അറിഞ്ഞിരിക്കാന്‍

ഇന്ത്യന്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍!

Print By
about

23 - 06 - 2018

തീവ ഗുരുതരമായ ചില വെല്ലുവിളികളെയാണ് ഇന്ത്യയില്‍ തങ്ങള്‍ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ക്രൈസ്തവ ആചാര്യന്മാര്‍ പറയുന്നു. ക്രൈസ്തവ ആചാര്യന്മാരും ക്രൈസ്തവ വിശ്വാസികളും ഇക്കാര്യത്തില്‍  പ്രകടിപ്പിക്കുന്ന ആകുലതകള്‍ മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ക്രൈസ്തവര്‍ പ്രതിസന്ധിയിലാണ് എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല! എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇവര്‍ ആകുലപ്പെടുന്നത് യഥാര്‍ത്ഥ വെല്ലുവിളികളെ പ്രതിയല്ല എന്നതാണു യാഥാര്‍ത്ഥ്യം! യഥാര്‍ത്ഥ വെല്ലുവിളികളെ പ്രതിയായിരുന്നു ഇവര്‍ ആകുലപ്പെടുന്നതെങ്കില്‍ തോമാശ്ലീഹായുടെ കാലംമുതല്‍ വിലപിക്കേണ്ടിയിരുന്നു. വിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങളെയല്ല, സാമ്പത്തിക മേഖലയുടെമേലുള്ള പീഡനത്തെ മാത്രമാണ് ഇവര്‍ പീഡനമായി പരിഗണിക്കുന്നതെന്ന് ഇപ്പോഴത്തെ വിലാപങ്ങളില്‍നിന്നുതന്നെ വ്യക്തമാണ്. ഇതിനെ ക്രിസ്തീയ പീഡനത്തിന്റെ പട്ടികയില്‍ ചേര്‍ക്കാമോ എന്നകാര്യത്തില്‍ മനോവയ്ക്കു സംശയമുണ്ട്. ആയതിനാല്‍, യഥാര്‍ത്ഥ വെല്ലുവിളികളെ അനാവരണം ചെയ്യേണ്ടത് മനോവയുടെ ധര്‍മ്മമായി പരിഗണിക്കുന്നു.

ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു (വൈദീകരും സന്യസ്തരും), ക്രിസ്തീയത അവഹേളിക്കപ്പെടുന്നു, ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നു...എന്നിങ്ങനെയുള്ള ആവലാതികളാണ് ആചാര്യന്മാരില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. ശരിയാണ്; ഇതെല്ലാം ഇന്ത്യയില്‍ ഇന്ന് സംഭവിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരു 'സാമ്പിള്‍' വെടിക്കെട്ട്‌ മാത്രമാണെന്ന തിരിച്ചറിവില്ലാത്തതാണ് യഥാര്‍ത്ഥ വെല്ലുവിളികളില്‍ ഒന്ന്! രോഗം വരുന്നതിന് ഒരു കാരണമുണ്ടാകും. ഈ കാരണം തിരിച്ചറിഞ്ഞു ചികിത്സിച്ചാല്‍ മാത്രമേ പൂര്‍ണ്ണമായ രോഗസൗഖ്യം ലഭിക്കുകയുള്ളു. ആയതിനാല്‍, മൂന്നു കാര്യങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യപ്പെടണം. രോഗകാരണത്തെക്കുറിച്ചാണ് ഒന്നാമതായി നാം ചര്‍ച്ചചെയ്യേണ്ടത്. അതിനുശേഷം, ഇനിയും രോഗം കടന്നുവരാനുള്ള സാധ്യതകളെക്കുറിച്ചും അവ വരുന്ന വഴികളെക്കുറിച്ചും ചര്‍ച്ചചെയ്യണം. അവസാനമായി നാം ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത് രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികളെ സംബന്ധിച്ചാണ്.

ഇന്ത്യയിലെ ക്രിസ്ത്യാനികളും ക്രിസ്തീയതയും ഇന്നു നേരിടുന്ന എല്ലാ വെല്ലുവിളികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലേഖനമെഴുതുമ്പോള്‍, യഥാര്‍ത്ഥ സത്യം മുഖംനോക്കാതെ എഴുതണം. അതിനാല്‍ത്തന്നെ, ചില അപ്രിയസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും. ഈ തുറന്നുപറച്ചില്‍ കേള്‍ക്കുന്നവര്‍ അസ്വസ്ഥരാകുന്നതിനുപകരം ആത്മപരിശോധനയ്ക്കും സ്വയം വിമര്‍ശനത്തിനും തയ്യാറാകണം എന്ന മുഖവുരയോടെ ആരംഭിക്കുന്നു.

പീഡിപ്പിക്കപ്പെടുന്നത് അകാരണമായോ?

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് അകാരണമായാണോ എന്തെങ്കിലും കാരണത്താലാണോ എന്ന പരിശോധനയാണ് ആദ്യം നടത്തേണ്ടത്. പരിശോധനയിലേക്കു കടക്കുന്നതിനു മുന്‍പായി ഒരു വചനം ശ്രദ്ധിക്കുക: "അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും"(യോഹ: 15; 20). ഇത് യേഹ്ശുവായുടെ വാക്കുകളാണ്. ഇവിടെ യേഹ്ശുവാ പറയുന്ന പീഡനത്തിനു കാരണമായി പറയാന്‍ കഴിയുന്നത്, ക്രിസ്ത്യാനിയായി എന്ന ഒരു കാരണം മാത്രമേയുള്ളു. ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തില്‍ പൂര്‍ണ്ണതയോടെ ചരിക്കുമ്പോള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ചു മാത്രമേ ഈ വിധത്തില്‍ ചിന്തിക്കാവു. മറിച്ച്, തെറ്റു ചെയ്തതിന്റെ പേരില്‍ ക്രൈസ്തവ നാമധാരികള്‍ അനുഭവിക്കുന്ന പീഡനത്തെ ഈ ഗണത്തില്‍ ചേര്‍ക്കരുത്. യേഹ്ശുവായെ വെറുത്തതും അവിടുത്തെ പീഡിപ്പിച്ചതും തിന്മ പ്രവര്‍ത്തിച്ചതുകൊണ്ടായിരുന്നില്ല. ഈ വചനം നോക്കുക: "അവര്‍ കാരണംകൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന വചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്"(യോഹ: 15; 25). ഈ വെറുപ്പാണ് പീഡനത്തിനു കാരണമായത്. അതായത്, വെറുപ്പു കാരണമാണ് പീഡിപ്പിക്കപ്പെട്ടതെങ്കിലും, ഈ വെറുപ്പിനു കാരണമില്ല! എന്നാല്‍, പീഡിപ്പിച്ചവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവന് വ്യക്തമായ കാരണമുണ്ട് എന്ന യാഥാര്‍ത്ഥ്യവും നാം അറിഞ്ഞിരിക്കണം.

ക്രിസ്തുവിനെ പീഡിപ്പിക്കാന്‍ പീഡകരെ പ്രേരിപ്പിച്ചത് പിശാചാണെന്നു നമുക്കറിയാം. തന്റെ തല തകര്‍ക്കുവാനും പാപത്തെ നശിപ്പിച്ച് മനുഷ്യരെ രക്ഷിക്കുവാനും കടന്നുവന്നതുകൊണ്ടാണ് യേഹ്ശുവായെ അവന്‍ വെറുക്കുന്നത്. യേഹ്ശുവായെ അവിടുത്തെ ദൗത്യത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ അവന്‍ മൂന്നുവട്ടം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്. മരുഭൂമിയില്‍ വച്ച് അരങ്ങേറിയ ആ സംഭവത്തിന്റെ വിശദാംശങ്ങളിലേക്ക് നാം കടക്കുന്നില്ല. സാത്താന്റെ വാഗ്ദാനങ്ങളെല്ലാം നിരസിക്കുകയും, അവനെ ശാസിക്കുകയും ചെയ്തതിനുശേഷമാണ് യേഹ്ശുവാ അവിടുത്തെ ദൗത്യം ആരംഭിച്ചത്. സാത്താന് യേഹ്ശുവായെ വെറുക്കാന്‍ ഈ കാരണംതന്നെ മതിയായതാണ്! സാത്താന്റെ ഈ വെറുപ്പ് ക്രിസ്തുവിനോടു മാത്രമല്ല; ക്രിസ്തുവിന്റെ ആഹ്വാനം ഏറ്റെടുത്തിരിക്കുന്ന അവിടുത്തെ ശിഷ്യസമൂഹത്തോടു മുഴുവനുമുള്ള വെറുപ്പാണിത്! യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍, അതിന്റെ കാരണം ഈ വചനത്തിലുണ്ട്: "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍ നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 18, 19). എന്നാല്‍, എല്ലാ പീഡനങ്ങളുടെയും കാരണം ഇതാണെന്നു ചിന്തിക്കരുത്.

തിന്മ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പീഡനം ഏല്‍ക്കുന്നതുപോലെതന്നെ, നന്മയുടെ പരിണിതഫലമായും പീഡിപ്പിക്കപ്പെടാം. എന്തെന്നാല്‍, ഒരുവന്റെ നന്മ പ്രവൃത്തിയെ മറ്റൊരുവനു നന്മയായി മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. ഒരുപക്ഷെ അത് തിന്മയായി പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്. ഇത് അവനെ ഒരു പീഡകനാകാന്‍ പ്രേരിപ്പിച്ചേക്കാം! ചുരുക്കത്തില്‍, നന്മയുടെ പരിണിതഫലമായും തിന്മയുടെ പരിണിതഫലമായും പീഡിപ്പിക്കപ്പെടാം. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും. തെറ്റുചെയ്തിട്ട് അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്മചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍ അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്. ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു"(1 പത്രോ: 2; 19-21). നന്മചെയ്യുന്നതിലൂടെയും പീഡനം കടന്നുവരാനുള്ള സാധ്യതയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

ഈ വചനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്ന വലിയൊരു സത്യമുണ്ട്. എന്തെന്നാല്‍, നന്മചെയ്തതിലൂടെ പീഡിപ്പിക്കപ്പെടുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍, തങ്ങള്‍ സഹിക്കുന്ന പീഡനങ്ങളെപ്രതി മുറവിളികൂട്ടുകയില്ല! അങ്ങനെയെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന മുറവിളികള്‍, തിന്മചെയ്തതിലൂടെ മുറിവേറ്റവരുടെ ദീനരോദനങ്ങളായിരിക്കണം! അതെ എന്നതാണ് ശരിയായ ഉത്തരം. കാരണം, തങ്ങളുടെ വിളി തിരിച്ചറിഞ്ഞവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! ക്രിസ്തുവിനെ പ്രതിയോ അവിടുത്തെ നാമത്തെ പ്രതിയോ പീഡനമേറ്റിട്ടുള്ള കോടിക്കണക്കിനു മനുഷ്യര്‍ തങ്ങളുടെ ജീവിതം ധന്യമാക്കിയപ്പോള്‍, അവരിലാരും പരാതിയുമായി നീതിപീഠത്തെയോ അധികാരികളെയോ സമീപിച്ചിട്ടില്ല. അവരുടെ അവസ്ഥകള്‍ തിരിച്ചറിഞ്ഞ നല്ല ഇടയന്മാര്‍ ഉണ്ടായിരുന്ന കാലത്ത് തങ്ങളാലാകുന്ന പ്രതിരോധത്തിലൂടെ അവരെ സംരക്ഷിച്ചിട്ടുണ്ട് എന്നകാര്യം സത്യമാണ്. ഇന്നത്തെ ചില വീരന്മാര്‍ ആ പ്രതിരോധത്തെ 'കുരിശുയുദ്ധം' എന്നുവിളിച്ചു പരിഹസിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല! വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടി ആയിരുന്നില്ല 'കുരിശുയുദ്ധങ്ങള്‍' അരങ്ങേറിയത്; മറിച്ച്, സമൂഹത്തെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനുള്ള പൈശാചിക ശക്തികളുടെ നീക്കത്തെ പ്രതിരോധിക്കുകയും തകര്‍ക്കുകയുമായിരുന്നു. 'കുരിശുയുദ്ധങ്ങള്‍' നടത്താന്‍ അന്നത്തെ ഇടയന്മാരും അവരെ പിന്തുണയ്ക്കുന്ന മഹാന്മാരായ രാജാക്കന്മാരും തയ്യാറായതുകൊണ്ടു മാത്രമാണ് സിറിയയുടെ അവസ്ഥയില്‍ യൂറോപ്പ് എത്തിച്ചേരാതിരുന്നത്.

എന്നാല്‍, ക്രിസ്ത്യാനികള്‍ എന്നപേരില്‍ വ്യക്തിപരമായി ആരെങ്കിലും പീഡിപ്പിക്കപ്പെടുമ്പോള്‍, അതിനെ മഹത്വമായും ക്രിസ്തുവില്‍നിന്നുള്ള അടയാളമായും കാണാന്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിക്കു കഴിയും! ഈ വചനം നോക്കുക: "ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡ സഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട് അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ"(1 പത്രോ: 4; 16). ഒരു വെളിപ്പെടുത്തല്‍ക്കൂടി നമുക്കു പരിശോധിക്കാം: "ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവു നിങ്ങളില്‍ വസിക്കുന്നു"(1 പത്രോ: 4; 14). അതായത്, ഈ പീഡനങ്ങളെല്ലാം നമ്മെക്കുറിച്ചുതന്നെ പഠിക്കാനുള്ള പാഠങ്ങളാണ്! നമ്മില്‍ ദൈവാത്മാവ് വസിക്കുന്നതുമൂലമുള്ള പീഡനങ്ങളും, നാം തെറ്റുചെയ്തതിന്റെ പേരിലുള്ള പീഡനങ്ങളും വിവേചിച്ചറിയാന്‍ ഇതിലൂടെ നമുക്കു സാധിക്കും. പീഡനത്തിന്റെ കാരണം അന്വേഷിക്കുമ്പോള്‍ പ്രത്യേക കാരണങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, ആ പീഡനത്തിനുപിന്നില്‍ ഒരു വലിയ കാരണമുണ്ടെന്നു നാം മനസ്സിലാക്കണം. എന്തെന്നാല്‍, നാം ധരിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ നാമവും, നാം ഉള്ളില്‍ വഹിക്കുന്നത് അവിടുത്തെ ആത്മാവുമാണ്! ഇതാണ് അകാരണമായ പീഡനത്തിനുപിന്നിലെ 'കാരണം'! ഈ സത്യം വിളിച്ചോതുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ എതിരാളികളില്‍നിന്നുണ്ടാകുന്ന യാതൊന്നിനെയും ഭയപ്പെടേണ്ടാ. ദൈവത്തില്‍നിന്നുള്ള അടയാളമാണത് - അവര്‍ക്കു നാശത്തിന്റെയും നിങ്ങള്‍ക്കു രക്ഷയുടെയും"(ഫിലി: 1; 28).

ക്രിസ്തുവിന്റെ നാമം വഹിക്കുന്നവരില്‍ ആരെങ്കിലും പീഡിപ്പിക്കപ്പെട്ടാല്‍, പീഡകരുടെ ഭാവി ശുഭകരമായിരിക്കില്ല. നാശമാണ് അവരെ കാത്തിരിക്കുന്ന വിധി! എന്തെന്നാല്‍, അവിടുത്തെ നാമം ഒരു അഭിഷേകമാണ്; ഈ അഭിഷേകം പ്രാപിച്ചിട്ടുള്ള സകലരും അഭിഷിക്തരുമാണ്! ദൈവമായ യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരുപദ്രവവും ചെയ്യരുത് എന്ന് അവിടുന്ന് ആജ്ഞാപിച്ചു"(സങ്കീ: 105; 15). അവിടുത്തെ അഭിഷിക്ത ജനതയെ തൊട്ടവരെല്ലാം അതിന്റെ തിക്താനുഭവത്തിനു പാത്രമായിട്ടുണ്ട്.

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിട്ടിട്ടുള്ളതും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതും നാളെ നേരിടാനിരിക്കുന്നതുമായ പീഡനങ്ങളെ വിവേചിക്കേണ്ടതുണ്ട്. കാരണം, എല്ലാ പീഡനങ്ങളും ക്രിസ്തുവിന്റെ നാമം ധരിച്ചതുമൂലമോ അവിടുത്തെ ആത്മാവിനെ ഉള്ളില്‍ വഹിച്ചതുമൂലമോ അല്ല! ക്രിസ്തുവിന്റെ നാമം ധരിക്കാത്തതും, അവിടുത്തെ ആത്മാവിനെ ഉള്ളില്‍ വഹിക്കാത്തതും പീഡനത്തിനു കാരണമാകുന്നുണ്ട്. എന്തെന്നാല്‍, അവിടുത്തെ നാമം അറിയുകയും, ആ നാമത്തില്‍ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം എന്താണെന്നു നോക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും"(സങ്കീ: 91; 14, 15). ആത്മീയവും ഭൗതികവുമായ സംരക്ഷണങ്ങളെക്കുറിച്ചാണ് യാഹ്‌വെ അരുളിചെയ്തിരിക്കുന്നത്. മരണം എന്ന അനിവാര്യതയ്ക്കുശേഷവും സംരക്ഷിക്കപ്പെടുന്ന അവസ്ഥ ക്രിസ്തുവില്‍നിന്നു മാത്രം ലഭ്യമാകുന്ന ഒന്നാണ്. മരണം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍പോലും ആത്മാവിനെ സുരക്ഷിതമാക്കുന്ന വിധത്തില്‍ വിശ്വാസംകൊണ്ടു നിറയാനുള്ള ഭാഗ്യം ലഭിക്കുന്നത് അവിടുത്തെ നാമം അറിയുകയും ആ നാമത്തില്‍ മാത്രം വിളിച്ചപേക്ഷിക്കുകയും ആ നാമം ധരിക്കുകയും ചെയ്യുന്നവര്‍ക്കാണ്! അങ്ങനെയുള്ള ഒരുവന്റെ മരണം ഒരു പരാജയമായിരിക്കില്ല എന്നതാണ് ക്രിസ്തുവില്‍ നമുക്കുള്ള ഉറപ്പ്!

ഇന്ത്യയിലെ ക്രൈസ്തവരും ക്രിസ്തീയതയും പീഡിപ്പിക്കപ്പെടുന്നത് ക്രിസ്തുവിന്റെ നാമം ധരിക്കുകയും അവിടുത്തെ നാമം പ്രഘോഷിക്കുകയും ചെയ്തതുകൊണ്ടാണോ  എന്നകാര്യത്തില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമായിരിക്കുന്നു. ക്രിസ്തുവിന്റെ നാമം ധരിച്ചതുമൂലവും അവിടുത്തെ നാമം പ്രഘോഷിച്ചതുമൂലവും പീഡിപ്പിക്കപ്പെട്ട അനേകര്‍ ഇന്ത്യയിലുണ്ട്. ക്രിസ്തുവിന്റെ നാമത്തെപ്രതി വധിക്കപ്പെട്ടവരും അനേകരാണ്. അപ്പസ്തോലനായ തോമാ മുതല്‍ അനേകം ക്രൈസ്തവരുടെ രക്തംവീണ മണ്ണാണ് ഇന്ത്യയുടേത്! ഇന്നത്തെ ഇന്ത്യയെ ഇത്രയുമെങ്കിലും എത്തിച്ചത് ക്രിസ്ത്യന്‍ മിഷനറിമാരാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട് അവരെ ദുഷിക്കുന്ന നന്ദികെട്ട ജനതയാണ് ഇന്ത്യയില്‍ വസിക്കുന്നതെന്ന് നമുക്കറിയാം. ക്രിസ്ത്യാനികള്‍ നല്‍കിയ സേവനങ്ങള്‍ക്ക് പുതിയ പിതൃത്വം കല്പിച്ചു നല്‍കിക്കൊണ്ടിരിക്കുന്ന ഭോഷന്മാരെയും നമ്മള്‍ ഇവിടെ കാണുന്നു! ഇന്ത്യയില്‍ ഉടലെടുക്കുകയും ശക്തിപ്രാപിക്കുകയും ചെയ്ത പൈശാചിക മതത്തിന്റെയും അതില്‍നിന്നു പഠിച്ച സംസ്ക്കാരത്തിന്റെയും തനിനിറമാണ് ഇതിലൂടെ വെളിപ്പെടുന്നത്. വിഷയത്തിലേക്കുതന്നെ മടങ്ങിവരാം.

ക്രിസ്തീയതയോ ക്രിസ്ത്യാനികളോ ഇന്ന് ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നത് അകാരണമായാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഉപശീര്‍ഷകത്തിനു കീഴില്‍ നാം പരിശോധിക്കുന്നത്. ക്രിസ്ത്യാനികള്‍ അകാരണമായി പീഡിപ്പിക്കപ്പെടുന്നതിനും ഒരു കാരണമുണ്ടെന്നു നാം കണ്ടു. ക്രിസ്തുവിന്റെ നാമം വഹിക്കുന്നു എന്ന നിരുപദ്രവകരമായ കാരണമാണ് അതെന്നും നാം മനസ്സിലാക്കി. അപ്പസ്തോലനായ തോമായും ഗ്രഹാം സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളും വധിക്കപ്പെട്ടത് ഇതേ കാരണംകൊണ്ടാണ്! അനേകം സുവിശേഷകരുടെ രക്തം വീണ് ഇന്ത്യയുടെ മണ്ണ് കുതിര്‍ന്നതും ഇതേ കാരണത്താല്‍ത്തന്നെ! അപ്പോഴൊക്കെ അടവുനയം സ്വീകരിച്ച ചില ക്രൈസ്തവനാമധാരികള്‍ ഇന്ന് മാറത്തടിയും നിലവിളിയുമായി ഇറങ്ങിയിട്ടുണ്ട്. തങ്ങള്‍ ഇന്ന് പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ഇവരുടെ വിലാപം. എന്നാല്‍, ഇവര്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ കാരണം മറ്റൊന്നാണ്. ക്രിസ്തുവിന്റെ നാമം പ്രഘോഷിച്ചതുകൊണ്ടോ അവിടുത്തെ നാമം ധരിച്ചിരിക്കുന്നതുകൊണ്ടോ അല്ല ഇവര്‍ പീഡിപ്പിക്കപ്പെടുന്നത്. പീഡകരുടെ പലതും മോഷ്ടിച്ചു സ്വന്തമാക്കിയതു മൂലമാണ് ഇവരിന്നു പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ലഭിച്ച അവസരങ്ങളൊന്നും വേണ്ടവിധം ഉപയോഗിക്കാതെ, 'സെക്കുലറിസം' എന്ന പൈശാചികതയുടെ വക്താക്കളായി നിലകൊണ്ട ഇവര്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍, അത് പാമ്പാട്ടിക്ക് ഏറ്റ സര്‍പ്പദംശനമായി കാണാനാണ് മനോവയ്ക്കിഷ്ടം! സുവിശേഷം പ്രഘോഷിക്കാന്‍ ലഭിച്ച അവസരങ്ങളില്‍ സ്ഥാവരജംഗമ വസ്തുക്കള്‍ സ്വരുക്കൂട്ടാനായി ഇവര്‍ സമയം കണ്ടെത്തി. അതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിശ്വാസപ്രമാണങ്ങളില്‍ മായംചേര്‍ത്ത് ക്രിസ്തീയതയെ മലിനപ്പെടുത്തുകയും ചെയ്തു! സത്യദൈവത്തെ ഏതു വിഗ്രഹങ്ങള്‍ക്കൊപ്പവും സമനാക്കാന്‍ ഇവര്‍ മടിച്ചില്ല! ഇന്ത്യയിലെ പൈശാചികതയ്ക്ക് ആഗോളതലത്തില്‍ മാന്യതയുണ്ടാക്കിക്കൊടുക്കാന്‍ ഇവര്‍ മത്സരിച്ചു! ക്രിസ്തീയതയ്ക്ക് സ്വന്തമായ സംസ്ക്കാരവും ആചാരങ്ങളും ഇല്ലെന്ന തരത്തില്‍, പൈശാചിക സംസ്ക്കാരം ക്രിസ്തീയതയ്ക്കുവേണ്ടി ഇവര്‍ കടമെടുത്തു! ഏതു സര്‍പ്പത്തെ ഇവര്‍ പാലൂട്ടി വളര്‍ത്തിയോ, ആ സര്‍പ്പത്തിന്റെ ദംശനമാണ് ഇന്നിവര്‍ക്ക് ഏറ്റിരിക്കുന്നത്! 

ഇന്ത്യയിലെ ക്രൈസ്തവരും ക്രൈസ്തവനാമധാരികളും പീഡിപ്പിക്കപ്പെടുന്നത് സംഘപരിവാരങ്ങളാലാണ്! എന്നാല്‍, യഥാര്‍ത്ഥ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന കാരണത്താലല്ല ക്രൈസ്തവ നാമധാരികള്‍ പീഡിപ്പിക്കപ്പെടുന്നത്. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് ക്രിസ്തുവിന്റെ നാമം ധരിച്ചിരിക്കുന്നു എന്ന നിരുപദ്രവകരമായ കാരണംകൊണ്ടാണെന്നു നാം കണ്ടു. ഇതില്‍നിന്ന്‍ ഏതുതരത്തിലുള്ള വ്യത്യാസമാണ് നാമമാത്ര ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനത്തിന്റെ കാരണങ്ങള്‍ക്കുള്ളതെന്നു നോക്കാം. ഒരുപക്ഷെ മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള മേഖലയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. എന്നിരുന്നാലും, വായനക്കാര്‍ക്ക് ഗ്രഹിക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ മനോവ ശ്രമിക്കാം.

അവസരം നിഷേധിക്കപ്പെട്ട ആത്മാക്കളുടെ നിലവിളി!

രക്ഷയ്ക്കായുള്ള ഏക മാര്‍ഗ്ഗം തുറന്നുകിട്ടാത്തതിന്റെ പേരില്‍ നിലവിളിക്കുന്ന ആത്മാക്കള്‍ ഇന്ത്യയിലുണ്ട്. അങ്ങനെയുള്ള ആത്മാക്കള്‍ തങ്ങളുടെ ഭൗതികശരീരത്തെ അക്രമത്തിനു പ്രേരിപ്പിക്കുന്നു! ഇത് അവസാന മണിക്കൂറാണ് എന്ന യാഥാര്‍ത്ഥ്യം ആത്മാക്കള്‍ക്കറിയാം. എന്നാല്‍, സത്യം മനസ്സിലാക്കി രക്ഷപ്രാപിക്കാനുള്ള മാര്‍ഗ്ഗം അന്വേഷിക്കാന്‍ തങ്ങളുടെ ശരീരവും മനസ്സും സന്നദ്ധമാകുന്നില്ല! മനസ്സ് സത്യം ഗ്രഹിച്ചാല്‍ മാത്രമേ മാനസ്സാന്തരം സാദ്ധ്യമാകുകയുള്ളു. മനസ്സിനെ അറിയിക്കാന്‍ അയയ്ക്കപ്പെട്ടവരാകട്ടെ, വിവരക്കേടുകളുടെ പ്രചാരകരായി അധഃപതനത്തിന്റെ പാതയിലുമാണ്. ഇവിടെ ഒരു വചനം അനിവാര്യമായിരിക്കുന്നു. ആ വചനം ഇതാണ്: "ആകയാല്‍, വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമ: 10; 17). പൗലോസ് അപ്പസ്തോലന്‍തന്നെ കുറിച്ചിരിക്കുന്ന മറ്റൊരു സന്ദേശം ശ്രദ്ധിക്കുക: "എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും?"(റോമാ: 10; 14, 15).

ഇത് ഇന്ത്യയിലെ കോടാനുകോടി മനുഷ്യാത്മാക്കളുടെ വിലാപമാണ്‌! ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്ത്യാനിയും. ഇവിടെ നാം വായിച്ച സന്ദേശത്തിലെ അവസാന വാചകം ശ്രദ്ധിക്കുക. അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും എന്ന ചോദ്യമാണ് ആത്മഗതമെന്നോണം അപ്പസ്തോലന്‍ കുറിച്ചിരിക്കുന്നത്. യേഹ്ശുവായില്‍ വിശ്വസിച്ച് ക്രിസ്ത്യാനിയാകുന്ന ഓരോരുത്തരും അയയ്ക്കപ്പെട്ടവരാണ്. വിശ്വസിക്കുന്നവരോടുകൂടെ ഉണ്ടായിരിക്കുമെന്ന് യേഹ്ശുവാ പറഞ്ഞ അടയാളങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. ഓരോ ക്രിസ്ത്യാനിയെയും ഏല്പിച്ചിരിക്കുന്ന വ്യക്തിപരമായ ഉത്തരവാദിത്വം എന്താണെന്നു നോക്കുക: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും. അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 15-18).

സുവിശേഷം പ്രസംഗിക്കാന്‍ ക്രിസ്ത്യാനികള്‍ക്കുള്ള വ്യക്തിപരമായ ഉത്തരവാദിത്തമാണ് ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഓരോ ക്രിസ്ത്യാനിക്കും ലഭിച്ചിരിക്കുന്നത് സൗജന്യരക്ഷയാണ്. ദാനമായി ലഭിച്ച ഈ രക്ഷ, സ്വന്തമായി സൂക്ഷിക്കാന്‍ മാത്രമുള്ളതല്ല. വചനം ഇപ്രകാരം അറിയിക്കുന്നു:  "ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍"(മത്താ: 10; 8). ഈ കൊടുക്കല്‍ നടക്കാത്തതാണ് ഇന്ത്യയില്‍ സംഭവിച്ച ദുരന്തം! ദാനമായി സ്വീകരിച്ചവരെല്ലാം അത് സ്വന്തമായി കരുതി സൂക്ഷിച്ചു. അപ്പസ്തോലനായ തോമായില്‍നിന്നു സ്നാനം സ്വീകരിച്ച ഒരുവന്‍പോലും ഈ ദാനം മറ്റുള്ളവരിലേക്കു പകര്‍ന്നുകൊടുത്തില്ല. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും വരുന്നതുവരെ, നീണ്ട പതിനാറ് നൂറ്റാണ്ടുകള്‍ ആത്മീയമായി ഇന്ത്യ കടുത്ത വരള്‍ച്ചയിലായിരുന്നു! സുവിശേഷം പ്രസംഗിക്കാനും ക്രിസ്തുവിന്റെ രക്ഷ അറിയിക്കാനും തയ്യാറായ പോര്‍ച്ചുഗീസുകാരെ ഇന്ത്യയില്‍നിന്ന് ആട്ടിയോടിക്കാന്‍ പൈശാചിക ശക്തികളോടൊപ്പം അണിചേര്‍ന്നത് മാര്‍ത്തോമാ ക്രിസ്ത്യാനികളെന്നു സ്വയം ഞെളിയുന്ന മാടമ്പിമാരാണ്! സുവിശേഷ പ്രസംഗങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കു സ്വീകരിച്ച പോര്‍ച്ചുഗീസുകാരെ 'പറങ്കികള്‍' എന്ന് ആക്ഷേപിച്ചവരാണ് അന്നും ഇന്നും ഇന്ത്യയിലെ ക്രിസ്തീയതയുടെ ശത്രുക്കള്‍! സുവിശേഷം പ്രസംഗിക്കാന്‍ പ്രസംഗകരില്ലാത്ത അവസ്ഥ ഇവര്‍ സൃഷ്ടിച്ചു!

ഇന്ത്യയില്‍ സുവിശേഷം പ്രചരിപ്പിക്കാന്‍ വിളിക്കപ്പെട്ട മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ അതിനു തയ്യാറായില്ലെന്നു മാത്രമല്ല, സുവിശേഷം പ്രചരിപ്പിക്കാന്‍ കടന്നുവന്ന വിശുദ്ധരെ തടയുകയും ആട്ടിപ്പുറത്താക്കുകയും ചെയ്തു. ഇന്നും ഇവര്‍ പിന്തുടരുന്നത് ആ ശൈലിതന്നെയാണ്. മാര്‍ത്തോമാ സുറിയാനികളെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ മനോവ തയ്യാറല്ല. പോര്‍ച്ചുഗീസുകാരെ നാടുകടത്തിയത് സുറിയാനികളുടെ ഒത്താശയോടെയായിരുന്നുവെങ്കിലും, ആ മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി ഇന്ത്യയില്‍ ഉടലെടുത്ത ലത്തീന്‍ സമൂഹവും സുവിശേഷം പ്രചരിപ്പിക്കാന്‍ തയ്യാറായില്ല എന്നതാണ് വാസ്തവം. പൈശാചികത അനുകരിക്കുന്ന കാര്യത്തില്‍ സുറിയാനികളുമായി മത്സരിക്കുന്ന കാഴ്ചയാണ് അന്നുമുതല്‍ ഇന്നുവരെ കണ്ടുകൊണ്ടിരിക്കുന്നത്. പടിയിറക്കപ്പെട്ട 'സ്റ്റാന്‍ലി റോമന്‍' എന്ന മെത്രാന്റെ സാന്നിദ്ധ്യത്തില്‍ നടന്ന അഭിസാരിക നൃത്തം മലയാളികളില്‍ പലരും കണ്ടതാണല്ലോ!

കേരളത്തില്‍ കരിസ്മാറ്റിക് മുന്നേറ്റം ശക്തിപ്രാപിച്ചതിലൂടെ സുവിശേഷം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത ക്രിസ്ത്യാനികള്‍ മനസ്സിലാക്കി. ഈ തിരിച്ചറിവു ലഭിച്ചവര്‍ സുവിശേഷം പ്രചരിപ്പിക്കാന്‍ തയ്യാറായി. എന്നാല്‍, ഈ മുന്നേറ്റത്തെ തടഞ്ഞുകൊണ്ട് കത്തോലിക്കാസഭയിലെ റീത്തുഭേദമന്യേ ആചാര്യന്മാര്‍ രംഗത്തിറങ്ങി. കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ നിയന്ത്രണം ഇവര്‍ ഏറ്റെടുക്കുകയും വചനവിരോധികളായ മെത്രാന്മാരെ ഈ പ്രസ്ഥാനത്തിന്റെ തലവന്മാരായി നിയോഗിക്കുകയും ചെയ്തു! കരിസ്മാറ്റിക് പ്രസ്ഥാനത്തെ തകര്‍ത്തുതരിപ്പണം ആക്കിയത് ഇങ്ങനെയാണ്. ഇന്ന് പരിശുദ്ധാത്മാവില്ലാത്ത ഒരു സംഘടനയായി കരിസ്മാറ്റിക് പ്രസ്ഥാനം അധഃപതിച്ചു!

പ്രസംഗിക്കാന്‍ ആളില്ലാത്തതുമൂലം സുവിശേഷം നിഷേധിക്കപ്പെട്ട ഒരു ജനതയായി ഇന്ത്യന്‍ജനത മാറിയെങ്കില്‍, അതിന്റെ ഉത്തരവാദികള്‍ ആരാണെന്ന ആത്മപരിശോധനയ്ക്കും സ്വയം വിമര്‍ശനത്തിനും ക്രിസ്ത്യാനികള്‍ തയ്യാറാകണം. 'പാഗണ്‍' സംസ്ക്കാരത്തിന്റെ കരാളഹസ്തങ്ങളില്‍ ഞെരുക്കപ്പെട്ട ഇന്ത്യന്‍ ജനതയെ ശ്രേഷ്ഠമായ ക്രിസ്ത്യന്‍ സംസ്ക്കാരത്തിലേക്ക് ആനയിക്കേണ്ടതിനു പകരം, ഇന്ത്യയിലെ പൈശാചികതയെ ആശ്ലേഷിക്കുന്ന മൂഢന്മാരുടെ തലത്തിലേക്ക് ക്രൈസ്തവ ആചാര്യന്മാര്‍ അധഃപതിച്ചു! ഇവരാണ് ഇന്ന് വിലാപവും പല്ലുകടിയുമായി ഇറങ്ങിയിരിക്കുന്നത്. ഇവര്‍ തോളിലേറ്റിയ പൈശാചിക സംസ്ക്കാരം ഇന്ന് ഇവരെ തിരിഞ്ഞുകടിക്കുന്നു! അര്‍ഹിക്കുന്ന പ്രതിഫലമായി മാത്രം ഇതിനെ കണ്ടാല്‍മതി. എന്തെന്നാല്‍, പാപംചെയ്യാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കൊണ്ടുതന്നെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും എന്നത് ദൈവീകനീതിയാണ്! ഈ വചനം ശ്രദ്ധിക്കുക: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16). ഇന്ത്യയിലെ ക്രൈസ്തവ ആചാര്യന്മാരിലൂടെ കടന്നുകൂടിയ അനേകം പാപങ്ങളില്‍ ഏറ്റവും ഗുരുതരമായത് പൈശാചിക മതങ്ങളെ അനുകരിച്ചതാണ്‌.

സാംസ്ക്കാരിക അനുരൂപണത്തിലൂടെ പൈശാചിക മതങ്ങളുടെ ആചാരങ്ങള്‍ 'ക്രിസ്ത്യാനികള്‍' ഏറ്റെടുത്തപ്പോള്‍, വിജാതിയതയും ക്രിസ്തീയതയും തമ്മില്‍ ബാഹ്യദൃഷ്ടിയില്‍ അന്തരമില്ലാതായി. ഇന്ത്യയിലെ പാഗണ്‍ മതങ്ങളില്‍നിന്നു വേറിട്ട മഹത്വമൊന്നും ക്രിസ്തീയതയില്‍ ദര്‍ശിക്കാന്‍ ആര്‍ക്കും കഴിയാത്തതുകൊണ്ടുതന്നെ, നിത്യജീവന്റെ മാര്‍ഗ്ഗത്തിലേക്ക് കടന്നുവരേണ്ടതിന്റെ അനിവാര്യത ആരും ഗ്രഹിച്ചില്ല. ആത്മരക്ഷയുടെ മാര്‍ഗ്ഗമാണ് ഇവിടെ കൊട്ടിയടയ്ക്കപ്പെട്ടത്.

വിശ്വാസം കേള്‍വിയിലൂടെ എന്ന് തുടങ്ങുന്ന ബൈബിള്‍ സന്ദേശം ഒരിക്കല്‍ക്കൂടി ഇവിടെ പരിഗണിക്കുകയാണ്. ആത്മാവും ശരീരവും മനസ്സും ചേരുന്നതാണ് മനുഷ്യന്‍ എന്ന് നാം പഠിച്ചിട്ടുണ്ട്. ഒരു വ്യക്തിയിലേക്ക് വിശ്വാസം കടന്നുവരുന്നത് കേള്‍വിയില്‍നിന്നാണെന്നു ബൈബിളില്‍നിന്നു വ്യക്തമാകുകയും ചെയ്തു. പ്രഘോഷിക്കപ്പെടുന്നത് കേള്‍ക്കുകയും, കേള്‍ക്കുന്നത് വിശ്വാസയോഗ്യവും ആകുമ്പോഴാണ് സ്വീകാര്യതയുണ്ടാകുന്നത്. ഈ സ്വീകാര്യത തന്നെയാണ് ഒരു വ്യക്തിയുടെ വിശ്വാസം. അതായത്, ആത്മാവും ശരീരവും മനസ്സും ചേര്‍ന്നിരിക്കുന്ന ഒരു വ്യക്തിയുടെ വിശ്വാസം രൂപീകരിക്കപ്പെടാന്‍ ആദ്യമായി വേണ്ടത് അവന്റെ മനസ്സും സന്നദ്ധമാകുക എന്നതാണ്. ഈ മനസ്സിന്റെ ആജ്ഞാനുവര്‍ത്തിയായ ശരീരത്തെ അതിനായി സജ്ജമാക്കുന്നതും മനസ്സുതന്നെയാണ്. അതായത്, മനസ്സിന്റെ ആജ്ഞയനുസരിച്ചാണ് ശരീരം പ്രവര്‍ത്തിക്കുന്നത്. ശരീരത്തിലെ അവയവമായ ചെവിയിലൂടെ കേള്‍ക്കുന്നവ മനസ്സിനു സ്വീകാര്യമാകുന്നുവെങ്കില്‍ വിശ്വാസവും മാനസ്സാന്തരവും അവിടെ സംഭവിക്കുന്നു. നിത്യരക്ഷയ്ക്ക് കാരണമാകുന്ന വിശ്വാസത്തിലേക്കും, ഈ വിശ്വാസത്തിനു യോജിച്ച മാനസ്സാന്തരത്തിലേക്കുമാണ് കേള്‍വി ഒരുവനെ കൊണ്ടുചെന്നെത്തിക്കുന്നതെങ്കില്‍, ഇതിന്റെയെല്ലാം ഗുണഭോക്താവായി മാറുന്നത് ആത്മാവാണ്!

ശരീരവും ആത്മാവും മനസ്സുമായി ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ മുഴുവന്‍ പ്രവര്‍ത്തികളെയും നിയന്ത്രിക്കുന്നത് മനസ്സ് മാത്രമാണെന്ന് നാം അറിയണം. ശരീരത്തിനോ ആത്മാവിനോ സ്വതന്ത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇക്കാരണത്താലാണ്, ഒരു വ്യക്തിയുടെ മാനസ്സാന്തരം എന്നത് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്നത്. ശരീരം ചെയ്യുന്ന ഏതൊരു പാപത്തിനും ആജ്ഞ നല്‍കുന്നത് മനസ്സാണെങ്കിലും, ആ പാപത്തിന്റെ പരിണിതഫലമായ ശിക്ഷ ഏറ്റുവാങ്ങുന്നത് ആത്മാവും ശരീരവുമാണ്. ശരീരം എങ്ങനെയാണ് ശിക്ഷിക്കപ്പെടുന്നത് എന്ന ചോദ്യം ആരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍, ആ ചോദ്യത്തിനുള്ള ഉത്തരം നല്‍കാം.

മദ്യപാനം ഒരു മാനസ്സീകരോഗമാണെന്നു വൈദ്യശാസ്ത്രം പറയുന്നു. ഒരു വ്യക്തി മദ്യപിക്കുന്നത് മനസ്സിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും. മനസ്സിന്റെ താത്പര്യപ്രകാരം മദ്യപിക്കാനുള്ള നിര്‍ദ്ദേശം ശരീരത്തിനു നല്‍കുമ്പോള്‍, ശരീരം ഒരു അടിമയെപ്പോലെ മനസ്സിന്റെ ആജ്ഞ അനുസരിക്കുന്നു. മദ്യപന്‍ (മദ്യത്തിന് അടിമയായവന്‍) സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ല എന്നത് വചനസത്യമാണ്. സ്വര്‍ഗ്ഗരാജ്യം നിഷേധിക്കപ്പെട്ടാല്‍ അത് ബാധിക്കുന്നത് ആത്മാവിനെ മാത്രമാണെന്നു നമുക്കറിയാം. എന്നാല്‍, മദ്യപാനം മൂലമുള്ള രോഗം ബാധിക്കുന്നത് ശരീരത്തെയാണ്! അതായത്, ഏതൊരു പ്രവര്‍ത്തിയുടെയും പരിണിതഫലം അനുഭവിക്കുന്നത് ശരീരവും ആത്മാവുമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. മനസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കാന്‍ ശരീരത്തിനു സാധിക്കാത്തതുകൊണ്ടുതന്നെ, പാപംമൂലമുള്ള രോഗവും മരണവും ശരീരം അനുഭവിക്കുകയും, പാപത്തിന്റെ ശിക്ഷയായ നിത്യനരകാഗ്നി ആത്മാവിനു വിധിക്കപ്പെടുകയും ചെയ്യുന്നു!

ദൈവത്തില്‍ വിശ്വസിക്കണമോ എന്ന് തീരുമാനിക്കുന്നത് മനസ്സിന്റെ വിവേചനാധികാരമാണ്. സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവകാശം മനസ്സിന്റേതു മാത്രമുള്ളതാണെങ്കിലും, ശിക്ഷ അനുഭവിക്കുന്നത് ആത്മാവും മനസ്സും ശരീരവും ചേരുന്ന വ്യക്തിയായിരിക്കും. മനസ്സ് എടുക്കുന്ന തീരുമാനം ശരീരത്തെയും ആത്മാവിനെയും മാത്രമല്ല, മനസ്സിനെയും ബാധിക്കുന്ന ചില ഘട്ടങ്ങളുണ്ട്. മനസ്സ് എടുക്കുന്ന തെറ്റായ തീരുമാനങ്ങളുടെ പരിണിതഫലമായി, മാനസീക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാറുണ്ട്. മനസ്സിനു വിഷമം ഉണ്ടാക്കുന്ന പല കാര്യങ്ങളും മനസ്സിന്റെതന്നെ സംഭാവനയാണ്. എന്നാല്‍, മനസ്സ് അറിയാത്ത പല കാര്യങ്ങളും മനസ്സിനെ ബാധിക്കാറുണ്ട്. ഇഷ്ടപ്പെട്ടവരുടെ വേര്‍പാടിലൂടെ ഉണ്ടാകുന്ന മനോവേദനയെ ഇക്കൂട്ടത്തില്‍പ്പെടുത്താം.

മനുഷ്യന്റെ മനസ്സ് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, അത് ദൃഷ്ടിഗോചരമല്ല. അത് ശരീരത്തില്‍ എവിടെയാണെന്നു ചോദിച്ചാല്‍, തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ഉത്തരമേ നല്‍കാന്‍ കഴിയുകയുള്ളു. കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും പോലെയാണ് മനസ്സും ശരീരവും ബന്ധപ്പെട്ടിരിക്കുന്നത്. ഒന്ന് ദൃഷ്ടിഗോചരമാണ് മറ്റൊന്ന് ദൃഷ്ടിഗോചരമല്ല! ആത്മീയ മനുഷ്യന്റെ ശരീരവും മനസ്സും ആത്മാവും പരസ്പരം സഹവര്‍ത്തിത്വം പുലര്‍ത്തുന്നുവെങ്കില്‍, ലൗകിക മനുഷ്യന്റെ മനസ്സ് ലോകത്തിന് അനുരൂപമായി ചിന്തിക്കുന്നു. അതിനാല്‍, ആത്മാവിന്റെ ദാഹം പരിഗണിക്കാതെ, ശരീരത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ദൈവത്തിന്റെ മനസ്സും ശരീരവും ആത്മാവും തമ്മില്‍ ഗാഢബന്ധം പുലര്‍ത്തുന്നു. അതുതന്നെയാണ് ത്രിത്വത്തിന്റെ രഹസ്യം! മനസ്സും ശരീരവും തമ്മിലുള്ള ബന്ധമാണ് യാഹ്‌വെ-യേഹ്ശുവാ ബന്ധം! വചനം ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്"(യോഹ: 1; 18). മനസ്സിനു രൂപമില്ലാത്തപോലെ, പിതാവായ ദൈവമെന്നു നാം വിളിക്കുന്ന സത്യദൈവത്തിന്റെ മനസ്സിനും രൂപമില്ല. ആ തിരുമനസ്സിന്റെ തിരുസ്വരൂപമാണ് യേഹ്ശുവാ! ദൈവത്തിന് അനുരൂപരായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥ ആത്മീയ മനുഷ്യര്‍! മനസ്സും ശരീരവും ആത്മാവും എത്രത്തോളം ദൃഢമായ ബന്ധത്തിലായിരിക്കുന്നു എന്നതിനെ മാനദണ്ഡമാക്കിയാണ് ഒരുവനിലെ ആത്മീയതയുടെ ഔന്നത്യം മനസ്സിലാക്കുന്നത്. ഇത്രയും കുറിച്ചുകൊണ്ട് കാതലായ വിഷയത്തിലേക്കു കടക്കുന്നു!

അവസരം നിഷേധിക്കപ്പെട്ട ആത്മാക്കളുടെ നിലവിളിയെക്കുറിച്ചാണ് ഈ ഉപശീര്‍ഷകത്തില്‍ നാം ചര്‍ച്ചചെയ്യുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയില്‍നിന്ന് ആത്മാക്കളുടെ വിലാപങ്ങള്‍ ഉയരുന്നത്? ഇന്ത്യയിലെ പാഗണ്‍ സമൂഹത്തിന്റെ മനസ്സുകളില്‍ മാനസ്സാന്തരത്തിന്റെ വിത്തുപാകാനുള്ള അറിവ് പകര്‍ന്നുകൊടുക്കാന്‍ നിയുക്തരായവര്‍ അതിനു തയ്യാറായില്ല. മനസ്സുകളെ അറിവിനാല്‍ സ്വാധീനിക്കുമ്പോഴാണ്‌ മാനസ്സാന്തരങ്ങള്‍ സംഭവിക്കുന്നത്. ഈ മാനസ്സാന്തരത്തില്‍നിന്ന്‍ മതപരിവര്‍ത്തനവും ആത്മരക്ഷയും സാധ്യമാകുന്നു. പ്രഘോഷകര്‍ ഇല്ലാത്തതുകൊണ്ട് കേള്‍ക്കാനുള്ള അവസരം ലഭിക്കാതിരിക്കുകയും, കേള്‍വിയിലൂടെ സംലഭ്യമാകുന്ന വിശ്വാസം തടയപ്പെടുകയും ചെയ്തു! ഇതിലൂടെ ആത്മാക്കളുടെ അവകാശമായ നിത്യരക്ഷ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ആത്യന്തികമായി സൃഷ്ടിക്കപ്പെട്ടത്! ഇന്ത്യയിലെ കോടാനുകോടി ആത്മാക്കളുടെ വിലാപത്തിന് കാരണവും ഇതുതന്നെ! അതായത്, ഇന്ത്യയിലെ ക്രൈസ്തവരിലെ ഒരു വിഭാഗം പീഡിപ്പിക്കപ്പെടുന്നത് അകാരണമായിട്ടാണെങ്കില്‍, മറ്റൊരു പ്രധാന വിഭാഗം പീഡിപ്പിക്കപ്പെടുന്നത് വ്യക്തമായ കാരണങ്ങളാലാണ്! കാരണങ്ങളുടെ പിന്‍ബലത്തില്‍ പീഡിപ്പിക്കപ്പെടുന്ന വിഭാഗം, സാങ്കേതികമായി മാത്രം ക്രൈസ്തവരുടെ പട്ടികയില്‍ എണ്ണപ്പെടുന്നവരാണെന്ന തിരിച്ചറിവും നമുക്കുണ്ടായിരിക്കണം. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ക്രൈസ്തവ സമൂഹങ്ങള്‍ വന്നുപെട്ട ഇവരാണ് യാതാര്‍ത്ഥ ക്രിസ്ത്യാനികളുടെ ദുരന്തം!

ഇന്ത്യന്‍ജനതയുടെ ആത്മാക്കളെ ഏതെല്ലാം തരത്തിലാണ് 'ക്രൈസ്തവസംഘികള്‍' വഞ്ചിച്ചതെന്നുകൂടി പരിശോധിക്കാം. എല്ലാ മതങ്ങളിലും രക്ഷയുണ്ട് എന്ന അപകടകരമായ നുണ പറഞ്ഞതിലൂടെ കത്തോലിക്കാസഭയിലെയും മറ്റിതര അപ്പസ്തോലിക സഭകളിലെയും ആചാര്യന്മാര്‍ ഇന്ത്യന്‍ജനതയുടെ മനസ്സുകളെ അബദ്ധത്തില്‍ കെട്ടിയിട്ടു. സത്യവചനം പ്രസംഗിക്കാത്തതിനേക്കാള്‍ അപകടകരമായത് ഇവര്‍ അസത്യം പ്രഘോഷിച്ചു എന്നതാണ്. ഇന്ത്യന്‍ജനതയുടെ ആത്മാക്കള്‍ ഉയര്‍ത്തിയ വിലാപം ദൈവത്തിന്റെ കാതുകളില്‍ എത്തിയതിന്റെ അടയാളമാണ് ഇന്നു നാം കാണുന്നത്. വിലപിക്കുന്ന ആത്മാക്കളെ വഹിക്കുന്ന ശരീരത്തോട്, അതിന്റെ നിയന്താവായ മനസ്സു നല്‍കിയ ആജ്ഞയുടെ പ്രതിഫലനമാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍! അതായത്, എല്ലാ പീഡനങ്ങളും ക്രിസ്തുവിന്റെ നാമം വഹിച്ചതുകൊണ്ടുള്ളതല്ല. ക്രിസ്തുവിന്റെ നാമം വഹിച്ചതുകൊണ്ടുള്ള പീഡനവും, ക്രിസ്തുവിനെ പ്രഘോഷിക്കാത്തതിന്റെ പേരില്‍ അനുഭവിക്കുന്ന പീഡനവും തമ്മില്‍ വിവേചിക്കാന്‍ നമുക്കു കഴിയണം!

ഹിന്ദുമതമായി രൂപാന്തരപ്പെട്ട ഇന്ത്യയിലെ പാഗണ്‍ സമൂഹങ്ങള്‍ ഇപ്പോഴും ക്രൈസ്തവ ആചാര്യന്മാരാല്‍ വഞ്ചിക്കപ്പെട്ടുകൊണ്ടാണിരിക്കുന്നത്. ഹിന്ദുമതവുമായി യാതൊരു വ്യത്യാസവുമില്ലാത്ത വിധത്തില്‍ തങ്ങളുടെ ആരാധനാരീതികള്‍ ചിട്ടപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ വഞ്ചിക്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകയില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടുള്ള വഞ്ചനയാണ് മറ്റൊന്ന്. ഹിന്ദുത്വമാണ് ശ്രേഷ്ഠമെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് 'ളോഹയണിഞ്ഞ' ക്രൈസ്തവ നാമധാരികള്‍ അവരുടെ ആചാരങ്ങള്‍ മോഷ്ടിക്കുന്നത്! ക്രിസ്തീയതയിലെ ശാപങ്ങളായ ഇവര്‍ക്ക് ഊര്‍ജ്ജം പകരുന്ന വിധത്തില്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചിക പ്രബോധനങ്ങള്‍ക്കൂടി എത്തിയതോടെ ഇവരുടെ നാശം പൂര്‍ണ്ണമായി!

ആത്മാക്കളുടെ നിത്യരക്ഷയ്ക്ക് അനിവാര്യമായ മാര്‍ഗ്ഗത്തെ സമൂഹമദ്ധ്യത്തില്‍ ദുഷിപ്പിക്കുക എന്ന പൈശാചിക അജണ്ടയുടെ നടത്തിപ്പുകാരായി ഇന്ത്യയിലെ ക്രൈസ്തവ ആചാര്യന്മാര്‍ വര്‍ത്തിച്ചതുകൊണ്ടാണ് ക്രിസ്തീയത ഇവിടെ വളരാതെപോയത്. ഇതിലൂടെ നഷ്ടം സംഭവിച്ചവരുടെ സമൂഹം ഇന്ന് ഹിന്ദുമതമായി രൂപപ്പെട്ടു. പരിപൂര്‍ണ്ണ പൈശാചികതയുടെ പ്രതീകമായ ഇവര്‍ തങ്ങളുടെ ദേവീ-ദേവന്മാരെ ആരാധിക്കാനായി ചിട്ടപ്പെടുത്തിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും യാതൊരു ഉളുപ്പുമില്ലാതെ ഏറ്റെടുത്തിരിക്കുന്ന നപുംസകങ്ങളാണ് ഇന്ന് ഹിന്ദുക്കളാല്‍ ആക്രമിക്കപ്പെടുന്നത്. സുവിശേഷം പ്രസംഗിച്ചതുമൂലം ഹിന്ദുക്കളുടെ ആക്രമണത്തെ നേരിട്ട അനേകം വിശുദ്ധര്‍ ഇന്ത്യയിലുണ്ട്. ഇവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍, മനസ്സുകൊണ്ടെങ്കിലും സന്തോഷിച്ചവരാണ് ക്രിസ്തീയസഭകളില്‍ കയറിക്കൂടിയ സംഘപരിവാരങ്ങള്‍! മുന്‍കാലങ്ങളില്‍ ചെയ്തതിന്റെ പ്രതിഫലം ഇന്നിവര്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ കയ്യേറുന്നുവെങ്കില്‍, അതിനെ കുറ്റംപറയാന്‍ കഴിയുമോ? അവരുടെ ദേവീ-ദേവന്മാരുടെ രൂപസാദൃശ്യത്തില്‍ നിര്‍മ്മിക്കപ്പെട്ട വിഗ്രഹങ്ങളെ അവര്‍ സ്വന്തമാക്കുന്നതിനെയും കുറ്റപ്പെടുത്താന്‍ കഴിയില്ല! സ്വബോധം നഷ്ടപ്പെട്ടവര്‍ ആത്മീയ ആചാര്യന്മാരായി അവരോധിക്കപ്പെട്ടതിന്റെ പരിണിതഫലം ഇന്ന് അനുഭവിക്കുന്നു!

പീഡനം ആരംഭിച്ചപ്പോള്‍ത്തന്നെ ഇത്രത്തോളം നിലവിളിയോ?

നിലവിളിക്കാന്‍ സമയമായില്ല; കാരണം, വടിവെട്ടാന്‍ പോയിട്ടേയുള്ളു! മെത്രാന്മാരും വൈദീകരും ചേര്‍ന്ന് മഹത്വവത്ക്കരിച്ച സനാതന ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ യഥാര്‍ത്ഥ രൂപം വെളിപ്പെടാന്‍ ഇനിയും അല്പംകൂടി കാത്തിരിക്കണം. എന്തെന്നാല്‍, ദൈവത്തിന്റെ വചനം നമ്മോടു വ്യക്തമാക്കിയിരിക്കുന്ന പീഡനത്തിന്റെ കാഠിന്യത്തോടു തുലനംചെയ്യാന്‍ സാധിക്കുന്ന ഒരു പീഡനവും ഇന്ത്യയിലോ ഭൂമിയില്‍ എവിടെയെങ്കിലുമോ ഇന്നേവരെ അരങ്ങേറിയിട്ടില്ല. ആദ്യനൂറ്റാണ്ടില്‍ നടന്ന പീഡനങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. ക്രിസ്ത്യാനികളെ കൂട്ടാത്തോടെ കൊന്നൊടുക്കുന്നതിനായി കിരാതമായ പല മാര്‍ഗ്ഗങ്ങളും വൈരികള്‍ പ്രയോഗിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളുടെ ശരീരത്തില്‍ തുണി ചുറ്റിയതിനുശേഷം പന്തമായി കത്തിച്ചുനിര്‍ത്തുക, തിളയ്ക്കുന്ന എണ്ണയിലിട്ട് വറുക്കുക, ചൂടാക്കി പഴുപ്പിച്ച ഇരുമ്പു കസേരിയില്‍ നഗ്നരാക്കി ഇരുത്തുക, സിംഹത്തിന് എറിഞ്ഞുകൊടുക്കുക തുടങ്ങിയ ക്രൂരമായ വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഭരണാധികാരിയായിരുന്നു നീറോ ചക്രവര്‍ത്തി! അതിനു സമാനമായ പീഡനം ഇക്കാലത്ത് നടക്കുന്നില്ല.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്തെന്നാല്‍, ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും. ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്ഷപ്പെടുകയില്ലായിരുന്നു. എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തും"(മത്താ: 24; 21, 22). ഇവിടെ വ്യക്തമാക്കിയിരിക്കുന്ന ഒരു വസ്തുതയുണ്ട്. എന്തെന്നാല്‍, ലോകാരംഭം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള പീഡനമാണ് വരാനിരിക്കുന്നത്. അതായത്, നീറോയുടെ കാലത്തെ പീഡനത്തെപ്പോലും അതിശയിപ്പിക്കുന്ന പീഡനമായിരിക്കും അത്. അങ്ങനെയെങ്കില്‍, ഇന്ന് ഇന്ത്യയില്‍ നടക്കുന്ന പീഡനം എന്നത് 'ഈര്‍ക്കില്‍' കൊണ്ടുള്ള ചെറിയൊരു അടി മാത്രമാണ്! ആയതിനാല്‍, നിലവിളിക്കാനുള്ള സമയം വരുന്നതെയുള്ളുവെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കുക!

യേഹ്ശുവാ അറിയിച്ച ഈ മുന്നറിയിപ്പില്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. എന്തെന്നാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തിയതെങ്കില്‍, അവര്‍ രക്ഷപ്പെടുക തന്നെചെയ്യും! ഇതാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ആശ്വാസം. മാത്രവുമല്ല, തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിലേക്കു കടന്നുവരാനുള്ള ആഹ്വാനവും വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയും! ഈ വചനത്തെ സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് വളരെയേറെ കാര്യങ്ങളാണ്. ആ ദിവസങ്ങള്‍ പരിമിതപ്പെടുത്തുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒന്നാമതായി നമുക്കു വ്യക്തമാകുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരെ കരുതിയാണ് ആ ദിവസങ്ങളെ പരിമിതപ്പെടുത്തുന്നതെന്ന് യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നു. അതിനാല്‍ത്തന്നെ, തിരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹത്തില്‍ ചേരേണ്ടതിന്റെ അനിവാര്യതയും, തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തിലേക്ക് ചേരാനുള്ള ആഹ്വാനവും വായിച്ചെടുക്കണം.

വിളി ലഭിച്ചിട്ടുള്ള ഏതൊരാള്‍ക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ ചേരാന്‍ അവകാശമുണ്ട്. ജ്ഞാനസ്നാനത്തിലൂടെ രാജകീയപുരോഹിത ഗണത്തിലെ അംഗങ്ങളാകാന്‍ വിളി ലഭിച്ചവരാണ് ക്രിസ്ത്യാനികള്‍! ആ വിളി വിശുദ്ധിയിലേക്കുള്ള വിളിയായതുകൊണ്ടുതന്നെ, അശുദ്ധമായതൊന്നും അവരില്‍ ഉണ്ടാകാന്‍ പാടില്ല. വിളി ലഭിച്ചിട്ടുള്ളവരെയും തിരഞ്ഞെടുക്കപ്പെട്ടവരെയും തിരിച്ചറിയുന്നത് ഏതെങ്കിലും ക്രൈസ്തവസഭകളിലെ അംഗത്വം പരിശോധിച്ചിട്ടല്ല. കത്തോലിക്കാസഭയിലെ അംഗങ്ങളെല്ലാം വിളി ലഭിച്ചവരാണെങ്കിലും, തിരഞ്ഞെടുക്കപ്പെട്ടവര്‍ അവരില്‍ ചുരുക്കം മാത്രമാണ്! ഈ വചനം ശ്രദ്ധിക്കുക: "എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തിരഞ്ഞെടുക്കപ്പെട്ടവാരോ ചുരുക്കം"(മത്താ: 22; 14). വിളിക്കുന്നത് ദൈവമാണെങ്കില്‍, ആ വിളി സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം വിളിക്കപ്പെടുന്നവര്‍ക്കുണ്ട്. വിളി സ്വീകരിച്ചു കടന്നുവരുന്ന എല്ലാവരും തിരഞ്ഞെടുക്കപ്പെടണമെന്നില്ല എന്ന വസ്തുതയും നാം ഓര്‍ത്തിരിക്കണം. കാരണം, ഇത് കുഞ്ഞാടിന്റെ വിവാഹവിരുന്നിലേക്കുള്ള ക്ഷണമാണ്. ഈ വിരുന്നിലേക്ക് പ്രവേശനം സാധ്യമാകണമെങ്കില്‍ ഒരു നിബന്ധനയുണ്ട്. വിവാഹവസ്ത്രം ധരിച്ചുമാത്രമേ പ്രവേശിക്കാവു എന്നതാണ് ആ നിബന്ധന! വിവാഹവസ്ത്രം എന്താണെന്നു പരിശോധിക്കുന്നതിനുമുമ്പ് പ്രധാനപ്പെട്ട മറ്റൊരു യാഥാര്‍ത്ഥ്യം അറിയേണ്ടതുണ്ട്.

ജ്ഞാനസ്നാനം സ്വീകരിച്ചവരും കത്തോലിക്കാസഭയുടെ രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ടവരുമായ എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടവരാകണമെന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ടത്. എന്തെന്നാല്‍, കത്തോലിക്കാസഭയില്‍ അംഗങ്ങളാണെന്ന് കരുതുന്നവരില്‍ പലരുടെയും അംഗത്വം സാങ്കേതികമായി മാത്രമുള്ളതാണ്. സംഘികളായി ജീവിച്ചുകൊണ്ട് കത്തോലിക്കാസഭയിലെ അംഗത്വത്തില്‍ തുടരുന്ന അനേകരെ നമുക്കറിയാം. എന്നാല്‍, വിജാതിയ ആചാരങ്ങളില്‍ തുടരുന്ന ആരുടേയും പേരുകള്‍ കുഞ്ഞാടിന്റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടില്ല. സത്യവചനം മുറുകെപ്പിടിക്കുകയും അശുദ്ധമെന്നു ദൈവം പ്രഖ്യാപിച്ചിട്ടുള്ള സകലതില്‍നിന്നും അകന്നുനില്‍ക്കുകയും ചെയ്യുന്നവരുടെ പേരുകള്‍ മാത്രമേ അവിടുത്തെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയുള്ളു! തിരഞ്ഞെടുക്കപ്പെട്ടവരുടെയിടയില്‍ അന്യദേവന്മാരുടെ സാന്നിദ്ധ്യം ദൈവം അനുവദിച്ചിട്ടില്ലെന്നു മാത്രമല്ല, വിജാതിയതയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ള സകലരെയും അവിടുന്ന് പുറത്തെ അന്ധകാരത്തിലേക്കു വലിച്ചെറിയും. അതായത്, അശുദ്ധമായ സകലത്തില്‍നിന്നും അകന്ന്, വിശുദ്ധിയില്‍ വ്യാപരിക്കുകയെന്നതാണ് വിവാഹവസ്ത്രം!

യേഹ്ശുവാ അറിയിച്ച ഉപമയില്‍നിന്നുള്ള ഒരു ഭാഗം ശ്രദ്ധിക്കുക: "അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തിരഞ്ഞെടുക്കപ്പെട്ടവാരോ ചുരുക്കം"(മത്താ: 22; 11-14). ഇതുതന്നെയാണ് ഉഗ്രപീഡനത്തിന്റെ നാളുകളിലും സംഭവിക്കുന്നത്. ക്രിസ്തീയസഭകളില്‍ സാങ്കേതികമായി കടന്നുകൂടി എന്നതുകൊണ്ട് ആരും തിരഞ്ഞെടുക്കപ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യം ഭയത്തോടുകൂടെ നാം അറിഞ്ഞിരിക്കണം. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവസഭയില്‍ അംഗങ്ങളായിരിക്കുന്ന സകലരും സംരക്ഷിക്കപ്പെടും. ഇസ്രായേല്‍ സംരക്ഷിക്കപ്പെട്ടത് അവര്‍ ഏത് അവസ്ഥയില്‍ ആയിരുന്നപ്പോഴാണോ, ആ അവസ്ഥയാണ് ആധുനിക ഇസ്രായേല്‍ സംരക്ഷിക്കപ്പെടാനും ദൈവം ആവശ്യപ്പെടുന്നത്. വിഗ്രഹങ്ങളില്‍നിന്നും വിജാതിയതയില്‍നിന്നും പൂര്‍ണ്ണമായി അകന്നുനിന്നപ്പോള്‍ മാത്രമാണ് ഇസ്രായേല്‍ സുരക്ഷിതരായിരുന്നതെന്ന് നമുക്കറിയാം. പ്രവാചക കാലഘട്ടത്തിലെ ഇസ്രായേലിനെ സംരക്ഷിച്ച ദൈവംതന്നെയാണ് ആധുനിക ഇസ്രായേലിന്റെയും ദൈവം. ഈ ദൈവത്തിന്റെ സ്വഭാവം അന്നും ഇന്നും എപ്പോഴും ഒന്നുപോലെതന്നെയാണ്. അന്ന് അവിടുന്ന് വെറുത്ത സകലത്തിനോടും ഇന്നും അവിടുത്തേക്ക്‌ വെറുപ്പാണ്! അതായത്, പരിശുദ്ധിയുടെ കാര്യത്തില്‍ അവിടുത്തേക്ക്‌ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. മാത്രവുമല്ല, ഇസ്രായേലിന്റെ ദൈവത്തെ മാറിചിന്തിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല!

ആയതിനാല്‍, വിജാതിയ സ്വാധീനത്തില്‍ കഴിയുന്ന ഒരുവനെപ്പോലും സഭയുടെ ഭാഗമായി പരിഗണിച്ചു സംരക്ഷിക്കാന്‍ സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തയ്യാറാവുകയില്ല. രാമായണമാസം ആഘോഷിച്ചും ഓണക്കുര്‍ബ്ബാന അര്‍പ്പിച്ചും ഇഫ്താര്‍ വിരുന്നകളൊരുക്കിയും യോഗാഭ്യാസങ്ങള്‍ നടത്തിയും ദൈവത്തെ പ്രകോപിപ്പിക്കുന്നവരില്‍ ആരെങ്കിലും സുരക്ഷിതരാണെന്നു കരുതരുത്. മാത്രവുമല്ല, ഇത്തരം ഹീനമായ പ്രവൃത്തികളെ ന്യായീകരിക്കുന്നവരും ഇവരോടൊപ്പം പുറത്തെ അന്ധകാരത്തിലേക്കു വലിച്ചെറിയപ്പെടും! ഇത് നിസ്സാരമായ കാര്യമാണെന്ന് ആരും ചിന്തിക്കരുത്. ഇസ്രായേലിനു നിയമങ്ങള്‍ നല്‍കിയിരിക്കുന്നത് ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിലേക്കു മാത്രമായിട്ടല്ല; ഈ ഭൂമി ഇങ്ങനെ നിലനില്‍ക്കുന്ന കാലത്തോളം ആ നിയമങ്ങളും നിലനില്‍ക്കും! ആയതിനാല്‍, സുരക്ഷിതരാകാന്‍ ആഗ്രഹിക്കുന്ന സകലര്‍ക്കും അവസരമുണ്ട്. ഈ അവസരത്തെ വിവേകത്തോടെ ഉപയോഗിക്കുന്നവര്‍ ദൈവീകനിയമങ്ങള്‍ക്ക് വിധേയരാകുകയും ക്രിസ്തുവിന്റെ പരിശുദ്ധിയോടു ചേര്‍ന്നുനില്‍ക്കുകയും ചെയ്യും! ഒന്നാംപ്രമാണത്തിനു പരമമായ പ്രാധാന്യം നല്‍കാത്ത ഒരുവനുപോലും ആ ദിവസങ്ങളിലെ ഉഗ്രപീഡനത്തെ അതിജീവിക്കാന്‍ കഴിയില്ല.

ഇന്ത്യയിലെ ക്രിസ്ത്യാനികളുടെമേല്‍ പീഡനങ്ങള്‍ ആരംഭിച്ചുവെന്നു മുറവിളി കൂട്ടുന്നവര്‍, ഇക്കാലമത്രയും എവിടെയായിരുന്നു. തോമാശ്ലീഹായെ പീഡിപ്പിച്ചവര്‍ക്കും അവരുടെ സന്തതികള്‍ക്കും ആഗോള അംഗീകാരം നേടിക്കൊടുക്കാന്‍ ഓടിനടക്കുകയായിരുന്നില്ലേ? സുവിശേഷം പ്രചരിപ്പിച്ച വിശുദ്ധര്‍ ഈ മണ്ണില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍, പീഡകരോടൊപ്പം അത്താഴവിരുന്ന് ആസ്വദിച്ചത് നിങ്ങള്‍ മറന്നുപോയോ? ഇന്ന് നിങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കളുടെമേല്‍ നിങ്ങളുടെ പഴയ തോഴന്മാര്‍ കൈവച്ചപ്പോഴല്ലേ നിങ്ങള്‍ക്കു സ്വബോധം വീണ്ടുകിട്ടിയത്? ഇതിനെയാണ് 'വൈകിയുദിക്കുന്ന വിവേകം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്നകാര്യം നിങ്ങള്‍ തിരിച്ചറിയുക! തിരുത്താന്‍ ഇനിയും സമയമുണ്ട്. നിങ്ങള്‍ നിങ്ങളുടെ ഭവനത്തില്‍ സൂക്ഷിച്ചിരിക്കുന്ന മ്ലേച്ഛതകളെ വെറുപ്പോടെ ഉപേക്ഷിക്കുകയും, മ്ലേച്ഛതകളെ മ്ലേച്ഛതകളായിത്തന്നെ ലോകത്തോടും സഭയോടും വിളിച്ചുപറയുകയും ചെയ്യുക. അപ്പോള്‍ നിങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ നഷ്ടപ്പെട്ടാലും, നിങ്ങളുടെ ജീവനെയെങ്കിലും സുരക്ഷിതമാക്കാന്‍ സാധിക്കും! നിത്യജീവനെക്കാള്‍ അധികമായി സ്ഥാവരജംഗമ വസ്തുക്കളെയാണു നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍, ഇവ രണ്ടും നിങ്ങള്‍ക്കു നഷ്ടപ്പെടും!

ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: "നിങ്ങള്‍ എടുത്തിരിക്കുന്ന നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ: 7; 12). വിജാതിയ ആചാരങ്ങള്‍ കടമെടുത്തപ്പോള്‍, നിങ്ങള്‍ എടുത്തിരിക്കുന്നത് നിഷിദ്ധവസ്തുക്കളാണ്. ഇതു നിങ്ങള്‍ സൂക്ഷിക്കുന്നിടത്തോളം നിങ്ങളുടെ സമീപത്തുപോലും ദൈവം കടന്നുവരില്ല. എന്തെന്നാല്‍, അവിടുന്ന് പരിശുദ്ധിയുടെമേല്‍ പരിശുദ്ധനാണ്‌! ഇന്ത്യയില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ നിങ്ങള്‍ പ്രതിബന്ധം സൃഷ്ടിച്ചതിനു മാപ്പിരക്കുകയും, ശേഷിക്കുന്ന കാലം സുവിശേഷം പ്രചരിപ്പിച്ച് അവിടുത്തെ ആഹ്വാനത്തോടു സഹകരിക്കുകയും ചെയ്യുക. ഒരുകാര്യംകൂടി ഓര്‍ത്തുകൊള്ളുക: രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പൈശാചിക തീരുമാനങ്ങളെ പരസ്യമായി തള്ളിപ്പറയാതെ ദൈവത്തിന്റെ സംരക്ഷണം പ്രതീക്ഷിക്കുന്നവര്‍, മലര്‍പ്പൊടിക്കാരനെപ്പോലെ ദിവാസ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുകയാണ്!

ഇടയവേഷത്തില്‍ ആടുകളെ വഞ്ചിച്ചവര്‍ തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞ്, ആടുകളെ സത്യം അറിയിക്കാന്‍ തയ്യാറായാല്‍ ഒരുപക്ഷെ ദൈവം നിങ്ങളോടു കരുണ കാണിച്ചേക്കാം. ക്രിസ്തുവിനെക്കൂടാതെ നിങ്ങള്‍ പ്രഖ്യാപിച്ച രക്ഷയുടെ മാര്‍ഗ്ഗങ്ങളെല്ലാം നിങ്ങളുടെ അജ്ഞതയായിരുന്നുവെന്ന് സമ്മതിക്കുവാനും നിങ്ങള്‍ തയ്യാറാകണം. ഈ വൈകിയ വേളയിലെങ്കിലും, സത്യദൈവമായ യാഹ്‌വെയുടെ അഭിഷിക്തന്റെ യഥാര്‍ത്ഥ നാമം വിളിച്ചപേക്ഷിക്കുകയും, അതിന് ദൈവജനത്തെ പ്രേരിപ്പിക്കുകയും വേണം. സര്‍വ്വോപരി, ഇന്ത്യയിലെ കോടാനുകോടി മനുഷ്യരോടു ചെയ്ത കടുത്ത വഞ്ചനയ്ക്ക് മാപ്പിരക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, ഉറകെട്ട ഉപ്പുപോലെ സകലരാലും ചവിട്ടിമെതിക്കപ്പെടാനുള്ള ദുരവസ്ഥയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്! കുമ്മനത്തോടൊപ്പം കുമ്മനടിച്ചു നടക്കുന്ന ആലഞ്ചേരിയെപ്പോലെയുള്ളവര്‍ക്ക് കുമ്മനത്തിന്റെ അനുയായികളില്‍നിന്നുതന്നെ പ്രഹരമേല്‍ക്കുകയെന്നത് സാമാന്യനീതിയായി പരിഗണിക്കേണ്ടിവരും. കേരളത്തിലെ ക്രിസ്ത്യാനികളെ വഞ്ചിച്ചത് പോരാഞ്ഞിട്ട്, മിസോറാമിലെ ക്രിസ്ത്യാനികളെക്കൂടി കുരുതികൊടുക്കാനാണ് രുദ്രാക്ഷ സംഘികളായ മെത്രാന്മാര്‍ ശ്രമിക്കുന്നത്. ദൈവത്തിനു നിങ്ങളോടു പറയാനുള്ളത് ഇതാണ്: "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 17, 18).

ഉപസംഹാരം!

ഇന്ത്യയിലെയെന്നല്ല, ആഗോളതലത്തിലെ ക്രൈസ്തവസമൂഹങ്ങള്‍ നേരിടാനിരിക്കുന്ന ഉഗ്രപീഡനത്തെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചുമാണ് നാം പരിശോധിച്ചത്. അതിജീവനത്തിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ക്കൂടി വെളിപ്പെടുത്തിയാല്‍ മാത്രമേ ഈ ലേഖനത്തിനു പൂര്‍ണ്ണത കൈവരുകയുള്ളുവെന്ന്‍ മനോവ മനസ്സിലാക്കുന്നു. യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ടുതന്നെ, ഉഗ്രപീഡനം എന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കും എന്നകാര്യത്തില്‍ സംശയത്തിനിടയില്ല. എന്നാല്‍, അവിടുന്ന് നടത്തിയ പ്രഖ്യാപനത്തില്‍ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി ചില ആനുകൂല്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടത്, എത്രത്തോളം ഉഗ്രമായ പീഡനമാണെങ്കിലും അവിടുത്തെ നാമം അറിയുകയും ആ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് സംരക്ഷണകവചം ഒരുക്കുമെന്നുതന്നെയാണ്! ഇതുതന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ ആശ്വാസവും!

യേഹ്ശുവായുടെ പുനരാഗമനത്തിന ദിനത്തില്‍ ഈ ഭൂമിയില്‍ അവശേഷിച്ചിട്ടുള്ള ജനങ്ങളില്‍നിന്ന് മൂന്നിലൊരു ഭാഗത്തെ അവിടുത്തേക്കായി ജീവനോടെ അവിടുന്ന് കാത്തുസൂക്ഷിക്കും. ഇത് അവിടുത്തെ വാഗ്ദാനമാണ്. അതായത്, പീഡനങ്ങളെ അതിജീവിക്കുന്ന ഒരു വലിയ സമൂഹം അവശേഷിക്കും എന്നതാണ് അവിടുത്തെ വാഗ്ദാനത്തോടുകൂടിയുള്ള പ്രവചനം! ഇതില്‍നിന്നു നാം എന്താണു മനസ്സിലാക്കേണ്ടത്? അവിടുത്തെ യഥാര്‍ത്ഥ നാമം അറിയുകയും ആ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവരെ എല്ലാ പീഡകരില്‍നിന്നും സംരക്ഷിക്കും എന്നുതന്നെയാണ് അവിടുത്തെ പ്രഖ്യാപനം. ഒന്നുരണ്ടു വചനങ്ങളിലൂടെ ഈ സത്യം നമുക്കു സ്ഥിരീകരിക്കാം. ഈ വചനം നോക്കുക: "ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്തവും അഗ്നിയും ധൂമപടലവും. യാഹ്‌വെയുടെ മഹത്തും ഭയാനകവുമായ ദിനം ആഗതമാകുന്നതിനു മുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(ജോയേല്‍: 2; 30-32). യേഹ്ശുവാ വഹിച്ചിരിക്കുന്നത് യാഹ്‌വെയുടെ നാമമാണെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളത് നമുക്കറിയാം. അങ്ങനെയെങ്കില്‍, യാഹ്‌വെ എന്ന നാമമില്ലാത്ത പലപല നാമങ്ങള്‍ വിളിച്ചാല്‍ സംരക്ഷണം ലഭിക്കുമോ? ഇല്ല എന്നതുകൊണ്ടുതന്നെയാണ് അവിടുത്തെ നാമം അറിയേണ്ടതിന്റെ അനിവാര്യത അവിടുന്നുതന്നെ പ്രഖ്യാപിച്ചത്.

ഈ വചനം ശ്രദ്ധിക്കുക: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും"(സങ്കീ: 91; 14, 15). അവിടുത്തെ നാമം അറിയുന്നവര്‍ മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളു എന്നകാര്യത്തില്‍ രണ്ടാമതൊരു ആലോചനയുടെ ആവശ്യമില്ല! അപ്പസ്തോലരില്‍ പ്രമുഖനായ പത്രോസിന്റെ ആദ്യത്തെ പ്രസംഗത്തില്‍ ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ടു: "യാഹ്‌വെയുടെ മഹനീയവും പ്രകാശപൂര്‍ണ്ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും. യാഹ്‌വെയുടെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും"(അപ്പ. പ്രവര്‍: 2; 20, 21). യാഹ്‌വെ, യേഹ്ശുവാ എന്നീ നാമങ്ങളുടെ സത്യവും പ്രാധാന്യവും വെളിപ്പെടുത്തിക്കൊണ്ട് അനേകം ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, സത്യത്തെ മറച്ചുവച്ചുകൊണ്ട്, വ്യാജനാമങ്ങളെ സ്ഥിരീകരിക്കാന്‍ സംഘടിതമായ നീക്കങ്ങള്‍ നടത്തുന്ന അനേകം വ്യക്തികളും സമൂഹങ്ങളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഉഗ്രപീഡനത്തിന്റെ നാളുകളില്‍ സംരക്ഷിക്കപ്പെടുന്ന ഒരു സമൂഹം ഈ ഭൂമുഖത്ത് അവശേഷിക്കരുതെന്ന് ആഗ്രഹിക്കുന്ന സാത്താനുവേണ്ടി വിടുവേല ചെയ്യുന്നവരാണ് അവരെല്ലാം. സാത്താന്‍ എത്രത്തോളം ശക്തമായി പ്രവര്‍ത്തിച്ചാലും, ദൈവത്തിന്റെ മാറ്റമില്ലാത്ത പ്രഖ്യാപനം നടപ്പാകുകതന്നെ ചെയ്യും!

യേഹ്ശുവാ എന്ന നാമം അറിയുകയും ആ നാമം വിളിച്ചപേക്ഷിക്കുകയും ഒന്നാംപ്രമാണത്തെ മുറുകെപ്പിടിക്കുകയും ചെയ്യുക എന്നതല്ലാതെ, അതിജീവനത്തിനു മറ്റു മാര്‍ഗ്ഗങ്ങളൊന്നും ദൈവം സ്ഥാപിച്ചിട്ടില്ല! ഈ മാര്‍ഗ്ഗത്തെ സ്വീകരിച്ചിരിക്കുന്നവരുടെ സമീപത്തുപോലും പീഡകര്‍ എത്തുകയില്ല! അതാണ്‌ ആ നാമത്തിന്റെ ശക്തി! ആയതിനാല്‍, പീഡനം, വെല്ലുവിളി എന്നൊക്കെയുള്ള നിലവിളികള്‍ കേള്‍ക്കുമ്പോള്‍ നാം അതിനു ചെവികൊടുക്കുകയോ ആശങ്കപ്പെടുകയോ അരുത്! വിജാതിയരുടെ ആചാരങ്ങള്‍ മോഷ്ടിച്ചു കൈവശംവച്ചിരിക്കുന്നവര്‍ മാത്രം ഭയപ്പെട്ടാല്‍ മതി. എന്തെന്നാല്‍, അന്ന് അവിടുത്തെ നാമം അറിയുകയും വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവരുടെ ശക്തി ഇപ്രകാരമായിരിക്കും: "അന്ന് ജറുസലെം നിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരുടെയിടയിലെ ഏറ്റവും ദുര്‍ബ്ബലനായവന്‍ അന്ന് ദാവീദിനെപ്പോലെയാകും"(സഖറിയാ: 12; 8).

NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6873 views

LOG IN

Lost your password?

SIGN UP

LOST PASSWORD