സഭകളില്‍ ശുദ്ധീകരണം

ഭൂതോച്ഛാടനവും പിശാചിനെ ബഹിഷ്ക്കരിക്കലും ആരുടെ ദൗത്യം?

Print By
about

കൈവയ്പ്പുവഴി ഒരിക്കല്‍ അഭിഷേകം നല്‍കപ്പെട്ടതിനുശേഷം പിന്നീട് പരിശുദ്ധാത്മാവിനെ തിരിച്ചെടുക്കാന്‍ ഒരു സഭയ്ക്കും സഭാധികാരികള്‍ക്കും അവകാശമില്ല എന്ന ദൈവനീതിയെപ്രതി സ്വര്‍ഗ്ഗത്തിലെ നല്ല ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് ഈ ലേഖനം ആരംഭിക്കാം! എന്താണ് ഇത്തരമൊരു മുഖവുരയെന്ന് ചിന്തിക്കുന്നവര്‍ക്ക് ലേഖനത്തിന്റെ അന്ത്യത്തില്‍ അതു മനസ്സിലാകും.

വിശ്വാസം എന്നത് ദൈവത്തിന്റെ ദാനമാണ്. ഒരേ ബൈബിള്‍ വായിക്കുകയും  ഒരേ വചനംതന്നെ കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളില്‍ വിശ്വാസത്തിന്റെ അളവ്  ഒരുപോലെ ആകണമെന്നില്ല. ഒരേ അദ്ധ്യാപകനില്‍നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍  ചിലര്‍ തോല്‍ക്കുകയും മറ്റു ചിലര്‍ ഉന്നത വിജയം കൈവരിക്കുകയും ചെയ്യുന്നതുപോലെ  തന്നെയാണ് വിശ്വാസത്തിന്റെ കാര്യവും. പരസ്പരം പൂരകങ്ങളല്ലാത്ത കാര്യങ്ങള്‍  അവതരിപ്പിച്ചതില്‍ മനോവയുടെ വായനക്കാര്‍ വിഷമിക്കരുത്. അനിവാര്യമായ രണ്ടു സംഗതികളെ  ആരംഭത്തില്‍ സൂചിപ്പിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കാം എന്നു കരുതി!

പിശാചുക്കളെ  ബഹിഷ്ക്കരിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അധികാരമുണ്ടോ എന്ന വിഷയത്തെക്കുറിച്ചാണ്  ഇവിടെ നാം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. അതിനായി ആദ്യംതന്നെ, പിശാചുക്കള്‍  ഉണ്ടോയെന്നും, ഉണ്ടെങ്കില്‍ അവര്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും  അറിയണം.

പിശാചുക്കളെന്നത് യാഥാര്‍ത്ഥ്യമാണെന്നു സമ്മതിക്കുന്നത് കുറച്ചിലായി കരുതുന്നവര്‍ അനേകരാണ്. പിശാചിന്റെ പല പ്രവര്‍ത്തികളെയും മാനസീക വിഭ്രാന്തിയായും അന്ധവിശ്വാസമായും പ്രചരിപ്പിക്കാനാണ് ചിലര്‍ക്കെല്ലാം താത്പര്യം. ഇത്തരക്കാരുടെ ജീവിതത്തില്‍ അപരിഹാര്യമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ രഹസ്യമായി മന്ത്രവാദികളെ സമീപിക്കുമെന്നത് പരസ്യമായ രഹസ്യം! പിശാചുബാധയുടെയും പ്രേതബാധയുടെയും പേരില്‍ അനേകം അന്ധവിശ്വാസങ്ങളും അതോടനുബന്ധമായ തട്ടിപ്പുകളും നിലവിലുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ ചില സത്യങ്ങളിലേക്ക് വെളിച്ചം വീശേണ്ടിയിരിക്കുന്നു.

ആദ്യമായി ഒരുകാര്യം തുറന്നുപറയട്ടെ: പിശാചില്ലെന്ന പ്രചരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പിശാചു തന്നെയാണ്! അവന്‍ തന്റെ അനുയായികളെ ഇതിനായി ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. തന്റെ പ്രവര്‍ത്തനങ്ങള്‍ സൗകര്യപൂര്‍വ്വം തുടരാന്‍ ഒരു മറ ആവശ്യമായതിനാല്‍ പിശാചുക്കള്‍ എന്നത് അന്ധവിശ്വാസമാണെന്ന് അവന്‍തന്നെ പ്രചരിപ്പിക്കുന്നു. അതുവഴി ഉടലെടുക്കുന്ന അജ്ഞതയിലൂടെ മനുഷ്യരെ തന്റെ അടിമകളാക്കുകയാണ് അവന്‍ ചെയ്യുന്നത്. പൈശാചികമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെല്ലാം സാത്താനെന്നത് മിഥ്യയാണെന്ന് പ്രചരിപ്പിക്കുന്നതിന്റെ കാരണമിതാണ്. താന്‍ അവിശ്വാസിയാണെന്ന് സ്വയം വെളിപ്പെടുത്തുന്ന ഏ. കെ. ആന്റണിയും കൂടെക്കൂടെ 'പൈശാചികം' എന്ന വാക്ക് ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം മനോവയ്ക്ക് മനസ്സിലാകുന്നില്ല!

ഇനിയും ഒരുകാര്യവുംകൂടി വ്യക്തമാക്കുകയാണ്: അവിശ്വാസിയായ ഒരുവനെ വിശ്വാസിയാക്കുക എന്ന ദൗത്യം ഈ ലേഖനത്തിനില്ല. മറിച്ച്, വിശ്വാസികള്‍ക്കിടയിലുള്ള അവ്യക്തത നീക്കിക്കളയുക എന്നതാണ് ഇവിടെ ലക്ഷ്യമിടുന്നത്! പിശാചുബാധയെയും അവയെ ബഹിഷ്ക്കരിക്കുന്നതിനേയും സംബന്ധിച്ച് വിവിധ ക്രൈസ്തവസഭകളില്‍ വിഭിന്നമായ അഭിപ്രായങ്ങളുണ്ടെന്ന് നമുക്കറിയാം. സഭകളിലെ ചില നേതാക്കള്‍ക്കിടയിലും ഇതില്‍ ഏകീകൃതമായ അഭിപ്രായമില്ല. അതുകൊണ്ടുതന്നെ സാധാരണ വിശ്വാസികള്‍ ആശയക്കുഴപ്പത്തിലുമാണ്! ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനുള്ള ഉത്തരം കണ്ടെത്തി വായനക്കാരെ സഹായിക്കുവാന്‍ 'മനോവ' ഇവിടെ ശ്രമിക്കുന്നു!

പിശാചുക്കള്‍ ഒരു യാഥാര്‍ത്ഥ്യമാണ്!

യേഹ്ശുവായുടെ ദൗത്യകാലത്ത് പിശാചുബാധിതരായ അനേകരെ സുഖപ്പെടുത്തുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പിശാചുക്കള്‍ യഥാര്‍ത്ഥമായും ഉണ്ടെന്നകാര്യം വ്യക്തമാണ്. പിശാച് ഇല്ലായിരുന്നുവെങ്കില്‍ അതിനെ പുറത്താക്കുക എന്നത് ഒരു പ്രഹസനമാകുകായിരുന്നു. ഇത്തരം തട്ടിപ്പിന് യേഹ്ശുവാ ഒരിക്കലും തയ്യാറാകുമായിരുന്നില്ല. ഒരു വ്യക്തിയില്‍തന്നെ അനേകം പിശാചുക്കാള്‍ ആവസിക്കും എന്നതിനും ബൈബിളില്‍ സാക്ഷ്യമുണ്ട്.

മഗ്ദലേനമറിയത്തെക്കുറിച്ച് മര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വചനഭാഗം നോക്കുക:  "ആഴ്ചയുടെ ഒന്നാംദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേഹ്ശുവാ ആദ്യം മഗ്ദലേഥ്മറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്"(മര്‍ക്കോ: 16; 9).  പിശാചുക്കള്‍ ഉണ്ടെന്നതിനും ഒരു വ്യക്തിയില്‍ ഒന്നിലധികം പിശാചുക്കള്‍ വസിക്കും എന്നതിനും ഈ വചനഭാഗം സാക്ഷ്യമാണ്!

മറ്റൊരു വചനഭാഗത്ത് അനേകം പിശാചുക്കള്‍ ബാധിച്ച ഒരുവനെ കാണുന്നുണ്ട്. അവനില്‍നിന്ന് പിശാചുക്കളെ പുറത്താക്കുന്നതിനുമുമ്പ് യേഹ്ശുവാ അവനോട് പേരു ചോദിക്കുന്നു. ഈ സംഭവം ലൂക്കായുടെ സുവിശേഷത്തില്‍നിന്ന് ശ്രദ്ധിക്കുക: "യേഹ്ശുവാ അവനോട് നിന്റെ പേരെന്ത് എന്നു ചോദിച്ചു. ലെഗിയോണ്‍ എന്ന് അവന്‍ പറഞ്ഞു: എന്തെന്നാല്‍ അനേകം പിശാചുക്കള്‍ അവനില്‍ പ്രവേശിച്ചിരുന്നു"(ലൂക്കാ: 8; 30). ഈ പിശാചുക്കള്‍ തങ്ങളെ പാതാളത്തിലേക്ക് അയക്കാതെ അവിടെ മേഞ്ഞിരുന്ന പന്നിക്കൂട്ടത്തില്‍ ആവേശിക്കാന്‍ അനുവദിക്കണമെന്ന് യേഹ്ശുവായോടു യാചിക്കുന്നുണ്ട്. യേഹ്ശുവാ അപ്രകാരം അനുവദിക്കുകയും അനന്തരം ഈ പിശാചുക്കള്‍ പന്നികളില്‍ പ്രവേശിക്കുകയും ചെയ്തു. പിശാചുക്കള്‍ ആവേശിച്ച പന്നികള്‍ കിഴക്കാം തൂക്കായ തീരത്തിലൂടെ തടാകത്തിലേക്ക് പാഞ്ഞുചെന്ന് മുങ്ങിച്ചത്തു എന്നാണ് ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നത്. മര്‍ക്കോസിന്റെ വിവരണത്തില്‍ ഏകദേശം രണ്ടായിരം പന്നികള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്(മര്‍ക്കോ: 5; 13).

അതായത്, ഒരു വ്യക്തിയില്‍നിന്ന് പുറത്തുവന്ന പിശാചുക്കള്‍ രണ്ടായിരത്തോളം പന്നികളില്‍ പ്രവേശിക്കണമെങ്കില്‍ കുറഞ്ഞത് ഓരോ പന്നിക്കും ഒന്നുവീതം പിശാചുക്കള്‍ ഉണ്ടായിരുന്നിരിക്കണം! ഒരു പിശാചിന് ഒന്നിലധികം പന്നികളില്‍ ഒരേസമയം പ്രവേശിക്കാന്‍ സാധിക്കില്ലല്ലോ! ഒന്നില്‍നിന്ന് ഇറങ്ങിയതിനുശേഷമേ മറ്റൊന്നില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നുണ്ടല്ലോ! ഇതു കൂടുതല്‍ വ്യക്തമാക്കുന്ന വേറെയും തെളിവുകള്‍ ബൈബിളിലുണ്ട്. അശുദ്ധാത്മാവിന്റെ മടങ്ങിവരവിനെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് ഇത് മനസ്സിലാക്കാന്‍ കഴിയും.

"അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത് ആശ്വാസം തേടി വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു: എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു"(മത്താ: 12; 43-45). ഒരു മനുഷ്യനില്‍ എത്ര ആത്മാക്കള്‍ക്കുവേണമെങ്കിലും വസിക്കാന്‍ സാധിക്കും; എന്നാല്‍, ഒരേസമയം പലരില്‍ പ്രവേശിക്കാന്‍ ഒരു ദുരാത്മാവിനു കഴിയില്ല.

പിശാചുക്കളും ദുരാത്മാക്കളും മിഥ്യയല്ല എന്ന് വ്യക്തമാക്കുന്നതിനായി ഒരു വചനഭാഗംകൂടി പരിശോധിക്കാം. യേഹ്ശുവാ തന്റെ അപ്പസ്തോലന്മാരായി പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തുകൊണ്ട് അവര്‍ക്ക് ചില അധികാരങ്ങള്‍ നല്‍കുന്ന സംഭവമാണിത്. "അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക് അധികാരം നല്‍കി"(മത്താ:10;1).

അശുദ്ധാത്മാക്കളും പിശാചുക്കളും ഉണ്ടെന്നും അവ മനുഷ്യരിലും ജന്തുക്കളിലും പ്രവേശിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് ശിഷ്യന്മാരെ പറഞ്ഞയച്ചുകൊണ്ട് യേഹ്ശുവാ നല്കുന്ന അധികാരം നോക്കുക: "സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍ "മത്താ:10;8).

പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള അധികാരം ഈ അപ്പസ്തോലന്മാര്‍ക്ക് നല്‍കിയതിലൂടെ, പിശാചുക്കള്‍ എന്നത് മിഥ്യയല്ല എന്ന് യേഹ്ശുവാ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നത്തെ ചില ബുദ്ധിജീവികള്‍ ഇതിനെ പുച്ഛിച്ചു തള്ളുന്നുവെങ്കില്‍ അതിലൂടെ യേഹ്ശുവായെയും അവിടുത്തെ ജീവനുള്ള വചനത്തെയുമാണ് പുച്ഛിക്കുന്നത്!

യേഹ്ശുവാ കുരിശില്‍ മരിച്ചതോടെ സാത്താന്‍ നശിപ്പിക്കപ്പെട്ടുവെന്നും; അതിനാല്‍, ഇപ്പോള്‍ പിശാചുക്കള്‍ ഇല്ലെന്നും വാദിക്കുന്ന ചില കുബുദ്ധികളുമുണ്ട്. ബൈബിളിനെക്കുറിച്ച് ഒന്നുമറിയാത്ത പലരേയും ഇത്തരക്കാര്‍ തങ്ങളുടെ ഈ ആശയത്തില്‍ വഴിതെറ്റിച്ചിരിക്കുകയണ്. യേഹ്ശുവാ മരിച്ച് ഉത്ഥാനം ചെയ്തതിനുശേഷം, സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുമ്പ് വിശ്വാസികളായ അനുയായികളോട് പറയുന്നത് നോക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ക്കോ:16;17). ഈ വചനത്തിന്റെ ശക്തിയാല്‍, അനേകം വ്യക്തികളില്‍നിന്ന് അപ്പസ്തോലന്മാര്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. ഇന്നു ഇതു തുടരുന്നു!

യേഹ്ശുവായുടെ മരണവും ഉത്ഥാനവുംവഴി സാത്താനും മരണത്തിനും മനുഷ്യരുടെമേലുള്ള ആധിപത്യം അവസാനിച്ചു. എന്നാല്‍, സാത്താനും മരണവും എന്നന്നേക്കുമായി ഇല്ലാതാക്കപ്പെട്ടിട്ടില്ല. യേഹ്ശുവാ നമുക്കുവേണ്ടി മരിച്ചതിലൂടെ നമ്മുടെമേലുള്ള മരണത്തിന്റെ ആധിപത്യം ഇല്ലാതായി; എങ്കിലും മരണം ഇല്ലാതായിട്ടില്ലെന്ന് നമുക്കറിയാം. അവിടുത്തെ ഉത്ഥാനത്തിലൂടെ നമ്മുടെ മരണാനന്തര ജീവിതത്തിന് അവന്‍ തെളിവു നല്‍കി. അന്ത്യദിനത്തില്‍ ശരീരത്തോടെ നാമും ഉയിര്‍ ക്കുമെന്നതിന് യേഹ്ശുവായുടെ ഉത്ഥാനമാണ് നമുക്കുള്ള സാക്ഷ്യം!

അതുപോലെതന്നെ സാത്താനെ യേഹ്ശുവാ പരാജയപ്പെടുത്തിയെങ്കിലും അവന്‍ ഇന്നുമുണ്ട്. അതുകൊണ്ടാണ് യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനുമുമ്പ് മുന്നറിയിപ്പോടുകൂടിയ ചുമതല അവിടുത്തെ അനുയായികള്‍ക്കു നല്‍കിയത്. യേഹ്ശുവാ പ്രവര്‍ത്തിച്ചതുപോലെതന്നെ അവിടുത്തെ നാമം ഉപയോഗിച്ച് അനുയായികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. യേഹ്ശുവായില്‍ വിശ്വസിക്കുകവഴി ദൈവമക്കളായി ഉയര്‍ത്തപ്പെട്ടവര്‍ക്കുള്ള അധികാരവും കടമയുമാണിത്.

യേഹ്ശുവായില്‍ വിശ്വസിക്കുകയും അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുകയും ചെയ്യുന്ന ഒരുവനുമേല്‍ സാത്താന് യാതൊരു അവകാശവും ഇല്ലെന്നു മാത്രമല്ല, ഒരു യഥാര്‍ത്ഥ ക്രൈസ്തവന്റെ പേരു കേള്‍ക്കുമ്പോള്‍പോലും പിശാചു ഭയന്നു വിറയ്ക്കും! നമുക്കുചുറ്റും ഒന്നു കണ്ണോടിച്ചാല്‍ ഇത് വ്യക്തമാകും. തിന്മയുടെ ബന്ധനത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് പ്രാര്‍ത്ഥിക്കുന്ന ഒരു ക്രിസ്ത്യാനിയുടെ സാമീപ്യംപോലും അസ്വസ്ഥത ഉളവാക്കുന്നത് കാണാം. പേരും മേല്‍വിലാസവും ഒന്നും പറയാതെതന്നെ ഒരു ആത്മീയ മനുഷ്യനെ ഇത്തരക്കാരുടെ ഉള്ളില്‍ വസിക്കുന്ന ആത്മാവിനു മനസ്സിലാകും! ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ ജീവിച്ചാലും ആത്മീയര്‍ ലോകത്തിനു പരിഹാസ വിഷയമാണ്!

ഒന്നറിയുക: ക്രൈസ്തവന്‍ ലോകത്തിന്റെ മിത്രമല്ല; അതുകൊണ്ടുതന്നെ ലോകം അവനെ പീഡിപ്പിക്കും. ലോകത്തിന്റെ മിത്രമായി കഴിയുന്നവരാരും യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ല എന്നതാണ് ഇതിന്റെ മറുഭാഗം. ഇന്ന് കേരളത്തിലെ 'കപട' പരിസ്ഥിതി വാദികളും പ്രകൃതിസ്നേഹികളും ഒരു ആനുകാലിക ദൃഷ്ടാന്തമാണ്. ക്രിസ്ത്യാനിയുടെ പേരു കേള്‍ക്കുമ്പോഴുള്ള ലോകത്തിന്റെ ആവലാതി!

'അശുദ്ധാത്മാക്കളും പിശാചുക്കളും!'

പലരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്ന രണ്ടു വര്‍ഗ്ഗങ്ങളാണ് അശുദ്ധാത്മാക്കളും പിശാചുക്കളും. ഇവ രണ്ടും ഒന്നുതന്നെയാണെന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ട്. എന്നാല്‍, ഈ രണ്ടു കൂട്ടരും വ്യത്യസ്ഥരാണ് എന്നതാണു വസ്തുത. ഇതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം വചനത്തെ അടിസ്ഥാനപ്പെടുത്തി പരിഹരിക്കുന്നതാകും ഉത്തമം!

അശുദ്ധാത്മാക്കള്‍ പിശാചുക്കളല്ല; പാപത്തോടെ മരിച്ചവരും നരകശിക്ഷ അര്‍ഹിക്കുന്നവരുമായ വ്യക്തികളുടെ ആത്മാക്കളാണിവര്‍. ഇവരുടെമേല്‍ സമ്പൂര്‍ണ്ണ അധികാരം സാത്താന് ആയതിനാല്‍ ഈ ആത്മാക്കളെ അവന്‍ തന്റെ ഇഷ്ടനിര്‍വ്വഹണത്തിനായി ഉപയോഗിക്കുന്നു. ഇത്തരം ആത്മാക്കളെ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ പ്രവേശിപ്പിച്ച് അവരെക്കൊണ്ട് അനീതി പ്രവര്‍ത്തിപ്പിക്കുന്നത് സാത്താനാണ്! ഇത്തരം ദുരാത്മാക്കള്‍ ബാധിച്ച ഒരുവനെ പിശാചുബാധിതന്‍ എന്നു വിളിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്നു പറയാന്‍ കഴിയില്ല. കാരണം, ഒരു വ്യക്തിയില്‍ പ്രവേശിച്ചിരിക്കുന്ന ആത്മാവിന് സ്വന്തം ഇഷ്ടപ്രകാരം എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. തന്നെ നിയന്ത്രിക്കുന്ന സാത്താന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ ഇവയ്ക്ക് വ്യാപരിക്കാന്‍ കഴിയുകയുള്ളൂ. പ്രവേശിച്ചിരിക്കുന്നത് ദുരാത്മാവാണെങ്കിലും ഇവയുടെ പരിപൂര്‍ണ്ണ നിയന്ത്രണം പിശാചിനാണ്! അതുകൊണ്ട് ദുരാത്മബാധയെ പിശാചുബാധയായി പരിഗണിക്കാന്‍ കഴിയും.

പിശാച് നേരിട്ടും ഒരു വ്യക്തിയില്‍ ആവസിക്കാറുണ്ട്. ചില പണ്ഡിതനാട്യക്കാര്‍ ഇക്കാര്യം സമ്മതിച്ചു തരാറുണ്ടെങ്കിലും ആത്മാക്കള്‍ ഒരു വ്യക്തിയില്‍ ആവസിക്കുന്നതിനെ അംഗീകരിക്കാറില്ല. ലാസറിന്റെയും ധനവാന്റെയും ഉപമയെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വാദമുന്നയിക്കുന്നത്. ധനികന്‍ മരിച്ച് നരകശിക്ഷ അനുഭവിക്കുമ്പോള്‍ അബ്രാഹത്തിന്റെ സന്നിധിയിലുള്ള ലാസറിനെ തന്റെ നാവു തണുപ്പിക്കാനുള്ള വെള്ളവുമായി പറഞ്ഞയക്കാന്‍ ആവശ്യപ്പെടുന്നു. ഇവിടെ അബ്രാഹം പറയുന്ന ഉത്തരമാണ് ചിലരുടെ തെറ്റിദ്ധാരണയ്ക്ക് കാരണം. വചനം ഇപ്രകാരമാണ്: "ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെനിന്നു ഞങ്ങളുടെ അടുത്തേക്കോ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല"(ലൂക്കാ:16;26).

വചനം പൂര്‍ണ്ണമായും  സത്യമാണ്; എന്നാല്‍, ആ വചനത്തില്‍ പറഞ്ഞിരിക്കുന്നത് വ്യക്തമായി  മനസ്സിലാക്കാത്തതാണ് പ്രശ്നം. സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്നവര്‍ക്ക്  നരകത്തിലേക്കോ നരകത്തിലായിരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കോ പോകണമെന്ന്  ആഗ്രഹിച്ചാല്‍ അതു സാധ്യമല്ല എന്നു മാത്രമേ വചനം പറഞ്ഞിട്ടുള്ളൂ. അന്ത്യവിധി  കഴിയാതെ ആരെയെങ്കിലും നരകത്തിലേക്ക് അയക്കുമെന്ന് വചനം പറഞ്ഞിട്ടില്ലാത്തതുകൊണ്ട്  ഇപ്പോള്‍ ആരെങ്കിലും നരകത്തിലാണെന്നു പറയുന്നവര്‍ മൂഢസങ്കല്പത്തിലാണെന്നേ പറയാന്‍  കഴിയൂ.

ഇതു വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്. യേഹ്ശുവാ തന്നെയാണ്, ഇതു പറയുന്നത്: "അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വ്വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടും കൂടെ വരുന്നതു കാണുകയും ചെയ്യും. വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്മാരെ അവന്‍ അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ നാലു ദിക്കുകളില്‍നിന്ന് അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും"(മത്താ:24;29-31). ഇതാണ് അന്ത്യവിധിയുടെ ദിനം! അന്നുമാത്രമാണ് മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നത്.

ഇതിനു വിരുദ്ധമായി ആരുതന്നെ പഠിപ്പിച്ചാലും അത് ക്രിസ്തുവിന്റെ വചനത്തിനു വിരുദ്ധമാണ്! ഇതിനെ സ്ഥിരീകരിക്കുന്ന ഒരു വചനംകൂടി ശ്രദ്ധിക്കുക: "എന്തെന്നാല്‍, അധികാരപൂര്‍ണ്ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്‍റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍ യേഹ്ശുവാ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും. അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ യേഹ്ശുവായെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും"(1തെസ:4;16,17).

കത്തോലിക്കാസഭയിലെ ചില വൈദീകരും ആത്മാക്കളുടെ സ്വര്‍ഗ്ഗപ്രവേശം സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളവരാണ്. ഇങ്ങനെയുള്ള വൈദീകരോടൊപ്പം മരിച്ചവര്‍ക്കുള്ള 'ഒപ്പീസ്' ചൊല്ലാന്‍ സിമിത്തേരിയില്‍ പോയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അവിടെ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളില്‍ മുകളില്‍ പറഞ്ഞ വസ്തുതകള്‍ ഏറ്റുപറയുന്നുണ്ട്. കത്തോലിക്കാസഭ അംഗീകരിച്ചിരിക്കുന്ന ഒപ്പീസിലെ ഒരുഭാഗം ഇങ്ങനെയാണ്! 'മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ജീവിച്ചിരിക്കുന്നവര്‍ രൂപാന്തരപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ .....'

ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളില്‍ നിലനില്‍ക്കുന്നവരല്ല. തെസലോനിക്കാ ലേഖനത്തെ ആധാരമാക്കിയാണ് സഭ ഈ പ്രാര്‍ത്ഥന രൂപപ്പെടുത്തിയിരിക്കുന്നത്! മരണത്തോടെതന്നെ വിധി കഴിഞ്ഞു എന്നു വാദിക്കുന്നവര്‍ അതിനായി എടുത്തു പറയുന്ന മറ്റൊരുകാര്യം 'നല്ല കള്ളന്റെ' ചരിത്രമാണ്. പറുദീസായും സ്വര്‍ഗ്ഗവും ഒന്നുതന്നെയാണെന്നു ധരിച്ചുവച്ചിരിക്കുന്ന ആളുകളാണ് ഇക്കൂട്ടര്‍. ഇത് തികച്ചും അസംബന്ധമാണെന്ന് ബൈബിളില്‍തന്നെ തെളിവുണ്ട്. നല്ല കള്ളനോട് യേഹ്ശുവാ പറഞ്ഞു: "സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും "(ലൂക്കാ:23;43). യേഹ്ശുവാ അങ്ങനെ പറഞ്ഞതുകൊണ്ട് അത് സംഭവിച്ചു എന്നകാര്യം തീര്‍ച്ചയാണ്. എന്നാല്‍, മൂന്നാംനാള്‍ ഉത്ഥാനം ചെയ്ത യേഹ്ശുവാ മഗ്ദലേനമറിയത്തോടു പറയുന്നതു നോക്കുക: "നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. എന്തെന്നാല്‍, ഞാന്‍ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല"(യോഹ:20;17).

ഇതില്‍നിന്ന് സ്വര്‍ഗ്ഗവും പറുദീസായും ഒന്നല്ല എന്നത് സുവ്യക്തമാണ്! അതായത് മരിച്ചുപോയ നീതിമാന്മാര്‍ ഇപ്പോള്‍ ആയിരിക്കുന്ന സ്ഥലമാണ് പറുദീസാ! അന്ത്യവിധിദിനത്തിലാണ് ഇവര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്. യേഹ്ശുവാ പറഞ്ഞു: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍ ; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്ഥലമൊരുക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ:14;1-3). യേഹ്ശുവായുടെ വീണ്ടും വരവിലാണ് ഇതു സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വചനം ധാരാളം മതി!

നശിച്ചുപോയ  ആത്മാക്കള്‍ സാത്താന്റെ അടിമത്വത്തിലാണെന്നും അവരെ തന്റെ ഉപകരണങ്ങളായി അവന്‍  ഉപയോഗിക്കുന്നുവെന്നും വ്യക്തമാക്കാനാണ് ഇത്രയും കുറിച്ചത്. സ്വര്‍ഗ്ഗത്തിലോ  നരകത്തിലോ ആയിരുന്നുവെങ്കില്‍പ്പോലും ആത്മാക്കള്‍ക്ക് ഭൂമിയിലേക്ക് പോകാന്‍  സാധിക്കില്ലെന്ന് വചനം പറഞ്ഞിട്ടില്ല;   സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് നരകത്തിലേക്കും  നേരേതിരിച്ചും പ്രവേശനം സാധ്യമല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ആ വചനത്തിന്റെ  തുടര്‍ന്നുള്ള ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. സ്വര്‍ഗ്ഗത്തില്‍  അബ്രാഹത്തിന്റെ മടിയിലുള്ള ലാസറിനെ ധനവാന്റെ ഭവനത്തിലേക്ക് അയക്കാനുള്ള അവന്റെ  അപേക്ഷയ്ക്കുള്ള മറുപടിയില്‍ അബ്രാഹം പറയുന്നത് ഇങ്ങനെ: "മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല"(ലൂക്കാ:17;31). ആത്മാക്കള്‍ക്ക് ഭൂമിയില്‍ പോകാന്‍ സാധിക്കില്ലായിരുന്നുവെങ്കില്‍ അതിവിടെ വ്യക്തമാക്കുമായിരുന്നു.

യേഹ്ശുവായുടെ കുരിശുമരണത്തിനും ഉത്ഥാനത്തിനുംശേഷം അശുദ്ധാത്മാക്കള്‍ പ്രവര്‍ത്തിക്കുകയില്ല എന്ന വാദത്തിന് എതിരായി മര്‍ക്കോസിന്റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് നാം മനസ്സിലാക്കി. പിശാചുക്കളെ ബഹിഷ്ക്കരിക്കാനുള്ള അധികാരം നല്‍കിക്കൊണ്ട് യേഹ്ശുവാ പറഞ്ഞ വചനം ഇതിനു തെളിവാണെങ്കിലും അപ്പസ്തോലന്മാര്‍ മുഖേന ഇതു സംഭവിക്കുന്ന വചനഭാഗംകൂടി നോക്കാം. "അവര്‍ രോഗികളെ തെരുവീഥികളില്‍ കൊണ്ടുവന്ന് കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്. അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നവരെയും രോഗികളെയും വഹിച്ചുകൊണ്ട് ജനം ജറുസലെമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നു വന്നിരുന്നു"(അപ്പ. പ്രവ:5;15,16).

പിശാചുക്കളും അശുദ്ധാത്മാക്കളും ഒന്നല്ല എന്നതിന് ബൈബിള്‍ നല്‍കുന്ന തെളിവ് ശ്രദ്ധിക്കുക: അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലനെ സുഖപ്പെടുത്തുന്ന ഭാഗത്ത് പിശാചുബാധിതനായ ബാലന്‍ എന്നാണു പറഞ്ഞിരിക്കുന്നതെങ്കിലും 'ആത്മാവേ' എന്നാണ് യേഹ്ശുവാ സംബോധന ചെയ്യുന്നത്! ഈ ആത്മാവിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് ഊമനും ബധിരനും ആയിരുന്നുവെന്ന് വചനം വെളിപ്പെടുത്തുന്നുണ്ട്. ബാലന്റെ പിതാവു പറയുന്നത് ഊമനായ ഒരാത്മാവ് എന്നാണ്. ഈ ആത്മാവ് ആവേശിച്ചു കഴിഞ്ഞാല്‍ കുട്ടി സംസാരിക്കാതിരുന്നതിനാല്‍ ആയിരിക്കാം പിതാവ് ഇപ്രകാരം പറഞ്ഞത്. എന്നാല്‍, അത് അംഗീകരിക്കുക മാത്രമല്ല, ഈ ആത്മാവ് ബധിരനും കൂടി ആയിരുന്നുവെന്ന് യേഹ്ശുവാ സ്ഥിരീകരിക്കുന്നുണ്ട്. യേഹ്ശുവാ പറഞ്ഞത് ഇപ്രകാരമായിരുന്നു: "മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്"(മര്‍ക്കോ:9;25). ഇത് പിശാചല്ല അശുദ്ധാത്മാവായിരുന്നു എന്ന് ഊമനും ബധിരനും ആയിരുന്നതിനാല്‍ മനസ്സിലാക്കാം! പിശാചുക്കളില്‍ ഊമനോ ബധിരനോ ഉണ്ടാകാനുള്ള സാധ്യതയില്ല. കാരണം മുന്‍പ് അവര്‍ ദൈവദൂതന്മാരായിരുന്നു എന്ന് നമുക്കറിയാമല്ലോ! പാപത്തില്‍ മരിച്ചവനും ഊമനും ബധിരനും ആയിരുന്ന വ്യക്തിയുടെ ആത്മാവിനെ സാത്താന്‍ ഉപയോഗിച്ചതാണിത്.

യേഹ്ശുവായ്ക്കുശേഷവും അശുദ്ധാത്മബാധയും പൈശാചികബാധയും ഉണ്ടായിരുന്നുവെന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. അവയെല്ലാം എഴുതുവാന്‍ ഇവിടെ ശ്രമിക്കുന്നില്ല. ഇതയുംകൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടവര്‍ക്ക് അതിനു സാധിക്കും. പിശാചുക്കളെയും അശുദ്ധാത്മാക്കളെയും ബഹിഷ്ക്കരിക്കുന്ന രീതിയെക്കുറിച്ചാണ് ഇനി നമുക്ക് ചിന്തിക്കേണ്ടത്!

പിശാചുക്കളെ പുറത്താക്കാന്‍ അധികാരമുള്ളവര്‍!

വിവിധ ക്രൈസ്തവസഭകളില്‍, പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍ നിലവിലുള്ള വലിയ തര്‍ക്കങ്ങളില്‍ ഒന്നാണിത്. കത്തോലിക്കാസഭയിലെ ചില ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മെത്രാന്മാര്‍ക്കു മാത്രമാണ് പിശാചുക്കളെയും അശുദ്ധാത്മാക്കളെയും പുറത്താക്കാന്‍ അധികാരമുള്ളത്. മെത്രാന്മാര്‍ പ്രത്യേകമായി അനുമതി നല്‍കിയിട്ടുള്ള വൈദീകര്‍ക്കും ഈ അധികാരമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. മാത്രവുമല്ല, ഒരുവനില്‍ അശുദ്ധാത്മാവ് ഉണ്ടെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ പുറത്താക്കല്‍ നടപടിയ്ക്ക് മുതിരാവൂ. ഈ വാദങ്ങളെ സാധൂകരിക്കാന്‍ ചില വചനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല എന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വചനങ്ങള്‍ സൂക്ഷമതയോടെ പരിശോധിക്കേണ്ടിയിരിക്കുന്നു.

മെത്രാന്മാര്‍ക്ക് മാത്രമായി ഈ അധികാരം പരിമിതപ്പെടുത്തിയതിനു സഭ ഉയര്‍ത്തുന്ന ന്യായീകരണം ഇവരാണ് അപ്പസ്തോലന്മാരുടെ സ്ഥാനത്തുള്ളത് എന്നതാണ്. മെത്രാന്മാര്‍ അപ്പസ്തോലിക സ്ഥാനം അലങ്കരിക്കുന്നു എന്നത് അംഗീകരിക്കാമെങ്കിലും സാത്താനെ ബഹിഷ്ക്കരിക്കാനുള്ള അധികാരം ഇവര്‍ക്കുമാത്രമായി യേഹ്ശുവാ പരിമിതപ്പെടുത്തിയോ എന്നത് വചനത്തെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

"അവന്‍ പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും . ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു"(ലൂക്കാ:9;1,2). ആദ്യമായി ഈ അധികാരം നല്‍കിയത് അപ്പസ്തോലന്മാര്‍ എന്നു വിളിക്കപ്പെടുന്ന തന്റെ ശിഷ്യന്മാര്‍ക്കായിരുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ഇവിടം കൊണ്ട് ക്രിസ്തുവിന്റെ പരസ്യജീവിതവും വചനവും അവസാനിച്ചുവെങ്കില്‍ ഈ പറയുന്ന വാദങ്ങളെ അംഗീകരിക്കാന്‍ മനോവ തയ്യാറാകുമായിരുന്നു. ഇത് പരസ്യജീവിതത്തിന്റെ ആരംഭം മാത്രമായിരുന്നു. പിന്നീട് ഈ അധികാരം വിശാലമാക്കുന്നത് ബൈബിള്‍ സൂക്ഷ്മതയോടെ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഈ അധികാരം വിശാലമാക്കിയില്ലായിരുന്നെങ്കില്‍ ഭൂമിമുഴുവന്‍ സാത്താന്റെ അധീനതയിലാകാന്‍ അധികനാള്‍ വേണ്ടിവരില്ലായിരുന്നു. ഈ സത്യം യേഹ്ശുവായ്ക്ക് വ്യക്തമായി അറിയാമായിരുന്നു എന്നതാണ് നമുക്ക് രക്ഷയായത്!

പന്ത്രണ്ട് അപ്പസ്തോലന്മാര്‍ക്ക് മാത്രമായി ഈ അധികാരം പരിമിതപ്പെടുത്തിയാല്‍ തന്റെ ദൗത്യം ഫലം കാണില്ലെന്ന് യേഹ്ശുവാ മനസ്സിലാക്കി. അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായി വരുന്നവര്‍ക്ക് ഇതിനൊന്നും സമയം ഉണ്ടാകില്ലെന്നും ഉണ്ടെങ്കില്‍തന്നെ വേണ്ടത്ര ഗൗരവം ഈ വിഷയത്തില്‍ കൊടുക്കില്ലെന്നുമുള്ള അറിവുകൊണ്ട് തന്നെയാണ് തൊട്ടടുത്ത അദ്ധ്യായത്തില്‍ ഈ അധികാരം വിശാലമാക്കിയത്. സംശയമുള്ളവര്‍, പിശാചിനെ ഒഴിപ്പിക്കണം എന്ന ആവശ്യവുമായി ഒരു മെത്രാനെ സമീപിച്ചുനോക്കുക! താന്‍ തിരഞ്ഞെടുത്ത് അധികാരം ഭരമേല്പിച്ച പന്ത്രണ്ടുപേരില്‍ ഒരുവനായ യെഹൂദാസിനെ യേഹ്ശുവാ അറിഞ്ഞതുപോലെ, വരാനിരിക്കുന്ന യെഹൂദാസുമാരെയും അവിടുന്ന് അറിഞ്ഞിരുന്നു.

അദ്ധ്യായം 9-ല്‍ പന്ത്രണ്ടുപേര്‍ക്ക് നല്‍കിയ അധികാരം പത്താം അദ്ധ്യായമായപ്പോള്‍ 72 പേരിലേക്ക് വിശാലമാക്കുന്നതു കാണാം! "അനന്തരം, യേഹ്ശുവാ വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുമ്പേ അയച്ചു"(ലൂക്കാ: 10; 1). മടങ്ങിയെത്തിയ ഈ ശിഷ്യന്മാര്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ സഭകളുടെ വാദം അപ്പാടെ പൊളിയും. വചനം ഇങ്ങനെയാണ്: "എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: യേഹ്ശുവായേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍പോലും ഞങ്ങള്‍ക്ക് കീഴ്പ്പെടുന്നു. അവന്‍ പറഞ്ഞു: സാത്താന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു. ഇതാ പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു"(ലൂക്കാ: 10; 17-19).

അപ്പസ്തോലന്മാരായ പന്ത്രണ്ടുപേര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും മാത്രമായി യേഹ്ശുവാ നല്‍കിയ അധികാരമാണ് ഭൂതോച്ഛാടനം എന്നുള്ള ചില മേലാളന്മാരുടെ വാദം ഇനി നിലനില്‍ക്കുമോ? ഇതുകൊണ്ടും യേഹ്ശുവാ അധികാരം വിശാലമാക്കല്‍ അവസാനിപ്പിച്ചില്ല. എത്രമാത്രം ഗൗരവമേറിയ വിഷയമാണ് പിശാചുക്കളെ ബഹിഷ്ക്കരിക്കുന്ന ശുശ്രൂഷയെന്ന് അതിലൂടെ വ്യക്തമാകും. ഉത്ഥാനംചെയ്ത യേഹ്ശുവാ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുമുമ്പ് ഈ അധികാരം സകല വിശ്വാസികള്‍ക്കുമായി ഭരമേല്പിച്ചു. സുവിശേഷ ദൗത്യം ഏല്പിച്ചുകൊണ്ട് യേഹ്ശുവാ അവസാനമായി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും"(മര്‍ക്കോ: 16; 17). യേഹ്ശുവായില്‍ വിശ്വസിക്കുന്നവരായ വ്യക്തികള്‍ക്കുള്ള പല അടയാളങ്ങളില്‍ ഒന്നാണിത്. നമ്മുടെ സ്വന്തം സൗകര്യങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും വചനം മാറ്റാനോ അപ്രധാനമായി തള്ളാനോ അവകാശമുണ്ടോ?

ഉപമകളിലൂടെയോ വ്യംഗ്യമായ ഭാഷയിലോ ഇക്കാര്യം അറിയിക്കാതെ വളരെ സ്പഷ്ടമായി യേഹ്ശുവാ ഇതു പറഞ്ഞത്, ഭാവിയില്‍ ഇറങ്ങാനിരിക്കുന്ന ദൈവശാസ്ത്ര പണ്ഡിതന്മാരെ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാണ്! അവര്‍ സംഘംചേര്‍ന്ന് മറ്റുപല ഉപമകളെയുംപോലെ ഈ വചനത്തെയും വളച്ചൊടിച്ചാല്‍ ഉണ്ടാകുന്ന ദുരന്തം അവിടുന്ന് ആരംഭത്തില്‍തന്നെ ഇല്ലാതാക്കുകയായിരുന്നു.

അധികാരം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ!

യേഹ്ശുവാ അധികാരം നല്‍കിയെങ്കിലും പലരും അത് ഉപയോഗിക്കുന്നില്ല. ആഗ്രഹിക്കുന്ന പലര്‍ക്കും അതു സാധിക്കുന്നുമില്ല. എന്തുകൊണ്ടാണ് നമ്മില്‍ പലരുടെയും ആജ്ഞകളെ സാത്താന്‍ അനുസരിക്കാത്തതെന്ന് വചനത്തില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യേഹ്ശുവാ നേരിട്ട് ഈ അവകാശം ആരംഭത്തില്‍തന്നെ നല്‍കിയത് പന്ത്രണ്ടു ശിഷ്യന്മാര്‍ക്കായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ ഇവരെ പിശാച് അനുസരിക്കാതിരിക്കുന്നത് കാണാം. പിശാചുബാധിതനായ ബാലനെ സുഖപ്പെടുത്തുന്ന രംഗം ശ്രദ്ധിക്കുക: "അതിനെ പുറത്താക്കാന്‍ ഞാന്‍ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു. എന്നാല്‍, അവര്‍ക്കു സാധിച്ചില്ല. യേഹ്ശുവാ പ്രതിവചിച്ചു: വിശ്വാസമില്ലാത്ത, വഴിപിഴച്ച തലമുറയേ, ഞാന്‍ എത്രനാള്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും? എത്രനാള്‍ നിങ്ങളോടു ക്ഷമിക്കും?"(ലൂക്കാ: 9; 40). ഈ അധികാരം നല്‍കപ്പെട്ടിട്ടും ഫലപ്രദമായി അത് ഉപയോഗിച്ചില്ലെങ്കില്‍ യേഹ്ശുവാ കൂടെ വസിക്കില്ലെന്നും ക്ഷമ യാചിക്കേണ്ട പാപമാണെന്നുമല്ലേ ഇവിടെ അര്‍ത്ഥമാക്കുന്നത്? വിശ്വാസമില്ലാത്തവരോടൊപ്പം യേഹ്ശുവായ്ക്കു വസിക്കാന്‍ സാധിക്കുകയില്ലെന്നും അധികാരം ഉപയോഗിക്കാതിരിക്കുന്നത് പാപമാണെന്നും ഇവിടെ സൂചനനല്‍കുന്നു.

എന്തുകൊണ്ടാണ്  ശിഷ്യന്മാര്‍ക്ക് ഇതു സാധിക്കാത്തതെന്ന് അവരുടെ ചോദ്യത്തിനു മറുപടിയായി യേഹ്ശുവാ  അതിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്. "യേഹ്ശുവാ വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്ക്കരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയത്? അവന്‍ പറഞ്ഞു: പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗ്ഗം പുറത്തുപോവുകയില്ല"(മര്‍ക്കോ:9;28,29).

യേഹ്ശുവായിലുള്ള വിശ്വാസവും ശക്തമായ പ്രാര്‍ത്ഥനയും യേഹ്ശുവായുടെ നാമം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ശക്തിയുമാണ് സാത്താന്‍ ബഹിഷ്കൃതനാകുന്നതിനു കാരണമാകുന്നത്. യേഹ്ശുവായുടെ നാമത്തില്‍ അടങ്ങിയിരിക്കുന്ന ശക്തി ഒന്നുകൊണ്ടുമാത്രം പിശാചു പുറത്തുപോകില്ല എന്നതിനു ബൈബിളില്‍ തെളിവുണ്ട്. ആജ്ഞാപിക്കുന്ന ആളിന്റെ വിശ്വാസവും വിശുദ്ധിയും പ്രാര്‍ത്ഥനാ ചൈതന്യവും ഇതിനൊരു ഘടകമാണ്! ഇതിനെ സാധൂകരിക്കുന്ന ഒരു സംഭവം അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനം എന്ന പുസ്തകത്തില്‍ കാണാം. "പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൗലോസ് പ്രസംഗിക്കുന്ന യേഹ്ശുവായുടെ നാമത്തില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ യേഹ്ശുവായുടെ നാമം പ്രയോഗിച്ചുനോക്കി. യഹൂദരുടെ ഒരു പുരോഹിതനായ സ്കേവായുടെ ഏഴുപുത്രന്മാരും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേഹ്ശുവായെ എനിക്കറിയാം, പൌലോസിനെയും അറിയാം; എന്നാല്‍, നിങ്ങള്‍ ആരാണ്? അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ച് കീഴ്പ്പെടുത്തി"(അപ്പ. പ്രവ: 19; 13-16).

അവിശ്വാസിയായ ഒരുവന്‍ യേഹ്ശുവായുടെ നാമം പറഞ്ഞാല്‍ അശുദ്ധാത്മാവ് വിട്ടുപോകുന്നതിനുപകരം തിരിച്ച് ആക്രമിക്കാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിരിക്കണം! വിജാതിയമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഒരു കാരണവശാലും പിശാചുക്കളെ ഒഴിപ്പിക്കാന്‍ സാധിക്കില്ല. വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെ ആയതുകൊണ്ട് അവന്റെ ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ട് അവനെതിരെ ശക്തിപ്രയോഗിക്കാന്‍ കഴിയില്ല. ചില ക്രൈസ്തവ പുരോഹിതന്മാര്‍ക്കുപോലും അശുദ്ധാത്മാക്കളെ ഒഴിപ്പിക്കാന്‍ കഴിയാത്തതിനുള്ള കാരണങ്ങളിലൊന്ന് വിജാതിയ സ്വാധീനമാണ്! ഇത്തരം പുരോഹിതന്മാരാണ് അശുദ്ധാത്മക്കളെ പുറത്താക്കുന്ന അത്മായരായ വിശ്വാസികളെ ശാസിക്കുന്നത്. വിജാതിയര്‍ സേവിക്കുന്നത് പിശാചിനെയാണെന്ന് ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്(1കോറി:10;20). താന്‍ മുറുകെ പിടിച്ചിരിക്കുന്ന ആചാരങ്ങള്‍ സാത്താന്റെതായിരിക്കെ എങ്ങനെ അവനെതിരെ പോരാടാന്‍ കഴിയും?

എന്തുകൊണ്ട് ഈ സത്യം മറയ്ക്കപ്പെടുന്നു?

ബുദ്ധിയും യുക്തിയുംകൊണ്ടല്ല വചനത്തെ സമീപിക്കേണ്ടത്; മറിച്ച് ശിശുസഹജമായ എളിമയോടെ വചനത്തെ സ്വീകരിക്കണം. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഉദാരമായി ലഭിച്ചിരിക്കുന്ന അധികാരങ്ങള്‍ ഇവര്‍ തിരിച്ചറിയാതിരിക്കേണ്ടത് സ്വാഭാവികമായും സാത്താന്റെ ആവശ്യമാണ്! അധികാരങ്ങളുടെ കുത്തക അവകാശപ്പെടുകയും; എന്നാല്‍, അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അറിഞ്ഞുകൊണ്ടോ അല്ലാതെയോ സാത്താനെ സഹായിക്കുകയാണ്! വളരെ ലളിതമായി ഒരു ഉദാഹരണം നല്‍കാം: ഒരു രൂപയ്ക്ക് റേഷന്‍കടയില്‍ അരി എത്തിയിട്ടുണ്ടെന്ന കാര്യം മറച്ചുവയ്ക്കേണ്ടത് കൂടുതല്‍ വിലയ്ക്ക് അരി വില്‍ക്കുന്ന കച്ചവടക്കാരന്റെ ആവശ്യമാണ്! അല്ലെങ്കില്‍, അവന്റെ കച്ചവടം പൂട്ടിപ്പോകും! സാത്താനു സൗകര്യപൂര്‍വ്വം വ്യാപരിക്കാന്‍ യഥാര്‍ത്ഥ സത്യം അവന്‍ മറച്ചുവയ്ക്കുന്നു. അതിനായി ചില ഉന്നതരെ അവന്‍ ഉപയോഗിക്കുന്നു എന്നതാണു സത്യം!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5336 views

LOG IN

Lost your password?

SIGN UP

LOST PASSWORD