എഡിറ്റോറിയല്‍

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!

Print By
about

26 - 11 - 2016

ദൈവഭക്തനും വിവേകമതിയുമായ ഒരു രാജാവാണ് രാജ്യത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തില്‍ ഒരു ഭരണകര്‍ത്താവ് ഉയര്‍ന്നുവരണമെങ്കില്‍ ആ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ദൈവഭക്തരായിരിക്കണം. സത്യദൈവത്തെ ആരാധിക്കുന്ന ജനങ്ങള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തിന്റെ ഭരണാധികാരിയില്‍നിന്ന് ശ്രേഷ്ഠമായ ഒരു തീരുമാനം ഈ അടുത്തനാളില്‍ ഉണ്ടായി. എണ്‍പത്തിയേഴു ശതമാനത്തോളം കത്തോലിക്കര്‍ അധിവസിക്കുന്ന പോളണ്ടിന്റെ രാജാവായി യേഹ്ശുവായെ പ്രഖ്യാപിച്ചു! ഇനിമേല്‍ പോളണ്ടിന്റെ രാജത്വം യേഹ്ശുവായുടേതാണ്! ദൈവഭക്തനും വിവേകമതിയുമായ ഭരണാധികാരിയെ തിരഞ്ഞെടുത്തതിലൂടെ പോളണ്ടിലെ ജനങ്ങള്‍ക്കു ലഭിച്ച സമ്മാനമാണിത്!

സത്യദൈവത്തെ ആരാധിക്കുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനികളെല്ലാം പോളണ്ടിന്റെ തീരുമാനത്തില്‍ ആഹ്ലാദിച്ചു. പ്രൊട്ടസ്റ്റന്റ് സമൂഹം, വിശിഷ്യാ പെന്തക്കോസ്ത് സമൂഹങ്ങള്‍ ഇക്കാര്യത്തില്‍ നിസംഗതയിലാണ്. കത്തോലിക്കാസഭയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ വ്യഗ്രതകാണിക്കുന്നവര്‍, ഈ സഭയില്‍ കാണുന്ന ഏതെങ്കിലും നന്മകളെ അംഗീകരിക്കാന്‍ തയ്യാറാകാത്തതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. കന്യാസ്ത്രീകള്‍ വേലിചാടിയതും വൈദീകരുടെ പീഡനകഥകളും ആഘോഷമാക്കുന്നതില്‍ മാത്രമേ ഇക്കൂട്ടര്‍ക്കു താത്പര്യമുള്ളൂ! ആയതിനാല്‍, ഇവരുടെ അഭിപ്രായങ്ങളെ അന്വേഷിക്കാതിരിക്കുന്നതാണ് ഉത്തമം.

കത്തോലിക്കാസഭയിലെ പരിഷ്ക്കരണവാദികളും ഇവരുടെ സ്തുതിപാടകരും ഇപ്പോള്‍ മൗനത്തിലാണ്. സഭയില്‍ നുഴഞ്ഞുകയറിയ 'ഫ്രീമേസണ്‍' സംഘങ്ങളും ഇതുവരെ പ്രതികരിച്ചു കണ്ടില്ല. അധികം വൈകാതെതന്നെ വത്തിക്കാന്‍ രാജാവിന്റെ പ്രതികരണം ലഭിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം. എന്നാല്‍, ആഗോള കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് പോളണ്ടിന്റെ ഈ തീരുമാനത്തിന് ആധാരമെന്ന വാദവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ജോണ്‍പോള്‍ രണ്ടാമന്‍ നടത്തിയ നീക്കങ്ങള്‍ നമുക്കെല്ലാം അറിയാം. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന നേട്ടമായി ഇതിനെ ഉയര്‍ത്തിക്കാണിക്കുന്നവരും ചില കോണുകളില്‍ തലപൊക്കിയിട്ടുണ്ട്. ജോണ്‍പോളിനോ കത്തോലിക്കാസഭയിലെ പുത്തന്‍ പരിഷ്ക്കരണങ്ങളുടെ വക്താക്കള്‍ക്കോ പോളണ്ടിനെക്കുറിച്ച് ഒരക്ഷരംപോലും പറയാന്‍ അവകാശമില്ല എന്നതാണ് വസ്തുത. ഇക്കാര്യം മനസ്സിലാകണമെങ്കില്‍ അല്പം പിന്നോട്ടുനടന്ന് ചരിത്രം പഠിക്കണം.

യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും കത്തോലിക്കാസഭയുടെ അധീനതയിലായിരുന്നു. ഇന്നും സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളുണ്ട്. എന്നാല്‍, ഈ രാജ്യങ്ങളില്‍ ഒന്നുംതന്നെ വിശ്വാസികള്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയില്‍ കടന്നുകൂടിയ സെക്കുലറിസത്തിന്റെ ദുരാത്മാവ്‌ യൂറോപ്പിനെ ഗ്രസിച്ചു!

ഈ സൂനഹദോസിനെ സ്വീകരിച്ച എല്ലാ രാജ്യങ്ങളിലെയും സത്യവിശ്വാസം ഉന്മൂലനം ചെയ്യപ്പെട്ടു. 1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പതിനെട്ടു ശതമാനത്തിന്റെ കുറവാണ് ക്രിസ്തീയതയില്‍ ഉണ്ടായത്. എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ച ആദ്ധ്യാത്മിക തകര്‍ച്ചയുടെ ഭാഗമാണ് ക്രിസ്തീയതയിലും സംഭവിച്ചതെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് ശരിയല്ല. യൂറോപ്യന്‍ ജനതയുടെ ആദ്ധ്യാത്മികതയില്‍ ശോഷണം സംഭവിച്ചത് ക്രിസ്ത്യാനികളുടെയിടയില്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. ക്രിസ്തീയത തകര്‍ച്ചയെ നേരിട്ട കാലയളവില്‍ മറ്റെല്ലാ മതങ്ങളും ശക്തിയാര്‍ജ്ജിച്ചത് നാം കാണാതെപോകരുത്. ക്രിസ്തീയത മാത്രം എന്തുകൊണ്ട് തകര്‍ച്ചയെ നേരിട്ടു? 1950-ല്‍ വെറും 1. 97 ശതമാനമായിരുന്ന ഇസ്ലാംമതം 2015 ആയപ്പോഴേക്കും 6 ശതമാനമായി വര്‍ദ്ധിച്ചു. അതായത്, ഇസ്ലാംമതം മൂന്നിരട്ടി ശക്തിപ്രാപിച്ചത്‌ രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷമാണ്! ഹിന്ദുമതവും ബുദ്ധമതവും മറ്റെല്ലാ വിജാതിയ മതങ്ങളും വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയതും ഗൗരവത്തോടെ നാം കാണണം. ക്രിസ്ത്യാനിയെ മാത്രം ബാധിച്ച വിശ്വാസ തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ ആരാണ്?

ക്രിസ്ത്യാനികള്‍ എന്നപേരില്‍ അറിയപ്പെടുന്നവരില്‍ത്തന്നെ വിശ്വാസികളായി ജീവിക്കുന്നവര്‍ പത്തു ശതമാനത്തിലും താഴെയാണെന്ന് മനസ്സിലാക്കുമ്പോള്‍, യൂറോപ്പിലെ ന്യൂനപക്ഷമായി ക്രിസ്ത്യാനികള്‍ മാറി എന്ന തിരിച്ചറിവിലാണ് നാം എത്തിച്ചേരുന്നത്. പഴയ സോവ്യറ്റ് രാജ്യങ്ങളെയും പോളണ്ടിനെയും കിഴക്കന്‍ ജര്‍മ്മനിയെയും മാറ്റിനിര്‍ത്തിയാല്‍ യൂറോപ്പിലെ ക്രിസ്തീയതയുടെ അവസ്ഥ എന്തായിരിക്കും എന്നുകൂടി ചിന്തിക്കണം. പോളണ്ടിനെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാന്‍ കത്തോലിക്കാസഭയിലെ പരിഷ്ക്കരണവാദികള്‍ക്ക് അവകാശമില്ല എന്ന് മനോവ പറഞ്ഞതും ഇക്കാരണത്താലാണ്! പോളണ്ടും സോവ്യറ്റ് രാജ്യങ്ങളും എന്തുകൊണ്ടാണ് വിശ്വാസം കാത്തുസൂക്ഷിച്ചതെന്ന് പരിശോധിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും.

രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ വിഷബീജം യൂറോപ്പില്‍ വിസ്സര്‍ജ്ജിച്ചപ്പോള്‍, പോളണ്ടിനെയോ സോവ്യറ്റ് രാജ്യങ്ങളെയോ ഈ പൈശാചികത തെല്ലുപോലും ബാധിച്ചില്ല. ഇന്ത്യയടക്കം ലോകരാജ്യങ്ങളില്‍ മിക്കയിടത്തും സെക്കുലറിസം എന്ന പൈശാചിക സന്ദേശം കത്തോലിക്കാസഭ വ്യാപകമാക്കി. അതിനുവേണ്ടി മതബോധന ഗ്രന്ഥങ്ങള്‍പ്പോലും നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍, കമ്മ്യൂണിസത്തിന്റെ കോട്ടകളില്‍ കടന്നുചെന്ന് ഈ വിത്ത്‌ വിതയ്ക്കാന്‍ കത്തോലിക്കാസഭയിലെ 'ഫ്രീമേസണ്‍' സംഘങ്ങള്‍ക്ക് സാധിക്കാത്തതുകൊണ്ടുതന്നെ, ആ രാജ്യങ്ങളില്‍ ക്രിസ്തീയമൂല്യങ്ങള്‍ നിലനിന്നു! സോവ്യറ്റ് രാജ്യങ്ങളിലോ പോളണ്ടിലോ ഉണ്ടായിരുന്ന കത്തോലിക്കാസഭകളുമായി വത്തിക്കാന് നേരിട്ടുള്ള ബന്ധം അനുവദിച്ചിരുന്നില്ല. ഈ സഭകളെ വത്തിക്കാന്റെ സമ്പൂര്‍ണ്ണ ആധിപത്യത്തിലാക്കാനുള്ള കുത്സിതശ്രമങ്ങള്‍ ഓരോ കാലങ്ങളിലും നടത്തിക്കൊണ്ടിരുന്നു.

ജോസഫ് സ്റ്റാലിന്‍ എന്ന രക്തദാഹിയായ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയുടെ കിരാത ഭരണത്തിന്‍കീഴില്‍ അനേകം ക്രൈസ്തവര്‍ രക്തസാക്ഷികളായി എന്നത് മറക്കുന്നില്ല. ക്രിസ്തീയതയുടെ ആരംഭംമുതല്‍ ഇത്തരം പീഡനങ്ങളെ അതിജീവിച്ചുതന്നെയാണ് ഈ സമൂഹം വളര്‍ന്നുവന്നത്. യേഹ്ശുവാ എന്ന ഏകരക്ഷകനില്‍ പ്രത്യാശയര്‍പ്പിച്ച ദൈവജനത്തിന്റെ വിശ്വാസത്തിനു മുന്‍പില്‍ സകല ശത്രുക്കളും തകര്‍ന്നടിയുന്നതാണ് ലോകം കണ്ടത്. എന്നാല്‍, ക്രിസ്തീയതയെ നശിപ്പിച്ചത് പുറത്തുള്ള ശത്രുക്കളായിരുന്നില്ല; മറിച്ച്, പാളയത്തില്‍ കടന്നുകൂടിയ അബദ്ധസിദ്ധാന്തങ്ങളാണ് വിശ്വാസത്തിന്റെ തീജ്വാല കെടുത്തിയത്. പോളണ്ടിനെയും മറ്റു സോവ്യറ്റ് രാജ്യങ്ങളെയും ഈ സിദ്ധാന്തങ്ങളിലേക്കു നയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെങ്കിലും, അവസാനമായി ഈ ദൗത്യം ഏറ്റെടുത്ത ജോണ്‍പോള്‍ രണ്ടാമന് അത് സാധിച്ചു! അന്നുമുതല്‍ ആദ്ധ്യാത്മിക മൂല്യശോഷണം ഈ രാജ്യങ്ങളിലും കടന്നുകൂടി!

സോളിഡാരിറ്റി എന്നപേരില്‍ രൂപീകരിച്ച തൊഴിലാളി യൂണിയനിലൂടെയാണ് വിമത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സോളിഡാരിറ്റി ഒരിക്കലും ഒരു സാധാരണ തൊഴിലാളി യൂണിയന്‍ ആയിരുന്നില്ല. കിഴക്കന്‍ യൂറോപ്പും സോവിയറ്റ് യൂണിയനും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് ലോകത്തെ ആദ്യത്തെ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ ആയിരുന്നു സോളിഡാരിറ്റി. അമേരിക്കയുടെയും വത്തിക്കാന്റെയും പിന്തുണയോടെ പ്രവര്‍ത്തിച്ച ഒരു വിമത പ്രസ്ഥാനം തന്നെയായിരുന്നു ഇത്. വിമതര്‍ നടത്തുന്ന പ്രക്ഷോഭത്തെ അമര്‍ച്ചചെയ്യുന്നതിനായി പോളണ്ടിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം 1981 ഡിസംമ്പര്‍ 13 - ന് പോളണ്ടില്‍ പട്ടാളഭരണം ഏര്‍പ്പെടുത്തി. സോളിഡാരിറ്റിയെ രഹസ്യമായി പിന്തുണച്ചിരുന്ന പോപ്പ് ജോണ്‍പോള്‍ രണ്ടാമനും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റൈഗനും കൂടി 1982 ലെ ജൂണ്‍ മാസം 7- ന് വത്തിക്കാനില്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമായി പോളണ്ടിലെ കമ്മ്യൂണിസത്തിന്റെ പതനം ആരംഭിച്ചു. രാഷ്ട്രീയമായി നിലനിന്നിരുന്ന അസംതൃപ്തി, 1982 ആഗസ്റ്റ് 31- ന് വീണ്ടും പ്രക്ഷോഭമായി പൊട്ടി പുറപ്പെട്ടു. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം എടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. അതോടെ പോളണ്ടിന്റെ സാമ്പത്തിക രംഗം വീണ്ടും വഷളായി.1989 ആയപ്പോഴേക്കും ആ തകര്‍ച്ച പൂര്‍ണ്ണമായി. കമ്മ്യൂണിസ്റ്റ് പോളണ്ട് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു.

പോളണ്ടിനെയും സോവ്യറ്റ് രാജ്യങ്ങളെയും പ്രതി കത്തോലിക്കാസഭയിലെ ആരെങ്കിലും അഭിമാന പുളകിതരാകുന്നുണ്ടെങ്കില്‍ ഇവരുടെ ഇന്നത്തെ അവസ്ഥകൂടി മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പൗരന്‍മാര്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍ എന്നിവയെ കുറിച്ച് ആശങ്ക ഇല്ലായിരുന്നു. എന്നാല്‍ കാലം മാറി. പോളണ്ടില്‍ 30,000 തൊട്ട് 150,000 ജനങ്ങള്‍ ഭവനരഹിതരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാമീണ പോളണ്ടില്‍ തൊഴില്ലായ്മ 30% വരെ ഉയരാറുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 20% ജനങ്ങളാണ് രാജ്യത്തിന്റെ 44% വരുമാനവും കൈയ്യാളുന്നത്. ഏതാണ്ട് 85% ജനങ്ങളുടെ വരുമാനം രാജ്യത്തിലെ ശരാശരി വരുമാനത്തിനെക്കാള്‍ താഴെയാണ്. 10-25% ശതമാനം കുട്ടികള്‍ ഒരു ദിവസം ഒരു നേരം മാത്രമേ ആഹാരം കഴിക്കുന്നുള്ളു. പോളണ്ടിലെ ദരിദ്രരില്‍ 50%ല്‍ കൂടുതല്‍ 19 വയസ്സിന് താഴെയുള്ളവരാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ പകുതി വേതനത്തിനു ജോലിചെയ്യാന്‍ തയ്യാറായി കടന്നുവരുന്ന പോളണ്ടിലെ യുവാക്കളെ കാണുമ്പോള്‍ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ഓര്‍മ്മവരും.

ഇതൊക്കെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സാധിക്കില്ല, കാരണം, ആഗോള സാമ്പത്തീക മാന്ദ്യം ശക്തിപ്പെടുന്നതിനു മുന്‍പുള്ള കണക്കുകളാണ് ഇവയെല്ലാം. ഇനി അതല്ല ഈ കണക്കുകളൊക്കെ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ചിന്ത ആര്‍ക്കും വേണ്ട. ലണ്ടന്‍ മെട്രൊപോളിറ്റന്‍ ബിസിനസ്സ് സ്കൂളിലെ ഡോ:മരിയ അലുക്നയുടെ പഠന റിപ്പോര്‍ട്ടില്‍ നിന്നുള്ളവയാണ് ഈ കണക്കുകള്‍! മറ്റു സോവ്യറ്റ് രാജ്യങ്ങളുടെ സ്ഥിതി പോളണ്ടിനെക്കാള്‍ കഷ്ടമാണ്! പട്ടിണി മാറ്റാന്‍ നിവൃത്തിയില്ലാതെ ഈ രാജ്യങ്ങളിലെ യുവതികള്‍ വേശ്യാവൃത്തിയ്ക്കായി മറ്റു രാജ്യങ്ങളിലേക്ക് കടന്നുപോകുന്നു. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും വേശ്യാവൃത്തി തൊഴിലാക്കിയവരില്‍ ഏറെയും യോവ്യറ്റ് രാജ്യങ്ങളിലെ യുവതികളാണ്!

പോളണ്ടിലെ ആദ്ധ്യാത്മികതയില്‍ കത്തോലിക്കാസഭയുടെ പങ്ക്!

അടിയുറച്ച വിശ്വാസവും നല്ല കുടുംബബന്ധങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹമായി പോളണ്ടിലെ ജനതയെ വാര്‍ത്തെടുത്തത് കത്തോലിക്കാസഭ തന്നെയാണ്. ഈ സത്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല! ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കായി യേഹ്ശുവായുടെ നാമം മാത്രമേയുള്ളൂ എന്ന സത്യം വിളിച്ചുപറഞ്ഞ വിശുദ്ധരായ വൈദീകര്‍ കത്തോലിക്കാസഭയിലുണ്ടായിരുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് സമ്മേളിക്കുന്നതുവരെ ഈ സത്യത്തില്‍നിന്നു വേറിട്ടൊരു ശബ്ദം സഭയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടില്ല. വിജാതിയര്‍ ആരാധനയര്‍പ്പിക്കുന്നത് ദൈവത്തിനല്ല എന്ന സത്യവും പ്രഘോഷിക്കപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ, സത്യദൈവത്തെ അവികലമായി ആരാധിച്ചിരുന്ന ശ്രേഷ്ഠ സമൂഹമായിരുന്നു അന്നത്തെ ക്രൈസ്തവസമൂഹം! തീഷ്ണമതികളായ സുവിശേഷകരുടെ ശിക്ഷണത്തില്‍ ആദ്ധ്യാത്മിക ജ്ഞാനം അഭ്യസിക്കാനുള്ള ഭാഗ്യം പോളണ്ടിലെ ജനതയ്ക്കു ലഭിച്ചതും ഇങ്ങനെയാണ്! ഇത് പോളണ്ടിന്റെ മാത്രം പ്രത്യേകതയായിരുന്നില്ല. യൂറോപ്പിലെ മറ്റെല്ലാ രാജ്യങ്ങളിലും തീഷ്ണതയില്‍ ജ്വലിക്കുന്ന വിശ്വാസികളുണ്ടായിരുന്നു. നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന കത്തോലിക്കാ വൈദീകര്‍ കടലുകള്‍ കടന്നു സുവിശേഷവുമായി സഞ്ചരിച്ചു. അവരുടെ വിശ്വാസജ്വാല അനേകരിലേക്കു പകരപ്പെടുകയും സത്യക്രിസ്ത്യാനികളായി അവര്‍ മാറുകയും ചെയ്തു.

രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പ് യൂറോപ്പിലെ അവസ്ഥ ഇന്നത്തേതുപോലെ ആയിരുന്നില്ല. ദൈവാലയങ്ങളില്‍ ആരാധനയര്‍പ്പിക്കുവാനും ഉത്തമ ക്രൈസ്തവ വിശ്വാസത്തില്‍ കുടുംബജീവിതം നയിക്കുവാനും താത്പര്യമുള്ള ജനതയായിരുന്നു ഇവിടെയുണ്ടായിരുന്നത്. അവിഹിതമായി ഒരുമിച്ചു ജീവിക്കുന്ന സ്ത്രീപുരുഷന്മാര്‍ അന്നുണ്ടായിരുന്നില്ല. സ്വവര്‍ഗ്ഗവിവാഹമോ ഭ്രൂണഹത്യയോ യൂറോപ്പിന്റെ മണ്ണില്‍ അനുവദിക്കപ്പെട്ടിരുന്നില്ല. മക്കളും പേരക്കുട്ടികളും ഒത്തുചേര്‍ന്നുള്ള കൂട്ടുകുടുംബങ്ങള്‍ യൂറോപ്പിന്റെ സവിശേഷതയായിരുന്നു. കത്തോലിക്കാസഭയുടെ നിയമങ്ങള്‍ രാഷ്ട്രനിയമങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നതുകൊണ്ട് വിവാഹമോചനങ്ങള്‍ അനുവദിച്ചിരുന്നില്ല. എല്ലാ ഭരണകൂടങ്ങളുടെമേലും കത്തോലിക്കാസഭയുടെ നിയന്ത്രണമുണ്ടായിരുന്നു. രാജാക്കന്മാരെ വാഴിക്കുന്നതുപോലും സഭയുടെ ആശിര്‍വാദത്തോടെയായിരുന്നു. അതിനാല്‍ത്തന്നെ, യൂറോപ്പിനെ നശിപ്പിക്കണമെങ്കില്‍, കത്തോലിക്കാസഭയെ വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കാതെ സാധ്യമാകുമായിരുന്നില്ല. അതിനായി, സാത്താനാല്‍ അഭിഷിക്തരായ പുരോഹിതരെ സഭയില്‍ കടത്തിവിടുക എന്ന ദൗത്യവുമായി ആദ്യമിറങ്ങിയത് 'ഫ്രീമേസണ്‍' സംഘടനയാണ്! സാത്താനുവേണ്ടി വേലചെയ്യുന്ന അവന്റെ അഭിഷിക്തര്‍, വൈദീകരായും മെത്രാന്മാരായും കര്‍ദ്ദിനാളന്മാരായും മാത്രമല്ല, പോപ്പിന്റെ പദവിയില്‍പ്പോലും അവരോധിതരായി!

പാരീസിലെ 'ഫ്രീമേസണ്‍' ലോഡ്ജിലെ അംഗമായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പോപ്പായത് ഈ വിധത്തിലായിരുന്നു. സ്ഥാനമേറ്റ ഉടനെതന്നെ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ക്കുകയും കത്തോലിക്കാസഭയുടെ അടിസ്ഥാന പ്രബോധനങ്ങള്‍പ്പോലും പൊളിച്ചെഴുതുകയും ചെയ്തു. എല്ലാ മതങ്ങളിലും രക്ഷയുടെ സാധ്യത പ്രഘോഷിച്ചുകൊണ്ട്, യഥാര്‍ത്ഥ രക്ഷയുടെ വാതില്‍ അപ്രസക്തമാക്കാന്‍ സാത്താനു സാധിച്ചത് ഇങ്ങനെയാണ്. അന്നുമുതല്‍ യൂറോപ്പിലെ ക്രിസ്തീയത തകര്‍ച്ചയുടെ പാതയിലായി. ക്രിസ്തീയതയ്ക്ക് മറ്റു വിശ്വാസങ്ങളിലേതില്‍നിന്നു വ്യത്യസ്തമായ മാഹാത്മ്യം ഒന്നുമില്ലെന്ന അബദ്ധധാരണയില്‍ എത്തിപ്പെട്ട ജനതയുടെ വിശ്വാസം അതിനാല്‍ത്തന്നെ ക്ഷയിച്ചുതുടങ്ങി. യൂറോപ്പില്‍ ഇന്നുകാണുന്ന എല്ലാ അധഃപതനങ്ങളുടെയും നാന്ദികുറിച്ച സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! ഈ സൂനഹദോസിന്റെ തീരുമാനങ്ങള്‍ പ്രചരിപ്പിക്കാന്‍ അവസരം ലഭിക്കാത്ത ചില രാജ്യങ്ങള്‍ വിശ്വാസത്തില്‍ നിലനില്‍ക്കുകയും, കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും ധാര്‍മ്മീകത നിലനിര്‍ത്തുകയും ചെയ്തത് ഇതിന്റെ ദൃഷ്ടാന്തമായി പരിഗണിക്കാം. ഈ രാജ്യങ്ങളെല്ലാംതന്നെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്‍ കീഴിലായിരുന്നുവെന്നതും ശ്രദ്ധേയമാണ്!

കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ ജീവിച്ചിരുന്നവര്‍ക്ക് തങ്ങളുടെ വിശ്വാസം തുടരുന്നതില്‍ തടസ്സമുണ്ടായിരുന്നില്ലെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ അനുവദിച്ചിരുന്നില്ല. കമ്മ്യൂണിസ്റ്റു രാജ്യങ്ങളിലെ ജനങ്ങളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിച്ചിരുന്നത് എന്നകാര്യവും ശ്രദ്ധിക്കണം. ഭരണാധികാരികളും അവരുടെ ചില ഉപജാപകരും മാത്രമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍! ഈ ഉപജാപകര്‍ ഭരണകൂടത്തിനുവേണ്ടി ചാരപ്പണികള്‍ ചെയ്യുന്നവരുമായിരുന്നു. ജനങ്ങളുടെയിടയില്‍ ഉയര്‍ന്നുവരുന്ന ഭരണകൂടവിരുദ്ധ ശബ്ദങ്ങളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചാരന്മാരെ വിന്യസിച്ചത്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ മുഖ്യശത്രു അമേരിക്കയും അവരുടെ സഖ്യകക്ഷികളും ആയിരുന്നുവെന്ന് നമുക്കറിയാം. അതിനാല്‍, അമേരിക്കയുമായി ബന്ധം പുലര്‍ത്തുന്ന സകലരെയും സംശയത്തോടെയാണ് ഇവര്‍ വീക്ഷിച്ചിരുന്നത്. വത്തിക്കാനും അമേരിക്കയും ചേര്‍ന്ന് കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങളെ അട്ടിമറിക്കുമെന്ന് ഇവര്‍ ഭയന്നിരുന്നു. ആ ഭയത്തിന് അടിസ്ഥാനമുണ്ടായിരുന്നുവെന്ന് കാലം തെളിയിച്ചു.

വത്തിക്കാനും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായതുകൊണ്ടും, കമ്മ്യൂണിസത്തോടുള്ള വത്തിക്കാന്റെ നിലപാട് അനുകൂലമല്ലാത്തതുകൊണ്ടും, പോളണ്ടിലെയും സോവ്യറ്റ് രാജ്യങ്ങളിലെയും വിശ്വാസികളുമായി ബന്ധപ്പെടാന്‍ വത്തിക്കാനെ അനുവദിച്ചില്ല എന്നതാണ് പരമാര്‍ത്ഥം. ഇത് എല്ലാ അര്‍ത്ഥത്തിലും ക്രിസ്തീയതയ്ക്ക് ഗുണകരമായി ഭവിച്ചു. എന്തെന്നാല്‍, വിശ്വാസസത്യത്തില്‍ നിന്നുള്ള വത്തിക്കാന്റെ വ്യതിചലനം പോളണ്ടിലെയും സോവ്യറ്റ് രാജ്യങ്ങളിലെയും വിശ്വാസികള്‍ അറിഞ്ഞില്ല. പൂര്‍വ്വീകര്‍ പരിശീലിപ്പിച്ച സത്യത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ പോളണ്ടിന് കഴിഞ്ഞത് ഇങ്ങനെയാണ്! വത്തിക്കാന്‍ പുറപ്പെടുവിക്കുന്ന അപ്രമാധിത്യ വിളംബരങ്ങളൊന്നും തങ്ങളെ ബാധിക്കാത്തതുകൊണ്ട്‌ ഈ നൂറ്റാണ്ടില്‍പ്പോലും ക്രിസ്തീയമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന 'തിരുശേഷിപ്പുകള്‍' യൂറോപ്പില്‍ ഉണ്ടായി! 'ഫ്രീമേസണ്‍' സംഘത്തിനു താത്ക്കാലികമായെങ്കിലും ഏറ്റ പ്രഹരമായിരുന്നു കമ്മ്യൂണിസ്റ്റ് കോട്ടകള്‍! എന്നാല്‍, 1989 - ല്‍ ജോണ്‍പോള്‍ രണ്ടാമനിലൂടെ പോളണ്ടിനുമേല്‍ 'ഫ്രീമേസണുകള്‍' ലക്ഷ്യംകണ്ടു! പിന്നീട് ഗ്ലാസ്നസ്തും പെരിസ്ത്രോയിക്കയുമായി മിഖായേല്‍ ഗോര്‍ബച്ചേവിനെ രംഗത്തിറക്കി സോവ്യറ്റ് യൂണിയനെ തകര്‍ക്കുന്നതിലും ജോണ്‍പോള്‍ രണ്ടാമന്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.

ഗോര്‍ബച്ചേവുമായി ചേര്‍ന്ന് അണിയറയില്‍ ഗൂഢനീക്കങ്ങള്‍ നടത്തുമ്പോഴും, റഷ്യയുടെ മാനസ്സാന്തരത്തിന് എന്നപേരില്‍ കത്തോലിക്കാസഭയിലെ വിശ്വാസികളെ കൊന്തയുമായി രംഗത്തിറക്കിയതും ജോണ്‍പോള്‍ രണ്ടാമനായിരുന്നു. റഷ്യയുടെ തകര്‍ച്ചവരെ ഈ പ്രാര്‍ത്ഥന തുടര്‍ന്നു! ഈ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് റഷ്യ മാനസ്സാന്തരപ്പെട്ടതെന്നു പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങി. എന്നാല്‍, സോവ്യറ്റ് യൂണിയനില്‍ എന്താണു സംഭവിച്ചത്. പട്ടിണിയില്ലാതെ ജീവിച്ചിരുന്ന ഒരു ജനതയുടെ 'കഞ്ഞിപ്പാത്രത്തില്‍' മണ്ണ് വാരിയിടുകയല്ലേ ചെയ്തത്? 1991-ല്‍ സ്വതന്ത്രരാഷ്ട്രങ്ങളായി മാറിയ സോവ്യറ്റ് രാജ്യങ്ങളുടെ ഇന്നത്തെ സ്ഥിതിയെന്താണെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേരാന്‍ കഴിയും! പട്ടിണിമൂലം നട്ടംതിരിയുന്ന സോവ്യറ്റ് രാജ്യങ്ങളിലെ യുവതികള്‍ ഇന്ന് യൂറോപ്പിലെയും ഗള്‍ഫ് നാടുകളിലെയും വേശ്യാലയങ്ങളില്‍ ശരീരം വില്‍ക്കുന്നു! ഒരു ജനതയെ വേശ്യാവൃത്തിയിലേക്കും അധാര്‍മ്മികതയിലേക്കും നയിക്കുന്നതാണോ മാനസ്സാന്തരം?! സോവ്യറ്റ് രാജ്യങ്ങളിലെ യുവതികളെ വേശ്യകളാക്കാന്‍ പരിശുദ്ധ കന്യകാമാതാവ് കൂട്ടുനില്‍ക്കുമെന്ന് മനോവ കരുതുന്നില്ല! അതിനാല്‍ത്തന്നെ, കൊന്തചൊല്ലലും പ്രാര്‍ത്ഥനകളും ഒരു മറ മാത്രമായിരുന്നുവെന്ന് നാം മനസ്സിലാക്കണം! അണിയറയില്‍ നടത്തിയ ഗൂഢനീക്കങ്ങളുടെ ഉത്തരവാദിത്തം കന്യകാമാതാവിന്റെമേല്‍ കെട്ടിവയ്ക്കാന്‍ 'ഫ്രീമേസണുകള്‍' ആസൂത്രണംചെയ്ത പദ്ധതിയായിരുന്നു ജപമാല!

തകര്‍ന്നടിഞ്ഞ സോവ്യറ്റ് രാജ്യങ്ങളില്‍ കടന്നുകൂടിയ അധാര്‍മ്മികതയില്‍നിന്ന് ആ ജനങ്ങള്‍ മാനസ്സാന്തരപ്പെടാനുള്ള പ്രാര്‍ത്ഥനകള്‍ ഒന്നുതന്നെ കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നു കേള്‍ക്കുന്നില്ല. ബൈബിള്‍പോലും നിഷേധിച്ചിരിക്കുന്ന അനേകം ഇസ്ലാമിക രാജ്യങ്ങള്‍ ഈ ഭൂമുഖത്തുണ്ട്. ഈ രാജ്യങ്ങളുടെ മാനസ്സാന്തരം നിയോഗമായെടുത്തു ജപമാലകള്‍ ചൊല്ലാന്‍ എന്തുകൊണ്ടാണ് വിശ്വാസികളെ ആഹ്വാനംചെയ്യാത്തത്? വിജാതിയരുടെ ആക്രമണത്തെ ഭയപ്പെടാതെ, തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള സുരക്ഷിതത്വം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു. അതിന്റെ തെളിവാണ് ഈ രാജ്യങ്ങളിലെ വിശ്വാസ തീക്ഷണതയുള്ള ക്രിസ്ത്യാനികള്‍! ഇന്ന് ക്രിസ്തീയത വളരുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് കമ്മ്യൂണിസ്റ്റ് ചൈന! രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്താണെന്നുപോലും അവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് അറിയില്ല. പ്രാര്‍ത്ഥനയുടെ മറവില്‍ കുത്സിത പ്രവര്‍ത്തനങ്ങളുമായി വത്തിക്കാന്‍ അവിടെയും രംഗപ്രവേശം ചെയ്യാതിരുന്നാല്‍ അവരെങ്കിലും രക്ഷപ്പെടും!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ കത്തോലിക്കാസഭയില്‍ കടന്നുകൂടിയ പൈശാചികത പോളണ്ടിനെ സ്വാധീനിക്കാന്‍ തുടങ്ങിയത് 1989- നു ശേഷമാണ്! അതോടെ ആദ്ധ്യാത്മിക അധഃപതനവും അവിടെ ആരംഭിച്ചു. എന്നാല്‍, പാരമ്പര്യമായി ലഭിച്ച സത്യവിശ്വാസത്തെ അത്ര എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ കഴിയാത്തതുകൊണ്ട്, അധഃപതനത്തിന്റെ വേഗവും കുറവാണ്! യേഹ്ശുവായെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിക്കാന്‍ തക്കവണ്ണം വിവേകമുള്ള ഭരണാധികാരി ഈ രാജ്യത്തുണ്ടായതും ഇക്കാരണത്താല്‍ത്തന്നെ!

യൂറോപ്പിലുടനീളം ഇസ്ലാമിക തീവ്രവാദികളെക്കൊണ്ടു നിറയ്ക്കാന്‍ ഫ്രാന്‍സീസ് നടത്തിയ ആഹ്വാനത്തെ പുച്ഛിച്ചുതള്ളിയ ഭരണകൂടമാണ്‌ പോളണ്ടിലേത്. ഓരോ കത്തോലിക്കാ ഇടവകയും കുറഞ്ഞത് രണ്ട് ഇസ്ലാമിക കുടുംബങ്ങളെ ദാത്തെടുക്കണം എന്നതായിരുന്നു ഫ്രാന്‍സീസിന്റെ ആഹ്വാനം. എന്നാല്‍, പോളണ്ട് ഇതിനോടു പ്രതികരിച്ചത് ഇങ്ങനെ: "അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍, പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ മാത്രമേ ഞങ്ങളുടെ രാജ്യം സ്വീകരിക്കുകയുള്ളൂ". ഇസ്ലാമിന് അഭയംനല്കാന്‍ തയ്യാറായ സകല രാജ്യങ്ങളും അതിന്റെ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വിവേകവും ദൈവവിശ്വാസവുമില്ലാത്ത ഭരണാധികാരികളുടെ ചെയ്തികളുടെ ഫലം അനുഭവിക്കുന്നത് യൂറോപ്പില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികളാണ്. പോളണ്ടിലെ ഭരണാധികാരികളുടെ വിവേകത്തോടെയുള്ള തീരുമാനമാണ് ഇസ്ലാമിന്റെ പൈശാചികതയില്‍നിന്ന് ആ രാജ്യത്തെ രക്ഷിച്ചത്!

രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിസ്സര്‍ജ്ജിച്ച പൈശാചികത പോളണ്ടിനെ സ്വാധീനിക്കാത്തതുമൂലം ആ രാജ്യത്തെ ജനങ്ങള്‍ വിശ്വാസം കാത്തുസൂക്ഷിച്ചു. എന്നാല്‍, വത്തിക്കാന്റെ ആധിപത്യത്തിലൂടെ അല്പമൊക്കെ വ്യതിചലനം ജനങ്ങളുടെ ധാര്‍മ്മീകതയില്‍ കടന്നുകൂടിയത് ശുഭലക്ഷണമല്ല. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ പുല്കിയവരൊക്കെയും എത്തിപ്പെട്ട പൈശാചികതയില്‍ പോളണ്ടും എത്തിപ്പെടാതിരിക്കട്ടെ എന്ന് ആശിക്കാം. വിജാതിയ അനുകരണങ്ങളുമായി അന്യദേവന്മാരുടെ ആലയങ്ങളില്‍ ചുറ്റിത്തിരിയുകയും, എല്ലാ വിശ്വാസങ്ങളും രക്ഷയ്ക്ക് കാരണമാകും എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നവരെ ചോദ്യംചെയ്താല്‍ അവരുടെയെല്ലാം ഉത്തരങ്ങള്‍ ഒന്നാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് തങ്ങള്‍ക്ക് ഇതെല്ലാം അനുവദിച്ചു തന്നിട്ടുണ്ട് എന്നായിരിക്കും ഇവര്‍ തങ്ങളെത്തന്നെ ന്യായീകരിച്ചുകൊണ്ട് പറയുന്നത്. യേഹ്ശുവായുടെയും അപ്പസ്തോലന്മാരുടെയും വാക്കുകള്‍ ഇവര്‍ പരിഗണിക്കുന്നില്ല. ജോണ്‍ ഇരുപത്തിമൂന്നാമനാണ് ഇവരുടെ ദൈവം! രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ തീരുമാനങ്ങളാണ് ഇവരുടെ ബൈബിള്‍!

ഏതായാലും ഈ രാജ്യം ഇപ്പോഴെടുത്ത തീരുമാനം ധീരവും വിശുദ്ധവുമാണ്. പോളണ്ടിലെ മെത്രാന്മാരും ഭരണകൂടവും വിശിഷ്യാ, ആന്ദ്രേ ഡുഡു എന്ന രാഷ്ടത്തലവനും പ്രത്യേകമായി അഭിനന്ദനം അര്‍ഹിക്കുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനങ്ങള്‍ തള്ളിക്കളയുകയും, ഈ സൂനഹദോസിന്റെ ചുവടുപിടിച്ചു രചിക്കപ്പെട്ട യുവജന മതബോധനഗ്രന്ഥത്തെ രാജ്യത്തുനിന്നു പുറന്തള്ളുകയും ചെയ്‌താല്‍ തീര്‍ച്ചയായും യേഹ്ശുവാ ഇവരുടെ രാജാവായി ഭരണം നടത്തും. ഇവരുടെ അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടുകയും ജനങ്ങള്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്യും. യേഹ്ശുവാ ഈ ഭൂമി മുഴുവന്റെയും അധികാരിയായി ഭരണം നടത്തുമ്പോള്‍ പോളണ്ടിന് പ്രത്യേക പരിഗണന ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു!

രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ കുഴലൂത്തുകാരോട് മനോവ ആവര്‍ത്തിച്ചു പറയുന്നു: 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!'

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4802 views

LOG IN

Lost your password?

SIGN UP

LOST PASSWORD