വിചാരണ

ദുരുപദേശങ്ങളുമായി ദാനിയേല്‍ പൂവണ്ണത്തില്‍!

Print By
about

22 - 09 - 2019

ദൈവവചനത്തെയും ദൈവത്തിന്റെ നിയമങ്ങളെയും സ്നേഹിക്കുന്ന ദൈവമക്കള്‍ക്ക് ദാനിയേല്‍ പൂവണ്ണത്തില്‍ എന്ന വൈദികനെ ഇഷ്ടമായിരുന്നു. കത്തോലിക്കാസഭയിലെ ഒരു വൈദികനും മലങ്കര റീത്തിലെ ഒരു പ്രബോധകനും ആയതുകൊണ്ടല്ല ദൈവമക്കള്‍ ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടത്. ദൈവത്തിന്റെ നിയമങ്ങള്‍ സത്യസന്ധമായി പ്രസംഗിക്കുന്ന ഒരു വൈദികനെ കത്തോലിക്കാസഭയില്‍ കണ്ടെത്താന്‍ കഴിഞ്ഞതുകൊണ്ടും, കത്തോലിക്കാസഭയില്‍ ഇങ്ങനെയുള്ള പ്രബോധകര്‍ അധികമില്ലാത്തതുകൊണ്ടും ദാനിയേല്‍ പൂവണ്ണത്തില്‍ വളരെ വേഗത്തില്‍ സ്വീകാര്യനായി! എന്നാല്‍, ഈ വൈദികന്റെ പ്രബോധനങ്ങളെ അസ്വസ്ഥതയോടെ വീക്ഷിച്ച വലിയൊരു വിഭാഗം ഇന്നും കത്തോലിക്കാസഭയില്‍ സാങ്കേതികമായി തുടരുന്നുണ്ട്. തൊണ്ണൂറു ശതമാനത്തിലേറെ വൈദികരും അതിനേക്കാളേറെ സന്യാസിനിമാരും ദാനിയേല്‍ പൂവണ്ണത്തിലിനെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നവരാണ്. വസ്തുത ഇതെല്ലാമാണെങ്കിലും, ദാനിയേല്‍ പൂവണ്ണത്തില്‍ എന്ന വൈദികന്‍ ഇന്ന് വഴിവിട്ട പാതയിലൂടെ യാത്ര ആരംഭിച്ചിരിക്കുന്നു എന്ന ദുരന്തകരമായ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ വഴിമാറ്റം തിരിച്ചറിയാത്തവര്‍ അപകടത്തില്‍ നിപതിക്കും എന്ന സത്യത്തെ നിസംഗതയോടെ അവഗണിക്കാന്‍ പാടില്ല. ആയതിനാല്‍, അപകടകരമായ ഈ ദുരവസ്ഥയെക്കുറിച്ചു നാമിവിടെ ചര്‍ച്ചചെയ്യുന്നു.

കത്തോലിക്കാസഭയിലെ ഒരു വൈദികന് സത്യം തുറന്നുപറയാന്‍ അനേകം പ്രതിബന്ധങ്ങളുണ്ട്. പൈശാചിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വൈദികര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ സഭയുടെ മുഴുവന്‍ സംവിധാനങ്ങളും സജ്ജമായിരിക്കുമ്പോഴാണ്‌, സത്യത്തെ കൂച്ചുവിലങ്ങിടാന്‍ സര്‍വ്വസന്നാഹങ്ങളുമായി നേതൃത്വം ഇറങ്ങുന്നത്. ക്രിസ്തുവിനെ അവഹേളിക്കാനും വചനത്തെ ചവിട്ടിമെതിക്കാനും ഇറങ്ങിത്തിരിക്കുന്ന ഒരുവനെപ്പോലും നിയന്ത്രിക്കാന്‍ സഭയിലെ ആചാര്യന്മാരുടെ അധിപന്മാര്‍ തയ്യാറാകില്ലെന്നു നമുക്കറിയാം. എന്നാല്‍, യേഹ്ശുവാ മാത്രമാണു രക്ഷകന്‍ എന്ന് വിളിച്ചുപറയുന്നവരെ തളയ്ക്കാന്‍ എല്ലാ മാടമ്പിമാരും സംഘംചേരാറുണ്ട്. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ് എന്ന യാഥാര്‍ത്ഥ്യം വചനാധിഷ്ഠിതമായി പ്രഖ്യാപിക്കുന്ന പ്രബോധകരെ ഉന്മൂലനം ചെയ്യാന്‍പോലും മടിക്കാത്തവരാണ് സഭയുടെ അധികാരസ്ഥാനങ്ങളില്‍ അവിഹിതമായി കടന്നുകൂടിയിരിക്കുന്നത്. അപ്രിയസത്യങ്ങള്‍ കേള്‍ക്കുമ്പോള്‍, സഭയ്ക്കു പുറത്തുള്ള വിജാതിയരെക്കാള്‍ അസ്വസ്ഥരാകുന്നത് സഭയ്ക്കുള്ളില്‍ അതിക്രമിച്ചുകടന്ന് അധികാരം പിടിച്ചടക്കിയിരിക്കുന്ന ഹിന്ദോലിക്കരാണെന്നത് സാഹചര്യത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു! വൈദികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മന്ദബുദ്ധികളെപ്പോലും ഗമാലിയേലിന്റെ ശിഷ്യന്മാരായി പരിഗണിക്കുന്ന വിനീതവിധേയരാണ് വിശ്വാസികളിലേറെയും! എന്തിനാണ് തങ്ങള്‍ ക്രിസ്ത്യാനികളായിരിക്കുന്നതെന്നുപോലും നിശ്ചയമില്ലാത്തവര്‍ ഇടവകാ രജിസ്റ്ററില്‍ പേരുചേര്‍ക്കപ്പെട്ടവരായുണ്ട്.

കത്തോലിക്കാസഭയിലെ വിശ്വാസികളുടെ ആദ്ധ്യാത്മികാവസ്ഥ ഇപ്രകാരമൊക്കെയായിരിക്കുന്നതുകൊണ്ട്, വൈദികരുടെ കുപ്പായത്തിനുള്ളില്‍നിന്നു മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദത്തിന് അപ്രമാധിത്വം അംഗീകരിച്ചു നല്‍കുന്നവരാണ് ഭൂരിപക്ഷം. ആയതിനാല്‍ത്തന്നെ, വൈദികവേഷം ധരിച്ചിരിക്കുന്ന വ്യക്തികള്‍ ആദ്ധ്യാത്മിക സത്യങ്ങള്‍ വെളിപ്പെടുത്തുന്നവരായാല്‍, അത് സഭയില്‍ വലിയ ചലനങ്ങളുണ്ടാക്കും! എടാട്ടച്ചന്‍, വട്ടായിലച്ചന്‍, വാളമ്മനാലച്ചന്‍, ദാനിയേലച്ചന്‍...എന്നിവരെല്ലാം യഥാര്‍ത്ഥ ദൈവമക്കള്‍ക്കു പ്രിയങ്കരരായത് ഇങ്ങനെയാണ്! അതായത്, പരിശുദ്ധാത്മാവിന്റെ അഭിഷേകമുള്ള ദൈവമക്കളെ ഉണര്‍ത്താന്‍, അതേ ആത്മാവിന്റെ പ്രവര്‍ത്തനത്തിനു മാത്രമേ സാധിക്കൂ. ബൈബിളിലെ ഒരു വചനം ശ്രദ്ധിക്കുക: "ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു"(സുഭാഷിതങ്ങള്‍: 27; 17). ഒരേ ആത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളുടെ ഭാഷണങ്ങള്‍ പരസ്പരം അംഗീകരിക്കപ്പെടുന്നു. ഇത് പരിശുദ്ധാത്മാവിന്റെ കാര്യത്തില്‍ മാത്രമല്ല, ദുഷ്ടാരൂപികളുടെ കാര്യത്തിലും ഈ ആകര്‍ഷണം ഉണ്ടാകും. നന്മ നന്മയുമായി സംഗമിക്കുന്നതുപോലെ, തിന്മ തിന്മയുമായി ഗാഢാശ്ലേഷം ചെയ്യും.

എന്നാല്‍, സഭയെക്കുറിച്ചും അധികാരത്തെക്കുറിച്ചും അബദ്ധങ്ങള്‍ മനഃപാഠമാക്കി വച്ചിരിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്മായരില്‍നിന്നു കേള്‍ക്കുന്ന സത്യങ്ങളെ സംശയത്തോടെ മാത്രമേ സ്വീകരിക്കുകയുള്ളു! ഇത് മനഃശാസ്ത്രപരമായ ഒരു പ്രശ്നമാണ്. അതായത്, ഒരേ സത്യംതന്നെ ഒരു അത്മായനില്‍നിന്നു കേള്‍ക്കുന്നതിനേക്കാള്‍, ഒരു വൈദികനില്‍നിന്നു കേള്‍ക്കുമ്പോള്‍ മനശ്ചാഞ്ചല്യം ഏതുമില്ലാതെ സ്വീകരിക്കാന്‍ കഴിയുന്നു. വൈദികരെയും അവരുടെ അധികാരങ്ങളെയും സംബന്ധിച്ച് വിശ്വാസികളില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകള്‍ ഇവരെ അടിമകളാക്കിയിരിക്കുകയാണ്. ഇല്ലാത്ത അധികാരത്തെ ഭയപ്പെടുന്നതുമൂലം പിശാചിന്റെ സന്ദേശങ്ങള്‍പ്പോലും ദൈവീക വെളിപാടുകളായി സ്വീകരിക്കപ്പെടുന്നു. തങ്ങളുടെ അധികാരം വിശ്വാസികളാല്‍ ചോദ്യംചെയ്യപ്പെടാതിരിക്കേണ്ടതിന് വൈദീകസമൂഹം തന്നെയാണ് തെറ്റായ അറിവുകള്‍ അവരില്‍ നിറച്ചത്. ദൈവത്തിന്റെ വചനം പറയുന്നു: "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണു നാം ആബ്ബാ, പിതാവേ എന്നു വിളിക്കുന്നത്"(റോമാ: 8; 15). യേഹ്ശുവാ വഴി നാം പ്രാപിച്ചിരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെയാണ്. മറ്റുള്ളവരില്‍നിന്നുള്ള പൈശാചിക ആശയങ്ങള്‍ക്ക് ഇനിയും നാം വിധേയരാകാതിരിക്കേണ്ടതിനാണ് സ്വാതന്ത്ര്യം നമുക്കു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ നിയമങ്ങളും വചനങ്ങളും പഠിപ്പിക്കുന്നത് ആരുതന്നെയായിരുന്നാലും അവരെ നാം ആദരിക്കുകയും സ്വീകരിക്കുകയും വേണം. എന്നാല്‍, ദൈവീകനിയമങ്ങള്‍ക്കും വചനങ്ങള്‍ക്കും വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ഏറ്റവും ഉന്നതനായ വ്യക്തിയാണെങ്കിലും, അവനെ സ്വീകരിക്കുകയോ ആദരിക്കുകയോ ചെയ്യരുത്!

ദൈവീകനിയമങ്ങള്‍ പൂര്‍ണ്ണതയോടെ പഠിപ്പിക്കുന്നവരെ നാം സ്വീകരിക്കുകയും ആദരിക്കുകയും ചെയ്‌താല്‍, അതിലൂടെ ദൈവത്തെത്തന്നെയാണ് സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നത്. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവന്‍ എന്നെയാണു സ്വീകരിക്കുന്നത്. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു"(യോഹ: 13; 20). ക്രിസ്തു അയച്ച ഒരുവനെ നാം സ്വീകരിക്കുമ്പോള്‍ അവിടുത്തെത്തന്നെയാണ് നാം സ്വീകരിക്കുന്നത്. യേഹ്ശുവായാണ് അവനെ അയച്ചിരിക്കുന്നതെന്ന് അറിയാനുള്ള അടയാളവും ബൈബിളിലുണ്ട്. ആ അടയാളം പരിശോധിക്കുന്നതിനുമുമ്പ് ഒരു വചനംകൂടി ശ്രദ്ധിക്കുക: "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു; എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു"(ലൂക്കാ: 10; 16). സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനായ യേഹ്ശുവായുടെ വാക്കുകളെ നിരസിക്കുന്നവന്‍ സ്വര്‍ഗ്ഗത്തെയാണ് നിരസിക്കുന്നത്. എന്നാല്‍, ക്രിസ്തുവിനാല്‍ അയയ്ക്കപ്പെടുന്ന ഒരുവനെ ആരെങ്കിലും നിരസിച്ചാല്‍, അവന്‍ നിരസിക്കുന്നത് ക്രിസ്തുവിനെ മാത്രമല്ല, ക്രിസ്തു എവിടെനിന്നു വന്നുവോ, ആ സ്വര്‍ഗ്ഗത്തെക്കൂടി അവന്‍ നിരസിക്കുന്നു. ഇന്ന് ക്രിസ്തുവിന്റെ നാമത്തില്‍ അവിടുത്തെ വചനം പ്രസംഗിക്കപ്പെടുമ്പോള്‍, ഈ വചനത്തെ സ്വീകരിക്കുന്നവര്‍ ക്രിസ്തുവിനെയും അവിടുത്തെ രാജ്യത്തെയും സ്വീകരിക്കുന്നു. യാഥാര്‍ത്ഥ്യം ഇതാണെങ്കിലും, ഒരുവന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിനാലാണെന്നും, അവന്‍ പ്രസംഗിക്കുന്നത് ക്രിസ്തുവിന്റെ വചനമാണെന്നും എങ്ങനെ വിവേചിച്ചറിയാന്‍ സാധിക്കും?

അനേകര്‍ക്ക് തെറ്റുപറ്റിയിട്ടുള്ളതും തെറ്റുപറ്റിക്കൊണ്ടിരിക്കുന്നതും ആത്മാക്കളെ വിവേചിക്കുന്ന കാര്യത്തിലാണ്. വഹിക്കുന്ന പദവികളെയും അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളെയും നോക്കി ആത്മാക്കളെ വിവേചിച്ചാല്‍ സകലര്‍ക്കും തെറ്റുപറ്റും. ഇതാ, ഈ വെളിപ്പെടുത്തല്‍ നോക്കുക: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും"(2 കോറി: 11; 14, 15). വേഷഭൂഷാദികളും പദവികളുമാണ് ദൈവീകശുശ്രൂഷകരുടെ അടയാളമെന്നു ചിന്തിക്കുന്നവരെ കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ചാണ് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സഭയിലെ വിവിധങ്ങളായ ശുശ്രൂഷകളെ പ്രതിനിധീകരിക്കുന്ന വേഷങ്ങള്‍ നമുക്കറിയാം. ഇത്തരം വേഷങ്ങള്‍ ധരിച്ചവരെല്ലാം സത്യം പ്രഘോഷിക്കുന്നവരാണെന്നും, ഇവരുടെ പ്രബോധനങ്ങള്‍ക്ക് ദൈവത്തില്‍നിന്നുള്ള അംഗീകാരമുണ്ടെന്നും വിശ്വസിക്കുന്നവരാണ് സഭയിലെ വിശ്വാസികളില്‍ ഭൂരിപക്ഷവും. എന്നാല്‍, ഇവര്‍ ധരിച്ചിരിക്കുന്ന വേഷങ്ങളോ ഇവര്‍ വഹിക്കുന്ന പദവികളോ ആധികാരികതയുടെ അടയാളങ്ങളായി പരിഗണിക്കരുത് എന്നാണ് ബൈബിള്‍ നമുക്കു നല്‍കുന്ന മുന്നറിയിപ്പ്. പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷത്തില്‍പ്പോലും പിശാചിന്റെ ശുശ്രൂഷകര്‍ ലോകത്തു ചുറ്റിത്തിരിയുന്നുണ്ട്. ആയതിനാല്‍, ദൈവത്തിന്റെ ശുശ്രൂഷകരെ തിരിച്ചറിയാനുള്ള അടയാളമെന്താണെന്നു മനസ്സിലാക്കിയിരിക്കേണ്ടത് ദൈവമക്കളുടെ കടമയാണ്.

കത്തോലിക്കാസഭയുടെ കാര്യം ഉദാഹരണമായെടുത്താല്‍, വിവിധ കോണ്‍ഗ്രിഗേഷനുകളിലായി അനേകം ശുശ്രൂഷകരുണ്ട്. ഓരോ കോണ്‍ഗ്രിഗേഷനുകളെയും സാധാരണക്കാര്‍ക്കു തിരിച്ചറിയാനുള്ള അടയാളമായി വേഷവിധാനങ്ങള്‍ പരിഗണിക്കാന്‍ കഴിയും. വ്യത്യസ്ത മേഖലകളില്‍ ശുശ്രൂഷകള്‍ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നവരാണ് ഓരോ സമൂഹവും. ഒരേ കോണ്‍ഗ്രിഗേഷനില്‍, ഒരേവേഷത്തില്‍ കാണപ്പെടുന്നവരായ ശുശ്രൂഷകര്‍പോലും പരസ്പരവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരായി നാം മനസ്സിലാക്കിയിട്ടുണ്ട്. ഇടവകകളുടെ ചുമതലയുള്ളവരും ഒരേ രൂപതയുടെ കീഴില്‍ സേവനംചെയ്യുന്നവരുമായ വൈദീകര്‍ പരസ്പരവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും സര്‍വ്വസാധാരണമാണ്. ഓണക്കുര്‍ബ്ബാനയെ എതിര്‍ക്കുന്ന വിശുദ്ധരായ വൈദികരും ഓണക്കുര്‍ബ്ബാന എന്ന ലജ്ജാകരമായ ആഭാസത്തെ മഹത്വമായി കാണുന്ന ആഭാസന്മാരായ വൈദികരും ഒരേ മെത്രാന്റെ കീഴില്‍ സേവനംചെയ്യുന്നു. ഇരുകൂട്ടരും ഒരേ വേഷത്തിലാണ് നമുക്കു മുന്നിലുള്ളത്. ഒരേ പദവി വഹിക്കുന്ന മെത്രാന്മാരിലും ഭിന്നത ദര്‍ശിക്കാന്‍ കഴിയും. ആശയത്തില്‍ മാറ്റമില്ലാതെ, വിവരണശൈലിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന വൈരുദ്ധ്യങ്ങളാണെങ്കില്‍ അത് ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്നില്ല. എന്നാല്‍, ദിനരാത്രങ്ങള്‍പോലെ വിരുദ്ധമായ ആശയങ്ങളാണ് തുല്യപദവി വഹിക്കുന്ന രണ്ടു വൈദികര്‍ പ്രസംഗിക്കുന്നതെങ്കില്‍, അതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. ഒരേ ആത്മാവുതന്നെ തികച്ചും വിപരീതങ്ങളായ പ്രബോധനങ്ങള്‍ നല്‍കുമെന്നു ചിന്തിക്കുന്നത് പരിശുദ്ധാത്മാവിനെതിരേയുള്ള പാപമാണ്.

യോഗ പരിശീലിക്കുന്നവര്‍ കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താണെന്നും, ഇവര്‍ക്കു സഭയിലെ കൂദാശകള്‍ സ്വീകരിക്കാന്‍ അനുവാദമില്ലെന്നും പ്രഖ്യാപിച്ച മാര്‍പ്പാപ്പമാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. ഇന്നും ജീവിച്ചിരിക്കുന്ന ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയും ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞുകൊണ്ട് സെമിനാരികളില്‍പ്പോലും യോഗാപരിശീലനം ഇന്ന് നടക്കുന്നു. യോഗ പാപമാണെന്നു പറയുന്ന വൈദികര്‍ ഒരുവശത്തു പ്രബോധനം നല്‍കുമ്പോള്‍, യോഗാധ്യാനങ്ങള്‍ നടത്തുന്ന വൈദികര്‍ മറ്റൊരു വശത്ത്‌ സജ്ജീവമായിരിക്കുന്നതും നാം കാണുന്നുണ്ട്. വിജാതിയ അനുകരണങ്ങള്‍ ഒന്നാംപ്രമാണത്തിനെതിരേയുള്ള കൊടിയ പാപമാണെന്നു പഠിപ്പിക്കുന്ന വൈദികര്‍ കത്തോലിക്കാസഭയിലുണ്ടെന്നു നമുക്കറിയാം. എന്നാല്‍, യാതൊരു ലജ്ജയുമില്ലാതെ, വിജാതിയതയെ മഹത്വവത്ക്കരിക്കുന്ന വ്യക്തികളാണ് സഭയില്‍ ഇന്ന് അധികമുള്ളത്. ഇവരില്‍ ആരാണ് ദൈവത്തിന്റെ യഥാര്‍ത്ഥ ശുശ്രൂഷകര്‍? രണ്ടുകൂട്ടരും ദൈവത്തില്‍നിന്നുള്ളവരാണ് എന്ന 'കോത്താഴത്തെ' മറുപടിയല്ല വേണ്ടത്! ഏതെങ്കിലും ഒരുകൂട്ടര്‍ മാത്രമാണ് ദൈവത്താല്‍ അയയ്ക്കപ്പെട്ടവര്‍! അത് ഏതു കൂട്ടരാണെന്ന് പറയുന്നതില്‍പ്പോലും അഭിപ്രായസമന്വയം ഉണ്ടാകില്ല എന്നതാണു യാഥാര്‍ത്ഥ്യം!

അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയാണ് ഏകദൈവം എന്ന് വിശ്വസിക്കുന്നവരുടെ സമൂഹങ്ങളാണ് യെഹൂദരും യഥാര്‍ത്ഥ ക്രിസ്ത്യാനികളും. ഒരുപടികൂടി കടന്ന്, യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഇതാണ് സത്യത്തിന്റെയും സത്യവിശ്വാസത്തിന്റെയും പൂര്‍ണ്ണത! യാഹ്‌വെയും യേഹ്ശുവായും ഒരുവന്‍തന്നെ ആയതിനാല്‍, യാഹ്‌വെയുടെ ഓരോ കല്പനകളും പ്രഖ്യാപനങ്ങളും യേഹ്ശുവായുടേതുകൂടിയാണെന്ന് അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ക്കു ബാദ്ധ്യതയുണ്ട്. യേഹ്ശുവാ വന്ന് യാഹ്‌വെയുടെ നിയമങ്ങളെ അസാധുവാക്കി, അതിനു പകരമായി പുതിയ നിയമം സ്ഥാപിച്ചുവെന്നു വാദിക്കുന്നവര്‍ക്ക് ക്രിസ്ത്യാനികളുടെ ഭാഗമായിരിക്കാന്‍ എങ്ങനെ സാധിക്കും? ദൈവവുമായുള്ള ബന്ധത്തില്‍ മനുഷ്യനെ ഉറപ്പിച്ചു നിര്‍ത്തുന്നതിനാണ് നിയമങ്ങള്‍ നല്കപ്പെട്ടിരിക്കുന്നത്. മോശവഴി നല്‍കപ്പെട്ട നിയമങ്ങളിലൂടെ യാഹ്‌വെ വെളിപ്പെടുത്തിയിരിക്കുന്നത് അവിടുത്തെ സ്വഭാവമാണ്. ദൈവമായ യാഹ്‌വെ അവിടുത്തെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നു മാത്രമല്ല, ഒരിക്കലും അവിടുന്ന് മാറുകയുമില്ല. സ്വഭാവത്തില്‍ എന്തെങ്കിലും ദോഷവശങ്ങള്‍ ഉണ്ടെങ്കിലല്ലേ അതില്‍ മാറ്റംവരുത്തേണ്ടതുള്ളു!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ മോശയിലൂടെ അറിയിച്ച ഒരു നിയമം ശ്രദ്ധിക്കുക: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്"(പുറ: 23; 13). യാഹ്‌വെ തന്നെയാണ് യേഹ്ശുവായെങ്കില്‍ ഈ നിയമത്തില്‍ യാതൊരു മാറ്റവും സംഭവിക്കില്ല. അന്യദേവന്മാരില്‍ എന്തെങ്കിലും ശുദ്ധീകരണം സംഭവിച്ചിട്ടില്ല; അന്നുമിന്നും അവര്‍ അശുദ്ധിയില്‍തന്നെ തുടരുന്നു. ആയതിനാല്‍, അവയുടെ സാന്നിദ്ധ്യം ഏതൊരു മനുഷ്യനെയും അശുദ്ധനാക്കും. എന്നാല്‍, പിശാചിന്റെ ആശ്രിതരായ ചിലര്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ കടന്നുകൂടുകയും, അന്യദേവന്മാരുടെ സ്മരണകള്‍ ഉണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ദൈവവുമായുള്ള ബന്ധത്തില്‍നിന്നു സഭാമക്കളെ അകറ്റുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ അയച്ച അവന്റെ ദൂതന്മാരാണ് ഇവര്‍! നിയമനിഷേധിയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ഇവരും ദൈവദൂതന്മാരുടെ വേഷം ധരിച്ചിരിക്കുന്നതുകൊണ്ട് ഇവരെ തിരിച്ചറിയാന്‍ അല്പവിശ്വാസികള്‍ക്കു സാധിക്കുന്നില്ല.

തന്റെ ജനത്തോടൊപ്പം സഞ്ചരിക്കാന്‍ തടസ്സമായിരിക്കുന്ന അവസ്ഥകള്‍ നിയമംമൂലം യാഹ്‌വെ അവരില്‍നിന്നു നീക്കംചെയ്തു. അന്യദേവന്മാരുടെ സാന്നിദ്ധ്യമുള്ളിടത്ത് യാഹ്‌വെയ്ക്കു കടന്നുവരാന്‍ സാധിക്കില്ല എന്നതുകൊണ്ടാണിത്. ഒറ്റവാക്കുകൊണ്ട് അന്യദേവന്മാരുടെ സാന്നിദ്ധ്യം ദൈവജനത്തിന്റെയിടയില്‍നിന്നു നീക്കിക്കളയാന്‍ സാധിക്കുമായിരുന്നിട്ടും യാഹ്‌വെ അത് ചെയ്യാതിരുന്നത് മനുഷ്യന് അവിടുന്നു നല്‍കിയ സ്വാതന്ത്ര്യത്തെ തിരിച്ചെടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ്. അവിടുന്ന് നല്കുന്ന വാഗ്ദാനങ്ങളൊന്നും പിന്‍വലിക്കുന്നില്ല. എന്നാല്‍, അവിടുത്തെ വാഗ്ദാനങ്ങളില്‍നിന്നു പിന്മാറാന്‍ മനുഷ്യനു സാധിക്കും. അന്യദേവന്മാരെ സേവിക്കുകയോ അവയുടെ നാമങ്ങള്‍ സ്മരിക്കുകയോ ചെയ്യുന്നതിലൂടെ ദൈവീകസാന്നിദ്ധ്യത്തില്‍നിന്നു മനുഷ്യന്‍ അകന്നുപോകുകയാണ് ചെയ്യുന്നത്. അന്നുമിന്നും ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായിട്ടില്ല എന്നതുകൊണ്ട്, യാഹ്‌വെയുടെ നിയമങ്ങളെയെല്ലാം യേഹ്ശുവാ സ്ഥിരപ്പെടുത്തി! ഈ നിയമങ്ങള്‍ അനുസരിക്കാന്‍ പഠിപ്പിക്കുന്നവരും അനുസരിക്കേണ്ടതില്ലെന്നു പഠിപ്പിക്കുന്നവരും ഒരേസഭയില്‍ ഒരേപദവികള്‍ വഹിച്ചുകൊണ്ട് ഒരേവേഷത്തില്‍ നമുക്കു മുന്നിലുണ്ട്. നാം ആരെയാണ് അനുസരിക്കേണ്ടത്? രണ്ടുകൂട്ടരെയും എന്ന ഉത്തരം തലയ്ക്കു വെളിവുള്ളവരുടെയടുത്തു വേണ്ട!

അന്യദേവന്മാരെ സ്മരിക്കരുതെന്നും അവയുടെ നാമങ്ങള്‍ നാവില്‍നിന്നു കേള്‍ക്കാനിടയാകരുതെന്നും പറഞ്ഞത് സൈന്യങ്ങളുടെ ദൈവമാണ്. ഈ നിയമത്തെ സ്ഥിരപ്പെടുത്തിയതും അവിടുന്നുതന്നെ! യാഹ്‌വെയും യേഹ്ശുവായും ഒരുവന്‍തന്നെയാണെന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഈ നിയമത്തിന്റെ പ്രാബല്യം അനന്തതയിലും തുടരും. ഇവിടെയാണ്‌ ക്രൈസ്തവ ആരാധനാലയങ്ങളുടെ ഇന്നത്തെ അവസ്ഥ ചര്‍ച്ചചെയ്യപ്പെടേണ്ടത്! അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന അലങ്കാരങ്ങളില്ലാത്ത ആരാധനാലയങ്ങള്‍ കത്തോലിക്കാസഭയുടെ കീഴില്‍ ഇല്ലെന്നുതന്നെ പറയേണ്ടിവരും. ആരാധനാലയങ്ങളില്‍ മാത്രമല്ല, ആരാധനയില്‍പ്പോലും അന്യദേവസ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയിന്നുണ്ട്. ബല്‍ഗാമിലെ ബിഷപ്പാണെന്നു പറയപ്പെടുന്ന ഒരു മനുഷ്യന്റെ ആദ്ധ്യാത്മിക അധഃപതനം കാണുക: 'തിന്നിട്ട് എല്ലിനിടയില്‍ കയറിയപ്പോള്‍ ബെല്‍ഗാം 'ബിഷപ്പ്' വിഷപ്പാമ്പായി!'

ഇത്തരത്തില്‍ അനേകം വിഷപ്പാമ്പുകള്‍ ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിട്ടുണ്ട്. ഓണക്കുര്‍ബ്ബാന അര്‍പ്പിക്കുന്ന ഒരുവന്‍ ഉണര്‍ത്തുന്നത് ദൈവത്തിന്റെ സ്മരണയാണോ എന്ന് ചിന്തിക്കാന്‍ തയ്യാറാകാത്ത ഒരുവനെയും ക്രിസ്തീയതയുടെ ഭാഗമായി പരിഗണിക്കാന്‍ സ്വര്‍ഗ്ഗം തയ്യാറാകില്ല. ഒരു വീഡിയോകൂടി നിങ്ങള്‍ കാണുക: 'ആഭാസന്മാര്‍ അര്‍പ്പിക്കുന്ന ആഭാസബലി'! ഇത്തരത്തില്‍ അര്‍പ്പിക്കുന്ന 'കുര്‍ബ്ബാനകളില്‍' യേഹ്ശുവായുടെ സാന്നിദ്ധ്യമുണ്ടാകുമെന്നു ചിന്തിക്കുന്നതുപോലും പാപമാണ്. യേഹ്ശുവാ അവിടെ സന്നിഹിതനാകില്ലെന്നു മാത്രമല്ല, അവിടെ അര്‍പ്പിക്കുന്ന ബലിവസ്തു ഭക്ഷിക്കുന്നവരിലേക്ക് സാത്താന്‍ കടന്നുവരികയും ചെയ്യും. ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്ന സത്യമാണിത്! കത്തോലിക്കാസഭയിലെ ആത്മീയശുശ്രൂഷകരുടേതായി പരിഗണിക്കപ്പെടുന്ന വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ടു മാത്രം ഒരുവന്‍ ക്രിസ്തുവിന്റെ അഭിഷിക്തനാണെന്നു ചിന്തിക്കുന്നവര്‍ക്കു തെറ്റുപറ്റും. ഒരേസമയംതന്നെ, നിയമങ്ങള്‍ അംഗീകരിക്കുന്നവരെയും നിയമനിഷേധിയെയും ദൈവം അഭിഷേകം ചെയ്യുമോ? പിശാചിനെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഒരേ ആത്മാവുതന്നെയാണ് അഭിഷേകംചെയ്ത് അയച്ചിരിക്കുന്നതെന്ന് പറഞ്ഞാല്‍, ദൈവമക്കള്‍ അത് അംഗീകരിച്ചു തരില്ല. ദൈവമക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ദൈവംതന്നെ തയ്യാറാകുമെന്നു പറയരുത്.

ദൈവത്താല്‍ അയയ്ക്കപ്പെട്ട അനേകം പ്രവാചകന്മാരെ ബൈബിളില്‍ നാം കണ്ടുമുട്ടുന്നു. ഇവരില്‍ ഒരുവന്‍പോലും മറ്റൊരു പ്രവാചകന്റെ പ്രവചനങ്ങള്‍ക്കു വിരുദ്ധമായ പ്രവചനങ്ങള്‍ നടത്തിയിട്ടില്ല. എല്ലാ പ്രവാചകന്മാരും ഒരെകാര്യംതന്നെ വ്യത്യസ്തമായ കാലഘട്ടങ്ങളില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ആധുനിക യിസ്രായേലും, യിസ്രായേലിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചയും, യിസ്രായേലിന്റെ പൂര്‍ണ്ണതയുമായ കത്തോലിക്കാസഭയില്‍ പ്രത്യക്ഷപ്പെടുന്ന 'പ്രവാചകന്മാര്‍ക്ക്' ഏകീകരിക്കപ്പെട്ട ശബ്ദമില്ല! തികച്ചും വിഭിന്നങ്ങളായ ആശയങ്ങള്‍ ഇവര്‍ പഠിപ്പിക്കുന്നു. ഇവിടെയാണ്‌ ആത്മാക്കളെ വിവേചിക്കാനുള്ള ജ്ഞാനം അനിവാര്യമായി വരുന്നത്. അതായത്, കത്തോലിക്കാസഭയിലെ എല്ലാ വൈദികരെയും മെത്രാന്മാരെയും ദൈവത്തില്‍നിന്നുള്ള പ്രബോധകരായി പരിഗണിച്ചാല്‍ തെറ്റുപറ്റും. എന്തെന്നാല്‍, പരസ്പര വിരുദ്ധമായ ആശയങ്ങളാണ് ഓരോ വൈദികരും മുന്നോട്ടുവയ്ക്കുന്നത്.

മാത്യു എടാട്ട്, സേവ്യര്‍ഖാന്‍ വട്ടായില്‍, ജെയിംസ് മഞ്ഞാക്കല്‍, ഡോമിനിക് വാളമ്മനാല്‍, ദാനിയേല്‍ പൂവണ്ണത്തില്‍ എന്നീ വൈദികരെ വേറിട്ടവരാക്കിയത് ഇവര്‍ ദൈവികനിയമങ്ങളെ കാര്‍ക്കശ്യത്തോടെ സമീപിച്ചുവെന്നതാണ്‌. ദൈവമക്കളെ നിയമങ്ങളിലേക്കു നയിക്കുകയും നിയമങ്ങളില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നതാണ് ഈ വൈദികര്‍ക്കു ലഭിച്ച സ്വീകാര്യയ്ക്കു പിന്നിലെ വാസ്തവം. അതായത്, ഇവരിലാരുടെയെങ്കിലും വ്യക്തിപ്രഭാവമോ കുടുംബമഹിമയോ അല്ല; മറിച്ച്, ഇവര്‍ ഉയര്‍ത്തിയ ആശയമാണ് ഇവരെ ദൈവമക്കളുടെയിടയില്‍ സ്വീകാര്യരാക്കിയത്. അതിനാല്‍ത്തന്നെ, മുന്‍കാല നിലപാടുകളില്‍ ഇവര്‍ വെള്ളംചേര്‍ക്കുകയോ ആശയങ്ങളില്‍നിന്നു വ്യതിചലിക്കുകയോ ചെയ്യുമ്പോള്‍, യഥാര്‍ത്ഥ ദൈവമക്കള്‍ ഇവരെ കയ്യൊഴിയും! ഇതാണ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളുടെ മാഹാത്മ്യം! ആത്മാക്കളെ വിവേചിച്ചറിയാനും ദുഷ്ടാത്മാക്കളുടെ ദുരുപദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ദൈവമക്കള്‍ക്കു സാധിക്കും. എന്നാല്‍, ഇവരുടെ പ്രബോധനങ്ങളിലൂടെ നയിക്കപ്പെട്ടവര്‍, തങ്ങളുടെയുള്ളില്‍ പ്രവര്‍ത്തിച്ച ആത്മാവിനെക്കാള്‍ അധികമായി ഈ വ്യക്തികളെ തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ തയ്യാറായാല്‍, വിഗ്രഹാരാധനയുടെ ആരംഭം അവിടെ കുറിക്കപ്പെടുന്നു. അതുവഴി ഇവരുടെ വ്യതിചലനങ്ങള്‍ തങ്ങളേതുകൂടിയാകുകയും ചെയ്യുന്നു! പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളെ ഇങ്ങനെയൊരു ദുരന്തം ഗ്രസിക്കുന്നില്ല.

ഇവിടെ പരാമര്‍ശിക്കപ്പെട്ട വൈദികരില്‍ ആരൊക്കെയാണ് തങ്ങള്‍ പ്രഘോഷിച്ച സത്യത്തില്‍ ഇന്നും നിലനില്‍ക്കുന്നതെന്ന് അറിയാന്‍ അടയാളമുണ്ട്. ആ അടയാളങ്ങള്‍ക്കൂടി പരിശോധിച്ചതിനുശേഷം ദാനിയേല്‍ പൂവണ്ണത്തില്‍ എന്ന മനുഷ്യന്റെ അപകടകരമായ വചന ദുര്‍വ്യാഖ്യാനങ്ങളും ആശയവ്യതിചലനവും ചര്‍ച്ചചെയ്യാം.

ദാവീദും പത്രോസും രണ്ടു മാനദണ്ഡങ്ങള്‍!

അഭിഷേകത്തെയും അഭിഷേകത്തില്‍ നിലനില്‍ക്കുന്ന വ്യക്തികളെയും അഭിഷിക്തരെയും വിവേചിക്കാന്‍ നമുക്കു മുന്‍പില്‍ രണ്ടു മാനദണ്ഡങ്ങളുണ്ട്. നിയമത്തിന്റെ കാവല്‍ക്കാരായി പരിഗണിക്കപ്പെടുന്നവര്‍ ഇവര്‍ ഇരുവരുമാണ്. അതുപോലെതന്നെ, നിയമങ്ങള്‍ നല്‍കാന്‍ മോശയും, നിയമങ്ങളില്‍ ചിലത് പൂര്‍ത്തിയാക്കാനും ശേഷിക്കുന്നവയെ സ്ഥിരപ്പെടുത്താനുമായി ക്രിസ്തുവും വന്നു. മോശയും ക്രിസ്തുവുമാണ് നിയമങ്ങളുടെ പ്രതിനിധികള്‍. ഇവരുടെ നിയമങ്ങളില്‍ ഒരുവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് അളക്കുന്നത് ദാവീദ്, പത്രോസ് എന്നിവരെ മാനദണ്ഡമാക്കിയാണ്. ദാവീദും പത്രോസുമാണ് മാനദണ്ഡങ്ങളെങ്കില്‍, മോശയും ക്രിസ്തുവുമാണ് നിയമങ്ങളുടെ പ്രതിനിധികള്‍! മോശയിലൂടെ നല്‍കപ്പെട്ട ദൈവീകനിയമങ്ങള്‍ അനുസരിക്കുന്നതില്‍ ഒരു അഭിഷിക്തന്‍ വീഴ്ചവരുത്തിയാല്‍, അത് ദാവീദ് എന്ന അഭിഷിക്തനെ മാനദണ്ഡമാക്കി പരിശോധിക്കുന്നു. അതുപോലെ, ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ട നിയമങ്ങളില്‍നിന്നോ ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍നിന്നോ ഒരു അഭിഷിക്തന്‍ വ്യതിചലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് പത്രോസ് എന്ന അഭിഷിക്തന്റെ പ്രബോധനങ്ങളെ മാനദണ്ഡമാക്കിയാണ്!

ദാവീദിനെ മാനദണ്ഡമാക്കി ഒരു അഭിഷിക്തനെ എങ്ങനെയാണു ദൈവം വിലയിരുത്തുന്നതെന്നും മാറ്റ് പരിശോധിക്കുന്നതെന്നും നോക്കാം. യിസ്രായേലിനെ ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന രാജാക്കന്മാരെല്ലാം അഭിഷിക്തരായിരുന്നുവെന്ന് നമുക്കറിയാം. ശൗവുലിനുശേഷം രണ്ടാമതായാണ് ദാവീദിനെ ദൈവം അഭിഷേകം ചെയ്തത്. രാജാവ് എന്നനിലയില്‍ ശൗവുല്‍ ഭരണം നടത്തിക്കൊണ്ടിരിക്കെയാണ് ദാവീദ് അഭിഷിക്തനായതെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. ശൗവുലില്‍നിന്നു ദൈവം രാജപദവി എടുത്തുമാറ്റിയെങ്കിലും അവനത് കണക്കാക്കാതെ ഭരണത്തില്‍തുടര്‍ന്നു. അതായത്, യഥാര്‍ത്ഥ അഭിഷിക്തന് ഭരണം കൈമാറാന്‍ അഭിഷേകം നഷ്ടപ്പെട്ട ശൗവുല്‍ കൂട്ടാക്കിയില്ല. ഇത്തരത്തില്‍ സഭയുടെ നേതൃപദവിയില്‍ കടിച്ചുതൂങ്ങുന്ന അനേകര്‍ ഇന്നുമുണ്ട്. ശുശ്രൂഷാപദവികളില്‍നിന്നു ബഹിഷ്കൃതരായിട്ടും ദൈവജനത്തെ പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഇക്കൂട്ടര്‍ അപകടകാരികളാണ്. യിസ്രായേലിന് ശൗവുല്‍ എപ്രകാരം അപകടകാരിയായോ, അപ്രകാരംതന്നെ അപകടകാരികളായി വര്‍ത്തിക്കുന്നവര്‍ കത്തോലിക്കാസഭയിലുണ്ട്.

ദൈവത്തിന്റെ നിയമത്തില്‍നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് ശൗവുല്‍ തിരസ്കൃതനയത്. പകരം അഭിഷിക്തനായ ദാവീദാകട്ടെ, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ നിയമങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിച്ചില്ല! ആയതിനാല്‍, യിസ്രായേലിന്റെ പ്രഥമ രാജാവായിരുന്ന ശൗവുലിനെയല്ല, രണ്ടാമനായി വന്ന് ഒന്നാമനായി മാറിയ ദാവീദിനെ മാനദണ്ഡമാക്കിയാണ് പിന്നീടു വന്ന ഓരോ രാജാക്കന്മാരെയും ദൈവം വിലയിരുത്തിയത്. ദാവീദിനെക്കുറിച്ച് യാഹ്‌വെ അരുളിച്ചെയ്ത വാക്കുകള്‍ ശ്രദ്ധിക്കുക: "ദാവീദ് ഹിത്യനായ ഊറിയാഹിന്റെ കാര്യത്തിലൊഴികെ യാഹ്‌വെ കല്പിച്ച യാതൊന്നിലുംനിന്ന് ആയുഷ്‌കാലത്തൊരിക്കലും വ്യതിചലിക്കാതെ അവിടുത്തെ ദൃഷ്ടിയില്‍ നീതിമാത്രം ചെയ്തു"(1 രാജാ: 15; 5). മറ്റൊരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "അവനെക്കുറിച്ച് അവിടുന്ന് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. യിസ്സൈയുടെ പുത്രനായ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു"(അപ്പ. പ്രവര്‍: 13; 22). നിയമങ്ങളില്‍നിന്ന്‍ ഇടംവലം വ്യതിചലിച്ചില്ല എന്നതാണ് ദാവീദില്‍ ദൈവം കണ്ട യോഗ്യത! അതായത്, നിയമത്തില്‍നിന്ന് ഇടംവലം വ്യതിചലിക്കാത്തവനെ തന്റെ ഹൃദയത്തിനിണങ്ങിയവനായി ദൈവമായ യാഹ്‌വെ പരിഗണിക്കുമെന്നുകൂടി വായിച്ചെടുക്കാന്‍ നമുക്കു സാധിക്കണം!

ദാവീദിനെ മാനദണ്ഡമാക്കി രാജാക്കന്മാരെ വിലയിരുത്തിയതിന് അനേകം തെളിവുകള്‍ ബൈബിളില്‍ വായിക്കാന്‍ കഴിയും. ഓരോ രാജാക്കന്മാരും വിലയിരുത്തപ്പെട്ടത് ദാവീദുമായി ഒത്തുനോക്കിയായിരുന്നു. ആയതിനാല്‍, നീതിമാന്മാരില്‍നിന്നും നീതിരഹിതരില്‍നിന്നും ഓരോ തെളിവുകള്‍ മാത്രം ഇവിടെ പരിശോധിക്കാം. നീതിമാനായ ഒരു രാജാവിനെ വിലയിരുത്തുന്നത് നോക്കുക: "ആസാ പിതാവായ ദാവീദിനെപ്പോലെ യാഹ്‌വെയുടെ ദൃഷ്ടിയില്‍ നീതിപൂര്‍വ്വം വര്‍ത്തിച്ചു. അവന്‍ നാട്ടില്‍നിന്നു ദേവപ്രീതിക്കായുള്ള ആണ്‍വേശ്യാസമ്പ്രദായം ഉച്ചാടനം ചെയ്തു. പിതാക്കന്മാര്‍ നിര്‍മ്മിച്ച എല്ലാ വിഗ്രഹങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്തു. പിതാമഹിയായ മാഖാഹ് അഷേരായ്ക്കു മ്‌ളേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ അവന്‍ അവളെ അമ്മറാണിയുടെ പദവിയില്‍നിന്നു നീക്കി. വിഗ്രഹം തകര്‍ത്ത് കിദ്രോന്‍ അരുവിക്കരയില്‍ ദഹിപ്പിച്ചു"(1 രാജാ: 15; 11-13). ദാവീദിനെ മാനദണ്ഡമാക്കി ആസാ രാജാവിനെ വിലയിരുത്തിയതാണ് നാമിവിടെ വായിച്ചത്. യാഹ്‌വെയുടെ നിയമത്തിനു വിരുദ്ധമായ സകലതും രാജ്യത്തുനിന്ന് നീക്കംചെയ്തു. വിഗ്രഹാരാധകയായ പിതാമഹിയെ അമ്മറാണിയുടെ പദവിയില്‍നിന്നു നീക്കംചെയ്യാന്‍പോലും തയ്യാറാകുന്നവിധം ദൈവീകനിയമങ്ങളെ ഹൃദയത്തോടു ചേര്‍ത്തവനായിരുന്നു ആസാ.

ആഹാസ് എന്ന നീതിരഹിതനായ രാജാവിനെ വിലയിരുത്തുന്നതു ശ്രദ്ധിക്കുക: "പിതാവായ ദാവീദിനെപ്പോലെയല്ല അവന്‍ ജീവിച്ചത്. അവന്‍ തന്റെ ദൈവമായ യാഹ്‌വെയുടെ മുമ്പില്‍ നീതി പ്രവര്‍ത്തിച്ചില്ല. യിസ്രായേല്‍രാജാക്കന്മാരുടെ പാതയില്‍ അവന്‍ ചരിച്ചു. യാഹ്‌വെ യിസ്രായേല്‍ജനത്തിന്റെ മുമ്പില്‍നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ മ്ലേച്ഛമായ ആചാരമനുസരിച്ച് അവന്‍ സ്വന്തം പുത്രനെ ബലിയര്‍പ്പിക്കുകപോലും ചെയ്തു. അവന്‍ പൂജാഗിരികളിലും കുന്നുകളിലും മരച്ചുവട്ടിലും ബലികളും ധൂപങ്ങളും അര്‍പ്പിച്ചു"(2 രാജാ: 16; 2-4). ദാവീദിനെ മാനദണ്ഡമാക്കിയാണ് ഓരോ രാജാക്കന്മാരെയും ദൈവം വിലയിരുത്തിയതെന്നു വ്യക്തമാക്കാനാണ് രണ്ടു തെളിവുകള്‍ ഇവിടെ കുറിച്ചത്. യാഹ്‌വെയുടെ സന്നിധിയില്‍ ദാവീദ് പ്രിയങ്കരനായത് അവിടുത്തെ നിയമത്തില്‍നിന്ന് ഇടംവലം വ്യതിചലിക്കാത്തതുകൊണ്ടാണെന്നു നാം മനസ്സിലാക്കിയതാണ്. നിയമം അനുസരിക്കാന്‍ തയ്യാറായവരെയെല്ലാം നീതിമാന്മാരായി പരിഗണിക്കാന്‍ ദൈവം തിരുമനസ്സായി. മോശയിലൂടെ നല്‍കപ്പെട്ട നിയമം അനുസരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്. എന്നേയ്ക്കുമായി യേഹ്ശുവാ സ്ഥിരപ്പെടുത്തിയത് ഈ നിയമംതന്നെയാണ്. പഴയത്, പുതിയത് എന്നിങ്ങനെ രണ്ടുതരം നിയമങ്ങള്‍ ഉണ്ടെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍, അവരെല്ലാം അപകടത്തിന്റെ വക്കത്താണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ബൈബിള്‍ ക്രോഡീകരിച്ചവര്‍ക്കു പറ്റിയ യമണ്ടന്‍ മണ്ടത്തരമാണ് പഴയനിയമം, പുതിയനിയമം എന്നിങ്ങനെ ഗ്രന്ഥങ്ങളെ വേര്‍തിരിച്ചത്!

പത്രോസ് എന്ന മാനദണ്ഡത്തെക്കൂടി പരിശോധിക്കാം. സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വാതില്‍ യേഹ്ശുവായാണെങ്കില്‍, ക്രിസ്തീയതയും അങ്ങനെതന്നെ! ഇത് പുതിയ നിയമമല്ല; സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ നിശ്ചയിച്ചുറപ്പിച്ചുട്ടുള്ള നിയമമാണ്! പാപംമൂലമാണ് മനുഷ്യനും ദൈവവുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതെന്നു നമുക്കറിയാം. ആയതിനാല്‍, പാപത്തിനു പരിഹാരം ചെയ്തുകൊണ്ട് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഒരു മനുഷ്യന്‍ ആവശ്യമായിരുന്നു. പാപമില്ലാത്തവനിലൂടെ പാപപരിഹാരം സാദ്ധ്യമാകണമെങ്കില്‍, ദൈവംതന്നെ മനുഷ്യനാകണം. എന്തെന്നാല്‍, ആദത്തിന്റെ സന്തതികളെയെല്ലാം പാപം ഗ്രസിച്ചിരിക്കുന്നു. പാപമില്ലാത്തത് ദൈവദൂതന്മാര്‍ക്കു മാത്രമാണ്. എന്നാല്‍, താന്‍ സൃഷ്ടിച്ച മനുഷ്യന്റെ പാപം പരിഹരിക്കാന്‍ ദൂതന്മാരെ നിയോഗിക്കുകയെന്നത് ദൈവത്തിന്റെ നീതിബോധത്തിനു നിരക്കുന്ന പ്രവൃത്തിയല്ല! ആയതിനാല്‍, ദൈവം തന്റെ ദൈവത്വത്തെ സ്വര്‍ഗ്ഗത്തില്‍ നിലനിര്‍ത്തിക്കൊണ്ട്, പാപത്തിലൊഴികെ മറ്റെല്ലാക്കര്യത്തിലും പരിപൂര്‍ണ്ണ മനുഷ്യനായി ഭൂമിയിലേക്ക് ഇറങ്ങിവന്നു. അതായത്, പാപം ഭൂമിയിലേക്കു വന്നപ്പോള്‍ത്തന്നെ പാപമോചനത്തിനുള്ള മാര്‍ഗ്ഗം ദൈവം നിശ്ചയിച്ചു! യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥമുള്ള യേഹ്ശുവാ എന്ന നാമത്തില്‍ മുപ്പത്തിമൂന്നു വര്‍ഷക്കാലം ഭൂമിയില്‍ വസിച്ചത് പരിപൂര്‍ണ്ണ മനുഷ്യനാണ്!

ബൈബിളില്‍ നാം ഇപ്രകാരം വായിക്കുന്നു: "അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവില്‍ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു. ഈ കൃപയാകട്ടെ അവിടുന്നു തന്റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു. ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്റെ അഭീഷ്ടമനുസരിച്ച് അവിടുന്ന് തന്റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്‌സിലാക്കിത്തന്നു. ഇത് കാലത്തിന്റെ പൂര്‍ണ്ണതയില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്രേ"(എഫേ: 1; 7-10). ഒരുവനു സ്വര്‍ഗ്ഗത്തില്‍ അവകാശം ലഭിക്കണമെങ്കില്‍, അവന്‍ ദൈവത്തിന്റെ പുത്രസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടണം. ക്രിസ്തുവില്‍ വിശ്വസിക്കുന്നതുവഴി സംഭവിക്കുന്ന മാറ്റം അതുതന്നെയാണ്. ബൈബിളിലെ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യേഹ്ശുവാ മ്ശിഹാവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടുന്നു തന്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുന്‍കൂട്ടി തീരുമാനിച്ചു"(എഫേ: 1; 5). നിത്യരക്ഷയെ സംബന്ധിച്ചുള്ള ഈ സത്യത്തിന്റെ പ്രഘോഷണമാണ് പത്രോസില്‍ ഭരമേല്പിക്കപ്പെട്ടത്.

ക്രിസ്തുവിലൂടെ മാത്രമേ പാപപരിഹാരവും നിത്യരക്ഷയും സാദ്ധ്യമാകുകയുള്ളൂ എന്ന സത്യം ആദ്യമായി ലോകത്തോടു പ്രഖ്യാപിച്ചത് പത്രോസാണ്‌. തന്നിലൂടെ രക്ഷപ്രാപിക്കുന്ന സമൂഹത്തെ നയിക്കാന്‍ യേഹ്ശുവാ ചുമതലപ്പെടുത്തിയത് പത്രോസിനെയായിരുന്നു. ബൈബിളില്‍ അത് ഇപ്രകാരമാണ് നാം വായിക്കുന്നത്: "അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ യേഹ്ശുവാ ശിമയോന്‍പത്രോസിനോടു ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? അവന്‍ പറഞ്ഞു: ഉവ്വ് യേഹ്ശുവായേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ. യേഹ്ശുവാ അവനോടു പറഞ്ഞു: എന്റെ ആടുകളെ മേയിക്കുക"(യോഹ: 21; 15). ആടുകളുടെ യജമാനന്‍ തന്റെ ആടുകളെ മേയിക്കാന്‍ ആടുകളുടെ യജമാനന്‍ നിയോഗിച്ച ഇടയനാണ് പത്രോസ്! ഉത്ഥിതനായ യേഹ്ശുവായാണ് ഈ ചുമതല പത്രോസിനെ ഏല്പിച്ചത്. അതായത്, പരിപൂര്‍ണ്ണ ദൈവവുംകൂടിയായ യേഹ്ശുവാ! മനുഷ്യനായി ജീവിച്ച നാളുകളില്‍ അവിടുന്ന് നല്‍കിയ വാഗ്ദാനമാണ് ഇവിടെ നിറവേറ്റിയത്. എന്തായിരുന്നു ആ വാഗ്ദാനം എന്ന് നോക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19).

ഭൂമിയില്‍ കെട്ടിപ്പടുക്കുന്ന സഭ സ്വര്‍ഗ്ഗത്തിലും സുസ്ഥിരമായിരിക്കും എന്ന വാഗ്ദാനം ഇവിടെ നല്‍കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ നാമത്തില്‍ രക്ഷപ്രാപിച്ചവരുടെ സമൂഹമാണ് സഭ! പത്രോസ് തന്റെ പ്രഥമ പ്രഘോഷണത്തില്‍ പ്രഖ്യാപിച്ച ആശയത്തിനുമേലാണ് ക്രിസ്തുവിന്റെ സഭ സ്ഥാപിതമായിരിക്കുന്നത്. എന്തായിരുന്നു ആ പ്രഖ്യാപനമെന്നു ശ്രദ്ധിക്കുക: "വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേഹ്ശുവാ. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 11, 12). യേഹ്ശുവായിലൂടെയല്ലാതെ, മറ്റൊരു നാമത്തിലൂടെ രക്ഷ സാദ്ധ്യമാകുകയില്ല എന്ന സത്യം പ്രഘോഷിക്കാനാണ് പത്രോസ് വിളിക്കപ്പെട്ടതും അയയ്ക്കപ്പെട്ടതും. ഈ രക്ഷ എങ്ങനെയാണു അനുഭവവേദ്യമാകുന്നതെന്നും പത്രോസ് പ്രഖ്യാപിച്ചു. ആ സത്യം ഇങ്ങനെ: "ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്‌തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ യേഹ്ശുവാ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവര്‍: 2; 37-39). പത്രോസിന്റെ ഈ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവര്‍ക്കു മാത്രമേ ക്രിസ്തുവിന്റെ സഭയിലും അവിടുത്തെ ശുശ്രൂഷയിലും ഭാഗഭാഗിത്വം ഉണ്ടായിരിക്കുകയുള്ളു!

ദാവീദിനെ മാനദണ്ഡമാക്കി രാജാക്കന്മാരുടെ യോഗ്യത അലന്നതുപോലെ, ക്രിസ്തുവിന്റെ ശുശ്രൂഷകരുടെ ആധികാരികത അളക്കുന്നത് പത്രോസിനെ മാനദണ്ഡമാക്കിയാണ്! യുഗാന്തംവരെ തുടരേണ്ടതിനായി യേഹ്ശുവാ ഏല്പിച്ച ശുശ്രൂഷയുടെ തുടക്കമാണ് പത്രോസില്‍ നാം കാണുന്നത്. പത്രോസിന്റെ പ്രബോധനത്തിനുമേല്‍ ക്രിസ്തുവിന്റെ സഭ കെട്ടപ്പെട്ടു. പത്രോസിന്റെ പ്രബോധനത്തോടു ചേര്‍ന്നുനില്‍ക്കാത്ത പ്രബോധകര്‍ക്കോ പ്രബോധനങ്ങള്‍ക്കോ ഈ സഭയില്‍ സ്ഥാനമില്ല! ക്രിസ്തുവിന്റെ അപ്പസ്തോലന്മാരെ തിരിച്ചറിയുന്നത് പത്രോസിന്റെ പ്രബോധനങ്ങളുമായി അവരുടെ പ്രബോധനങ്ങളെ ചേര്‍ത്തുവച്ചു പരിശോധിച്ചുകൊണ്ടാണ്! ക്രിസ്തു ഭരമേല്പിച്ച ദൗത്യത്തില്‍നിന്നു വ്യത്യസ്തമായ ദൗത്യങ്ങളെ പത്രോസിന്റെമേല്‍ സ്ഥാപിതമായ സഭയുടെ ദൗത്യങ്ങളായി പരിഗണിക്കാന്‍ കഴിയില്ല. അവിടുന്ന് ഭരമേല്പിച്ചതെന്താണെന്നു നമുക്കറിയാം. മറ്റേതെങ്കിലും വിധത്തില്‍ രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്ന നുണ ആരെങ്കിലും പ്രഘോഷിക്കുന്നുവെങ്കില്‍, അവരാരും ക്രിസ്തുവിന്റെ ശുശ്രൂഷരായി പരിഗണിക്കപ്പെടരുത്.

മൂന്നു സിംഹാസനങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. മോശയുടെ സിംഹാസനം, ദാവീദിന്റെ സിംഹാസനം, പത്രോസിന്റെ സിംഹാസനം എന്നീ സിംഹാസനങ്ങളാണത്. മോശയുടെ സിംഹാസനത്തിലിരിക്കുന്നവനെ തിരിച്ചറിയുന്നത് മോശയുടെ നിയമങ്ങള്‍ അവന്‍ പഠിപ്പിക്കുന്നതിലൂടെയാണ്. ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്നവന്‍ ദാവീദ് മുറുകെപ്പിടിച്ച ആശയത്തെത്തന്നെ മുറുകെപ്പിടിക്കും. ഇപ്രകാരംതന്നെയാണ് പത്രോസിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടരാകുന്നവരെ തിരിച്ചറിയുന്നത്. സിംഹാസനമെന്നത് പ്രതീകാത്മകമാണെന്ന് നമുക്കറിയാം. അതൊരു പദവിയാണ്‌! ആ പദവിയ്ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന യോഗ്യത, ആ പദവി ആരുടെ നാമധേയത്താല്‍ അറിയപ്പെടുന്നുവോ അവനില്‍ ദര്‍ശിക്കാന്‍ കഴിയുന്ന യോഗ്യതയായിരിക്കും! മോശയുടെ പേരില്‍ അറിയപ്പെടുന്ന സിംഹാസനത്തില്‍ ഇരിക്കാന്‍ ഒരുവനെ യോഗ്യനാക്കുന്നത് മോശയുടെ നിയമങ്ങളാണ്. ഈ വചനം ശ്രദ്ധിക്കുക: "നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല"(മത്താ: 23; 2, 3). യേഹ്ശുവായുടെ ഈ വാക്കുകള്‍ വളരെ ഗൗരവമുള്ളതാണ്. ഒരു ലേഖനത്തില്‍ ഒതുക്കാവുന്നതിലും അപ്പുറമുള്ള ഉപഘടകങ്ങള്‍ ഈ വചനത്തിലുണ്ട്. ആയതിനാല്‍, ഈ ലേഖനത്തില്‍ നാം ചര്‍ച്ചചെയ്യുന്ന വിഷയത്തിലേക്ക് ആവശ്യമായത് നമുക്കെടുക്കാം.

മോശയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയാണ് അവര്‍ ഇരിക്കുന്ന സിംഹാസനം ഏതെന്നു നാം വിവേചിക്കേണ്ടത്. മോശയുടെ നിയമമാണ് പഠിപ്പിക്കുന്നതെങ്കില്‍, തീര്‍ച്ചയായും അവന്റെ വാക്കുകളെ നാം അനുസരിക്കണം. മറിച്ച്, നിയമജ്ഞര്‍, ഫരിസേയര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നുവെന്നു പറയുകയും മോശയുടെ നിയമങ്ങള്‍ക്കെതിരായത് പഠിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍, അവര്‍ ഇരിക്കുന്നത് സ്വന്തം പീഠത്തിലോ മറ്റാരുടെയെങ്കിലും ഇരിപ്പിടങ്ങളിലോ ആയിരിക്കും. അതുപോലെതന്നെ, മോശയുടെ നിയമം പഠിപ്പിക്കുകയും, തന്നിഷ്ടംപോലെ ജീവിക്കുകയും ചെയ്യുന്നവരെ, അവര്‍ പഠിപ്പിക്കുന്ന സത്യങ്ങളെപ്രതി അവരുടെ വാക്കുകള്‍ അനുസരിക്കുകയും, അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ അനുധാവനം ചെയ്യാതിരിക്കുകയും വേണം. ഇവിടെ നാം വായിച്ച വചനത്തിന്റെ ഏറ്റവും ലളിതമായ വ്യാഖ്യാനമിതാണ്! ദാനിയേല്‍ പൂവണ്ണ്ത്തിലിന്റെ യമണ്ടന്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ആരംഭിക്കുന്നതും ഇവിടെത്തന്നെ! പൂവണ്ണത്തിലിന്റെ ദൃഷ്ടിയില്‍ യേഹ്ശുവായ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ ഇഷ്ടമില്ലാത്ത വിഭാഗമാണ്‌ ഫരിസേയര്‍! കപടനാട്യക്കാരായ ഫരിസേയരെ തിരിച്ചറിയുകയും അവരില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യണമെന്നുള്ള ഉപദേശത്തെ ഇത്തരത്തില്‍ വളച്ചൊടിക്കുമെന്ന് യേഹ്ശുവാപോലും ചിന്തിച്ചിട്ടുണ്ടോ എന്നുചോദിച്ചാല്‍, അവിടുന്ന് അനന്തജ്ഞാനിയായതുകൊണ്ട് ഉണ്ടെന്നു മനോവ പറയും!

ഫരിസേയരും നിയമജ്ഞരുമായ എല്ലാവരും കപടനാട്യക്കാരോ വെറുക്കപ്പെടേണ്ടവരോ ആണെന്ന് യേഹ്ശുവാ പറഞ്ഞിട്ടില്ല. വിജാതിയരുടെ അപ്പസ്തോലന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പൗലോസ് ഒരു ഫരിസേയനായിരുന്നു എന്ന യാഥാര്‍ത്ഥ്യം 'പൂവണ്ണന്മാര്‍' മറന്നുപോയത് മനഃപൂര്‍വ്വമാണോയെന്ന്‍ മനോവയ്ക്കറിയില്ല. ഫരിസേയരും നിയമജ്ഞരും വെറുക്കപ്പെടേണ്ടവരായിരുന്നുവെങ്കില്‍, ഗമാലിയേലും പൗലോസ് അപ്പസ്തോലനും വെറുക്കപ്പെടേണ്ടവരാണെന്നു പറയേണ്ടിവരും. ഈ വെളിപ്പെടുത്തല്‍ നോക്കുക: "എന്നാല്‍, നിയമോപദേഷ്ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു. അനന്തരം അവന്‍ പറഞ്ഞു: യിസ്രായേല്‍ ജനങ്ങളേ, ഈ മനുഷ്യരോട് എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂക്ഷിച്ചുവേണം"(അപ്പ. പ്രവര്‍: 5; 34, 35). ആദിമ ക്രൈസ്തവ സമൂഹത്തെ പീഡിപ്പിക്കാന്‍ തുനിഞ്ഞവരെ പിന്തിരിപ്പിച്ചത് ഗമാലിയേലിന്റെ ഇടപെടല്‍ മൂലമായിരുന്നു. അപ്പസ്തോലനായ പൗലോസിന്റെ സാക്ഷ്യം നോക്കുക: "എട്ടാംദിവസം പരിച്‌ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; യിസ്രായേല്‍വംശത്തിലും ബെന്യാമിന്‍ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍നിന്നു ജനിച്ച ഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍"(ഫിലിപ്പി: 3; 5). ഇതൊന്നും അറിയാത്തവനാണ് ദാനിയേല്‍ പൂവണ്ണത്തിലെന്നു മനോവ കരുതുന്നില്ല; മറിച്ച്, എന്തോ നിഗൂഢലക്ഷ്യത്തിലേക്കുള്ള ഗതിമാറ്റമായി ഇതിനെ മനോവ തിരിച്ചറിയുന്നു! ക്രിസ്ത്യാനിയില്‍നിന്നു പ്രാഞ്ച്യാനിയിലേക്കുള്ള പരിണാമത്തിന്റെ ആദ്യഘട്ടമായി ഇതിനെ കാണാത്തവരെല്ലാം അപകടത്തില്‍ നിപതിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട!

'പ്രാഞ്ചിസ്തുതികളുടെ' ആലാപകന്‍ എന്നനിലയില്‍ ആയിരുന്നില്ല ദാനിയേല്‍ പൂവണ്ണത്തില്‍ ദൈവമക്കള്‍ക്കു സ്വീകാര്യനായത്! യേഹ്ശുവായുടെയും പത്രോസിന്റെയും പ്രബോധനങ്ങളെ അപ്പാടെ പുച്ഛിച്ചുതള്ളിയ വ്യക്തിയാണ് വത്തിക്കാനിലെ ഭരണാധികാരിയായ ഫ്രാന്‍സീസ്! ഈ മനുഷ്യനെ പിന്തുണയ്ക്കുന്ന ഏതൊരുവനും ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ശത്രുവാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ നിയമങ്ങള്‍ അനുസരിക്കണമെന്നും ജലത്താലും ആത്മാവിനാലും വീണ്ടുംജനിക്കണമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം യേഹ്ശുവാ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുന്നവരാണെങ്കില്‍പ്പോലും ക്രിസ്തുവിനെ അനുഗമിക്കുന്നില്ലെങ്കില്‍, ഈ കാരണത്താല്‍ത്തന്നെ നിത്യജീവനില്‍ അവനു പ്രവേശിക്കാന്‍ കഴിയില്ല. ധനികനായ യുവാവിന്റെ കാര്യത്തില്‍നിന്നു നമുക്കു പഠിക്കാനുള്ള പാഠമിതാണ്. നിയമങ്ങള്‍ കര്‍ശനമായി അനുസരിക്കുന്നുവെന്നത് അവന്റെ യോഗ്യതയാണെങ്കിലും, ക്രിസ്തുവിനെ അനുഗമിക്കാത്തത് അവന്റെ അയോഗ്യതയായി കണക്കാക്കപ്പെട്ടു. അതായത്, നിത്യജീവനില്‍ പ്രവേശനം സാദ്ധ്യമാകണമെങ്കില്‍, നിയമങ്ങള്‍ അനുസരിക്കുന്നതോടൊപ്പം ക്രിസ്ത്യാനിയാകുകയും വേണം. യേഹ്ശുവായുടെ ഈ പ്രഖ്യാപനംതന്നെയാണ് പത്രോസും മറ്റു ശിഷ്യന്മാരും ഏറ്റെടുത്തത്! ആയതിനാല്‍ത്തന്നെ, ഫ്രാന്‍സീസ് എന്ന മനുഷ്യന്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നില്ല. സത്യത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ഫ്രാന്‍സീസിന്റെ സ്തുതിപാടകരായി അധഃപതിച്ച ഏതൊരുവനെയും ഗ്രസിക്കുന്നത് നിയമനിഷേധിയുടെ ശാപമാണ്!

അന്യദേവന്മാരുടെ സ്തുതിപാടകനായ ക്ളിമ്മീസിന്റെ കീഴില്‍ എത്രകാലം സത്യത്തോടു കൂറുപുലര്‍ത്താന്‍ കഴിയുമോ, അത്രത്തോളം മാത്രമേ ദാനിയേല്‍ പൂവണ്ണത്തിലിനും സാധിച്ചിട്ടുള്ളൂ. ഫ്രാന്‍സീസിന്റെ പ്രബോധനങ്ങളില്‍ നിധി ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന ഭോഷ്ക്ക് പ്രസംഗിക്കാന്‍ ദാനിയേല്‍ ആരംഭിച്ചതോടെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം അദ്ദേഹത്തില്‍ നിലച്ചുവെന്നതാണു യാഥാര്‍ത്ഥ്യം! പരസ്പരവിരുദ്ധമായ ജല്പനങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നതും ഈ യാഥാര്‍ത്ഥ്യമാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ദാനിയേല്‍ പൂവണ്ണത്തില്‍ ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. പരിശുദ്ധ ഫ്രാന്‍സീസ് എന്ന കത്തോലിക്കാവിരുദ്ധ സംബോധന ഈ മനുഷ്യനില്‍നിന്നുയര്‍ന്നത് രാജഭക്തിയുടെ പാരമ്യത വ്യക്തമാക്കുന്നു. പരിശുദ്ധ പിതാവ്, പരിശുദ്ധ സിംഹാസനം എന്നൊക്കെ മാത്രമാണ് കത്തോലിക്കാസഭ അഭിസംബോധന ചെയ്യുന്നത്. അതായത്, പദവിയെയാണ് പരിശുദ്ധമെന്നു സംബോധനചെയ്യാന്‍ പാടുള്ളു; പദവി വഹിക്കുന്ന വ്യക്തിയെ പാടില്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, പരിശുദ്ധ ബെനഡിക്റ്റ് പതിനാറാമന്‍ എന്ന് പറയാന്‍ പാടില്ല; മറിച്ച്, പരിശുദ്ധ പിതാവ്, ബെനഡിക്റ്റ് പതിനാറാമന്‍ എന്നു പറയാം. എന്നാല്‍, ദാനിയേലിന്റെ അതിരുകടന്ന രാജഭക്തി അയാളെക്കൊണ്ടു പറയിച്ചത്, പരിശുദ്ധ ഫ്രാന്‍സീസ് എന്നാണ്! ഇക്കാലമത്രയും വിളിച്ചുപറഞ്ഞ സത്യങ്ങള്‍ ഓരോന്നായി നിഷേധിക്കാന്‍ ആവേശത്തോടെ ഇറങ്ങിയിരിക്കുന്നത് വഴിതെറ്റിപ്പോയതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

മാമോദീസാ സ്വീകരിച്ചുവെന്ന ഒറ്റ കാരണത്താല്‍ അവരെല്ലാം സ്വര്‍ഗ്ഗത്തില്‍ കടന്നുകൂടും എന്ന ദൈവശാസ്ത്രമാണ് ദാനിയേല്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ബലേഭേഷ്!! ഫ്രാന്‍സീസില്‍ എത്തിച്ചേരാന്‍ ദാനിയേലിന്റെ മുന്‍പില്‍ ഏതാനും ചുവടുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഫ്രാന്‍സീസിന്റെ ജല്പനങ്ങളില്‍ നിധി മറഞ്ഞിരിക്കുന്നുവെന്ന്‍ ഈ മനുഷ്യന്‍ പാടിനടക്കുന്നത് ഏത് ആത്മാവിന്റെ പ്രേരണയാലാണെന്നു മനസ്സിലാക്കാന്‍ ഓരോ വിഷയങ്ങളും ചേര്‍ത്തുവച്ചു പരിശോധിച്ചാല്‍ മതി. നരകമില്ലെന്നും, സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ലെന്നും പ്രഖ്യാപിച്ച ഫ്രാന്‍സീസിനെ മൗനത്താല്‍ പിന്തുണയ്ക്കുന്നവര്‍പ്പോലും ശിക്ഷയ്ക്കു പാത്രമാകാതിരിക്കില്ല. എന്തെന്നാല്‍, ക്രിസ്തുവിനെയും അവിടുത്തെ അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വത്തെയും പരിഹസിക്കുന്ന പ്രവര്‍ത്തിയാണ് ഫ്രാന്‍സീസിനു നല്‍കുന്ന ഓരോ പിന്തുണയും! ക്രിസ്തുവിന്റെ സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ് ഇക്കൂട്ടര്‍!

ദൈവീകനിയമങ്ങള്‍ ലംഘിക്കുകയോ ഈ നിയമങ്ങള്‍ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്താലും,മാമോദീസാ സ്വീകരിച്ച കാരണംകൊണ്ട് നിയമനിഷേധികള്‍ ദൈവരാജ്യത്തു പ്രവേശിക്കുമെന്നു പറയണമെങ്കില്‍, പൈശാചികതയുടെ ചെറിയ അഭിഷേകമൊന്നും മതിയാകില്ല! ക്രിസ്തുവിന്റെ പ്രബോധനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് നിയമനിഷേധികളെ സൃഷ്ടിക്കുകയെന്നതാണ് ദാനിയേലിന്റെ പുത്തന്‍ ആശയങ്ങളുടെ പിന്നിലെ ലക്‌ഷ്യം. ഈ മനുഷ്യന്റെ ചില വചനവ്യാഖ്യാനങ്ങള്‍ പരിശോധിച്ചുകൊണ്ട്, അതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന പൈശാചികത അജണ്ട മനസ്സിലാക്കാന്‍ ശ്രമിക്കാം.

ദുര്‍വ്യാഖ്യാനത്തിനായി ദാനിയേല്‍ പരിഗണിച്ച രണ്ടു വചനഭാഗങ്ങളില്‍ ഒന്നിതാണ്: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്"(മത്താ: 11; 11). സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍പോലും ഭൂമിയിലെ ഏറ്റവും വലിയവനെക്കാള്‍ വലിയവനാണ്‌ എന്ന സത്യമാണ് യേഹ്ശുവാ പ്രഖ്യാപിച്ചത്. ഈ സത്യത്തെ മറ്റൊരു സത്യംകൊണ്ട് ദാനിയേല്‍ വ്യാഖ്യാനിച്ചപ്പോള്‍ അത് വലിയ ദുരുപദേശമായി മാറി. ദാനിയേല്‍ പൂവണ്ണത്തില്‍ തിരഞ്ഞെടുത്ത ഇണവചനം ശ്രദ്ധിക്കുക: "ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 19). രണ്ടു വചനഭാഗങ്ങളും സത്യമാണ്. മാത്രവുമല്ല, യേഹ്ശുവാ തന്നെയാണ് രണ്ടും അരുളിചെയ്തിരിക്കുന്നതും!

ദാനിയേല്‍ ഇതിനെ വ്യാഖ്യാനിച്ചത്, നിയമം ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവര്‍ ചെറിയ സ്ഥാനം വഹിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നാണ്. സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടണമെങ്കില്‍, അവിടെ എത്തിച്ചേരണമല്ലോ! അതായത്, മാമോദീസാ സ്വീകരിച്ചതിനുശേഷം എങ്ങനെ ജീവിച്ചാലും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശനം തടയപ്പെടുന്നില്ല! പാപംചെയ്യാന്‍ പഠിപ്പിക്കുന്ന ദുരുപദേശികള്‍ക്കുപോലും സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നാണ് ദാനിയേലിന്റെ പക്ഷം! ഇതിനേക്കാള്‍ വലിയ ദുരുപദേശം ഫ്രാന്‍സീസില്‍നിന്നു മാത്രമേ മനോവ കേട്ടിട്ടുള്ളൂ! വചനാധിഷ്ഠിതമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് യഥാര്‍ത്ഥ വ്യാഖ്യാനത്തിലേക്കു പ്രവേശിക്കാം. ചോദ്യമിതാണ്: ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍ എന്ന് യേഹ്ശുവാ ശിഷ്യന്മാരോടു പറഞ്ഞത് എന്തിനായിരുന്നു? യേഹ്ശുവാ കല്പിച്ചത് മോശയുടെ നിയമങ്ങള്‍ അല്പംകൂടി കര്‍ശനമായി അനുസരിക്കാനായിരുന്നു. സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞുവെന്നും, സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണെന്നും അവിടുന്ന് പ്രഖ്യാപിച്ചു. അതായത്, മോശയുടെ നിയമത്തെ അവിടുന്ന് കഠിനമാക്കി. ഈ കല്പനകളെല്ലാം അനുസരിക്കാന്‍ പഠിപ്പിക്കണമെന്ന് ശിഷ്യന്മാരോടു പറഞ്ഞതിനുശേഷമാണ് യേഹ്ശുവാ സ്വര്‍ഗ്ഗാരോഹണം ചെയ്തത്. യേഹ്ശുവായുടെ വചനങ്ങളെയെല്ലാം ദുര്‍ബ്ബലമാക്കാനുള്ള വിഫലശ്രമമല്ലേ ദാനിയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്?!

സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍!

സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവന്‍ എന്ന് സ്നാപകയോഹന്നാനെക്കുറിച്ച് യേഹ്ശുവാ സാക്ഷ്യപ്പെടുത്തി. വചനമിതാണ്: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല"(മത്താ: 11; 11). ഈ വചനത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുമ്പ് മറ്റുചില സാക്ഷ്യപ്പെടുത്തലുകള്‍ക്കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ സാക്ഷ്യം നോക്കുക: "അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാള്‍ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ! നിനക്കുമുമ്പേ എന്റെ ദൂതനെ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ മുമ്പേ പോയി നിനക്കു വഴിയൊരുക്കും"(മത്താ: 11; 9, 10). പ്രവാചകനെക്കാള്‍ വലിയവനെന്ന്‍ യേഹ്ശുവാ സാക്ഷ്യപ്പെടുത്തിയത് ആരെക്കുറിച്ചാണെന്നു നോക്കുക: "യോഹന്നാന്‍വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി. നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന യേലിയാഹ്"(മത്താ: 11; 13-15). സ്നാപകയോഹന്നാനെക്കുറിച്ച് യേഹ്ശുവാ നല്‍കിയിരിക്കുന്ന മൂന്നു സാക്ഷ്യങ്ങളാണ് നാമിവിടെ വായിച്ചത്.

ആഗ്നേയരഥത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെട്ട യേലിയാഹ് തന്നെയാണ് യോഹന്നാനെന്ന് യേഹ്ശുവാ വെളിപ്പെടുത്തിയിരിക്കുന്നു. സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ വലിയവനെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണെങ്കില്‍, വരാനിരിക്കുന്ന യേലിയാഹും അവന്‍തന്നെയാണെന്ന് യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നു. ഉന്നത ശ്രേഷ്ഠനായി പരിഗണിക്കാവുന്ന ഈ യോഹന്നാന്‍പോലും സ്വര്‍ഗ്ഗരാജ്യത്തെ ഏറ്റവും ചെറിയവനെക്കാള്‍ ചെറിയവനാണ്! എന്താണ് ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടതെന്നു പരിശോധിക്കാം.

ഒരുവന്‍ ഭൂമിയിലായിരിക്കുന്ന കാലമത്രയും അവന്റെ സ്ഥാനം സ്വര്‍ഗ്ഗത്തിലെ ദൂതന്മാരില്‍ ഏറ്റവും ചെറിയവനെക്കാള്‍ അല്പം താഴെയായിരിക്കും. സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലുള്ള വ്യത്യാസമാണിത്. ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠനുപോലും സ്വര്‍ഗ്ഗത്തിലെ ഏറ്റവും ചെറിയവനോളം ഉയരാന്‍ കഴിയില്ല. ദൈവമായിരുന്നിട്ടുപോലും യേഹ്ശുവാ മനുഷ്യനായി അവതരിച്ചപ്പോള്‍ ദൂതന്മാരെക്കാള്‍ അല്പം താഴ്ന്ന സ്ഥാനമായിരുന്നു അവിടുത്തേക്ക്‌ ഉണ്ടായിരുന്നത്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അങ്ങു മനുഷ്യനെ ഓര്‍ക്കാന്‍ അവന്‍ ആരാണ്? അങ്ങു ശ്രദ്ധിക്കാന്‍ മനുഷ്യപുത്രന്‍ ആരാണ്? ദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു. സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോള്‍ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല. എന്നാല്‍, എല്ലാം അവന് അധീനമായതായി നാം കാണുന്നില്ല. മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടവനായ യേഹ്ശുവാ മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു"(ഹെബ്രാ: 2; 6-9). ദൈവദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായി യേഹ്ശുവാ ആയിരുന്നത് കുരിശുമരണംവരെ മാത്രമാണ്. സ്വര്‍ഗ്ഗീയ ശരീരങ്ങള്‍ക്ക് മരണത്തെ വരിക്കാനാകില്ല! സ്വര്‍ഗ്ഗത്തിലെ ഏറ്റവും ചെറിയവനുപോലും മരണമില്ല; എന്നാല്‍, ഭൂമിയിലെ ഏറ്റവും ഉന്നതനെപ്പോലും മരണം ഗ്രസിക്കും. മരണമില്ലാത്തവനെക്കാള്‍ താഴ്ന്നവനാണ് മരണമുള്ളവന്‍!

മനുഷ്യനായിരിക്കുന്ന കാലമത്രയും ഏത് ഉന്നതനും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെക്കാള്‍ അല്പമെങ്കിലും താഴ്ന്നവനായിരിക്കും. മുപ്പത്തിമൂന്നു വര്‍ഷക്കാലം മനുഷ്യനായി ഭൂമിയില്‍ ജീവിച്ചപ്പോള്‍ യേഹ്ശുവാപോലും ദൈവദൂതന്മാരെക്കാള്‍ താഴ്ന്നവനായിരുന്നുവെങ്കില്‍, പ്രവാചകന്മാരുടെ പ്രവാചകനായ മോശയും യേലിയാഹും ദൂതന്മാരെക്കാള്‍ താഴ്ന്നവരായിരുന്നു. സ്നാപകയോഹന്നാന്റെ കാര്യത്തിലും ഇതുതന്നെയാണു സത്യം. എന്നാല്‍, ഇത് മനുഷ്യനായി ഭൂമിയില്‍ ജീവിക്കുന്ന കാലത്തു മാത്രമായിരിക്കും! മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ നിത്യജീവനു നിയോഗം ലഭിക്കുന്നവര്‍ ദൈവമക്കള്‍ എന്ന പദവിയിലേക്കാണ് ഉയര്‍ത്തപ്പെടുന്നത്. ദൈവദൂതന്മാര്‍ ആയിരിക്കുന്നതും ദൈവമക്കള്‍ എന്ന പദവിയിലാണ്. നിത്യജീവനു നിയോഗം ലഭിച്ച മനുഷ്യമക്കളുടെ മരണാനന്തര അവസ്ഥ എന്തായിരിക്കുമെന്നു നോക്കുക: "പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗ്ഗദൂതന്മാരെപ്പോലെയായിരിക്കും"(മത്താ: 22; 30). സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ എന്നുപറഞ്ഞാല്‍, ദൂതന്മാര്‍ക്കു തുല്യമായ പദവിയിലായിരിക്കും നീതിമാന്മാര്‍ ആയിരിക്കുന്നതെന്നു ചിന്തിക്കാന്‍ കഴിയും. അതായത്, വ്യാഖ്യാനത്തിനായി ദാനിയേല്‍ പൂവണ്ണത്തില്‍ തിരഞ്ഞെടുത്ത രണ്ടു വചനഭാഗങ്ങളിലും പറഞ്ഞിരിക്കുന്നത് മനുഷ്യന്‍ ഭൂമിയിലായിരിക്കുമ്പോഴത്തെ അവസ്ഥയാണ്!

ദാനിയേല്‍ തിരഞ്ഞെടുത്ത രണ്ടാമത്തെ വചനഭാഗം ഒരിക്കല്‍ക്കൂടി ശ്രദ്ധിക്കുക: "ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 19). നിയമം അനുസരിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കിക്കൊണ്ട് യേഹ്ശുവാ അറിയിച്ച വചനത്തെയാണ് നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കാനായി ദാനിയേല്‍ എടുത്തു ദുര്‍വ്യാഖ്യാനം ചെയ്തത്. ഇവിടെ നാം പരിശോധിച്ച രണ്ടു വചനഭാഗങ്ങളിലും 'ചെറിയവന്‍, വലിയവന്‍' എന്നീ വിശേഷണങ്ങള്‍ ഉണ്ട്. എന്നാല്‍, രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. സ്നാപകയോഹന്നാനെക്കുറിച്ചുള്ള സാക്ഷ്യത്തില്‍ പറഞ്ഞിരിക്കുന്നത് 'വലിയവന്‍' എന്ന് വിളിക്കപ്പെടും എന്നല്ല; മറിച്ച്, 'വലിയവനാണ്‌' എന്നുതന്നെ വ്യക്തമാക്കിയിരിക്കുന്നു. അതായത്, നിയമം ലംഘിക്കുകയും ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ സ്വര്‍ഗ്ഗം വിളിക്കുന്നത് ചെറിയവന്‍ എന്നായിരിക്കും. നിയമലംഘകരും നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്നവരും സ്വര്‍ഗ്ഗത്തില്‍ എത്തുകയും, അവിടെവച്ച് അവര്‍ 'ചെറിയവരെന്നു വിളിക്കപ്പെടുകയും ചെയ്യുമെന്ന് വചനത്തില്‍ പറഞ്ഞിട്ടില്ല! പിന്നെയോ, ഭൂമിയിലായിരിക്കുന്ന നിയമനിഷേധകരെ സ്വര്‍ഗ്ഗരാജ്യം (സ്വര്‍ഗ്ഗരാജ്യത്തു വസിക്കുന്നവര്‍)വിളിക്കുന്നത് 'ചെറിയവര്‍' എന്നായിരിക്കും! എന്നാല്‍, നിയമം അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ 'വലിയവര്‍' എന്ന് സ്വര്‍ഗ്ഗരാജ്യം വിളിക്കും!

ഈ സത്യത്തെയാണ്‌ ദാനിയേല്‍ പൂവണ്ണത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വിപരീതാര്‍ത്ഥം നല്‍കിയത്! ഡോമിനിക് വാളമ്മനാലച്ചന്‍ 'ഓട്ടിസം' ബാധിച്ചവരെക്കുറിച്ചു വെളിപ്പെടുത്തിയ സത്യത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗപ്രവേശം ചെയ്തതോടെ ദാനിയേലിന്റെമേല്‍ ഉണ്ടായിരുന്ന അഭിഷേകത്തിന്റെ തിളക്കം നഷ്ടപ്പെടാന്‍ തുടങ്ങിയതാണ്‌. ഫ്രാന്‍സീസിന്റെ പൈശാചികതയെ മഹത്വവത്ക്കരിക്കാന്‍ തുടങ്ങിയതോടെ അവശേഷിച്ച തിളക്കവുംകൂടി മങ്ങി! ദൈവത്തിന്റെ നിയമങ്ങളില്‍നിന്നും ബൈബിളിലെ വചനസത്യങ്ങളില്‍നിന്നും, കത്തോലിക്കാ മതബോധനഗ്രന്ഥത്തിലെ ഭോഷ്ക്കുകളിലേക്ക് അധഃപതിച്ചതോടെ സ്ഥലജലവിഭ്രാന്തി ഇദ്ദേഹത്തെ ഗ്രസിച്ചിരിക്കുന്നു. വചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിലേക്ക് ദാനിയേല്‍ വഴിമാറിയത് അഭിഷേകം നഷ്ടപ്പെട്ടതുകൊണ്ടാണ്.

വ്യാഖ്യാനിച്ചിട്ടും വ്യാഖ്യാനിച്ചിട്ടും എങ്ങുമെത്തുന്നില്ലെങ്കില്‍ ഉടനൊരു തീരുമാനത്തിലെത്തരുത്. അങ്ങനെയുള്ള തീരുമാനങ്ങള്‍ വെറും നിഗമനങ്ങള്‍ മാത്രമായിരിക്കും. ദൈവികനിയമങ്ങളുടെ തണലില്‍ നിന്നുകൊണ്ടാല്ലാത്ത വ്യാഖ്യാനങ്ങളൊന്നും യഥാര്‍ത്ഥ വ്യാഖ്യാനങ്ങളല്ല. ആയതിനാല്‍ത്തന്നെ, ദൈവീകനിയമങ്ങളുടെ തണലില്‍നിന്ന്‍ ഒരു ചുവടെങ്കിലും മാറിയാണോ വ്യാഖ്യാതാവ് നില്‍ക്കുന്നതെന്ന് ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കുക! ഒരു ചോദ്യം: കത്തോലിക്കാസഭയിലെ ദൈവമക്കളുടെമേല്‍ ഇത്രയും വലിയ മഹാമാരി വരുത്തിവയ്ക്കാന്‍ എന്തു തെറ്റാണ് അവര്‍ ദാനിയേലച്ചനോടു ചെയ്തത്? ഈ ചോദ്യത്തോടെ ഉപസംഹരിക്കുകയാണ്!

ആയതിനാല്‍, മരണംവരെ ഏതൊരു ശ്രേഷ്ഠന്റെയും സ്ഥാനം സ്വര്‍ഗ്ഗരാജ്യത്ത് വസിക്കുന്ന ഏറ്റവും ചെറിയവന്റെ സ്ഥാനത്തേക്കാള്‍ താഴെയായിരിക്കുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം യേഹ്ശുവാ തന്നെയാണ്. എന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിച്ചുകഴിഞ്ഞാല്‍, ഓരോരുത്തരും വഹിക്കുന്ന പദവി ഏതാണെന്നു ദൈവം തീരുമാനിക്കും. സെബദിപുത്രന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയുടെ അപേക്ഷയ്ക്ക് യേഹ്ശുവാ നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആ സംഭവം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "അപ്പോള്‍, സെബദിപുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരോടുകൂടെ വന്ന് അവന്റെ മുമ്പില്‍ യാചനാപൂര്‍വ്വം പ്രണമിച്ചു. അവന്‍ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്പിക്കണമേ! യേഹ്ശുവാ മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും. അവന്‍ അവരോടു പറഞ്ഞു: എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത് എന്റെ പിതാവ് ആര്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്"(മത്താ: 20; 20-23). സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് എന്ത് പദവി നല്‍കണമെന്ന് ദൈവം തീരുമാനിക്കട്ടെ! ഈ ഭൂമിയില്‍ ചെറിയവനെന്നു വിളിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്ത് ഉന്നതസ്ഥാനം ലഭിക്കും! അതുപോലെതന്നെ, അഭിഷേകം നഷ്ടപ്പെട്ട ശുശ്രൂഷകരെ യഥാര്‍ത്ഥ ദൈവമക്കള്‍ കയ്യൊഴിയും എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4059 views

LOG IN

Lost your password?

SIGN UP

LOST PASSWORD