ദൈവകല്‍പ്പനകള്‍

പരിശുദ്ധാത്മാവിന് എതിരായ പാപങ്ങള്‍!

Print By
about

20 - 10 - 2018

രിശുദ്ധാത്മാവിന് എതിരായ പാപങ്ങളുണ്ടെന്നും, അവ ക്ഷമിക്കപ്പെടാത്ത പാപങ്ങളാണെന്നും ക്രിസ്ത്യാനികള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ആ പാപങ്ങള്‍ ഏതെല്ലാമാണെന്ന് പലര്‍ക്കും അറിയില്ല. അറിയാമെന്ന ധാരണയില്‍ കഴിയുന്ന പലരും അബദ്ധധാരണയിലാണെന്നതും പറയാതെവയ്യ! എന്തെന്നാല്‍, ഗുരുതരമായ ഈ പാപത്തെക്കുറിച്ചു വ്യക്തമായി പഠിപ്പിക്കുന്നതില്‍ എല്ലാ സഭകള്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. മാത്രവുമല്ല, ഈ വിഷയത്തെ സംബന്ധിച്ചുള്ള പല മതബോധനങ്ങളും അബദ്ധങ്ങളുമാണ്! ആയതിനാല്‍, പരിശുദ്ധാത്മാവിന് എതിരായ പാപങ്ങള്‍ ഏതെല്ലാമാണെന്ന് ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള പഠനത്തിനു നാം തയ്യാറാകുന്നു!

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “അതുകൊണ്ട്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല”(മത്താ: 12; 31, 32). ഈ വചനത്തിലെ അവസാന ഭാഗത്തുനിന്ന് നമ്മുടെ പഠനമാരംഭിക്കാം. അതായത്, ഈ യുഗം ഏതാണെന്നും വരാനിരിക്കുന്ന യുഗം ഏതാണെന്നും, ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും പരിശോധിച്ചുകൊണ്ട് പഠനം തുടങ്ങുന്നതായിരിക്കും ഉചിതം.

യുഗം എന്ന വാക്കിന് തലമുറ, കാലഘട്ടം എന്നിങ്ങനെയുള്ള അര്‍ത്ഥമാണുള്ളത്. മറ്റു പരിഭാഷകള്‍ പരിശോധിച്ചാല്‍, യുഗം എന്നതിനേക്കാള്‍ അനുയോജ്യമായ പദം തലമുറ എന്നായിരിക്കും. മലയാള പരിഭാഷയില്‍ യുഗം എന്ന് പലഭാഗത്തും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മറ്റു ഭാഷകളില്‍ പരിശോധിക്കുമ്പോള്‍ വ്യത്യസ്തങ്ങളായ പദങ്ങള്‍ കാണാന്‍ കഴിയും. അതായത്, വ്യത്യസ്തങ്ങളായ ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ യുഗം എന്ന പദം ഉപയോഗിച്ചിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ നമുക്കു പരിശോധിക്കാം. മത്തായി എഴുതിയ സുവിശേഷത്തിലെ അവസാനവാക്യം ഇങ്ങനെയാണ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത്: “യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”(മത്താ: 28; 20). ജര്‍മ്മന്‍ ഭാഷയില്‍ ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നതു നോക്കുക: “Ich bin bei euch alle Tage bis zum Ende der Welt”(Matthäus: 28; 20). ലോകത്തിന്റെ അന്ത്യംവരെ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്നാണ് ഇതിന്റെ പരിഭാഷ. യുഗാന്തം എന്ന വാക്കിനെ ലോകാന്ത്യം എന്നാണ് നാമിവിടെ മനസ്സിലാക്കുന്നത്. ഇംഗ്ലീഷ് പരിഭാഷ നോക്കുക: “And look, I am with you always; yes, to the end of time”(Matthew: 28; 20). അവസാന സമയം വരെയെന്നോ ലോകാവസാനം വരെയെന്നോ മലയാളത്തില്‍ ഇതിനെ നമുക്കു വായിക്കാം. അങ്ങനെയെങ്കില്‍, യുഗാന്തം എന്നതുകൊണ്ട്‌ എന്താണ് നാം മനസ്സിലാക്കേണ്ടത്? ലോകാവസാനം എന്നാണോ?

ഇംഗ്ലീഷ് ഭാഷയിലും ജര്‍മ്മന്‍ ഭാഷയിലും അര്‍ത്ഥവ്യത്യാസമില്ലാതെ വായിക്കാനും ഗ്രഹിക്കാനും നമുക്കു സാധിക്കുന്നുണ്ട്. എന്നാല്‍, യുഗം എന്ന വാക്കു തിരഞ്ഞെടുത്തതിലൂടെ മലയാളം വായനക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു! കാരണം, ഇവിടെ നാം വായിച്ച വചനത്തെ മാത്രം പരിഗണനയിലെടുത്താല്‍, ലോകാവസാനം എന്ന് മനസ്സിലാക്കി തൃപ്തരാകാം. എന്നാല്‍, മറ്റു പല ഭാഗങ്ങളിലും യുഗം പ്രത്യക്ഷപ്പെടുന്നത് വേറെ അര്‍ത്ഥത്തിലാണ്. തലമുറ, കാലഘട്ടം എന്നിങ്ങനെയാണ് യുഗം എന്ന വാക്കിന്റെ അര്‍ത്ഥമായി നാം കണ്ടത്. ഇവയിലേതെങ്കിലും പരിഗണിച്ചാല്‍ ഈ വചനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ലഭിക്കില്ല. എന്തെന്നാല്‍, കാലഘട്ടത്തിന്റെ അവസാനം വരെയോ തലമുറയുടെ അവസാനം വരെയോ കൂടെയുണ്ടാകും എന്നായിരുന്നില്ല യേഹ്ശുവാ പറഞ്ഞത്; പിന്നെയോ, ലോകാവസാനം വരെ കൂടയുണ്ടാകും എന്നാണ് അവിടുന്ന് അരുളിച്ചെയ്തത്! മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത എല്ലാ ബൈബിളിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. മലയാളഭാഷയുടെ പരിമിതികളും ഈ വീഴ്ചയ്ക്ക് കാരണമായിട്ടുണ്ടാകാം. നിസ്സാരമായ പിഴവുകളെ അവഗണിക്കാമെങ്കിലും, അര്‍ത്ഥത്തില്‍ വലിയ മാറ്റങ്ങളുള്ളവ അവഗണിക്കാന്‍ കഴിയില്ല. ഇതിനേക്കാളെല്ലാം ഉപരിയായി, വിജാതിയതയുടെ സ്വാധീനത്തിലൂടെ വന്ന ഗുരുതരമായ വീഴ്ചകള്‍ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമായ കാര്യമാണ്. ദേവാലയവും ശ്രീകോവിലും ബൈബിളില്‍ സ്ഥാനംപിടിച്ചതും, വിഗ്രഹം ഇല്ലെന്ന അര്‍ത്ഥം വരുന്നവിധം അപകടകരമായ പിഴവുകള്‍ കടന്നുകൂടിയതും തിരുത്തപ്പെടണം.

ഹിന്ദുക്കളുടെ ഐതീഹ്യങ്ങളിലെ പദങ്ങള്‍ ഏറ്റെടുത്തതിലൂടെ ദൈവവചനത്തിന്റെ പരിഭാഷയില്‍ അനേകം അപകടങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്. യുഗം എന്ന പദവും ഹൈന്ദവരുടെ ഐതീഹ്യങ്ങളില്‍നിന്നു കടംകൊണ്ടതാണ്. യുഗം എന്ന പദവുമായി ബന്ധപ്പെട്ട മറ്റൊരു വചനംകൂടി പരിശോധിക്കുമ്പോള്‍, ഈ കാര്യം കൂടുതല്‍ വ്യക്തമാകും. ഈ വചനം ശ്രദ്ധിക്കുക: എന്തെന്നാല്‍, ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്”(ലൂക്കാ: 16; 8). മറ്റു ഭാഷകളിലെ പരിഭാഷകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ഈ ലോകത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ് എന്നായിരിക്കും. അതായത്, യുഗം എന്ന പദം ഇവിടെയും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ലോകത്തിന്റെ മക്കള്‍ എന്ന പ്രയോഗത്തെ ലൗകിക മക്കള്‍ എന്ന് വിവക്ഷിക്കാവുന്നതാണ്. ഇവിടെ നമുക്കു സ്വീകാര്യമായ പദം ലോകത്തിന്റെ മക്കള്‍ അഥവാ ലൗകിക മക്കള്‍ എന്നതായിരിക്കും. അങ്ങനെയാണെങ്കില്‍, എന്തിനാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന യുഗം എന്ന പദം ബൈബിള്‍ പരിഭാഷകര്‍ തിരഞ്ഞെടുത്തത്? എന്തുദ്ദേശത്തോടെയായിരുന്നാലും, യുഗം എന്ന പദത്തിലൂടെ കടന്നുവന്ന ആശയക്കുഴപ്പം പരിഹരിച്ചതിനുശേഷം മാത്രമേ, ഈ ലേഖനത്തിലൂടെ പഠിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തിലേക്കു നാം പ്രവേശിക്കുന്നുള്ളു. ആയതിനാല്‍, പ്രവചനഗ്രന്ഥങ്ങളില്‍ കടന്നുകൂടിയിട്ടുള്ള 'യുഗങ്ങളില്‍' ഒന്ന് പരിശോധിക്കാം.

ഈ പ്രവചനം ശ്രദ്ധിക്കുക: “ബേത്‌ലെഹെം- എഫ്രാത്താ, യെഹൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും യിസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ, ഉള്ളവനാണ്”(മിക്കാ: 5; 2). പിഒസി ബൈബിളില്‍ നിന്നുള്ളതാണ് ഈ പ്രവചനം. കത്തോലിക്കാസഭയുടെതന്നെ ഇംഗ്ലീഷ് പരിഭാഷ നോക്കുക: “But you (Bethlehem) Ephrathah, the least of the clans of Yehoodah, from you will come for me a future ruler of Yisrael whose origins go back to the distant past, to the days of old”(Micah: 5; 1). (ആരും തെറ്റിദ്ധരിക്കേണ്ടാ; എന്തെന്നാല്‍, മലയാളം ബൈബിളില്‍ രണ്ടാമത്തെ വാക്യമാണെങ്കിലും, മറ്റു ഭാഷകളിലെല്ലാം ഇത് ഒന്നാമത്തെ വാക്യമാണ്. അതായത്, മറ്റു പരിഭാഷളില്‍ നാലാമത്തെ അദ്ധ്യായത്തിലെ അവസാന വാക്യത്തെയാണ്‌ മലയാളം ബൈബിളില്‍ അഞ്ചാം അദ്ധ്യായത്തിലെ ആദ്യത്തെ വാക്യമായി കാണുന്നത്). ഇവിടെ അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ, ഉള്ളവനാണ് എന്ന് മലയാളം വിവര്‍ത്തനത്തില്‍ കാണുന്നു. എന്നാല്‍, പഴയ നാളുകളില്‍, പുരാതനകാലത്ത്‌, എന്നൊക്കെ അര്‍ത്ഥം വരുന്ന രീതിയിലാണ് ഇംഗ്ലീഷ് പരിഭാഷയില്‍ കാണുന്നത്. ഇനി ജര്‍മ്മന്‍ ഭാഷയിലേക്കുള്ള വിവര്‍ത്തനംകൂടി ശ്രദ്ധിക്കുക: “Aber du, Betlehem-Efrata/ so klein unter den Gauen Yehoodas, aus dir wird mir einer hervorgehen, / der über Yisrael herrschen soll. Sein Ursprung liegt in ferner Vorzeit, / in längst vergangenen Tagen”(Micha: 5; 1). കഴിഞ്ഞ കാലഘട്ടത്തില്‍, കഴിഞ്ഞ ദിവസങ്ങളില്‍, പുരാതനകാലത്ത്‌ എന്നിങ്ങനെയുള്ള പരിഭാഷയാണ് ജര്‍മ്മന്‍ ബൈബിളില്‍ വായിക്കാന്‍ കഴിയുന്നത്. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്ന വസ്തുത, യുഗം എന്ന പദം ഉപയോഗിക്കുന്നതിലൂടെ യഥാര്‍ത്ഥ അര്‍ത്ഥം എല്ലായിടത്തും ലഭിക്കുന്നില്ല എന്നാണ്. ആയതിനാല്‍, യുഗം എന്ന പദം എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നമുക്കുതന്നെ കണ്ടെത്താം.

മിക്കാ പ്രവാചകന്റെ പ്രവചനത്തെ പരിഗണിച്ചാല്‍, യുഗം എന്നത് ഈ പ്രപഞ്ചസൃഷ്ടിക്കു മുമ്പേയുള്ള (ലോകസ്ഥാപനത്തിനുമുമ്പ്) അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതായത്, ജനിക്കാന്‍ പോകുന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനമാണ് മിക്കാ പ്രവാചകന്‍ നടത്തിയിരിക്കുന്നത്. അത് ക്രിസ്തുവാണെന്ന് നമുക്കറിയാം. അതുപോലെതന്നെ, ജനിക്കാനിരിക്കുന്ന രാജാവിനെക്കുറിച്ചുള്ള അടയാളമായി, അവന്‍ ലോകസ്ഥാപനത്തിനു മുമ്പേയുള്ളവനാണെന്നു പറയുന്നു. ലോകസ്ഥാപനത്തിനു മുമ്പുണ്ടായിരുന്നവന്‍ ആരാണെന്നു മറ്റൊരു വചനത്തില്‍ നാം വായിക്കുന്നുണ്ട്. ആ വചനം നോക്കുക: “പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ് എനിക്കു മഹത്വം നല്‍കി”(യോഹ: 17; 24). ഇത് യേഹ്ശുവായുടെ വാക്കുകളാണ്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കുമ്പോള്‍ എല്ലാം വ്യക്തമാകും. പരിഭാഷ നോക്കുക: “Father, I want those you have given me to be with me where I am, so that they may always see my glory which you have given me because you loved me before the foundation of the world”(Yoha: 17; 24). ഇവിടെ നാം വായിച്ച വചനത്തില്‍ എല്ലാം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ജനിക്കാനിരിക്കുന്ന യേഹ്ശുവാ യുഗങ്ങള്‍ക്കുമുമ്പേ ഉണ്ടായിരുന്നവനാണ് എന്ന് മിക്കാപ്രവാചകന്‍ അടയാളം തന്നപ്പോള്‍, ആ 'യുഗം' ഏതാണെന്ന് യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നു. അത് ലോകസ്ഥാപനത്തിനു മുമ്പാണ് (before the foundation of the world).

മലയാളം ബൈബിളില്‍ യുഗം' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എല്ലാ വചനങ്ങളും പരിശോധിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് മൂന്ന് ഘട്ടങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദമായിട്ടാണ്. ആയിരുന്നത്, ആയിരിക്കുന്നത്, വരാനിരിക്കുന്നത് എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍! ലോകസ്ഥാപനത്തിനു മുന്‍പേയുണ്ടായിരുന്ന ഘട്ടമാണ് ഒന്നാംഘട്ടമെങ്കില്‍, നാം ജീവിക്കുന്നത് രണ്ടാമത്തെ ഘട്ടത്തിലാണ്. ഇനിയൊരു ഘട്ടംകൂടി വരാനുണ്ട്. വരാനിരിക്കുന്ന ഘട്ടത്തെക്കുറിച്ചു ചിന്തിക്കുന്നതിനുമുമ്പ് ഒന്നാംഘട്ടത്തെ സംബന്ധിക്കുന്ന സുപ്രധാനമായ ഒരുകാര്യം അറിഞ്ഞിരിക്കണം. എന്തെന്നാല്‍, ലോകസ്ഥാപനത്തിനു മുമ്പേയുണ്ടായിരുന്ന ഒന്നാംഘട്ടം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നത് വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണ്. രണ്ടാമത്തെ ഘട്ടം ആരംഭിക്കുന്നതോടെ ഒന്നാമത്തെ ഘട്ടത്തിന്റെ പ്രസക്തി നഷ്ടപ്പെടും എന്നതാണ് സ്വാഭാവികമായുള്ള പ്രതിഭാസം. എന്നാല്‍, ഇവിടെ ഒന്നാമത്തെ ഘട്ടം നിലനിര്‍ത്തിക്കൊണ്ടാണ് രണ്ടാമത്തെ ഘട്ടം ആരംഭിച്ചത്. അതായത്, ഒന്നാമത്തെ ഘട്ടത്തിന് ആരംഭമോ അവസാനമോ ഇല്ല! അത് ആദിയും അന്തവും - ആല്‍ഫയും ഒമേഗയുമാണ്‌! മൂന്നാംഘട്ടത്തെക്കുറിച്ചു മനസ്സിലാക്കിയതിനുശേഷം, ആരംഭമോ അവസാനമോ ഇല്ലാത്തതും ഒന്നാമത്തെയും ഒടുവിലത്തെയുമായ ഘട്ടത്തിലേക്കു തിരികെവരാം.

മൂന്നാമത്തെ ഘട്ടമെന്നത് സ്വര്‍ഗ്ഗരാജ്യം അഥവാ ദൈവരാജ്യമാണോ? മരണാനന്തരം നീതിമാന്മാര്‍ക്ക് നിത്യമായി വസിക്കാനായി സജ്ജമാക്കിയിരിക്കുന്ന രാജ്യത്തെക്കുറിച്ച് ഓരോ ക്രൈസ്തവനും പ്രത്യാശയുണ്ട്. ഇതാണോ വരാനിരിക്കുന്ന യുഗം എന്ന വിശേഷണത്തോടെ ബൈബിള്‍ പറയുന്ന മൂന്നാംഘട്ടം? അതായത്, ഇപ്പോള്‍ നാം ജീവിക്കുന്ന ഘട്ടത്തിനുശേഷം വരാനിരിക്കുന്നത് സ്വര്‍ഗ്ഗരാജ്യമാണോ? വരാനിരിക്കുന്ന യുഗം എന്ന് യേഹ്ശുവാ സൂചന നലിയിരിക്കുന്നത് സ്വര്‍ഗ്ഗരാജ്യത്തെ സംബന്ധിച്ചാണോ? അല്ല എന്നാണ് യഥാര്‍ത്ഥ ഉത്തരം! എന്തെന്നാല്‍, യേഹ്ശുവാ അറിയിച്ച വചനത്തില്‍ത്തന്നെ ഈ ഉത്തരമുണ്ട്. പരിശുദ്ധാത്മാവിനെതിരേ പറയുന്ന ദൂഷണങ്ങള്‍ ക്ഷമിക്കപ്പെടുന്നതല്ല എന്ന മുന്നറിയിപ്പു നല്‍കാനാണ് യേഹ്ശുവാ ഇക്കാര്യം അറിയിച്ചത്. അവിടെ എഴുതിയിരിക്കുന്നത്, ഈ ലോകത്തോ വരാനിരിക്കുന്ന ലോകത്തോ ക്ഷമിക്കപ്പെടില്ല എന്നാണ്. വരാനിരിക്കുന്നത് എന്ന് യേഹ്ശുവാ പറഞ്ഞ ലോകത്ത് പാപക്ഷമ ഉണ്ടെന്നു വ്യക്തമാക്കിയതിലൂടെ, ആ ലോകം സ്വര്‍ഗ്ഗരാജ്യം അല്ല എന്ന സ്ഥിരീകരണവുംകൂടി അവിടുന്ന് നല്‍കുന്നു. എന്തെന്നാല്‍, പാപം ഉള്ളിടത്താണ് പാപക്ഷമയുടെ ആവശ്യമുള്ളത്!

സ്വര്‍ഗ്ഗരാജ്യത്തുണ്ടായിരുന്ന പാപത്തെ പൂര്‍ണ്ണമായും നീക്കംചെയ്തതുകൊണ്ടാണ് പിശാചുകള്‍ ഭൂമിയിലൂടെ അലഞ്ഞുതിരിയുന്നത്. പിശാചുക്കള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ ഇനി ഇടം ലഭിക്കില്ലാത്തതുകൊണ്ടുതന്നെ, അവിടെ പാപത്തിനും ഇടമില്ല. പരിശുദ്ധാത്മാവിനെതിരെയോ മറ്റാര്‍ക്കെങ്കിലും എതിരെയോ ദൂഷണം പറയാനും പാപം ചെയ്യാനും സാധിക്കുന്ന ഇടമല്ല സ്വര്‍ഗ്ഗരാജ്യം! ഈ വചനം ശ്രദ്ധിക്കുക: “അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്റെ ദൂതന്മാരും എതിര്‍ത്തു യുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്റെ ദൂതന്മാരും”(വെളി: 12; 7- 9). പിശാചുക്കള്‍ക്ക് ഇനിയൊരിക്കലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല. പിന്നെ എങ്ങനെയാണ് സ്വര്‍ഗ്ഗത്തില്‍ ദൈവദൂഷണം സാദ്ധ്യമാകുക? അതായത്, ഉടന്‍ വരാനിരിക്കുന്ന യുഗം (ലോകം) പാപത്തിനു സാദ്ധ്യതയുള്ളതും, അതിനാല്‍ത്തന്നെ പാപക്ഷമ ആവശ്യമുള്ളതുമായ ഒരു ലോകമാണ്. ഈ ഭൂമിയില്‍ത്തന്നെ ഒരുക്കപ്പെടാനിരിക്കുന്നതും യേഹ്ശുവാ രാജാവായി വാഴാനിരിക്കുന്നതുമായ പുതിയ ആകാശവും പുതിയ ഭൂമിയുമാണ് ആ ലോകം!

ആയിരം വര്‍ഷത്തെ ഭരണാനന്തരം, അതുവരെ ബന്ധിക്കപ്പെട്ടിരുന്ന പിശാചിനെ താത്ക്കാലികമായി തുറന്നുവിടുകയും, അവന്‍ മനുഷ്യരില്‍ ചിലരെ വഴിതെറ്റിക്കുകയും ചെയ്യും. അപ്പോഴും പാപക്ഷമ ഒരു അനിവാര്യഘടകമായിരിക്കും. എന്നാല്‍, പരിശുദ്ധാത്മാവിന് എതിരായിട്ടുള്ള ദൈവദൂഷണം അവിടെയും ക്ഷമിക്കപ്പെടുകയില്ല! വരാനിരിക്കുന്ന യുഗത്തിലെ പാപക്ഷമയെ സംബന്ധിച്ച് യേഹ്ശുവാ നല്‍കിയ സൂചന ഇതാണ്! പരിശുദ്ധാത്മാവിനെതിരേ ദൂഷണം പറഞ്ഞാല്‍ ഇവിടെയോ അവിടെയോ ക്ഷമിക്കപ്പെടുകയില്ല. ആയതിനാല്‍, ഈ പാപത്തെ സംബന്ധിച്ച് വ്യക്തമായ അറിവ് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തെ മനസ്സിലാക്കുന്നതിനുമുമ്പ് ഒരുകാര്യംകൂടി വ്യക്തമാക്കേണ്ടതുണ്ട്. എന്തെന്നാല്‍, ഈ യുഗവും വരാനിരിക്കുന്ന യുഗവും എന്താണെന്നു മനസ്സിലാക്കിയെങ്കിലും, മനുഷ്യപുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള വ്യത്യാസം ആഴത്തില്‍ ഗ്രഹിക്കേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന യുഗത്തില്‍ ജീവിക്കുന്നവര്‍ യേഹ്ശുവായ്ക്കെതിരേ ദൂഷണം പറഞ്ഞാല്‍ ക്ഷമിക്കപ്പെടുമോ? ഈ ചോദ്യത്തിനുള്ള ഉത്തരംകൂടി കണ്ടെത്തിയതിനുശേഷം പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തെക്കുറിച്ചു പഠിക്കാം!

മനുഷ്യപുത്രനും പരിശുദ്ധാത്മാവും!

മനുഷ്യപുത്രനും പരിശുദ്ധാത്മാവും വേറിട്ട്‌ പ്രവര്‍ത്തിച്ചത് മുപ്പത്തിമൂന്നു വര്‍ഷത്തെ രക്ഷാകര ദൗത്യകാലത്തു മാത്രമാണ്. പാപപരിഹാരാര്‍ത്ഥം മനുഷ്യനായി ജീവിക്കുകയും മനുഷ്യന്റെ പാപങ്ങള്‍ക്ക് പരിഹാരമായി ദൈവസന്നിധിയില്‍ മദ്ധ്യസ്ഥനാകുകയും ചെയ്ത് ഈ കാലയളവില്‍ മാത്രമായിരുന്നു. കുരിശില്‍ അവിടുന്ന് തന്റെ ജീവന്‍ ബലിയായി അര്‍പ്പിച്ചതോടെ ആ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടു. ഇന്നും ആ ബലിയുടെ യോഗ്യത മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ നിലനില്‍ക്കുന്നു! എന്നാല്‍, യേഹ്ശുവാ ഇന്ന് മനുഷ്യപുത്രന്‍ മാത്രമല്ല, ദൈവവുംകൂടിയാണ്! അതിനാല്‍ത്തന്നെ, ദൈവത്തിന്റെ ആത്മാവ് യേഹ്ശുവായിലുണ്ട്. ശരീരവും മനസ്സും ആത്മാവും വേറിട്ടുനിന്നു പ്രവര്‍ത്തിക്കുന്ന അവസ്ഥയിലുള്ള മടങ്ങിവരവ് ഇനി യേഹ്ശുവായില്‍നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല! രാജത്വം സ്വീകരിച്ചുള്ള അവിടുത്തെ മടങ്ങിവരവാണ് ഇനി നാം ദര്‍ശിക്കാന്‍ പോകുന്നത്!

താലന്തുകളുടെ ഉപമയിലൂടെയാണ് ഇക്കാര്യം യേഹ്ശുവാ വ്യക്തമാക്കിയിരിക്കുന്നത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാന്‍വേണ്ടി ദൂരദേശത്തേക്കു പോയി. അവന്‍ ഭൃത്യന്‍മാരില്‍ പത്തുപേരെ വിളിച്ച്, പത്തു നാണയങ്ങള്‍ അവരെ ഏല്പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിന്‍. അവന്റെ പൗരന്മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെ അയച്ചു. എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്പിച്ചിരുന്ന ഭൃത്യന്മാര്‍ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാന്‍ അവന്‍ കല്പിച്ചു”(ലൂക്കാ: 19; 12-15). വളരെ പ്രാധാന്യമുള്ള ഒന്നിലധികം സത്യങ്ങള്‍ ഈ ഉപമയില്‍നിന്നു ഗ്രഹിക്കാനുണ്ട്. അവയെല്ലാം ചര്‍ച്ചചെയ്യുന്നതിനു പകരം, ഈ ലേഖനത്തിലൂടെ നാം നടത്തുന്ന പഠനത്തിന്റെ പൂര്‍ണ്ണതയ്ക്ക് അനിവാര്യമായതു മാത്രം പരിഗണിക്കാം.

ഇവിടെ നാം വായിച്ച സന്ദേശത്തില്‍ മൂന്നു ഭാഗത്ത് അടിവരയിട്ടിരിക്കുന്നതു ശ്രദ്ധിക്കുക. അതില്‍ ആദ്യത്തേതും അവസാനത്തേതും ഒരേകാര്യമാണ് നമ്മോടു വിളിച്ചുപറയുന്നത്. എന്നാല്‍, രണ്ടാമത്തേത് വേറൊരു വസ്തുത നമ്മെ ബോധ്യപ്പെടുത്തുന്നു. ആദ്യമേതന്നെ പറയട്ടെ, ഈ ഉപമ യേഹ്ശുവായുടെ മടങ്ങിവരവിനെ സൂചിപ്പിക്കുന്ന ഏറ്റവും പ്രാധാനപ്പെട്ട വെളിപ്പെടുത്തലാണ്. അവിടുത്തെ മടങ്ങിവരവിനെ ഇഷ്ടപ്പെടാത്ത ലൗകികരായ ചിലരെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് അടിവരയിട്ടു പ്രാധാന്യം നല്‍കിയിരിക്കുന്ന രണ്ടാമത്തെ ഭാഗം! യേഹ്ശുവായുടെ മടങ്ങിവരവിനെ നിഷേധിക്കുകയോ അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പുനരാഗമനത്തിന്റെ പ്രസക്തി നിസ്സാരമാക്കുകയോ ചെയ്യുന്നവരെയാണ്‌ നിവേദനസംഘത്തോട് ഉപമിച്ചിരിക്കുന്നത്. യേഹ്ശുവാ ഏല്പിച്ച നാണയങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ടവരുടെ പ്രതിനിധികളാണിവര്‍. നാണയം എന്നത് ക്രിസ്തു നമ്മെ ഓരോരുത്തരെയും ഏല്പിച്ചിരിക്കുന്ന സുവിശേഷമാണ്. തനിക്കു ലഭിച്ച സുവിശേഷത്താല്‍ എത്ര വ്യക്തികളെ ക്രിസ്തുവിനുവേണ്ടി സമ്പാദിച്ചു എന്നതാണ് നാണയത്തിന്റെ വര്‍ദ്ധനവിലൂടെ അറിയാന്‍ കഴിയുന്നത്. കൂടുതല്‍ ആളുകളെ നേടുന്നവന്‍ തനിക്കു ലഭിച്ചിരിക്കുന്ന നാണയം അനേകം മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു. ഒരാളെയെങ്കിലും നേടാത്തവനെ യേഹ്ശുവാ പരിഗണിക്കുകയില്ല എന്ന താക്കീതും ഈ ഉപമയില്‍ വായിച്ചെടുക്കാന്‍ സാധിക്കും! ഇതാണ് ക്രിസ്ത്യാനികളായ സകല വ്യക്തികളുടെമേലും അഭിഷേകം ചെയ്തിരിക്കുന്ന ദൗത്യം!

അടിവരയിട്ടു പ്രഖ്യാപിച്ചിരിക്കുന്ന ഒന്നാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളിലൂടെ യേഹ്ശുവാ അവിടുത്തെ തിരിച്ചുവരവെന്ന യാഥാര്‍ത്ഥ്യം സ്ഥിരീകരിക്കുകയാണ്. മാത്രവുമല്ല, അത് രാജത്വം സ്വീകരിച്ചുള്ള മടങ്ങിവരവായിരിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്യുന്നു! അനേകം വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യാനുണ്ടെങ്കിലും അതിലേക്കൊന്നും നാമിപ്പോള്‍ കടക്കുന്നില്ല. സ്വര്‍ഗ്ഗത്തിലേക്കു കടന്നുപോയ യേഹ്ശുവായില്‍നിന്ന് ഏതെല്ലാം വിധത്തില്‍ വ്യത്യസ്തനായിരിക്കും മടങ്ങിവരുമ്പോഴുള്ള യേഹ്ശുവാ എന്ന് മനസ്സിലാക്കാന്‍ മാത്രമാണ് ഈ ഉപമ പഠനവിധേയമാക്കുന്നത്. ഉപമയിലെ നായകന്‍ ഒരു പ്രഭുവാണെന്നും, ഇയാള്‍ രാജപദവി സ്വീകരിക്കുന്നതിനുവേണ്ടിയാണ് പുറപ്പെടുന്നതെന്നും മനസ്സിലാക്കാന്‍ നമുക്കു സാധിക്കും. പോകുന്നത് പ്രഭുവും മടങ്ങിവരുന്നത് രാജാവുമാണെന്ന് ഇവിടെ വ്യക്തമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, പ്രഭുവായിരുന്ന വ്യക്തിക്ക് രാജപദവികൂടി ലഭിക്കുന്നു. അങ്ങനെയെങ്കില്‍, ഭൃത്യന്മാരുടെ അടുക്കലേക്കു മടങ്ങിവരുന്നത് പ്രഭുവും രാജാവുമാണ്. പുനരാഗമനത്തില്‍ യേഹ്ശുവായും ഇപ്രകാരമായിരിക്കും! അവിടുന്ന് ഭൂമിയില്‍നിന്നു കടന്നുപോകുമ്പോള്‍ മനുഷ്യപുത്രനും രക്ഷകനും ഗുരുവും ആയിരുന്നുവെങ്കില്‍, മടങ്ങിവരുന്ന യേഹ്ശുവാ രാജാവും ദൈവവുംകൂടിയാണ്! ഈ പദവികള്‍ സ്വീകരിക്കാനാണ്‌ യേഹ്ശുവാ കടന്നുപോയത്.

ഇവിടെ നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. എന്തെന്നാല്‍, ഈ ഭൂമിയിലെ ഒരു രാജ്യത്തെയും രാജാക്കന്മാര്‍ തങ്ങളുടെ രാജത്വം സ്വീകരിക്കുന്നതിനു മറ്റു രാജ്യങ്ങളില്‍ പോകുന്നില്ല. രാജ്യത്തിനു പുറത്തുള്ള ഏതെങ്കിലും സ്ഥലത്തുപോയി രാജത്വം സ്വീകരിക്കുന്ന രീതി പിന്തുടരുന്ന ഒരേയൊരു സമൂഹം കത്തോലിക്കാസഭ മാത്രമാണ്! യേഹ്ശുവായ്ക്ക് രാജപദവി ലഭിച്ചത് സ്വര്‍ഗ്ഗത്തില്‍ നിന്നാണെന്നു നമുക്കറിയാം. കത്തോലിക്കാസഭയില്‍ ഇതെങ്ങനെയാണെന്നു പറയാം. സഭയിലെ കര്‍ദ്ദിനാള്‍മാര്‍ക്ക് രാജപദവി ഉണ്ടെന്ന യാഥാര്‍ത്ഥ്യം ചിലര്‍ക്കെങ്കിലും അറിയാമെന്നു കരുതുന്നു. ഈ രാജത്വം ഐഹികമായ പദവിയോ അധികാരമോ അല്ല; മറിച്ച്, സഭയിലെ മക്കളെ ആത്മീയമായി നയിക്കാനുള്ള പദവിയാണ്‌. വിവിധ രാജ്യങ്ങളിലെ വിശ്വാസികളെ നയിക്കാന്‍ ചുമതലയേറ്റിരിക്കുന്ന രാജാക്കന്മാര്‍തന്നെയാണ് ഇവര്‍! ഇവര്‍ തങ്ങളുടെ രാജപദവി സ്വീകരിക്കാന്‍ വത്തിക്കാനില്‍ പോകണം. പോകുമ്പോള്‍ ഇവര്‍ കര്‍ദ്ദിനാള്‍ അല്ല; മടങ്ങിവരുമ്പോള്‍ ഇവര്‍ കര്‍ദ്ദിനാളാണ്! വത്തിക്കാനിലേക്ക് പോകുമ്പോള്‍ ജോര്‍ജ്ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്‌ മാത്രമായിരുന്നുവെങ്കില്‍, തിരികെവന്നത് കര്‍ദ്ദിനാള്‍ എന്ന ഒരു പദവികൂടി വഹിച്ചുകൊണ്ടാണ്! യേഹ്ശുവായുടെ മടങ്ങിവരവില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ ഒന്നാണിത്! മടങ്ങിവരുന്ന യേഹ്ശുവാ മനുഷ്യപുത്രന്‍ മാത്രമല്ല, ദൈവവും കൂടിയായിരിക്കും!

ആരംഭത്തില്‍ നാം വായിച്ച വചനത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഒരു വലിയ സത്യമാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതാണ് ആ വചനം: “മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല”(മത്താ: 12; 32). മനുഷ്യപുത്രനെതിരായി പറയുന്ന ദൂഷണപരമായ വാക്കുകള്‍ ക്ഷമിക്കുന്നത് അവിടുന്ന് മനുഷ്യപുത്രന്‍ മാത്രമായിരുന്നപ്പോഴാണ്! പുനരാഗമനത്തിലെ യേഹ്ശുവാ മനുഷ്യപുത്രന്‍ മാത്രമല്ലാത്തതുകൊണ്ടുതന്നെ, അവിടുത്തേക്ക്‌ എതിരായി ദൂഷണം പറഞ്ഞതിനുശേഷം പാപക്ഷമ ലഭിക്കുമെന്ന് ആരെങ്കിലും കരുതരുത്. എന്തെന്നാല്‍, അന്ന് അവന്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും ആയിരിക്കും! രാജപദവി സ്വീകരിച്ചു മടങ്ങിവരുന്ന യേഹ്ശുവായുടെ സ്വത്വം എന്തായിരിക്കുമെന്നു മനസ്സിലാക്കാന്‍ ഈ പ്രവചനം ശ്രദ്ധിക്കുക: “യാഹ്‌വെ ഭൂമി മുഴുവന്റെയും രാജാവായി വാഴും. അന്ന് യാഹ്‌വെ ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു; അവിടുത്തേക്ക്‌ ഒരു പേര് മാത്രവും”(ശെഖരിയാഹ്: 14; 9). പിതാവും പുത്രനും പരിശുദ്ധാത്മാവും (മനസ്സും ശരീരവും ആത്മാവും) ഒന്നായിരിക്കുന്ന ഏകദൈവത്തെ ദൂഷണം പറയുന്നവന്റെ അവസ്ഥ എന്തായിരിക്കുമെന്നു വിവരിക്കാന്‍ മനോവയ്ക്കു സാധിക്കില്ല!

പരിശുദ്ധാത്മാവിന് എതിരായ പാപങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആമുഖമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് നാമിതുവരെ പരിശോധിച്ചത്. മനുഷ്യപുത്രനെതിരേ ദൂഷണം പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന അറിവ് ഒരുപക്ഷേ അപകടം വരുത്തിവച്ചേക്കാം. ആയതിനാല്‍, സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതിനു മുന്‍പ് എങ്ങനെയായിരുന്നുവോ, ആ പദവിയിലല്ല യേഹ്ശുവാ ഇപ്പോള്‍ ആയിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം പ്രഘോഷിക്കേണ്ടത് അനിവാര്യതയാകുന്നു! എന്തെന്നാല്‍, മുപ്പത്തിമൂന്നു വര്‍ഷക്കാലം മനുഷ്യപുത്രന്‍ മാത്രമായിരുന്ന യേഹ്ശുവായോടുള്ള ദൂഷണം ക്ഷമിച്ചുവെന്നു കരുതി, ഇന്ന് അവിടുത്തെ ദ്വേഷിക്കാന്‍ ശ്രമിക്കരുത്. യേഹ്ശുവായുടെ സ്വത്വം എല്ലാവരും മനസ്സിലാക്കിയതിനാല്‍, മുഖ്യവിഷയത്തിലേക്ക് നമുക്കു പ്രവേശിക്കാം!

ഒരിക്കലും ക്ഷമിക്കപ്പെടാത്ത പാപങ്ങള്‍! 

ക്ഷമിക്കപ്പെടാത്ത പാപങ്ങളുണ്ടെങ്കില്‍ ആ പാപങ്ങളെക്കുറിച്ച് എത്രത്തോളം ജാഗ്രത നമുക്കുണ്ടായിരിക്കണം! എല്ലാ പാപങ്ങളും ദൈവം ക്ഷമിക്കുമെന്നു കരുതിയിരിക്കുന്ന അനേകര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. പാപത്തില്‍ ആത്മീയമരണം വരിച്ച്, ശരീരത്തില്‍ ജീവിക്കുന്നവരും നമുക്കിടയിലുണ്ട്. മരിച്ചിട്ടും തങ്ങളുടെ മരണത്തെ തിരിച്ചറിയാതെ ജീവിക്കുന്നവരും അനേകരാണ്! ഇവരെ ഉയിര്‍പ്പിക്കാനോ നിത്യജീവനിലേക്ക്‌ ആനയിക്കാനോ ആര്‍ക്കും സാധിക്കില്ല. ഭയാനകമായ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗ്ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്‌സാ അധിക്‌ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു”(ഹെബ്രാ: 6; 4-6). യേഹ്ശുവായെ അറിയുകയും അവിടുത്തെ പേരില്‍ മാത്രം സംലഭ്യമാകുന്ന നിത്യരക്ഷയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തതിനുശേഷം സത്യത്തെ തമസ്കരിക്കുന്നവരുടെ അന്ത്യമാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്.

വ്യക്തമായ ബോദ്ധ്യം ലഭിച്ച ഒരുവന്‍ അന്യദേവന്മാരെ സേവിക്കുകയോ അവയെ മഹത്വപ്പെടുത്തുകയോ ചെയ്യുന്ന ഒരുവന്റെ പാപം ക്ഷമിക്കപ്പെടുകയില്ല! അത് മരണാര്‍ഹമായ പാപമാണ്! ഈ വെളിപ്പെടുത്തല്‍ നോക്കുക: “മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്”(1 യോഹ: 5; 16, 17). മരണാര്‍ഹമായ പാപവും മരണാര്‍ഹമല്ലാത്ത പാപവും എന്നതിലൂടെ ക്ഷമിക്കപ്പെടാത്ത പാപത്തെയും ക്ഷമ ലഭിക്കുന്ന പാപത്തെയുമാണ് വ്യക്തമാക്കിയിരിക്കുന്നത്. മരണാര്‍ഹമായ പാപം ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറയാത്തത്, ആ പ്രാര്‍ത്ഥന വൃഥാവിലാണെന്ന് അപ്പസ്തോലനു വ്യക്തമായി അറിയാവുന്നതുകൊണ്ടാണ്. ഒരുവന്‍ യേഹ്ശുവായെ അറിയുകയും വിശ്വസിക്കുകയും അവിടുത്തെ പേരില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അവന്‍ ചെയ്യുന്ന പാപങ്ങള്‍ ക്ഷമിക്കപ്പെടുകയില്ലേ എന്ന ചോദ്യം സ്വാഭാവികമായി ഇവിടെ ഉയരാം. എന്നാല്‍, മരണാര്‍ഹമായ പാപത്തെക്കുറിച്ചു വ്യക്തവരുമ്പോള്‍ ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്കു ലഭിക്കും.

യേഹ്ശുവായെ അറിഞ്ഞതിനുശേഷം പാപം ചെയ്‌താല്‍ അത് ക്ഷമിക്കപ്പെടുകയില്ലെങ്കില്‍ ആരാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയും നിത്യജീവന്‍ പ്രാപിക്കുകയും ചെയ്യുന്നത്? മനുഷ്യന്‍ ബലഹീനനാണെന്നും അവന്റെ മനസ്സ് തിന്മയിലേക്ക് ചാഞ്ഞിരിക്കുന്നുവെന്നും ദൈവത്തിനറിയാം. അതിനാല്‍ത്തന്നെ, മരണാര്‍ഹമല്ലാത്ത പാപങ്ങള്‍ അവിടുന്ന് ക്ഷമിക്കും. ഈ വചനം നോക്കുക: “മനുഷ്യന്‍ കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്റെ അന്തരംഗം തിന്മയിലേക്കു ചാഞ്ഞിരിക്കയാണ്”(സൃഷ്ടി: 8; 21). നോഹിന്റെ കാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ പാപത്തില്‍ മുഴുകിയപ്പോള്‍, മനുഷ്യരോടൊപ്പം ജീവജാലങ്ങളെയും ജലപ്രളയത്തിലൂടെ ദൈവം നശിപ്പിച്ചു. പ്രളയാനന്തരം യാഹ്‌വെ അരുളിച്ചെയ്ത വാക്കുകളാണ് നാമിപ്പോള്‍ വായിച്ചത്. മനുഷ്യന്റെ എല്ലാ ജഢിക പാപങ്ങളും ദൈവം ക്ഷമിക്കും. മനുഷ്യന്‍ ബലഹീനനായതുകൊണ്ട് ബലഹീനപാപങ്ങള്‍ അവിടുന്ന് ക്ഷമിക്കും; എന്നാല്‍, ബലംപ്രയോഗിച്ചു ചെയ്യുന്ന പാപങ്ങള്‍ ക്ഷമിക്കില്ല! ബലംപ്രയോഗിച്ചു ചെയ്യുന്ന പാപങ്ങളില്‍ അധികവും പരിശുദ്ധാത്മാവിന് എതിരായ പാപങ്ങളാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ആത്മാവിനെതിരേയുള്ള പാപങ്ങളെക്കുറിച്ചു പഠിക്കുന്നതിനുമുമ്പ്, പാപത്തിന്റെ സ്വാധീനത്തെ സംബന്ധിച്ചും പാപക്ഷമയെ സംബന്ധിച്ചും അതിന്റെ സാധ്യതകളെ സംബന്ധിച്ചും ചിലതുകൂടി അറിഞ്ഞിരിക്കണം.

ഈ പ്രബോധനം ശ്രദ്ധിക്കുക: “ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്. അങ്ങനെ, നന്മ ചെയ്യാനാഗ്രഹിക്കുന്ന എന്നില്‍ത്തന്നെ തിന്മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു. എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ളാദിക്കുന്നു. എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്‌സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു. ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന് അധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെ ആരു മോചിപ്പിക്കും? നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹാവഴി ദൈവത്തിനു സ്‌തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്‌സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും”(റോമാ: 7; 19-25). മനുഷ്യന്‍ ആയിരിക്കുന്ന അവസ്ഥയാണ് ഇവിടെ വരച്ചുവച്ചിരിക്കുന്നത്. ഈ അവബോധം ഓരോ ആത്മീയ മനുഷ്യനും ഉണ്ടായിരിക്കണം. അതായത്, താന്‍ ബലഹീനനാണെന്ന യാഥാര്‍ത്ഥ്യം ഓരോ മനുഷ്യനു തന്നെക്കുറിച്ചുതന്നെ ഉണ്ടായിരിക്കേണ്ട അവബോധമാണ്! വീണാലും എഴുന്നേല്‍ക്കും എന്നതായിരിക്കണം ആത്മീയ മനുഷ്യന്റെ നയം. ഈ വചനം നോക്കുക: “എന്തെന്നാല്‍, നീതിമാന്‍ ഏഴുതവണ വീണാലും വീണ്ടും എഴുന്നേല്‍ക്കും; ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂര്‍ണ്ണനാശത്തിലേക്കാണ്”(സുഭാഷിതങ്ങള്‍: 24; 16).

മാനുഷ്യന്‍ തന്റെ ബലഹീനതയാല്‍ ചെയ്യുന്ന പാപങ്ങള്‍ അവിടുന്ന് ക്ഷമിക്കുന്നത്, അവന്‍ എത്രതവണ ചെയ്തുവെന്ന് എണ്ണിനോക്കിയിട്ടല്ല. തന്റെ പാപം ക്ഷമിക്കപ്പെടുകയില്ല എന്നത്  ഒരേ പാപംതന്നെ ആവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന ഒരു ആകുലതയാണ്. പാപങ്ങള്‍ ആവര്‍ത്തിക്കുന്നത് തന്റെ ബലഹീനതയാലാണെന്നും, തന്റെ ബലഹീനതയെപ്രതി കഠിനമായി തന്നെ ശിക്ഷിക്കുന്ന ദൈവമല്ല നമ്മുടെ ദൈവമായ യേഹ്ശുവായെന്നും അറിഞ്ഞിരിക്കണം. ക്ഷമയെ സംബന്ധിച്ച് അവിടുന്ന് നല്‍കുന്ന പ്രബോധനങ്ങള്‍ ബൈബിളില്‍ നാം വായിക്കുന്നുണ്ട്. യേഹ്ശുവായും കേപ്ഫായുമായുള്ള ഈ സംഭാഷണം ശ്രദ്ധിക്കുക: “അപ്പോള്‍ കേപ്ഫാ മുന്നോട്ടു വന്ന് അവനോടു ചോദിച്ചു:  ഗുരുവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേഹ്ശുവാ അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ്എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു”(മത്താ: 18; 21, 22). മനുഷ്യരായ നമ്മോട് ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കാന്‍ ആവശ്യപ്പെട്ടുവെങ്കില്‍, യേഹ്ശുവായുടെ ക്ഷമ എത്രയോ അധികമായിരിക്കും! എന്നാല്‍, ദൈവത്തിന്റെ കാരുണ്യത്തെപ്രതി പാപത്തെ നിസ്സാരമായി കാണരുത്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “പാപം ചെയ്തിട്ട് എനിക്ക് എന്തു സംഭവിച്ചു എന്നും പറയരുത്; യാഹ്‌വെയുടെ കോപം സാവധാനമേ വരൂ. ക്ഷമിക്കുമെന്നോര്‍ത്ത് വീണ്ടും വീണ്ടുംപാപം ചെയ്യരുത്. അവിടുത്തെ കാരുണ്യം നിസ്‌സീമമാണ്, അവിടുന്ന് എന്റെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കും എന്നു പറയരുത്. കാരുണ്യത്തോടൊപ്പം ക്രോധവും യാഹ്‌വെയിലുണ്ട്; അവിടുത്തെ ക്രോധം പാപികളുടെമേല്‍ പതിക്കും”(പ്രഭാ: 5; 4-6). 

യേഹ്ശുവായിലൂടെയുള്ള പാപക്ഷമയുടെ അനന്തസാദ്ധ്യതകളെ സംബന്ധിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളില്‍ വായിക്കാന്‍ സാധിക്കും. അവയെല്ലാം ഇവിടെ എഴുതുകയെന്നത് വളരെ ശ്രമകരമായ കാര്യമായിരിക്കും. എന്തെന്നാല്‍, ബൈബിളിലെ കാതലായ സന്ദേശംതന്നെ പാപക്ഷമയുടെ അതിരുകളില്ലാത്ത സാദ്ധ്യതകളെ വെളിപ്പെടുത്തുന്നതാണ്. പാപങ്ങള്‍ എത്രതന്നെ കഠിനവും ആവര്‍ത്തിക്കപ്പെടുന്നതും ആണെങ്കിലും ക്ഷമിക്കപ്പെടും എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതിന് അനിവാര്യമായ പാപബോധവും പശ്ചാത്താപവും നഷ്ടപ്പെട്ടുപോയാലുള്ള അവസ്ഥയാണ് പരിതാപകരം! കാരണം, കൂടെക്കൂടെ ആവര്‍ത്തിക്കുന്ന പാപങ്ങള്‍ ഒരുവന്റെ പശ്ചാത്തപിക്കാനുള്ള സാധ്യതതന്നെ ഇല്ലാതാക്കുന്നു. അതിലൂടെ സംഭവിക്കുന്നത്, ക്ഷമിക്കാന്‍ കാത്തിരിക്കുന്ന ദൈവത്തിന്റെ സന്നിധിയിലേക്കു കടന്നുചെല്ലാന്‍ കഴിയാതെ അവന്‍ നശിക്കുന്നുവെന്നതാണ്! അതായത്, ദൈവത്തിന്റെ സന്നിധിയിലേക്കു കടന്നുചെല്ലാന്‍ കഴിയാത്തവിധം പാപം അവനെ വരിഞ്ഞുകെട്ടുന്ന അവസ്ഥ! ഈ അവസ്ഥയെയാണ് മനുഷ്യന്‍ ഭയപ്പെടേണ്ടത്!

പാപങ്ങള്‍ ക്ഷമിക്കപ്പെടാതിരിക്കുക എന്നതിനേക്കാള്‍, പാപമോചനത്തിനായുള്ള ആഗ്രഹം ഇല്ലാതാകുകയോ അവസരങ്ങള്‍ നഷ്ടപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഗുരുതരമാണ്. വ്യഭിചാരം, വിഗ്രഹാരാധന തുടങ്ങിയ മാരകപാപങ്ങളില്‍നിന്നു വിടുതല്‍ പ്രാപിക്കാന്‍ ഒരുവനു സാധിക്കാതെവരുന്നതും ഇക്കാരണത്താല്‍ത്തന്നെ! പാപബോധവും പശ്ചാത്താപവും നഷ്ടപ്പെടുന്ന അവസ്ഥയെ സംബന്ധിച്ചുള്ള വചനം ശ്രദ്ധിക്കുക: “തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ യാഹ്‌വെയെ അറിയുന്നുമില്ല”(ഹോസെയാ: 5; 4). ക്ഷമിക്കാന്‍ തയ്യാറായി ദൈവം കാത്തിരിക്കുമ്പോഴും, അവിടുത്തെ സന്നിധിയിലേക്കു തിരിയാനോ ക്ഷമചോദിക്കാനോ കഴിയാത്തവിധത്തില്‍ ബന്ധിക്കപ്പെടുന്ന അവസ്ഥയാണ് വ്യഭിചാരത്തിന്റെ പരിണിതഫലം! ഇതിനു സമാനമായ അവസ്ഥതന്നെയാണ്‌ വിഗ്രഹാരാധനയിലൂടെയും സംജാതമാകുന്നത്. ശാസ്ത്രീയ നൃത്തങ്ങളും കീര്‍ത്തനങ്ങളും അന്യദൈവാരാധനയുടെ ഭാഗമാണെന്നു പലരും തിരിച്ചറിഞ്ഞിട്ടില്ല. നൃത്തങ്ങളുടെ ചുവടുകളിലൂടെയും കീര്‍ത്തനങ്ങളിലെ വരികളിലൂടെയും പൈശാചിക മൂര്‍ത്തികളെ പ്രകീര്‍ത്തിക്കുന്നതാണ് ഈ കലകള്‍! അതിനാല്‍ത്തന്നെ, ഇത്തരം കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും സത്യദൈവത്തിലേക്കു തിരിയാന്‍ കഴിയാതെവരുന്നു. കേരളത്തിലെ ഗാനഗന്ധര്‍വന്‍ എന്നറിയപ്പെടുന്ന അയ്യപ്പദാസിനെ നോക്കിയാല്‍ത്തന്നെ പൈശാചികതയുടെ പൂര്‍ണ്ണത ദര്‍ശിക്കാന്‍ കഴിയും. അനേകം തെളിവുകള്‍ നിരത്തി ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുമെങ്കിലും അതിനിവിടെ ശ്രമിക്കുന്നില്ല.

ഒരിക്കലും ക്ഷമിക്കപ്പെടാത്ത പാപങ്ങളെ സംബന്ധിച്ചുള്ള പഠനത്തിലേക്കു കടക്കുകയാണ്. ദൈവത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവ് ലഭിച്ചതിനുശേഷം, സത്യവിശ്വാസത്തിനു വിരുദ്ധമായ ആശയങ്ങളിലേക്കും ആരാധനകളിലേക്കും കടന്നുപോകുന്നതാണ് പരിശുദ്ധാത്മാവിനെതിരായ പാപം! ഇവിടെ രണ്ടുകാര്യം ശ്രദ്ധിക്കാനുണ്ട്. എന്തെന്നാല്‍, അന്യദൈവാരാധനയിലേക്കു തിരിയുന്ന എല്ലാവരുടെയും പാപങ്ങള്‍ പരിശുദ്ധാത്മാവിന് എതിരാകുന്നില്ല. അവന്‍ സത്യദൈവത്തെ എത്രത്തോളം ആഴത്തില്‍ അറിഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിലാണ് പാപത്തിന്റെ ഗൗരവം പരിഗണിക്കപ്പെടുന്നത്. അതായത്, പരിശുദ്ധാത്മാവിനെതിരേ ഒരുവന്‍ പാപം ചെയ്തോ എന്ന് വ്യക്തമായി അറിയാവുന്നത് ദൈവത്തിനു മാത്രമാണ്! ആയതിനാല്‍, പരിശുദ്ധാത്മാവിനെതിരേ ഒരുവന്‍ പാപം ചെയ്തുവെന്ന് പറയാന്‍ ഭൂമിയിലെ ഒരു മനുഷ്യനും സാധിക്കില്ല! ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് മനോവ ഈ വിഷയം ചര്‍ച്ചചെയ്യുന്നത്. പാപത്തിന്റെ ഗൗരവം നിശ്ചയിക്കാനുള്ള അവകാശം ദൈവത്തെ ഏല്പിച്ചുകൊണ്ട്, ഏതൊക്കെയാണ് ആ പാപങ്ങള്‍ എന്ന് മനോവ വ്യക്തമാക്കാം. സത്യദൈവമായ യാഹ്‌വെയെയും അവിടുത്തെ രക്ഷയായ യേഹ്ശുവായെയും വ്യക്തമായി അറിഞ്ഞതിനുശേഷമാണോ ഒരുവന്‍ ഈ ചെയ്തികളിലേക്ക് തിരിയുന്നതെന്ന് ദൈവം വിധിക്കട്ടെ!

വിജാതിയ അനുകരണവും അന്യദൈവങ്ങളുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുന്നതും!

സത്യദൈവത്തെ അറിഞ്ഞതിനുശേഷം അന്യദൈവങ്ങളുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുന്നതും സ്വന്തം ആരാധനകളില്‍ വിജാതിയ ആചാരങ്ങള്‍ അനുകരിക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവിനെതിരായ മാരകപാപമാണ്! ദൈവജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടേണ്ടതായ പരസ്യപാപമാണിത്. ഇത്തരം പാപത്തിലേര്‍പ്പെടുന്നവരെ വിശേഷിപ്പിച്ചിരുന്നത് വിഗ്രഹങ്ങളുമായി വ്യഭിചരിക്കുന്നവര്‍ എന്നായിരുന്നു! ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വ്യക്തി അന്യദൈവങ്ങളുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുന്നതുപോലും പരിശുദ്ധാത്മാവിനെതിരായ പാപമാണ്. ഒരുവന്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരിലാണെന്നു നമുക്കറിയാം. പിശാചിനെയും അതിന്റെ ആഘോഷങ്ങളെയും ഞാന്‍ വെറുത്തുപെക്ഷിക്കുന്നു എന്ന പ്രതിജ്ഞയാണ് ജ്ഞാനസ്നാനത്തില്‍ ഓരോരുത്തരും ഏറ്റുപറയുന്നത്. ഈ പ്രതിജ്ഞ ലംഘിക്കുന്നവര്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യ ദൈവത്തെ നിഷേധിക്കുന്നു.

അന്യദൈവങ്ങളുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും, അവരുടെ ആചാരങ്ങള്‍ അനുകരിക്കുന്നതും ബലഹീനതയായി പരിഗണിക്കാന്‍ കഴിയില്ല; മറിച്ച്, അഹങ്കാരവും ധാര്‍ഷ്ട്യവുമായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളു. അതിനാല്‍ത്തന്നെ ഇത്തരം വ്യഭിചാരങ്ങള്‍ പരിശുദ്ധാത്മാവിനെതിരേയുള്ള പാപമായി പരിഗണിക്കപ്പെടും. ഇത് വ്യഭിചാരമാണോ എന്നറിയാന്‍ ഈ പ്രവചനം നോക്കുക: “അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു”(യെസെക്കി: 23; 37). അന്യദൈവങ്ങളുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് നിയമംമൂലം യാഹ്‌വെ വിലക്കിയിട്ടുള്ളതാണ്. താക്കീതോടെ അറിയിച്ചിരിക്കുന്ന നിയമം ശ്രദ്ധിക്കുക: “ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദൈവങ്ങളെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്”(നിയമം: 12; 30, 31). ഈ നിയമം ലംഘിക്കുന്നത് ബലഹീനതയാലാണെന്നു പറയാന്‍ ആര്‍ക്കും സാധിക്കില്ല. രാമായണമാസം ആചരിച്ചുകൊണ്ട് ദൈവത്തെ പ്രകോപിപ്പിക്കുന്ന വൈദീകവേഷധാരികള്‍ ദൈവത്തിന്റെ സഭയില്‍നിന്ന് എന്നേക്കുമായി പരിത്യജിക്കപ്പെട്ടവരാണ്!

ശാസ്ത്രീയ സംഗീതങ്ങള്‍ ആലപിക്കുന്നതിനെ കലയായി കണ്ടാല്‍ മതിയെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍, പിശാചിനു സ്തുതികള്‍ അര്‍പ്പിക്കുന്ന ഈ പൈശാചികതയെ ദൈവം അംഗീകരിച്ചിട്ടില്ല. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധവയ്ക്കണം. മറ്റൊരു ദൈവത്തിന്റെ പേര് കീര്‍ത്തിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്”(പുറ: 23; 13). കീര്‍ത്തനങ്ങള്‍ ആലപിക്കുന്നവരുടെ നാവില്‍നിന്നു കേള്‍ക്കുന്നത് ആരുടെ പേരും സ്തുതികളുമാണ്? പേര് ഉരുവിടുന്നവര്‍ ആ പിശാചിനെ സ്മരിക്കുകയും ചെയ്യുന്നു! ഈ ലേഖനം വായിച്ച ഒരു വ്യക്തിക്കും ഇനി ഒഴിവുകഴിവില്ല. സത്യം അറിഞ്ഞതിനാല്‍, ഇനി അത് തുടരുന്നവര്‍ പരിശുദ്ധാത്മാവിനെതിരായി പാപം ചെയ്യുന്നു! ഈ ലോകത്തോ വരാനിരിക്കുന്ന ലോകത്തോ ക്ഷമിക്കപ്പെടാത്ത പാപം എന്നനിലയ്ക്ക്‌ ഇതിന്റെ ഗൗരവം ചെറുതല്ല!

മിശ്രവിവാഹിതര്‍ പരിശുദ്ധാത്മാവിനെതിരേ പാപംചെയ്യുന്നു!

പരിശുദ്ധാത്മാവിനെതിരായ മറ്റൊരു പാപം ഇതാണ്: “അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദൈവങ്ങളെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും”(നിയമം: 7; 3, 4). ക്രിസ്ത്യാനി സത്യദൈവമായ യാഹ്‌വെയുടെ പുത്രനാണെങ്കില്‍, വിജാതിയര്‍ അവരുടെ ദൈവത്തിന്റെ മക്കളാണ്; അവരുടെ ദൈവങ്ങളാകട്ടെ, പിശാചുക്കളും! ഇതാ, പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു: “വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു ഭൂതഗണങ്ങള്‍ക്കാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്”(1 കോറി: 10; 20). അതുകൊണ്ടുതന്നെ, ദൈവത്തിന്റെ മക്കള്‍ പിശാചിന്റെ മക്കളെ വിവാഹം ചെയ്യുന്നതിലൂടെ അവന്റെ മക്കളായിത്തീരുന്നു! അതായത്, വിജാതിയരായ വ്യക്തികള്‍ വ്യാജദൈവത്തിന്റെ മക്കളാണ്. അവരെ വിവാഹം ചെയ്ത യെഹൂദസമൂഹത്തോട് മലാക്കി പ്രവാചകന്‍ വഴി യാഹ്‌വെ അറിയിച്ച അന്ത്യശാസനം നോക്കുക: “യെഹൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. യെരുശലെമിലും യിസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്കു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി. അന്യദൈവത്തിന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നവനുവേണ്ടി സാക്ഷ്യം നില്‍ക്കുകയോ സൈന്യങ്ങളുടെ യാഹ്‌വെയ്ക്കു കാഴ്ചയര്‍പ്പിക്കുകയോ ചെയ്യുന്നവനെ യാക്കോബിന്റെ കൂടാരത്തില്‍നിന്നു യാഹ്‌വെ വിച്‌ഛേദിക്കട്ടെ”(മലാക്കി: 2; 11, 12).

മലാക്കി പ്രവചനത്തെ സൂക്ഷമതയോടെ നിരീക്ഷിക്കുന്ന വ്യക്തികള്‍ക്ക് ഈ കാലഘട്ടത്തെ സംബന്ധിച്ചുള്ള മുന്നറിയിപ്പായി ഇതിനെ മനസ്സിലാക്കാന്‍ സാധിക്കും. എന്തെന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് കത്തോലിക്കാസഭയിലെ പള്ളികളില്‍ ഇപ്പോള്‍ നടത്തിക്കൊടുക്കുന്ന മിശ്രവിവാഹങ്ങളാണ് മലാക്കി പ്രവചിച്ചത്. അന്യദൈവത്തിന്റെ പുത്രിയെ വിവാഹം കഴിക്കുകയോ, അന്യദൈവത്തിന്റെ പുത്രന്മാര്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ മാത്രമല്ല മലാക്കി പ്രവചിച്ചത്; മറിച്ച്, അതിനു സാക്ഷ്യം നില്‍ക്കുന്നവരെയും യാഹ്‌വെയ്ക്ക് കാഴ്ചയര്‍പ്പിക്കുന്നവരെയും സഭയില്‍നിന്നു വിച്ഛേദിക്കട്ടെ എന്നാണ് പ്രവചിച്ചിരിക്കുന്നത്. അതായത്, ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്നവരും, വിവാഹം ആശിര്‍വദിക്കുന്ന വൈദീകനും ഈ പാപത്തില്‍ പങ്കാളിയാകുന്നു. അവരെല്ലാം സഭയില്‍നിന്നു വിച്ഛേദിക്കപ്പെടേണ്ടവര്‍ തന്നെയാണ്! കാരണം, ഈ പ്രവൃത്തി പരിശുദ്ധാത്മാവിനെതിരായ പാപമായി പരിഗണിക്കപ്പെടും! സത്യം തിരിച്ചറിഞ്ഞവര്‍ ഇത്തരം ബന്ധങ്ങള്‍ എന്നേക്കുമായി അവസാനിപ്പിക്കണം. എന്തെന്നാല്‍, പങ്കാളി വിജാതിയതയില്‍ തുടരുന്ന കാലത്തുള്ള ബന്ധം വ്യഭിചാരമാണ്!

മന്ത്രവാദം, ആഭിചാരം, ശകുനം, ജ്യോതിഷം...!

“നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാര്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ കാണരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്”(നിയമം: 18; 9-12). ഈ നിയമം അറിഞ്ഞിട്ടും ഒരു ക്രിസ്ത്യാനി ഇത്തരം മ്ലേച്ഛതകളില്‍ വ്യാപരിക്കുന്നത് പരിശുദ്ധാത്മാവിന് എതിരായ പാപമാണ്. ഒരുവന്‍ മന്ത്രവാദിയെയോ പ്രാശ്നികനെയോ ആഭിചാരക്കാരനെയോ സമീപിക്കുന്നത് ബലഹീനതയാലുള്ള പാപമാണെന്ന് ആരും കരുതരുത്. യാഹ്‌വെയ്ക്ക് നിന്ദ്യമാണെന്ന് അറിഞ്ഞിട്ടും ഇത്തരം പ്രവൃത്തികള്‍ തുടരുന്നുവെങ്കില്‍, ഈ പാപം ക്ഷമിക്കപ്പെടുന്നതല്ല. യാതൊരു രീതിയിലും ന്യായീകരിക്കാന്‍ സാധിക്കാത്ത പാപങ്ങളെയാണ് ക്ഷമിക്കപ്പെടാത്ത പാപമായി കണക്കാക്കുന്നത്. മന്ത്രവാദത്തിനോ ക്ഷുദ്രപ്രയോഗങ്ങള്‍ക്കോ എന്തു ന്യായീകരണമാണുള്ളത്?

ജാതകം എഴുതി സൂക്ഷിക്കുന്ന വ്യക്തികള്‍പ്പോലും കേരളത്തിലെ ക്രൈസ്തവ സഭകളിലുണ്ട്. സത്യം അറിഞ്ഞതിനുശേഷവും ഈ പൈശാചികതയില്‍ തുടരുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നവര്‍ പരിശുദ്ധാത്മാവിനെതിരേ പാപംചെയ്യുന്നു. ശരീരത്തില്‍ പച്ചകുത്തുന്നതിനെ ബലിഹീനതയായി കാണാന്‍ കഴിയില്ലാത്തതുകൊണ്ടുതന്നെ, ഈ നിയമലംഘനവും ക്ഷമിക്കപ്പെടുന്നതല്ല! നെറ്റിയില്‍ പൊട്ടുകുത്തുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാണ്. ജ്ഞാനസ്നാനവും സ്ഥൈര്യലേപനവും സ്വീകരിച്ചിട്ടുള്ള സകലരുടെയും നെറ്റിയില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ട്. ഈ അഭിഷേകത്തിനുമേല്‍ പൈശാചിക മുദ്ര ചാര്‍ത്തുന്നത് ഗുരുതരമായ പാപമാണെന്നു പലരും മനസ്സിലാക്കിയിട്ടില്ല! ഈ സത്യം അറിയുന്നതുവരെ അവരുടെ പാപങ്ങള്‍ ക്ഷമിക്കുമെങ്കിലും, സത്യം അറിഞ്ഞ ഇന്നുമുതല്‍ ഇവര്‍ക്ക് ഒഴിവുകഴിവില്ല! ദൈവമക്കള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന മറ്റൊരു നിയമമാണ് ദേഹത്ത് പച്ചകുത്തരുത് എന്നത്. “ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് യാഹ്‌വെ”(ലേവ്യര്‍: 19; 28). എന്നാല്‍, ഈ പൈശാചികത ഏറ്റവും കൂടുതലുള്ളത് ക്രൈസ്തവം എന്നറിയപ്പെടുന്ന രാജ്യങ്ങളിലാണ്. മനോഹരമായ ശരീരങ്ങളെ വികൃതമാക്കുന്ന ഈ ചെയ്തിയ്ക്ക് പൈശാചികത എന്നല്ലാതെ, മറ്റൊരു വിശേഷണവും നല്‍കാന്‍ കഴിയില്ല. പ്രാകൃതമായ ഈ പ്രവൃത്തിയെ എതിര്‍ക്കാന്‍ ക്രൈസ്തവ ആചാര്യന്മാര്‍ രംഗത്തിറങ്ങാത്തതും ദുരൂഹമാണ്! യാഹ്‌വെയുടെ നിയമം അറിഞ്ഞതിനുശേഷം പച്ചകുത്തുന്ന ഏതൊരുവനും പരിശുദ്ധാത്മാവിനെതിരേ പാപം ചെയ്യുന്നു. അത് ക്ഷമിക്കപ്പെടുകയില്ല!

ദൈവമക്കളുടെ ശരീരത്തില്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ദൈവത്തിനാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍”(1 കോറി: 6; 19, 20). ഈ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാത്തകാലത്ത് പച്ചകുത്തിയവരുടെ വിധി ദൈവം നിശ്ചയിക്കട്ടെ! എന്നാല്‍, ഈ സത്യം അറിഞ്ഞ ഇന്നുമുതല്‍ ആര്‍ക്കും ശിക്ഷാവിധിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. എന്തെന്നാല്‍, അത് പരിശുദ്ധാത്മാവിനെതിരായ പാപമായി പരിഗണിക്കും! ഒന്നാംപ്രമാണത്തിന്റെ ലംഘനമാണ് പരിശുദ്ധാത്മാവിനെതിരായ പാപം. സത്യദൈവത്തെ അറിഞ്ഞതിനുശേഷം വ്യാജദൈവങ്ങളിലേക്ക് ഏതെങ്കിലും വിധത്തില്‍ തിരിയുന്നത് പരിശുദ്ധാത്മാവിനെതിരായ പാപമായി പരിഗണിക്കപ്പെടും! അന്യദൈവങ്ങളെ ആരാധിക്കാന്‍ ഒരുവന്‍ തയ്യാറാകുന്നത് ബലഹീനതയാലല്ലെന്നു നാം കണ്ടു. അഹങ്കാരവും ധാര്‍ഷ്ട്യവും ഇതിന്റെ പിന്നിലുള്ളതുകൊണ്ട്, ഈ പാപം ബലംപിടിച്ചുള്ള പാപമാണ്!

ഉപസംഹാരം!

നിയമലംഘനങ്ങളെല്ലാം പാപമാണ്. എന്നാല്‍, ബലഹീനത, അജ്ഞത, ശരീരത്തിന്റെ പ്രവണതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ദൈവം ഹൃദയങ്ങളെ പരിശോധിച്ചാണ് ക്ഷമിക്കുന്നത്. സത്യദൈവത്തെ അറിഞ്ഞതിനുശേഷം മനഃപൂര്‍വ്വം പാപത്തിനു സമര്‍പ്പിക്കുന്നവരെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുപോലും കുറ്റമായി പരിഗണിക്കപ്പെടുമെങ്കില്‍, അവരുടെ അവസ്ഥ എത്രയോ ഭയാനകമായിരിക്കും! മനുഷ്യപുത്രനെതിരേ ആരെങ്കിലും ദൂഷണം പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും എന്ന വചനത്തെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. യേഹ്ശുവായെ ദുഷിച്ചു പറഞ്ഞാലും ശിക്ഷിക്കപ്പെടില്ല എന്ന അബദ്ധധാരണയിലാണ് പലരും ഇന്നുള്ളത്. എന്നാല്‍, അത് മുപ്പത്തിമൂന്നു വര്‍ഷം മനുഷ്യനായി ജീവിച്ച തന്നെ സംബന്ധിച്ചാണ് യേഹ്ശുവാ പറഞ്ഞത്. അന്ന് യേഹ്ശുവായെ ദുഷിക്കുകയും മുഖത്ത് തുപ്പുകയും പ്രഹരിക്കുകയും വധിക്കുകയും ചെയ്തു! അതെല്ലാം ദൈവം ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍, അവരുടെ സന്തതികളില്‍ ഒരുവന്‍പോലും ഈ ഭൂമുഖത്തു ജീവിക്കുമായിരുന്നില്ല! ആയതിനാല്‍, യേഹ്ശുവായും യാഹ്‌വെയും ഒരുവന്‍തന്നെ എന്ന യാഥാര്‍ത്ഥ്യമാണ് ഓരോ ക്രിസ്ത്യാനിയും വ്യക്തമായി അറിഞ്ഞിരിക്കേണ്ടത്!

ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: “മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യന്‍ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മരിക്കുന്നു. ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? പ്രതികാരം എന്റേതാണ്. ഞാന്‍ പകരംവീട്ടും എന്നും യാഹ്‌വെ തന്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു”(ഹെബ്രാ: 10; 28-30). മോശയുടെ നിയമം ലംഘിച്ചവര്‍ക്ക് ലഭിച്ച ശിക്ഷയെക്കാള്‍ ലഘുവായ ശിക്ഷയാണ് യേഹ്ശുവായെ നിഷേധിക്കുന്നവര്‍ക്കു ലഭിക്കുന്നതെന്നു പ്രചരിപ്പിക്കുന്ന കരുണയുടെ പ്രഘോഷകര്‍ അവിടുത്തെ കാഠിന്യവും ക്രോധവും സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു! പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തെക്കുറിച്ച് യേഹ്ശുവാ വെളിപ്പെടുത്തിയത് ഏതു സാഹചര്യത്തിലായിരുന്നു എന്നുകൂടി മനസ്സിലാക്കിയിരിക്കുക. ആ സന്ദര്‍ഭം നോക്കുക: “അനന്തരം, അന്ധനും ഊമനുമായ ഒരു പിശാചുബാധിതനെ അവര്‍ യേഹ്ശുവായുടെ അടുത്തുകൊണ്ടുവന്നു. യേഹ്ശുവാ അവനെ സുഖപ്പെടുത്തി. അവന്‍ സംസാരിക്കുകയും കാണുകയും ചെയ്തു. ജനക്കൂട്ടം മുഴുവന്‍ അദ്ഭുതപ്പെട്ടു പറഞ്ഞു: ഇവനായിരിക്കുമോ ദാവീദിന്റെ പുത്രന്‍? എന്നാല്‍, ഇതു കേട്ടപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: ഇവന്‍ പിശാചുക്കളുടെ തലവനായ ബാല്‍സെബൂലിനെക്കൊണ്ടുതന്നെയാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്”(മത്താ: 12; 22-24).

പിശാചിന്റെ ആത്മാവാണ് യേഹ്ശുവായില്‍ പ്രവര്‍ത്തിച്ചതെന്നു പറഞ്ഞപ്പോഴാണ് അവിടുന്ന് പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തെക്കുറിച്ചു വ്യക്തമാക്കിയത്. അതായത്, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ പൈശാചികം എന്ന് ആരോപിക്കുന്നത് ക്ഷമിക്കപ്പെടാത്ത പാപമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികളില്‍ പിശാചിനുകൂടി പങ്കാളിത്തം പ്രഖ്യാപിക്കുന്ന ഒരു നടപടിയാണ് എല്ലാ ദൈവങ്ങളും ഒന്നാണെന്ന് പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളിലൂടെയും രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്ന ആശയവും പരിശുദ്ധാത്മാവിനെതിരായ പാപമാണ്. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം പരിശുദ്ധാത്മാവിനെതിരേ ദൂഷണം പറയുക എന്നതായിരുന്നു!

ആയതിനാല്‍, സഭകള്‍ ഏതുമാകട്ടെ, യേഹ്ശുവായുടെ പേരില്‍ അദ്ഭുതങ്ങളോ അടയാളങ്ങളോ സംഭവിക്കുന്നതു കാണുമ്പോള്‍, അതിനെ പരിഹസിക്കുന്ന ഭോഷന്മാരുടെ കൂടെക്കൂടി അഭിപ്രായം പറയരുത്. അതിനെ അനുകൂലിക്കാനോ എതിര്‍ക്കാനോ ശ്രമിക്കരുത്; ഇത്തരം സന്ദര്‍ഭങ്ങളില്‍ മൗനമാണ് ദൈവമക്കള്‍ക്കു ഭൂഷണം! എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥ വാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും”(മത്താ: 12; 36, 37).

അദ്ഭുതങ്ങളുടെയും അടയാങ്ങളുടെയും ആധികാരികത പ്രഖ്യാപിക്കാന്‍ മെനക്കെടാതെ, അതില്‍നിന്നു മാറിനില്‍ക്കുക! അതുകൊണ്ടുതന്നെയാണ്, യേഹ്ശുവാ ഇപ്രകാരം ഉപദേശിച്ചിരിക്കുന്നത്: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും”(മത്താ: 24; 23, 24). വ്യക്തമായി വിവേചിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അദ്ഭുതങ്ങളെയും അടയാളങ്ങളെയും സംബന്ധിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ ഒരുപക്ഷെ പരിശുദ്ധാത്മാവിനെതിരായ ദൂഷണങ്ങളായേക്കാം. ആയതിനാല്‍, പരിശുദ്ധാത്മാവിനെതിരെയുള്ള പാപങ്ങളെ ഗൗരവമായി കാണണം എന്ന ആഹ്വാനത്തോടെ ഈ ലേഖനം ഉപസംഹരിക്കുകയാണ്! “സത്യത്തെ സംബന്ധിച്ചു പൂര്‍ണ്ണമായ അറിവു ലഭിച്ചതിനുശേഷം മനഃപൂര്‍വ്വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ”(ഹെബ്രാ: 10; 26, 27).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8519 views

LOG IN

Lost your password?

SIGN UP

LOST PASSWORD