സഭകളില്‍ ശുദ്ധീകരണം

ദൈവാലയത്തില്‍ `ഡ്രസ്കോഡ്` വരുന്നു; മാര്‍. ആലഞ്ചേരിക്ക് അഭിവാദ്യങ്ങള്‍!

Print By
about

ത് നവോത്ഥാനത്തിന്‍റെ തുടക്കമാണെങ്കില്‍ സീറോമലബാര്‍സഭ ആഹ്ലാദാരവം മുഴക്കട്ടെ! വചനത്തില്‍നിന്ന് വഴിവിട്ടുള്ള സഭയുടെ പ്രയാണത്തെ തടഞ്ഞുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി നിലയുറപ്പിച്ചാല്‍ യഥാര്‍ത്ഥ സഭാമക്കള്‍ കൂടെനിന്ന് ശക്തി പകരുമെന്ന് ഉറപ്പുണ്ട്!
 
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ ആസ്ഥാന ദൈവാലയമായ പാലാരിവട്ടം സെന്റ് മേരീസ് ബസിലിക്കയില്‍ വരുത്താന്‍ പോകുന്ന പരിഷ്കാരത്തെയാണ് ഹൃദയപൂര്‍വ്വം മനോവ ശ്ലാഘിക്കുന്നത്! ആലഞ്ചേരി പിതാവിന്‍റെ ആശിര്‍വാദത്തോടെ ഇടവകവികാരി റവ. ഡോ. ജോസ് ചിറമ്മേല്‍ നെഞ്ചുറപ്പോടെ എടുത്ത തീരുമാനത്തിന്‍റെ വിശദാംശങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
 
സഭയിലെ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് കാലാന്തരേണ വന്നുഭവിച്ച ചില രീതികള്‍ ഇതരസഭകളില്‍നിന്നും വിജാതിയരില്‍നിന്നും ഏറെ ആരോപണങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഭൌതീകതയില്‍ വേരുറച്ച സ്വാര്‍ത്ഥമോഹികളായ ചിലര്‍ സഭകളുടെ നേതൃസ്ഥാനത്ത് എത്തിയപ്പോള്‍ സമ്പന്നരുടെ ചെയ്തികളോട് സഹിഷ്ണുത കാണിച്ചതാണ് സഭയുടെ മലിനീകരണത്തിന് ആധാരമായത്. സഭയ്ക്കോ ശിരസ്സായ ക്രിസ്തുവിനോ സമൂഹത്തിനു തന്നെയോ യാതൊരു നന്മയുമില്ലാത്ത ഇത്തരക്കാര്‍ക്കുവേണ്ടിയുള്ള വ്യതിചലനങ്ങള്‍ കണ്ടെത്തി തിരുത്താന്‍ തയ്യാറായാല്‍ സീറോമലബാര്‍ സഭയെ വീണ്ടും പരിശുദ്ധാത്മാവ് നയിക്കും!

മനോവയെ സന്തോഷിപ്പിച്ച കാര്യത്തിലേക്കു കടക്കാം; മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ ആസ്ഥാനദൈവാലയത്തില്‍ നടപ്പില്‍വരുത്താനിരിക്കുന്ന ആത്മീയ പരിഷ്കരണത്തിന്‍റെ 'സര്‍ക്കുലര്‍' ഇടവകയിലെ 1800 കുടുംബങ്ങള്‍ക്ക് ഡോ. ജോസ് ചിറമ്മേലച്ചന്‍ അയച്ചു. സിനിമാ തിയറ്ററിലേക്ക് പോകുന്നതുപോലുള്ള വേഷവിതാനങ്ങള്‍ ദൈവാലയത്തില്‍ ഒഴിവാക്കണമെന്നതാണ് സര്‍ക്കുലറിലെ ഇതിവൃത്തം! മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശന വസ്തുക്കളായി മാറാന്‍ ആഗ്രഹിക്കുന്നവരെ ദൈവാലയത്തില്‍നിന്നും നിയന്ത്രിക്കാന്‍ 'ഡ്രസ്കോഡ്' കൊണ്ടുവരികയാണ് ഈ ദൈവാലയത്തില്‍. ദൈവാലയങ്ങള്‍ പ്രാര്‍ത്ഥനാലയമാണ്; ഇവിടെ വരുന്നത് തങ്ങളുടെ മേനിയഴക് പ്രദര്‍ശിപ്പിക്കാനാകരുത്. അതിനുവേണ്ടിയുള്ള ഇടങ്ങള്‍ ആവശ്യത്തിലുമധികം നാട്ടിലുള്ളപ്പോള്‍ ദൈവാലയങ്ങളെ കളങ്കപ്പെടുത്താന്‍ അവിടേക്ക് എഴുന്നള്ളേണ്ട ആവശ്യമില്ല. ക്രിസ്തീയതയ്ക്ക് ചേരാത്ത വേഷങ്ങള്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെങ്കിലും നിരോധിക്കാന്‍ സഭയ്ക്ക് അധികാരവും ബാധ്യതയുമുണ്ട്. ഈ കടമയും അധികാരവും പ്രയോഗിക്കുന്നതിനുള്ള മഹത്തായ തീരുമാനം സഭയിലാകമാനം ചട്ടമാക്കുമെന്ന് പ്രത്യാശിക്കുന്നു.

ഇറക്കം വളരെ കുറഞ്ഞതും ഇറുകിയതും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രധാരണം ഒഴിവാക്കുക, ആരാധനയില്‍ പങ്കെടുക്കുമ്പോള്‍ നെറ്റോ ഷാളോ ശിരോവസ്ത്രമായി ഉപയോഗിക്കുക, സാരി ധരിക്കുന്നവര്‍ സാരിത്തലപ്പ് തലയിലിടുക, തലയോട് പോത്തിന്‍റെ തല തുടങ്ങിയ ചിത്രങ്ങളോടുകൂടിയതും ദ്വയാര്‍ത്ഥ സൂചനകളുള്ള വാചകങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളതുമായ ടീഷര്‍ട്ടുകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.

പ്രാര്‍ത്ഥനാന്തരീക്ഷത്തിനു തടസ്സം സൃഷ്ടിക്കുന്ന വസ്ത്രധാരണം ആരാധനയുടെ പവിത്രത നശിപ്പിക്കുമെന്നതിനാലാണ് 'ഡ്രസ്കോഡ്' നടപ്പിലാക്കുന്നതെന്ന് ഇടവക വികാരി തന്‍റെ സര്‍ക്കുലറില്‍ പറയുന്നു. വൈകിയുദിച്ച വിവേകമെന്ന് കുറ്റപ്പെടുത്താതെ ഈ നവീകരണത്തെ സഭയിലാകമാനം നടപ്പാക്കാന്‍ വൈകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുകയാണ്!

സ്ത്രീകളും ശിരോവസ്ത്രവും!

ക്രൈസ്തവരായ സ്ത്രീകള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും ദൈവാലയങ്ങളില്‍ ആരാധനയര്‍പ്പിക്കേണ്ടതെന്നും ബൈബിളും സഭയും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് സഭയുടെയും ദൈവത്തിന്‍റെയും അനുവാദത്തോടെയല്ല. പലപ്പോഴും ഇത്തരം വിവേകശൂന്യവും അഹങ്കാരപൂര്‍വ്വവുമായ ചെയ്തികളെ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്നേയുള്ളു. ആരംഭത്തില്‍ താക്കീതു നല്‍കുകയും വിലക്കുകയും ചെയ്യാത്തതുമൂലം അനുകരണംവഴി വ്യാപകമായതാണ് ഇത്തരം ദൈവനിന്ദകള്‍!

ദൈവവചനത്തിന്‍റെ മാറ്റമില്ലാത്ത പ്രസക്തിയെ നിഷ്പ്രഭമാക്കാന്‍ ചില ആധുനിക ദൈവശാസ്ത്രങ്ങളെക്കുറിച്ചുള്ള അവ്യക്തത കാരണമായിട്ടുണ്ടെന്ന കാര്യം ഗൌരവമായി എടുക്കണം. പഴയനിയമത്തെ അപ്പാടെ മാറ്റിക്കൊണ്ടാണ് യേഹ്ശുവായിലൂടെ പുതിയനിയമം അവതരിപ്പിക്കപ്പെട്ടതെന്ന് ചിലരെങ്കിലും അബദ്ധമായി ധരിച്ചുവച്ചിട്ടുണ്ട്. അറിവു നല്‍കേണ്ടവരില്‍നിന്നു വന്നിട്ടുള്ള വീഴ്ചകളാണ് ഇതിനു പ്രധാന കാരണം. ഈ അടുത്തനാളില്‍ ശാലോം ടെലിവിഷനിലൂടെ ഒരു കത്തോലിക്കാ മെത്രാന്‍ പറഞ്ഞത് ഈ വസ്തുതയെ ഉറപ്പിക്കുന്നതാണ്. അദ്ദേഹം ഇങ്ങനെയാണു പറഞ്ഞത്; "ഇസ്രായേലിനു പഴയനിയമം പ്രാധാന്യമുള്ളതാണെങ്കിലും നമുക്കത് ബാധകമല്ല" എന്നാണ്. ഇപ്പോഴും ഈ ചാനലില്‍ പ്രോഗ്രാമുകളുടെ പരസ്യമായി ഇടക്കിടെ ഇത് കാണിക്കാറുണ്ട്.

കത്തോലിക്കാസഭ മനസ്സില്‍പോലും ചിന്തിക്കാത്ത ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു മെത്രാന്‍ ധൈര്യം കാണിക്കുമ്പോള്‍ അപകടം എവിടെവരെ എത്തിയെന്നു ചിന്തിച്ചാല്‍ മതി! കത്തോലിക്കസഭയുടെ ഔദ്യോഗികമായ പ്രബോധനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ വൈരുദ്ധ്യം എളുപ്പത്തില്‍ മനസ്സിലാകും! സഭയിങ്ങനെ പഠിപ്പിക്കുന്നു: "പഴയനിയമത്തിനു ദൈവീകവെളിപാട് എന്ന നിലയില്‍ അതില്‍ത്തന്നെ പ്രാധാന്യമുണ്ട് എന്നു നമ്മുടെ കര്‍ത്താവുതന്നെ (യേഹ്ശുവാ) സ്ഥിരീകരിച്ചിട്ടുള്ള വസ്തുത നാം മറക്കരുത്. പഴയനിയമത്തിന്‍റെ വെളിച്ചത്തില്‍ പുതിയനിയമം വായിക്കപ്പെടേണ്ടതാണ്. ആദിമകാലത്തെ കൈസ്തവ മതബോധനം പഴയനിയമത്തെ നിരന്തരം പ്രയോജനപ്പെടുത്തിയിരുന്നു. അപ്പസ്തോലികകാലത്തും അതിനുശേഷം പാരമ്പര്യത്തിലും നിരന്തരമായി പഴയനിയമത്തിലും പുതിയനിയമത്തിലും അടങ്ങിയിരിക്കുന്ന ദൈവീകപദ്ധതിയുടെ ഐക്യം സഭ വ്യക്തമാക്കിയിട്ടുണ്ട്. "(കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം; ഖണ്ഡിക: 128).

മറ്റൊരു പ്രബോധനം നോക്കുക: "ഒരു പുരാതന സൂക്തമനുസരിച്ച് പുതിയത് പഴയതില്‍ ഒളിഞ്ഞിരിക്കുന്നു. പഴയതു പുതിയതില്‍ വ്യക്തമാകുന്നു. പുതിയനിയമം പഴയനിയമത്തില്‍ മറഞ്ഞിരിക്കുന്നു പഴയനിയമം പുതിയനിയമത്തില്‍ തെളിഞ്ഞുവരുന്നു" (കാറ്റിക്കിസം ഓഫ് കാത്തലിക്ചര്‍ച്ച്: ഖണ്ഡിക:106). "പഴയനിയമത്തിന്‍റെയും പുതിയനിയമത്തിന്‍റെയും ഐക്യത്തിനു നിദാനം ദൈവീക പദ്ധതിയുടെയും ദൈവീക വെളിപാടിന്‍റെയും ഐക്യമാണ്. പഴയനിയമം പുതിയനിയമത്തിനു വഴിയൊരുക്കുന്നു. പുതിയനിയമമാകട്ടെ പഴയനിയമത്തെ പൂര്‍ത്തീകരിക്കുന്നു. ഇവരണ്ടും അന്യോന്യം പ്രകാശിപ്പിക്കുന്നു. രണ്ടും യഥാര്‍ത്ഥ ദൈവവചനമാണ്" (കാറ്റിക്കിസം ഓഫ് കാത്തലിക്ചര്‍ച്ച്: ഖണ്ഡിക: 140).

ഇതൊക്കെയാണ് കത്തോലിക്കാസഭ അടിസ്ഥാനപരമായി ബൈബിളിനെക്കുറിച്ച് വ്യക്തമാക്കുന്നത്. മെത്രാന്മാര്‍ ഒരുപക്ഷെ ചിന്തിച്ച കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ വന്ന വീഴ്ചയായിരിക്കാം ഇത്. എന്നാല്‍, ഈ ഒരു വാക്കിനെ 'ഹൈലൈറ്റ്' ചെയ്ത് സംപ്രേക്ഷണം ചെയ്യുന്നതിലൂടെ ചാനലും സത്യത്തില്‍നിന്നു വ്യതിചലിക്കുകയാണ്.

ഇവിടെ നാം ചിന്തിക്കുന്ന വിഷയം പഴയനിയമത്തില്‍ അധിഷ്ഠിതമല്ല; ക്രൈസ്തവര്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങളെ സംബന്ധിച്ച് ആദിമസഭയിലെ ആത്മീയഗുരുക്കന്മാര്‍ ഉപദേശിച്ച് വചനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്! ഈ ഉപദേശങ്ങളെ അവഗണിക്കുകയെന്നാല്‍ ക്രൈസ്തവ കൂട്ടായ്മയില്‍നിന്നു വിച്ഛേദിക്കപ്പെടുകയെന്നാണ് അര്‍ത്ഥം!

പ്രാര്‍ത്ഥനയിലും ആരാധനയിലും സ്ത്രീകള്‍ അനുഷ്ഠിക്കേണ്ടതായ രീതികള്‍ പൌലോസ് അപ്പസ്തോലന്‍ ഗൌരവത്തോടെ അറിയിക്കുന്നത് ശ്രദ്ധിക്കുക; "പുരുഷന്‍റെ ശിരസ്സ് മ്ശിഹായും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും മ്ശിഹായുടെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശിരസ്സു മൂടിക്കൊണ്ട് പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷനും തന്‍റെ ശിരസ്സിനെ അവമാനിക്കുന്നു. ശിരസ്സു മൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്‍റെ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണത്. സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൌരം ചെയ്യുന്നതും അവള്‍ക്കു ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രം ധരിക്കട്ടെ"(1കോറി:11;3-6).

അപ്പസ്തോലന്‍ തുടരുന്നു: "ദൂതന്മാരെ ആദരിച്ച്, വിധേയത്വത്തിന്‍റെ പ്രതീകമായ ശിരോവസ്ത്രം അവള്‍ക്ക് ഉണ്ടായിരിക്കട്ടെ. യേഹ്ശുവായില്‍ പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുന്നത്. എന്തെന്നാല്‍ , സ്ത്രീ പുരുഷനില്‍നിന്ന് ഉണ്ടായതുപോലെ ഇന്ന് പുരുഷന്‍ സ്ത്രീയില്‍നിന്നു പിറക്കുന്നു. എല്ലാം ദൈവത്തില്‍ നിന്നുതന്നെ. സ്ത്രീ തല മറയ്ക്കാതെ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ഉചിതമാണോ എന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുവിന്‍ "(1കോറി:11;10-13).

ഈ വിഷയത്തില്‍ ഭിന്നതയുള്ളവരുണ്ടാകാം. അവരോട് അപ്പസ്തോലന്‍ പറയുന്ന വാക്കുകള്‍ ഇവിടെ പ്രസക്തമാണ്; "അഭിപ്രായ വ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത് ഞങ്ങള്‍ക്കോ ദൈവത്തിന്‍റെ സഭകള്‍ക്കോ മേല്പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്"(1കോറി:11;16).

ശിരോവസ്ത്രം ധരിക്കാതെ പ്രാര്‍ത്ഥിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ ശിരസ്സാകുന്ന ഭര്‍ത്താക്കന്മാരെയാണ് അവമാനിക്കുന്നതെന്ന് അപ്പസ്തോലനിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുകയാണ്. ഭര്‍ത്താക്കന്മാരെ ബഹുമാനിക്കുന്നത് കുറച്ചിലായി കരുതുന്ന പുതുതലമുറയിലെ ഭാര്യമാരും സ്ത്രീശാക്തീകരണത്തിന്‍റെ അര്‍ത്ഥം ഗ്രഹിക്കാത്ത വനിതാവിമോചകരും ഇതിനെ പുച്ഛിച്ചുതള്ളിയേക്കാം. എന്നാല്‍, ഏതൊരു സ്ത്രീയുടെയും ബഹുമതി അവളുടെ വിനയവും വിധേയത്വവുമാണെന്ന് അവര്‍ അറിയുന്നില്ല.അഴിഞ്ഞാടി നടക്കുന്ന സ്ത്രീകളെ പ്രശംസിക്കുകയും അവരോടൊപ്പം കൂത്താടുകയും ചെയ്യുന്ന യുവാക്കളാരും ഇത്തരക്കാരെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കാറില്ല. അതായത് തങ്ങളോടൊപ്പം അഴിഞ്ഞാടിയവര്‍ മറ്റാരുടെയെങ്കിലും തലയിലിരിക്കും! അതുപോലെതന്നെ മറ്റൊരാളുടേത് തങ്ങളുടെ ചുമലിലും. ആണുങ്ങള്‍ക്ക് എന്തു തോന്നിവാസവും കല്പിച്ചു നല്‍കുകയല്ല; മറിച്ച് പുരുഷന്മാര്‍ പാലിക്കേണ്ടതും വിശുദ്ധിതന്നെയാണ്.

ഭര്‍ത്താക്കന്മാരോട് സ്ത്രീകള്‍ എങ്ങനെ ആയിരിക്കണമെന്ന് അപ്പസ്തോലനായ പൌലോസ് വ്യക്തമാക്കുന്നുണ്ട്; "ഭാര്യമാരേ, നിങ്ങള്‍ മ്ശിഹായ്ക്ക് എന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍. എന്തെന്നാല്‍, മ്ശിഹാ തന്‍റെ ശരീരമായ സഭയുടെ ശിരസ്സായിരിക്കുന്നതുപോലെ, ഭര്‍ത്താവ് ഭാര്യയുടെ ശിരസ്സാണ്; മ്ശിഹാതന്നെയാണ് ശരീരത്തിന്‍റെ രക്ഷകനും. സഭ മ്ശിഹായ്ക്ക് വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം"(എഫേ:5;22-24).

അവിവാഹിതനായ അപ്പസ്തോലന്‍ സ്ത്രീകള്‍ക്കെതിരെ എഴുതിയതാണെന്ന് സഹോദരിമാര്‍ ധരിക്കരുത്. പുരുഷന്മാര്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല; വചനത്തിലൂടെ പരിശുദ്ധാത്മാവാണ്, സംസാരിക്കുന്നത്! അത് സ്വര്‍ഗ്ഗത്തിന്‍റെ മാറ്റമില്ലാത്ത തീരുമാനവുമാണ്! ഒരുകാര്യം വിസ്മരിക്കാതിരിക്കുക; ഇവയൊക്കെ പാലിച്ച് ജീവിതം നയിച്ചിരുന്ന നമ്മുടെ പൂര്‍വ്വീകര്‍ വാര്‍ദ്ധക്യത്തിലും ഒരുമിച്ച് ജീവിക്കുകയും അടിത്തറയുള്ള കുടുംബങ്ങളില്‍ നല്ല തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്തിരുന്നു. ഇന്നു ബന്ധങ്ങള്‍ക്ക് കടലാസിലെ വെറുമൊരു ഒപ്പിന്‍റെ വില മാത്രം കൊടുത്തുകൊണ്ട് തലമുറയെ ദുഷിപ്പിക്കുകയല്ലേ!?

ദൈവവചനം ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു; "ഭര്‍ത്താവിനെ ബഹുമാനിക്കുന്ന ഭാര്യയെ സകലരും വിവേകവതിയായി കാണും. അവനെ അഹമ്മതിപൂണ്ട് അവഹേളിക്കുന്നവള്‍ അധര്‍മ്മിണിയായി എണ്ണപ്പെടും "(പ്രഭാ:26;26). ഇതുതന്നെയല്ലെ എല്ലാവരും കണക്കാക്കുന്നത്? ധിക്കാരിണിയായ ഒരു സ്ത്രീയുടെ മകളെ വിവാഹം കഴിക്കാനോ ആ ഭവനത്തിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കാനോ ആരെങ്കിലും തയ്യാറാകുമോ? ഇത്തരക്കാരിയായ ഒരു സ്ത്രീയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ അവളുടെ ജാരന്മാര്‍ മാത്രമായിരിക്കും. അവളില്‍നിന്ന് കാര്യങ്ങള്‍ നടക്കാനുള്ള മാര്‍ഗ്ഗമായി അവര്‍ അതിനെ കാണും. എന്നാല്‍, തങ്ങളുടെ ഭാര്യമാര്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നതിനെ അംഗീകരിക്കുകയില്ലെന്നത് മറ്റൊരു കാര്യം!

ഒരുപക്ഷെ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ സാമ്പത്തികമായും കുടുംബപരമായും തങ്ങളേക്കാള്‍ താഴ്ന്നവരായിരിക്കാം. ജോലിയിലും വരുമാനത്തിലും ഭാര്യമാര്‍ ഒരുപക്ഷെ തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കാള്‍ ഉയര്‍ന്നസ്ഥിതിയില്‍ ഉള്ളവരുമാകാം. എന്നാല്‍, ഇരുവരെയും തമ്മില്‍ ബന്ധിപ്പിച്ച കര്‍ത്താവാണു കല്പനയും നല്‍കിയത്!

ഭര്‍ത്താവിനെ ബഹുമാനിക്കാതിരിക്കുകയും ശിരോവസ്ത്രം ധരിക്കാതെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് വലിയ അപരാധവും സ്വര്‍ഗ്ഗം നഷ്ടപ്പെടുത്തുന്ന പാപവുമാണൊ എന്ന് ചിലര്‍ ചോദിച്ചേക്കാം. അതിനു മനോവയ്ക്കു നല്‍കാന്‍ ഒരുത്തരമേയുള്ളു. വചനത്തിലൂടെ മാതൃകയായി നല്‍കിയിട്ടുള്ള മഹിമയണിഞ്ഞ സ്ത്രീകളെല്ലാം ഇങ്ങനെയായിരുന്നു. ഇതുകൂടാതെ മനോവ ഒരു ചോദ്യവും ഉയര്‍ത്തുന്നു; 'വചനത്തെ ധിക്കരിക്കുന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുമോ?'

ദൈവവചനത്തിന്‍റെയും പ്രമാണങ്ങളുടെയും പ്രാധാന്യം തങ്ങളുടെ യുക്തികൊണ്ട് വിവേചിക്കുകയും അപ്രധാനമായി തള്ളുകയും ചെയ്യുന്നവരുണ്ട്. പാപത്തിന്‍റെ ഗൌരവം നിശ്ചയിക്കുന്നത് ദൈവമാണ്. അതിനാല്‍തന്നെ അനുസരിക്കാന്‍ കല്പിച്ചവ അനുസരിക്കുകയും വര്‍ജ്ജിക്കാന്‍ കല്പിച്ചത് വര്‍ജ്ജിക്കുകയും ചെയ്യണം. പാപത്തിന്‍റെ ഗുരുതരാവസ്ഥ സ്വന്തമായി വ്യാഖ്യാനിക്കുന്നവര്‍ ഒരുകാര്യം ഓര്‍ക്കുക; ഒരു പ്രത്യേക മരത്തിന്‍റെ പഴം തിന്നരുത് എന്നതായിരുന്നു ആദ്യ മാതാപിതാക്കന്മാര്‍ക്കുള്ള ഏക കല്പന. ഇതു ലംഘിച്ചപ്പോള്‍ അവരും ഒരുപക്ഷെ ഇങ്ങനെതന്നെ ചിന്തിച്ചിട്ടുണ്ടാകാം. ഇതു ഭക്ഷിച്ചു എന്നുകരുതി ദൈവത്തിനോ തങ്ങള്‍ക്കോ എന്തു സംഭവിക്കാന്‍ എന്ന്! എന്നാല്‍, ആ ഒരു തിന്മയെ ദൈവം എങ്ങനെയാണ് കരുതിയതെന്ന് പിന്നീട് അറിഞ്ഞു. പറുദീസായിലെ നിത്യമായ സൌഭാഗ്യത്തില്‍നിന്ന് അവരും തലമുറകളും പടിയിറക്കപ്പെട്ടു! പാപത്തിന്‍റെ നിയമം ശരീരത്തില്‍ ഭരണം നടത്താന്‍ തുടങ്ങി!

ശിരോവസ്ത്രമില്ലാത്ത 'മ്ശിഹായുടെ മണവാട്ടികള്‍'!

കത്തോലിക്കസഭയില്‍ പുതുതായി രൂപമെടുത്ത ചില സന്ന്യാസിനിസഭകളില്‍ ശിരോവസ്ത്രം ധരിക്കാത്ത വിഭാഗങ്ങളെ കാണുന്നുണ്ട്. ഇവര്‍ക്കു പ്രത്യേകമായ നിയമപരിരക്ഷയുണ്ടോ എന്നത് മനോവയ്ക്ക് അറിയില്ല. മ്ശിഹായുടെ മണവാട്ടികള്‍ എന്നു വിളിക്കപ്പെടുന്ന ഈ വിഭാഗത്തിനുംകൂടി പൊതുവായി നല്‍കിയ നിയമങ്ങള്‍ മാത്രമെ ബൈബിളില്‍ ഉള്ളു. സാരി ധരിക്കുന്ന 'കന്യാ'സ്ത്രീകളുണ്ടെങ്കിലും അവരെല്ലാം ശിരോവസ്ത്രം ധരിക്കാറുണ്ട്. മദര്‍ തെരേസയുടെ സഭയിലെ കന്യാസ്ത്രീകള്‍ ഇങ്ങനെ ശിരോവസ്ത്രം ധരിക്കുന്നവരാണ്. എന്നാല്‍, ഇവരില്‍നിന്നെല്ലാം വ്യത്യസ്ഥരായി മ്ശിഹായെ അവഹേളിക്കുന്ന ചില 'മണവാട്ടി' അവതാരങ്ങള്‍ ഇടര്‍ച്ച വരുത്താന്‍ തുനിഞ്ഞിറങ്ങിയവരാണ്! എന്തിന്‍റെ പേരില്‍ ആയാലും ഇത്തരം ആഭാസങ്ങള്‍ ക്രിസ്തീയതയ്ക്ക് യോജിച്ചതല്ല. കാരണം, സന്ന്യാസിനിമാര്‍ മ്ശിഹായുടെ മണവാട്ടികളാണെങ്കില്‍ തീര്‍ച്ചയായും വചനപ്രകാരം അവരുടെ ശിരസ്സ് മ്ശിഹായാണ്!

പാലാരിവട്ടം ബസിലിക്കയിലെ വികാരി ജോസ് ചിറമ്മേലച്ചന്‍ അയച്ച 'സര്‍ക്കുലറിലെ' ഒരു ഭാഗം ഇങ്ങനെയാണ്; "സിനിമാ തിയറ്ററിലേക്കോ കച്ചവടസ്ഥാപനങ്ങളിലേക്കോ മക്കളെ വിടുന്നതുപോലെ ആയിരിക്കരുത് ദൈവാലയങ്ങളിലേക്ക് വിടുന്നത്. വൃത്തിയായി വസ്ത്രങ്ങള്‍ ധരിപ്പിച്ചു വിടാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം."

ഈ കുട്ടികളെ സന്മാര്‍ഗ്ഗവും ക്രിസ്തീയതയും അഭ്യസിപ്പിക്കുന്ന കന്യാസ്ത്രീകള്‍ എങ്ങനെയാണിവരെ ശിരോവസ്ത്രം ധരിക്കാന്‍ ഉപദേശിക്കുക? കുഞ്ഞുങ്ങള്‍ക്കുപോലും ഇടര്‍ച്ചയായി ഇത്തരം സന്ന്യാസിനി സമൂഹങ്ങള്‍ ക്രൈസ്തവ സഭകള്‍ക്ക് ആവശ്യമാണോ?

യാഹ്‌വെയുടെ ആലയം പ്രാര്‍ത്ഥനാലയം!

യേഹ്ശുവാ അരുളിച്ചെയ്യുന്നു: "എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു"(ലൂക്കാ:19;46). ഇവിടെ വരുന്നവരില്‍ ഏറെയും പ്രാര്‍ത്ഥിക്കാനും യാഹ്‌വെയെ ആരാധിക്കാനുമാണ്. 'ഫാഷന്‍ പരേഡ്' നടത്താനും മറ്റു വ്യക്തിപരമായ കാര്യങ്ങള്‍ക്കുമായി വരുന്നവര്‍ ദയവുചെയ്ത് ദൈവത്തിന്‍റെ ആലയത്തെ ഒഴിവാക്കുക. നിങ്ങളുടെ കാര്യങ്ങള്‍ക്കായി ഒരുക്കപ്പെട്ട അനേക സ്ഥലങ്ങളുണ്ട്; എന്നാല്‍, യാഹ്‌വെയുടെ ആരാധകര്‍ക്ക് മറ്റൊരിടമില്ല!

ആലഞ്ചേരി പിതാവ് നടത്താന്‍ ശ്രമിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവമക്കളുടെ പൂര്‍ണ്ണമായ പിന്തുണയുണ്ടാകും. എന്നാല്‍, എതിര്‍ക്കുന്നവര്‍ പാളയത്തില്‍തന്നെ ആയിരിക്കുമെന്ന് ഓര്‍ക്കുക! അങ്ങ് എതിരിടുന്നത് മാംസരക്തങ്ങളോടല്ല; സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വസിക്കുന്ന തിന്മയുടെ ദുരാത്മാക്കളോടാണ്. എന്നിരുന്നാലും വിജയം അങ്ങയോടൊപ്പം ആയിരിക്കും!

സീറോമലബാര്‍ സഭയുടെ ആചാര്യന്‍ കര്‍ദ്ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കും റവ. ഡോ. ജോസ് ചിറമ്മേലിനും സഹചാരികള്‍ക്കും പ്രാര്‍ത്ഥനയുടെ അഭിവാദ്യങ്ങള്‍!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    94907 views

LOG IN

Lost your password?

SIGN UP

LOST PASSWORD