സഭകളില്‍ ശുദ്ധീകരണം

സീറോമലബാര്‍സഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാന്‍!

Print By
about

06 - 01 - 2018

സീറോമലബാര്‍സഭ ചീഞ്ഞുനാറുന്നതു കാണുമ്പോള്‍ വേദനിക്കുന്ന അനേകം സഭാമക്കളുണ്ട്. എന്തെന്നാല്‍, സഭയിലെ അധികാരികളായി പരിഗണിക്കപ്പെടുന്നവരേക്കാള്‍, ഈ സഭയെ സ്നേഹിക്കുന്നത് അധികാരമൊന്നുമില്ലാത്ത സാധാരണ വിശ്വാസികളാണ്. സമൂഹത്തിന്റെ മുന്നില്‍ തലകുനിച്ചു നടക്കേണ്ട വിധത്തില്‍ വൈദീകര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍പ്പോലും, ഇവര്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ പെടാപ്പാടുപെടുന്നതും ഇക്കാരണത്താല്‍ത്തന്നെ! ഒരു വൈദീകന്‍ പീഡനക്കേസില്‍ പിടിക്കപ്പെടുമ്പോഴും, എട്ടുംപൊട്ടും തിരിയാത്ത പെണ്‍കുട്ടികള്‍ക്ക് മക്കളെ സമ്മാനിക്കുമ്പോഴും, ഈ വൈദീകര്‍ അഭിമുഖരിക്കുന്നത് വളരെ ചെറിയൊരു സമൂഹത്തെ മാത്രമാണ്. എന്നാല്‍, വിജാതിയരടങ്ങുന്ന സമൂഹത്തിനിടയില്‍ ജീവിക്കുന്ന വിശ്വാസികള്‍ക്ക് അനേകരെ പ്രതിരോധിക്കേണ്ടിവരുന്നു. അധികാരത്തിലിരിക്കുന്ന ഒരുവന്റെ ദുഷ്ചെയ്തികള്‍ മൂലം അപകീര്‍ത്തിപ്പെടുന്നത് സഭ ഒന്നടങ്കമാണെന്നു നമുക്കറിയാം. എന്നാല്‍, സമൂഹത്തില്‍നിന്ന്‍ അകന്നു ജീവിക്കുന്നവരും സഭയുടെയും രാഷ്ട്രീയ സംവീധാനങ്ങളുടെയും സംരക്ഷണവുമുള്ള വൈദീക സമൂഹത്തിനു പലപ്പോഴും പരിക്കേല്‍ക്കാറില്ല. സഭയുടെ കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശമില്ലാത്ത സമൂഹമായ വിശ്വാസികളാണ് കൂടുതല്‍ അവമാനമേല്‍ക്കുന്നത്. അതായത്, അടി മുഴുവന്‍ ചെണ്ടയ്ക്കും; കാശ് മാരാര്‍ക്കും!

ഇനി വിഷയത്തിലേക്കു സാവകാശം പ്രവേശിക്കാം. 'സീറോമലബാര്‍' സഭയില്‍നിന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാമ്പത്തീക കുറ്റകൃത്യങ്ങള്‍ മാത്രമല്ല ഈ ലേഖനത്തിലൂടെ ചര്‍ച്ചചെയ്യാന്‍ മനോവ ഉദ്യമിക്കുന്നത്. മറിച്ച്, കേരളത്തിലെ കത്തോലിക്കാസഭയില്‍ പരിഷ്ക്കരിക്കപ്പെടേണ്ട ഭരണസംവീധാനങ്ങളെയും സാമ്പത്തീക ക്രമീകരണങ്ങളെയും ഇവിടെ ചര്‍ച്ചയ്ക്കെടുക്കുന്നുണ്ട്. എന്നിരുന്നാലും, ക്രമമനുസരിച്ചു മുന്നോട്ടു പോകേണ്ടാതിനാല്‍ മറ്റുചില വിഷയങ്ങളില്‍നിന്ന് നമുക്ക് ആരംഭിക്കാം.

കത്തോലിക്കാസഭയിലെ വൈദീകരും സന്യസ്തരും തങ്ങളുടെ ശുശ്രൂഷ ഏറ്റെടുക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. അതായത്, ഇവര്‍ക്ക് ഒരു വ്രതവാഗ്ദാനമുണ്ട്. ആ വാഗ്ദാനം മൂന്നു വ്രതങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നിവയിലാണ് ഇവരുടെ വ്രതവാഗ്ദാനം! ഈ വ്രതങ്ങളില്‍ നിലനില്‍ക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് ഉത്തമബോധ്യമുള്ളവര്‍ മാത്രം തിരഞ്ഞെടുക്കേണ്ട ജീവിതാന്തസ്സാണ് സന്യാസം! മറ്റെന്തെങ്കിലും താത്പര്യങ്ങളെ മുന്‍നിര്‍ത്തി ഈ ജീവിതമാര്‍ഗ്ഗം സ്വീകരിച്ചിട്ടുള്ളവരാണ് സഭയ്ക്ക് ബാധ്യതയായി ഇന്ന് നിലകൊള്ളുന്നത്. ആയതിനാല്‍ത്തന്നെ, ഈ വ്രതങ്ങളെ ഓരോന്നും പരിശോധിച്ചതിനുശേഷം അടുത്ത ഘട്ടത്തിലേക്കു കടക്കാം.

ബ്രഹ്മചര്യം!

ബ്രഹ്മചര്യം എന്നത് മൂന്നു വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതെന്നു പറയാന്‍ സാധിക്കില്ല. എന്തെന്നാല്‍, ഇവ മൂന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തവര്‍ക്ക് വൈദീകവൃത്തിയില്‍ നിലനില്‍ക്കാന്‍ അവകാശമില്ല. എന്നിരുന്നാലും, ബ്രഹ്മചര്യം എന്ന ഉപശീര്‍ഷകത്തോടു ചേര്‍ന്നു മുന്നോട്ടുപോകാം. ബ്രഹ്മചര്യത്തിന് ഏറെ പ്രാധാന്യമുള്ള വൈദീകവൃത്തിയാണ് കത്തോലിക്കാസഭയുടേത്. പുനരൈക്യത്തിലൂടെ കത്തോലിക്കാസഭയുടെ ഭാഗമായിത്തീര്‍ന്ന റീത്തുകളുടെ കാര്യത്തില്‍ ചില സൗജന്യങ്ങളുണ്ടെന്ന കാര്യം മനോവ വിസ്മരിക്കുന്നില്ല. ഉദാഹരണത്തിന്: യാക്കോബായ-ഓര്‍ത്തഡോക്സ് സഭകളില്‍നിന്നു കത്തോലിക്കാസഭയിലേക്കു വന്ന സീറോമലങ്കര റീത്തില്‍, വിവാഹിതരായ വൈദീകരുണ്ട്. എന്നാല്‍, കത്തോലിക്കാസഭയോടു ചേര്‍ന്നതിനുശേഷം ഈ റീത്തില്‍നിന്നു വൈദീകരാകുന്നവര്‍ക്ക് വിവാഹം അനുവദിച്ചിട്ടില്ല. അതായത്, പുനരൈക്യത്തിനു മുന്‍പ് വിവാഹിതരായവരെ, പുനരൈക്യത്തിനുശേഷവും ബ്രഹ്മചര്യം എന്ന വ്രതം കൂടാതെതന്നെ വൈദീകരായി തുടരാന്‍ സഭ അനുവദിക്കുന്നു. മലങ്കര റീത്തിലെ പഴയ വൈദീകര്‍ കുടുംബജീവിതം നയിക്കുന്നത് ഇക്കാരണത്താലാണ്!

വിവാഹാനന്തരം വൈദീകരാകാനുള്ള അവസരവും കത്തോലിക്കാസഭയിലുണ്ട്. വിവാഹശേഷം ഭാര്യ മരിക്കുകയും, മറ്റു ബാധ്യതകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് വൈദീകവൃത്തി സ്വീകരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, വൈദീകവൃത്തി സ്വീകരിച്ചതിനുശേഷം ബ്രഹ്മചര്യം പരിപാലിക്കാന്‍ സാധിക്കുന്നവര്‍ക്കു മാത്രമാണ് ഈ അവസരമുള്ളത്. അവിഹിത ജീവിതത്തില്‍ സന്തതിയെ ജനിപ്പിച്ചതിനുശേഷം മാനസാന്തരപ്പെട്ടു കത്തോലിക്കാസഭയിലെ വൈദീകനായ വ്യക്തിയാണ് അഗസ്റ്റ്യന്‍! ഇതൊക്കെയാണ് കത്തോലിക്കാസഭ ഇക്കാര്യത്തില്‍ അനുവദിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്. ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. വൈദീകശുശ്രൂഷയോ സന്യാസജീവിതമോ തിരഞ്ഞെടുത്തതിനുശേഷം ഒരു വ്യക്തിപോലും തന്റെ ബ്രഹ്മചര്യത്തില്‍നിന്നു വ്യതിചലിക്കാന്‍ പാടില്ല. തനിക്ക് ഈ ജീവിതം വിശ്വസ്തതയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്നു ബോധ്യമായാല്‍, താന്‍ തിരഞ്ഞെടുത്തിരിക്കുന്ന സന്യാസജീവിതം അവന്‍ അല്ലെങ്കില്‍ അവള്‍ ഉപേക്ഷിക്കണം. അല്ലാത്തപക്ഷം ഈ വ്യക്തി തന്നോടു മാത്രമല്ല, താന്‍ ആയിരിക്കുന്ന സമൂഹത്തോടും ദൈവത്തോടും അവിശ്വസ്തത പുലര്‍ത്തുന്നു!

ഇത്തരത്തില്‍ തങ്ങളുടെ തിരഞ്ഞെടുപ്പിനോടു നീതിപുലര്‍ത്തുന്ന എത്ര വ്യക്തികള്‍ നമ്മുടെ സഭയിലുണ്ട്? സന്യാസജീവിതത്തിന്റെ എല്ലാ വിശുദ്ധിയും പരിപാലിക്കുന്ന അനേകം വ്യക്തികള്‍ കത്തോലിക്കാസഭയിലുണ്ട് എന്ന സത്യം അനുസ്മരിച്ചുകൊണ്ടാണ് മനോവ ഈ ചോദ്യം ഉന്നയിക്കുന്നത്. മനോവയ്ക്ക് വ്യക്തിപരമായി അറിയാവുന്ന വിശുദ്ധരായ വൈദീകര്‍ ഇന്നും കത്തോലിക്കാസഭയിലെ വിവിധ റീത്തുകളിലുണ്ട്. മൂന്നു വ്രതങ്ങള്‍ കൂടാതെ, ക്രിസ്തീയതയുടെ അടിസ്ഥാന ദൗത്യമായ സുവിശേഷ പ്രഘോഷണവും ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നവര്‍ കത്തോലിക്കാസഭയുടെ റീത്തുകളില്‍ ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, ഇവരുടെ എല്ലാ മഹത്വങ്ങളെയും കെടുത്തിക്കളയുന്ന സാത്താന്റെ സന്തതികളും അള്‍ത്താരകളില്‍ വിലസ്സുന്നുണ്ട്. അനേകം വിശുദ്ധരെപ്രതി ചില ആഭാസന്മാരെ നാം സഹിക്കേണ്ടതുണ്ടോ? കന്യാസ്ത്രിമാര്‍ക്കും ബാലികമാര്‍ക്കും സന്തതികളെ നല്‍കുന്ന വ്യഭിചാരികളായ വൈദീകവേഷധാരികളും ചൂണ്ടിക്കാണിക്കുന്നത് 'ജോണ്‍ വിയാനി' എന്ന വിശുദ്ധനെയാണ്! ഈ വിശുദ്ധന്റെ മേല്‍വിലാസത്തില്‍ തങ്ങളുടെ വ്യഭിചാരത്തിന് ന്യായീകരണം കല്പിക്കാന്‍ ഒരുവനും ശ്രമിക്കേണ്ടാ! കത്തോലിക്കാസഭയില്‍ അനേകം വിശുദ്ധര്‍ കടന്നുപോകുകയും ഇന്നും ജീവിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, വ്യഭിചാരികള്‍ക്കോ ദൈവത്തിന്റെ വചനത്തെ ധിക്കരിക്കുന്നവര്‍ക്കോ അവിടുത്തെ ശുശ്രൂഷക പദവിയില്‍ യാതൊരു സ്ഥാനവുമില്ല. വിശുദ്ധരുടെ മറവില്‍ തങ്ങളുടെ വ്യഭിചാരം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആരെങ്കിലും ഇന്ന് അള്‍ത്താരകളില്‍ ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കില്‍, അവരെല്ലാം സാത്താന്റെ അഭിഷിക്തരാണ്! വൈദീകശുശ്രൂഷയോ സന്യാസജീവിതമോ ഒരു മറയായി കൊണ്ടുനടക്കുന്നവരെക്കാള്‍ ശപിക്കപ്പെട്ടവര്‍ മറ്റാരുമില്ല! ആയതിനാല്‍, ഇക്കൂട്ടര്‍ വിവാഹം കഴിക്കുകയും ദാമ്പത്യധര്‍മ്മത്തില്‍ വിശ്വസ്തത പുലര്‍ത്തുകയും ചെയ്യട്ടെ!

ബൈബിള്‍ നല്‍കുന്ന ഒരു ഉപദേശം ശ്രദ്ധിക്കുക: "എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ് നല്ലത്"(1 കോറി: 7; 9). ഇത് വളരെ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട ഒരുപദേശംമാണ്! സംയമനം പാലിക്കാതെ, വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവര്‍ വൈദീകവൃത്തിയില്‍ തുടരുന്നത് വചനവിരുദ്ധമാണെന്നു നാം തിരിച്ചറിയണം. വിവാഹം കഴിക്കുന്നത് ഒരു അപരാധമല്ല; എന്നാല്‍, അവിഹിതവേഴ്ചകള്‍ ഗുരുതരമായ പാപമാണ്! വൈദീകരുടെ അവിഹിതവേഴ്ച്ചകളെ സംബന്ധിച്ചുള്ള വ്യക്തമായ അവബോധം വിശ്വാസികള്‍ക്കു മാത്രമല്ല, സഭാനേതൃത്വത്തിനുമുണ്ട്. ആയതിനാല്‍, ഈ വിഷയത്തെ സംബന്ധിച്ചു കൂടുതല്‍ വിവരണത്തിനു മനോവ തയ്യാറാകുന്നില്ല.

സന്യാസമെന്നത് ശ്രേഷ്ഠമായ ഒരു വിളിയാണെന്ന കാര്യത്തില്‍ മനോവയ്ക്ക് എതിരഭിപ്രായമില്ലെങ്കിലും, ഇത് കൃപലഭിച്ചവര്‍ മാത്രം സ്വീകരിക്കേണ്ട ജീവിതമാര്‍ഗ്ഗമാണ്‌! വിവാഹജീവിതത്തിലും സന്യാസജീവിതത്തിലും അനിവാര്യമായി പാലിക്കേണ്ടത് വിശ്വസ്തതയാണെന്നു നാം തിരിച്ചറിയണം. ഏതു ജീവിതാന്തസ്സ് തിരഞ്ഞെടുത്താലും തങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന വിളിയോടു വിശ്വസ്തത പുലര്‍ത്തുമ്പോഴാണ് ജീവിതം മഹനീയമാകുന്നത്. വിവാഹംപോലെതന്നെ സന്യാസവും ശ്രേഷ്ഠമാണെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ ബൈബിളിലുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: "അവിവാഹിതന്‍ യേഹ്ശുവായെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച് യേഹ്ശുവായുടെ കാര്യത്തില്‍ തല്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച് ലൗകീകകാര്യങ്ങളില്‍ തല്പരനാകുന്നു. അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി യേഹ്ശുവായുടെ കാര്യത്തില്‍ തല്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകീകകാര്യങ്ങളില്‍ തല്പരയാകുന്നു"(1 കോറി: 7; 32-34). വിവാഹത്തിന്റെ ശ്രേഷ്ഠത നിഷേധിക്കുന്ന ഉപദേശമായി ഇതിനെ ആരും കാണേണ്ടതില്ല. എന്തെന്നാല്‍, വിളിയോടു വിശ്വസ്തത പുലര്‍ത്തുന്നുവെങ്കില്‍ ഏതൊരു വിളിയും മഹത്തരമാക്കാം.

തങ്ങളുടെ ജീവിതം മുഴുവന്‍ ദൈവരാജ്യ ശുശ്രൂഷയ്ക്കായി മാറ്റിവച്ചവര്‍ക്ക് കൂടുതല്‍ നല്ലത് അവിവാഹിതരായി ജീവിക്കുന്നതായിരിക്കുമെന്ന ഉപദേശമാണ് അപ്പസ്തോലന്‍ നല്‍കിയിരിക്കുന്നത്. ഇത് വിവാഹത്തെ ഇകഴ്ത്തുന്ന ഉപദേശമായി കണക്കാക്കിയാല്‍ തെറ്റുപറ്റും. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ നോക്കുക: "ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ - ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്പിക്കുന്നത്"(1 കോറി: 7; 17). അപ്പസ്തോലന്മാരാകാനുള്ള വിളി ലഭിച്ച സമയത്ത് വിവാഹിതരായിരുന്ന വ്യക്തികള്‍ തങ്ങളുടെ വിളി സ്വീകരിച്ചത് വിവാഹബന്ധത്തില്‍ തുടര്‍ന്നുകൊണ്ടാണ്. എന്നാല്‍, അവിവാഹിതരായിരുന്നവര്‍ തങ്ങള്‍ക്കു വിളി ലഭിച്ചതിനുശേഷം വിവാഹിതരായതായി ബൈബിളില്‍ തെളിവുകളൊന്നുമില്ല. അവരൊക്കെയും മുഴുവന്‍ സമയവും ദൈവരാജ്യ ശുശ്രൂഷയില്‍ വ്യാപൃതരാകുകയും വിവിധ ദേശങ്ങളിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തു. ദൈവശുശ്രൂഷകരോട് പൗലോസ് ഉപദേശിക്കുന്നതു ശ്രദ്ധിക്കുക: "എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്"(1 കോറി: 7; 7). ആദ്യനൂറ്റാണ്ടിലെ ശുശ്രൂഷകരെല്ലാം അവിവാഹിതരായി ജീവിച്ചവരായിരുന്നില്ല എന്നതിന്റെ തെളിവ് ബൈബിളിലുണ്ട്. അപ്പസ്തോലന്റെ ഈ ഉപദേശം നോക്കുക: "മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും ഏകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസത്ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം"(1 തിമോത്തി: 3; 2).

മെത്രാന്‍ വിവാഹിതനായിരിക്കണമെന്ന ഉപദേശമല്ല ഇവിടെ നാം വായിച്ചത്; മറിച്ച്, മെത്രാന് ഒന്നിലധികം ഭാര്യമാരുണ്ടാകാന്‍ പാടില്ലെന്ന മുന്നറിയിപ്പാണ് ഇവിടെ നല്കപ്പെട്ടിരിക്കുന്നത്. വിവാഹം നിര്‍ബ്ബന്ധമാണെന്ന ഉപദേശമാണ് ഇതെങ്കില്‍, മറ്റ് ഉപദേശങ്ങളുമായി ഈ ഉപദേശം ഒത്തുപോകാതെ വരും. ക്രിസ്തീയ സമൂഹത്തില്‍ വൈദീകരെന്ന വിഭാഗമുണ്ടായത് പിന്നീടാണ്. ആദ്യനൂറ്റാണ്ടില്‍ ഇങ്ങനെ വേര്‍തിരിക്കപ്പെട്ട ഒരു സമൂഹം ഉണ്ടായിരുന്നില്ല. മാത്രവുമല്ല, വൈദീകസമൂഹം രൂപപ്പെട്ടപ്പോള്‍, ഈ സമൂഹത്തിനു വിവാഹം നിഷിദ്ധമായിരുന്നുമില്ല. വിവാഹത്തില്‍നിന്നു വൈദീകര്‍ ഒഴിഞ്ഞുനില്‍ക്കാന്‍ ആരംഭിച്ചത് കത്തോലിക്കാസഭയിലാണ്. പൗലോസ് അപ്പസ്തോലന്റെ ഉപദേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് കത്തോലിക്കാസഭ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കും ശുശ്രൂഷചെയ്യാനായി തങ്ങളെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ച വ്യക്തികള്‍ക്ക് അഭികാമ്യമായത് ബ്രഹ്മചര്യമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് കത്തോലിക്കാസഭ നിലകൊള്ളുന്നത്. എന്നാല്‍, മറ്റുള്ളവര്‍ വിവാഹം കഴിക്കണം. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "വരുംകാലങ്ങളില്‍ ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു. മനഃസാക്ഷി കത്തിക്കരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ് ഇതിനു കാരണം. അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവര്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചവയാണ്. എന്തെന്നാല്‍, ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ്"(1 തിമോത്തി: 4; 1-4).

ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ട ചില സത്യങ്ങളുണ്ട്. അവിവാഹിതരായി ജീവിക്കാനുള്ള വിളിയോടു വിശ്വസ്തത പുലര്‍ത്താന്‍ സാധിക്കുന്നവര്‍ മാത്രമാണ് ഈ ജീവിതാന്തസ്സ് തിരഞ്ഞെടുക്കേണ്ടത്. അല്ലാത്തവര്‍ വിവാഹിതരാവുകതന്നെവേണം! എന്തെന്നാല്‍, ദൈവത്തിന്റെ വചനം ഇപ്രകാരം പറയുന്നു: "വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്"(ജറെ: 29; 6). ഇത് ദൈവത്തിന്റെ കല്പനയാണ്. ഈ കല്പനയെക്കൂടി പരിഗണിച്ചുകൊണ്ടു മാത്രമേ സന്യാസത്തെ പരിഗണിക്കാവൂ. വിവാഹിതരാകാതെ ജീവിക്കുന്ന ശൈലിയുടെ ഉപജ്ഞാതാവ് പൗലോസ് അപ്പസ്തോലനാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്തെന്നാല്‍, ശാരീരികബന്ധം പുലര്‍ത്താതെതന്നെ വിവാഹിതരായി ജീവിക്കുന്ന രീതി പൗലോസ് അപ്പസ്തോലനു മുന്‍പുതന്നെ യഹൂദരുടെയിടയില്‍ ഉണ്ടായിരുന്നു. കന്യകയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീയും നാസീര്‍വ്രതം ആഗ്രഹിക്കുന്ന പുരുഷനും തമ്മില്‍ വിവാഹിതരാകുകയും, എന്നാല്‍ ശാരീരികമായി ബന്ധം പുലര്‍ത്താതെ സംയമനം പാലിക്കുകയും ചെയ്യുന്ന ദമ്പതിമാരെ സംബന്ധിച്ചുള്ള സൂചനകള്‍ ബൈബിളിലുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഒരുവനു തന്റെ കന്യകയോട്‌ സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍ യൗവനത്തിന്റെ വസന്തം പിന്നിട്ടവളാണെങ്കിലും, അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്‍ത്തിക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല. എന്നാല്‍, ആത്മസംയമനം പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്"(1 കോറി: 7; 36, 37).

പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പും ജീവിച്ചത് ഇപ്രകാരമായിരുന്നു. വിവാഹനിശ്ചയം നടത്തി ഒരുമിച്ചു ജീവിക്കുകയും വിവാഹം ചെയ്യാതിരിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇക്കാരണത്താലാണ്, തന്റെ കന്യകയോടു സംയമനം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അവളെ വിവാഹം കഴിക്കാന്‍ പൗലോസ് അപ്പസ്തോലന്‍ ഉപദേശിക്കുന്നത്! വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകാമറിയവുമായി വിവാഹം ചെയ്തിട്ടില്ല; മറിച്ച്, വിവാഹനിശ്ചയം മാത്രമാണു നടന്നതെന്നു ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വൈദീകരുടെ സന്യാസത്തെ സംബന്ധിച്ചുള്ള വചനാടിസ്ഥാനം വെളിപ്പെടുത്തുന്നതിനാണ് ഇത്രയും വിവരങ്ങള്‍ ഇവിടെ കുറിച്ചത്. സംയമനം പാലിക്കാന്‍ സാധിക്കുന്നവര്‍ മാത്രമേ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാവൂ എന്ന ഓര്‍മ്മപ്പെടുത്തലും നാമിവിടെ കണ്ടു. അതിനാല്‍ത്തന്നെ, ക്രിസ്തീയതയെ വിജാതിയരുടെ മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വൈദീകര്‍ തങ്ങളുടെ ബലഹീനത തിരിച്ചറിഞ്ഞു വിവാഹത്തിലേക്കു തിരിയുന്നതായിരിക്കും ഉചിതം! താമരശ്ശേരി രൂപതയിലെ ഒരു വൈദീകന് 'കന്യാസ്ത്രീയില്‍' കുഞ്ഞു ജനച്ചപ്പോള്‍ അധികാരികള്‍ എന്തുചെയ്തു എന്നകാര്യം നമുക്കറിയാം. കന്യാസ്ത്രീയെ മഠത്തില്‍നിന്നു പുറത്താക്കുകയും കുഞ്ഞിന്റെ പിതാവായ ജാരനെ വൈദീകവൃത്തിയില്‍ നിലനിര്‍ത്തുകയും ചെയ്തു. ഇത്തരത്തിലുള്ള 'വിത്തുമൂരികളെ' സംരക്ഷിക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. മഠത്തില്‍നിന്നു പുറത്താക്കപ്പെട്ട സ്ത്രീയ്ക്ക് ഇരുപത്തിയഞ്ചു ലക്ഷം രൂപയും സഭയുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലിയും കൊടുത്തു. പണം കൊടുത്തതില്‍ മനോവയ്ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍, വിശ്വാസികളുടെ പണം ചിലവഴിച്ചു വ്യഭിചരിക്കാന്‍ അവസരമുണ്ടാക്കുന്നത് ശരിയായ കാര്യമല്ലെന്നു മനോവ പറയും. ആഭാസന്മാര്‍ക്ക് അഴിഞ്ഞാടാനും വൈദീകരുടെ ജാരസന്തതികളെ വളര്‍ത്താനും സഭയുടെ പണം ഉപയോഗിക്കുന്നത് എതിര്‍ക്കപ്പെടണം.

വിവാഹിതരും തങ്ങളുടെ ജീവിതാന്തസ്സിനോടു നീതിപുലര്‍ത്തുക. എന്തെന്നാല്‍, ബൈബിള്‍ ഇപ്രകാരം ഉപദേശിക്കുന്നു: "എല്ലാവരുടെയിടയിലും വിവാഹം മാന്യമായി കരുതപ്പെടട്ടെ; മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസന്മാര്‍ഗ്ഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും"(ഹെബ്രാ: 13; 4). സന്യസ്തര്‍ക്ക് സംയമനം അനിവാര്യമായിരിക്കുന്നതുപോലെതന്നെ, വിവാഹിതര്‍ക്ക് ദാമ്പത്യവിശ്വസ്തതയും അനിവാര്യമാണ്!

അനുസരണം!

സന്യസ്തരുടെ മറ്റൊരു വ്രതമാണ് അനുസരണം. എന്നാല്‍, വിശ്വാസികളെ അനുസരിപ്പിക്കുക എന്നതില്‍ക്കവിഞ്ഞ്‌ തങ്ങള്‍ക്ക് ആരെയും അനുസരിക്കേണ്ടതില്ല എന്ന മനോഭാവത്തിലാണ് വൈദീകരും സന്യസ്തരും ഇന്ന് നിലകൊള്ളുന്നത്. വൈദീകന്‍ മെത്രാനെ അനുസരിക്കുന്നില്ല; മെത്രാന്‍ കര്‍ദ്ദിനാള്‍മാരെയും, കര്‍ദ്ദിനാള്‍മാര്‍ പോപ്പിനെയും, പോപ്പ് ക്രിസ്തുവിനെയും അനുസരിക്കുന്നില്ല! ഓരോരുത്തരും താന്തങ്ങള്‍ക്ക് തോന്നുന്നതുപോലെ വ്യാപരിക്കുന്നു! എന്നാല്‍, ഇവരെല്ലാം ചേര്‍ന്നു സാധാരണ വിശ്വാസികളെ അടിമകളാക്കി വച്ച് അനുസരണം അഭ്യസിപ്പിക്കുകയാണ്! ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസികളെ അടിമകളും ഭയവിഹ്വലരുമാക്കി മാറ്റിയിരിക്കുന്നു. ആയതിനാല്‍, നാമിവിടെ ചിന്തിക്കുന്നത് യഥാര്‍ത്ഥ അനുസരണത്തിന്റെ അതിര്‍വരമ്പുകളെ സംബന്ധിച്ചാണ്!

വൈദീകര്‍, മെത്രാന്മാര്‍, കര്‍ദ്ദിനാള്‍മാര്‍, പോപ്പ് എന്നിവരെക്കൂടാതെ, കന്യാസ്ത്രിമാരെക്കൂടി അനുസരിക്കാന്‍ കടപ്പെട്ടവരാണ് സാധാരണ വിശ്വാസികള്‍! അനുസരണം വ്രതമായി സ്വീകരിച്ചിരിക്കുന്ന സമൂഹമാണ് ഈ അനുസരണം വിശ്വാസികളെ പഠിപ്പിച്ചത്. വൈദീകര്‍ തങ്ങളുടെ മേലധികാരികളെ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് ഇവര്‍ അവകാശപ്പെടുന്നു. സെമിനാരിയിലെ പരിശീലനകാലത്ത് ഇവര്‍ വലിയ അനുസരണക്കാരായിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, വൈദീകരായി വേഷമണിഞ്ഞതിനുശേഷം ഈ അനുസരണം ഒരു തമാശയായി മാത്രമേ ഇവര്‍ കണ്ടിട്ടുള്ളു. ആനുകാലിക സംഭവങ്ങളിലൂടെ ഇക്കാര്യം നാമെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. മേലധികാരികളെ പരസ്യവിചാരണ ചെയ്യുന്ന തലത്തിലേക്ക് അനുസരണം ഉയര്‍ന്നപ്പോഴാണ് സാധാരണ വിശ്വാസികള്‍ ഇത് തിരിച്ചറിഞ്ഞതെങ്കില്‍, ഈ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുള്ള വ്യക്തികള്‍ക്ക് ഇതിലൊന്നും പുതുമ കാണാന്‍ കഴിയില്ല. തങ്ങള്‍ എത്രത്തോളം അച്ചടക്കലംഘനം നടത്തിയാലും തങ്ങളെ ഒരു 'ചുക്കും' ചെയ്യില്ലെന്ന ഉത്തമബോധ്യം വൈദീകര്‍ക്കുണ്ട്. എന്തെന്നാല്‍, വൈദീകരിലൊരുവന്‍ പുറത്താക്കപ്പെട്ടാല്‍, അരമനരഹസ്യങ്ങള്‍ മുഴുവന്‍ അങ്ങാടിപ്പാട്ടാകുമെന്ന് മേലധികാരികള്‍ ഭയപ്പെടുന്നു!

വിശ്വാസികളെക്കൂടാതെ, മേലധികാരികളെ അനുസരിക്കുന്ന ഒരേയൊരു വിഭാഗംകൂടിയേ കത്തോലിക്കാസഭയില്‍ ഉള്ളു. അത് 'കന്യാസ്ത്രീകള്‍' എന്ന് വിളിക്കപ്പെടുന്ന സമൂഹമാണ്. ഇവര്‍ തങ്ങളുടെ സുപ്പീരിയര്‍മാരെയും വൈദീകരെയുമെല്ലാം തീഷ്ണതയോടെ അനുസരിക്കാറുണ്ട്. ഇത്തരത്തിലുള്ള അനുസരണത്തിന്റെ ഫലമായി പല 'കന്യകമാരും' ഗര്‍ഭംധരിക്കുകയും, ചിലരെല്ലാം കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു! മേലധികാരികളുടെ വാക്കുകളെ ധിക്കരിക്കുകയെന്നാല്‍, ദൈവത്തെ ധിക്കരിക്കുന്നതിനു തുല്യമാണെന്ന പൈശാചിക പഠനത്താല്‍ രൂപീകരിക്കപ്പെട്ട വിശ്വാസത്തിന്റെ ബലിയാടുകളാണ് ഇക്കൂട്ടര്‍! ഇവിടെയാണ്‌ അനുസരണത്തിന്റെ പരിതിയില്‍ വരുന്ന വിഷയങ്ങളെക്കുറിച്ചുള്ള പരിശോധന അനിവാര്യമാകുന്നത്! മേലധികാരികള്‍ പറയുന്ന എല്ലാക്കാര്യങ്ങളും അനുസരിക്കാന്‍ നമുക്കു ബാധ്യതയുണ്ടോ? യേഹ്ശുവായും അവിടുത്തെ അപ്പസ്തോലന്മാരും നല്‍കുന്ന സാക്ഷ്യമനുസരിച്ചു പരിശോധിക്കാന്‍ തയ്യാറായാല്‍  ഇല്ലെന്ന ഉത്തരമാണ് നമുക്കു ലഭിക്കുകയുള്ളൂ.

മനുഷ്യനായി കടന്നുവന്ന രക്ഷകനായ യേഹ്ശുവായെയാണ് നാം ഏറ്റവുമധികം അനുകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത്. എന്തെന്നാല്‍, ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ടത് ഒരു കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിക്കുകയും, നമ്മുടെ രക്ഷയ്ക്കായി കുരിശില്‍ മരിക്കുകയും ചെയ്ത യേഹ്ശുവാ വന്നത് സ്വര്‍ഗ്ഗത്തില്‍നിന്നാണ്! ആയതിനാല്‍, മനുഷ്യന് അനുസരിക്കാനും അനുകരിക്കാനും യേഹ്ശുവായെക്കാള്‍ യോഗ്യതയുള്ള മറ്റൊരുവനും ഈ ഭൂമുഖത്ത് ജനിച്ചിട്ടില്ല! ദൈവവചന വിരുദ്ധമായ ആശയങ്ങളോട് യേഹ്ശുവാ എപ്രകാരം പ്രതികരിച്ചുവോ, അപ്രകാരംതന്നെയാണ് അവിടുത്തെ അനുയായികളായ നാമും പ്രതികരിക്കേണ്ടത്. അഹറോന്റെ പിന്‍ഗാമികളായ പുരോഹിതരോടും നിയമപണ്ഡിതന്മാരോടും ഫരിസേയരോടും യേഹ്ശുവാ പറഞ്ഞതു ശ്രദ്ധിക്കുക: "നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്"(മത്താ: 23; 27, 28). തന്റെ ഉന്നതമായ സ്ഥാനത്തുനിന്നുകൊണ്ട് ഇങ്ങനെയെല്ലാം പറയാനുള്ള അവകാശം യേഹ്ശുവായ്ക്ക് ഉണ്ടെങ്കിലും, സാധാരണ മനുഷ്യര്‍ക്ക് ഈ അവകാശമില്ല എന്ന് ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നവരുണ്ടാകാം. ഇത്തരം ചിന്താഗതിക്കാരോടും വാദഗതിക്കാരോടും പറയാന്‍ മനോവയുടെ മുന്നില്‍ വചനത്തിന്റെ സാക്ഷ്യമുണ്ട്. യേഹ്ശുവായെ അനുകരിക്കുകയും അനുസരിക്കുകയും ചെയ്ത പൗലോസ് എപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നു പരിശോധിച്ചാല്‍ അത് മനസ്സിലാകും.

പൗലോസ് അപ്പസ്തോലന്‍ മഹാപുരോഹിതനോടു പറഞ്ഞത് ഇപ്രകാരമാണ്: "അപ്പോള്‍ പൗലോസ് അവനോടു പറഞ്ഞു: വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു. എന്നെ നിയമാനുസൃതം വിധിക്കുവാനാണ് നീ ഇവിടെ ഇരിക്കുന്നത്. എന്നിട്ടും നിയമവിരുദ്ധമായി പ്രഹരിക്കാന്‍ നീ കല്പിക്കുന്നുവോ?"(അപ്പ. പ്രവര്‍: 23; 3). അപ്പോള്‍ അവിടെ നിന്നവര്‍ പറഞ്ഞതെന്താണെന്നു നോക്കുക: "ദൈവത്തിന്റെ പ്രധാനപുരോഹിതനെ നീ അധിക്ഷേപിക്കുകയാണോ?"(അപ്പ. പ്രവര്‍: 23; 4). പൗലോസിന്റെ മറുപടി ഇപ്രകാരമായിരുന്നു: "സഹോദരന്മാരേ, അവന്‍ പ്രധാനപുരോഹിതനാണെന്നു ഞാന്‍ അറിഞ്ഞില്ല. എന്തെന്നാല്‍, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്റെ ജനത്തിന്റെ ഭരണകര്‍ത്താവിനെ നീ ദുഷിച്ചു സംസാരിക്കരുത്"(അപ്പ. പ്രവര്‍: 23; 5). ഇവിടെ രണ്ടു കാര്യങ്ങളാണ് നാം മനസ്സിലാക്കേണ്ടത്. അവന്‍ പ്രധാനപുരോഹിതനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പൗലോസ് അപ്പസ്തോലന്‍ അവനെ അധിക്ഷേപിച്ചത് എന്നതാണ് ഒന്നാമത്തെ കാര്യം. എന്തെന്നാല്‍, പുരോഹിതരുടെ വേഷം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ആളായിരുന്നില്ല പൗലോസ്. മാത്രവുമല്ല, നിയമാനുസൃതം വിധിക്കുവാനാണ് നീ ഇവിടെ ഇരിക്കുന്നതെന്ന് പ്രധാനപുരോഹിതനോടു പറഞ്ഞത് പൗലോസ് തന്നെയായിരുന്നു. വിധിക്കാന്‍ അധികാരമുള്ളവന്റെ മുന്‍പിലാണ് താന്‍ നില്‍ക്കുന്നതെന്ന ഉത്തമ ബോധ്യത്തോടെയാണ് പൗലോസ് ഇപ്രകാരം പറഞ്ഞത്. അതിനാല്‍ത്തന്നെ, അപ്പസ്തോലനു പിഴവുപറ്റിയതായി കരുതാന്‍ കഴിയില്ല.

മറ്റൊരു കാര്യവുംകൂടി ഇവിടെ മനസ്സിലാക്കാനുണ്ട്. നിന്റെ ജനത്തിന്റെ ഭരണകര്‍ത്താവിനെ ദുഷിച്ചു സംസാരിക്കരുതെന്നുള്ള നിയമത്തെക്കുറിച്ചാണ് അത്. അപ്പസ്തോലന്റെ ഈ വാക്കുകളില്‍നിന്നു നാം എന്തു മനസ്സിലാക്കണം?! ജനത്തിന്റെ ഭരണകര്‍ത്താവിനെ ദുഷിക്കരുതെന്നുള്ളത് ദൈവത്തിന്റെ നിയമമാണ്. ഈ നിയമം നിലനില്‍ക്കെതന്നെ, പൗലോസ് ഉത്തമബോധ്യത്തോടെ അവനെ ദുഷിച്ചു. ഇവിടെ പൗലോസിനു തെറ്റുപറ്റിയോ? ഇല്ല; എന്തെന്നാല്‍, ദൈവത്തിന്റെ നിയമത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ത്തന്നെ, പ്രധാനപുരോഹിതന്‍ എന്ന പദവിയില്‍നിന്ന്‍ അവന്‍ തിരസ്കൃതനായി! നിയമം ലംഘിച്ചപ്പോള്‍ സാവൂള്‍ രാജത്വത്തില്‍നിന്നു തിരസ്കൃതനാകുകയും അവനു പകരമായി ദാവീദ് അഭിഷിക്തനാകുകയും ചെയ്തത് നമുക്കറിയാം. ആയതിനാല്‍, പൗലോസ് ദുഷിച്ചത്‌ പ്രധാനപുരോഹിതനെയായിരുന്നില്ല! സാങ്കേതികമായി മാത്രം പുരോഹിതനായിരിക്കുന്ന ഒരു കുറ്റവാളിയെയാണ് പൗലോസ് ദുഷിച്ചത്‌! ഇതുതന്നെയാണ് അനുകരണീയമായ പ്രവൃത്തി! ദൈവത്തിന്റെ വചനത്തിനു സാക്ഷ്യം വഹിക്കുകയും ഈ വചനം സത്യസന്ധമായി പഠിപ്പിക്കുകയും ചെയ്യുന്നവരെ നാം അനുസരിക്കണം. എന്നാല്‍, വചനവിരുദ്ധമായ ആശയങ്ങളുടെ പ്രചാരകരായി അധഃപതിച്ചുപോയവരുടെ മുന്‍കാല പദവികളെ പരിഗണിക്കാനുള്ള ഉത്തരവാദിത്വം ദൈവമക്കള്‍ക്കില്ല! ഇത് വ്യക്തമാക്കുന്ന ഒരു സംഭവം ബൈബിളില്‍ വായിക്കുന്നുണ്ട്. യേഹ്ശുവായുടെ നാമത്തില്‍ പ്രസംഗിക്കുന്നത് വിലക്കിക്കൊണ്ട് പുരോഹിതസംഘം താക്കീതു ചെയ്ത സംഭവമാണത്. അപ്പോള്‍ അവരോടു പത്രോസ് ഇപ്രകാരം പറഞ്ഞു: "ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല"(അപ്പ. പ്രവര്‍: 4; 19, 20).

അനുസരണത്തെ സംബന്ധിച്ചുള്ള ഏറ്റവും വ്യക്തതയുള്ള വാക്കുകളാണ് പത്രോസിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. തിന്മയെ അനുസരിക്കാന്‍ നമുക്കു ബാധ്യതയില്ലെന്നു മാത്രമല്ല, അപ്രകാരമുള്ള അനുസരണം നിത്യശിക്ഷയ്ക്ക് കാരണമാകുകയും ചെയ്യും! അഭിനവ അപ്പസ്തോലന്മാര്‍ തങ്ങളുടെ ഇംഗിതംപോലെ തിരുത്തിയെഴുതിയ വചനങ്ങളെയല്ല നാം പരിഗണിക്കേണ്ടത്; മറിച്ച്, ക്രിസ്തുവും അവിടുത്തെ അപ്പസ്തോലന്മാരും പഠിപ്പിച്ച ജീവനുള്ള വചനങ്ങളെയാണ്! ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുകയും, വിശ്വസിക്കുന്നവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുകയും ചെയ്യാനാണ് യേഹ്ശുവാ കല്പിച്ചത്. അവിടുത്തെ അപ്പസ്തോലന്മാര്‍ അത് അനുസരിച്ചു. സുവിശേഷത്തെ തടഞ്ഞുകൊണ്ട്‌ രംഗത്തുവന്ന ഒരുവനെയും അവര്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. പ്രതിരോധിച്ചവരില്‍ പ്രധാനപുരോഹിതനും മറ്റു പുരോഹിതന്മാരും മാത്രമല്ല, രാജാക്കന്മാരുമുണ്ടായിരുന്നു. എന്നാല്‍, ഈ അധികാരങ്ങള്‍ക്കു വിധേയരാകാനോ അവരെ അനുസരിക്കാനോ അപ്പസ്തോലന്മാര്‍ തയ്യാറായിരുന്നെങ്കില്‍, യേഹ്ശുവായുടെ സുവിശേഷം അറിയാനും അതുവഴി രക്ഷപ്രാപിക്കാനുമുള്ള അവസരം നമുക്കു ലഭിക്കുമായിരുന്നില്ല. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന നുണപ്രചരണവുമായി രംഗത്തിറങ്ങിയ ചില വ്യാജപ്രവാചകന്മാരെ നമുക്കറിയാം. സുവിശേഷത്തിന്റെ വളര്‍ച്ച തടഞ്ഞത് ഈ പൈശാചിക അഭിഷിക്തരായിരുന്നു. ഇവരുടെ ആത്മാക്കളാല്‍ നയിക്കപ്പെടുന്ന അനേകര്‍ ഇന്നും നമുക്കിടയിലുണ്ട്. ഇക്കൂട്ടരെ അനുസരിക്കാന്‍ തയ്യാറാകുന്നവര്‍ തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കും!

ആനുകാലികമായ ചില സംഭവങ്ങള്‍ ഇവിടെ ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ എതിര്‍ത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടും രണ്ടുപക്ഷം ഇന്ന് സീറോമലബാര്‍ സഭയില്‍ അരങ്ങുതകര്‍ക്കുന്നത് നാം കണ്ടുകൊണ്ടാണിരിക്കുന്നത്. 'കര്‍ദ്ദിനാള്‍' എന്ന അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തിയോട് എതിരിടുന്നവരും പിന്തുണയ്ക്കുന്നവരും! അതായത്, അനുസരണമില്ലാത്തവരും വിനീതവിധേയരും! ഇവരില്‍ ഏതു കൂട്ടരാണ് ശരിയുടെ പക്ഷത്തെന്ന് അറിയണമെങ്കില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഭാഗത്തെ ന്യായാന്യായങ്ങള്‍ മനസ്സിലാക്കണം. ആലഞ്ചേരിയുടെ പക്ഷത്തു തെറ്റില്ലെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍, കര്‍ദ്ദിനാള്‍ ആലഞ്ചേരി തെറ്റുകാരനാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന്റെ തെറ്റുകള്‍ മൂടിവയ്ക്കാനാണ് സ്തുതിപാടകര്‍ ശ്രമിക്കുന്നതെങ്കില്‍, ഈ സ്തുതിപാടകര്‍ വലിയ വില കൊടുക്കേണ്ടിവരും. എന്തെന്നാല്‍, തിന്മയെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവരെ ദൈവം അംഗീകരിക്കുന്നില്ല. ഈ വചനം ശ്രദ്ധിക്കുക: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20). വചനം തുടരുന്നത് ഇങ്ങനെയാണ്: "കൈക്കൂലി വാങ്ങി കുറ്റവാളിയെ മോചിപ്പിക്കുകയും നിരപരാധര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! തീനാളത്തില്‍ വൈക്കോല്‍ത്തുരുമ്പുപോലെ, അഗ്നിജ്വാലയില്‍ ഉണക്കപ്പുല്ലുപോലെ, അവരുടെ വേരു ജീര്‍ണ്ണിക്കും; അവരുടെ പുഷ്പങ്ങള്‍ പൊടിപോലെ പറന്നുപോകും. കാരണം, അവര്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ നിയമത്തെ നിരസിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ വചനത്തെ നിന്ദിക്കുകയും ചെയ്തു"(ഏശയ്യാ: 5; 23, 24). സത്യത്തിനു മാത്രമേ നാം സാക്ഷിയാകാന്‍ പാടുള്ളൂ!

ഇനി എതിരാളികളെക്കുറിച്ചു ചിന്തിക്കാം. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഭാഗത്ത് നീതിയില്ലെങ്കില്‍ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ വല്ല വകയുമുണ്ടോ? ഈ ചോദ്യത്തിന്റെ ഉത്തരം ഒറ്റവാക്കില്‍ പറയാന്‍ കഴിയില്ല. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്ഥിരീകരിക്കരുത്. പാപകൃത്യങ്ങളില്‍ നിരന്തരം വ്യാപരിക്കുന്നവരെ എല്ലാവരുടെയും മുമ്പില്‍വച്ചു ശകാരിക്കുക. മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കാന്‍ അതു സഹായിക്കും. ഈ നിയമങ്ങള്‍ മുന്‍വിധിയോ പക്ഷപാതമോ കൂടാതെ പാലിക്കാന്‍ ദൈവത്തിന്റെയും യേഹ്ശുവാ മ്ശിഹായുടെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു"(1 തിമോ: 5; 19-21). മൂന്നു സാക്ഷികളുടെ മൊഴിയാല്‍ സ്ഥിരീകരിക്കപ്പെട്ടതാണ് കര്‍ദ്ദിനാളിനുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റമെങ്കില്‍, അദ്ദേഹത്തെ എതിരിടുന്നവര്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍, കേട്ടറിവിന്റെ അടിസ്ഥാനത്തിലോ, ഒരു വ്യക്തിയുടെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലോ ആണ് ആലഞ്ചേരിയെ പ്രതിയാക്കുന്നതെങ്കില്‍, എതിരാളികള്‍ എത്ര ഉന്നതരാണെങ്കിലും അവര്‍ ജനിക്കാതിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്കു കൂടുതല്‍ നല്ലത്! നേരിട്ടു സാക്ഷിയായിട്ടുള്ള ഒരു സംഭവത്തിനു മറ്റൊരാളുടെ സാക്ഷ്യം അനിവാര്യമല്ല. കാത്തോലിക്കാസഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയില്‍ തെറ്റുകണ്ടപ്പോള്‍ പൗലോസ് അപ്പസ്തോലന്‍ മുഖത്തുനോക്കി എതിര്‍ത്തു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട്, ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു"(ഗലാ: 2; 11). തെറ്റിനെ എതിര്‍ക്കുന്നതില്‍, അത് ചെയ്യുന്നവന്റെ സ്ഥാനചിഹ്നങ്ങള്‍ പരിഗണിക്കേണ്ടതില്ല എന്നതാണ് ക്രിസ്തീയതയുടെ പ്രത്യേകത! അതുപോലെതന്നെ, സത്യത്തെ മാത്രമേ ക്രിസ്ത്യാനി അനുസരിക്കേണ്ടതുള്ളു! ദൈവത്തെയോ ദൈവവചനത്തെയോ അനുസരിക്കുന്ന വൈദീകരുടെ എണ്ണം കത്തോലിക്കാസഭയില്‍ വളരെ കുറവാണ്. പിതാക്കന്മാരുടേത് എന്നപേരില്‍ പൈശാചിക പാരമ്പര്യം പിന്തുടരാനാണ് ഇവര്‍ക്കെല്ലാം താത്പര്യം. വിശ്വാസികളെയും ഇവര്‍ തങ്ങളുടെ പൈശാചിക പാരമ്പര്യത്തിലേക്കു നയിക്കുന്നു. ഇതാണ് സമര്‍പ്പിതരുടെ അനുസരണം!

സീറോമലബാര്‍സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ മനോവയുടെ അഭിപ്രായം വെളിപ്പെടുത്താന്‍ വൈകിയതിനു വ്യക്തമായ കാരണങ്ങളുണ്ട്. ഇക്കാലമത്രയും മനോവ സ്വീകരിച്ചിട്ടുള്ള ശൈലി ഇതുതന്നെയായിരുന്നു. മൂന്നു സാക്ഷികളുടെ മൊഴികൂടാതെ ഒരുകാര്യവും സ്ഥിരീകരിക്കാന്‍ ഇന്നുവരെ തയ്യാറായിട്ടില്ല എന്നതാണ് ഈ ശൈലി. അതിനാല്‍ത്തന്നെ, പറഞ്ഞ കാര്യങ്ങളില്‍ എല്ലാക്കാലത്തും ഉറച്ചുനില്‍ക്കാന്‍ മനോവയ്ക്കു സാധിച്ചിട്ടുണ്ട്. സീറോമലബാര്‍സഭ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍, ഈ കമ്മീഷന്‍ റിപ്പോട്ടിനെ മൂന്നു സാക്ഷികളുടെ മൊഴിയായി പരിഗണിക്കാന്‍ സാധിക്കും. സഭ നിയോഗിച്ച ആറു വൈദീകരാണ് ഈ അന്വേഷണം നടത്തിയത്.  ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ എതിര്‍ക്കുന്നവരുടെ പക്ഷത്ത് നില്കാനാണ് മനോവയ്ക്ക് താത്പര്യം. ആലഞ്ചേരിയുടെ വ്യക്തമായ അറിവോടും സമ്മതത്തോടും കൂടെയാണ് എല്ലാ വ്യവഹാരങ്ങളും നടന്നതെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നു. മാത്രവുമല്ല, വിവാദ ഇടനിലക്കാരനെ പരിചയപ്പെടുത്തിയത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണെന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്.

ദാരിദ്ര്യം!

മൂന്നാമത്തെ വ്രതമായ ദാരിദ്ര്യത്താല്‍ പൊറുതിമുട്ടിയ അവസ്ഥയിലാണ് കത്തോലിക്കാസഭയിലെ ഇന്നത്തെ വൈദീകര്‍. ഇക്കാര്യം നേരിട്ടറിയണമെങ്കില്‍ താമരശ്ശേരി മെത്രാന്റെ കൊട്ടാരത്തില്‍ ചെന്നുനോക്കിയാല്‍ മതി! 'ബിഷപ്സ് ഹൗസ്' എന്ന് പറയാന്‍ കഴിയില്ല; മറിച്ച്, 'ബിഷപ്സ് പാലസ്' എന്നേ പറയാന്‍ കഴിയൂ! പാവപ്പെട്ട വിശ്വാസികള്‍ പിടിയരി പിരിച്ചും മുണ്ട് മുറുക്കിയുടുത്തും ഉണ്ടാക്കിയതാണ് സഭയുടെ സമ്പത്ത്. എന്നാല്‍, മെത്രാന്മാരാണ് ഈ സമ്പത്തിന്റെ ഇന്നത്തെ മുതലാളിമാര്‍! കൊട്ടാരങ്ങള്‍ നിര്‍മ്മിക്കുമ്പോഴും സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുമ്പോഴും സമ്പത്ത് ചിലവഴിക്കുമ്പോഴുമൊന്നും വിശ്വാസികളുടെ അഭിപ്രായം ആരും ആരായാറില്ല. രൂപതയിലെ വിശ്വാസികളുടെ ദാരിദ്ര്യത്തെക്കുറിച്ച് അന്വേഷിക്കാനും ആരുമില്ല. സ്വന്തമായി വീടില്ലാത്തവരും, മക്കളെ കെട്ടിച്ചുവിടാന്‍ കഴിയാതെ വിഷമിക്കുന്നവരും, പട്ടിണികിടക്കുന്നവരുമായ വിശ്വാസികള്‍ രൂപതയുടെ കീഴിലുള്ളപ്പോള്‍, അവരെയൊന്നും തിരിഞ്ഞുനോക്കാതെയാണ്  അധികാരികള്‍ ധൂര്‍ത്തടിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കണം.

സീറോമലബാര്‍സഭയില്‍ ദാരിദ്ര്യം അനുഭവിക്കുന്ന വൈദീകരുണ്ട്. എന്നാല്‍, സാമ്പത്തീകമായ ദാരിദ്ര്യമല്ല ഇവര്‍ അനുഭവിക്കുന്നത്. പ്രധാനമായി ഇവര്‍ അനുഭവിക്കുന്ന ദാരിദ്ര്യം മൂന്നു കാര്യങ്ങളിലാണ്. ദൈവത്തിലുള്ള വിശ്വാസം, ആത്മീയജ്ഞാനം, സാമാന്യബോധം എന്നിവയാണ് ഈ മൂന്നു കാര്യങ്ങള്‍! ഇതില്‍ മൂന്നാമത്തെ ദാരിദ്ര്യമാണ് എറണാകുളം, അങ്കമാലി അതിരൂപതകളില്‍ കണ്ടത്. സെന്റിന് 25 ലക്ഷത്തിനു മുകളില്‍ വിലയുള്ള വസ്തു ആറരലക്ഷം രൂപയ്ക്ക് വില്‍ക്കുന്നവന്റെ സാമാന്യബോധം എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ! (സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍, തൃക്കാക്കര ഭാരത്‌ മാതാ കോളേജിനു സമീപം). ഒരിക്കലെങ്കിലും അരിഭക്ഷണം കഴിച്ചിട്ടുള്ളവര്‍ മെത്രാന്മാരുടെയും കൂട്ടാളികളുടെയും സാമാന്യബോധം തിരിച്ചറിഞ്ഞുകഴിഞ്ഞു. ആര്‍ക്കും കബളിപ്പിക്കാന്‍ കഴിയുന്ന ഇക്കൂട്ടരാണ് സഭയുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നതെന്നു സമൂഹം മനസ്സിലാക്കിയതിനാല്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. ഇത് അങ്കമാലിയിലെയോ എറണാകുളത്തെയോ മാത്രം കാര്യമല്ല. കാഞ്ഞിരപ്പിള്ളി ഒഴികെയുള്ള മറ്റെല്ലാ രൂപതകളിലും ഈ വിധത്തിലുള്ള കെടുകാര്യസ്ഥതയുണ്ട്. കാഞ്ഞിരപ്പിള്ളിയിലെ സമ്പത്ത് കൈകാര്യം ചെയ്യുന്നത് ഭൂമാഫിയകളുടെ തലവനായ വന്‍കിട വ്യവസായിയായതുകൊണ്ട്, ചുളുവിലയ്ക്ക് എന്തെങ്കിലും കിട്ടുമെന്ന് കരുതേണ്ടാ. എന്നാല്‍, വിശ്വാസികള്‍ക്ക് ഈ മെത്രാന്‍ ഭീഷണിതന്നെയാണ്. എന്തെന്നാല്‍, ദീപിക പത്രം അടക്കമുള്ള സഭയുടെ സകലതും വിറ്റ്‌ സ്വന്തം കീശയിലാക്കിയ വിരുതനാണിയാള്‍! ദാരിദ്ര്യം വ്രതമായി സ്വീകരിച്ച അനേകം 'കുചേലന്മാര്‍' സീറോമലബാര്‍സഭയില്‍ ഇനിയുമുണ്ട്.

കത്തോലിക്കാസഭയുടെ ഭാഗമായ അനേകം സന്യാസസമൂഹങ്ങള്‍ നിലവിലുണ്ട്. കേരളത്തിലും കേരളത്തിനു പുറത്തും ഇവര്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന വസ്തുക്കളുടെ ബാഹുല്യം ആര്‍ക്കും അറിയില്ല. വിശ്വാസികളുടെ മുന്നില്‍ ദാരിദ്ര്യം അഭിനയിച്ചു പണം പിടുങ്ങാന്‍ വിരുതുകാട്ടുന്ന ഇവര്‍ക്ക് കേരളം വിലയ്ക്കുവാങ്ങാനുള്ള സമ്പത്തുണ്ട്. പണം പിരിക്കുന്ന കാര്യത്തില്‍ കത്തോലിക്കാ വൈദീകരുടെ വൈദഗ്ദ്ധ്യത്തിനു മുന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നുമല്ല! രൂപതകളും സന്യാസസമൂഹങ്ങളും ഇന്ന് കച്ചവട കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇവര്‍ നടത്തുന്ന കച്ചവടങ്ങള്‍ നമുക്കറിയാം. ഇന്ത്യയിലാകമാനം CMI സഭ വാങ്ങിക്കൂട്ടിയിരിക്കുന്ന ഭൂമി എത്രയാണെന്ന് അവര്‍ക്കുപോലും നിശ്ചയമില്ല. കോഴിക്കോട്, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം ബാംഗ്ലൂര്‍ എന്നീ പട്ടണങ്ങളുടെ ഹൃദയഭാഗങ്ങളില്‍ ഏറ്റവും വിലയുള്ള ഭൂമി ഈ 'പാവപ്പെട്ട' സന്യാസസമൂഹത്തിന്റെതാണ്! കോഴിക്കോടു ദേവഗിരി കോളേജ് മുതല്‍ മാവൂര്‍ റോഡിന്റെ അങ്ങേയറ്റം വരെ റോഡിനിരുവശങ്ങളിലുമായി അനേകം കോടികളുടെ ഭൂസമ്പത്ത് CMI സഭയ്ക്കുണ്ട്. സമ്പത്തിന്റെ സംരക്ഷണം മാത്രമാണ് ദരിദ്രരായ വൈദീകരുടെയും അതിദരിദ്രരായ മെത്രാന്മാരുടെയും ഇന്നത്തെ പ്രധാന ശുശ്രൂഷ! 'എല്ലാം കൗപീന രക്ഷാര്‍ത്ഥം'!

ആലഞ്ചേരിയുടെ ചവിട്ടുനാടകം!

ആലഞ്ചേരിയുടെ ഭാഗത്ത് അല്പമെങ്കിലും ന്യായമുണ്ടെന്നു കരുതിയിരുന്നവരുടെ ഭാഗത്തായിരുന്നു ജനുവരി നാലുവരെ മനോവ നിലകൊണ്ടത്. എന്നാല്‍, ആലഞ്ചേരിയും ഇദ്ദേഹത്തിന്റെ സ്തുതിപാടകരും ചേര്‍ന്നു നടത്തിയ നാടകത്തിലൂടെ എല്ലാ വിശ്വാസ്യതയും ഈ ഗൂഢസംഘം ഇല്ലാതാക്കി! ഇനിയും ഇദ്ദേഹത്തിന് സീറോമലബാര്‍ സഭയുടെയോ കത്തോലിക്കാസഭയുടെയോ കര്‍ദ്ദിനാളായി തുടരാന്‍ ധാര്‍മ്മീകമായ അവകാശമില്ല! നുണകള്‍ക്കു മേലേ വീണ്ടുംവീണ്ടും നുണകള്‍ പറഞ്ഞുകൊണ്ട് സഭാമാക്കളെ വഞ്ചിക്കുന്ന സമീപനമാണ് കര്‍ദ്ദിനാള്‍ സ്വീകരിക്കുന്നത്. വൈദീക സമിതിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍പോലും തയ്യാറാകാത്ത ഇദ്ദേഹത്തിന് എന്തൊക്കെയോ മറയ്ക്കാനുണ്ട്. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ തട്ടിപ്പുകള്‍ ചോദ്യംചെയ്യുന്ന വൈദീകര്‍ക്കെതിരേ സ്ത്രീപീഡനം ആരോപിക്കാന്‍ ചിലരെ നിയോഗിച്ചിരിക്കുന്നത് വായടയ്ക്കാനാണ്. ആലഞ്ചേരിയുടെ ഗുണ്ടയായി അറിയപ്പെടുന്ന 'കെന്നഡി' ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വൈദീകരുടെ അവിഹിത ബന്ധങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ഒരുകാര്യം മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, സഭയെ നാറ്റിച്ചിട്ടാണെങ്കില്‍പ്പോലും തനിക്ക് രക്ഷപ്പെടണമെന്ന ആലഞ്ചേരിയുടെ നയമാണ് കെന്നഡിയെപ്പോലെയുള്ള ഗുണ്ടകളിലൂടെ പുറത്തുവരുന്നത്.

ജനുവരി നാലിന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ അരമനയില്‍ അരങ്ങേറിയ നാടകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് സീറോമലബാര്‍സഭയിലെ കല്‍ദായ വാദികളാണ്. ആലഞ്ചേരി വിളിച്ചുചേര്‍ത്ത വൈദീക സമിതിയില്‍ അദ്ധ്യക്ഷത വഹിക്കേണ്ടതും അദ്ദേഹംതന്നെയായിരുന്നു. എന്നാല്‍, യോഗം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പ് തന്റെ അസൗകര്യം വൈദീകരെ അറിയിക്കുകയാണുണ്ടായത്. എന്തായിരുന്നു ആ അസൗകര്യം എന്നറിയുമ്പോള്‍ത്തന്നെ നാടകത്തിലെ ആദ്യരംഗം പൊളിയും. ചില വിശ്വാസികള്‍ തന്നെ ബന്ദിയാക്കിയിരിക്കുന്നതിനാല്‍ തനിക്കു വരാന്‍ സാധിക്കില്ലെന്ന കുറിപ്പാണ് വൈദീകര്‍ക്ക് ആലഞ്ചേരി കൊടുത്തയച്ചത്? കെന്നഡി കരിമ്പുംകാലയില്‍, വി വി അഗസ്റ്റിന്‍, സാബു ജോസ് തുടങ്ങിയ മൂന്നുപേരാണ് കര്‍ദ്ദിനാളിനെ ബന്ദിയാക്കിയതെന്ന് അവര്‍ത്തന്നെ സമ്മതിക്കുന്നു. ആലഞ്ചേരിക്കുവേണ്ടി യുദ്ധംചെയ്തുകൊണ്ടിരിക്കുന്ന ആരാധകരാണ് ഈ മൂവര്‍! തന്റെ പടനായകന്മാരാല്‍ താന്‍ ബന്ദിയാക്കപ്പെട്ടുവെന്നു പറയുന്നതിലൂടെ തകന്നുപോയത് ആലഞ്ചേരിയുടെ ബന്ദിനാടകമാണ്! മാത്രവുമല്ല, ബന്ദിനാടകം അവതരിപ്പിച്ച് വിശ്വാസികളെ മുഴുവന്‍ ബന്ദികളാക്കുകയാണ് ഈ 'കല്‍ദായ മാടമ്പി'! 99. 4 ശതമാനം അത്മായരുടെ പ്രതിനിധിയായി ഈ സ്തുതിപാടകരെ നിയമിച്ചത് ആരാണ്? സഭയുടെപേരില്‍ തട്ടിക്കൂട്ടിയ മൂന്നു 'പേപ്പര്‍ സംഘടകളുടെ' പ്രതിനിധികള്‍ മാത്രമാണിവര്‍. തങ്ങള്‍ക്ക് സ്തുതിപാടുന്നവരെ അരമനകളില്‍ പ്രതിഷ്ഠിക്കാന്‍ ഇത്തരത്തിലുള്ള സംഘടനകള്‍ തട്ടിക്കൂട്ടുന്ന കാര്യത്തില്‍ എല്ലാ മെത്രാന്മാരും ഒരേതൂവല്‍പ്പക്ഷികളാണ്! ഇപ്പോള്‍ അരങ്ങേറിയ ബന്ദിനാടകം ആലഞ്ചേരിക്ക് സ്വയം രക്ഷപ്പെടാനോ അല്ലെങ്കില്‍ മറ്റാരെയെങ്കിലും രക്ഷിക്കാനോ അതുമല്ലെങ്കില്‍ രണ്ടുകൂടിയോ എന്നുമാത്രമേ ഇനി അറിയേണ്ടതുള്ളൂ.

ഒരുകാര്യംകൂടി വ്യക്തമായി പറയാം. എന്തെന്നാല്‍, സീറോമലബാര്‍സഭയില്‍ രണ്ടു ചേരികള്‍ ഉള്ളതുകൊണ്ടു മാത്രമാണ് ഈ വന്‍ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. അല്ലെങ്കില്‍, എണ്‍പത്തിനാലു കോടിയുടെ തട്ടിപ്പൊന്നും സഭയില്‍ വലിയ കാര്യമൊന്നുമല്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ദീപിക പത്രം വിറ്റുതുലച്ചത് വിശ്വാസികള്‍ എന്നാണറിഞ്ഞത്? മുഖ്യധാരാ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നതിനു മുന്‍പ് വിശ്വാസികളില്‍ ഒരുവന്‍പോലും ഈ കച്ചവടം അറിഞ്ഞിട്ടില്ല. ദീപിക പത്രം തിരികെ പിടിക്കാന്‍ വീണ്ടും വിശ്വാസികളുടെയിടയില്‍ പാട്ടകുലുക്കി. മെത്രാന്മാരും വൈദീകരും ചേര്‍ന്നു വരുത്തിവയ്ക്കുന്ന ബാധ്യതകളെല്ലാം പരിഹരിക്കാന്‍ വിവരമില്ലാത്ത വിശ്വാസികള്‍ എല്ലാക്കാലത്തും ഉണ്ടാകുമെന്ന അമിത ആത്മവിശ്വാസമാണ് ഈ സംഘത്തിന്റെ ബലം! ദീപിക പത്രം തിരിച്ചുപിടിച്ച വിശ്വാസികള്‍തന്നെ, ആലഞ്ചേരിയും കല്‍ദായ മാടമ്പിമാരും ചേര്‍ന്നു വരുത്തിവച്ച ബാധ്യതയും പരിഹരിച്ചുകൊള്ളുമെന്ന് ഇവര്‍ക്കറിയാം. ധൂര്‍ത്തന്മാരായ ചില മക്കള്‍ ആവര്‍ത്തിച്ചു വരുത്തിവയ്ക്കുന്ന കടങ്ങള്‍ വീട്ടാന്‍ തയ്യാറാകുന്ന പിതാവിനെപ്പോലെയാണ് വിശ്വാസികള്‍. വീണ്ടുംവീണ്ടും ബാധ്യതകള്‍ വരുത്തിയാലും അവയെല്ലാം കൊടുത്തുവീട്ടാന്‍ ഇവര്‍ തയ്യാറാകുന്നു. വൈദീകസമൂഹത്തിന്റെ വഴിപിഴച്ച ബന്ധങ്ങളും അവിഹിത ജീവിതവും ചോദ്യംചെയ്യപ്പെടാന്‍ പാടില്ലെന്ന ധാരണ വിശ്വാസികള്‍ക്കിടയില്‍ വളര്‍ത്താന്‍ ഇവര്‍ക്കു കഴിഞ്ഞു. മെത്രാന്മാരുടെയും വൈദീകരുടെയും അവിഹിത കൂട്ടുകെട്ടുകള്‍ക്ക് ആധാരമിതാണ്! അന്താരാഷ്‌ട്ര തലത്തില്‍ വേരുകളുള്ള മാഫിയാത്തലവന്മാണ് സീറോമലബാര്‍സഭയിലെ മെത്രാന്മാരുടെ ഉറ്റമിത്രങ്ങള്‍! ഇസ്ലാമിക ഭീകരന്മാര്‍പ്പോലും അക്കൂട്ടത്തിലുണ്ട്. സമ്പന്നര്‍ എപ്പോഴും സമ്പന്നരുമായിട്ടായിരിക്കും ബന്ധം സ്ഥാപിക്കുന്നത്; കള്ളന്മാര്‍ കള്ളന്മാരുമായിട്ടും!

പതിനായിരം കോടിയുടെ മുകളില്‍ ആസ്തിയുള്ള ഒരു പ്രസ്ഥാനമാണ് സീറോമലബാര്‍സഭ. ഇവരെ സംബന്ധിച്ചിടത്തോളം നൂറുകോടി നിസ്സാരമാണ്. നാലുദിവസം പാട്ടകുലുക്കിയാല്‍ ഇതിലേറെ ഉണ്ടാക്കാമെന്ന് ഇവര്‍ക്കറിയാം. കാലങ്ങളായി ഇത് തെളിയിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികള്‍ എന്ന കീഴാളന്മാര്‍ ഉള്ളിടത്തോളം കാലം ഇവരുടെ വാഴ്ചയ്ക്ക് അവസാനമുണ്ടാകുകയുമില്ല. 99. 4 ശതമാനം വിശ്വാസികളെ അടിമകളായി നിലനിര്‍ത്തിക്കൊണ്ട് ഭരണം കയ്യാളുന്നത് സഭയിലെ 0.6 ശതമാനം വരുന്ന വൈദീകരും മെത്രാന്മാരുമാണ്. ആത്മീയമായ ഒരു വിഷയംകൂടി ചേര്‍ത്തുപറയേണ്ടിയിരിക്കുന്നു. സീറോമലബാര്‍സഭയെ വിജാതിയവത്ക്കരിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന 'കല്‍ദായ വാദികളുടെ' തലവനായ ആലഞ്ചേരിക്ക് കിട്ടിയ ഈ പ്രഹരം, മുഴുവന്‍ കല്‍ദായര്‍ക്കുമുള്ളതാണ്. അതിനാലാണ് കല്‍ദായരെല്ലാം ആലഞ്ചേരിക്ക് പ്രതിരോധം തീര്‍ത്തുകൊണ്ടു രംഗത്തിറങ്ങിയിരിക്കുന്നത്.

സഭാനേതൃത്വത്തിന്റെ കെടുകാര്യസ്ഥത!

വഴിയില്‍ കളഞ്ഞുകിട്ടിയ മുതലിന്റെ മൂല്യം പരിഗണിക്കാതെ, കിട്ടിയ വിലയ്ക്ക് വില്‍ക്കുന്നവന്റെ മനോഭാവമാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും സംഘവും പുലര്‍ത്തുന്നത്. സഭയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ കിട്ടുന്ന വിലയ്ക്ക് വിറ്റുതുലയ്ക്കുന്നത് താന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ മുതല്‍ അല്ലെന്നതുകൊണ്ടാണ്! 'കാട്ടിലെ തടി തേവരുടെ ആന' എന്ന മനോഭാവത്തോടെയാണ് ഇവര്‍ സഭയുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നത്!

സീറോമലബാര്‍ സഭയ്ക്ക് ഇന്നുള്ള സ്വത്തുക്കള്‍ എങ്ങനെ ലഭിച്ചതാണ്? വിശ്വാസികള്‍ പിടിയരി പിരിച്ചുണ്ടാക്കിയതു മാത്രമാണോ? സഭയുടെ സ്വത്തുക്കള്‍ അനുഭവിക്കാന്‍ യോഗമില്ലെങ്കിലും വിശ്വാസികളുടെതാണ് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ സമ്പത്തിന്റെ ഉറവിടം ഏതാണെന്നു നാം അറിഞ്ഞിരിക്കണം. 'പറങ്കികള്‍' എന്നുവിളിച്ച് സുറിയാനികള്‍ ആക്ഷേപിക്കുന്ന പോര്‍ച്ചുഗീസ് മിഷനറിമാര്‍ ഔദാര്യമായി നല്കിയിട്ടുപോയ സ്വത്തുക്കളാണ് ഇപ്പോള്‍ ഇവര്‍ കൈവശംവച്ച് ഉപയോഗിക്കുന്നതും വിറ്റുതുലയ്ക്കുന്നതും! താമരശ്ശേരി രൂപതയും തലശ്ശേരി രൂപതയും ഉണ്ടാകുന്നതിനുമുമ്പ് ആ പ്രദേശങ്ങളെല്ലാം കോഴിക്കോടു രൂപതയുടെ ഭാഗമായിരുന്നു. കുടിയേറ്റ മേഖലകളിലെ പള്ളികളും പള്ളിക്കൂടങ്ങളും ലത്തീന്‍ രൂപത നിര്‍മ്മിച്ചതാണ്. യാതൊരു മടിയുംകൂടാതെ, പള്ളികളും പള്ളിക്കൂടങ്ങളും സീറോമലബാര്‍ സഭയ്ക്ക് വിട്ടുകൊടുത്തത് പോര്‍ച്ചുഗീസുകാരായിരുന്നു. സീറോമലബാര്‍ സഭയ്ക്ക് ഇന്ന് രണ്ടു മേജര്‍ സെമിനാരികളാണുള്ളത്. കോട്ടയത്തെ വടവാതൂര്‍ സെമിനാരിയും ആലുവയിലെ മംഗലപ്പുഴ സെമിനാരിയുമാണ് ആ മേജര്‍ സെമിനാരികള്‍. ഇവരണ്ടും പോര്‍ച്ചുഗീസുകാര്‍(ലത്തീന്‍) സൗജന്യമായി നല്‍കിയതാണ്.

നിസ്സാര വിലയ്ക്ക് വിറ്റുതുലച്ച ഭൂമികളില്‍, തൃക്കാക്കര കരുണാലയത്തിനു സമീപത്തുള്ള ഒരേക്കറില്‍ അധികം വരുന്ന സ്ഥലവുമുണ്ട്. ഈ സ്ഥലം സീറോമലബാര്‍ സഭയ്ക്ക് നല്‍കിയത് ഇറ്റലി ആസ്ഥാനമായുള്ള അലക്സിയന്‍ സന്യാസസമൂഹമാണ്! ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച്, ഇറ്റലിയിലേക്ക് മടങ്ങിയപ്പോള്‍, അവരുടെ വസ്തുക്കള്‍ ചില ഉപാധികളോടെ സീറോമലബാര്‍ സഭയ്ക്കു നല്‍കി! ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാത്രമേ ആ വസ്തുവകകള്‍ ഉപയോഗിക്കാവൂ എന്നതായിരുന്നു ഉപാധി! ആലഞ്ചേരിയും സംഘവും തങ്ങളുടെ കെടുകാര്യസ്ഥതയുടെ കടംവീട്ടാന്‍ അതും വിറ്റുതുലച്ചു! സെമിനാരികള്‍ എന്നാണ് വില്‍ക്കുന്നതെന്ന് മനോവയ്ക്കറിയില്ല!

അത്മായരെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുന്നത് എന്തിനാണെന്നു നാം ചിന്തിക്കണം. സഭയുടെ കാര്യങ്ങളിലൊന്നും ഇടപെടാനുള്ള കഴിവില്ലാത്തവരാണ് അത്മായരെന്ന്‍ വൈദീകര്‍ കരുതുന്നു. സീറോമലബാര്‍ സഭയിലെ കഴിവും കാര്യപ്രാപ്തിയുമുള്ള വ്യക്തികളെല്ലാം വൈദീകവൃത്തി തിരഞ്ഞെടുത്തുവെന്ന മിഥ്യാധാരണയിലാണ് ഇവര്‍. എന്നാല്‍, നേരേ വിപരീതമാണ് യാഥാര്‍ത്ഥ്യം! അത്മായരെ മാറ്റിനിര്‍ത്തുന്ന അവസ്ഥ സംജാതമായത് പോര്‍ച്ചുഗീസുകാരുടെ കടന്നുവരവോടെയായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ലത്തീന്‍ സഭയുടെ ശൈലിയിലേക്കുള്ള മാറ്റമാണ് ഇതിനു കാരണമെന്നു പറയാം. പാശ്ചാത്യസഭയിലെ ഭരണസംവീധാനങ്ങളെക്കുറിച്ചുള്ള അറിവ് അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് പോര്‍ച്ചുഗീസുകാരുടെമേല്‍ പഴിചാരി രക്ഷപ്പെടാന്‍ സാധിക്കും. എന്നാല്‍, പാശ്ചാത്യസഭയില്‍ അത്മായര്‍ക്കു പദവികളില്ല എന്ന ചിന്ത തികച്ചും അര്‍ത്ഥശൂന്യമാണ്. സഭയുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വൈദീകരും മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും പോപ്പും ചേര്‍ന്നാണെങ്കിലും, ഭൗതികവും സാമ്പത്തികവുമായ ഭരണനിര്‍വ്വഹണം നടത്തിയിരുന്നത് രാജാവാണ്! പോപ്പിനെ തിരഞ്ഞെടുക്കുന്നതിനു രാജാവിന്റെ അനുവാദം അനിവാര്യമായിരുന്നു. അത്മായനായ രാജാവിന് 'വീറ്റോ' അവകാശമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! ഓസ്ത്രിയന്‍ എമ്പറര്‍ 'വീറ്റോ' പ്രയോഗിച്ചതുമൂലം ഒരു 'ഫ്രീമേസണ്‍ സാത്താന്‍' പോപ്പിന്റെ സ്ഥാനത്ത് അവരോധിക്കപ്പെടുന്നത് തടയപ്പെട്ടിട്ടുണ്ട്. ഇതിനോടുള്ള സാത്താന്റെ പ്രതികാരമായിരുന്നു ഒന്നാംലോക മഹായുദ്ധം! ഈ യുദ്ധത്തിനുശേഷമാണ് കത്തോലിക്കാസഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിന്റെ ദൃഡത ഇല്ലാതായത്. പോപ്പിനെ തിരഞ്ഞെടുക്കാനുള്ള അത്മായന്റെ അവകാശം നഷ്ടപ്പെടാന്‍ ഇതു കാരണമായി.

എന്നിരുന്നാലും, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോഴും സഭയുടെ സാമ്പത്തിക കാര്യങ്ങളില്‍ അത്മായര്‍ക്ക് വലിയ സ്വാധീനമുണ്ട്. ക്രിസ്ത്യാനികളുടെയിടയില്‍നിന്നു നികുതി പിരിച്ചു സഭയ്ക്കു നല്‍കുന്നത് ഭരണകൂടങ്ങളാണ്. പള്ളികള്‍ പരിപാലിക്കാനും വൈദീകര്‍ക്ക് വേതനം നല്‍കാനും മാത്രമല്ല, സഭയുടെ ഒട്ടുമിക്ക സംവീധാനങ്ങളിലും ഭരണകൂടങ്ങള്‍ ഇടപെടുന്നു. ഈ സാഹചര്യമില്ലാത്ത ഇന്ത്യയിലാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായത്. രാഷ്ട്രീയമായി വിജാതിയരുടെ ഭരണത്തിന്‍കീഴില്‍ നിലകൊള്ളുന്നതുകൊണ്ട്‌, ഇന്ത്യയിലെ ക്രൈസ്തവസഭകള്‍ക്ക് ആത്മീയവും ഭൗതീകവുമായ കാര്യങ്ങള്‍ ഒരുമിച്ചു കൊണ്ടുപോകേണ്ടിയിരിക്കുന്നു. പോര്‍ച്ചുഗീസ് വൈദീകരുടെ ആധിപത്യത്തില്‍ മുന്നോട്ടുപോയിരുന്ന നാളുകളില്‍ ഇന്ത്യയിലെ വിശ്വാസികള്‍ സ്നേഹം അനുഭവിച്ചിരുന്നുവെങ്കില്‍, ഇന്ത്യന്‍ വൈദീകരില്‍നിന്നു ദൈവജനം അത് അനുഭവിക്കുന്നില്ല. പാശ്ചാത്യസഭയിലെ വൈദീകര്‍ ഒരിക്കലും ധാര്‍ഷ്ട്യത്തോടെ വിശ്വാസികളോടു പെരുമാറിയിരുന്നില്ല. യൂറോപ്പില്‍ ഇന്നും അവര്‍ അങ്ങനെതന്നെയാണ്! യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കു കടന്നുവന്ന വൈദീകരുടെ ലക്‌ഷ്യം ധനസമ്പാദനമായിരുന്നില്ല; മറിച്ച്, സഭയെ ആദ്ധ്യാത്മികതയില്‍ പണിതുയര്‍ത്താനായിരുന്നു. യൂറോപ്പിലെ സുഖ സൗകര്യങ്ങള്‍ ത്യജിച്ചാണ് അവര്‍ ഇന്ത്യയിലെ പ്രാകൃതമായ അവസ്ഥകളിലേക്ക് ഇറങ്ങിവന്നത്. അവരുടെ ഭൗതീകശരീരങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്നു. ഇതായിരുന്നു അവരുടെ സമര്‍പ്പണം! ഇതുതന്നെയാണ് യഥാര്‍ത്ഥ സമര്‍പ്പണവും!

യൂറോപ്പിലെ സഭയുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നത് വൈദീകാരോ മെത്രാന്മാരോ ആണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ഇടവകകളിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അത്മായരാണ്. സാമ്പത്തീക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനല്ല വൈദീകരെ സഭ നിയോഗിച്ചിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈദീകര്‍ ശ്രമിക്കണം. വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിട്ടുള്ള വ്യക്തികള്‍ മാത്രമാണ് വൈദീകര്‍. ആദിമസഭയില്‍ അപ്പസ്തോലന്മാര്‍ സാമ്പത്തീക കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: "ശിഷ്യന്മാരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായ വിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്പിക്കാം. ഞങ്ങള്‍ പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം"(അപ്പ. പ്രവര്‍: 6; 1-4). ആദിമസഭയിലെ 'ഫിനാന്‍സ് മാനേജ്മെന്റ്' ഇപ്രകാരമായിരുന്നു. കത്തോലിക്കാസഭ അപ്പസ്തോലിക സഭയാണെങ്കില്‍, സഭയിലെ സാമ്പത്തീക കാര്യങ്ങളില്‍ ഇടപെടാന്‍ വൈദീകര്‍ക്ക് അവകാശമില്ല. ഇതാണ് അപ്പസ്തോലിക സഭയുടെ പാരമ്പര്യം! സഭയുടെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ നിയോഗിക്കേണ്ടത് എപ്രകാരമുള്ള വ്യക്തികളെയാണെന്നു നോക്കുക: "അവര്‍ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കോളാവോസ് എന്നിവരെ തിരഞ്ഞെടുത്തു. അവരെ അപ്പസ്തോലന്മാരുടെ മുന്‍പില്‍ നിര്‍ത്തി. അവര്‍ പ്രാര്‍ത്ഥിച്ചിട്ട് അവരുടെമേല്‍ കൈകള്‍ വച്ചു"(അപ്പ. പ്രവര്‍: 6; 5, 6). അപ്പസ്തോലിക സഭകള്‍ക്ക് അനുകരിക്കാന്‍ ഇതല്ലാതെ, മറ്റൊരു സംവീധാനവുമില്ല!

വിശ്വാസത്തിലും പരിശുദ്ധാത്മാവിലും നിറഞ്ഞ അത്മായരെ തിരഞ്ഞെടുത്ത് അവരുടെമേല്‍ മെത്രാന്മാര്‍ കൈകള്‍ വയ്ക്കട്ടെ! സാമ്പത്തീക കാര്യങ്ങളില്‍ മെത്രാന്റെ മേല്‍നോട്ടം മാത്രം മതി. ആത്മീയ ശുശ്രൂഷയും സാമ്പത്തിന്റെ ശുശ്രൂഷയും ഒരുമിച്ചുപോകുന്നതല്ല. സാമ്പത്തീക കാര്യങ്ങളില്‍ വ്യാപരിച്ച്, ആദ്ധ്യാത്മികത എന്താണെന്നുപോലും മറന്നുപോയ അവസ്ഥയിലാണ് ഇന്നത്തെ വൈദീകസമൂഹം. വിശ്വാസസമൂഹത്തെ വാര്‍ത്തെടുക്കാനോ വളര്‍ത്തിയെടുക്കാനോ ഇവര്‍ക്ക് സമയമില്ല. തങ്ങളുടെ സമ്പത്തിന്റെ മാത്രം കാവല്‍ക്കാരായി നിലകൊള്ളുകയാണ് ഇവര്‍. പണത്തിന്റെ ബാഹുല്യം എവിടെയെല്ലാം ആധിപത്യം പുലര്‍ത്തുന്നുവോ, അവിടെയെല്ലാം ആദ്ധ്യാത്മികതയുടെ ശോഷണം സംഭവിച്ചിട്ടുണ്ട്. ബൈബിള്‍ നല്‍കുന്ന സന്ദേശം നോക്കുക: "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭാനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കും. എന്തെന്നാല്‍, ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട്"(1 തിമോ: 6; 9, 10). സീറോമലബാര്‍സഭയില്‍ മാത്രമല്ല, മറ്റേതൊരു സഭയിലും സംഭവിച്ചിട്ടുള്ള വിശ്വാസ വ്യതിചലനത്തിനു കാരണം ധനമോഹമാണ്. സീറോമലബാര്‍സഭ ഇന്ന് മുറിപ്പെട്ടതും ഇക്കാരണത്താല്‍ത്തന്നെ!

ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ എന്നാണ് വൈദീകര്‍ അറിയപ്പെടുന്നത്. അങ്ങനെയെങ്കില്‍, ക്രിസ്തുവിനെയാണ് ഓരോ വൈദീകരും അനുകരിക്കേണ്ടത്. വചനം പ്രസംഗിക്കുകയും അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് തന്റെ ശിഷ്യന്മാരോടുകൂടെ യേഹ്ശുവാ ജീവിച്ചപ്പോള്‍ അവിടുന്ന് എന്തെങ്കിലും വിധത്തിലുള്ള പണമിടപാടുകള്‍ നടത്തിയോ? ഭക്ഷണസാധനങ്ങള്‍ വാങ്ങാനും സത്രങ്ങളില്‍ താമസിക്കുന്നതിനും മറ്റും പണത്തിന്റെ ആവശ്യം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, യേഹ്ശുവായോ അപ്പസ്തോലന്മാരില്‍ പ്രധാനികളോ പണം കൈകാര്യം ചെയ്തില്ല. സാമ്പത്തിക വിദഗ്ദനായിരുന്ന ചുങ്കക്കാരന്‍ മത്തായിപോലും പണം കൈകാര്യം ചെയ്യാതെ, ആത്മീയ ശുശ്രൂഷയില്‍ അല്പം പിന്നിലായിരുന്ന യൂദാസിനെയാണ് പണസഞ്ചി ഏല്പിച്ചത്. ആയതിനാല്‍, ക്രിസ്തുവിന്റെ സഭ അനുകരിക്കേണ്ടത് ക്രിസ്തുവിനെയും അവിടുത്തെ അപ്പസ്തോലന്മാരെയുമാണ്. എന്നാല്‍, കത്തോലിക്കാസഭയിലെ ഇന്നത്തെ അവസ്ഥ എന്താണ്? അത്മായരായ വിശ്വാസികളെ ഒരര്‍ത്ഥത്തിലും വൈദീകസമൂഹം വിശ്വസിക്കുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ മാത്രമല്ല, ഏതൊരു കാര്യത്തിലും അത്മായര്‍ക്ക് അയിത്തം കല്പിച്ചിട്ടുണ്ട്. വീട്ടില്‍ ഒരു പ്രാര്‍ത്ഥനായോഗം നടത്തുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനോരോഗികളുടെ സംഘമാണ് വൈദീകസമൂഹം! അത്മായരുടെ ആത്മീയ മുന്നേറ്റമായിരുന്ന 'കരിസ്മാറ്റിക്' ഉണര്‍വിനെ വെള്ളമൊഴിച്ചു കെടുത്തിക്കളഞ്ഞത് ഇതേ വൈദീകസമൂഹമാണ്! പരിശുദ്ധാത്മാവ് എന്നൊരു ആത്മാവുണ്ടോ എന്നുപോലും അറിഞ്ഞിട്ടില്ലാത്ത ചില വചനവിരോധികളായ വൈദീകരെ 'കരിസ്മാറ്റിക്' മുന്നേറ്റത്തിന്റെ നിയന്ത്രണം ഏല്പിച്ചുകൊണ്ടാണ് അതിനെ നശിപ്പിച്ചത്!

അത്മായ സമൂഹത്തിന്റെ നേതൃത്വത്തില്‍ തുടക്കമിടുന്ന ഏതൊരു പ്രസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ തങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്നു മെത്രാന്മാര്‍ക്ക് വാശിയുണ്ട്. അതിനായി, മെത്രാന്റെ ഉപജാപക സംഘത്തില്‍പ്പെട്ട ഏതെങ്കിലും വൈദീകനെ ആ പ്രസ്ഥാനത്തിലേക്ക് കെട്ടിയിറക്കുകയും രക്ഷാധികാരിയായി അയാളെ പ്രഖ്യാപിക്കുകയും ചെയ്യും. അതിനാല്‍ത്തന്നെ, ആ പ്രസ്ഥാനത്തിന് ഏറിവന്നാല്‍ ഒരു വര്‍ഷമായിരിക്കും ആയുസ്സ്! അതിശയോക്തിയായി ഇതിനെ ആരും കാണേണ്ടാ. എന്തെന്നാല്‍, ചരിത്രത്തിലിന്നോളം ഇതിനു മാറ്റംവന്നിട്ടില്ല!

സഭയുടെ അത്മായ പ്രതിനിധികള്‍!

പള്ളികളിലും രൂപതയിലും അത്മായരുടെ പ്രതിനിധികള്‍ ഇല്ലെന്ന് ആരും ചിന്തിക്കരുത്. മെത്രാനു സ്തുതിപാടാന്‍ തയ്യാറുള്ളവരെ ഇടവകകളുടെ പ്രതിനിധികളായി രൂപതയിലേക്ക് അയയ്ക്കാറുണ്ട്. എന്നാല്‍, വിശ്വാസികളുടെ പ്രതിനിധികളെ രൂപതയ്ക്ക് ആവശ്യമില്ല. ഇടവകകളിലെ കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിലാണ്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരില്‍നിന്നാണ് കൈക്കാരന്മാരെ തിരഞ്ഞെടുക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും ജാനാധിപത്യ സ്വഭാവമുണ്ട്. എന്നാല്‍, ഇതിനു മുകളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും 'നോമിനേഷന്‍' എന്ന ആഭാസമാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ, അത്മായരുടെ പ്രതിനിധിയായി ഇവരെ പരിഗണിക്കാന്‍ കഴിയില്ല. പദവിയില്‍ അത്മായരെങ്കിലും ഇവരുടെ ശബ്ദം വൈദീകസമൂഹത്തിന്റെ ശബ്ദത്തിന് അനുസരണമായിരിക്കും. അതായത്, രൂപതാ സമിതികളിലെയും പാസ്റ്ററല്‍ കൗണ്‍സിലുകളിലെയും അത്മായ സാന്നിദ്ധ്യമെന്നത് വെറും പ്രഹസനമാണ്! ഈ അവസ്ഥ മാറാതെ, കത്തോലിക്കാസഭയിലെ, വിശിഷ്യാ സീറോമലബാര്‍ സഭയിലെ കെടുകാര്യസ്ഥതയും അഴിമതിയും ഇല്ലാതാകുമെന്ന് ആരും കരുതേണ്ടാ!

മെത്രാന്മാരും വൈദീകസമൂഹവും ഇവര്‍ നിശ്ചയിക്കുന്ന അത്മായ പ്രതിനിധികളുമാണ് സീറോമലബാര്‍ സഭയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍, അവിടെ നടക്കുന്ന അധാര്‍മ്മികമായ ഇടപാടുകളൊന്നും വിശ്വാസികളുടെ അറിവിലേക്കെത്തില്ല. വൈദീകരുടെയിടയില്‍ രൂപപ്പെട്ടിരിക്കുന്ന വിഭാഗിയത ഒന്നുകൊണ്ടുമാത്രമാണ് ആലഞ്ചേരിയും സംഘവും നടത്തിയ, വന്‍ ഭൂമികുംഭകോണം പുറംലോകം അറിഞ്ഞത്. കൊച്ചിയില്‍ ഒരുതുണ്ടു ഭൂമി വില്‍ക്കാന്‍ ഒരു പത്രപ്പരസ്യം നല്കിയാല്‍പ്പോലും അനേകം വ്യക്തികളും സ്ഥാപനങ്ങളും കടന്നുവരുമെന്നിരിക്കെ, തന്റെ താത്പര്യക്കാരനായ ഒരു കള്ളനെ ഇടനിലക്കാരനാക്കാന്‍ ആലഞ്ചേരി തയ്യാറായതാണ് ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവും! കടംവീട്ടാന്‍ ഭൂമി വില്പന നടത്തിയതിനുശേഷമാണ് സഭ കൂടുതല്‍ ബാധ്യതയിലേക്ക് തള്ളിയിടപ്പെട്ടത്. ബാധ്യത തീര്‍ക്കാന്‍ സകലതും വിറ്റുകഴിഞ്ഞപ്പോള്‍, ആദ്യമുണ്ടായിരുന്നതിനേക്കാള്‍ വലിയ ബാധ്യതയായി മാറിയ സംഭവം ചരിത്രത്തില്‍ ആദ്യമായിരിക്കും! കൊച്ചിയിലെ സ്ഥലം വിറ്റ്, പശ്ചിമഘട്ട വനമേഖലയില്‍ സ്ഥലം വാങ്ങാന്‍ ഒരുവന്‍ തയ്യാറാകുന്നുവെങ്കില്‍, അടിയന്തിരമായി അവന് 'നെല്ലിക്കാത്തളം' വേണ്ടിവരും! ഒന്നാമത് കാനം രാജേന്ദ്രന്റെ പാര്‍ട്ടിയ്ക്കും പരിസ്ഥിതിവാദികള്‍ക്കും ക്രിസ്ത്യാനികള്‍ എന്നു കേള്‍ക്കുന്നതുപോലും അസ്വസ്ഥതയാണ്! എവിടെ കണ്ടാലും കൈകാര്യംചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന ഇവര്‍ക്ക് തല വച്ചുകൊടുത്തവന്റെ തലയില്‍ നെല്ലിക്കാത്തളത്തിനു പകരമുള്ള ഔഷധം മനോവയ്ക്കറിയില്ല!

ഇതിന്റെയൊക്കെ കാരണമെന്താണ്? അത്മായരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള ആരാണ് സീറോമലബാര്‍ വൈദീക സമൂഹത്തിലുള്ളത്. എറണാകുളം അതിരൂപതയിലെ സാമ്പത്തികകാര്യ സമിതിയില്‍ രണ്ടു പ്രഗത്ഭരായ അത്മായരുണ്ടായിരുന്നു. റിസര്‍വ് ബാങ്കില്‍നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനും, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാനും ആയിരുന്നു അവര്‍. അവരെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ട്, ആലഞ്ചേരിയും തന്നോടൊപ്പമുള്ള കോമാളികളും ചേര്‍ന്നു നടത്തുന്ന വിഡ്ഢിത്തരങ്ങള്‍ കണ്ടു മനസ്സുമടുത്ത അവര്‍ രാജിവച്ചു പുറത്തുപോയി! ഇതൊക്കെയാണ് രൂപതകളില്‍ നടക്കുന്നത്. ഇതിനൊരു മാറ്റം വേണം. എന്നാല്‍, മാറ്റം വരണമെങ്കില്‍ അടിമുടി പൊളിച്ചെഴുതേണ്ടിയിരിക്കുന്നു.

സമ്പത്തും ആത്മീയ ശുശ്രൂഷയും ഒരുമിച്ചുകൊണ്ടുപോകാന്‍ സാധിക്കില്ല. ആത്മീയ ശുശ്രൂഷകളില്‍ വ്യാപരിക്കുമ്പോഴും, തന്റെ ഹൃദയം എപ്പോഴും സമ്പത്തിലായിരിക്കും. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും"(മത്താ: 6; 21). സ്വര്‍ഗ്ഗത്തില്‍ നിക്ഷേപമുണ്ടാക്കാനാണ് ഓരോ വചനശുശ്രൂഷകനും വിളിക്കപ്പെട്ടിരിക്കുന്നത്. ഭൗമീക സമ്പത്തിന്റെ കാര്യവിചാരിപ്പുകാരായി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നവര്‍ ആത്മീയ ശുശ്രൂഷകളില്‍നിന്നു വിരമിക്കുക. അല്ലാത്തപക്ഷം, നിങ്ങള്‍ ദൈവത്തോടും മനുഷ്യരോടും നിങ്ങളോടുതന്നെയും വഞ്ചന കാണിക്കുന്നു! ധനത്തിനിനുപിന്നാലെ പോകുന്നവന്റെ ലക്‌ഷ്യം വീണ്ടുംവീണ്ടും ധനം വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കും. ഇത് ആദ്ധ്യാത്മികതയുമായി ഒത്തുപോകുന്നതല്ല. ധനവാനായ ഒരു യുവാവിനെ നാം ബൈബിളില്‍ പരിചയപ്പെടുന്നുണ്ട്. അവന്റെ ഭീമമായ സമ്പത്താണ്‌ യേഹ്ശുവായെ അനുഗമിക്കുന്നതില്‍നിന്ന്‍ അവനെ തടഞ്ഞതെന്ന് നാം വായിക്കുന്നു. ആയതിനാല്‍, ആത്മീയ ശുശ്രൂഷകളില്‍ വ്യാപരിക്കാന്‍ വിളിക്കപ്പെട്ട വൈദീകര്‍ യേഹ്ശുവായില്‍നിന്നും അപ്പസ്തോലന്മാരില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് അവരെ അനുകരിക്കുകയും അനുഗമിക്കുകയും ചെയ്യുക!

സഭയുടെ സ്ഥാപനങ്ങളുടെയും സമ്പത്തിന്റെയും കാര്യങ്ങള്‍ തീരുമാനിക്കാന്‍ അത്മായരില്‍നിന്ന് അത്മായര്‍ തിരഞ്ഞെടുക്കുന്ന വിശ്വാസികളുടെ പ്രതിനിധികളെ നിയോഗിക്കുക. പള്ളിക്കമ്മിറ്റിയിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പുപോലെതന്നെ, രൂപതകളിലേക്കും അതിനു മുകളിലുള്ള സംവീധാനങ്ങളിലേക്കും ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പു വേണം. വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന വിശ്വാസികളുടെ പ്രതിനിധികള്‍ രൂപതകളുടെ സാമ്പത്തീക ഭരണം ഏറ്റെടുക്കട്ടെ! വിശ്വാസികളുടെ പ്രതിനിധികളായി ഇടവകയിലെ പള്ളിക്കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതിനോടൊപ്പം, രൂപതാപ്രതിനിധികളെയും വിശ്വാസികള്‍ തിരഞ്ഞെടുക്കണം. ഓരോ ഇടവകകളില്‍നിന്നു ഒരാളെവീതം രൂപതയിലേക്ക് അയയ്ക്കുക. ഇവരില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ രൂപതയുടെ ഭരണസമിതിയില്‍ ഉണ്ടാകണം. സമിതിയുടെ അദ്ധ്യക്ഷന്‍ മെത്രാനായിരിക്കട്ടെ! സമിതിയിലെ അംഗങ്ങളുടെ സംഖ്യ എത്രയായിരുന്നാലും 3:1 എന്ന അനുപാതത്തില്‍ അത്മായര്‍ക്ക് ഭൂരിപക്ഷമുള്ള സമിതിയായിരിക്കണം സാമ്പത്തിക കാര്യങ്ങളും സഭാസ്ഥാപനങ്ങളുടെ ഭരണവും നിയന്ത്രിക്കേണ്ടത്! സീറോമലബാര്‍ സഭയുടെ എല്ലാ സംവീധാനങ്ങളിലും ഇത്തരത്തിലുള്ള ഭരണസമിതികള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5881 views

LOG IN

Lost your password?

SIGN UP

LOST PASSWORD