കാലത്തിന്റെ അടയാളങ്ങള്‍

ഭീതിപരത്തുന്ന 'സുവിശേഷകരും' ആധാര്‍ കാര്‍ഡും!

Print By
about

20 - 05 - 2017

നങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന വെളിച്ചപ്പാടുമാര്‍ ഇന്ന് നമുക്കിടയില്‍ ഇറങ്ങിയിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇവര്‍തന്നെ! എവിടെനിന്നെങ്കിലും ലഭിക്കുന്ന അപൂര്‍ണ്ണമായ അറിവുകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇവര്‍ അതീവതാല്‍പര്യം കാണിക്കുന്നു. സമൂഹ മാധ്യമങ്ങളിലെല്ലാം ഇവര്‍ തങ്ങളുടെ സജ്ജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്നുണ്ട്. അന്ത്യകാല പ്രവചനങ്ങളിലാണ് ഇവര്‍ക്കു കൂടുതല്‍ താത്പര്യം. 666, മൈക്രോചിപ്പ്, ബാര്‍കോഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയെ അന്ത്യകാല പ്രവചനങ്ങളോടു ചേര്‍ത്തുവച്ച് അവതരിപ്പിക്കുമ്പോള്‍ ഇവര്‍ കരുതുന്നത് തങ്ങള്‍ ഒരു മഹത്തായ സുവിശേഷ ശുശ്രൂഷയുടെ ഭാഗമാകുന്നുവെന്നാണ്. എന്നാല്‍, അര്‍ദ്ധസത്യങ്ങളിലൂടെ അനേകരെ ഇവര്‍ വഞ്ചിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം.

അനേകം വിശ്വാസികള്‍ ഇന്ന് വലിയ ഭയത്തിലും ആകുലതയിലുമാണു കഴിയുന്നത്. കണ്‍മുന്നില്‍ കാണുന്നതിലെല്ലാം '666' ന്റെ സാന്നിദ്ധ്യം ഇവര്‍ സംശയിക്കുന്നു. തങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളില്‍ തൊണ്ണൂറു ശതമാനത്തിലേറെയും 'ബാര്‍കോഡ്' രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിലെല്ലാം '666' ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഉത്തമ വിശ്വാസത്തിലാണ് ഇവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത് വലിയ കുറ്റബോധത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും ഇവരെ നയിക്കുന്നു. സംശയത്തോടെ എന്തിനെയും വീക്ഷിക്കുന്ന അവസ്ഥയും വിശ്വാസികളില്‍ സംജാതമായിട്ടുണ്ട്. ആധാര്‍കാര്‍ഡില്‍ '666' മുദ്ര ചെയ്തിട്ടുണ്ടെന്ന തെറ്റിദ്ധാരണമൂലം ഈ സംവീധാനത്തെയും ഇവര്‍ ഭയപ്പെടുന്നു. ഇവരുടെയെല്ലാം അജ്ഞതയെ അപകടകരായ അവസ്ഥയിലെത്തിക്കാന്‍ ചില 'മുറിവൈദ്യന്മാര്‍' സജ്ജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് ഏറ്റവും ഭയാനകമായ കാര്യം. ആയതിനാല്‍, ഈ വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ ബോധവത്ക്കരണം അനിവാര്യമായിരിക്കുന്നു.

വെളിപാട് പുസ്തകത്തെ വ്യാഖ്യാനിക്കുന്നതില്‍ ഏറെ താത്പര്യം കാണിക്കുന്ന ചില 'മുറിവൈദ്യന്മാര്‍' എക്കാലത്തും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇവരുടെ വ്യാഖ്യാനങ്ങള്‍ ഇവരോടൊപ്പം മണ്ണടിഞ്ഞുപോയെന്നു കരുതാന്‍ കഴിയില്ല. എന്തെന്നാല്‍, ഒരിക്കല്‍ അപ്രസക്തമെന്നു മനസ്സിലാക്കി തള്ളിക്കളഞ്ഞ പ്രബോധനങ്ങളെ പൊടിതട്ടിയെടുത്തു പ്രചരിപ്പിക്കുന്നവര്‍ ഓരോ കാലത്തും ഉദയം ചെയ്യുന്നു. 'പ്രൊട്ടസ്റ്റന്റ്' സഭാവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ഇവരില്‍ പലരും യഹൂദമതത്തെ ഏറ്റവും മഹത്വമുള്ള മതമായി പരിഗണിക്കുന്നു. ചിലരുടെ പ്രഘോഷണങ്ങള്‍ ശ്രദ്ധിച്ചാല്‍, തങ്ങള്‍ ക്രിസ്ത്യാനിയായത് എന്തോ പോരായ്മയായി കരുതുന്നതായി തോന്നിപ്പോകും. യഹൂദരുടെ ദൈവാലയം പുനഃസ്ഥാപിക്കുന്നതും അവിടെ ചുവന്ന പശുവിനെ ബലിയര്‍പ്പിക്കുന്നതുമെല്ലാം അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളായി ഇവര്‍ കാണുന്നു. യേഹ്ശുവായെ തള്ളിക്കളഞ്ഞ ഒരു ന്യൂനപക്ഷമാണ് യഹൂദരെന്ന യാഥാര്‍ത്ഥ്യം ഇവരില്‍നിന്നു മറച്ചുവയ്ക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഹെബ്രായഭാഷയിലാണ് അന്ത്യകാല സംഭവങ്ങള്‍ നിറവേറപ്പെടുന്നതെന്ന് ഇവര്‍ തെറ്റിദ്ധരിക്കുന്നു. '666' എന്ന സംഖ്യ മുദ്രചെയ്യുന്നത് ഹെബ്രായഭാഷയിലായിരിക്കും എന്ന അബദ്ധചിന്തയില്‍ കഴിയുന്ന ഇവര്‍, ഈ അബദ്ധം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഗൗരവമായി കാണണം. സുവിശേഷത്തെ പ്രതിയുള്ള ഇവരുടെ തീക്ഷ്ണതയെ ശ്ലാഘിച്ചുകൊണ്ടുതന്നെ, ഇവര്‍ ഉയര്‍ത്തുന്ന ഭീകരാവസ്ഥയെ തുറന്നുകാണിക്കാനാണ് മനോവ ഇവിടെ ശ്രമിക്കുന്നത്. എന്തെന്നാല്‍, അപൂര്‍ണ്ണമായ അറിവുകള്‍ അജ്ഞതയെക്കാള്‍ അപകടകാരികളാണ്. അതുപോലെതന്നെയാണ് അര്‍ദ്ധസത്യങ്ങളും!

അപ്പസ്തോലനായ യോഹന്നാനു ലഭിച്ച വെളിപാടുകളെ വ്യാഖ്യാനിച്ചുകൊണ്ട് ഉപജീവനം കഴിക്കുന്ന അനേകര്‍ നവമാധ്യമങ്ങളില്‍ സജ്ജീവമാണ്. ചില സത്യങ്ങളോടൊപ്പം ഇവര്‍ പ്രചരിപ്പിക്കുന്ന പലതും അര്‍ദ്ധസത്യങ്ങളും അസത്യങ്ങളുമാണെ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. '666' എന്ന സംഖ്യ സകലരുടെമേലും പതിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അനേകരെ ഭയപ്പെടുത്തിയിട്ടുണ്ട്‌. തങ്ങളുടെ ഭയപ്പാടുകളെ മറ്റുള്ളവരിലേക്കു പകര്‍ന്നുകൊടുക്കാന്‍ ഇവരും ശ്രമിക്കുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ, തങ്ങള്‍ക്കു ലഭിച്ച സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തയ്യാറാകുന്ന ശുദ്ധമനഃസ്കരും കുറവല്ല. ഇവരെല്ലാം ചേര്‍ന്ന് വിശ്വാസികളുടെയിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നുവെന്നതാണു വാസ്തവം! തങ്ങളുടെ ആകുലതകള്‍ പങ്കുവച്ചുകൊണ്ട് അനേകം വ്യക്തികള്‍ മനോവയ്ക്കു കത്തുകള്‍ അയയ്ക്കാറുണ്ട്. ഇവര്‍ക്കെല്ലാം മറുപടി നല്‍കേണ്ടതിനായി, ഇത്തരത്തിലുള്ള ചില പ്രഘോഷണങ്ങള്‍ മനോവ ശ്രദ്ധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ വായനക്കാരോടു പങ്കുവയ്ക്കുകയാണ്.

സകലതും സാത്താന്റെ അധീനതയിലോ?

എല്ലാ മേഖലകളിലും സാത്താന്‍ അവന്റെ ആധിപത്യം ശക്തമാക്കിയിരിക്കുന്നുവെന്നത് തള്ളിക്കളയാന്‍ കഴിയാത്ത വസ്തുതയാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ അതിശയോക്തിയോടെ അവതരിപ്പിക്കുന്നതിലൂടെ എന്ത് ഗുണമാണ് ദൈവജനത്തിനു ലഭിക്കാന്‍ പോകുന്നതെന്ന് മനോവയ്ക്കു മനസ്സിലായില്ല. സത്യങ്ങളെ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ അവ അസത്യങ്ങളായി പരിണമിക്കും. അപകടങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് അനിവാര്യമായ ഒരു കാര്യമാണെന്നു മനോവ സമ്മതിക്കുന്നു. എന്നാല്‍, ഈ അപകടങ്ങളില്‍നിന്നു രക്ഷനേടാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ കഴിവില്ലാത്തവര്‍ അപകടങ്ങളുടെ ഭീകരാവസ്ഥ വെളിപ്പെടുത്തിയതുകൊണ്ട് എന്തു പ്രയോജനം? നിങ്ങളെല്ലാം ഇപ്പോള്‍ അപകടത്തിലാണെന്ന് ഒരു സമൂഹത്തോടു പറയുമ്പോള്‍, ഈ അപകടത്തില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗവും വ്യക്തമാക്കണം. അല്ലാത്തപക്ഷം അപകടത്തെക്കുറിച്ചുള്ള തിരിച്ചറിവ് കൂടുതല്‍ അപകടകരമായ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കും. സാത്താന്റെ മുദ്രയെക്കുറിച്ചു പ്രബോധനം നടത്തുന്നവരിലൂടെ വന്നുഭവിക്കുന്നതും ഈ അപകടമാണ്. ഈ മുദ്രയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള മാര്‍ഗ്ഗം ആരും നിര്‍ദ്ദേശിക്കുന്നില്ല എന്നതുകൊണ്ടാണ് ഇവര്‍ അപകടകാരികളാണെന്നു മനോവ പറയുന്നത്. ഇത്തരക്കാരുടെ പ്രഘോഷണങ്ങള്‍ ശ്രവിച്ചിട്ടുള്ള സകലരും ഇന്ന് ഭയത്തിന്റെ പിടിയിലാണ്. അപരിഹാര്യമായ ഏതോ കെണിയില്‍ പതിച്ചവരെപ്പോലെ ഇവര്‍ ജീവിക്കുന്നു. ചികിത്സയില്ലാത്ത രോഗത്തിന്റെ ഭീകരത മനസ്സിലാക്കിയ രോഗിയുടെ അവസ്ഥയില്‍ പലരെയും എത്തിച്ചത് 'മുറിവൈദ്യന്മാരാണ്.

സാത്താന്റെ മുദ്ര സ്വീകരിച്ച ഒരു വ്യക്തിക്ക് ദൈവരാജ്യം സ്വന്തമാക്കാന്‍ കഴിയില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. ഈ വചനം ശ്രദ്ധിക്കുക: "ആരെങ്കിലും മൃഗത്തെയോ അതിന്റെ പ്രതിമയെ ആരാധിക്കുകയോ നെറ്റിയിലോ കയ്യിലോ മുദ്ര സ്വീകരിക്കുകയോ ചെയ്‌താല്‍ അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെ ക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്നിയാലും ഗന്ധകത്താലും അവന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും. അവരുടെ പീഡനത്തിന്റെ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കുകയില്ല. ഇവിടെയാണ്‌ ദൈവത്തിന്റെ കല്പനകള്‍ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേഹ്ശുവായിലുള്ള വിശ്വാസവും വേണ്ടത്"(വെളി: 14; 9-12). മൃഗം എന്ന് പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നത് എതിര്‍ക്രിസ്തുവിനെയാണ്. അവനെയോ അവന്റെ പ്രതിമയെയോ ആരാധിക്കുന്നവര്‍ക്കു മാത്രമല്ല, അവന്റെ നാമമുദ്ര നെറ്റിയിലോ കയ്യിലോ സ്വീകരിക്കുന്നവര്‍ക്കും ലഭിക്കുന്നത് നിത്യശിക്ഷയായിരിക്കും. അങ്ങനെയെങ്കില്‍ ഇത് നിസ്സാരമായ കാര്യമല്ല! നിത്യശിക്ഷയ്ക്ക് കാരണമാകുന്ന ഒരു വിഷയത്തെക്കുറിച്ചു മറ്റുള്ളവരെ അറിയിക്കുകയെന്നത് മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമായി നാം കാണണം. അതിനാലാണ് ഈ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആത്മാര്‍ത്ഥതയെ ശ്ലാഘിക്കാന്‍ മനോവ തയ്യാറായത്. എന്നാല്‍, അപകടത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം അതില്‍നിന്നു രക്ഷനേടാനുള്ള മാര്‍ഗ്ഗവും ഇവര്‍തന്നെ നിര്‍ദ്ദേശിക്കേണ്ടിയിരുന്നു. ഇക്കാര്യത്തില്‍ ഇവരുടെ ഭാഗത്തുനിന്നു വന്നിട്ടുള്ള വീഴ്ച അതീവ ഗുരുതരമാണെന്നു പറയാതിരിക്കാന്‍ കഴിയില്ല.

സാത്താന്റെ മുദ്ര സകലരുടെമേലും പതിപ്പിക്കാനുള്ള സമയമായി എന്നാണ് പ്രഘോഷകര്‍ അവകാശപ്പെടുന്നത്. ഇവരുടെ അവകാശവാദത്തെ മനോവ നിഷേധിക്കുന്നില്ല. എന്നാല്‍, ഇവര്‍ പറയുന്നതെല്ലാം '666' എന്ന സംഖ്യയുമായി എന്തെങ്കിലും ബന്ധമുള്ളതല്ല. അജ്ഞതയില്‍നിന്നു കടന്നുകൂടിയ ഭയമാണ് പലരെയും ഇത്തരം ചിന്തകളിലേക്കു നയിക്കുന്നത്. ലോകത്തു സംഭവിക്കുന്ന എല്ലാറ്റിനെയും ഇവര്‍ സംശയത്തോടെയും ഭയത്തോടെയും കാണുന്നു. ഭയചകിതരായ ഒരു സമൂഹത്തിനു ലഭിക്കുന്ന അപൂര്‍ണ്ണമായ അറിവുകള്‍ തങ്ങളുടെ ഭയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. അന്ത്യകാലത്തെ സംബന്ധിച്ച് പരസ്പര വിരുദ്ധമായ പല ആശയങ്ങളും പ്രചരിക്കുന്നുണ്ട്. നവമാധ്യമങ്ങള്‍ ശക്തമായതുകൊണ്ടുതന്നെ ഇത്തരം സന്ദേശങ്ങള്‍ക്കു പ്രചാരവും ലഭിക്കുന്നു. ബൈബിളിലെ വെളിപ്പെടുത്തലുകളും അവയെക്കുറിച്ചുള്ള വ്യത്യസ്തമായ വ്യാഖ്യാനങ്ങളും കേട്ടിട്ടുള്ള വിശ്വാസികള്‍ ഇന്നു വലിയ ആശയക്കുഴപ്പത്തിലാണ്. എന്തെന്നാല്‍, തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായ പലതും സാത്താന്റെ അടയാളം വഹിക്കുന്ന വസ്തുക്കളാണെന്ന ചിന്തയിലേക്കു നയിക്കുന്ന അറിവുകളാണ് ഇവര്‍ക്കു ലഭിച്ചത്. ബാര്‍കോഡ്, മൈക്രോചിപ്പ്, ആധാര്‍കാര്‍ഡ് തുടങ്ങിയവയിലെല്ലാം ഇവര്‍ സാത്താന്റെ മുദ്ര ദര്‍ശിക്കുന്നു. ഇവയിലെല്ലാം '666' എന്ന സംഖ്യ മുദ്രണം ചെയ്തിട്ടുണ്ടെന്ന തെറ്റായ അറിവാണ് ഇവരെ ഭയത്തിന്റെ അടിമകളാക്കി മാറ്റിയത്. ബാര്‍കോഡ്, മൈക്രോചിപ്പ്, ആധാര്‍കാര്‍ഡ് തുടങ്ങിയവയില്‍ സാത്താന്റെ മുദ്രയുണ്ടെന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുന്നതിനുമുമ്പ് ഒരു വചനം പരിശോധിക്കാം. ഇതാണ് ആ വചനം: "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബ്ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്. ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്"(വെളി: 13; 16-18). എതിര്‍ക്രിസ്തുവിന്റെ പ്രത്യക്ഷീകരണത്തോടനുബന്ധിച്ചു നടപ്പാക്കപ്പെടുന്ന നിയമമാണ് ഇവിടെ നാം വായിച്ചത്. ഇവന്റെ നിയമങ്ങളില്‍നിന്ന് ആര്‍ക്കെങ്കിലും ഒഴിഞ്ഞുമാറാന്‍ സാധിക്കുമോ? ഇന്ന് പ്രചരിക്കപ്പെടുന്ന സന്ദേശങ്ങള്‍ മുഖവിലയ്ക്കെടുത്താല്‍ ഒരുവനുപോലും ഈ നിയമത്തിന്റെ കെട്ടില്‍നിന്നു സ്വതന്ത്രനായി നില്‍ക്കാന്‍ സാധിക്കില്ല. എന്തെന്നാല്‍, ബാര്‍കോഡിലൂടെയും മൈക്രോചിപ്പിലൂടെയും ആധാര്‍കാര്‍ഡിലൂടെയുമൊക്കെ, ഇവ ഉപയോഗിക്കുന്ന സകലരുടെയുംമേല്‍ സാത്താന്‍ അവന്റെ മുദ്ര പതിക്കുന്നുവെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ബാര്‍കോഡ് പതിപ്പിക്കാത്തതായ എന്തെങ്കിലും ഇന്ന് വിപണിയില്‍ ലഭ്യമല്ലെന്നു നമുക്കറിയാം. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെ, ആര്‍ക്കെങ്കിലും ഈ മുദ്രയില്‍നിന്നു മാറിനില്‍ക്കാന്‍ സാധിക്കുമോ? ഇവിടെയാണ്‌ ബൈബിളിലെ പ്രവചനത്തിന്റെ പൂര്‍ണ്ണത നാം ഗ്രഹിക്കേണ്ടത്.

മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രകുത്താന്‍ നിര്‍ബ്ബന്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തെന്നാല്‍, അത് നിറവേറപ്പെടേണ്ട പ്രവചനമാണ്. എന്നാല്‍, ഇത് ബാര്‍കോഡിലൂടെയാണ് നിറവേറപ്പെടുന്നതെന്ന് ആരും ധരിക്കരുത്. കാരണം, ബാര്‍കോഡ് ആരുടെയെങ്കിലും ശരീരത്തില്‍ പതിക്കുന്ന സംവീധാനമല്ല. വിപണിയില്‍ വില്‍ക്കപ്പെടുന്ന ഉത്പന്നങ്ങളുടെ പായ്ക്കറ്റിനുമേല്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചിഹ്നമാണ് ബാര്‍കോഡ്! ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് '666' എന്ന സംഖ്യയാണെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. ബാര്‍കോഡിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത ആരോ പ്രചരിപ്പിച്ച ആശയമാണിത്. നിജസ്ഥിതിയറിയാതെ ഈ അബദ്ധ ആശയം പലരും ഏറ്റെടുത്തു പ്രചരിപ്പിച്ചു എന്നതാണു യാഥാര്‍ത്ഥ്യം! എന്താണ് ബാര്‍കോഡ്? (ചിത്രം). വലത്തുകൈയിലോ നെറ്റിയിലോ മുദ്രയടിക്കുന്നതിനെയാണ് നാം ഭയപ്പെടേണ്ടത്! മറിച്ച്, ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ആധാര്‍ കാര്‍ഡിലോ ഡ്രൈവിംഗ് ലൈസന്‍സിലോ അടിക്കപ്പെടുന്നതിനെ ദൈവജനം ഭയപ്പെടേണ്ടതില്ല. വലത്തുകൈയിലോ നെറ്റിയിലോ മുദ്രയടിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നതിലൂടെയാണ് എതിര്‍ക്രിസ്തുവിനെ നാം തിരിച്ചറിയുന്നത്.

ബാര്‍കോഡ് എന്താണെന്ന് മനോവയുടെ വായനക്കാരില്‍ ഭൂരിഭാഗത്തിനും അറിയാമെന്നു കരുതുന്നു. എന്നാല്‍, ചിലരെങ്കിലും ഈ സംവീധാനത്തെക്കുറിച്ചു തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണ്. ആയതിനാല്‍, ഇ തെറ്റിദ്ധാരണ നീങ്ങേണ്ടതിനായി ചെറിയൊരു വിവരണം ഇവിടെ കുറിക്കുന്നു. ഉത്പന്നങ്ങളെ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങളടങ്ങിയ കോഡുകള്‍ ഇലക്ട്രോണിക് രീതിയില്‍ രേഖപ്പെടുത്തിയ വരകളാണ് ബാര്‍കോഡ്. വീതികുറഞ്ഞ ലംബമായിട്ടുള്ള കറുപ്പും വെളുപ്പും വരകളും അവയ്ക്കൊപ്പമുള്ള അക്കങ്ങളും ചേര്‍ന്ന ബാര്‍കോഡ് കമ്പ്യൂട്ടര്‍ സെന്‍സറുകള്‍ ഉപയോഗിച്ച് വായിച്ചെടുക്കാം. ഉത്പന്നത്തിന്റെ വില, പ്രത്യേകത, നിര്‍മ്മാണ യൂണിറ്റ്, രാജ്യം എന്നിവ ബാര്‍കോഡില്‍ രേഖപ്പെടുത്തിയിരിക്കും. ഓരോ വരയും ഓരോ അക്കങ്ങളെ സൂചിപ്പിക്കുന്നു. ഒന്നാമത്തെ അക്കം ഉത്പന്നത്തെയും അടുത്തഗ്രൂപ്പിലെ അക്കം നിര്‍മ്മാതാക്കളെയും മൂന്നാമത്തെ ഗ്രൂപ്പിലെ അക്കങ്ങള്‍ ഏതുതരം ഉത്പന്നമാണെന്നതിനെയും വ്യക്തമാക്കുന്നു. ബാര്‍കോഡ് രേഖപ്പെടുത്തിയ ഭാഗം സെന്‍സറിനോടടുപ്പിച്ചാല്‍ ഉത്പന്നങ്ങളെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. പ്രത്യേകതരം സ്കാനര്‍ ഉപയോഗിച്ചും ബാര്‍കോഡ് വായിച്ചെടുക്കാം.

ഫോട്ടോകോപ്പി യന്ത്രത്തില്‍ ഉപയോഗിക്കുന്നപോലെ സ്കാനറില്‍നിന്നും പുറപ്പെടുന്ന ലൈറ്റ് ബീം ബാര്‍കോഡിനു മുകളിലൂടെ കടത്തിവിട്ടാണ് വരകളെ തിരിച്ചറിയുന്നത്. ബൈനറി രൂപത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ബാര്‍കോഡില്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ഡീ കോഡ് ചെയ്യാം. തിരിച്ചറിയുന്നതിനായി ഓരോ രാജ്യത്തിനും പ്രത്യേക കോഡുകള്‍ നല്‍കി വര്‍ഗ്ഗീകരിക്കുന്നു. ജപ്പാനിലെ ഉത്പന്നത്തിന് JAN എന്നും അമേരിക്കന്‍ ഉത്പന്നത്തിന് UPC എന്നും നല്കിയിരിക്കുന്നു. പുസ്തകങ്ങള്‍ ISBN (International Standard Books Number) എന്നും പത്രങ്ങള്‍, മാസികകള്‍, സി.ഡി കള്‍ എന്നിവക്ക് IISBN എന്നുമാണ് കോഡുകള്‍ നല്‍കിയിരിക്കുന്നത്. ഇതാണ് ബാര്‍കോഡിനെ സംബന്ധിച്ച് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങള്‍.

മനുഷ്യരുടെ നെറ്റിയിലോ കൈയിലോ എന്നല്ല, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുദ്രയിടുന്ന സംവീധാനമായി ബാര്‍കോഡിനെ ആരും തെറ്റിദ്ധരിക്കരുത്. മാത്രവുമല്ല, ബാര്‍കോഡില്‍ രേഖപ്പെടുത്തുന്ന സംഖ്യ '666' ആണെന്ന ചിന്തയ്ക്കും അടിസ്ഥാനമില്ല. ഓരോ ഉത്പന്നങ്ങള്‍ക്കും വ്യത്യസ്തമായ സംഖ്യകളാണ് രേഖപ്പെടുത്തുന്നത്. നമ്മുടെ പാസ്പോര്‍ട്ടിലോ മറ്റെന്തെങ്കിലും രേഖകളിലോ സ്വാഭാവികമായി '666' എന്ന സംഖ്യ വന്നെന്നിരിക്കാം. ചിലരുടെ ടെലഫോണ്‍ നമ്പറില്‍ ഈ സംഖ്യ വരാനും സാധ്യതയുണ്ട്. ചില വ്യക്തികളുടെ ജനന തിയ്യതിയില്‍പോലും '666' എന്ന അക്കം വന്നേക്കാം. ഉദാഹരണത്തിന്: 06 - 06 - 2004 -ല്‍ ജനിച്ച വ്യക്തിയുടെ ജനന തിയ്യതിയില്‍ '666' എന്ന സംഖുയുണ്ട്. ഇത്തരത്തിലല്ലാതെ, ബാര്‍കോഡില്‍ '666' എന്ന സംഖ്യ വരാനുള്ള യാതൊരു സാധ്യതയുമില്ല. നാം വാങ്ങുന്ന ഏതെങ്കിലും ഉത്പന്നത്തില്‍ പതിച്ചിരിക്കുന്ന ബാര്‍കോഡില്‍ '666' എന്ന സംഖ്യ കടന്നുകൂടി എന്നതുകൊണ്ട് അത് നമ്മുടെമേല്‍ മുദ്രണം ചെയ്യപ്പെടുന്നില്ല. അതിനാല്‍ത്തന്നെ, ബാര്‍കോഡില്‍ വരുന്ന സംഖ്യകളൊന്നും നമുക്ക് ഉപദ്രവം വരുത്തുന്നില്ല. എന്നാല്‍, വാഹന രജിസ്റ്റര്‍ നമ്പര്‍, ടെലഫോണ്‍ നമ്പര്‍ തുടങ്ങിയവയില്‍ '666' തന്നെ വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. സാത്താനെ ആരാധിക്കുന്ന വ്യക്തികളാണ് ഇവര്‍! സാത്താന്റെ ആരാധകര്‍ നടത്തുന്ന സ്ഥാപനങ്ങളുടെ ലോഗോകളില്‍പ്പോലും '666' എന്ന സംഖ്യ മുദ്രണം ചെയ്യാറുണ്ട്. Vodafone, Audi, google തുടങ്ങിയവ സാത്താന്റെ മുദ്ര സ്വീകരിച്ചിട്ടുള്ള സ്ഥാപനങ്ങളാണ്. സാധ്യമെങ്കില്‍ ഇത്തരം 'ലോഗോ' ഉള്ള സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഗുണകരമായിരിക്കും.

എന്നാല്‍, ചില സൗകര്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കാത്ത അവസ്ഥ ഇന്നുണ്ട്. ഗൂഗിള്‍ പോലുള്ള സംവീധാനങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും. നവമാധ്യമങ്ങളിലൂടെ ദൈവരാജ്യ ശുശ്രൂഷകള്‍ ചെയ്യുന്നവര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു. സാത്താനും അവന്റെ സന്തതികളും ഒരുക്കിവച്ചിരിക്കുന്ന സംവീധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവന്റെതന്നെ രാജ്യത്തെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ, ഇത് കുറ്റകരമല്ല. എന്തെന്നാല്‍, സുവിശേഷകര്‍ ഈ സംവീധാനങ്ങള്‍ ഉപയോഗിക്കുന്നത് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കുവേണ്ടിയോ സാത്താനു ലാഭമുണ്ടാക്കി കൊടുക്കുന്നതിനുവേണ്ടിയോ അല്ല! എന്നാല്‍, ഇത്തരം സ്ഥാപനങ്ങളുടെ മുദ്രകള്‍ അടങ്ങിയ ലഘുലേഖകളോ മറ്റെന്തെങ്കിലുമോ നമ്മുടെ ശരീരത്തോ വസ്ത്രങ്ങളിലോ ഭവനങ്ങളിലോ സ്ഥാപനങ്ങളിലോ സൂക്ഷിക്കാന്‍ ഇടയാകരുത്. നെറ്റിയിലോ കൈയിലോ മുദ്രകുത്തുന്ന വിധത്തിലുള്ള അപകടമില്ലെങ്കില്‍ക്കൂടി, ശക്തമായ പൈശാചിക സ്വാധീനം ഈ ചിഹ്നങ്ങളിലൂടെ കടന്നുവരും! എന്നാല്‍, ബാര്‍കോഡിലൂടെ ഈ മുദ്ര കടന്നുവരാനുള്ള സാധ്യത വളരെ കുറവാണ്. മുന്‍പ്‌ നാം മനസ്സിലാക്കിയതുപോലെ, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് തുടങ്ങിയ രേഖകളിലൂടെ '666' എന്ന സംഖ്യ കടന്നുകൂടാന്‍ എത്രത്തോളം സാധ്യതയുണ്ടോ അത്രത്തോളം സാധ്യത മാത്രമേ ബാര്‍കോഡിലും ഉള്ളൂ!

സാത്താന്റെ മുദ്രയും 'ആധാര്‍ കാര്‍ഡും'!

ഇതുവരെ നാം ചര്‍ച്ചചെയ്ത വിഷയത്തിന്റെ തുടര്‍ച്ചയായി പരിഗണിക്കാവുന്ന വിഷയമാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ളത്. ബാര്‍കോഡില്‍ '666' എന്ന സംഖ്യ കടന്നുകൂടാന്‍ സാധ്യതയുണ്ടെങ്കില്‍, ആധാര്‍ കാര്‍ഡിലും അതിനുള്ള സാധ്യതയുണ്ട്. അതില്‍ക്കവിഞ്ഞ സാധ്യതകളൊന്നും ആധാര്‍ കാര്‍ഡില്‍ ഇല്ല. എന്നാല്‍, ആധാര്‍ കാര്‍ഡിനെതിരേ ഉയരുന്ന ശബ്ദത്തെ നാം ജാഗ്രതയോടെ കാണണം. എന്തെന്നാല്‍, ഈ എതിര്‍പ്പിന്റെ പിന്നില്‍ സാത്താന്റെ അജണ്ട മറഞ്ഞിരിപ്പുണ്ട്. അതെന്താണെന്ന് വെളിപ്പെടുത്തുന്നതിനുമുമ്പ് ആധാര്‍ കാര്‍ഡ് എന്താണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ആണ് ആധാര്‍! യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴില്‍, എക്സിക്യുട്ടീവ് ഓര്‍ഡര്‍ പ്രകാരം രൂപീകരിച്ചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജന്‍സിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2009 ഓഗസ്റ്റിലാണ് ഇന്‍ഫോസിസിസ് കമ്പനിയുടെ മുന്‍ ചെയര്‍മാനായിരുന്ന നന്ദന്‍ നിലേക്കനിയുടെ നേതൃത്ത്വത്തില്‍ യു ഐ ഡി അതോറിറ്റി പ്രവര്‍ത്തിച്ചു തുടങ്ങി. നാഷ്ണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, ഐഐടി കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് ഇത്തരമൊരു തിരിച്ചറിയല്‍ കാര്‍ഡ് ശുപാര്‍ശ ചെയ്തത്. രാജ്യത്ത് താമസിക്കുന്ന ഒരോ വ്യക്തിക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയില്‍ ശേഖരിക്കുന്നു.

ഒരു ഉത്പന്നത്തെ സംബന്ധിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന സംവീധാനമാണ് 'ബാര്‍കോഡ്' എന്ന് നാം മനസ്സിലാക്കി. അതുപോലെതന്നെ, ഒരു വ്യക്തിയെ സംബന്ധിക്കുന്ന പൂര്‍ണ്ണമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ആധികാരിക രേഖയാണ് ആധാര്‍ കാര്‍ഡ്! പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഒരു വ്യക്തിയെ സംബന്ധിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങളില്ല. എന്നാല്‍, ആധാര്‍ കാര്‍ഡില്‍ മുഴുവന്‍ വിവരങ്ങളുമുണ്ടാകും. ഇത് ഇന്ത്യയില്‍ മാത്രം ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണെന്ന് ആരും ധരിക്കരുത്. എല്ലാ വികസിത രാജ്യങ്ങളിലും ഈ സംവീധാനമുണ്ട്. ഓരോ രാജ്യങ്ങളിലും വ്യത്യസ്തമായ പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും എല്ലാറ്റിന്റെയും അടിസ്ഥാനം ഒന്നുതന്നെ! ഒരു പൗരനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയേണ്ടത് രാജ്യത്തിന്റെ അധികാരമാണ്. അര്‍ഹത പരിഗണിച്ച് ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ മാത്രമല്ല, കുറ്റകൃത്യങ്ങള്‍ ഒരുപരിധിവരെ തടയുവാനും ഇതിലൂടെ സാധ്യമാകും. ഒരു പോലിസ് ഉദ്യോഗസ്ഥന് ഏതു സമയത്തു വേണമെങ്കിലും ഈ രേഖകള്‍ പരിശോധിക്കാനുള്ള അവകാശമുണ്ട്. തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അധികാരികള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം പൗരനുമുണ്ട്. ഇവയെല്ലാം ലളിതമാക്കുന്ന സംവീധാനമാണ് ആധാര്‍ കാര്‍ഡ്! അനേകം രേഖകള്‍ കൊണ്ടുനടക്കുന്നതിനു പകരം, ആധാര്‍ കാര്‍ഡ് മാത്രം മതിയാകുമെന്ന സൗകര്യവും ഇതിലൂടെ സാധ്യമാകുന്നു.

ഓരോ വ്യക്തികളുടെയും വിവരങ്ങള്‍ വ്യത്യസ്തമായതിനാല്‍ എല്ലാവരുടെ ആധാര്‍ കാര്‍ഡും വ്യത്യസ്തമായിരിക്കും. അങ്ങനെയെങ്കില്‍, എല്ലാവരുടെമേലും '666' എന്ന സംഖ്യ മുദ്രയിടാന്‍ ആധാര്‍ കാര്‍ഡിലൂടെ എങ്ങനെ സാധിക്കും? ഇന്ത്യയില്‍ ആദ്യമായി നല്‍കിയ ആധാര്‍ നമ്പര്‍ പരിശോധിച്ചാല്‍, അതില്‍ '6' എന്ന അക്കം ഇല്ലെന്നു മനസ്സിലാക്കാന്‍ കഴിയും. 2010 സെപ്തംബര്‍ 29-ന് മഹാരാഷ്ട്രയിലെ നന്ദര്‍ബാറിലെ തെംപാലി പട്ടിക വര്‍ഗ്ഗ ഗ്രാമത്തിലാണ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആധാര്‍ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്തത്. 782474317884 എന്ന നമ്പരിലുള്ള ആദ്യത്തെ ആധാര്‍, രജന സോണെവാനെ എന്ന ഗിരിവര്‍ഗ്ഗ വനിതക്ക് നല്‍കി പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചു. ഈ നമ്പരില്‍ എവിടെയാണ് സാത്താന്റെ മുദ്ര?

ക്രമപ്രകാരമാണ് നമ്പര്‍ രേഖപ്പെടുത്തുന്നതെങ്കില്‍, ആരുടെയെങ്കിലുമൊക്കെ ആധാര്‍ നമ്പരുകളില്‍ '666' എന്ന സംഖ്യ വരും എന്നകാര്യത്തില്‍ സംശയമില്ല. ബാര്‍കോഡിന്റെ കാര്യത്തില്‍ ഉള്ളതുപോലെതന്നെയാണ് ഇവിടെയും സാധ്യത നിലനില്‍ക്കുന്നത്. ഇപ്പോള്‍ത്തന്നെ സ്വാഭാവികമായും എത്രയോ ആളുകളുടെ പാസ്പോര്‍ട്ടിലും മറ്റിതര രേഖകളിലും ഈ സംഖ്യ കടന്നുവന്നിട്ടുണ്ടാകും! അതിനപ്പുറമുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല, മറ്റൊരു പൈശാചിക അജണ്ട നടപ്പാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗംകൂടിയാണ്. ആധാര്‍ കാര്‍ഡിനെതിരേ നിലകൊള്ളുന്ന അഭിനവ 'സുവിശേഷകര്‍' അറിഞ്ഞോ അറിയാതെയോ സാത്താന്റെ അജണ്ട നടപ്പാക്കാന്‍ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നു നാം തിരിച്ചറിയണം. ബൈബിളിലെ പ്രവചനങ്ങളെ യുക്തികൊണ്ടു വ്യാഖ്യാനിച്ച് ഉപജീവനം കഴിക്കുന്നവര്‍ അറിയുന്നില്ല തങ്ങള്‍ ഉയര്‍ത്തുന്ന വിവരക്കേടുകളുടെ ദൂരവ്യാപകമായ ദുരന്തം! ആയതിനാല്‍, ഈ വിഷയം ഗൗരവത്തോടെ ഇവിടെ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

2011-ല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന ധാരണയോടെ 2010-ല്‍ ആരംഭിച്ച പദ്ധതി ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. വിതരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായി. ഇപ്പോഴും വിതരണം എങ്ങുമെത്തിയില്ല. ഇതുതന്നെയാണ് സാത്താന്‍ ലക്ഷ്യമിട്ടതും. ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും പൊതുതിരഞ്ഞെടുപ്പു നടത്തുന്ന ഇന്ത്യയില്‍ ആധാര്‍ നമ്പര്‍ നല്‍കാന്‍ ഒരു വര്‍ഷംപോലും ആവശ്യമില്ലെന്നിരിക്കെ, ഏഴുവര്‍ഷം കഴിഞ്ഞിട്ടും അതു നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. വോട്ടര്‍പട്ടിക പുതുക്കല്‍, കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ യാതൊരു തടസ്സുവുമില്ലാതെ നടക്കുന്നുണ്ട്. എല്ലാ ആധുനീക സംവീധാനങ്ങളും സാങ്കേതിക വിദഗ്ദ്ധരുമുള്ള ഏജന്‍സിയുടെ കീഴില്‍ എന്തുകൊണ്ടാണ് ഇത് സാധ്യമാകാത്തത്? ചില മുടന്തന്‍ ന്യായങ്ങള്‍ നിരത്തിക്കൊണ്ട്‌ കോടതികളില്‍ കയറിയിറങ്ങുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്‌? ഇവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ നോക്കുക: ഇന്ത്യയിലെ ഓരോ പൗരന്റെയും സൂക്ഷ്മമായ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് സംശയിക്കപ്പെടുന്നു. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്വേഗസ്ഥന്മാര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ആധാറിനെയും സംശയിക്കുന്നത്. സ്വകാര്യതയെന്ന പൗരന്റെ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റമായി ഇതിനെ വിലയിരുത്തുന്നു. മററു പല അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലുമില്ലാത്ത വേഗതയും ജാഗ്രതയും ഇതിലുണ്ടെന്നത് ദുരൂഹമാണെന്നാണ് ചിലരുടെ നിരീക്ഷണം.

നിയമലംഘനം നടത്തുന്നവര്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കും തങ്ങളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടത് അനിവാര്യമായിരിക്കാം. എന്നാല്‍, മാന്യമായി ജീവിക്കുന്ന ഒരുവനെ സംബന്ധിച്ച് എന്ത് സ്വകാര്യതയാണ്‌ ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്! ഏതൊരു പുതിയ മാറ്റത്തെയും സംശയത്തോടെ വീക്ഷിക്കുന്ന ചില പിന്തിരിപ്പന്മാര്‍ ലോകത്തുണ്ട്. എല്ലാ പുതിയ സംവീധാനങ്ങളെയും ഇവര്‍ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. വ്യക്തിസഭകളിലെ ചില അഭിനവ സുവിശേഷകരും ഇക്കൂട്ടത്തില്‍പ്പെടുന്നവരാണ്. വെളിപാട് പുസ്തകത്തിലെ പ്രവചനങ്ങളെ വേണ്ടവിധത്തില്‍ ഗ്രഹിക്കാന്‍ സാധിക്കാത്ത ഇവര്‍ സകലതിനെയും ഭയപ്പെടുന്നു. ഇവരെല്ലാം ചേര്‍ന്ന് ആധാര്‍ കാര്‍ഡിനെ എതിര്‍ക്കുമ്പോള്‍, പകരം സംവീധാനമായി കടന്നുവരാന്‍പോകുന്നതാണ് യഥാര്‍ത്ഥ സാത്താന്‍മുദ്ര! ആധാറിനെതിരേയുള്ള ഓരോ നീക്കങ്ങളുടെ പിന്നിലും ഈ മുദ്രയുടെ കടന്നുവരവിനുള്ള വഴിയൊരുക്കലാണ്! അധാര്‍ സംവീധാനം നടപ്പിലാക്കുകയെന്നത് ദുഷ്കരമാണെന്ന വാദത്തോടെ ഇതിന്റെ ബദല്‍ സംവീധാനമായി അവന്‍ കടന്നുവരും. അതാണ്‌ മൈക്രോചിപ്പ്!

എന്താണ് 'മൈക്രോചിപ്പ്'?

2016 ആഗസ്റ്റ്‌ 5-ന് കേരളത്തിലെ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. കൊച്ചിയിലെ ഒരു ഹോം സ്റ്റേയില്‍ വച്ച് പതിനാലുകാരി പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്തയായിരുന്നു അത്. 'ബ്ലാക്ക് മാസ്' നടത്തുന്ന സാത്താന്‍ സംഘത്തിന്റെ പീഡനത്തിനിരയായ ഈ പെണ്‍കുട്ടികുട്ടിയുടെ മൊഴി ആരെയും ഞെട്ടിക്കുന്നതായിരുന്നു. ജ്യൂസില്‍ മയക്കുമരുന്നു ചേര്‍ത്തു കുടിക്കാന്‍ നല്‍കുകയും, മയക്കത്തിലായ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി. കേരളത്തില്‍ ഇത് പുതുമയുള്ള വാര്‍ത്തയല്ലെങ്കിലും, പെണ്‍കുട്ടിയുടെ മറ്റൊരു വെളിപ്പെടുത്തലാണ് ഈ വാര്‍ത്തയെ വ്യത്യസ്തമാക്കുന്നത്. പീഡനത്തിനിരയാക്കപ്പെട്ട തന്റെ ശരീരത്തില്‍ 'മൈക്രോചിപ്പ്' ഘടിപ്പിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അവള്‍ നടത്തി. ഇവിടെയാണ്‌ മൈക്രോചിപ്പിന്റെ ഭീകരത പരിശോധിക്കപ്പെടേണ്ടത്. എന്താണ് മൈക്രോചിപ്പ്?

നാനോസാങ്കേതികതയുമായി ചേര്‍ത്തുവയ്ക്കാവുന്ന ആധുനീക സംവീധാനമാണ് മൈക്രോചിപ്പ്. ഏതെങ്കിലുമൊരു പ്രത്യേക കാര്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കാവുന്ന സാങ്കേതിക സംവീധാനമായി മൈക്രോചിപ്പിനെ ആരും ചുരുക്കിക്കാണരുത്. ലിത്തോഗ്രാഫിയുടെ ഏറ്റവും ആധുനീകരൂപമെന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ശിലാഫലകങ്ങള്‍, താളിയോലകള്‍, തുകല്‍, കടലാസ് എന്നിവയില്‍ എഴുതുന്ന രീതിയുടെ പരിണാമമായും മൈക്രോചിപ്പിനെ പരിഗണിക്കാന്‍ കഴിയും. ഹാര്‍ഡ് ഡിസ്ക്കിലോ CD യിലോ സൂക്ഷിക്കേണ്ടവയെ ഏറ്റവും ചെറിയ പ്രതലത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ സാങ്കേതിക സംവീധാനങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. നാനോസാങ്കേതിക വിദ്യയാണ് ഇവിടെ പ്രയോഗിക്കുന്നത്. ഏതെങ്കിലും ഒരു വിഷയത്തെ അടിസ്ഥാനപ്പെടുത്തി മാത്രം നാനോസാങ്കേതികതയെ കാണാന്‍ കഴിയില്ല. ആയതിനാല്‍, മൈക്രോചിപ്പിന് ഈ സാങ്കേതികത എപ്രകാരം ഉപകാരപ്പെട്ടു എന്നതുമാത്രം പരിശോധിക്കാം.

ഒരു പദാര്‍ത്ഥത്തിനു സ്ഥിതിചെയ്യാന്‍ ആവശ്യമായ പ്രതലത്തിനു നിശ്ചിതമായ അളവുണ്ട്. ഈ അളവിനെ എത്രത്തോളം കുറയ്ക്കാന്‍ കഴിയുമോ അത്രത്തോളം കൂടുതല്‍ പദാര്‍ത്ഥത്തെ ഉള്‍ക്കൊള്ളാന്‍ ഈ പ്രതലത്തിനു സാധിക്കും. നാനോസാങ്കേതിക വിദ്യയിലൂടെ മൈക്രോചിപ്പിനു ലഭിച്ചത് ഈ സൗകര്യമാണ്. സ്വഭാവത്തിലും ഗുണത്തിലും ഒരു കുറവും വരുത്താതെ, ഒരു വസ്തുവിനെ ചെറിയ പ്രതലത്തില്‍ ഒതുക്കാന്‍ കഴിയുമെന്നതാണ് ഈ സാങ്കേതികതയുടെ ഗുണവശം! ഇത്തരത്തില്‍ ചെറിയ അവസ്ഥയിലേക്കു മാറ്റപ്പെടുന്ന വസ്തുവിന് സ്ഥിതിചെയ്യാന്‍ ആവശ്യമായ പ്രതലത്തിന്റെ അളവു നിശ്ചയിക്കുന്ന ഏകകമാണ് 'നാനോമീറ്റര്‍'! ഒരു മീറ്ററിന്റെ നൂറു കോടിയില്‍ ഒരു ഭാഗമാണ് ഒരു നാനോമീറ്റര്‍. നാനോമീറ്ററിന്റെ ദൈര്‍ഘ്യം ലഘൂകരിക്കുക എന്നതിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ കഴിയും. ഒരു എസ്.ഡി. കാര്‍ഡിന്റെ വലിപ്പത്തിലുള്ള കമ്പ്യുട്ടര്‍ എന്നതും ഇന്ന് സാധ്യമാണ്. 22 നാനോമീറ്റര്‍ ഡ്യുവല്‍-കോര്‍ പി.സി.യുമായി ഇന്റല്‍ എന്ന സ്ഥാപനം രംഗത്തുവന്നതും സാങ്കേതികതയുടെ സാധ്യതയാണ് വെളിപ്പെടുത്തുന്നത്. തനതു സ്വഭാവത്തില്‍ മാറ്റം വരുത്താതെതന്നെ ചെറിയ പ്രതലത്തില്‍ ഒതുക്കി സൂക്ഷിക്കാന്‍ കഴിയുന്നതുപോലെ, അവയെ പൂര്‍വ്വസ്ഥിതിയില്‍ തിരികെയെടുക്കാനും കഴിയുമെന്ന തത്വമാണ് നാനോസാങ്കേതികതയില്‍നിന്ന് മൈക്രോചിപ്പ് സ്വീകരിച്ചിരിക്കുന്നത്. ഒരു മുടിനാരിഴയ്ക്കു സ്ഥിതിചെയ്യാന്‍ ആവശ്യമായ പ്രതലത്തില്‍ അനേകം പുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടവയെ സൂക്ഷിക്കാന്‍ കഴിയും.

ഈ നൂതന സംവീധാനം മൈക്രോചിപ്പില്‍ ഉപയോഗപ്പെടുത്തിയാല്‍, ഒരു വ്യക്തിയെ സംബന്ധിക്കുന്ന മുഴുവന്‍ കാര്യങ്ങളും ഒരു മുടിനാരിഴയെക്കാള്‍ ചെറിയ ചിപ്പില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നു. വൈദ്യുതിയോ മറ്റ് ഊര്‍ജ്ജസ്രോതസുകളുടെയോ സഹായമില്ലാതെതന്നെ ഇവ പ്രവര്‍ത്തിപ്പിക്കാനും കഴിയും. ഉപഗ്രഹംവഴി എപ്പോഴും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന സംവീധാനവും ഇതിലുണ്ട്. ജി.പി.എസ് സൗകര്യംപോലും ഈ ചിപ്പില്‍ ക്രമീകരിക്കാന്‍ കഴിയും. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരത്തില്‍ ഇത് ഘടിപ്പിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 2015 മാര്‍ച്ച് 20-ന് ഗുജറാത്തില്‍ ഇന്ത്യാ- പാക് സമുദ്രാതിര്‍ത്തിക്ക് സമീപം കാലില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച നിലയില്‍ പ്രാവിനെ കണ്ടെത്തിയ സംഭവം ആശങ്ക പരത്തിയിരുന്നു. ഒരു കാലില്‍ മൈക്രോചിപ്പും മറുകാലില്‍ കോഡ് രേഖപ്പെടുത്തിയ വളയവുമായിരുന്നു പ്രാവിന്റെ കാലില്‍ ഘടിപ്പിച്ചിരുന്നത്. ഭീകര പ്രവര്‍ത്തനവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണവും ആഭ്യന്തരമന്ത്രാലയം നടത്തി. സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മേഖലകളുടെ വ്യാപ്തി വ്യക്തമാക്കുന്നതിനാണ് ഇതിവിടെ കുറിച്ചത്.

ആധാര്‍കാര്‍ഡ് പരാജയപ്പെടുന്നിടത്തു കടന്നുവരാന്‍ സാധ്യതയുള്ള സംവീധാനം മൈക്രോചിപ്പ് ആയിരിക്കില്ലെന്നു പറയാന്‍ നമുക്ക് സാധിക്കില്ല. ഇക്കാര്യം വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് മൈക്രോചിപ്പിനെ ഇവിടെ പരിചയപ്പെടുത്തിയത്. ആധാര്‍കാര്‍ഡില്‍ മൈക്രോചിപ്പ് ഉണ്ടെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ആധാര്‍കാര്‍ഡ് നമ്മുടെ ശരീരത്തില്‍ ഘടിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇതില്‍ രേഖപ്പെടുത്തുന്നവയൊന്നും നമ്മുടെ ശരീരത്തില്‍ പതിക്കപ്പെടുന്നില്ല. കൈയിലോ നെറ്റിയിലോ സാത്താന്റെ മുദ്ര പതിക്കാന്‍ ആധാര്‍കാര്‍ഡിലൂടെ സാധിക്കില്ല എന്നതാണു യാഥാര്‍ത്ഥ്യം. നമ്മെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആധാര്‍കാര്‍ഡില്‍ രേഖപ്പെടുത്തുന്നതിന് നമ്മുടെ സഹായമില്ലാതെതന്നെ സാധിക്കുമെന്ന കാര്യവും നാം അറിഞ്ഞിരിക്കണം. മറ്റിടങ്ങളില്‍ ഇരുന്നുകൊണ്ടുതന്നെ നമ്മുടെ കാര്‍ഡില്‍ എഴുതാനും മായ്ക്കാനും സാധിക്കുന്നതാണ്. കാര്‍ഡുമായി ഏതെങ്കിലും സ്ഥാപനത്തിലേക്കു പോകാതെതന്നെ അതു സാധ്യമാകും. ആധാര്‍ നമ്പരാണ് എല്ലാറ്റിനെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. നമ്മുടെ കൈവശമുള്ള ആധാര്‍കാര്‍ഡിലെ മൈക്രോചിപ്പില്‍ പുതുതായി എന്തെങ്കിലും ചേര്‍ക്കാന്‍ സാധിക്കുമെന്നതുകൊണ്ട്, '666' എന്ന സംഖ്യ രേഖപ്പെടുത്തണമെങ്കില്‍ അതും സാധ്യമാണ്. ഇക്കാരണത്താല്‍ത്തന്നെ, ശരീരത്തില്‍ ഘടിപ്പിക്കുന്ന മൈക്രോചിപ്പ് വലിയ ദുരന്തമായി പരിണമിക്കും. നാം അറിയാതെതന്നെ, നമ്മുടെമേല്‍ സാത്താന്റെ മുദ്ര പതിക്കപ്പെടുന്നത് ഇങ്ങനെയാണ്. ആധാര്‍കാര്‍ഡിന് എതിരെയുള്ള നീക്കങ്ങളില്‍ മറഞ്ഞിരിക്കുന്ന അജണ്ടയും ഇതുതന്നെ!

ആധാര്‍കാര്‍ഡിന്റെ വിതരണം പ്രായോഗികമല്ല എന്ന അവസ്ഥ സൃഷ്ടിക്കേണ്ടത് സാത്താന്റെ ആവശ്യമാണ്‌. ആധാര്‍ അപ്രായോഗികമാകുന്നിടത്ത് കടന്നുവരുന്നത് ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ചിപ്പാണ്! സകലരുടെയും കൈയിലോ നെറ്റിയിലോ മൃഗത്തിന്റെ നാമം പതിപ്പിക്കണമെങ്കില്‍ ആധാര്‍കാര്‍ഡിന്റെ വിതരണം തടയേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയുടെമേല്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോചിപ്പുമായി വിവിധ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ടാകും. ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ആ വ്യക്തിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോചിപ്പില്‍ കുറിക്കപ്പെടും. സാത്താന്റെ ആജ്ഞാനുവര്‍ത്തികളെ ഓരോ സ്ഥാപനങ്ങളുടെയും നിയന്ത്രണം അവന്‍ ഏല്പിക്കുമ്പോള്‍, അവന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. സകലരുടെയുംമേല്‍ മുദ്രകുത്തപ്പെടാനുള്ള സാധ്യത സംജാതമാകുന്നത് ഇങ്ങനെയാണ്. ആധുനിക സുവിശേഷകരുടെ ആകുലതകള്‍ക്ക് അടിസ്ഥാനമുണ്ടാകുന്നതും ഇവിടെയാണ്‌. എന്നാല്‍, ഇവര്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാറ്റിലും സാത്താന്റെ മുദ്ര ഭയപ്പെടേണ്ടതില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അവ ഏതൊക്കെയാണെന്ന് പരിശോധിക്കുന്നതിനുമുമ്പ് ഒരു സുപ്രധാന ചോദ്യത്തിന് ഉത്തരം ലഭിക്കണം. ഇതാണ് ആ ചോദ്യം: ഈ മുദ്രയില്‍നിന്ന് ആര്‍ക്കെങ്കിലും ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ എങ്ങനെ?

മൃഗത്തിന്റെ നാമം പതിക്കപ്പെടാത്തവര്‍!

ആരംഭത്തില്‍ നാം ചിന്തിച്ച പ്രവചനം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബ്ബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാധ്യമാക്കാന്‍വേണ്ടിയായിരുന്നു അത്. ഇവിടെയാണ്‌ ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്"(വെളി: 13; 16-18). മൈക്രോചിപ്പും മറ്റ് ആധുനിക സംവീധാനങ്ങളും യാഥാര്‍ത്ഥ്യമായിരിക്കെ, ഈ സംവീധാനത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഭീതിപരത്തുന്ന സന്ദേശങ്ങളുമായി മാധ്യമങ്ങളില്‍ നിറയുന്ന സുവിശേഷകര്‍ പറയുന്നതില്‍ സത്യമുണ്ടെങ്കില്‍ ആര്‍ക്കും ഇതില്‍നിന്നു വിട്ടുനില്‍ക്കാന്‍ കഴിയില്ല. എന്നാല്‍, ദൈവത്തിന്റെ വചനം പറയുന്നത് വിട്ടുനില്‍ക്കാന്‍ സാധിക്കുമെന്നാണ്. ഈ പ്രവചനം ശ്രദ്ധിക്കുക: "യേഹ്ശുവായ്ക്കും ദൈവവചനത്തിനും നല്‍കിയ സാക്ഷ്യത്തെപ്രതി ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിന്റെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്തുവിനോടുകൂടി വാഴുകയും ചെയ്തു"(വെളി: 20; 4). മൃഗത്തിന്റെ മുദ്ര സ്വീകരിക്കാത്തവരായ വ്യക്തികള്‍ ഉണ്ടായിരിക്കുമെന്ന പ്രവചനം നിറവേറപ്പെടേണ്ടതുതന്നെയാണ്. ഇതെങ്ങനെ സാധ്യമാകുമെന്ന അറിവാണ് സുവിശേഷകര്‍ ദൈവജനത്തിനു നല്‍കേണ്ടത്.

ഉഗ്രപീഡനത്തിന്റെ നാളുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നമുക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ പീഡനത്തിന്റെ നാളുകളെ അതിജീവിക്കാനുള്ള വഴികളും നിര്‍ദ്ദേശിച്ചിരിക്കുന്നുവെന്നതാണു യാഥാര്‍ത്ഥ്യം. മൃഗത്തിന്റെ മുദ്ര സ്വീകരിക്കാന്‍ അവന്‍ നിര്‍ബ്ബന്ധിക്കുമ്പോള്‍, അതിനെ അതിജീവിക്കുന്നവര്‍ ഉണ്ടാകും എന്നതിന്റെ വ്യക്തമായ വെളിപ്പെടുത്തല്‍ നമുക്കു ലഭിച്ചിരിക്കുന്നു. ഇനി യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്തെന്നാല്‍, ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും. ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്ഷപ്പെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തും"(മത്താ: 24; 21, 22). പരിമിതമായ ഒരു കാലയളവിനെ അതിജീവിക്കാനുള്ള ശക്തിയാണ് നാം ആര്‍ജ്ജിക്കേണ്ടത്. ദൈവത്തിന്റെ പരിശുദ്ധാത്മാവു മുഖേന നമുക്കു ലഭിച്ചിരിക്കുന്ന വിവേകവും ഇവിടെ പ്രയോഗിക്കണം. ഇന്ന് ആധാര്‍കാര്‍ഡിനെതിരേ കോടതികളില്‍ കേസുകള്‍ നടക്കുന്നുണ്ട്. ആധാര്‍ നിര്‍ബ്ബന്ധമാക്കരുതെന്ന വാദമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കാലങ്ങള്‍ നീളുന്ന കോടതിനടപടികളിലൂടെ നമുക്കു ലഭിക്കുന്ന ലാഭം സമയമാണ്! ആധാറിനെ എതിര്‍ക്കുന്നതുപോലെ, ശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാനുള്ള നീക്കം ആരംഭിക്കുമ്പോഴും കോടതികളെ സമീപിച്ച് കാലവിളംബം സൃഷ്ടിക്കുകയെന്നതാണ് ഇവിടെ പ്രയോഗിക്കേണ്ട വിവേകം! തെരഞ്ഞെടുക്കപ്പെട്ട ദൈവമക്കള്‍ക്ക് ഈ സമയം ധാരാളമാണ്. 'വന്ദേമാതരം' എന്ന പൈശാചിക ഗാനം ആലപിക്കുന്നത് സ്കൂളുകളില്‍ നിര്‍ബന്ധമാക്കാന്‍ ശ്രമം നടന്നപ്പോള്‍, അതിനെതിരെ കോടതിയെ സമീപിച്ചത് ഇന്ത്യയിലെ ഏറ്റവും ചെറിയ സമൂഹമായ 'യഹോവാ സാക്ഷികള്‍' ആയിരുന്നു. ഇവരുടെ നിയമപോരാട്ടമാണ് ഈ പൈശാചികതയില്‍നിന്നു നമുക്കെല്ലാം മോചനം നല്‍കിയത്!

യേഹ്ശുവായുടെ മറ്റൊരു വചനമിവിടെ പ്രസക്തമാകുന്നു. ഈ വചനം സൂക്ഷമതയോടെ ശ്രദ്ധിക്കുക: "ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്റെ ആഗമനത്തിനുമുമ്പ്, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല"(മത്താ: 10; 23). ഈ വചനത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വലിയൊരു സത്യമുണ്ട്. ഇസ്രായേലിലെ പട്ടണങ്ങളെല്ലാം എന്ന പ്രയോഗത്തെ വെറും പ്രതീകമായി മാത്രം കണ്ടാല്‍മതി. എന്തെന്നാല്‍, ഇത് ഇസ്രായേല്‍ എന്ന രാജ്യത്തെക്കുറിച്ചല്ല പറഞ്ഞിരിക്കുന്നത്; ആധുനീക ഇസ്രായേലായ ക്രൈസ്തവര്‍ വസിക്കുന്ന ദേശങ്ങളെയെല്ലാം ചേര്‍ത്തുകൊണ്ടാണ് ഇസ്രായേലിലെ പട്ടണങ്ങള്‍ എന്ന് പറഞ്ഞിരിക്കുന്നത്. മാത്രവുമല്ല, പട്ടണങ്ങള്‍ എന്നതും പ്രതീകമാണ്. പട്ടണങ്ങള്‍ ഓടി പൂര്‍ത്തിയാക്കുക എന്നതിലൂടെ ഒരു സംവീധാനത്തെ അതിജീവിക്കുന്നതിന് ആവശ്യമായ സമയത്തെ നമുക്കു പരിഗണിക്കാന്‍ കഴിയും. മൈക്രോചിപ്പോ മറ്റേതെങ്കിലും സംവീധാനങ്ങളോ നമുക്കെതിരേ ഉയരുമ്പോള്‍, നിയമനടപടികളിലൂടെയോ മറ്റോ അതിനെ അതിജീവിക്കാനുള്ള സമയം നമുക്കു ലഭിക്കും. പട്ടണങ്ങളില്‍നിന്നുള്ള ഓട്ടത്തെ ഒരു നിയമത്തില്‍നിന്നുള്ള ഒഴിഞ്ഞുമാറലായി ചിന്തിക്കാന്‍ കഴിയും. തെരഞ്ഞെടുക്കപ്പെട്ടവര്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ അതിജീവനത്തിനുള്ള സമയം ലഭിക്കുമെന്നാണ് യേഹ്ശുവാ വ്യക്തമാക്കിയത്.

എന്നാല്‍, ദൈവരാജ്യത്തെക്കാള്‍ ഉപരിയായി ഈ ലോകത്തെ സ്നേഹിക്കുന്നവര്‍ക്ക് സാത്താന്റെ മുദ്ര ഒരു പ്രശ്നമല്ല. നിയമത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ അതിനെ സ്വീകരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകും. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട നാം അതിനെ അതിജീവിക്കേണ്ടിയിരിക്കുന്നു. ദൈവരാജ്യത്തെപ്രതിയും യേഹ്ശുവായുടെ നാമത്തെപ്രതിയും പല സൗകര്യങ്ങളും നാം ത്യജിക്കാന്‍ തയ്യാറാകണം. ലോകത്തിന്റെ സകലതും ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ് അതിജീവനം ഒരു പ്രശ്നമാകുകയുള്ളൂ. ചില പ്രത്യേക കമ്പനികളുടെ വസ്തുക്കള്‍ വാങ്ങാതിരിക്കുകയും ആധുനീകമായ ചില സൗകര്യങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവുകയും ചെയ്‌താല്‍ പൈശാചികമായ സകലതിനെയും അതിജീവിക്കാന്‍ സാധിക്കും. ഗള്‍ഫ്‌ രാജ്യങ്ങളിലും ഇന്ത്യയിലും ലഭിക്കുന്ന 'ഹലാല്‍' ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാന്‍പോലും തയ്യാറാകാത്തവര്‍ക്ക് ഉഗ്രപീഡനത്തെ അതിജീവിക്കുകയെന്നത് അസാദ്ധ്യമായിരിക്കും. വിഗ്രഹാര്‍പ്പിതമായ ഒന്നും ഭക്ഷിക്കാതെ, ദൈവത്തോടു വിശ്വസ്തത പുലര്‍ത്തുന്ന അനേകര്‍ ഇപ്പോള്‍ത്തന്നെ ലോകത്തുണ്ട്. ദൈവരാജ്യത്തെപ്രതി ചില താത്പര്യങ്ങളെ മാറ്റിവയ്ക്കാന്‍ തയ്യാറാകുന്നവരെ ശക്തിപ്പെടുത്താന്‍ ദൈവത്തിന്റെ നാമം അവരോടുകൂടെ സഹവസിക്കും. അല്ലാത്തവരെ സംബന്ധിച്ചു ദൈവത്തിന്റെ വചനം ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "അങ്ങനെയുള്ളവര്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും"(നിയമം: 29; 19). ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഇവര്‍ ഈ ലോകത്തിനപ്പുറമുള്ള മറ്റൊരാശ്വാസം പ്രതീക്ഷിക്കുന്നില്ല!

യേഹ്ശുവായുടെ ഈ വചനം ശ്രദ്ധിക്കുക: "എന്റെ നാമം മൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്പെടും"(മത്താ: 10; 22). യേഹ്ശുവാ എന്ന നാമത്തെപ്രതി ദ്വേഷിക്കപ്പെടുകയെന്നത് യോഗ്യതയായി പരിഗണിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി. മറ്റുള്ളവരുടെ പ്രീതിക്കായി അവിടുത്തെ നിഷേധിക്കാനും അവിടുത്തെ നാമത്തെ അന്യദേവന്മാരുടെ ആചാരങ്ങളോടു ചേര്‍ത്തുവച്ചു കളങ്കപ്പെടുത്താനും മടിക്കാത്തവര്‍ ക്രിസ്തുവിനുള്ളവരല്ല. യേഹ്ശുവായെ ഏകരക്ഷകനും ഏകദൈവവുമായി പരിഗണിച്ചിട്ടുള്ള ഒരുവനെപ്പോലും അവിടുന്ന് തള്ളിക്കളയുകയില്ല എന്നതാണ് അവിടുത്തെ നാമത്തില്‍ നമുക്കുള്ള ഉറപ്പ്. യേഹ്ശുവാ എന്ന അവിടുത്തെ മാറ്റമില്ലാത്ത നാമത്തെ അറിയുന്ന സകലരും ആ നാമത്താല്‍ സംരക്ഷിക്കപ്പെടും. ഈ വചനം നോക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും"(സങ്കീ: 91; 14, 15). അവിടുത്തെ നാമം അറിയേണ്ടതിന്റെ പ്രാധാന്യമാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്തെങ്കിലും നാമം അറിയുകയോ ആ നാമം വിളിച്ചപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്കല്ല അവിടുന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്. അവിടുത്തെ യഥാര്‍ത്ഥ നാമംതന്നെ അറിയണം; ആ നാമം വിളിച്ചപേക്ഷിക്കുകയും വേണം. സ്വര്‍ഗ്ഗത്തില്‍നിന്നാണ് അവിടുത്തെ നാമം പ്രഖ്യാപിക്കപ്പെട്ടത്. സ്വര്‍ഗ്ഗത്തിലെ ദൂതന്‍ ഇപ്രകാരം അരുളിച്ചെയ്തു: "നീ അവന് യേഹ്ശുവാ എന്നു പേരിടണം"(മത്താ: 1; 21), (ലൂക്കാ: 1; 31). ഇതാണ് എന്നേക്കുമുള്ള അവിടുത്തെ നാമം!

സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ നാമംതന്നെയാണ് യേഹ്ശുവാ വഹിച്ചത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ! ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്‍കിയ അവിടുത്തെ നാമത്തില്‍ ഞാന്‍ അവരെ സംരക്ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു"(യോഹ: 17; 11, 12). യേഹ്ശുവായോടു ചേര്‍ന്നുനില്‍ക്കുകയും അവിടുത്തെ നാമം വിളിക്കുകയും ചെയ്യുന്ന ഏതൊരുവനും സുരക്ഷിതനാണ്. അവന്റെമേല്‍ ലോകത്തിനോ അതിന്റെ സംവീധാനങ്ങള്‍ക്കോ യാതൊരു അവകാശവുമില്ല. ഇടംവലം വ്യതിചലിക്കാതെ, അവിടുത്തെ നാമത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കുള്ള വാഗ്ദാനമാണിത്! ഉഗ്രപീഡനത്തിന്റെ നാളുകളില്‍ അതിനെ അതിജീവിക്കുന്നവര്‍ ആരൊക്കെയായിരിക്കുമെന്നു വചനം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വചനം നോക്കുക: "യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷ പ്രാപിക്കും. യാഹ്‌വെ അരുളിച്ചെയ്തതുപോലെ സീയോന്‍ പര്‍വ്വതത്തിലും ജറുസലെമിലും രക്ഷപ്പെടുന്നവരുണ്ടാകും. യാഹ്‌വെ വിളിക്കുന്നവര്‍ അതിജീവിക്കും"(ജോയേല്‍: 2; 32). ലോകത്തിന് അനുരൂപരായി ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം പീഡനത്തെ അതിജീവിക്കുകയെന്നത് അവരുടെ ലക്ഷ്യമല്ല. എന്നാല്‍, നിത്യജീവന്‍ അഭിലഷിക്കുന്നവന്‍ അവിടുത്തെ നാമത്തില്‍ ചിലതെല്ലാം ത്യജിക്കാന്‍ തയ്യാറാകണം.

ചില കൊടുക്കല്‍-വാങ്ങലുകള്‍ അസാദ്ധ്യമാകുമ്പോള്‍, ബദല്‍ സംവീധാനങ്ങള്‍ നാം ആവിഷ്ക്കരിക്കണം. ഒരു പട്ടണത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍ എന്ന ഉപദേശം ഇവിടെയും പ്രായോഗികമാക്കാവുന്നതാണ്. ഒന്ന് നമുക്കു നിഷിദ്ധമാകുമ്പോള്‍ മറ്റൊന്ന് തിരഞ്ഞെടുക്കണം. യേഹ്ശുവായുടെ ആഗമനത്തിനുമുമ്പ് സകലതും നിഷിദ്ധമാക്കപ്പെടുന്ന അവസ്ഥ സംജാതമാകില്ല. എന്തെന്നാല്‍, അതിനുമുമ്പ് അവിടുന്ന് നീതിനടത്തിത്തരാന്‍ പ്രത്യക്ഷനാകും. കൊടുക്കല്‍ വാങ്ങലുകള്‍ അസാദ്ധ്യമാകുന്ന അവസ്ഥ മുന്നില്‍ക്കണ്ടായിരിക്കണം ദൈവമക്കള്‍ പ്രവര്‍ത്തിക്കേണ്ടത്. വിവേകമതികള്‍ ക്ഷാമകാലത്തേയ്ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കാറുണ്ട്. അതുപോലെതന്നെ, ആത്മീയജീവിതത്തിലും കരുതല്‍ അനിവാര്യമാണ്. ആദ്യനൂറ്റാണ്ടിലെ സഭാമക്കള്‍ പ്രവര്‍ത്തിച്ച രീതിയും അനുകരണീയമാണ്. സഹോദരങ്ങള്‍ തമ്മില്‍ പങ്കുവയ്ക്കലായിരുന്നു അത്. 'ബാര്‍ട്ടര്‍ സിസ്റ്റം' പോലും ആലോചിക്കാവുന്നതാണ്. അരിക്ക് പകരം തേങ്ങയും മറ്റു ഭക്ഷ്യവസ്തുക്കളും നല്‍കുന്ന രീതി അവലംബിക്കുമ്പോള്‍, നഷ്ടപ്പെട്ടുപോയ കൂട്ടായ്മ തിരികെവരികയും ചെയ്യും. വിവേകത്തോടെ വര്‍ത്തിക്കുന്നവനെയാണ് ദൈവം കടാക്ഷിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടുകയും, വിവേകത്തോടെ അതിനെ അതിജീവിക്കുകയും വേണം.

ഈ ഭൂമിയിലെ ആഢംബര ജീവിതത്തെ അളവറ്റു സ്നേഹിക്കുന്ന ഒരുവനും പീഡനത്തെ അതിജീവിക്കാന്‍ കഴിയില്ല. സ്വന്തം മക്കളെ ലോകത്തിന് അനുരൂപരായി വളര്‍ത്തുന്നവര്‍ ആ കുഞ്ഞുങ്ങളുടെ അന്തകരാണ്. എന്തെന്നാല്‍, ആഢംബരത്തില്‍ അലിഞ്ഞുചേര്‍ന്നു ജീവിക്കുന്ന അവര്‍ക്ക് പീഡനത്തിന്റെ നാളുകളെ എങ്ങനെ അതിജീവിക്കാന്‍ കഴിയും? ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങളില്‍നിന്ന് അല്പംപോലും താഴോട്ടുവരാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഉയരങ്ങളില്‍നിന്നുള്ള ഇറക്കത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. അതിഭൗതീകതയില്‍ വ്യാപരിക്കുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ദൈവരാജ്യത്തെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതാവും ഭേദം! സ്വര്‍ഗ്ഗരാജ്യം ലക്ഷ്യമാക്കി ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അല്‍പകാലത്തെ സഹനത്തിനുശേഷം നീതിയുടെ കിരീടം അവര്‍ അണിയും. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമെന്നു ഞാന്‍ കരുതുന്നു"(റോമാ: 8; 18). അനശ്വരതയില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ ഈ ലോകത്തെ അധികമായി സ്നേഹിക്കില്ല. ലൗകീക മനുഷ്യനു സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കാന്‍ സാധിക്കില്ല. എന്താന്നാല്‍ ബൈബിള്‍ ഇപ്രകാരം പ്രഖ്യാപിക്കുന്നു: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4).

അപ്പസ്തോലന്മാരുടെ മനോഭാവത്തിലേക്കാണ് നാം വളരേണ്ടത്. അവരുടെ മനോഭാവത്തിലേക്കു വളരാന്‍ കഴിഞ്ഞാല്‍ ഏതു പീഡനങ്ങളെയും അതിജീവിക്കാനുള്ള ശക്തി നാം ആര്‍ജ്ജിക്കും. പൗലോസ് അപ്പസ്തോലന്റെ ഈ മനോഭാവം നോക്കുക: "എന്നാല്‍, എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്റെ രക്ഷകനായ യേഹ്ശുവാ മ്ശിഹായെ പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വ്വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലതും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്"(ഫിലിപ്പി: 3; 7, 8). യേഹ്ശുവായുടെ നാമത്തെപ്രതിയും ദൈവരാജ്യത്തെപ്രതിയും നഷ്ടപ്പെടുത്താന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് അവിടുത്തെ വാഗ്ദാനങ്ങള്‍ പ്രാപിക്കാന്‍ കഴിയുകയുള്ളൂ! നഷ്ടപ്പെടുത്തുന്നതെന്തും നൂറിരട്ടിയായി നല്കുന്നവന്റെ നാമത്തിലാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്! നാം ലക്ഷ്യമിടുന്നത് എന്തിനെയാണോ അത് എത്തിപ്പിടിക്കുന്നതിനുവേണ്ടിയുള്ള പ്രയത്നമായിരിക്കണം നമ്മില്‍നിന്നുണ്ടാവേണ്ടത്.

അടിസ്ഥാനമില്ലാത്ത ദുരൂഹതകള്‍!

ദൈവത്തിന്റെ വചനത്തില്‍ ശാസനകളും മുന്നറിയിപ്പുകളുമുണ്ട്. നമ്മുടെ ശാശ്വതമായ നന്മയെ ലക്ഷ്യമാക്കി ദൈവം നല്കിയിരിക്കുന്നതാണ് ഇവയെല്ലാം. നിയമം ലംഘിച്ചാല്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷയുടെ കാഠിന്യം വെളിപ്പെടുത്തിയിരിക്കുന്നത്, നിയമം അനുസരിക്കേണ്ടതിന്റെ ഗൗരവം ഓര്‍മ്മപ്പെടുത്താനാണ്. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക"(ഏശയ്യാ:66;2). ദൈവവചനത്തിന്റെ മുന്‍പില്‍ എന്തിനാണു നാം ഭയന്നു വിറയ്ക്കുന്നത്? നിത്യജീവനില്‍നിന്നു നമ്മെ അകറ്റാന്‍ കാരണമാകുന്ന പാപങ്ങളെക്കുറിച്ചുള്ള താക്കീതുകള്‍ വായിക്കുമ്പോള്‍ നാം ഭയപ്പെടുന്നുണ്ടെങ്കില്‍, അത് നമ്മെ അനുതാപത്തിലേക്കു നയിക്കാനുള്ള ഭയമായിരിക്കണം. പാപത്തിന്റെ ഗൗരവം ജനത്തിനു മനസ്സിലാക്കികൊടുക്കാനും, രക്ഷയുടെ മാര്‍ഗ്ഗം അവര്‍ക്കു നിര്‍ദ്ദേശിക്കാനും അഭിഷേകം ചെയ്യപ്പെട്ടവരാണ് പ്രവാചകന്മാര്‍! ഈ പ്രവാചക ദൗത്യമാണ് ഓരോ ക്രൈസ്തവരിലും ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകന്‍ എങ്ങനെയായിരിക്കണമെന്നു നോക്കുക: "മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും പിന്മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും"(എസക്കി: 3; 16-19).

താക്കീതുകള്‍ അറിയിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സുവിശേഷകനു മാറിനില്‍ക്കാന്‍ കഴിയില്ല. എന്നാല്‍, വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് താക്കീതുകള്‍ നല്‍കുന്നതോടൊപ്പം, ഈ അപകടങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും വേണം. രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അപകടങ്ങളെക്കുറിച്ചുള്ള താക്കീതുകള്‍ക്കൊണ്ട് യാതൊരു ഫലവുമില്ല. ആയതിനാല്‍, പിശാചിന്റെ കെണികളില്‍ വീഴാതെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം തെളിക്കാന്‍ സുവിശേഷകര്‍ തയ്യാറാകണം. സാത്താന്റെ മുദ്രയുടെ കാര്യത്തിലും വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതോടൊപ്പം, ഈ മുദ്രയില്‍നിന്ന് എങ്ങനെ അകന്നുനില്‍ക്കാന്‍ സാധിക്കുമെന്ന ഉപദേശവും അനിവാര്യമാണ്. എന്നാല്‍, രക്ഷയുടെ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാതെ, വരാനിരിക്കുന്ന ഭീകര ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന സന്ദേശങ്ങളാണ് ഇന്ന് പല സുവിശേഷകരില്‍നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. അപകടകാരികളായ ഇവര്‍മൂലം അനേകര്‍ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും പിടിയില്‍ അമര്‍ന്നിരിക്കുന്നു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വചനം വ്യാഖ്യാനിക്കുന്ന ഇത്തരക്കാരിലൂടെ യഥാര്‍ത്ഥ സത്യം മറച്ചുവയ്ക്കപ്പെടുന്നു എന്നതാണു യാഥാര്‍ത്ഥ്യം. സാത്താന്റെ മുദ്രയെക്കുറിച്ച് ഇവര്‍ പ്രചരിപ്പിക്കുന്നവയില്‍ ഏറെയും അബദ്ധങ്ങളും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്‌. ഹെബ്രായഭാഷയുമായി ചേര്‍ത്തുവച്ചുകൊണ്ട് '666' എന്ന സംഖ്യയെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നു മാത്രമല്ല, പിശാചിന്റെ അജണ്ടയും ഇതിന്റെ പിന്നിലുണ്ട്.

സാത്താന്റെ മുദ്രയെ സംബന്ധിച്ച് തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ യഥാര്‍ത്ഥ മുദ്ര മറച്ചുവയ്ക്കപ്പെടുന്നു. ഹെബ്രായ ഭാഷയുമായി ബന്ധപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ലോകജനതയുടെയിടയില്‍ യാതൊരു സ്വാധീനവുമില്ലാത്ത ഈ ഭാഷയിലാണ് സാത്താന്റെ മുദ്ര പതിക്കുന്നതെന്ന് ആരും ധരിക്കരുത്. സാത്താന്റെ എല്ലാ അധാര്‍മ്മികതകളും ഈ ഭൂമുഖത്തു പ്രസരിപ്പിക്കാന്‍ അവന്‍ തിരഞ്ഞെടുത്തു ലോകത്തില്‍ പ്രചരിപ്പിച്ച അവന്റെ ഭാഷ ഇംഗ്ലീഷാണ്! ഈ ഭാഷയെ അന്താരാഷ്‌ട്ര ഭാഷയാക്കാന്‍ ഒരു സാമ്രാജ്യത്വംതന്നെ അവന്‍ സ്ഥാപിച്ചു. സൂര്യനസ്തമിക്കാത്തവിധം ഈ സാമ്രാജ്യത്വം വിശാലമാക്കിക്കൊണ്ട് ഇംഗ്ലീഷ് ഭാഷയെ ലോകഭാഷയാക്കി! യേഹ്ശുവാ, യാഹ്‌വെ എന്നീ മഹനീയ നാമങ്ങള്‍ ഉന്മൂലനം ചെയ്യുന്നതില്‍ വലിയ പങ്കുവഹിച്ചത് ഈ ഭാഷയാണ്‌. മനുഷ്യരുടെ ശ്രദ്ധ ഹെബ്രായഭാഷയിലേക്കു തിരിച്ചുനിര്‍ത്തിക്കൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ സാത്താന്‍ അവന്റെ മുദ്ര സകല മേഖലകളിലും പതിപ്പിക്കാന്‍ ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ല! ഇംഗ്ലീഷ് ഭാഷയുടെ ഉത്ഭവംതന്നെ ദൈവനിന്ദയോടെയായിരുന്നു. 'ദൈവം' എന്ന പദവിയെ മലിനപ്പെടുത്തിക്കൊണ്ടാണ് സാത്താന്‍ ഈ ഭാഷയിലൂടെയുള്ള അവന്റെ പ്രവത്തനത്തിനു തുടക്കമിട്ടത്. 'GOD' എന്ന പദം തലതിരിച്ചു വായിച്ചാല്‍ അതു വ്യക്തമാകും. പട്ടിയെന്നു വിളിച്ചുകൊണ്ടാണ്‌ അവന്‍ തന്റെ പൈശാചികത ഈ ഭാഷയിലൂടെ വെളിപ്പെടുത്തിയത്. സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും 'യാഹ്‌വെ' എന്ന നാമധേയത്താല്‍ താന്‍ അറിയപ്പെടണം എന്നതു സൈന്യങ്ങളുടെ ദൈവത്തിന്റെ കല്പനയായിരുന്നു. ഈ പരിശുദ്ധ നാമത്തെ 'LORD' എന്ന പദംകൊണ്ട് വികൃതവും മലിനവുമാക്കിയത് ഇംഗ്ലീഷ് ഭാഷയിലൂടെയാണ്‌. വിജാതിയ ദേവന്മാരെ വിശേഷിപ്പിക്കാനും ഈ പദം ഉപയോഗിക്കുന്നുവെന്നത് ഇംഗ്ലീഷ് ഭാഷയുടെ മാത്രം പ്രത്യേകതയാണ്.

അനുദിനജീവിതത്തില്‍ ഒഴിവാക്കാന്‍ പ്രയാസമുള്ള സകലത്തിലും അവന്‍ തന്റെ നാമം ആലേഖനം ചെയ്തത്‌ ഇംഗ്ലീഷ് ഭാഷയിലൂടെയാണെന്നതും നാം തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ കടന്നുചെന്ന നാടുകളിലൊക്കെ ഇംഗ്ലീഷ് പ്രചരിപ്പിച്ചതുകൊണ്ട്, ഈ ഭാഷയില്‍ത്തന്നെ മൃഗത്തിന്റെ നാമം അടയാളപ്പെടുത്തിയാല്‍ ലഭിക്കുന്നത്ര സ്വീകാര്യത മറ്റൊരു ഭാഷയിലും ലഭിക്കില്ല. ആയിരത്തിലൊരുവന്‍ മാത്രം ഉപയോഗിക്കുന്ന ഹീബ്രുഭാഷ ഉപയോഗിക്കാന്‍ തക്കവിധം വിഡ്ഢിയാണ് പിശാചെന്ന് ആരും കരുതരുത്. പ്രൊട്ടസ്റ്റന്റ് പ്രഘോഷകരില്‍ ചിലരുടെ യഹൂദ പ്രണയമാണ് ഹീബ്രുഭാഷയെ ഉയര്‍ത്തിപ്പിടിക്കാന്‍ കാരണം. 'WWW' എന്നത് '666' എന്ന സംഖ്യയുടെ അക്ഷരമാണെന്ന പ്രചാരണവുമായി ചിലര്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു. ഹീബ്രുഭാഷയിലെ ആറാമത്തെ അക്ഷരമാണ് 'W' എന്ന വാദവുമായിട്ടാണ് ഇവര്‍ നിലകൊള്ളുന്നത്. എന്നാല്‍, പിശാചിന്റെ നാമം മുദ്രചെയ്യുന്നത് അവന്‍ സൃഷ്ടിക്കുകയും വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്ത ഇംഗ്ലീഷ് ഭാഷയിലാണ്. 'W' എന്ന അക്ഷരം ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിമൂന്നാമത്തെ അക്ഷരമാണെന്നു നമുക്കറിയാം. ഈ അക്ഷരത്തിന്റെ സംഖ്യ അഞ്ചാണ് (2 + 3 = 5). ഇംഗ്ലീഷ് അക്ഷരമാലയില്‍ 6 എന്ന സംഖ്യയെ പ്രതിനിധീകരിക്കുന്നത്‌ F, O, X എന്നീ മൂന്ന് അക്ഷരങ്ങളാണ്. F (6), O (1 + 5 = 6), X (2 + 4 = 6).

ആറ് എന്ന സംഖ്യയുള്ള അക്ഷരങ്ങള്‍ ക്രമമായി ചേര്‍ത്തുവച്ചാല്‍ മൃഗത്തിന്റെ നാമത്തിന്റെ സംഖ്യയായ '666' ആകും. ആ അക്ഷരങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ ഈ സംഖ്യ മാത്രമല്ല, അവന്റെ പേരും തെളിഞ്ഞുവരും. 'FOX'  അഥവാ കുറുക്കന്‍ എന്നാണ് ആ നാമം!  യേഹ്ശുവാ ആരെയാണ് കുറുക്കന്‍ എന്ന് സംബോധനചെയ്തിട്ടുള്ളതെന്നു നോക്കുക: "അപ്പോള്‍തന്നെ ചില ഫരിസേയര്‍ വന്ന് അവനോടു പറഞ്ഞു: ഇവിടെനിന്നു പോവുക; ഹേറോദേസ് നിന്നെ കൊല്ലാന്‍ ഒരുങ്ങുന്നു. അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍; ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും"(ലൂക്കാ: 13; 31, 32). മൃഗത്തിന്റെ പ്രതീകമായി ഹേറോദേസിനെ പരിഗണിക്കാന്‍ കഴിയും. എന്തെന്നാല്‍, തന്നെത്തന്നെ ദൈവതുല്യം ഉയര്‍ത്തുകയും അതിനുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത വ്യക്തിയാണ് ഇവന്‍! അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തില്‍ ഇത് വായിക്കാന്‍ കഴിയും. കൂടാതെ, ഹേറോദേസിനെയും മൃഗത്തെയും ചേര്‍ത്തുവയ്ക്കാന്‍ വേറെയും കാരണങ്ങളുണ്ട്. ഏലിയാപ്രവാചകന്‍ വരുമ്പോള്‍ അവനെ വധിക്കുന്നത് മൃഗമായിരിക്കുമെന്നു വെളിപാടു പുസ്തകത്തില്‍ നാം വായിക്കുന്നു. ഏലിയാ തന്നെയായ യോഹന്നാനെ വധിച്ചത് ഹേറോദേസ് ആയിരുന്നു എന്നകാര്യവും വിസ്മരിക്കരുത്. ഇവനെ മൃഗത്തോടു ചേര്‍ത്തു പരിഗണിക്കാന്‍ മനോവയെ പ്രേരിപ്പിക്കുന്നത് ഈ സാദൃശ്യങ്ങളാണ്!

'കുറുക്കന്‍' എന്ന് ഇംഗ്ലീഷില്‍ എഴുതിയാല്‍ '666' എന്ന സംഖ്യ കാണാന്‍ കഴിയും എന്ന് മാത്രമല്ല, ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ഡിക്ഷ്ണറിയുടെ പേര് (OXFORD) ആരംഭിക്കുന്നതും '666' എന്ന സംഖ്യയിലാണ്. ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനമുള്ള മേഖലകളിലെ എല്ലാ ഭവനങ്ങളിലും മൃഗത്തിന്റെ ചിഹ്നം പതിക്കാന്‍ സാത്താനു സാധിച്ചു എന്നതാണു യാഥാര്‍ത്ഥ്യം. ഇലക്ട്രിക്‌ പവര്‍ സ്വിച്ചുകളില്ലാത്ത ഏതെങ്കിലും വീടുകളോ സ്ഥാപനങ്ങളോ ഉണ്ടാകാന്‍ സാധ്യതയില്ല. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ON | OFF നിര്‍ദ്ദേശത്തില്‍ മൃഗത്തിന്റെ നാമസംഖ്യയായ '666' ആരെങ്കിലും തിരിച്ചരിഞ്ഞിട്ടുണ്ടോ? OFF എന്നത് '666' ആണ്! ഇംഗ്ലീഷ് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ 'O' യുടെ സംഖ്യ '6' (1 + 5 = 6) ആണെന്നു നമുക്കറിയാം. ആറാമത്തെ അക്ഷരമായ 'F' രണ്ടുവട്ടം എഴുതുമ്പോള്‍ '666' എന്ന സംഖ്യ പൂര്‍ത്തിയാകും. അതായത്, OFF എന്ന മുദ്രയില്ലാത്ത വീടുകളോ സ്ഥാപനങ്ങളോ ഇല്ലാത്തതുപോലെ, മൃഗത്തിന്റെ നാമത്തെ സ്പര്‍ശിക്കാത്ത ഒരു ദിവസംപോലും ആരുടേയും ജീവിതത്തില്‍ കടന്നുപോകില്ല! ഇംഗ്ലീഷ് ഭാഷയിലൂടെ കടന്നുവന്ന ദുരന്തങ്ങള്‍ ഇനിയുമുണ്ട്. ടെലിവിഷനില്‍ തത്സമയ പരിപാടികള്‍ കാണത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണിത്. ടെലിവിഷനില്‍ തത്സമയ പരിപാടികള്‍ നടക്കുമ്പോള്‍ 'LIVE' എന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്നതു കാണാം. 'LIVE' എന്നത് തലതിരിച്ചു വായിച്ചാല്‍ (വലത്തുനിന്ന് ഇടത്തോട്ട്) 'EVIL' എന്നാണ്! ആരാണ് Evil?

'XXX' എന്നപേരില്‍ മദ്യമുണ്ട്‌. രതിവൈകൃതങ്ങളെ സൂചിപ്പിക്കാനും 'XXX' എന്ന് കുറിക്കുന്നു. വസ്ത്രങ്ങളുടെ വലിപ്പത്തെ സംബന്ധിച്ചുള്ള സൂചനയിലും 'XXXL' കാണാം. ചില കുട്ടികളുടെ ടി-ഷര്‍ട്ടില്‍ പോലും 'XXX' അലങ്കാരമായി മുദ്രകുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. 'XXX' എന്നത് മൃഗത്തിന്റെ സംഖ്യയായ '666' ആണ്! (2 + 4 = 6, 2 + 4 = 6, 2 + 4 = 6). മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്ര ചെയ്യാന്‍ ശ്രമിക്കുന്നത് ഹീബ്രുഭാഷയിലായിരിക്കുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇംഗ്ലീഷ് ഭാഷയും ബ്രിട്ടീഷ് സാമ്രാജ്യത്വവും ഈ ഭൂമുഖത്തു സ്ഥാപിതമായത് സാത്താന്റെ പദ്ധതിയുടെ നടത്തിപ്പിനുവേണ്ടിയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം നിലനിന്ന ദേശങ്ങളിലെല്ലാം അവന്‍ തന്റെ മുദ്ര പതിച്ചുകഴിഞ്ഞു. എന്നാല്‍, ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ദൈവമക്കള്‍ ഭയപ്പെടേണ്ടാ! എന്തെന്നാല്‍, മനസ്സുവച്ചാല്‍ ഈ മുദ്രയില്‍നിന്നു മോചനം പ്രാപിക്കാന്‍ ആര്‍ക്കും സാധിക്കും! 'LIVE' എന്ന മുദ്ര ടെലിവിഷന്‍ സ്ക്രീനില്‍ ഏതെങ്കിലും മൂലയിലായിരിക്കും രേഖപ്പെടുത്തുന്നത്. അത് മറയുന്ന വിധത്തില്‍ സ്റ്റിക്കര്‍ പതിപ്പിക്കുകയോ മറ്റെന്തെങ്കിലും സംവീധാനത്തിലൂടെ അത് മറയ്ക്കുകയോ ചെയ്യാന്‍ സാധിക്കും. പണം നല്‍കി വാങ്ങുന്ന ഉത്പന്നങ്ങളിലോ സേവനങ്ങളിലോ സാത്താന്റെ മുദ്രയുണ്ടെങ്കില്‍ അവ ഒഴിവാക്കണം. Vodafone, Audi തുടങ്ങിയവ ഒഴിവാക്കാന്‍ ദൈവമക്കള്‍ക്കു പ്രയാസമൊന്നുമില്ല.

ഇലക്ട്രിക്‌ സ്വിച്ചുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ 'OFF' എന്ന് രേഖപ്പെടുത്താത്തത് തിരഞ്ഞെടുക്കുകയോ, രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മായ്ച്ചുകളയുകയോ ചെയ്യണം. എന്തെങ്കിലും സ്റ്റിക്കര്‍ പതിപ്പിച്ചു മറയ്ക്കുവാനും സാധിക്കും. ഒരുപക്ഷേ ഇങ്ങനെ ചെയ്യുമ്പോള്‍ ഭംഗി കുറയാന്‍ സാധ്യതയുണ്ട്. നിത്യരക്ഷയെക്കാള്‍ അധികമായി ഭംഗിക്ക് പ്രാധാന്യം നല്‍കുന്നുവെങ്കില്‍ മറ്റൊരു ഉപദേശം മനോവയുടെ പക്കലില്ല! അവ പതിക്കപ്പെട്ടിരിക്കുന്നത് കൈയിലോ നെറ്റിയിലോ അല്ലാത്തതുകൊണ്ട് ആരും ആശ്വസിക്കരുത്. കാരണം, നമ്മെ മാത്രമല്ല, നമുക്കുള്ളവയെയും ദൈവത്തിനു സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ദൈവം നമുക്കു നല്‍കിയ ഒന്നിലും സാത്താന്റെ മുദ്ര പതിക്കപ്പെടാതിരിക്കട്ടെ! മൃഗത്തിന്റെ സംഖ്യ സ്വീകരിക്കാത്തവരായ അനേകര്‍ അന്ന് ഉണ്ടായിരിക്കും എന്നകാര്യം വിസ്മരിക്കരുത്.

"മനസ്സുവച്ചാല്‍ നിനക്കു കല്പനകള്‍ പാലിക്കാന്‍ സാധിക്കും; വിശ്വസ്തതാപൂര്‍വ്വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടുന്ന് നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവനു ലഭിക്കും"(പ്രഭാഷകന്‍: 15; 15-17). നിങ്ങളെ വഞ്ചിക്കാന്‍ അനേകര്‍ ഇറങ്ങിയിട്ടുണ്ടെന്നു മനസ്സിലാക്കിയിരിക്കുക! വ്യാജപ്രബോധനങ്ങളിലൂടെ സകലരെയും വഴിതെറ്റിക്കുന്ന പിശാചിന്റെ ആത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കൗശലപൂര്‍വ്വം യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നതിലൂടെ അവന്‍ ലക്ഷ്യമിടുന്നത് സകലരുടെമേലും മുദ്ര പതിക്കുകയെന്നതാണ്. എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന ഭാഷയില്‍ത്തന്നെ അതു കടന്നുവരും! ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ! നിസ്സാരമെന്നു തോന്നുന്ന അവഗണനകളിലൂടെ ജീവന്‍ നഷ്ടപ്പെടുത്താതിരിക്കുക! എന്നാല്‍, ടെലഫോണ്‍ നമ്പറിലോ ആധാര്‍ നമ്പറിലോ ബാര്‍കോഡിലോ സ്വാഭാവികമായി മാത്രം കടന്നുവരുന്ന സംഖ്യകളെ ആരും ഭയപ്പെടേണ്ടാ! വലത്തുകൈയിലോ നെറ്റിയിലോ മുദ്രയടിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന സാഹചര്യമുണ്ടായാല്‍, അതില്‍നിന്നു മാറിനില്‍ക്കുക. മറിച്ച്, ഭീതിപരത്തുന്ന സുവിശേഷകരുടെ ജല്പനങ്ങളെ തള്ളിക്കളഞ്ഞ് വിവേകത്തോടെ മുന്നേറുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3603 views

LOG IN

Lost your password?

SIGN UP

LOST PASSWORD