വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍

ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഒരേയൊരു മദ്ധ്യസ്ഥന്‍!

Print By
about

03 - 12 - 2016

"എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ - മനുഷ്യനായ യേഹ്ശുവാ മ്ശിഹാ. അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‍കി"(1 തിമോത്തി: 2; 5, 6). അനേകര്‍ക്ക് ഇടര്‍ച്ച നല്കിയിട്ടുള്ളതും കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നതുമായ ഒരു ബൈബിള്‍ സന്ദേശമാണിത്. പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിലെ രണ്ടാം അദ്ധ്യായത്തിലാണ് ഈ വെളിപ്പെടുത്തല്‍ വായിക്കുന്നത്. പതിനഞ്ചു വാക്യങ്ങളുള്ള ഈ അദ്ധ്യായത്തിലെ രണ്ടു വാക്യങ്ങളെ മാത്രം തര്‍ക്കത്തിനായി എടുത്തതും, ഈ വാക്യങ്ങളെത്തന്നെ വ്യക്തതയോടെ ഗ്രഹിക്കാത്തതും ഭിന്നതയ്ക്കു കാരണമായി എന്നതാണു വാസ്തവം. ആയതിനാല്‍, പൗലോസ് അപ്പസ്തോലന്റെ മറ്റു പ്രബോധനങ്ങളെയും എന്നതുപോലെ, ഈ പ്രബോധനവും വളച്ചൊടിക്കപ്പെട്ടു.

അപ്പസ്തോലനായ പത്രോസിന്റെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യംതന്നെ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ഇങ്ങനെതന്നെയാണ് എല്ലാ ലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നത്. മനസ്സിലാക്കാന്‍ വിഷമമുള്ള ചില കാര്യങ്ങള്‍ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്കരുമായ ചിലര്‍, മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു. ആകയാല്‍, പ്രിയപ്പെട്ടവരേ, ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട്, ദുഷ്ടരുടെ തെറ്റിനെ അനുകരിച്ചു നിങ്ങള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍"(2 പത്രോ: 3; 15- 17). യേഹ്ശുവായുടെ പ്രത്യാഗമനത്തെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലിനുശേഷം അപ്പസ്തോലന്‍ നല്‍കിയിരിക്കുന്ന ഉപദേശമാണ് നാമിവിടെ വായിച്ചത്. അവിടുത്തെ പ്രത്യാഗമനത്തെ സംബന്ധിച്ച് അനേകം വ്യാഖ്യാനങ്ങള്‍ ഇന്നും നിലവിലുണ്ട്. അപ്പസ്തോലന്മാരുടെ വാക്കുകളെ വ്യക്തതയോടെ ഗ്രഹിക്കാന്‍ കഴിയാത്തതാണ് ഇത്തരത്തിലുള്ള ദുര്‍വ്യാഖ്യാങ്ങള്‍ക്ക് ആധാരം. ഇന്നത്തെപ്പോലെതന്നെ അന്നും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ സജ്ജീവമായിരുന്നു എന്നതുകൊണ്ടാണ് ഇങ്ങനെയൊരു ഉപദേശം നല്‍കാന്‍ പത്രോസിനെ നിര്‍ബന്ധിതനാക്കിയത്. അറിവുകേടുകൊണ്ടാണെങ്കില്‍പ്പോലും വചനത്തെ വളച്ചൊടിക്കുന്നവര്‍ തങ്ങളുടെ നാശമാണ് ക്ഷണിച്ചുവരുത്തുന്നതെന്ന സന്ദേശവും ഈ ഉപദേശത്തിലുണ്ട്.

വചനം ഉപയോഗിച്ച് ആരെയെങ്കിലും ഉപദേശിക്കുവാനോ പഠിപ്പിക്കുവാനോ മുതിരുന്നവര്‍ ഏറെ ശ്രദ്ധിക്കണം. ആരില്‍നിന്നെങ്കിലും ശ്രവിക്കുന്ന വചനങ്ങള്‍ സൂക്ഷ്മതയോടെ പഠിക്കുവാനും അതിന്റെ ഇണവചനങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനും ശ്രമിക്കാതെ പ്രബോധനത്തിനു മുതിരരുത്. കാരണം, നമ്മേ ശ്രവിക്കുന്നവര്‍ ദൈവത്തില്‍നിന്നുള്ള സത്യം അറിയുവാന്‍ അവകാശമുള്ളവരാണ്. തെറ്റായ ബോധ്യങ്ങളിലേക്ക് ഇവര്‍ കടന്നുപോകുന്നതിലൂടെ സംഭവിക്കുന്ന ഇവരുടെ നാശത്തിനു കണക്കു ബോധിപ്പിക്കാന്‍ പ്രബോധകര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാരണത്താലാണ് അപ്പസ്തോലന്‍ ഇപ്രകാരം ഉപദേശിച്ചിരിക്കുന്നത്: "എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍"(യാക്കോ: 3; 1). വിശ്വാസം കേള്‍വിയിലൂടെയാണു ലഭിക്കുന്നതെന്നു നമുക്കറിയാം അപ്പസ്തോലനായ പൗലോസ് ഇതു വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, വിശ്വാസം മാത്രമല്ല അവിശ്വാസവും കേള്‍വിയിലൂടെ പകരപ്പെടുന്നു. തെറ്റായ പ്രബോധനങ്ങള്‍ക്കു ചെവികൊടുത്തതുമൂലം അബദ്ധസിദ്ധാന്തങ്ങളില്‍ തളയ്ക്കപ്പെട്ട അനേകം ജീവിതങ്ങളുണ്ട്. ഇത്തരം വ്യക്തികളിലൂടെ വീണ്ടും അനേകരിലേക്ക് അബദ്ധങ്ങള്‍ പ്രചരിക്കപ്പെടുന്നു. അതായത്, ഒരു വ്യക്തിയില്‍നിന്നു പകരപ്പെടുന്ന അബദ്ധ ആശയങ്ങള്‍ അനേകം വ്യക്തികളെയും സമൂഹങ്ങളെയും നശിപ്പിക്കാന്‍ സാധ്യതയുണ്ട്!

ഒരു വ്യക്തി ഉയര്‍ത്തുന്ന ആശയങ്ങള്‍പ്പോലും അനേകരെ നശിപ്പിച്ച ചരിത്രം ഈ ലോകത്തുണ്ട്. വ്യക്തിതലത്തില്‍ ഉയര്‍ത്തപ്പെടുന്ന ആശയങ്ങളുടെ ചിറകിലേറി നാശത്തിലേക്കു യാത്രചെയ്യുന്നവര്‍, തങ്ങളുടെ യാത്ര നാശത്തിലേക്കാണെന്നു തിരിച്ചറിയുന്നില്ല. വ്യക്തികള്‍ ഉയര്‍ത്തുന്ന നവ ആശയങ്ങളില്‍ ആകൃഷ്ടരായി സ്വയം നശിക്കുന്നവര്‍ ഇന്നുമുണ്ട്. ഓരോ കാലങ്ങളിലും ഉയര്‍ന്നുവരുന്ന വ്യക്തിസഭകള്‍ ഇതിനുള്ള ദൃഷ്ടാന്തമായി പരിഗണിക്കാം. ആയതിനാല്‍, സ്വന്തം ആത്മാവിന്റെ രക്ഷയെ കരുതിയെങ്കിലും വചനം പഠിക്കാന്‍ തയ്യാറാകണം. വ്യക്തികള്‍ ഉയര്‍ത്തുന്ന ആശയങ്ങളില്‍ സത്യമുണ്ടോയെന്നു തിരിച്ചറിയണമെങ്കില്‍ ഈ പഠനം അനിവാര്യമാണ്. പരിശുദ്ധാത്മാവിനാല്‍ പഠിപ്പിക്കപ്പെട്ടവരാകാന്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഈ ലേഖനത്തെയും സമീപിക്കുക! ഒരു ചെറിയ പിഴവുപോലും വലിയ ദുരന്തം ക്ഷണിച്ചുവരുത്തും എന്ന ചിന്ത എപ്പോഴുമുണ്ടായിരിക്കട്ടെ! എന്തെന്നാല്‍, നാം കൈകാര്യംചെയ്യുന്ന വചനം ജീവന്‍ നല്‍കുന്നതുപോലെ, പലരുടെയും ഇടര്‍ച്ചയ്ക്കു കാരണമായിട്ടുള്ളതുമാണ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക"(ഏശയ്യാ:66;2). ദൈവംതന്നെയായിരിക്കുന്ന വചനത്തെ സമീപിക്കുമ്പോള്‍ അന്തരംഗം വിറയ്ക്കണം. എന്തെന്നാല്‍, അവിടുന്ന് അസഹിഷ്ണുവായ ദൈവമാണ്!

ഇനി നമുക്കു വിഷയത്തിലേക്കു കടക്കാം. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ഏക മദ്ധ്യസ്ഥനെക്കുറിച്ചാണ് നാം പഠനം തുടങ്ങിയത്.

പതിനഞ്ചു വാക്യങ്ങളുള്ള ഒരു അദ്ധ്യായത്തിലെ രണ്ടു വാക്യങ്ങള്‍ മാത്രമെടുത്തു പ്രചരിപ്പിക്കുമ്പോള്‍ ചില അബദ്ധങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. ബൈബിളിലെ ഒരു വാക്യംപോലും അപ്രസക്തമാല്ലെന്നു മാത്രമല്ല, ഒരു വാക്യത്തെ സ്ഫുടം ചെയ്യുന്നത് മറ്റൊരു വാക്യംകൊണ്ടാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ആയതിനാല്‍, അവഗണിക്കപ്പെട്ട പതിമൂന്നു വാക്യങ്ങളെക്കൂടി പഠനവിഷയമാക്കിക്കൊണ്ട് നമുക്ക് മുന്നോട്ടുപോകാം.

യേഹ്ശുവായുടെ മാദ്ധ്യസ്ഥം!

തിമോത്തേയോസിന് എഴുതിയ ഒന്നാമത്തെ ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ കുറിച്ചിരിക്കുന്നത് പൂര്‍ണ്ണമായും സത്യമാണ്. എന്നാല്‍, ഈ വെളിപ്പെടുത്തലിനെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കാന്‍ കഴിയാത്തവരോ, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരോ ആയ ചിലര്‍ ഈ ഉപദേശത്തെ ദുരുപയോഗിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ഒരു ദൈവമേയുള്ളുവെന്നും ഈ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മദ്ധ്യസ്ഥനായി ഒരുവന്‍ മാത്രമേയുള്ളുവെന്നുമാണ് അപ്പസ്തോലന്‍ പറഞ്ഞിരിക്കുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായ ഒരു അഭിപ്രായം മനോവയ്ക്കില്ല. എന്നാല്‍, ആരാണ് ഈ മദ്ധ്യസ്ഥന്‍ എന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ഗൗരവമായി പരിശോധിക്കണം. മനുഷ്യനായ യേഹ്ശുവായാണ് ഈ മദ്ധ്യസ്ഥനെന്ന പ്രഖ്യാപനത്തെ അവഗണിച്ചതോ ഗ്രഹിക്കാന്‍ കഴിയാതെപോയതോ ആണ് തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനമായ കാരണം. യേഹ്ശുവാ മനുഷ്യനായിരുന്നത് എപ്പോഴായിരുന്നുവെന്നും ഇപ്പോള്‍ അവിടുന്ന് ആരാണെന്നും തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് ഈ അബദ്ധചിന്ത ഒരുവനില്‍നിന്നു നീങ്ങിപ്പോകുന്നത്. യേഹ്ശുവായെ അവിടുന്ന് ആയിരിക്കുന്നതുപോലെ അറിയേണ്ടത് ആത്മരക്ഷ ആഗ്രഹിക്കുന്ന സകലരുടെയും കടമയാണ്. എന്തെന്നാല്‍, യേഹ്ശുവാതന്നെ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ:17;3).

അറിയുകയെന്നതിനു വലിയ അര്‍ത്ഥതലങ്ങളുണ്ട്. ഒരാളുടെ പേര് അറിയുന്നുവെന്നതുകൊണ്ടോ അയാളുടെ എന്തെങ്കിലും പ്രത്യേകതകള്‍ അറിയുന്നതുകൊണ്ടോ മാത്രം ആ വ്യക്തിയെ പൂര്‍ണ്ണമായി അറിയുന്നില്ല. എന്നാല്‍, നിത്യജീവന്‍ അഭിലഷിക്കുന്ന ഏതൊരുവനും, ദൈവത്തെയും ദൈവം അയച്ച രക്ഷകനെയും അറിഞ്ഞിരിക്കണം. ദൈവം എന്ന് വിളിക്കപ്പെടുന്ന അനേകം അവതാരങ്ങളും ജീവികളും വസ്തുക്കളും ഈ ഭൂമിയിലുണ്ട്. എന്നാല്‍, യഥാര്‍ത്ഥ ദൈവത്തെ അറിയുമ്പോഴാണ് ഒരുവന്‍ രക്ഷയിലേക്കുള്ള കവാടത്തില്‍ എത്തിച്ചേരുന്നത്. ബൈബിള്‍ ഇപ്രകാരം വ്യക്തമാക്കുന്നു: "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ"(1കോറി :8; 5). അസത്യദൈവങ്ങള്‍ ആരാധിക്കപ്പെടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അടുത്ത വാക്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. "എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു രക്ഷകനേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ. എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല "(1കോറി:8; 6, 7). ഒരുവന്‍ ദൈവമല്ലാത്ത ഒന്നിനെ ദൈവമായി കരുതി ആരാധിക്കുന്നത് അവന്റെ അറിവില്ലായ്മ മൂലമാണ്. എന്നാല്‍, ഈ അറിവില്ലായ്മ അവന് അനുഗ്രഹമാണെന്ന് ആരും ധരിക്കരുത്. എന്തെന്നാല്‍, ഏകസത്യദൈവത്തെയും അവിടുന്ന് അയച്ച രക്ഷകനെയും അറിയുക എന്നതാണ് നിത്യജീവന്‍!

യേഹ്ശുവായെ അറിയാനുള്ള ശ്രമമാണ് ഇനി നാം നടത്തേണ്ടത്. ആരാണ് യേഹ്ശുവാ? ഈ ചോദ്യത്തിനുള്ള ഉത്തരം ഏറ്റവും വ്യക്തതയോടെ നല്‍കിയിട്ടുള്ളത്, മനുഷ്യനായ യേഹ്ശുവായുടെ സഹോദരനും ശിഷ്യനുമായ യോഹന്നാനാണ്. യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ വെളിപ്പെടുത്തലോടെയാണെന്നു നമുക്കറിയാം. ഈ വചനം നോക്കുക: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല"(യോഹ: 1; 1- 5). ഇവിടെ ചേര്‍ത്തുവയ്ക്കേണ്ട മറ്റു രണ്ട് വചനങ്ങളുണ്ട്. ദൈവത്തെക്കുറിച്ചും മനുഷ്യപുത്രനെക്കുറിച്ചും യോഹന്നാനു ലഭിച്ച വെളിപാടാണ് ആ വചനങ്ങള്‍. ദൈവത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: "ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനുമായ യാഹ്‌വെയായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്"(വെളി: 1; 8 ). മനുഷ്യപുത്രനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഇങ്ങനെ: "അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്"(വെളി: 1; 17, 18 ).

ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുന്നത് യാഹ്‌വെയാണ്. ആരാണ് ഇനി വരാനിരിക്കുന്നത് എന്ന് പരിശോധിക്കുന്നതിനുമുമ്പ്‌ മനുഷ്യപുത്രന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ഞാനാണ് ആദിയും അന്തവും ജീവിക്കുന്നവനും! യേഹ്ശുവായുടെ മരണവും ഉത്ഥാനാവും സ്വര്‍ഗ്ഗാരോഹണവും സംഭവിച്ചതിനുശേഷമാണ് യോഹന്നാനു വെളിപാടിലൂടെ ഈ സന്ദേശം അവിടുന്ന് നല്‍കിയത്. അതായത്, ഇപ്പോള്‍ യേഹ്ശുവാ പരിപൂര്‍ണ്ണ ദൈവമാണെന്ന പ്രഖ്യാപനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ദൈവമായ യാഹ്‌വെയുടെ വാക്കുകളായി കുറിച്ചിരിക്കുന്നതില്‍നിന്നു വേറിട്ട പ്രഖ്യാപനമല്ല യേഹ്ശുവാ നടത്തിയത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, സ്വര്‍ഗ്ഗത്തിലെ പരമാധികാരിയായ ദൈവം യേഹ്ശുവാതന്നെയാണ്! യാഹ്‌വെ പറയുന്നു; വരാനിരിക്കുന്നവന്‍ താന്‍തന്നെയെന്ന്! സ്വര്‍ഗ്ഗാരോഹണം ചെയ്ത യേഹ്ശുവായെക്കുറിച്ചു ദൈവദൂതന്‍ പറഞ്ഞതും ഇതുതന്നെ. ദൂതന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേഹ്ശുവാ, സ്വര്‍ഗ്ഗത്തിലേക്ക്‌ പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും"(അപ്പ. പ്രവര്‍: 1; 11). യേഹ്ശുവായും ഇതുതന്നെ പറയുന്നു: "ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 3).

യേഹ്ശുവായും ദൈവദൂതന്മാരും പറഞ്ഞിരിക്കുന്നത് ആരുടെ പുനരാഗമനമാണെന്നു നമുക്കറിയാം. എന്നാല്‍, ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും താനാണെന്നു സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ പ്രഖ്യാപിച്ചതിലൂടെ, യേഹ്ശുവായും യാഹ്‌വെയും രണ്ടല്ല എന്ന് സ്ഥിരീകരിക്കുന്നു. സഖറിയാ പ്രവാചകനിലൂടെ ഇക്കാര്യം ദൈവം മുന്‍കൂട്ടി നമ്മെ അറിയിച്ചിരുന്നു. ആ പ്രവചനം ഇങ്ങനെയാണ് വായിക്കുന്നത്: "യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക്‌ ഒരു നാമം മാത്രവും"(സഖറിയാ: 14; 9). യേഹ്ശുവായുടെ പുനരാഗമനം എന്നത് ദൈവത്തിന്റെ വരവുതന്നെയാണെന്ന് നാം മനസ്സിലാക്കുന്നതിനോടൊപ്പം, യേഹ്ശുവാ ദൈവമാണെന്ന തിരിച്ചറിവുകൂടി നാം പ്രാപിക്കണം. അപ്പോഴാണ്‌ യേഹ്ശുവാ ഇന്ന് മദ്ധ്യസ്ഥനല്ല എന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ സാധിക്കുന്നത്! സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും കയ്യാളുന്ന യേഹ്ശുവാ ആരുടെ സന്നിധിയിലാണ് മാദ്ധ്യസ്ഥം വഹിക്കുന്നത്? അവിടുത്തെ വാക്കുകള്‍ ഇതാണ്: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു"(മത്താ: 28; 18).

യേഹ്ശുവാ ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് നാം തേടിക്കൊണ്ടിരിക്കുന്നത്. ഉത്തരത്തിലേക്ക്‌ നാം എത്തിക്കഴിയുകയും ചെയ്തു. യേഹ്ശുവാ ദൈവമാണ് എന്നതില്‍ കുറഞ്ഞ മറ്റൊരു ഉത്തരവും കണ്ടെത്താന്‍ ആര്‍ക്കും കഴിയുകയില്ല. എന്തെന്നാല്‍, അവിടുന്ന് ആദിയും അന്തവുമാണ്! ആദിയില്‍ ദൈവമായിരുന്നവനും ഇപ്പോള്‍ ദൈവമായിരിക്കുന്നവനും അനന്തതയിലും ദൈവമായി തുടരേണ്ടവനുമാണ് യേഹ്ശുവാ! വചനം പറയുന്നു: "ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് - ഒന്നാമനും ഒടുവിലത്തവനും - ആദിയും അന്തവും"(വെളി: 22; 13). എന്നാല്‍, ഇവിടംകൊണ്ട് യേഹ്ശുവായെക്കുറിച്ചുള്ള അറിവ് പൂര്‍ണ്ണമാകുന്നില്ല. യേഹ്ശുവായെക്കുറിച്ചുള്ള അറിവ് പൂര്‍ണ്ണമാകണമെങ്കില്‍, അവിടുത്തെ മനുഷ്യാവതാരത്തെ സംബന്ധിച്ചുള്ള അറിവുകൂടി സ്വന്തമാക്കണം. അപ്പസ്തോലന്മാര്‍ പ്രഘോഷിച്ചത് ഉത്ഥിതനായ യേഹ്ശുവായെയാണ്. ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ ദൈവമാണെന്നു വിശ്വസിക്കാന്‍ കഴിയാത്തവരെ നയിക്കുന്നത് ദൈവത്തിന്റെ ആത്മാവല്ല; മറിച്ച്, ഇവരെ നയിക്കുന്നത് എതിര്‍ മ്ശിഹായുടെ ആത്മാവാണ്!

മനുഷ്യപുത്രന്റെ മാദ്ധ്യസ്ഥം!

"വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം"(യോഹ: 1; 14). മാംസമായി കടന്നുവന്ന വചനം പരിപൂര്‍ണ്ണ മനുഷ്യനായിരുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത അനേകം വ്യക്തികള്‍ ക്രൈസ്തവരുടെയിടയിലുണ്ട്. ബൈബിളിലെ മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി നോക്കുക: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി"(ഫിലിപ്പി: 2; 6- 8). ദൈവീകമായ പദവികളെ തത്ക്കാലത്തേക്ക് ഒഴിഞ്ഞുവച്ചുകൊണ്ടാണ് യേഹ്ശുവാ മനുഷ്യനായി കടന്നുവന്നത്. ദൈവം തന്നെത്തന്നെ ശൂന്യനാക്കുകയെന്നാല്‍, ദൈവത്വത്തില്‍നിന്ന് ഇറങ്ങിവന്നുവെന്ന് നാം മനസ്സിലാക്കണം. എന്തെന്നാല്‍, യേഹ്ശുവാ പരിഗണിക്കാതിരുന്നത് ദൈവവുമായുള്ള സമാനതയാണെന്ന് അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നു. ഈ കാരണത്താല്‍ത്തന്നെ, യേഹ്ശുവാ ഈ ഭൂമിയില്‍ തന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്നതുവരെ മനുഷ്യപുത്രന്‍' എന്ന് തന്നെത്തന്നെ സംബോധചെയ്തു. കുരിശുമരണം വരെയാണ് അവിടുന്ന് ആകൃതിയില്‍ മനുഷ്യനായി കാണപ്പെട്ടതെന്ന് അപ്പസ്തോലന്‍ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്.

യേഹ്ശുവായുടെ മനുഷ്യാവതാരത്തിന്റെ പ്രധാന ലക്‌ഷ്യം മരണമായിരുന്നു. ദൈവത്തിനു മരിക്കാന്‍ കഴിയില്ല! സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ദൂതന്മാര്‍ക്കു മരണമില്ലാത്തതുപോലെതന്നെ, സ്വര്‍ഗ്ഗത്തില്‍ വസിക്കാന്‍ നിയോഗം ലഭിക്കുന്ന മനുഷ്യര്‍ക്കും പിന്നീട് മരണമില്ല. ആദത്തെ ദൈവം സൃഷ്ടിച്ചതു മരണമില്ലാത്ത അവസ്ഥയിലായിരുന്നു. അവന്‍ ചെയ്ത പാപത്തിലൂടെ അവന്റെമേല്‍ മാത്രമല്ല, അവന്റെ സകല തലമുറകളുടെമേലും മരണം ആധിപത്യം പുലര്‍ത്തി. ബൈബിളില്‍ ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "ഒരു മനുഷ്യന്‍മൂലം പാപവും പാപംമൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു"(റോമാ:5;12). ഈ മരണത്തില്‍നിന്നു ജീവനിലേക്കു നയിക്കുകയെന്ന ദൗത്യമാണ് യേഹ്ശുവായുടെ മനുഷ്യാവതാര ജീവിതത്തില്‍ നിക്ഷിപ്തമായിരുന്നത്. അതിനായി, മരണമുള്ള മനുഷ്യന്റെ രൂപത്തില്‍ കടന്നുവരേണ്ടത് അവിടുത്തേക്ക്‌ അനിവാര്യമായിരുന്നു. ദൈവം ഒരിക്കലും പാപം ചെയ്തിട്ടില്ല; അതുകൊണ്ടുതന്നെ, ദൈവത്തിനു മരണവുമില്ല! മരണമില്ലാത്ത ദൈവത്തിനു മരിക്കണമെങ്കില്‍, മനുഷ്യപ്രകൃതം സ്വീകരിക്കണം. അതിനായി ദൈവപ്രകൃതം താത്കാലികമായെങ്കിലും മാറ്റിവച്ചേ തീരൂ! അതായത്, മനുഷ്യന്റെ പാപത്തിനു പരിഹാരം മനുഷ്യന്‍തന്നെ ചെയ്യണം. ഈ പരിഹാരമാണ് മനുഷ്യപുത്രനായ യേഹ്ശുവാ കാല്‍വരിയില്‍ പൂര്‍ത്തീകരിച്ചത്. എന്തെന്നാല്‍, ആദം മനുഷ്യപുത്രനായ യേഹ്ശുവായുടെ പ്രതിരൂപമായിരുന്നു.

ബൈബിള്‍ ഇപ്രകാരം പറയുന്നു: "ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍പ്പോലും, ആദത്തിന്റെ കാലംമുതല്‍ മോശയുടെ കാലംവരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്"(റോമാ: 5; 14 ). വരാനിരുന്നവന്‍ യേഹ്ശുവായാണെന്നു നമുക്കറിയാം. ദൈവപുത്രനായ യേഹ്ശുവാ മനുഷ്യപുത്രനായി കടന്നുവന്നപ്പോള്‍ ഒരുകാര്യം പ്രത്യേകം ഓര്‍ക്കണം. ആദത്തിന്റെ പിതാവ് ആരായിരുന്നു എന്നതാണ് നാമിവിടെ സ്മരിക്കേണ്ടത്. വംശാവലി ചരിത്രം വായിക്കുമ്പോള്‍ ഇങ്ങനെ കാണുന്നുണ്ട്: "കൈനാന്‍ ഏനോസിന്റെയും ഏനോസ് സേത്തിന്റെയും സേത്ത് ആദാമിന്റെയും പുത്രനായിരുന്നു. ആദം ദൈവത്തിന്റേതുമായിരുന്നു"(ലൂക്കാ: 3; 38). പാപംവഴി ദൈവപുത്രസ്ഥാനം നഷ്ടപ്പെടുത്തിയ ആദത്തിനും ആദത്തിന്റെ തലമുറകള്‍ക്കും ആ സ്ഥാനം തിരികെ നല്‍കാന്‍ ദൈവം തന്നിലെ പുത്രഭാവം ഭൂമിയിലേക്ക്‌ അയയ്ക്കുകയും പിതൃഭാവം നിലനിര്‍ത്തുകയും ചെയ്തു! അതായത്, ദൈവംതന്നെയാണ് മനുഷ്യനായി കടന്നുവന്നു മനുഷ്യനുവേണ്ടി പരിഹാരം ചെയ്തത്! മനുഷ്യപുത്രനായി കടന്നുവന്ന യേഹ്ശുവാ, താന്‍ സ്വര്‍ഗ്ഗത്തില്‍ അഴിച്ചുവച്ച ദൈവീകതയാകുന്ന പിതൃഭാവത്തോടു പ്രാര്‍ത്ഥിച്ചു. ആ പിതൃഭാവത്തോടു മനുഷ്യനെ അനുരഞ്ജിപ്പിക്കാനും അതുവഴി ദൈവമക്കളുടെ പദവി പുനഃസ്ഥാപിക്കാനും യേഹ്ശുവാ മദ്ധ്യസ്ഥനായി!

ആദം നഷ്ടപ്പെടുത്തിയ ദൈവപുത്രസ്ഥാനം ആദത്തിനും അവന്റെ സന്തതികള്‍ക്കും തിരികെ നല്‍കുന്നതിനുള്ള ഒരേയൊരു മദ്ധ്യസ്ഥന്‍ യേഹ്ശുവാ മാത്രമാണ്! മനുഷ്യപുതന്‍ എന്ന അവസ്ഥയില്‍നിന്നു ദൈവത്വത്തിലേക്കു മടങ്ങുന്നതുവരെ മാത്രമാണ് യേഹ്ശുവാ മദ്ധ്യസ്ഥനായി നിലകൊണ്ടത്. അതായത്, കുരിശിലാണ് അവിടുത്തെ മാദ്ധ്യസ്ഥം നാം ദര്‍ശിക്കുന്നത്! പാപത്തെ നീക്കി മരണത്തെ ഉന്മൂലനം ചെയ്യുന്നതിനും ദൈവപൈതലാക്കി മനുഷ്യനെ പുനരാനയിക്കുന്നതിനും അവിടുന്ന് മദ്ധ്യസ്ഥനായി! ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി മനുഷ്യനായ യേഹ്ശുവാ മാത്രം എന്ന് പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയത് ഇക്കാരണത്താലാണ്! മറിച്ച്, ഭൗതീകമായ എന്തെങ്കിലും കാര്യങ്ങള്‍ സാധിച്ചുതരുന്നതിന് മദ്ധ്യസ്ഥനായി നിലകൊള്ളുന്നവനാണ് യേഹ്ശുവാ എന്ന്‍ ആരും ധരിക്കരുത്! എന്തെന്നാല്‍, യേഹ്ശുവാതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ശ്രദ്ധിക്കുക: "ജനക്കൂട്ടത്തില്‍നിന്ന് ഒരുവന്‍ അവനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ! യേഹ്ശുവാ അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു?"(ലൂക്കാ: 12; 14). യേഹ്ശുവായുടെ മദ്ധ്യസ്ഥം ഭൗതീകതയുമായി ബന്ധപ്പെട്ടുള്ളതല്ല! ആരുടെയെങ്കിലും വിവാഹതടസ്സം നീക്കുവാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ ഉള്ളതുമായിരുന്നില്ല അവിടുത്തെ കുരിശുമരണം!

ഭൗതീകമായ കാര്യങ്ങള്‍ നിറവേറ്റപ്പെടാന്‍ യേഹ്ശുവായുടെ ദാരുണമായ സഹനവും കുരിശുമരണവും ആവശ്യമായിരുന്നില്ല. അവിടുന്ന് ഭൂമിയില്‍ കടന്നുവന്ന് പീഢകള്‍ സഹിക്കുന്നതിനു മുന്‍പും ഇത്തരം കാര്യങ്ങള്‍ മനുഷ്യനു സാധിച്ചുകിട്ടിയിട്ടുണ്ട്. അബ്രാഹവും ഇസഹാക്കും യാക്കോബും ഇസ്രായേല്‍ജനം മുഴുവനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിച്ചത് യേഹ്ശുവായുടെ മാദ്ധ്യസ്ഥത്തിലായിരുന്നില്ല. ആദിയും അന്തവുമായ അവിടുന്ന് അന്നും ഇന്നും ഒരുവന്‍തന്നെ! പൂര്‍വ്വപിതാക്കന്മാര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ ഒഴുകിയിറങ്ങി. ഏലിയാപ്രവാചകന്റെ പ്രാര്‍ത്ഥനയുടെ ഉത്തരമായി ഭൂമിയില്‍നിന്നു ദൈവം മഴ പിന്‍വലിച്ചു. ഈ മഹാപ്രവാചകന്‍ മഴപെയ്യിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിച്ചു. മോശയുടെയും മറ്റു പ്രവാചകന്മാരുടെയും പ്രാര്‍ത്ഥനകള്‍ ശ്രവിച്ച് ഉത്തരമരുളിയതും ദൈവംതന്നെ! ഇവിടെയൊന്നും യേഹ്ശുവായുടെ സഹനമോ ബലിയോ അനിവാര്യമായിരുന്നില്ല. എന്നാല്‍, മനുഷ്യന്റെ പാപവും അതുവഴി കടന്നുവന്ന മരണവും ഇല്ലാതാക്കി, അവനെ നിത്യജീവനിലേക്ക്‌ നയിക്കാന്‍ ഒരു മദ്ധ്യസ്ഥന്‍ അനിവാര്യമായിരുന്നു! പാപികള്‍ക്കുവേണ്ടി മരിക്കാന്‍ ഒരു നീതിമാന്‍! കുരിശില്‍ അവിടുന്ന് നമുക്കുവേണ്ടി, നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മദ്ധ്യസ്ഥനായി! അവനാണ് ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ വര്‍ത്തിച്ച ഏക മദ്ധ്യസ്ഥന്‍!

സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും സര്‍വ്വാധികാരി!

മരണത്തെ ജയിച്ച യേഹ്ശുവാ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും സര്‍വ്വാധികാരിയാണ്. അവിടുത്തേക്ക്‌ ആരുടെ മുന്‍പിലും മാദ്ധ്യസ്ഥം വഹിക്കേണ്ട ആവശ്യവുമില്ല. ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ ഉള്ള എന്തെങ്കിലും അനുഗ്രഹങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കാന്‍ അവിടുത്തേക്ക്‌ പരമാധികാരമുണ്ട്. ആരുടെയെങ്കിലും അനുവാദത്തിനു കാത്തിരിക്കാന്‍, യേഹ്ശുവായ്ക്കു മുകളില്‍ മറ്റൊരു അധികാരകേന്ദ്രവുമില്ല! അവിടുത്തെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു"(മത്താ: 28; 18). യേഹ്ശുവാ അരുളിച്ചെയ്ത മറ്റൊരു വാഗ്ദാനം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും"(യോഹ: 14; 13, 14). യേഹ്ശുവായുടെ നാമത്തില്‍ ചോദിക്കുന്നതെന്തും ചെയ്തുതരുന്നത് അവിടുന്നുതന്നെയാണ്.

മനുഷ്യന്‍ മാത്രമായിരുന്ന യേഹ്ശുവായാണ് നമുക്കുവേണ്ടി കുരിശില്‍ മദ്ധ്യസ്ഥനായത്. എന്നാല്‍, ഇന്ന് അവിടുന്ന് സകല അധികാരങ്ങളും കയ്യാളുന്ന ദൈവമാണ്. ദൈവമായിരിക്കുന്ന യേഹ്ശുവായെ മദ്ധ്യസ്ഥനായി പരിഗണിക്കുന്നവര്‍ അവിടുത്തെ പൂര്‍ണ്ണതയോടെ അറിയാത്തവരോ, അവിടുത്തെ ദൈവത്വത്തെ നിഷേധിക്കുന്ന സാത്താന്റെ പിണയാളുകളോ ആവാം! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ ദൈവമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലിപ്പി: 2; 9- 11 ).

ഒരിക്കല്‍ യേഹ്ശുവാ മനുഷ്യനായി കടന്നുവന്നത് മനുഷ്യരുടെ പാപപരിഹാരാര്‍ത്ഥം ആയിരുന്നുവെങ്കില്‍, അവിടുന്ന് വീണ്ടും വരാനിരിക്കുന്നത് തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കാണ്‌. അന്ത്യവിധിവരെ അവിടുന്ന് പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമായി തുടരുമെങ്കിലും, അന്ത്യവിധി നടപ്പാക്കിയതിനുശേഷം അവിടുന്ന് ദൈവം മാത്രമായിരിക്കും! "അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ:9;28).

മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ വചനവിരുദ്ധമോ?

പൗലോസ് അപ്പസ്തോലന്‍ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന രണ്ടു വാക്യങ്ങളാണ് തര്‍ക്കത്തിനു വിഷയമായിരിക്കുന്നത്. ഈ വാക്യങ്ങള്‍ സൂക്ഷമമായി പരിശോധിച്ചവര്‍ക്ക് യേഹ്ശുവായുടെ മദ്ധ്യസ്ഥം എന്തായിരുന്നുവെന്ന് മനസ്സിലായി എന്ന് കരുതുന്നു. മദ്ധ്യസ്ഥപ്രാര്‍ത്ഥനയെ എതിര്‍ക്കുന്നതിനുവേണ്ടി ചില കൗശലങ്ങള്‍ പ്രയോഗിക്കാന്‍ എതിരാളികള്‍ ശ്രമിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. പതിനഞ്ച് വാക്യങ്ങളുള്ള ഈ അദ്ധ്യായത്തിലെ പതിമൂന്നു വാക്യങ്ങളെയും അവഗണിച്ചുകൊണ്ടാണ് ഇവര്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയെ നിഷേധിക്കുന്നത്. ഈ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ, മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ടാണെന്നതും മറക്കരുത്. അദ്ധ്യായത്തിന്റെ ആരംഭം ശ്രദ്ധിക്കുക: "എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയാകത്തക്കവിധം രാജാക്കന്മാര്‍ക്കും ഉന്നതസ്ഥാനീയര്‍ക്കുംവേണ്ടിയും ഇപ്രകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമാത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ - മനുഷ്യനായ യേഹ്ശുവാ മ്ശിഹാ. അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‍കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു"(1 തിമോ: 2; 1- 7).

ഈ ഉപദേശം പൂര്‍ണ്ണമായി വായിച്ചവര്‍ എന്താണു മനസ്സിലാക്കിയത്? മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ അര്‍ത്ഥശൂന്യമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയോ? മനുഷ്യനായ യേഹ്ശുവാ മദ്ധ്യസ്ഥനായത് ഭൗതീകമായ കാര്യങ്ങള്‍ സാധിച്ചുതരുന്നതിനുവേണ്ടി ആയിരുന്നോ? എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്‍കിയത് പാപം നീക്കിക്കളയുന്നതിനും അതുവഴി മരണത്തില്‍നിന്നും നിത്യജീവനിലേക്ക്‌ നയിക്കുന്നതിനുംവേണ്ടിയാണ്! മറിച്ച്, ഭൗതീകമായ ആവശ്യങ്ങള്‍ നിറവേറ്റിത്തരുന്നതിനായിരുന്നു അവിടുന്ന് മോചനമൂല്യമായി തന്നെത്തന്നെ നല്‍കിയതെങ്കില്‍, യേഹ്ശുവായുടെ ബലിയര്‍പ്പണത്തിനു മുന്‍പും ഇവയെല്ലാം നല്‍കപ്പെട്ടിട്ടുണ്ട്! ആയതിനാല്‍, യേഹ്ശുവായുടെ ദൗത്യത്തെ ആരും നിസ്സാരമായി കരുതരുത്!

"ലില്ലികളെ നോക്കുവിന്‍: അവ നൂല്‍ നൂല്‍ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ലല്ലോ. എങ്കിലും, ഞാന്‍ നിങ്ങളോടു പറയുന്നു: സോളമന്‍പോലും അവന്റെ സര്‍വ്വമഹത്വത്തിലും അവയില്‍ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല. ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇത്രമാത്രം അണിയിക്കുന്നെങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്രയധികം അണിയിക്കുകയില്ല!"(ലൂക്കാ: 12; 27, 28). ചലിക്കുന്നതും ചലിക്കാത്തതുമായ സകലതിനെയും പരിപാലിക്കുന്ന ദൈവം അന്നും ഇന്നും ഒരുവന്‍തന്നെയാണ്. ഈ ഭൂമിയില്‍ ജീവിക്കുന്നതിന്‌ ആവശ്യമായതൊക്കെയും നല്‍കുന്നത് യേഹ്ശുവാ അര്‍പ്പിച്ച ബലിയുടെ യോഗ്യത കണക്കിലെടുത്തല്ല; എന്നാല്‍, നിത്യജീവന്‍ പ്രാപിക്കാന്‍ ഒരുവനു സാധിക്കുന്നത് അവിടുത്തെ കുരിശുമരണത്തിന്റെ യോഗ്യത മാത്രം കണക്കിലെടുത്താണ്! യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ ഏറ്റുപറയുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ് ഈ ജീവന്‍ ലഭിക്കുന്നത്. ഭൗതീകമായ ആവശ്യങ്ങള്‍ നാം ദൈവസന്നിധിയില്‍ ഉയര്‍ത്തുമ്പോള്‍, അവ നമുക്ക് നന്മയായിട്ടുള്ളതാണെങ്കില്‍ മാത്രമേ അവിടുന്ന് അനുവദിക്കുകയുള്ളു. ഒരുവന്‍ തനിക്കുവേണ്ടി ചോദിക്കുന്നതും മറ്റുള്ളവര്‍ക്കുവേണ്ടി ആവശ്യപ്പെടുന്നതും അവിടുന്ന് അവഗണിക്കുന്നില്ല. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ ശ്രേഷ്ഠമായി അംഗീകരിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. എന്നാല്‍, തര്‍ക്കവിഷയം ഇതല്ല; മരിച്ചുപോയ ഒരു വ്യക്തിയോടു ,മാദ്ധ്യസ്ഥം യാചിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ആയതിനാല്‍, ആ വിഷയം നമുക്കു പരിഗണിക്കാം.

അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നാമിവിടെ തേടുന്നത്. അവ ഓരോന്നും ഇവിടെ കുറിക്കാം. 1) മരിച്ചുപോയ ഒരു വ്യക്തിയോടു മാദ്ധ്യസ്ഥം യാചിക്കുന്നത് പാപമാണോ? 2) മരിച്ചുപോയ ഒരു വ്യക്തിയോടു മദ്ധ്യസ്ഥം യാചിക്കുന്നത് നിഷ്ഫലമാണോ? 3) മരിച്ചുപോയ വ്യക്തികള്‍ക്ക് നമ്മുടെ സ്വരം ശ്രവിക്കാന്‍ കഴിയുമോ? 4) മരിച്ചുപോയ വ്യക്തികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? 5) ഇവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമോ? ഈ അഞ്ചു ചോദ്യങ്ങളുടെ ഉത്തരം ബൈബിളില്‍നിന്നു കണ്ടെത്തണം.

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്. വിശ്വാസജീവിതം നയിച്ചു കടന്നുപോയ ഒരു വ്യക്തിയോട് പ്രാര്‍ത്ഥന ആവശ്യപ്പെടുന്നതു പാപമാണെന്ന് ബൈബിളില്‍ എവിടെയും കണ്ടെത്താന്‍ കഴിയില്ല. ഇത്തരത്തില്‍ പ്രാര്‍ത്ഥന നടത്തിയ ആരുടെയെങ്കിലും നാശത്തെക്കുറിച്ച് ബൈബിളില്‍ ഒരു പരാമര്‍ശവുമില്ല എന്നതും ചിന്തിക്കണം. ഈ ലോകത്തുനിന്നു കടന്നുപോയ ഒരു വിശ്വാസിയോട് പ്രാര്‍ത്ഥന യാചിക്കുന്നത് പാപമാണെന്നു ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത്തരം പ്രാര്‍ത്ഥനകളില്‍നിന്ന് വിശ്വാസികള്‍ വിടുതല്‍ പ്രാപിക്കണം. എന്നാല്‍, പാപമല്ലാത്ത ഒരു കാര്യത്തെ എന്തിനു നാം വിലക്കണം? ദൈവം വിലക്കിയിട്ടില്ലാത്ത ഒന്നിനെക്കുറിച്ച് മനുഷ്യന്‍ ആകുലപ്പെടുന്നതിലെ സാംഗത്യം മനോവയ്ക്കു മനസ്സിലാകുന്നില്ല.

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കു നമുക്ക് പ്രവേശിക്കാം. പാപമല്ലെങ്കില്‍ക്കൂടി നിഷ്ഫലമായ ഒരു പ്രവൃത്തിയിലാണ് ഒരുവന്‍ ഏര്‍പ്പെടുന്നതെങ്കില്‍ അതിനെ ഭോഷത്തമായി കാണേണ്ടിവരും. എന്തെന്നാല്‍, ഫലം നല്‍കാത്ത വൃക്ഷങ്ങളെ പരിപാലിക്കേണ്ട ആവശ്യം നമുക്കില്ല. വിശുദ്ധജീവിതം നയിച്ചു കടന്നുപോയവരുടെ മാദ്ധ്യസ്ഥം നിഷ്ഫലമാണോ എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടുത്തുന്നതിനു മുന്‍പ് മറ്റു മൂന്നു ചോദ്യങ്ങള്‍ പരിഗണിക്കുന്നതായിരിക്കും ഉത്തമം. കാരണം, ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളെ ക്രോഡീകരിച്ചാല്‍ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് ലഭിക്കും.

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും"(യോഹ: 5; 25). ഈ വചനത്തിന്റെ തുടച്ചയായി ഇപ്രകാരം വായിക്കുന്നു: "ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു"(യോഹ: 5; 28). മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കും എന്നതിനുള്ള തെളിവ് യേഹ്ശുവായുടെ വാക്കുകള്‍തന്നെയാണ്. മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന യേഹ്ശുവായുടെ ശബ്ദം മാത്രമാണോ മരിച്ചവര്‍ ശ്രവിക്കുന്നത്? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, മനുഷ്യനായിരുന്ന യേഹ്ശുവായുടെ ശബ്ദവും മരിച്ചവര്‍ ശ്രവിച്ചിട്ടുണ്ട്. ലാസറിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചത് എപ്രകാരമായിരുന്നുവെന്നു ശ്രദ്ധിക്കുക: "ഇതു പറഞ്ഞിട്ട് അവന്‍ ഉച്ചത്തില്‍ പറഞ്ഞു: ലാസറേ, പുറത്തുവരുക. അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു"(യോഹ: 11; 43, 44). യേഹ്ശുവായുടെ വാക്കുകളോട് ലാസറിനു പ്രതികരിക്കാന്‍ കഴിഞ്ഞതിലൂടെ, മരിച്ചവരുടെ ശ്രവണസാധ്യതയാണ് തെളിയിക്കുന്നത്. സിനഗോഗധികാരിയുടെ മകളെ ഉയിര്‍പ്പിച്ചതും ഇപ്രകാരംതന്നെയായിരുന്നു. ഈ വചനം നോക്കുക: "അവന്‍ അവളുടെ കൈക്കു പിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ത്ഥമുള്ള തലീത്താകും എന്നു പറഞ്ഞു. തല്‍ക്ഷണം ബാലിക എഴുന്നേറ്റു നടന്നു"(മര്‍ക്കോ: 5; 41, 42). മരിച്ചവര്‍ക്ക് ശ്രവിക്കാന്‍ കഴിയില്ലെന്നുള്ള വാദത്തിന് ഇനിയെന്തു പ്രസക്തിയാണുള്ളത്?

യേഹ്ശുവായുടെ വാക്കുകള്‍ ശ്രവിച്ചതുപോലെ, സാധാരണ വിശ്വാസികളുടെ വാക്കുകള്‍ ശ്രവിക്കാന്‍ മരിച്ചവര്‍ക്കു സാധിക്കില്ലെന്ന് ആരും വാദിക്കേണ്ട. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും"(യോഹ: 14; 12). യേഹ്ശുവാ ചെയ്തതൊക്കെയും ചെയ്യുവാനുള്ള കഴിവ് അവിടുത്തെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവിടുന്ന് നല്‍കിയിട്ടുണ്ട്. പത്രോസില്‍ ഇത് നമുക്കു ദൃഷ്ടാന്തമാകുന്നത് അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ വായിക്കുന്നു. തബിത്താ എന്നു പേരുള്ള സ്ത്രീയെ മരിച്ചവരില്‍നിന്ന്‍ ഉയിര്‍പ്പിക്കുമ്പോള്‍ പത്രോസ് ഇപ്രകാരം പറഞ്ഞു: "തബിത്താ, എഴുന്നേല്‍ക്കൂ. അവള്‍ കണ്ണുതുറന്നു. പത്രോസിനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു"(അപ്പ. പ്രവര്‍: 9; 40). മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം മാത്രമല്ല ശ്രവിക്കുന്നത്; നമ്മുടെ സ്വരവും ശ്രവിക്കാന്‍ അവര്‍ക്കു സാധിക്കും! ആയതിനാല്‍, മരിച്ചവര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെന്ന വാദം ഇവിടെ തള്ളപ്പെടുന്നു.

മരിച്ചവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതോടൊപ്പം, മരിച്ചവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. മരിച്ചവരെല്ലാം ഇന്ന് നിദ്രയിലാണെന്നു ചിന്തിക്കുന്ന അനേകര്‍ ഇന്നുമുണ്ട്. എന്നാല്‍, അവരോടായി ആദ്യംതന്നെ പറയട്ടെ: യേഹ്ശുവായുടെ ഉത്ഥാനം യാഥാര്‍ത്ഥ്യമായതോടെ വിശുദ്ധരെല്ലാം പുനരുത്ഥാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. യേഹ്ശുവായുടെ മരണത്തെക്കുറിച്ച് ബൈബിളില്‍ ഇപ്രകാരം വായിക്കുന്നു: "അപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"(മത്താ: 27; 51- 53). വിശുദ്ധര്‍ ഇന്നും ഉറങ്ങുകയാണെന്ന ധാരണയില്‍ കഴിയുന്നവര്‍ അത് തിരുത്തുക. യേഹ്ശുവായോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവനോട് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും"(ലൂക്കാ: 23; 43). ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "അവന്‍ ഉന്നതത്തിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി"(എഫേ: 4; 8). ഒരു വിശദീകരണത്തിന്റെ സഹായമില്ലാതെതന്നെ ഗ്രഹിക്കാന്‍ കഴിയും എന്നതുകൊണ്ട് അടുത്ത ഭാഗത്തേക്ക് പ്രവേശിക്കുന്നു.

മരണാനന്തരം ഉത്ഥാനം ചെയ്യപ്പെട്ട വിശുദ്ധര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? ലാസറിന്റെയും ധനവാന്റെയും ഉപമയില്‍ യേഹ്ശുവാ നല്‍കുന്ന സൂചനയനുസരിച്ച്, ധനവാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അനീതി പ്രവര്‍ത്തിച്ച വ്യക്തിയായതുകൊണ്ട് അവന്റെ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കുന്നില്ല. എന്നാല്‍, വിശുദ്ധരുടെ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കും എന്നതിന് ബൈബിളില്‍ തെളിവുകളുണ്ട്. ഈ വചനം ശ്രദ്ധിക്കുക: "യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: മോശയും സാമുവലും എന്റെ മുമ്പില്‍നിന്ന്‌ യാചിച്ചാല്‍പോലും ഈ ജനത്തിന്റെ നേര്‍ക്കു ഞാന്‍ കരുണകാണിക്കുകയില്ല"(ജറെ: 15; 1). അസഹനീയമാംവിധം പാപത്തില്‍ അകപ്പെട്ടുപോയ യൂദാജനത്തിനുവേണ്ടി മോശയും സാമുവലും യാചിച്ചാല്‍പോലും അവരോടു ക്ഷമിക്കില്ല എന്ന പ്രഖ്യാപനമാണ് ഇവിടെ കാണുന്നത്. മോശയും സാമുവലും യാചിച്ചാല്‍പോലും എന്ന പ്രയോഗത്തില്‍നിന്ന് എന്താണു മനസ്സിലാകുന്നത്? യൂദാ ചെയ്ത പാപത്തിന്റെ കാഠിന്യം വ്യക്തമാക്കുകയാണ് ഇവിടെ. അന്യദേവന്മാരെ സേവിച്ചുകൊണ്ട് ദൈവത്തെ പ്രകോപിപ്പിക്കുന്നവര്‍ക്കുവേണ്ടി മോശയോ സാമുവലോ നടത്തുന്ന മദ്ധ്യസ്ഥംപോലും സ്വീകാര്യമല്ല എന്നാണ് യാഹ്‌വെ വ്യക്തമാക്കുന്നത്. മോശയുടെയും സാമുവലിന്റെയും മദ്ധ്യസ്ഥംവഴി പരിഹരിക്കപ്പെടാവുന്ന വിഷയങ്ങളുണ്ട് എന്ന സൂചനയും ഇവിടെ കാണാം.

തന്റെ ഭാര്യ പറഞ്ഞാല്‍പ്പോലും ഇത് ഞാന്‍ അനുവദിക്കില്ല എന്ന് ഒരുവന്‍ പറയുന്നതിലൂടെ, ഭാര്യയുടെ ആവശ്യപ്രകാരം ചെയ്തുകൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ടെന്നും അപ്രകാരം പലതും ചെയ്തിട്ടുണ്ടെന്നും വ്യക്തമാണ്! അല്ലാത്തപക്ഷം ഭാര്യയെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ, മോശയെയും സാമുവലിനെയും എടുത്തുപറഞ്ഞത് വെറുതെയല്ല! മോശയോ സാമുവലോ പറഞ്ഞാല്‍ ഒരുകാര്യവും ചെയ്യില്ലെന്ന് യാഹ്‌വെ പറഞ്ഞിട്ടുമില്ല! ദൈവത്തിനു പ്രീതികരമായി ജീവിച്ചു കടന്നുപോയ വിശുദ്ധരുടെ പ്രാര്‍ത്ഥന അവിടുന്നു പരിഗണിക്കുകയില്ല എന്ന ചിന്തതന്നെ ദൈവനിഷേധമാണ്. വിശുദ്ധരുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്ന ദൂതന്മാര്‍പോലും സ്വര്‍ഗ്ഗത്തിലുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ഞാന്‍ റഫായേലാണ്; വിശുദ്ധരുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്റെ മഹത്വത്തിന്റെ സന്നിധിയില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരില്‍ ഒരുവന്‍"(തോബിത്ത്: 12; 15). വിശുദ്ധരുടെ പ്രാര്‍ത്ഥനകളാണ് ദൈവത്തിനു പ്രീതികരം. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു"(യോഹ: 9; 31).

യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ചു വിശുദ്ധജീവിതം നയിച്ചു കടന്നുപോയവരെ അവിടുന്ന് ഉയിര്‍പ്പിക്കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുകയും ചെയ്യും. യേഹ്ശുവായുടെ വാക്കുകള്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും"(യോഹ: 11; 25). വിശുദ്ധരുടെ മാദ്ധ്യസ്ഥത്തിന്റെ സാധുത തെളിയിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. എന്നാല്‍, കൂടുതല്‍ വിവരണങ്ങളിലേക്ക് പോകാതെതന്നെ ഈ ലേഖനം ഉപസംഹരിക്കേണ്ടിയിരിക്കുന്നു.

ഉപസംഹാരം!

വിശുദ്ധര്‍ ഇപ്പോള്‍ നിദ്രയിലല്ലെന്നും അവരുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു പ്രീതികരമാണെന്നും നാം കണ്ടു. യേഹ്ശുവായുടെ മദ്ധ്യസ്ഥം എന്തായിരുന്നുവെന്നും നാം മനസ്സിലാക്കി. ഇപ്പോള്‍ എല്ലാ അധികാരങ്ങളും കൈയ്യാളുന്ന ദൈവമായ യേഹ്ശുവായുടെ സന്നിധിയില്‍ സമര്‍പ്പിക്കപ്പെടുന്ന ഒരു പ്രാര്‍ത്ഥനപോലും അവഗണിക്കപ്പെടുന്നില്ല. അന്യദേവന്മാരെ സേവിച്ചു മരിച്ചവരും പാപത്തില്‍ മരണപ്പെട്ടവരുമായ ആരോടെങ്കിലും പ്രാര്‍ത്ഥിച്ചാല്‍ ദൈവം സ്വീകരിക്കില്ലെന്നു മാത്രമല്ല, അത്തരം പ്രാര്‍ത്ഥനകള്‍ ഗുരുതരമായ പാപവുമാണ്. അന്യദേവന്മാരെ സേവിക്കുന്നതുപോലെതന്നെ മരണാര്‍ഹമായ പാപമാണ് ഇത്തരം പ്രാര്‍ത്ഥനകള്‍!

യേഹ്ശുവായുടെ നാമത്തില്‍ മരിച്ചവര്‍ ഇന്ന് പറുദീസായിലാണ് വസിക്കുന്നത്. അവരുടെ പ്രാര്‍ത്ഥനകള്‍ അവിടുന്ന് സ്വീകരിക്കുകയും ചെയ്യും. എന്നാല്‍, ആരെല്ലാമാണ് ഇന്ന് പറുദീസായില്‍ ചേര്‍ക്കപ്പെട്ടവരെന്നു നമുക്കറിയില്ല. ഓരോരുത്തരുടെയും ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അത് നിശ്ചയിക്കട്ടെ! വിശുദ്ധരുടെ മാദ്ധ്യസ്ഥം അപേക്ഷിക്കണം എന്നത് നിര്‍ബ്ബന്ധമുള്ള കാര്യമായി ആരും ധരിക്കരുത്. എന്നാല്‍, മാദ്ധ്യസ്ഥം യാചിച്ചതുകൊണ്ട് ആരും ശിക്ഷിക്കപ്പെടുകയുമില്ല. ആയതിനാല്‍, നമുക്ക് ഇപ്രകാരം പ്രാര്‍ത്ഥിക്കാം: യേഹ്ശുവായുടെ നാമത്തെപ്രതി പറുദീസായില്‍ വിശ്രമിക്കാന്‍ യോഗ്യത നേടിയ വിശുദ്ധരേ, ഞങ്ങള്‍ക്കുവേണ്ടി യേഹ്ശുവായോട് അപേക്ഷിക്കേണമേ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3981 views

LOG IN

Lost your password?

SIGN UP

LOST PASSWORD