന്നുമുണ്ട്. ഹെനോക്കും നോഹയുമെല്ലാം ഇത്തരത്തില്‍ നീതിമാന്മാരായി പരിഗണിക്കപ്പെട്ടു. നോഹയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ലാമെക്കിനു നൂറ്റിയെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ ഒരു പുത്രനുണ്ടായി.  യാഹ്‌വെ ശപിച്ച ഈ ഭൂമിയിലെ ക്ലേശകരമായ അദ്ധ്വാനത്തില്‍ അവന്‍ നമുക്ക് ആശ്വാസം നേടിത്തരും എന്നു പറഞ്ഞ് അവനെ നോഹ എന്നു വിളിച്ചു"(ഉത്പ: 5; 28, 29). എന്നാല്‍, നോഹയുടെ സന്തതികളെ ആരെയുംതന്നെ നീതിമാന്മാരായി നാം കാണുന്നില്ല. നോഹയുടെ സന്തതികളിലൂടെ ലോകത്തു തിന്മ വ്യാപകമായതായി നാം വായിക്കുന്നുണ്ട്. എന്നാല്‍, പിന്നീട് ഒരുവന്‍ ലോകത്ത് നീതിമാനായി പ്രത്യക്ഷപ്പെട്ടു. അവനായിരുന്നു അബ്രാം! ഈ അബ്രാം പിന്നീട് അബ്രാഹം എന്ന പേരില്‍ വിളിക്കപ്പെട്ടു. എന്നാല്‍, ഒരിക്കല്‍പ്പോലും ഈ അബ്രാഹം ദൈവത്തിന്റെ പൈതല്‍ എന്ന സ്ഥാനത്ത് ഉപവിഷ്ടനായിട്ടില്ല. ദൈവത്തിന്റെ ദാസന്‍ എന്ന പരിഗണന മാത്രമേ അബ്രാഹത്തിനു ലഭിച്ചിട്ടുള്ളൂ. ഇതില്‍നിന്നു വ്യത്യസ്തമായ എന്തെങ്കിലും വചനം ആര്‍ക്കെങ്കിലും ഉയര്‍ത്താന്‍ കഴിയുമോ?

അബ്രാഹം നീതിമാനായി പരിഗണിക്കപ്പെട്ടത് അവന്റെ വിശ്വാസം വഴിയാണ്. എന്നാല്‍, ഈ അബ്രാഹം ഒരിക്കലും ദൈവത്തിന്റെ പുത്രന്‍ എന്ന സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. വിശ്വാസംവഴി സ്വീകാര്യനായ അബ്രാഹം വിളിക്കപ്പെട്ടത് സ്നേഹിതന്‍ എന്ന പദവിയിലാണ്. ഈ വചനം നോക്കുക: "എന്റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്‌നേഹിതനായ അബ്രാഹത്തിന്റെ സന്തതീ, നീ എന്റെ ദാസനാണ്. ഞാന്‍ നിന്നെതിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു ഞാന്‍ നിന്നെതിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍നിന്നു ഞാന്‍ നിന്നെ വിളിച്ചു"(ഏശയ്യാ: 41; 8, 9). സ്നേഹിതനോടെന്നപോലെ ദൈവം ഇടപെട്ട മറ്റു വ്യക്തികളെയും ബൈബിളില്‍ നാം പരിചയപ്പെടുന്നുണ്ട്. ഈ വചനം നോക്കുക: "സ്നേഹിതനോടെന്നപോലെ യാഹ്‌വെ മോശയോടു മുഖാഭിമുഖം സംസാരിച്ചിരുന്നു"(പുറ: 33; 11). മോശയെ സംബന്ധിച്ചിടത്തോളം ദൈവത്തിനു തന്റെ സ്നേഹിതനായിരുന്നുവെങ്കിലും, അവിടുത്തെ പുത്രനായിരുന്നില്ല! അബ്രാഹമോ ഇസഹാക്കോ യാക്കോബോ ഒരിക്കല്‍പ്പോലും ദൈവത്തിന്റെ മകന്‍ എന്ന് വിളിക്കപ്പെട്ടതായി ബൈബിള്‍ പറയുന്നില്ല. എന്നാല്‍, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമെന്നാണ് സത്യദൈവം അറിയപ്പെട്ടത്. അവിടുന്ന് ആഗ്രഹിച്ചതും അങ്ങനെത്തന്നെയായിരുന്നു. അബ്രാഹത്തെപ്പോലെതന്നെ ദൈവത്തിന്റെ സ്നേഹിതനായിരുന്ന വ്യക്തയാണ് മോശയും! വചനത്തിലൂടെ ഈ സത്യം നാം മനസ്സിലാക്കി.

ഇവരെല്ലാം എന്തുകൊണ്ടാണ് ദൈവത്തിന്റെ ദാസന്മാര്‍ എന്ന് അറിയപ്പെട്ടത് എന്നകാര്യം നാം ചിന്തിക്കണം. മാത്രവുമല്ല, അബ്രാഹം, യിസഹാക്ക്, യാക്കോബ്, മോശ എന്നിവരെ കൂടാതെ, ദാവീദുപോലും വിളിക്കപ്പെട്ടത് ദൈവത്തിന്റെ ദാസര്‍ എന്നാണ്. എന്നാല്‍, ദൈവത്തിന്റെ പുത്രന്‍ എന്നപേരില്‍ വിളിക്കപ്പെട്ട ഒരു യിസ്രായേല്‍ പുത്രനുണ്ട്. ആരായിരുന്നു ഈ പുത്രന്‍ എന്ന് നമുക്കു പരിശോധിക്കാം.

യെഫ്രയീം നീ എന്റെ വത്സലപുത്രന്‍!

"യെഫ്രായിം എന്റെ വത്‌സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍, അവനു വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; എനിക്ക് അവനോടു നിസ്‌സീമമായ കരുണ തോന്നുന്നു - യാഹ്‌വെ അരുളിച്ചെയ്യുന്നു"(യിരെമിയാഹ്: 31; 20). യിസ്രായേലിനെ സംബന്ധിച്ചുള്ള പ്രവചനമാണിതെന്നു കരുതുന്ന അനേകരുണ്ട്. പ്രവചനഗ്രന്ഥങ്ങളില്‍ അധികവും യിസ്രായേലിന്റെ ഭൗതീകമായ പുനരുദ്ധാരണവുമായി ചേര്‍ത്തുവച്ചു വായിക്കന്നവര്‍ക്കു സംഭവിക്കുന്ന പിഴവാണ് ഇവിടെയും സംഭവിക്കുന്നത്. എന്നാല്‍, ജറെമിയായുടേതായി നാം വായിച്ച ഈ പ്രവചനം യേഹ്ശുവായെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണ്. യെഫ്രായിം ഗോത്രത്തില്‍നിന്നല്ല യേഹ്ശുവായുടെ ജനനമെന്നു നമുക്കറിയാം. അങ്ങനെയെങ്കില്‍, ഈ പ്രവചനം യേഹ്ശുവായുമായി എങ്ങനെ ഒത്തുപോകുമെന്നു ചിന്തിക്കുന്നതില്‍ അസ്വാഭാവികത ഒന്നുമില്ല. എന്നാല്‍, യേഹ്ശുവാ തന്നെയാണ് ഈ പ്രവചനത്തില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന യെഫ്രായിം എന്നു വ്യക്തമാക്കുന്ന മറ്റനേകം പ്രവചനങ്ങള്‍ ബൈബിളിലുണ്ട്.

യിസ്രായേല്‍ഗോത്രങ്ങള്‍ വേര്‍തിരിച്ചപ്പോള്‍ യെഫ്രായിമിന്റെ സ്ഥാനം മദ്ധ്യഭാഗത്തായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഈ ഗോത്രത്തോടുചേര്‍ന്നുതന്നെയാണ്‌ പ്രധാനപ്പെട്ട നഗരങ്ങളും യെരുശലേം പട്ടണവും സ്ഥിതിചെയ്യുന്നത്. പ്രവചനകാലത്ത് ഈ പട്ടണങ്ങളിലൊന്നുംതന്നെ നിര്‍മ്മിക്കപ്പെടുകയോ, ഇവ ഇന്നു നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ക്കു പേരുകള്‍ നിശ്ചയിക്കപ്പെടുകയോ ചെയ്തിട്ടില്ലായിരുന്നു. അക്കാലത്തു നിലവിലില്ലാതിരുന്ന ഒരു പേരില്‍ പ്രവചനം നടത്തിയാല്‍, ആ പേരുകള്‍ ഉണ്ടാകുന്നതുവരെയുള്ള ജനങ്ങള്‍ക്ക് ഈ പ്രവചനം അസ്വീകാര്യമായി പരിണമിക്കും. പ്രവാചകനെയും പ്രവചനത്തെയും നിന്ദിക്കുന്നവര്‍ എന്ന ഗണത്തില്‍ ഇവര്‍ എണ്ണപ്പെടാനും സാധ്യതയുമുണ്ട്. ഇക്കാരണത്താല്‍ത്തന്നെ, പരിശുദ്ധാത്മാവു മുഖേന ലഭിച്ചിട്ടുള്ള പ്രവചനങ്ങളിലെല്ലാം, അക്കാലത്തുണ്ടായിരുന്ന നാമങ്ങളെയും അവസ്ഥകളെയുമാണ്‌ പ്രതീകമാക്കിയിരിക്കുന്നത്. യെഫ്രായിം എന്നുവിളിച്ചുകൊണ്ടുള്ള പ്രവചനത്തിന്റെ കാരണവും ഇതുതന്നെയാണ്! മറ്റൊരര്‍ത്ഥത്തിലും ദൈവമായ യാഹ്‌വെയ്ക്കു പ്രധാനപ്പെട്ട ഗോത്രമായിരുന്നില്ല യെഫ്രായിം! ദൈവത്തിന്റെ വത്സലപുത്രനും ഓമനക്കുട്ടനുമായി യെഫ്രായിം പരിഗണിക്കപ്പെട്ടത്, സകലരെയും മക്കളാക്കി മാറ്റുവാന്‍ നിയുക്തനായിരിക്കുന്നവന്‍ ദൈവത്തിന് അങ്ങനെയായതുകൊണ്ടാണ്!

മറ്റൊരു പ്രവചനം നോക്കുക: "യാഹ്‌വെ പറയുന്നു, യിസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍. ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു, എന്നെ ആരാധിക്കാന്‍വേണ്ടി എന്റെ പുത്രനെ വിട്ടയയ്ക്കുക. നീ അവനെ വിട്ടയയ്ക്കുന്നില്ലെങ്കില്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ ഞാന്‍ വധിക്കും"(പുറ: 4; 22, 23). ഇത് യിസ്രായേലിനെക്കുറിച്ചു ഫറവോയോടു ദൈവം അരുളിച്ചെയ്ത വാക്കുകള്‍ മാത്രമല്ല. അന്നു ജീവിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം ഈ വാക്കുകള്‍ക്ക് ഇതിലപ്പുറം ഒരു അര്‍ത്ഥതലം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍, ഇവിടെ അറിയിച്ചിരിക്കുന്നത് എന്റെ പുത്രന്‍ എന്നുമാത്രമാണ്! യിസ്രായേലിനെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍, പുത്രന്മാര്‍ എന്ന ബഹുവചന പ്രയോഗമേ ഉണ്ടാകുമായിരുന്നുള്ളു. ഇസ്രായേല്‍ അവിടുത്തെ പുത്രനും ആദ്യജാതനുമായത് എങ്ങനെയാണ്? യേഹ്ശുവായ്ക്കു മുന്‍പ് അവിടുത്തേക്ക്‌ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല എന്നിരിക്കെ മറ്റൊരു ആദ്യജാതനോ? ഇസ്രായേല്‍ എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടത് യാക്കോബിനാണെന്നു നമുക്കറിയാം. യാക്കോബിന്റെ പിതാവായ ഇസഹാക്കോ, അവന്റെ പിതാവായ അബ്രാഹമോ പുത്രനെന്നു വിളിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ആദ്യപിതാവായ ആദം പുത്രനെന്നു വിളിക്കപ്പെട്ടു. അങ്ങനെയെങ്കില്‍, യിസ്രായേലാണോ ആദമാണോ ആദ്യജാതന്‍?! ഇവിടെയാണ്‌ ആദ്യജാതന്‍ എന്ന പ്രയോഗത്തിന്റെ പ്രാധാന്യം വിഷയമാകുന്നത്. ഭൗമീകമായി ദൈവത്തിന്റെ ആദ്യജാതന്‍ യിസ്രായേലോ യെഫ്രായിമോ അല്ല, മറിച്ച് ആദമാണ്. അങ്ങനെയിരിക്കെ, ആദ്യജാതന്‍ എന്ന സംബോധന യിസ്രായേലിനു ലഭിച്ചത്, പ്രവചനങ്ങളുടെ വാച്യാര്‍ത്ഥ പ്രയോഗങ്ങളുടെ നിരര്‍ത്ഥകത വ്യക്തമാക്കുന്നതിനാണ്!

ബൈബിളിലെ പ്രവചനങ്ങളെല്ലാം എത്തിനില്‍ക്കുന്നത് യേഹ്ശുവായിലാണ്. ഇസ്രായേലിനെ പ്രതീകമാക്കി നല്‍കപ്പെട്ട പ്രവചനങ്ങളെല്ലാം യേഹ്ശുവായാല്‍ സ്ഥാപിതമാകാനിരിക്കുന്ന പുതിയ ഇസ്രായേലിനെ സംബന്ധിച്ചുള്ളതായിരുന്നു. അതുപോലെതന്നെ, എഫ്രായിം എന്ന ഓമനക്കുട്ടന്‍ യേഹ്ശുവായും! ഈ വത്സലപുത്രനിലൂടെ ദൈവമക്കള്‍ എന്ന പദവിയിലേക്കു സകലരെയും പുനഃരാനയിക്കാന്‍ ദൈവമായ യാഹ്‌വെ നിശ്ചയിച്ചു! ആദത്തിലൂടെ നഷ്ടപ്പെട്ട ഈ പദവി തിരികെ ലഭിക്കുന്നത് യേഹ്ശുവായിലൂടെ മാത്രമാണ്!

ദാവീദിന്റെ പുത്രനായ യേഹ്ശുവാ!

സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന ദൈവദൂതന്‍ അരുളിച്ചെയ്ത വാക്കുകള്‍ ഇപ്രകാരമാണ് നാം വായിക്കുന്നത്: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേഹ്ശുവാ എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും"(ലൂക്കാ: 1; 30-32). വലിയ രണ്ടു വെളിപ്പെടുത്തലുകള്‍ ഇവിടെ ഗ്രഹിക്കാന്‍ കഴിയും. അത്യുന്നതന്റെ പുത്രന്‍ എന്ന് യേഹ്ശുവാ വിളിക്കപ്പെടും എന്ന വെളിപ്പെടുത്തലാണ് ഒന്നാമത്തേത്! അതായത്, 'വിളിക്കപ്പെടും' എന്ന പ്രയോഗത്തിലൂടെ, ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒരു കാര്യമായി ഇതിനെ കാണണം. എന്നാല്‍, രണ്ടാമത്തെ വെളിപ്പെടുത്തലില്‍ വായിക്കുന്നത് അപ്പോഴത്തെ അവസ്ഥയാണ്. എന്തെന്നാല്‍, അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ യാഹ്‌വെ അവനു കൊടുക്കും എന്നാണു വെളിപ്പെടുത്തല്‍! മനുഷ്യനായിരിക്കുന്ന യേഹ്ശുവാ ദാവീദിന്റെ പുത്രനാണ്! കാരണം, ദൈവമായിരുന്ന യേഹ്ശുവാ മനുഷ്യന്റെ ശരീരം സ്വീകരിച്ചു പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായി! വംശാവലിപ്രകാരം ദാവീദിന്റെ പുത്രനായി പരിഗണിക്കപ്പെട്ടത് ഇങ്ങനെയാണ്! ഈ ശരീരമാണ് അനേകര്‍ക്കുള്ള മോചനദ്രവ്യമായി അര്‍പ്പിക്കപ്പെട്ടത്. ശരീരത്തില്‍ മരിക്കുകയും ആത്മാവില്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തതിലൂടെ ഇന്ന് അത്യുന്നതന്റെ പുത്രന്‍ എന്ന് യേഹ്ശുവാ വിളിക്കപ്പെടുന്നു. അവന്‍ അങ്ങനെയാണുതാനും!

ഇസഹാക്കിന്റെ തലമുറയില്‍ ജനിച്ചവരാണ് ദൈവത്തിന്റെ മക്കള്‍! അത് ക്രിസ്തുവഴി സംലഭ്യമാകുന്ന പദവിയാണ്‌. ഇസ്മായേല്യരെ സംബന്ധിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അബ്രാഹത്തിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. യിസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക. അതായത്, വംശമുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവരാണു യഥാര്‍ത്ഥ മക്കളായി കണക്കാക്കപ്പെടുന്നത്"(റോമാ: 9; 7, 8). യേഹ്ശുവാ ഒരു അന്ധനായ യാചകനെ സുഖപ്പെടുത്തുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. ഈ യാചകന്‍ വിളിച്ചപേക്ഷിക്കുന്നതു ശ്രദ്ധിക്കുക: "നസറായനായ യേഹ്ശുവായാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ യേഹ്ശുവായേ, എന്നില്‍ കനിയണമേ!"(മര്‍ക്കോ: 10; 47). യേഹ്ശുവായെ സംബന്ധിച്ചുള്ള പ്രവചനങ്ങളെ വിശ്വസിക്കുന്നതില്‍ ഈ അന്ധന്‍ വിജയിച്ചു. അതുകൊണ്ടാണ് ഈ മനുഷ്യന്‍ ഇപ്രകാരം വിളിച്ചത്. മനുഷ്യനായ യേഹ്ശുവായെ വിളിച്ചപേക്ഷിച്ചപ്പോള്‍, തന്റെ താത്ക്കാലിക പദവിയെക്കുറിച്ചു വ്യക്തമായ ബോദ്ധ്യമുള്ള യേഹ്ശുവാ അവനോടു കരുണകാണിക്കുകയും അവനെ സുഖപ്പെടുത്തുകയും ചെയ്തു!

ഒരു മനുഷ്യന്റെ അനുസരണക്കേടിന്റെ പരിണിതഫലമായി മനുഷ്യരാശിയെ മുഴുവന്‍ ഗ്രസിച്ച മരണത്തെ, മറ്റൊരു മനുഷ്യന്റെ അനുസരണത്തിലൂടെ ഇല്ലാതാക്കി! ദൈവമായിരുന്ന യേഹ്ശുവാ മനുഷ്യനായി ജീവിച്ചുകൊണ്ട് തന്റെ ദൗത്യത്തില്‍ വിജയം വരിച്ചതിലൂടെ അവിടുത്തെ നാമം എല്ലാ നാമങ്ങള്‍ക്കും ഉപരിയായി ദൈവം ഉയര്‍ത്തി സ്ഥാപിച്ചു. "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു"(ഫിലിപ്പി: 2; 6-9). യേഹ്ശുവായെ ഏറ്റുപറയുന്നവര്‍ക്ക് അവന്റെ പദവിയില്‍ കൂട്ടവകാശം ലഭിക്കുന്നു. ഈ കൂട്ടവകാശമാണ് ഒരുവനെ ദൈവപൈതല്‍ എന്ന പദവിയ്ക്ക് അര്‍ഹാനാക്കുന്നത്! ഇതുമായി ബന്ധപ്പെട്ട വചനങ്ങള്‍ നാം ആരംഭത്തില്‍ത്തന്നെ പരിശോധിച്ചതാണ്.

പിശാചിന്റെ സന്തതികള്‍!

ആദ്യമനുഷ്യനായ ആദത്തെയും അവനില്‍നിന്നുതന്നെ അവന്റെ ഭാര്യയേയും സൃഷ്ടിച്ചത് ദൈവമാണ്. അവിടുന്ന് തന്റെ കരങ്ങള്‍ക്കൊണ്ട് മെനെഞ്ഞെടുത്ത മനുഷ്യനു ദൈവം ജീവന്‍ നല്‍കി. നാസാരന്ദ്രങ്ങളില്‍ നിശ്വസിച്ചുകൊണ്ടാണ് മനുഷ്യനു ജീവന്‍ പകര്‍ന്നത്! അനന്തരം മനുഷ്യന്റെ ശരീരത്തില്‍നിന്നുതന്നെ സ്ത്രീയെ വേര്‍പെടുത്തുകയും, അതുവഴി പുരുഷനും സ്ത്രീയും ഉണ്ടാകുകയും ചെയ്തു. ഇവരാണ് ആദ്യ മാതാപിതാക്കള്‍! മാത്രവുമല്ല, അവര്‍ ദൈവത്തിനു മക്കളുമായിരുന്നു. എന്നാല്‍, പിതാവായ ദൈവത്തിന്റെ വാക്കുകളേക്കാള്‍ ശത്രുവായ പിശാചിന്റെ വാക്കുകള്‍ക്ക് വിധേയപ്പെട്ടതിലൂടെ ദൈവമക്കള്‍ എന്ന പദവിയില്‍നിന്നു സ്വമേധയാ അവര്‍ പുറത്തുപോയി. ഈ പദവി നഷ്ടപ്പെടുത്തിയതിനുശേഷമായിരുന്നു അവര്‍ സന്തതികള്‍ക്കു ജന്മം നല്‍കിയത്. അതിനാല്‍ത്തന്നെ, ആദത്തിന്റെ സന്തതികള്‍ക്ക് ദൈവമക്കള്‍ എന്ന പദവി ലഭിച്ചില്ല; മറിച്ച്, മനുഷ്യമക്കള്‍ എന്ന പദവിയിലേക്ക് അവര്‍ ചുരുങ്ങി! ആത്മാവില്‍ വീണ്ടും ജനിക്കുന്നതിലൂടെ മാത്രമേ ഒരുവന്‍ ദൈവപൈതല്‍ എന്ന പദവിയിലേക്ക് പ്രവേശിക്കുന്നുള്ളൂ.

ഒരിക്കല്‍ യേഹ്ശുവാ അരുളിച്ചെയ്തു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു. വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയില്ല"(യോഹ: 3; 3). വീണ്ടും അവിടുന്ന് അരുളിച്ചെയ്തു: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ: 3; 5). ഇതിന്റെ കാരണവും യേഹ്ശുവാതന്നെ വ്യക്തമാക്കി: "മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും"(യോഹ: 3; 6). ഈ വചനത്തിന്റെ വ്യക്തമായ വ്യാഖ്യാനം നല്‍കിയിരിക്കുന്നത് പൗലോസ് അപ്പസ്തോലനാണ്. ആ വ്യാഖ്യാനം ശ്രദ്ധിക്കുക: "സഹോദരരേ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു"(1കോറി:15;50). ദൈവത്തിന്റെ മക്കള്‍ക്കല്ലാതെ അവിടുത്തെ രാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. യേഹ്ശുവായുടെ വചനങ്ങളും അപ്പസ്തോലന്റെ വ്യാഖ്യാനവും ചേര്‍ത്തുവായിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.

ദൈവത്തിന്റെ മക്കളെക്കുറിച്ചുള്ള വിവരണത്തിന്റെ അന്തസത്തയാണ് ഇവിടെ കുറിച്ചിരിക്കുന്നത്. ഇനി നാം ചിന്തിക്കേണ്ടത് പിശാചിന്റെ സന്തതികള്‍ ആരെല്ലാം എന്നതാണ്.

"മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്നു കണ്ട് ദൈവപുത്രന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു. അപ്പോള്‍ ദൈവമായ യാഹ്‌വെ പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്. അവന്റെ ആയുസ്സ് നൂറ്റിയിരുപതു വര്‍ഷമായിരിക്കും. ദൈവപുത്രന്മാര്‍ മനുഷ്യപുത്രിമാരുമായി ചേരുകയും അവര്‍ക്കു മക്കളുണ്ടാവുകയും ചെയ്തിരുന്ന അക്കാലത്തും പിന്നീടും ഭൂമിയില്‍ അതികായന്മാര്‍ ഉണ്ടായിരുന്നു. അവരാണ് പുരാതനകാലത്തെ പ്രസിദ്ധിയാര്‍ജിച്ച പ്രബലന്മാര്‍. ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും യാഹ്‌വെ കണ്ടു. ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ യാഹ്‌വെ പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു"(ഉത്പ: 6; 1-6). ദൈവപുത്രന്മാര്‍ എന്നതിലൂടെ ഇവിടെ വിവക്ഷിക്കുന്നത് ദൈവദൂതന്മാരെയാണ്. എന്തെന്നാല്‍, ദൈവദൂതന്മാരെക്കാള്‍ അല്പം താഴെയുള്ള മനുഷ്യര്‍ക്ക് ദൈവമക്കളാകാമെങ്കില്‍, ദൈവദൂതന്മാര്‍ക്ക് തീര്‍ച്ചയായും പുത്രന്മാരുടെ പരിഗണന ലഭിക്കുകയെന്നത് കൂടുതല്‍ സാധൂകരിക്കത്തക്കതാണ്. ബൈബിള്‍ ഇപ്രകാരം പറയുന്നു: "അങ്ങു മനുഷ്യനെ ഓര്‍ക്കാന്‍ അവന്‍ ആരാണ്? അങ്ങു ശ്രദ്ധിക്കാന്‍ മനുഷ്യപുത്രന്‍ ആരാണ്? ദൂതന്മാരെക്കാള്‍ അല്‍പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു"(ഹെബ്രാ: 2; 6, 7). ദൂതന്മാരെക്കാള്‍ അല്പമെങ്കിലും താഴ്ന്നവരാണ് മനുഷ്യരെന്നു സ്ഥിരീകരിക്കാനാണ് ഈ ബൈബിള്‍ വാക്യം ഇവിടെ കുറിച്ചത്.

പുത്രന്മാരുടെ സ്ഥാനമുള്ള ദൂതന്മാര്‍ ചെയ്ത പ്രവര്‍ത്തി ദൈവത്തിനു പ്രീതികരമായിരുന്നില്ല. മനുഷ്യന്‍ മനുഷ്യനോടു ചേര്‍ന്നു സൃഷ്ടി നടത്തുക എന്നതായിരുന്നു ദൈവത്തിന്റെ ഹിതം. ഈ ഹിതത്തിനു വിപരീതമായ പ്രവര്‍ത്തിയിലൂടെ ജനിച്ച അതികായന്മാരെ ഭൂമിയില്‍ ദൈവം അവശേഷിപ്പിച്ചില്ല. ദൈവദൂതന്മാര്‍പോലും മനുഷ്യപുത്രിമാരുമായി ചേരാന്‍ തയ്യാറായിയെങ്കില്‍, പിശാചുക്കളും ഇത്തരം ചെയ്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്തെന്നാല്‍, പിശാചുക്കള്‍ക്ക് ദൈവദൂതന്മാരുടെ വേഷം അണിയാന്‍ കഴിയുമെന്ന് ബൈബിള്‍ പറയുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ"(2 കോറി: 11; 14). ഇത്തരത്തില്‍ വേഷംകെട്ടിയ പിശാചുക്കള്‍ ഈ ഭൂമിയില്‍ സൃഷ്ടി നടത്തിയിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് യേഹ്ശുവാ തന്നെയാണ്! കളകളുടെ ഉപമയിലൂടെയാണ് യേഹ്ശുവാ ഇതു വ്യക്തമാക്കിയിരിക്കുന്നത്. പൊതുസമൂഹത്തോട് ഉപമയിലൂടെ സംസാരിച്ചതിനുശേഷം ശിഷ്യന്മാര്‍ മാത്രമായിരിക്കുമ്പോള്‍ വ്യാഖ്യാനം നല്‍കുകയും ചെയ്തു. വളരെ ഗൗരവത്തോടെ മനസ്സിലാക്കിയിരിക്കേണ്ടതായ ആ ഉപമയും വ്യാഖ്യാനവും നമുക്കു പരിശോധിക്കാം.

"ഒരുവന്‍ വയലില്‍ നല്ല വിത്തു വിതയ്ക്കുന്നതിനോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോടു ചോദിച്ചു:യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്? അവന്‍ പറഞ്ഞു: ശത്രുവാണ് ഇതുചെയ്തത്. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍ പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും. കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, തീയില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കി വയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍"(മത്താ: 13; 24-30). ഈ ഉപമ സൂക്ഷ്മതയോടെ വായിക്കുമ്പോള്‍തന്നെ വ്യക്തത കൈവരുമെങ്കിലും ശിഷ്യന്മാരില്‍ ചിലര്‍ക്കു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. ഉപമയും അതിന്റെ വ്യാഖ്യാനവും ലഭിച്ചിട്ടുകൂടി മനസ്സിലാക്കാത്തവര്‍ ഇന്നുണ്ട്. ഇക്കാരണത്താല്‍ തന്നെയാണ് യേഹ്ശുവാ വിശദീകരണം നല്‍കിയത്.

ഉപമയുടെ വിശദീകരണം ഇപ്രകാരമാണ് നാം വായിക്കുന്നത്: "നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രനാണ്. വയല്‍ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകള്‍ ദുഷ്ടന്റെ പുത്രന്മാരുമാണ്. അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്തു യുഗാന്തമാണ്; കൊയ്ത്തുകാര്‍ ദൈവദൂതന്മാരും. കളകള്‍ ശേഖരിച്ച് അഗ്‌നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും. മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തുനിന്ന് എല്ലാ പാപഹേതുക്കളെയും തിന്മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്ഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. അപ്പോള്‍ നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"(മത്താ: 13; 37-43). പിശാചാണ് ശത്രുവെന്നും അവന്‍ വിതച്ച വിത്ത് അവന്റെ സന്തതികളാണെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ദൈവമക്കളോടൊപ്പം ഈ ഭൂമുഖത്ത് പിശാചിന്റെ മക്കളും വളരുന്നുവെന്ന യാഥാര്‍ത്ഥ്യം ഇവിടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. യേഹ്ശുവായിലൂടെ ദൈവമക്കളാകാന്‍ വിസമ്മതിക്കുന്നവരെല്ലാം പിശാചിന്റെ മക്കള്‍തന്നെയാണ്! എന്നാല്‍, ഇവരില്‍ ആരെയെങ്കിലും വധിച്ചുകളയാന്‍ യേഹ്ശുവാ ഒരുവനെയും അനുവദിച്ചിട്ടില്ല. കളകള്‍ പറിച്ചുകൂട്ടാനുള്ള അനുമതി തേടിയെത്തിയ വേലക്കാരോട് യജമാനന്‍ പറയുന്ന മറുപടിയില്‍നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട്.

'കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും' എന്നാണ് യജമാനന്‍ പറഞ്ഞ മറുപടി. വേലക്കാര്‍ എന്നതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്, സുവിശേഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിയുക്തരായിരിക്കുന്ന വിശ്വാസികളെയാണ്. വിശ്വാസം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവരെ ഉന്മൂലനം ചെയ്യണമെന്ന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലും വിശ്വാസികളുടെ ഇടയിലുണ്ട്. ഇവരോടാണ് യേഹ്ശുവാ ഈ താക്കീതു നല്‍കിയിരിക്കുന്നത്. ആരാണ് ദുഷ്ടന്റെ പുത്രന്മാരെന്നും ആരാണ് രാജ്യത്തിന്റെ പുത്രന്മാരെന്നും തിരിച്ചറിയാന്‍ മനുഷ്യര്‍ക്കു സാധ്യമാകണമെന്നില്ല. മാത്രവുമല്ല, ആരെയും വിധിക്കുവാനുള്ള അധികാരം മനുഷ്യരില്‍ നിക്ഷിപ്തവുമല്ല!

ഉപസംഹാരം!

ദൈവമക്കളുടെ സ്ഥാനത്തേക്ക് ഒരുവന്‍ ദത്തെടുക്കപ്പെടുന്നത് ദൈവത്തിന്റെ ഏകജാതനായ യേഹ്ശുവായിലൂടെ ആയതിനാല്‍, ഈ ദൈവപുത്രനില്‍ വിശ്വസിച്ചു സ്നാനം സ്വീകരിക്കുന്ന ഏതൊരാള്‍ക്കും ദൈവപൈതലാകാനുള്ള അവകാശമുണ്ട്. ഇതുതന്നെയാണു നാം പ്രാരംഭത്തില്‍ മനസ്സിലാക്കിയത്. ദൈവമക്കളാകാന്‍  കഴിവു നല്‍കുന്നത് യേഹ്ശുവായാണ്. ഈ വചനം നോക്കുക: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). ഇപ്രകാരമാണ് ഒരുവന്‍ ദൈവപൈതലാകുന്നതെങ്കില്‍ ആരും ജന്മകൊണ്ട് ദൈവത്തിന്റെ മക്കളല്ല എന്നതു സ്പഷ്ടമല്ലേ? എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നു പറയുന്നതില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ? ജന്മകൊണ്ടുതന്നെ സകലരും ദൈവമക്കളായിരുന്നുവെങ്കില്‍, യേഹ്ശുവായിലുള്ള വിശ്വാസംവഴി കഴിവു നേടേണ്ടി വരില്ലായിരുന്നു. പാപംവഴി നഷ്ടമാക്കിയ സ്ഥാനമാണ് യേഹ്ശുവായിലൂടെ പുനഃസ്ഥാപിക്കപ്പെടുന്നത്! ദൈവത്തിന്റെ ഏകജാതനും മനുഷ്യനായി കടന്നുവന്ന് നമുക്കുവേണ്ടി സ്വയം ബലിയായിത്തീര്‍ന്നവനുമായ യേഹ്ശുവായിലൂടെ മാത്രം സംലഭ്യമാകുന്ന പദവിയാണ്‌ ദൈവമക്കളുടെ സ്ഥാനം! ഇക്കാരണത്താലാണ് അപ്പസ്തോലനായ പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചത്: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12).

ജ്ഞാനസ്നാനം വഴി നാമെല്ലാവരും ദൈവമക്കളാണ്. എന്നാല്‍, പാപം ചെയ്യുന്നതിലൂടെ ഈ പദവിയില്‍നിന്നു സ്വമേധയാ പുറത്താകുമെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. പിന്നീട് അനുതപിക്കാന്‍ അവസരം ലഭിക്കുന്നില്ലെങ്കില്‍ നാമും പിശാചിന്റെ സന്തതികള്‍ക്കൊപ്പം എണ്ണപ്പെടും. എന്തെന്നാല്‍. പിശാചിന്റെ മക്കള്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്! ആരംഭത്തില്‍ നാം പരിശോധിച്ച രണ്ടു വചനങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നു: "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്"(1 യോഹ: 3; 8). പിതൃത്വം തിരിച്ചറിയാനുള്ള അടയാളമായിട്ടാണ് ഈ വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും: "ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ"(1യോഹ: 3; 10).

അവിശ്വാസികളുമായി ആരെങ്കിലും കൂട്ടുചേര്‍ന്നാല്‍ സംഭവിക്കുന്നത് എന്തായിരിക്കും? ദൈവത്തിന്റെ മക്കള്‍ക്ക് പിശാചിന്റെ മക്കളോടൊപ്പം വ്യവഹാരത്തിലേര്‍പ്പെടാന്‍ അനുവാദമുണ്ടോ? ഇക്കാര്യത്തില്‍ ബൈബിള്‍ വെളിപ്പെടുത്തുന്നത് എന്താണെന്നു വെളിപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? മ്ശിഹായ്ക്ക് ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14-18).

ഇതില്‍നിന്നു വ്യത്യസ്തമായി ഒന്നും മനോവയ്ക്കു പറയാനുമില്ല! ഇസ്ലാമിക സഹോദരങ്ങളെന്നും ഹൈന്ദവ സഹോദരങ്ങളെന്നും പറയുന്ന ക്രൈസ്തവരോടും ഇതുതന്നെ ആവര്‍ത്തിക്കുന്നു!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6736 views

LOG IN

Lost your password?

SIGN UP

LOST PASSWORD