വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

ദൈവത്തിന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുവിന്‍!

Print By
about

22 - 10 - 2016

മാശകളിലൂടെ സുവിശേഷം പ്രസംഗിക്കുന്നവരെയാണ് പലരും ഇഷ്ടപ്പെടുന്നത്. ധ്യാനപ്രസംഗങ്ങള്‍ കേട്ട് മതിമറന്നു ചിരിക്കുകയും, അവിടെനിന്നു ലഭിച്ച തമാശകളുടെ ശകലങ്ങള്‍ മറ്റുള്ളവരോടു പങ്കുവച്ച് വീണ്ടും ചിരിക്കുകയും ചെയ്യുന്ന അനേകരെ മനോവ കണ്ടിട്ടുണ്ട്. അല്പം ലൈംഗീക ചുവയുള്ള തമാശകള്‍ കലര്‍ത്തി ധ്യാനങ്ങള്‍ നടത്തുന്നവരുമുണ്ട്. സമൂഹമാധ്യമങ്ങള്‍ സജ്ജീവമായപ്പോള്‍ ഇത്തരം കോമഡികള്‍ക്കു പ്രചാരം കൂടിയതു സ്വാഭാവികം! എന്നാല്‍, ദൈവത്തിന്റെ വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക"(ഏശയ്യാ:66;2). പ്രാര്‍ത്ഥനാ വേളകളിലും വചനപ്രഘോഷണ വേദികളിലും ചിലര്‍ തങ്ങളുടെ ശരീരങ്ങളെ മനപ്പൂര്‍വ്വം വിറപ്പിച്ചുകൊണ്ട് വചനത്തെ അക്ഷരാര്‍ത്ഥത്തില്‍ സമീപിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാല്‍, ദൈവം ഉദ്ദേശിച്ച വിറയല്‍ ഇതല്ല! ദൈവംതന്നെയായിരിക്കുന്ന വചനത്തെ സമീപിക്കുമ്പോള്‍ അന്തരംഗം വിറയ്ക്കണം. എന്തെന്നാല്‍, അവിടുന്ന് അസഹിഷ്ണുവായ ദൈവമാണ്!

ഇസ്രായേല്‍ ജനം അവിടുത്തെ ശബ്ദം കേട്ട് ഭയവിഹ്വലരായ സംഭവം ബൈബിളില്‍ നാം വായിക്കുന്നുണ്ട്. അവിടുന്ന് മോശയിലൂടെ നല്‍കിയ നിയമവും മറ്റു പ്രവാചകന്മാരിലൂടെ അറിയിച്ച വെളിപ്പെടുത്തലുകളും മാറ്റമൊന്നുമില്ലാതെ ബൈബിളില്‍ ഇന്നുമുണ്ട്. അവിടുത്തെ വചനത്തിന്റെ ശക്തിയ്ക്കോ മഹത്വത്തിനോ യാതൊരു മാറ്റവും ഇന്നുവരെ വന്നിട്ടില്ല. ഇനിയൊരിക്കലും മാറ്റം വരികയുമില്ല! ദൈവവചനത്തിന്റെ ശക്തി എത്രത്തോളമാണെന്ന് ശ്രദ്ധിക്കുക: "ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതാണ്. അവന്റെ മുമ്പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുമ്പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കുബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്"(ഹെബ്രാ: 4; 12, 13). വചനം എന്നത് വെറും അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച വാചകങ്ങളാണെന്നു ധരിച്ചിരിക്കുന്നവര്‍ക്കു തെറ്റുപറ്റി. വചനം ജീവനുള്ളതാണെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയെക്കുറിച്ചെന്നതുപോലെയാണ് വചനത്തെ ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ വചനത്തെക്കുറിച്ച് ജറെമിയാ പ്രവാചകനിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? യാഹ്‌വെ ചോദിക്കുന്നു"(ജറെ: 23; 29). വചനത്തെ നിസ്സാരമായി കൈകാര്യംചെയ്യുന്ന അനേകരെ കണ്ടിട്ടുണ്ട്. വചനം ദൈവമാണെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടാണ് ഇവര്‍ മനസ്സിലാക്കാത്തത്? ഈ വചനം ശ്രദ്ധിക്കുക: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല"(യോഹ: 1; 1- 5). വചനത്തെ വളച്ചൊടിക്കുകയും നിസ്സാരമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന ദൈവത്തെതന്നെയാണ് അവഹേളിക്കുന്നത്. വചനത്തിന്റെ മാഹാത്മ്യവും സര്‍വ്വശക്തിയും തിരിച്ചറിയാത്ത ഭോഷന്മാരായി മാത്രമേ ഇക്കൂട്ടരെ കാണാന്‍ കഴിയുകയുള്ളൂ! അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ നോക്കുക: "ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ മ്ശിഹായില്‍ ഞങ്ങള്‍ സംസാരിക്കുന്നു"(2 കോറി: 2; 17).

ഇന്ന് ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം നടത്തുന്ന അനേകം ഗ്രൂപ്പുകളെ കാണാന്‍ കഴിയും. ബൈബിളിലെ ചില വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവത്തിന്റെ ശക്തിയും മഹത്വവും തിരിച്ചറിയാത്തവരാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു"(മത്താ: 22; 29). ഇക്കാരണത്താല്‍ തന്നെയാണ് ദൈവവചനത്തെ നിസ്സാരമായി കാണുകയും കൈകാര്യംചെയ്യുകയും ചെയ്യുന്നത്. വചനത്തെ ദുരുപയോഗിക്കുന്നതുവഴി സ്വന്തം ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ കടന്നുവരാതിരിക്കേണ്ടതിനുവേണ്ടിയാണ് അവിടുന്ന് മുന്നറിയിപ്പു നല്‍കിയത്. നമ്മുടെ ജീവിതത്തില്‍ വചനം എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്നു പരിശോധിച്ചുകൊണ്ട്‌ പഠനം തുടരാം.

വചനം സുഖപ്പെടുത്തുന്നു!

"അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു"(സങ്കീ: 107; 20). ഈ വചനമാണ് കാലസമ്പൂര്‍ണ്ണതയില്‍ മാംസം ധരിച്ചു മനുഷ്യനായി കടന്നുവന്ന യേഹ്ശുവാ! അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെല്ലാം വചനത്താലായിരുന്നു. അവിടുത്തെ വായില്‍നിന്നു പുറപ്പെട്ട വചനങ്ങള്‍ രോഗികളെ സുഖപ്പെടുത്തി. പ്രവാചകന്മാരുടെ കാലഘട്ടങ്ങളില്‍ ദൈവത്തിന്റെ വചനം കടന്നുവന്നു സുഖപ്പെടുത്തിയത് അവരുടെ അധരങ്ങളിലൂടെയായിരുന്നു. എന്നാല്‍, വചനം മാംസം ധരിച്ചപ്പോള്‍ സൗഖ്യം ഈ ഭൂമിയില്‍ ദൃഷ്ടാന്തമായി. ജ്ഞാനത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "യാഹ്‌വേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്"(ജ്ഞാനം: 16; 12). യാഹ്‌വെയുടെ വചനമാണ് സകലരെയും സുഖപ്പെടുത്തതെന്ന് ഈ വെളിപ്പെടുത്തല്‍ സാക്ഷ്യം നല്‍കുന്നു.

യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പുറപ്പെട്ട വാക്കുകള്‍ രോഗികള്‍ക്ക് സൗഖ്യമായി പരിണമിച്ചു. വചനം ശരീരം ധരിച്ചതായതുകൊണ്ടുതന്നെ, യേഹ്ശുവായുടെ സ്പര്‍ശനവും സൗഖ്യം നല്‍കി. അവിടുന്ന് പല രോഗികളെയും തൊട്ടു സുഖപ്പെടുത്തിയതായി ബൈബിളില്‍ വായിക്കാന്‍ കഴിയും. യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഈ കഴിവ് അവിടുന്ന് പ്രദാനംചെയ്തു! വചനത്താല്‍ നിറഞ്ഞ ഒരു വ്യക്തിയുടെ സ്പര്‍ശനംപോലും സൗഖ്യമായി പരിണമിക്കും. യേഹ്ശുവായില്‍ വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദാനംചെയ്ത അടയാളങ്ങളില്‍ ഒന്നിതാണ്: "അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 18). അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെട്ട ഈ വചനം ആരില്‍ വസിക്കുന്നുവോ, അവരുടെ സ്പര്‍ശനത്തിലൂടെ ഈ വചനം രോഗികളുടെമേല്‍ കടന്നുചെല്ലുകയും സുഖപ്പെടുത്തുകയും ചെയ്യും! അപ്പസ്തോലനായ പത്രോസിന്റെ നിഴല്‍ പതിക്കുമ്പോള്‍പ്പോലും രോഗികള്‍ സുഖപ്പെട്ടതിന്റെ കാരണവും ഇതുതന്നെയാണ്. അപ്പസ്തോലനില്‍ നിറഞ്ഞുനിന്ന വചനം രോഗികളെ സുഖപ്പെടുത്തി. ബൈബിള്‍ നല്‍കുന്ന സാക്ഷ്യം ശ്രദ്ധിക്കുക: "അവര്‍ രോഗികളെ തെരുവീഥികളില്‍കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകു മ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു വന്നിരുന്നു. എല്ലാവര്‍ക്കും രോഗശാന്തി ലഭിച്ചു"(അപ്പ. പ്രവര്‍: 5; 15, 16).

യേഹ്ശുവാ ഈ ഭൂമിയിലേക്ക് ശരീരംധരിച്ചു കടന്നുവരുന്നതിനു മുന്‍പും സൗഖ്യം നല്‍കിയിരുന്നത് അവിടുന്നുതന്നെയാണ്. അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയെങ്കിലും, അവിടുത്തെ ദാസരുടെ അധരങ്ങളിലൂടെ വചനം അയച്ചു സൗഖ്യം നല്‍കിക്കൊണ്ട് ഇന്നും ജീവിക്കുന്നു!

പാപം മോചിക്കുന്ന വചനം!

രോഗസൗഖ്യവും പാപമോചനവും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുന്ന പല സന്ദര്‍ഭങ്ങളും ബൈബിളിലുണ്ട്. ഈ സന്ദര്‍ഭം ഓര്‍ക്കുക: "യേഹ്ശുവാ തോണിയില്‍ക്കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു"(മത്താ: 9; 1, 2). പാപമോചനത്തിലൂടെ രോഗസൗഖ്യം ലഭിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്. എന്നാല്‍, നിയമജ്ഞരില്‍ ചിലര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല; കാരണം, അവര്‍ ഇതിനെ ദൈവദൂഷണമായി കണ്ടു. "അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേഹ്ശുവാ ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി"(മത്താ: 9; 4 - 7).

വേറൊരു സംഭവം ബൈബിളില്‍ വായിക്കുന്നുണ്ട്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും യേഹ്ശുവായുടെ അടുക്കല്‍ കൊണ്ടുവന്നു. മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞുകൊല്ലപ്പെടേണ്ടവളായിരുന്നു ഈ സ്ത്രീ. യേഹ്ശുവാ ഇവളെ മരണത്തില്‍നിന്നു രക്ഷിച്ചതിനുശേഷം നടത്തിയ സംഭാഷണം ശ്രദ്ധിക്കുക: "യേഹ്ശുവാ നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, ഗുരോ! യേഹ്ശുവാ പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്"(യോഹ:8;10,11). യേഹ്ശുവായുടെ വചനം പാപമോചനം നല്‍കുന്നുവെന്നതിന്റെ മറ്റൊരു തെളിവാണിത്. പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ അവകാശമുള്ളൂ. എന്നാല്‍, ദൈവംതന്നെയായിരിക്കുന്ന വചനത്തിനു പാപം മോചിക്കുവാനുള്ള ശക്തിയും അധികാരവുമുണ്ട്. വചനം മാംസമായി കടന്നുവന്ന യേഹ്ശുവായാണ് യഥാര്‍ത്ഥ പാപമോചനം. അവിടുത്തെ വചനം ഉപയോഗിച്ച് പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യന് അധികാരം നല്‍കിയിരിക്കുന്നതും അവിടുന്നുതന്നെയാണ്. യേഹ്ശുവായോടൊപ്പമുണ്ടായിരുന്ന ശിഷ്യസമൂഹത്തോട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഈ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 18).

കുറച്ചുകൂടി വിശാലമായി ഈ അധികാരം കൈമാറുന്നത് ശ്രദ്ധിക്കുക: "യേഹ്ശുവാ വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും"(യോഹ: 20; 21- 23). ഉയിപ്പിക്കപ്പെട്ട യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോടു പറഞ്ഞ വാക്കുകളാണിത്. പതിനൊന്നുപേര്‍ മാത്രം കൂടിയിരുന്നപ്പോള്‍ പറഞ്ഞതല്ല ഈ വാക്കുകള്‍. യേഹ്ശുവായോടൊപ്പം സഞ്ചരിച്ചിരുന്നവരില്‍ അവശേഷിച്ചവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാരണം, യഹൂദരെ ഭയന്ന് ഒളിച്ചിരുന്ന ശിഷ്യരുടെ മധ്യേയാണ് അവിടുന്ന് കടന്നുവന്നത്. പാപം മോചിക്കാനുള്ള അധികാരം ലഭിക്കേണ്ടതിന് ഇവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കണമെന്ന് യേഹ്ശുവാ കല്പിച്ചു. അതായത്, പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ളവരും ഈ ആത്മാവിനെ ഉള്ളില്‍ സൂക്ഷിക്കുന്നവരുമായ ഏതൊരുവനും പാപങ്ങള്‍ മോചിക്കാനുള്ള അധികാരമുണ്ട്. ഈ അധികാരം കൈമാറ്റം ചെയ്യപ്പെട്ടത് യേഹ്ശുവായുടെ അധരങ്ങളില്‍നിന്ന് പുറപ്പെട്ട വചനത്തിലൂടെയാണ്!

മരിച്ചവരെ ഉയിര്‍പ്പിക്കുന്ന വചനം!

ദൈവത്തിന്റെ വചനമാണ് മരിച്ചവരെ ഉയിര്‍പ്പിക്കുന്നത്. യേഹ്ശുവാ അരുളിച്ചെയ്തു: "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല"(യോഹ: 11; 25, 26). വചനംതന്നെയായ യേഹ്ശുവായാണ് പുനരുത്ഥാനമെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍ യേഹ്ശുവാ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇറങ്ങിവരുകയും മ്ശിഹായില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും"(1 തെസലോ: 4; 16). വചനമാണ് പുനരുത്ഥാനം എന്നതിനു സാക്ഷ്യം നല്‍കുന്നതിനുവേണ്ടിയാണ് ലാസറിനെ യേഹ്ശുവാ ഉയിര്‍പ്പിച്ചത്. ലാസറിന്റെ ഉയിര്‍പ്പ് ഇപ്രകാരമായിരുന്നു: "യേഹ്ശുവാ കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്‍ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്. ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തു വരുക"(യോഹ:11;41- 43). 'ലാസറേ, പുറത്തു വരുക' എന്ന വചനമാണ് അവനു ജീവന്‍ നല്‍കിയത്! 'ബാലികേ, എഴുന്നേല്‍ക്കുക' എന്ന ആജ്ഞാവചനംകൊണ്ട് പന്ത്രണ്ടു വയസ്സുകാരിയായ ബാലികയെ ഉയിര്‍പ്പിച്ചതും ബൈബിളില്‍ വിവരിച്ചിട്ടുണ്ട്.

യേഹ്ശുവായുടെ വചനം അതിന്റെ പൂര്‍ണ്ണതയോടെ പത്രോസിലുണ്ടായിരുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ അപ്പസ്തോലനു സാധിച്ചത് ഈ വചനത്തിന്റെ ശക്തിയാലാണ്. യോപ്പയില്‍ തബീത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. അവള്‍ രോഗബാധിതയായി മരിച്ചു. പത്രോസ് അവളെ ഉയിര്‍പ്പിച്ചത് എപ്രകാരമായിരുന്നുവെന്നു ശ്രദ്ധിക്കുക: "പത്രോസ് എല്ലാവരെയും പുറത്താക്കിയതിനുശേഷം മുട്ടുകുത്തിപ്രാര്‍ത്ഥിച്ചു. പിന്നീട് മൃതശരീരത്തിന്റെ നേരേ തിരിഞ്ഞ് പറഞ്ഞു: തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു"(അപ്പ. പ്രവര്‍: 9; 40). യേഹ്ശുവായുടെ വചനം ആരില്‍ വസിക്കുന്നുവോ, അവര്‍ക്കെല്ലാം ഈ വചനംമൂലം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും!

നിത്യജീവന്‍ നല്‍കുന്ന വചനം!

"എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു"(യോഹ: 3; 16). യേഹ്ശുവായില്‍ വിശ്വസിക്കുക എന്നതുകൊണ്ട്, വചനത്തില്‍ വിശ്വസിക്കുക എന്നാണു വിവക്ഷിക്കുന്നത്. അതായത്, നിത്യജീവന്‍ നല്‍കുന്നത് വചനമാണ്! ഈ വചനം നോക്കുക: "പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്റെ മേല്‍ ഉണ്ട്"(യോഹ: 3; 36). എല്ലാ വിശ്വാസങ്ങളും സത്യത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നു വിളിച്ചുകൂവുന്നവരും ജീവന്‍ ദര്‍ശിക്കുകയില്ല. അവരുടെമേല്‍ ദൈവകോപം നിലനില്‍ക്കുന്നു! യേഹ്ശുവാ അരുളിച്ചെയ്തു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പുറപ്പെട്ട ഈ വചനത്തെ അവഗണിക്കുകയും, അതിലുപരി തങ്ങളുടെ യുക്തിചിന്തകളെ ദൈവവചനമായി അവതരിപ്പിക്കുകയും ചെയ്യുന്നവര്‍ തങ്ങളെയും തങ്ങളെ ശ്രവിക്കുന്നവരെയും നിത്യനാശത്തിലേക്കു നയിക്കുന്നു.

യേഹ്ശുവായുടെ വചനം കഠിനമാണെന്നു പറഞ്ഞുകൊണ്ട് അനേകര്‍ അവിടുത്തെ വിട്ടുപോയി. ഈ അവസരത്തില്‍ അവിടുന്ന് തന്റെ ശിഷ്യന്മാരോട് ഇപ്രകാരം ചോദിച്ചു: "നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?"(യോഹ: 6; 67). ഈ ചോദ്യത്തിനു മറുപടിയായി ശിമയോന്‍പത്രോസ് ഇപ്രകാരം പറഞ്ഞു: "ഗുരോ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്"(യോഹ: 6; 68). നിത്യജീവന്‍ നല്‍കുന്നത് വചനമാണെന്നതിന്റെ വ്യക്തത ഈ പ്രഖ്യാപനത്തില്‍ നിറഞ്ഞുനില്‍ക്കുന്നു! യേഹ്ശുവാ പറഞ്ഞ മറ്റൊരു വചനം നോക്കുക: "നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്"(യോഹ: 6; 63). ഇതാണ് നിത്യജീവന്‍!

പിശാചിനെ പുറത്താക്കുന്ന വചനം!

അനേകം പിശാചുക്കളെയും ദുരാത്മാക്കളെയും വചനംകൊണ്ട് യേഹ്ശുവാ പുറത്താക്കിയിട്ടുള്ളതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട്. പിശാചുബാധയുള്ള ഒരുവന്‍ യേഹ്ശുവായെ സമീപിച്ചു. വളരെക്കാലമായി ഇവന്‍ വസ്ത്രം ധരിക്കാറില്ലായിരുന്നു. ശവക്കല്ലറകളിലാണ് ഇവന്‍ കഴിഞ്ഞുകൂടിയിരുന്നത്. ഇവനില്‍ വസിച്ചിരുന്ന അനേകം പിശാചുക്കളെ യേഹ്ശുവാ പുറത്താക്കിയത് വചനംകൊണ്ടാണെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നത് ശ്രദ്ധിക്കുക: "യേഹ്ശുവായെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്റെ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യേഹ്ശുവായേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, നീ എന്തിന് എന്റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഡിപ്പിക്കരുതെന്ന് ഞാന്‍ നിന്നോടപേക്ഷിക്കുന്നു. എന്തെന്നാല്‍, അവനില്‍നിന്നു പുറത്തുപോകാന്‍ അശുദ്ധാത്മാവിനോട് യേഹ്ശുവാ കല്പിച്ചു"(ലൂക്കാ: 8; 28, 29). യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനത്തെ പിശാചുക്കളും അശുദ്ധാത്മാക്കളും ഭയപ്പെടുന്നു. അവിടുത്തെ വചനം പൂര്‍ണ്ണതയോടെ നമ്മില്‍ വസിക്കുന്നുവെങ്കില്‍, അവിടുത്തെ നാമത്തില്‍ ഈ പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമുക്കും സാധിക്കും. യേഹ്ശുവായുടെ നാമത്തില്‍ അപ്പസ്തോലന്മാര്‍ ചെയ്തതും അവിടുത്തെ വചനം ഉപയോഗിച്ചായിരുന്നു. ഇന്നത്തെ സുവിശേഷപ്രഘോഷകര്‍ ചെയ്യുന്നത് ഈ പ്രവര്‍ത്തിയുടെ തുടര്‍ച്ചയാണ്!

പിശാചുക്കളെ പുറത്താക്കാനുള്ള അധികാരം നമുക്കു നല്കിയതും യേഹ്ശുവാ അവിടുത്തെ വചനത്താലാണ്. വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് അരുളിച്ചെയ്ത അടയാളങ്ങളില്‍ ആദ്യത്തേത് ഇതായിരുന്നു. ഈ വചനം നോക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും; അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ക്കോ: 16; 17). 'യേഹ്ശുവാ' എന്ന നാമം ദൈവത്തിന്റെ വചനമാണ്! എന്തെന്നാല്‍, ഗബ്രിയേല്‍ ദൂതനിലൂടെ ദൈവം അരുളിച്ചെയ്ത വചനമാണ് യേഹ്ശുവാ!

അപ്പസ്തോലന്മാരുടെ സാമീപ്യംപോലും പിശാചുക്കളുടെ ബഹിഷ്ക്കരണത്തിനു കാരണമായിട്ടുണ്ട്. പത്രോസിന്റെ നിഴല്‍ പതിക്കുമ്പോള്‍ അശുദ്ധാത്മാക്കള്‍ പുറത്തുപോകുന്നതായി നാം വായിച്ചു. അതുപോലെതന്നെ, മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "പൗലോസിന്റെ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അവന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു"(അപ്പ. പ്രവര്‍: 19; 11, 12). വചനത്തില്‍ ജീവിച്ച പൗലോസ് അപ്പസ്തോലനിലൂടെ വചനം അദ്ഭുതം പ്രവര്‍ത്തിച്ചു. വചനമില്ലാത്തവര്‍ യേഹ്ശുവായുടെ നാമം പറഞ്ഞാല്‍ അശുദ്ധാത്മാക്കള്‍ പുറത്തുപോകില്ല. വിശ്വസിക്കുകയും അവിടുത്തെ വചനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ അവിടുത്തെ നാമത്തില്‍ അദ്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ഇക്കാര്യം ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക: "പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൗലോസ് പ്രസംഗിക്കുന്ന യേഹ്ശുവായുടെ നാമത്തില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ യേഹ്ശുവായുടെ നാമം പ്രയോഗിച്ചുനോക്കി. യഹൂദരുടെ ഒരു പ്രധാനപുരോഹിതനായ സ്‌കേവായുടെ ഏഴു പുത്രന്‍മാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. എന്നാല്‍, അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേഹ്ശുവായെ എനിക്കറിയാം, പൗലോസിനെയും അറിയാം; എന്നാല്‍ നിങ്ങള്‍ ആരാണ്? അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്‌നരായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി"(അപ്പ. പ്രവര്‍: 19; 13- 16).

വചനത്തില്‍ വസിക്കാത്തവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല!

സൃഷ്ടിക്കുന്ന വചനം!

ഈ പ്രപഞ്ചത്തിന്റെയും അതിലെ സൃഷ്ടികളുടെയും ആരംഭം വചനമാണ്. ഈ വചനം ശ്രദ്ധിക്കുക: "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ"(ഉത്പ: 1; 1- 3). ഉണ്ടാകട്ടെ എന്ന വചനത്താലാണ് ദൈവം സൃഷ്ടി ആരംഭിച്ചതും പൂര്‍ത്തിയാക്കിയതും. ഇത് സ്ഥിരീകരിക്കുന്ന മറ്റൊരു വചനം നോക്കുക: "യാഹ്‌വെയുടെ വചനത്താല്‍ ആകാശം നിര്‍മ്മിക്കപ്പെട്ടു; അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും"(സങ്കീ: 33; 6). യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ സത്യം വെളിപ്പെടുത്തിക്കൊണ്ടാണ്. ഈ വചനം ശ്രദ്ധിക്കുക: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല"(യോഹ: 1; 1- 3). ആറുദിവസംകൊണ്ട് ദൈവം സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കിയത് അവിടുത്തെ വചനത്താലാണെന്നു വ്യക്തമാകാന്‍ ഇത്രയും തെളിവുകള്‍തന്നെ ധാരാളമാണ്! എന്നിരുന്നാലും, സൃഷ്ടിയും പരിപാലനവും നടത്തുന്ന വചനത്തെ വെളിപ്പെടുത്തിയിരിക്കുന്നതുകൂടി ശ്രദ്ധിക്കുക: "ദൈവത്തിന്റെ വചനത്താല്‍ ആകാശം പണ്ടുതന്നെ ഉണ്ടായെന്നും ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താല്‍ നശിച്ചുവെന്നും ഉള്ള വസ്തുതകള്‍ അവര്‍ വിസ്മരിക്കുന്നു. വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്റെയും ദിനത്തില്‍, അഗ്‌നിക്ക് ഇരയാകേണ്ടതിന് ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു"(2 പത്രോ: 3; 5- 7).

വചനത്തെ മാറ്റിനിര്‍ത്തിയാല്‍ ഈ പ്രപഞ്ചം നിലനില്‍ക്കുകയില്ല. ഈ വചനമാണ് യേഹ്ശുവാ! "ഒരു നാഥനേ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ"(1കോറി:8;4-6). ദൈവത്തിന്റെ അധരങ്ങളില്‍നിന്ന് പുറപ്പെടുന്ന വചനത്തിന്റെ ശക്തിയെ നിസ്സാരമായി കാണരുത്. എന്തെന്നാല്‍: "എന്റെ അധരങ്ങളില്‍നിന്ന് പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും"(ഏശയ്യാ: 55; 11).

വചനം ഇരുമ്പാണിയാണ്!

യേഹ്ശുവായുടെ സഭയെ പീഡിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു സാവൂള്‍. ദമാസ്ക്കസിലെ അവിടുത്തെ സഭയെ പീഡിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച സാവൂളിനോട്‌ യേഹ്ശുവാ അരുളിച്ചെയ്തു: "സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നതെന്തുകൊണ്ട്? ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്"(അപ്പ. പ്രവര്‍: 26; 14). ദൈവവചനത്തിനെതിരേ നിലകൊള്ളുന്ന സകലര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഈ വചനം. എന്തെന്നാല്‍, അവിടുത്തെ വചനം ഇരുമ്പാണിയാണ്! ഈ ഇരുമ്പാണിയില്‍ തൊഴിച്ച് നാശമടഞ്ഞിട്ടുള്ള അനേകം വ്യക്തികളും സാമ്രാജ്യങ്ങളും പ്രഭുത്വങ്ങളുമുണ്ട്. എന്നാല്‍, വചനം ഇന്നും നിലനില്‍ക്കുന്നു!

വചനത്തെ വളച്ചൊടിക്കുന്നവര്‍ക്കു ദുരിതം!

വചനം ഇരുമ്പാണിയാണെന്നു നാം മനസ്സിലാക്കി. അതിനാല്‍ത്തന്നെ ഈ ആണിയില്‍ തൊഴിച്ചാല്‍, തൊഴിക്കുന്നവന്റെ കാലുകള്‍ക്ക് സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാനും നമുക്കു സാധിക്കും. വചനത്തെ വളച്ചൊടിക്കുന്നവരെല്ലാം ഇരുമ്പാണിയില്‍ തൊഴിക്കുകയാണു ചെയ്യുന്നത്. അവര്‍ തങ്ങളുടെ നാശം ഇരന്നുവാങ്ങുന്നു. പത്രോസ് അപ്പസ്തോലന്റെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നമ്മുടെ യാഹ്‌വെയുടെ ദീര്‍ഘക്ഷമ രക്ഷാകരമാണെന്നു കരുതിക്കൊള്ളുവിന്‍. നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യം തന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെതന്നെയാണ് എല്ലാ ലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്‌കരുമായ ചിലര്‍, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു"(2 പത്രോ: 3; 15, 16). പൗലോസ് അപ്പസ്തോലന്റെ പ്രബോധനങ്ങളെ മാത്രമല്ല, മറ്റു വിശുദ്ധ ലിഖിതങ്ങളും വളച്ചൊടിക്കപ്പെടുമ്പോള്‍, അതിനു തുനിയുന്നവര്‍ തങ്ങളുടെ നാശം തിരഞ്ഞെടുക്കുകയാണെന്ന തിരിച്ചറിവുണ്ടാകണം! അറില്ലാത്തവരോ ചഞ്ചലമനസ്കരോ എന്നത് ഇവിടെ പ്രസക്തമല്ലെന്ന് അപ്പസ്തോലന്‍ ചൂണ്ടിക്കാണിക്കുന്നു. അജ്ഞതയും ചഞ്ചലമനസ്കതയും ആരെയും രക്ഷിക്കുകയില്ല. അചഞ്ചലമായി ഉറച്ചുനില്‍ക്കേണ്ടതിന്റെ അനിവാര്യത പൗലോസ് അപ്പസ്തോലന്‍ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത് നോക്കുക: "അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍"(എഫേ: 6; 14).

തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്പ് സാധ്യമാകുന്നതിനുവേണ്ടിയാണ് ഈ അചഞ്ചലത ആവശ്യപ്പെടുന്നതെന്ന്‍ പതിമൂന്നാം വാക്യം വ്യക്തമാക്കിയിരിക്കുന്നു. അജ്ഞത ഒരിക്കലും ഒരു ആശ്വാസമല്ല; അറിവു നേടേണ്ടത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണ്. എന്തെന്നാല്‍, വചനം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ: 17; 3). അറിയുന്നില്ലെങ്കില്‍ എങ്ങനെ നിത്യജീവന്‍ പ്രാപിക്കും? എല്ലാറ്റിലും പ്രധാനപ്പെട്ടത് നിത്യജീവനായതിനാല്‍, അറിവില്ലായ്മയും ചഞ്ചലമനസ്കതയും വചനത്തെ വളച്ചൊടിക്കുന്നതിനെ സാധൂകരിക്കുന്നില്ല! ഇവിടെ ഒരു ചോദ്യമുയര്‍ന്നേല്‍ക്കാം. പൗലോസ് അപ്പസ്തോലന്‍ അറിയിച്ച ഈ വാക്കുകളാണ് ച്യോദ്യമായി ഉയര്‍ത്തുന്നത്: "അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു"(അപ്പ. പ്രവര്‍: 17; 30). ബൈബിളിലെ ഈ വാക്യത്തെ രണ്ടായി മുറിച്ച് അവതരിപ്പിച്ചപ്പോള്‍ വന്ന പിഴവ് അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. അജ്ഞത ഒരു അനുഗ്രഹമായി കണക്കാക്കിയിരിക്കുന്ന അനേകരുണ്ട്. അജ്ഞതയുടെ കാലഘട്ടങ്ങള്‍ യേഹ്ശുവായുടെ സുവിശേഷം കടന്നുവരുന്നതിനു മുന്‍പായിരുന്നു. ദൈവത്വം ഒരു കാര്യമായി പരിഗണിക്കാതെ പരിപൂര്‍ണ്ണ മനുഷ്യനായി കടന്നുവന്ന യേഹ്ശുവായ്ക്കുശേഷം അജ്ഞത നീങ്ങിപ്പോയി. മാംസമായി കടന്നുവന്ന വചനമായിരുന്നു അവിടുന്ന്! ഈ യാഥാര്‍ത്ഥ്യം അറിയുകയെന്നത് നിത്യജീവന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും പ്രധാന കടമയാണ്.

വ്യക്തമായ അറിവു നേടാതെ പ്രബോധകരാകാന്‍ തുനിയുന്നവര്‍ തങ്ങളെത്തന്നെയാണ് അപകടത്തില്‍പ്പെടുത്തുന്നത്. അപ്പസ്തോലനായ യാക്കോബ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്‌സിലാക്കുവിന്‍"(യാക്കോ: 3; 1). അജ്ഞതമൂലം ആയിരുന്നാല്‍പ്പോലും, കേള്‍വിക്കാരില്‍ തെറ്റിദ്ധാരണ ജനിക്കാന്‍ അബദ്ധപ്രബോധനം കാരണമാകും എന്നകാര്യം നാം വിസ്മരിക്കരുത്. ഒരു വചനം കേള്‍ക്കുമ്പോള്‍, ആ വചനം ബൈബിളിലുണ്ടോ എന്ന് പരിശോധിക്കാന്‍ കേള്‍വിക്കാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. മാത്രവുമല്ല, ഈ വചനത്തിന്റെ ഇണവചനം കണ്ടുപിടിച്ചു വായിക്കുകയും വ്യക്തമായി പഠിക്കുകയും വേണം. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ പ്രവാചകനിലൂടെ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെയുടെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു"(ഏശയ്യാ: 34; 16). ഇണവചനങ്ങള്‍ കണ്ടെത്തി വായിച്ചാല്‍ മാത്രം മതിയാകില്ല; ഓരോ വചനങ്ങളും അറിയിച്ച സാഹചര്യവും സാമൂഹിക പശ്ചാത്തലവും നാം പരിഗണിക്കണം. ഇത്തരം കാര്യങ്ങളെ ഗൗരവത്തോടെ കാണാതെ പ്രബോധനത്തിനു തുനിയുന്നവര്‍ തങ്ങളുടെ ജീവനെ മരണത്തിനു വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്. എന്തെന്നാല്‍, നമ്മുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വചനം ജീവന്‍ നല്കുന്നതുപോലെതന്നെ, ഈ വചനത്തില്‍ മരണവും പതിയിരുപ്പുണ്ട്!

മരണകരമായ പ്രബോധനത്തിലൂടെ അനേകര്‍ വഴിതെറ്റിയിട്ടുണ്ടെന്നു നാം അറിഞ്ഞിരിക്കണം. എല്ലാ സഭകളിലും ഇത്തരക്കാരുണ്ടെന്നു മാത്രമല്ല, മിക്ക സഭകളുടെയും മതബോധനംപോലും വചനവിരുദ്ധമാണ്! കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലും പിന്നീട് വന്ന യുവജന മതബോധനഗ്രന്ഥത്തിലും എഴുതിപ്പിടിപ്പിച്ചിരിക്കുന്ന അബദ്ധങ്ങള്‍ ചുമന്നുനടക്കുന്ന അനേകര്‍ സഭയിലുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങള്‍ വചനത്തെ വളച്ചൊടിക്കുന്നതും വചനപ്രഘോഷണത്തിനു കടിഞ്ഞാണിടുന്നതുമായിരുന്നു. സത്യദൈവത്തെയും അന്യദേവന്മാരെയും വേറിട്ടു കണ്ടിരുന്ന ദൈവജനത്തിനു മുന്‍പില്‍, എല്ലാ ദേവന്മാര്‍ക്കും വിശ്വാസങ്ങള്‍ക്കും അംഗീകാരം നല്‍കുന്ന തീരുമാനമാണ് സൂനഹദോസ് എടുത്തത്!

ബൈബിളിലെ വചനങ്ങള്‍ക്കെതിരേ ജോണ്‍ ഇരുപത്തിമൂന്നാമന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന നാം കാണാതെപോകരുത്. സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയുടെ സത്യപ്രബോധനത്തെ അസാധുവാക്കുന്നതായിരുന്നു പുതിയ പ്രഖ്യാപനം. അപ്പസ്തോലനായ പത്രോസിന്റെ ആദ്യത്തെ പ്രസംഗത്തില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). വിജാതിയരുടെ രക്ഷയ്ക്കുവേണ്ടി അഭിഷേകംചെയ്യപ്പെട്ട അപ്പസ്തോലനായ പൗലോസ് സധൈര്യം പ്രഖ്യാപിച്ചത് ഇപ്രകാരമാണ്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). യേഹ്ശുവായുടെ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെ തള്ളിക്കളഞ്ഞവര്‍ എങ്ങനെയാണ് അപ്പസ്തോലിക സഭയുടെ ഭാഗമാകുന്നത്? യേഹ്ശുവായുടെ വായില്‍നിന്നു കേട്ട വചനങ്ങളെ തള്ളിക്കളയുന്നവര്‍ ആരുതന്നെയായിരുന്നാലും വചനത്തിന്റെ ശത്രുക്കളാണ്! പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമായി ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുന്‍പ് കല്പിച്ചത് ഇപ്രകാരമായിരുന്നു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18- 20). ഇന്ന് കത്തോലിക്കാസഭയില്‍ കയറിക്കൂടിയിരിക്കുന്ന വ്യാജപ്രവാചകന്റെ പ്രഖ്യാപനം ഈ വചനത്തെ പരിഹസിക്കുന്നതാണ്!

സീറോമലബാര്‍ റീത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന മതബോധനം ശ്രദ്ധിച്ചാല്‍, സഭാശ്രേഷ്ഠന്മാരുടെ ആദ്ധ്യാത്മിക അധഃപതനം വ്യക്തമാകും. 'ആരാധന വിവിധ മതങ്ങളില്‍' എന്ന തലക്കെട്ടോടെ അവതരിപ്പിച്ചിരിക്കുന്ന ബോധനം ശ്രദ്ധിക്കുക: 'എല്ലാ മതങ്ങളും ദൈവാരാധനയ്ക്കു പ്രാധാന്യം കല്പിക്കുന്നവയാണ്. ആചാരരീതികള്‍ വ്യത്യസ്തങ്ങളാണെന്നുമാത്രം. ദേവീദേവന്മാരുടെ പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ പൂജയര്‍പ്പിച്ചുകൊണ്ടാണ് ഹൈന്ദവര്‍ ആരാധന നടത്തുന്നത്. നമസ്കാരപ്രധാനമായ ആരാധനാ രീതിയാണ് ഇസ്ലാം മതത്തിനുള്ളത്. അള്ളാഹുവിനു സ്തുതിയര്‍പ്പിക്കുന്ന ഗീതങ്ങള്‍ ഉറക്കെ ഉച്ചരിച്ചുകൊണ്ട് നിസ്കരിക്കുകയും നിയതമായ നോമ്പുകള്‍ അനുഷ്ഠിക്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നതുവഴി അവര്‍ ദൈവത്തെ ആരാധിക്കുന്നു. ജൈന, ബുദ്ധമതങ്ങളിലും തനതായ ആരാധനാരീതികള്‍ കാണാം....' ഇങ്ങനെയാണ് പാഠം തുടരുന്നത്. വിജാതിയര്‍ ആരാധിക്കുന്നത് ദൈവത്തെയാണെന്നു പ്രഖ്യാപിക്കുന്ന പാഠം തയ്യാറാക്കിയിരിക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും ഇവര്‍ വിചാരണ ചെയ്യപ്പെടണം. ദൈവവചന വിരുദ്ധമായ ആശയങ്ങള്‍ ആരെങ്കിലും തിരുകിക്കയറ്റിയാതാണെന്നു കരുതാന്‍ കഴിയില്ല. കാരണം, സീറോമലബാര്‍ സഭയുടെ മതബോധനം നിസ്സാരമായി കൈകാര്യം ചെയ്യാന്‍ സഭാശ്രേഷ്ഠന്മാര്‍ തയ്യാറാകുമോ? ആയതിനാല്‍ത്തന്നെ, സഭാശ്രേഷ്ഠന്മാരായി വിഹരിക്കുന്നവരുടെ അധഃപതനമാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്!

അന്യമതങ്ങളുടെ ആരാധനാരീതികള്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം ആരില്‍നിന്നാണ് സഭാശ്രേഷ്ഠന്മാര്‍ ഏറ്റെടുത്തത്? യേഹ്ശുവായോ അപ്പസ്തോലന്മാരോ ഇങ്ങനെയൊരു ഉത്തരവാദിത്തം ഇവരെ ഏല്പിച്ചിട്ടുണ്ടോ? ബൈബിളില്‍ എവിടെയെങ്കിലും ഇത്തരത്തിലുള്ള ആഹ്വാനമുണ്ടോ? ഇല്ലെന്നു മാത്രമല്ല, അരുതെന്നു കര്‍ശനമായി കല്പിച്ചിട്ടുമുണ്ട്. ഈ നിയമം ശ്രദ്ധിക്കുക: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). അന്യദേവന്മാരുടെ ആരാധനാരീതികള്‍ എങ്ങനെയാണെന്ന് അന്വേഷിക്കുകപോലും ചെയ്യരുതെന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ കല്പിച്ചിരിക്കുന്നത്. അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്ന് വ്യക്തമാക്കാനാണ് മോശയിലൂടെ അവിടുന്ന് വലിയ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതെന്നു ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "യാഹ്‌വെയാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്"(നിയമം: 4; 35). ബൈബിളിലെ വചനങ്ങളോടുള്ള വെല്ലുവിളിയാണ് ഒന്‍പതാം ക്ലാസിലെ മതബോധനത്തിലൂടെ ഇവര്‍ നടത്തുന്നത്!

ഹൈന്ദവര്‍ ആരാധിക്കുന്ന ദേവീദേവന്മാരും, ഇസ്ലാമിന്റെ ആരാധനാമൂര്‍ത്തിയായ അല്ലാഹുവും, ജൈനമതക്കാരും ബുദ്ധമതക്കാരും ആരാധിക്കുന്ന വിഗ്രഹങ്ങളും ദൈവങ്ങളാണെന്നു സ്ഥാപിക്കാനാണോ കത്തോലിക്കാസഭ മതബോധനം നടത്തുന്നത്? ഇസ്ലാംമതക്കാര്‍ അല്ലാഹു എന്നുവിളിക്കുന്നത് സത്യദൈവത്തെയല്ല; അല്ലാഹു സത്യദൈവമാണെങ്കില്‍ ബൈബിള്‍ തെറ്റാണെന്നും ബൈബിളിലെ ദൈവം സത്യദൈവം അല്ലെന്നും സമ്മതിക്കേണ്ടിവരും. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ വെളിപ്പെടുത്തലനുസരിച്ച്‌, അബ്രാഹം ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയത് വാഗ്ദത്ത പുത്രനായ ഇസഹാക്കിനെയാണ്. എന്നാല്‍, അല്ലാഹുവെന്ന ഇസ്ലാമിക ദേവന്‍ പറയുന്നത് ഇസ്മായിലിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയെന്നാണ്. യേഹ്ശുവാ ഒരു പ്രവാചകന്‍ മാത്രമാണെന്നും, അവിടുന്ന് കുരിശില്‍ മരിച്ചുവെന്നത് കള്ളക്കഥയാണെന്നും പറയുന്ന അല്ലാഹുവിനെ ദൈവമാക്കാന്‍ ശ്രമിക്കുന്നവര്‍ വചനത്തിന്റെ ശത്രുക്കളും ശപിക്കപ്പെട്ടവരുമാണെന്നു മറക്കരുത്!

പാരമ്പര്യത്തിന്റെ പേരില്‍ കടന്നുവന്ന ദുരന്തങ്ങളും സഭകളിലുണ്ട്. വചനത്തെക്കാള്‍ ഉപരിയായി പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും, അവ ദൈവജനത്തിനുമേല്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നവര്‍ അപകടകാരികളാണ്. ഏശയ്യാപ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് യേഹ്ശുവാ വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ ദൂരെയാണ്. വ്യര്‍ത്ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്പന അവഗണിക്കുന്നു"(മര്‍ക്കോ: 7; 6- 9). പാരമ്പര്യങ്ങളെ മനോവ എതിര്‍ക്കുന്നില്ല; എന്നാല്‍, വചനത്തിനു വിരുദ്ധമായ പാരമ്പര്യങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു!

വചനത്തെ ഗൗരവത്തോടെ സമീപിക്കുക!

വചനം ദൈവമായിരിക്കുന്നതുകൊണ്ടുതന്നെ, വചനത്തെ നിസ്സാരമായി നാം കാണരുത്. നമുക്കു ജീവന്‍ നല്‍കാനും നമ്മെ വിധിക്കാനും ഈ വചനത്തിനു ശക്തിയുണ്ട്. ദൈവവചനം ഉള്‍ക്കൊള്ളുന്ന ബൈബിള്‍ കൈകാര്യം ചെയ്യുന്നവരും ജാഗ്രത പാലിക്കണം. ഓരോരുത്തരുടെയും ഭവനങ്ങളില്‍ എത്രത്തോളം സ്ഥാനമാണ് ബൈബിളിനു നല്‍കിയിട്ടുള്ളതെന്ന് ആത്മശോധന ചെയ്യുക. അലക്ഷ്യമായി എവിടെയെങ്കിലും വയ്ക്കുവാനുള്ളതല്ല ബൈബിള്‍. ഓരോ ഭവനത്തിലും പ്രത്യേക പരിഗണന ബൈബിളിനുണ്ടാകണം. വചനം പാരായണം ചെയ്യുന്നതിലും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിലും നാം ശ്രദ്ധയുള്ളവരായിരിക്കണം! മറ്റേതെങ്കിലും മതഗ്രന്ഥങ്ങള്‍പോലെയോ മറ്റു പുസ്തകങ്ങള്‍പോലെയോ ബൈബിളിനെ നാം കാണരുത്. അതിനാല്‍ത്തന്നെ, മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളോടൊപ്പം ബൈബിള്‍ പ്രതിഷ്ഠിക്കരുത്. എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങള്‍പോലെ ഒരു പുസ്തകമായി ബൈബിളിനെ പരിഗണിക്കുന്നവര്‍ വചനത്തിന്റെ ശത്രുക്കളാണ്!

വചനപ്രഘോഷണ വേദികളില്‍ അന്യമതങ്ങളുടെ ഗ്രന്ഥങ്ങളെ ശ്ലാഘിച്ചു സംസാരിക്കുന്നത് ദൈവത്തെ പ്രകോപിപ്പിക്കുന്ന നടപടിയാണ്. ദൈവത്തിന്റെ വചനത്തെ പിശാചിന്റെ പ്രബോധനങ്ങളുമായി ചേര്‍ത്തുവയ്ക്കുന്നത് ആധുനീക സുവിശേഷകരുടെ ഒരു ശൈലിയായി മാറിയിരിക്കുന്നു. അന്യദേവന്മാര്‍ക്ക് വിടുവേല ചെയ്യുന്ന പ്രഘോഷകരെയും സുവിശേഷപ്രഘോഷണ വേദികളില്‍ കണ്ടുമുട്ടാറുണ്ട്! മതസൗഹാര്‍ദ്ദമെന്ന ഓമനപ്പേരിട്ട് സത്യദൈവത്തെ അന്യദേവന്മാരുടെ നിലവാരത്തിലേക്കു വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നവരെ നാം സൂക്ഷിക്കണം. മറ്റു മതക്കാര്‍ തങ്ങളുടെ വിഗ്രഹങ്ങളെപ്പോലും ഇത്രത്തോളം ലാഘവത്തോടെ സമീപിക്കുന്നില്ല എന്നകാര്യം നാം വിസ്മരിക്കരുത്! അവരുടെ ദേവന്മാരെ ആരാധിക്കുന്നതിന് മറ്റു മതങ്ങളുടെ ആചാരങ്ങള്‍ അവര്‍ അനുകരിക്കാറില്ല എന്നതും നാം ഗൗരവമായി കാണണം!

"ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്കിയവനെ നിരസിച്ചവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്കരിച്ചാല്‍ രക്ഷപ്പെടുക കൂടുതല്‍ പ്രയാസമാണ്"(ഹെബ്രാ: 12; 25). ദൈവവചനത്തോടു മറുതലിക്കുകയും വചനത്തെ ലാഘവത്തോടെ സമീപിക്കുകയും ചെയ്യുന്നവര്‍ ഭയത്തോടെ ഈ മുന്നറിയിപ്പിനെ പരിഗണിക്കണം. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ വചനവുമായി പ്രവാചകന്മാരെ അയച്ചു. അവരാരും ദൈവജനത്തോടു തമാശകള്‍ പറഞ്ഞു നടന്നില്ല. വചനത്തിന്റെ ഗൗരവം അവരുടെ വാക്കുകളിലും പ്രവര്‍ത്തികളിലും നിറഞ്ഞുനിന്നിരുന്നു. യേഹ്ശുവാ അവിടുത്തെ അനുയായികളെ അയച്ചതും തമാശകള്‍ പറഞ്ഞു ജനത്തെ ചിരിപ്പിക്കാനായിരുന്നില്ല. എന്നാല്‍, ഇത്തരത്തിലുള്ള പ്രഘോഷകര്‍ ഉദയം ചെയ്യുമെന്ന മുന്നറിയിപ്പ് യേഹ്ശുവായുടെ ശിഷ്യന്മാരിലൂടെ അവിടുന്ന് നമുക്കു നല്‍കിയിട്ടുണ്ട്. "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത സമയം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോ: 4; 3, 4). നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കാനുള്ള ഒന്നല്ല ദൈവവചനം; മറിച്ച്, ശാസനയ്ക്കും തെറ്റുതിരുത്തലിനുമുള്ളതാണ് ദൈവത്തിന്റെ വചനം! "അങ്ങനെ ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്ത്യാദരങ്ങളോടെ സമര്‍പ്പിക്കാം. കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്"(ഹെബ്രാ: 12; 28, 29).

നാം ആരംഭത്തില്‍ ചിന്തിച്ച വചനം ഒരിക്കല്‍ക്കൂടി ധ്യാനിച്ചുകൊണ്ട് ഈ പഠനം ഇവിടെ ഉപസംഹരിക്കുന്നു: "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക"(ഏശയ്യാ:66;2). വചനത്തെ ഭയഭക്തിയോടെ സമീപിക്കുന്നവര്‍ അനുഗൃഹീതര്‍ എന്തെന്നാല്‍, അവര്‍ക്കുള്ള വാഗ്ദാനം ഇതാണ്: "യാഹ്‌വെയുടെ വചനം കേള്‍ക്കുമ്പോള്‍ വിറയ്ക്കുന്നവരേ, അവിടുത്തെ വചനം കേള്‍ക്കുവിന്‍: എന്റെ നാമത്തെ പ്രതി നിങ്ങളെ ദ്വേഷിക്കുകയും പുറത്താക്കുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരര്‍, യാഹ്‌വെ മഹത്വം പ്രകടിപ്പിക്കട്ടെ, നിങ്ങള്‍ സന്തോഷിക്കുന്നതു ഞങ്ങള്‍ കാണട്ടെ എന്നു പരിഹസിച്ചു. എന്നാല്‍, അവര്‍ തന്നെയാണു ലജ്ജിതരാവുക.  ഇതാ, നഗരത്തില്‍നിന്ന് ഒരു ശബ്ദകോലാഹലം! ദൈവാലയത്തില്‍നിന്ന് ഒരു സ്വരം! ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന യാഹ്‌വെയുടെ സ്വരമാണത്"(ഏശയ്യാ: 66; 5, 6).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8919 views

LOG IN

Lost your password?

SIGN UP

LOST PASSWORD