അറിഞ്ഞിരിക്കാന്‍

മാതാവിന്റെ വിമലഹൃദയത്തിലൂടെയുള്ള രക്ഷ യാഥാര്‍ത്ഥ്യമോ?

Print By
about

03 - 02 - 2018

തൊടുപുഴയ്ക്കു സമീപം പന്നിമറ്റം എന്ന ദേശത്ത് ഒരു കത്തോലിക്കാ പള്ളിയുണ്ട്. 1971-ല്‍ ഈ പള്ളിയിലെ പ്രതിഷ്ഠയെന്നു പറയപ്പെടുന്ന നിത്യസഹായ മാതാവിന് മനോവയെ അടിമവച്ചു!(ഇത്തരത്തില്‍ പലതരം മാതാവുമാര്‍ ഉണ്ടല്ലോ!). മാതാപിതാക്കളുടെ വിവരക്കേടുകളില്‍നിന്ന് ഇത്തരം ആഭാസങ്ങള്‍ പലരുടെയും ജീവിതത്തില്‍ വന്നുഭവിച്ചിട്ടുണ്ടാകാം. എന്നാല്‍, ഇതിനെ നിസ്സാരമായി കാണാന്‍ കഴിയുമോ എന്നതാണ് പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ട വിഷയം! ദൈവവചനം നിഷേധിക്കുന്ന ഇത്തരം ആഭാസങ്ങള്‍ ഇന്നും സഭ തുടരുന്നതിനെയും ഗൗരവത്തോടെ നാം കാണണം. അടിമവയ്പ്പ് എന്ന പൈശാചിക ആചാരത്തെ സംബന്ധിച്ച് മനോവ മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിക്കാത്തവര്‍ ഈ ലിങ്ക് സന്ദര്‍ശിച്ച് സത്യം മനസ്സിലാക്കുക: അടിമ വയ്ക്കലും വെടിവഴിപാടും കോഴിവെട്ടും!

ഈ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ളത് പല വിഷയങ്ങളാണ്. എന്നാല്‍, നാം ഇന്നിവിടെ ചിന്തിക്കുന്നത് മാതാവിന്റെ വിമലഹൃദയത്തിലൂടെയുള്ള രക്ഷ എന്ന വിഷയത്തെ സംബന്ധിച്ചാണ്. എന്നിരുന്നാലും, അടിമവയ്പ്പ് എന്ന ഏറ്റവും ഗുരുതരമായ ദുരാചാരത്തില്‍നിന്നു തുടങ്ങാം. പന്നിമറ്റത്തെ പള്ളിയിലെ പ്രതിഷ്ഠയായ പരിശുദ്ധ കന്യകാ മാതാവിന്റെ അടിമയായി മാറിയ മനോവ ഒരു കാര്യം മാതാവിനോടു പറഞ്ഞു. ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചപ്പോള്‍, ഈ അടിമവയ്പ്പ് പൈശാചികമാണെന്നു മനസ്സിലാക്കിയതുകൊണ്ടാണ്‌ പറയേണ്ടിവന്നത്. മനോവ പറഞ്ഞത് ഇതാണ്: "പരിശുദ്ധ കന്യകാമാതാവേ, ദൈവം നമ്മെയെല്ലാം സ്വാതന്ത്ര്യത്തിലേക്കു നയിച്ചിരിക്കുമ്പോള്‍ നാം എന്തിനാണ് ആരുടെയെങ്കിലും അടിമയായി സ്വയം സമര്‍പ്പിക്കുന്നത്? ദൈവംപോലും നമ്മെ അടിമയായിട്ടല്ല പരിഗണിക്കുന്നത്. പുത്രസ്വീകാര്യത്തിന്റെ ആത്മാവിനെ സ്വീകരിച്ചിരിക്കുന്ന നാം ഇനി ആരുടേയും അടിമയല്ല. ഞാന്‍ ദൈവത്തിന്റെ മകനാണെന്നും പരിശുദ്ധ അമ്മ യേഹ്ശുവായുടെ വചനപ്രകാരം എന്റെ അമ്മയാണെന്നും ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ അമ്മയുടെ മകനാണെങ്കില്‍ ഒരിക്കലും അമ്മയുടെ അടിമയല്ല. അമ്മ ഒരിക്കലും പുത്രനെ അടിമയായി കാണുകയുമില്ല. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍, ചിലര്‍ തങ്ങളുടെ ഉദരശുശ്രൂഷയ്ക്കായി അടിമവയ്പ്പ് എന്ന പൈശാചികത സഭയുടെ ഭാഗമാക്കി. ഈ അവസരത്തില്‍ അമ്മയോട് ഈ മകന്‍ പറയുന്നു: എന്നെ അടിമയായി അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിച്ച പ്രവര്‍ത്തിയെ ഒരു വിവരക്കേടായി പരിഗണിക്കുകയും എന്നെ സ്വതന്ത്രനാക്കുകയും ചെയ്യേണമേ!". ഇതായിരുന്നു മനോവയുടെ പ്രാര്‍ത്ഥന. അതിനുശേഷം മനോവയുടെ പ്രിയങ്കരിയായ അമ്മയാണ് പരിശുദ്ധ കന്യകാമറിയം! മനുഷ്യനായ യേഹ്ശുവാ ഈ ഭൂമിയിലെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന സമയത്ത് അവസാനമായി തന്റെ അനുയായികള്‍ക്കു നല്‍കിയ സമ്മാനമാണ് പരിശുദ്ധ അമ്മ!

ദൈവം നമുക്ക് എന്തെങ്കിലും അനുവദിക്കുമ്പോള്‍ അത് എന്തിനുവേണ്ടിയാണ് അനുവദിക്കുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. അവിടുന്ന് എന്ത് ഉപയോഗത്തിനായി നമുക്കു നല്കുന്നുവോ, ആ കാര്യത്തിനുവേണ്ടി മാത്രമേ നാം അത് ഉപയോഗിക്കാന്‍ പാടുള്ളു. ഇസ്രായേല്‍ജനം കാനാന്‍ ദേശത്തെ ലക്ഷ്യമാക്കി മരുഭൂമിയിലൂടെ യാത്രചെയ്തു. ഈ അവസരത്തില്‍ ജനങ്ങള്‍ പാപം ചെയ്യുകയും ഈ പാപത്തിന്റെ ശിക്ഷയായി ആഗ്നേയസര്‍പ്പങ്ങളെ ദൈവം അയയ്ക്കുകയും അവയുടെ ദംശനത്താല്‍ അനേകര്‍ മരിക്കുകയും ചെയ്തതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മോശയോടും അഹറോനോടും മറുതലിച്ചു എന്നതായിരുന്നു ഇസ്രായേല്‍ജനം ചെയ്ത പാപം. തങ്ങളുടെമേല്‍ വന്നുഭവിച്ച മഹാമാരിയില്‍നിന്നു തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷയുമായി ജനം മോശയെ സമീപിച്ചു. അവര്‍ ഇപ്രകാരമാണ് മോശയോട് അപേക്ഷിച്ചത്: "അങ്ങേയ്ക്കും യാഹ്‌വെയ്ക്കും എതിരായി സംസാരിച്ചു ഞങ്ങള്‍ പാപംചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ യാഹ്‌വെയോടു പ്രാര്‍ത്ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്തുക. ദംശനമേല്ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ ഒരു വടിയില്‍ ഉയര്‍ത്തിനിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു"(സംഖ്യ: 21; 7-9).

പിച്ചളസര്‍പ്പത്തെ ഉണ്ടാക്കാന്‍ മോശയോടു യാഹ്‌വെ കല്പിച്ചത് അതിനെ നോക്കാന്‍ മാത്രമാണ്. ജനം അപ്രകാരം അതിനെ നോക്കുക മാത്രം ചെയ്തു; അവര്‍ ജീവിച്ചു! ദൈവം എന്തിനുവേണ്ടിയാണോ പിച്ചളസര്‍പ്പത്തെ അനുവദിച്ചത്, ആ കാര്യത്തിനുവേണ്ടി മാത്രം അത് ഉപയോഗിക്കുമ്പോള്‍ അതിലൂടെ ദൈവത്തിന്റെ വാഗ്ദാനം പ്രാപിക്കാന്‍ കഴിയും. എന്നാല്‍, ഈ വസ്തു മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുമ്പോള്‍ അതിലൂടെ വിപരീത ഫലം പുറപ്പെടുന്നു. ഈ പിച്ചളസര്‍പ്പത്തിലൂടെ ഇസ്രായേല്‍ജനം ശിക്ഷിക്കപ്പെട്ട ചരിത്രവും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തിനു പേരിടുകയും അതിനെ വഹിച്ചുകൊണ്ട് കാനാന്‍ ദേശത്തേയ്ക്ക് പോവുകയും ചെയ്തപ്പോള്‍ ജനത്തിന് അത് പാപഹേതുവായി! ഈ പിച്ചളസര്‍പ്പത്തിന് ഇസ്രായേല്‍ജനം നല്‍കിയ പേര് 'നെഹുഷ്താന്‍' എന്നായിരുന്നു. യൂദാരാജ്യത്തുവച്ച് എന്താണ് സംഭവിച്ചതെന്നു നോക്കുക: "മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുമ്പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ (ഹെസക്കിയാ രാജാവ്) അതു തകര്‍ത്തു. ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെയില്‍ അവന്‍ വിശ്വസിച്ചു. മുന്‍ഗാമികളോ പിന്‍ഗാമികളോ ആയ യൂദാരാജാക്കന്മാരിലാരും അവനെപ്പോലെ വിശ്വസതനായിരുന്നില്ല. അവന്‍ യാഹ്‌വെയോട് ഒട്ടിനിന്നു; അവിടുന്ന് മോശയ്ക്കു നല്‍കിയ കല്പനകള്‍ പാലിക്കുകയും അവിടുത്തെ പിന്തുടരുകയും ചെയ്തു. യാഹ്‌വെ അവനോടുകൂടെ ഉണ്ടായിരുന്നു. അവന്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണ്ണമായി"(2 രാജാ: 18; 4-7). ദൈവമായ യാഹ്‌വെ ഉണ്ടാക്കാന്‍ പറയുകയും, അത്യുന്നത പ്രവാചകനായ മോശ ഉണ്ടാക്കുകയും ചെയ്തതാണ് ആ പിച്ചളസര്‍പ്പത്തെ! എന്തിനുവേണ്ടി ഉണ്ടാക്കാന്‍ കല്പിച്ചുവോ, അതില്‍നിന്നു വ്യതിചലിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി (ആരാധനയ്ക്കായി) അത് ഉപയോഗിക്കുമ്പോള്‍ ആ പ്രവൃത്തി ദൈവസന്നിധിയില്‍ അസ്വീകാര്യമാകുന്നു.

ഇനി നമുക്ക് ഇതുമായി ബന്ധപ്പെടുത്തി മറ്റൊരുകാര്യം ചിന്തിക്കാം. ഗോല്‍ഗോഥാ എന്ന മലയില്‍ ക്രൂശിതനായ മനുഷ്യപുത്രന്‍, കുരിശില്‍ കിടന്നുകൊണ്ട്  തന്റെ മാതാവിനെ നോക്കി യോഹന്നാനോട് ഇപ്രകാരം അരുളിച്ചെയ്തു: "ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു"(യോഹ: 19; 27). യേഹ്ശുവാ കുരിശില്‍ കിടക്കുന്ന സമയത്ത് അവിടുത്തെ ശിഷ്യന്മാരില്‍ യോഹന്നാന്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആയതിനാല്‍, എല്ലാ ശിഷ്യന്മാര്‍ക്കും അമ്മയായിരിക്കേണ്ടതിന് യോഹന്നാനെ മറ്റെല്ലാ ശിഷ്യന്മാരുടെയും പ്രതിനിധിയാക്കുകയാണ് ഇവിടെ ചെയ്തത്.മനുഷ്യപുത്രനായ യേഹ്ശുവായാണ് മരിച്ചത്; എന്നാല്‍, അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റത് മനുഷ്യനും ദൈവവുമായിട്ടാണ്. യേഹ്ശുവാ നമുക്കു നല്‍കിയത് മനുഷ്യപുത്രന്റെ അമ്മയെയാണെന്നു മനസ്സിലാക്കാന്‍ ഇത്രയും മാത്രം മതി. പരിശുദ്ധ കന്യകാമാതാവിനെ ആരായിട്ടാണോ നമുക്ക് യേഹ്ശുവാ നല്‍കിയത്, അതിനപ്പുറത്തുള്ള അവസ്ഥയിലേക്ക് മാറ്റുന്നത് പാപമായി പരിണമിക്കും. പരിശുദ്ധ അമ്മ മനോവയ്ക്ക് അമ്മയാണ്. യേഹ്ശുവായ്ക്കു സാക്ഷ്യം വഹിക്കുന്ന സകലരുടെയും അമ്മയാണ്! എന്നാല്‍, ദൈവത്തിന്റെ അമ്മയല്ല! ഈ വചനം സൂക്ഷമതയോടെ വായിക്കുക: "പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ: 10; 41). മനോവയ്ക്ക് അമ്മയായി പരിശുദ്ധ കന്യകാമറിയത്തെ നല്കിയിരിക്കുന്നതുകൊണ്ട് മനോവ അവളെ അമ്മയായി സ്വീകരിക്കുന്നു. അമ്മയെ അമ്മയായി സ്വീകരിക്കുന്നവന് അമ്മയുടെ പ്രതിഫലം ലഭിക്കും! ദൈവം അനുവദിച്ചതില്‍നിന്നു വ്യത്യസ്തമായ അലങ്കാരപ്പണികള്‍ ഒന്നുംതന്നെ നാം നടത്തേണ്ടതില്ല. പരിശുദ്ധ കന്യകാമറിയത്തിന് യേഹ്ശുവായും ബൈബിളും നല്‍കിയിരിക്കുന്ന വിശേഷണങ്ങളെക്കൂടാതെ മറ്റു വിശേഷണങ്ങള്‍ നല്‍കാന്‍ സ്വര്‍ഗ്ഗത്തിലെ ദൈവം ആരെയും അനുവദിച്ചിട്ടില്ല.

ഭക്തി അതിന്റെ എല്ലാ സീമകളും അതിലംഘിച്ചപ്പോള്‍ ചില വിരുതന്മാര്‍ പരിശുദ്ധ അമ്മയെ സാരിയുടുപ്പിക്കുന്നു! ചിലരാകട്ടെ, 'കൊരട്ടി മുത്തി' എന്നുവിളിച്ച് അവഹേളിക്കുന്നു! മറ്റുചിലര്‍ ഉറക്കികിടത്തുന്നു! എന്തെല്ലാം ഗോഷ്ടികളാണ് ഭക്താഭാസകര്‍ മാതാവിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നത്. ഇത്തരം ഭക്തിപ്രകടനങ്ങള്‍ ദൈവമോ മാതാവോ അംഗീകരിക്കുന്നില്ല. യഥാര്‍ത്ഥ മാതാവില്‍നിന്നു വ്യത്യസ്തയായ മാതാവിനെയാണ് ഇന്ന് ലോകം ചുമന്നുനടക്കുന്നത്. ബൈബിളില്‍ നാം കാണുന്ന മാതാവില്‍നിന്നു വ്യത്യസ്തയായ മാതാവ് മനുഷ്യപുത്രനായ യേഹ്ശുവായെ പ്രസവിക്കുകയും മുലയൂട്ടി അവിടുത്തെ വളര്‍ത്തുകയും ചെയ്ത മാതാവല്ല! മറിച്ച്, മനുഷ്യന്‍ തന്റെ ഭാവനയില്‍ വാര്‍ത്തെടുത്ത വിഗ്രഹങ്ങളെയാണ് ഇന്നിവര്‍ പേറുന്നത്!

തുടക്കത്തില്‍ നാം ചിന്തിച്ചത് അടിമവയ്പ്പിനെ സംബന്ധിച്ചാണ്. ആ വിഷയത്തിലേക്കുതന്നെ നമുക്കു മടങ്ങിവരാം. അടിമവയ്പ്പ് മാതാവിന്റെ പേരില്‍ മാത്രമല്ല നടക്കുന്നതെന്നു നമുക്കറിയാം. ഓരോ കാലത്തും പോപ്പുമാരായിവരുന്ന സഭാശുശ്രൂഷകര്‍ ചിലരെ വിശുദ്ധരായി പ്രഖ്യാപിക്കാറുണ്ട്‌. പോപ്പുമാര്‍ ഒരാളെ വിശുദ്ധനോ അശുദ്ധനോ പ്രഖ്യാപിക്കാനുള്ള അധികാരം യേഹ്ശുവാ നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ, പോപ്പുമാരുടെ പ്രഖ്യാപനത്താല്‍ വിശുദ്ധരാക്കപ്പെട്ട വ്യക്തികളുടെ വിശുദ്ധി ദൈവമായ യേഹ്ശുവാ വിലയിരുത്തുകയും വിധിക്കുകയും ചെയ്യട്ടെ! ജോണ്‍പോളിനെപ്പോലെ സ്വയം വിശുദ്ധ പദവി എടുത്തണിഞ്ഞവരും പട്ടികയിലുണ്ടെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. അതുപോലെതന്നെ, മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെ ബലാത്ക്കാരമായാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പിന് വിശുദ്ധ പദവി നല്‍കിത്. ഇവര്‍ക്കൊക്കെ അടിമകളാക്കപ്പെട്ട അനേകം ഹതഭാഗ്യര്‍ കത്തോലിക്കാസഭയിലുണ്ട്. ഈ ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്ത ഗീവര്‍ഗീസിന്റെ അടിമകളാണ് സുറിയാനിസഭയില്‍ ഏറെയും! ധനമോഹികളായ സഭാചാര്യന്മാര്‍ തങ്ങളുടെ ധനാഗമന മാര്‍ഗ്ഗമായി ആവിഷ്ക്കരിച്ച പൈശാചിക ആചാരമാണ് ഈ അടിമവയ്പ്പ്! ഇത്തരത്തില്‍ അടിമവയ്ക്കപ്പെട്ട അനേകര്‍ ഇന്ന് മനോവയുമായി ബന്ധപ്പെട്ട് തങ്ങളായിരിക്കുന്ന അടിമത്വത്തില്‍നിന്നു മോചനത്തിനുള്ള മാര്‍ഗ്ഗം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അടിമവയ്ക്കപ്പെട്ടവര്‍ക്ക് മോചനം ലഭിക്കും എന്നതിനാല്‍, അടിമവയ്ക്കപ്പെട്ട സകലരും അടിമത്വത്തില്‍നിന്നു മോചനം പ്രാപിക്കാന്‍ തയ്യാറാകണം!

എന്തുകൊണ്ടാണ് ഒരു ക്രിസ്ത്യാനി അടിമവയ്ക്കാന്‍ പാടില്ല എന്ന് മനോവ പറയുന്നത്? ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നുവന്ന ചോദ്യമായിരിക്കാം ഇത്. എന്നാല്‍, ഇത് മനോവ പറയുന്നതല്ല; മറിച്ച്, ദൈവവചനം നല്‍കുന്ന ഉപദേശമാണ്. ഏതു വചനത്തിന്റെ പിന്‍ബലത്തിലാണ് അടിമവയ്പ്പ് എന്ന ആഭാസം കത്തോലിക്കാസഭയില്‍ ഒരു ആചാരമായി മാറിയത്? അടിമവയ്പ്പിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്ദേശവും ബൈബിളില്‍ ഇല്ലെന്നു മാത്രമല്ല, അടിമവയ്ക്കരുതെന്ന വ്യക്തമായ സന്ദേശം ബൈബിള്‍ നല്‍കുന്നുമുണ്ട്. മനുഷ്യന്‍ തന്റെ സ്വന്തം പ്രവര്‍ത്തികളുടെ പരിണിതഫലമായി അടിമകളായി മാറാറുണ്ട്. പാപത്തിന്റെ അടിമകളാകുന്നതും ഈവിധത്തിലാണ്. യാക്കോബും അവന്റെ സന്തതികളും ഈജിപ്തില്‍ കടന്നുചെന്നതുമൂലം അവരുടെ തലമുറ നാല്പതു ദശാബ്ദക്കാലം അവരുടെ അടിമകളായി. എന്നാല്‍, ദൈവം അവിടുത്തെ ജനത്തെ സ്വാതന്ത്ര്യത്തിലേക്ക് ആനയിച്ചു. അതായത്, ദൈവം ആരെയും അടിമത്വത്തിലേക്കു നയിക്കുന്നില്ല; മറിച്ച്, അടിമത്വത്തില്‍നിന്നു സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയാണു ചെയ്യുന്നത്. ഇത്തരത്തില്‍ സ്വതന്ത്രരാക്കപ്പെട്ടവര്‍ക്കു മാത്രമേ നിത്യജീവനില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളു. എന്തെന്നാല്‍, അടിമത്വത്തില്‍ ജീവിക്കുന്ന ഒരുവന് നിത്യജീവന്‍ അവകാശമാക്കാന്‍ സാധിക്കില്ല!

ബൈബിളിലെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളെ വീണ്ടും ഭയത്തിലേക്ക് നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല; മറിച്ച് പുത്ര സ്വീകാര്യത്തിന്റെ ആത്മാവിനെയാണ് നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്"(റോമാ: 8; 15). അടിമത്വം എന്നത് ഭയത്തിലേക്കു നയിക്കുന്ന അവസ്ഥായാണെന്ന് ഈ ബൈബിള്‍ സന്ദേശത്തില്‍നിന്നു മനസ്സിലാക്കാന്‍ സാധിക്കും. എല്ലാവിധ അടിമത്തത്തിന്റെ അവസ്ഥകളില്‍നിന്നുമുള്ള മോചനം ലഭിച്ച വ്യക്തികളുടെ സമൂഹമാണ് ക്രിസ്തീയത. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിലൂടെ സകലരും എല്ലാത്തരം അടിമത്വങ്ങളില്‍നിന്നും മോചനം പ്രാപിക്കുന്നു. നിത്യതയെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണതപ്രാപിക്കാത്തവരെ സംബന്ധിച്ചിടത്തോളം മരണത്തെക്കുറിച്ചുള്ള ചിന്ത അവനില്‍ ഭയം ജനിപ്പിക്കും. എന്നാല്‍, മരണാനന്തരമുള്ള നിത്യസൗഭാഗ്യത്തില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നവന് മരണം നേട്ടമാണ്. ഇത് ക്രിസ്തീയതയില്‍ മാത്രം സംലഭ്യമാകുന്ന ആശ്വാസമാണ്. മറ്റു ചില മതവിഭാഗങ്ങളും മരണാനന്തര ജീവിതത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നുവെങ്കിലും, അവര്‍ക്ക് അക്കാര്യത്തില്‍ ആരും തെളിവുകളോടെയുള്ള ഉറപ്പ് നല്‍കിയിട്ടില്ല. വെറും സങ്കല്പങ്ങള്‍ക്കപ്പുറമുള്ള ഉറപ്പൊന്നും വിജാതിയര്‍ക്കു ലഭിച്ചിട്ടില്ല എന്നതാണ് അവരുടെ ദുരന്തം. എന്നാല്‍, ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവായാണ് അവരുടെ ഉറപ്പ്! ഉയിര്‍ത്തെഴുന്നേറ്റ യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതായി കണ്ടത് നൂറ്റിയിരുപതോളം ശിഷ്യരാണ്. ഈ ശിഷ്യരുടെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് സുവിശേഷം രചിക്കപ്പെട്ടിരിക്കുന്നത്! ഇത്തരത്തിലുള്ള സാക്ഷ്യങ്ങളുടെ പിന്‍ബലമില്ലാതെ ഊഹത്തെ പിന്തുടരുന്ന ഹതഭാഗ്യരെ വിജാതിയര്‍ എന്ന് വിളിക്കുന്നു. വിജാതിയതയിലായിരിക്കുക എന്നത് ദൗര്‍ഭാഗ്യകരമായ ഒരവസ്ഥയാണ്!

ദൗര്‍ഭാഗ്യകരമായ അവസ്ഥയില്‍നിന്ന്‍ സൗഭാഗ്യത്തിലേക്കു കടന്നുവന്നവരാണ് നമ്മില്‍ പലരും. എന്നാല്‍, ക്രിസ്തീയതയുടെ മാഹാത്മ്യം തിരിച്ചറിയാത്ത അനേകം ക്രൈസ്തവ നാമധാരികള്‍ നമുക്കിടയിലുണ്ട്. ക്രിസ്തീയതയുടെ മാഹാത്മ്യമോ വിലയോ രാജകീയ പ്രൌഢിയോ തിരിച്ചറിയാന്‍ കഴിയാത്തവരെ വിജാതിയരോടൊപ്പമേ ചേര്‍ക്കാന്‍ കഴിയൂ! ക്രിസ്തീയതയുടെ മഹത്വം വിളിച്ചോതുന്ന മറ്റൊരു വെളിപ്പെടുത്തല്‍ നോക്കുക: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം. മുമ്പു നിങ്ങള്‍ ഒരു ജനമായിരുന്നില്ല; ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ജനമായിരിക്കുന്നു. മുമ്പു നിങ്ങള്‍ക്കു കരുണ ലഭിച്ചിരുന്നില്ല; ഇപ്പോള്‍ കരുണ ലഭിച്ചിരിക്കുന്നു"(1 പത്രോ: 2; 9, 10). ഒരു വെളിപ്പെടുത്തല്‍ക്കൂടി പരിശോധിച്ചതിനുശേഷം വിശദമായ പഠനത്തിലേക്കു പ്രവേശിക്കാം. ഇതാണ് ആ വെളിപ്പെടുത്തല്‍: "സീയോന്‍ മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയജറുസലെമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണ് നിങ്ങള്‍ വന്നിരിക്കുന്നത്"(ഹെബ്രാ: 12; 22). ഓരോ ക്രിസ്ത്യാനിയും കടന്നുവന്നിരിക്കുന്നത് എത്രത്തോളം ഉന്നതമായ അവസ്ഥയിലേക്കാണെന്നു വ്യക്തമാക്കുന്ന അനേകം വെളിപ്പെടുത്തലുകളില്‍ രണ്ടു വെളിപ്പെടുത്തലുകളാണ് നാം വായിച്ചത്. ഈ വെളിപ്പെടുത്തലുകളിലൂടെ വളരെ പ്രധാനപ്പെട്ട ഒരു സത്യമാണ് നമുക്കുമുന്നില്‍ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അന്ധകാരപൂര്‍ണ്ണമായിരുന്ന അവസ്ഥയില്‍നിന്ന് മഹത്തായ പ്രകാശത്തിലേക്കാണ് താന്‍ പ്രവേശിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ വ്യക്തിക്ക്, താന്‍ ആയിരുന്ന പഴയ ജീവിതാവസ്ഥയിലേക്കു മടങ്ങിപ്പോകാന്‍ കഴിയില്ല.

അന്ധകാരമെന്നത് വിജാതിയതയാണെന്നു നാം വചനത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കി കഴിഞ്ഞു. അങ്ങനെയെങ്കില്‍, വിജാതിയതയിലെ ആചാരങ്ങള്‍ അനുകരിക്കുന്നിടത്തു സംഭവിക്കുന്നത് എന്തായിരിക്കും? മഹത്തും പ്രഭാപൂര്‍ണ്ണവുമായ പ്രകാശത്തിലേക്ക് അന്ധകാരത്തെ പ്രവേശിപ്പിക്കുന്ന രീതിയാണ് വിജാതിയ അനുകരണം. അതുകൊണ്ടാണ് അപ്പസ്തോലനായ പൗലോസ് ഇപ്രകാരം ചോദിച്ചത്: "പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?"(2 കോറി: 6; 14). വിജാതിയരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ദേവീ-ദേവന്മാരുടെ അഭിരുചിക്ക് ഇണങ്ങുന്നവിധം ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. അവരുടെ ദേവീ-ദേവന്മാര്‍ക്ക് പ്രിയങ്കരമായവ ഒന്നും സത്യദൈവം ഇഷ്ടപ്പെടുന്നില്ല. ഇക്കാരണത്താലാണ് നമ്മുടെ ദൈവം നമ്മോട് ഇപ്രകാരം കല്പിച്ചിരിക്കുന്നത്: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4). മറ്റൊരു കല്പനകൂടി ശ്രദ്ധിക്കുക: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). ഒരുകാര്യംതന്നെ പലവട്ടം ആവര്‍ത്തിക്കുന്നത് ആ വിഷയത്തിന്റെ ഗൗരവത്തെയാണു സൂചിപ്പിക്കുന്നത്. വിജാതിയ അനുകരണത്തെ വിലക്കുന്ന നിയമമാണ് ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിച്ചിട്ടുള്ളതെങ്കില്‍, ആ നിയമം വളരെ ഗൗരവമുള്ളതായിരിക്കുമെന്ന് നാം മനസ്സിലാക്കിയിരിക്കണം. എന്നാല്‍, ക്രിസ്ത്യാനികളുടെ നായകത്വം സ്വയംവരിച്ചിരിക്കുന്ന നായകന്മാര്‍ ഇന്ന് കാട്ടിക്കൂട്ടുന്നത് എന്താണ്? ദൈവത്തിന്റെ നിയമങ്ങളെ പുച്ഛിച്ചു തള്ളിക്കൊണ്ട്, തങ്ങളുടെ മൗഢ്യത്തില്‍ തെളിഞ്ഞുവന്ന പൈശാചികതയെ നിയമങ്ങളാക്കി മാറ്റുന്നു. അരുതെന്നു ദൈവം കല്പിച്ചിട്ടുള്ള സകലത്തിനും പുണ്യപരിവേഷം നല്‍കുന്ന ഒരുവനെയും നമുക്ക് അചാര്യാന്മാരായി ദൈവം അഭിഷകംചെയ്ത് അയച്ചിട്ടില്ല.

അടിമവയ്ക്കലും അമ്പുപെരുന്നാളും ദൈവത്തിന്റെ ചിന്തയില്‍പ്പോലും ഉണ്ടായിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയിരിക്കണം. അന്ധകാരശക്തികളായ വിജാതിയ ദേവന്മാര്‍ക്കുവേണ്ടി ആചരിക്കുന്ന രീതികളുടെ അനുകരണമാണ് ഇവയെല്ലാം. പ്രഥമദൃഷ്ട്യാ മനോഹരമെന്നും തോന്നുംവിധത്തില്‍ തന്നെയാണ് വിജാതിയരുടെ ആചാരങ്ങളും ആഘോഷങ്ങളുമൊക്കെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ ആവശ്യമായതെല്ലാം അവയിലുണ്ട്. ഇവിടെയാണ്‌ ക്രൈസ്തവര്‍ വിവേകികളായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. കാരണം, സാത്താനുവേണ്ടിയുള്ള ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വശ്യതയുണ്ടായിരിക്കും എന്നത് ഒരു പൊതുതത്വമാണ്! ഇതാ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2 കോറി: 11; 14, 15). പിശാചുക്കള്‍ക്ക് ദൈവദൂതന്റെ വേഷംകെട്ടാനും, അവന്റെ ശുശ്രൂഷകര്‍ക്ക് നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടാനും സാധിക്കുന്നുവെങ്കില്‍, ആത്മീയജ്ഞാനമില്ലാത്ത വ്യക്തികള്‍ക്ക് വിജാതിയരുടെ ആചാരങ്ങള്‍ ശ്രേഷ്ഠമായി തോന്നുകയെന്നത് സ്വാഭാവികം! അതായത്, വിജാതിയമായ ആചാരങ്ങളുടെ അനുകരണവുമായി ക്രിസ്ത്യാനികളെ നയിക്കാന്‍ കടന്നുവന്നിരിക്കുന്ന ആചാര്യന്മാരില്‍ ഒന്നൊഴിയാതെ സകലരും ഭോഷന്മാരാണെന്നു മാത്രമല്ല, പിശാചിന്റെ അഭിഷേകം പ്രാപിച്ചവരുമാണ്. ഇക്കാരണത്താല്‍ത്തന്നെ, വിജാതിയതയെ മഹത്വവത്ക്കരിക്കുന്ന വൈദീകരെയും മറ്റു നേതാക്കന്മാരെയും നാം പൂര്‍ണ്ണമായും ബഹിഷ്ക്കരിക്കണം.

അമ്പും വില്ലും എഴുന്നള്ളിക്കാനും അടിമവയ്ക്കാനും പ്രേരിപ്പിക്കുന്ന ഒരുവനെയും നമ്മുടെ നായകന്മാരായി ദൈവം അയച്ചിട്ടില്ല. ധനാഗമന മാര്‍ഗ്ഗങ്ങളായി ഇവര്‍ കണ്ടെത്തിയിരിക്കുന്ന ഭക്താഭാസങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാകുമ്പോഴാണ്‌ നാം ക്രിസ്തുവിന്റെ അനുയായി എന്ന അവസ്ഥയില്‍ പൂര്‍ണ്ണരാകുന്നത്. ദൈവജനത്തെക്കൊണ്ടു പാപം ചെയ്യിക്കുകയും, അതിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ട്‌ ഉപജീവനം കഴിക്കുകയും ചെയ്യുന്നവരെക്കുറിച്ചു സത്യദൈവമായ യാഹ്‌വെ നല്‍കുന്ന മുന്നറിയിപ്പിതാണ്: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും"(ഹോസിയാ: 4; 8, 9). സാധാരണഗതിയില്‍ ഒരുവനെ അടിമയായി സ്വീകരിക്കണമെങ്കില്‍ അങ്ങോട്ടു പണം കൊടുക്കണമെന്നിരിക്കെ, അടിമകളാകാന്‍വേണ്ടി പണം കൊടുക്കുന്ന ഭോഷന്മാര്‍ ക്രൈസ്തവരുടെ വേഷത്തില്‍ ഇറങ്ങിയിരിക്കുന്നത് എത്രത്തോളം അപഹാസ്യമാണ്! വിജാതിയരെ അനുകരിച്ചുകൊണ്ടുള്ള വഴിപാടുകളിലൂടെ ധനസമ്പാദനം നടത്തുന്നതിനെ സംബന്ധിച്ചുള്ള പ്രവചനമാണ് നാം വായിച്ചത്. തുലാഭാരം മുതല്‍ ഹിന്ദുക്കള്‍ നടത്തുന്ന എല്ലാ വഴിപാടുകളും മത്സരബുദ്ധിയോടെ ഏറ്റെടുത്തിരിക്കുന്ന സമൂഹമാണ് അപ്പസ്തോലികസഭകള്‍! ജനത്തെക്കൊണ്ടു പാപംചെയ്യിക്കാനായി വഴിപാടുകള്‍ രൂപപ്പെടുത്തുന്ന ആചാര്യന്മാര്‍ക്ക് ഏറ്റവും നല്ലത്, കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ ചാടുന്നതാണ്!

പരിശുദ്ധ കന്യകാമാതാവിന് അടിമകളെ ആവശ്യമില്ല!

അടിമക്കച്ചവടത്തില്‍ മാതാവിനെ പങ്കാളിയാക്കുന്നവര്‍ ഗുരുതരമായ പാപം ചെയ്യുന്നു. പരിശുദ്ധ അമ്മ സ്വീകരിക്കുന്നത് മക്കളെ മാത്രമാണ്; അമ്മ ആരെയും അടിമകളായി സ്വീകരിക്കുന്നില്ല. ആയതിനാല്‍, വിശ്വാസികളുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടയില്‍നിന്നുകൊണ്ട് പണമുണ്ടാക്കുന്ന ഇടനിലക്കാരുടെ അവസ്ഥയിലേക്ക് വൈദീകര്‍ തരംതാഴരുത്. ഗീവര്‍ഗ്ഗീസിനെപ്പോലെയുള്ള വ്യാജന്മാര്‍ക്ക് അടിമകളെ ആവശ്യമുണ്ടായേക്കാം. ശബരിമലയില്‍ കുടിയിരിക്കുന്ന പൈശാചികശക്തിയായ അയ്യപ്പന്റെ സഹോദരനായി കണക്കാക്കപ്പെടുന്ന സെബസ്ത്യാനോസിനും അടികളെ ആവശ്യമായി വന്നേക്കാം. പൊങ്കാല സ്വീകരിക്കുന്ന റീത്തയ്ക്കും അടിമകളെ വേണ്ടിവരും. എന്നാല്‍, പരിശുദ്ധ കന്യകാമാതാവിനോ യഥാര്‍ത്ഥ സെബസ്ത്യാനോസിനോ അടിമകളെ ആവശ്യമില്ല! യേഹ്ശുവായുടെ നാമത്തില്‍ രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസും കേരളത്തിലെ സെബസ്ത്യാനോസും രണ്ടു വ്യക്തികളാണ്. ക്രിസ്തുവിനു സാക്ഷ്യം വഹിച്ചതിന്റെ പേരിലാണ് വിജാതിയരുടെ ഉഗ്രപീഡനമേറ്റ് യഥാര്‍ത്ഥ സെബസ്ത്യാനോസ് രക്തസാക്ഷിയായത്. എന്നാല്‍, ഇന്ത്യയിലെ സെബസ്ത്യാനോസ് വിജാതിയരുടെയും വിജാതിയതയുടെയും ഉറ്റതോഴനും അന്ധവിശ്വാസത്തിന് ആത്മവീര്യം പകരുന്ന വിഗ്രഹവുമാണ്!

യഥാര്‍ത്ഥ സെബസ്ത്യാനോസിന്റെ നാമത്തില്‍ ലോകത്തെവിടെയും അമ്പുപെരുന്നാള്‍ നടത്തുന്നില്ല. യൂറോപ്പില്‍ എവിടെയെങ്കിലും അമ്പ്‌ വിറ്റ്‌ പണമുണ്ടാക്കുന്ന ക്രിസ്തീയവിരുദ്ധ ശൈലി കാണാനും കഴിയില്ല. എന്നാല്‍, യഥാര്‍ത്ഥ സെബസ്ത്യാനോസിന്റെ വ്യാജനെ നിര്‍മ്മിച്ചു കച്ചവടം നടത്തുന്നവര്‍ ഇന്ത്യയിലുണ്ട്. ഇവര്‍ ഉണ്ടാക്കിയ വിഗ്രഹത്തെ പിശാചുക്കളുടെ സഹോദരനായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അയ്യപ്പന്റെ സഹോദരനായ സെബസ്ത്യാനോസിന് അടിമവയ്ക്കപ്പെട്ട വ്യക്തി പിശാചിന്റെ അടിമയായിത്തീരും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ! സഹോദരന്മാര്‍ ജനിക്കുന്നത് ഒരേ ഭവനത്തില്‍നിന്നായിരിക്കുമല്ലോ?! അയ്യപ്പന്റെ ഭാവനത്തിലാണ് സെബസ്ത്യാനോസ് ജനിച്ചതെങ്കില്‍, അതു നരകത്തില്‍നിന്നായിരിക്കും. നരകത്തില്‍ ജനിച്ചവന്റെ അടിമ വസിക്കേണ്ടത് നരകത്തില്‍ത്തന്നെയാണ്! ഗീവര്‍ഗ്ഗീസിന്റെ അടിമകളുടെ അവസ്ഥയും വ്യത്യസ്തമല്ല!

മനുഷ്യനെ ഭയപ്പെടുത്തുകയും ഈ ഭയത്തെ മുതലെടുക്കുകയും ചെയ്യുന്ന ആചാര്യന്മാരാണ് അടിമവയ്പ്പ് എന്ന പൈശാചികതയുടെ സ്ഥാപകര്‍. ഈ പൈശാചികതയെ നിലനിര്‍ത്തുന്നതും ഇവര്‍തന്നെയാണ്. പള്ളികളിപ്പെരുന്നാളിനു നോട്ടീസ് ഇറക്കുമ്പോള്‍, അടിമവയ്ക്കാനും കഴുന്നെടുക്കാനും സൗകര്യമുണ്ടെന്ന പരസ്യം പ്രാധാന്യത്തോടെ ചേര്‍ക്കാറുണ്ട്. മനുഷ്യന്റെ ഭയത്തെ ചൂഷണം ചെയ്യുന്ന ഇവര്‍ത്തന്നെയാണ് മനുഷ്യനില്‍ ഭയം നിറച്ചതും! മനുഷ്യന്റെ ഭയമാണ് അവനെ അനാചാരങ്ങളിലേക്കു നയിക്കുന്നത് എന്നകാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? പാമ്പിനെ ഭയപ്പെടുന്നവന്‍ ഗീവര്‍ഗ്ഗീസിന് തന്നെത്തന്നെ അടിമയാക്കുന്നു. രോഗം വരുമെന്ന ഭയംമൂലം സെബസ്ത്യാനോസിന്റെ അടിമയായി സ്വയം സമര്‍പ്പിക്കുകയും കഴുന്നെടുത്ത് തങ്ങളുടെ പാപത്തെ ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. ആരുടെയോ പൈശാചിക ബുദ്ധിയില്‍ ഉദിച്ച ആശയം എന്നതിനപ്പുറം ഇത്തരം ആഭാസങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തിന്റെ പിന്തുണയില്ല. പരിശുദ്ധ കന്യകാമറിയാമോ വിശുദ്ധരില്‍ ആരെങ്കിലുമോ യേഹ്ശുവായെക്കാള്‍ ഉന്നതരാണെന്നു കരുതാന്‍ സാധിക്കുമോ? യേഹ്ശുവായെക്കുറിച്ചു വചനം പറയുന്നത് ഇപ്രകാരമാണ്: "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേഹ്ശുവായുടെ നാമത്തിനു മുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ 'യാഹ്‌വെ' ആണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്"(ഫിലിപ്പി: 2; 9-11).

യേഹ്ശുവായെക്കാള്‍ ഉന്നതരായ ആരും സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ ഇല്ല. ഈ യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുകയില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു"(യോഹ: 15; 14, 15). ക്രിസ്തുപോലും നമ്മെ ദാസരോ അടിമകളോ ആയി കാണുന്നില്ലെങ്കില്‍, നമ്മെപ്പോലെതന്നെ ക്രിസ്തുവിനാല്‍ വിളിക്കപ്പെട്ട വിശ്വാസികളുടെ അടിമകളാകാന്‍ ദൈവം നമ്മെ അനുവദിക്കില്ല. യേഹ്ശുവായുടെ നാമത്തില്‍ തങ്ങളുടെ വിശ്വാസവും വിശുദ്ധിയും കാത്തുസൂക്ഷിച്ചു കടന്നുപോയവര്‍ നമ്മുടെ സഹോദരങ്ങളും സഹശുശ്രൂഷകരും മാത്രമാണ്. അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇടനിലക്കാര്‍ നമ്മെ അവരുടെ അടിമകളാക്കുന്നത്! സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍പ്പോലും നമ്മുടെ യജമാനന്മാരല്ല! സ്വര്‍ഗ്ഗത്തിലെ ദൂതനില്‍നിന്നു വെളിപാടു സ്വീകരിച്ച യോഹന്നാന്‍, തനിക്കു മുന്നില്‍ നില്‍ക്കുന്നതായി കണ്ട ദൂതനെ ആരാധിക്കാന്‍ കാല്‍ക്കല്‍ വീണപ്പോള്‍ എന്താണു സംഭവിച്ചതെന്നു ശ്രദ്ധിക്കുക: "യോഹന്നാനായ ഞാന്‍ ഇതു കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്‌. ദൈവത്തെ ആരാധിക്കുക"(വെളി: 22; 8, 9). ഓരോ ക്രിസ്ത്യാനിയും യേഹ്ശുവായുടെ മാത്രം ദാസരാണ്. യേഹ്ശുവായുടെ ദാസരായിരുന്നിട്ടുപോലും ദാസരെന്നു വിളിക്കാതെ, സ്നേഹിതരെന്നു നമ്മെ അവിടുന്നു വിളിക്കുന്നു. ഈ അചഞ്ചലമായ സ്നേഹത്തില്‍നിന്നുള്ള പിന്മാറ്റമാണ് അടിമവയ്ക്കല്‍! ദൈവത്തിനു മാത്രം സമര്‍പ്പിക്കപ്പെടേണ്ടവരായ നാം മറ്റാര്‍ക്കെങ്കിലും അടിവയ്ക്കുന്നുവെങ്കില്‍, സ്വാഭാവികമായും ദൈവത്തില്‍നിന്ന് നാം അകറ്റപ്പെടും. എന്തെന്നാല്‍, ഒരേസമയം ഒരുവന് രണ്ടുപേരുടെ അടിമയാകാന്‍ സാധിക്കില്ല!

നമുക്കുവേണ്ടി കുരിശില്‍ മരിച്ചത് വിശുദ്ധരല്ല; യേഹ്ശുവായാണ്! നാം ജ്ഞാനസ്നാനം സ്വീകരിച്ചത് വിശുദ്ധരുടെ നാമത്തിളല്ല; യേഹ്ശുവായുടെ നാമത്തിലാണ്. നാം പത്രോസിന്റെയോ പൗലോസിന്റെയോ മറ്റേതെങ്കിലും വിശുദ്ധരുടെയോ അല്ല; മറിച്ച്, നമ്മെ വിലകൊടുത്തു വാങ്ങിയ യേഹ്ശുവായുടേതാണ്! പൗലോസ് അപ്പസ്തോലന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്റെ സഹോദരരേ, നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നു ക്ലോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്റേതാണ്, ഞാന്‍ അപ്പോളോസിന്റേതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടത് പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?"(1 കോറി: 11-13). ഈ ചോദ്യം കാലങ്ങളെയും കാലഘട്ടങ്ങളെയും മറികടന്ന് ഇന്നും നിലനില്‍ക്കുന്നു. ഇത്രയേറെ വ്യക്തതയോടെയുള്ള ഉപദേശങ്ങള്‍ അപ്പസ്തോലന്മാരാല്‍ നമുക്കു നല്കപ്പെട്ടിട്ടും, വചനവിരുദ്ധവും പൈശാചികവുമായ ആശങ്ങളെ അലങ്കാരമായി അണിഞ്ഞിരിക്കുന്നവരെ എന്തുപേരില്‍ സംബോധനചെയ്യണം!?

ഭൗതികവും ആത്മീയവുമായ സ്വാതന്ത്ര്യത്തിലേക്കാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്. പൗലോസ് അപ്പസ്തോലന്റെ പ്രഖ്യാപനം നോക്കുക: "സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്"(ഗലാ: 5; 1). ഈ വെളിപ്പെടുത്തല്‍ അതിന്റെ പൂര്‍ണ്ണതയോടെ ഗ്രഹിക്കുവിന്‍! ഏതു വിശുദ്ധരുടെ പേരിലാണെങ്കില്‍പ്പോലും അടിമത്വം എന്നത് ക്രിസ്തീയ വിരുദ്ധമാണെന്നു മനസ്സിലാക്കാന്‍ ആവശ്യമായ വെളിപ്പെടുത്തലുകള്‍ ബൈബിളിലുണ്ട്. മറ്റൊരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നു മാത്രം. പ്രത്യുത, സ്നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍"(ഗലാ: 5; 13). അടിമവയ്ക്കുന്നത് ക്രിസ്തുവിന്റെ ശരീരത്തിനും രക്തത്തിനും സഹനബലിക്കും എതിരായ പാപമാണെന്നു നാം തിരിച്ചറിയണം. എന്തെന്നാല്‍, ക്രിസ്തു തന്റെ ശരീരത്തില്‍ പീഡകള്‍ സഹിക്കുകയും രക്തം മുഴുവന്‍ അര്‍പ്പിക്കുകയും ചെയ്തത് നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്! അവിടുത്തെ സഹനത്തിലൂടെ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാത്തവര്‍ തങ്ങളെത്തന്നെ വിഗ്രഹങ്ങള്‍ക്ക് അടിയറവയ്ക്കുന്നു! അടിമവയ്ക്കരുതെന്നു താക്കീതു ചെയ്യുന്ന അനേകം വചനങ്ങള്‍ നാം കണ്ടു. എന്നാല്‍, അടിവയ്ക്കല്‍ എന്ന പ്രക്രിയയെ സാധൂകരിക്കുന്ന ഏതെങ്കിലും ഒരു വചനം ബൈബിളില്‍ ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ബൈബിളിലുടനീളം പരിശോധിച്ചിട്ടും അടിവയ്ക്കലിനെ ഭാഗീകമായെങ്കിലും പിന്തുണയ്ക്കുന്ന ഒരു വചനംപോലും കണ്ടെത്താന്‍ മനോവയ്ക്കു സാധിച്ചിട്ടില്ല.

വചനവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ സ്വാഭാവികമായും അതിന്റെ ഫലം കൊയ്യുന്നത് സാത്താനായിരിക്കും. എന്തെന്നാല്‍, അവനെ സംബന്ധിച്ചിടത്തോളം ഓരോ മനുഷ്യരും വചനവിരുദ്ധരായി മാറണമെന്ന് തീഷ്ണമായി അഭിലഷിക്കുന്നു. മനുഷ്യരെ ദൈവത്തില്‍നിന്ന് അകറ്റുകയെന്നത് അവന്റെ ജോലിയുടെ ഭാഗമാണ്. ദൈവവചനം അനുസരിച്ചു ജീവിക്കുന്നവരോട് എക്കാലത്തും സാത്താന്‍ ശത്രുത വച്ചുപുലര്‍ത്തുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നതും അവന്‍തന്നെയാണ്. ആയതിനാല്‍ത്തന്നെ, വചനവിരുദ്ധമായ ഓരോ പ്രവര്‍ത്തികളുടെയും ഫലം ആസ്വദിക്കാന്‍ അവന്‍ ഓടിയെത്തും. അടിമവയ്ക്കല്‍ എന്ന വചനവിരുദ്ധമായ പ്രവൃത്തിയുടെ ഗുണഭോക്താവ് സാത്താനാണെന്ന യാഥാര്‍ത്ഥ്യം എത്രപേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്? ഒരുവനെ പരിശുദ്ധ കന്യകാമാതാവിനോ വിശുദ്ധര്‍ക്കോ അടിമവയ്ക്കുമ്പോള്‍ അതില്‍നിന്നു സാത്താന് ഗുണം ലഭിക്കുന്നത് എങ്ങനെയെന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. ആയതിനാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി പരിഗണിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിന് ആരെയെങ്കിലും അടിമവച്ചാല്‍, അവരെ അടിമയായി സ്വീകരിക്കാന്‍ പരിശുദ്ധ അമ്മ തയ്യാറാകില്ല. എന്തെന്നാല്‍, പാപത്തിനു കൂട്ടുനില്‍ക്കുന്ന ആത്മാവല്ല അമ്മയോടൊപ്പം വസിക്കുന്നത്. വചനവിരുദ്ധമായ ആചാരങ്ങള്‍ മാതാവിന്റെ പേരില്‍ ആചരിക്കുമ്പോള്‍, അവിടെ മാതാവിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല! വചനത്തെ ഉദരത്തില്‍ വഹിച്ച അമ്മയ്ക്ക് വചനവിരുദ്ധതയോടു ചേര്‍ന്നുനില്‍ക്കാന്‍ ഒരിക്കലും സാധിക്കില്ലാത്തതുകൊണ്ടാണ് അത്. വചനം പാലിച്ചു കടന്നുപോയ വിശുദ്ധരില്‍ ആരും വചനവിരുദ്ധ ആചാരങ്ങളില്‍ പങ്കാളിയാകില്ല എന്നതും നാം മനസ്സിലാക്കിയിരിക്കണം. മാതാവിനോ വിശുദ്ധര്‍ക്കോ അടിമവയ്ക്കുമ്പോള്‍, അടിമകളായി ആരെയെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ വരില്ലെങ്കിലും, വിശുദ്ധരുടെ ഒഴിവുനികത്താന്‍ വലിഞ്ഞുകയറി വരുന്ന മറ്റൊരുവനുണ്ട്. എവിടെയും 'കുമ്മനടിക്കാന്‍' തയ്യാറായി നില്‍ക്കുന്ന സാത്താനാണ്‌ ഇവിടെ കടന്നുവന്ന് അടിമകളെ ഏറ്റെടുക്കുന്നത്. വിജാതിയ ആചാരങ്ങള്‍ അനുകരിച്ചുകൊണ്ടു നടത്തുന്ന ഭക്താഭാസങ്ങളിലും ഗുണഭോക്താവായി അവനുണ്ടാകും! ഒരു മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: "നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്; നിങ്ങള്‍ മനുഷ്യരുടെ അടിമകളായിത്തീരരുത്"(1 കോറി: 7; 23). വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന എല്ലാവരും മനുഷ്യരാണ്. അതുപോലെതന്നെ, പരിശുദ്ധ കന്യകാമറിയവും മനുഷ്യപുത്രിയാണ്!

വിജാതിയ അനുകരണത്തിലെ ഏറ്റവും ഭീകരമായ ദുരന്തമാണ് അടിവയ്ക്കല്‍! ദൈവവചനത്തില്‍ അജ്ഞതപുലര്‍ത്തുന്നവരും സാത്താനില്‍നിന്ന്‍ അഭിഷേകം പ്രാപിച്ചവരുമായ മനുഷ്യര്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഈ നുഴഞ്ഞുകയറ്റക്കാരാണ് സഭയിലെ ദുരാചാരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആചാരങ്ങളിലെ വചനവിരുദ്ധത കണ്ടെത്തി, അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്വമാണ്.

ശിവലിംഗ പ്രതിഷ്ഠയാണു നിലവിളക്ക് എന്നറിഞ്ഞിട്ടും സകല പള്ളികളിലും മുന്തിയ പ്രാധാന്യത്തോടെ അവ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി സാത്താന്‍ തന്നെയാണ്. ദൈവാലയങ്ങളില്‍നിന്നു ദൈവീകചൈതന്യം നീക്കിക്കളയാനുള്ള പിശാചിന്റെ തന്ത്രമാണിത്. മ്ലേച്ഛവിഗ്രഹങ്ങളുടെ സാന്നിദ്ധ്യം ഉള്ളിടത്ത് ദൈവത്തിനു കടന്നുവരാന്‍ സാധിക്കില്ല. ഇക്കാരണത്താല്‍ത്തന്നെ, നിലവിളക്ക് സൂക്ഷിച്ചിട്ടുള്ള പള്ളികളിലോ ഭവനങ്ങളിലോ ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടാകില്ല! സീറോമലബാര്‍ - സീറോമലങ്കര റീത്തുകളിലെ പള്ളികളിലെല്ലാം ഈ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞു. ചുരുക്കംചില പള്ളികളില്‍ വിശുദ്ധരായ വൈദീകരുള്ളതിനാല്‍ ഈ മ്ലേച്ഛത കടന്നുകൂടിയിട്ടില്ല എന്നകാര്യം മനോവ വിസ്മരിക്കുന്നില്ല. അന്ത്യകാല അടയാളങ്ങളില്‍ ഒന്ന് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - യൂദായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനം ചെയ്യട്ടെ"(മത്താ: 24; 15, 16). പര്‍വ്വതങ്ങള്‍ എന്നതിലൂടെ ഉദ്ദേശിക്കുന്നത് ഉന്നതത്തിലുള്ളത് അന്വേഷിക്കുക എന്നാണ്! ഇത്തരം മ്ലേച്ഛതകള്‍ ദൈവാലയങ്ങളില്‍ സ്ഥാപിക്കപ്പെടുമ്പോള്‍, ലൗകീകതയില്‍നിന്നു വിടുതല്‍പ്രാപിച്ച് ഉന്നതങ്ങളിലേക്കു നോക്കണം. എന്തെന്നാല്‍, നമ്മുടെ രക്ഷകന്‍ ഉന്നതങ്ങളില്‍നിന്നു പ്രത്യക്ഷനാകും! ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!

മാതാവിന്റെ വിമലഹൃദയം!

"ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട്‌ അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും"(ലൂക്കാ: 2; 34, 35). പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തിലൂടെ തുളച്ചുകയറുമെന്നു ശിമയോന്‍ പറഞ്ഞ വാള്‍ തുളച്ചുകയറുകതന്നെ ചെയ്തു! ഏതായിരുന്നു ആ വാള്‍? വാളിനെക്കുറിച്ചുള്ള പ്രവചനം മറ്റെല്ലാ പ്രവചനങ്ങളെയുംപോലെ രണ്ട് അര്‍ത്ഥത്തില്‍ എടുക്കണം. ഒന്നാമത്തെ വാള്‍ വചനമാണ്! "ദൈവത്തിന്റെ വചനം സജ്ജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്"(ഹെബ്രാ: 4; 12). വചനത്തെ വാളിനോട് ഉപമിക്കുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: "രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍"(എഫേ: 6; 17).

വചനം മാംസം ധരിച്ചതാണ് യേഹ്ശുവാ എന്ന് നമുക്കറിയാം. അതായത്, യേഹ്ശുവാ വചനംതന്നെയാണ്. അങ്ങനെയെങ്കില്‍ ഈ വചനത്തെ ഏറ്റവുമധികം ഹൃദയത്തില്‍ സ്വീകരിച്ചതും സൂക്ഷിച്ചതും അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകാമറിയം തന്നെയാണ്. യേഹ്ശുവായെക്കുറിച്ചുള്ള അറിവില്‍ മാതാവിനോളം നിറഞ്ഞ മറ്റൊരു വ്യക്തിയും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല. ഈ വചനത്താല്‍ തന്നെയാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തില്‍ ആഴമായ മുറിവേറ്റത്! ഒറ്റിക്കൊടുക്കപ്പെട്ട യേഹ്ശുവായെ വിചാരണ ചെയ്യുമ്പോഴും ചമ്മട്ടിയാല്‍ പ്രഹരിക്കുമ്പോഴും മരണത്തിനു വിധിക്കുമ്പോഴും അമ്മയുടെ ഹൃദയം സാക്ഷിയായിരുന്നു. യേഹ്ശുവായുടെ ശരീരത്തിലേറ്റ ഓരോ അടികളും പരിശുദ്ധ അമ്മയുടെ ഹൃദയത്തിലും പതിച്ചു. കുരിശുമായി യേഹ്ശുവാ യാത്രചെയ്യുമ്പോള്‍ അമ്മയുടെ ഹൃദയവും അവിടുത്തെ അനുധാവനം ചെയ്തു. കുരിശില്‍ തറയ്ക്കുമ്പോള്‍ അമ്മയുടെ ഹൃദയം മൂകസാക്ഷിയായി സമീപത്തു നിലകൊണ്ടു. ക്രൂശിക്കപ്പെട്ട യേഹ്ശുവായുടെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തിയപ്പോള്‍ അമ്മയുടെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറി! വചനമാകുന്ന വാളും വ്യഥകളാകുന്ന വാളും അമ്മയുടെ ഹൃദയത്തില്‍ തുളച്ചുകയറി! ഈ അമ്മയുടെ വിമല ഹൃദയത്തിന്റെ പ്രാര്‍ത്ഥന സ്വീകരിക്കാതിരിക്കാന്‍ ദൈവത്തിനു സാധിക്കില്ല!

പരിശുദ്ധ കന്യകാമാതാവ് ഓരോ ദൈവമക്കള്‍ക്കുംവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനാനിരതയാണ്! ഹൃദയത്തിന്റെ നെടുവീര്‍പ്പുകളാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. അങ്ങനെയെങ്കില്‍ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കാന്‍ മാതാവിന്റെ വിമലഹൃദയം എപ്പോഴും സന്നദ്ധമായിരിക്കും! പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയം വഴി നമ്മള്‍ ദൈവത്തിനു സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയ്ക്കു കൂടുതല്‍ പരിമളമുണ്ടായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ! ദൈവം ആരുടെ പ്രാര്‍ത്ഥനകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയാല്‍, മാതാവിന്റെ പ്രാര്‍ത്ഥനകളുടെ സ്വീകാര്യത വ്യക്തമാകും. യേഹ്ശുവാ അവിടുത്തെ അധരങ്ങളിലൂടെ നമ്മോടു സംസാരിച്ച വാക്കുകള്‍ ശ്രദ്ധിക്കുക: "ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ലെന്ന് നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു"(യോഹ: 9; 31). പരിശുദ്ധ കന്യകാമറിയം പാപിനിയാണെന്ന് ക്രിസ്ത്യാനികളില്‍ ആരുംതന്നെ പറയുമെന്നു മനോവ കരുതുന്നില്ല. സ്വര്‍ഗ്ഗത്തിലെ ദൂതന്‍ ഇപ്രകാരമാണ് മറിയത്തോടു പറഞ്ഞത്: "ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, യാഹ്‌വെ നിന്നോടുകൂടെ"(ലൂക്കാ: 1; 28). യേഹ്ശുവായെ ഉദരത്തില്‍ വഹിക്കുന്നതിനു മുമ്പുതന്നെ ദൈവകൃപ നിറഞ്ഞവളായിരുന്ന കന്യകാമറിയം, യേഹ്ശുവായെ ഉദരത്തില്‍ വഹിച്ചതിനുശേഷം ദൈവകൃപ നഷ്ടപ്പെട്ടവളായി മാറുമോ? അങ്ങനെ മാറിയെന്ന് കരുതുന്നവര്‍ക്ക് യേഹ്ശുവായില്‍ ഒരു ഓഹരിയും ഉണ്ടായിരിക്കുകയില്ല. ശപിക്കപ്പെട്ട ആശയങ്ങളാല്‍ ഭരിക്കപ്പെടുന്ന ഇക്കൂട്ടര്‍ ജനിക്കാതിരിക്കുന്നതായിരുന്നു അവര്‍ക്കു നല്ലത്!

യേഹ്ശുവാ സ്വര്‍ഗ്ഗത്തില്‍നിന്നു വന്നത് വ്യക്തമായ 'ഷെഡ്യൂള്‍' തയ്യാറാക്കിയാതിനുശേഷമാണ്. താന്‍ സ്വര്‍ഗ്ഗത്തില്‍ വച്ചിട്ടുപോന്ന തന്നിലെതന്നെ ദൈവത്വമാണ് യേഹ്ശുവായുടെ 'ഷെഡ്യൂള്‍' തയ്യാറാക്കിയത്. അവിടുന്ന് പറയുന്നു: "സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്"(യോഹ: 5; 30). സ്വന്തമായ തീരുമാനങ്ങളെടുക്കാന്‍ മനുഷ്യപുത്രനായ യേഹ്ശുവാ തയ്യാറാകില്ല എന്നകാര്യം അവിടുന്നുതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി നമുക്ക് കാനായിലെ വിവാഹവിരുന്നിലേക്ക് പോകാം. കന്യകാമറിയവും യേഹ്ശുവായും മാത്രമല്ല, അവിടുത്തെ ശിഷ്യന്മാരും ക്ഷണിക്കപ്പെട്ട വിവാഹവിരുന്നായിരുന്നു അത്. വിരുന്നുകളില്‍ മുന്തിയ പ്രാധാന്യമുള്ള വീഞ്ഞ് തീര്‍ന്നുപോയതായി മാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവരുടെ വീഞ്ഞ് തീര്‍ന്നുപോയ കാര്യം അമ്മ യേഹ്ശുവായെ അറിയിച്ചപ്പോള്‍ അവിടുത്തെ പ്രതികരണം ഇപ്രകാരമായിരുന്നു: "സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല"(യോഹ: 2; 4). കേരളത്തിലെ സംസ്കാരത്തില്‍ മാത്രം പഴക്കമുള്ള ചിലര്‍ക്ക് യേഹ്ശുവാ തന്റെ അമ്മയെ സംബോധനചെയ്ത രീതികളൊന്നും അത്ര സുഖിച്ചിട്ടില്ല എന്ന് നമുക്കറിയാം. ആ വിഷയം ഇവിടെ ചര്‍ച്ചചെയ്യാനുള്ള സാംഗത്യമില്ലാത്തതുകൊണ്ട് മാറ്റിവയ്ക്കുന്നു. എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് യേഹ്ശുവാ അറിയിച്ചതിനെ സംബന്ധിച്ചാണ് നാം പരിശോധിക്കുന്നത്. നാം മുന്‍പു കണ്ടതുപോലെ, ഈ ഭൂമിയില്‍ എന്തൊക്കെ ചെയ്യണമെന്നും എപ്പോഴൊക്കെ ചെയ്യണമെന്നും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുമായിട്ടാണ് യേഹ്ശുവാ വന്നിരിക്കുന്നത്. ഇക്കാര്യം അവിടുന്ന് ഇവിടെ ആവര്‍ത്തിക്കുന്നു. എന്നാല്‍, പിന്നീട് അവിടെ എന്താണു സംഭവിച്ചതെന്ന് മനോവയുടെ വിവരണത്തിന്റെ സഹായമില്ലാതെ എല്ലാവര്‍ക്കും അറിയാമല്ലോ!

ഇവിടെ മനോവ മനസ്സിലാക്കിയ വലിയൊരു സത്യമുണ്ട്. നീതിമാന്മാര്‍ക്കുവേണ്ടി തീരുമാനങ്ങളില്‍ മാറ്റംവരുത്തുന്നവനാണ് ദൈവം! ബൈബിളിലുടനീളം പരിശോധിച്ചാല്‍ അനേകം തെളിവുകള്‍ ഇക്കാര്യത്തില്‍ നമുക്കു ലഭിക്കും. ഒരു സംഭവം മാത്രം വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാം. യൂദായുടെ ചരിത്രത്തില്‍ നീതിമാന്മാരായ ചുരുക്കംചില രാജാക്കന്മാരില്‍ ഒരുവനായിരുന്നു ഹെസക്കിയാ. ദൈവത്തിന്റെ സന്നിധിയില്‍ നീതിപൂര്‍വ്വം ഭരിച്ച ഹെസക്കിയാ രോഗബാധിതനായി കിടക്കുമ്പോള്‍ പ്രവാചകനായ ഏശയ്യാ അവനെ സമീപിച്ച് ഇപ്രകാരം അറിയിച്ചു: "യാഹ്‌വെ അരുളിച്ചെയ്യുന്നു: നീ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുക; എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല"(2 രാജാ: 20; 1). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വാക്കുകളാണ് പ്രവാചകന്‍ രാജാവിനെ അറിയിച്ചത്. ഏശയ്യാപ്രവാചകന്റെ വാക്കുകള്‍ ശ്രവിച്ച രാജാവ് യാഹ്‌വെയോടു പ്രാര്‍ത്ഥിച്ചത് ഇപ്രകാരമാണ്: "ഹെസക്കിയാ ചുവരിലേക്കു മുഖം തിരിച്ചു യാഹ്‌വെയോടു പ്രാര്‍ത്ഥിച്ചു: യാഹ്‌വേ, ഞാന്‍ എത്ര വിശ്വസ്തമായും ആത്മാര്‍ത്ഥമായും ആണ് അങ്ങയുടെ മുമ്പില്‍ നന്മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ! പിന്നെ അവന്‍ ദുഃഖത്തോടെ കരഞ്ഞു"(2 രാജാ: 20; 2, 3). ഈ പ്രാര്‍ത്ഥനയോടുള്ള യാഹ്‌വെയുടെ പ്രതികരണം ശ്രദ്ധിക്കുക: "കൊട്ടാരത്തിന്റെ അങ്കണം വിടുന്നതിനു മുമ്പുതന്നെ ഏശയ്യായ്ക്കു യാഹ്‌വെയുടെ അരുളപ്പാടുണ്ടായി: നീ മടങ്ങിച്ചെന്ന്‍ എന്റെ ജനത്തിന്റെ രാജാവായ ഹെസക്കിയായോട് അവന്റെ പിതാവായ ദാവീദിന്റെ ദൈവമായ യാഹ്‌വെ ഇപ്രകാരം അറിയിക്കുന്നു എന്നു പറയുക; ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നാംദിവസം നീ യാഹ്‌വെയുടെ ആലയത്തിലേക്കുപോകും. ഞാന്‍ നിന്റെ ആയുസ്സു പതിനഞ്ചു വര്‍ഷംകൂടി നീട്ടും"(2 രാജാ: 20; 4-6).

ഹെസക്കിയായുടെ ആയുസ്സു നീട്ടുമെന്നതിനുള്ള അടയാളവും അവിടുന്ന് നല്‍കി. ഈ വിവരണം ശ്രദ്ധിക്കുക: "ഏശയ്യാ പറഞ്ഞു: യാഹ്‌വെ വാഗ്ദാനം നിറവേറ്റുമെന്നതിന് അവിടുന്ന് നല്‍കുന്ന അടയാളം ഇതാണ്. നിഴല്‍ പത്തടി മുമ്പോട്ടു പോകണമോ പിറകോട്ടു പോകണമോ? ഹെസക്കിയാ പറഞ്ഞു: നിഴല്‍ പത്തടി മുമ്പോട്ടു പോവുക എളുപ്പമാണ്. അതിനാല്‍ പുറകോട്ടു പോകട്ടെ! അപ്പോള്‍ ഏശയ്യാപ്രവാചകന്‍ യാഹ്‌വെയെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് ആഹാസിന്റെ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കു മാറ്റി"(2 രാജാ: 20; 9-11). ഒരു നീതിമാന്റെ പ്രാര്‍ത്ഥന സ്വീകരിച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ സംവീധാനങ്ങളെപ്പോലും പുനഃക്രമീകരിക്കുന്ന ദൈവമാണ് സൈന്യങ്ങളുടെ യാഹ്‌വെ! കാനായിലെ വിവാഹവിരുന്നില്‍ സംഭവിച്ചതും ഇതുതന്നെയാണ്. സമയത്തെ മുന്നോട്ടോ പിന്നോട്ടോ ചലിപ്പിക്കാന്‍ ഒരു നീതിമാന്റെ പ്രാര്‍ത്ഥനയ്ക്കു ശക്തിയുണ്ടെന്നും, നീതിമതികളില്‍ ഏറ്റവും വലിയവള്‍ പരിശുദ്ധ കന്യകാമറിയം ആണെന്നും യേഹ്ശുവാ അവിടെ സ്ഥിരീകരിച്ചു!

എന്നാല്‍, മാതാവ് നമുക്കുവേണ്ടി പ്രാത്ഥിക്കുമോ എന്ന് ആശങ്കപ്പെടുന്ന ചിലരുണ്ട്. മാതാവിനെക്കുറിച്ചോ യേഹ്ശുവായെക്കുറിച്ചോ സ്വര്‍ഗ്ഗീയ സംവീധാനങ്ങളെക്കുറിച്ചോ വേണ്ടത്ര ധാരണയില്ലാത്തവരാണ് ഇത്തരത്തില്‍ ആശങ്കപ്പെടുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്തവന്‍ സ്വാര്‍ത്ഥനാണ്. പരിശുദ്ധ കന്യകാമാതാവ് സ്വാര്‍ത്ഥമതിയായിരുന്നില്ല. ഈ ലോകത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി അര്‍പ്പിക്കാനിരിക്കുന്ന യേഹ്ശുവായെ ഉദരത്തില്‍ വഹിക്കാന്‍ തയ്യാറായത് നിസ്വാര്‍ത്ഥയായതുകൊണ്ടു മാത്രമാണ്. കന്യകാമറിയം ഇപ്രകാരമാണ് ദൂതനോടു പറഞ്ഞത്: "ഇതാ, യാഹ്‌വെയുടെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!"(ലൂക്കാ: 1; 38). ദൈവത്തിന്റെ ഇഷ്ടത്തിനു മുമ്പില്‍ തന്റെ ഇഷ്ടത്തെ ത്യജിക്കുന്നത് നിസ്വാര്‍ത്ഥതയുടെ അടയാളമാണ്! ഈ സവിശേഷമായ സ്വഭാവത്തിന്റെ പൂര്‍ണ്ണതയായ പരിശുദ്ധ കന്യകാമറിയം എപ്പോഴും പ്രാര്‍ത്ഥനാ നിരതയാണ്. യേഹ്ശുവായുടെ സഭ വളരുന്നത് ഏറ്റവും അധികമായി അഭിലഷിക്കുന്നത് അവിടുത്തെ അമ്മയായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകേണ്ട കാര്യമില്ല. ഈ ലോകത്തിലെ ഏതൊരു സാധാരണ അമ്മയുടെയും ആഗ്രഹമായിരിക്കും തന്റെ പുത്രന്റെ പ്രവര്‍ത്തനങ്ങള്‍ ഫലമണിയുകയെന്നത്! ക്രിസ്തുവിന്റെ എല്ലാ ശിഷ്യന്മാരും അതുതന്നെ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ആയതിനാല്‍, ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഏറ്റവുമധികം അഭിലഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് പരിശുദ്ധ കന്യകാമറിയം ആയിരിക്കും എന്നകാര്യത്തില്‍ സംശയമില്ല!

ചിലരുടെ സംശയങ്ങളും ആശങ്കകളും ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. മരിച്ചുപോയ, അല്ലെങ്കില്‍ സ്വര്‍ഗ്ഗാരോഹണം ചെയ്ത ഒരു വ്യക്തി പ്രാര്‍ത്ഥിക്കുമോ? അഥവാ പ്രാര്‍ത്ഥിച്ചാല്‍ത്തന്നെ അത് ദൈവം പരിഗണിക്കുമോ? അവസാനമില്ലാത്ത ആശങ്കകളില്‍ ചിലതാണിത്. ആദ്യമായി ഇവരോടു മനോവയ്ക്കു ചോദിക്കാനുള്ളത്, മരിച്ചവരോ സ്വര്‍ഗ്ഗാരോഹണം ചെയ്തവരോ ആയ വ്യക്തികളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കില്ലെന്ന് ദൈവം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ്? ചിലര്‍ക്ക് ദൈവവചനത്തില്‍ എഴുതപ്പെടാത്ത കാര്യങ്ങള്‍ തങ്ങളുടെതന്നെ 'കൈയ്യില്‍നിന്ന് ഇടുന്ന' രീതിയുണ്ട്. ജ്ഞാനസ്നാനത്തിനു പ്രായം നിശ്ചയിച്ചതൊക്കെ ചിലര്‍ സ്വന്തം കൈയ്യില്‍നിന്നു സംഭാവനചെയ്ത ആശയങ്ങളാണ്! ദൈവവചനത്തോടൊപ്പം സ്വന്തം കയ്യില്‍നിന്ന് അല്പംകൂടി ഇട്ടു പൊലിപ്പിക്കുന്നത് തികച്ചും തെറ്റായ ഒരു കീഴ്വഴക്കമാണെന്നു ബൈബിളിലെ ദൈവം മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 18). നിയമത്തിന്റെ കാര്യമാണ് യേഹ്ശുവാ പറഞ്ഞതെങ്കില്‍, പരിശുദ്ധാത്മാവില്‍ പ്രേരിതനായി അപ്പസ്തോലനായ പൗലോസ് ഇപ്രകാരം പ്രഖ്യാപിക്കുന്നു: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന്‍ ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 8). കയ്യില്‍നിന്നിട്ടു സുവിശേഷത്തിനു പൊലിമ കൂട്ടാന്‍ ശ്രമിക്കുന്ന ഏതൊരുവനും ശപിക്കപ്പെട്ടവനാണ്! നിയമം നല്‍കിയപ്പോള്‍ മോശ പറഞ്ഞതു ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്"(നിയമം: 12; 32). മറ്റൊരിടത്ത് ഇപ്രകാരം കല്പിക്കുന്നു: "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്"(നിയമം: 4; 2).

ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്നവയെ അടിസ്ഥാനമാക്കിയുള്ള പ്രഘോഷണം മാത്രമേ ദൈവം നമ്മെ ഭരമേല്പിച്ചിട്ടുള്ളു. അതിനാല്‍ത്തന്നെ, മനോവയുടെ ചോദ്യത്തിന് ബൈബിളില്‍നിന്നുള്ള ഉത്തരം മാത്രമേ സ്വീകരിക്കാന്‍ സാധിക്കൂ! മരിച്ചവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയില്ലെന്നോ, മരിച്ചര്‍ പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കില്ലെന്നോ ബൈബിളില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മനോവയുടെ ഈ കണ്ടെത്തലിനെ പ്രതിരോധിക്കാനായി ചിലര്‍ ഒരു സങ്കീര്‍ത്തനഭാഗം ഉയര്‍ത്തിപ്പിടിക്കാറുണ്ട്. ഇതാണ് ആ സങ്കീര്‍ത്തനം: "മരിച്ചവരും നിശബ്ദതയില്‍ ആണ്ടുപോയവരും യാഹ്‌വെയെ സ്തുതിക്കുന്നില്ല. എന്നാല്‍, നമ്മള്‍ ഇന്നുമെന്നേക്കും  യാഹ്‌വെയെ സ്തുതിക്കും;  യാഹ്‌വെയെ സ്തുതിക്കുവിന്‍"(സങ്കീ: 115; 17, 18). ഇത് തന്റെ കാലത്തെ അവസ്ഥയാണ് ദാവീദ് പറഞ്ഞിരിക്കുന്നത്. മരിച്ചവരില്‍നിന്നുള്ള ആദ്യജാതനായ യേഹ്ശുവായോടൊപ്പം പറുദീസയില്‍ പ്രവേശിച്ചവര്‍ ഇന്നും നിശബ്ദതയില്‍ ആണ്ടുകിടക്കുകയല്ല. മരിച്ചവരിലെ നീതിമാന്മാര്‍ യേഹ്ശുവായുടെ ഉത്ഥാനത്തിനുശേഷം നിദ്രവിട്ടുണര്‍ന്നു. യേഹ്ശുവായുടെ മരണസമയത്ത് സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്ന ഈ വചനം ശ്രദ്ധിക്കുക: "അപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു"(മത്താ: 27; 51-53). ഇത്രയും സ്പഷ്ടമായി തുറന്നുവച്ചിരിക്കുന്ന സത്യങ്ങളോടു മറുതലിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ ഏതു ബൈബിളാണ് പരിശോധിച്ചതെന്നു മനോവയ്ക്കറിയില്ല.

ഒരു വെളിപ്പെടുത്തല്‍ക്കൂടി നോക്കുക: "അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി"(എഫേ: 4; 8). യേഹ്ശുവായോടൊപ്പം പറുദീസയില്‍ പ്രവേശിച്ചവര്‍ ഇപ്പോഴും നിദ്രയിലോ മൗനവ്രതത്തിലോ അല്ല; മറിച്ച്, സ്തുതികളിലും പ്രാര്‍ത്ഥനകളിലും നിരതരാണ് അവര്‍! നീതിമാന്മാര്‍ മാത്രം അവകാശമാക്കുന്ന ഇടമാണ് പറുദീസാ എന്ന് വചനത്തിന്റെ വെളിച്ചത്തില്‍ നമുക്കറിയാം. നീതിമാന്മാരുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല. അങ്ങനെയെങ്കില്‍ മരിച്ചുപോയ നീതിമാന്മാരുടെ പ്രാര്‍ത്ഥനയോളം സ്വീകാര്യതയുള്ള മറ്റേതു പ്രാര്‍ത്ഥനയാണുള്ളത്?! യേഹ്ശുവായുടെ മരണത്തിനും ഉത്ഥാനത്തിനും മുന്‍പ് സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ട ചിലരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ബൈബിളില്‍ വായിക്കാന്‍ സാധിക്കും. ഏലിയാപ്രവാചകന്‍ ഇപ്രകാരം സംവഹിക്കപ്പെട്ട വ്യക്തിയാണ്. അതുപോലെതന്നെ, മോശയുടെ കാര്യത്തിലും സൂചനയുണ്ട്. താബോര്‍ മലയില്‍വച്ച് യേഹ്ശുവാ രൂപാന്തരപ്പെട്ടപ്പോള്‍ അവിടത്തോടൊപ്പം ഏലിയാപ്രവാചകനെയും മോശയെയും കണ്ടതായി ശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിദ്രപാപിച്ച അവസ്ഥയിലായിരുന്നുവെങ്കില്‍ ഇവര്‍ക്കൊന്നും യേഹ്ശുവായോടു സംസാരിക്കാനായി കടന്നുവരാന്‍ കഴിയില്ലായിരുന്നു. മരിച്ചുപോയ മോശയ്ക്കും സാമുവല്‍ പ്രവാചകനും തന്റെ മുന്നില്‍ മാദ്ധ്യസ്ഥം വഹിക്കാന്‍ കഴിയുമെന്ന സൂചന  യാഹ്‌വെതന്നെ നല്‍കിയിട്ടുണ്ട്. ഇസ്രായേലിന്റെ മാരകപാപത്തില്‍നിന്നു മോചനത്തിനായി മോശയോ സാമുവലോ വന്നു തന്നോടു പറഞ്ഞാലും അത് സ്വീകരിക്കില്ല എന്ന മുന്നറിയിപ്പിലൂടെ  യാഹ്‌വെ എന്താണര്‍ത്ഥമാക്കിയത്. വചനമിതാണ്: " യാഹ്‌വെ എന്നോട് അരുളിച്ചെയ്തു: മോശയും സാമുവലും എന്റെ മുമ്പില്‍നിന്ന്‍ യാചിച്ചാല്‍പോലും ഈ ജനത്തിന്റെ നേര്‍ക്കു ഞാന്‍ കരുണകാണിക്കുകയില്ല"(ജറെ: 15; 1). യാചിച്ചാല്‍പ്പോലും എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമെന്താണ്? ഇസ്രായേല്‍ ചെയ്ത ഒരു പ്രത്യേക പാപത്തിന് മോശയുടെയും സാമുവലിന്റെയും യാചനപോലും സ്വീകരിക്കില്ല എന്നാണ്. മറ്റു വിഷയങ്ങളില്‍ ഇവരുടെ യാചന സ്വീകരിച്ചിട്ടുണ്ട് എന്നതിന്റെ സൂചന ഇവിടെ വ്യക്തമാണ്! ഭാഷയിലെ പ്രയോഗങ്ങളെ സംബന്ധിച്ചു ധാരണയുള്ളവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്!

മാതാവിന്റെ വിമലഹൃദയത്തിലൂടെ ആത്മരക്ഷയോ!?

ഹൃദയത്തില്‍നിന്നാണ് പ്രാര്‍ത്ഥന ഉയരേണ്ടതെന്നും ഹൃദയശുദ്ധി പ്രാര്‍ത്ഥനയുടെ സ്വീകാര്യതയ്ക്ക് അനിവാര്യമാണെന്നും നാം കണ്ടു. ഇക്കാര്യത്തിലൊക്കെ പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയത്തോളം ശ്രേഷ്ഠതയുള്ള ഹൃദയം മറ്റാരിലും ഉണ്ടെന്നു കരുതാന്‍ കഴിയില്ല! എന്നാല്‍, ആത്മരക്ഷയ്ക്കായി ഒരുവന്‍ തന്നെത്തന്നെ മാതാവിന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കണം എന്ന കണ്ടുപിടുത്തത്തോടു യോജിക്കാന്‍ ദൈവവചനം മനോവയെ അനുവദിക്കുന്നില്ല. മാതാവിനോടുള്ള ഭക്തി അതിന്റെ സീമകള്‍ അതിലംഘിച്ചപ്പോള്‍ ചില ഭക്തന്മാര്‍ സ്വന്തം കയ്യില്‍നിന്നിട്ട ആശയമായി മാത്രമേ മനോവ ഇതിനെ കാണുന്നുള്ളു. പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളിലെപ്പോലെ കത്തോലിക്കാസഭയിലും ഓര്‍ത്തഡോക്സ് - യാക്കോബായ സഭകളിലും സ്വന്തം കയ്യില്‍നിന്നു ധാരാളമായി സംഭാവനചെയ്യുന്ന വ്യക്തികളുണ്ട്. ചില ആചാര്യന്മാര്‍ തങ്ങളുടെ കൈയ്യില്‍നിന്നിട്ടവ ഇന്ന് സഭകളുടെ അലിഖിത നിയമങ്ങളായി മാറിയത് ഗൗരവത്തോടെ കാണണം. പൗരസ്ത്യ സുറിയാനിസഭകളിലെ ചില വിരുതന്മാര്‍ കൈയ്യില്‍നിന്നിട്ട അനേകം പാഷാണ്ഡതകളില്‍ ഒന്നാണ് ദൈവമാതാവ് എന്ന സങ്കല്പം! പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായ യേഹ്ശുവായെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. മരണംവരെ അവിടുന്ന് അങ്ങനെതന്നെയായിരുന്നു. മരണത്തിനു തൊട്ടുമുമ്പ് മനുഷ്യപുത്രനായ യേഹ്ശുവാ അവിടുത്തെ അമ്മയെ നമുക്കു നല്‍കി. എന്തെന്നാല്‍, മരണാനന്തരം ഉത്ഥിതനാകുന്ന യേഹ്ശുവാ പരിപൂര്‍ണ്ണ ദൈവവും പരിപൂര്‍ണ്ണ മനുഷ്യനുമാണ്! ദൈവത്തിനു മരിക്കാന്‍ സാധിക്കില്ലാത്തതുകൊണ്ടും മനുഷ്യന്റെ പാപത്തിനു മനുഷ്യന്‍തന്നെ പരിഹാരം ചെയ്യേണ്ടിയിരിക്കുന്നു എന്നതുകൊണ്ടും മുപ്പത്തിമൂന്നു വര്‍ഷക്കാലം യേഹ്ശുവാ പരിപൂര്‍ണ്ണ മനുഷ്യനായി ജീവിച്ചു! ഈ യാഥാര്‍ത്ഥ്യത്തെ അപ്പാടെ തള്ളിക്കളഞ്ഞവരാണ് നമ്മുടെ അമ്മയെ ദൈവത്തിന്റെ അമ്മയാക്കിയത്.

ദൈവപുത്രനെ സംബന്ധിച്ചിടത്തോളം മാതാവോ പിതാവോ വംശാവലിയോ ഇല്ലെന്നു ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്നു. യേഹ്ശുവായുടെ പ്രതീകമായി പ്രവാചക കാലഘട്ടത്തില്‍ പ്രത്യക്ഷനായ വ്യക്തിയായിരുന്നു മെല്‍ക്കിസെദേക്ക്. മെല്‍ക്കിസെദേക്കിനെ ദൈവപുത്രനോടു സദൃശനാക്കി പരിചയപ്പെടുത്തുന്ന വചനം ശ്രദ്ധിക്കുക: "അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ അവന്റെ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്"(ഹെബ്രാ: 7; 3). ദൈവത്തിന്റെ അമ്മ എന്നു വിശേഷിപ്പിക്കുന്നത് പരിശുദ്ധ കന്യകാമാതാവിനെ സംബന്ധിച്ചിടത്തോളം ബഹുമതിയാണെന്നു ചിന്തിക്കരുത്. പരിശുദ്ധ അമ്മ ആയിരിക്കുന്ന അവസ്ഥതന്നെ ഏറ്റവും ബഹുമാന്യമായ അവസ്ഥയാണ്! കൈയ്യില്‍നിന്നിട്ട് മാതാവിനു ബഹുമതി കൂട്ടാന്‍ ആര്‍ക്കും സാധിക്കില്ലെന്നു മാത്രമല്ല, അത് ദൈവദൂഷണവുമാണ്!

അവസാനകാലങ്ങളില്‍ മനുഷ്യനു രക്ഷപ്രാപിക്കണമെങ്കില്‍ മാതാവിന്റെ വിമലഹൃദയത്തില്‍ സമര്‍പ്പിക്കണം എന്ന സന്ദേശവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഇത് ഏതു ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ആശയമാണെന്ന് ഇവരാരും പറയുന്നില്ല. ചില ആധുനിക വെളിച്ചപ്പാടുകള്‍ സ്വന്തം കയ്യില്‍നിന്ന് സംഭാവനചെയ്ത അപകടകരമായ ആശയമാണിത്. നിത്യരക്ഷ പ്രാപിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗത്തെ നിഷേധിക്കുന്ന ആത്മാവ് ദൈവത്തില്‍നിന്നല്ല; പിശാചില്‍നിന്നാണ്. അപ്പസ്തോലന്മാരുടെ നേതാവായ പത്രോസ് ഇപ്രകാരം ലോകത്തോടു പ്രഖ്യാപിച്ചു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 12). യേഹ്ശുവാ എന്ന നാമത്തിലല്ലാതെ, മറ്റൊരു നാമത്തിലും രക്ഷയില്ല എന്ന സത്യം ഏതെങ്കിലും ഒരു കാലഘട്ടത്തിനുവേണ്ടി മാത്രം നല്കപ്പെട്ടതല്ല. രക്ഷപ്രാപിക്കാന്‍ എന്തുചെയ്യണം എന്ന ചോദ്യത്തിന് അപ്പസ്തോലനായ പത്രോസ് നല്‍കുന്ന ഉത്തരം ശ്രദ്ധിക്കുക: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യാഹ്‌വെ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവര്‍: 2; 38, 39). ഇതില്‍നിന്നു വ്യത്യസ്തമായ മറ്റൊരു രക്ഷയെക്കുറിച്ചുള്ള സന്ദേശവുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ സൂക്ഷിക്കുക! നിത്യരക്ഷയില്‍നിന്നു മനുഷ്യരെ ഒന്നടങ്കം അകറ്റിക്കളയാന്‍ സാത്താന്‍ നിയോഗിച്ചിട്ടുള്ള അവന്റെ ദൂതന്മാര്‍ നമുക്കിടയിലേക്ക്‌ ഇറങ്ങിയിട്ടുണ്ട്. ആത്മീയവേഷം ധരിച്ചിറങ്ങിയിരിക്കുന്ന ഇക്കൂട്ടര്‍ കൂടുതല്‍ അപകടകാരികളാണ്!

ഈ മുന്നറിയിപ്പ് ഗൗരവമായി പരിഗണിക്കുക: "അതുപോലെ തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങള്‍ക്കിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും"(2 പത്രോ: 2; 1, 2). നമ്മെ വിലകൊടുത്തുവാങ്ങിയ നാഥന്‍ ആരാണ്? അവനിലൂടെയല്ലാതെ ആര്‍ക്കെങ്കിലും രക്ഷപ്രാപിക്കാന്‍ കഴിയുമോ? യേഹ്ശുവായിലൂടെ മാത്രമേ രക്ഷപ്രാപിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സംശയത്തിനിടയില്ലാതെ ബൈബിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തന്നിലൂടെയല്ലാതെ ആരും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന രക്ഷകനായ യേഹ്ശുവായുടെ വാക്കുകള്‍ കാലങ്ങളെയും കാലഘട്ടങ്ങളെയും അതിലംഘിക്കുന്നതാണ്! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). ഈ സത്യത്തെ മറച്ചുവയ്ക്കേണ്ടത് സാത്താനെ സംബന്ധിച്ചിടത്തോളം അവന്റെ നിലനില്പിന്റെ പ്രശ്നമാണ്. യേഹ്ശുവായിലൂടെ മാത്രം സാധ്യമാകുന്ന രക്ഷയെ നിഷേധിക്കാനായി സാത്താനും അവന്റെ അനുയായികളും എക്കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നു. യേഹ്ശുവായെ നിഷേധിച്ചുകൊണ്ടുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ സ്വീകാര്യത ലഭിക്കുന്നത്, അനേകം വഴികളില്‍ ഒന്നുമാത്രമാണ് യേഹ്ശുവായിലൂടെ സാധ്യമാകുന്ന രക്ഷ എന്ന പ്രചരണമാണെന്ന് സാത്താന്‍ കണ്ടു. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സാത്താന്റെ സന്തതികള്‍ ഈ ആശയം കത്തോലിക്കാസഭയില്‍ എഴുതിച്ചേര്‍ത്തു! അരാജകത്വത്തിന്റെ മനുഷ്യന്‍ പത്രോസിന്റെ സിംഹാസനത്തില്‍ കടന്നുകയറിയപ്പോഴാണ് ഈ പൈശാചിക ആശയം സഭയില്‍ സ്ഥാപിതമായത്. പത്രോസിന്റെ പ്രഖ്യാപനത്തെ തള്ളിക്കളയാന്‍, പത്രോസിന്റെ സിംഹാസനത്തെത്തന്നെ സാത്താന്‍ ഉപയോഗിച്ചു! പൈശാചിക ആശയത്തിന്റെ വക്താവായ ഈ മനുഷ്യനെ കത്തോലിക്കാസഭയിലെ വിശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട്, താനാണ് സാത്താന്റെ ഏറ്റവും വലിയ വക്താവെന്ന് ഫ്രാന്‍സീസ് സ്ഥിരീകരിച്ചിരിക്കുന്നു!

മാതാവിനോടുള്ള എല്ലാ സ്നേഹവും ആദരവും ബഹുമാനവും അതിന്റെ പൂര്‍ണ്ണതയില്‍ നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ; പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയത്തിലൂടെയല്ല മനുഷ്യന്റെ നിത്യരക്ഷ സാധ്യമാകുന്നത്. ചില കുബുദ്ധികള്‍ ഇപ്പോള്‍ മറ്റുചില ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവസാനകാലങ്ങളില്‍ പരിശുദ്ധ കന്യകാമാതാവിന്റെ വിമലഹൃദയം വിജയംവരിക്കുമെന്നും, വിമലഹൃദയത്തിന്റെ വിജയത്തിലൂടെയാണ് രക്ഷ സാധ്യമാകുന്നതെന്നുമാണ് ഇവരുടെ പ്രചരണം! എന്നാല്‍, യേഹ്ശുവാ പറയുന്നത് ഇങ്ങനെയാണ്: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3). യേഹ്ശുവായുടെ വീണ്ടുംവരവിലാണ് സ്വര്‍ഗ്ഗരാജ്യത്തേക്ക് നീതിമാന്മാര്‍ക്ക് പ്രവേശനം ലഭിക്കുന്നത്. അതുവരെ മരിച്ചുപോയിട്ടുള്ള നീതിമാന്മാരുടെ ആത്മാക്കള്‍ പറുദീസയില്‍ വസിക്കും. ആരുടെ വിജയമാണ് അവസാനകാലങ്ങളില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന ചോദ്യത്തിന് ഇവിടെ ഉത്തരം ലഭിച്ചുകഴിഞ്ഞു.

ഇനിയും സംശയമുള്ളവര്‍ ഈ വചനം ശ്രദ്ധിക്കുക: "അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 28). പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ വിജയത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നതെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു! വിജയംവരിച്ചവന്‍ യേഹ്ശുവായാണ്; അത് പാപത്തിന്റെ ആധിപത്യത്തിനുമേലുള്ള വിജയമായിരുന്നു. പാപത്തിന്റെ പ്രതിഫലമായ മരണത്തെ എന്നേക്കുമായി തോല്‍പ്പിച്ച് ഉയിര്‍പ്പിക്കപ്പെട്ട യേഹ്ശുവാ വരിച്ചത്‌ മരണത്തിനുമേലുള്ള വിജയംകൂടിയാണ്!

"വിഗ്രഹങ്ങള്‍ക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ച്‌ അവര്‍ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകള്‍ പുലര്‍ത്തി, വിശുദ്ധിയോടുള്ള അവജ്ഞമൂലം കള്ളസത്യം ചെയ്തു. ഈ രണ്ടു കാര്യങ്ങള്‍ക്കും അവര്‍ ഉചിതമായ ശിക്ഷ അനുഭവിക്കും"(ജ്ഞാനം: 14; 30).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5138 views

LOG IN

Lost your password?

SIGN UP

LOST PASSWORD