അറിഞ്ഞിരിക്കാന്‍

'തീണ്ടലും തൊടീലും ആര്‍ത്തവ അശുദ്ധിയും' ഒരു പുനര്‍വായന!

Print By
about

13 - 10 - 2018

ഹിന്ദുമതത്തിലെ അനേകം ദുരാചാരങ്ങളില്‍ ഒരു ദുരാചാരമായിട്ടാണ് 'അയിത്തം' അഥവാ തീണ്ടലിനെയും തൊടീലിനെയും മറ്റു സമൂഹങ്ങള്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ തീണ്ടലും തൊടീലും അയിത്തത്തിന്റെ അനേകം വകഭേദങ്ങളില്‍ പ്രധാനപ്പെട്ടവ മാത്രമാണ്. അയിത്തത്തിന്റെ പട്ടികയില്‍ വേറേ പല കാര്യങ്ങളും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. താനൊരു പുരോഗമന വാദിയാണെന്ന് പൊതുസമൂഹത്തെ ധരിപ്പിക്കേണ്ടതിനുവേണ്ടി അയിത്തത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന കപട പുരോഗമനവാദികളെ ഹൈന്ദവരുടെയിടയിലും കാണാം. എന്നാല്‍, തങ്ങളുടെ പെണ്‍മക്കളെ പുലയനു വിവാഹം കഴിച്ചു കൊടുക്കുകയോ, തങ്ങളുടെ ആണ്‍മക്കള്‍ക്കുവേണ്ടി ഒരു പുലയത്തിയെ ഭാര്യയായി സ്വീകരിക്കുകയോ ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകളായ സവര്‍ണ്ണര്‍പോലും തയ്യാറാകില്ല എന്നതാണു യാഥാര്‍ത്ഥ്യം! ബുദ്ധിജീവികളുടെയോ പുരോഗമനവാദികളുടെയോ ഗണത്തില്‍ മനോവയെ ചേര്‍ക്കേണ്ടതില്ല എന്ന മുഖവുരയോടെ മനോവ പറയുന്നു, അയിത്തത്തെ പൂര്‍ണ്ണമായും ഒരു ദുരാചാരമായി കണക്കാക്കാന്‍ കഴിയില്ല. ഇങ്ങനെ പറയാന്‍ പല കാരണങ്ങളുമുണ്ട്. ആയതിനാല്‍, ഈ ലേഖനത്തിലൂടെ നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് അയിത്തത്തെ ഒരു അനാചാരമോ ദുരാചാരമോ ആയി മാത്രമല്ല; മറിച്ച്, അയിത്തം എന്നത് തികച്ചും നീതീകരിക്കാന്‍ കഴിയാത്ത ദുരാചാരമാണോ എന്നതുകൂടി നാം പരിശോധിക്കുന്നു!

ഹൈന്ദവ സമൂഹത്തില്‍ നിലനിന്ന ജാതീയമായ ഒരു ആചാരമോ അനാചാരമോ ആണ് അയിത്തം. ചില ജാതിക്കാര്‍ക്കു മറ്റു ചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന സങ്കല്പമാണ് ഇതുപോലൊരു അനാചാരത്തിലേക്കു നയിച്ചത്. അശുദ്ധം എന്ന സംസ്കൃത പദം പിന്നീട് 'അയിത്തം' ആയി. പാലിയില്‍ 'അയിദ്ധം' എന്നാണു പറയുക. മലയാള പദത്തിന്റെ വ്യുല്പത്തിയില്‍ പാലിയും സ്വാധീനിച്ചിരിക്കണം. വിശുദ്ധിയെപ്പറ്റി സവര്‍ണര്‍ നിലനിര്‍ത്തിപ്പോന്ന സാമൂഹിക സങ്കല്പമാണ് അയിത്തം നിര്‍ണയിച്ചത്. വിശുദ്ധിയുടെ സങ്കല്പവുമായി പൊരുത്തപ്പെടാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അയിത്തം കല്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ഭരണഘടനയുടെ അനുച്ഛേദം 17 പ്രകാരം അയിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അയിത്തമെന്നത് ഹിന്ദുമതത്തില്‍നിന്നുള്ള ആശയമായി ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഹിന്ദുമതം രൂപപ്പെടുന്നതിന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ 'അയിത്തം' ഒരു നിയമമായി നിലനിന്ന സമൂഹങ്ങള്‍ ലോകത്തുണ്ടായിരുന്നു. ഇന്ത്യയില്‍ ഇത് ആരംഭിച്ചത്, എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ രൂപംകൊണ്ട ജാതിവ്യവസ്ഥയുടെ ഭാഗമായി മാത്രമാണ്. അതായത്, ഇന്ത്യയില്‍ ഇതിന് ആയിരം വര്‍ഷത്തെ പഴക്കംപോലുമില്ല. ഹിന്ദുമതം ഉണ്ടാകുന്നതിനുമുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് ജാതിവ്യവസ്ഥ മാത്രമാണ്. ഈ ജാതിവ്യവസ്ഥയ്ക്കുപോലും ആയിരം വര്‍ഷത്തോടടുത്ത പഴക്കം മാത്രമേയുള്ളു. ഇന്ത്യയിലെ ഈ ജാതികളെയെല്ലാം ചേര്‍ത്ത് 'ഹിന്ദുക്കള്‍' എന്നുവിളിക്കാന്‍ തുടങ്ങിയിട്ട് രണ്ടു നൂറ്റാണ്ടിലേറെ ആയിട്ടില്ല. ബുദ്ധമതത്തിന്റെ വകഭേദമായ ഈഴവരെയും വനാന്തരങ്ങളില്‍ ജീവിച്ചിരുന്ന ആദിവാസികളെയും ഹിന്ദുമതത്തിന്റെ കൂട്ടായ്മയില്‍ ചേര്‍ത്തുവച്ചു പരിചയപ്പെടുത്തുന്നുവെന്നല്ലാതെ, ഇവരൊന്നും ഹിന്ദുക്കളല്ല എന്നതാണു പരമാര്‍ത്ഥം! ഹിന്ദുമതത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള പഠനത്തിലേക്കു കൂടുതലായി കടന്നുപോകാതെതന്നെ, 'അയിത്തം' എന്ന വിഷയത്തില്‍ ശ്രദ്ധയൂന്നാനാണ് മനോവ ഇവിടെ ശ്രമിക്കുന്നത്. സന്ദര്‍ഭവശാല്‍ ചില കടന്നുകയറ്റങ്ങള്‍ ഉണ്ടായാല്‍ത്തന്നെ, വായനക്കാര്‍ അതിനെ അനിവാര്യമായ വിവരണങ്ങളായി മാത്രം പരിഗണിക്കുക.

രണ്ടു ആളുകള്‍ തമ്മിലുള്ള അകലം തന്നെയാണ് ‘അയിത്തം’! തൊടരുത് എന്നോ തൊടാന്‍ പാടില്ല എന്നോ ആ അകലം നിഷ്ക്കര്‍ഷിക്കുന്നു. ഇന്ത്യയില്‍ ജാതിയുടെയും മതത്തിന്റെയും ഭാഗമായി, മറ്റു ചില ഇടങ്ങളില്‍ ‘നിറ’ത്തിന്റെ ഭാഗമായി, അത് തുടരുകയാണ്. നരവംശ പഠനങ്ങളിലേക്കും അത് പടര്‍ന്നിട്ടുണ്ട്. കലയിലും സാഹിത്യത്തിലും പോലും അയിത്തത്തിന്റെ സ്വാധീനം ദര്‍ശിക്കാന്‍ കഴിയും. അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരേ ഇന്ത്യയില്‍ നടക്കുന്ന മുറവിളികള്‍ എല്ലാംതന്നെ വെറും പ്രഹസനങ്ങളാണെന്നു പറയാന്‍ മനോവയ്ക്കു മടിയൊന്നുമില്ല. ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നവര്‍പോലും 'ജാതി' അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് 'ക്യൂ' നില്‍ക്കുന്ന കാഴ്ച കണ്‍മുന്നില്‍ ഉള്ളിടത്തോളം ഈ വ്യവസ്ഥ ഇല്ലാതാകുമെന്നു കരുതാന്‍ കഴിയാത്തതുകൊണ്ടാണ് 'പ്രഹസനം' എന്ന് വിശേഷിപ്പിച്ചത്. ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടതിനായി വ്യാജരേഖകള്‍ ചമച്ച് കീഴാളരായവര്‍പോലും ഇന്ത്യയിലുണ്ട്. അതായത്, സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കില്‍, ജാതിയില്‍ എത്രത്തോളം താഴാനും തയ്യാറാണ്! എന്നാല്‍, ജാതിപ്പേര് വിളിച്ചാല്‍ വിവരമറിയും! നമ്പൂതിരിപ്പാട്‌, ഭട്ടതിരിപ്പാട്, വര്‍മ്മ, വാര്യര്‍, ചാക്യാര്‍, മാരാര്‍, നമ്പീശന്‍, പിഷാരടി, പണിക്കര്‍, കര്‍ത്താവ്, നായര്‍, മേനോന്‍, പിള്ള, ആചാരി എന്നിങ്ങനെയുള്ള ജാതിപ്പേര്‍ ചേര്‍ത്ത് സംബോധന ചെയ്യുന്നതില്‍ ആര്‍ക്കും പരിഭവമില്ല. നായര്‍ വിഭാഗത്തിനു താഴെയുള്ള ജാതികള്‍ക്കാണ് തങ്ങളുടെ ജാതിപ്പേരില്‍ അസംതൃപ്തിയുള്ളത്!

വിവിധ ജാതികളെ ഒരുമിച്ചുകൂട്ടി ഹിന്ദുമതം ഉണ്ടാക്കിയെങ്കിലും, ജാതികള്‍ ജാതികളായിത്തന്നെ തുടര്‍ന്നതുകൊണ്ട് പരസ്പരം ഇവര്‍ അയിത്തം കല്പിച്ച് അകന്നുനിന്നു. നമ്പൂരിക്ക് നായര്‍ കീഴാളനാണെങ്കില്‍, നായര്‍ക്ക് ഇഴാവരും അതിനു താഴെയുള്ളവരും കീഴാളന്മാരാണ്. ഈഴവരെ സംബന്ധിച്ചിടത്തോളം, നൂറുകണക്കിന് പുലയസമൂഹങ്ങള്‍ കീഴാളരായുണ്ട്! അതായത്, ഒരുമിച്ചു ഭക്ഷിക്കാനോ ആരാധന നടത്താനോ സാധിക്കാത്ത അനേകായിരം ജാതികളുടെ കൂട്ടായ്മയാണ് ഹിന്ദുമതം! ഇതിനെയാണോ 'നാനാത്വത്തില്‍ ഏകത്വം' എന്ന് വിശേഷിപ്പിക്കുന്നതെന്നു മനോവയ്ക്കറിയില്ല. ഏതായാലും, അയിത്തം നിശ്ചയിക്കപ്പെടുന്നത് ജാതീയമായ അടിസ്ഥാനത്തിലാണെന്നു മനോവ മനസ്സിലാക്കുന്നു! സവര്‍ണ്ണരെന്നു വിശേഷിപ്പിക്കപ്പെടുന്ന സമൂഹത്തിന് അവര്‍ണ്ണരുടെമേല്‍ ആധിപത്യം പുലര്‍ത്താന്‍ ഏര്‍പ്പെടുത്തിയ ആചാരങ്ങള്‍ എന്നതിനപ്പുറം ഇവരുടെ ആരാധനകളുമായി യാതൊരു ബന്ധവുമില്ലാത്ത ആചാരങ്ങളാണ് പലതും. കീഴ്ജാതിയില്‍പ്പെട്ട യുവതികള്‍ തങ്ങളുടെ മാറിടം സവര്‍ണ്ണരുടെ മുന്‍പില്‍ അനാവരണം ചെയ്യണമെന്നത് ആരാധനയുമായി ബന്ധപ്പെട്ട ആചാരമാണെന്നു പറയാന്‍ കഴിയില്ല. ആരാധനാമൂര്‍ത്തികളുമായോ ആരാധനകളുമായോ യാതൊരു ബന്ധവുമില്ലാത്ത ആചാരങ്ങള്‍ നിര്‍മ്മിച്ചത് ഹിന്ദുക്കളിലെ സവര്‍ണ്ണരായിരുന്നു. അവര്‍ണ്ണരുടെമേലുള്ള തങ്ങളുടെ ആധിപത്യം നിലനിര്‍ത്തേണ്ടതിനായി ആര്യന്മാരുടെ ബുദ്ധിയില്‍ ഉദിച്ച കൗശലമായിരുന്നു അത്.

ആചാരങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും!

അയിത്താചരണത്തെ പരിപൂര്‍ണ്ണമായി നിഷേധിക്കാന്‍ മനോവ ഒരിക്കലും തയ്യാറാകില്ല. അതായത്, പുരോഗമനവാദികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിന്റെ നയത്തിനു വിരുദ്ധമാണ് ഇക്കാര്യത്തില്‍ മനോവയുടെ പക്ഷം! അയിത്താചരണത്തില്‍ അംഗീകരിക്കപ്പെടേണ്ട മേഖല ഏതൊക്കെയാണെന്നു വ്യക്തമാക്കുന്നതിനുമുമ്പ് എതിര്‍ക്കപ്പെടേണ്ട മേഖലകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം. അയിത്താചരണത്തിലെ ഭൂരിപക്ഷം മേഖലകളും മനുഷ്യാവകാശങ്ങളുടെമേലുള്ള വ്യക്തമായ കടന്നുകയറ്റമാണ്. സവര്‍ണ്ണര്‍ക്കു വേണ്ടിമാത്രം നിര്‍മ്മിച്ച ആചാരങ്ങളാണ് ഒട്ടുമിക്ക അയിത്താചാരങ്ങളും എന്നകാര്യം മനോവ സൂചിപ്പിച്ചിരുന്നു. ഇതു വ്യക്തമാക്കുന്ന ചില ആചാരങ്ങള്‍ നമുക്കു പരിശോധിക്കാം. ചില പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുമായി നിലനില്‍ക്കുന്ന ഒരു പൈശാചിക ആചാരമാണ് ദേവദാസി സമ്പ്രദായം! ദേവദാസികളെ 'വിശുദ്ധരായ' ലൈംഗീകത്തെഴിലാളികള്‍ എന്നാണറിയപ്പെടുന്നത്. ആദ്യം 'ദൈവത്തിനും' പിന്നെ അനേകം പുരുഷന്മാര്‍ക്കും ശരീരം സമര്‍പ്പിക്കുന്ന നിരാലംബരായ സ്ത്രീകളാണിവര്‍! ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുകയും പിന്നീട് നിര്‍ത്തലാക്കപ്പെടുകയും ചെയ്ത ഒരു സാമൂഹിക അനീതിയായിരുന്നു ദേവദാസി സമ്പ്രദായം! എന്നാല്‍, നിയമനിര്‍മ്മാണം വഴി അമ്പതു വര്‍ഷം മുമ്പ് തുടച്ചുമാറ്റപ്പെട്ടുവെന്നു നാം വിശ്വസിക്കുമ്പോഴും പലയിടത്തും ഇതിപ്പോഴും തുടരുന്നുവെന്ന വാര്‍ത്തകള്‍ രാജ്യത്തിനുതന്നെ നാണക്കേട് ഉണ്ടാക്കുന്നു.

ഈ അപരിഷ്കൃത സമ്പ്രദായത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന സന്നദ്ധസംഘടനകളുടെ കണക്കില്‍ കര്‍ണ്ണാടകയില്‍മാത്രം ഇരുപത്തയ്യായിരം ദേവദാസികളുണ്ടെന്നാണ് അറിവ്. ഇതു കണക്കില്‍പ്പെടുന്നവര്‍! ഇവരുടെ സമൂഹത്തില്‍ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നതോടെ അതിനെ 'യെല്ലമ്മ'യെന്ന ഉര്‍വ്വരതാ ദേവതയ്‌ക്ക്‌ സമര്‍പ്പിക്കുന്നു. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ്‌ ഈ ദേവതയും അതിനെച്ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും. തെക്കേ ഇന്ത്യയില്‍ ഉടനീളം പലയിടത്തായി ഈ ദേവത ആരാധിക്കപ്പെടുന്നുണ്ട്‌.

ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടികളാണ്‌ ദേവതയെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി പാടുകയും നൃത്തമാടുകയും ചെയ്യുന്നത്‌. ദേവദാസിയാവുകയെന്നാല്‍ ദേവതയുടെ അല്ലെങ്കില്‍ ദൈവത്തിന്റെ ദാസിയാവുകയെന്നര്‍ത്ഥം. ക്ഷേത്രത്തിലെ പൂജാരികള്‍ക്കും ഇവരുടെ സമൂഹത്തിലെ സവര്‍ണ്ണര്‍ക്കും സമര്‍പ്പിക്കുന്നതിനെയാണ് ദേവതകള്‍ക്കുള്ള സമര്‍പ്പണമായി വ്യാഖ്യാനിക്കുന്നത്. ഇന്ത്യയിലെ 'ദേവന്മാര്‍ക്കും' അവരുടെ 'കിങ്കരന്മാര്‍ക്കും'മുമ്പില്‍ ശരീരം സമര്‍പ്പിച്ച് വേശ്യകളായിത്തീരാന്‍ വിധിക്കപ്പെട്ടവര്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതിനെ കൊന്നുകളയുന്നതിനെ എങ്ങനെ അനീതിയെന്നു പറയാന്‍ കഴിയും?!ആ കുഞ്ഞുങ്ങളോടു ചെയ്യുന്ന നന്മയായിട്ടെ കാണാന്‍ സാധിക്കുകയുള്ളൂ.

ആര്‍ത്തവാരംഭത്തോടെയാണ്‌ ഒരു പെണ്‍കുട്ടിയെ 'യെല്ലമ്മ'യ്‌ക്ക്‌ സമര്‍പ്പിക്കുന്നത്‌. ഇതിനുമുമ്പ്‌ തന്നെ ഒരു പ്രായമായ പുരുഷനുമുന്നില്‍ ഇവര്‍ക്ക്‌ സ്വന്തം കന്യകാത്വം അടിയറവയ്‌ക്കേണ്ടിവരുന്നു. ഇതിനായി കന്യകയായ പെണ്‍കുട്ടിയെ വധുവിനെ ഒരുക്കുന്നതുപോലെ മനോഹരമായി ഒരുക്കി തെരുവില്‍ ലേലത്തില്‍ വയ്ക്കുകയാണ്‌ ചെയ്യുന്നത്‌. ഏറ്റവും കൂടുതല്‍ ലേലത്തുക നല്‍കുന്നയാള്‍ക്ക്‌ പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ കഴിയുന്നു. ഈ പുരുഷന്മാര്‍ പലപ്പോഴും സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ളവരായിരിക്കും. ഇങ്ങനെ 'ദൈവത്തിനു' സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടികളെ 'ജോഗിനി'യെന്നാണ് സമൂഹം വിളിക്കുന്നത്. ഇതോടുകൂടി അവളുടെ ലൈംഗികാടിമത്വവും ആരംഭിക്കുന്നു. ദൈവത്തിന്‌ സമര്‍പ്പിക്കുന്ന കന്യകമാര്‍ സാവധാനം സമൂഹം അംഗീകരിക്കുന്ന ലൈംഗികത്തൊഴിലാളികളായി(വേശ്യകള്‍) മാറുന്നു. ഈ ജോലിക്ക്‌ ഇവരെ സഹായിക്കാന്‍ പിമ്പുകളായി പ്രവര്‍ത്തിക്കുന്നതാകട്ടെ മിക്കപ്പോഴും ഇവരുടെ മാതാപിതാക്കള്‍ തന്നെയാണ്‌.

ദേവദാസി സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യാനികള്‍ക്കു വ്യക്തമായ നിയമം നിലനില്‍ക്കുന്നുണ്ട്. ഇതാണ് ആ നിയമം: "ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്. വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്"(നിയമം:23;17,18). മൂവായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇസ്രായേലിനു നല്‍കപ്പെട്ട ഈ നിയമമാണ് ആധുനിക ഇസ്രായേലായ ക്രിസ്ത്യാനികള്‍ പിന്തുടരുന്നതും പിന്തുടരേണ്ടതും! ഹിന്ദുക്കളുടെ മാത്രം ദുരാചാരമായി ദേവദാസി സമ്പ്രദായത്തെ കാണുന്നത് തികച്ചും അടിസ്ഥാനരഹിതമാണ്. എന്തെന്നാല്‍, ഹിന്ദുമതം ഉണ്ടാകുന്നതിനു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ വിജാതിയ സമൂഹങ്ങളില്‍ ഈ ആചാരം ഉണ്ടായിരുന്നതുകൊണ്ടാണ് നിയമംമൂലം ദൈവമക്കളെ ഇതില്‍നിന്നു പിന്തിരിപ്പിച്ചിരിക്കുന്നത്. ദൈവത്തിനു നിന്ദ്യമായ പാപമായി ഇതിനെ പ്രഖ്യാപിച്ചതിലൂടെ ഈ ആചാരത്തിനു പിന്നില്‍ പിശാചാണെന്നു മനസ്സിലാക്കാന്‍ കഴിയും! വിജാതിയതയെ അടിസ്ഥാനമാക്കി രൂപീകരിച്ച മതമായതുകൊണ്ടുതന്നെ, ആഗോളതലത്തില്‍ വിജാതിയ മതങ്ങള്‍ ആചരിച്ചിരുന്ന എല്ലാ ആചാരങ്ങളും തങ്ങളുടെ മതത്തിലേക്കു സ്വീകരിക്കാന്‍ ഹിന്ദുമതത്തിന്റെ ഉപജ്ഞാതാക്കള്‍ തയ്യാറായി!

ഹിന്ദുമതത്തിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ഒരു ദുരാചാരമായിരുന്നു സതി! ഭര്‍ത്താവിന്റെ ചിതയില്‍ ചാടി അവന്റെ വിധവ ആത്മാഹൂതി ചെയ്യുന്ന ദുരാചാരത്തെയാണ്‌ സതി എന്നതിലൂടെ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന കാലത്ത് അവരാണ് ഈ ദുരാചാരം നിര്‍ത്തലാക്കിയത്. രാജാറാം മോഹന്‍ റോയ് എന്ന നവോത്ഥാന നായകനാണ് സതിയുടെ നിരോധനത്തിനായി പോരാടിയത്. ഇന്ത്യയിലെ പാഗണ്‍ സമൂഹത്തില്‍ നില‌നിന്നിരുന്ന സതി എന്ന ദുരാചാരം നിര്‍ത്തലാക്കുന്നതിനുവേണ്ടി ഇദ്ദേഹം പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹമനസ്സാക്ഷി ഉണരുകയും, 1829-ല്‍ ബ്രട്ടീഷ് ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്‍റിക് നിയമംമൂലം സതി നിരോധിക്കുകയും ചെയ്തു. ഹിന്ദുമതം രൂപീകരിക്കപ്പെടുന്ന കാലഘട്ടമായിരുന്നു അത്. 1828 ഓഗസ്റ്റ് 20-ന് രാജാറാം മോഹന്‍ റോയ് സ്ഥാപിച്ച ബ്രഹ്മസഭ പിന്നീടു ബ്രഹ്മസമാജം എന്നപേരില്‍ അറിയപ്പെട്ടു. ഹിന്ദുമത രൂപീകരണത്തിനുവേണ്ടി പല ഘട്ടങ്ങളിലായി സ്ഥാപിക്കപ്പെട്ട മൂന്നു പ്രസ്ഥാനങ്ങളില്‍ ഒന്നാണ് ബ്രഹ്മസമാജം! 1875-ല്‍ സ്വാമി ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജവും ഇതേവര്‍ഷംതന്നെ കേണല്‍ ഓള്‍ക്കോട്ട് സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റിയുടെ ലക്ഷ്യവും വ്യത്യസ്തമായിരുന്നില്ല. ഒരു വ്യക്തിക്ക് ഹിന്ദുമതത്തില്‍ ചേരണമെങ്കില്‍ 'ആര്യസമാജം' വഴിയാണ് അതു സാധ്യമാകുന്നത്. 1875-ല്‍ ആണ് ആര്യസമാജം സ്ഥാപിതമായതെങ്കില്‍, ഹിന്ദുമതത്തിന്റെ പ്രായം എത്രയാണെന്നു മനസ്സിലാക്കാന്‍ ഉത്ഖനനങ്ങളെയൊന്നും ആശ്രയിക്കാതെതന്നെ സാധ്യമാകും. നൂറ്റന്‍പത് വയസുപോലും തികയാത്ത ഒരു മതമാണ്‌ മുന്നൂറ്റിമുക്കോടിയുടെ കണക്കുകള്‍ പറഞ്ഞു മനുഷ്യനെ കബളിപ്പിക്കുന്നത്!

കേണല്‍ ഓള്‍ക്കോട്ട് സ്ഥാപിച്ച 'തിയോസഫിക്കല്‍ സൊസൈറ്റി' ഒരു 'മേസണ്‍' പ്രസ്ഥാനമായിരുന്നു. 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളുടെ ആരംഭവും ഹിന്ദുമതത്തിന്റെ ആരംഭവും ഒരേ കാലഘട്ടത്തില്‍ തന്നെയായിരുന്നുവെന്നതും വിസ്മരിക്കരുത്. മേസണ്‍റിയുടെ ആശയങ്ങള്‍ ഹിന്ദുമതസ്ഥാപനത്തിന് ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഹിന്ദുമതത്തിന്റെ സ്ഥാപനത്തോടനുബന്ധിച്ച് ആഗോളതലത്തില്‍ പ്രചരണം നടത്തിയ സ്വാമി വിവേകാനന്ദനും ഒരു 'ഫ്രീമേസണ്‍' ആയിരുന്നു. ഓള്‍ക്കോട്ട് തിയോസഫിയെ ഒരു 'ഫ്രീമേസണ്‍' ശാഖയായിത്തന്നെയാണു കണക്കാക്കുന്നത്. അതുപോലെതന്നെ, ഹിന്ദുക്കളും ബുദ്ധമതക്കാരും മാത്സര്യത്തോടെ പ്രചരിപ്പിക്കുന്ന യോഗയും ഒരു 'ഫ്രീമേസണ്‍' ഉത്പന്നമാണ്. പ്രകൃതിശക്തികളെയും പഞ്ചഭൂതങ്ങളെയും സകല ചരാചരങ്ങളെയും ആരാധാമൂര്‍ത്തികളായി സ്വീകരിക്കുന്ന മതമാണു ഹിന്ദുമതമെന്നു നമുക്കറിയാം. ഇതുതന്നെയാണ് 'ഫ്രീമേസണ്‍-ഇല്ല്യുമിനാറ്റി' പ്രസ്ഥാനങ്ങളുടെ നിഗൂഢമായ അന്തഃസത്ത! സത്യദൈവത്തെ നിഷേധിക്കാനായി ശാസ്ത്രീയതയെ ഉയര്‍ത്തിപ്പിടിക്കുകയും, ഇതേ ശാസ്ത്രീയതയെ കൂട്ടുപിടിച്ചുകൊണ്ടുതന്നെ വിഗ്രഹാരാധനയിലേക്കു നയിക്കുകയും ചെയ്യുകയെന്നത് ഫ്രീമേസണ്‍ ശൈലിയാണ്. യോഗയെ സൂക്ഷിച്ചു വീക്ഷിക്കുന്നവര്‍ക്ക് ഈ കൗശലം മനസ്സിലാക്കാന്‍ സാധിക്കും. എല്ലാവിധ പൈശാചികതകളെയും ശാസ്ത്രത്തോടു ചേര്‍ത്തുവച്ചു പരിചയപ്പെടുത്തുന്ന മതമാണ്‌ ഹിന്ദുമതം!

ജ്യോതിഷത്തെയും വാസ്തുപൂജയെയും മാത്രമല്ല, ക്ഷേത്രാചാരങ്ങളെയും ദുര്‍മന്ത്രവാദങ്ങളെയും ശാസ്ത്രവിധിയെന്നാണ് ഇവര്‍ പറയുന്നത്. ഹസ്തരേഖാ ശാസ്ത്രത്തില്‍ എവിടെയാണു ശാസ്ത്രീയത ഉള്ളതെന്ന ചോദ്യംപോലും ഇവിടെ അപ്രസക്തമാണ്. എന്തെന്നാല്‍, എല്ലാ അന്ധവിശ്വാസങ്ങളോടുമൊപ്പം 'ശാസ്ത്രം' എന്ന വിശേഷണപദം ചേര്‍ത്തുവയ്ക്കുന്നതാണ് 'ഫ്രീമേസണ്‍' സിദ്ധാന്തത്തിലെ കൗശലം! ഹിന്ദുത്വത്തെ നിരീക്ഷിച്ചാല്‍, സകല വിജാതിയതകളുടെയും ഏകോപനസമിതിയായി അതിനെ കാണാന്‍ കഴിയും. വിജാതിയ  ആചാരങ്ങള്‍ അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആചാരങ്ങളും ദര്‍ശിക്കാന്‍ കഴിയുന്ന ഏക മതമാണ്‌ ഹിന്ദുമതം. അതായത്, വിജാതിയതയുടെ പൂര്‍ണ്ണതയായി ഹിന്ദുമതത്തെ കണക്കാക്കാന്‍ സാധിക്കും. ഇനിയാണ് പ്രധാന വിഷയം നാം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. എന്തെന്നാല്‍, ഹിന്ദുമതം സ്ഥാപിച്ചതിലൂടെ 'ഫ്രീമേസണ്‍' സംഘം ലക്ഷ്യമിട്ടത് ക്രിസ്തീയതയെ ആയിരുന്നുവെന്ന സത്യം അനാവരണം ചെയ്യപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു. എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം സങ്കീര്‍ണ്ണവും നിഗൂഢവുമായ ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യുമ്പോള്‍, അത് അനാവൃതമാകുന്നത് ചുരുക്കം ചിലര്‍ക്കു മാത്രമായിരിക്കുമെന്നു മനോവയ്ക്കറിയാം. മനോവയുടെ താളുകളില്‍ വിരചിതമായിരിക്കുന്ന സത്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ലോകത്തിനു കഴിയാത്തതാണ് എല്ലാ വിയോജിപ്പുകളുടെയും ആധാരം! ആയതിനാല്‍, യേഹ്ശുവായുടെ നാമത്തില്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്കു മാത്രം സ്വീകാര്യമാകുന്ന സത്യത്തെ ഇവിടെ അനാവരണം ചെയ്യുന്നു!

നിയമംമൂലം യാഹ്‌വെ അവിടുത്തെ ദൈവജനത്തിനു നിഷിദ്ധമാക്കിയിരിക്കുന്ന സകല മ്ലേച്ഛതകളും ഹിന്ദുമതത്തിന്റെ ആചാരങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുന്നവര്‍ക്കു ദര്‍ശിക്കാന്‍ കഴിയുമെന്നു നാം മനസ്സിലാക്കി. ഉദാഹരണമായി ഒരു വചനം ഇവിടെ കുറിക്കാം: "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാര്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ കാണരുത്"(നിയമാവര്‍ത്തനം: 18; 9-11). ദൈവമായ യാഹ്‌വെ നിഷിദ്ധമാക്കിയിരിക്കുന്ന ഈ മ്ലേച്ഛതകളെല്ലാം സമ്മേളിച്ചിരിക്കുന്നതു ഹിന്ദുമതത്തിലാണെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ദേവദാസി സമ്പ്രദായത്തെ നാം കണ്ടതാണ്. 'ശാസ്ത്രം' എന്ന വിശേഷണത്തോടെ അവതരിപ്പിച്ചിരിക്കുന്നു എന്ന ഒരേയൊരു വ്യത്യാസം മാത്രമേ ഇവിടെയുള്ളു. കൃപലഭിച്ചവര്‍ക്കു മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന പ്രധാന വിഷയത്തിലേക്കു കടക്കാം.

മ്ലേച്ഛതകളാണെന്നു ബൈബിള്‍ പ്രഖ്യാപിച്ചിരിക്കുന്ന സകലതും ഹിന്ദുമതത്തിന്റെ ആചാരങ്ങളാക്കിയതിനു പിന്നിലെ കൗശലവും, ദുരാചാരങ്ങള്‍ക്കിടയില്‍ ചില നല്ല ആചാരങ്ങളും പരിഗണിച്ചതിനു പിന്നിലെ ഗൂഢലക്ഷ്യവുമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. യേഹ്ശുവായുടെ പുനരാഗമനത്തോടടുക്കുന്ന കാലത്ത് വലിയ കോലാഹലങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമൊടുവില്‍ നീക്കം ചെയ്യേണ്ടതിനുവേണ്ടി പല ദുരാചാരങ്ങളും ആചാരങ്ങളോടു ചേര്‍ത്ത് ഹിന്ദുക്കള്‍ ഇപ്പോള്‍ സംരക്ഷിക്കുകയാണ്. ഘട്ടംഘട്ടമായി പല ദുരാചാരങ്ങളും, അവയോടൊപ്പം നല്ല ആചാരങ്ങളും ഹിന്ദുമതത്തില്‍നിന്നു നീക്കംചെയ്യപ്പെടും. ഇത് ക്രിസ്തീയ നിയമങ്ങളെ ലക്ഷ്യംവച്ചുള്ള 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' അജണ്ടയാണെന്നു തിരിച്ചറിയാന്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം അനിവാര്യമാണ്! സമീപഭാവിയില്‍ ഇതു സംഭവിച്ചു കഴിയുമ്പോള്‍ കുറേപ്പേര്‍ക്കുകൂടി സത്യം ഗ്രഹിക്കാന്‍ കഴിയും. എന്നാല്‍, എന്തെല്ലാം സംഭവിച്ചാലും ഒന്നും തിരിച്ചറിയാതെ, മിഥ്യാബോധത്തില്‍ കഴിയുന്നവരായിരിക്കും മൂന്നില്‍ രണ്ടുഭാഗം ജനങ്ങളും!

രാജാറാം മോഹന്‍ റോയ് സ്വീകാര്യനായത് സതി നിര്‍ത്തലാക്കിയതിലൂടെയാണ്. ഇത്തരത്തില്‍ പല ദുരാചാരാങ്ങളും ഹിന്ദുമതത്തില്‍നിന്നു നീക്കംചെയ്യപ്പെടും. ഇതിനെയെല്ലാം ലോകം അനുഭാവപൂര്‍വ്വം സ്വീകരിക്കും എന്നകാര്യത്തില്‍ സംശയമില്ല. ദുരാചാരങ്ങള്‍ നീക്കംചെയ്യപ്പെടുന്നത് ശ്ലാഘനീയമാണെന്നു മനോവയും സമ്മതിക്കുന്നു. എന്നാല്‍, ഇതിന്റെ പിന്നിലെ അജണ്ടകൂടി തിരിച്ചറിയാന്‍ കഴിയുന്നിടത്താണ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി തന്നിലെ പരിശുദ്ധാത്മാവിനെ ആസ്വദിക്കുന്നത്! ഹിന്ദുമതത്തിലെ ദുരാചാരങ്ങള്‍ നീക്കംചെയ്യപ്പെടുമ്പോള്‍, ഇക്കാലമത്രയും ഇവയെല്ലാം ആചരിച്ചിരുന്ന ഒരു സമൂഹത്തോടുള്ള അവജ്ഞയോടെയായിരിക്കില്ല ലോകമത് ചര്‍ച്ചചെയ്യുന്നത്; മറിച്ച്, ഈ ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമതം എന്നനിലയിലായിരിക്കും! ലോകം ഇപ്പോള്‍ ഇങ്ങനെയാണ്! സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു  'മലാല യൂസഫ് സായ്' എങ്ങനെ അര്‍ഹയായി എന്നകാര്യം എത്ര ആലോചിച്ചിട്ടും മനോവയ്ക്കു മനസ്സിലായിട്ടില്ല! ലോകത്തിന്റെ മനുഷ്യര്‍ക്കു മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളുമുണ്ട്!

സതി നിര്‍ത്തലാക്കിയതുപോലെ, ദേവദാസി സമ്പ്രദായവും നിയമപരമായി നിര്‍ത്തലാക്കിയിട്ടുണ്ടെന്നു നമുക്കറിയാം. എന്നാല്‍, ഇവയെല്ലാം അനൗദ്യോഗികമായി തുടര്‍ന്നുകൊണ്ടിരിക്കുന്നത് അന്താരാഷ്‌ട്ര സമൂഹമോ അഭ്യന്തരസമൂഹമോ ഗൗനിക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇനിയും ഇത്തരം ദുരാചാരങ്ങള്‍ നീക്കംചെയ്തുകൊണ്ടുള്ള പ്രഹസനങ്ങളുടെ പരമ്പരതന്നെയുണ്ടാകും. എന്തെന്നാല്‍, യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് ഇനിയും അധികം ദൂരമില്ല! ലോകത്തിന്റെ ഇഷ്ടത്തിനനുസരണമായി മനുഷ്യന്‍ നിര്‍മ്മിച്ചതോ, പിശാചിന്റെ സ്വാധീനത്താല്‍ മനുഷ്യന്‍ തയ്യാറാക്കിയതോ ആയ നിയമങ്ങളിലും ആചാരങ്ങളിലും ഭേദഗതി വരുത്താന്‍ ചില മനുഷ്യനിര്‍മ്മിത മതങ്ങള്‍ തയ്യാറാകുന്നത് ദൈവീകനിയമങ്ങളെയും ദൈവം നിര്‍ദ്ദേശിച്ചിരിക്കുന്ന ആചാരങ്ങളെയും ലക്‌ഷ്യംവച്ചുള്ള നീക്കമാണെന്ന് തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കു സാധിക്കണം. 'വട്ടോനിട്ട് വാളയെ പിടിക്കല്‍' എന്നാണ് ഈ കൗശലത്തിനു യോജിച്ച വിശേഷണം! മറ്റു മതങ്ങളുടെ നിയമങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കാലാനുസരണമായ ഭേദഗതികള്‍ വരുത്തുമ്പോള്‍, ക്രിസ്ത്യാനികള്‍ അനുശാസിക്കുന്ന ദൈവീകനിയമങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ സഭയുടെമേല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നു പിശാചിനും അവന്റെ ആജ്ഞാനുവര്‍ത്തികള്‍ക്കും അറിയാം. സഭയില്‍ കടന്നുകൂടിയിരിക്കുന്ന 'ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍' സംഘങ്ങള്‍ ഇപ്പോള്‍ത്തന്നെ നിയമപരിഷ്കരണത്തിനായി മുറവിളികൂട്ടുന്നുണ്ട്. ഫ്രാന്‍സീസിന്റെ ലക്ഷ്യവും നിയമപരിഷ്കരണമാണ്. ഈ വിഷയത്തിലുള്ള ചര്‍ച്ച അവസാനിപ്പിക്കാതെതന്നെ, മറ്റൊരു ഉപശീര്‍ഷകത്തിലേക്കു പ്രവേശിക്കുകയാണ്. അതിനുശേഷം ഈ പാതയിലേക്കു നാം പ്രവേശിക്കുകയും യാത്ര തുടരുകയും ചെയ്യും.

അയിത്തത്തിലെ ന്യായാന്യായങ്ങള്‍!

ഇന്ത്യന്‍ ഭരണഘടനയുടെ 17-ാം അനുച്ഛേദപ്രകാരം അയിത്താചരണം നിരോധിച്ചിട്ടുണ്ട്. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവും ഡോക്ടര്‍ ഭീമാറാവ് അംബേദ്‌കറും ചേര്‍ന്നാണ് ഇന്ത്യയുടെ ഭരണഘടന എഴുതിയുണ്ടാക്കിയതെന്നു നമുക്കറിയാം. ഡോക്ടര്‍ അംബേദ്‌കര്‍ ഒരു ദളിതനായിരുന്നു എന്നകാര്യവും നാം മനസ്സിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ഇരയായി അതികഠിനമായ പീഡനങ്ങള്‍ കുട്ടിക്കാലം മുതല്‍ക്കേ ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് അംബേദ്‌കര്‍! ജാതിപീഡനം അസഹനീയമായപ്പോള്‍ മതംമാറിയ വ്യക്തികൂടിയാണ് ഇദ്ദേഹം. ഹിന്ദുമതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പരിഗണനയിലെടുത്തത് മൂന്നു മതങ്ങളെയായിരുന്നു. ക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം എന്നിവയാണ് പരിഗണനയില്‍ വന്നത്. വിദേശമതങ്ങള്‍ എന്ന കാരണംകൊണ്ടാണ് ക്രിസ്തുമതവും ഇസ്ലാംമതവും അസ്വീകാര്യമായതെന്ന് അംബേദ്‌കറുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പശ്ചാത്തലമുള്ള മതം എന്നനിലയില്‍ ബുദ്ധമതം ഇദ്ദേഹത്തിനു സ്വീകാര്യമായി. അതായത്, ഹിന്ദുമതം ഒഴികെ മറ്റേതു മതവും സ്വീകരിക്കാന്‍ അംബേദ്‌കര്‍ തയ്യാറായിരുന്നു. എന്താണ് ഈ മനുഷ്യന്റെ ആദ്ധ്യാത്മിക നിലവാരമെന്നു മനസ്സിലാക്കാന്‍ ഇത്രയും മതിയാകുമല്ലോ!?

ഇന്ത്യയുടെ ഭരണഘടന എഴുതിയുണ്ടാക്കിയ രണ്ടു വ്യക്തികളെ പരിചയപ്പെട്ടത് ഇവരുടെ ആത്മീയത മനസ്സിലാക്കാന്‍ വേണ്ടിയാണ്. അജ്ഞേയതാവാദിയായ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവും ഏതു ദൈവത്തെയും സ്വീകരിക്കാന്‍ തയ്യാറുള്ള അംബേദ്‌കറും ചേര്‍ന്നുണ്ടാക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്. (ദൈവം ഉണ്ടോ ഇല്ലയോ എന്നത് അജ്ഞാതമാണെന്നു വാദിക്കുന്നവരെയാണ് അജ്ഞേയതാവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഇല്ലെന്നോ ഉണ്ടെന്നോ ഇക്കൂട്ടര്‍ പറയുന്നില്ല). അജ്ഞേയതാവാദിയാണെങ്കില്‍പ്പോലും നല്ലൊരു മനുഷ്യസ്നേഹിയായിരുന്ന നെഹ്‌റുവിന്റെ സ്വാധീനമാണ് മതസ്വാതന്ത്ര്യം ഭരണഘടനയുടെ ഭാഗമാകാന്‍ കാരണം. അതുപോലെതന്നെ, ഹിന്ദുമതത്തില്‍നിന്ന് ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അംബേദ്‌കറുടെ സ്വാധീനംമൂലം അയിത്താചരണം ക്രിമിനല്‍ കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടു! എന്നാല്‍, അംബേദ്‌കര്‍ക്കു സഹിക്കേണ്ടിവന്ന പീഡനങ്ങളുടെ പരിണിതഫലമായി നിര്‍മ്മിക്കപ്പെട്ട നിയമത്തില്‍ മറഞ്ഞിരിക്കുന്ന ചില മനുഷ്യാവകാശ ധ്വംസനങ്ങളെ തിരിച്ചറിയാന്‍ ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. എല്ലാത്തരത്തിലുമുള്ള അയിത്താചരണവും നിരോധിക്കപ്പെട്ടതിലൂടെ, അനിവാര്യമായ ചില അയിത്തങ്ങളും നിയമവിരുദ്ധമായി! അനിവാര്യമായ അയിത്തങ്ങള്‍ ഉണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍, ഉണ്ടെന്നുതന്നെയാണ് ആ സംശയത്തിനുള്ള ഉത്തരം!

നിയമംമൂലം നിരോധിക്കപ്പെടുന്നതുവരെ അയിത്തത്തിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. ജാതിയില്‍ താഴ്ന്നവര്‍ക്ക് ക്ഷേത്രങ്ങളില്‍ ആരാധന നടത്താനോ വിദ്യാലയങ്ങളില്‍ പഠനം നടത്താനോ അനുവാദമുണ്ടായിരുന്നില്ല. സവര്‍ണ്ണരുടെ സമീപത്തുനിന്ന് നിശ്ചിത അകലത്തു മാത്രമേ അവര്‍ണ്ണര്‍ പ്രവേശിക്കാന്‍ പാടുണ്ടായിരുന്നുള്ളു. 'തീണ്ടലും തൊടീലും' എന്നാണ് ഈ ആചാരം അറിയപ്പെട്ടിരുന്നത്. ചില ജാതിയില്‍ ജനിച്ചവര്‍ മറ്റുചില ജാതിക്കാരെ സമീപിക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന അകലത്തിനാണ് 'തീണ്ടാപ്പാട്' എന്നു പറയുന്നത്. സമീപത്തുവരുന്നതോ കാഴ്ച്ചയില്‍പ്പെടുന്നതോ മൂലം അശുദ്ധിയുണ്ടാകുന്നത് 'തീണ്ടാപ്പാട്' എന്ന അകലത്തിനുള്ളില്‍ അവര്‍ണ്ണര്‍ പ്രവേശിക്കുമ്പോഴാണെന്ന് ഈ അനാചാരത്തെ പ്രചരിപ്പിച്ചിരുന്നവര്‍ വാദിച്ചിരുന്നു. അടുക്കാന്‍ പാടില്ല എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ജാതികളിലുള്ളവര്‍ അടുക്കുന്നതിന് 'തീണ്ടുക' എന്നാണു പറഞ്ഞിരുന്നതെങ്കില്‍, തൊടുന്നതിന് 'തൊടീല്‍' എന്നാണ് പറഞ്ഞിരുന്നത്.

കേരളവിശേഷ നിയമവിവരം എന്ന ഗ്രന്ഥത്തില്‍ 'തീണ്ടല്‍' ഉള്ളവര്‍ ത്രൈവര്‍ണികന്മാരില്‍നിന്ന് (ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവര്‍) എത്ര അകലം പാലിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ജാതികള്‍ക്കുള്ളില്‍ത്തന്നെയുള്ള ഉച്ചനീചത്വം കാരണം ഈ അകലം 24 അടി മുതല്‍ 64 അടി വരെയാണ്. ഇതു സംബന്ധിച്ച് ചില വ്യവസ്ഥകളുണ്ട്. ഉദാഹരണത്തിന്: ഉയര്‍ന്ന ജാതികള്‍ എന്ന് അവകാശപ്പെട്ടിരുന്ന നമ്പൂതിരിക്കും നായര്‍ക്കും പുലയന്‍ വഴിമാറിക്കൊടുക്കണം എന്നായിരുന്നു ഒരു വ്യവസ്ഥ. തീണ്ടാപാടു ദൂരെ നില്‍ക്കേണ്ട ജാതിക്കാരന്‍ അറിയാതെ അടുത്തുചെന്നാല്‍ മര്‍ദ്ദിക്കപ്പെടുമായിരുന്നു. ഇത് മേല്‍ജാതിക്കാരുടെ അവകാശമായി പരിഗണിക്കപ്പെട്ടു. മേല്‍ജാതിക്കാരനെ തീണ്ടുന്നത് പാപമാണെന്നു കീഴ്ജാതിക്കാരെ വിശ്വസിപ്പിക്കാനും ഈ സമ്പ്രദായത്തിന്റെ പ്രചാരകര്‍ക്ക് സാധിച്ചിരുന്നു. തീണ്ടപ്പെട്ട ഒരാള്‍ സ്വജാതിക്കാരനെ സ്പര്‍ശിച്ചുകൂടാ എന്നതാണ് മറ്റൊരു വ്യവസ്ഥ. മേല്‍ജാതിക്കാര്‍ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് വഴി നടന്നിരുന്നത്. ഇത് അറിയപ്പെട്ടിരുന്നത് 'തീണ്ടാടല്‍' എന്നാണ്. നായരെ തീണ്ടും വിധം പോകുന്ന അവര്‍ണ്ണനെ വധിക്കുകയും ചെയ്യുമായിരുന്നു.

അയിത്തമുള്ള ജാതിക്കാരെ തിരിച്ചറിയുന്നതിനുവേണ്ടി പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിരുന്നു. അവര്‍ അരയ്ക്കു മുകളില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല; ചെരിപ്പ്, കുട, നല്ല വസ്ത്രങ്ങള്‍, വിലപിടിച്ച ആഭരണങ്ങള്‍ എന്നിവ ധരിക്കുന്നതും ഇവര്‍ക്ക് നിഷിദ്ധമാക്കി വ്യവസ്ഥ ചെയ്തിരുന്നു. പടിപടിയായി നീക്കംചെയ്യപ്പെട്ട ദുരാചാരങ്ങളില്‍ ചിലത് ഇവയാണ്. 1936 നവംബര്‍ 12-ന് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം അനുസരിച്ച് തിരുവിതാംകൂറില്‍ അവര്‍ണ്ണര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടന പ്രകാരം 'തീണ്ടല്‍' നിയമവിരുദ്ധമായി മാറി. 1965-ലെ 'അണ്‍ടച്ചബിലിറ്റി' (ഫൈന്‍സ്) ആക്ട് അയിത്താചാര (കുറ്റങ്ങള്‍) ആക്റ്റ് പാസ്സായതോടുകൂടി അയിത്തം ഏതുരൂപത്തിലും ആചരിക്കുന്നത് ഇന്ത്യയില്‍ മുഴുവന്‍ കുറ്റകരമായി. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും (നിരീശ്വരവാദി) ഡോക്ടര്‍ ഭീമാറാവ് അംബേദ്‌കറുടെയും (ഏതു ദൈവത്തിനും സ്വീകാര്യത) ആശയങ്ങളുടെ സ്വാധീനമാണ് ഭരണഘടനയില്‍ നിഴലിച്ചത്. ഏതുവിധത്തിലുള്ള അയിത്താചരണവും ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി പ്രഖ്യാപിക്കപ്പെട്ടതിനു കാരണം അംബേദ്‌കറുടെ അനുഭവങ്ങളായിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍പ്പോലും അവര്‍ണ്ണരെ അംഗീകരിക്കാന്‍ സവര്‍ണ്ണര്‍ തയ്യാറായിരുന്നില്ല. താഴ്ന്ന ജാതിയില്‍ ജനിക്കുന്ന മനുഷ്യനെക്കാള്‍ ആയിരം മടങ്ങു പരിഗണനയാണ് പശുക്കള്‍ക്കും ക്ഷുദ്രജീവികള്‍ക്കും ലഭിച്ചിരുന്നത്.

ഇത്തരത്തിലുള്ള പീഡനങ്ങളില്‍നിന്നു മോചനം ലഭിക്കേണ്ടതിനാണ് ആയിത്തവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചതെങ്കില്‍, അത് ഏറ്റവും മനുഷ്യത്വപരമായ നിയമംതന്നെയാണ്! ഇന്ത്യയിലെ അയിത്താചാരണത്തിന്റെ ധാര്‍ഷ്ട്യ സ്വഭാവമാണ് ഇത്തരമൊരു നിയമത്തിന്റെ അനിവാര്യത സൃഷ്ടിച്ചത്. അയിത്താചരണം നടപ്പാക്കിയത് എല്ലാ വ്യക്തിസ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്ന രീതിയിലായിരുന്നു. തങ്ങള്‍ക്കു താത്പര്യമില്ലാത്ത വ്യക്തികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ സവര്‍ണ്ണര്‍ സ്വീകരിച്ച ശൈലിയെ മാത്രമാണ് മനോവ കുറ്റപ്പെടുത്തുന്നത്; മറിച്ച്, സവര്‍ണ്ണരുടെ അയിത്താചരണത്തെ പരിപൂര്‍ണ്ണമായി നിഷേധിക്കാന്‍ മനോവ തയ്യാറല്ല. എന്തെന്നാല്‍, തീണ്ടലും തൊടീലും ആചരിക്കാന്‍ മനുഷ്യന് അവകാശമില്ലെന്ന നിയമവും അവകാശലംഘനം തന്നെയാണെന്നു പറയാന്‍ മനോവയ്ക്കു മടിയില്ല. ഇക്കാര്യത്തില്‍ വ്യക്തമായ വിശദ്ദീകരണം നല്‍കാന്‍ മനോവ തയ്യാറാണ്.

ആരെങ്കിലും തങ്ങളുടെ മക്കള്‍ ചീത്തക്കൂട്ടുകെട്ടില്‍ ഏര്‍പ്പെടുന്നതിനെ വിലക്കാതിരിക്കുമോ? മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്ന സംഘത്തോടൊപ്പം തങ്ങളുടെ മക്കള്‍ കൂട്ടുചെരുന്നതിനെ എതിര്‍ക്കാത്തവരായി ആരുമുണ്ടാകില്ല. അവരുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ മക്കളെ മാതാപിതാക്കള്‍ ഉപദേശിക്കുന്നത് മക്കളെക്കുറിച്ച് കരുതലുള്ളതുകൊണ്ടാണ്. തിന്മ പ്രവര്‍ത്തിക്കുന്ന വ്യക്തികളില്‍നിന്നും സമൂഹത്തില്‍നിന്നു അകന്നുനില്‍ക്കാന്‍ ഏതൊരു വ്യക്തിക്കും അവകാശമുണ്ട്. എന്നാല്‍, തിന്മ പ്രവര്‍ത്തിക്കുന്നവര്‍ പൊതുവഴിയിലൂടെ യാത്രചെയ്യരുതെന്നും നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്നും കല്പിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. നമുക്കു താത്പര്യമില്ലാത്തവരെ നമ്മുടെ ഭവനങ്ങളില്‍ സ്വീകരിക്കാതിരിക്കുകയോ അവരുടെ ഭവനങ്ങളിലേക്കു നാം കടന്നുചെല്ലാതിരിക്കുകയോ ആകാം. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ നമുക്കുള്ള അവകാശം അവര്‍ക്കുമുണ്ട്. അതു നിഷേധിച്ചുകൊണ്ടുള്ള അയിത്താചരണമാണ് സവര്‍ണ്ണര്‍ക്കു വിനയായി ഭവിച്ചത്.

ക്രിസ്തീയതയിലെ അയിത്താചരണം!

ക്രിസ്തീയതയില്‍ അയിത്താചരണം ഇല്ലെന്നാണ് ആധുനിക ക്രിസ്ത്യാനികള്‍ പറയുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ ക്രിസ്തീയതയില്‍ പെട്ടുപോയവരാണ് ഇങ്ങനെയുള്ള വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നത്. അയിത്താചാരണത്തിന് ആഹ്വാനം ചെയ്യുന്ന ഏറ്റവും ശക്തമായ നിയമങ്ങളുള്ള മതമാണ്‌ ക്രിസ്തുമതം! എന്നാല്‍, ഹിന്ദുക്കള്‍ ആചരിക്കുന്നതില്‍നിന്ന്‍ തികച്ചും വ്യത്യസ്തമായ രീതിയിലുള്ള അയിത്താചരണമാണ് ക്രിസ്ത്യാനികള്‍ക്കു നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഇതു വ്യക്തമാക്കുന്ന അനേകം വചനങ്ങളില്‍ ചിലതെല്ലാം ഇവിടെ പങ്കുവയ്ക്കാം.

"അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്‍മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). ക്രിസ്ത്യാനികളുടെ അയിത്തങ്ങളില്‍ ഒന്നിതാണ്. വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയെന്നത് ഒരുതരത്തില്‍ അവരോടുള്ള അയിത്തമായി പരിഗണിക്കാന്‍ കഴിയും വിജാതിയതയില്‍നിന്നും വിജാതിയരില്‍നിന്നും പാലിക്കേണ്ട അകലം വിവാഹബന്ധത്തില്‍ മാത്രം സൂക്ഷിക്കേണ്ട ഒന്നല്ല. അവരുടെ ആചാരങ്ങളെ സ്വീകരിക്കുകയോ അവരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യുന്നതിനെ വിലക്കുന്ന നിയമം ക്രിസ്ത്യാനികള്‍ക്കു നല്‍കപ്പെട്ടിട്ടുണ്ട്. തീണ്ടലിന്റെയും തൊടീലിന്റെയും മറ്റൊരു രൂപമാണിത്. ഈ നിയമം ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4). ഇത് വിജാതിയരുടെ ആചാരങ്ങളോടുള്ള ആയിത്തമാണ്.

മറ്റൊരു നിയമം നോക്കുക: "അവര്‍ നശിച്ചുകഴിയുമ്പോള്‍ അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കു വേണ്ടി ചെയ്തു; ദേവന്മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയുംപോലും തീയില്‍ ദഹിപ്പിച്ചു. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്"(നിയമം: 12; 30-32). അവര്‍ നശിച്ചുകഴിയുമ്പോള്‍ എന്ന പ്രയോഗത്തെ ആത്മീയ നാശമായി പരിഗണിക്കാവുന്നതാണ്. വിജാതിയത എന്നത് ആത്മീയനാശമാണെന്ന യാഥാര്‍ത്ഥ്യം പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ നിയമംമൂലം യാഹ്‌വെ വിലക്കിയിരിക്കുന്നു. അവരുടെ ആരാധനാലയങ്ങളോടുള്ള അയിത്തമായി ഇതിനെ കാണണം. എന്തെന്നാല്‍, അവരുടെ ആലയങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ മ്ലേച്ഛതായായി കണക്കാക്കി ദൈവമായ യാഹ്‌വെ വെറുക്കുന്നുവെങ്കില്‍, അവിടുത്തെ മക്കള്‍ക്കും അതു മ്ലേച്ഛമായിരിക്കണം!

യേഹ്ശുവാ ഈ ഭൂമിയിലേക്കു മനുഷ്യനായി കടന്നുവന്ന് തന്നെത്തന്നെ ബലിയായി സമര്‍പ്പിക്കുന്നതുവരെ മാത്രമാണ് നിയമങ്ങള്‍ക്കു പ്രാബല്യമുള്ളതെന്നു വിവേകമുള്ള ക്രിസ്ത്യാനികള്‍ പറയില്ല. എന്തെന്നാല്‍, മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെയെല്ലാം സ്ഥിരീകരിച്ചതിനുശേഷമാണ് യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്കു മടങ്ങിപ്പോയത്. അവിടുത്തെ പുനരാഗമനത്തിലും ഈ നിയമങ്ങള്‍ക്കു സാധുതയും പ്രാബല്യവുമുണ്ട്! ഒരു നിയമത്തെപ്പോലും അവിടുന്ന് അസാധുവാക്കിയിട്ടില്ല! യേഹ്ശുവായുടെ ശിഷ്യന്മാരും അപ്പസ്തോലന്മാരും നല്‍കിയിട്ടുള്ള പ്രബോധനങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും. അപ്പസ്തോലനായ പൗലോസിന്റെ പ്രബോധനം നോക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?"(2 കോറി: 6; 14, 15). അവിശ്വാസികളെന്നാല്‍, സത്യദൈവമായ യാഹ്‌വെയില്‍ വിശ്വസിക്കാത്തവര്‍ എന്നാണു വിവക്ഷ! പുരാതനകാലത്തു നല്‍കപ്പെട്ട ഉപദേശമായി ഇതിനെ അവഗണിക്കരുത്; ക്രിസ്തുവിന്റെ സഭയ്ക്കു നല്‍കപ്പെട്ടിരിക്കുന്ന ഈ ഉപദേശത്തിന് എല്ലാ നിയമങ്ങള്‍ക്കും ഉള്ളതുപോലെ സ്വര്‍ഗ്ഗരാജ്യത്തിന്റെ അംഗീകാരമുദ്ര ചാര്‍ത്തപ്പെട്ടിട്ടുണ്ട്.

ദൈവമക്കള്‍ക്ക് അവിശ്വാസികളുമായി ഒരു കൂട്ടുകെട്ടും അവിടുന്ന് അനുവദിച്ചിട്ടില്ല. എന്തെന്നാല്‍, അവിശ്വാസികള്‍ പിശാചിന്റെ നിയന്ത്രണത്തിനു വിധേയരായി നിലകൊള്ളുന്നവരാണ്. ക്രിസ്തുവിനു ബെലിയാലുമായി യാതൊരു യോജിപ്പും ഇല്ലാത്തതുപോലെതന്നെ, ക്രിസ്തുവിന്റെ സഭയ്ക്കും ബെലിയാലുമായി യാതൊരു യോജിപ്പുമില്ല. ക്രിസ്തുവിന്റെ നാമത്തില്‍ ദൈവമക്കളായി ദത്തെടുക്കപ്പെട്ടവരുടെ സമൂഹമാണ് അവിടുത്തെ സഭ! ആയതിനാല്‍, ഈ സഭയുടെ ഭാഗമാക്കപ്പെട്ടവര്‍ക്ക് ബെലിയാലിന്റെ സന്തതികളുമായുള്ള കൂട്ടുകെട്ട് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ആത്മീയമായി മരണപ്പെട്ടുപോയ അനേകരുണ്ടെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കാന്‍ പാടില്ല! 'നാറിയവനെ ചാരിയാല്‍ ചാരിയവനെയും നാറും' എന്നതൊരു പരമാര്‍ത്ഥമാണ്! ക്രിസ്തീയതയിലെ അയിത്തങ്ങളില്‍ ഒന്നാണ് അവിശ്വാസികളുമായുള്ള ബന്ധത്തെ വിലക്കുന്ന ഈ നിയമം.

വ്യഭിചാരികളും സ്വവര്‍ഗ്ഗഭോഗികളും വിഗ്രഹാരാധകരുമായ വ്യക്തികളുമായുള്ള ബന്ധത്തിലും ക്രൈസ്തവര്‍ക്ക് ;അയിത്തം' നിലനില്‍ക്കുന്നുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല! വേശ്യയുമായി വേഴ്ച നടത്തുന്നവന്‍ അവളോട് ഏകശരീരമായിത്തീരുന്നുവെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവര്‍ ഇരുവരും ഒരു ശരീരമായിത്തീരും. യേഹ്ശുവായുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായിത്തീരുന്നു. വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു"(1 കോറി: 6; 15 -18). വ്യഭിചാരത്തെക്കാള്‍ മ്ലേച്ഛതയാണ് സ്വവര്‍ഗ്ഗഭോഗം എന്നകാര്യം മറക്കരുത്. വ്യഭിചാരത്തില്‍നിന്ന് ഓടിയകലാനാണ് ദൈവം നമ്മോടു കല്പിച്ചിരിക്കുന്നത്. വ്യഭിചാരത്തില്‍നിന്ന്‍ ഓടിയകലുകയെന്നാല്‍, വ്യഭിചാരികളില്‍നിന്നും വ്യഭിചാരിണികളില്‍നിന്നുമുള്ള ഓടിയകലലാണ്. വ്യഭിചാരവും സ്വവര്‍ഗ്ഗഭോഗവും ക്രിസ്ത്യാനികള്‍ക്ക് അയിത്തമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

ക്രിസ്ത്യാനികള്‍ക്കു സംസര്‍ഗ്ഗം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്ന മറ്റൊരു വിഭാഗംകൂടിയുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: "വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടി വരുമായിരുന്നു. പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗ്ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്"(1 കോറി: 5; 9-11). വിജാതിയരായ വ്യഭിചാരികളുമായി ബന്ധം അനുവദിച്ചിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഈ ഉപദേശത്തെ ആരും കണക്കാക്കരുത്. മറിച്ച്, നാം ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അനേകര്‍ നമുക്കു ചുറ്റിലും ജീവിക്കുന്നുണ്ട്. അവരുടെയെല്ലാം സ്വകാര്യപാപങ്ങളെ അന്വേഷിച്ചു കണ്ടെത്തേണ്ട ആവശ്യമില്ലെന്നു മനസ്സിലാക്കിയാല്‍ മതി. എന്നാല്‍, സഹോദരന്‍ എന്ന് വിളിക്കപ്പെടുന്നവന്റെ പാപങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാണെന്നു നാം തിരിച്ചറിയണം. അതായത്, ക്രിസ്ത്യാനി എന്ന മേല്‍വിലാസത്തില്‍ ജീവിച്ചുകൊണ്ട് അന്യദേവന്മാരെ അനുഗമിക്കുകയോ വ്യഭിചാരത്തിലും മറ്റു മാരകപാപങ്ങളിലും വ്യാപരിക്കുകയും ചെയ്യുന്നവനുമായി യാതൊരു സംസര്‍ഗ്ഗവും ഉണ്ടാകാന്‍ പാടില്ല.

ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അഭിവാദ്യങ്ങളിലും അയിത്തമുണ്ട്. ഇതാ, ഈ ഉപദേശത്തെ ശ്രദ്ധാപൂര്‍വ്വം വായിക്കുക: "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 9-11). ക്രിസ്തീയവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ദൈവമക്കളുടെ ഭവനത്തില്‍ സ്വീകരിക്കുകയോ അഭിവാദ്യം ചെയ്യുകപോലുമോ അരുതെന്നാണ്‌ അപ്പസ്തോലന്മാര്‍ നമുക്കു നല്‍കിയിരിക്കുന്ന ഉപദേശം. എന്നാല്‍, ഇക്കൂട്ടരെ ദൈവാലയങ്ങളില്‍ സ്വീകരിക്കുവാനും ഇവരുടെ പൈശാചിക ആരാധനയ്ക്കായി ദൈവത്തിന്റെ ആലയത്തില്‍ സൗകര്യമൊരുക്കുവാനും മത്സരിക്കുന്ന വൈദീകരെ ക്രൈസ്തവസഭകളില്‍ കാണാറുണ്ട്. സത്യദൈവത്തെ അറിയാത്ത ഇവരൊക്കെ ചേര്‍ന്നാണ് ദൈവജനത്തെ പഠിപ്പിക്കുന്നതെന്നും നമുക്കറിയാം. ഇവരില്‍നിന്നുപോലും അകന്നുനില്‍ക്കണം എന്നതാണ് അപ്പസ്തോലന്മാര്‍ മുഖേന നമുക്കു ലഭിച്ചിരിക്കുന്ന നിയമം.

ക്രിസ്തീയതയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അയിത്തങ്ങളുമായി വലിയ അന്തരമൊന്നും ഹിന്ദുക്കളുടെ 'അയിത്ത' നിയമങ്ങള്‍ക്കില്ല എന്നതൊരു വസ്തുതയാണ്. എന്നാല്‍, ഇരുകൂട്ടരും അത് പ്രാവര്‍ത്തികമാക്കുന്നതില്‍ അജഗജാന്തരം (ആടും ആനയും തമ്മിലുള്ള അന്തരം) ഉണ്ടെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. തങ്ങള്‍ക്ക് തൊടാനും തീണ്ടാനും പാടില്ലാത്ത ജാതികള്‍ തങ്ങളില്‍നിന്ന് അകന്നു വ്യാപരിക്കണം എന്നതാണ് സവര്‍ണ്ണ ഹിന്ദുക്കളുടെ ധാര്‍ഷ്ട്യത്തോടെയുള്ള നിലപാട്. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്ന നിയമം, തങ്ങള്‍ക്കു തീണ്ടലുള്ള വിഭാഗത്തില്‍നിന്നു സ്വയമുള്ള പിന്മാറ്റമാണ്. അതായത്, ആരുടേയും അവകാശങ്ങളുടെമേല്‍ കടന്നുകയറാതെ, തങ്ങളെത്തന്നെ സ്വയം കാത്തുസൂക്ഷിക്കുന്ന നീതിയുക്തമായ നിയമമാണ് ക്രൈസ്തവരുടെ നിയമം! ഈ ഉപദേശം ശ്രദ്ധിക്കുക: "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന്  യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 17, 18). നമ്മില്‍നിന്ന് അശുദ്ധി അകലുകയല്ല, അശുദ്ധിയില്‍നിന്നു നാം അകലുകയാണു വേണ്ടത്!

മറ്റൊരു സമൂഹത്തിനും ഉപദ്രവമുണ്ടാക്കാത്ത രീതിയിലുള്ള അയിത്താചരണമാണ് ക്രിസ്തീയതയില്‍ ദൈവം സ്ഥാപിച്ചത്. എന്നാല്‍, മറ്റുള്ളവരെ എല്ലാത്തരത്തിലും പീഡിപ്പിക്കുന്ന വിധത്തില്‍ സവര്‍ണ്ണഹിന്ദുക്കള്‍ അയിത്തം ആചരിക്കുന്നു. ഇവിടെയാണ്‌ ഹിന്ദുവിലൂടെ പിശാച് അവന്റെ ലക്‌ഷ്യം സാക്ഷാത്ക്കരിക്കാന്‍ നടത്തിയ കൗശലം തിരിച്ചറിയേണ്ടത്. പൈശാചികശക്തികളെ വിവിധ പേരുകളില്‍ ആരാധിക്കുന്ന സമൂഹങ്ങളെയും ദൈവമില്ലെന്നു വാദിക്കുന്ന യുക്തിവാദികളെയും ഒരു കുടക്കീഴില്‍ നിര്‍ത്തിക്കൊണ്ട് ഹിന്ദുമതത്തിനു രൂപംനല്‍കിയത് 'ഫ്രീമേസണ്‍' സംഘമാണെന്നു നാം കണ്ടുകഴിഞ്ഞു. ഈ സംഘം രൂപംനല്‍കിയ മതത്തിനുവേണ്ടി അയിത്തം എന്ന ആചാരം സ്ഥാപിച്ചപ്പോള്‍, അവയെല്ലാംതന്നെ ക്രിസ്തീയതയിലെ അയിത്ത നിയമങ്ങളോടു സാദൃശ്യമുള്ളവയായതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. ആധുനിക സമൂഹത്തിനു സ്വീകാര്യമാകാത്തവിധം അയിത്ത നിയമങ്ങള്‍ നടപ്പാക്കിക്കൊണ്ട്, സമാനമായ എല്ലാ അയിത്താചാരങ്ങളെയും നിരോധിക്കുകയെന്നതാണ് ആ ലക്‌ഷ്യം. നടപ്പാക്കുന്ന ശൈലിയിലെ വൈവിദ്ധ്യം പരിഗണിക്കാതെതന്നെ, എല്ലാ അയിത്താചാരങ്ങളെയും അപരിഷ്കൃതമായി കണക്കാക്കി തള്ളിക്കളയാന്‍ ഇവര്‍ക്കു സാധിച്ചു. ക്രിസ്ത്യാനികളെ ലക്ഷ്യമാക്കി പിശാചു നടത്തിയ ഈ നീക്കത്തെ തിരിച്ചറിയാത്തവരായ അനേകര്‍ ക്രൈസ്തവസഭകളില്‍ സാങ്കേതികമായി കയറിക്കൂടിയിട്ടുണ്ട്. നിയമപരിഷ്കരണത്തിനു മുറവിളികൂട്ടുന്നത് സാങ്കേതികമായി മാത്രം ക്രിസ്ത്യാനികളായിരിക്കുന്ന ഈ പൈശാചിക സമൂഹമാണ്!   

ആര്‍ത്തവരക്തം ശുദ്ധമോ അശുദ്ധമോ?

എല്ലാ മതവിഭാഗങ്ങളും ആര്‍ത്തവത്തെ അശുദ്ധിയായിട്ടാണ് കണക്കാക്കുന്നത്. മറ്റു മതങ്ങളുടെ നിയമങ്ങള്‍ എന്തുമാകട്ടെ; നമ്മുടെ ദൈവം നമുക്കു നല്‍കിയിരിക്കുന്ന നിയമത്തില്‍ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: "സ്ത്രീക്കു മാസമുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴു ദിവസത്തേക്ക് അവള്‍ അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരം വരെ അശുദ്ധരായിരിക്കും. അശുദ്ധിയുടെ ദിനങ്ങളില്‍ കിടക്കാനോ ഇരിക്കാനോ അവള്‍ ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം അശുദ്ധമായിരിക്കും. ആരെങ്കിലും അവളുടെ കിടക്കയെ സ്പര്‍ശിച്ചാല്‍ അവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. വൈകുന്നേരംവരെ അവന്‍ അശുദ്ധനായിരിക്കും. അവള്‍ ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തന്റെ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ആരെങ്കിലും അവളോടുകൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലും ഉണ്ടാവുകയും അവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കുകയും ചെയ്യും. അവന്‍ കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും"(ലേവ്യര്‍: 15; 19-24). ദൈവമക്കള്‍ക്കു യാഹ്‌വെ നല്‍കിയിരിക്കുന്ന നിയമമിതാണ്. പിശാച് എക്കാലത്തും അവന്റെ പദ്ധതികള്‍ നടപ്പില്‍വരുത്താന്‍ ഉപയോഗിച്ചിട്ടുള്ളത് സ്ത്രീകളെയാണെന്നു നമുക്കറിയാം. ഇന്നും അവന്‍ അങ്ങനെതന്നെയാണു പ്രവര്‍ത്തിക്കുന്നത്. സ്വൈരിണികളായ സ്ത്രീകളെ ഉപയോഗിച്ചുകൊണ്ട് ദൈവത്തോടു മത്സരിക്കാന്‍ സാത്താന്‍ ഇന്ന് എക്കാലത്തെക്കാളും ശക്തിയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനു നാം സാക്ഷികളാണ്.

ദൈവത്തിന്റെ നിയമം സ്ത്രീവിരുദ്ധമാണെന്ന് അഭിസാരികകളും ഫെമിനിസ്റ്റുകളും വാദിക്കുന്നു. ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്ന ചില വിവരദോഷികളും ഇവര്‍ക്കു പിന്തുണയുമായി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ദൈവത്തിന്റെ നിയമത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണനയാണ് അവിടുന്ന് നല്‍കിയിരിക്കുന്നത്. ഈ നിയമം ശ്രദ്ധിക്കുക: "യാഹ്‌വെ മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന്‍ അതിനാല്‍ അശുദ്ധനായിരിക്കും. ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമം ഇതാണ്: അവന്റെ ശരീരത്തില്‍നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്. അവന്‍ കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാം അശുദ്ധമായിരിക്കും. അവന്റെ കിടക്ക തൊടുന്നവന്‍ വസ്ത്രം അലക്കുകയും കുളിക്കുകയും വേണം. അവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും"(ലേവ്യര്‍: 15; 1-5). ഈ നിയമം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. തുടര്‍ന്നുള്ള ഭാഗംകൂടി വായിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് പുരുഷന്മാര്‍ക്കുള്ള നിയമങ്ങള്‍ സ്ത്രീകളുടേതിനേക്കാള്‍ ശക്തമാണെന്ന യാഥാര്‍ത്ഥ്യമാണ്.

ആര്‍ത്തവം അശുദ്ധിയല്ല എന്നാണ് സ്ത്രീകളും ഫെമിനിസ്റ്റുകളും ഇപ്പോള്‍ പറഞ്ഞു നടക്കുന്നത്. വിവരമില്ലായ്മ സ്ത്രീവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നല്ലാതെ ഇതിനെക്കുറിച്ച്‌ എന്തുപറയാന്‍! ഒരു മനുഷ്യന്റെ ശരീരം പുറന്തള്ളുന്ന സകലതും അശുദ്ധമാണെന്നു മനസ്സിലാക്കാനുള്ള സാമാന്യബോധംപോലും ഇല്ലാത്തവരുടെ ജല്പനങ്ങള്‍ക്ക് പിന്തുണ നല്‍കാനും ആളുണ്ടെന്നതാണ് ഈ കാലഘട്ടത്തിന്റെ ശാപം. മലം, മൂത്രം, കഫം, വിയര്‍പ്പ് എന്നിവ മാത്രമല്ല, ശരീരത്തില്‍നിന്നു കൊഴിഞ്ഞുവീഴുന്ന രോമങ്ങള്‍പ്പോലും അശുദ്ധമാണ്. മലമൂത്രം വിസ്സര്‍ജ്ജനം പോലെതന്നെ ആര്‍ത്തവകാലത്ത് പുറന്തള്ളുന്ന രക്തവും അശുദ്ധമാണെന്നു പറഞ്ഞാല്‍, അത് പറയുന്നവരെ സ്ത്രീവിരുദ്ധരായി പ്രഖ്യാപിക്കാന്‍ കുറേ 'സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍' രംഗത്തിറങ്ങിയിട്ടുണ്ട്. ആര്‍ത്തവരക്തം വിശുദ്ധമാണെന്നു സകലരെക്കൊണ്ടും പറയിക്കുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം. ഇവരൊക്കെ തങ്ങളുടെ ഭവനത്തില്‍ വിരുന്നുകള്‍ ഒരുക്കുമ്പോള്‍ തൂശനിലയുടെ അരികില്‍ മേല്പറഞ്ഞവ വിളമ്പുന്നതിനെ എതിര്‍ക്കേണ്ട കാര്യം മനോവയ്ക്കില്ല! എന്നാല്‍, അശുദ്ധമെന്നു ദൈവം പറഞ്ഞവയെ അശുദ്ധമായിത്തന്നെ കാണാനാണ് മനോവയ്ക്കു മനസ്സുള്ളു! യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ"(മര്‍ക്കോ: 7; 15).

ചില വിരുതന്മാര്‍ മറ്റൊരു വാദവുമായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. മലമൂത്ര വിസ്സര്‍ജ്ജനങ്ങള്‍ നടത്തുന്നവരെ അശുദ്ധരായി പ്രഖ്യാപിക്കാത്തതുകൊണ്ട് ആര്‍ത്തവത്തെയും അശുദ്ധിയായി പ്രഖ്യാപിക്കരുത് എന്നതാണ് ഇവരുടെ വാദം. ആര്‍ത്തവത്തെപ്പോലെതന്നെ മൂന്നോ നാലോ ദിവസം തുടര്‍ച്ചയായി ആര്‍ക്കെങ്കിലും മലവും മൂത്രവും ഒഴുകിക്കൊണ്ടിരിക്കുകയാണെങ്കില്‍, അവരും ദൈവാലയങ്ങളില്‍ പോകുമെന്നു കരുതുന്നില്ല. ഇക്കാര്യത്തില്‍ ഇതാണ് മനോവയുടെ മറുപടി. ദൈവമായ യാഹ്‌വെയുടെ നിയമം ശ്രദ്ധിക്കുക: "ആര്‍ത്തവം നിമിത്തം അശുദ്ധയായിരിക്കുന്ന സ്ത്രീയുടെ നഗ്നത നീ അനാവൃതമാക്കരുത്"(നിയമം: 18; 19). നഗ്നത അനാവൃതമാക്കുകയെന്നതിലൂടെ ഉദ്ദേശിക്കുന്നത് ലൈംഗീകബന്ധത്തെ തന്നെയാണ്. ആര്‍ത്തവം അശുദ്ധിയാണെന്നു വ്യക്തമാക്കുന്ന മറ്റു വചനങ്ങളിലേക്ക് കടന്നുപോകാന്‍ മനോവ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പ്രായോഗിക ജീവിതത്തില്‍നിന്നുതന്നെ ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു പരീക്ഷണം നിര്‍ദ്ദേശിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.

നിങ്ങള്‍ രണ്ടു കറിവേപ്പിന്‍ തൈകള്‍ എടുക്കുക. ഋതുമതികളായ യുവതികളുടെ സാന്നിദ്ധ്യവും പരിചരണവും ലഭിക്കുന്ന വിധത്തില്‍ ഒന്ന് നിങ്ങളുടെ അടുക്കളത്തോട്ടത്തില്‍ നട്ടുപിടിപ്പിക്കുക. ആവശ്യത്തിനു വെള്ളവും വളവും നല്‍കാന്‍ മറക്കരുത്. ആര്‍ത്തവകാലത്ത് ഈ ചെടിയുടെ സമീപത്തുപോയി പരിചരിക്കാനും യുവതികള്‍ തയ്യാറാകണം. അതിനെ സ്പര്‍ശിക്കുകയും വേണം. അത് അവിടെ എല്ലാ പരിചരണവും ഏറ്റുവാങ്ങി വളരട്ടെ! രണ്ടു ചെടികളില്‍ ഒരെണ്ണം ഋതുമതികളായ സ്ത്രീകളുടെ സാന്നിദ്ധ്യത്തില്‍നിന്ന്‍ അകലെ എവിടെയെങ്കിലും നട്ടുപിടിപ്പിക്കുക. വളമോ വെള്ളമോ കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. രണ്ടു ചെടികളും വളര്‍ന്നുവരട്ടെ! ഒരുവര്‍ഷം കഴിയുമ്പോള്‍ രണ്ടു ചെടികളെയും സന്ദര്‍ശിക്കുമ്പോള്‍ ഒരുകാര്യം നിങ്ങള്‍ക്കു വ്യക്തമാകും. എന്തെന്നാല്‍, ആരുടേയും പരിചരണമില്ലാതെ വളര്‍ന്നുവന്ന കറിവേപ്പ് ഒരു മരമായി വളരാന്‍ തുടങ്ങിയിട്ടുണ്ടാകും. എന്നാല്‍, എല്ലാ പരിചരണങ്ങളും ഏറ്റുവാങ്ങി ഋതുമതിയുടെ സാന്നിദ്ധ്യത്തില്‍ വളര്‍ന്ന ചെടി മുരടിച്ചു നില്‍ക്കുന്നതായിരിക്കും കാണാന്‍ കഴിയുന്നത്! കറിവേപ്പ് ഒരു ശുദ്ധസസ്യമായിട്ടാണ് അറിയപ്പെടുന്നത്. ഇതിനെ മുരടിപ്പിച്ചുകളയാന്‍ ആര്‍ത്തവമുള്ള ഒരു സ്ത്രീയുടെ സാന്നിദ്ധ്യം കാരണമാകുന്നുവെങ്കില്‍, ശബരിമലയിലേക്ക് മാലയിടാനും അതുവഴി കത്തോലിക്കാസഭയുടെ അള്‍ത്താരകളില്‍ കുര്‍ബ്ബാന അര്‍പ്പിക്കാനും കാത്തിരിക്കുന്ന താടകമാര്‍ക്ക് പ്രകൃതിയിലൂടെ ദൈവം നല്‍കിയിരിക്കുന്ന ദൃഷ്ടാന്തമാണിത്. ഇതിന്റെപേരില്‍ മനോവയുടെമേല്‍ കുതിരകയറാന്‍ ശ്രമിക്കുന്നതിനുമുമ്പ് കറിവേപ്പിന്‍ തൈകളില്‍ ഒരു പരീക്ഷണം നടത്തിനോക്കുക!

ഉപസഹരിക്കുന്നതോടൊപ്പം ഒരുകാര്യംകൂടി വ്യക്തമാക്കുന്നു: എന്തെന്നാല്‍, മാന്യതയും ദൈവഭക്തിയുമുള്ള ക്രൈസ്തവ സ്ത്രീകള്‍ ആര്‍ത്തവകാലത്ത് ദൈവാലയങ്ങളില്‍ പോകാറില്ല! അറിവില്ലായ്മ മൂലം ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍, ഇതൊരു മുന്നറിയിപ്പായി പരിഗണിക്കുക! ദൈവത്തിന്റെ നിയമങ്ങളില്‍ ഭേദഗതിവരുത്താന്‍ ആരും തുനിയരുത്! നീതിപീഠങ്ങളില്‍ ഇരിക്കുന്ന ശുംഭന്മാര്‍ ലക്ഷ്യമിടുന്നത് ദൈവീകനിയമങ്ങളെയാണെന്നു തിരിച്ചറിയാന്‍ ദൈവമക്കള്‍ക്കെങ്കിലും സാധിക്കുകയും വേണം!

ചേര്‍ത്തുവായിക്കാന്‍: ഏതൊരു മതത്തിന്റെ കാര്യം പരിഗണനയിലെടുത്താലും, ആ മതത്തിന്റെ നിയമങ്ങള്‍ക്കെതിരേ മുറവിളികൂട്ടുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളായിരിക്കില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമായി ജനിച്ച അലവലാതികള്‍ എല്ലാ മതങ്ങളിലുമുണ്ട്. യഥാര്‍ത്ഥ വിശ്വാസികള്‍ ഒരിക്കലും യാഥാസ്ഥിതിക നിയമങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരായിരിക്കില്ല!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4745 views

LOG IN

Lost your password?

SIGN UP

LOST PASSWORD