കാലത്തിന്റെ അടയാളങ്ങള്‍

ഇറാനെ പിന്തുണയ്ക്കേണ്ടത് യൂറോപ്പിന്റെ അനിവാര്യത!

Print By
about

19 - 05 - 2018

റാനെതിരെയുള്ള അമേരിക്കയുടെ നിലപാടുകളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്! അമേരിക്കയുടെ നീക്കങ്ങളെ കണ്ണടച്ചു പിന്തുണയ്ക്കുന്ന ഒരുവിഭാഗം ക്രിസ്ത്യാനികള്‍ നമുക്കിടയിലുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് മനോവ ഇതു പറയുന്നത്. ലോകത്ത് ഇന്നുള്ള എല്ലാ പ്രൊട്ടസ്റ്റന്റ്‌ സമൂഹങ്ങളും തങ്ങളുടെ തറവാടായി കണക്കാക്കുന്നത് അമേരിക്കയെയാണെന്നു നമുക്കറിയാം. ഈ സമൂഹങ്ങളുടെയെല്ലാം നിലനില്‍പ്പിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സും അമേരിക്കതന്നെ! ഇക്കാരണങ്ങള്‍ക്കൊണ്ടൊക്കെ, അമേരിക്ക എടുക്കുന്ന തീരുമാനങ്ങളെയെല്ലാം 'വിശുദ്ധ' തീരുമാനങ്ങളായി പ്രൊട്ടസ്റ്റന്റ്‌ സമൂഹം കണക്കാക്കുന്നു. ഉണ്ട ചോറിനുള്ള നന്ദിയായി ഇതിനെ കണ്ടാല്‍മതി. എന്നാല്‍, ദൂരവ്യാപകമായ ദുരന്തങ്ങള്‍ ക്രൈസ്തവരുടെമേല്‍ വന്നുഭവിക്കാന്‍ സാധ്യതയുള്ള അമേരിക്കന്‍ തീരുമാനങ്ങളെ നാം കാണാതെ പോകരുത്. പെന്തക്കോസ്തു (പ്രൊട്ടസ്റ്റന്റ്‌) സമൂഹങ്ങളുടെ അന്ധമായ അമേരിക്കന്‍ പ്രണയത്തിന്റെ ദുരന്തഫലം നാം തിരിച്ചറിയുകയും വേണം!

അമേരിക്ക ഇസ്രായേലിനു നല്‍കുന്ന പിന്തുണയെ യഥാര്‍ത്ഥ ക്രിസ്ത്യാനികളെല്ലാം ശ്ലാഘിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്തെന്നാല്‍, ഇസ്രായേല്‍ എന്നത് യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ വികാരമാണ്! ആഗോള ഇസ്ലാമിന്റെ പിന്തുണയോടെ പലസ്തീനില്‍ പ്രതിഷ്ഠിക്കപ്പെട്ട അറബികള്‍ ഇസ്രായേലിനെതിരെ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ ഓരോ ക്രൈസ്തവനും സസൂക്ഷ്മം നോക്കിക്കാണുന്നു. ലോകമാധ്യമങ്ങളും 'മനുഷ്യസ്നേഹികളും' ഇടതുപക്ഷവും ഒന്നുചേര്‍ന്ന് ഇസ്രായേലിനെ പുലഭ്യം പറയുമ്പോള്‍, ഈ രാജ്യത്തിനു തുറന്ന പിന്തുണ നല്‍കുന്ന ഏകരാജ്യം അമേരിക്കയാണ്. ഈ പിന്തുണയാണ് ക്രൈസ്തവരുടെയിടയില്‍ അമേരിക്ക എന്ന രാജ്യത്തിനു സ്വീകാര്യതയും വീരപരിവേഷവും ചാര്‍ത്തിക്കൊടുത്തത്!

ഇസ്രായേല്‍ ഒരു പുണ്യഭൂമി ആയതുകൊണ്ടോ, ക്രിസ്തുവിനോടുള്ള സ്നേഹംകൊണ്ടോ അല്ല അമേരിക്ക ആ രാജ്യത്തെ പിന്തുണയ്ക്കുന്നത്. മറിച്ച്, അമേരിക്കയുടെ സാങ്കേതിക സംവീധാനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് യഹൂദന്റെ തലയായതുകൊണ്ടാണ്! അതായത്, അമേരിക്കയുടെ മുന്നില്‍ തങ്ങളുടെ രാജ്യത്തിന്റെ വ്യാവസായികവും സാങ്കേതികവുമായ സുരക്ഷിതത്വം എന്ന ലക്‌ഷ്യം മാത്രമേയുള്ളു. ഈ ലക്ഷ്യത്തിനുവേണ്ടി ഏതു ചെകുത്താനെ കൂട്ടുപിടിക്കാനും അമേരിക്ക തയ്യാറാണ്! മുന്‍കാലങ്ങളില്‍ അവരിത് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍നിന്നു പിന്മാറാന്‍ ഇപ്പോള്‍ അമേരിക്കയെ പ്രേരിപ്പിച്ചതും കച്ചവട ലക്ഷ്യത്തോടെതന്നെയാണ്. സൗദിയുടെ നേതൃത്വത്തിലുള്ള സുന്നി മുസ്ലീങ്ങളുടെ പ്രീതി പിടുച്ചുപറ്റുന്നതിനു വേണ്ടിയാണ് ഇറാനെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ദുരന്തം നേരിടാന്‍പോകുന്നത് ക്രിസ്ത്യാനികളും യൂറോപ്യന്‍ രാജ്യങ്ങളുമാണെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല!

യൂറോപ്പിനുമേല്‍ വന്നുഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി ചര്‍ച്ചചെയ്യുന്നതിനു മുന്‍പ് മറ്റൊരു വിഷയം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാരുടെ ഉറക്കംകെടുത്തിയ മഹാദുരന്തത്തിന്റെ നാള്‍വഴികള്‍ ചിന്തിച്ചാല്‍ മാത്രമേ വരാനിരിക്കുന്ന ഭീകരതയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാകുകയുള്ളു. ഒബാമയുടെ നേതൃത്വത്തില്‍ അമേരിക്ക ആസൂത്രണംചെയ്തത് നടപ്പാക്കിയ 'മുല്ലപ്പൂവിപ്ലവം' നാമെല്ലാം കണ്ടതാണ്. മുസ്ലീംലോകവും ഇവരുടെ കുഴലൂത്തുകാരായ മാധ്യമ-സാംസ്കാരിക സംഘവും ഏറെ ആഘോഷിച്ച ഉത്സവമായിരുന്നു അത്. ഏകാധിപതികളായ ഭരണാധികാരികളെ താഴെയിറക്കി, പകരം ജനാധിപത്യ ഭരണകൂടങ്ങളെ പ്രതിഷ്ഠിക്കുമെന്നാണ് അമേരിക്കയും മാധ്യമങ്ങളും പ്രചരിപ്പിച്ചത്. ഇസ്ലാമിക യുവാക്കളുടെ കൈകളില്‍ ആയുധം വച്ചുകൊടുത്ത് ഭരണകൂടങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യിച്ചു. ലിബിയ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളെ പുറത്താക്കുകയോ വധിക്കുകയോ ചെയ്തു. അരാജകത്വം അരങ്ങേറിയ ഈ രാജ്യങ്ങളുടെ നിയന്ത്രണം 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന നീചന്മാരുടെ കരങ്ങളിലായി! 'മുല്ലപ്പൂവിപ്ലവം' നടത്തിയവര്‍ തന്നെയാണ് 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന നരഭോജികളായി പരിണമിച്ചത്.

ഇവിടെ നാം തിരിച്ചറിയേണ്ട വലിയൊരു യാഥാര്‍ത്ഥ്യമുണ്ട്. ഇസ്ലാമിക രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരേ ഇന്നുവരെ ശബ്ദമുയര്‍ത്തിയിട്ടുള്ള വിമതരെല്ലാം ഭീകര സ്വഭാവമുള്ള വ്യക്തികളുടെ കൂട്ടങ്ങളായിരുന്നു. ഇവര്‍ അധികാരം പിടിച്ചെടുത്തപ്പോഴൊക്കെ ക്രിസ്ത്യാനികള്‍ ഇവരുടെ ഇരകളായിട്ടുണ്ട്‌. ഏകാധിപതിയായിരുന്ന സദ്ദാംഹുസൈന്റെ കാലത്ത് ഇറാക്കില്‍ ക്രിസ്ത്യാനികള്‍ കൂട്ടമായി ആക്രമിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത നാം മറക്കരുത്. എന്നാല്‍, സദ്ദാം സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം ഇറാക്കിലെ ക്രിസ്ത്യാനികള്‍ തുടച്ചുനീക്കപ്പെട്ടു! ഹോസ്നി മുബാറക്കിന്റെ ഈജിപ്തിലെയും, കേണല്‍ ഗദ്ദാഫിയുടെ ലിബിയയിലെയും അവസ്ഥകള്‍ വ്യത്യസ്തമായിരുന്നില്ല. ലിബിയയിലും ഈജിപ്തിലും വിമതര്‍ ആധിപത്യം നേടിയപ്പോഴാണ്‌ ക്രൈസ്തവര്‍ കൂട്ടക്കുരുതികള്‍ക്കിരയായത്.
യമനിലും ടുണീഷ്യയിലും സമാന സ്ഥിതിയാണു സംജാതമായത്. എന്നാല്‍, സിറിയയിലെ സ്ഥിതി അല്പം വ്യത്യസ്തമാണ്. ബഷറുല്‍ അസദ് എന്ന ഏകാധിപതിയെ താഴെയിറക്കാന്‍ വിമതര്‍ക്കു കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, വൈദേശിക സഹായത്താല്‍ ശക്തരായ വിമതര്‍ ഒരു സമാന്തര ഭരണകൂടം എന്നപോലെ വിഹരിക്കുന്നു. ഭരണകൂടങ്ങള്‍ അസ്ഥിരപ്പെടുമ്പോള്‍ ഏതൊരു രാജ്യത്തും സംഭവിക്കാവുന്ന ദുരന്തമാണ് സിറിയയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

അസ്ഥിരമാക്കപ്പെടുന്ന ഭരണകൂടങ്ങള്‍ക്കു കീഴില്‍ അരാജകത്വം നടമാടുകയും ഭീകരന്മാരും തെമ്മാടിക്കൂട്ടങ്ങളും സ്വൈര്യവിഹാരം നടത്തുകയും ചെയ്യും. ഇത്തരം ആഭാസന്മാര്‍ക്ക് ആളും അര്‍ത്ഥവും മാത്രമല്ല, ആയുധവും നല്‍കി ശക്തിപ്പെടുത്താന്‍ അമേരിക്ക എക്കാലത്തും സന്നദ്ധരായി നിലകൊണ്ടു. ഇവര്‍ ഭരണകൂടങ്ങളെ ശിഥിലമാക്കുകയും വിമതരെ പ്രതിഷ്ഠിക്കുകയും ചെയ്തതിലൂടെ ആഗോളഭീകരതയുടെ പൂര്‍ണ്ണതയായ ഇസ്ലാമിക് സ്റ്റേറ്റ് ഉദയംകൊണ്ടു എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം! അരാജകത്വം അരങ്ങുവാണതിലൂടെ ക്രൈസ്തവര്‍ കൂട്ടത്തോടെ വധിക്കപ്പെടുകയും ഇസ്ലാമിക ഭീകരര്‍ യൂറോപ്പിലേക്കു കടന്നുകയറുകയും ചെയ്തു. ഇസ്ലാമിക ഭീകരരെ യൂറോപ്പിലേക്കു കടത്തിവിടാന്‍ ഐഎസ് നടത്തിയ നീക്കങ്ങള്‍ക്ക്‌ അമേരിക്കയും ഐക്യരാഷ്ട്രസഭയും കപട മനുഷ്യാവകാശ സംഘടനകളും ഒന്നുപോലെ പ്രവര്‍ത്തിച്ചു. ഇസ്ലാമിന്റെ കുതന്ത്രങ്ങള്‍ക്ക് മനുഷ്യാവകാശ മാനം കല്പിച്ചുനല്കാന്‍ മുഖ്യധാരാ മാധ്യമങ്ങളും നവമാധ്യമങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതും നാം കണ്ടതാണ്. ഇതിന്റെയെല്ലാം പരിണിതഫലമായി യൂറോപ്പില്‍ നുഴഞ്ഞുകയറാന്‍ ഇസ്ലാമിക ഭീകരന്മാര്‍ക്കു വഴിയൊരുങ്ങിയെന്നതും കാണാതെപോകരുത്. സമാധാനത്തോടെ ജീവിച്ച ഒരു ജനതയുടെ ഉറക്കംകെടുത്തിക്കൊണ്ട് ഭീകരന്മാര്‍ യൂറോപ്പിന്റെ തെരുവുകളില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത് 'മുല്ലപ്പൂവിപ്ലവം' എന്ന ഭീകരനാടകത്തിന്റെ 'ക്ലൈമാക്സ്' ആയി കാണേണ്ടാ; മറിച്ച്, ഒരു പൈശാചിക നാടകത്തിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ രംഗം മാത്രമാണ്! ഇനിയും അനേകം രംഗങ്ങള്‍ ഈ നാടകത്തിലുണ്ട്!

ആഭ്യന്തര യുദ്ധങ്ങളുടെ പരിണിതഫലം!

ഇസ്ലാമിക രാജ്യങ്ങളില്‍ ആഭ്യന്തര യുദ്ധങ്ങളും വിമത പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍, ഇതിന്റെ പരിണിതഫലം അനുഭവിക്കുന്നത് ക്രൈസ്തവരും അവര്‍ അധിവസിക്കുന്ന രാജ്യങ്ങളുമാണ്. വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്ലാംമതം ചേരിതിരിഞ്ഞ് പോരാടുന്നതിലൂടെ അനേകം വ്യക്തികള്‍ അഭയാര്‍ത്ഥികളായി മാറുന്നു. ഇവര്‍ക്കെല്ലാം അഭയം നല്‍കാനുള്ള ഉത്തരവാദിത്വം ക്രൈസ്തവ സമൂഹത്തിനുമേല്‍ അടിച്ചേല്പിക്കുന്ന അവസ്ഥയും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ്‌ ക്രൈസ്തവര്‍ യാഥാര്‍ത്ഥ്യബോധത്തിലേക്ക്‌ ഉണരേണ്ടത്. എന്തെന്നാല്‍, ഇസ്ലാമിക രാജ്യങ്ങളില്‍ അരങ്ങേറുന്ന ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളും ഒരു നാടകത്തിന്റെ ഭാഗമാണ്!

സൗദിയുടെയും മറ്റിതര ഇസ്ലാമിക രാജ്യങ്ങളുടെയും പിന്തുണയോടെ ജിഹാദികള്‍ ആസൂത്രണംചെയ്ത പദ്ധതിയുടെ നടത്തിപ്പാണ് ഇന്നു നാം ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഈ ജിഹാദികള്‍ക്ക് സൈനീക സഹായം നല്‍കുന്നത് അമേരിക്കയാണെന്നതും വിസ്മരിക്കാന്‍ പാടില്ല. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ അമേരിക്ക നടത്തുന്ന ഈ നീക്കങ്ങള്‍ ദുരൂഹമാണ്. സൗദിയുടെ പ്രിയതോഴനായിരിക്കാന്‍ അമേരിക്ക നടത്തുന്ന അമിതാവേശത്തിനു ക്രൈസ്തവരും ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളും കൊടുക്കേണ്ടിവരുന്നത് വലിയ വിലയാണെന്നതും നാം കണ്ടുകഴിഞ്ഞു!

മുല്ലപ്പൂവിപ്ലവത്തെ വിജയിപ്പിക്കാന്‍ സുന്നി മുസ്ലിങ്ങള്‍ നവമാധ്യമങ്ങളെയാണ് ആശ്രയിച്ചത്. ഇസ്ലാമിക ലോകത്തെ സൈബര്‍ ഭീകരന്മാര്‍ രാവും പകലും ഇതിനായി പ്രവര്‍ത്തനനിരതരായി നിലകൊണ്ടു. ഇസ്ലാമിന്റെ സൈബര്‍ പോരാളികള്‍ ഏതെങ്കിലും ചില സാഹചര്യങ്ങളില്‍ മാത്രം ഉണരുന്നവരല്ല. വ്യാജ ഫോട്ടോകളും വീഡിയോകളും വാര്‍ത്തകളും സൃഷ്ടിച്ചുകൊണ്ട് നിരന്തരം പ്രവര്‍ത്തിക്കുന്ന സംഘം ഇസ്ലാമിനുണ്ട്. പലസ്തീനികള്‍ക്കുവേണ്ടിയും മറ്റിതര പ്രശ്നബാധിത മേഖലകള്‍ക്കുവേണ്ടിയും ഇവര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വീഡിയോകളും ഫോട്ടോകളും നിര്‍മ്മിക്കുമ്പോള്‍ ഇവരുടെ നടീനടന്മാന്‍ തന്നെയാണ് അഭിനയിക്കുന്നത്. ഇവര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.

ആസൂത്രിതമായി സൃഷ്ടിച്ച അരാജകത്വവും അശാന്തിയുമാണ് ഇന്ന് അറബി മേഖലയില്‍ നിലനില്‍ക്കുന്നത്. ഇസ്ലാമികതയെ യൂറോപ്പില്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് ഇസ്ലാമിലെ സുന്നിവിഭാഗമാണ്! സൗദിഅറേബ്യയുടെ പിന്തുണയോടെ നടപ്പാക്കപ്പെടുന്ന ഈ പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സും ആത്മീയശക്തിയും സൗദിതന്നെ! തുര്‍ക്കിയെ മുന്‍നിര്‍ത്തി സൗദിഅറേബ്യ മറഞ്ഞിരുന്നു പ്രവര്‍ത്തിക്കുന്നു! ഇസ്ലാമിലെ സുന്നി വിഭാഗത്തില്‍പ്പെട്ട തീവ്ര നിലപാടുകാരെ യൂറോപ്പിലേക്കു കടത്തിവിടാന്‍ തുര്‍ക്കിയിലെ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിരിക്കുന്നത്  വിപുലമായ സംവീധാനങ്ങളാണ്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ അഭയാര്‍ത്ഥികള്‍ എന്ന മേല്‍വിലാസം ഉണ്ടാക്കിയെടുക്കുകയെന്നതാണ് ആദ്യത്തെ പടി. സിറിയയിലും മറ്റും അരങ്ങേറിയ കലാപങ്ങളില്‍ ഭൂരിപക്ഷവും സുന്നി ഭീകരന്മാര്‍ ആവിഷ്ക്കരിച്ച പദ്ധതിയുടെ ഭാഗമായിരുന്നു. കലാപത്തിന്റെ മറവില്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കുര്‍ദ്ദുകളെയും ഹൂദികളെയും കൊന്നൊടുക്കാനും ഈ അവസരം അവര്‍ വിനിയോഗിച്ചു. എന്നാല്‍, യൂറോപ്പിലേക്ക് കടന്നുകയറിയ അഭയാര്‍ത്ഥികളുടെ പട്ടികയില്‍ ക്രിസ്ത്യാനികളോ ഹൂദികളോ കുര്‍ദ്ദുകളോ ഉണ്ടായിരുന്നില്ല. അഭയാര്‍ത്ഥികളായി യൂറോപ്പിലേക്ക് കടന്നുകൂടിയത് കലാപം സൃഷ്ടിച്ച സുന്നി ഭീകരരും ഇവരുടെ കുടുംബങ്ങളുമാണ്!

തുര്‍ക്കി കേന്ദ്രമാക്കി വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണ കേന്ദ്രംപോലും സുന്നി മുസ്ലീങ്ങള്‍ക്കുണ്ട്. വിവിധ രാജ്യങ്ങളിലായി ജീവിക്കുന്ന സുന്നി മുസ്ലീങ്ങളിലെ തീവ്രനിലപാടുകാര്‍ക്ക് സിറിയയുടെ പാസ്പോര്‍ട്ട് വ്യാജമായി നിര്‍മ്മിച്ചു നല്‍കുന്നു. സിറിയന്‍ അഭയാര്‍ത്ഥികള്‍ എന്ന വ്യാജേന യൂറോപ്പില്‍ കടന്നുകൂടിയ മുസ്ലീങ്ങളില്‍ പകുതിയിലേറെയും ആഫ്രിക്ക, ബംഗ്ലാദേശ് തുടങ്ങി മേഖലകളില്‍നിന്നുള്ള കിരാതരായ സുന്നികളാണ്. യൂറോപ്പില്‍ ആധിപത്യം നേടാന്‍ ഒന്നര സഹസ്രാബ്ദത്തോളം ഇസ്ലാം നടത്തിയ നീക്കങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. എന്നാല്‍, അഭയാര്‍ത്ഥി നാടകത്തിലൂടെ ആ ലക്‌ഷ്യം അവര്‍ സാക്ഷാത്ക്കരിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്പിലേക്ക് കടന്നുവരുന്ന അഭയാര്‍ത്ഥികള്‍ക്കുവേണ്ടി മോസ്ക്കുകള്‍ നിര്‍മ്മിക്കാന്‍ സൗദിഅറേബ്യ നല്‍കുന്നത് സഹസ്രകോടികളാണ്. തങ്ങളുടെ രാജ്യത്ത് അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാതെ യൂറോപ്പിലേക്ക് കയറ്റിവിടുകയും, യൂറോപ്പില്‍ എത്തിച്ചേരുന്ന മുസ്ലീങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുകയും ചെയ്യുന്ന സൗദിയുടെ നീക്കങ്ങള്‍ ആരും കാണാതെപോകരുത്. സൗദിയുടെ നേതൃത്വത്തില്‍ സുന്നി മുസ്ലീങ്ങള്‍ എഴുതിയുണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് വിമത പ്രവര്‍ത്തനങ്ങളും അഭയാര്‍ത്ഥികളെ സൃഷ്ടിക്കലും അരങ്ങേറുന്നത്. ഈ സൗദിക്കും അവരുടെ കൂട്ടാളികളായ മുസ്ലീം രാജ്യങ്ങള്‍ക്കുംവേണ്ടി എല്ലാ സഹായങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നത് അമേരിക്കയാണെന്ന കാര്യം നാം ഓര്‍ക്കണം.

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന്റെ മുഖ്യ കാരണക്കാര്‍ അമേരിക്കയും ഐക്യരാഷ്ട്രസഭയുമാണ്‌. അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുന്നത് സ്വാഭാവിക ദുരന്തംമൂലമാണെങ്കില്‍, ഭൂമുഖത്തുള്ള മുഴുവന്‍ മുസ്ലീങ്ങളെയും താങ്ങാനുള്ള ശേഷി ഗള്‍ഫ് നാടുകള്‍ക്കുണ്ട്. സാമ്പത്തിക ഭദ്രതയില്‍ മാത്രമല്ല, ഭൂവിസ്തൃതിയിലും ഇവര്‍ സമ്പന്നരാണ്! എന്നാല്‍, അഭയാര്‍ത്ഥികളെ തങ്ങളുടെ നാട്ടില്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ തങ്ങള്‍ ആവിഷ്ക്കരിച്ച പദ്ധതി നടപ്പാകില്ലെന്ന് ഇവര്‍ക്കറിയാം. യൂറോപ്പിനെ ഇസ്ലാമിക വത്ക്കരിക്കുകയെന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് പിന്തുണയുമായി ക്രൈസ്തവ സഭകളിലെ ചില പമ്പര വിഡ്ഢികളായ ആചാര്യന്മാരും രംഗത്തുണ്ട്. യൂറോപ്പിന്റെ മണ്ണില്‍ ക്രിസ്തീയതയെ കുഴിച്ചുമൂടുക എന്ന ലക്ഷ്യത്തിനുവേണ്ടി അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കുന്ന വ്യക്തികള്‍ ക്രൈസ്തവ സഭകളിലുണ്ടെന്നതാണ് വസ്തുത!

ഇറാനും 'ഷിയാ' മുസ്ലീങ്ങളും!

ഇസ്ലാം മതത്തിലെ ഒരു വിഭാഗമാണ്‌ ഷിയാ മുസ്ലീം സമൂഹം. ബഹുഭൂരിപക്ഷമായ സുന്നികള്‍ കഴിഞ്ഞാല്‍ ഇസ്ലാം മതത്തിലെ അംഗസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള സമൂഹമാണ്‌ ഷിയാക്കള്‍. മുഹമ്മദിന്റെയും അവന്റെ കുടുംബ പരമ്പരയുടെയും നേതൃത്വം (അഹ്‌ലുല്‍ ബൈത്ത്)മാത്രം അംഗീകരിക്കുന്ന ഈ വിഭാഗം, മുഹമ്മദിനുശേഷം ഇസ്ലാമിക സമുദായത്തിന്റെ നേതൃത്വമേറ്റെടുത്ത ആദ്യത്തെ മൂന്നു ഖലീഫമാരെ അംഗീകരിക്കുന്നില്ല. മുഹമ്മദിന്റെ പത്നിയായ ഖദീജയ്ക്കുശേഷം രണ്ടാമതായി ഇസ്ലാം മതവിശ്വാസിയായിത്തീര്‍ന്ന അടുത്ത ബന്ധുവും മരുമകനുമായ അലിയാണ്‌ യഥാര്‍ത്ഥത്തില്‍ ഖലീഫയാകേണ്ടിയിരുന്നതെന്നും മറ്റുള്ളവര്‍ അലിക്കവകാശപ്പെട്ട ഖലീഫാ പദവി തട്ടിയെടുക്കുകയാണുണ്ടായതെന്നും ഷിയാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. അലിയുടെ അനുയായികള്‍ എന്നപേരിലാണ്‌ ഈ വിഭാഗം സംഘടിച്ചതും ശക്തിയാര്‍ജ്ജിച്ചതും. അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സിന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ഇസ്ലാംമത വിശ്വാസികളില്‍ പതിനഞ്ച് ശതമാനം ഷിയാവിഭാഗത്തില്‍പ്പെട്ടവരാണ്‌. ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്ലീങ്ങളില്‍ മുക്കാല്‍ ഭാഗവും അധിവസിക്കുന്നത് ഇറാന്‍, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈന്‍, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌.

'ഷിയാ' എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തില്‍നിന്നാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികള്‍ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അര്‍ത്ഥം. ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും ഈ വിഭാഗത്തില്‍പ്പെട്ട മുസ്ലീംങ്ങള്‍ ഷിയാ മുസ്ലിങ്ങള്‍ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു. മുഹമ്മദിന്റെ മരണശേഷം മുസ്ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി സമുദായത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായ വ്യത്യാസങ്ങളുടെയും തുടര്‍ന്നുള്ള സുന്നി-ഷിയാ വിഭജനത്തിന്റെയും പ്രധാന കേന്ദ്രബിന്ദു അലിയായിരുന്നു. യഥാര്‍ത്ഥത്തില്‍ സ്ഥാനമോഹം ഒട്ടുംതന്നെയില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അലി എന്നു വാദിക്കുന്നവരാണ് ഷിയാക്കള്‍. അലിയാണ്‌ മുഹമ്മദിനുശേഷം മുസ്ലീം സമുദായത്തിന്റെ നേതാവാകേണ്ടതെന്ന അഭിപ്രായമുള്ള ഒരുവിഭാഗം അക്കാലത്ത് മക്ക (ഇസ്ലാമിക തലസ്ഥാനം)യില്‍ ഉണ്ടായിരുന്നു.

മുഹമ്മദ്‌ മരിച്ചപ്പോള്‍ അന്നത്തെ ഇസ്ലാമിക പ്രമുഖര്‍, മുഹമ്മദിന്റെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളും, അയാളുടെ സന്തത സഹചാരിയും, സര്‍വ്വോപരി പ്രായത്തില്‍ മുതിര്‍ന്നയാളുമായ അബുബക്കര്‍ സിദ്ദീഖിനെ ഖലീഫയായി തിരഞ്ഞെടുത്തു. എന്നാല്‍, മുസ്ലീം നേതൃത്വം മുഹമ്മദിന്റെ വംശപരമ്പരയാല്‍ മാത്രമെ നയിക്കപ്പെടാവൂ എന്നു വിശ്വസിച്ചിരുന്ന ഒരുവിഭാഗം, മുഹമ്മദിന്റെ അടുത്ത ചാര്‍ച്ചക്കാരില്‍ ഒരാളും പുത്രിയുടെ ഭര്‍ത്താവുമായ അലിയാണ്‌ ഖലീഫയാകേണ്ടതെന്ന് വാദിച്ചു. എന്നാല്‍, ഭൂരിപക്ഷം പേരും അബുബക്കറിനെ അനുകൂലിക്കികയും അദ്ദേഹം ഖലീഫയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു. അബുബക്കറിന്റെ മരണശേഷം ഉമര്‍ ബ്നു ഖത്താബും അയാളുടെ കാലശേഷം ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍ എന്നിവരും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും ഖലീഫയായി. ഉസ്മാന്റെ ഭരണകാലത്താണ്‌ ഖുറാന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത്. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിലും ഇയാള്‍ ഖുറാന്‍ ഏകീകരിക്കാനെടുത്ത തീരുമാനത്തിലും അസഹിഷ്ണുക്കളായി തീര്‍ന്ന ചിലര്‍ ഇയാളെ കൊലപ്പെടുത്തിയെന്നു പറയപ്പെടുന്നു. ഉസ്മാന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു.

ഇവിടെ നാം തിരിച്ചറിയേണ്ട ചില സത്യങ്ങളുണ്ട്. മുഹമ്മദിനുശേഷം ഖലീഫാമാരായ രണ്ടുപേരെയും ഷിയാ മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല. അതായത്, മുഹമ്മദിനുശേഷം വന്ന ഖലീഫാമാരില്‍ അലി മുതലുള്ളവരെ മാത്രമേ ഇവര്‍ അംഗീകരിക്കുന്നുള്ളു. അതിനാല്‍ത്തന്നെ, അലിക്ക് തൊട്ടുമുന്‍പ് ഖലീഫയായിരുന്ന 'ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍' ക്രോഡീകരിച്ച ഖുറാനെ അതേപടി അംഗീകരിക്കാന്‍ ഷിയാക്കള്‍ തയ്യാറാകുമോ എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമുണ്ട്. ഇസ്ലാമിന്റെ ആരംഭംമുതല്‍ ആശയപരമായ ചേരിതിരിവും ഉടലെടുത്തിരുന്നു. മുഹമ്മദിന്റെ കാലത്ത് വിമത ശബ്ദങ്ങള്‍ ഭയംമൂലം അടക്കിവയ്ക്കപ്പെട്ടു. ചെറിയതോതില്‍ ഉയര്‍ന്ന എല്ലാ വിമത ശബ്ദങ്ങളെയും മുഹമ്മദും അനുയായികളും വാളുകൊണ്ട് നേരിട്ടതുകൊണ്ടായിരുന്നു അത്. മുഹമ്മദിനുശേഷം ഒരിക്കല്‍പ്പോലും ഇസ്ലാമില്‍ ഏകീകരിക്കപ്പെട്ട വിശാസവസ്ഥ ഉണ്ടായിട്ടില്ല. സുന്നി-ഷിയാ വിഭാഗങ്ങള്‍ തമ്മില്‍ എക്കാലത്തും യുദ്ധങ്ങള്‍ നടന്നുകൊണ്ടിരുന്നു. പിന്നീട് ഇസ്ലാമില്‍ അനേകം ഗ്രൂപ്പുകള്‍ ഉടലെടുക്കുകയും പരസ്പരം കൊന്നൊടുക്കുകയും ചെയ്തു. കുര്‍ദ്ദുകളും ഹൂദികളുമൊക്കെ പിന്നീട് ഉടലെടുത്ത ഗ്രൂപ്പുകളാണ്. ഇസ്ലാമിന്റെ നാലാമത്തെ ഖലീഫയായ അലിയെ വധിച്ചത് ഇയാളുടെ അനുയായികളായ മുസ്ലിങ്ങള്‍ തന്നെയായിരുന്നു. മൂന്നാമത്തെ ഖലീഫയായിരുന്ന ഉസ്മാനും വധിക്കപ്പെടുകയാണുണ്ടായത്. വധിച്ചതാകട്ടെ, ക്രിസ്ത്യാനികളോ യഹൂദരോ മറ്റേതെങ്കിലും അനിസ്ലാമിക മതങ്ങളിലെ വിശ്വാസികളോ ആയിരുന്നില്ല. ഉസ്മാനും അലിയും അടക്കമുള്ള എല്ലാ ഇസ്ലാമിക നേതാക്കന്മാരും വധിക്കപ്പെട്ടത് ഇസ്ലാമിന്റെ വാളാല്‍ തന്നെയാണ്!

അലി ഖലീഫയായപ്പോള്‍ ഇയാള്‍ക്കെതിരെ വിമത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സുന്നി വിഭാഗത്തിനു നേതൃത്വം നല്‍കിയത് മുഹമ്മദിന്റെ ഇഷ്ടഭാര്യയായിരുന്ന ആയിഷയാണ്! ഖലീഫയായി അധികാരമേറ്റ അലി, ഉസ്മാന്റെ ഘാതകര്‍ക്കെതിരേ ശക്തമായ നടപടി എടുത്തില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു. ഇക്കൂട്ടത്തില്‍ മുഹമ്മദിന്റെ പത്നിയായ ആയിശയുടെ നേതൃത്വത്തില്‍ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകള്‍ അറിയിക്കാനും അയാളുടെ അടുക്കലേക്ക് പുറപ്പെട്ടു. ഉസ്മാന്റെ കൊലപാതകികള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് അലിയെ കാണാന്‍ നീങ്ങിയ ഈ നിവേദക സംഘത്തിന്റെ നീക്കം അവരും അലിയുടെ സൈന്യത്തിലുള്ള ഒരുവിഭാഗവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി പരിണമിച്ചു. 'ഒട്ടകത്തിന്റെ യുദ്ധം' എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലില്‍ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തില്‍നിന്ന് പിന്‍വാങ്ങി.

അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവര്‍ണ്ണര്‍ മുആവിയ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിന്‍ യുദ്ധം' എന്ന പേരിലാണ്‌ ഈ ഏറ്റുമുട്ടല്‍ ചരിത്രരേഖകളില്‍ അറിയപ്പെടുന്നത്. തന്ത്രശാലികളായ മുആവിയയുടെ സൈനികര്‍ ഖുറാന്റെ കയ്യെഴുത്തുപ്രതികള്‍ തങ്ങളുടെ കുന്തമുനകളില്‍ കുത്തിനിര്‍ത്തിക്കൊണ്ട് അലിയുടെ സൈന്യത്തെ നേരിട്ടു. കടുത്ത വിശ്വാസികളായ അലിയുടെ സൈനികര്‍ ഖുറാനെ ആക്രമിക്കുന്നത് പാപമെന്ന്‌ കരുതുകയും പടപൊരുതാന്‍ വിസമ്മതിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ അലി മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, ഈ തീരുമാനം അലിയുടെതന്നെ അനുയായികളില്‍ ചിലരുടെ കടുത്ത എതിര്‍പ്പിനിടയാക്കി. തീവ്രവാദികളായ ഇവരില്‍ ചിലര്‍ചേര്‍ന്ന് അലിയെ കൊലപ്പെടുത്തി. കിട്ടിയ അവസരം പാഴാക്കാതെ മുആവിയ തന്നെ ഖലീഫയായി സ്വയം പ്രഖ്യാപിച്ചു. ഖലീഫ സ്ഥാനത്തിനര്‍ഹനായ അലിയുടെ മൂത്ത പുത്രന്‍ ഹസ്സന്‌ പെന്‍ഷന്‍ നല്‍കി അയാളുടെ അവകാശത്തെ മുആവിയ നിര്‍വീര്യമാക്കി. അധികം താമസിയാതെതന്നെ രോഗഗ്രസ്തനായിത്തീര്‍ന്ന ഹസ്സന്‍ മരണമടഞ്ഞു. ഹസ്സനെ വിഷം നല്‍കി സാവധാനം കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രബലമായൊരഭിപ്രായമുണ്ട്.

ഇറാന്‍ എന്ന രാജ്യത്തെക്കുറിച്ചും വര്‍ത്തമാനകാലത്ത് അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാനാണ് ഇത്രയും വിവരണങ്ങള്‍ നടത്തിയത്. ഇറാനെക്കുറിച്ചു പഠിക്കുമ്പോള്‍ ഷിയാ മുസ്ലിങ്ങളെക്കുറിച്ചും അവരുടെ ഉദ്ഭവത്തെക്കുറിച്ചും ആമുഖമായെങ്കിലും അറിഞ്ഞിരിക്കേണ്ടത് അനിവാര്യതയാണ്. മതത്തിന്റെ നേതൃത്വം പിടിച്ചടക്കാന്‍ നിരന്തരം യുദ്ധങ്ങളിലേര്‍പ്പെട്ട ഏക മതം ഇസ്ലാംമതമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഷിയാ വിഭാഗവുമായി സുന്നികള്‍ എക്കാലത്തും നടത്തിപ്പോന്ന യുദ്ധങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നത്. ഷിയാ മുസ്ലിങ്ങള്‍ക്കെതിരേയുള്ള യുദ്ധത്തിനു നേതൃത്വം നല്‍കുന്നത് സൗദിയാണെന്നു നാം മനസ്സിലാക്കി. സൗദിഅറേബ്യയില്‍ പതിനഞ്ചു ശതമാനത്തോളം ഷിയാ മുസ്ലിങ്ങള്‍ ജീവിക്കുന്നുണ്ട്. സൗദിയോടൊപ്പം നിന്ന് ഷിയാ മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ എക്കാലത്തും അമേരിക്കയുണ്ടായിരുന്നു. അറുപതുശതമാനം ഷിയാ മുസ്ലിങ്ങളും ഇരുപതുശതമാനം കുര്‍ദ്ദുകളും വസിക്കുന്ന ഇറാഖിനെ തകര്‍ക്കാന്‍ അമേരിക്ക തയ്യാറായത് കുവൈത്തിനും സൗദിക്കും വേണ്ടിയായിരുന്നു. യുദ്ധാനന്തരം പതിനഞ്ചു വര്‍ഷം നീണ്ട ഉപരോധവും ഇവര്‍ നേരിട്ടു. ഈ കാലയളവില്‍ അവശ്യമരുന്നുകളുടെ അഭാവംമൂലം പത്തുലക്ഷം കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്!

ഷിയാ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യുകയും ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സുന്നി ഭീകര സംഘടന ഇറാഖിന്റെ നാശം പൂര്‍ത്തിയാക്കി. 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ  കീഴിലായ ഇറാഖിലെ മൊസൂള്‍ നഗരം ആറ് മാസത്തെ പരിശ്രമത്തിന്നൊടുവിലാണ് ഭീകരരെ വധിച്ച് ഇറാഖി സൈന്യം തിരിച്ചുപിടിച്ചത്. അമേരിക്കയും സുന്നി മുസ്ലിങ്ങളും ചേര്‍ന്നാണ് ഇറാഖിനെ തരിപ്പണമാക്കി എന്നതാണു യാഥാര്‍ത്ഥ്യം. ഇതിന്റെ തനിയാവര്‍ത്തനമാണ് ഇറാനുനേരേ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

പുരാതനകാലം മുതല്‍ക്കേ സാംസ്ക്കാരികമായി ഉന്നത നിലവാരം പുലര്‍ത്തിയ പരിഷ്കൃത സമൂഹമാണ് ഇറാനില്‍ ജീവിച്ചവര്‍. ഇസ്ലാമികതയുടെ കടന്നുവരവോടെ ആ മതം ഇറാനെ വിഴുങ്ങിയെങ്കിലും അറബികളില്‍നിന്നു വ്യത്യസ്തമായ സംസ്ക്കാരം ഇവര്‍ കാത്തുസൂക്ഷിച്ചു. ഇറാന്‍കാര്‍ അറബിയും ഇംഗ്ലീഷും സംസാരിക്കുമെങ്കിലും ഇവരുടെ ഔദ്യോഗിക ഭാഷ പേര്‍ഷ്യനാണ്. രിസാ ഷാഹ്‌ പഹ്‌ലവി എന്ന ഭരണാധികാരി 1935-ല്‍ രാജ്യത്തിന്റെ പേര് പേര്‍ഷ്യ എന്നത് മാറ്റി ഇറാന്‍ എന്നാക്കി. പടിഞ്ഞാറന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതും പഹ്‌ലവിയാണ്. ഇറാനിയന്‍ വേഷവിധാനങ്ങള്‍ക്കു പകരം സ്യൂട്ടും കോട്ടും നിര്‍ബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളില്‍ മതവിദ്യാഭ്യാസം നിര്‍ബന്ധമല്ലാതാക്കിയതും പര്‍ദ്ദ നിരോധിച്ചതും പഹ്‌ലവിയായിരുന്നു. 1979 ജനുവരി ഒന്നിന്‌ ആയത്തുല്ല ഖുമൈനി തെഹ്‌റാനില്‍ തിരിച്ചെത്തി വിപ്ലവത്തിലൂടെ നേതൃത്വം ഏറ്റെടുക്കുന്നതുവരെ ഇതായിരുന്നു ഇറാനിലെ അവസ്ഥ. പിന്നീട് ഹിതപരിശോധനയില്‍ ജനങ്ങള്‍ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രില്‍ ഒന്നിന്‌ (വിഡ്ഢിദിനത്തില്‍) ഇറാന്‍ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. ഇസ്ലാം സമൂഹത്തില്‍ അദ്ധ്വാനശീലമുള്ള ഏക സമൂഹം ഇറാനികളാണ്. കാര്‍ഷികരംഗത്ത് വലിയ ഔന്നത്യം ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ, ഷിയാ മുസ്ലിങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയ്ക്ക് വേരുപിടിക്കാനോ കടന്നുചെല്ലാനോ കഴിയാത്ത ഏക രാജ്യം ഇറാനാണ്!

ഇസ്ലാമിക സ്റ്റേറ്റിനെ അറബിമണ്ണില്‍നിന്നു തൂത്തെറിയാന്‍ റഷ്യയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് ഇറാനാണെന്നു നമ്മില്‍ എത്രപേര്‍ക്കറിയാം?! അമേരിക്കയും സുന്നി മുസ്ലിങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച ഭീകരതയുടെ പൂര്‍ണ്ണതയാണ് ഇസ്ലാമിക് സ്റ്റേറ്റ്! യൂറോപ്പിനും ക്രൈസ്തവ സമൂഹങ്ങള്‍ക്കും ദുരന്തം വിതയ്ക്കുന്നതില്‍ ഇത്രയേറെ പങ്കുവഹിച്ചിട്ടുള്ള പ്രസ്ഥാനം ഈ നൂറ്റാണ്ടില്‍ വേറെയില്ല. ഇവരെ ഉന്മൂലനം ചെയ്യാന്‍ റഷ്യ തയ്യാറായപ്പോള്‍, അവരെ തടയാന്‍ ശ്രമിച്ചത് അമേരിക്കയും സുന്നി മുസ്ലിങ്ങളും ഐക്യരാഷ്ട്രസഭയുമായിരുന്നു. എന്നാല്‍, റഷ്യയുടെ നീക്കങ്ങള്‍ക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് ഇറാനും സിറിയയിലെ ഇപ്പോഴത്തെ ഭരണാധികാരിയായ ബാഷര്‍ അല്‍ ആസാദും മാത്രമാണ്! ഐക്യരാഷ്ട്രസഭയുടെയും അമേരിക്കയുടെയും ഇസ്ലാമിക ലോകത്തിന്റെയും വാക്കുകളെ പുല്ലുപോലെ തള്ളിക്കളഞ്ഞുകൊണ്ട് റഷ്യയും വ്ലാഡിമിര്‍ പുട്ടിനും നെഞ്ചുറപ്പ് തെളിയിച്ചു! ഇസ്ലാമിക് സ്റ്റേറ്റ് എന്ന നരാധമന്മാരെ അവരുടെ മാളത്തില്‍ വച്ചുതന്നെ ഉന്മൂലനം ചെയ്യുന്നതില്‍ ഇറാന്‍ വഹിച്ച പങ്കും വിസ്മരിക്കാന്‍ പാടില്ല! ഇതിനുള്ള സൗദിയുടെ പ്രതികാരമാണ് അമേരിക്കയില്‍നിന്നു കേട്ട ശബ്ദം!

സൗദിയുടെയും ഇസ്ലാമിക രാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി, അമേരിക്കയ്ക്ക് ഇറാനുമായുണ്ടായിരുന്ന ആണവക്കരാറില്‍നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങി! ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കുപിന്നിലും സുന്നി മുസ്ലിങ്ങളുടെ സ്വാധീനം മനസ്സിലാക്കാന്‍ കഴിയും! ഇസ്ലാമിക് സ്റ്റേറ്റ് ഒരിക്കലും സുന്നി മുസ്ലിങ്ങളെ ആക്രമിച്ചിട്ടില്ല. ക്രിസ്ത്യാനികള്‍, ഷിയാക്കള്‍, കുര്‍ദ്ദുകള്‍, ഹൂദികള്‍ എന്നിവരെയാണ് ഈ പിശാചുക്കള്‍ വംശഹത്യ നടത്തിയിട്ടുള്ളത്. ഇതൊന്നും തിരിച്ചറിയാന്‍ ആരും ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്! ഇറാനെ ഉപരോധത്താല്‍ തകര്‍ത്താല്‍ ഇസ്ലാമിക് സ്റ്റേറ്റിനു വീണ്ടും ശക്തിപ്രാപിക്കാന്‍ സാധിക്കുമെന്ന് സൗദിക്കും കൂട്ടാളികള്‍ക്കും അറിയാം. ഈ ഭീകരരിലൂടെ ക്രിസ്തീയതയെയും സുന്നിവിരുദ്ധ സമൂഹങ്ങളെയും ഇല്ലായ്മചെയ്യാന്‍ കഴിയുമെന്നും സൗദി കണക്കുകൂട്ടുന്നു. മാത്രവുമല്ല, പശ്ചിമേഷ്യന്‍ മേഖലകളില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കപ്പെട്ടാല്‍, യൂറോപ്പിലേക്കുള്ള ഇസ്ലാമിക കടന്നുകയറ്റം അസാദ്ധ്യമാകുമെന്നു മാത്രമല്ല, യൂറോപ്പിലേക്ക് കടന്നുകയറിയ അഭയാര്‍ത്ഥികള്‍ക്ക് സ്വദേശങ്ങളിലേക്കു മടങ്ങിപ്പോകേണ്ട അവസ്ഥ സംജാതമാകുകയും ചെയ്യും. ഇത് സുന്നികള്‍ ആഗ്രഹിക്കുന്നില്ല.

ഇറാനും ആണവക്കരാറും!

പശ്ചിമേഷ്യയില്‍ വന്‍ സംഘര്‍ഷസാധ്യത തട്ടിമാറ്റുകയും രാജ്യാന്തരതലത്തില്‍ നാഴികക്കല്ലാവുകയും ചെയ്ത 2015-ലെ ചരിത്രപ്രധാനമായ ഇറാന്‍ ആണവക്കരാറില്‍നിന്നു പിന്മാറാനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിനു ട്രംപ് ഉയര്‍ത്തിയ ന്യായവാദം ഇങ്ങനെ: "തികച്ചും ഏകപക്ഷീയമായ കരാറായിരുന്നു അത്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്. അതു ശാന്തതയുടെ അന്തരീക്ഷം സൃഷ്ടിച്ചില്ല, സമാധാനം സമ്മാനിച്ചില്ല". ഐക്യരാഷ്ട്ര രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ (യുഎസ്, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്), ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍ എന്നീ ഏഴു കക്ഷികളും ഇറാനും തമ്മിലുണ്ടാക്കിയ ധാരണയാണ് ട്രംപ് അട്ടിമറിച്ചത്. കരാര്‍ നിലവില്‍വരുന്നതിനു മുന്‍പുണ്ടായിരുന്ന എല്ലാ ഉപരോധങ്ങളും പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇവിടെ നാം ചിന്തിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അമേരിക്കയെയും ഇസ്രായേലിനെയും യൂറോപ്യന്‍ രാജ്യങ്ങളെയും കൂടാതെ, റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ പല രാജ്യങ്ങളും ആണവശക്തികളാണ്. പലവട്ടം ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള രാജ്യമായ പാക്കിസ്ഥാനില്‍ ശക്തമായ ഒരു ഭരണകൂടംപോലും ഇല്ല. എപ്പോള്‍ വേണമെങ്കിലും പട്ടാള അട്ടിമറികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രാജ്യമാണ് പാക്കിസ്ഥാന്‍ എന്ന് ഇതിനോടകം പലവട്ടം ആ രാജ്യം തെളിയിച്ചിട്ടുണ്ട്. എല്ലാ ഭീകരസംഘടകള്‍ക്കും വേരോട്ടമുള്ള രാജ്യമാണ് അത്. ഭീകരരുടെ കൈകളില്‍ ആണവായുധം എത്താനുള്ള എല്ലാ സാധ്യതകളും ആ രാജ്യത്തു നിലനില്‍ക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുന്ന പാക്കിസ്ഥാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താതെ, ഭീകരരുടെ യാതൊരു സാന്നിദ്ധ്യവുമില്ലാത്തതും ശക്തമായ ഭരണകൂടം നിലവിലുള്ളതുമായ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നീക്കം ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു പറയാതെവയ്യ!

പശ്ചിമേഷ്യയില്‍ ശക്തി ചോര്‍ന്നുപോയ ഇസ്ലാമിക് സ്റ്റേറ്റിനെ വീണ്ടും ശക്തിപ്പെടുത്താനുള്ള സുന്നി മുസ്ലീങ്ങളുടെ ഗൂഢപദ്ധതിയില്‍ പങ്കാളിയാകുകയാണ് അമേരിക്കയും ഫ്രാന്‍സും! കൊണ്ടിട്ടും പഠിക്കാത്ത വിഡ്ഢിയെപ്പോലെയാണ് ഫ്രാന്‍സ് മുന്നോട്ടുപോകുന്നത്. സിറിയയില്‍നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ദുരന്തം ഏറ്റവുമധികം അനുഭവിച്ച രാജ്യമാണ് ഫ്രാന്‍സ്! മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്, ഏറ്റവുമധികം ഭീകരാക്രമണത്തെ ഈ രാജ്യം നേരിട്ടു. മാത്രവുമല്ല, ഇസ്ലാമിന് ഏറ്റവുമധികം സ്വാധീനമുള്ള യൂറോപ്യന്‍ രാജ്യവും ഫ്രാന്‍സാണ്. മറ്റൊരു സിറിയയാകാന്‍ ദ്രുതഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സിനെയോര്‍ത്ത് സഹതപിക്കാന്‍ മാത്രമേ നമുക്കു കഴിയുകയുള്ളു. ഇറ്റലി, സ്പെയിന്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. കൂടാതെ, യൂറോപ്പിനെ ഇസ്ലാമിന്റെ കൈകളില്‍ ഏല്പിച്ച് ശരിയത്ത് നിയമത്തിനു കീഴിലാക്കാന്‍ അരയുംതലയും മുറുക്കി വത്തിക്കാന്റെ മതില്‍ക്കെട്ടിനുള്ളില്‍ ഒരു ശപിക്കപ്പെട്ടവന്‍ നിലകൊള്ളുന്നത് ഇസ്ലാമിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇവിടെയാണ്‌ ഇറാന്‍ ശക്തിപ്പെടേണ്ടതിന്റെ അനിവാര്യത!

ഗള്‍ഫ് മേഖലയിലെ ഏറ്റവും ശക്തമായ രാജ്യം ഇറാനാണ്. ഇവരുടെ ശക്തി ക്ഷയിച്ചാല്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള അനേകം ഭീകര പ്രസ്ഥാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ഉദയംകൊള്ളും. അതിലൂടെ കൂടുതല്‍ അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുകയും യൂറോപ്പിനുമേല്‍ ഇവരെ പ്രതിഷ്ഠിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്യും. ക്രിസ്തീയ വിശ്വാസത്തില്‍നിന്ന്‍ ഇപ്പോള്‍ത്തന്നെ അകന്നുനില്‍ക്കുന്ന യൂറോപ്യന്‍ ജനതയുടെമേല്‍ ഇരട്ടിപ്രഹരമായി ഇസ്ലാമികത പ്രതിഷ്ഠിക്കപ്പെടാനുള്ള സാധ്യത വളരെ വലുതാണ്‌. രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ആശയങ്ങളുടെ സ്വാധീനത്താല്‍ ആത്മീയത ഉന്മൂലനം ചെയ്യപ്പെട്ട ഒരു ജനതയാണ് യൂറോപ്പില്‍ വസിക്കുന്നത്. അതുകൊണ്ടുതന്നെ, ഏതു മ്ലേച്ഛതയെയും വരിക്കാന്‍ തയ്യാറുള്ള മനസ്സുകള്‍ രൂപപ്പെട്ടിരിക്കുന്നു. യൂറോപ്പിന്റെ നാശം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിച്ചിരിക്കുന്ന ഫ്രാന്‍സീസ് അത് സാധ്യമാക്കിയെന്നതും തിരിച്ചറിയണം. ഇന്നത്തെ യൂറോപ്യന്‍ ക്രിസ്തീയതയുടെ അവസ്ഥ ഇതാണ്: "ഇടയന്മാര്‍ വഴിതെറ്റിച്ച് മലയില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6). ഇടയനില്ലാത്ത ആടുകളുടെ അരികിലേക്ക് ചെന്നായ്ക്കളെ നയിക്കുന്ന ഇടയന്മാരുടെ തലവനാണ് ഫ്രാന്‍സീസ് എന്ന് ഇയാള്‍ തെളിയിച്ചുകഴിഞ്ഞു! ഇസ്ലാമിനുവേണ്ടിയുള്ള ഇയാളുടെ വിലാപങ്ങള്‍ നാം എത്രയോ വട്ടം കണ്ടിരിക്കുന്നു!

ആടുകള്‍ സ്വയം പ്രതിരോധം തീര്‍ക്കുക എന്നതിനപ്പുറം ഇടന്മാരെ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യം യൂറോപ്പിന്റെ മാത്രം പ്രത്യേകതയല്ല; മറിച്ച്, ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ അവസ്ഥയാണ്!

ഇറാനെ പിന്തുണയ്ക്കേണ്ടത് യൂറോപ്പിന്റെ അനിവാര്യത!

ഇക്കാലമത്രയും അമേരിക്കയുടെ നടപടികള്‍ മൂലം യൂറോപ്പിനു നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളു. രണ്ടാംലോക മഹായുദ്ധത്തില്‍ അതു നാം കണ്ടതാണ്. ഇറ്റലിയും ജര്‍മ്മനിയും ജപ്പാനും മാത്രമുള്ള ഒരു സഖ്യത്തെ നേരിടാന്‍ ലോകത്തുള്ള മുഴുവന്‍ രാജ്യങ്ങളും ഒത്തുചേര്‍ന്നു. അമേരിക്കയും റഷ്യയും ഫ്രാന്‍സും ബ്രിട്ടനും ചൈനയും മാത്രമല്ല, ഇന്ത്യയടക്കമുള്ള മുഴുവന്‍ രാജ്യങ്ങളും അംഗങ്ങളായുള്ള സഖ്യമാണ് മൂന്നു രാജ്യങ്ങളെ നേരിട്ടത്. ജപ്പാനെയും ജര്‍മ്മനിയെയും ഇറ്റലിയെയും മാത്രമല്ല, തങ്ങളുടെ പക്ഷത്തുനിന്ന പല യൂറോപ്യന്‍ രാജ്യങ്ങളെയും ഉഴുതുമറിക്കാന്‍ അമേരിക്കയും റഷ്യയും തയ്യാറായി. പലരാജ്യങ്ങളെയും ഇവര്‍ പങ്കിട്ടെടുത്തു. പടിഞ്ഞാറന്‍ ജര്‍മ്മനിയും കിഴക്കന്‍ ജര്‍മ്മനിയും ഉണ്ടായത് അങ്ങനെയാണ്. അമേരിക്കയുടെ നയങ്ങളെ ജാഗ്രതയോടെ കാണാതിരുന്നാല്‍ യൂറോപ്പിനെ അവര്‍ വിഴുങ്ങും എന്നകാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ട! തങ്ങളുടെമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഉയരുമെന്ന സ്ഥിതി വന്നപ്പോഴാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ അമേരിക്ക തയ്യാറായത്.

അമേരിക്കയുടെ സുന്നി പ്രീണനത്തിനു പിന്നില്‍ കച്ചവട താത്പര്യം മാത്രമാണുള്ളത്. എന്നിരുന്നാലും, അമേരിക്കയ്ക്ക് ഈ ലോകത്തോടു വലിയ ഉത്തരവാദിത്വമുണ്ട്. ലോകത്തോടുള്ള ഉത്തരവാദിത്വത്തിനുമപ്പുറം തങ്ങളുടെ സഖ്യകക്ഷിയായി നിന്നുകൊണ്ട് തങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളെ പിന്തുണച്ച യൂറോപ്പിന്റെ സുരക്ഷിതത്വം ഇല്ലാതാക്കുന്ന ചെയ്തികളില്‍നിന്ന്‍ അമേരിക്ക പിന്മാറണമായിരുന്നു. അമേരിക്ക ഒരു സെക്കുലര്‍ രാജ്യമാണെങ്കില്‍പ്പോലും ആ രാജ്യത്തിന്റെ അടിത്തറ ക്രിസ്തീയതയാണ്. അതിനാല്‍ത്തന്നെ, ക്രിസ്ത്യാനികളോടുള്ള ഉത്തരവാദിത്വത്തിനു മുഖ്യ പരിഗണന നല്‍കണം. എന്നാല്‍, തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനപ്പുറമുള്ള പരിഗണനകളൊന്നും സഖ്യകക്ഷികളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലില്ല.

ഇസ്രായേലിനെ സന്തോഷിപ്പിക്കാനുള്ള ചില നാടകങ്ങള്‍ ട്രംപിന്റെ ഭരണകൂടം കളിക്കുമ്പോള്‍ വികാരപരവശരാകുന്ന ക്രിസ്ത്യാനികളെ കാണുമ്പോള്‍ മനോവയ്ക്ക് സഹതാപമാണ് തോന്നുന്നത്. ഇസ്രായേലിന്റെ മണ്ണ് യഥാര്‍ത്ഥ ക്രിസ്ത്യാനികളുടെയെല്ലാം വികാരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇസ്രായേലിലെ ജനങ്ങള്‍ ഒന്നടങ്കം ആത്മീയമായി ചിന്തിക്കുന്നവരാണെന്ന് കരുതരുത്. മനുഷ്യപുത്രനായ യേഹ്ശുവായെ മാത്രമല്ല, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെപ്പോലും നിഷേധിച്ച ജനങ്ങളാണ് ഇന്നത്തെ യഹൂദര്‍! സിയോണിസ്റ്റ് മൂവ്മെന്റ് എന്ന ഭൗതിക സംഘടനയുടെ നിയന്ത്രണത്തിലാണ് ഇസ്രായേലിലെ ഭരണം മുന്നോട്ടുപോകുന്നത്. സിയോണിസ്റ്റുകളില്‍ ഭൂരിപക്ഷവും നിരീശ്വരവാദികളും സകലവിധ തിന്മകളുടെയും വക്താക്കളുമാണ്. ചില പ്രൊട്ടസ്റ്റന്റ് പ്രസംഗത്തൊഴിലാളികള്‍ യഹൂദരെ സ്തുതിക്കുന്നതു കാണുമ്പോള്‍, തങ്ങള്‍ വഴിതെറ്റി ക്രിസ്ത്യാനികളായ ഹതഭാഗ്യരാണെന്ന് സ്വയം സമ്മതിക്കുന്നതുപോലെ തോന്നും! പലസ്തീന്‍ വിഷയത്തില്‍ യഹൂദരുടെ പക്ഷത്താണ് നീതി എന്നകാര്യത്തില്‍ മനോവയ്ക്ക് എതിരഭിപ്രായമില്ല. എന്നാല്‍, ക്രിസ്ത്യാനികളുടെ സംരക്ഷകരായി യഹൂദരെ കാണുന്നവര്‍ മലര്‍പ്പൊടിക്കാരനെയാണ് അനുസ്മരിപ്പിക്കുന്നത്!

ഇസ്രായേലിന്റെ പൂര്‍ണ്ണത ക്രിസ്തീയതയാണെന്ന തിരിച്ചറിവില്ലാത്ത പ്രൊട്ടസ്റ്റന്റ് സമൂഹം അപകടകാരികളാണ്. ജറുസലെമില്‍ യഹൂദര്‍ ദൈവാലയം നിര്‍മ്മിക്കുന്നതിനെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇക്കൂട്ടര്‍ ക്രിസ്ത്യാനികളാണെന്ന്‍ എങ്ങനെ പറയാന്‍ കഴിയും!? ക്രിസ്തുവിന്റെ ബലി പൂര്‍ത്തിയായതിനുശേഷം ഇനിയൊരു ബലിയുടെ പ്രസക്തി എന്താണ്? ബലിയര്‍പ്പണമില്ലെങ്കില്‍ ദൈവാലയത്തിനു പ്രസക്തിയില്ല. യഹൂദര്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയില്‍ തുടരുന്നിടത്തോളം അവര്‍ യഥാര്‍ത്ഥ ഇസ്രായേലല്ല! എന്നാല്‍, ഇസ്ലാമിനോടുള്ള യഹൂദരുടെ ചെറുത്തുനില്‍പ്പില്‍ ഇസ്രായേലിന്റെ പക്ഷത്തു നിലകൊള്ളാനുള്ള ഉത്തരവാദിത്തം ക്രിസ്ത്യാനികള്‍ക്കുണ്ട്. എന്തെന്നാല്‍, അവര്‍ നമ്മുടെ സഹോദരങ്ങളും പിതൃഗോത്രവുമാണ്! നാളെ അവരില്‍ പലരും നമ്മോടൊപ്പം ചേരേണ്ടവരുമാണ്!

വിഷയത്തിലേക്കുതന്നെ മടങ്ങിവരാം. ഇറാനുമായി ആണവക്കാരാര്‍ ഉണ്ടാക്കിയത് അമേരിക്ക തനിച്ചല്ലെന്നു നാം കണ്ടു. ജര്‍മ്മനി, ഫ്രാന്‍സ് ബ്രിട്ടന്‍, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ ഏഴു കക്ഷികളുമായിട്ടാണ് ഇറാന്‍ കരാറില്‍ ഏര്‍പ്പെട്ടത്. അങ്ങനെയിരിക്കെ, അമേരിക്ക ഏകപക്ഷീയമായി കരാറില്‍നിന്നു പിന്‍വാങ്ങുകയെന്നത് അവരുടെ ധാര്‍ഷ്ട്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ഈ ധാര്‍ഷ്ട്യം വകവച്ചുകൊടുക്കാന്‍ തയ്യാറാകാത്ത ജര്‍മ്മനിയെയും ബ്രിട്ടനെയും ഈ അവസരത്തില്‍ മനോവ ശ്ലാഘിക്കുന്നു. ചൈനയും റഷ്യയും അമേരിക്കന്‍ നടപടികളെ രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഒരിക്കല്‍പ്പോലും പിന്തുണച്ചിട്ടില്ല. എന്നാല്‍, എക്കാലത്തും അമേരിക്കയുടെ നിഴലായി നിലകൊണ്ട ബ്രിട്ടന്റെ തീരുമാനം ആശാവഹമാണ്‌. ഇറാന്‍ ക്ഷയിക്കുന്നതോടെ യൂറോപ്പിലേക്ക് ഇനിയും അഭയാര്‍ത്ഥികള്‍ പ്രവഹിക്കുമെന്ന തിരിച്ചരിവുകൊണ്ടാണ് ജര്‍മ്മനിയും ബ്രിട്ടനും അമേരിക്കന്‍ നിലപാടിനെ തള്ളിയതെന്ന് മനോവയ്ക്ക് അഭിപ്രായമില്ല. എന്നാല്‍, ഇറാന്റെ ശാക്തീകരണത്തിലൂടെ പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ക്ക് അല്പമെങ്കിലും ശമനമുണ്ടാകും എന്നകാര്യത്തില്‍ ഉറപ്പുണ്ട്. ഭീകരതയെ എല്ലാ തരത്തിലും വളര്‍ത്തുന്ന സൗദി അടക്കമുള്ള സുന്നി മുസ്ലീങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ഇറാന്റെ നിലനിപ്പ് ഗുണംചെയ്യും.

ഇറാനെതിരേ സൗദി നടത്തുന്ന ചാരപ്രവര്‍ത്തനങ്ങള്‍ അമേരിക്കയുടെ ഒത്താശയോടെയാണെങ്കില്‍, ഇറാനിലും സിറിയയിലും സൈനീകത്താവളങ്ങള്‍ സ്ഥാപിച്ചുകൊണ്ട് വിമതരെ (ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരര്‍) അമര്‍ച്ചചെയ്യാന്‍ റഷ്യയും പുട്ടിനുമുണ്ടാകും. ക്രിസ്ത്യാനികള്‍ക്കു സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമുള്ള ചുരുക്കം ചില രാജ്യങ്ങള്‍ പ്രഥമ സ്ഥാനത്തുള്ളത് റഷ്യയും ചൈനയുമാണെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളും മറ്റിതര ക്രൈസ്തവ സഭകളും ആര്‍ജ്ജിക്കണം! യൂറോപ്പില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികളെയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ അഭയാര്‍ത്ഥികളുടെ പ്രവാഹം നിലയ്ക്കണം. ക്രിസ്തീയ ആചാര്യന്മാരില്‍നിന്നു ക്രൈസ്തവര്‍ എന്തെങ്കിലും പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്ന് അനുഭവം നമ്മേ പഠിപ്പിച്ചുകഴിഞ്ഞു! ആനുകാലിക സംഭവങ്ങളെ വിവേചനാപൂര്‍വ്വം നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് മനോവ ഇവിടെ കുറിച്ചത്!

ഇറാന്‍ എന്ന ഇസ്ലാമിക രാജ്യത്തെ പിന്തുണയ്ക്കുന്ന ലേഖനമായി ഇതിനെ ആരും കാണരുത്. സുന്നി മുസ്ലീങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ഇറാനെപ്പോലെയുള്ള ഒരു 'ഷിയാ' രാജ്യം ഉയര്‍ന്നുനില്‍ക്കേണ്ടത് ലോകസമാധാനത്തിന് അനിവാര്യമാണെന്ന ആശയം മാത്രം ഈ ലേഖനത്തില്‍നിന്നു വായിക്കുക!

ചേര്‍ത്തുവായിക്കാന്‍: ഗോവ്, മഗ്ഗോവ് തുടങ്ങിയ പദങ്ങളുമായി മനുഷ്യരെ വഞ്ചിക്കുന്ന ചില വ്യാഖ്യാനത്തൊഴിലാളികള്‍ നമ്മുടെയിടയിലേക്ക് ഇറങ്ങിയിട്ടുണ്ട്. റഷ്യയും ചൈനയും ചേര്‍ന്നു ദൈവജനത്തെ നശിപ്പിക്കുമെന്നാണ് ഇവര്‍ പ്രസംഗിച്ചു നടക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനുവേണ്ടി ബൈബിള്‍ വ്യാഖ്യാനിക്കാന്‍ പണം പിടുങ്ങുന്ന ഈ ദുര്‍മ്മേദസ്സുകളെ ദൈവജനം തിരിച്ചറിഞ്ഞ് ബഹിഷ്ക്കരിക്കുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4235 views

LOG IN

Lost your password?

SIGN UP

LOST PASSWORD