സഭകളില്‍ ശുദ്ധീകരണം

ആലഞ്ചേരിയുടെ സഭ ക്രിസ്തീയമല്ലേ.......?!

Print By
about

10 - 03 - 2018

ലഞ്ചേരിയുടെ സഭയായ സീറോമലബാര്‍ സഭ ക്രിസ്തീയമല്ലെന്നു പറയുന്നത് മറ്റാരുമല്ല, ആലഞ്ചേരി തന്നെയാണ്. സീറോമലബാര്‍ സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്നും അതിന്റെ അധികാരി താന്‍ മാത്രമാണെന്നും പ്രഖ്യാപിച്ചതിലൂടെ ഈ സഭ ക്രിസ്തീയമല്ലാതായി! മുന്‍പേതന്നെ ഇങ്ങനെയായിരുന്നുവെങ്കിലും ഒരു പ്രഖ്യാപനത്തിലൂടെയാണല്ലോ ഏതൊരുകാര്യവും സ്ഥിരീകരിക്കപ്പെടുന്നത്! തന്റേതല്ലാത്ത കാരണത്താല്‍ തന്റെ കരങ്ങളില്‍ വന്നുചേര്‍ന്ന ഭീമമായ സമ്പത്ത് കൈകാര്യംചെയ്യുകയാണ് ആലഞ്ചേരി. തന്നെ സഹായിക്കാന്‍ മറ്റുചില നികൃഷ്ടജീവികളും തന്റെകൂടെയുണ്ട്. ഇവിടെയാണ്‌ ക്രിസ്തീയസഭ എന്താണെന്നു നാം ചിന്തിക്കാന്‍ പോകുന്നത്. ക്രിസ്തീയ സഭയെന്നാല്‍ ആദിമസഭയുടെ തുടര്‍ച്ചയായിരിക്കണം. ഓരോ സഭകളും അവകാശപ്പെടുന്നത് തങ്ങളുടെ സഭയാണ് ആദിമസഭയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ എന്നാണ്. ഇക്കാര്യത്തില്‍ പല തെളിവുകളും ഇവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍, സഭ കടന്നുവന്ന നാള്‍വഴികളും പോപ്പിന്റെ പരമ്പരയും ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ കത്തോലിക്കാസഭ മറ്റെല്ലാ സഭകളുടെയും വാദമുഖങ്ങളുടെ മുനയൊടിക്കുന്നു. കത്തോലിക്കാസഭയുടെ വാദങ്ങളില്‍ സത്യമുണ്ടെങ്കിലും, ഈ സഭയുടെ ഇന്നത്തെ ആചാര്യന്മാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ആദിമസഭയുടെ ആശയവുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമേയുള്ളു!

പത്രോസും സഹ അപ്പസ്തോലന്മാരും ഉയര്‍ത്തിപ്പിടിച്ച വിശ്വാസസത്യങ്ങളില്‍നിന്ന് ബഹുദൂരം അകന്നുപോയ ആചാര്യന്മാരാണ് കത്തോലിക്കാസഭയുടെ നിയന്ത്രണം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന നുണയുടെ പ്രചാരകരായി ഇവരില്‍ അധികംപേരും അധഃപതിച്ചു. ഇപ്രകാരം അധഃപതിച്ചവരാണ് സഭയുടെ മതബോധനഗ്രന്ഥം രചിച്ചതും നിയമങ്ങള്‍ പരിഷ്ക്കരിച്ചതും. കത്തോലിക്കാസഭ നിയമനിര്‍മ്മാണ സഭയല്ലെന്നും, നിയമനിര്‍വ്വഹണ സഭയാണെന്നുമുള്ള യാഥാര്‍ത്ഥ്യം ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ഈ വിഷയങ്ങള്‍ പലപ്പോഴായി നാം ചര്‍ച്ചചെയ്തിട്ടുള്ളതാണ്. ആയതിനാല്‍, സാമ്പത്തീക വിഷയത്തില്‍ ആദിമാസഭയുമായി ആധുനിക കത്തോലിക്കാസഭയ്ക്ക് എത്രത്തോളം ബന്ധമുണ്ടെന്നു പരിശോധിക്കാനാണ് മനോവ ഇവിടെ തയ്യാറാകുന്നത്. മുഖവുരയായി ഒരുകാര്യം വ്യക്തമാക്കാം. പത്രോസിന്റെമേല്‍ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയുമായി ഇന്നത്തെ കത്തോലിക്കാസഭയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്നു പറയാന്‍ സാധിക്കാത്ത വിധത്തിലുള്ള ഘടനയാണ് ഇന്നത്തെ കത്തോലിക്കാസഭയ്ക്കുള്ളത്. എന്തെന്നാല്‍, ആദിമസഭയുടെ നിയമങ്ങളും ചട്ടങ്ങളും അനുധാവനം ചെയ്യുമ്പോള്‍ മാത്രമാണ് ആ സഭയുടെ ഭാഗമായിരിക്കാന്‍ ഏതൊരു സഭയ്ക്കും സാധിക്കുകയുള്ളു. ആദിമസഭയുടെ സ്വത്തുക്കളെ സംബന്ധിച്ചുള്ള നിയമം ഇതാണ്: "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു"(അപ്പ. പ്രവര്‍: 4; 32). ക്രിസ്തീയസഭയുടെ സ്വത്തുക്കള്‍ ഒന്നുതന്നെ ഏതെങ്കിലും വ്യക്തിയുടെയല്ല; മറിച്ച്, എല്ലാ വിശ്വാസികള്‍ക്കും അവകാശപ്പെട്ട സഭയുടെ പൊതുസ്വത്താണ്.

എന്താണു സഭയെന്നുപോലും അറിയാത്ത ചില അധോലോക ഗുണ്ടകളാണ് ആലഞ്ചേരിക്കുവേണ്ടി പ്രതിരോധം തീര്‍ത്തുകൊണ്ട് ഇന്ന് രംഗത്തുള്ളത്. അവരില്‍ ഏറ്റവും വിഷമുള്ള വ്യക്തിയാണ് 'കെന്നഡി കരിമ്പുകാലയില്‍'! ഇയാള്‍ക്ക് ക്രിസ്തീയതയെ സംബന്ധിച്ചോ തിരുസഭയെ സംബന്ധിച്ചോ യാതൊരു അറിവുമില്ല. ഇയാള്‍ പറയുന്ന കാര്യം കാനോന്‍ നിയമമാണ്. ഈ നിയമമാണത്രേ ക്രിസ്തീയതയുടെ അടിത്തറ! 'കാനോന്‍' നിയമം എന്നത് പഠിക്കണമെങ്കില്‍ പന്ത്രണ്ടു വര്‍ഷം അനിവാര്യമാണെന്നും ഈ നികൃഷ്ടന്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളുടെ ഈ വെളിപ്പെടുത്തല്‍ സ്വന്തം ബുദ്ധിയുടെ അപര്യാപ്തതയാണ് വ്യക്തമാക്കുന്നത്. കത്തോലിക്കാസഭയ്ക്ക് ഒരു കാനോന്‍ നിയമം ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇത് പഠിക്കാന്‍ ഒരുമാസംപോലും ആവശ്യമില്ലെന്നു കെന്നഡി അറിയണമെങ്കില്‍, ഈ കാനോന്‍ നിയമം വായിച്ചാല്‍ മതി. പിന്നെ എന്തു പഠനമാണ് സെമിനാരികളില്‍ നടക്കുന്നത്? ഇവിടെ നടക്കുന്ന പഠനങ്ങള്‍ എന്താണെന്ന് അറിയണമെങ്കില്‍, ഒരു നല്ല ബാലനെ സെമിനാരിയില്‍ അയച്ചാല്‍ മതി. സത്യദൈവത്തില്‍ വിശ്വസിച്ചു ജീവിക്കുന്ന ദമ്പതികള്‍ തങ്ങളുടെ പുത്രനെ സെമിനാരിയില്‍ അയയ്ക്കുന്നു എന്നു വയ്ക്കുക; ഇവന്‍ പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കൊണ്ട് പരിപൂര്‍ണ്ണ ദൈവനിഷേധിയായി പുറത്തുവരും. ആര്‍ക്കും രക്ഷിക്കാന്‍ കഴിയാത്തവിധം അധഃപതിച്ച വ്യക്തിത്വമാക്കി ഒരുവനെ ലോകത്തിനു സമര്‍പ്പിക്കുന്ന ഫാക്ടറികളാണ് ഇന്നത്തെ സെമിനാരികള്‍!

സെമിനാരിയില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ നേടുന്നത് കാനോന്‍ നിയമത്തിലുള്ള പാണ്ഡിത്യമാണെങ്കില്‍, ഈ പാണ്ഡിത്യം ക്രിസ്തുവുമായി ഒരുവനെ ചേര്‍ത്തുവയ്ക്കുന്ന പഠനമല്ല. സഭയെ സംബന്ധിച്ചുള്ള തെറ്റായ അറിവുകള്‍ പ്രദാനം ചെയ്യുന്നതിനായി ഒരുവനെ വാര്‍ത്തെടുക്കുന്ന സംവീധാനമാണ് ഓരോ സെമിനാരികളും. ദൈവത്തിന്റെ വചനത്തെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാത്തവരായി വാര്‍ത്തെടുക്കപ്പെടുന്നവര്‍ ദൈവജനത്തെ ഭരിക്കാന്‍ പുറത്തിറങ്ങുകയും, കാനോന്‍ നിയമം എന്ന ദൈവനിഷേധം അവരെ പഠിപ്പിക്കാന്‍ തുനിയുകയും ചെയ്യുന്നു. 'കാനോന്‍' നിയമം എന്നത് മനുഷ്യന്‍ ഉണ്ടാക്കിയ നിയമമാണ്. ഈ നിയമവുമായി ദൈവത്തിന് യാതൊരു ബന്ധവുമില്ല. വിശ്വാസികളെ അടിമകളാക്കാന്‍ എഴുതിയുണ്ടാക്കിയ ഈ നിയമം അപ്പസ്തോലന്മാരുടെ കാലത്ത് ഉണ്ടായിരുന്നില്ല. വൈദീകര്‍ എന്ന വിഭാഗംപോലും ക്രിസ്തുവോ അപ്പസ്തോലന്മാരോ വിഭാവനം ചെയ്തതല്ല! ഭരിച്ചു മുടിക്കാനും അതിലൂടെ ഉപജീവനം നടത്താനും ചില വിഭാഗങ്ങള്‍ കെട്ടിപ്പടുത്ത സംവീധാനം മാത്രമാണ് വൈദീകവൃത്തി! ഇവര്‍ക്ക് ആധികാരികതയുണ്ടാക്കാന്‍ ഇവത്തന്നെ നിര്‍മ്മിച്ച നിയമമാണ് 'കാനോന്‍ നിയമം'!

ഇന്ത്യയുടെ ഭരണഘടന എഴുതിയുണ്ടാക്കാന്‍ നെഹൃവിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി ആരായിരുന്നുവെന്നു നമുക്കറിയാം. സവര്‍ണ്ണരുടെ പീഡനങ്ങള്‍ക്കിരയായ ഭീമാറാവ് അംബവാഡേട്ക്കര്‍ എന്ന ഡോക്ടര്‍ ബി ആര്‍ അംബേദ്‌കര്‍. സവര്‍ണ്ണര്‍ക്ക് അധീശത്വം കല്‍പിച്ചുകൊണ്ട്‌ എഴുതപ്പെട്ട 'മനുസ്മൃതി' അഗ്നിക്കിരയാക്കിയത് ഈ അംബേദ്‌കര്‍ ആയിരുന്നു. ഇതിനോടുചേര്‍ത്ത് മനോവ പറയട്ടെ: വൈദീകസമൂഹത്തിനുവേണ്ടി വിരചിതമായ 'കാനോന്‍' നിയമം അഗ്നിക്കിരയാക്കാന്‍ കത്തോലിക്കാസഭയിലെ ദൈവജനം തയ്യാറാകേണ്ട കാലം കടന്നുപോയിരിക്കുന്നു. കാനോന്‍ നിയമത്തിനു ക്രിസ്തുവുമായോ ക്രിസ്തീയ സഭയുമായോ യാതൊരു ബന്ധവുമില്ല. നമ്മുടെയെല്ലാം ഭവനങ്ങളിലെ ദൈവീക ചൈതന്യമുള്ള മക്കള്‍ വൈദീകരാകണമെന്ന ആശയോടെ സെമിനാരിയില്‍ ചേരാറുണ്ട്. എന്നാല്‍, ഇവര്‍ പുറത്തിറങ്ങുന്നത് പൈശാചിക ആശയങ്ങളുമായിട്ടാണ് എന്നതും നാം മനസ്സിലാക്കിയിട്ടുണ്ട്. വിശുദ്ധരായ കുഞ്ഞുങ്ങള്‍ എങ്ങനെയാണ് അശുദ്ധരായി പുറത്തിറങ്ങുന്നത്? ഇവരെ കാനോന്‍ നിയമത്തിന്റെ ബന്ദിയാക്കുകയും വിശ്വാസികളുടെമേല്‍ തങ്ങള്‍ക്ക് എന്തൊക്കെയോ അധികാരമുണ്ടെന്നു ധരിപ്പിക്കുകയും ചെയ്യുന്ന പഠനങ്ങളാണ് ഇവര്‍ക്കു സെമിനാരികളില്‍നിന്നു ലഭിക്കുന്നത്. ഇത് സത്യമാണെന്നു വിശ്വസിക്കുന്ന കോമാളികളായി ഇവര്‍ സെമിനാരികളില്‍നിന്നു പുറത്തിറങ്ങുന്നു. എന്നാല്‍, ദൈവജനത്തില്‍ പലരും ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി സത്യം തിരിച്ചറിഞ്ഞവരാണെന്ന് ഇവര്‍ അറിയുന്നില്ല. അറിവു ലഭിക്കുന്നതിനു മുന്‍പ് വിശ്വാസികളില്‍ പലരെയും കാനോന്‍ നിയമത്തിന്റെ അടിമത്വത്തില്‍ തളച്ചിടാന്‍ സാധിച്ചിരുന്നുവെങ്കിലും ദൈവജനത്തിന്റെ ഇന്നത്തെ അവസ്ഥ അതല്ല; വിശ്വാസികള്‍ക്കു സത്യമറിയാന്‍ പരിശുദ്ധാത്മാവ് ഒരുക്കിയ അനേകം സംവീധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്.

ഇനി വിഷയത്തിലേക്കു കടക്കാം. സീറോമലബാര്‍സഭയുടെ ഭൗതീകസ്വത്ത് കൈവശംവച്ച് ഉപയോഗിക്കുന്ന ആലഞ്ചേരിയുടെ പ്രസ്താവന നാം കേട്ടു. തനിക്കുമുകളില്‍ ഇന്ത്യയില്‍ ഒരു അധികാരവും നിലനില്‍ക്കുന്നില്ല എന്നതാണ് ആലഞ്ചേരിയുടെ പ്രസ്താവന. പോപ്പാണത്രെ ഇയാള്‍ക്കുമേലെയുള്ള ഏക അധികാരം! ഇയാള്‍ സ്വന്തമായി വച്ചുപയോഗിക്കുന്ന സ്വത്തുക്കളെല്ലാം വത്തിക്കാനിലായിരുന്നെങ്കില്‍ ഈ പ്രസ്താവനയെ സാങ്കേതികമായെങ്കിലും സമ്മതിക്കാമായിരുന്നു. എന്നാല്‍, ഇന്ത്യയിലെ കത്തോലിക്കരുടെ സ്വത്തുക്കള്‍ കൈവശംവച്ച് ഉപയോഗിക്കുന്ന ഇയാള്‍ ഇന്ത്യയുടെ ഭരണഘടനയുടെ കീഴിലാണെന്നു മാത്രമല്ല, ഇദ്ദേഹം കൈകാര്യംചെയ്യുന്നത് കത്തോലിക്കാസഭയിലെ ഓരോ വിശ്വാസിയുടെയും ഭൗതീകസമ്പത്താണ്‌. സെമിനാരി പഠനത്തിനപ്പുറമുള്ള വിവരം ഇല്ലാതെപോയാല്‍ ഇതിനേക്കാള്‍ വലിയ ശുംഭത്തരം ഇയാള്‍ ഇനിയും പറയും. എന്നുമാത്രമല്ല, കത്തോലിക്കാസഭയിലെ വിശ്വാസികള്‍ പിടിയരി പിരിച്ചുണ്ടാക്കിയ സകലതും ഇയാള്‍ ഉന്മൂലനം ചെയ്യുകയും ചെയ്യും! അല്പന് അര്‍ത്ഥം കിട്ടിയാല്‍ എന്നതുപോലെ സഭയുടെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ആലഞ്ചേരി ഇന്ന് സഭയുടെ അസ്ഥിത്വത്തിനു പുതിയ നിര്‍വ്വചനം രചിക്കുകയാണ്! ഹേ ആലഞ്ചേരീ, കത്തോലിക്കാസഭ എന്താണെന്ന് താങ്കള്‍ പറയുക! താങ്കള്‍ കോടതിയില്‍ പറഞ്ഞതല്ല കത്തോലിക്കാസഭ. താങ്കളുടെ വാദങ്ങള്‍ സാധൂകരിക്കാന്‍ താങ്കളും താങ്കളുടെ സ്തുതിപാടകരും കോടതിയില്‍ സമര്‍പ്പിച്ചത് കത്തോലിക്കാസഭയുടെ നിയമങ്ങളുമല്ല.

കാനോന്‍ നിയമം എന്ന 'മനുസ്മൃതി' ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു താങ്കള്‍ സകല കത്തോലിക്കരെയും കോടതിയില്‍ ആക്ഷേപിച്ചപ്പോള്‍ ചില ശുംഭന്മാര്‍ താങ്കളുടെ തോളില്‍ ചേര്‍ന്നുനിന്ന് താങ്കളെ പിന്തുണച്ചു. കത്തോലിക്കാസഭ എന്താണെന്ന് അറിയാവുന്ന ഒരുത്തനെങ്കിലും താങ്കളുടെ പക്ഷത്തുണ്ടോ? കത്തോലിക്കാസഭ എന്നല്ല, ഏതെങ്കിലും ക്രൈസ്തവസഭയെക്കുറിച്ചു താങ്കളുടെ സ്തുതിപാടകനായ കെന്നഡി കരിമ്പുകാലയ്ക്ക് അറിയാമോ? താങ്കള്‍ക്ക് ഒരു നല്ല അഭിഭാഷകനെപ്പോലും കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തവിധം എന്തുകൊണ്ടാണ് താങ്കള്‍ ഇങ്ങനെ പരിഹാസകനായത്? ഇത്രയുമെങ്കിലും ചിന്തിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. ഒരുപാട് കട്ടുമുടിച്ചിട്ടും ഇന്നും രാജാവായി വാഴുന്ന ക്ളിമ്മീസില്‍ നിന്നെങ്കിലും താങ്കള്‍ പാഠം ഉള്‍ക്കൊള്ളണം. അതായത്, കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാന്‍ പഠിക്കണം. അതിനു താങ്കള്‍ വെറ്റിലയും പാക്കുമായി ക്ളിമ്മീസിന്റെ അടുക്കല്‍ ചെല്ലുക!

തമാശ വിട്ട് കാര്യത്തിലേക്കു കടക്കാം. സീറോമലബാര്‍ സഭയുടെ മുഴുവന്‍ സ്വത്തും ക്ളിമ്മീസിന്റെ സ്വകാര്യസ്വത്താണോ? അതെ എന്നാണ് ഉത്തരമാണ് സത്യം! നിയമപരമായി ഇത്തരം ഒരു പൈശാചികത കത്തോലിക്കാസഭയിലുണ്ട്. എന്നാല്‍, ഓരോ രാജ്യത്തിന്റെയും 'നെഗോഷിബ്ള്‍ ഇന്‍സ്ട്രമെന്റ് ആക്ട്' നല്‍കുന്ന അവകാശങ്ങളില്‍ ഉള്‍ക്കൊള്ളുന്നതു മാത്രമാണ് റവന്യു സ്വത്തിന്റെയും മറ്റിതര സ്ഥാപനങ്ങളുടെയും അധികാരം. ആയതിനാല്‍ത്തന്നെ, ഇന്ത്യയിലെ നിയമങ്ങള്‍ക്കു കീഴിലിരിക്കുന്ന സ്വത്ത് ക്രയവിക്രയം ചെയ്യണമെങ്കില്‍ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയപ്പെട്ടായിരിക്കണം. അതായത്, തനിക്കുമേല്‍ പോപ്പുമാത്രമേ അധികാരിയുള്ളൂവെന്നു വിളിച്ചുപറയുമ്പോള്‍ താനും തന്റെ സ്വത്തുവകകളും വത്തിക്കാന്‍ എന്ന രാജ്യത്തായിരിക്കണം. വത്തിക്കാന്റെ ചുറ്റുമതിലിനു പുറത്ത് ഇറ്റലി എന്ന രാജ്യമാണ്. ഈ രാജ്യത്തുള്ള വസ്തുവാണെങ്കില്‍പ്പോലും അതിന്റെ നിയമം വത്തിക്കാനില്‍ നിക്ഷിപ്തമല്ല. ഇവിടെയാണ്‌ ആലഞ്ചേരി തന്റെ വിവരക്കേടുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്! മറ്റുള്ളവന്റെ സ്വത്ത് കൈവശം വച്ചുകൊണ്ട് ഇത്രത്തോളം അല്പനാകാന്‍ ആലഞ്ചേരിയെ പരിശീലിപ്പിച്ചത് ആരാണ്? ആലഞ്ചേരിയുടെ കുടുംബത്തില്‍നിന്നു കൊണ്ടുവന്നതാണോ സീറോമലബാര്‍ സഭയുടെ സ്വത്തുക്കള്‍! കേരളത്തില്‍നിന്നു വിട്ടുപോയ മിഷനറിമാര്‍ തന്നതും വിശ്വാസികളുടെ ദശാംശങ്ങളുമല്ലാതെ എന്താണ് സീറോമലബാര്‍ സഭയ്ക്കുള്ളത്? ഇതിനെക്കുറിച്ച്‌ പറയുന്നതിനുമുമ്പ് ആലഞ്ചേരിയോടു വേറൊരു കാര്യം പറയാം. അത് സഭയെ സംബന്ധിച്ചാണ്!

എന്താണ് സഭ?!

സീറോമലബാര്‍ സഭയുടെ സ്വത്തുക്കള്‍ തന്റെ സ്വന്തമാണെന്നും, വിശ്വാസികള്‍ക്ക് യാതൊരു അവകാശവും ഈ സ്വത്തിനുമേല്‍ ഇല്ലെന്നും ജല്പിക്കുന്ന ആലഞ്ചേരി എത്രത്തോളം അല്പനാണെന്നു മനോവ പറയുന്നില്ല. എന്നാല്‍, ആദിമസഭയിലെ ചില കീഴ്വഴക്കങ്ങള്‍ ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഈ കീഴ്വഴക്കങ്ങളില്‍, സമ്പത്തുമായി ബന്ധപ്പെട്ട നിയമം ആദ്യമേതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതാണ് ആ നിയമം: "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു"(അപ്പ. പ്രവര്‍: 4; 32). ഇതില്‍നിന്ന് ഒരുകാര്യവും ആലഞ്ചേരി ഭക്തര്‍ക്ക് മനസ്സിലായില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ ഇനിയും നിങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ആലഞ്ചേരിക്കും സംഘത്തിനും അടിയറവയ്ക്കുക! വിശ്വാസികളെ ഇന്ന് ഈ സംഘം ഭയപ്പെടുത്തുന്നത് 'സെമിത്തേരി'യുടെ കാര്യം പറഞ്ഞാണ്! ന്യൂയോര്‍ക്ക് സിറ്റിയിലെക്കാള്‍ ഭൂമിവിലയുള്ള ഒരേയൊരു സ്ഥലമാണ് കത്തോലിക്കാസഭയുടെ സെമിത്തേരി എന്ന് മനോവയ്ക്കറിയാം. നമ്മുടെ പാവപ്പെട്ട സഹോദരങ്ങള്‍ 'ഓഖി' ചുഴലിക്കാറ്റില്‍ പെട്ടത് നമുക്കറിയാം. അവരില്‍ എത്രപേരുടെ ശരീരങ്ങള്‍ സെമിത്തേരിയില്‍ അടക്കംചെയ്തു എന്ന് ചിന്തിക്കുക. അവരാരും ശപിക്കപ്പെട്ടവരല്ല. അവരുടെ ഭൗതീകശരീരങ്ങളെക്കാള്‍ ശ്രേഷ്ഠതയൊന്നും നമ്മിലാരുടെയെങ്കിലും ശരീരങ്ങള്‍ക്ക് കല്പിക്കുകയും വേണ്ട!

ആറടി മണ്ണിന് ഇവര്‍ വിലപേശുന്നുവെങ്കില്‍, ഇന്ത്യയില്‍ കോടതികള്‍ ഉണ്ടെന്നു നാം തിരിച്ചറിയണം. ഒരു പത്തു പൈസപോലും കൊടുക്കാതെ നമ്മുടെ ഇടവകപ്പള്ളിയിലെ  സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടാല്‍ നിങ്ങള്‍ മനോവയുമായി ബന്ധപ്പെടുക. അന്താരാഷ്ട്രതലത്തില്‍ ഇക്കാര്യത്തിനു വക്കീലിനെ തരാന്‍ മനോവയ്ക്കു സാധിക്കും. 'നെഗോഷിബ്ള്‍ ഇന്‍സ്ട്രമെന്റ് ആക്ട്' പ്രകാരം കച്ചവടസ്ഥാപനങ്ങള്‍ മാത്രമാണ് നിയമപരമായി ഇന്ത്യന്‍ നിയമവ്യസ്ഥിതിക്ക് വിധേയമാകുന്നുള്ളുവെങ്കില്‍, റവന്യു നിയമപ്രകാരം കത്തോലിക്കാസഭയുടെ മുഴുവന്‍ ആസ്തികളും ഇന്ത്യന്‍ നിയമങ്ങള്‍ക്കു കീഴിലാണ്. കറുത്ത കുപ്പായം ധരിച്ച് വത്തിക്കാനിലെ ഇത്തിരിപ്പോന്ന വട്ടത്തില്‍ വിഹരിക്കുന്ന നാളുകളിലും നിങ്ങങ്ങളുടെതെന്നു നിങ്ങള്‍ ധരിക്കുന്ന സകലതും ഇന്ത്യയിലാണെന്നു നിങ്ങള്‍ മറക്കരുത്. സെമിത്തേരിയുടെ പേരില്‍ നിങ്ങള്‍ വസൂലാക്കുന്ന പണത്തെ സംബന്ധിച്ച് വിശ്വാസികളില്‍ ആരും പരാതിപ്പെടാത്തതുകൊണ്ടു മാത്രമാണ് നിങ്ങള്‍ ഇന്ന് അരമനകളില്‍ സ്വൈര്യവിഹാരം നടത്തുന്നത്. വിശ്വാസികളില്‍ എല്ലാവരും വിഡ്ഢികളാണെന്നു ചിന്തിക്കാതിരുന്നാല്‍ കുറച്ചുകാലംകൂടി ഈ പാവങ്ങളെ ചൂഷണം ചെയ്തു ജീവിക്കാന്‍ കഴിയും. ഒരുകാര്യം നിങ്ങള്‍ മറക്കരുത്; എന്തെന്നാല്‍, ഈ ലോകത്ത് അദ്ധ്വാനിച്ചു ജീവിക്കാന്‍ ഇന്നത്തെ സെമിനാരി അഭ്യാസത്തില്‍ നിങ്ങള്‍ പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, വിശ്വാസികള്‍ കൈവിട്ടാല്‍ സകല 'പുത്തന്‍പുരകള്‍ക്കും' ഭിക്ഷയെടുക്കേണ്ടിവരും! ആയതിനാല്‍, സഭ എന്താണെന്നു സകല വൈദീകരും അറിഞ്ഞുവയ്ക്കുക.

വൈദീകര്‍ എന്ന ഒരു സമൂഹം ക്രിസ്തുവിന്റെ ഭാവനയിലോ അപ്പസ്തോലിക സഭയിലോ ഉണ്ടായിരുന്നില്ല. അപ്പസ്തോലന്മാരില്‍ ആരുതന്നെ ഒരു പ്രത്യേക വിഭാഗത്തെ വൈദീകരായി നിയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ സഭയുടെ ആദ്യത്തെ പോപ്പായിരുന്ന പത്രോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9). ഇത് പറഞ്ഞത് ക്രൈസ്തവരില്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോടായിരുന്നില്ല; മറിച്ച്, ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്കു കടന്നുവന്ന ഓരോ വ്യക്തിയോടുമായിരുന്നു! ക്രിസ്ത്യാനികളെല്ലാം പുരോഹിതഗണത്തിലേക്കാണ് കടന്നുവന്നതെങ്കില്‍ ഇപ്പോള്‍ നമ്മെ ഭരിക്കാന്‍ അവതരിച്ചിരിക്കുന്ന വിഭാഗം ഏതാണ്? ഇങ്ങനെയൊരു വിഭാഗം നമ്മുടെ സഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ ഒന്നുമില്ലായിരുന്നു. രാജാക്കന്മാര്‍ തങ്ങളുടെ ആധിപത്യത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനുവേണ്ടി അവര്‍ ഉണ്ടാക്കിയ സംവീധാനമാണ് ഈ വൈദീകവൃത്തി! എന്തെന്നാല്‍, ക്രിസ്തീയത തങ്ങളുടെ അധികാരസ്ഥാനങ്ങളെ ഉലയ്ക്കുന്ന വിധത്തില്‍ ലോകത്തില്‍ അന്ന് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇത് അധികാരസ്ഥാപനങ്ങളിലുള്ള ആധിപത്യം ആയിരുന്നില്ല; എന്നാല്‍, അധികാരസ്ഥാനങ്ങളെ ഇത്തരത്തില്‍ അസ്വസ്ഥപ്പെടുത്തി. ആയതിനാല്‍, അന്നത്തെ അധികാരവര്‍ഗ്ഗം തങ്ങളുടെ അധികാരം നിലനിര്‍ത്താനായി ക്രൈസ്തവ സഭയെ നയിക്കുന്ന വ്യക്തികളുമായി സന്ധിചെയ്തു. എന്തായിരുന്നു ആ സന്ധിയെന്നത് നാം ചിന്തിക്കണം. രാജത്വം പൗരോഹിത്യവും സമാന്തരഭരണകൂടങ്ങളായി നിലനിര്‍ത്തുക എന്നതായിരുന്നു ഈ സന്ധി! ആത്മീയഭരണകര്‍ത്താക്കളായി 'വൈദീകര്‍' എന്ന ഒരു സംവീധാനം ഉണ്ടായത് അങ്ങനെയാണ്.

ഇല്ലാത്ത ഈ സംവീധാനത്തെ ക്രൈസ്തവസഭയക്കു സംഭാവനചെയ്തത് രാജാക്കന്മാരും ചക്രവര്‍ത്തിമാരും ആയിരുന്നു. ആ ചക്രവര്‍ത്തിമാരായിന്നു പലപ്പോഴും കത്തോലിക്കാസഭയിലെ പല പോപ്പുമാരെയും പ്രതിഷ്ഠിച്ചത്. അതിനു പ്രത്യുപകാരമായി രാജാക്കന്മാരില്‍ ചിലരെയും അവരുടെ ബന്ധുക്കളില്‍ ചിലരെയും വിശുദ്ധരായി പ്രഖ്യാപിക്കാന്‍ പോപ്പുമാര്‍ തയ്യാറായിട്ടുണ്ട്. ഒരു പരസ്പര സഹായസഹകരണ സംഘംപോലെ രാജ്യഭരണവും സഭാഭരണവും അക്കാലത്ത് മുന്നോട്ടുപോയി. അക്കാലത്ത് വൈദീകരല്ലാത്ത പോപ്പുമാരും കത്തോലിക്കാസഭയില്‍ പ്രതിഷ്ഠിക്കപ്പെട്ടു. വൈദീകവൃത്തി എന്നത് സഭയുടെ അധികാരസ്ഥാനമായതും ഇക്കാലത്തുതന്നെയാണ്! എന്നാല്‍, അപ്പസ്തോലന്മാരുടെ വിശ്വാസികളുടെമേല്‍ അവര്‍ അധികാരം പ്രയോഗിച്ചിരുന്നില്ല. ഒരു ഭവനത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുകയും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ വ്യത്യസ്തങ്ങളായ അവയവങ്ങളായി ഓരോരുത്തരും വര്‍ത്തിക്കുകയും ചെയ്തു. പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്"(2 കോറി: 10; 8). ക്രിസ്തുവിന്റെ സഭയെ വളര്‍ത്താനല്ലാത്ത ഒരു അധികാരവും ക്രിസ്ത്യാനികളുടെമേല്‍ ആര്‍ക്കും ദൈവം നല്‍കിയിട്ടില്ല. വിശ്വാസത്തില്‍ വളരാന്‍ ഉതകുന്ന തരത്തിലുള്ള അധികാരമാണ് ശ്രേഷ്ഠന്മാരില്‍ നിക്ഷിപ്തമെങ്കില്‍, അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങളുമായി കടന്നുവരുന്ന ആര്‍ക്കും ക്രിസ്ത്യാനികളുടെമേല്‍ യാതൊരു അവകാശവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം!

യേഹ്ശുവായുടെ സഭയും ഇന്നത്തെ സഭകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. യേഹ്ശുവായുടെ സഭയിലെ സ്വത്തുക്കള്‍ ഏതെങ്കിലും വ്യക്തികളുടെയോ വിഭാഗത്തിന്റെയോ സ്വകാര്യസ്വത്തായിരുന്നില്ല. ഓരോരുത്തരും തങ്ങള്‍ക്കു സ്വന്തമായ സ്വത്തുക്കള്‍പ്പോലും പൊതുസ്വത്തായി സഭയ്ക്കു വിട്ടുകൊടുത്തു. എന്നാല്‍, ആ സഭയുടെ ഇന്നത്തെ ആചാര്യന്മാര്‍ സകല സ്വത്തുക്കളും തങ്ങളുടേതു മാത്രമാക്കി, അവകാശപത്രത്തില്‍ മുദ്രവയ്ക്കുന്നു. വിശ്വാസികളുടെ പൊതുസ്വത്തിന്റെ അവകാശികളായി സ്വയം ഞെളിയുന്ന അല്പന്മാരാണ് സഭയുടെ നിയന്ത്രണം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്.

ആദിമസഭയിലെ അപ്പസ്തോലന്മാര്‍ക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ക്രിസ്തുവിലൂടെ സകലരും രക്ഷപ്പെടുകയും, അങ്ങനെ രക്ഷപ്പെടുന്ന വ്യക്തികള്‍ ഏകോദരസഹോദരങ്ങളായി വര്‍ത്തിക്കണം എന്നതുമായിരുന്നു അവരുടെ ലക്‌ഷ്യം. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല അപ്പസ്തോലന്മാര്‍ പ്രവര്‍ത്തിച്ചത്; ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി മാത്രം അവര്‍ പ്രവര്‍ത്തിച്ചു. ആയതിനാല്‍, സാമ്പത്തീക കാര്യങ്ങളെല്ലാം അവര്‍ മറ്റുള്ളവരെ ഏല്പിച്ചു. അനുദിന ആവശ്യങ്ങള്‍ക്കായി പണം ആവശ്യമുണ്ടെങ്കിലും, അക്കാര്യങ്ങളിലൊന്നും അപ്പസ്തോലന്മാര്‍ അധികാരം പ്രയോഗിച്ചില്ല. സാമ്പത്തീക കാര്യങ്ങളില്‍ എന്തായിരുന്നു സഭ സ്വീകരിച്ച നിലപാടെന്നു നോക്കുക: "ശിഷ്യന്മാരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്പിക്കാം. ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം"(അപ്പ. പ്രവര്‍: 6; 1-4). അഭിനവ ആചാര്യനായ ആലഞ്ചേരി പറയുന്നതെന്താണ്? സീറോമലബാര്‍സഭയുടെ സ്വത്തുക്കളുടെമേല്‍ വിശ്വാസികള്‍ക്ക് യാതൊരു അവകാശവുമില്ല; സകലത്തിന്റെയും അധികാരി താന്‍ മാത്രമാണെന്നും ഇയാള്‍ പ്രഖ്യാപിച്ചത് നാം കേട്ടു!

ഒരു മനുഷ്യന് എത്രത്തോളം അല്പനാകാന്‍ കഴിയുമോ, അതിന്റെ പൂര്‍ണ്ണതയാണ് ആലഞ്ചേരിയില്‍ നാം ദര്‍ശിച്ചത്! സീറോമലബാര്‍സഭയിലെ ഏതെങ്കിലും ആചാര്യന്മാര്‍ ഇന്ന് കൈവശംവച്ചുപയോഗിക്കുന്ന എന്തെങ്കിലും ഇവരുടെ പൈതൃകസ്വത്താണോ? വിശ്വാസികള്‍ തങ്ങളുടെ അദ്ധ്വാനഫലം സഭയ്ക്ക് നല്‍കിയപ്പോള്‍ അവര്‍ കരുതിയത് തങ്ങളുടെ സ്വന്തം സഭയാണ് ഇതെന്നായിരുന്നു. ഈ വിശ്വാസികളുടെ മുഖമടച്ചുള്ള പ്രഹരമായിരുന്നില്ലേ ആലഞ്ചേരിയില്‍നിന്നുണ്ടായത്? എന്നാല്‍, ആലഞ്ചേരി പറഞ്ഞത് ഒരു സത്യം മാത്രമാണ്. കത്തോലിക്കാസഭയിലെ ഭൗതീക സമ്പത്തിനുമേല്‍ യാതൊരു അവകാശവും വിശ്വാസികള്‍ക്കില്ല എന്ന സത്യമാണ് ആലഞ്ചേരി പറഞ്ഞത്! ഇത് ആലഞ്ചേരിയുടെയോ സീറോമലബാര്‍ സഭയുടെയോ പ്രശ്നമല്ല; മറിച്ച്, റോമന്‍ കത്തോലിക്കാസഭയില്‍ കടന്നുകൂടിയ കച്ചവടക്കാര്‍ ആസൂത്രണംചെയ്ത പദ്ധതിയുടെ ഭാഗമാണ്!അതായത്, ധാര്‍മ്മീകമായി അവകാശമുണ്ടെങ്കിലും സാങ്കേതികമായി അവകാശമില്ലാത്ത സമ്പത്തിനുമേല്‍ അവകാശം ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങളാണ് സീറോമലബാര്‍സഭയില്‍ ഇന്നു നടക്കുന്നത്.

കത്തോലിക്കാസഭയും സമ്പത്തും!

ആഗോള കത്തോലിക്കാസഭയുടെ ഭൗതീക സമ്പത്ത് എത്രയാണെന്ന് ഈ ഭൂമുഖത്ത് ആര്‍ക്കും അറിയില്ല. മറ്റു പല ക്രൈസ്തവസഭകളുടെയും കാര്യം ഇതുതന്നെയാണ്. നമ്മുടെ പള്ളിയെന്ന് വാക്കുകൊണ്ടു പറയാനല്ലാതെ, ഇന്നത്തെ ഒരു ക്രൈസ്തവസഭകളുടെയും സ്ഥാവരജംഗമ വസ്തുക്കളില്‍ വിശ്വാസികള്‍ക്ക് യാതൊരു ബന്ധവുമില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയടക്കം ലോകത്തുള്ള എല്ലാ പ്രസ്ഥാനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെ കാര്യത്തിലും ഇതേ അവസ്ഥതന്നെയാണ്‌ നിലവിലുള്ളത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതിന്റെ സ്വത്തുവകകള്‍ ചിലവഴിക്കുന്നതിലെ ധാര്‍മ്മീകതപോലും കത്തോലിക്കാസഭയുടെ വസ്തുവകകളുടെ കാര്യത്തില്‍ പുലര്‍ത്തുന്നില്ല എന്നതും നാമിവിടെ ചിന്തിക്കണം.

മറ്റു സഭകള്‍ക്ക് ഇല്ലാത്തതും, എന്നാല്‍ കത്തോലിക്കാസഭയ്ക്ക് ഉള്ളതുമായ ഒരു നിയമസംഹിതയാണ്‌ കാനോന്‍ നിയമം. കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കപ്പെട്ടിട്ടുള്ള ഈ നിയമം ഇന്ന് വൈദീകസംവീധാനത്തിന്റെ നിലനില്പിനുവേണ്ടിയുള്ള ഒരു തത്വസംഹിതയായി മാറി എന്നതാണു യാഥാര്‍ത്ഥ്യം. ആദിമസഭയുടെ ചൈതന്യത്തിനു യോജിക്കാത്ത ഈ തത്വസംഹിത തികച്ചും ദൈവീകനിയമങ്ങളില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. ഇത് അഗ്നിക്കിരയാക്കുകയും ക്രിസ്തീയതയുടെ മാഹാത്മ്യത്തിലേക്കു ദൈവജനം കടന്നുവരികയും ചെയ്യുന്നില്ലെങ്കില്‍, ഈ സഭയുടെ നിയന്ത്രണം പരിശുദ്ധാത്മാവ് എന്നേക്കുമായി അവസാനിപ്പിക്കും. കത്തോലിക്കാസഭയ്ക്കോ മറ്റേതെങ്കിലും ക്രൈസ്തവസഭകള്‍ക്കോ നിലനില്‍ക്കണമെങ്കില്‍ സമ്പത്തിന്റെ ബാഹുല്യം ആവശ്യമില്ല. എന്നാല്‍, സമ്പത്തിന്റെ ബാഹുല്യംമൂലം ഇന്ന് അതിന്റെ സംരക്ഷണം മാത്രമാണ് ഓരോ സഭാചാര്യന്മാരും തങ്ങളുടെ പ്രഥമ ദൗത്യമായി പരിഗണിച്ചിരിക്കുന്നത്.

പണം സംരക്ഷിക്കുന്നതിനു കത്തോലിക്കാസഭയില്‍ വിവിധങ്ങളായ സംവീധാനങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് കാനോന്‍ നിയമം! ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് കത്തോലിക്കാസഭയുടെ ഭീമമായ സമ്പത്ത് സംരക്ഷിക്കപ്പെടുന്നത്. 'കാനോന്‍ നിയമം' എന്നത് സഭയുടെ സമ്പത്തു സംരക്ഷിക്കാനുള്ള നിയമം മാത്രമായി തള്ളിക്കളയാന്‍ മനോവ ഒരുക്കമല്ല. ആത്മീയ കാര്യങ്ങളിലും 'കാനോനില്‍' വിധികളുണ്ട്. വിവാഹം, മറ്റു കൂദാശകള്‍, വിശ്വാസപരമായ മറ്റു കാര്യങ്ങള്‍, സഭയുടെ സാമ്പത്തീക ക്രയവിക്രയങ്ങള്‍ എന്നിവയെല്ലാം കൈകാര്യംചെയ്യുന്നത് കാനോന്‍ നിയമത്തെ അടിസ്ഥാനമാക്കിയാണ്. എന്നാല്‍, കാനോന്‍ നിയമപ്രകാരം സഭയുടെ സ്വത്തുവകകളില്‍ യാതൊരു അധികാരവും വിശ്വാസികള്‍ക്കു നല്കപ്പെട്ടിട്ടില്ല. അതായത്, സഭ എന്നത് പോപ്പും പോപ്പിന്റെ കീഴിലുള്ള വൈദീകസമൂഹങ്ങളും മാത്രം അധീശത്വം പുലര്‍ത്തുന്ന ഒരു സംവീധാനമാണെന്ന് കാനോന്‍ നിയമം അനുശാസിക്കുന്നു. ഇത് ക്രിസ്തുവിന്റെ സഭയുടെ നിയമങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. വിശ്വാസപരമായ നിയമങ്ങളില്‍പ്പോലും മായംചേര്‍ത്ത് നിര്‍മ്മിച്ച ഈ കാനോന്‍ നിയമത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഓരോ വിശ്വാസികളെയും വൈദീകര്‍ ബന്ദികളാക്കിയിരിക്കുന്നത്. വിശ്വാസികള്‍ അധികാരത്തിനു വിധേയപ്പെടണം എന്ന് ആവര്‍ത്തിച്ചുകൊണ്ട് ഓരോ വൈദീകരും നമ്മുടെ ബന്ധനങ്ങളെ ദൃഢമാക്കാറുണ്ട്. എന്നാല്‍, ഇല്ലാത്ത അധികാരത്തെപ്പറ്റിയാണ്‌ ഇവര്‍ ആവര്‍ത്തിച്ചു പറയുന്നത്. ക്രിസ്തുവിന്റെ അപ്പസ്തോലന്മാരും അവരുടെ ശിഷ്യന്മാരും ജീവിച്ചിരുന്ന ഒരുകാലത്തും ഇല്ലാതിരുന്ന വൈദീകസംവീധാനം എങ്ങനെയാണ് ക്രിസ്തീയസഭകളുടെ അധികാരികളാകുന്നത്?!

ക്രിസ്തുവിന്റെ നിയമങ്ങള്‍ക്കു ബദലായി മാനുഷികമായ യുക്തികളെ നിയമങ്ങളായി പ്രഖ്യാപിക്കുന്ന തത്വസംഹിത മാത്രമാണ് കാനോന്‍ നിയമം! ഈ നിയമത്തിനുമേല്‍ ക്രിസ്തുവിന്റെയോ അവിടുത്തെ അപ്പസ്തോലന്മാരുടെയോ അംഗീകാരമുദ്ര ഇല്ലെന്ന സത്യവും നാം മനസ്സിലാക്കിയിരിക്കണം. വിശ്വാസികളെ ബന്ദികളാക്കി ഭരിക്കാനും, വചനസത്യങ്ങളില്‍നിന്ന് ഇവരെ വ്യതിചലിപ്പിച്ച് ലോകത്തിന്റെ നിയമങ്ങള്‍ക്ക് വിധേയരാക്കാനും സാത്താന്‍ അവതരിപ്പിച്ച നിയമമാണ് കാനോന്‍ നിയമം. ഈ നിയമത്തില്‍ വായിക്കുന്ന ചില സത്യങ്ങളെ പരിഗണിച്ചുകൊണ്ട് ഇതിന്റെ ആധികാരികത ആരും സ്ഥിരീകരിക്കരുത്. ഒന്നോ ഒന്നിലധികമോ സത്യത്തെ മുന്‍നിര്‍ത്തി വിശ്വാസികളെ അനേകം പൈശാചികതയുടെ അടിമകളാക്കാനുള്ള കൗശലം ഈ നിയമസംഹിതയിലുണ്ട്. ഇവിടെ നാം തിരിച്ചറിയേണ്ട ഒരു സത്യം ഇതാണ്. ക്രിസ്തുവിന്റെ സഭയുടെ ഇന്നത്തെ നിയമങ്ങളില്‍ കൂടുതലും ക്രിസ്തീയവിരുദ്ധമാണെന്നതാണ് ആ സത്യം.

സഭയ്ക്ക് പണത്തിന്റെ ആവശ്യമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. ക്രിസ്തീയ വിശ്വാസം ലോകത്തു പ്രചരിപ്പിക്കാനും, ക്രിസ്ത്യാനികളിലെ പാവങ്ങളുടെ അനുദിനാവശ്യങ്ങള്‍ക്കുമായിരുന്നു അത്. ഇന്ന് ഇവ രണ്ടും സഭയുടെ ദൗത്യം അല്ലാതായി മാറിയിരിക്കുന്നു. യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ പ്രഘോഷിക്കാന്‍ കത്തോലിക്കാസഭ ഒരു ചില്ലിക്കാശുപോലും ചിലവഴിക്കുന്നില്ല. ക്രൈസ്തവരുടെയിടയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു വ്യക്തിക്കുപോലും സഹായമെത്തിക്കാന്‍ കത്തോലിക്കാസഭയുടെ ആചാര്യന്മാര്‍ ശ്രമിക്കുന്നുമില്ല. ഏഷ്യയിലെ ഏക കത്തോലിക്കാരാജ്യമായ ഫിലിപ്പിയന്‍സിനുവേണ്ടി കത്തോലിക്കാസഭ എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഇസ്ലാമിക ഭീകരതയെ നിലനിര്‍ത്താന്‍ കത്തോലിക്കാസഭ ചിലവഴിക്കുന്നത് ഐക്യരാഷ്ട്രസഭ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതലാണ്. കാരിത്താസ് എന്ന പൈശാചിക സംഘടനയിലൂടെയാണ് ഇവര്‍ ഇസ്ലാമിനുവേണ്ടി സമ്പത്ത് ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം വിശ്വാസികളുടെ സമ്പത്താണെന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍പ്പോലും അറിയുന്നില്ല. അതായത്, ലോകത്ത് പട്ടിണികിടക്കുന്ന കോടീശ്വരന്മാരാണ് കത്തോലിക്കാസഭയിലെ വിശ്വാസികള്‍! വേദനിക്കുന്ന കോടീശ്വരന്മാര്‍! എന്നാല്‍, വേദന അനുഭവിക്കാത്ത കോടീശ്വരന്മാരും കത്തോലിക്കാസഭയിലുണ്ട്. വേദനിക്കുന്നവന്റെ കണ്ണീരു തൊട്ടുനക്കി ജീവിക്കുന്നവരും സഭയുടെ ഭാഗമായി നിലകൊള്ളുന്നുണ്ട്.

കത്തോലിക്കാസഭയുടെ കാനോന്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ തഴച്ചുവളരുന്ന അനേകം സന്യസസഭകള്‍ ഇന്നുണ്ട്. കേരളത്തിലെ CMI സഭ ഇതില്‍ പ്രധാനപ്പെട്ടതാണ്. ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഈ സഭകള്‍ക്ക് നികുതിയിളവും ലഭിക്കുന്നു. ഇവറ്റകളെക്കൊണ്ട് ഏതെങ്കിലും കത്തോലിക്കന് നന്മ ലഭിച്ചിട്ടുണ്ടോ? കത്തോലിക്കാസഭയുടെ ഭാഗം മാത്രമായി കച്ചവടം നടത്തുന്ന സ്ഥാപനങ്ങളാണ് ഓരോ സന്യാസസഭയും. വിശ്വാസികളുടെ സമൂഹമായ സഭയ്ക്ക് ഇവരെക്കൊണ്ട് ഇന്നുവരെ ഒരു ഗുണവും ലഭിച്ചിട്ടില്ല. കത്തോലിക്കാസഭയുടെ ഔദ്യോഗിക നേതൃത്വമായി പരിഗണിക്കപ്പെടുന്നത് വത്തിക്കാനിലെ ഭരണകൂടമാണെന്നു നമുക്കറിയാം. ഈ സംവീധാനത്തിന്റെ കീഴിലുള്ള പള്ളികളെ ചേര്‍ത്തുവച്ചാല്‍ ഇന്ത്യയും പാക്കിസ്ഥാനും ചേരുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വിസ്തൃതിയുണ്ടാകും. പട്ടിണികിടക്കുന്ന ക്രിസ്ത്യാനികളില്‍ ആര്‍ക്കെങ്കിലും ഈ സമ്പത്ത് ഉപകരിക്കുന്നില്ല. എന്തിനുവേണ്ടിയാണ് ഈ സമ്പത്ത് സ്വരുക്കൂട്ടുന്നത്? ഇവയെല്ലാം ഒരു പ്രത്യേക വിഭാഗത്തിനു സുരക്ഷിതമായി ജീവിക്കാനും ക്രിസ്ത്യാനികളുടെ ശത്രുക്കളെ പോറ്റിവളര്‍ത്താനുമാണ്. കേരളത്തിലെ നാലു ജില്ലകളെ വിലയ്ക്കുവാങ്ങാന്‍ ആസ്തിയുള്ള സമൂഹമാണ് CMI എന്ന സന്ന്യാസസമൂഹം! ഇവരെക്കൊണ്ട് ക്രിസ്തീയതയ്ക്ക് ഒരു നേട്ടവുമില്ലെങ്കിലും, ക്രിസ്തീയതമൂലം ഇവര്‍ക്ക് അനേകം നേട്ടങ്ങളുണ്ട്. ഇത് സന്യാസസമൂഹങ്ങളുടെ മാത്രം കാര്യമല്ല. കത്തോലിക്കാസഭയുടെ എല്ലാ സംവീധാനങ്ങളും നിലനില്‍ക്കുന്നത് വിശ്വാസികളുടെ പേരിലാണ്. ഈ വിശ്വാസികളുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന 'ട്രസ്റ്റുകള്‍' എന്നപേരിലാണ് ഇവര്‍ തങ്ങളുടെ സമ്പത്തിനുമേല്‍ സമ്പത്ത് വാരിക്കൂട്ടുന്നത്!

ലോത്തുള്ള കത്തോലിക്കാസ്ഥാപനങ്ങളില്‍ ഒന്നിന്റെപോലും ഗുണഭോക്താക്കള്‍ കത്തോലിക്കാസഭയിലെ വിശ്വാസികളല്ല. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായി കാട്ടിക്കൂട്ടുന്ന ചില കോപ്രായങ്ങള്‍ മാത്രമാണ് ഇതിനു വിഘാതം. പള്ളിയില്‍ വിളിച്ചുപറഞ്ഞു നടത്തുന്ന ചില പിരിവുകള്‍ ഉപയോഗിച്ച് ചിലര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കും! ചില പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കാനും 'ബക്കറ്റ് പിരിവ്' നടത്തും. ഇതൊക്കെ സഭ ചെയ്തുവെന്ന് കണക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. വിശ്വാസികളുടെ വിവരക്കേടിനെ ചൂഷണംചെയ്ത് വൈദീകസമൂഹം കെട്ടിപ്പൊക്കിയ സാമ്പത്തിക സൗഭാഗ്യങ്ങളില്‍നിന്ന് ചില്ലിക്കാശുപോലും വിശ്വാസികള്‍ക്കു ലഭിക്കില്ല. ഇവിടെയാണ്‌ ആലഞ്ചേരിയുടെ വിളിച്ചുപറയലിലെ സത്യം നാം മനസ്സിലാക്കേണ്ടത്. കത്തോലിക്കാസഭയിലെ വിശ്വാസികള്‍ ഉണ്ടാക്കിയ ഒരു സമ്പത്തിന്റെമേലും അവര്‍ക്ക് അവകാശമില്ല. നമ്മുടെ ഇടവകപ്പള്ളിയും അതുമായി ബന്ധപ്പെട്ടുള്ള സകലത്തിന്റെയും അധികാരി മെത്രാനാണ്. സെമിത്തേരിയിലെ മണ്‍തരികളുടെപോലും അവകാശം തീറെഴുതിയെടുത്ത നിയമമാണ് 'കാനോന്‍ നിയമം'! ആലഞ്ചേരി പറഞ്ഞത് സീറോമലബാര്‍സഭയുടെ മാത്രം നിയമമല്ല. കത്തോലിക്കാസഭയുമായി ചേര്‍ന്നുനില്‍ക്കുന്ന ഓരോ റീത്തുകളുടെയും നിയമം ഇതുതന്നെയാണ്. വിശ്വാസികളും വൈദീകസമൂഹവും എന്ന രണ്ടു തട്ട് കത്തോലിക്കാസഭയിലുണ്ട്. ആദിമസഭയില്‍ എല്ലാവരും ഒന്നായിരുന്നുവെങ്കില്‍, ആധുനിക സഭയില്‍ രണ്ടു വിഭാഗങ്ങളുണ്ട്. ഈ വിഭാഗങ്ങള്‍ തമ്മില്‍ ജന്മി-കുടിയാന്‍ ബന്ധം മാത്രമേയുള്ളുവെന്നതും മനസ്സിലാക്കിയിരിക്കണം. അതായത്, പത്രോസിനുമേല്‍ സ്ഥാപിതമായ സഭയുമായി ബന്ധമില്ലാത്ത അവസ്ഥയിലേക്ക് കത്തോലിക്കാസഭ നീങ്ങിക്കൊണ്ടിരിക്കുന്നു.

കത്തോലിക്കാസഭയിലെ വിശ്വാസികളില്‍ ഒരുവനും ഈ സഭയുടെ സമ്പത്തുമായി ഒരു ബന്ധവുമില്ല എന്ന പ്രഖ്യാപനമാണല്ലോ ആലഞ്ചേരി നടത്തിയത്. ഈ വിഷയത്തില്‍ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്ന അനേകര്‍ സഭയിലുണ്ട്. ഈ കുറ്റപ്പെടുത്തലുകളോടു പൂര്‍ണ്ണമായും ചേര്‍ന്നുനില്‍ക്കാന്‍ മനോവയ്ക്കു സാധിക്കില്ല. എന്തെന്നാല്‍, കത്തോലിക്കാസഭയുടെ നിയമമാണ് ആലഞ്ചേരി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആലഞ്ചേരി വിചാരണ ചെയ്യപ്പെട്ടാലും വിശ്വാസികള്‍ക്ക് സഭയുടെ സമ്പത്തില്‍ ഒരു അധികാരവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇവിടെ വിശ്വാസികള്‍ എന്തു നിലാപാടു സ്വീകരിക്കണം എന്നതാണ് നാം ചിന്തിക്കേണ്ടത്.

വിശ്വാസികള്‍ ഉണര്‍ന്നു ചിന്തിക്കുക!

വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കണം. സഭയുടെ സ്ഥാപനങ്ങളുടെ സേവനം ലഭിക്കണമെങ്കിലും അവസ്ഥ വിഭിന്നമല്ല. നമ്മുടെ ഇടവകയില്‍ കാലാകാലങ്ങളില്‍ ജോലിചെയ്ത വൈദീകര്‍ നമ്മുടെ സേവകരായിരുന്നു എന്നാണ് നാം ധരിച്ചിരുന്നത്. നമ്മള്‍ നിര്‍മ്മിച്ച പള്ളിയില്‍, നമ്മള്‍ ഉണ്ടാക്കിയ സ്ഥാവരജംഗമ വസ്തുക്കളില്‍ സേവനം ചെയ്ത വ്യക്തികള്‍ ആയിരുന്നില്ല നമ്മുടെ ഇടവകകളില്‍ വന്നുപോയ വൈദീകര്‍! മെത്രാന്റെ സ്വത്ത് കൈകാര്യംചെയ്യാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു അവരെല്ലാം. ഇവിടെ നാം എങ്ങനെ ഉണരണം? ഇവിടെ വിവേകമാണ് നാം ഉപയോഗിക്കേണ്ടത്!

നമ്മുടെ ഇടവകകളില്‍ നടത്തുന്ന പിരിവുകളില്‍ നാം എങ്ങനെ സഹകരിക്കണമെന്നത് പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു. പള്ളിയുടെ വരുമാനത്തില്‍നിന്നുതന്നെ നടത്താവുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികളുടെയിടയില്‍ പിരിവു നടത്തേണ്ട ആവശ്യമുണ്ടോ? പള്ളികളുടെ വരുമാനം മുഴുവന്‍ അരമനയിലേക്കു കടത്തിക്കൊണ്ടു പോകുകയും, ചെറിയ കാര്യങ്ങള്‍ക്കുപോലും വിശ്വാസികളുടെയിടയില്‍ പിരിവുകള്‍ നടത്തുകയും ചെയ്യുന്ന പ്രവണത എല്ലാ ഇടവകകളിലും ഉണ്ട്. ഇത് എതിര്‍ക്കപ്പെടുക തന്നെവേണം. കത്തോലിക്കാസഭയിലെ വിശ്വാസികള്‍ നല്‍കുന്ന നേര്‍ച്ചപ്പണം കൊണ്ടാണ് അധികാരികള്‍ എന്ന് പറയപ്പെടുന്നവര്‍ ഉലകം ചുറ്റി ഉല്ലസിക്കുന്നത്. ഇവിടെ ഒരു ഇടവകയുടെ കാര്യം മാത്രം കുറിക്കാം. ആഗോള കത്തോലിക്കാസഭയുടെ ഭാഗമായ ലക്ഷക്കണക്കിന്‌ ഇടവകകളില്‍ ഒന്നുമാത്രമായ ഈ പള്ളിയുടെ പ്രതിമാസ വരുമാനം പത്തുലക്ഷത്തിലേറെയാണ്. താമരശ്ശേരി രൂപതയിലെ കോടഞ്ചേരി ഇടവകയുടെ കാര്യമാണ് ഈ പറഞ്ഞത്. കുടിയേറ്റ സമൂഹം അധിവസിക്കുന്ന ഒരു പ്രദേശമാണ് കോടഞ്ചേരി. താമരശ്ശേരി രൂപതയിലെ ഏറ്റവും വലിയ പള്ളി ഇവിടെയാണുള്ളത്. രണ്ടായിരാമാണ്ടില്‍ വെഞ്ചരിപ്പു നടന്ന പുതിയ പള്ളിയുടെ നിര്‍മ്മാണം നിയന്ത്രിച്ച ഏഴംഗ എക്സിക്യുട്ടീവ്‌ കമ്മിറ്റിയിലെ ഒരംഗമായിരുന്ന മനോവയാണ് ചില സത്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ കുടിയേറ്റ ഗ്രാമത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം സകലതും നിയന്ത്രിക്കുന്നത് ഈ ഇടവകപള്ളിയാണ്. പള്ളിയോടു ചേര്‍ന്നുതന്നെയാണ് ഈ ഗ്രാമത്തിലെ പ്രധാന കച്ചവടകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങളുടെ വാടകയിനത്തില്‍ മാത്രം ലഭിക്കുന്ന വരുമാനത്തിന്റെ കാര്യമാണ് മനോവ ഇവിടെ സൂചിപ്പിച്ചത്.

ഇന്ന് കോടഞ്ചേരി പള്ളിയുടെ അധികാരം കൈയ്യാളുന്ന താമരശ്ശേരി മെത്രാന്റെ ഒരുതുള്ളി വിയര്‍പ്പുപോലും ഈ പള്ളിയുടെ അഭിവൃത്തിയുടെ ഒരു ഘട്ടത്തിലും വീണിട്ടില്ല. എന്നിരുന്നാലും, ഇപ്പോള്‍ ഈ ഇടവകപള്ളിയുടെ വരുമാനങ്ങളെല്ലാം ആസ്വദിക്കുന്നത് ഈ മെത്രാന്‍ അടക്കമുള്ള ഒരു വിഭാഗം മാത്രമാണ്. ഇത്രയേറെ പ്രതിമാസ വരുമാനമുള്ള പള്ളിയില്‍ നാലു ബഞ്ചിന്റെ കുറവുണ്ടെന്ന് വിളിച്ചുപറയാന്‍ ഇടവക വികാരിക്ക് ഉളുപ്പില്ലാതെപോയത് ഏത് നിയമത്തിന്റെ സ്വാധീനം മൂലമാണ്?! പള്ളിയുടെ ഭാഗമായി പൂന്തോട്ടം, നിത്യാരാധനയ്ക്കുള്ള ചാപ്പല്‍, മാതാവിന്റെ ഗ്രോട്ടോ എന്നിവ നിര്‍മ്മിക്കാന്‍ പാവങ്ങളായ വിശ്വാസികളെ പിഴിഞ്ഞു. ഈ ഇടവകയുടെ എല്ലാ വരുമാനവും രൂപതയെ ഏല്പിച്ചുകൊണ്ടാണ് ഈ പിഴിയല്‍ നടത്തുന്നത്. പള്ളിയില്‍ നടത്തുന്ന ഈ പിഴിയലില്‍ സഹകരിക്കാന്‍ കഴിയാത്ത വ്യക്തികളുടെ മക്കളുടെ വിവാഹംപോലും തടസ്സപ്പെടുത്തിയ ചരിത്രം വികാരിമാര്‍ക്കുണ്ട്. മുപ്പതിനായിരം രൂപ കുടിശികയുണ്ടെന്ന പേരില്‍ പാവപ്പെട്ട പെണ്‍കുട്ടിക്ക് മാമോദീസാ കുറി കൊടുക്കാത്ത ഈ പള്ളിയുടെ യഥാര്‍ത്ഥ അധികാരി ആരാണ്? ഇവര്‍ കുറി നിഷേധിച്ച വ്യക്തിയ്ക്കുകൂടി അവകാശപ്പെട്ട പള്ളിയുടെ അധികാരം എങ്ങനെയാണ് 'ളോഹധാരികള്‍ക്ക്' ലഭിച്ചത്? ഇനിയെങ്കിലും ഉണര്‍ന്നു ചിന്തിക്കാന്‍ ഇടവകക്കാര്‍ തയ്യാറാകണം. പള്ളികളുടെ പരിചരണത്തിനു പിരിവുകള്‍ നടത്തുമ്പോള്‍, പള്ളിയുടെ വരവുചിലവ് കണക്കുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെടണം.

കോടഞ്ചേരി അടക്കം താമരശ്ശേരി രൂപതയിലെ ഇടവകകളില്‍നിന്നു പിഴിഞ്ഞെടുത്ത പണംകൊണ്ട് മെത്രാസനം രാജകൊട്ടാരമാക്കിയത് ആരും കാണുന്നില്ലേ? ഇടവകകളിലെ വൈദീകര്‍ ഉപജീവനം കഴിക്കേണ്ടത് അതാത് ഇടകകളിലെ വിശ്വാസികളുടെ ചിലവിലാണ്. പള്ളിയുടെ വരുമാനങ്ങള്‍ ഇതിനു തികയുന്നില്ലെങ്കില്‍ വിശ്വാസികള്‍ വൈദീകരുടെ ഉപജീവനം ഏറ്റെടുക്കണം. ഇടവകയിലെ വിശ്വാസികള്‍ പട്ടിണി അനുഭവിക്കേണ്ടിവന്നാലും വൈദീകര്‍ പട്ടിണികിടക്കാന്‍ ഇടവരരുത്. എന്തെന്നാല്‍, ഓരോ ഇടകകളിലെയും വൈദീകരെ ക്രിസ്തുവിന്റെ പ്രതിനിധികളായി നാം പരിഗണിക്കണം; അവര്‍ അങ്ങനെതന്നെയാണ്. വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി ദൈവം നിയോഗിച്ചിരിക്കുന്ന വ്യക്തികള്‍ എന്നനിലയിലാണ് വൈദീകര്‍ ആദരിക്കപ്പെടേണ്ടത്. എന്നാല്‍, ഇടവകകളുടെ വരുമാനങ്ങളുടെ പരമാധികാരി മെത്രാനോ വൈദീകനോ അല്ല! സഭയെന്നാല്‍ മെത്രാന്മാരും വൈദീകരും അടങ്ങുന്ന ഒരു സമിതി മാത്രമാണെന്ന നിയമം ക്രിസ്തീയതയുമായി ഒരുതരത്തിലും ചേര്‍ന്നുപോകുന്നതല്ല എന്നതാണ് ഇതിനു കാരണം. മെത്രാന്മാരുടെ അധികാരങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താനാണ് കാനോന്‍നിയമം നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍, ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് സഭയിലുള്ള സ്ഥാനം വ്യക്തമാക്കാന്‍ മെത്രാന്മാര്‍ക്കു ബാധ്യതയുണ്ട്. ആലഞ്ചേരിയുടെ പ്രഖ്യാപനത്തില്‍നിന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്, വിശ്വാസികള്‍ക്കു കത്തോലിക്കാസഭയില്‍ ഒരു സ്ഥാനവുമില്ല എന്നതാണ്! അതിരൂപതയുടെ സ്വത്തുക്കളെല്ലാം തന്റെ മാത്രം അധികാരത്തിനു കീഴിലുള്ളതാണെന്ന പ്രഖ്യാപനമാണ് ഇദ്ദേഹം നടത്തിയത്.

ക്രിസ്തുവുമായോ പത്രോസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആദിമസഭയുമായോ യാതൊരു ബന്ധവുമില്ലാത്ത സഭയാണ് കത്തോലിക്കാസഭയെന്നു കരുതാന്‍ മനോവ ഒരുക്കമല്ല. എന്നാല്‍, കാലാകാലങ്ങളില്‍ മെത്രാന്മാര്‍ തങ്ങളുടെ അധികാര പരിധി വിശാലമാക്കിക്കൊണ്ടു തട്ടിക്കൂട്ടിയ നിയമങ്ങളിലൂടെ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് വിശ്വാസികളെ സഭയ്ക്കു പുറത്തുനിര്‍ത്തുന്ന അവസ്ഥയിലാണ്. മെത്രാന്മാര്‍ വഹിക്കുന്നത് അപ്പസ്തോലന്മാരുടെ പദവിയാണെങ്കില്‍, സഭയുടെ ഭൗതീക സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് അധികാരമില്ല. ആദിമസഭയുടെ സാമ്പത്തീക കാര്യങ്ങള്‍ കൈകാര്യംചെയ്തിരുന്നത് 'ഡീക്കന്മാരുടെ' സമിതിയായിരുന്നു. അപ്പസ്തോലന്മാരാകട്ടെ, സുവിശേഷ ശുശ്രൂഷകളിലും പ്രാര്‍ത്ഥനയിലും മുഴുകി! ബൈബിളില്‍നിന്ന് ഈ സത്യം നാം മനസ്സിലാക്കിയതാണ്. എന്നാല്‍, ഇന്ന് കത്തോലിക്കാസഭയില്‍ നാം കാണുന്നത് നേരേ വിപരീതമായ അവസ്ഥയാണെന്നു മനോവ പറയാതെതന്നെ ഓരോരുത്തര്‍ക്കും അറിയാം. സുവിശേഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും അത്മായരായ വിശ്വാസികളും, സമ്പത്തിന്റെ അവകാശം കയ്യാളുകയും ക്രയവിക്രയങ്ങള്‍ നടത്തുകയും ചെയ്യുന്നത് മെത്രാന്മാരും എന്നതാണ് ഇന്നത്തെ അവസ്ഥ!

ബൈബിളിലെ നിയമങ്ങളുമായി എന്തെങ്കിലും ബന്ധം 'കാനോന്‍' നിയമങ്ങള്‍ക്കില്ലെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കി. വിശ്വാസികളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനും വിശ്വാസികളുടെ സമ്പത്തിന്റെ അവകാശം പിടിച്ചെടുക്കുന്നതിനുമായി മെത്രാന്മാര്‍ നിര്‍മ്മിച്ച നിയമമാണിത്. ആദിമസഭയുടെ ചൈതന്യത്തിലേക്ക്‌ കത്തോലിക്കാസഭ തിരിച്ചുപോകണമെങ്കില്‍ ഈ നിയമം അഗ്നിക്കിരയാക്കേണ്ടത് അനിവാര്യമാണ്. അപ്പസ്തോലന്മാരുടെ കാലത്തുള്ള നിയമങ്ങള്‍ക്ക് എന്തെങ്കിലും പോരായ്മ ഉള്ളതുകൊണ്ടാണ് 'കാനോന്‍' നിയമം നിര്‍മ്മിക്കേണ്ടിവന്നതെന്ന് ആരും ധരിക്കരുത്. ക്രിസ്തീയത വളര്‍ന്നത് ദൈവത്തിന്റെ നിയമങ്ങളില്‍ സഭ നിലകൊണ്ട കാലത്താണ്. മോശയുടെ നിയമങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് അപ്പസ്തോലന്മാര്‍ സഭയെ പടുത്തുയര്‍ത്തിയത്. ആയതിനാല്‍, അതില്‍നിന്നു വ്യത്യസ്തമായ നിയമങ്ങളെ അംഗീകരിക്കാന്‍ വിശ്വാസികള്‍ക്കു ബാധ്യതയില്ല. കാനോന്‍ നിയമപ്രകാരം സഭയുടെ സ്വത്തുക്കളുടെ പരിപൂര്‍ണ്ണ അവകാശം മെത്രാനില്‍ നിക്ഷിപ്തമാണെന്നത് ഒരു വസ്തുതയാണെങ്കിലും, ഈ നിയമം നിര്‍മ്മിച്ചത് വിശ്വാസികളെ സഭയുടെ ഭാഗമല്ലാതാക്കാന്‍ വേണ്ടിയാണെന്നു നാം തിരിച്ചറിഞ്ഞേ മതിയാകൂ! സഭയെന്നാല്‍ വിശ്വാസികളുടെ സമൂഹമാണെന്നത് ബൈബിളില്‍ മാത്രമുള്ള അവസ്ഥയാണ്. സന്യസ്തരും വൈദീകരും വൈദീകമേലദ്ധ്യക്ഷന്മാരും അടങ്ങുന്ന ഒരു സമൂഹമായി സഭയെ ചുരുക്കിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിഞ്ഞിട്ടില്ല. വൈദീകരെയോ സന്യസ്തരെയോ ചോദ്യംചെയ്താല്‍, അത് സഭയെ ചോദ്യംചെയ്യുന്നതിനു തുല്യമാണെന്ന പ്രചരണം ഇതിന്റെ തെളിവാണ്. ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള ചില നിയമങ്ങള്‍ കത്തോലിക്കാസഭയിലുണ്ട്. ഈ നിയമങ്ങള്‍ക്ക് എതിരേ പ്രവര്‍ത്തിക്കുകയോ പ്രചരണം നടത്തുകയോ ചെയ്യുന്നതാണ് സഭാവിരുദ്ധ പ്രവര്‍ത്തനം! മറിച്ച്, മെത്രാന്മാര്‍ തങ്ങളുടെ അധീശത്വം വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ നിര്‍മ്മിച്ച നിയമങ്ങളെ എതിര്‍ക്കുന്നത് സഭയ്ക്കെതിരെയുള്ള എതിര്‍പ്പായി പരിഗണിക്കാന്‍ കഴിയില്ല.

ദൈവജനത്തെ അജ്ഞതയില്‍ കെട്ടിയിട്ടുകൊണ്ടാണ് മെത്രാന്മാര്‍ ഇവരെ ബന്ദികളാക്കിയിരിക്കുന്നത്. സീറോമലബാര്‍ സഭയുടെ ഒട്ടുമിക്ക പള്ളികളും ഇന്ന് പണയത്തിലാണ്. ആധാരം പണയംവച്ച് ബാങ്കുകളില്‍നിന്നു ശതകോടികള്‍ വായ്പ്പയെടുത്തത് എന്താവശ്യത്തിനാണെന്ന് വിശ്വാസികളിലാര്‍ക്കും അറിയില്ല. വിശ്വാസികളും സഭയും രണ്ടാണെന്നു ചിന്തിക്കുന്ന മെത്രാന്മാര്‍ക്ക് ആരുടെ മുന്നിലും ഇക്കാര്യങ്ങള്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നതാണ് കാനോന്‍ നിയമം! അങ്കമാലി-എറണാകുളം അതിരൂപതകളിലെ സ്വത്തുക്കള്‍ മാത്രമാണ് പണയപ്പെടുത്തിയിരിക്കുന്നതെന്ന് ആരും ചിന്തിക്കരുത്. ആലഞ്ചേരിയും സംഘവും നടത്തിയ എഴുപതുകോടിയുടെ അഴിമതി ഒരു ചെറിയ ഭാഗം മാത്രമാണ്. സീറോമലബാര്‍ സഭയിലെ കേരളത്തിലെ ഒട്ടുമിക്ക മെത്രാന്മാരും തങ്ങളുടെ കീഴിലുള്ള പള്ളികള്‍ പണയപ്പെടുത്തിയിരിക്കുകയാണ്. സഭയുടെ (വിശ്വാസികളുടെ) ആവശ്യങ്ങള്‍ക്കുവേണ്ടി പള്ളികള്‍ പണയപ്പെടുത്തേണ്ട ആവശ്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. പിന്നെ എന്തിനുവേണ്ടിയാണ് ഇവര്‍ ഇത്തരത്തിലുള്ള 'മാഫിയ' പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നത്? ഇതിന്റെ ഉത്തരം മറ്റൊരു ലേഖനത്തില്‍ മനോവ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ചുരുക്കം ചില വാചകങ്ങളില്‍ ഇവിടെയും കുറിക്കാം. വ്യക്തമായ ലക്ഷ്യത്തോടെയുള്ള വില്പനകളും പണയം വയ്ക്കലുകളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് സീറോമലബാര്‍ സഭയിലെ വിഭാഗിയതയുമായി ബന്ധപ്പെട്ടതാണ്. സാധാരണ വിശ്വാസികളെ സംബന്ധിച്ച് ഗൗരവത്തോടെ കാണാത്തതും, എന്നാല്‍ വൈദീകരുടെയിടയില്‍ വലിയ പ്രാധാന്യമുള്ളതുമാണ് സീറോമലബാര്‍ സഭയിലെ വിഭാഗിയത. സഭയില്‍ നിലനില്‍ക്കുന്ന വിഭാഗിയത അതിന്റെ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നുവെന്ന് 'കല്‍ദായവാദികള്‍' തിരിച്ചറിയുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു പിളര്‍പ്പ് സീറോമലബാര്‍ സഭയില്‍ ഉണ്ടായേക്കാം. അങ്ങനെവന്നാല്‍ സഭയുടെ മുഴുവന്‍ ആസ്തികളും തങ്ങളുടെ അധീനതയില്‍ വന്നുചേരണമെന്ന് കല്‍ദായപക്ഷം ആഗ്രഹിക്കുന്നു. ഈ ആഗ്രഹം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കല്‍ദായര്‍ക്കു മാത്രം മെത്രാന്‍ പദവി നല്‍കുകയെന്ന തന്ത്രം പ്രയോഗിച്ചത്.

ഒന്നോരണ്ടോ ഒഴികെ മറ്റെല്ലാ മെത്രാന്മാരും ഇന്ന് 'കല്‍ദായപക്ഷത്താണ്. 'കല്‍ദായ വിരുദ്ധരായ മെത്രാന്മാരില്‍ ചിലര്‍ മരണപ്പെട്ടുവെങ്കില്‍, ശേഷിച്ചവരെല്ലാം വിരമിക്കുകയും ചെയ്തു. പുതിയ മെത്രാന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ കര്‍ശനമായ നിരീക്ഷണം നടത്താന്‍ ആലഞ്ചേരിയും സംഘവും ശ്രദ്ധിക്കുന്നു. മെത്രാന്മാരെല്ലാം കല്‍ദായരാണെങ്കില്‍, സ്വാഭാവികമായും സ്വത്തുക്കള്‍ മുഴുവന്‍ കല്‍ദായരില്‍ വന്നുചേരും! എന്നാല്‍, വൈദീകരിലെ ഭൂരിപക്ഷം കല്‍ദായവിരുദ്ധ പക്ഷത്തായതുകൊണ്ട് പള്ളികളുടെ (ഇടവകകള്‍) നിയന്ത്രണം ഏറ്റെടുക്കുകയെന്നത് എളുപ്പമാകില്ല. പള്ളികളുമായി ബന്ധപ്പെട്ട വസ്തുവകകള്‍ പണയപ്പെടുത്തുകയും മറ്റു വസ്തുവകകള്‍ വില്‍ക്കുകയും ചെയ്യുന്നത് ഇക്കാരണത്താലാണ്. പള്ളികള്‍ വില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് അവ പണയപ്പെടുത്തുന്നു. ഇങ്ങനെ ലഭിക്കുന്ന പണംകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും രൂപതകള്‍ സ്ഥാപിക്കുകയും ചെയ്യുന്നത്. കത്തോലിക്കാസഭയില്‍നിന്നു വേര്‍പിരിയുകയോ പാത്രിയാര്‍ക്കീസ് പദവി നേടുകയോ ചെയ്യുമ്പോള്‍, സീറോമലബാര്‍ സഭയുടെ മുഴുവന്‍ സ്വത്തുക്കളുടെയും ഉടമകള്‍ കല്‍ദായരായിരിക്കും! ആലഞ്ചേരിയും മാത്യു അറയ്ക്കലും ചേര്‍ന്നു നടത്തിയ വില്പനകളിലൂടെ നേടിയ പണം മുഴുവന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുടെ ഇരുമ്പുലോക്കറില്‍ സുരക്ഷിതമാണ്! ഈ ബാങ്കുകളും സീറോമലബാര്‍ സഭയും തമ്മിലുള്ള ബാന്ധവം അറിയാത്തവരായി ആരുമുണ്ടാകില്ല. 

'കാനോന്‍' നിയമത്തിന്റെ സംരക്ഷണത്തില്‍ വിശ്വാസികളുടെ സമ്പത്ത് സകലതും വിറ്റുതുലയ്ക്കുകയും പണയപ്പെടുത്തുകയും ചെയ്യുന്നതിനുവേണ്ടി ഒരു സംഘത്തെത്തന്നെ ആലഞ്ചേരി രൂപീകരിച്ചിട്ടുണ്ട്. വിറ്റുതുലയ്ക്കലില്‍ പ്രാവിണ്യം നേടിയിട്ടുള്ള മാത്യു അറയ്ക്കല്‍ എന്ന 'മെത്രാന്‍' വേഷധാരിയാണ് ഈ സംഘത്തിലെ പ്രമുഖന്‍! ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. എന്തെന്നാല്‍, ആസന്നമായ ഒരു പിളര്‍പ്പിന്റെ അവസാനഘട്ടത്തിലാണ് സീറോമലബാര്‍സഭ! 

മടിയില്‍ ഖനമുള്ളവന്റെ വഴിയിലെ ഭയപ്പാട്!

ആലഞ്ചേരിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന കോടതിവിധിയെ എന്തിനാണ് മെത്രാന്മാര്‍ ഭയപ്പെടുന്നത്? മടിയില്‍ ഖനമില്ലാത്തവന് വഴിയില്‍ ഭയപ്പെടേണ്ടതുണ്ടോ? അടുത്തടുത്ത ദിവസങ്ങളിലായി ഹൈക്കോടതി പ്രസ്താവിച്ച രണ്ടു വിധികളും അതിനോടുള്ള പ്രതികളുടെ സമാനമായ പ്രതികരണവും ഇവിടെ ശ്രദ്ധേയമാണ്! ഇരുപത്തിനാലു മണിക്കൂറുകള്‍ക്കിടയില്‍ നടന്ന രണ്ടു വിധികളിലൊന്നില്‍ ആലഞ്ചേരിയും സംഘവുമാണ് പ്രതിപ്പട്ടികയിലുള്ളതെങ്കില്‍, രണ്ടാമത്തെ കേസില്‍ പ്രതിസ്ഥാനത്തുള്ളത് പിണറായി സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്! ശുഹൈബ് വധക്കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നതുപോലെ തന്നെയാണ് ഭൂമിയിടപാടില്‍ തങ്ങളുടെ കരങ്ങള്‍ ശുദ്ധമാണെന്ന് ആലഞ്ചേരിയും സംഘവും പറയുന്നത്! ഈ രണ്ടു കേസുകളുടെ കാര്യത്തിലും സത്യമെന്താണെന്ന് സാധാരണ ജനങ്ങള്‍ക്കറിയാം.

കമ്മ്യുണിസ്റ്റുകളുടെ കരങ്ങള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് CBI അന്വേഷണത്തെ ഭയക്കുന്നത്? CBI അന്വേഷണത്തെ ഭയപ്പെടുന്നില്ല എന്ന് ആവര്‍ത്തിക്കുമ്പോള്‍ത്തന്നെ, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതില്‍നിന്ന് എന്താണ് ജനം മനസ്സിലാക്കേണ്ടത്? ശുഹൈബ് വധത്തിന്റെ ഉത്തരവാദികള്‍ തങ്ങള്‍ത്തന്നെയാണെന്ന് CPM നടത്തുന്ന കുറ്റസമ്മതമായി മാത്രമേ ഈ നീക്കങ്ങളെ കാണാന്‍ കഴിയുകയുള്ളു! ആലഞ്ചേരിയുടെയും സംഘത്തിന്റെയും നീക്കങ്ങള്‍ കാണുന്ന ഏതൊരുവനും മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം ഇതുതന്നെയാണ്! ഹൈക്കോടതി വിധിയ്ക്ക് എതിരേ ആലഞ്ചേരിയും സംഘവും അപ്പീല്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതിലൂടെ പോലിസ് അന്വേഷണത്തെ ഇവര്‍ ഭയപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ കാനോന്‍ നിയമം പഠിക്കേണ്ട ആവശ്യമില്ല. അതിരൂപതയുടെ വിഷയം ഹൈക്കോടതിവരെ എത്തിക്കുകയും ആലഞ്ചേരിയെ സംസ്ഥാനതലത്തില്‍ ഇളിഭ്യനാക്കുകയും ചെയ്ത വിഡ്ഢികളായ ഉപദേശകരാണ് കല്‍ദായ മെത്രാന്മാരെ സുപ്രീംകോടതിയിലേക്ക് നയിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനതലത്തില്‍ മാത്രം നിലനില്‍ക്കുന്ന നാറ്റം ഇവര്‍മൂലം ദേശിയതലത്തില്‍ വ്യാപിക്കുമെന്ന കാര്യം വ്യക്തം!

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും കത്തോലിക്കാസഭയ്ക്കും അനഭിമതനായ ജസ്റ്റിസ് കമാല്‍ പാഷയുടെ സ്ഥാനഭ്രംശത്തെ നാം ഗൗരവമായി കാണണം. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ കടന്നുകൂടിയിരിക്കുന്ന 'മാഫിയ' അത്രത്തോളം ശക്തരാണ്! ആലഞ്ചേരിയെയോ കൂട്ടാളികളെയോ ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവല്ല ജസ്റ്റിസ് കമാല്‍പാഷ പുറപ്പെടുവിച്ചത്. മറിച്ച്, ആലഞ്ചേരിയടക്കം ഭൂമിയിടപാടില്‍ ബന്ധപ്പെട്ടിട്ടുള്ള സകലരുടെയും പേരില്‍ പൊലിസ് അന്വേഷണത്തിനുള്ള ഉത്തരവായിരുന്നു അത്. അന്വേഷണത്തിലൂടെയാണ് ഒരുവന്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. തങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തിലൂടെ അതു തെളിയിക്കാനും സഭയ്ക്കും മെത്രാന്മാര്‍ക്കും ഏറ്റ കളങ്കം കഴുകിക്കളയാനുമാണ് ശ്രമിക്കേണ്ടത്. അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിനുള്ള ഏതൊരു നീക്കവും ആലഞ്ചേരിയുടെ കരങ്ങളെ കൂടുതല്‍ കളങ്കിതമാക്കുമെന്ന് ഉപദേശിക്കാന്‍ തക്കവിധം വിവരമുള്ള ഒരുവനും ഉപജാപക സംഘത്തില്‍ ഇല്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത! ആര്‍ത്തിപൂണ്ട കുറേ വിവരദോഷികളുടെ കരാളഹസ്തങ്ങളിലാണ് കല്‍ദായ മെത്രാന്മാര്‍ ഇന്നുള്ളത്. കര്‍ദ്ദിനാളിന്റെ ചെയ്തികളെ ന്യായീകരിച്ചുകൊണ്ട് ഇടയലേഖനങ്ങള്‍ എഴുതുന്ന മെത്രാന്മാരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇവര്‍ എഴുതിവിടുന്ന സ്തുതി കീര്‍ത്തനങ്ങള്‍ വായിക്കാന്‍ വൈദീകര്‍ തയ്യാറാകാത്ത അവസ്ഥയും ഇന്നുണ്ട്. ആശ്വാസത്തിനായി ആലഞ്ചേരി ഇടയ്ക്കിടെ 'മെത്രാന്‍ സിനഡ്' വിളിച്ചുകൂട്ടുകയും, മെത്രാന്മാരുടെ പിന്തുണ ഉറപ്പിച്ച് ഉപചാരം ചൊല്ലി പിരിയുകയും ചെയ്യുന്നു! മുഴുവന്‍ മെത്രാന്മാരുടെയും പിന്തുണയുള്ളതുകൊണ്ട് താന്‍ നീതിമാനാണെന്ന് സഭാമക്കള്‍ തെറ്റിദ്ധരിക്കുമെന്നാണ് ആലഞ്ചേരി കരുതുന്നത്. മെത്രാന്മാരുടെ പിന്തുണ കത്തിന്റെ അടിസ്ഥാനത്തിലും കാനോന്‍ നിയമത്തിലെ ഭോഷ്ക്കുകളെ പരിഗണിച്ചുകൊണ്ടുമാണ് സുപ്രിംകോടതി ന്യായംവിധിക്കുന്നതെന്ന് ചിന്തിക്കുന്ന വിധത്തില്‍ ഇവരുടെ ബുദ്ധിയില്‍ അന്ധകാരം ബാധിച്ചിരിക്കുകയാണ്. സുപ്രിംകോടതിയില്‍ കേസ് നടത്താനുള്ള പണത്തിനായി വിശ്വാസികളുടെ വസ്തുവകകള്‍ ഇനിയും ഇവര്‍ വില്‍ക്കും!

മലയാളംപോലും അറിയാത്ത ചിലരെ ചാനല്‍ ചര്‍ച്ചകള്‍ക്കായി അയയ്ക്കുമ്പോള്‍ ഒരുകാര്യം ആലഞ്ചേരിയും സംഘവും ഓര്മ്മിക്കുക! മലയാളഭാഷയ്ക്ക് വ്യാകരണം എഴുതിയ അര്‍ണോസ് പാതിരി ഒരു കത്തോലിക്കാ വൈദീകനായിരുന്നു! മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മ്മന്‍കാരന്‍ ഒരു ക്രിസ്ത്യാനിയാരുന്നു എന്നതും മറക്കരുത്. ബെഞ്ചമിന്‍ ബെയ്‌ലിയെ അറിയില്ലേ? മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിന്‍ ബെയ്‌ലി. മലയാളഭാഷയ്ക്ക് ഇത്രയേറെ സംഭാവനകള്‍ ചെയ്ത ഇവരുടെ പിന്മുറക്കാരില്‍ ഒരുവനെപ്പോലും ആലഞ്ചേരിക്ക് ഉപജാപകസംഘത്തില്‍ ചേര്‍ക്കാന്‍ കിട്ടിയില്ലേ? വി വി അഗസ്റ്റിനും കെന്നഡി കരിമ്പുംകാലയും ചേര്‍ന്ന് മലയാളഭാഷയെ കൊന്നു കൊലവിളിക്കുമ്പോള്‍ പൂര്‍വ്വീകരെ സ്മരിക്കാനെങ്കിലും തയ്യാറാകണം. അല്ലാത്തപക്ഷം, കര്‍ദ്ദിനാളും മെത്രാന്മാരും സീറോമലബാര്‍ സഭയുമൊക്കെ ഇന്ത്യന്‍ നിയമത്തിന് 'അതീതര്‍' ആണെന്ന് പ്രഖ്യാപിക്കാന്‍ വി വി അഗസ്റ്റിന്‍ ഇനിയും തയ്യാറാകും!

മാനന്തവാടി രൂപത ആലഞ്ചേരിയെ പിന്തുണച്ചുകൊണ്ട് രംഗത്തിറങ്ങിയപ്പോള്‍ മറ്റു രൂപതകളും പിന്നാലെയെത്തി! 'രൂപത' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സഭയാണെന്ന് ആരും ധരിച്ചേക്കരുത്. മെത്രാന്റെ ജല്പനങ്ങളെ സഭയുടെ അഭിപ്രായവും 'രൂപതയുടെ' അഭിപ്രായവുമായി പരിഗണിക്കുന്നതിലൂടെ വന്നുഭവിച്ച ഒരു ദുരന്തമാണിത്. മെത്രാന്റെ സ്വപ്നങ്ങളെ രൂപതയുടെ സ്വപ്നമായി ചിലര്‍ തെറ്റിദ്ധരിക്കുന്നു! മാനന്തവാടിയിലെ മെത്രാന്റെ വ്യക്തിപരമായ പിന്തുണയെയാണ് ആ രൂപതയുടെ പിന്തുണ എന്നപേരില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്! കൊട്ടിയൂര്‍ പീഡനക്കേസില്‍ 'പോസ്ക്കോ' നിയമപ്രകാരം അകത്തുപോകാതിരിക്കാന്‍ ജോസ് പൊരുന്നേടത്തു 'തിരുമേനിയെ' സഹായിച്ച ആലഞ്ചേരിക്കുള്ള പ്രത്യുപകാരമാണ് ഈ പിന്തുണ! ഇപ്പോള്‍ പിന്തുണയുമായി പിന്നാലെ വരുന്ന സകലരും 'ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണകള്‍' അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്! ഉപകാരസ്മരണ ഔപചാരികമായി ഉത്ഘാടനം ചെയ്തുകൊണ്ട് പ്രത്യക്ഷപ്പെട്ടത് പൊരുന്നേടം 'തിരുമേനി'യുടെ PRO ആയ ഫാ.ജോസ് കൊച്ചറക്കല്‍ ആണ്. മാനന്തവാടി രൂപതാ 'പ്രസ് ബിറ്ററല്‍ കൗണ്‍സില്‍' ഇറക്കിയ പത്രക്കുറിപ്പ് വായിച്ചപ്പോള്‍ മനോവ ഞെട്ടിപ്പോയി! കാരണം, ആലഞ്ചേരിയെ ക്രിസ്തുവിനോടാണ് ഇവര്‍ ഉപമിച്ചിരിക്കുന്നത്! ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള നീക്കങ്ങളാണ് പിന്നണിയില്‍ നടക്കുന്നതെന്ന മുഖവുരയോടെ ആരംഭിക്കുന്ന പത്രക്കുറിപ്പ് വായിക്കുന്ന ആരിലും ഈ ഞെട്ടല്‍ ഉളവാക്കും. എന്തെന്നാല്‍, ദൈവവചനം ഉപയോഗിച്ച് സ്വയം നീതീകരണം നടത്തുകയോ അനീതിയെ ന്യായീകരിക്കുകയോ ചെയ്യുന്നത് ഒന്നും രണ്ടും പ്രമാണങ്ങള്‍ക്ക് എതിരെയുള്ള പാപമാണ്.

ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "യേഹ്ശുവാ അവരോടു പറഞ്ഞു: ഈ രാത്രി നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും. ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു"(മത്താ: 26; 31). തിന്മയെ ന്യായീകരിക്കാന്‍ മാനന്തവാടിയിലെ സ്തുതിപാടകര്‍ ഉപയോഗിച്ച വചനമിതാണ്! യേഹ്ശുവാ അറിയിച്ചത് സഖറിയാപ്രവചനത്തില്‍ ദൈവത്തിന്റെതായി രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തെ സംബന്ധിച്ചായിരുന്നു. പ്രവചനം ഇതാണ്: "സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റെ ഇടയനെതിരേ, എന്നോടു ചേര്‍ന്നുനില്‍ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ"(സഖ: 13; 7). യേഹ്ശുവായെ സംബന്ധിച്ചുള്ള ഈ പ്രവചനം എങ്ങനെയാണ് ആലഞ്ചേരിക്ക് ഭൂഷണമാകുന്നത്? ദൈവത്തോടു ചേര്‍ന്നുനിന്ന അവിടുത്തെ അഭിഷിക്തനായ യേഹ്ശുവായില്‍ ഈ പ്രവചനം പൂര്‍ത്തിയായി! തുടര്‍ന്നുള്ള പ്രവചനമാകട്ടെ, യേഹ്ശുവായുടെ പുനരാഗമനത്തില്‍ പൂര്‍ത്തിയാകാനുള്ളതാണ്. ആയതിനാല്‍, അവിടുന്ന് പ്രവചനത്തെ പൂര്‍ണ്ണമായി ഉദ്ധരിച്ചില്ല. നമുടെ വിഷയത്തില്‍നിന്നു വ്യതിചലിക്കുമെന്നതിനാല്‍, മനോവയും ആ ഭാഗത്തേക്കു കടക്കുന്നില്ല. യേഹ്ശുവാ ഒറ്റിക്കൊടുക്കുന്ന സമയത്ത് പൂര്‍ത്തിയാകാനിരിക്കുന്ന പ്രവചനത്തെ എങ്ങനെയാണ് ഭൂമിയിടപാടില്‍ അഴിമതിയും കെടുകാര്യസ്ഥതയും കാണിച്ചു കോടതിയുടെയും ജനങ്ങളുടെയും മുന്‍പില്‍ ഇളിഭ്യനായി നില്‍ക്കുന്ന ഒരുവന്റെ അവസ്ഥയോട് ഉപമിക്കാന്‍ സാധിക്കുന്നത്? ഇടയനെ അടിച്ചപ്പോള്‍ ആടുകള്‍ ചിതറിയത് ലോക സുവിശേഷ വത്ക്കരണത്തിനുവേണ്ടിയാണ്. നാശത്തിനുവേണ്ടിയുള്ള ചിതറല്‍ ആയിരുന്നില്ല അത്. നാശത്തിനുവേണ്ടി ചിതറുന്നതിനായി വാളേ, ഉയരുകയെന്നു വാളിനോടു ദൈവം കല്പിക്കുമോ?

യേഹ്ശുവായില്‍ അവിടുത്തെ ശിഷ്യന്മാര്‍ ഇടറുകയും ചിതറുകയും ചെയ്തത്, അവിടുന്ന് തന്റെ ആടുകളുടെ സമ്പത്ത് വിറ്റുമുടിച്ച കാരണത്താലല്ല! അനിവാര്യമായ ഒരു ബലി പൂര്‍ത്തിയാക്കാനും, യേഹ്ശുവായുടെ അജഗണം ലോകം മുഴുവനിലും അവിടുത്തെ സുവിശേഷം പ്രചരിപ്പിക്കുവാനും വേണ്ടിയുള്ള ചിതറലിനെയാണ് സഖറിയാ പ്രവചിച്ചത്. ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ഇടയനാണ് യേഹ്ശുവാ! എന്നാല്‍, ഭൂമിയിടപാടില്‍ ആടുകളെ കൊള്ളയടിച്ച ഇടയന്റെ ചെയ്തികളെ വെള്ളപൂശാനായി പ്രവചനങ്ങളെ ദുരുപയോഗിക്കാന്‍ ഇവര്‍ക്കു മടിയില്ല. ഇത്തരം ദുരുപയോഗങ്ങള്‍ക്കുള്ള ശിക്ഷ വേറെ വരാനിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലോടെ ഈ ലേഖനം മനോവ ഉപസംഹരിക്കുന്നു!

ചേര്‍ത്തുവായിക്കാന്‍: സഭ എന്നാല്‍ വിശ്വാസികളുടെ കൂട്ടായ്മയാണ്. അതിനാല്‍ത്തന്നെ, സഭയുടെ സമ്പത്ത് വിശ്വാസികളുടെ പൊതുസ്വത്തായി പരിഗണിക്കപ്പെടണം. അതിന്റെ രക്ഷാധികാരികള്‍ മെത്രാന്മാരല്ല; മറിച്ച്, അത് കൈകാര്യം ചെയ്യാന്‍ ഓരോ ഇടവകകളിലെയും വിശ്വാസികളുടെ നേതൃത്വത്തിലുള്ള 'ട്രസ്റ്റ്‌' ഉണ്ടായിരിക്കണം. സര്‍ക്കാരുകളുടെ മുന്നില്‍ 'ട്രസ്റ്റ്' എന്നപേരില്‍ കള്ളക്കളി നടത്തുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍, കാനോന്‍ നിയമം ഇനിയും പരിഹസിക്കപ്പെടും. 'ട്രസ്റ്റ്' എന്ന പരിഗണനയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ആസ്വദിക്കുകയും, മെത്രാന്റെ സ്വകാര്യസ്വത്തായി അനുഭവിക്കുകയും ചെയ്യുന്ന കാപട്യം കത്തോലിക്കാസഭയില്‍ മാത്രമുള്ള അവസ്ഥയാണ്! ഹിന്ദുക്കളോ മുസ്ലീങ്ങളോ പോലും ഇത്തരം നെറികെട്ട രീതി അവലംബിക്കുന്നില്ല! അവരുടെ സമുദായത്തിനുവേണ്ടിയാണ് അവരുടെ ട്രസ്റ്റുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കത്തോലിക്കാസഭയിലെ വിശ്വാസികളുടെ സമ്പത്തുകൊണ്ട് അവര്‍ക്കു യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഇതാണോ അപ്പസ്തോലികസഭ? അപ്പസ്തോലന്മാരുടെ സഭ കച്ചവടക്കാരുടെ ഗുഹയായിരുന്നില്ല; ദാരിദ്ര്യം അനുഭവിക്കുന്ന ആരും ആ സഭയില്‍ ഉണ്ടായിരുന്നില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7359 views

LOG IN

Lost your password?

SIGN UP

LOST PASSWORD