സഭകളില്‍ ശുദ്ധീകരണം

കൊരട്ടിമുത്തിയുടെ അനുജത്തി കൊടുങ്ങല്ലൂരമ്മ!

Print By
about

റിവുണ്ടെന്നു ഭാവിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്കും അപകടകരമായ ആശയങ്ങള്‍ക്കും നേരെ മൗനം പാലിക്കുന്നത് പരിശുദ്ധാത്മാവിനോടും സ്വന്തം മനസ്സാക്ഷിയോടും പുലര്‍ത്തുന്ന വഞ്ചനയാണ്! ഈ സത്യം ആരംഭത്തില്‍തന്നെ പ്രഖ്യാപിച്ചുകൊണ്ട് ലേഖനം അതിലെ വിഷയം ചര്‍ച്ചചെയ്യുന്നു. സഭകളിലെ ആചാര്യന്മാരില്‍ ചിലരെങ്കിലും വച്ചുപുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അജ്ഞതയുടെ ആവരണം വലിച്ചുകീറാനും ഇവിടെ ശ്രമിക്കുകയാണ്. പ്രാധാനവിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പ് ഈ അജ്ഞത അനാവരണം ചെയ്യുന്നതാകും നല്ലത്.

യേഹ്ശുവായുടെ വരവോടെ പഴയനിയമം കാലഹരണപ്പെട്ടുവെന്നും പുതിയനിയമം സ്ഥാപിക്കപ്പെട്ടുവെന്നും വാദിക്കുന്നവരുണ്ട്. ഇത് ദൈവവചനപ്രകാരം പൂര്‍ണ്ണമായും തെറ്റായ വാദഗതിയാണ്. നിയമത്തിലോ പ്രവചനങ്ങളിലോ യാതൊരുവിധ മാറ്റവും യേഹ്ശുവാ വരുത്തിയിട്ടില്ല; നിയമങ്ങളെയും പ്രവചനങ്ങളെയും അടിവരയിട്ട് ഉറപ്പിക്കുകയാണു ചെയ്തത്! നിയമങ്ങളിലെ പഴുതുനോക്കി പാപം ചെയ്തിരുന്നവരെ തിരുത്തുവാന്‍വേണ്ടി അവയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു! വ്യഭിചാരത്തെക്കുറിച്ചുള്ള കല്പന കൂടുതല്‍ വിസ്തൃതമാക്കിക്കൊണ്ട്, സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ അവളുമായി ഹൃദയത്തില്‍ വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു!

പഴയനിയമം, പുതിയനിയമം എന്നിങ്ങനെ ബൈബിളിനെ രണ്ടാക്കി ഭാഗിച്ചതിനെപ്പോലും അബദ്ധമായിട്ടാണ് മനോവ കാണുന്നത്. വചനത്തെ സ്വീകരിക്കാത്തവരാണ് ഇക്കൂട്ടരെന്നു പറയുന്നതില്‍ വേദന തോന്നരുത്. ബൈബിളിലെ തിരുവെഴുത്തുകളെ പുരാതനഗ്രന്ഥം, നവീനഗ്രന്ഥം എന്നിങ്ങനെയല്ലാതെ, പഴയതും പുതിയതുമായി വേര്‍തിരിക്കാന്‍ പാടില്ല. എന്തെന്നാല്‍, ദൈവത്തിന്റെ നിയമത്തില്‍ പഴയതും പുതിയതുമില്ല; മറിച്ച്, എല്ലാക്കാലത്തേക്കുമായി നല്കപ്പെട്ടിരിക്കുന്നതാണ് അവിടുത്തെ നിയമങ്ങള്‍! ഭൂമിയില്‍ ദൈവജനം വസിക്കുന്നിടത്തോളം കാലം നിയമങ്ങള്‍ പുതുമയോടെതന്നെ നിലനില്‍ക്കും. പഴയനിയമത്തെ അസാധുവാക്കിയാണു പുതിയനിയമം നല്‍കിയതെങ്കില്‍ എന്തിനാണ്, ഭാരമുള്ള ബൈബിള്‍ കൈവശം വയ്ക്കുന്നത്? പുതിയനിയമമെന്നു പറയപ്പെടുന്ന ചെറിയപുസ്തകം മാത്രം മതിയായിരുന്നില്ലെ? ഇത് വലിയൊരു വഞ്ചനയാണെന്നു പറായാതിരിക്കാന്‍ കഴിയില്ല! മോശയിലൂടെ ദൈവം നല്‍കിയ കല്പനകളെല്ലാം അനുസരിക്കാന്‍ നാം കടപ്പെട്ടവരാണ്. എന്നാല്‍, ചില അനുഷ്ഠാനങ്ങളിലും ഭക്ഷണക്രമങ്ങളിലും യേഹ്ശുവായുടെ മരണശേഷം മാറ്റം വരുത്തിയിട്ടുണ്ട്. ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കുവാന്‍ മോശ അനുശാസിച്ചിരുന്നു. എന്നാല്‍, അശുദ്ധമായതെല്ലാം വിശുദ്ധീകരിച്ചതിലൂടെ നിഷിദ്ധമായവ അനുവദനീയമായി. ഇവിടെ നിയമം ഇല്ലാതാകുകയല്ല; മറിച്ച്, അശുദ്ധമായിരുന്നവയിലെ അശുദ്ധി നീക്കംചെയ്യുകയാണുണ്ടായത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു"(കൊളോ: 1; 20).

എങ്കിലും വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുമ്പോള്‍ ഇവ വീണ്ടും അശുദ്ധമാകും. അതുകൊണ്ടാണ് വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ കഴിക്കരുതെന്നു പറയുന്നത്. ഇക്കാര്യത്തില്‍ യാതൊരു ഒഴിവും യേഹ്ശുവായോ അപ്പസ്തോലന്മാരോ നമുക്കു നല്‍കിയിട്ടില്ല. വിജാതിയര്‍ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ പോകുന്നത് തടഞ്ഞിട്ടില്ലെന്നു മാത്രമല്ല, അവര്‍ തരുന്നതെന്തും കഴിച്ചുകൊള്ളാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അനുവദനീയമല്ലാത്ത ഒരു കാര്യം ഇവിടെയുമുണ്ട്. ഇവര്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് സമര്‍പ്പിച്ചതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്കത് ഭക്ഷിക്കാന്‍ പാടില്ല. പിശാചിനു സമര്‍പ്പിച്ചതാണെന്ന അറിവുണ്ടായിട്ടും അത് ഭക്ഷിക്കുന്നതിലൂടെ ദൈവത്തെ ധിക്കരിക്കുകയും നമ്മിലുള്ള ദൈവാത്മാവിനെ വേദനിപ്പിക്കുകയുമാണു ചെയ്യുന്നത്!

യേഹ്ശുവായുടെ രക്തത്തിലൂടെ ഈ ലോകത്തുള്ള സകല വസ്തുക്കളും വിശുദ്ധീകരിക്കപ്പെട്ടു. എന്നാല്‍, വിഗ്രഹങ്ങള്‍ ഇതിലൂടെ വിശുദ്ധി പ്രാപിച്ചുവെന്ന് അര്‍ത്ഥമില്ല. കാരണം, വിഗ്രഹങ്ങള്‍ സാത്താന്‍തന്നെയാണ്. പിശാചിനെ വിശുദ്ധീകരിക്കാനല്ല അവനെ നശിപ്പിക്കാനാണു യേഹ്ശുവാ വന്നത്. ദൈവത്തിനു നല്‍കേണ്ടതായ ആരാധനയും മഹത്വവും വിഗ്രഹങ്ങള്‍ക്കു നല്‍കുന്നതിലൂടെ സാത്താന്‍ അവയില്‍ സജ്ജീവ സാന്നിദ്ധ്യമായി നിലകൊള്ളും! അതുകൊണ്ടാണ്, പൗലോസ് അപ്പസ്തോലന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നത്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1 കോറി: 10; 20).

അടിസ്ഥാനപരമായി തിന്മയെന്നു പറയുന്നത് സൃഷ്ടാവിലും ഉപരിയായി സൃഷ്ടിയെ സേവിക്കുന്നതാണ്. ദൈവങ്ങളെന്നു വിളിക്കപ്പെടുന്ന ചില അവതാരങ്ങളും വസ്തുക്കളുമുണ്ടെങ്കിലും അവയൊന്നും ദൈവമല്ലെന്നു മാത്രമല്ല അവരിലും അവയിലും വസിക്കുന്നത് സാത്താന്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ആരും വേദനിക്കുകയോ അസ്വസ്ഥപ്പെടുകയോ വേണ്ട. കാരണം, ദൈവം ഒരുവന്‍ മാത്രമെയുള്ളു. ബൈബിളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നതു നോക്കുക: "ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നു നമുക്കറിയാം. ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്മാരും നാഥന്മാരും ഉണ്ടല്ലോ - എങ്കിലും, നമുക്ക് ഒരു ദൈവമെയുള്ളൂ, ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു രക്ഷകനേ നമുക്കുള്ളൂ, ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേഹ്ശുവാ മ്ശിഹാ"(1 കോറി: 8; 4-6).

ഈ ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുകയോ  അവയ്ക്കുമുന്നില്‍ പ്രണമിക്കുകയോ ചെയ്യുന്നതാണ് അടിസ്ഥാനപരമായ തിന്മ. ഒന്നാമതായി നല്‍കിയിരിക്കുന്ന പ്രമാണത്തില്‍ത്തന്നെ ഇതിന്റെ പ്രാധാന്യം  വ്യക്തമാക്കിയിരിക്കുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും മറ്റു ദേവന്മാരെ ആരാധിക്കുന്നത് നമുക്ക് നിഷിദ്ധമാണെന്നല്ലേ? തിന്മയെക്കുറിച്ച് പ്രവാചകനിലൂടെ യാഹ്‌വെ ആകുലപ്പെടുന്നതും ഇക്കാര്യത്തില്‍ തന്നെയാണ്. അവിടുത്തെ ആകുലത ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു"(ജറെ: 2; 13). അന്നും ഇന്നും ഈ പൊട്ടക്കിണറുകള്‍ തന്നെയാണ് ദൈവത്തില്‍നിന്ന് നമ്മെ അകറ്റുന്നത്. അല്ലായിരുന്നുവെങ്കില്‍ യേഹ്ശുവായ്ക്കുശേഷം വന്ന അപ്പസ്തോലനായ പൗലോസും ഇതുതന്നെ ആവര്‍ത്തിച്ചു പറയേണ്ടിയിരുന്നില്ല.

അന്യദേവന്മാരെ ആരാധിക്കുകയും അവര്‍ക്ക് അര്‍പ്പിക്കപ്പെട്ടവ ഭക്ഷിക്കുകയും ചെയ്യരുതെന്നു മാത്രമല്ല, അവരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുകയോ ആചാരരീതികള്‍ അനുകരിക്കുകയോ ചെയ്യരുതെന്ന് യാഹ്‌വെ കല്പിച്ചിട്ടുണ്ട്. യേഹ്ശുവാ മനുഷ്യനായി വരുന്നതുവരെ താത്കാലികമായി നല്‍കപ്പെട്ട ചട്ടമായിരുന്നില്ല ഇത്. അങ്ങനെ ആയിരുന്നുവെങ്കില്‍ യേഹ്ശുവായോ ശിഷ്യന്മാരോ ഇക്കാര്യം വെളിപ്പെടുത്തുമായിരുന്നു.

യേഹ്ശുവായില്‍നിന്ന് നേരിട്ടു പഠിച്ചവരെയാണു നാം അനുകരിക്കേണ്ടത്. അവര്‍ വിശ്വസിച്ചതും ആചരിച്ചതുമായ കാര്യങ്ങളാണ് ക്രൈസ്തവ മാര്‍ഗ്ഗത്തിന് ആധാരമായിട്ടുള്ളതും നാമോരോരുത്തരും അനുവര്‍ത്തിക്കേണ്ടതും. യേഹ്ശുവാ ഉപമകളിലൂടെ പഠിപ്പിച്ച സ്വര്‍ഗ്ഗരാജ്യ രഹസ്യങ്ങള്‍ അന്നത്തെ ഫരിസേയര്‍ വ്യാഖ്യാനിച്ചതുപോലെതന്നെ ഇന്നത്തെ പ്രമാണികളും തെറ്റായി ഗ്രഹിക്കുകയും അതു ലോകത്തിലേക്കു വിസ്സര്‍ജ്ജിക്കുകയും ചെയ്യുന്നു. യേഹ്ശുവായെ മനസ്സിലാക്കാതെ അവനെ ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുത്തവര്‍ അജ്ഞാനികള്‍ ആയിരുന്നുവെന്ന് കരുതരുത്. നിയമത്തെക്കുറിച്ചും പ്രവചനങ്ങളെക്കുറിച്ചും ചെറുപ്പം മുതല്‍തന്നെ അറിവുനേടിയിട്ടുള്ളവരായിരുന്നു. എന്നാല്‍, യഥാര്‍ത്ഥ ജ്ഞാനം ആയിരുന്നില്ല അവരിലുണ്ടായിരുന്നത്.

അപ്പസ്തോലിക പ്രമാണങ്ങളെ ആധുനിക ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പ്രചരിപ്പിക്കുന്നവരും സത്യത്തില്‍നിന്ന് ഏറെ അകലെയാണ്. ഇത്തരക്കാരെക്കുറിച്ച് ഇങ്ങനെയാണു വചനം പറയുന്നത്: "അറിവുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല"(1 കോറി: 8; 2). വിഗ്രഹാര്‍പ്പിത വസ്തുക്കളെക്കുറിച്ച് അറിയിക്കുമ്പോള്‍ മുഖവുരയായി കുറിച്ചിട്ടുള്ള വചനമാണിത്. ചിലരുടെ പുരികത്തിന്റെ വളവു കണ്ടാല്‍ യേഹ്ശുവായെ ജ്ഞാനം അഭ്യസിപ്പിച്ചത് തങ്ങളാണെന്നു തോന്നിപ്പോകും!

ശാസ്ത്രീയത ഒരിക്കലും ദൈവത്തിന് എതിരല്ല. എന്നാല്‍, ശാസ്ത്രം ദൈവത്തിന് എതിരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇത് ശാസ്ത്രത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള അജ്ഞതയുടെ ഭാഗമായിട്ടുള്ളതാണ്. ഈ നൂറ്റാണ്ടിലെ എറ്റവും വലിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണല്ലോ 'മഹാവിസ്ഫോടന' സിദ്ധാന്തം! ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു കത്തോലിക്കാ വൈദീകനാണെന്നു നമുക്കെല്ലാമറിയാം. ബൈബിളിലെ സത്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുകയല്ലാതെ ബൈബിളിനെ നിഷേധിക്കുന്ന ഒരു കണ്ടുപിടുത്തവും തെളിയിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയ നിഗമനങ്ങള്‍ എന്നപേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ ഒന്നുംതന്നെ സ്ഥിരീകരണം ഉണ്ടായിട്ടുള്ളവയല്ല. അതിനാല്‍ത്തന്നെ, ഇത് മനുഷ്യന്‍ ചുമക്കേണ്ട ആവശ്യവുമില്ല. ശാസ്ത്രീയ അന്വേഷണങ്ങളും കണ്ടെത്തലുകളും എപ്പോഴും സ്വാഗതാര്‍ഹമായ കാര്യമാണെങ്കിലും ദൈവശാസ്ത്രം എന്നപേരില്‍ പ്രചരിപ്പിക്കുന്ന അബദ്ധങ്ങള്‍ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളല്ല എന്നകാര്യം ഏവരും ഓര്‍ത്തിരിക്കണം.

എന്നാല്‍, ചിലരുടെ സ്ഥാനമാനങ്ങള്‍ അവരുടെ വിടുവായ്ത്തങ്ങളെ ദുര്‍ബ്ബല മനസ്സുകളില്‍ സ്വാധീനമുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. ഇത് ആരംഭംമുതലുള്ള പ്രവണതയാണ്. ശ്രേഷ്ഠമായ സ്ഥാനങ്ങളിലിരുന്ന് അപകടകരമായ ആശയങ്ങള്‍ പുറത്തുവിടുന്നത് മറ്റെന്തിനേക്കാളും ദുരന്തമാണെന്ന് ചിന്തിക്കുക! അങ്ങനെ വഴിതെറ്റിയ ആശയങ്ങളെ പിന്തുടരുന്നവരായി മാറിയവരാണ് പുരാതനഗ്രന്ഥങ്ങളെ അവഗണിച്ചുകൊണ്ട് ആത്മീയരെന്ന നാട്യത്തില്‍ ജീവിക്കുന്നത്!

എല്ലാ വൈദീകരും പറയുന്നത് അനുസരിക്കേണ്ടതില്ല എന്നു പറയുമ്പോള്‍ അധികാരത്തോടുള്ള അവഗണനയും നിഷേധവുമാണെന്നു കരുതരുത്. കാരണം, ഒരേ സഭയിലെതന്നെ വൈദീകര്‍ വ്യത്യസ്ഥമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ്. അതിനാല്‍, ദൈവവചനസത്യങ്ങളില്‍ നിലനില്‍ക്കുന്ന ആശയങ്ങള്‍ മാത്രമെ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വീകരിക്കാന്‍ പാടുള്ളു. കത്തോലിക്കാസഭയിലെ പല പുരോഹിതന്മാരും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. പുരോഹിതരല്ലാത്തവര്‍ ഇങ്ങനെ ചെയ്യുന്നില്ലെന്ന് അര്‍ത്ഥമാക്കേണ്ട. എന്നാല്‍, നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ വാക്കിനോളം വില മറ്റുള്ളവരുടെ വാക്കുകള്‍ക്ക് സാധാരണക്കാര്‍ കൊടുക്കാനിടയില്ലാത്തതിനാല്‍, എവിടെയാണ് അപകട സാദ്ധ്യത കൂടുതലെന്നു മനസ്സിലാകും. അത്മായരെ നിയന്ത്രിക്കുന്നതിനേക്കാള്‍ ഗൗരവമായി സഭകള്‍ കാണേണ്ടത് ഔദ്യോഗികമല്ലാത്ത പ്രബോധനങ്ങളുമായി നടക്കുന്ന വൈദീകരെയാണ്!

പഴയനിയമം എന്ന് വിളിക്കപ്പെടുന്ന പുരാതനഗ്രന്ഥങ്ങളെ അവഗണിച്ചുകൊണ്ടുള്ള സുവിശേഷ പ്രചരണങ്ങള്‍ കത്തോലിക്കാസഭയുടെ അടിസ്ഥാന നിയമത്തിനു വിരുദ്ധമാണ്! മോശയിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങളെ തള്ളിക്കളയാതെതന്നെ അവഗണിക്കുന്ന രീതിയാണ് ചില കേന്ദ്രങ്ങള്‍ അവലംബിക്കുന്നത്! ഇതു സഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരാണ്. സഭകളില്‍ വിജാതിയ വത്ക്കരണം നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം നിഗൂഢ നീക്കങ്ങള്‍ക്കു പിന്നിലുള്ളത്!

യേഹ്ശുവായ്ക്കു മുന്‍പ് നിയമങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും  എത്രമാത്രം പ്രാധാന്യമുണ്ടായിരുന്നോ അതുപോലെതന്നെ ഇന്നും  പ്രാധാന്യമുണ്ടെന്നാണ്  എല്ലാ ക്രൈസ്തവസഭകളും ഔദ്യോഗികമായി  പഠിപ്പിക്കുന്നത്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെ കര്‍ശനമാക്കുകയും ഉറപ്പിക്കുകയും ചെയ്തത് യേഹ്ശുവായാണ്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 17-19).

ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ട നിയമത്തെ അസാധുവാക്കാന്‍ ശ്രമിക്കുന്ന ഒരുവനും അവിടുത്തെ സഭയിലോ അവിടുത്തെ രാജ്യത്തോ പ്രവേശനമുണ്ടായിരിക്കുകയില്ല. ഇത്രയും കാര്യങ്ങള്‍ നിയമങ്ങളെ സംബന്ധിച്ച് ആമുഖമായി സൂചിപ്പിച്ചത് ഇനി കുറിക്കാന്‍ പോകുന്ന കാര്യങ്ങളുടെ ആധികാരികതയ്ക്കുവേണ്ടിയാണ്. ക്രൈസ്തവസഭകളില്‍ കടന്നുകൂടിയ വചനവിരുദ്ധവും അധാര്‍മ്മികവുമായ ആചാരങ്ങളെ സംബന്ധിച്ചാണ് നാം ഇനി ചിന്തിക്കാന്‍ പോകുന്നത്. ഇന്നു സഭകളില്‍, പ്രത്യേകിച്ച് കത്തോലിക്കാസഭയിലും അപ്പസ്തോലിക പാരമ്പര്യം അവകാശപ്പെടുന്ന ഇതരസഭകളിലും നിലനില്‍ക്കുന്ന ആചാരങ്ങള്‍ ക്രിസ്തീയതയ്ക്കു യോജിച്ചതാണോ?

'കൊരട്ടിമുത്തിക്കു പൂവന്‍പഴവും ഗുരുവായൂരപ്പനു കദളിപ്പഴവും!'

കൊരട്ടിമുത്തിയെന്നു കേള്‍ക്കുമ്പോള്‍ ചിലരൊക്കെ ഞെട്ടിയാലും മധ്യകേരളത്തിലുള്ളവര്‍ക്ക് സുപരിചിതമാണ് ഈ പേര്. പരിശുദ്ധ കന്യകാമറിയത്തെ അവഹേളിക്കാന്‍ സാത്താന്‍ നടത്തുന്ന അനേകം ശ്രമങ്ങളിലൊന്നാണ് കൊരട്ടിമുത്തി! കൊരട്ടിക്കാരുടെ തലയില്‍ സാത്താന്‍ വച്ചുകൊടുത്ത വിഗ്രഹത്തിന് 'കൊരട്ടിമുത്തി' എന്ന് പേരിട്ടാല്‍ അത് കന്യകാമറിയം ആകുമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും അവന്‍തന്നെ! ഒരോ നാട്ടിലെയും ഭാഷാരീതിയനുസരിച്ച് അമ്മയെ വ്യത്യസ്ഥമായ രീതിയില്‍ വിളിക്കുന്നുവെന്ന് കരുതിയാല്‍ മതിയെന്നാണ് ചില കുബുദ്ധികളുടെ വാദം. കൊരട്ടിമുത്തിയുടെ പേരില്‍ ഒരു പള്ളിയുണ്ടായതിനെക്കുറിച്ചും ഈ മുത്തിയുടെ ക്ഷിപ്രകോപത്തെ കുറിച്ചുമെല്ലാം പ്രചരിപ്പിക്കുന്ന ഐതീഹ്യം ക്രിസ്തീയതയ്ക്കു ചേരുന്നതല്ലെന്നു പറയാന്‍ മനോവയ്ക്കു മടിയില്ല. ഗുരുവായൂരപ്പനു കദളിപ്പഴംകൊണ്ടുള്ള 'തുലാഭാരം'പോലെ കൊരട്ടിമുത്തിക്ക് പൂവന്‍പഴം ഇഷ്ടവിഭവമാണെന്നു പറയുന്നത് അംഗീകരിക്കാന്‍ ക്രിസ്ത്യാനിയായ ഒരാള്‍ക്കും കഴിയുമെന്നു തോന്നുന്നുമില്ല.

ഇതിനെക്കുറിച്ച് ഒരു കഥ പ്രചരിക്കുന്നത് ഇങ്ങനെയാണ്: ഒരിക്കല്‍ കൊരട്ടിമുത്തിയ്ക്ക് കാഴ്ചവെയ്ക്കാനായി ഒരു ഭക്തന്‍ ഒരു പൂവന്‍കുലയുമായി പോകുകയായിരുന്നു. ഒരു സമ്പന്നന്റെ വയലിലൂടെ കടന്നുവേണം മുത്തിയുടെ അരികിലെത്താന്‍. വയലിലെ ജോലിക്കാരോടൊപ്പം ഭൂവുടമയും അവിടെയുണ്ടായിരുന്നു. കുലയില്‍നിന്ന് രണ്ടു പഴം തനിക്ക് തിന്നാന്‍ വേണമെന്നായി ഭൂവുടമ. കൊരട്ടിമുത്തിയ്ക്കുള്ള കാഴ്ചയാണെന്നും തരാനാവില്ലെന്നും യാത്രികന്‍ മറുപടി നല്കി. ധാര്‍ഷ്ട്യക്കാരനായ ഭൂവുടമ ബലം പ്രയോഗിച്ച് രണ്ട് പൂവന്‍ പഴമെടുത്തു തിന്നു. പഴം തിന്നതോടെ അതികലശലായ വയറുവേദനകൊണ്ട് അയാള്‍ പുളഞ്ഞു. മരുന്നുകള്‍ കൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല. ബലം പ്രയോഗിച്ച് പഴം എടുത്തതും കഴിച്ചതുമാണ് പ്രശ്‌നത്തിനു കാരണമെന്ന് ഒരു ജ്യോത്സ്യന്‍ വഴി അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞു. ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം ഭൂവുടമ തന്റെ വിശാലമായ നെല്‍വയലുകളില്‍ പകുതി കൊരട്ടിമുത്തിക്ക് കൊടുക്കാം എന്ന് നേര്‍ച്ച നേര്‍ന്നു. അതോടെ അയാളുടെ വയറുവേദന 'പമ്പ' കടന്നു.

മറ്റുള്ളവരുടെ വേദനയില്‍ മനസ്സലിഞ്ഞ് അവരെ സഹായിക്കുന്ന അമ്മയായിട്ടാണ്, പരിശുദ്ധ കന്യകാമറിയത്തെ ബൈബിളില്‍ കാണുന്നത്. യേഹ്ശുവാ പ്രവര്‍ത്തിച്ച ആദ്യത്തെ അദ്ഭുതംപോലും ഇതിനുള്ള ഉദാഹരണമാണ്. ആ കല്ല്യാണവീട്ടിലെ കഷ്ടതകള്‍ കാണുകയും അവരുടെ വേദന സ്വന്തം വേദനയായി സ്വീകരിക്കുകയും ചെയ്ത മറിയം കൊരട്ടിമുത്തിയായപ്പോള്‍ എങ്ങനെയാണു പ്രതികാരദാഹിയായത്? വിശന്നുവലഞ്ഞ ഒരുവന്‍ നേര്‍ച്ചവസ്തു ഭക്ഷിച്ചതിന്, ഇത്രമാത്രം കടുത്തദ്രോഹം യേഹ്ശുവായുടെ അമ്മ ചെയ്യുമോ?

ഒരു സംഭവം യേഹ്ശുവാ വിവരിക്കുന്നതു ബൈബിളില്‍ വായിക്കുന്നുണ്ട്. ദാവീദിന്റെ ജീവിതത്തില്‍ നടന്ന ഒരു കാര്യമായിരുന്നു അത്. ഒരിക്കല്‍ ദാവീദും അനുചരന്മാരും വിശന്നപ്പോള്‍ ദൈവാലയത്തിലെ കാഴ്ച്ചയപ്പം ഭക്ഷിച്ചതിനെക്കുറിച്ച് യേഹ്ശുവാ പറയുന്നത് കുറ്റപ്പെടുത്തിക്കൊണ്ട് ആയിരുന്നില്ല. അതിന്റെ പേരില്‍ ദാവീദിനെ ദൈവം ശിക്ഷിക്കുകയോ ഉദരരോഗിയാക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയില്‍ എത്തിയപ്പോഴേക്കും കന്യകാമറിയവും മറ്റു വിശുദ്ധരും ഈ ദേശത്തെ ദേവീദേവന്മാരെപ്പോലെ കോപാലുക്കളായി മാറിയെന്നാണോ ഇവര്‍ പറയുന്നത്! ഇത് ദൈവത്തിന്റെ പരിശുദ്ധിയും കാരുണ്യവും വിജാതിയര്‍ക്കുമുന്നില്‍ കളങ്കപ്പെടുത്തുവാന്‍ സാത്താനൊരുക്കിയ കുതന്ത്രമാണ്! കൊടുങ്ങല്ലൂരിലെ അമ്പലത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണെന്നു പറയപ്പെടുന്നു. ലൈംഗീക വൈകൃതങ്ങളെക്കുറിച്ചുള്ള ഗാനങ്ങള്‍ കേള്‍ക്കുന്നതിലാണ് ഈ മ്ലേച്ഛമൂര്‍ത്തിയ്ക്ക് താത്പര്യം. ഈ പൈശാചിക ദേവിയെ പ്രീതിപ്പെടുത്താന്‍ ഇവളുടെ ഭക്തര്‍ ആലപിക്കുന്ന അശ്ലീല ഗാനങ്ങള്‍ക്ക് ഭരണിപ്പാട്ട് അഥവാ പൂരപ്പാട്ട് എന്നാണു പറയുന്നത്. രതിവൈകൃതങ്ങളില്‍ തത്പരയായ ഈ പൈശാചിക മൂര്‍ത്തിയുടെ ജ്യേഷ്ഠസഹോദരിയാണ് കൊരട്ടിമുത്തിയെങ്കില്‍, ആ മുത്തി പിശാചിന്റെ അമ്മയായിരിക്കാനാണ് കൂടുതല്‍ സാധ്യത!

യേഹ്ശുവായുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സാത്താനോടൊപ്പം അണിചേരുന്നവരെ ക്രിസ്ത്യാനികളായി പരിഗണിക്കാന്‍ മനോവയ്ക്കാവില്ല! കൊരട്ടിമുത്തിയുടെ നാമത്തിലുള്ള ആരാധനാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന ബലികള്‍ പൈശാചികമാണെന്നു തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാകണം. എന്തെന്നാല്‍, വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമുള്ളിടത്തും വിജാതിയമായ അനുകരണങ്ങള്‍ നടത്തുന്നിടത്തും കടന്നുവരാന്‍ പരിശുദ്ധനായ ദൈവത്തിനു സാധിക്കില്ല. ദൈവവചനത്തെയും ദൈവീകനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് നടത്തപ്പെടുന്ന ഭക്താഭാസങ്ങളില്‍ ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നു ധരിക്കുന്നവര്‍ ദൈവത്തെയോ അവിടുത്തെ പരിശുദ്ധിയെയോ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലാത്തവരാണ്! ഓണക്കുര്‍ബ്ബാന നടത്തുമ്പോള്‍, ആ കുര്‍ബ്ബാനയില്‍ യേഹ്ശുവാ വന്നു വസിക്കുമെന്നു കരുതുന്നവര്‍ വലിയ അപകടത്തിലാണു ജീവിക്കുന്നത്.

വിഗ്രഹങ്ങളുടെ മാലിന്യം നിലനില്‍ക്കുന്ന ഒരിടത്തും ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നത് അവിടുന്നുതന്നെയാണ്. വിജാതിയരുടെ മൂര്‍ത്തികളെയും അവയ്ക്കുവേണ്ടി നടത്തപ്പെടുന്ന ആചാരാനുഷ്ഠാനങ്ങളെയും ഇസ്രായേലിന്റെ ദൈവം വെറുക്കുന്നു എന്ന അറിവാണ് ക്രിസ്ത്യാനികള്‍ക്ക് അടിസ്ഥാനപരമായി വേണ്ടത്. ഈ അറിവില്ലാത്തവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ സഹകരിക്കാന്‍ അവിടുന്നു തയ്യാറാകില്ല. അതിനാല്‍ത്തന്നെ, ഇത്തരം മ്ലേച്ഛതകള്‍ ആചാരങ്ങളായി കൊണ്ടാടുമ്പോള്‍, അവിടെ സന്നിഹിതനാകുന്നത് സാത്താന്‍ മാത്രമായിരിക്കും. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 30, 31). ഈ താക്കീതിനെ അവഗണിച്ചുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല! അവിടുത്തെ മഹത്വത്തെ വിഗ്രഹങ്ങളുമായി പങ്കുവയ്ക്കാന്‍ അവിടുന്ന് അനുവദിക്കുകയുമില്ല!

ഗീവര്‍ഗ്ഗീസ് പുണ്യവാളന്‍ പാമ്പിനെ വിട്ട് പീഡിപ്പിക്കുമോ?

ക്രിസ്തുവിന്റെ രക്തസാക്ഷിയായിട്ടാണ് ഗീവര്‍ഗ്ഗീസിനെ ചിലര്‍ പരിഗണിക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരാള്‍ ഭൂമിയില്‍ ജനിച്ചതിനുപോലും തെളിവില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഒരു വ്യാളിയെ കൊന്ന് ജനങ്ങളെ രക്ഷിച്ചവനാണ് ഗീവര്‍ഗ്ഗീസ് എന്നവിധത്തില്‍ കഥകള്‍ ചമയ്ക്കപ്പെട്ടിട്ടുമുണ്ട്. വിജാതിയരുടെ മൂര്‍ത്തികള്‍ക്കു സമാനമായ സ്വഭാവവൈകല്യങ്ങളോടെയാണ് ഗീവര്‍ഗ്ഗീസിനെ ഇവര്‍ അവതരിപ്പിക്കുന്നത്. അനേകം കെട്ടുകഥകള്‍ ഗീവര്‍ഗ്ഗീസിനെക്കുറിച്ച് ഭക്തര്‍ പ്രചരിപ്പിക്കുന്നുണ്ട്. നേര്‍ച്ചയിടാത്തവരെ പീഡിപ്പിക്കാന്‍ പാമ്പിനെ അയക്കുമെന്ന് ചിലര്‍ ഭയക്കുന്നു. മുതലക്കോടത്തും ഇടപ്പള്ളിയിലും ഗീവര്‍ഗ്ഗീസിന്റെ കാണിക്കവഞ്ചിയില്‍ പണമിടാതെ പോകുന്ന വാഹനങ്ങളെയും ഉപദ്രവിക്കുമെന്ന ഒരു പ്രചരണമുണ്ട്. ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നുവെങ്കില്‍, അക്കാലത്തും ഈ സ്വഭാവം തന്നെയായിരുന്നുവോ ഗീവര്‍ഗ്ഗീസ് വച്ചുപുലര്‍ത്തിയിരുന്നത്? ആയിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ വിശുദ്ധനാകാന്‍ ഇങ്ങനെയൊരാള്‍ക്കു സാധിക്കില്ല എന്നതാണു സത്യം! ശത്രുക്കളെപ്പോലും സ്നേഹിക്കാന്‍ പറഞ്ഞ യേഹ്ശുവായ്ക്കുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത യഥാര്‍ത്ഥ വിശുദ്ധരെ അപമാനിക്കുന്നതിനുള്ള പിശാചിന്റെ കുതന്ത്രം നാം തിരിച്ചറിയണം. ഇത്തരം വ്യാജവിശുദ്ധരെ വിശ്വാസികളുടെമേല്‍ കെട്ടിയേല്പിച്ചത് നേതാക്കന്മാരുടെ രൂപത്തില്‍ അവതരിച്ച പിശാചാണെന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കണം. വിശുദ്ധര്‍ മാദ്ധ്യസ്ഥം വഹിച്ച് ദൈവമക്കളെ അനുഗ്രഹിക്കുമെന്നു പറഞ്ഞാല്‍ അതിനു ന്യായീകരണമുണ്ട്. എന്നാല്‍, വിശുദ്ധരില്‍നിന്ന് പീഡനമുറകള്‍ പ്രതീക്ഷിക്കുന്ന ആരെങ്കിലും ക്രൈസ്തവരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്ന് മനോവ കരുതുന്നില്ല.

കൊച്ചിയിലെ 'ക്വട്ടേഷന്‍' സംഘങ്ങള്‍ രാവും പകലും കറങ്ങിനടക്കുന്നത് ഇടപ്പള്ളി വഴിയായിരുന്നിട്ടും, അവരെയൊന്നു ഉപദ്രവിക്കാതെ ചില ദരിദ്രരെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവനെ വിശുദ്ധനായി പരിഗണിക്കാന്‍ സാധിക്കുമോ? ഇതൊക്കെ വിശുദ്ധരുടെ പവിത്രതയെ കളങ്കപ്പെടുത്താന്‍ സാത്താനൊരുക്കുന്ന ആസൂത്രിതമായ പദ്ധതികളാണെന്നു പറയാന്‍ വൈദീകര്‍ മടിക്കുന്നതെന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരം ഹോസിയാ പ്രവാചകന്‍ പ്രവചിച്ചിട്ടുണ്ട്. പ്രവചനം നോക്കുക: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും"(ഹോസിയാ: 4; 8, 9). ഈ പ്രവചനംകൂടി ശ്രദ്ധിക്കുക: "അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു"(ഹോസിയാ: 4; 6).

ദൈവജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്ന സമൂഹമാണ് വചനവിരുദ്ധമായ ആചാരങ്ങള്‍ സഭയില്‍ സ്ഥാപിക്കുന്നത്. ഗീവര്‍ഗീസ് എന്ന ഒരുവനെ കത്തോലിക്കാസഭ വിശുദ്ധനായി അംഗീകരിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ജനിച്ചിട്ടുപോലുമില്ലാത്ത ആളുകളെയും ജോണ്‍ ഇരുപത്തിമൂന്നാമനെപ്പോലെയുള്ള പൈശാചിക വ്യക്തിത്വങ്ങളെയും ദൈവാലയങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ ആ ദൈവാലയം വെറും ദേവാലയമായി മാറുകയും പിശാചുക്കള്‍ വസിക്കുകയും ചെയ്യും. വിശുദ്ധരെ പ്രഖ്യാപിക്കല്‍ എന്ന ധാര്‍ഷ്ട്യത്തിന് ആധാരം ധനസമ്പാദനം മാത്രമാണ്. ഒരുവന്റെ വിശുദ്ധിയും അശുദ്ധിയും നിശ്ചയിക്കാന്‍ ദൈവത്തിനല്ലാതെ, മനുഷ്യരില്‍ ആര്‍ക്കും സാധിക്കുകയില്ല. ക്രിസ്തുവിനു മാത്രമേ ഒരുവനെ വിധിക്കാന്‍ അധികാരമുള്ളുവെന്ന് നാം മനസ്സിലാക്കിയിരിക്കണം. യേഹ്ശുവായുടെ ഈ വചനം ശ്രദ്ധിക്കുക: "പിതാവ് ആരെയും വിധിക്കുന്നില്ല; വിധിമുഴുവന്‍ അവിടുന്ന് പുത്രനെ ഏല്പിച്ചിരിക്കുന്നു"(യോഹ: 5; 22). അവിടുന്ന് വീണ്ടും അരുളുചെയ്യുന്നു: "മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു"(യോഹ: 5; 27). അന്ത്യവിധി നാളിലാണ് ഇത് സംഭവിക്കുന്നത്.

യേഹ്ശുവായുടെ പുനരാഗമനവും ആയിരം വര്‍ഷത്തെ ഭരണവും കഴിഞ്ഞാണ് അന്ത്യവിധി. അതിനു മുന്‍പ് ഒരു വിശുദ്ധനുവേണ്ടിയും സ്വര്‍ഗ്ഗം തുറക്കപ്പെടില്ല. അപ്പസ്തോലന്മാര്‍പ്പോലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് യേഹ്ശുവായുടെ പുനരാഗമനത്തിനു ശേഷമായിരിക്കും. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3). ആയതിനാല്‍, ആരെല്ലാമാണ് വിശുദ്ധരെന്നു തീരുമാനിക്കാനുള്ള യേഹ്ശുവായുടെ അധികാരത്തില്‍ കൈകടത്താതിരിക്കുക!

ഗീവര്‍ഗ്ഗീസ് കത്തോലിക്കാസഭയുടെ വിശുദ്ധനല്ല എന്ന് സ്ഥിരീകരിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: ഗീവര്‍ഗീസും ഒരു കത്തോലിക്കാ വിശുദ്ധനോ?

വിശുദ്ധരെ പ്രഖ്യാപിക്കുന്നതിലെ വചനവിരുദ്ധത തെളിയിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: വിശുദ്ധരെ പ്രഖ്യാപിക്കലും വിഗ്രഹ നിര്‍മ്മാണവും!

വിശുദ്ധ സെബസ്ത്യാനോസും പുതിയേടത്തെ ഭഗവതിയും!

യേഹ്ശുവായെ തള്ളിപ്പറഞ്ഞ് അന്യദേവന്മാരെ സേവിക്കുകയും അവര്‍ക്കുമുന്നില്‍ ശിരസ്സു നമിക്കുകയും ചെയ്തിരുന്നെങ്കില്‍ ക്രൂരമായ മരണം വരിക്കേണ്ടിവരികയോ കത്തോലിക്കാസഭ സെബസ്ത്യാനോസ് എന്നൊരു വിശുദ്ധനെ പ്രഖ്യാപിക്കുകയോ ഇല്ലായിരുന്നു. അന്യദേവന്മാരെ സേവിക്കുന്നതിലും നല്ലത് മരണമാണെന്നു സ്വയം കാണിച്ചുതന്ന വീരരക്തസാക്ഷിയായിരുന്നു വി. സെബസ്ത്യാനോസ്! ജീവിതകാലത്ത് രാജാവിന്റെ കല്പനയെ ധിക്കരിച്ച് യേഹ്ശുവായെ സ്വീകരിച്ച സെബസ്ത്യാനോസിനെ ബഹുമാനിക്കുന്ന ക്രൈസ്തവ ദൈവാലയമാണ് കാഞ്ഞൂര്‍ പള്ളി! ക്രിസ്തുവിനെപ്രതി ഒരുവന്‍ രക്തസാക്ഷിയായാല്‍ അവനെ ആരും വിശുദ്ധനായി പ്രഖ്യാപിച്ചില്ലെങ്കിലും അവന്റെ വിശുദ്ധിക്ക് ഒരു ഭംഗവും സംഭവിക്കില്ല. ആയതിനാല്‍, ക്രിസ്തുവിന്റെ പേരിനുവേണ്ടി മരിച്ചവരും, അവിടുത്തെ പേരിനുവേണ്ടി ജീവിക്കുന്നവരും മനോവയ്ക്കു വിശുദ്ധരാണ്!

ജീവിച്ചിരുന്നകാലത്ത് ഒരിക്കലും അന്യദേവന്മാര്‍ക്കുമുന്നില്‍ തലകുനിക്കാത്ത ഈ വിശുദ്ധനെ ഇന്ന് കത്തോലിക്കാസഭ ആദരിക്കുകയല്ല അപമാനിക്കുകയാണു ചെയ്യുന്നതെന്ന് കാഞ്ഞൂര്‍ പള്ളിയിലെ ആചാരങ്ങളിലൂടെ വ്യക്തമാകും! കാഞ്ഞൂര്‍ പള്ളിയും അതിനെ ചുറ്റിപ്പറ്റിയുള്ള അനാചാരങ്ങളും എന്താണെന്നു മനസ്സിലാക്കി വായനക്കാര്‍ തീരുമാനിക്കുക ഇതു ക്രിസ്തീയതയോ എന്ന്!

കാഞ്ഞൂര്‍ പള്ളിയുടെ അടുത്തുള്ള പുതിയേടം ഭഗവതി ക്ഷേത്രത്തിലെ ഭഗവതി കാഞ്ഞൂര്‍ പുണ്യവാന്റെ സഹോദരിയാണെന്നാണ് ഈ നാട്ടിലെ ഹിന്ദുമത വിശ്വാസികളുടെ വിശ്വാസം. ജനുവരി 20-നു പുണ്യവാന്റെ പ്രദക്ഷിണം പുതിയേടം അങ്ങാടിയില്‍ എത്തുമ്പോള്‍ രൂപം അമ്പലത്തിന്റെ നേര്‍ക്ക് തിരിച്ചു നിര്‍ത്തുകയും ക്ഷേത്ര ശ്രീകോവില്‍ തുറന്നു സഹോദരി സഹോദരങ്ങള്‍ തമ്മില്‍ വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനം നടത്താന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ഈ സമയം റോഡിന്റെ ഇരുവശവും താലപ്പൊലി ഏന്തിയ സ്ത്രീകള്‍ നിരനിരയായി നില്‍ക്കുന്നു. അതോടൊപ്പം അവിടുത്തെ ഹിന്ദുമത വിശ്വാസികള്‍ ഓരോരുത്തരായി വന്നു പുണ്യവാന്റെ രൂപത്തില്‍ മാലകള്‍ ചാര്‍ത്തി പ്രാര്‍ത്ഥിക്കുന്നു.

ഈ ആചാരങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന കത്തോലിക്കാസഭയിലെ വൈദീകര്‍ തുറന്നു പറയുക; സെബസ്ത്യാനോസ് പുണ്യവാന്‍ പുതിയേടത്തെ ഭഗവതിയുടെ സഹോദരനാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതു തുറന്നു പറയാനും ഈ ആചാരം അവസാനിപ്പിക്കാനും എന്തുകൊണ്ട് മടിക്കുന്നു? ക്രിസ്തുവിനെ അറിഞ്ഞതുമുതല്‍ വിഗ്രഹങ്ങള്‍ക്കുമുന്നില്‍ തലകുനിക്കാതെ ജീവിക്കാന്‍ ത്യാഗം സഹിച്ചവനാണ് ഈ വിശുദ്ധന്‍! ക്രൂരമായ പീഡനങ്ങള്‍ക്കു മുന്‍പിലും പതറാതെനിന്ന വിശുദ്ധനെ വിഗ്രഹാരാധകര്‍ അമ്പെയ്തു കൊല്ലാന്‍ ശ്രമിച്ചിട്ടും മരിക്കാതിരുന്നതിനാല്‍ 'ഗദ'കൊണ്ട് തലക്കടിച്ച് കൊന്നു. പ്രതികാരം ശമിക്കാത്ത സാത്താന്‍, ആ വിശുദ്ധന്റെ രൂപമെങ്കിലും വിഗ്രഹത്തിനു മുന്നില്‍ നിര്‍ത്തിക്കണമെന്ന് ആഗ്രഹിച്ചു. സാത്താന്റെ ഈ ആഗ്രഹം നടപ്പാക്കാന്‍ കത്തോലിക്കാസഭ ശ്രമിച്ചാല്‍ പറുദീസായിലിരുന്ന് വിശുദ്ധന്‍ പറയും; "ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ" എന്ന്!

മതസൗഹാര്‍ദ്ദത്തിന്റെ 'ലേബലില്‍' ആണിത് ചെയ്യുന്നതെങ്കില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് സെബസ്ത്യാനോസ് നിങ്ങളുടെ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ ചുമന്നുനടക്കാനും അമ്പുപെരുന്നാള്‍ നടത്താനും സെബസ്ത്യാനോസ് എന്ന വിശുദ്ധനെ സഭയ്ക്ക് കിട്ടുമായിരുന്നില്ല. വിജാതിയരുടെ ആചാരങ്ങളും ഉച്ഛിഷ്ടവും തലയില്‍ ചുമക്കുന്നതാണ് മതസൗഹാര്‍ദ്ദമെങ്കില്‍ ഈ സൗഹാര്‍ദ്ദം ദൈവത്തിന് അസഹനീയമാണെന്ന് അറിഞ്ഞുകൊള്ളുക! ദൈവവചനത്തിലൂടെ ഇക്കാര്യം അറിയിച്ചിട്ടുള്ളത് നാം വ്യക്തമായി മനസ്സിലാക്കി. ആരെ പ്രീതിപ്പെടുത്താനും ആരുടെ പിച്ചക്കാശിനും വേണ്ടിയാണ് ഈ വ്യഭിചാരം! ഇതു മനോവയുടെ വാക്കുകളല്ല; വിഗ്രഹാരാധനയെ ദൈവവചനം വ്യഭിചാരത്തോടാണ് ഉപമിച്ചിരിക്കുന്നത്!

ജനങ്ങളുടെ ഇഷ്ടത്തിനു നയിക്കാനാണോ നേതാക്കള്‍? ഒരിക്കലുമല്ല! ജനതകള്‍ അഘോഷിക്കുന്ന ആചാരങ്ങള്‍ തിരുത്തി നയിക്കേണ്ടവര്‍ അഘോഷത്തില്‍ പങ്കുചേരുകയോ മൗനം പാലിക്കുകയോ ചെയ്യുമ്പോള്‍ ഈ വചനംകൂടി ഓര്‍മ്മയില്‍ വയ്ക്കുക: "വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളം മുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പു കിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍, അവന്റെ രക്തത്തിനു കാവല്‍ക്കാരനോട് ഞാന്‍ പകരം ചോദിക്കും. മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു"(എസക്കി: 33; 6, 7).

കാഞ്ഞൂര്‍ പള്ളിയില്‍ മാത്രമുള്ള ആഭാസമാണിതെന്ന് കരുതരുത്. അമ്മത്രേസ്യായുടെ നാമത്തിലുള്ള 'മാഹി' പള്ളിയിലെ രൂപം അടുത്തുള്ള ഹൈന്ദവക്ഷേതത്തിലെ സ്വീകരണവും പൂജയും ഏറ്റുവാങ്ങാറുണ്ട്! ഇതൊക്കെ വലിയ മാഹാത്മ്യമായി കൊട്ടിഘോഷിക്കുന്നവര്‍ ദൈവവചനം പഠിക്കുക. ദൈവവചനം അറിയാഞ്ഞിട്ടല്ല ഇത്തരം ചെയ്തികളെന്നു മനോവക്കറിയാം. വിഗ്രഹങ്ങളെ പൂജിക്കാനുള്ള ആസക്തിമൂലം പാപം ചെയ്യാനുള്ള പുതിയ 'തിയോളജി' ഉണ്ടാക്കുകയാണു സഭയിലെ 'കാവി'പ്രേമികള്‍! പൂര്‍വ്വീകര്‍ വലിച്ചെറിഞ്ഞ വിഗ്രഹങ്ങള്‍തേടി പൂര്‍വ്വാശ്രമത്തിലേക്കുള്ള യാത്രയിലാണ് ചില സന്യാസസഭകള്‍!

വിജാതിയരുടെ വിശ്വാസങ്ങള്‍ക്കു നിന്നുകൊടുക്കുന്നത് അവരോടുള്ള സഹവര്‍ത്തിത്വമായി വ്യാഖ്യാനിക്കുന്നവരോട് ഒരുകാര്യം ചോദിക്കട്ടെ: നിങ്ങളുടെ ഭാര്യയെയോ മകളെയോ കണ്ട് 'കാമം' ജ്വലിക്കുന്ന വിഷയലംബടനായ ഒരു അയല്‍വാസിയുണ്ടെന്നു കരുതുക. അവന്റെ അഭിനിവേശത്തെ ശമിപ്പിക്കാന്‍ നിങ്ങളുടെ ഭാര്യയെയോ മകളെയോ അവന്റെ കിടപ്പറയിലേക്ക് പറഞ്ഞയക്കുമോ? വിശുദ്ധരെ വേശ്യാലയത്തിലേക്ക് എഴുന്നള്ളിക്കാന്‍ ഉത്സാഹം കാട്ടുന്നവര്‍ ഇക്കാര്യത്തില്‍ എന്തേ അമാന്തിക്കുന്നു?

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയോ?

മതത്തില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിനെ തടയുവാന്‍ ഒരു മതനേതാവു പറഞ്ഞ വാക്കിനെ ഏറ്റുപാടുന്ന ക്രൈസ്തവ സന്യാസസഭകള്‍ യേഹ്ശുവായുടെ വചനത്തിന്റെ ശത്രുവാണ്. പോപ്‌ ജോണ്‍പോള്‍ എഴുതിയ ഒരു പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം! ആ പുസ്തകത്തിലെ രണ്ടുവരി ഇങ്ങനെയാണ്: "എല്ലാ മതങ്ങളിലും പ്രകാശത്തിന്‍റെ കണികകളുണ്ട്." ബൈബിളിലൂടെ ദൈവം സംസാരിച്ച വാക്കുകളെ ഈ പുസ്തകത്തിലെ വാക്കുകള്‍ക്കുവേണ്ടി തള്ളിക്കളയുന്നവരെ  നയിക്കുന്ന ആത്മാവ് യേഹ്ശുവായുടെ ആത്മാവല്ല.

ജോണ്‍പോള്‍ രണ്ടാമന്‍ എഴുതിയ 'ഏഷ്യയിലെ സഭ' എന്ന ഈ ചാക്രികലേഖനത്തില്‍ വ്യക്തമായിപ്പറഞ്ഞിരിക്കുന്നു: "ഏഷ്യയിലെ സഭ ആതുര സേവനത്തില്‍ മുന്നേറിയതു നല്ലതുതന്നെ. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളും നല്ലതുതന്നെ. സാമൂഹിക രംഗത്തെ എല്ലാ കാര്യങ്ങളിലും പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍, ഇതൊന്നും യേഹ്ശുവാ ഏകരക്ഷകനാണെന്നു വിജാതിയരോടു പങ്കുവക്കുന്നതിനു പകരമാവില്ല" ഈ വാക്കിനെ എന്തുകൊണ്ട് ശ്രേഷ്ഠന്മാര്‍ കാണാതെപോയി? പോപ്‌ ജോണ്‍പോള്‍ പറഞ്ഞ നന്മകളെ അവഗണിക്കുകയും വചനവിരുദ്ധ ആശയങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ പിന്നില്‍ പിശാചിനോടുള്ള പ്രണയം മൂലമാണെന്നു മനസ്സിലാക്കാന്‍ ദൈവമക്കള്‍ക്കു കഴിയും.

യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ വിജാതിയരോടു പ്രസംഗിക്കുന്നതില്‍ സഭയുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം, ഇനിയും അനുവര്‍ത്തിക്കേണ്ടതായ പ്രഘോഷണരീതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ചാക്രികലേഖനത്തിന്റെ യഥാര്‍ത്ഥ രചയിതാവ് പോപ്‌ ബെനഡിക്റ്റ് പതിനാറാമനാണ്. വചനത്തെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള സുപ്രധാന ആശയങ്ങളാണ് ഈ ചാക്രികലേഖനത്തിലുള്ളത്. ഇതിനെയെല്ലാം സൗകര്യപൂര്‍വ്വം അവഗണിച്ച് സഭയുടെ വിധേയത്വമുള്ള ശുശ്രൂഷകരായി അഭിനയിക്കുന്നവരെ തിരിച്ചറിയുകയും അവഗണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും നഷ്ടപ്പെടുന്നത് സ്വര്‍ഗ്ഗരാജ്യമായിരിക്കും! സഭയുടെ അടിസ്ഥാന പ്രബോധനങ്ങളില്‍ നിലനില്‍ക്കാത്തവര്‍ അധികാരത്തില്‍നിന്നും വിച്ഛേദിക്കപ്പെട്ടവരാണ്. ഇത്തരക്കാരെ അനുസരിക്കാനുള്ള കടമ സഭാമക്കള്‍ക്കില്ല. അധികാരത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നവര്‍ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയവരാണ്. വിശ്വാസത്തെ സംബന്ധിച്ചുള്ള സഭയുടെ അടിസ്ഥാന പ്രബോധനങ്ങളില്‍ അധിഷ്ഠിതമായ അധികാരങ്ങള്‍ മാത്രമെ ഇവര്‍ക്കുള്ളു! ഇല്ലാത്ത അധികാരത്തിനു വിധേയപ്പെടുന്നവര്‍ രക്ഷയിലാണെന്നു ധരിക്കരുത്. അല്ലെങ്കില്‍ യേഹ്ശുവാ അരുളിച്ചെയ്ത ഈ വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കുക!

നിയമജ്ഞരെ നോക്കി യേഹ്ശുവാ പറഞ്ഞു: "നിയമജ്ഞരെ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു" (ലൂക്കാ: 11; 52 ). ഇവരുടെ പ്രബോധനങ്ങളെ അനുസരിക്കുന്നവര്‍ക്കും ദൈവരാജ്യത്തേക്കു പ്രവേശനം ലഭിക്കുകയില്ല എന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍, വിശ്വസിക്കുന്നവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനപ്പെടുത്തുവിന്‍ എന്ന് യേഹ്ശുവാ അരുളിച്ചെയ്ത വചനം നിലനില്‍ക്കുമ്പോള്‍, ഒരുവന്‍ സ്നാനം ആവശ്യപ്പെട്ടു വന്നാല്‍ സമൂഹത്തെ ഭയപ്പെട്ട് അവനെ മടക്കി അയക്കുന്ന എത്രയോ വൈദീകര്‍ കത്തോലിക്കാസഭയിലുണ്ട്! തങ്ങള്‍ കെട്ടിപ്പടുത്ത സംവിധാനങ്ങളുടെ സംരക്ഷകരും സ്വന്തം ശരീരത്തിന്റെ സംരക്ഷകരുമായി മാറിയ ഇവര്‍, ശുശ്രൂഷചെയ്യാന്‍ ഇറങ്ങുന്നവരെ പുറത്താക്കുന്ന കാഴ്ചയാണു കാണുന്നത്!

സുവിശേഷം പ്രസംഗിക്കുമ്പോള്‍ വിവേകം ഉപയോഗിക്കണമെന്നാണ് ചില ബുദ്ധിജീവികള്‍ പറയുന്നത്. അതായത്, ആളും തരവും നോക്കിയുള്ള പ്രഘോഷണം! ഇവര്‍ ഈ വിവേകം പഠിച്ചത് ക്രിസ്തുവില്‍നിന്നോ അവിടുത്തെ ശിഷ്യന്മാരില്‍നിന്നോ ആണോ? ഇത്തരക്കാരുടെ കണക്കുകൂട്ടലില്‍ ക്രിസ്തുവും ശിഷ്യന്മാരും വിവേകമില്ലാത്തവര്‍ ആയിരുന്നുവെന്ന് അനുമാനിക്കേണ്ടിവരും. സഭയിലെ ഈ 'വിവേകികളുടെ' മാര്‍ഗ്ഗം അവലംബിച്ചിരുന്നെങ്കില്‍ യേഹ്ശുവായുടെ അപ്പസ്തോലന്മാര്‍ക്ക് കുറഞ്ഞത് കട്ടിലില്‍ കിടന്നെങ്കിലും മരിക്കാമായിരുന്നു! നീറോയുടെ കാലത്തു ജീവിച്ച ക്രിസ്ത്യാനികളെ ഈ ഉപദേശികള്‍ നയിച്ചിരുന്നെങ്കില്‍ അടവുനയം സ്വീകരിച്ച് ജീവന്‍ രക്ഷിക്കുകയും ചെയ്യാമായിരുന്നു.

എന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനും ഏകരക്ഷകനുമായ യേഹ്ശുവായുടെ അപ്പസ്തോലന്‍ പറയുന്നു: "വചനം പ്രസംഗിക്കുക; സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക"(2 തിമോ: 4; 2). അപ്പസ്തോലന്‍ വീണ്ടും പറയുന്നു: "ജനങ്ങള്‍ ഉത്തമമായ പ്രബോധനങ്ങളില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക"(2 തിമോ: 3-5).

ക്രിസ്തീയതയെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരുടെ ഇടയിലേക്കാണ് യേഹ്ശുവാ നമ്മെ അയച്ചതെന്നു ധരിക്കരുത്. യേഹ്ശുവാ പറയുന്നു: "ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍ വച്ച് അവര്‍ നിങ്ങളെ മര്‍ദ്ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതിയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും."(മത്താ: 10; 16-18).

ഇന്ത്യയിലെ വിഗ്രഹങ്ങളെയും വ്യാജദേവന്മാരെയും സഹോദരങ്ങളായി പ്രഖ്യാപിക്കുകയാണ് തോമാശ്ലീഹാ ചെയ്തിരുന്നതെങ്കില്‍ അപ്പസ്തോലനെ ഇന്ത്യന്‍ സര്‍ക്കാര്‍ പരമോന്നത ബഹുമതി നല്‍കി ആദരിക്കുമായിരുന്നു! പാര്‍ലമെന്റിനു മുന്നില്‍ കാക്കകളുടെ 'കക്കൂസായി' തോമാശ്ലീഹായുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്യുമായിരുന്നു!

ന്യൂനപക്ഷത്തിന്റെ ആനുകൂല്യങ്ങളില്‍ കണ്ണുംനട്ട്!

ഇന്ത്യയില്‍ എക്കാലവും ന്യൂനപക്ഷമായിരിക്കണമെന്നു ചില കേന്ദ്രങ്ങള്‍ക്കു നിര്‍ബന്ധമുള്ളതായി വേണം കരുതാന്‍! ന്യൂനപക്ഷമായിരിക്കുമ്പോള്‍ ലഭിക്കുന്ന പരിഗണനകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ ആവുന്നത്ര ശമിക്കുന്നുണ്ട്. എല്ലാ വിശ്വാസങ്ങളും മഹത്വമുള്ളതാണെന്നും മതങ്ങളെല്ലാം മനുഷ്യരെ നന്മയിലേക്കാണു നയിക്കുന്നതെന്നുമുള്ള വാദങ്ങളെ ഇതിന്റെ അടിസ്ഥാനത്തില്‍ കാണേണ്ടിയിരിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിലേക്ക് ഹൈന്ദവ സമുദായത്തില്‍നിന്നുള്ള പരിവര്‍ത്തനങ്ങളേക്കാള്‍ കൂടുതലായി യൂറോപ്പിലെ ക്രിസ്ത്യാനികളെ ആര്യസമാജം വഴി ഹിന്ദുമതത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. അതിനായി യോഗയെന്ന പൈശാചിക തട്ടിപ്പാണ് ഇന്ത്യയിലെ ആള്‍ദൈവങ്ങള്‍ പ്രയോഗിക്കുന്നത്. അതിനെ പിന്താങ്ങിക്കൊണ്ട് കാലടിയിലുള്ള ഒരു കത്തോലിക്കാ സന്ന്യാസസഭ യോഗാധ്യാനങ്ങള്‍ നടത്തുന്നു. വചനാധിഷ്ഠിതമായ ധ്യാനങ്ങളിലൂടെ പലരേയും ക്രിസ്തീയതയിലേക്ക് കൊണ്ടുവരുന്ന സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടുകയാണ് ഇവരുടെ ലക്ഷ്യം!

ദൈവവചനത്തെ പുച്ഛിച്ചുതള്ളിക്കൊണ്ട് വിജാതിയ ആചാരങ്ങള്‍ സ്വീകരിക്കുന്നതിനു പിന്നിലും ഇത്തരം ചില നിഗൂഢലക്ഷ്യങ്ങളുണ്ട്. വിജാതിയരുടെ ദൃഷ്ടിയില്‍ ക്രിസ്തീയതയ്ക്ക് തങ്ങളുടേതില്‍നിന്നു വ്യത്യസ്ഥമായ പ്രത്യേകതയൊന്നും കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയത് ഈ സമീപനമാണ്. ഇന്ത്യയിലെ കത്തോലിക്കാ ദൈവാലയങ്ങളില്‍ മുഴുവന്‍ ശിവലിംഗം പ്രതിഷ്ഠിച്ചതു പോരാഞ്ഞിട്ട് വത്തിക്കാനിലേക്ക് വിമാനം കയറുമ്പോള്‍ അവിടെയുള്ളവരെ വഞ്ചിക്കാന്‍ ഒരെണ്ണം ബാഗില്‍ കരുതിവയ്ക്കും! ഇന്ത്യയിലെ ക്രിസ്തീയതയ്ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത 'പാവനമായ' വസ്തുവായി ഇതിനെ പുകഴ്ത്തുകയും ചെയ്യും! ബൈബിളിനെക്കാള്‍ പരിഗണനയോടെയാണ് നിലവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ക്രിസ്തീയതയുടെ  പ്രചരണത്തിന്  ഏറെ കഷ്ടതകള്‍ സഹിക്കേണ്ടിവന്നിട്ടുള്ള രാജ്യങ്ങളിലെല്ലാം പിന്നീട്  ക്രിസ്തുമതം സമ്പൂര്‍ണ്ണ ആധിപത്യം നേടിയപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചത് എന്താണെന്നു  നോക്കുക! ആദ്യകാലങ്ങളില്‍പോലും മറ്റു നാടുകളെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്ക് ഇവിടെ കൂടുതല്‍ സഹിക്കേണ്ടി വന്നിട്ടില്ല. കാരണം, ഇന്ത്യയിലെ ജനങ്ങള്‍ എല്ലാ ശക്തികളെയും ദൈവമായി കരുതാന്‍ തയ്യാറുള്ളവരായിരുന്നു. അവരുടെ ദേവന്മാരെയും വിശ്വാസങ്ങളെയും ഉപേക്ഷിക്കാതെതന്നെ യേഹ്ശുവായെയും ദേവനായി സ്വീകരിച്ചു. എന്നാല്‍, ഇതിനേക്കാളെല്ലാം ഗുരുതരമായ അവസ്ഥ വിശ്വാസത്തിലേക്ക് വന്നവരിലുണ്ടായിരുന്നു. അതാണ് ക്രിസ്തീയതയുടെ വളര്‍ച്ചയ്ക്ക് അന്നും ഇന്നും പ്രതിബന്ധമായി നിലനില്‍ക്കുന്നത്! എന്താണ് ക്രിസ്തീയത നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ പ്രതികൂലം എന്നത് ചുരുങ്ങിയ വാക്കുകളില്‍തന്നെ വെളിപ്പെടുത്താം.

ഹൈന്ദവ വിശ്വാസത്തില്‍നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നവര്‍, അവര്‍ വിശ്വസിച്ചിരുന്ന ദേവീ-ദേവന്മാരെ ഉപേക്ഷിച്ചുവെങ്കിലും അവരുടെ ആചാരങ്ങള്‍ ഉപേക്ഷിച്ചില്ല. മുന്‍പ് അവരുടെ ദേവന്മാരെ ആരാധിക്കാന്‍ ഉപയോഗിച്ച മാര്‍ഗ്ഗങ്ങളെല്ലാം പുതിയ വിശ്വാസത്തിലും ആചാരങ്ങളാക്കി! അജ്ഞതയുടെ കാലഘട്ടത്തില്‍ ആചരിച്ചിരുന്ന എല്ലാ അനാചാരങ്ങളും ക്രിസ്തീയതയില്‍ ചേര്‍ത്തുവച്ചു. ഇത് ദൈവം വിലക്കിയിട്ടുള്ള കാര്യങ്ങളാണെന്ന് ചിന്തിക്കാനുള്ള വചനത്തിലുള്ള അറിവില്ലായിരുന്നതും കാരണമാണ്! എന്നാല്‍, അറിവു ലഭിച്ചിട്ടും ഇത്തരം അവസ്ഥകള്‍ ഇപ്പോഴും തുടരുന്നു എന്നതാണ് വേദനാകരം!

അതീവഗുരുതരമായ ചില ആഭിചാര കര്‍മ്മങ്ങള്‍പോലും പുനര്‍നാമകരണം ചെയ്ത് ക്രിസ്തീയതയില്‍ ചേര്‍ത്തുവച്ചു! പാട്ടുകള്‍ക്ക് പാരഡികള്‍ ഉണ്ടാക്കുന്നതുപോലെ അവരുടെ ദേവന്മാരുടെ പേരിനു പകരം ക്രിസ്തുവിന്റെ പേരുവച്ചു! അവര്‍ പൂജിച്ചു കെട്ടിയിരുന്ന ചരടുകള്‍ ക്രിസ്ത്യാനികള്‍ വെഞ്ചരിച്ചുകെട്ടി! അവര്‍ കെട്ടിയിരുന്ന ആലിലത്താലിയില്‍ ഒരു കുരിശുവച്ചു! അവരുടെ നിലവിളക്കിന്റെ മുകളിലും കുരിശുവച്ചപ്പോള്‍ അത് ക്രിസ്ത്യാനിയുടെ സ്വന്തമായി!

ഇതെല്ലാം നോക്കിക്കാണുന്ന ചിന്താശക്തിയുള്ള ഒരു ഹിന്ദുവിന് എന്തായിരിക്കും മനസ്സിലാകുക? തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം പേരുമാറ്റി അവതരിപ്പിക്കുന്ന ഒരു 'പാരഡി' മതമാണ് ക്രിസ്തുമതമെന്ന് അവര്‍ ചിന്തിച്ചുപോയാല്‍ അവരെ കുറ്റംപറയാന്‍ പറ്റുമോ? അവരുടെ യുവാക്കള്‍, നമ്മുടെ നേതാക്കന്മാരെനോക്കി 'വി. ഡി. രാജപ്പന്‍' എന്നു വിളിക്കാത്തത് അവരുടെ മാന്യത! വിഗ്രഹങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളുംകൊണ്ട് നിറഞ്ഞ തങ്ങളുടെ മതത്തില്‍നിന്നു വേറിട്ടൊരു മതമായി ക്രിസ്തുമതത്തെ കാണാന്‍ സാധിക്കാതെവന്ന ഹൈന്ദവരുടെ അധഃസ്ഥിതിക്ക് ക്രിസ്തീയസഭകളുടെ മേലാളന്മാര്‍ ഉത്തരവാദികളാണ്! മന്ത്രവാദവും അന്ധവിശ്വാസങ്ങളും പുതിയപേരിലും രൂപത്തിലും സഭകളില്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ 'റിസേര്‍ച്ച് സെന്‍റെറുകള്‍ 'പോലും സഭയുടെ ചിലവില്‍ നടത്തുന്നുണ്ട്!

മന്ത്രവാദിയെ 'മറുത' വിഴുങ്ങി!

മറുതയെന്ന ദുഃര്‍മൂര്‍ത്തിയെ പിടിച്ചുകെട്ടാന്‍ പോയ മന്ത്രവാദിയെ 'മറുത' വിഴുങ്ങിയെന്നു പറഞ്ഞപോലെയാണ് ചില ക്രിസ്തീയ വൈദീകരുടെ ഇന്നത്തെ അവസ്ഥ!

ഒരിക്കലൊരു യാക്കോബയ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയുണ്ടായി. വരനുമായുള്ള നല്ല ബന്ധമൂലം തലേദിവസംതന്നെ അവരുടെ ഭവനത്തിലെത്തിയിരുന്നു. സ്വന്തമായി ആനയുണ്ടെന്നൊക്കെ പറയുന്നതുപോലെ സ്വന്തമായി വൈദീകരൊക്കെയുള്ള കുടുംബമാണത്. വിവാഹദിവസം അതിരാവിലെതന്നെ എല്ലാവരും പള്ളിയിലേക്കു പോകാനുള്ള തിരക്കിലാണ്. ആ കുടുംബത്തിലെതന്നെ വൈദീകനോട് കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത്, നടന്നുപോകാനുള്ള ദൂരം മാത്രമുള്ള പള്ളിയില്‍ 10.30-നു ആണ് വിവാഹം! എന്നാല്‍, ആ സമയത്ത് പോകാന്‍ സാധിക്കുകയില്ല; കാരണം 'രാഹുകാലം ' കഴിയണമെങ്കില്‍ പതിനൊന്നു മണിയാകുമത്രെ! പള്ളിമുറ്റത്ത് പന്തലുകെട്ടി വധുവിന്റെ വീട്ടുകാര്‍ക്കടക്കം പ്രഭാതഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്! ഇതൊക്കെ നമ്മള്‍ ആചരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് വൈദീകന്‍ ഉത്തരവും പറഞ്ഞു 'ഇതൊക്കെ ഓരോ വിശ്വാസ പാരമ്പര്യങ്ങളല്ലെ!'

വളരെയേറെ ചോദ്യങ്ങള്‍ മനസ്സില്‍ കടന്നുവന്നുവെങ്കിലും ഒന്നും ചോദിക്കാന്‍ നിന്നില്ല. എല്ലാറ്റിനേയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോഴും രാഹുവും ഗുളികനും മറുതയുമെല്ലാം നമ്മെ തകര്‍ക്കുമെങ്കില്‍ ദൈവത്തെക്കാള്‍ ശക്തരല്ലേ ഈ സാങ്കല്പിക കഥാപാത്രങ്ങള്‍? "യാക്കോബിന്, ആഭിചാരം ഏല്ക്കുകയില്ല; യിസ്രായേലിനെതിരെ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല"(സംഖ്യ: 23; 23). ഈ വചനം എന്തുകൊണ്ടാണ് ഇവര്‍ ഗ്രഹിക്കാത്തത്?!

"ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതെ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല"(ലൂക്കാ: 10; 19). വെറുതെയൊരു നേരമ്പോക്കിന് യേഹ്ശുവാ പറഞ്ഞിട്ടുപോയ വാക്കുകളാണ് ഇവയെല്ലാമെന്നാണോ നേതാക്കള്‍പോലും കരുതുന്നത്?

ജാതകം കുറിക്കുന്നത് അടക്കമുള്ള അന്ധവിശ്വാസങ്ങള്‍ ക്രൈസ്തവര്‍ തുടരുന്നതിനെ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുമ്പോഴും ഇത്തരം അനാചാരങ്ങള്‍ ശരിയല്ലെന്നു പറയുന്നവരെ സഭകളില്‍നിന്ന് പുറത്താക്കാന്‍ ഇവര്‍ ജാഗരൂകരാണ്! "ആരെങ്കിലും മന്ത്രവാദികളുടെയും കൂടോത്രക്കാരന്റെയും പുറകെപോയി അന്യദേവന്മാരെ ആരാധിച്ചാല്‍ അവനെതിരെ ഞാന്‍ മുഖം തിരിക്കുകയും അവനെ സ്വജനത്തില്‍നിന്നു വിച്ഛേദിച്ചുകളയുകയും ചെയ്യും"(ലേവ്യര്‍: 20; 6). വിശ്വാസികളുടെ സമൂഹത്തില്‍നിന്നു സ്വാഭാവികമായിത്തന്നെ വിച്ഛേദിക്കപ്പെട്ട വ്യക്തികളാണ് ഇന്ന് ക്രൈസ്തവസഭകളുടെ നേതാക്കന്മാരായി വിഹരിക്കുന്നത്. ഇത്തരത്തിലുള്ള വചനവിരുദ്ധ ആചാരങ്ങള്‍ തോളിലേറ്റിയിരിക്കുന്നവരെ ആരും സഭയില്‍നിന്നു പുറത്താക്കിയിട്ടില്ലെങ്കിലും അവര്‍ പുറത്തുതന്നെയാണ്. "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാര്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ കാണരുത്"(നിയമം: 18; 9-11).

മറ്റൊരു താക്കീത് ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്കു അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം:13;1-3).

പല ക്രൈസ്തവ ആരാധനാലയങ്ങളിലും 'ഹരിശ്രീ' കുറിക്കുന്ന ചടങ്ങുകള്‍ വിജയദശമി നാളില്‍ നടത്തുന്നത് മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. ഇന്നു ക്രൈസ്തവസഭകള്‍ കൊണ്ടാടുന്ന ദുരാചാരങ്ങളും അതിലെ പൈശാചികതയും മനോവ മുമ്പൊരിക്കല്‍ എഴുതിയിട്ടുണ്ട്. വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ വായിക്കുക! 'ഭാരതീയവത്ക്കരണത്തിന്‍റെ മറവില്‍ വിജാതിയവത്ക്കരണം!'

വിദ്യാസമ്പന്നരായ ഹൈന്ദവര്‍പോലും പരിഹാസത്തോടെ തള്ളിക്കളഞ്ഞ അന്ധവിശ്വാസങ്ങളെ പൊടിതട്ടിയെടുത്ത് ക്രിസ്ത്യാനികള്‍ തോളിലേറ്റുമ്പോള്‍ എങ്ങനെയാണ് വിജാതിയരെ നമ്മിലേക്ക് ആകര്‍ഷിക്കുന്നത്?

ക്രൈസ്തവര്‍ക്കും ഒരു 'പൊങ്കാല'!

ഹൈന്ദവസ്ത്രീകള്‍ മാത്രം കൊണ്ടാടുന്ന ഒരു ആചാരമാണു 'പൊങ്കാല'! കുപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് കേരളീയരെ ബോധവത്ക്കരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. സ്ത്രീകള്‍ നിരനിരയായിരുന്ന് അടുപ്പുകൂട്ടി പാചകം ചെയ്യുന്ന ഈ ആചാരം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടല്ലോ! എന്നാല്‍, ഈ ആചാരവും ക്രൈസ്തവര്‍ സ്വന്തമാക്കിയെന്നു കേള്‍ക്കുമ്പോള്‍ അദ്ഭുതവും ഭയവും തോന്നുക സ്വാഭാവികം! 2004 ജനുവരി 13-ന് മാതൃഭൂമി ദിനപ്പത്രത്തില്‍ ഇതിനെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു.

കേരളത്തിലെ നാന്തിരിക്കല്‍ പള്ളിയിലെ വികാരിയാണ് (ആളുടെ പേരു കുറിക്കുന്നില്ല) ഇതു നടത്തിയത്. തൂശനില, കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, പൂക്കള്‍, വെഞ്ചരിച്ച മണ്‍കലം, അടുപ്പ് എന്നിവയാണ് ആവശ്യമായ വസ്തുക്കള്‍! ഈ അടുപ്പില്‍ തീ കത്തിക്കുന്നത് അള്‍ത്താരയിലെ തിരിയില്‍നിന്നു കൊളുത്തിയ തീയായിരിക്കണം. പായസം ഉണ്ടാക്കി കഴിക്കുമ്പോള്‍ വിശുദ്ധ റീത്ത അനുഗ്രഹിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയിലെ അതേ കര്‍മ്മങ്ങള്‍ അപ്രകാരംതന്നെ ക്രിസ്തീയമാക്കാനുള്ള ശ്രമമാണിതെന്ന് പൊങ്കാലയിലെ ആചാരങ്ങള്‍ അറിയാവുന്നവര്‍ക്ക് വ്യക്തമാകും. മാര്‍ച്ചുമാസം ഏഴാം തിയ്യതി ആറ്റുകാല്‍ പൊങ്കാലയായിരുന്നു. അവിടെ നടന്ന ചടങ്ങുകളെക്കുറിച്ച് മനോരമ ദിനപ്പത്രത്തില്‍ എഴുതിയിരിക്കുന്നത് നോക്കുക: 'രാവിലെ 10.15 -ന് ആയിരുന്നു അടുപ്പുവെട്ട്. ക്ഷേത്രത്തിനകത്തുനിന്നു പര്‍ന്ന ദീപം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിക്കു സമീപം സജ്ജീകരിച്ച അടുപ്പിലേക്കു പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. അവിടെനിന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിനുമുന്നില്‍ തയ്യാറാക്കിയിരിക്കുന്ന പണ്ടാരയടുപ്പിലേക്കു അഗ്നി പകര്‍ന്നു. ഇങ്ങനെ തുടരുന്നു പൊങ്കാലയെക്കുറിച്ചുള്ള വിവരണം! എന്താണ് ഇതില്‍നിന്നു മനസ്സിലാകുന്നത്? ആറ്റുകാലമ്മയും വിശുദ്ധ റീത്തയും സഹോദരിമാരാണെന്നോ?

എന്നെ ആരാധിക്കുന്നതില്‍ നിങ്ങള്‍ വിജാതിയരെ അനുകരിക്കരുതെന്നും, അവരുടെ ആരാധനകള്‍ കണ്ടുപഠിക്കാന്‍ വിജാതിയ ആലയങ്ങളില്‍ പോകരുതെന്നും പറഞ്ഞിരിക്കുന്ന യാഹ്‌വെയ്ക്കു നാവു പിഴച്ചതാണോ? ക്രൈസ്തവ സ്ത്രീകള്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുമോ എന്ന ഭയംകൊണ്ട് അവര്‍ക്ക് പള്ളിയില്‍ ഒരുക്കിയ സംവീധാനമായിരുന്നോ ഇത്?

മോശ യാഹ്‌വെയോടു പ്രാര്‍ത്ഥിക്കാനായി സീനായ് മലയിലേക്ക് പോയപ്പോള്‍ ജനങ്ങള്‍ അഹറോനോട് കലഹിച്ച് ഇപ്രകാരം ആവശ്യപ്പെട്ടു: ഞങ്ങള്‍ക്കും മറ്റു ജനതകള്‍ക്കുള്ളതുപോലെ ആരാധിക്കാന്‍ കാളക്കുട്ടിയെ ഉണ്ടാക്കി തരിക. ജനങ്ങളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അഹറോന്‍ അതു ചെയ്തുകൊടുത്തപ്പോള്‍ മോശ എന്താണു ചെയ്തതെന്നു ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം!

ആചാരങ്ങള്‍ അതിരുകടക്കുമ്പോള്‍ 'വചനം' പുറന്തള്ളപ്പെടുന്നു!

ദൈവവചനത്തെ അടിസ്ഥാനമാക്കി ആചാരങ്ങള്‍ സ്വീകരിക്കുന്നതില്‍ വന്ന പാളിച്ചയാണ് സഭകളെ ക്രിസ്തീയ ചൈതന്യത്തില്‍നിന്ന് അകറ്റിനിര്‍ത്തിയിരിക്കുന്നത്. സാംസ്കാരികതയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ നിലനിര്‍ത്തിപ്പോരുന്ന ആചാരങ്ങളെല്ലാം അതിരുവിട്ട പ്രഹസനങ്ങളായി മാറുന്നതിലൂടെ ആത്മീയതയെ അന്ധവിശ്വാസത്തിന്റെ പിടിയില്‍ കെട്ടിയിടുകയാണ്. നേതൃത്വങ്ങള്‍ക്കുപോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം ചില ആചാരങ്ങള്‍ ആഭാസങ്ങളായിരിക്കുന്നത് പരിഹാസ്യമാണെന്നു പറയാതെ വയ്യ!

തുലാഭാരവും പൊങ്കാലയും പുലയടിയന്തിരവും ശ്രാദ്ധവും (ചാത്തം) പൂജയ്ക്കുവപ്പും തുടങ്ങി, അവസാനിക്കാത്ത ആചാരാനുഷ്ഠാനങ്ങളില്‍ മലിനമാകുന്നത് യേഹ്ശുവായുടെ നാമമാണെന്നു മറക്കരുത്! ഇതൊന്നും വലിയ പ്രശ്നമല്ലെന്നു പറയുന്നവര്‍ ദൈവവചനത്തെ നിസ്സാരമാക്കുകയാണ്.

ക്രിസ്തീയതയുടെ അടിസ്ഥാനം ക്രിസ്തുവായിരിക്കണം! യേഹ്ശുവാ തന്നെയാണു വചനമെന്ന സത്യം പലരും വിസ്മരിക്കുന്നതാണ് എല്ലാ ദുരാചാരങ്ങളുടെയും കാരണം. നിയമങ്ങളും പ്രവചനങ്ങളും യേഹ്ശുവായില്‍ നിറഞ്ഞുനില്‍ക്കുന്നു. കാരണം, വചനം മാംസമായതാണ് അവിടുന്ന്! വചനത്തില്‍നിന്ന് ഒന്നു കുറയ്ക്കുകയോ ഒന്നു കൂട്ടുകയോ ചെയ്താല്‍ വികലമാകുന്നത് യേഹ്ശുവായുടെ പൂര്‍ണ്ണതയാണ്. സകല നിയമങ്ങളും പ്രവചനങ്ങളും യേഹ്ശുവായില്‍ സമ്മേളിക്കുന്നു. അങ്ങനെയെങ്കില്‍, വചനത്തെ ഉള്‍ക്കൊള്ളാതെ ക്രിസ്തുവില്‍ അടിസ്ഥാനമിട്ടത് എന്നു പറയാന്‍ സഭകള്‍ക്ക് എങ്ങനെ സാധിക്കും?

അതായത്, ബൈബിള്‍ വചനങ്ങള്‍ പ്രസംഗിക്കുമ്പോള്‍ പൂര്‍ണ്ണതയോടെ അല്ലെങ്കില്‍ യേഹ്ശുവായെ അപൂര്‍ണ്ണതയോടെ അവതരിപ്പിക്കുകയാണു ചെയ്യുന്നത്! മോശയിലൂടെ ദൈവം നല്‍കിയ നിയമങ്ങളെ അവഗണിച്ചുകൊണ്ട് യേഹ്ശുവായെ പ്രസംഗിക്കുക സാധ്യമല്ല! അത്തരം പ്രഘോഷണങ്ങളാണു പിന്നീട് 'ഡാവിഞ്ചികോഡും' വിപ്ലവകാരിയായ ക്രിസ്തുവുമൊക്കെയായി രൂപാന്തരപ്പെട്ടത്! വിജാതിയരുടെ ആചാരങ്ങള്‍ എത്ര മഹത്വമുള്ളതെന്നു തോന്നിയാലും അവയെ അനുകരിക്കാന്‍ ദൈവം നമ്മെ അനുവദിച്ചിട്ടില്ല! 

വിശുദ്ധരെല്ലാം യേഹ്ശുവായെ ഏകരക്ഷകനായി സ്വീകരിച്ചവരും അവനിലേക്ക് മറ്റുള്ളവരെ നയിച്ചവരുമായിരുന്നു. വിശുദ്ധരോടുള്ള സമീപനത്തില്‍ സഭകള്‍ക്കുള്ള ബോധ്യവും നിലപാടുമാണോ സാധാരണ വിശ്വാസികള്‍ക്കുള്ളതെന്ന് പരിശോധിക്കുകയും വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. അമ്പുപെരുന്നാളുകള്‍ക്കും ഭക്തിപ്രകടനങ്ങള്‍ക്കും അതിരുകടന്ന സ്ഥാനം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഇനിയും സഭകള്‍ തയ്യാറാകുന്നില്ലെങ്കില്‍ യേഹ്ശുവായുടെ മുന്നില്‍ കണക്കു ബോധിപ്പിക്കാന്‍ സമയമായെന്നു തിരിച്ചറിയണം. 'അമ്പും വില്ലും' താഴെവച്ച് ബൈബിള്‍ കൈകളില്‍ ഉയര്‍ത്താത്തപക്ഷം വിനാശം പതിയിരിക്കുന്നത് കാണാതെപോകരുത്!

കര്‍ക്കിടകത്തിലെ കറുത്തവാവിന് പിതൃബലിയര്‍പ്പിച്ചുകൊണ്ട് കാക്കകളെ വിളിക്കുന്ന ആചാരവും കവിളില്‍ ശൂലം തറയ്ക്കുന്ന പ്രാകൃത ആചാരവും മുതുകത്ത് ഇരുമ്പു കൊളുത്തിട്ട് ക്രെയിനില്‍ പൊക്കുന്ന 'ഗരുഡന്‍തൂക്കവും' പള്ളിമുറ്റത്ത് സര്‍പ്പക്കാവും ക്രിസ്തീയസഭകളില്‍ ഇനിയും എത്തിയിട്ടില്ല. ഇവയുടെ ശാസ്ത്രീയത പരീക്ഷണശാലയില്‍ സ്ഥിരീകരിക്കുന്നതിന്റെ തിരക്കിലായിരിക്കാം!

സഭകള്‍ സ്വീകരിക്കേണ്ടതായ ശുദ്ധീകരണത്തിന്റെ  മേഖലകളെക്കുറിച്ചുള്ള ലേഖനപരമ്പര ഇവിടെ അവസാനിക്കുന്നില്ല.

ഗീവര്‍ഗ്ഗീസ് കത്തോലിക്കാസഭയുടെ വിശുദ്ധനല്ല എന്ന് സ്ഥിരീകരിക്കുന്ന ലേഖനം വായിക്കാന്‍ ഈ ഈ ലിങ്ക് സന്ദര്‍ശിക്കുക: ഗീവര്‍ഗീസും ഒരു കത്തോലിക്കാ വിശുദ്ധനോ?

വിശുദ്ധരെ പ്രഖ്യാപിക്കുന്നതിലെ വചനവിരുദ്ധത തെളിയിക്കുന്ന ലേഖനം വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: വിശുദ്ധരെ പ്രഖ്യാപിക്കലും വിഗ്രഹ നിര്‍മ്മാണവും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5457 views

LOG IN

Lost your password?

SIGN UP

LOST PASSWORD