ശ്ലൈഹീക സഭ

ആത്മാവില്‍ വീണ്ടുംജനനം!

Print By
about

19 - 11 - 2016

"സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല"(യോഹ: 3; 5). രണ്ടു സ്നാനങ്ങളെക്കുറിച്ച് യേഹ്ശുവാ നമ്മെ പഠിപ്പിക്കുന്നുണ്ട്. ജലത്താലുള്ള സ്നാനവും ആത്മാവിനാലുള്ള സ്നാനവുമാണ് ഇവ. എന്നാല്‍, ജലത്താലുള്ള സ്നാനത്തെയും ആത്മാവിനാലുള്ള സ്നാനത്തെയും വേറിട്ട്‌ കാണാന്‍ ശ്രമിക്കാത്ത അനേകര്‍ ക്രിസ്തീയ സമൂഹങ്ങളിലുണ്ട്. ഇക്കാരണംകൊണ്ടുതന്നെ, ജ്ഞാനസ്നാനത്തെ സംബന്ധിച്ച് സഭകള്‍ തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നു. ശിശുസ്നാനത്തെ അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഭിന്നതയുടെ മൂലകാരണം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുന്നത് രണ്ടുതരം സ്നാനങ്ങളെക്കുറിച്ചുള്ള അവബോധത്തിലെ പാളിച്ചയിലായിരിക്കും. പ്രൊട്ടസ്റ്റന്റ് സമൂഹം പൊതുവേ ശിശുസ്നാനത്തെ നിഷേധിക്കുന്നവരാണ്. കത്തോലിക്കാസഭയും ഇതര അപ്പസ്തോലിക സഭകളും മാത്രമല്ല, ചില പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും ശിശുസ്നാനത്തിനു പ്രാധാന്യം കൊടുക്കുന്നു. സഭകള്‍ തമ്മിലുള്ള ആശയവിനിമയത്തിനും ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കും വേദിയില്ലാത്തതുകൊണ്ടാണ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് എന്നകാര്യത്തില്‍ സംശയമില്ല. ഇത്തരം തര്‍ക്കങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകാന്‍ ഈ ലേഖനം കാരണമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്നു!

മാമോദീസാ, സ്ഥൈര്യലേപനം എന്നീ കൂദാശകളിലൂടെ ജലത്താലും ആത്മാവിനാലുമുള്ള സ്നാനങ്ങളെ വേര്‍തിരിച്ചിരിക്കുന്ന സഭയാണ് കത്തോലിക്കാസഭ! എന്നാല്‍, ഈ അടുത്തകാലത്ത് ചില കുബുദ്ധികള്‍ സഭയില്‍ കടന്നുകയറി ഈ വേര്‍തിരിവ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആധുനീക ദൈവശാസ്ത്രം എന്നപേരില്‍ സഭയില്‍ കടന്നുകൂടിയ 'ഫ്രീമേസണ്‍' സംഘമാണ് ഈ പൈശാചികതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ദൈവവചനത്തെ ബുദ്ധികൊണ്ട് വ്യാഖ്യാനിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്. എന്തെന്നാല്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ആത്മീയ പിതാക്കന്മാര്‍ വചനാടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ് ഓരോ കൂദാശകളും. ഒരു മനുഷ്യന്റെ ജീവിതചക്രത്തിലെ ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട ക്രമമനുസരിച്ചാണ് കൂദാശകള്‍ നമുക്കു നല്കപ്പെട്ടിരിക്കുന്നത്. മാമോദീസായിലൂടെയാണ് കൂദാശാജീവിതത്തിലേക്ക് നാം പ്രവേശിക്കുന്നത്. ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കണമെന്നുള്ള യേഹ്ശുവായുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് ആദ്യപടിയായി നാം ജലത്താല്‍ വീണ്ടും ജനിക്കുന്നു. ജലത്താലുള്ള വീണ്ടും ജനനവും ആത്മാവിനാലുള്ള വീണ്ടും ജനനവും ഒന്നാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ ശിശുസ്നാനത്തെ പരിഹസിക്കുകയും തള്ളിപ്പറയുകയും ചെയ്യുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാതെ പതറുന്ന അവസ്ഥ അപ്പസ്തോലിക സഭകളിലെ വിശ്വാസികളിലും ഉണ്ട്. രണ്ടുതരത്തിലുള്ള വീണ്ടും ജനനം ഉണ്ടെന്നുള്ള അവബോധമില്ലാത്തതും, സ്ഥൈര്യലേപനം എന്നത് വീണ്ടും ജനനമാണെന്ന തിരിച്ചറിവില്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് ആധാരം!

ജലത്താല്‍ വീണ്ടും ജനിക്കുന്നതിന് തിരിച്ചറിവ് ഒരു ഘടകമല്ല! എന്തെന്നാല്‍, ജന്മപാപം എന്നത് തന്റെ പ്രവര്‍ത്തിയുടെ ഫലമായി ഉണ്ടായിട്ടുള്ളതല്ല; മറിച്ച്, മാനവരാശിയുടെമേല്‍ വന്നുഭവിച്ച ഒരു ദുരന്തമാണ് ഈ പാപം. മാമോദീസാ എന്ന കൂദാശയെക്കുറിച്ചുള്ള വിവരണത്തില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ചില വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ആയതിനാല്‍, ജലസ്നാനത്തെ സംബന്ധിച്ച ചില വചനസത്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്.

"അങ്ങനെ ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ ഒരു മനുഷ്യന്റെ നീതിപൂര്‍വ്വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും"(റോമാ: 5; 18, 19). അമ്മയുടെ ഉദരത്തില്‍ ജീവിക്കുന്ന ഒരു ശിശുവിന് അവിടെവച്ച് പാപം ചെയ്യാന്‍ കഴിയില്ലെന്നു നമുക്കറിയാം. എന്നാല്‍, ഉദരത്തില്‍ ഉരുവാകുമ്പോഴേ ഒരുവന്‍ പാപിയാണെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മനുഷ്യന്‍മൂലം കടന്നുവന്ന ഈ പാപത്തിന്റെ ഫലമായി മരണം കടന്നുവന്നെങ്കില്‍, ഈ മരണത്തില്‍നിന്നു ജീവനിലേക്കു പ്രവേശിക്കുന്നത് യേഹ്ശുവായുമായി ഐക്യപ്പെടുന്നതിലൂടെയാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആകയാല്‍, ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്ക് ശിക്ഷാവിധിയില്ല. എന്തെന്നാല്‍, യേഹ്ശുവാ മ്ശിഹായിലുള്ള ജീവാത്മാവിന്റെ നിയമം നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു"(റോമാ: 8; 1, 2). എങ്ങനെയാണ് ഒരുവന് യേഹ്ശുവായുമായി ഐക്യപ്പെടാന്‍ സാധിക്കുന്നതെന്നും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. മ്ശിഹാ മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്"(റോമാ: 6; 3, 4).

അമ്മയുടെ ഉദരത്തില്‍ ഉരുവാകുമ്പോള്‍ത്തന്നെ പാപിയായിത്തീരുന്ന ഒരുവനെ ജീവനിലേക്കു നയിക്കുന്നത് ജ്ഞാനസ്നാനമാണ്. അതായത്, യേഹ്ശുവായോട് ഐക്യപ്പെടാത്ത ഒരുവന്‍ നിത്യജീവനിലേക്ക്‌ ഉയിര്‍പ്പിക്കപ്പെടുന്നില്ല. ആദംവഴി മനുഷ്യരാശിയെ ഗ്രസിച്ച മരണത്തില്‍നിന്നു മോചനം ലഭിക്കണമെങ്കില്‍ യേഹ്ശുവായോട് ഐക്യപ്പെടല്‍ അനിവാര്യമാണ്! ഈ ഐക്യപ്പെടല്‍ സാധ്യമാകുന്നത് ജ്ഞാനസ്നാനത്തിലൂടെ മാത്രവുമാണ്! മാനവരാശിയ്ക്ക് മുഴുവനുമായി നല്‍കപ്പെട്ടിരിക്കുന്ന ഈ നിയമത്തില്‍നിന്നു ശിശുക്കളെ മാറ്റിനിര്‍ത്താന്‍ നമുക്ക് അവകാശമില്ല. ഒരു ശിശു തന്റെ അറിവോ സമ്മതമോ ഇല്ലാതെ അവനില്‍ കടന്നുവരുന്ന പാപത്തിനു പശ്ചാത്താപത്തിന്റെ ആവശ്യമില്ല. അതിനാല്‍ത്തന്നെ, അവന്റെ ജനനത്തിനു കാരണക്കാരായ മാതാപിതാക്കളുടെ വിശ്വാസം അവനെ സ്നാനത്തിനു യോഗ്യനാക്കുന്നു! എന്നാല്‍, വ്യക്തിപരമായി ഒരുവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ പശ്ചാത്തപിക്കുകയും വിശ്വാസം ഏറ്റുപറഞ്ഞു സ്നാനം സ്വീകരിക്കുകയും വേണം. മുതിര്‍ന്ന ഒരു വ്യക്തി സ്നാനം സ്വീകരിക്കുന്നതിനുമുമ്പ് അവനില്‍ ജന്മപാപം ഉണ്ടെന്നകാര്യത്തില്‍ തര്‍ക്കമില്ല. മാത്രവുമല്ല, കര്‍മ്മപാപം ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. ആയതിനാല്‍, പ്രായമായ ഒരുവനുവേണ്ടി മറ്റാരെങ്കിലും വിശ്വാസം ഏറ്റുപറയുന്നതില്‍ കാര്യമില്ല. ഇക്കാരണത്താലാണ്, വിശ്വസിച്ചു സ്നാനം സ്വീകരിക്കണം എന്ന മുന്നറിയിപ്പ് നല്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ സ്വീകരിക്കുന്ന സ്നാനമാണ് ജലത്താലും ആത്മാവിനാലുമുള്ള വീണ്ടുംജനനം!

സ്വന്തമായി വിശ്വാസം ഏറ്റുപറയാതെതന്നെ ജലത്താലുള്ള വീണ്ടും ജനനം സാധ്യമാകും എന്നതിന് അനേകം തെളിവുകള്‍ ബൈബിളില്‍ കണ്ടെത്താന്‍ കഴിയും. ജലസ്നാനത്തെ സംബന്ധിച്ച് ചില പ്രതീകങ്ങള്‍ ബൈബിളിലുണ്ട്. അതില്‍ ആദ്യത്തേത്, നോഹയുടെ കാലത്തെ ജലപ്രളയവുമായി ബന്ധപ്പെട്ടതാണ്. ഇത് പരിശോധിച്ചതിനുശേഷം രണ്ടാമത്തെ പ്രതീകത്തെക്കുറിച്ചു ചിന്തിക്കാം. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആത്മാവോടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ട കം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു. അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മ്മാര്‍ജ്ജനമല്ല; മറിച്ച്, ശുദ്ധമനസാക്ഷിക്കായി യേഹ്ശുവാ മ്ശിഹായുടെ ഉത്ഥാനംവഴി ദൈവത്തോടു നടത്തുന്ന പ്രാര്‍ത്ഥനയാണ്"(1 പത്രോ: 3; 19- 21). ഇവിടെ രണ്ടു പ്രധാനകാര്യങ്ങള്‍ വ്യക്തമാക്കുന്നു. നോഹയും കുടുംബവും അടങ്ങുന്ന എട്ടുപേര്‍ ജലത്തിലൂടെ രക്ഷപെട്ടത് ജലസ്നാനത്തിന്റെ സാദൃശ്യമായിരുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. അതുപോലെതന്നെ, ജലസ്നാനം എന്നത് ശരീരത്തിലെ മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുള്ള ഒന്നല്ല.

നോഹയോടൊപ്പം ജലത്തിലൂടെ രക്ഷപ്പെട്ടവരില്‍ ആരെല്ലാം വിശ്വാസികളായിരുന്നു? നോഹയെക്കുറിച്ചു ബൈബിള്‍ പറയുന്നത് നീതിമാന്‍ എന്നായതുകൊണ്ടാണ് ഈ ചോദ്യം ഇവിടെ ഉയര്‍ത്തുന്നത്. പൂര്‍വ്വപിതാക്കന്മാര്‍ എപ്രകാരമാണ് നീതീകരിക്കപ്പെട്ടതെന്ന് ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു"(റോമാ: 4; 3). തുടര്‍ന്നുവരുന്ന മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "പ്രവൃത്തികള്‍ കൂടാതെതന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു"(റോമാ: 4; 5). പൂര്‍വ്വപിതാക്കന്മാര്‍ നീതീകരിക്കപ്പെട്ടത് അവര്‍ക്ക് ദൈവത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഇവിടെ വ്യക്തമാക്കിപ്പെട്ടിരിക്കുന്നു. റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തിലെ നാലാമത്തെ അദ്ധ്യായത്തിലുടനീളം ഇക്കാര്യമാണ് അപ്പസ്തോലന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നോഹിന്റെ കാലത്തുണ്ടായ ജലപ്രളയവുമായി ബന്ധപ്പെട്ട കാര്യത്തിലേക്ക് ശ്രദ്ധതിരിക്കുമ്പോള്‍, വളരെ പ്രധാനപ്പെട്ട ഒരുകാര്യമുണ്ട്. എന്തെന്നാല്‍, നോഹിനെ നീതിമാനായി പരിഗണിക്കുന്നുണ്ടെങ്കിലും, നോഹയുടെ ഭാര്യയെയോ മക്കളെയോ അവരുടെ ഭാര്യമാരെയോ നീതീകരിക്കപ്പെട്ടവരായി പരിഗണിക്കുന്നില്ല. നോഹിനെക്കുറിച്ച് ബൈബിള്‍ പറയുന്നത് ഇങ്ങനെ: "യാഹ്‌വെ നോഹിനോട് അരുളിച്ചെയ്തു: നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു"(ഉത്പ: 7; 1). നോഹ് നീതീമാനായിരുന്നു എന്ന കാരണത്താല്‍, അവന്റെ കുടുംബം മുഴുവന്‍ രക്ഷയ്ക്കു പാത്രമായി. യേഹ്ശുവായില്‍ വിശ്വസിക്കുന്ന ഒരുവനു ലഭിക്കുന്ന വാഗ്ദാനവും ഇതുതന്നെയാണ്! ഈ പ്രഖ്യാപനം ശ്രദ്ധിക്കുക: "രക്ഷകനായ യേഹ്ശുവായില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 16; 31). പൗലോസിനെയും സീലാസിനെയും തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന തടവറയുടെ കാവല്‍ക്കാരനോടുള്ള പ്രഖ്യാപനമായിരുന്നു ഇത്. കാവല്‍ക്കാരന്റെ കുടുംബം തടവറയുടെ സമീപത്തുണ്ടാകാനുള്ള സാധ്യതയില്ലെന്നു നമുക്കറിയാം. അതായത്, ഒരു വിശ്വാസിയുടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് ജലസ്നാനം നല്‍കുന്നതിന് ഈ വിശ്വാസിയുടെ വിശ്വാസം പര്യാപ്തമാണ്! നോഹിന്റെ വിശ്വാസത്തിലൂടെ രക്ഷപ്രാപിച്ചത് അവന്റെ കുടുംബം മുഴുവനുമായിരുന്നു. നോഹും കുടുംബവും ജലത്തിലൂടെ രക്ഷപ്പെട്ടതിനു സാദൃശ്യമാണ് ജലസ്നാനമെങ്കില്‍, ഉത്തരവാദിത്വപ്പെട്ട ആരുടെയെങ്കിലും വിശ്വാസം തങ്ങളുടെ ആശ്രിതരുടെ സ്നാനത്തിനു പരിഗണിക്കാന്‍ സാധിക്കും!

ഇനിയും മറ്റൊരു തെളിവുകൂടി പരിശോധിക്കാം. വിശ്വാസംവഴി നീതീകരിക്കപ്പെട്ട നോഹിനെപ്രതി അവന്റെ ഭാര്യയേയും മക്കളെയും മരുമക്കളെയും രക്ഷിച്ച ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്കായി ഒരുക്കിയത് കൂടുതല്‍ വലിയ രക്ഷയായിരുന്നു. ഇരുപതുലക്ഷം യിസ്രായേല്‍ക്കാരെ സ്നാനപ്പെടുത്താന്‍ അവിടുന്ന് തിരഞ്ഞെടുത്തത് ചെങ്കടലായിരുന്നുവെന്ന് നാം ബൈബിളില്‍ വായിക്കുന്നുണ്ട്. മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍പ്പോലും ഈ സ്നാനത്തിന്റെ ഫലം അനുഭവിച്ചു! ചെങ്കടലിലൂടെയുള്ള യിസ്രായേല്‍ ജനത്തിന്റെ കടന്നുപോക്ക് ജ്ഞാനസ്നാനത്തിനു സദൃശ്യമായിരുന്നുവെന്ന് അപ്പസ്തോലനായ പൗലോസ് വ്യക്തമാക്കിയിരിക്കുന്നതു ശ്രദ്ധിക്കുക: "സഹോദരരേ, നമ്മുടെ പിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാവരും മേഘത്തിലും കടലിലും സ്‌നാനമേറ്റ് മോശയോടു ചേര്‍ന്നു"(1 കോറി: 10; 1 ,2 ). ജലസ്നാനത്തിനു പ്രായം ഒരു പരിഗണനാവിഷയമല്ല എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു സംഭവങ്ങളിലൂടെ വെളിവാക്കപ്പെടുന്നത്.

ദൈവരാജ്യപ്രവേശനത്തിന് സ്നാനം അനിവാര്യമായ ഘടകമാണെന്നു വ്യക്തമാക്കിയത് ദൈവരാജ്യത്തിന്റെ അധിപനാണ്! സ്നാനം സ്വീകരിക്കുന്ന ഒരു വ്യക്തി യേഹ്ശുവായുമായി ഐക്യപ്പെടുകയാണ് ചെയ്യുന്നത്. ഈ ഐക്യമാണ് ദൈവരാജ്യത്തിലേക്കുള്ള കവാടമായി വര്‍ത്തിക്കുന്നത്! അമ്മയുടെ ഉദരത്തില്‍ ജനിക്കുമ്പോള്‍ത്തന്നെ പാപിയായിരിക്കുന്ന ഒരുവന്റെ രക്ഷ സാധ്യമാകുന്നത് സ്നാനത്തിലൂടെയാണ്! ഇക്കാരണത്താല്‍ രണ്ടുതരം സ്നാനം നമുക്കു മുന്നില്‍ യേഹ്ശുവാ വച്ചിരിക്കുന്നു. രാജകീയപുരോഹിത ഗണത്തിലേക്കുള്ള പ്രവേശനകവാടമായും സ്നാനത്തെ നമുക്ക് കാണാം. പത്രോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 കേപ്പാ: 2; 9). രാജകീയപുരോഹിതഗണം എന്ന വിശേഷണം ഒഴികേ മറ്റെല്ലാ വിശേഷണങ്ങളും വഹിച്ച വേറൊരു ജനതയെ നാം ബൈബിളില്‍ പരിചയപ്പെടുന്നുണ്ട്. യാക്കോബിന്റെ പന്ത്രണ്ടു മക്കളുടെ തലമുറയെയാണ് ദൈവം ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. യിസ്രായേല്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട യാക്കോബിന്റെ വംശത്തെ തിരഞ്ഞെടുക്കപ്പെട്ട വംശമായി അവിടുന്ന് പരിഗണിച്ചു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ സ്വന്തം ജനമായും വിശുദ്ധജനതയായും വിശേഷിപ്പിക്കപ്പെട്ട മറ്റൊരു ജനതയും മുന്‍പ് ഉണ്ടായിട്ടില്ല. ഈ തിരഞ്ഞെടുപ്പ്, വരാനിരിക്കുന്ന മഹത്തായ ഒരു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായിരുന്നു. അതായത്, യേഹ്ശുവാ വഴിയുള്ള തിരഞ്ഞെടുപ്പിന്റെ നിഴലായിരുന്നു യിസ്രായേല്‍ജനം!

തന്റെ പിതാക്കന്മാരായ അബ്രാഹത്തെയും യിസഹാക്കിനെയും തിരഞ്ഞെടുത്തതില്‍നിന്നു വ്യത്യസ്തമായ രീതിയിലാണ് യാക്കോബിനെ ദൈവം തിരഞ്ഞെടുത്തത്. അബ്രാഹത്തെ ദൈവം തിരഞ്ഞെടുത്തുവെങ്കിലും അവന്റെ എല്ലാ പുത്രന്മാരെയും അവിടുന്ന് തിരഞ്ഞെടുത്തില്ല. അതുപോലെതന്നെ, യിസഹാക്കിനെ തിരഞ്ഞെടുത്ത ദൈവം അവന്റെ പുത്രന്മാരില്‍ ഒരുവനായ യാക്കോബിനെ മാത്രം തനിക്കായി തിരഞ്ഞെടുത്തു. എന്നാല്‍, യാക്കോബിനെ തിരഞ്ഞെടുത്തപ്പോള്‍ വലിയ മാറ്റം സംഭവിച്ചു. മറ്റു തിരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്തമായി യാക്കോബിന്റെ എല്ലാ സന്തതികളെയും തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു. മാത്രവുമല്ല, മറ്റു ജനതകളില്‍നിന്ന് തങ്ങളോടു ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരവും ലഭിച്ചു. അതായത്, ജന്മകൊണ്ട് യിസ്രായേല്‍ അല്ലെങ്കിലും വിശ്വാസംവഴി യിസ്രായേല്‍ജനതയുടെ ഭാഗമാകാന്‍ മറ്റു വിഭാഗങ്ങള്‍ക്ക് സാധിക്കുന്നു. ഇത് വരാനിരിക്കുന്ന വലിയൊരു തിരഞ്ഞെടുപ്പിന്റെ പ്രതീകമായി കാണാന്‍ കഴിയും. എങ്ങനെയാണ് ഒരുവന് യിസ്രായേല്‍ജനതയുടെ ഭാഗമായി മാറാന്‍ കഴിയുന്നതെന്ന് നമുക്കു പരിശോധിക്കാം.

പെസഹാ ഭക്ഷിക്കുന്നതിനെ സംബന്ധിച്ചുള്ള നിയമങ്ങള്‍ വിശദ്ദീകരിച്ചുകൊണ്ട്‌ യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "യാഹ്‌വെ മോശയോടും അഹറോനോടും അരുളിച്ചെയ്തു: പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ് പരദേശിയായ ഒരുവനും പെസഹാ ഭക്ഷിക്കരുത്. എന്നാല്‍, വിലയ്ക്കു വാങ്ങപ്പെട്ട അടിമ പരിച്‌ഛേദിതനെങ്കില്‍ അവന് ഭക്ഷിക്കാം"(പുറ: 12; 43, 44). അതായത്, പരിച്‌ഛേദനം ചെയ്യപ്പെട്ട ഒരുവനെ യിസ്രായേലിന്റെ ഭാഗമാക്കാന്‍ അനുവാദമുണ്ടായിരുന്നു. പരദേശിയെ സംബന്ധിച്ചുള്ള നിയമം നോക്കുക: "നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി യാഹ്‌വെയുടെ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാവരും പരിച്‌ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്"(പുറ: 12; 48). പരിച്‌ഛേദനത്തിലൂടെ യിസ്രായേലിന്റെ ഭാഗമായി മാറാന്‍ പരദേശികള്‍ക്കും സാധിക്കും എന്നതിന്റെ തെളിവാണ് ഇവിടെ നാം കണ്ടത്. അതുപോലെതന്നെ, ജ്ഞാനസ്നാനത്തിലൂടെ ആധുനീക യിസ്രായേലിന്റെ ഭാഗമാകാന്‍ വിജാതിയര്‍ക്ക് സാധിക്കുന്നു. പരിച്‌ഛേദനത്തിനു സദൃശമായി സ്നാനത്തെ പരിഗണിക്കാന്‍ കഴിയുന്നത് ഇക്കാരണത്താലാണ്!

യിസ്രായേല്‍ക്കാര്‍ തങ്ങളുടെ ആണ്‍മക്കള്‍ക്ക് പരിച്‌ഛേദനം നല്‍കുന്നത് ജനിച്ചതിനുശേഷം എട്ടാമത്തെ ദിവസമാണ്. യേഹ്ശുവായുടെ പരിച്‌ഛേദനം എപ്രകാരമായിരുന്നുവെന്ന് നോക്കുക: "ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദ്ദേശിച്ചിരുന്ന, യേഹ്ശുവാ എന്ന പേര് അവനു നല്‍കി. മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ യാഹ്‌വെയ്ക്കു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി"(ലൂക്കാ: 2; 21, 22). യിസ്രായേല്‍ജനതയുടെ ഭാഗമായിരിക്കുന്ന ഏതൊരുവനും മോശയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. തന്റെ സന്തതികളെ ഇസ്രായേലിന്റെ ഭാഗമാക്കാനും വിശ്വാസത്തില്‍ വളര്‍ത്താനും അവന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍, മറ്റൊരു സമൂഹത്തിന്റെ ഭാഗമായ ഒരുവന് യിസ്രായേലിന്റെ ഭാഗമാകാന്‍ അവന്റെ വിശ്വാസം ഏറ്റുപറയുക തന്നെവേണം. പെസഹാ ആചരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ, ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെയിലുള്ള അവന്റെ വിശ്വാസം ഏറ്റുപറയുകയാണു ചെയ്യുന്നത്. പരിച്‌ഛേദനം സ്വീകരിച്ച് യിസ്രായേലിന്റെ ഭാഗമായി ചേരുന്ന ഒരുവന് തന്റെ സന്തതികളെ എട്ടാംദിവസം പരിച്‌ഛേദനത്തിനു വിധേയനാക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്. ഇതുതന്നെയാണ് ജ്ഞാനസ്നാനത്തെ സംബന്ധിച്ചു കത്തോലിക്കാസഭ പിന്തുടരുന്ന വിശ്വാസവും ആചാരവും! അന്യമതത്തില്‍നിന്നു സഭയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന വ്യക്തി പ്രായപൂര്‍ത്തിയായവന്‍ ആയിരിക്കണം! സ്നാനം സ്വീകരിച്ച് യേഹ്ശുവായോട് ഐക്യപ്പെടാത്ത സമൂഹത്തോട് പറഞ്ഞിട്ടുള്ള വചനമാണ് 'വിശ്വസിച്ചു സ്നാനം സ്വീകരിക്കുക' എന്ന വചനം! എന്തെന്നാല്‍, അത്തരം സമൂഹത്തിലേക്കാണ്‌ ശിഷ്യന്മാര്‍ അയയ്ക്കപ്പെട്ടത്!

യിസ്രായേലിന്റെ ഭാഗമാകാന്‍ പരിച്‌ഛേദനം അനിവാര്യമായിരിക്കുന്നതുപോലെ, ക്രിസ്തീയതയുടെ ഭാഗമാകാന്‍ സ്നാനം കൂടിയേതീരൂ എന്നു മനസ്സിലാക്കാന്‍ ഇതിലേറെ തെളിവുകളുടെ ആവശ്യമുണ്ടെന്നു കരുതുന്നില്ല. എന്നാല്‍, ഒരു സ്ത്രീയ്ക്ക് ഇതെങ്ങനെ സാദ്ധ്യമാകും എന്ന സംശയം ദൂരികരിക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവള്‍ ജന്മംകൊണ്ട് യിസ്രായേലിന്റെ ഭാഗമല്ലെങ്കില്‍ വിവാഹത്തിലൂടെ മാത്രമേ അവള്‍ക്ക് അത് സാധിക്കുകയുള്ളൂ. അന്യജനതയുടെ ഭാഗമായവളും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഭര്‍ത്താവ് യിസ്രായേല്‍ജനത്തിന്റെ ഭാഗമാകാന്‍ പരിച്‌ഛേദനം സ്വീകരിക്കുന്നുവെങ്കില്‍, അവനോടൊപ്പം ഭാര്യയും യിസ്രായേലിന്റെ ഭാഗമാകും. അന്യജനതയില്‍നിന്ന് ഒരുവളെ ഭാര്യയായി സ്വീകരിക്കാന്‍ യിസ്രായേലിലെ പുരുഷന്മാര്‍ക്ക് ചില നിബന്ധനകളുണ്ട്. ഈ നിയമം ശ്രദ്ധിക്കുക: "ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനു പോകുമ്പോള്‍ നിന്റെ ദൈവമായ യാഹ്‌വെ അവരെ നിന്റെ കൈകളില്‍ ഏല്പിക്കുകയും നീ അവരെ അടിമകളാക്കുകയും ചെയ്യും. അപ്പോള്‍, അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, അവളെ നിന്റെ വീട്ടിലേക്കു കൊണ്ടുവരണം. അവള്‍ തല മുണ്ഡനം ചെയ്യുകയും നഖം വെട്ടുകയും ചെയ്തതിനുശേഷം, അടിമത്തത്തിന്റെ വസ്ത്രം മാറ്റി ഒരു മാസത്തേക്ക് നിന്റെ വീട്ടില്‍ ഇരുന്ന് സ്വന്തം മാതാപിതാക്കളെ ഓര്‍ത്ത് വിലപിക്കട്ടെ. അതിനുശേഷം നിനക്ക് അവളെ പ്രാപിക്കാം; നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കും"(നിയമം: 21; 10- 13). വിജാതിയ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹംകഴിക്കാന്‍ ആഗ്രഹിക്കുന്ന ക്രിസ്തീയവിശ്വാസിയെ സംബന്ധിച്ചിടത്തോളവും ഈ നിയമം ബാധകമാണ്. അവള്‍ വിശ്വാസം സ്വീകരിച്ചു സ്നാനപ്പെട്ടാല്‍, അവളെ വിവാഹം ചെയ്യുന്നതില്‍ ക്രിസ്ത്യാനിക്ക് തടസ്സമില്ല!

ഒരു യിസ്രായേല്‍ കന്യകയുടെമേലുള്ള അവകാശം അവളുടെ പിതാവില്‍ നിക്ഷിപ്തമാണ്. ഇവള്‍ ഭര്‍ത്തൃമതിയാകുന്നതോടെ ഇവളുടെമേലുള്ള അവകാശം ഭര്‍ത്താവിനു കൈമാറപ്പെടും. സ്ത്രീകളുടെ നേര്‍ച്ചക്കടവുമായി ബന്ധപ്പെട്ടുള്ള നിയമം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഈ വിഷയത്തെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ സംഖ്യ പുസ്തകം മുപ്പതാം അദ്ധ്യായം വായിക്കുക.

പരിച്‌ഛേദനവും സ്നാനവും തമ്മില്‍ ബന്ധപ്പെടുത്തി പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന സന്ദേശംകൂടി പരിശോധിച്ചുകൊണ്ട് ആത്മാവില്‍ വീണ്ടുംജനനം എന്ന വിഷയത്തിലേക്ക് നമുക്കു പ്രവേശിക്കാം. അപ്പസ്തോലന്റെ വാക്കുകള്‍ ഇങ്ങനെ: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന മ്ശിഹായുടെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു"(കൊളോ:2;11,12).

സ്ഥൈര്യലേപനം!

സ്ഥൈര്യം എന്ന വാക്കിന്, സ്ഥിരത, ഉറപ്പ്, കഠിനത തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. സ്ഥിരപ്പെടുത്തുക, ഉറപ്പിക്കുക, കഠിനമാക്കുക എന്നിങ്ങനെ ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയും. വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതും സ്ഥിരപ്പെടുത്തുന്നതും പരിശുദ്ധാത്മാവാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. യെരുശലെമിലും യെഹൂദയാ മുഴുവനിലും ശെമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍: 1; 8). ഉറപ്പും സ്ഥിരതയും തന്നെയാണ് പരിശുദ്ധാത്മാവില്‍നിന്നും പ്രാപിക്കുന്ന ശക്തി! ആയതിനാല്‍, ആത്മാവിനാലുള്ള വീണ്ടുംജനനത്തെ സ്ഥൈര്യലേപനം എന്ന കൂദാശയായി കത്തോലിക്കാസഭ പരിഗണിക്കുന്നു.

കത്തോലിക്കാസഭ അംഗീകരിച്ചിരിക്കുന്നത് ഏഴു കൂദാശകളെയാണെന്നു നമുക്കറിയാം. കത്തോലിക്കാസഭയെ കൂടാതെ, മലങ്കര ഓര്‍ത്തഡോക്സ്, യാക്കോബായ സുറിയാനി, തൊഴിയൂര്‍ സഭ, മലങ്കര മാര്‍ത്തോമ്മ തുടങ്ങിയ സഭകളും ഏഴു കൂദാശകളെ അംഗീകരിക്കുന്നു. എന്നാല്‍, കത്തോലിക്കാസഭ നല്‍കുന്ന ക്രമത്തിലല്ല മറ്റു സഭകള്‍ കൂദാശകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തീയതയുടെ ആരംഭകാലം മുതല്‍ അനുഷ്ഠിച്ചിരുന്ന വിശ്വാസാചാരങ്ങള്‍ ആയിരുന്നുവെങ്കിലും, പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കൂദാശകള്‍ എന്നപേരില്‍ ഇത് സ്ഥാപിതമായത്. പീറ്റര്‍ ലൊബാര്‍ഡ് സ്ഥാപിച്ച കൂദാശകളെ പ്രചരിപ്പിക്കുന്നതില്‍ ഏറ്റവുമധികം പ്രയത്നിച്ചത് തോമസ്‌ അക്വിനാസ് ആയിരുന്നു. കത്തോലിക്കാസഭ ചിട്ടപ്പെടുത്തിയ ക്രമമനുസരിച്ചാണ് നാമിവിടെ കൂദാശകളെ പഠിക്കാന്‍ ശ്രമിക്കുന്നത്. എന്തെന്നാല്‍, ഒരു മനുഷ്യജീവതത്തിലെ ഓരോ ഘട്ടങ്ങളിലും സ്വീകരിക്കേണ്ട കൂദാശകളെ കൃത്യതയോടെ ചിട്ടപ്പെടുത്തിയിരിക്കുന്നത് കത്തോലിക്കാസഭയാണ്! എന്നാല്‍, പരിശുദ്ധാത്മാവിന്റെ നിറവില്‍ ഉന്നതരായ ശ്രേഷ്ഠന്മാര്‍ വചനത്തെ ആധാരമാക്കി ചിട്ടപ്പെടുത്തിയ കൂദാശകളെ വികലമാക്കാനുള്ള ശ്രമങ്ങള്‍ കത്തോലിക്കാസഭയില്‍ ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ആധുനീക ദൈവശാസ്ത്രത്തിന്റെ വക്താക്കളായി സഭയില്‍ കടന്നുകൂടിയ 'ബുദ്ധിജീവികള്‍' ആണ് ഈ ശ്രമങ്ങളുടെയെല്ലാം പിന്നില്‍! മാമോദീസാ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബ്ബാന തുടങ്ങിയ കൂദാശകള്‍ ഒരുമിച്ചു നല്‍കുകയെന്ന ആശയമാണ് ഇക്കൂട്ടരുടെ അജണ്ടയിലുള്ളത്. കുമ്പസാരത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കാനുള്ള കുത്സിതശ്രമവും ഇക്കൂട്ടര്‍ നടത്തുന്നു. വിവാഹം എന്ന കൂദാശയുടെ പ്രാധാന്യം ഇല്ലാതാക്കുന്ന വിധത്തില്‍ വത്തിക്കാനില്‍നിന്ന് ഫ്രാന്‍സീസ് നടത്തിയ പ്രസ്താവനയും ഇവിടെ ചേര്‍ത്തുവായിക്കണം!

ഇത്തരം വിഷയങ്ങളിലേക്ക് കൂടുതലായി കടക്കാതെ, സ്ഥൈര്യലേപനം എന്ന കൂദാശയുടെ അടിസ്ഥാനം എന്താണെന്നു നമുക്കു ചിന്തിക്കാം. ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുകയെന്നത് അനിവാര്യമായ കാര്യമായി പഠിപ്പിക്കുന്നത് യേഹ്ശുവായാണ്! എന്നാല്‍, യേഹ്ശുവാ പഠിപ്പിച്ചത് രണ്ടുതരം വീണ്ടും ജനനത്തെക്കുറിച്ചാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത അനേകരുണ്ട്. ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്ത പ്രവാചകന്മാരെ തങ്ങളുടെ അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ രണ്ടു സ്നാനങ്ങളും നല്‍കി വിശുദ്ധീകരിച്ചിട്ടുള്ളതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. "മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു"(യിരെമി: 1; 5). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വാക്കുകളാണിവ. പ്രവാചകന്മാരെ സ്നാനപ്പെടുത്തുന്നത് ഇപ്രകാരമാണെന്ന സൂചന യേഹ്ശുവായും നല്‍കിയിട്ടുണ്ട്. സ്നാപകയോഹന്നാന്റെ യോഹന്നാന്റെ സ്നാനത്തെ സംബന്ധിച്ചുള്ള പരാമര്‍ശത്തിലാണ് നാമിതു വായിക്കുന്നത്. യേഹ്ശുവായുടെ അധികാരത്തെ ചോദ്യംചെയ്തുകൊണ്ട് നിയമജ്ഞരും പ്രധാനപുരോഹിതന്മാരും ഉയര്‍ത്തിയ ചോദ്യത്തിനു മറുപടിയായാണ് അവിടുന്ന് മറ്റൊരു ചോദ്യം ഉന്നയിച്ചത്. ബൈബിളിലെ വിവരണം നോക്കുക: "യേഹ്ശുവാ പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം. യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍. അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗ്ഗത്തില്‍നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. മനുഷ്യരില്‍നിന്ന് എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാന്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു"(മര്‍ക്കോ: 11; 29- 32).

മനുഷ്യരില്‍നിന്നാണ് യോഹന്നാന്‍ സ്നാനം സ്വീകരിച്ചതെന്നു പറയാന്‍ അവര്‍ ജനത്തെ ഭയപ്പെട്ടു. യഥാര്‍ത്ഥ പ്രവാചകന്മാരുടെ സ്നാനം മനുഷ്യരില്‍നിന്ന്‍ അല്ലെന്നുള്ള വെളിപ്പെടുത്തല്‍ ഇവിടെ ദര്‍ശിക്കാന്‍ കഴിയും. ഭൂമിയില്‍ പിറക്കുന്നതിനു മുന്‍പേ പ്രവാചകന്മാരുടെ വീണ്ടുംജനനം സംഭവിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഇത്. മറ്റു പ്രവാചകന്മാരുടെ സ്നാനത്തെ സംബന്ധിച്ചുള്ള പരിശോധന ഒരു പ്രധാന ഘടകമല്ലാത്തതിനാല്‍ വിഷയത്തിലേക്കു പ്രവേശിക്കാം.

അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ ഇങ്ങനെ വായിക്കുന്നു: "സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്‍മാര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു. അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയുംമേല്‍ വന്നിരുന്നില്ല. അവര്‍ രക്ഷകനായ യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. പിന്നീട്, അവരുടെമേല്‍ അവര്‍ കൈകള്‍വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു"(അപ്പ. പ്രവര്‍: 8; 14- 17). യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ച വിശ്വാസികള്‍ക്ക് വീണ്ടുമൊരു ജനനം ലഭിക്കുന്നു. അതായത്, ജലത്താലുള്ള സ്നാനത്തിലൂടെ ഇവര്‍ക്ക് പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. സ്ഥൈര്യലേപനത്തിന്റെ ആധാരവും ഇതുതന്നെയാണ്! അതുപോലെതന്നെ, ഇവിടെ നാം വായിച്ച ബൈബിള്‍ സന്ദേശത്തിന് തൊട്ടുമുന്‍പുള്ള വാക്യങ്ങളില്‍ ജലത്താലുള്ള സ്നാനത്തിനു പ്രായപരിധിയില്ലെന്ന വ്യക്തമായ വെളിപ്പെടുത്തലുണ്ട്. അത് ഇപ്രകാരമാണ് വായിക്കുന്നത്: "എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചും യേഹ്ശുവാ മ്ശിഹായുടെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോള്‍ സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്നാനം സ്വീകരിച്ചു"(അപ്പ. പ്രവര്‍: 8; 12). വിശ്വസിക്കാന്‍ പ്രായം ഒരു തടസ്സമായിരുന്നെങ്കില്‍ എല്ലാവര്‍ക്കും എങ്ങനെ ജ്ഞാനസ്നാനം സ്വീകരിക്കാന്‍ കഴിയും? വിശ്വസിച്ചവരുടെ വിശ്വാസത്തെപ്രതി ആയിരിക്കില്ലേ അവരുടെ സന്തതികള്‍ക്ക് ജ്ഞാനസ്നാനം ലഭിച്ചത്? സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും എന്ന പ്രയോഗത്തിലൂടെ എന്താണു നാം അര്‍ത്ഥമാക്കേണ്ടത്? സ്ത്രീപുരുഷഭേദമെന്യേ പ്രായപൂര്‍ത്തിയായ എല്ലാവരും എന്ന് ഇവിടെ പറഞ്ഞിട്ടില്ല!

വിഷയത്തില്‍നിന്നു വ്യതിചലിക്കുന്നില്ല; വീണ്ടുംജനനത്തിനു രണ്ടുഘട്ടമുണ്ട് എന്ന ചിന്തയിലേക്ക് തിരിച്ചുവരാം. അപ്പസ്തോലനായ പൗലോസ് ഒരിക്കല്‍ എഫേസോസിലെ വിശ്വാസികളുമായി നടത്തിയ സംഭാഷണം ശ്രദ്ധിക്കുക: "അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്ധാത്മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല. അവന്‍ ചോദിച്ചു: എങ്കില്‍ പിന്നെ നിങ്ങള്‍ ഏതു സ്നാനമാണു സ്വീകരിച്ചത്? അവര്‍ പറഞ്ഞു: യോഹന്നാന്റെ സ്നാനം. അപ്പോള്‍ പൗലോസ് പറഞ്ഞു: യോഹന്നാന്‍ തനിക്കു പിന്നാലെ വരുന്നവനില്‍, അതായത്, യേഹ്ശുവായില്‍ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്നാനമാണു നല്‍കിയത്. അവര്‍ ഇതുകേട്ട് രക്ഷകനായ യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിച്ചു. പൗലോസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു"(അപ്പ. പ്രവര്‍: 19; 2- 6). യോഹന്നാന്റെ സ്നാനവും യേഹ്ശുവായുടെ നാമത്തിലുള്ള സ്നാനവും തമ്മിലുള്ള അന്തരമറിയാത്ത അനേകരുണ്ട്. ഈ അന്തരമെന്താണെന്ന്‍ സ്നാപകയോഹന്നാന്‍തന്നെ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും"(മത്താ: 3; 11). ജലത്താലുള്ള സ്നാനമല്ല യേഹ്ശുവായുടെ സ്നാനം. ഇത് വ്യക്തമാക്കുന്ന വേറെയും തെളിവുകള്‍ ബൈബിളിലുണ്ട്.

സെഹിയോന്‍ മാളികയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന സമൂഹത്തെ യേഹ്ശുവാ സ്നാനപ്പെടുത്തി. ജലത്താലുള്ള സ്നാനമായിരുന്നില്ല അവിടെ നാം കാണുന്നത്; മറിച്ച്, പരിശുദ്ധാത്മാവിനാലും അഗ്നിയാലുമുള്ള സ്നാനമാണ്! ഈ സ്നാനമാണ് ശിഷ്യന്മാരെ സ്ഥൈര്യപ്പെടുത്തിയത്! യേഹ്ശുവായുടെ ശിഷ്യന്മാരെല്ലാവരും ജലത്താലുള്ള സ്നാനം സ്വീകരിച്ച വ്യക്തികളായിരുന്നുവെന്ന് നമുക്കറിയാം. യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി വസിച്ചപ്പോള്‍ ആരെയും സ്നാനപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ അവിടുത്തെ ശിഷ്യന്മാര്‍ സ്വീകരിച്ചത് യോഹന്നാന്റെ സ്നാനമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. എന്തെന്നാല്‍, സ്നാനം സ്വീകരിക്കാത്ത ഒരുവന് മറ്റുള്ളവരെ സ്നാനപ്പെടുത്തുവാനുള്ള അവകാശമില്ല. യേഹ്ശുവായുടെ ശിഷ്യന്മാര്‍ മറ്റുള്ളവര്‍ക്കു സ്നാനം നല്‍കിയിട്ടുള്ളതായി ബൈബിളില്‍ വായിക്കുന്നുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യോഹന്നാനെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്‌നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി യേഹ്ശുവാ അറിഞ്ഞു. വാസ്തവത്തില്‍, ശിഷ്യന്‍മാരല്ലാതെ യേഹ്ശുവാ നേരിട്ട് ആരെയും സ്‌നാനപ്പെടുത്തിയില്ല"(യോഹ:4;1,2). അതായത്, യേഹ്ശുവായോടൊപ്പം സഞ്ചരിച്ചിരുന്ന ശിഷ്യന്മാര്‍ മറ്റുള്ളവര്‍ക്ക് ജലസ്നാനം നല്‍കിയിരുന്നു.

സാധാരണയായി ജലസ്നാനത്തിനുശേഷമാണ് ആത്മാവിലുള്ള സ്നാനം സ്വീകരിക്കുന്നത്. എന്നാല്‍, ജലസ്നാനം സ്വീകരിക്കാത്ത ചിലര്‍ പരിശുദ്ധാത്മാവിനാലുള്ള സ്നാനം സ്വീകരിച്ചതായി ബൈബിളില്‍ വായിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്നാനം സ്വീകരിച്ചത് വിജാതിയരായിരുന്നു. ഈ സംഭവം ബൈബിളില്‍ ഇങ്ങനെയാണു കാണുന്നത്: "പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു. വിജാതീയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്‌ഛേദിതരായ വിശ്വാസികള്‍ വിസ്മയിച്ചു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു. അപ്പോള്‍ പത്രോസ് പറഞ്ഞു: നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവര്‍ക്കു ജ്ഞാനസ്‌നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ അവര്‍ക്ക് സ്‌നാനം നല്‍കാന്‍ അവന്‍ കല്പിച്ചു"(അപ്പ. പ്രവര്‍: 10; 44- 48). വിജാതിയരെ സ്നാനത്തില്‍നിന്നു മാറ്റിനിര്‍ത്തരുതെന്നു വെളിപ്പെടുത്താന്‍ ദൈവം നല്‍കിയ അടയാളമായിരുന്നു ഇത്! നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഇവര്‍ക്കു ജ്ഞാനസ്‌നാനജലം നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ എന്ന് അപ്പസ്തോലനായ പത്രോസ് ചോദിച്ചതില്‍നിന്നു വ്യക്തമാകുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. വിശ്വാസം സ്വീകരിച്ച വിജാതിയര്‍ക്ക് ജ്ഞാനസ്നാനജലം നിഷേധിക്കാതിരിക്കാന്‍, പരിശുദ്ധാത്മാവിനെ മുന്‍കൂട്ടിത്തന്നെ അവര്‍ക്കു നല്‍കി. എന്നാല്‍, വിശ്വാസികളായ മാതാപിതാക്കളുടെ മക്കള്‍ക്ക് ജലസ്നാനം നല്‍കുന്നതിന് പരിശുദ്ധാത്മാവിന്റെ ആഗമനംവരെ കാത്തിരിക്കേണ്ട ആവശ്യമില്ല!

മാമോദീസായും സ്ഥൈര്യലേപനവും തമ്മിലുള്ള വേര്‍തിരിവ് വ്യക്തമാക്കുന്ന മറ്റൊരു ലേഖനം മനോവയുടെ താളുകളില്‍ ഉള്ളതുകൊണ്ട്, ഇനിയും കൂടുതല്‍ വിവരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മാമോദീസായും സ്ഥൈര്യലേപനവും വേറിട്ടുതന്നെ നല്‍കുന്ന കത്തോലിക്കാസഭയെ വിമര്‍ശിക്കാന്‍ വിശ്വാസസ്നാനക്കാര്‍ ശ്രമിക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍പോലും കഴിയാത്തവിധം ഇക്കാര്യത്തില്‍ അജ്ഞത പുലര്‍ത്തുന്നവരാണ് സഭയില്‍ ഏറെയും. ജലത്താലും ആത്മാവിനാലുമുള്ള വീണ്ടും ജനനത്തെക്കുറിച്ചു വ്യക്തമായ ബോധ്യമുള്ള ആത്മീയ പിതാക്കന്മാരാണ് കൂദാശകള്‍ ചിട്ടപ്പെടുത്തിയതെങ്കിലും, ഇന്നത്തെ നേതാക്കന്മാരില്‍ പലര്‍ക്കും ഈ ജ്ഞാനത്തിന്റെ പിന്തുടര്‍ച്ച ലഭിച്ചിട്ടില്ല. വിജാതിയതയിലും വിഗ്രഹങ്ങളിലും പാണ്ഡിത്യം നേടിയ ഇക്കൂട്ടരെക്കൊണ്ട് സഭയുടെ ഉന്നതസ്ഥാനങ്ങള്‍ നിറഞ്ഞപ്പോള്‍, വിശ്വാസം പകര്‍ന്നുനല്‍കാന്‍ ആരുമില്ലാത്ത അവസ്ഥ സംജാതമായി. അന്ധരെ നയിക്കുന്ന അന്ധരാണ് സഭയുടെ ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി! മാമോദീസായെ സംബന്ധിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'ജ്ഞാനസ്നാനവും സഭകളുടെ അബദ്ധപ്രബോധനങ്ങളും!'

സ്ഥൈര്യലേപനം ഒരു അഭിഷേകമാണ്!

മാമോദീസായില്‍നിന്നു വ്യത്യസ്തമായി, സ്ഥൈര്യലേപനം ഒരു അഭിഷേകമാണ്! പൗരസ്ത്യ സുറിയാനിസഭകളില്‍ തങ്ങളുടെ ആരാധനാഭാഷയില്‍ ഈ കൂദാശയെ 'മൂറോനഭിഷേകം' എന്നാണു വിളിക്കുന്നത്. ഈ കൂദാശയിലെ അഭിഷേകം തിരിച്ചറിയാന്‍ ഇതിലൂടെ സാദ്ധ്യമാകും. കത്തോലിക്കാസഭയുടെ പാരമ്പര്യമനുസരിച്ച്, മെത്രാന്മാരോ അവരുടെ മുകളില്‍ പദവികളുള്ള വ്യക്തികളോ മാത്രമായിരുന്നു ഈ കൂദാശ നല്‍കിയിരുന്നത്. എന്നാല്‍, മഹത്തായ ഈ കൂദാശയുടെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തുന്നവിധം ചില പുത്തന്‍ പരിഷ്കാരങ്ങള്‍ സഭയില്‍ കടന്നുകൂടി എന്നത് തികച്ചും അപകടകരമാണ്. മാമോദീസായോടൊപ്പം സ്ഥൈര്യലേപനവും കുര്‍ബ്ബാനയും നല്‍കുന്ന രീതി പല റീത്തുകളിലും ഇന്നുണ്ട്. രോഗീലേപനവുംകൂടി ഇക്കൂട്ടത്തില്‍ നല്‍കിക്കൊണ്ട് എല്ലാം എളുപ്പമാക്കുമോ എന്നതിലും നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു!

ബാള്‍സവും ഒലിവെണ്ണയും ചേര്‍ന്ന തൈലം നെറ്റിയില്‍ പൂശിക്കൊണ്ടാണ് സ്ഥൈര്യലേപനം നല്‍കുന്നത്. പരിശുദ്ധാത്മ അഭിഷേകത്തിന്റെ അടയാളമായി എണ്ണയെ സഭയും ബൈബിളും പരിഗണിക്കുന്നു. ഒന്‍പതോ പത്തോ വയസ്സ് പ്രായമാകുമ്പോഴാണ് ഈ കൂദാശ സ്വീകരിക്കാന്‍ യോഗ്യത നേടുന്നത്. മുന്‍കാലത്ത് രാജാക്കന്മാരെയും പുരോഹിതന്മാരെയും അഭിഷേകം ചെയ്തിരുന്നതും തൈലം ശിരസ്സില്‍ ഒഴിച്ചുകൊണ്ടായിരുന്നു. ദാവീദിനെ രാജാവായി അഭിഷേകം ചെയ്തപ്പോഴും ശവുലിനെ തിരഞ്ഞെടുത്തപ്പോഴും ഈ തൈലാഭിഷേകം കാണാന്‍ കഴിയും. ശവുലിനെ അഭിഷേകം ചെയ്തത് ഇപ്രകാരമായിരുന്നു: "ശമുവേല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു ശവുലിന്റെ ശിരസ്സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: യാഹ്‌വെ തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു"(1 സാമു: 10; 1). ഇപ്രകാരംതന്നെയായിരുന്നു ദാവീദിന് ലഭിച്ച അഭിഷേകവും. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യാഹ്‌വെ കല്പിച്ചു: എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍തന്നെ. ശമുവേല്‍ അവനെ സഹോദരന്മാരുടെ മുമ്പില്‍വച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു. അന്നുമുതല്‍ യാഹ്‌വെയുടെ ആത്മാവ് ദാവീദിന്റെമേല്‍ ശക്തമായി ആവസിച്ചു"(1 സാമു: 16; 12, 13). അഹറോനെയും അവന്റെ മക്കളെയും പുരോഹിതരായി അഭിഷേകം ചെയ്ത രീതിയും ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. ബലിപീഠത്തിന്റെ ശുദ്ധീകരണത്തിനുശേഷം എന്താണ് ചെയ്തതെന്നു നോക്കുക: "പിന്നീട് ശിരസ്സില്‍ തൈലാഭിഷേകം ചെയ്ത് അഹറോനെ വിശുദ്ധീകരിച്ചു"(ലേവ്യര്‍: 8; 12). അഭിഷേകത്തിലൂടെ പരിശുദ്ധാത്മാവ് ആവസിക്കുന്നു എന്നതിന്റെ തെളിവാണ് നാമിവിടെ കണ്ടത്. അതായത്, സ്ഥൈര്യലേപനം അഥവാ മൂറോനഭിഷേകം സ്വീകരിച്ചിട്ടുള്ള ഏതൊരുവനും അഭിഷിക്തനാണ്!

എന്നാല്‍, ഇത്തരത്തില്‍ അഭിഷേകം സ്വീകരിക്കുന്ന സകലരും രാജാക്കന്മാരാണെന്നോ വൈദീകരാണെന്നോ ആരും ചിന്തിക്കരുത്. യേഹ്ശുവായുടെ നാമത്തില്‍ ശുശ്രൂഷകള്‍ ചെയ്യാനുള്ള അവകാശം ഇതിലൂടെ കരഗതമാകുന്നു. പരിശുദ്ധാത്മാവ് നല്‍കുന്ന വ്യത്യസ്തങ്ങളായ വരദാനഫലങ്ങള്‍ക്ക് അനുസരണമായി അവിടുന്നുതന്നെ ഓരോ ചുമതലകളും ഇവരെ ഭരമേല്പിക്കുകയാണ് ചെയ്യുന്നത്! ഒരേ ആത്മാവിനാല്‍ അഭിഷിക്തരായ കേപ്പായ്ക്കും പൗലോസിനും വ്യത്യസ്തമായ മേഖലകളിലാണ് ശുശ്രൂഷ ചെയ്യാന്‍ നിയോഗം ലഭിച്ചത്. ഹെബ്രായരോടുള്ള സുവിശേഷ പ്രഘോഷണത്തില്‍ ശക്തമായി മുന്നേറുന്നതിന് കേപ്പായ്ക്കു കഴിഞ്ഞു. ഹെബ്രായരുടെ നിയമങ്ങളില്‍ കേപ്പായെക്കാള്‍ ജ്ഞാനിയായിരുന്നുവെങ്കിലും പൗലോസിന് ഇവരുടെയിടയില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. പൗലോസിനെ ദൈവം തിരഞ്ഞെടുത്തത് വിജാതിയര്‍ക്ക് രക്ഷ നല്‍കാനായിരുന്നു എന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ യെരുശലെമില്‍ തിരിച്ചുവന്ന് ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കൊരു ദിവ്യാനുഭൂതിയുണ്ടായി. യേഹ്ശുവാ എന്നോട് ഇപ്രകാരം സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു: നീ വേഗം യെരുശലെമിനു പുറത്തു കടക്കുക. കാരണം, എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവര്‍ സ്വീകരിക്കുകയില്ല"(അപ്പ. പ്രവര്‍: 22; 17, 18). വിജാതിയര്‍ക്കു രക്ഷ നല്‍കാനുള്ള തന്റെ പദ്ധതിയായിരുന്നു ഇതെന്ന് യേഹ്ശുവാതന്നെ പൗലോസിനോടു പറയുന്നത് നോക്കുക: "അവന്‍ എന്നോടു പറഞ്ഞു: നീ പോവുക; അങ്ങു ദൂരെ വിജാതിയരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്ക്കും"(അപ്പ. പ്രവര്‍: 22; 21).

ദൈവത്തിന്റെ ഹിതത്തിനു കീഴ്പ്പെടുക എന്നത് നല്ലൊരു ശുശ്രൂഷകന്റെ അടയാളമാണ്! ഓരോരുത്തരെയും വിളിച്ചിരിക്കുന്ന വിളി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുമ്പോഴാണ് തങ്ങളിലെ ദൈവഹിതം നിറവേറുന്നത്! പരിശുദ്ധാത്മാവിനാല്‍ വീണ്ടും ജനിച്ച ഓരോ അഭിഷിക്തരും തങ്ങളെ അഭിഷേകം ചെയ്ത ആത്മാവിനു പൂര്‍ണ്ണമായി വിധേയപ്പെടുക. അപ്പോള്‍ നിങ്ങളുടെ ശുശ്രൂഷ മഹത്തരമാകും!

"നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 കേപ്പാ: 2; 9). എന്തെന്നാല്‍, രാജാക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ലഭിച്ച അഭിഷേകം തന്നെയാണ് സ്ഥൈര്യലേപനത്തിലൂടെ നമുക്കും ലഭിച്ചിരിക്കുന്നത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- 

    5143 views

LOG IN

Lost your password?

SIGN UP

LOST PASSWORD