അറിഞ്ഞിരിക്കാന്‍

അനിവാര്യമാകുന്ന നിയമലംഘനങ്ങള്‍!

Print By
about

02 -02 - 2019

പ്പുസത്യാഗ്രഹം എന്നത് നിയമം ലംഘിച്ചുകൊണ്ടുള്ള ഒരു സമരമുറയായിരുന്നു. നിയമലംഘനം പാപമാണെങ്കിലും, ചില പാപങ്ങളില്‍ നിപതിക്കാതിരിക്കണമെങ്കില്‍ നിയമലംഘനം അനിവാര്യമായി വരുന്ന സാഹചര്യവുമുണ്ട്. ആയതിനാല്‍, നാം ഏറെ ഘോഷിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന ചില നിയമലംഘനങ്ങളെ ഉദാഹരിച്ചുകൊണ്ട് ഈ പഠനത്തിലേക്കു പ്രവേശിക്കാം. ബ്രിട്ടീഷ് ഇന്ത്യയില്‍ ഉപ്പ് നിര്‍മ്മാണത്തിന്‌ നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് എംകെ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരംഭിച്ച അക്രമരഹിത സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. 1930 മാര്‍ച്ച് 12ന് -ന്‌  ഗാന്ധിയുടെ നേതൃത്വത്തില്‍ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനുശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. ഗുജറാത്തിലെ സബര്‍മതിയിലുള്ള ഗാന്ധിയുടെ ആശ്രമം മുതല്‍ ദണ്ഡി വരെ നികുതി നല്‍കാതെ ഉപ്പ് ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു.

അതുപോലെതന്നെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാര്‍ഗ്ഗമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 1920 -ല്‍ തുടങ്ങി 1922 വരെ നീണ്ടുനിന്ന ഈ സമരം നയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ എംകെ ഗാന്ധിയാണ്. ബ്രിട്ടീഷ് നിയമങ്ങള്‍ക്കെതിരെ അഹിംസാ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുകയായിരുന്നു നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സമരക്കാര്‍ ബ്രിട്ടീഷ് ഉല്പന്നങ്ങള്‍ ഉപേക്ഷിച്ചു, സ്വദേശി കൈത്തറി വസ്ത്രങ്ങളും ഉല്പന്നങ്ങളും ഉപയോഗിച്ചു, മദ്യ വില്പന ശാലകളും മറ്റും ഉപരോധിച്ചു. അന്നുവരെ നടന്നിട്ടില്ലാത്തത്ര വലിയ റാലിയും സമ്മേളനങ്ങളും ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു.

കൊളോണിയല്‍ സാമ്പത്തിക, അധികാര ഘടനയെതന്നെ വെല്ലുവിളിക്കുക എന്നതായിരുന്നു നിസ്സഹകരണപ്രസ്ഥാനംകൊണ്ട് കോണ്‍ഗ്രസും ഗാന്ധിയും ഉദ്ദേശിച്ചിരുന്നത്. അതുവരെ ഇന്ത്യന്‍ സമരങ്ങളെ നിസ്സാരമായി അവഗണിച്ചിരുന്ന ബ്രിട്ടീഷ് നേതൃത്വത്തിന് നിസ്സഹകരണപ്രസ്ഥാനത്തെ കണ്ടില്ലെന്നു നടിക്കാനാവുമായിരുന്നില്ല. എന്നാല്‍, ചൗരിചൗരാ സംഭവത്തെത്തുടര്‍ന്ന് നിരാശനായ ഗാന്ധി നിസ്സഹകരണപ്രസ്ഥാനം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെ കലാപം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് എംകെ ഗാന്ധി വിചാരിച്ചു. അഞ്ചു ദിവസത്തെ നിരാഹാരത്തെത്തുടര്‍ന്ന് ഏതാണ്ട് വിജയത്തിന്റെ അരികിലായിരുന്ന നിസ്സഹകരണ സമരം പിന്‍വലിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. എംകെ ഗാന്ധിയുടെ അനേകം അബദ്ധങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇത്.

ഇവിടെ പ്രതിപാദിച്ച രണ്ടു സമരങ്ങളെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ സ്വാതന്ത്യസമരചരിത്രം പൂര്‍ണ്ണമാകില്ല. ഇന്ത്യക്കാര്‍ അഭിമാനത്തോടെ സ്മരിക്കുന്ന രണ്ടു നിയമലംഘന സമരങ്ങളാണ് ഉപ്പുസത്യാഗ്രഹവും നിസ്സഹകരണ സമരവും! ഉപ്പിന് നികുതി ചുമത്തിയ ആദ്യത്തെ ഭരണകൂടം ബ്രിട്ടീഷുകാരുടേതായിരുന്നുവെന്ന് ചിന്തിക്കരുത്. ആദ്യമായി ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയത് ചൈനയിലായിരുന്നുവെന്നാണ് ലോകത്തിന്റെ പൊതുവിജ്ഞാനം നല്‍കുന്ന അറിവ്. എന്നാല്‍, ക്രിസ്തുവിന് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഉപ്പിന് നികുതി ഉണ്ടായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രൊട്ടസ്റ്റന്റ്‌ സമൂഹം തള്ളിക്കളഞ്ഞ ഏഴു പുസ്തകങ്ങളില്‍ ഒന്നിലാണ് ഈ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. മക്കബായരുടെ ഒന്നാം പുസ്തകത്തിലെ ഒരു വാക്യം ശ്രദ്ധിക്കുക: "ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ സ്വതന്ത്രരാക്കുകയും സര്‍വ്വ യെഹൂദരെയും കപ്പത്തിലും ഉപ്പുനികുതിയിലും കിരീടനികുതിയിലും നിന്ന് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു"(1 മക്കബായര്‍: 10; 29). യെഹൂദരുടെമേല്‍ ആധിപത്യം സ്ഥാപിച്ച ഗ്രീക്കുകാരാണ്‌ ഉപ്പിന് നികുതി ഏര്‍പ്പെടുത്തിയത്. ആഗോളവിജാതിയതയുടെ ആസ്ഥാനമായിരുന്ന ഗ്രീക്കുകാരുടെ ആധിപത്യത്തിലേക്ക് യെഹൂദരെ നയിച്ചത് അവര്‍ ദൈവീകനിയമങ്ങളെ നിഷേധിച്ചതുമൂലമായിരുന്നു.

തങ്ങളുടെ ദൈവമായ യാഹ്‌വെയെ ധിക്കരിച്ച കാലത്തൊക്കെ യിസ്രായേല്‍ജനം കിരാതരായ വിജാതിയരുടെ കരങ്ങളില്‍ നിപതിക്കുകയും അവരാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സത്യദൈവമായ യാഹ്‌വെയെ ധിക്കരിക്കുകയെന്നാല്‍ അവിടുത്തെ നിയമങ്ങളെ ധിക്കരിക്കുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്. യാഹ്‌വെയുടെ നിയമങ്ങളെ ധിക്കരിക്കുന്നതിലൂടെ അവിടുത്തെത്തന്നെ ധിക്കരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ യിസ്രായേല്‍ജനത്തിന്റെ മദ്ധ്യത്തില്‍നിന്നു യാഹ്‌വെ അകന്നുപോകുകയും അവര്‍ക്കു നല്‍കിയിരുന്ന സംരക്ഷണം പിന്‍വലിക്കുകയും ചെയ്യും. ഈ അവസരത്തില്‍ ശത്രുക്കള്‍ക്ക് അവരെ കീഴ്പ്പെടുത്താന്‍ യാതൊരു പ്രയാസവുമുണ്ടാകില്ല. ഇതാണ് യിസ്രായേലിന്റെ പ്രവാസങ്ങളുടെയും പരാജയങ്ങളുടെയും പിന്നിലെ അടിസ്ഥാനകാരണം. യിസ്രായേലിനു നിഷിദ്ധമെന്നു യാഹ്‌വെ പ്രഖ്യാപിച്ചവ എന്തെല്ലാമെന്ന് പരിശോധിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും. എന്തെന്നാല്‍, വിജാതിയതയുമായി ബന്ധപ്പെട്ട വസ്തുക്കളെയാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തന്റെ ജനത്തിനു നിഷിദ്ധമാക്കിയിട്ടുള്ളത്. അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്നവയൊന്നും തന്റെ ജനത്തിനിടയില്‍ ഉണ്ടാകരുതെന്ന് അവിടുന്ന് കല്പിച്ചത് അവിടുത്തേക്ക്‌ തന്റെ ജനത്തോടൊപ്പം വസിക്കേണ്ടതിനാണ്.

വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കുന്നതിലൂടെയും അവരുടെ വിഗ്രഹങ്ങളെ തങ്ങളുടെ ദേശത്ത് പ്രതിഷ്ഠിക്കുന്നതിലൂടെയും മാത്രമല്ല ദൈവമക്കള്‍ അശുദ്ധരാകുന്നത്; മറിച്ച്, അന്യദേവന്മാരുടെ നാമം സ്മരിക്കുന്നതിലൂടെയും പൈശാചിക സാന്നിദ്ധ്യം അവരുടെയിടയില്‍ സജ്ജീവമാകും. അതിനാലാണ് അവിടുന്ന് മോശയിലൂടെ ഇപ്രകാരം അരുളിച്ചെയ്തത്:  "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). ഇത്രത്തോളം കര്‍ശനമായ നിയമങ്ങള്‍ തന്റെ ജനത്തിന് യാഹ്‌വെ നല്‍കിയത് അവരുടെ സുരക്ഷിതത്വത്തെ കരുതിയാണ്. നിയമങ്ങളില്‍നിന്നു വ്യതിചലിച്ചപ്പോഴെല്ലാം സൈന്യങ്ങളുടെ ദൈവം അവരില്‍നിന്ന് അകന്നുപോകുകയും അവര്‍ വിജാതിയരുടെ അധിനിവേശത്തിന്‍ കീഴില്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തതിലൂടെ നിയമങ്ങളുടെ പ്രാധാന്യം സ്ഥിരീകരിക്കപ്പെട്ടു! വിജാതിയ ദേവന്മാര്‍മൂലം യിസ്രായേല്‍ജനം യാഹ്‌വെയില്‍നിന്ന് അകന്നപ്പോള്‍, ആ ദേവന്മാരിലൂടെതന്നെ അവര്‍ പീഡിപ്പിക്കപ്പെട്ടു! ഈ വചനം ശ്രദ്ധിക്കുക: "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം: 11; 15, 16). മറ്റൊരു വചനംകൂടി ശ്രദ്ധിക്കുക: "മൃഗാരാധകര്‍ക്ക് അര്‍ഹിച്ച ശിക്ഷ അത്തരം ജന്തുക്കളിലൂടെത്തന്നെ ലഭിച്ചു. മൃഗങ്ങളുടെ പറ്റം അവരെ പീഡിപ്പിച്ചു"(ജ്ഞാനം: 16; 1). 

യിസ്രായേല്‍ജനം പലപ്പോഴായി പ്രവാസത്തിലേക്കും അടിമത്വത്തിലേക്കും നയിക്കപ്പെടാനുണ്ടായ കാരണമാണ് നാം പരിശോധിച്ചത്. ഈ കാരണത്താല്‍ തന്നെയാണ് വിജാതിയര്‍ യിസ്രായേലിനുമേല്‍ അധിനിവേശങ്ങള്‍ നടത്തിയിട്ടുള്ളതും. ബാബിലോണ്‍, അസ്സീറിയ, ഗ്രീക്ക്, റോമന്‍ എന്നിങ്ങനെയുള്ള വിജാതിയ സാമ്രാജ്യത്വങ്ങളുടെ കീഴില്‍ യിസ്രായേല്‍ജനം പീഡനങ്ങള്‍ അനുഭവിച്ചു. ഗ്രീക്ക് അധിനിവേശത്തിന്‍ കീഴില്‍ പീഡിപ്പിക്കപ്പെട്ടിരുന്ന കാലത്തെ ചരിത്രമാണ് മക്കബായരുടെ രണ്ടു പുസ്തകങ്ങളിലായി വിരചിതമായിരിക്കുന്നത്. ഉപ്പിന്റെ നികുതിയെ സംബന്ധിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത് മക്കബായരുടെ പുസ്തകത്തിലായതുകൊണ്ട് യിസ്രായേലിന്റെ പ്രവാസങ്ങള്‍ ഇവിടെ പരാമശിക്കേണ്ടിവന്നു. ഇനി നമുക്കു വിഷയത്തിലേക്കു മടങ്ങിവരാം.

'അനിവാര്യമാകുന്ന നിയമലംഘനങ്ങള്‍' എന്ന ശീര്‍ഷകത്തിലാണ് നാം ഈ പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവര്‍ അനുവര്‍ത്തിച്ച സമരമുറകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഭാഗീകമായെങ്കിലും വിജയംകണ്ടതുമായ രണ്ടു സമരങ്ങളും നിയമം ലംഘിച്ചുകൊണ്ടുള്ളതായിരുന്നു. ഉപ്പുസത്യാഗ്രഹം പോലെതന്നെ നിസ്സഹകരണപ്രസ്ഥാനത്തിലും നികുതി ബഹിഷ്കരണം ഉണ്ടായിരുന്നുവെന്ന് നമുക്കറിയാം. രണ്ടു നിയമലംഘന സമരങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ പഠനം ആരംഭിച്ചതിനു വ്യക്തമായ ചില കാരണങ്ങളുണ്ട്. അനിവാര്യമായ നിയമലംഘങ്ങളുമുണ്ടെന്നു സ്ഥിരീകരിക്കാന്‍ ഈ സമരങ്ങളോളം ലക്ഷണമൊത്തവ ഇല്ലെന്നതാണ് ഒന്നാമത്തെ കാരണം. എന്തെന്നാല്‍, നിയമലംഘനത്തെ ഗുരുതരമായ തെറ്റായി പരിഗണിക്കപ്പെടുമ്പോള്‍തന്നെ, ഉപ്പുസത്യാഗ്രഹത്തെയും നിസ്സഹകരണ പ്രസ്ഥാനത്തെയും മഹത്വവത്ക്കരിക്കുന്നവരാണ് ഇന്ത്യന്‍സമൂഹം! മനോവയും ഇക്കാര്യത്തില്‍ വ്യത്യസ്തമായ ഒരു നിലപാടെടുക്കുന്നില്ല. എന്നാല്‍, ഉപ്പിന് നികുതി ചുമത്തിയത് തെറ്റായ നടപടിയായിരുന്നുവെന്ന്‍ കരുതാന്‍ വയ്യ. കാരണം, ലോകത്ത് എല്ലായിടത്തും നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു ഇത്. ഇക്കാര്യം തെളിയിക്കുന്നതിനുവേണ്ടിയാണ് മക്കബായരുടെ പുസ്തകത്തിലെ ഉദ്ധരണി പരിശോധിച്ചത്. ക്രിസ്തുവിനു മുന്‍പുതന്നെ ഉപ്പിന് നികുതി ഈടാക്കുന്ന അവസ്ഥ നിലനിന്നിരുന്നു എന്ന യാഥാര്‍ത്ഥ്യം അങ്ങനെ നാം മനസ്സിലാക്കി.

നിയമലംഘനം അനിവാര്യമായി വരുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. എന്തെന്നാല്‍, തങ്ങളുടെ ഭരണത്തിന്‍കീഴിലായിരിക്കുന്ന ജനതയില്‍നിന്നു നികുതി പിരിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിനുള്ള അവകാശം ന്യായമായിരുന്നു. രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ധനസമാഹരണം നികുതിപിരിക്കുന്നതിലൂടെയാണ് സാദ്ധ്യമാകുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടങ്ങള്‍ നികുതി പിരിക്കുന്നതുപോലെതന്നെ, സ്വാതന്ത്ര്യത്തിനു മുന്‍പ് ഭരണം നടത്തിയ ഏതൊരു ഭരണകൂടത്തിനും നികുതി പിരിക്കാതിരിക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ കച്ചവടത്തിനു വന്ന വിദേശികള്‍ ഇവിടെയൊരു ഭരണകൂടം സ്ഥാപിച്ചുവെങ്കില്‍, അത് ഇവിടെ ഒരു ഭരണകൂടമോ ഒറ്റ രാജ്യമോ ഇല്ലാതിരുന്നതുകൊണ്ടാണ്. ആയിരക്കണക്കിനു നാട്ടുരാജ്യങ്ങളായി തിരിഞ്ഞ്, പരസ്പരം പോരടിക്കുന്ന അനേകം വിഭാഗങ്ങളില്‍പ്പെട്ട ജനതകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നാട്ടുരാജ്യങ്ങളെ മുഴുവന്‍ ഒറ്റരാജ്യമാക്കാന്‍ ബ്രിട്ടീഷുകാര്‍ അന്ന് ശ്രമിച്ചതുകൊണ്ടു മാത്രമാണ് ഇന്ത്യ എന്ന രാജ്യം ഉണ്ടായതെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഇന്ത്യ ഇന്നത്തെ ഇന്ത്യയായിരുന്നില്ല. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗാളും നേപ്പാളും ബര്‍മ്മയുമെല്ലാം ചേര്‍ന്ന വലിയൊരു ഇന്ത്യയെയാണ് അവര്‍  നിര്‍മ്മിച്ചത്.

ജനങ്ങളില്‍ ബ്രിട്ടീഷുകാരോടുള്ള വെറുപ്പും വിദ്വേഷവും ജനിപ്പിക്കാന്‍ പടച്ചുവിട്ട നുണകളെ പുസ്തകത്താളുകളില്‍ കുറിച്ചുവച്ചാണ് നാം ചരിത്രം പഠിച്ചത്. ആ ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ കിരാതന്മാരായിരുന്നു. ഇന്ത്യയുടെ സമ്പത്തു മുഴുവന്‍ കൊള്ളയടിച്ച മോഷ്ടാക്കള്‍! ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിച്ച കാപട്യക്കാര്‍! ജനങ്ങളെ അടിമകളാക്കി ഭരിച്ച കിരാതന്മാര്‍! ഇനിയുമേറെ വിശേഷണങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് നാം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അനേകം നാട്ടുരാജ്യങ്ങളെ ഒരു ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നതിനെയാണോ ഭിന്നിപ്പിച്ചു ഭരിക്കലെന്നു വിളിക്കേണ്ടത്? ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച റോഡുകളും പാലങ്ങളും അണക്കെട്ടുകളും റെയില്‍ പാതകളും ഇന്നും കേടുകൂടാതെ നിലനില്‍ക്കുന്നു. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പ്രാകൃതരായി ജീവിച്ച മനുഷ്യര്‍ക്ക് ഭക്ഷണവും വസ്ത്രവും ചികിത്സയും വിദ്യാഭ്യാസവും നല്‍കിയത് ബ്രിട്ടീഷുകാരാണ്. ഇവിടെനിന്നു പിരിച്ചെടുത്ത നക്കാപ്പിച്ച കാശുകൊണ്ട് സാദ്ധ്യമാകുന്നതിനപ്പുറമാണ് അവരിവിടെ ചിലവിട്ടത്. ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോകാന്‍ എന്തായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇന്ത്യയില്‍ ഉണ്ടായിരുന്നതെല്ലാം അതേപോലെതന്നെ ഇവിടെയുണ്ട്. പത്മനാഭന്റെ 'ബി' നിലവറ ശൂന്യമാകാതെ കാത്തതും അവരാണെന്നു മറക്കരുത്.

ഇന്ത്യയില്‍ ഭരണം നടത്തിയ മുഗളന്മാര്‍ ഇവിടെ തങ്ങളുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും സ്മാരകങ്ങള്‍ നിര്‍മ്മിച്ചു. ദേശസ്നേഹത്തിന്റെ കുത്തകക്കാര്‍ ഇന്ത്യയില്‍ ഭരണം കയ്യാളിയപ്പോള്‍ പട്ടേലിന്റെ പ്രതിമയുണ്ടാക്കി. അനേകകോടി ജനങ്ങള്‍ പട്ടിണിമൂലവും പോഷകാഹാരത്തിന്റെ അഭാവം മൂലവും മരിച്ചുവീഴുമ്പോഴാണ്‌ സഹസ്രകോടികള്‍ ചിലവിട്ട് പ്രതിമ നിര്‍മ്മിച്ചത് എന്നകാര്യം മറക്കരുത്. എന്നാല്‍, കൊള്ളക്കാരും നെറികെട്ടവരും എന്ന് ആക്ഷേപിക്കപ്പെടുന്ന ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത് റോഡുകള്‍, പാലങ്ങള്‍, അണക്കെട്ടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയൊക്കെയാണ്. സാധിക്കുമായിരുന്നിട്ടും ബ്രിട്ടീഷുകാര്‍ ചെയ്യാത്ത അനേകം കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മതപരിവര്‍ത്തനം. ബ്രിട്ടീഷുകാരുടെ അധികാരവും ശക്തിയും ഉപയോഗിച്ച് വേണമെങ്കില്‍ സാധിക്കുമായിരുന്ന കാര്യമാണ് ഇന്ത്യയെ ഒന്നടങ്കം മതപരിവര്‍ത്തനത്തിനു വിധേയമാക്കുകയെന്നത്. അല്പം അധികാരത്തിന്റെ ബലത്തില്‍ ടിപ്പു നടത്തിയതുപോലെ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്തിയില്ല. അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ മഹത്വമാണ് വെളിവാക്കുന്നത്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം അരുതെന്നു കല്പിച്ചവന്റെ മതമാണ്‌ ക്രിസ്തുമതം! എല്ലാവരെയും സത്യം അറിയിക്കുക; എന്നാല്‍, വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ജ്ഞാനസ്നാനം നല്‍കാവൂ എന്നതാണ് ക്രിസ്തുവിന്റെ നിയമം!

ചരിത്രത്തെ സത്യസന്ധമായി പഠിക്കാന്‍ തയ്യാറാകുന്ന വ്യക്തികള്‍ക്കു തിരിച്ചറിയാന്‍ സാധിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്. എന്തെന്നാല്‍, ഒറ്റ രാജ്യമായി ഇന്ത്യയെ ഭരിക്കാന്‍ പ്രാപ്തരായ വ്യക്തികളെ ഈ മണ്ണില്‍ത്തന്നെ വാര്‍ത്തെടുത്തതും ബ്രിട്ടീഷുകാര്‍ തന്നെയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരിച്ചതുകൊണ്ടു മാത്രമാണ് എംകെ ഗാന്ധിക്കും നെഹൃവിനും അംബേദ്‌കര്‍ക്കുമെല്ലാം വിദേശരാജ്യങ്ങളില്‍ പോയി ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞത്. ഒരര്‍ത്ഥത്തില്‍ ഇന്ത്യയെ ഭരിക്കാന്‍ കാര്യശേഷിയുള്ള വ്യക്തികളെ വാര്‍ത്തെടുത്തതിനുശേഷം, അവര്‍ക്ക് ഭരണം കൈമാറുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. മറിച്ച്, ഉപ്പുസത്യാഗ്രഹവും നിസ്സഹകരണ പ്രസ്ഥാനവും കണ്ട് വിരണ്ടുപോയതുകൊണ്ടാണ് അവര്‍ ഇന്ത്യയില്‍നിന്നു പിന്‍വാങ്ങിയതെന്നു കരുതിയാല്‍ അത് വന്‍ അബദ്ധമായിരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകരും സ്ഥാപക അദ്ധ്യക്ഷന്മാരും ബ്രിട്ടീഷുകാരായിരുന്നു എന്നതുതന്നെ ഇക്കാര്യത്തിലുള്ള ദൃഷ്ടാന്തമായി പരിഗണിക്കാവുന്നതാണ്. ഡബ്ല്യു എ ഹ്യൂം, ആനിബസന്റ് എന്നിവരെ തള്ളിക്കളയാന്‍ ആര്‍ക്കെല്ലാം സാധിച്ചാലും കോണ്‍ഗ്രസുകാര്‍ക്കു സാധിക്കുമെന്ന് മനോവ കരുതുന്നില്ല. ഇതെല്ലാം ചേര്‍ത്തുവച്ചു നിക്ഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ചരിത്രത്തെ യഥാതഥം മനസ്സിലാക്കാന്‍ സാധിക്കും.

ബ്രിട്ടീഷ് ഭരണത്തെയും സ്വാതന്ത്ര്യസമരത്തെയും പരാമര്‍ശിച്ചത് സന്ദര്‍ഭവശാല്‍ മാത്രമാണെന്ന് ആരും ധരിക്കരുത്. നികുതിയെക്കുറിച്ചും നിയമലംഘനത്തെക്കുറിച്ചും പഠിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിതൊക്കെ! അടിച്ചേല്പിക്കപ്പെട്ട നികുതിഭാരങ്ങളൊന്നും ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യക്കാര്‍ അനുഭവിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സമരങ്ങളുടെ ഭാഗമായി നികുതി ബഹിഷ്കരിക്കുകയോ നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്നതിനെ മനോവ പിന്തുണയ്ക്കുന്നു. അതായത്, ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നികുതികളെയും നിയമങ്ങളെയും അഗീകരിക്കുന്നതിനോടൊപ്പം, ഈ നിയമങ്ങളും നികുതികളും ബഹിഷ്ക്കരിച്ച ഇന്ത്യക്കാരുടെ നടപടിയെയും അംഗീകരിക്കാന്‍ മനോവ ഒരുക്കമാണ്. എന്തെന്നാല്‍, ഇരുവിഭാഗങ്ങളുടെയും പക്ഷങ്ങളില്‍നിന്നു വീക്ഷിക്കുന്നവര്‍ക്ക് നീതിപൂര്‍വ്വം എടുക്കാന്‍ കഴിയുന്നത് ഈ നിലപാട് മാത്രമായിരിക്കും! നികുതി പിരിക്കുകയെന്നത് ബ്രിട്ടീഷുകാര്‍ക്ക് അനിവാര്യമായിരുന്നു എന്നതുപോലെ, ബ്രിട്ടീഷ് ഭരണത്തെ നീക്കംചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് നികുതി ബഹിഷ്കരണവും അനിവാര്യമായിരുന്നു. സമാനമായ ഒരു ചരിത്രം ബൈബിളില്‍നിന്നു വായിക്കാന്‍ മനസ്സുവയ്ക്കുന്ന ദൈവമക്കള്‍ക്ക് ഇക്കാര്യം കൂടുതല്‍ സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയും.

അന്യദേശങ്ങളില്‍ പ്രവാസികളായും സ്വന്തം ദേശത്ത് അടിമകളായും അനേകം അവസരങ്ങളില്‍ പീഡിപ്പിക്കപ്പെട്ടവരാണ് യിസ്രായേല്‍ജനമെന്നു നാം മനസ്സിലാക്കി. വെറും എഴുപതുപേര്‍ മാത്രമുള്ള ചെറിയൊരു സമൂഹമായിരുന്നപ്പോഴാണ് ആദ്യമായി യിസ്രായേല്‍ജനം പ്രവാസത്തിലേക്കു നയിക്കപ്പെട്ടത്. യാക്കോബ് തന്റെ മക്കളോടും മരുമക്കളോടും ചെറുമക്കളോടും കൂടെ ഈജിപ്തില്‍ പോയി പാര്‍ത്തപ്പോള്‍ അവരുടെ സംഖ്യ വെറും എഴുപതായിരുന്നു. നാനൂറ്റിമുപ്പതു വര്‍ഷം ഇവര്‍ ഈജിപ്തില്‍ പ്രവാസികളായി ജീവിച്ചതില്‍, നാനൂറു വര്‍ഷവും അടിമകളായിട്ടാണ് കഴിഞ്ഞിരുന്നത്. നിയമം നല്കപ്പെടുന്നതിനു മുന്‍പായിരുന്നു ഈ പ്രവാസവും അടിമത്വവും എന്നതിനാല്‍, നിയമലംഘനമായിരുന്നില്ല ഈ പ്രവാസത്തിന്റെയും അടിമത്വത്തിന്റെയും കാരണമെന്ന്‍ അനുമാനിക്കാം. ദൈവീകനിയമങ്ങള്‍ ലംഘിച്ചപ്പോള്‍ യിസ്രായേല്‍ക്കാര്‍ അനുഭവിച്ചിട്ടുള്ള അനാഥത്വവുമായി ഈജിപ്തിലെ ഈ പ്രവാസകാലത്തെ ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ലെന്നാണ് മനോവ പറഞ്ഞതിന്റെ പൊരുള്‍!

ഈജിപ്തിലെ പ്രവാസം ഒരു പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നുവെന്ന് കണ്ടെത്താന്‍ കഴിയും. അതുപോലെതന്നെ, അബ്രാഹത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ ആരാണെന്നുള്ളതിന്റെ അടയാളവും ഈ പ്രവാസത്തിലൂടെ നമുക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. അബ്രാഹത്തോടു യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറു വര്‍ഷം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും"(ഉത്പ: 15; 13, 14). നാനൂറ്റിമുപ്പതു വര്‍ഷമായിരുന്നു പ്രവാസജീവിതമെങ്കില്‍, ആദ്യവര്‍ഷങ്ങളില്‍ ഇവര്‍ക്ക് രാജകീയ പരിഗണയാണ് ലഭിച്ചതെന്നു നമുക്കറിയാം. അതായത്, യിസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ അടിമകളായി ജീവിച്ചത് നാനൂറു വര്‍ഷമാണ്‌. യിസ്മായേലിന്റെ പരമ്പര അവകാശപ്പെടുന്ന ഇസ്ലാംമതത്തിന്റെ വ്യാജംകൂടിയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. യിസ്മായേലിന്റെ പരമ്പരയിലാരും യാഹ്‌വെ അറിയിച്ച അടയാളം ധരിക്കുന്നവരായി ഇല്ല! വാഗ്ദത്ത പുത്രന്‍ യിസ്മായേലാണെന്ന അവകാശവാദത്തിലെ കാപട്യവും ഹജ്ജിന്റെ വ്യര്‍ത്ഥതയും ഒരേസമയംതന്നെ വെളിപ്പെടുത്തുന്ന വചനമാണ് നാം വായിച്ചത്.

യാഹ്‌വെയുടെ വചനത്തിന്റെ പൂര്‍ത്തീകരണമായിട്ടാണ് യിസ്രായേല്‍ജനം പ്രവാസികളാക്കപ്പെട്ടതെങ്കിലും അതിനൊരു കാരണം വേണം. പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിനാണെങ്കില്‍ക്കൂടി കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാല്‍, തെറ്റുചെയ്യാതെ ആരെയെങ്കിലും ശിക്ഷിക്കുകയെന്നത് ദൈവത്തിന്റെ നീതിയില്‍ അസംഭവ്യമായ കാര്യമാണ്. യിസ്രായേല്‍ മക്കള്‍ ചെയ്ത വലിയൊരു അപരാധത്തിന്റെ പരിണിതഫലമായിരുന്നു അവരുടെ പ്രവാസത്തിനും അടിമത്വത്തിനും ആധാരമായത്. തങ്ങളുടെ സഹോദരനായ യോസഫിനെ മിദിയാന്‍കാര്‍ക്ക് (യിസ്മായേല്യര്‍ക്ക്) അടിമയായി വിറ്റു എന്നതാണ് യാക്കോബിന്റെ മക്കള്‍ ചെയ്ത മഹാപരാധം! യോസഫിനെ അടിമയായി വാങ്ങിയ രാജ്യത്തുതന്നെ അവന്റെ സഹോദരങ്ങള്‍ അടിമത്വം അനുഭവിച്ചു! യിസ്രായേലിന്റെ പ്രഥമ പ്രവാസത്തെക്കുറിച്ചാണ് ഇവിടെ നാം പഠനം നടത്തിയത്. പിന്നീട് യിസ്രായേല്‍ക്കാര്‍ കടന്നുപോയ പ്രവാസങ്ങളും, അനുഭവിച്ച പീഡനങ്ങളും നിയമലംഘനത്തിന്റെ പരിണിതഫലമായിട്ടായിരുന്നു. എന്തെന്നാല്‍, ഈജിപ്തില്‍നിന്നു പുറത്തുവന്ന ഉടനെതന്നെ അവര്‍ക്ക് നിയമം നല്‍കപ്പെട്ടു!  

രണ്ടുതരം നിയമലംഘനങ്ങള്‍!

ദൈവജനത്തെ സംബന്ധിച്ചിടത്തോളം രണ്ടുതരം നിയമങ്ങളാണുള്ളത്. ദൈവീകനിയമങ്ങള്‍, ലോകത്തിന്റെ നിയമങ്ങള്‍ എന്നിവയാണ് അവ. പുരാതന യിസ്രായേലിനും നവീന യിസ്രായേലായ ക്രൈസ്തവര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്. ലോകത്തിന്റെ നിയമങ്ങള്‍ എല്ലായിടത്തും ഒരേപോലെ ആയിരിക്കണമെന്നു നിര്‍ബ്ബന്ധമില്ല. എന്തെന്നാല്‍, മതം, സംസ്ക്കാരം, രാഷ്ട്രീയം, ഭരണകൂടങ്ങളുടെ താത്പര്യങ്ങള്‍ എന്നിവയെല്ലാം ഓരോ രാജ്യങ്ങളിലെയും നിയമങ്ങളെ വേറിട്ടതാക്കുന്നു. മാത്രവുമല്ല, കാലത്തിനും, മാറിവരുന്ന ഭരണകര്‍ത്താക്കളുടെ താത്പര്യത്തിനുമനുസരിച്ച് രാജ്യങ്ങളിലെ (ലോകത്തിന്റെ) നിയമങ്ങളില്‍ പരിഷ്കരണങ്ങളും ഭേദഗതികളും വരുത്താറുണ്ട്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങളില്‍ ഭേദഗതികളോ പരിഷ്കരണങ്ങളോ വരുത്താന്‍ മനുഷ്യര്‍ക്ക് അവകാശമില്ലെന്നു മാത്രമല്ല, ഭൂമിയുടെ ഏതു കോണില്‍ ജീവിക്കുന്ന ദൈവമക്കളും അനുസരിക്കേണ്ടത് ഒരേ നിയമങ്ങള്‍ തന്നെയാണ്! ദൈവീകനിയമങ്ങളും ഈ ലോകത്തിന്റെ നിയമങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഒന്നാണിത്.

മനുഷ്യന്‍ നിര്‍മ്മിക്കുന്ന ഏതൊരു നിയമവും ലംഘിക്കാന്‍ അതില്‍ത്തന്നെ പഴുതുകളുണ്ടായിരിക്കും. അതിനാലാണ്, ഈ നിയമങ്ങളില്‍ കാലാനുസരണമായ മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നതിന്റെ കാരണങ്ങളിലൊന്ന്. നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി നിയമലംഘനം നടത്തുന്നവരുണ്ട്. അതുപോലെതന്നെ, നിയമപാലകരുടെ ശ്രദ്ധയില്‍പ്പെടാതെ നിയമലംഘനങ്ങള്‍ നടത്തുന്നവരും കുറവല്ല. പിടിക്കപ്പെടുന്നതുവരെ ഇക്കൂട്ടര്‍ സുരക്ഷിതരായിരിക്കും. പഴുതുകള്‍ കണ്ടെത്തി നിയമം ലംഘിക്കുന്നവര്‍ ഒരിക്കലും പിടിക്കപ്പെടുന്നില്ല എന്നതാണ് മാനുഷിക നിയമങ്ങളിലെ ഏറ്റവും വലിയ ന്യൂനത! എല്ലാ നിയമലംഘനങ്ങളെയും കണ്ടെത്താനോ ശിക്ഷിക്കാനോ കഴിയുന്നില്ല എന്നത് നിയമത്തിന്റെ ന്യൂനതയല്ല; മറിച്ച്, നിയമപാലനത്തില്‍ മനുഷ്യനുള്ള പരിമിതികളാണ് കാരണം. നിയമപാലകരുടെയോ ഇവര്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറയുടെയോ പരിധിയില്‍ വന്നാല്‍ മാത്രമാണ് നിയമലംഘനങ്ങള്‍ പിടിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും. എന്നാല്‍, ദൈവീകനിയമങ്ങള്‍ക്ക് ഈ ന്യൂനതകള്‍ ഒന്നുമില്ല!

സൂക്ഷമതയോടെ പഴുതുകള്‍ അടച്ചതും ഏറ്റവും നീതിയുക്തവുമായ നിയമങ്ങളാണ് ദൈവം അവിടുത്തെ മക്കള്‍ക്കു നല്‍കിയിരിക്കുന്നത്. അതിനാല്‍ത്തന്നെ, ദൈവീകനിയമങ്ങളില്‍ കാലാനുസരണമായ ഭേദഗതികളോ പുതിയ നിയമങ്ങളുടെ നിര്‍മ്മാണമോ ആവശ്യമായി വരുന്നില്ല. എന്നാല്‍, ഈ നിയമങ്ങളില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ചില വ്യാജപ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. പിശാചിന്റെ ആജ്ഞാനുവര്‍ത്തികളായ ഇക്കൂട്ടരുടെ ആശയങ്ങളാല്‍ ദൈവമക്കള്‍ വശീകരിക്കപ്പെടാതിരിക്കേണ്ടതിന് ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കുവിന്‍"(നിയമം: 4; 2). കല്പനകളും നിയമങ്ങളും നല്‍കിയ യാഹ്‌വെയുടെ വാക്കുകളാണിത്. കല്പനകളോടൊപ്പം ചേര്‍ത്തുവച്ചിരിക്കുന്നത് അവിടുത്തെ അലംഘനീയമായ ഉഗ്രശാസനയാണ്! യാഹ്‌വെ നല്‍കിയ നിയമങ്ങളെ തിരുത്താന്‍ ഏതെങ്കിലും മനുഷ്യനെയോ പ്രവാചകന്മാരെയോ ദൈവദൂതന്മാരെത്തന്നെയോ അവിടുന്ന് നിയോഗിച്ചിട്ടില്ല. 

ദൈവീകനിയമങ്ങളെ എല്ലാക്കാലത്തേക്കുമായി യേഹ്ശുവാ സ്ഥിരീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 18). എന്നാല്‍, വ്യാഖ്യാനങ്ങളിലൂടെ വന്നുഭവിച്ചിട്ടുള്ള പിഴവുകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. ഇത് നിയമങ്ങളിലുള്ള തിരുത്തല്ല; മറിച്ച്, നിയമവ്യാഖ്യാനങ്ങളിലെ പിഴവുകള്‍ പരിഹരിക്കലാണ്! ദൈവന്റെ നിയമങ്ങളെക്കുറിച്ചും തത്വസംഹിതകളെക്കുറിച്ചും മഹാപ്രവാചകനായ മോശ പറയുന്നതു ശ്രദ്ധിക്കുക: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). ഈ ചോദ്യങ്ങളുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. മൂവായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ നിയമങ്ങളോളം നീതിയുക്തമായ നിയമങ്ങള്‍ ആരാലും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. ഇനിയൊട്ടു നിര്‍മ്മിക്കപ്പെടുകയുമില്ല!

രാഷ്ട്രങ്ങള്‍ നിര്‍മ്മിച്ച മാനുഷിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരു രാഷ്ട്രത്തിനും ഇന്നേവരെ സാധിച്ചിട്ടില്ല. എന്നാല്‍, നീതിയുക്തമായ നിയമം നല്‍കിയ ദൈവംതന്നെ അതു നടപ്പാക്കാനുള്ള സംവീധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിയമങ്ങള്‍ നടപ്പാക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ 'ലേസര്‍ ക്യാമറകള്‍' അവിടുന്ന് സജ്ജമാക്കിയിരിക്കുന്നു. ഒരുവന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാകുമ്പോഴേ ദൈവത്തിന്റെ കണ്ണുകള്‍ അവനെ പിന്തുടരുന്നു. ബൈബിളിലെ വെളിപ്പെടുത്തല്‍ നോക്കുക: "ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്"(ഹെബ്രാ: 4; 12, 13). വചനത്താല്‍ സകലതും സൃഷ്ടിച്ചവന്‍ അതേ വചനത്താല്‍ത്തന്നെ സകലത്തെയും നോക്കിക്കാണുന്നു. ആ വചനമാണ് യേഹ്ശുവാ മ്ശിഹാ! ഓരോ നിമിഷങ്ങളിലെയും ഹൃദയവിചാരങ്ങള്‍ അവിടുത്തെ മുന്‍പില്‍ അനാവൃതമാകുന്നു.

ദാവീദിന്റെ സങ്കീര്‍ത്തനം ഇതാണ്: "അങ്ങയില്‍നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും? ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നു വസിച്ചാല്‍ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും"(സങ്കീ: 139; 7-10). ഒരു വചനംകൂടി ശ്രദ്ധിക്കുക: "മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും"(ലൂക്കാ: 12; 2, 3). ലോകം നിര്‍മ്മിക്കുന്ന വികലമായ നിയമങ്ങള്‍ ലംഘിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പിടിക്കപ്പെട്ടാല്‍ ലോകത്തിന്റെ നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നു മാത്രമേ ഈ നിയമലംഘനത്തെക്കുറിച്ചു പറയാന്‍ കഴിയും. ലോകത്തിന്റെ നിയമത്തില്‍ പരമാവധി ലഭിക്കാവുന്ന ശിക്ഷ വധശിക്ഷയാണ്. ഒട്ടുമിക്ക രാജ്യങ്ങളും വധശിക്ഷ നിര്‍ത്തലാക്കിയെന്നതും നാം വിസ്മരിക്കരുത്. എന്നാല്‍, ദൈവത്തിന്റെ നിയമം ലംഘിച്ചാല്‍ പിടിക്കപ്പെടുമെന്നു മാത്രമല്ല, ദൈവം പ്രഖ്യാപിച്ചിട്ടുള്ള ശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ കഴിയുകയുമില്ല.

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍"(മത്താ: 10; 28). തെളിവുകളുടെ അഭാവംമൂലമാണ് പല കൊടുംകുറ്റവാളികളും ശിക്ഷിക്കപ്പെടാതിരിക്കുന്നതെന്നു നമുക്കറിയാം. ലോകത്തിന്റെ നിയമനിര്‍വ്വഹണത്തിലുള്ള ഈ അവസ്ഥ ദൈവത്തിന്റെ നിയമനിര്‍വ്വഹണത്തിലില്ല. സൂര്യനെക്കാള്‍ തേജസ്സുള്ള അവിടുത്തെ നേത്രങ്ങള്‍ സദാ സകലതും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഓരോ വ്യക്തികളുടെയും ചാര്‍ജ്ഷീറ്റ് അവന്റെതന്നെ ജീവിതമാണ്. ഒരുവന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള സകല കാര്യങ്ങളും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതായത്, ഒരുവന്റെ വിധി അവന്‍തന്നെയാണു നിശ്ചയിക്കുന്നത്. അവന്റെ ആധാര്‍കാര്‍ഡില്‍ അവന്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്ന സത്യസന്ധമായ ജീവചരിത്രമാണ് അവന്റെ വിധി! യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്"(വെളി: 22; 12).

ദൈവത്തില്‍നിന്നുള്ള പ്രതിഫലം നിശ്ചയിക്കുന്നത് ദൈവീകനിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അവിടെ യാതൊരു പിഴവും സംഭവിക്കില്ല. അനീതി നടപ്പാക്കപ്പെടുകയോ നീതി നപ്പാക്കപ്പെടാതിരിക്കുകയോ ഇല്ല! ഏറ്റവും രഹസ്യമായ നിയമലംഘനങ്ങള്‍പ്പോലും വെളിവാക്കപ്പെടുന്ന ആ ദിനത്തില്‍, നീതിപ്രവര്‍ത്തിച്ചവര്‍ അതിനുള്ള പ്രതിഫലവും, അനീതി പ്രവര്‍ത്തിച്ചവര്‍ അതിനുള്ള പ്രതിഫലവും ഏറ്റുവാങ്ങും. ഇവിടെയാണ്‌ നിയമം അനുസരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. കാലാനുസൃതമായി പൊളിച്ചെഴുതുന്ന ലോകത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടതിനായി, ദൈവത്തിന്റെ സുസ്ഥിരമായ നിയമങ്ങള്‍ അവഗണിക്കുന്നവര്‍ പുനര്‍വിചിന്തനം നടത്തേണ്ടതും ഇവിടെയാണ്‌! നാം ഇന്ന് ആയിരിക്കുന്നത് ഒരു തിരഞ്ഞെടുപ്പിന്റെ മുന്‍പിലാണെന്നു തിരിച്ചറിയുക. ലോകത്തിന്റെ നിയമങ്ങളും ദൈവത്തിന്റെ നിയമങ്ങളും നമ്മുടെ കണ്‍മുന്‍പിലുണ്ട്. ഈ ലോകത്തില്‍ മാത്രം പ്രത്യാശ വച്ചിരിക്കുന്നവര്‍ക്ക് ലോകത്തിന്റെ നിയമങ്ങളെ മുറുകെപ്പിടിക്കാം. എന്നാല്‍, നിത്യജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടംവലം വ്യതിചലിക്കാതെ ദൈവീകനിയമങ്ങള്‍ പാലിച്ചേ മതിയാകൂ!

അങ്ങനെയെങ്കില്‍, ഈ ലോകത്തിലെ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? താന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ഓരോ പൗരന്മാര്‍ക്കും ഉത്തരവാദിത്വമുണ്ട്. നിയമങ്ങളില്ലാത്ത ഒരു രാജ്യവും ഈ ഭൂമുഖത്തില്ല. നിയമങ്ങള്‍ ഇല്ലാതിരുന്നാലുള്ള അവസ്ഥയാണ് അരാജകത്വം! തങ്ങളുടെ രാജ്യത്തു ജീവിക്കുന്ന പൗരന്മാര്‍ക്കുവേണ്ടിയാണ് ഓരോ നിയമങ്ങളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് അനുസരിക്കാത്തവര്‍ക്ക് നല്‍കാനുള്ള ശിക്ഷയും നിയമത്തില്‍ കല്പിച്ചിട്ടുണ്ടാകും. ഏതൊരു നിയമംലംഘനവും കുറ്റകരമാണ്. കുറ്റത്തിന്റെ ഗൗരവമനുസരിച്ചാണ് ശിക്ഷ വിധിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, നാം ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ അധാര്‍മ്മികവും ദൈവദൂഷണപരവും ആണെങ്കില്‍, അവ അനുസരിക്കാന്‍ ദൈവമക്കള്‍ തയ്യാറാകരുത്. പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിയമങ്ങളുണ്ടെങ്കില്‍ അവയും നാം ലംഘിക്കണം! ഭ്രൂണഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളുണ്ട്. അതുപോലെതന്നെ, സ്ത്രീകളെയും പുരുഷന്മാരെയും  വന്ധ്യംകരണത്തിനു നിര്‍ബ്ബന്ധിക്കുന്ന നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളുമുണ്ട്. ഇത്തരത്തില്‍ കൊലപാതകങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന നിയമങ്ങള്‍ ലംഘിക്കാന്‍ ദൈവമക്കള്‍ ശ്രദ്ധിക്കണം.

ദൈവത്തെയും ദൈവീകനിയമങ്ങളെയും നിഷേധിക്കാന്‍ കാരണമാകുന്ന നിയമങ്ങളാണ് രാജ്യത്തിന്റെ നിയമങ്ങളെങ്കില്‍, ആ നിയമം ലംഘിക്കുകയും ലംഘിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുകയെന്നത് ദൈവമക്കളുടെ ദൗത്യമാണ്! ദൈവമക്കളെക്കൊണ്ടു കാരാഗൃഹങ്ങള്‍ നിറഞ്ഞാല്‍പ്പോലും നിയമലംഘനം തുടരുകയെന്നത് പിതൃശൂന്യനല്ലാത്ത ഏതൊരുവന്റെയും ധാര്‍മ്മിക ഉത്തരവാദിത്വമായി കാണണം. സ്വവര്‍ഗ്ഗരതി അംഗീകരിക്കുകയും, ഇത്തരം മ്ലേച്ഛതയില്‍ ജീവിക്കുന്നവര്‍ക്ക് ഉന്നതബഹുമതി നല്‍കുകയും ചെയ്യുന്ന രാജ്യങ്ങളും സ്ഥാപനങ്ങളുമുണ്ട്‌. അവര്‍ അപ്രകാരം ചെയ്യുന്നതിനെ ചോദ്യംചെയ്യേണ്ടതില്ല. കാരണം, ആ മ്ലേച്ഛതയില്‍ ജീവിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന നിയമങ്ങള്‍ ഒരു രാജ്യത്തും ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടില്ല. പാപം ചെയ്യാനും ചെയ്യാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യം ദൈവം നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, ദൈവദൂഷകരായ വ്യക്തികളില്‍നിന്നും സമൂഹങ്ങളില്‍നിന്നും മാറിനില്‍ക്കാന്‍ ദൈവമക്കള്‍ തയ്യാറാകണം. മ്ലേച്ഛതയില്‍ ജീവിക്കുന്ന വ്യക്തികളെ നമ്മുടെ ഭവനങ്ങളില്‍ സ്വീകരിക്കാതിരിക്കാനും ദൈവജനം ശ്രദ്ധിക്കണം. ദൈവമക്കള്‍ കൂട്ടമായി ജീവിക്കുന്ന പ്രദേശങ്ങളില്‍ കടന്നുകൂടാന്‍ ഇക്കൂട്ടരെ അനുവദിക്കുകയുമരുത്.

നാം ലംഘിക്കേണ്ടതായ മറ്റൊരു നിയമമുണ്ട്. എന്തെന്നാല്‍, സുവിശേഷം പ്രചരിപ്പിക്കുന്നതിനെ വിലക്കുന്ന നിയമങ്ങള്‍ ഏതെങ്കിലും രാജ്യത്തുണ്ടെങ്കില്‍, അത് ലംഘിക്കുകയെന്നത് ക്രിസ്ത്യാനികളായ സകലരുടെയും ബാധ്യതയാണ്. അതായത്, സുവിശേഷം പ്രചരിപ്പിക്കാത്ത ഒരുവനും ക്രിസ്ത്യാനിയല്ല! ക്രിസ്തുവിനെ അനുഗമിക്കുന്നവനാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി. അങ്ങനെയുള്ള ഒരുവനെ സംബന്ധിച്ചിടത്തോളം പ്രഥമവും പരമവുമായ ഉത്തരവാദിത്വം സുവിശേഷം പ്രചരിപ്പിക്കുകയെന്നതാണ്. സകല ജനതകളെയും ശിഷ്യപ്പെടുത്തുവാനും, ശിഷ്യപ്പെടുന്ന സകലര്‍ക്കും ജ്ഞാനസ്നാനം നല്‍കുവാനും, സ്നാനം സ്വീകരിച്ച് ക്രിസ്തുവിന്റെ ശിഷ്യരാകുന്നവരെ അവിടുത്തെ നിയമങ്ങള്‍ പഠിപ്പിക്കുവാനുമാണ് ഓരോ ക്രിസ്ത്യാനിയും അയയ്ക്കപ്പെട്ടിരിക്കുന്നത്. യേഹ്ശുവായുടെ ആദ്യത്തെ ശിഷ്യസമൂഹം അയയ്ക്കപ്പെട്ട കാലത്തും സുവിശേഷ പ്രചരണം നിയമംമൂലം നിരോധിച്ചിരുന്ന രാജ്യങ്ങളുണ്ടായിരുന്നു. ആ രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചു മൗനമായിരിക്കാന്‍ അന്നത്തെ ക്രിസ്തുശിഷ്യര്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ന് ആരെങ്കിലും ക്രിസ്തുവിനെ അറിയുമായിരുന്നോ? മുളയിലേതന്നെ നുള്ളപ്പെട്ട അവസ്ഥ ക്രിസ്തീയതയ്ക്കു ഭവിക്കുമായിരുന്നു. ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് ചില അഭിനവ നേതാക്കന്മാര്‍ വിധേയത്വവും അനുസരണവും പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

പത്രോസും പൗലോസും മറ്റു ശിഷ്യന്മാരും കടന്നുചെന്ന രാജ്യങ്ങളിലെ അധികാരികള്‍ പൂച്ചെണ്ട് നല്‍കി അവരെ സ്വീകരിച്ചിട്ടില്ല. പ്രോട്ടോക്കോള്‍ ലംഘിച്ച് സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുമില്ല. മറിച്ച്, യേഹ്ശുവാ എന്ന നാമത്തില്‍ പ്രസംഗിക്കുന്നതു വിലക്കിക്കൊണ്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണു ചെയ്തത്. എന്നാല്‍, അധികാരികളുടെ താക്കീതുകളെയോ അവര്‍ വിധിച്ച കാരാഗൃഹങ്ങളെയോ കണക്കിലെടുക്കാതെ യേഹ്ശുവായുടെ നാമത്തില്‍ത്തന്നെ പ്രസംഗിച്ചു. ഈ പ്രസംഗങ്ങളുടെ അനന്തരഫലമാണ് നാം ഇന്നനുഭവിക്കുന്ന നിത്യരക്ഷ! പത്രോസും യോഹന്നാനും കാരാഗൃഹത്തിലടയ്ക്കപ്പെട്ടപ്പോള്‍ യെരുശലെമിലെ പുരോഹിതന്മാരോടും അധികാരികളോടും അവര്‍ ഇപ്രകാരം ചോദിച്ചു: "ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയില്‍ ന്യായമാണോ? നിങ്ങള്‍തന്നെ വിധിക്കുവിന്‍. എന്തെന്നാല്‍, ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല"(അപ്പ. പ്രവര്‍: 4; 19, 20). യേഹ്ശുവായുടെ നാമത്തില്‍ പഠിപ്പിക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരേ അപ്പസ്തോലന്മാര്‍ പറഞ്ഞ വാക്കുകളാണിത്. അധികാരികളെ ചോദിപ്പിച്ച വാക്കുകള്‍ ഏതായിരുന്നുവെന്നു നോക്കുക: "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 12).

ഇന്നത്തെ ലോകത്തെയും അതിന്റെ അധികാരികളെയും ചൊടിപ്പിക്കുന്നതും ഈ വചനം തന്നെയാണ്. ഈ സത്യം വിളിച്ചുപറയാന്‍ അയയ്ക്കപ്പെട്ടവര്‍ അതു ഭംഗിയായി ചെയ്തതുകൊണ്ട് ക്രിസ്ത്യാനികളും ക്രിസ്തീയതയും ഒരനുഗൃഹമായി ഈ ഭൂമിയില്‍ നിലനില്‍ക്കുന്നു. എന്നാല്‍, ലോകത്തിന്റെ അസ്വസ്ഥതകള്‍ തിരിച്ചറിഞ്ഞ് അതിനോടു സന്ധിചെയ്ത ചില ശപിക്കപ്പെട്ടവര്‍ ക്രൈസ്തവരുടെയിടയില്‍ നുഴഞ്ഞുകയറി അവരുടെ നേതൃത്വം ഏറ്റെടുത്തപ്പോള്‍ സത്യം വളച്ചൊടിക്കപ്പെട്ടു. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നും, ഓരോ മതങ്ങളും സത്യത്തിലേക്കു നയിക്കുന്ന വിവിധ പാതകളാണെന്നും പഠിപ്പിക്കാനായി ഈ ശപിക്കപ്പെട്ടവര്‍ പുത്തന്‍ 'സുവിശേഷങ്ങള്‍' രചിച്ചു. ഇവരുടെ ആത്മീയ വ്യഭിചാരംമൂലം അനേകര്‍ വഞ്ചിക്കപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം. സുവിശേഷപ്രചരണത്തില്‍നിന്നു വിരമിച്ചുവെന്നതു മാത്രമല്ല ഇവരുടെ പാപം; മറിച്ച്, രക്ഷയെ ഇല്ലായ്മചെയ്യുന്ന വ്യാജപ്രബോധങ്ങള്‍ നടത്തി എന്നതാണ് കൂടുതല്‍ ഗുരുതരമായ പാപം. സുവിശേഷ പ്രചരണത്തില്‍നിന്നു വിരമിച്ചവര്‍ തങ്ങളുടെ രക്ഷ മാത്രമാണ് തള്ളിക്കളയുന്നതെങ്കില്‍, വ്യാജപ്രബോധനങ്ങള്‍ നടത്തുന്നവര്‍ തങ്ങളുടെയും അനേകം മനുഷ്യരുടെയും രക്ഷയ്ക്കു തടസ്സമായി വര്‍ത്തിക്കുന്നു.

പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് പിശാചിന്റെ ആജ്ഞാനുവര്‍ത്തികള്‍ നിലകൊള്ളുന്നത്. എല്ലാ അധികാരങ്ങളും ദൈവത്തില്‍നിന്നായാതുകൊണ്ട്, അധികാരികള്‍ക്കു വിധേയപ്പെടുന്നവര്‍ ദൈവത്തിനുതന്നെയാണ് വിധേയപ്പെടുന്നതെന്ന് ഈ അധമന്മാര്‍ പഠിപ്പിക്കുന്നു. റോമായില്‍ ക്രിസ്തുമതം സ്വീകരിച്ചവരിലെ ചില വിപ്ലവകാരികള്‍ ഭരണകൂടത്തിനെതിരേ സംഘംചേര്‍ന്നപ്പോള്‍, അവരെ തണുപ്പിക്കാനും അനുനയിപ്പിക്കാനുമായി അപ്പസ്തോലന്‍ അയച്ച കത്താണ് സുവിശേഷവിരോധികള്‍ ഉപദേശമായി സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ആഹ്വാനത്തെ തള്ളിക്കളയാന്‍ പഠിപ്പിക്കുന്നവനാണ് പൗലോസ് എന്ന് ആരും ധരിക്കരുത്. പൗലോസ് തന്റെ ശിഷ്യനായ തിമോത്തേയോസിനെ ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: "വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ചെയ്യുക"(2 തിമോ: 4; 2). അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യം എന്നതിലൂടെ ഉദ്ദേശിച്ചത് കാലാവസ്ഥയെ സംബന്ധിച്ചായിരുന്നുവെന്ന് ആരും ധരിക്കരുത്. സുവിശേഷ പ്രചാരണത്തിനു തടസ്സമായി നില്‍ക്കുന്ന വ്യക്തിയോ സമൂഹമോ ഭരണകൂടങ്ങളോ എന്തുതന്നെയായിരുന്നാലും അത് പ്രതികൂല സാഹചര്യമാണ്! അതിനെ വിവേകത്തോടെയും ജാഗ്രതയോടെയും അതിലംഘിച്ചു മുന്നോട്ടു പോകുകയെന്നതാണ് ക്രിസ്ത്യാനിയുടെ ദൗത്യം!

അധികാരത്തെയും അധികാരികളെയും സംബന്ധിച്ചു വ്യാജപ്രബോധനങ്ങള്‍ നടത്തുന്നവര്‍ക്കു വ്യക്തമായ അജണ്ടയുണ്ട്. അധികാരങ്ങളെല്ലാം ദൈവത്തില്‍നിന്നാണെന്നും അതിനു വിധേയപ്പെടുന്നവര്‍ ദൈവത്തിനാണ് വിധേയപ്പെടുന്നതെന്നും പഠിപ്പിക്കുന്നവരുടെ ആത്യന്തിക ലക്‌ഷ്യം എതിര്‍ക്രിസ്തുവിന്റെ രാജത്വത്തിനു സ്വീകാര്യതയുണ്ടാക്കുകയെന്നതാണ്. അവന്റെ അധികാരത്തിനു വിനീതവിധേയരാകുന്ന ജനത്തെ വാര്‍ത്തെടുക്കാന്‍ ഇക്കൂട്ടര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഭൂരിപക്ഷത്തിന്റെ അഭിരുചിക്കിണങ്ങിയ വ്യക്തികളായിരിക്കുമെന്നു നമുക്കറിയാം. ഒരു രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ദൈവനിഷേധകരായാല്‍, ആ രാജ്യത്തിന്റെ അധികാരിയായി തിരഞ്ഞെടുക്കപ്പെടുന്നവന്‍ ദൈവനിഷേധത്തിന്റെ പൂര്‍ണ്ണതയായിരിക്കും. ഇവരിലൂടെ നിര്‍മ്മിക്കപ്പെടുന്ന അധാര്‍മ്മിക നിയമങ്ങള്‍ അനുസരിക്കാന്‍ നമുക്കു ബാധ്യതയുണ്ടെന്നു പ്രചരിപ്പിക്കാന്‍ ക്രൈസ്തവനാമധാരികളായ അധമന്മാര്‍ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെല്ലാം ദൈവനിഷേധപരമായ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുവെങ്കില്‍, ആ രാജ്യങ്ങളിലെ ദൈവജനത്തെ നയിക്കാന്‍ കടന്നുകൂടിയിരിക്കുന്ന വ്യാജന്മാരുടെ സ്വാധീനത്താലാണ് അതു സംഭവിക്കുന്നത്. ഭ്രൂണഹത്യയെയും സ്വവര്‍ഗ്ഗരതിയെയും പ്രോത്സാഹിപ്പിക്കുന്ന പൈശാചിക സന്തതിയായ ഹിലാരി ക്ലിന്റനെ അമേരിക്കയുടെ ഭരണമേല്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നത് വത്തിക്കാനിലെ ഭരണാധികാരിയായിരുന്നു എന്ന യാഥാര്‍ത്ഥ്യവും ഇവിടെ ചേര്‍ത്തുവായിക്കണം. ഇവരെല്ലാം ലക്ഷ്യമിടുന്നത് എതിര്‍ക്രിസ്തുവിന്റെ രാജ്യം സ്ഥാപിതമാകുമ്പോള്‍, അവന്റെ നിയമങ്ങള്‍ക്കു വിധേയരാകുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ്! എതിര്‍ക്രിസ്തുവിന്റെ അധികാരം ദൈവത്തില്‍നിന്നുള്ളതാണോ എന്ന് ദൈവജനം ചിന്തിക്കുക! 

യിസ്രായേലിന്റെ നിയമലംഘനങ്ങള്‍!

പ്രഥമവും പ്രധാനവുമായ കല്പനയുടെ ലംഘനമാണ് യിസ്രായേല്‍ജനത്തെ പ്രവാസത്തിലേക്കും അടിമത്വത്തിലേക്കും നയിച്ചതെന്നു നാം കണ്ടു. അന്യദേവന്മാരെയും അവരുടെ ആചാരങ്ങളെയും സ്വീകരിക്കാന്‍ തയ്യാറായപ്പോഴെല്ലാം പ്രവാസത്തിലേക്കോ അടിമത്വത്തിലേക്കോ അവര്‍ കടന്നുപോയി. അന്യദേശങ്ങളില്‍ പരദേശികളായി ജീവിച്ചപ്പോഴും, സ്വദേശത്തുതന്നെ അന്യജനതയുടെ അടിമകളായി കഴിഞ്ഞപ്പോഴും നിയമങ്ങള്‍ യിസ്രായേല്‍ജനത്തിന് എതിരായിരുന്നു. അന്യരാജ്യങ്ങളില്‍ പ്രവാസികളായപ്പോള്‍ അവരുടെ നിയമങ്ങള്‍ അനുസരിക്കേണ്ട ബാധ്യത പരദേശികളായ യിസ്രായേലിന് വന്നുഭവിച്ചെങ്കില്‍, അത് സ്വാഭാവികമാണ്. എന്നാല്‍, തങ്ങളുടെതന്നെ ദേശത്ത് അടിമകളാക്കപ്പെടുകയും വിജാതിയരുടെ നിയമങ്ങള്‍ക്കു വിധേയരാകുകയും ചെയ്യുകയെന്നത് ഗുരുതരമായ അവസ്ഥയായി കാണണം. യിസ്രായേലിന്റെ ചരിത്രത്തില്‍ ഒട്ടനവധി തവണ വന്നുഭവിച്ചിട്ടുള്ള ദുരന്തമാണിത്. ഒന്നാംപ്രമാണത്തെ ലംഘിച്ചപ്പോള്‍, മറ്റെല്ലാ പ്രമാണങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനത്തിന് ഇവര്‍ നിര്‍ബ്ബന്ധിതരായി. തങ്ങള്‍ക്കു നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാനും വിജാതിയ രാജാക്കന്മാരെ ആരാധിക്കാനും നിര്‍ബ്ബന്ധിതരായപ്പോള്‍, യിസ്രായേല്‍ജനം രഹസ്യവും പരസ്യവുമായി നിയമങ്ങള്‍ ലംഘിക്കാന്‍ തുടങ്ങി. അധികാരികളുടെയും വിജാതിയരുടെയും അപ്രീതിക്കു പാത്രങ്ങളാക്കിയ നിയമലംഘനങ്ങളുടെ തുടക്കം ഇതായിരുന്നു.

പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ വാസമുറപ്പിച്ച ഒരുകാലം യെഹൂദരുടെ ചരിത്രത്തിലുണ്ട്. ബിസി നാലാംനൂറ്റാണ്ടിലായിരുന്നു അത്. തങ്ങളുടെ നിയമങ്ങളും ആചാരങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കാത്ത നിയമങ്ങളായിരുന്നു ആ സാമ്രജ്യത്തിലുണ്ടായിരുന്നത്. എന്നാല്‍, രാജ്യത്തിന്റെ നിയമം ലംഘിച്ചുകൊണ്ട്, തങ്ങളുടെ നിയമങ്ങളിലും ആചാരങ്ങളിലും ഉറച്ചുനില്‍ക്കാന്‍ യെഹൂദര്‍ തീരുമാനിച്ചു. ഇതിനെതിരേ ലോകം മുഴുവനിലുമുള്ള ഭരണാധികാരികള്‍ക്ക് അഹസ്വേരൂസ് മഹാരാജാവ് എഴുതിയ കത്തിലെ പ്രതിപാദ്യം ഇതാണ്: "ലോകത്തിലെ എല്ലാ ജനതകളുടെയും ഇടയില്‍ ചിതറിക്കിടക്കുന്ന ഒരു ശത്രുജനത ഉണ്ട്. അവരുടെ നിയമങ്ങള്‍ മറ്റു ജനതകളുടെ നിയമങ്ങള്‍ക്കു വിരുദ്ധമാണ്; അവര്‍ തുടര്‍ച്ചയായി രാജാക്കന്മാരുടെ കല്പനകള്‍ അവഗണിക്കുന്നു; അങ്ങനെ നാം അത്യധികം ആഗ്രഹിക്കുന്ന രാജ്യത്തിന്റെ ഐക്യം സാധിക്കാതെ വന്നിരിക്കുന്നു. ഈ ജനത മാത്രം എല്ലാ മനുഷ്യര്‍ക്കും എതിരായി, എക്കാലവും വഴിപിഴച്ച വിചിത്ര ജീവിതരീതിയും നിയമങ്ങളും പുലര്‍ത്തുന്നു. നമ്മുടെ രാജ്യം സുസ്ഥിരത നേടാതിരിക്കാന്‍വേണ്ടി തങ്ങളാല്‍ കഴിയുന്ന എല്ലാ ഉപദ്രവങ്ങളും ചെയ്തുകൊണ്ട് അവര്‍ നമ്മുടെ ഭരണകൂടത്തിനെതിരേ നിലകൊള്ളുന്നു"(എസ്തേര്‍: 13; 4, 5). ദൈവത്തിന്റെ നിയമങ്ങളെയും അവയ്ക്കു കീഴ്പ്പെടുന്ന ജനത്തെയും ലോകം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഈ വാക്കുകളില്‍ വായിക്കാന്‍ കഴിയും. ഇത് ഒറ്റപ്പെട്ട സംഭവമല്ല; എപ്പോഴെല്ലാം ദൈവജനം ഒന്നാംപ്രമാണം ലംഘിച്ചുവോ, അപ്പോഴെല്ലാം ഈ അവസ്ഥയിലൂടെ യിസ്രായേല്‍ജനം കടന്നുപോയിട്ടുണ്ട്‌.

അഹസ്വേരൂസ് മഹാരാജാവിന്റെ ഭരണത്തിലേ രണ്ടാമനായിരുന്ന ഹാമാന്റെ ഉത്തരവിനോട് മൊര്‍ദെക്കായ് എന്ന യെഹൂദന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: "കൊട്ടാരവാതില്‍ക്കലുണ്ടായിരുന്ന സകല രാജസേവകന്മാരും ഹാമാന്റെ മുന്‍പില്‍ കുമ്പിട്ട് ആദരം കാണിച്ചു. അങ്ങനെ ചെയ്യണമെന്നു രാജാവു കല്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, മൊര്‍ദെക്കായ് മുട്ടുമടക്കുകയോ അവനെ വണങ്ങുകയോ ചെയ്തില്ല"(എസ്തേര്‍: 3; 2). വിവേകമതിയും ദൈവഭക്തയുമായിരുന്ന എസ്തേര്‍ മുഖേന മഹാരാജാവിന്റെ മനസ്സുമാറുകയും, താന്‍ ഒരിക്കല്‍ നിന്ദിച്ച ദൈവീകനിയമങ്ങളെ മഹത്വപ്പെടുത്തുകയും ചെയ്തതും ചരിത്രത്തിന്റെ ഭാഗമാണ്. ദൈവത്തെക്കാളുപരി തന്നെത്തന്നെ ഉയര്‍ത്തിയ ഹാമാന്‍ തനിക്കുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. അഹസ്വേരൂസിന്റെ മറ്റൊരു വിളംബരത്തില്‍ ഹാമാനെതിരെയും യെഹൂദരെക്കുറിച്ചും ഇപ്രകാരം എഴുതിയിരിക്കുന്നു: "പക്‌ഷേ, അഭിശപ്തനായ ഇവനാല്‍ പൂര്‍ണ്ണനാശത്തിനു വില്‍ക്കപ്പെട്ട യെഹൂദര്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നവരല്ലെന്നും, ഏറ്റവും നീതിയുക്തമായ നിയമങ്ങളാല്‍ നയിക്കപ്പെടുന്നവരാണെന്നും, ഏറ്റവും ശക്തനായ, ജീവിക്കുന്ന ദൈവമായ അത്യുന്നതന്റെ മക്കളാണെന്നും ഞാന്‍ കാണുന്നു. നമുക്കും നമ്മുടെ പിതാക്കന്മാര്‍ക്കും വേണ്ടി രാജ്യത്തെ ഏറ്റവും ഉത്തമമായ നീതിയില്‍ നയിച്ചത് ആ ദൈവമാണ്"(എസ്തേര്‍: 16; 15, 16).

യിസ്രായേല്‍ജനത്തിന്റെ ശ്ലാഘനീയമായ നിയമലംഘനങ്ങള്‍ ഒരു തുടര്‍ക്കഥപോലെയാണ്. ഒന്നാംപ്രമാണം ലംഘിച്ചു പ്രവാസികളായി മാറുകയും അവിടെവച്ച് സത്യദൈവത്തിലേക്കു മടങ്ങുകയും ചെയ്യുന്ന രീതിയായിരുന്നു അവരുടേത്. സത്യദൈവമായ യാഹ്‌വെയിലേക്കും അവിടുത്തെ നിയമങ്ങളിലേക്കും മടങ്ങുന്നതിന്റെ ആദ്യപടിയായി അവരില്‍ ദര്‍ശിക്കാന്‍ കഴിയുന്നത് നിയമലംഘനവും നിസ്സഹകരണവും ആയിരുന്നു. അവര്‍ ജീവിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ തങ്ങളുടെ നിയമങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ അവ പരസ്യമായും രഹസ്യമായും ലംഘിക്കാന്‍ തയ്യാറാകും. രാജാവിനെയല്ലാതെ മറ്റാരെയും  ആരാധിക്കരുതെന്നുള്ള കല്പനകള്‍ ലഭിക്കുമ്പോഴാണ് യിസ്രായേല്‍ജനം ഉണരുന്നതെന്നു ചരിത്രം പരിശോധിക്കുന്നവര്‍ക്കു മനസ്സിലാകും. ഈ സാഹചര്യം നോക്കുക: "അവന്‍ അവരുടെ ആരാധനാമന്ദിരങ്ങള്‍ തട്ടിത്തകര്‍ത്തു. അവരുടെ വിശുദ്ധമായ ഉപവനങ്ങള്‍ വെട്ടിക്കളഞ്ഞു. കാരണം, ജനതകളെല്ലാം നബുക്കദ്‌നേസറിനെ മാത്രം ആരാധിക്കുന്നതിനും എല്ലാ നാവുകളും ഗോത്രങ്ങളും അവനെ ദൈവമെന്നു വിളിക്കുന്നതിനും വേണ്ടി, സ്ഥലത്തെ സകല ദേവന്മാരെയും നിര്‍മ്മൂലനം ചെയ്യണമെന്നു ഹോളോഫര്‍ണസിന് ആജ്ഞ ലഭിച്ചിരുന്നു"(യൂദിത്ത്: 3; 8). അനിവാര്യമായ നിയമലംഘനങ്ങള്‍ ദൈവജനത്തിനു മുന്‍പിലുണ്ടെന്നു ബോധ്യമാകാനാണ് പല മേഖലകളിലൂടെ കടന്ന് ഇവിടംവരെ നമ്മുടെ പഠനം എത്തിയത്.

ആധുനിക യിസ്രായേലും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനവുമായ ക്രിസ്ത്യാനികള്‍ കടന്നുപോകുന്നതും സമാനമായ അവസ്ഥകളിലൂടെ തന്നെയാണ്. വിജാതിയ അനുകരണവും അതുവഴിയുള്ള അടിമത്വവുമാണ് ക്രിസ്ത്യാനികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി. പിതൃശൂന്യരായ ചിലര്‍ മുഖാന്തിരം കടന്നുവരുന്ന 'മിമിക്രികള്‍' ആണ് അതീവഗുരുതരമായ അവസ്ഥയില്‍ എത്തിക്കുന്നത്. ചെറിയചെറിയ വ്യതിചലനങ്ങളിലൂടെ ഇന്ന് എത്തിനില്‍ക്കുന്നത് പൂര്‍ണ്ണമായ പൈശാചികതയിലാണ്. ഏതു പൈശാചിക നിയമങ്ങളെയും സ്വീകരിക്കാന്‍ മടിയില്ലാത്തവിധം അധഃപതിച്ചവരായി ഇവര്‍ മാറി! തിരിച്ച്, തങ്ങളുടെ ദൈവത്തിലേക്കും അവിടുത്തെ നിയമങ്ങളിലേക്കും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവരെ തടയുന്നതും ഈ ആദ്ധ്യാത്മിക ശിഖണ്ഡികള്‍ തന്നെയാണ്. ഇവിടെയാണ്‌ ദൈവമക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. നിയമം തെറ്റാണെങ്കില്‍ അത് ലംഘിക്കുകതന്നെ വേണം. തെറ്റായ നിയമങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത ഒരു ക്രിസ്ത്യാനിക്കുമില്ല. എന്നാല്‍, രാജ്യത്തിന്റെ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ ഒരു യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്‍പിലുണ്ട്. തീരുമാനമെടുക്കുന്നതില്‍ പതറിപ്പോകുന്നത് ഈ ശിക്ഷയുടെ മുന്‍പിലാണ്. നിത്യജീവനും ഇഹലോകജീവിതവും നമുക്കുമുന്നില്‍ തിരഞ്ഞെടുപ്പിനായി നില്‍ക്കുമ്പോള്‍, ക്രിസ്ത്യാനിക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ല! നിത്യജീവനുവേണ്ടി ഇഹലോകജീവിതത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള സകലതും ത്യജിക്കുക. അപ്പോള്‍ മാത്രമാണ് നാം ക്രിസ്തുവിനു യോഗ്യരായി മാറുകയുള്ളൂ.

ദൈവനിഷേധം പ്രചരിപ്പിക്കുന്നതിനായി നമ്മുടെ നികുതിപ്പണം വിനിയോഗിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍, ഉപ്പുസത്യാഗ്രഹത്തിനും നാം തയ്യാറാകണം. അതായത്, സീസര്‍ കെടുകാര്യസ്ഥനോ ദൈവനിഷേധിയോ ആണെങ്കില്‍, സീസറിനുള്ളതു മാത്രമേ അവനു കൊടുക്കാവൂ! ദൈവം നല്‍കുന്ന സമ്പത്ത് ദൈവനിഷേധത്തിനായി സീസറിന്റെ ഖജനാവില്‍ എത്തരുത്! നിയമം അനുസരിക്കുന്ന കാര്യത്തിലും  ഗൗരവകരമായ ശ്രദ്ധകൊടുത്ത് വിവേചിക്കണം. എല്ലാ നിയമങ്ങളും അനുസരിക്കാന്‍ ദൈവമക്കള്‍ക്കു ബാധ്യതയില്ല. എതിര്‍ക്രിസ്തു വരുകയും അവന്റെ നിയമം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍, അവയെല്ലാം വിനീതവിധേയത്വത്തോടെ അനുസരിക്കുന്നവരല്ല രക്ഷപ്രാപിക്കുന്നത്. നെറ്റിയിലോ വലതുകൈത്തണ്ടയിലോ മൃഗത്തിന്റെ മുദ്രപതിപ്പിക്കാന്‍ നിര്‍ബ്ബന്ധിക്കുമ്പോള്‍, അത് അനുസരിക്കാത്തവരായി നിലകൊള്ളുന്ന നിയമലംഘകരെയാണ് യേഹ്ശുവായുടെ രാജ്യത്തു പ്രവേശിപ്പിക്കുന്നത്. ഈ തിരിച്ചറിവ് എല്ലാ ദൈവമക്കള്‍ക്കും ഉണ്ടായിരിക്കണം. 

ഈ പഠനം ഇവിടെ അവസാനിപ്പിക്കുമ്പോള്‍, സീസറിനുള്ളത് എന്തൊക്കെയാണെന്നും ദൈവത്തിനുള്ളത് എന്തൊക്കെയാണെന്നും വ്യക്തമാക്കുന്ന ലേഖനം വായിക്കുന്നതിനായി ദൈവമക്കളെ ക്ഷണിക്കുന്നു! 'സീസര്‍' ഇപ്പോള്‍ 'ഹാപ്പി'യാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    2226 views

LOG IN

Lost your password?

SIGN UP

LOST PASSWORD